സൂറത്തുല്‍ ഗാശിയഃ : 01-26
ഗാശിയഃ (മൂടുന്ന സംഭവം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 26
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
കഴിഞ്ഞ അദ്ധ്യായത്തിന്‍റെ പ്രാരംഭത്തില്‍ ഉദ്ധരിച്ച ഹദീസുകള്‍ ഇവിടെയും ഓര്‍ക്കുക.
- هَلْ أَتَىٰكَ حَدِيثُ ٱلْغَٰشِيَةِ ﴾١﴿
- (നബിയേ, ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം നിനക്കു വന്നിരിക്കുന്നുവോ?-
- هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ الْغَاشِيَةِ (ആ) മൂടുന്ന സംഭവത്തിന്‍റെ വര്‍ത്തമാനം
- وُجُوهٌ يَوْمَئِذٍ خَٰشِعَةٌ ﴾٢﴿
- ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കുന്നവയായിരിക്കും.
- وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ ആ ദിവസം خَاشِعَةٌ താഴ്മ കാട്ടുന്നവയായിരിക്കും
- عَامِلَةٌ نَّاصِبَةٌ ﴾٣﴿
- പണിപ്പെട്ട (അഥവാ അദ്ധ്വാനപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവയായിരിക്കും.
- عَامِلَةٌ പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ) نَّاصِبَةٌ ക്ഷീണിച്ചവ (അദ്ധ്വാനിച്ചവ - കുഴങ്ങിയവ)
- تَصْلَىٰ نَارًا حَامِيَةً ﴾٤﴿
- അവ ചൂടേറിയ അഗ്നിയില്‍ കടന്നുകരിയുന്നതാണ്.
- تَصْلَى അവ കടന്നെരിയും نَارًا തീയില്‍, അഗ്നിയില്‍ حَامِيَةً ചൂടേറിയ
- تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ ﴾٥﴿
- തിളച്ചുവെന്ത [അത്യുഷ്ണമായ] ഒരു ഉറവു ജലത്തില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്.
- تُسْقَى അവര്‍ക്കു കുടിപ്പിക്കപ്പെടും مِنْ عَيْنٍ ഒരു ഉറവില്‍ നിന്നു ءَانِيَةٍ ചുട്ടുതിളച്ച, തിളച്ചുവെന്ത (അത്യുഷ്ണമായ)
- لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ ﴾٦﴿
- അവര്‍ക്ക് 'ള്വരീഇ'ല്‍ നിന്നല്ലാതെ യാതൊരു ഭക്ഷണവുമില്ല;-
- لَّيْسَ لَهُمْ അവര്‍ക്കില്ല طَعَامٌ ഒരു ഭക്ഷണവും إِلَّا مِن ضَرِيعٍ ള്വരീഇല്‍ നിന്നല്ലാതെ
- لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ ﴾٧﴿
- അതു പോഷണം നല്‍കുകയില്ല. വിശപ്പിന്നു പര്യാപ്തമാവുകയുമില്ല.
- لَّا يُسْمِنُ അതുപോഷണം നല്‍കയില്ല, കൊഴുപ്പിക്കയില്ല وَلَا يُغْنِي അതു പര്യാപ്തമാക്കുക (തടുക്കുക)യുമില്ല مِن جُوعٍ വിശപ്പില്‍ നിന്നും, വിശപ്പിന്നു
الغاشية (മൂടുന്ന സംഭവം) കൊണ്ടുദ്ദേശ്യം ഖിയാമത്തുനാളാണ്. എല്ലാ വസ്തുക്കളെയും ഒന്നടങ്കം ബാധിക്കുന്ന മഹാവിപത്തായതു കൊണ്ട് അതിനെ മൂടുന്ന സംഭവം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അന്നത്തെ ദിവസം അവിശ്വാസികളായ ദുര്‍ജ്ജനങ്ങളുടെ സ്ഥിതിഗതികളെപ്പറ്റിയാണ് ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഇഹത്തില്‍ വെച്ചു വളരെ പണിപ്പെട്ടു അദ്ധ്വാനങ്ങളും പ്രവര്‍ത്തനങ്ങളും അവര്‍ നടത്തിയിട്ടുണ്ടായിരിക്കും. ഒന്നും തന്നെ നേരായ മാര്‍ഗത്തിലുള്ളതോ ഭാവി രക്ഷക്ക് ഉതകുന്നതോ ആയിരിക്കയില്ല. അതിനാല്‍ അവയെല്ലാം പാഴായിപ്പോകുന്നു. അങ്ങനെ, നരകം മാത്രം അവര്‍ക്കു ആധാരമായിത്തീരുന്നു. നരകത്തിലെ അവസ്ഥയാകട്ടെ, അല്ലാഹു വിവരിച്ചതുപോലെ, കഠിനകഠോരവുമായിരിക്കും.
