ബുറൂജ് (നക്ഷത്രമണ്ഡലങ്ങൾ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 22

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.

വിഭാഗം - 1

85:1
  • وَٱلسَّمَآءِ ذَاتِ ٱلْبُرُوجِ ﴾١﴿
  • ഗ്രഹമണ്ഡലങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)!
  • وَالسَّمَاءِ ആകാശം തന്നെയാണ ذَاتِ الْبُرُوجِ രാശി (ഗ്രഹമണ്ഡലം)കളുള്ള
85:2
  • وَٱلْيَوْمِ ٱلْمَوْعُودِ ﴾٢﴿
  • വാഗ്ദത്തം ചെയ്യപ്പെട്ട (ആ) ദിവസം തന്നെയാണ (സത്യം)!
  • وَالْيَوْمِ ദിവസവും തന്നെയാണ الْمَوْعُودِ വാഗ്ദത്തം ചെയ്യപ്പെട്ട
85:3
  • وَشَاهِدٍ وَمَشْهُودٍ ﴾٣﴿
  • സാക്ഷിയും, സാക്ഷീകരിക്കപ്പെടുന്നതും തന്നെയാണ (സത്യം)!
  • وَشَاهِدٍ സാക്ഷിയും തന്നെയാണ وَمَشْهُودٍ സാക്ഷീകരിക്കപ്പെടുന്ന (സാക്ഷി നില്‍ക്കപ്പെടുന്ന)തും

ഈ മൂന്നു വചനങ്ങളിലായി നാലു വസ്തുക്കളെക്കൊണ്ട് അല്ലാഹു ആണയിട്ടിരിക്കുന്നു :

(1) ഗ്രഹമണ്ഡലങ്ങളുള്ള ആകാശം കൊണ്ട്. ‘ഗ്രഹമണ്ഡലങ്ങള്‍’ എന്നു അര്‍ത്ഥം കൽപിച്ച ‘ബുറൂജ്’ (البروج) എന്ന വാക്കിന് സൂ: ഫുര്‍ഖാന്‍ 61ന്‍റെ വിവരണത്തില്‍ ചൂണ്ടിക്കാട്ടിയ പോലെ – ‘ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍, കോട്ടകള്‍, മാളികവീടുകള്‍’ എന്നൊക്കെ അര്‍ത്ഥം വരാറുണ്ട്.

(2) വാഗ്ദത്തം ചെയ്യപ്പെട്ട ദിവസം കൊണ്ട്. ഖിയാമത്തു നാളാണ് ഇതുകൊണ്ടുദ്ദേശ്യം. വാഗ്ദത്തം ചെയ്യപ്പെട്ടത് എന്നു ഖിയാമത്തു നാളിനെക്കുറിച്ച് ഖുര്‍ആനില്‍ വേറെയും സ്ഥലങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

(3,4) സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതും കൊണ്ട്, ഈ രണ്ടു വാക്കുകളും കുറേ വ്യാപകമായ അര്‍ത്ഥം ഉള്‍കൊള്ളുന്നതാകുന്നു. ലോകത്തുള്ള വസ്തുക്കളെല്ലാം ഒരര്‍ത്ഥത്തില്‍ ഒന്നൊന്നിനു സാക്ഷിയാണെന്നു കാണാം. മനുഷ്യനെ സംബന്ധിച്ച സാക്ഷ്യത്തിനാണ് ഇവിടെ കൂടുതല്‍ പ്രസക്തിയുള്ളതെന്ന് പറയേണ്ടതില്ല. മനുഷ്യന്‍റെ കര്‍മങ്ങള്‍ക്ക് ലോകവസ്തുക്കളില്‍ കണക്കറ്റ സാക്ഷികളെ കാണാവുന്നതാണ്. സ്ഥലങ്ങള്‍, പരിസര വസ്തുക്കള്‍, സമയങ്ങള്‍, ഉപകരണങ്ങള്‍, സഹജീവികള്‍ ആദിയായി പലതും പലതും അവന് സാക്ഷികളായിത്തീരുന്നു. അല്ലാഹുവിന്‍റെ കോടതിയില്‍ ഇവയെല്ലാം മനുഷ്യകര്‍മങ്ങളെ സാക്ഷീകരിക്കുന്നതാണ്. ഐഹിക കോടതികളില്‍ പോലും ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ ഓരോതരത്തില്‍ തെളിവുനല്‍കുന്ന സാക്ഷ്യങ്ങളായി ഉപയോഗപ്പെടുത്താറുണ്ടല്ലോ. അല്ലാഹുവിന്‍റെ മുമ്പിലാകട്ടെ, അവയെല്ലാം നേര്‍ക്കുനേരെത്തന്നെ സാക്ഷിമൊഴി കൊടുക്കുന്നതായിരിക്കും. നബി (സ്വ) തിരുമേനി ഈ സമുദായത്തിനും, മുമ്പുണ്ടായിരുന്ന പ്രവാചകന്മാര്‍ അവരുടെ സമുദായങ്ങള്‍ക്കും സാക്ഷിയാണ് (സൂറ: നിസാഉ് 41). ഈ സമുദായം മറ്റു സമുദായങ്ങള്‍ക്കും സാക്ഷിയാണ് (അല്‍ബഖറ: 143) മനുഷ്യന്‍റെ അവയവങ്ങള്‍ അവനു സാക്ഷികളായിരിക്കും. (യാസീന്‍: 65) എന്നിങ്ങനെയുള്ള ഖുര്‍ആനിന്‍റെ പ്രസ്താവനകളും അവയുടെ സാരങ്ങളും ഇവിടെ പ്രസ്താവ്യമാകുന്നു. ഇതുപോലെ ഹദീസുകളിലും പലതരം സാക്ഷികളെക്കുറിച്ചു പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള എല്ലാ സാക്ഷികളും ആ സാക്ഷികളുടെ സാക്ഷ്യങ്ങള്‍ക്ക് വിധേയരായവരും ഇതില്‍ ഉള്‍പ്പെടുന്നതാകുന്നു.

