സൂറത്തുഅബസ : 01-42
അബസ (മുഖം ചുളിച്ചു)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 42
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
നബി (സ്വ) തിരുമേനി മക്കയിലെ പ്രമുഖരായ ചില ഖുറൈശീ നേതാക്കളുമായി സംസാരിച്ചും, അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചും കൊണ്ടിരിക്കുകയായിരുന്നു. അവരില്‍ നിന്നു നബി (സ്വ) നല്ല പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യമായി ഉപദേശിക്കുമ്പോള്‍ അധികം എതിര്‍പ്പുകള്‍ നേരിടുകയില്ലല്ലോ. ഈ സന്ദര്‍ഭത്തിലാണ് അന്ധനായിരുന്ന അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (عبد الله بن أم مكتوم- رض) കടന്നുചെന്നത്. ആദ്യം മുതല്‍ക്കേ സത്യവിശ്വാസം സ്വീകരിച്ച ഒരു സഹാബിയാണ് അദ്ദേഹം. അന്ധത നിമിത്തം സന്ദര്‍ഭം മനസ്സിലാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ‘നബിയേ, എനിക്കു മാര്‍ഗ്ഗ ദര്‍ശനം നൽകണം, വല്ലതും പഠിപ്പിച്ചു തരണം’ എന്നിങ്ങനെ അദ്ദേഹം അപേക്ഷിക്കുകയായി. നബി (സ്വ)ക്കു ഇതു വിരസമായിത്തോന്നി. ആ സംഭാഷണത്തിനു വിരാമമിടുവാന്‍ ഇതു കാരണമാകുമെന്നു മാത്രമല്ല, കേവലം സാധുവും അന്ധനുമായ ഒരാള്‍ അവരുടെ സദസ്സില്‍ സംബന്ധിക്കുന്നത് ആ പ്രമാണിമാര്‍ക്ക് രസിക്കുകയില്ല. അങ്ങനെ ആ സന്ദര്‍ഭം നഷ്ടപ്പെട്ടേക്കുമെന്നു കരുതി തിരുമേനി അദ്ദേഹത്തോടു വൈമുഖ്യം കാണിക്കുകയുണ്ടായി. മിക്ക മുഫസ്സിറുകളും, തിര്‍മദി (റ) ഹാകിം (റ) മുതലായവരും ഉദ്ധരിച്ചു കാണാവുന്ന ഈ സംഭവത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിന്റെ ആദ്യവചനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
- عَبَسَ وَتَوَلَّىٰٓ ﴾١﴿
- അദ്ദേഹം മുഖം ചുളിച്ചു, തിരിഞ്ഞുകളയുകയും ചെയ്തു
- عَبَسَ അദ്ദേഹം മുഖം ചുളിച്ചു وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
- أَن جَآءَهُ ٱلْأَعْمَىٰ ﴾٢﴿
- തന്റെ അടുക്കല്‍ (ആ) കുരുടന്‍ വന്നതിനാല്‍!
- أَن جَآءَهُ തന്റെ അടുക്കല്‍ വന്നതിനാല്‍ الْأَعْمَىٰ കുരുടന്‍, അന്ധന്‍
- وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ ﴾٣﴿
- (നബിയേ) നിനക്ക് എന്തറിയാം? അദ്ദേഹം പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ!
- وَمَا يُدْرِيكَ നിനക്കു എന്തറിയാം لَعَلَّهُ അവനായേക്കാം يَزَّكَّى പരിശുദ്ധി പ്രാപിക്കും
- أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ ﴾٤﴿
- അല്ലെങ്കില്‍, അദ്ദേഹം ഉപദേശം സ്വീകരിക്കുകയും, അങ്ങനെ (ആ) ഉപദേശം അദ്ദേഹത്തിന് പ്രയോജനപ്പെടുകയും ചെയ്തേക്കാം.