ضريع (ള്വരീഉ്) എന്നാല്‍, ഒട്ടകങ്ങള്‍ക്കുപോലും മേഞ്ഞുതിന്നുവാന്‍ പ്രയാസമായ ഒരുതരം കള്ളിമുള്‍ച്ചെടിയാണ് എന്നു പലരും പ്രസ്താവിച്ചുകാണുന്നു. ഏതായിരുന്നാലും നരകത്തിലെ വസ്തുക്കളെ ഭൗതികവസ്തുക്കളുമായി സാദൃശ്യപ്പെടുത്തി അനുമാനം നടത്തുവാന്‍ നിവൃത്തിയില്ലല്ലോ. ഭക്ഷണം ശരീരത്തിനു പോഷണം നല്‍കുന്നതായിരിക്കണം. അതില്ലെങ്കില്‍, ചുരുങ്ങിയപക്ഷം തല്‍ക്കാലം വിശപ്പിനു പരിഹാരമുണ്ടാകുന്നതെങ്കിലുമാവണം. ‘ള്വരീആ’കട്ടെ, രണ്ടും ചെയ്യുന്നതല്ല എന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. വളരെ അര്‍ത്ഥഗര്‍ഭമായ ഒരു വിവരണമാണിത്. എന്തെങ്കിലും ഒരു ഗുണം അതുമൂലം അവര്‍ക്കു ലഭിക്കുവാനില്ല, ഒരു ദോഷം അതുകൊണ്ട് നീങ്ങുവാനുമില്ല. എന്നിരിക്കെ, ആ ഭക്ഷണം അവര്‍ക്കുണ്ടാകുന്ന വിവിധ ശിക്ഷാവകുപ്പുകളുടെ കൂട്ടത്തില്‍ ഒന്നു മാത്രമായിരിക്കും എന്നത്രെ അതിന്‍റെ സൂചന. സൂഃ സ്വാഫ്-ഫാത്ത് 62ലും സൂഃ ദുഖാന്‍ 43ലും പ്രസ്താവിക്കപ്പെട്ട ‘സഖ്-ഖൂം’ (الزقوم) വൃക്ഷത്തെപ്പോലെയുള്ളതോ, അല്ലെങ്കില്‍ – ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ – അതുതന്നെയോ ആയിരിക്കാം ‘ള്വരീഉം’. അല്ലാഹുവിന്നറിയാം. സത്യവിശ്വാസികളായ സജ്ജനങ്ങളുടെ അന്നത്തെ നില എന്തായിരിക്കുമെന്ന് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-
- وُجُوهٌ يَوْمَئِذٍ نَّاعِمَةٌ ﴾٨﴿
- ചില മുഖങ്ങള്‍ അന്നത്തെ ദിവസം (ആനന്ദഭരിതമായി) മിനുസ്സം പൂണ്ടവയായിരിക്കും;-
- وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്ന് نَّاعِمَةٌ മിനുസ്സം (ആനന്ദം - സൗഖ്യം - അനുഗ്രഹം) പൂണ്ടവയായിരിക്കും
- لِّسَعْيِهَا رَاضِيَةٌ ﴾٩﴿
- അവയുടെ പ്രയത്നത്തെ (അവ സ്വയം) തൃപ്തിപ്പെട്ടവയായിരിക്കും;-
- لِّسَعْيِهَا അവയുടെ പ്രയത്നത്തെ, പരിശ്രമത്തെ رَاضِيَةٌ തൃപ്തിപ്പെട്ടവയായിരിക്കും
- فِى جَنَّةٍ عَالِيَةٍ ﴾١٠﴿
- (അവ) ഉന്നതമായ സ്വര്‍ഗത്തിലായിരിക്കും;-
- فِي جَنَّةٍ സ്വര്‍ഗത്തിലായിരിക്കും عَالِيَةٍ ഉന്നതമായ
- لَّا تَسْمَعُ فِيهَا لَٰغِيَةً ﴾١١﴿
- അതില്‍ വെച്ച് യാതൊരു നിരര്‍ത്ഥമായതും (അഥവാ അനാവശ്യവും) അവ കേള്‍ക്കുന്നതല്ല.