شاهد ,ومشهود എന്നീ വാക്കുകള്‍ക്ക് ‘കാണുന്നതും, കാണപ്പെടുന്നതും’ എന്നും, ‘ഹാജരാകുന്നതും, ഹാജരാകുന്ന സ്ഥലവും അഥവാ കാലവും’ എന്നും അര്‍ത്ഥം വരാവുന്നതാണ്. ഖിയാമത്തുനാള്‍, ജുമുഅ: ദിവസം, അറഫാദിനം, ജമാഅത്തു നമസ്കാരം, പള്ളി മുതലായവയും അവയില്‍ സമ്മേളിക്കുന്നവരുമാണ് ഇവിടെ ഉദ്ദേശ്യമെന്നു സൂചിപ്പിക്കുന്ന ചില രിവായത്തുകളും പ്രസ്താവനകളും ഇവിടെ കാണപ്പെടാറുള്ളത് ഈ അടിസ്ഥാനത്തിലാകുന്നു. വാസ്തവത്തില്‍ അതെല്ലാം ഇവിടെ ഉദാഹരണങ്ങളായി സ്വീകരിക്കാമെന്നല്ലാതെ, സാക്ഷാല്‍ ഉദ്ദേശ്യം അവയിലൊന്നും പരിമിതമല്ല. ഏതായാലും അല്ലാഹു സത്യം ചെയ്‌വാന്‍ ഉപയോഗിച്ച വസ്തുക്കളെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് അതില്‍ സാരവത്തായ പല രഹസ്യങ്ങളും കണ്ടെത്തുവാന്‍ കഴിയുമെന്നതില്‍ സംശയമില്ല. സത്യവിശ്വാസികളുടെ നേരെ സത്യനിഷേധികള്‍ അഴിച്ചു വിടുന്ന കടുത്ത മര്‍ദ്ദനങ്ങള്‍ക്കും, യഥാര്‍ത്ഥ വിശ്വാസത്തിന്‍റെ അചഞ്ചലതക്കും ഉത്തമോദാഹരണമായ ഒരു സംഭവമാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:-

85:4
  • قُتِلَ أَصْحَٰبُ ٱلْأُخْدُودِ ﴾٤﴿
  • കിടങ്ങിന്‍റെ ആള്‍ക്കാര്‍ കൊല്ലപ്പെടട്ടെ [ശപിക്കപ്പെടട്ടെ]!-
  • قُتِلَ കൊല്ല (ശപിക്ക - നശിപ്പിക്ക)പ്പെടട്ടെ أَصْحَابُ ആള്‍ക്കാര്‍ الْأُخْدُودِ കിടങ്ങിന്‍റെ
85:5
  • ٱلنَّارِ ذَاتِ ٱلْوَقُودِ ﴾٥﴿
  • അതായതു ഇന്ധനം [വിറക്] നിറച്ച അഗ്നിയുടെ (ആള്‍ക്കാര്‍);-
  • النَّارِ അതായത് അഗ്നിയുടെ ذَاتِ الْوَقُودِ വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട)
85:6
  • إِذْ هُمْ عَلَيْهَا قُعُودٌ ﴾٦﴿
  • അവര്‍ അതിങ്കല്‍ ഇരുന്നുകൊണ്ടിരുന്ന സന്ദര്‍ഭം;-
  • إِذْ هُمْ അവര്‍ ആയിരുന്ന സന്ദര്‍ഭം عَلَيْهَا അതിങ്കല്‍, അതിനുമേലെ قُعُودٌ ഇരിക്കുന്നവര്‍
85:7
  • وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ ﴾٧﴿
  • സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനു അവര്‍ ദൃക്സാക്ഷികളായും കൊണ്ട്.
  • وَهُمْ അവര്‍, അവരാകട്ടെ عَلَى مَا يَفْعَلُونَ തങ്ങള്‍ ചെയ്യുന്നതിന് بِالْمُؤْمِنِينَ സത്യവിശ്വാസികളെക്കൊണ്ട് شُهُودٌ (ദൃക്ക്) സാക്ഷികളുമാണ്