- أَوْ يَذَّكَّرُ അല്ലെങ്കില്‍ അവന്‍ ഉപദേശം സ്വീകരിക്കും, ഓർമ്മിച്ചേക്കും فَتَنفَعَهُ എന്നിട്ടു അവനു ഉപകാരം ചെയ്കയും الذِّكْرَىٰ ഉപദേശം, സ്മരണ
‘അദ്ദേഹം മുഖം ചുളിച്ചു’ എന്നു പറഞ്ഞത് നബി (സ്വ)യെ ഉദ്ദേശിച്ചാകുന്നു. നബി (സ്വ)യെ അഭിമുഖീകരിച്ചുകൊണ്ടോ, പേരു വ്യക്തമാക്കി കൊണ്ടോ ആക്ഷേപിക്കാതെ, സൗമ്യമായ രൂപത്തില്‍ അല്ലാഹു നബി(സ്വ)ക്കു മര്യാദ പഠിപ്പിക്കുകയാണ്. തിരുമേനിയുടെ ഉദ്ദേശ്യം പരിപാവനവും മഹത്തായതും തന്നെ. പക്ഷേ, ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ടായിരുന്നു. അതിനെപറ്റിയാണ് ആക്ഷേപിക്കുന്നത്. എത്ര നിസ്സാരമായിരുന്നാലും നബി (സ്വ)യുടെ പക്കല്‍ ഒരു വീഴ്ച വന്നുപോയാല്‍, ഉടനെ അല്ലാഹു അതു തിരുത്തുക പതിവാണ്. ഇതിനു ഉദാഹരണങ്ങള്‍ ഖുര്‍ആനില്‍ വേറെയും കാണാം.
ഒരാള്‍ മറ്റൊരാളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന മദ്ധ്യേ അയാളോട് ഇടയ്ക്കു കടന്നു സംസാരിക്കുക, അവരുടെ സംഭാഷണത്തിനു വിഘാതമുണ്ടാക്കുക, അവരുടെ സമ്മതം പ്രതീക്ഷിക്കാതെ അവരുടെ ഇടയില്‍ പ്രവേശിക്കുക മുതലായവ നല്ല വഴക്കമല്ല. നബി വചനങ്ങളില്‍ ഇവയെക്കുറിച്ചു പ്രത്യേകം പ്രസ്താവിച്ചിട്ടുമുണ്ട്. ആ സ്ഥിതിക്ക് ഇബ്നു ഉമ്മി മക്തൂം (റ) കടന്നുചെന്നപ്പോള്‍ തിരുമേനിക്കു വെറുപ്പു തോന്നിയതില്‍ ഇത്ര ആക്ഷേപിക്കുവാനുണ്ടോ എന്നു സംശയിക്കപ്പെടാം. ഇതിനു മറുപടി അല്ലാഹുവിന്റെ വചനങ്ങളില്‍ തന്നെ അടങ്ങിയിരിക്കുന്നത് കാണാം. ആഗതന്‍ കേവലം കണ്ണുകാണാത്ത ഒരാള്‍; വന്നതു ഉപദേശം തേടിക്കൊണ്ട്; ആ ഉപദേശം അദ്ദേഹത്തിനു ഫലം ചെയ്യുമെന്നു ന്യായമായും കരുതാവുന്നതുമാണ്. അതേ സമയത്ത് നബി (സ്വ)യുടെ സന്നിധിയിലുണ്ടായിരുന്നവരോ? ഉപദേശം അവര്‍ക്കു അങ്ങോട്ടു വെച്ചുകെട്ടുകയാണ്. അതു സ്വീകരിക്കുവാനുള്ള സന്മനസ്സുണ്ടാകുമെന്നു കരുതത്തക്ക നിലപാടല്ല അവര്‍ക്കുള്ളതും. തുടര്‍ന്നു പറയുന്നതു നോക്കുക
- أَمَّا مَنِ ٱسْتَغْنَىٰ ﴾٥﴿
- എന്നാല്‍, ധന്യത നടിച്ച [സ്വയം പര്യാപ്തനെന്നു ധരിച്ച]വനാകട്ടെ
- أَمَّا مَنِ എന്നാല്‍ യാതൊരുവന്‍ ٱسْتَغْنَىٰ ധന്യത (പര്യാപ്ത - ആവശ്യമില്ലായ്മ) നടിച്ച
- فَأَنتَ لَهُۥ تَصَدَّىٰ ﴾٦﴿
- അവനുവേണ്ടി നീ ഒരുമ്പെട്ടിരിക്കുന്നു.
- فَأَنتَ അപ്പോള്‍ നീ لَهُ അവനു വേണ്ടി, അവനിലേക്കു تَصَدَّىٰ നീ ഒരുമ്പെട്ടു (ശ്രദ്ധ തിരിഞ്ഞു - തയ്യാറായി)
- وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴾٧﴿
- അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിന്റെ മേല്‍ എന്താണ് (ബാധ്യത) ഉള്ളത്?!