- لَّا تَسْمَعُ അവ കേള്‍ക്കയില്ല, നീ കേള്‍ക്കയില്ല فِيهَا അതില്‍ لَاغِيَةً ഒരു നിരര്‍ത്ഥമായത് (അനാവശ്യം)
- فِيهَا عَيْنٌ جَارِيَةٌ ﴾١٢﴿
- ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു (തരം) ഉറവുജലം അതിലുണ്ട്;-
- فِيهَا അതിലുണ്ട് عَيْنٌ ഉറവുജലം جَارِيَةٌ ഒഴുകുന്ന
- فِيهَا سُرُرٌ مَّرْفُوعَةٌ ﴾١٣﴿
- അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളുണ്ട്;-
- فِيهَا سُرُرٌ അതിലുണ്ട് കട്ടിലുകള്‍ مَّرْفُوعَةٌ ഉയര്‍ത്തപ്പെട്ട
- وَأَكْوَابٌ مَّوْضُوعَةٌ ﴾١٤﴿
- (തയ്യാറാക്കി) വെക്കപ്പെട്ട കോപ്പകളുമുണ്ട്;-
- وَأَكْوَابٌ കോപ്പകളും مَّوْضُوعَةٌ വെക്കപ്പെട്ട
- وَنَمَارِقُ مَصْفُوفَةٌ ﴾١٥﴿
- അണിയായി (നിരത്തി) വെക്കപ്പെട്ട മെത്തത്തലയിണകളുമുണ്ട്;
- وَنَمَارِقُ മെത്തത്തലയിണകളും مَصْفُوفَةٌ അണി(നിര)യായി വെക്കപ്പെട്ട
- وَزَرَابِىُّ مَبْثُوثَةٌ ﴾١٦﴿
- വിരിച്ചു വിതാനിക്കപ്പെട്ട പരവതാനികളുമുണ്ട്.
- وَزَرَابِيُّ പരവതാനികളും مَبْثُوثَةٌ വിരിക്ക (പരത്ത - വിതാനിക്ക)പ്പെട്ട
ദുര്‍ജനങ്ങള്‍ ഇഹത്തില്‍വെച്ച് ചെയ്തിരുന്ന പ്രയത്നങ്ങളെല്ലാം അന്നു പാഴായിത്തീരുന്നതാണ്. എന്നാല്‍ സജ്ജനങ്ങളുടെ പ്രയത്നങ്ങള്‍ അങ്ങിനെയല്ല. അവ സല്‍കര്‍മങ്ങളും നേര്‍മാര്‍ഗത്തില്‍ അധിഷ്ഠിതമായതും ആയിരിക്കകൊണ്ട് അവ മൂലം തങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന മഹത്തായ പ്രതിഫലങ്ങള്‍ കണ്ട് അവരുടെ മുഖത്തു ആനന്ദം വിളയാടും. അതില്‍ അവര്‍ക്കു നല്ല സംതൃപ്തിയും സന്തുഷ്ടിയും ഉണ്ടാകുകയും ചെയ്യും. യാതൊരു തരത്തിലുള്ള അനാവശ്യത്തിന്‍റെയോ അനിഷ്ടത്തിന്‍റെയോ വാക്കാകട്ടെ, സംഭവമാകട്ടെ, കേള്‍ക്കാന്‍ അവിടെ അവര്‍ക്കു ഇടവരുന്നതല്ല. അല്ലാഹു വര്‍ണിച്ചതുപോലെയുള്ള സര്‍വവിധ സുഖാഡംബര സൗകര്യങ്ങളാല്‍ അനുഗ്രഹീതമായ ആ ഉന്നത സ്വര്‍ഗത്തില്‍ അവര്‍ക്കു ശാശ്വത ജീവിതം നല്‍കപ്പെടുകയും ചെയ്യും.
- أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴾١٧﴿
- എന്നാല്‍, അവര്‍ ഒട്ടകത്തിലേക്കു നോക്കുന്നില്ലേ, അതെങ്ങിനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?!-
- أَفَلَا يَنظُرُونَ എന്നാല്‍ അവര്‍ നോക്കുന്നില്ലേ إِلَى الْإِبِلِ ഒട്ടകത്തിലേക്ക് كَيْفَ എങ്ങനെ, എപ്രകാരമാണ് خُلِقَتْ അതു സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എന്ന്)
- وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴾١٨﴿
- ആകാശത്തിലേക്ക് അതെങ്ങിനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നും?!
- وَإِلَى السَّمَاءِ ആകാശത്തിലേക്കും كَيْفَ എങ്ങനെ رُفِعَتْ അത് ഉയര്‍ത്തപ്പെട്ടിരിക്കുന്നു (വെന്ന്)
- وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴾١٩﴿
- പര്‍വ്വതങ്ങളിലേക്ക് അവ എങ്ങിനെ നാട്ടിവെക്കപ്പെട്ടിരിക്കുന്നുവെന്നും?!
- وَإِلَى الْجِبَالِ മലകളിലേക്കും كَيْفَ എങ്ങിനെയാണ് نُصِبَتْ അത് നാട്ട(സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു (വെന്ന്)
- وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ ﴾٢٠﴿
- ഭൂമിയിലേക്ക് അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്നും (നോക്കുന്നില്ലേ)?!
- وَإِلَى الْأَرْضِ ഭൂമിയിലേക്കും كَيْفَ എങ്ങിനെ سُطِحَتْ അത് പരത്തപ്പെട്ടിരിക്കുന്നു (വെന്ന്)
തുളഞ്ഞ ബുദ്ധിയോ കവിഞ്ഞ പഠിപ്പോ ഒന്നുമില്ലാത്ത സാധാരണ ജനങ്ങള്‍ക്കുപോലും സുപരിചിതവും, ചിന്തിച്ചറിയുവാന്‍ പോരുന്നതുമായ ചില നിത്യദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യശ്രദ്ധയെ തട്ടി ഉണര്‍ത്തുകയാണ്. മേല്‍പ്പോട്ടു നോക്കിയാല്‍ കാണുന്ന ആകാശം, നാലുപാടും നോക്കിയാല്‍ കാണുന്ന പര്‍വതങ്ങള്‍, കീഴ്പോട്ടു നോക്കിയാല്‍ കാണുന്ന ഭൂമി, സുപരിചിതവും അറബികളുടെ നിത്യോപയോഗ വസ്തുവുമായ ഒട്ടകം എന്നിങ്ങനെയുള്ളവയെ ആര്‍ സൃഷ്ടിച്ചു? ഓരോന്നും എത്ര സമര്‍ത്ഥവും കലാപരവുമായ രീതിയിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? ഓരോന്നും എത്രമാത്രം പ്രയോജനകരമായ വ്യവസ്ഥയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്? ഓരോന്നിലും അടങ്ങിയ സൃഷ്ടി രഹസ്യങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം നിയന്ത്രിച്ചു കൈകാര്യം നടത്തുന്ന ശക്തി ഏതാണ്? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അവരവരുടെ ബുദ്ധിക്കനുസരിച്ച് ആലോചിച്ചുനോക്കുന്ന ഏതൊരു നിഷ്കളങ്ക ഹൃദയനും അല്ലാഹുവിന്‍റെ മഹത്വത്തെക്കുറിച്ചും, അവന്‍റെ സര്‍വജ്ഞത, സാര്‍വത്രികമായ കഴിവ് ആദിയായ മഹല്‍ഗുണങ്ങളെക്കുറിച്ചും ബോധം വരാതിരിക്കയില്ല. അതുവഴി, പരലോകം, മരണാനന്തരജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിവരികയും, കൂടുതല്‍ അന്വേഷിച്ചറിയുവാനുള്ള പ്രേരണ സംജാതമാകുകയും, അങ്ങനെ ദൈവിക സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍ അവ സ്വീകരിക്കുന്നതിനു വിഘാതം ഉണ്ടാവാതിരിക്കുകയും ചെയ്യും.