നബി (സ്വ) തിരുമേനിയും സഹാബികളും അങ്ങേയറ്റം ശത്രുമര്‍ദ്ദനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ അവതരിച്ച ഒരദ്ധ്യായമാണിത്. ബിലാല്‍ (റ), സുഹൈബ് (റ) തുടങ്ങിയ പല സഹാബികളും – സ്വഹാബി വനിതകള്‍ പോലും – ഖുറൈശികളുടെ വിവിധ തരത്തിലുള്ള ക്രൂരമര്‍ദ്ദനങ്ങള്‍ അനുഭവിച്ചിരുന്നത് പ്രസിദ്ധമാണ്. ഒരിക്കല്‍ അവര്‍ തിരുമേനിയോട് അതിനെക്കുറിച്ച് സങ്കടപ്പെടുകയുണ്ടായി. തിരുമേനി കഅ്ബഃയുടെ തണലില്‍ ഒരു പുതപ്പു തലയിണയാക്കി കിടക്കുകയായിരുന്നു. ‘നബിയേ അവിടുന്നു, ഞങ്ങള്‍ക്കുവേണ്ടി (അല്ലാഹുവിനോട്) സഹായം തേടുന്നില്ലേ?! ഞങ്ങള്‍ക്കുവേണ്ടി ദുആ ചെയുന്നില്ലേ?!’ എന്നിങ്ങനെ അവര്‍ പറഞ്ഞു. തിരുമേനി പ്രതിവചിച്ചു: ‘നിങ്ങളുടെ മുമ്പ് ചിലരെ പിടിച്ചു കുഴികുത്തി അതില്‍ നിറുത്തി ഉളിവാള്‍ അവരുടെ തലയില്‍ വെച്ചു രണ്ടു പിളര്‍പ്പായി പിളര്‍ത്തുകയും, ഇരുമ്പിന്‍റെ ചീര്‍പ്പുകൊണ്ട് എല്ലും മാംസവുമല്ലാത്തതെല്ലാം ഊര്‍ന്നെടുക്കുകയും ചെയ്യപ്പെടാറുണ്ടായിരുന്നു. എന്നിട്ടു പോലും അതു അയാളുടെ മത വിശ്വാസത്തില്‍ നിന്ന് അയാളെ തടയുമായിരുന്നില്ല. അല്ലാഹു തന്നെയാണു! അവന്‍ ഇക്കാര്യം പൂര്‍ത്തിയാക്കുകതന്നെ ചെയ്യും. അങ്ങനെ (യമനിലെ) സന്‍ആയില്‍ നിന്നു ഒരു വാഹനക്കാരന്‍ ഹളര്‍ മൗത്തുവരെ അല്ലാഹുവിനേയും (വഴിമദ്ധ്യേ) ചെന്നായയെയും അല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാനില്ലാത്തവിധം സഞ്ചരിക്കുന്നതാകുന്നു. പക്ഷേ, നിങ്ങള്‍ ബദ്ധപ്പാടു കാണിക്കുകയാണ്.’ (ബുഖാരി). ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍, മുന്‍കാലത്തു സത്യവിശ്വാസികളായ ഒരു കൂട്ടര്‍ സഹിക്കേണ്ടി വന്ന ഒരു ദാരുണ സംഭവം, ഈ സൂറത്തില്‍ അല്ലാഹു അവര്‍ക്കു വിവരിച്ചുകൊടുക്കുകയാണ്.

വിറകു കൂമ്പാരം നിറച്ച് അത്യുഗ്രമായി കത്തിജ്വലിക്കുമാറാക്കിയ ഒരു തീകുണ്ഡാരത്തില്‍ സത്യവിശ്വാസികളായ സാധുക്കളെ ജീവനോടെ ഇട്ടു അഗ്നിക്കിരയാക്കുകയും, അതിന്‍റെ ചുറ്റുപാടും ഇരുന്ന്‍ ആ പാവങ്ങള്‍ തീയില്‍ എരിഞ്ഞു പിടയുന്നത് നോക്കിക്കണ്ടുകൊണ്ട് ആഹ്ളാദിച്ചു രസിക്കുകയും ചെയ്ത ഒരു ക്രൂര ജനതയെപ്പറ്റിയാണ് അല്ലാഹു പ്രസ്താവിക്കുന്നത്. ഈ കഠോരകൃത്യം ചെയ്യാനുള്ള ഏകകാരണം ആ പുണ്യാത്മാക്കള്‍ അല്ലാഹുവില്‍ വിശ്വസിച്ചതു മാത്രമായിരുന്നുവെന്നു അടുത്ത വചനത്തില്‍ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. ആ അക്രമികളുടെ മേല്‍ അവന്‍ തക്ക നടപടികളെടുക്കാതിരിക്കുകയില്ലെന്നും, സത്യവിശ്വാസികള്‍ക്കു വമ്പിച്ച പ്രതിഫലങ്ങള്‍ ലഭിക്കുവാനിരിക്കുന്നുവെന്നും, അവരെക്കാള്‍ ഊക്കന്മാരായിരുന്ന ധിക്കാരികളെയും അല്ലാഹു വെറുതെ വിട്ടിട്ടില്ലെന്നും തുടര്‍ന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം സത്യവിശ്വാസികള്‍ ഓര്‍മിക്കേണ്ടതുണ്ടെന്നത്രെ ഈ സംഭവം ഉദ്ധരിച്ചതിന്‍റെ താല്‍പര്യം.