- وَمَا عَلَيْكَ നിന്റെമേല്‍ എന്താണുള്ളത് (ഒന്നുമില്ല) أَلَّا يَزَّكَّىٰ അവന്‍ പരിശുദ്ധി പ്രാപിക്കാതെ (നന്നാവാതെ) ഇരിക്കുന്നതിനു
- وَأَمَّا مَن جَآءَكَ يَسْعَىٰ ﴾٨﴿
- എന്നാല്‍ (ഉത്സാഹപൂർവ്വം) പാഞ്ഞുകൊണ്ട് നിന്റെ അടുക്കല്‍ വന്നവനാകട്ടെ,
- وَأَمَّا مَن എന്നാല്‍ യാതൊരുവനാകട്ടെ جَاءَكَ നിന്റെ് അടുക്കല്‍ വന്ന يَسْعَىٰ ഉത്സാഹിച്ചു (പാഞ്ഞു-അദ്ധ്വാനിച്ചു) കൊണ്ടു
- وَهُوَ يَخْشَىٰ ﴾٩﴿
- അദ്ദേഹമോ (അല്ലാഹുവിനെ) ഭയപ്പെടുകയും ചെയ്യുന്നു
- وَهُوَ അവനാകട്ടെ, അവനോ يَخْشَىٰ ഭയപ്പെടുന്നു (താനും)
- فَأَنتَ عَنْهُ تَلَهَّىٰ ﴾١٠﴿
- അദ്ദേഹത്തെപ്പറ്റി നീ അശ്രദ്ധകാണിക്കുന്നു!
- فَأَنتَ عَنْهُ എന്നാല്‍ നീ അവനിൽനിന്ന് تَلَهَّىٰ ശ്രദ്ധ തിരിക്കുന്നു, അശ്രദ്ധ കാണിക്കുന്നു
ധനവും നേതൃത്വവുമുണ്ട്, ഞങ്ങള്‍ സ്വീകരിച്ചു വരുന്ന നടപടികളെല്ലാം തന്നെയാണ് ശരിയായിട്ടുള്ളതെന്ന ധാരണയും! അതു കൊണ്ട് മറ്റൊരാളുടെ ആശ്രയമോ ഉപദേശമോ തങ്ങള്‍ക്കാവശ്യമില്ലെന്നാണ് അവരുടെ നില. അവര്‍ക്കു വേണ്ടി സമയം ചിലവാക്കുന്നതിനേക്കാള്‍ ഭേദം ഭയഭക്തനും വിജ്ഞാനദാഹിയുമായ ആ മാന്യന്റെ കാര്യത്തില്‍ ശ്രദ്ധകൊടുക്കലാണ് എന്നു താല്‍പര്യം. ഈ വചനങ്ങള്‍ അവതരിച്ചതിനുശേഷം തിരുമേനി ആ മഹാനെ പൂര്‍വ്വാധികം ആദരിക്കുക പതിവായിരുന്നു. അദ്ദേഹത്തെ കാണുമ്പോള്‍ തിരുമേനി مرحبا من عاتبنى فيه ربي (എന്റെ റബ്ബ് എന്നെ ആക്ഷേപിക്കുവാന്‍ ഇടയായ ആള്‍ക്കു സ്വാഗതം) എന്നു പറയാറുണ്ടായിരുന്നുവത്രെ. നബി (സ്വ) മദീനാ വിട്ടുപോയ ചില അവസരങ്ങളില്‍ അദ്ദേഹത്തെയായിരുന്നു മദീനയില്‍ അവിടുന്ന് പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. തിരുമേനിയുടെ ബാങ്കുവിളിക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. 3, 4, 8, 9 എന്നീ വചനങ്ങളില്‍ അല്ലാഹു അദ്ദേഹത്തെക്കുറിച്ചു പ്രശംസിച്ചത് എത്ര മാത്രം അന്വര്‍ത്ഥമായിരിക്കുമെന്ന് ഇതില്‍നിന്നൊക്കെ മനസ്സിലാക്കാമല്ലോ.
- كَلَّآ إِنَّهَا تَذْكِرَةٌ ﴾١١﴿
- അങ്ങനെ വേണ്ടാ! നിശ്ചയമായും അവ [ഖുർആൻ വചനങ്ങള്‍] ഒരു ഉപദേശമാകുന്നു.