അതെ, ള്വുമാമുബ്നു ഥഅ് ലബഃ (ضمام بن ثعلبة – رضى) യുടെ സംഭവം ഇതിനൊരു ഉദാഹരണമാണ്. മരുഭൂമിവാസികളായ ഒരു അറബി ഗോത്രത്തിലെ തലവനായിരുന്നു അദ്ദേഹം. മരുഭൂമികളില്‍ ജീവിച്ചിരുന്ന അറബികള്‍ കേവലം അപരിഷ്കൃതരും പരുക്കന്‍ സ്വഭാവക്കാരുമായിരുന്നുവെന്നത് പ്രസിദ്ധമാണ്. സംഭവത്തിന്‍റെ നിവേദകനായ അനസ് (റ)ന്‍റെ വാചകങ്ങളില്‍ നിന്നുതന്നെ അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കാം. അനസ്(റ) പറയുന്നു:-
റസൂല്‍ (സ്വ) തിരുമേനിയോട് എന്തെങ്കിലും (അപ്രധാനമായ) ചോദ്യം ചെയ്യുന്നത് വിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് മരുഭൂവാസികളില്‍ ബുദ്ധിയുള്ള വല്ല മനുഷ്യനും വന്ന് നബി(സ്വ)യോടു എന്തെങ്കിലും ചോദിക്കുന്നതും അതു കേള്‍ക്കുന്നതും ഞങ്ങള്‍ക്ക് സന്തോഷമായിരുന്നു. അങ്ങനെ, ഒരാള്‍ വന്നു ചോദിക്കയുണ്ടായി:
മുഹമ്മദേ, താങ്കളുടെ ഒരു ദൂതന്‍ ഞങ്ങളുടെ അടുക്കല്‍ വന്ന് താങ്കളെ അല്ലാഹു അവന്‍റെ റസൂലായി നിയോഗിച്ചിരിക്കുന്നുവെന്ന് താങ്കള്‍ വാദിക്കുന്നതായി പറഞ്ഞു. (ഇതു സത്യമാണോ)?
തിരുമേനി : സത്യമാണ്.
അദ്ദേഹം : എന്നാല്‍, ആകാശം സൃഷ്ടിച്ചത് ആരാണ്?
തിരുമേനി : അല്ലാഹു.
അദ്ദേഹം : എന്നാല്‍ ഭൂമി സൃഷ്ടിച്ചത് ആര്‍?
തിരുമേനി : അല്ലാഹു.
അദ്ദേഹം : എന്നാല്‍, ഈ മലകള്‍ നാട്ടി സ്ഥാപിച്ചതും അവയിലുള്ളതെല്ലാം ഉണ്ടാക്കിയതും ആര്‍?
തിരുമേനി : അല്ലാഹു.
അദ്ദേഹം : അപ്പോള്‍, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും, ഈ മലകളെ നാട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുള്ളവന്‍ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളെ ദൂതനായി (റസൂലായി) അയച്ചിരിക്കുന്നത്?
തിരുമേനി : അതെ.
അദ്ദേഹം : താങ്കളുടെ ദൂതന്‍ ഞങ്ങളോടു പറഞ്ഞു : ഞങ്ങള്‍ രാവും പകലുമായി അഞ്ചുനേരം നമസ്കരിക്കല്‍ ഞങ്ങള്‍ക്ക് കടമയാണെന്ന്. (വാസ്തവമാണോ?)