തീക്കുണ്ടിന്‍റെ സംഭവം ഏതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയത്തക്കവിധം തെളിവുകളില്ല. ഒന്നിലധികം സംഭവങ്ങള്‍ ഇതിനു ഉദാഹരണമായി എടുക്കാവുന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടുതാനും. അവയില്‍ ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചാണോ, അതല്ല, അവപോലെയുള്ള സംഭവങ്ങളെ മൊത്തത്തില്‍ ഉദ്ദേശിച്ചാണോ ഈ വിവരണമെന്നും തീര്‍ത്തു പറയാവുന്നതല്ല. രണ്ടായാലും, ഈ സംഭവത്തിലടങ്ങിയ പാഠം ഗ്രഹിക്കുവാനും, അതു പ്രയോജനപ്പെടുത്തുവാനും, ഈ സംഭവം എവിടെവെച്ച് എപ്പോള്‍ ഉണ്ടായി എന്നറിയേണ്ടതില്ലല്ലോ. മേല്‍ സൂചിപ്പിച്ച നിവേദനങ്ങളില്‍ കൂടുതല്‍ പ്രസ്താവയോഗ്യമായത് നമ്മുക്കു ഇവിടെ ഓര്‍മ്മിക്കാം.

ഇമാം മുസ്‌ലിം (റ) രേഖപ്പെടുത്തിയ ഒരു നബി വചനത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: മുന്‍കാലത്ത് ഒരു രാജാവിനു ഒരു ‘സാഹിര്‍’ (ആഭിചാര വിദഗ്ധന്‍ – അഥവാ മായവിദ്യക്കാരന്‍) ഉണ്ടായിരുന്നു. അയാളുടെ മരണശേഷം തന്‍റെ ഒരു പിന്‍ഗാമിയാക്കിത്തീര്‍ക്കണമെന്ന ഉദ്ദേശത്തില്‍ അയാള്‍ ഒരു കുട്ടിക്ക് ‘സിഹ്ര്‍ ‘ (ആഭിചാരം അഥവാ മായാവിദ്യ) പഠിപ്പിച്ചു വന്നിരുന്നു. കുട്ടിയുടെ വഴിമദ്ധ്യേ ഒരു ‘റാഹിബു’ (പുരോഹിതന്‍) ഉണ്ടായിരുന്നു. പോക്കുവേളകളില്‍ കുട്ടി റാഹിബുമായി സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുകയും, ആ വഴി കുട്ടിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ടായിത്തീരുകയും ചെയ്തു. ഒരു ദിവസം വഴിയില്‍ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു ഗതാഗത തടസ്സമുണ്ടാക്കുകയുണ്ടായി. റാഹിബിന്‍റെ സിദ്ധാന്തങ്ങളാണ് ശരിയായതെങ്കില്‍ ഈ മൃഗത്തെ കൊലപ്പെടുത്തേണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് കുട്ടി ആ മൃഗത്തിനു നേരെ കല്ലെറിഞ്ഞു. മൃഗം ചത്തു. മാര്‍ഗതടസ്സം നീങ്ങി. ഈ സംഭവം മുഖേന കുട്ടിയുടെ കാര്യം ജനശ്രദ്ധയാകര്‍ഷിച്ചു. അനന്തരം കുട്ടിയുടെ കൈക്ക് പല രോഗങ്ങളും സുഖപ്പെടുക മുതലായ സംഭവങ്ങള്‍ നടക്കുകയും, ജനങ്ങള്‍ക്കു കുട്ടിയെപറ്റി വലിയ മതിപ്പുണ്ടായിത്തീരുകയും ചെയ്തു. കൂട്ടത്തില്‍ രാജാവുമായി അടുത്ത ബന്ധമുള്ള ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്ന കണ്ണിനും കുട്ടിയുടെ കൈക്ക് സുഖം ലഭിച്ചു. ഇതുമുഖേന രാജാവും കുട്ടിയുടെ കഥ അറിഞ്ഞു. കുട്ടിയുടെ പഠിത്തത്തിന്‍റെ ഫലമാണ് അതെല്ലാമെന്നാണ് ജനങ്ങള്‍ ധരിച്ചത്. പക്ഷേ, ഇതെല്ലാം എന്‍റെ റബ്ബിന്‍റെ പ്രവര്‍ത്തനങ്ങളാണ് എന്ന് കുട്ടി പ്രഖ്യാപിച്ചു. ‘ഞാനല്ലാതെ മറ്റൊരു റബ്ബ് ആരാണ്?’ എന്നായി രാജാവ്. അതിനെത്തുടര്‍ന്ന്‍ കുട്ടിയേയും അവന്‍റെ ഗുരുവായ റാഹിബിനെയും രാജാവ് പിടികൂടി. റാഹിബിനെ ഉളിവാള്‍ വെച്ചു പൊളിച്ചു വീഴ്ത്തി. പിന്നീട് കുട്ടി അവന്‍റെ പുതിയ മതം ഉപേക്ഷിക്കാത്ത പക്ഷം അവനെ ഒരു മലമുകളില്‍ കൊണ്ടുപോയി കീഴ്പ്പോട്ടിടാന്‍ രാജാവ് കല്‍പിച്ചു. പക്ഷേ, കുട്ടിയുടെ പ്രാര്‍ത്ഥനാഫലമായി കുട്ടി രക്ഷപ്പെട്ടു. അതിനുശേഷം കപ്പലില്‍ കയറ്റി സമുദ്രത്തിലെറിയുവാന്‍ ഏര്‍പ്പാടു ചെയ്തു. അതിലും അവന്‍ കരപറ്റി രക്ഷപ്പെട്ടു. കൊണ്ടുപോയവര്‍ക്കു നാശം പിണയുകയും ചെയ്തു. ഒടുക്കം കുട്ടി പറഞ്ഞു : ‘എന്നെ കൊല്ലേണമെങ്കില്‍ എന്‍റെ അമ്പുകൊണ്ട് എന്‍റെ റബ്ബിന്‍റെ പേരു പറഞ്ഞ് എന്നെ പരസ്യമായി എറിയണം’. അതു ഫലിക്കുകയും ചെയ്തു. ഇതുകണ്ടപ്പോള്‍ ജനങ്ങള്‍ കൂട്ടമായി അല്ലാഹുവില്‍ വിശ്വസിച്ചു. അപ്പോള്‍ രാജാവും കിങ്കരന്മാരും വലിയ ഒരു അഗ്നികുണ്ഡം തയ്യാറാക്കി സത്യവിശ്വാസികളെ അതിലിട്ടു അഗ്നിക്കിരയാക്കി. (رواه مسلم) ഖുര്‍ആന് ഉദ്ദേശിക്കുന്ന സംഭവം ഇതാണോ മറ്റു വല്ലതുമാണോ എന്നു നമുക്കു തീര്‍ച്ചപ്പെടുത്തിക്കൂടാത്തതാണ്.