- كَلَّ അങ്ങിനെ വേണ്ടാ, അതല്ല إِنَّهَا അതിനാല്‍ അതു, അവ تَذْكِرَةٌ ഒരു ഉപദേശമാണ്, സ്മരണയാണ്
- فَمَن شَآءَ ذَكَرَهُۥ ﴾١٢﴿
- ആകയാല്‍, ആര്‍ (വേണമെന്നു) ഉദ്ദേശിച്ചുവോ അവരതു ഓർമിച്ചുകൊള്ളട്ടെ.
- فَمَن شَاءَ അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ ذَكَرَهُ അവനതു ഓർമിക്കട്ടെ, സ്മരിക്കുന്നതാണ്
- فِى صُحُفٍ مُّكَرَّمَةٍ ﴾١٣﴿
- മാനിക്കപ്പെട്ടതായ ചില ഏടുകളിലാണ് (അതുള്ളത്)
- فِي صُحُفٍ ചില ഏടുകളില്‍ مُّكَرَّمَةٍ മാനിക്കപ്പെട്ട, ആദരണീയമായ
- مَّرْفُوعَةٍ مُّطَهَّرَةٍۭ ﴾١٤﴿
- (അതെ) ഉന്നതമാക്കപ്പെട്ടതും, പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
- مَّرْفُوعَةٍ ഉയർത്ത (ഉന്നതമാക്ക)പ്പെട്ട مُّطَهَّرَةٍ ശുദ്ധമാക്കപ്പെട്ട
- بِأَيْدِى سَفَرَةٍ ﴾١٥﴿
- ചില ദൗത്യവാഹകന്മാരുടെ കൈക്ക്;-
- بِأَيْدِي കൈകളില്‍, കൈകളാല്‍ (കൈക്ക്) سَفَرَةٍ ചില ദൗത്യവാഹകന്മാരുടെ, എഴുത്തുകാരുടെ
- كِرَامٍۭ بَرَرَةٍ ﴾١٦﴿
- മാന്യന്മാരും, പുണ്യവാന്മാരുമായ (ദൗത്യവാഹകന്മാരുടെ കൈക്ക്)
- كِرَامٍ മാന്യന്മാരായ بَرَرَةٍ പുണ്യവാന്മാരായ, ഗുണവാന്മാരായ
സാരം : അങ്ങനെ സദുപദേശം തേടിവരുന്നവന്‍റെ നേരെ അശ്രദ്ധ കാണിക്കുകയും, അതിനാവശ്യമില്ലെന്നു വെച്ചവരുടെ നേരെ ശ്രദ്ധപതിക്കുകയും ചെയ്യേണ്ടതില്ല. ഈ ഓതികേള്‍പ്പിക്കുന്ന സിദ്ധാന്തങ്ങള്‍ – അഥവാ ഖുര്‍ആന്‍ വചനങ്ങള്‍ – അവരില്‍ നിര്‍ബന്ധപൂര്‍വ്വം വെച്ചുകെട്ടേണ്ട ആവശ്യവുമില്ല. കാരണം, അവ കേവലം ഉപദേശങ്ങളാണ്. വേണമെന്നുള്ളവര്‍ അത് സ്വീകരിച്ചുകൊള്ളട്ടെ എന്നേയുള്ളു. എന്നാല്‍ അത് സാധാരണ ഉപദേശങ്ങളെപ്പോലെയുള്ള ഒന്നല്ല. പുണ്യവാന്മാരും, മാന്യന്മാരുമായ ചില ദൗത്യവാഹകന്മാരുടെ കൈക്ക് പരിശുദ്ധവും ഉന്നത നിലവാരത്തിലുള്ളതുമായ ആദരണീയ ഗ്രന്ഥങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഉപദേശങ്ങളത്രെ. അങ്ങനെ, അവ വളരെ സംശുദ്ധവും പരിപാവനവുമാകുന്നു.