തിരുമേനി : വാസ്തവമാണ് പറഞ്ഞത്.
അദ്ദേഹം : എന്നാല്‍, താങ്കളെ അയച്ചവന്‍ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളോട് അതിനു കല്പിച്ചത്?
തിരുമേനി : അതെ.
അദ്ദേഹം : താങ്കളുടെ ദൂതന്‍ ഞങ്ങളോട് ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ സക്കാത്തു കൊടുക്കേണ്ടുന്ന കടമയുണ്ടെന്നു പറഞ്ഞു.
തിരുമേനി : വാസ്തവമാണ് പറഞ്ഞത്.
അദ്ദേഹം : താങ്കളെ അയച്ചവന്‍ തന്നെയാണ (സത്യം)! അല്ലാഹുവോ താങ്കളോട് ഇത് കല്‍പ്പിച്ചത്?
തിരുമേനി : അതെ.
അദ്ദേഹം : ഞങ്ങളില്‍ നിന്ന് പോകാന്‍ കഴിവുള്ളവര്‍ക്ക് ആ വീട്ടിന്‍റെ (കഅ്ബഃയുടെ) അടുക്കല്‍ ചെന്ന് ഹജ്ജ്ചെയ്യല്‍ കടമയുണ്ടെന്ന് താങ്കളുടെ ദൂതന്‍ പറഞ്ഞു.
തിരുമേനി : വാസ്തവമാണ് പറഞ്ഞത്.
അനന്തരം ആ മനുഷ്യന്‍ (പോകാന്‍) പിന്നോക്കം തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു : ‘താങ്കളെ യഥാര്‍ത്ഥവുമായി അയച്ചവന്‍ തന്നെയാണ (സത്യം)! ഇപ്പറഞ്ഞത്തില്‍ ഞാന്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതല്ല. (കൃത്യമായി നിര്‍വ്വഹിച്ചുകൊള്ളാം)’. അപ്പോള്‍ നബി (സ്വ) പറഞ്ഞു : ‘അദ്ദേഹം സത്യം പറഞ്ഞതാണെങ്കില്‍ അദ്ദേഹം നിശ്ചയമായും സ്വര്‍ഗത്തില്‍ പ്രവേശിക്കും.’ (അ; ബു; മു; ദാ; ജ; ന.) ഇമാം മുസ്ലിമിന്‍റെ നിവേദനത്തില്‍, ‘ഞാന്‍ ബനൂസഅ്ദ് ഗോത്രക്കാരനായ ള്വുമാമുബ്നുഥഅ് ലബഃയാണ്’ എന്നു കൂടി അദ്ദേഹം പറഞ്ഞതായി പ്രസ്താവിച്ചിരിക്കുന്നു.