85:8
  • وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ﴾٨﴿
  • പ്രതാപശാലിയായ, സ്തുത്യര്‍ഹനായ അല്ലാഹുവില്‍ അവര്‍ [ആ സത്യവിശ്വാസികള്‍] വിശ്വസിക്കുന്നതല്ലാതെ, അവരെക്കുറിച്ച് അവര്‍ (യാതൊന്നും) കുറ്റപ്പെടുത്തിയിട്ടില്ലതാനും;-
  • وَمَا نَقَمُوا അവര്‍ കുറ്റപ്പെടുത്തിയിട്ടില്ല, ആക്ഷേപിച്ചിട്ടില്ല, വെറുത്തിട്ടില്ല مِنْهُمْ അവരില്‍ നിന്ന്, അവരെക്കുറിച്ച് إِلَّا أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതല്ലാതെ بِاللَّـهِ അല്ലാഹുവിങ്കല്‍ الْعَزِيزِ പ്രതാപശാലിയായ الْحَمِيدِ സ്തുത്യര്‍ഹനായ
85:9
  • ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٩﴿
  • അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം യാതൊരുവന്നാണോ അവനില്‍ (വിശ്വസിക്കുന്നത്.) അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാകുന്നു.
  • الَّذِي അതായതു യാതൊരുവന്‍ لَهُ അവന്നാകുന്നു مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജാധിപത്യം وَالْأَرْضِ ഭൂമിയുടെയും وَاللَّـهُ അല്ലാഹുവാകട്ടെ عَلَى كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ (ദൃക്ക്)സാക്ഷിയാണ്