سفرة (സഫറത്ത്) എന്ന വാക്കിനാണ് ‘ദൗത്യവാഹകന്മാര്‍’ എന്ന്‍ അര്‍ത്ഥം കൽപിച്ചത്. രണ്ടു കൂട്ടര്‍ക്കിടയില്‍ അന്യോന്യം സന്ദേശങ്ങള്‍ എത്തിക്കുന്നവര്‍ക്ക് ‘സഫറത്ത്’ എന്നു പറയപ്പെടും. അല്ലാഹുവിനും ജനങ്ങള്‍ക്കുമിടയിലുള്ള ദൗത്യവാഹകന്മാരായ പ്രവാചകന്മാരെ ഉദ്ദേശിച്ചാണ് ആ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നത്. എങ്കിലും, ഇബ്നുജരീര്‍ (റ), ബുഖാരി (റ) മുതലാവര്‍ അഭിപ്രായപ്പെട്ടതു പോലെ, മലക്കുകളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതാണ് ശരിയായ പക്ഷം. അല്ലാഹുവിനും പ്രവാചകന്മാര്‍ക്കുമിടയിലുള്ള ദൗത്യവാഹകരും വഹ് യു കൊണ്ടു വരുന്നവരും മലക്കുകളാണല്ലോ. ‘സഫറത്ത്’ എന്ന വാക്കിന് ‘എഴുതുന്നവര്‍’ എന്നും അര്‍ത്ഥം വരും. ഈ അര്‍ത്ഥത്തെ ആധാരമാക്കി ഖുര്‍ആന്‍ എഴുതിവെക്കുന്ന സത്യവിശ്വാസികളാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച് في صحف (ഏടുകളില്‍) എന്നു പറഞ്ഞതിന്‍റെ വിവക്ഷ അപ്പപ്പോള്‍ അവതരിപ്പിക്കുന്ന ഖുര്‍ആനിന്‍റെ ഭാഗങ്ങള്‍ നബി (സ്വ)യുടെ കൽപന പ്രകാരം സഹാബികള്‍ എഴുതി സൂക്ഷിച്ചു വന്നിരുന്ന ഏടുകളാണെന്നും അവര്‍ പറയുന്നു. ദൗത്യവാഹകന്മാര്‍ മലക്കുകളാണെന്നു വെക്കുമ്പോള്‍ – അതാണ് കൂടുതല്‍ ബലപ്പെട്ട അഭിപ്രായവും – ഏടുകള്‍ക്കൊണ്ടുള്ള വിവക്ഷ അല്ലാഹുവിന്‍റെ ജ്ഞാനഫലകമാകുന്ന “ലൗഹുല്‍ മഹഫൂള്” (اللوح المحفوظ) ആയിരിക്കുന്നതാണ്.
സൂ:വാഖിഅ: 77-80ല്‍ ഖുര്‍ആനെപ്പറ്റി, ഭദ്രമായ ഒരു ഗ്രന്ഥത്തിലാണ് അത് ഉള്ളതെന്നും, പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതു സ്പര്‍ശിക്കുന്നതല്ലെന്നും, അതു ലോകരക്ഷിതാവിങ്കല്‍ നിന്നു അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ടല്ലോ. സൂ: ബുറൂജില്‍
بَلْ هُوَ قُرْءَانٌ مَّجِيدٌ ﴿٢١﴾ فِى لَوْحٍ مَّحْفُوظٍۭ ﴿٢٢﴾ سورة البروج
(എങ്കിലും, അതു മഹത്തായ ഒരു ഖുര്‍ആനാകുന്നു; സുരക്ഷിതമായ ഒരു ഫലകത്തിലാണുള്ളത്) എന്നും പറഞ്ഞിരിക്കുന്നു. ഈ ആശയം തന്നെയാണ് ഈ വാചകങ്ങളും ഉള്‍ക്കൊള്ളുന്നത്. കൂടുതല്‍ വിവരം ആ രണ്ടു സ്ഥലത്തും നോക്കുക.