ഒട്ടകത്തെപ്പറ്റി ചിന്തിക്കുവാനുള്ള ക്ഷണം അറബികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും അര്‍ത്ഥവത്താകുന്നു. ഒട്ടകം അറബികളുടെ അമൂല്യ സമ്പത്താണ്. ഈ അടുത്തകാലത്തായി പരിഷ്കൃതവാഹനങ്ങളും, പുതിയ ജീവിതമാര്‍ഗങ്ങളും നിലവില്‍ വന്നതോടുകൂടി ഒട്ടകത്തിന്‍റെ പ്രാധാന്യം അറേബ്യയില്‍ കുറെയെല്ലാം കുറഞ്ഞിട്ടുണ്ടെന്നതു വാസ്തവമാണ്. എന്നാലും, മരുപ്രദേശങ്ങളില്‍ ഒട്ടകം ഇന്നും അപ്രധാനമല്ലതന്നെ. മുന്‍കാലത്തെ സ്ഥിതി പറയേണ്ടതുമില്ല. അതിന്‍റെ പാലും മാംസവും അവരുടെ ആഹാരം. രോമം അവരുടെ വസ്ത്രം. തോലാകട്ടെ, പലതരം പാത്രങ്ങളും താമസിക്കുവാനുള്ള തമ്പുകളും നിര്‍മ്മിക്കുവാനും ഉപയോഗിക്കും. യാത്രകളില്‍ സവാരിക്കും, കൃഷിക്കും വെള്ളം തേവാനും, ഭാരങ്ങള്‍ വഹിക്കുവാനും ഒട്ടകം തന്നെ. ‘മരുക്കപ്പല്‍ سفينة الصحراء’ എന്ന പേരുകൊണ്ടുതന്നെ ഒട്ടകത്തിന്‍റെ പ്രയോജനത്തെപ്പറ്റി നമുക്ക് ഊഹിക്കാം. വെള്ളവും തണലുമില്ലാത്ത – മരുപ്പച്ച കാണാത്ത – കണ്ണെത്തുവാന്‍ കഴിയാത്ത – സമുദ്രസമാനമായ മണലാരണ്യങ്ങളില്‍ കൂടി ദീര്‍ഘയാത്രകള്‍ നടത്തുവാന്‍ തക്കവണ്ണം അല്ലാഹു ഒട്ടകത്തിനുകൊടുത്തിട്ടുള്ള കെല്‍പ്പും സവിശേഷശക്തിയും ആലോചിച്ചുനോക്കുക! കിട്ടിയ ഭക്ഷണം കൊണ്ടതു തൃപ്തിപ്പെടും. മാസത്തോളം വെള്ളം കുടിക്കാതെ കഴിഞ്ഞുകൊള്ളും. യജമാനന്‍റെ ഹിതമറിഞ്ഞു സവിനയം അത് പെരുമാറും. വന്‍മരുഭൂമികളില്‍ സഞ്ചാരം പതിവാക്കുന്ന ഒട്ടകത്തിന് മറ്റു മൃഗങ്ങളെപ്പോലെ ദിനംപ്രതി ഭക്ഷണവും വെള്ളവും കിട്ടുവാന്‍ മാര്‍ഗമില്ലെന്ന് അതിനെ സൃഷ്ടിച്ചു രൂപം നല്‍കിയ സൃഷ്ടാവിനറിയാമല്ലോ. അതുകൊണ്ട് വെള്ളം സുലഭമായി കിട്ടുന്ന അവസരത്തില്‍ കുറെയധികം വെള്ളം അകത്താക്കി സൂക്ഷിച്ചുവെക്കുവാനുള്ള ചില ഉള്ളറകള്‍ അല്ലാഹു അതിനു നല്‍കിയിരിക്കുന്നു. അതുപോലെത്തന്നെ, സൗകര്യപ്പെടുമ്പോള്‍ കിട്ടുന്ന ഭക്ഷണത്തിന്‍റെ സത്തുക്കള്‍ ശേഖരിച്ചു വെക്കുവാനുള്ള ഒരു പത്തായവും നല്‍കിയിരിക്കുന്നു. അതത്രെ ഒട്ടകത്തിന്‍റെ പൂഞ്ഞ. മണല്‍പൂഴിയില്‍ ആണ്ടുപോകാതിരിക്കുവാന്‍ വേണ്ടി കാലുകള്‍ പൊക്കുമ്പോള്‍ ഇറുകിക്കൂടുകയും നിലത്തുവെക്കുമ്പോള്‍ വികസിച്ചു പരക്കുകയും ചെയ്യുമാറുള്ള കാലടികളും അവക്കു നല്‍കിയിരിക്കുന്നു. ഒട്ടകത്തിന്‍റെ ക്ഷമയും സഹനവും നിസ്സീമമാണ്. കാലുകെട്ടി നിലത്തുവീഴ്ത്താതെ – നിന്നനിലയില്‍ തന്നെ – അതിനെ അറുത്തുവീഴ്ത്തുവാന്‍ അത് കഴുത്തുനീട്ടികൊടുക്കും.