എല്ലാ യാഥാര്‍‍ത്ഥ്യങ്ങളിലും വെച്ച് ഏറ്റവും മഹത്ത്വവും , പരിപാവനവുമായ ആ യാഥാര്‍ത്ഥ്യത്തില്‍ – അതെ, അല്ലാഹു മാത്രമാണ് ആരാധ്യനും രക്ഷിതാവുമെന്ന കാര്യത്തില്‍ – വിശ്വസിച്ചുവെന്നതല്ലാതെ മറ്റൊരു കുറ്റവും ആ സത്യവിശ്വാസികളുടെ മേല്‍ അവര്‍ക്കു ചുമത്തുവാനില്ലായിരുന്നു. എന്നിരിക്കെ, അതിനെ ഏറ്റവും വമ്പിച്ച കുറ്റമായെടുത്ത് അവരെ പൈശാചികവും മൃഗീയവുമായ രൂപത്തില്‍ ശിക്ഷിച്ച ആ ദുഷ്ടന്മാരെ അല്ലാഹു എങ്ങിനെ ശപിക്കാതിരിക്കും?! സത്യവും സത്യവിശ്വാസവും സ്വീകരിക്കുന്നതിന്‍റെ പേരില്‍, അസത്യത്തിന്‍റെയും അവിശ്വാസത്തിന്‍റെയും വൈതാളികന്മാരില്‍ നിന്നുണ്ടാകുന്ന എല്ലാ മൃഗീയ മര്‍ദ്ദനങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുന്നു: എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നു. എല്ലാറ്റിനും അവന്‍ നടപടി എടുക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

85:10
  • إِنَّ ٱلَّذِينَ فَتَنُوا۟ ٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ ثُمَّ لَمْ يَتُوبُوا۟ فَلَهُمْ عَذَابُ جَهَنَّمَ وَلَهُمْ عَذَابُ ٱلْحَرِيقِ ﴾١٠﴿
  • നിശ്ചയമായും, സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും (മര്‍ദ്ദിച്ചു) കുഴപ്പത്തിലാക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവര്‍; അവര്‍ക്ക് നരകശിക്ഷയുണ്ട്; അവര്‍ക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുമുണ്ട്‌.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ فَتَنُوا അവര്‍ കുഴപ്പപ്പെടുത്തി, പരീക്ഷണത്തിലാക്കി (മര്‍ദ്ദിച്ചു) الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും ثُمَّ പിന്നീട് لَمْ يَتُوبُوا അവര്‍ പശ്ചാത്തപിച്ചതുമില്ല فَلَهُمْ എന്നാലവര്‍ക്കുണ്ട് عَذَابُ جَهَنَّمَ ജഹന്നമി (നരകത്തി)ന്‍റെ ശിക്ഷ وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابُ الْحَرِيقِ കരിച്ചലിന്‍റെ (ചുട്ടെരിക്കുന്ന) ശിക്ഷ
85:11
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ ۚ ذَٰلِكَ ٱلْفَوْزُ ٱلْكَبِيرُ ﴾١١﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍;- അവര്‍ക്ക് അടിഭാഗത്തിലൂടെ അരുവികള്‍ ഒഴികിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളുണ്ട്‌. അതത്രെ വലുതായ വിജയം.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുവര്‍ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُمْ جَنَّاتٌ അവര്‍ക്കുണ്ടു സ്വര്‍ഗങ്ങള്‍ تَجْرِي നടക്കുന്ന, ഒഴുകുന്ന مِن تَحْتِهَا അതിന്‍റെ അടിഭാഗത്തൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ ذَلِكَ الْفَوْزُ അതത്രെ വിജയം, ഭാഗ്യം الْكَبِيرُ വലിയ
85:12
  • إِنَّ بَطْشَ رَبِّكَ لَشَدِيدٌ ﴾١٢﴿
  • നിശ്ചയമായും, നിന്‍റെ റബ്ബിന്‍റെ പിടുത്തം [പിടിച്ചു ശിക്ഷിക്കല്‍] കഠിനമായതു തന്നെയാണ്.
  • إِنَّ بَطْشَ നിശ്ചയമായും പിടുത്തം (ശിക്ഷ) رَبِّكَ നിന്‍റെ റബ്ബിന്‍റെ لَشَدِيدٌ കഠിനമായതുതന്നെ
85:13
  • إِنَّهُۥ هُوَ يُبْدِئُ وَيُعِيدُ ﴾١٣﴿
  • നിശ്ചയമായും അവന്‍ തന്നെയാണ്, ആദ്യമായുണ്ടാക്കുകയും, (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നത്.
  • إِنَّهُ هُوَ നിശ്ചയം അവന്‍ തന്നെ يُبْدِئُ ആദ്യമായുണ്ടാക്കുന്നു, തുടക്കം ചെയ്യുന്നു وَيُعِيدُ ആവര്‍ത്തിക്കുക (മടക്കിയുണ്ടാക്കുക)യും ചെയ്യുന്നു
85:14
  • وَهُوَ ٱلْغَفُورُ ٱلْوَدُودُ ﴾١٤﴿
  • വളരെ പൊറുക്കുന്നവനും, വളരെ സ്നേഹമുള്ളവനും അവനത്രെ.
  • وَهُوَ അവനത്രെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الْوَدُودُ വളരെ സ്നേഹം (താല്‍പര്യം) ഉള്ളവന്‍
85:15
  • ذُو ٱلْعَرْشِ ٱلْمَجِيدُ ﴾١٥﴿
  • 'അര്‍ശ്' [സിംഹാസനം] ഉള്ളവനും, മഹത്വമേറിയവനും;-
  • ذُو الْعَرْشِ അര്‍ശുള്ളവന്‍, സിംഹാസനക്കാരന്‍ الْمَجِيدُ മഹത്വമേറിയവന്‍, യോഗ്യതയുള്ളവന്‍
85:16
  • فَعَّالٌ لِّمَا يُرِيدُ ﴾١٦﴿
  • താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് (ശരിക്കും) പ്രവര്‍ത്തിക്കുന്നവനും.
  • فَعَّالٌ ശരിക്കും ചെയ്യുന്നവന്‍, പ്രവര്‍ത്തിക്കുന്നവന്‍ لِّمَا يُرِيدُ താന്‍ ഉദ്ദേശിക്കുന്നതിനെ, എന്തു താല്‍പര്യപ്പെടുന്നോ അതു