ഒരു സംഗതി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സഹാബികളാകുന്ന സത്യവിശ്വാസികളുടെ കൈക്ക് എഴുതി സൂക്ഷിക്കപ്പെട്ടുവരുന്ന ഏടുകളാണ് ഇവിടെ ഉദ്ദേശ്യമെന്ന് വെക്കുമ്പോള്‍ – അവ വാസ്തവത്തില്‍ പരിശുദ്ധവും ഉന്നതവും തന്നെയാണെങ്കിലും – അവയെപറ്റി ഇസ്ലാമിന്‍റെ കഠിനശത്രുക്കളായ ഖുറൈശി പ്രമാണികളുടെ ദൃഷ്ടിയില്‍ അതിനു ഒരു പ്രത്യേക പരിഗണനയുണ്ടാകുവാന്‍ അവകാശമില്ല. അവരുടെമേല്‍ അതു വെച്ചു കെട്ടേണ്ടതില്ലെന്നും, വേണമെങ്കില്‍ അവര്‍ സ്വീകരിച്ചു കൊള്ളട്ടെ എന്നും പറഞ്ഞുകൊണ്ടാണല്ലോ ഈ വിഷയം അല്ലാഹു പ്രസ്താവിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സുപരിചിതരും, അവരുടെ ദൃഷ്ടിയില്‍ നിസ്സാരന്മാരുമായ സഹാബികള്‍ എഴുതി സൂക്ഷിക്കുന്ന ഏടുകളുടെ പരിപാവനത്വം അവരുടെ മുമ്പില്‍ വെക്കുന്നതില്‍ വളരെ ഔചിത്യമൊന്നും കാണുന്നില്ല. ‘സഫറത്തി’ ന്‍റെയും ‘ഏടുകളു’ടെയും വിശേഷണങ്ങളായി അല്ലാഹു പറഞ്ഞ വാക്കുകള്‍ പരിശോധിച്ചാലും ഇബ്നുജരീര്‍ മുതലായവരുടെ അഭിപ്രായത്തിനാണ് മുന്‍തൂക്കം കാണുന്നത്. الله أعلم
- قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ ﴾١٧﴿
- മനുഷ്യന്‍ കൊല്ലപ്പെടട്ടെ [നാശമടയട്ടെ] എന്താണവന്‍ ഇത്ര നന്ദികെട്ടവന്‍ (അഥവാ അവിശ്വാസി) ആയത്?!
- قُتِلَ കൊല്ലപ്പെടട്ടെ (നശിക്കട്ടെ - ശാപമടയട്ടെ) الْإِنسَانُ മനുഷ്യന്‍ مَا أَكْفَرَهُ അവനെ (ഇത്രയധികം) നന്ദി കെടുത്തിയത് (അവിശാസിയാക്കിയത്) എന്താണ്
- مِنْ أَىِّ شَىْءٍ خَلَقَهُۥ ﴾١٨﴿
- ഏതൊരു വസ്തുവില്‍ നിന്നാണ് അവന്‍ [അല്ലാഹു] അവനെ സൃഷ്ടിച്ചിരിക്കുന്നത്?
- مِنْ أَيِّ شَيْءٍ ഏതൊരു വസ്തുവില്‍ നിന്നാണ് خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചതു
- مِن نُّطْفَةٍ خَلَقَهُۥ فَقَدَّرَهُۥ ﴾١٩﴿
- ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു (തന്നെ). (അതെ) അവനെ അവന്‍ സൃഷ്ടിച്ചു; എന്നിട്ട് അവനെ (വേണ്ടപ്രകാരം) വ്യവസ്ഥ ചെയ്തു;-
- مِن نُّطْفَةٍ ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നു خَلَقَهُ അവന്‍ അവനെ സൃഷ്ടിച്ചു فَقَدَّرَهُ എന്നിട്ടവനെ (അവന്നു) കണക്കാക്കി, വ്യവസ്ഥ ചെയ്തു
- ثُمَّ ٱلسَّبِيلَ يَسَّرَهُۥ ﴾٢٠﴿
- പിന്നെ, (അവന്‍ ചരിക്കേണ്ടുന്ന) മാര്‍ഗ്ഗം അവനു എളുപ്പമാക്കിക്കൊടുത്തു;-
- ثُمَّ السَّبِيلَ പിന്നെ വഴി يَسَّرَهُ അവന്‍ അവനു എളുപ്പ (നിഷ്പ്രയാസ)മാക്കി
- ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ ﴾٢١﴿