ഇതെല്ലാം ഏതെങ്കിലും ഒരു അറബി വിദഗ്ധന്‍റെയോ, ആഗോള ശാസ്ത്രജ്ഞന്‍മാരുടെയോ കണ്ടുപിടിത്തമോ ആസൂത്രണമോ അല്ല. അല്ലെങ്കില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു പ്രകൃതിയുടെ വികൃതിയും അല്ല. എല്ലാം സൃഷ്ടിച്ചു വ്യവസ്ഥപ്പെടുത്തി അതതിനു വേണ്ടുന്ന മാര്‍ഗദര്‍ശനം നല്‍കിയ അല്ലാഹുവിന്‍റെ മാത്രം പ്രവര്‍ത്തനം! ഇങ്ങനെയുള്ള നിത്യസത്യങ്ങളാകുന്ന ദൃഷ്ടാന്തങ്ങളില്‍ ചിന്തിക്കുവാന്‍ മനുഷ്യരെ ക്ഷണിച്ചുകൊണ്ടു അല്ലാഹു നബി (സ്വ)യോടു പറയുന്നു:-
- فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ ﴾٢١﴿
- അതിനാല്‍, (നബിയേ) നീ ഉപദേശിച്ചുകൊള്ളുക. നിശ്ചയമായും, നീ ഒരു ഉപദേഷ്ടാവ് മാത്രമാകുന്നു;-
- فَذَكِّرْ ആകയാല്‍ നീ ഓര്‍മിപ്പിക്കുക (ഉപദേശിക്കുക) إِنَّمَا أَنتَ നിശ്ചയമായും നീ مُذَكِّرٌ ഓര്‍മ്മിപ്പിക്കുന്നവന്‍ (ഉപദേഷ്ടാവ്) മാത്രം
- لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴾٢٢﴿
- നീ അവരില്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
- لَّسْتَ നീയല്ല عَلَيْهِم അവരുടെ മേല്‍ بِمُصَيْطِرٍ ഒരു അധികാരം നടത്തുന്നവന്‍
- إِلَّا مَن تَوَلَّىٰ وَكَفَرَ ﴾٢٣﴿
- (പക്ഷെ) തിരിഞ്ഞുപോകുകയും, അവിശ്വസിക്കുകയും ചെയ്തവനൊഴികെ;-
- إِلَّا ഒഴികെ مَن تَوَلَّى തിരിഞ്ഞു പോയവന്‍ وَكَفَرَ അവിശ്വസിക്കുകയും ചെയ്ത
- فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ ﴾٢٤﴿
- എന്നാല്‍, അവനെ അല്ലാഹു ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
- فَيُعَذِّبُهُ എന്നാലവനെ ശിക്ഷിക്കും اللَّـهُ അല്ലാഹു الْعَذَابَ الْأَكْبَرَ ഏറ്റവും വലിയ ശിക്ഷ
- إِنَّ إِلَيْنَآ إِيَابَهُمْ ﴾٢٥﴿
- നിശ്ചയമായും, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിവരവ്.
- إِنَّ إِلَيْنَا നിശ്ചയമായും നമ്മിലേക്കാണ് إِيَابَهُمْ അവരുടെ മടങ്ങിവരവ്
- ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴾٢٦﴿
- പിന്നെ, നമ്മുടെ മേല്‍ (ബാധ്യത) തന്നെയാണ് അവരുടെ വിചാരണ, [അതു നാം നടത്തുകതന്നെ ചെയ്യും.]
- ثُمَّ إِنَّ عَلَيْنَا പിന്നെ നമ്മുടെമേല്‍ തന്നെയാണ് (ബാധ്യത) حِسَابَهُم അവരുടെ വിചാരണ
നബി (സ്വ) അരുളിച്ചെയ്തതായി ഇമാം അഹ്മദ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു : ‘അറിഞ്ഞേക്കുക : നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും, ഒട്ടകം അതിന്‍റെ ആള്‍ക്കാരോട് മിരണ്ടോടുന്നപ്രകാരം അല്ലാഹുവിനോടു മിരണ്ടോടിയവരൊഴികെ.’
اللهم يسر لنا حسابنا وادخلنا جنتك بمنك وكرمك
اللهم لك الحمد والمنة