എന്നിരിക്കെ, അവന്‍റെ പിടിയില്‍ അമരാത്തവനോ, അവന്‍റെ നടപടിയില്‍ നിന്നു രക്ഷപ്പെടുന്നവനോ, അവനെ അതിജയിക്കുന്നവനോ ആരുണ്ട്? ആരും തന്നെയില്ല. എല്ലാം അവന്‍റെ സൃഷ്ടി. രക്ഷിക്കുവാനും ശിക്ഷിക്കുവാനുമുള്ള അധികാരവും കഴിവും അവന്നു. മാപ്പ് ചെയ്‌വാനും ദയകാണിക്കുവാനുമുള്ള കഴിവും സന്നദ്ധതയും ഉള്ളവനും അവന്‍ തന്നെ. പരമാധികാരവും പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും അവനു മാത്രം. അവനെ ചോദ്യം ചെയ്‌വാന്‍ ആരുമില്ല.

85:17
  • هَلْ أَتَىٰكَ حَدِيثُ ٱلْجُنُودِ ﴾١٧﴿
  • (ആ) സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്കു വന്നെത്തിയിരിക്കുന്നുവോ (നബിയേ),-
  • هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ വര്‍ത്തമാനം الْجُنُودِ സൈന്യങ്ങളുടെ
85:18
  • فِرْعَوْنَ وَثَمُودَ ﴾١٨﴿
  • അതായത്, ഫിര്‍ഔന്‍റെയും, 'ഥമൂദി'ന്‍റെയും?!
  • فِرْعَوْنَ അതായത് ഫിര്‍ഔന്‍റെ وَثَمُودَ 'ഥമൂദി'ന്‍റെയും

അതെ, ആ വര്‍ത്തമാനം നിങ്ങള്‍ക്കു അറിയാമല്ലോ, അതു നിങ്ങള്‍ക്കു സമാധാനം നല്‍കുവാനും, സത്യനിഷേധികള്‍ക്കു പാഠമായിരിക്കുവാനും പോരുന്നതാണ്.

85:19
  • بَلِ ٱلَّذِينَ كَفَرُوا۟ فِى تَكْذِيبٍ ﴾١٩﴿
  • എങ്കിലും (ഈ) അവിശ്വസിച്ചവര്‍ വ്യാജമാക്കലിലാണു (ഏര്‍പ്പെട്ടിട്ടു)ള്ളത്.
  • بَلِ എങ്കിലും (പക്ഷേ) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ فِي تَكْذِيبٍ വ്യാജമാക്കലിലാകുന്നു
85:20
  • وَٱللَّهُ مِن وَرَآئِهِم مُّحِيطٌۢ ﴾٢٠﴿
  • അല്ലാഹുവാകട്ടെ, അവരുടെ പിന്‍വശത്തിലൂടെ (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനുമാണ്.
  • وَاللَّـهُ അല്ലാഹുവാകട്ടെ مِن وَرَائِهِم അവരുടെ പിന്‍വശത്തൂടെ, പിന്നില്‍ നിന്ന് مُّحِيطٌ വലയം ചെയ്യുന്നവനാകുന്നു
85:21
  • بَلْ هُوَ قُرْءَانٌ مَّجِيدٌ ﴾٢١﴿
  • പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു;
  • بَلْ هُوَ എങ്കിലും (പക്ഷെ - എന്നാല്‍) അതു قُرْءَانٌ ഒരു ഖുര്‍ആനാകുന്നു (വായനാഗ്രന്ഥമാണ്) مَّجِيدٌ മഹത്വമേറിയ, ശ്രേഷ്ടമാക്കപ്പെട്ട
85:22
  • فِى لَوْحٍ مَّحْفُوظٍۭ ﴾٢٢﴿
  • സുരക്ഷിതമായ ഒരു ഫലകത്തിലാണ് (അതുള്ളത്‌).
  • فِي لَوْحٍ ഒരു ഫലകത്തില്‍, പലകയില്‍ مَّحْفُوظٍ സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട

അക്രമത്തിലും മര്‍ദ്ദനത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന അതികേമന്മാരായ ഫിര്‍ഔന്‍, ഥമൂദുവര്‍ഗം പോലെയുള്ളവരുടെയെല്ലാം പര്യവസാനങ്ങള്‍ എന്തായിരുന്നുവെന്ന് പൊതുവില്‍ അറിഞ്ഞു കഴിഞ്ഞതാണല്ലോ. ഈ ധിക്കാരികള്‍ക്ക് അതില്‍ നിന്നൊന്നും പാഠം പഠിഞ്ഞിട്ടില്ല. അവരിപ്പോഴും നിഷേധത്തിലും ധിക്കാരത്തിലും ഉറച്ചു നില്‍ക്കുകയാണ്. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിഞ്ഞു കൊണ്ടിരിക്കുന്നുതാനും. അതവര്‍ ഓര്‍ക്കുന്നില്ല. ഖുര്‍ആനാണെങ്കില്‍ – അതാണല്ലോ അവരുടെ ഈ ദുഷ്ചെയ്തികള്‍ക്കു കാരണമായിത്തീര്‍ന്നിരിക്കുന്നത് – അതിലെ വചനങ്ങളും ആശയങ്ങളും അതു വിഭാവനം ചെയ്യുന്ന ആദര്‍ശങ്ങളുമെല്ലാം തന്നെ അതിമഹത്തായതും ആരുടെ കൈകടത്തലിനും പഴുതില്ലാത്ത വിധം സുരക്ഷിതമായതുമാകുന്നു. അതിനെ വ്യാജമാക്കിത്തള്ളുവാനോ നിഷേധിക്കുവാനോ യാതൊരു ന്യായവുമില്ല, കാരണവുമില്ല.

لوح محفوظ (സുരക്ഷിതഫലകം – അഥവാ സൂക്ഷിക്കപ്പെട്ട പലക) എന്നാല്‍ ഏതാണ്? അതെവിടെയാണ്? ഏതു തരത്തിലുള്ളതാണ്? എന്നൊന്നും നമുക്ക് വസ്തുനിഷ്ഠമായി വിവരിക്കുവാന്‍ അറിഞ്ഞുകൂടാ. വാക്കിന്‍റെ ഭാഷാര്‍ത്ഥത്തെ അടിസ്ഥാനമാക്കി – ചില ആളുകള്‍ ചെയ്തുകാണുന്നതു പോലെ – അതിനെ കേവലം ഒരു ഭൗതിക വസ്തുവായി ചിത്രീകരിക്കുവാനോ, നമ്മുടെ കയ്യിലുള്ള ‘മുസ്ഹഫു’കളോ മറ്റോ ആണെന്നു വിധി കല്‍പ്പിക്കുവാനോ മുതിരുന്നതു അന്യായമാണ്. ഖുര്‍ആനെപ്പറ്റി സൂറത്തുല്‍ വാഖ്വിഅഃ 77-79ല്‍

انه لقران كريم في كتاب مكنون لا يمسه الا المطهرون

(അത് മാന്യമായ ഒരു ഖുര്‍ആനാണ്, ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണുള്ളത്. പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കയില്ല.) എന്നു പറഞ്ഞിരിക്കുന്നു. ഇതിന്‍റെ വിവരണത്തില്‍ അവിടെ നാം പ്രസ്താവിച്ചതു ഓര്‍ക്കുക. ആ ആശയം തന്നെയാണ് ഇവിടെയും ഉള്ളത്. സൂ: റഅ്ദില്‍

يَمْحُوا۟ ٱللَّهُ مَا يَشَآءُ وَيُثْبِتُ ۖ وَعِندَهُۥٓ أُمُّ ٱلْكِتَـٰبِ – (الرعد 39)

(അല്ലാഹു ഉദ്ദേശിക്കുന്നതു അവന്‍ മായിച്ചുകളയുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്‍റെ അടുക്കലുണ്ടുതാനും.) എന്നും പറയുന്നു. അപ്പോള്‍, അല്ലാഹുവിങ്കല്‍ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാനരേഖയാണ് അതെന്നും, ഖുര്‍ആനടക്കം അല്ലാഹു അതില്‍ പലതും രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നും, അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ആര്‍ക്കും അതിനെപ്പറ്റി അറിയുവാന്‍ കഴിയുന്നതല്ലെന്നും ഗ്രഹിക്കാമല്ലോ. ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബിവചനങ്ങളില്‍ നിന്നും, മുന്‍ഗാമികളായ മഹാന്മാരുടെ വചനങ്ങളില്‍ നിന്നും പൊതുവില്‍ ‘ലൌഹുന്‍ – മഹ്ഫൂളി (لوح محفوظ)’നെപ്പറ്റി മുസ്‌ലിമുകള്‍ മനസ്സിലാക്കുന്നതും വിശ്വസിക്കുന്നതും അതാണ്‌. الله اعلم

ولله الحمد والمنة