- പിന്നെ, അവനെ മരണപ്പെടുത്തി; എന്നിട്ടവനെ 'ഖബ്റി'ലാക്കി (മറച്ചു):-
- ثُمَّ أَمَاتَهُ പിന്നെ അവനെ മരണപ്പെടുത്തി فَأَقْبَرَهُ എന്നിട്ടവനെ ഖബ്റിലാക്കി
- ثُمَّ إِذَا شَآءَ أَنشَرَهُۥ ﴾٢٢﴿
- പിന്നീടു അവന്‍ [അല്ലാഹു] ഉദ്ദേശിക്കുമ്പോള്‍ അവനെ (വീണ്ടും) ഉയര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്
- ثُمَّ إِذَا شَاءَ പിന്നെ അവന്‍ ഉദ്ദേശിച്ചാല്‍, വേണ്ടുകവെക്കുമ്പോള്‍ أَنشَرَهُ അവനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കും
മനുഷ്യന്‍ സത്യനിഷേധിയും ധിക്കാരിയുമായി ജീവിക്കുക വഴി അല്ലാഹുവിനോടു കാണിക്കുന്ന നന്ദികേടിന്റെ ഗൗരവം അവന്റെ ആദ്യന്തചരിത്രം ചൂണ്ടിക്കാട്ടികൊണ്ടു അവനെ തെര്യപ്പെടുത്തുകയാണ്. അതേ ചരിത്രം തന്നെ അവന്റെ പുനരുത്ഥാനത്തിനു തെളിവു നല്‍കുകയും ചെയ്യുന്നു. അവന്റെ അസ്തിത്വം ഉടലെടുത്തതു എവിടെ നിന്നാണെന്നു ചോദിച്ച് അവന്റെ മനസ്സിനെ തട്ടി ഉണര്‍ത്തിക്കൊണ്ടാണ് ആ ചരിത്രം അവനെ ഓര്‍മ്മിപ്പിക്കുന്നത്. അതെ, കേവലം നിസ്സാരമായ ഒരു ഇന്ദ്രിയ ബിന്ദുവില്‍ നിന്നാണവന്റെ ഉത്ഭവം. അങ്ങനെ, അവനു ഒരു പൂര്‍ണ്ണമായ മനുഷ്യരൂപം നല്‍കി. ആകൃതിയും, പ്രകൃതിയും നിശ്ചയിച്ചു. അന്നവും ആയുസ്സുമെല്ലാം വ്യവസ്ഥ ചെയ്തു. നന്മതിന്മകളുടെയും, വിജയ പരാജയത്തിന്റെയും മാര്‍ഗ്ഗം വിവരിച്ചുകൊണ്ടു നേര്‍മ്മാര്‍ഗ്ഗവും സൗകര്യപ്പെടുത്തിക്കൊടുത്തു. അതെ, അവനു വേണ്ടതെല്ലാം കൊടുത്തരുളി. പിന്നീടു ആയുഷ്കാലം അവസാനിച്ചപ്പോള്‍ മരണപ്പെടുത്തി ഭൂമിയില്‍ മറക്കുകയും ചെയ്തു. ഇതിന്റെയെല്ലാം കര്‍ത്താവും നിയന്താവുമായ അതേ അല്ലാഹു തന്നെയാണ് താന്‍ ഉദ്ദേശിക്കുന്ന ഒരവസരത്തില്‍ മനുഷ്യനെ വീണ്ടും ജീവിപ്പിക്കുമെന്ന് പറയുന്നതും. എന്തുകൊണ്ടു ഈയൊരു കാര്യം അവനു വിശ്വസിക്കുവാനും, ന്യായീകരിക്കുവാനും കഴിയുന്നില്ല?! ഇതിന്റെ പേരിലാണല്ലോ അവന്റെ നിഷേധവും ധിക്കാരവുമൊക്കെ. അപ്പോള്‍, അവന്റെ നന്ദികേടും, അവന്റെ നിഷേധവും അങ്ങേയറ്റം കടുത്തതുതന്നെ!
قتل (കൊല്ലപ്പെടട്ടെ) എന്ന വാക്കിന്റെ അര്‍ത്ഥത്തെയും ഉദ്ദേശ്യത്തെയും സംബന്ധിച്ച് സൂ: മുദ്ദഥിറില്‍ വിവരിച്ചതു ഓര്‍ക്കുക. മനുഷ്യന്റെ നന്ദികേടില്‍ അല്ലാഹുവിനുള്ള വെറുപ്പും പ്രതിഷേധവുമാണതു കുറിക്കുന്നതു. അല്ലാഹു തുടര്‍ന്ന് പറയുന്നു:-
- كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ ﴾٢٣﴿
- അങ്ങിനെ വേണ്ടാ! അവനോടു അവന്‍ [അല്ലാഹു] കല്‍പിച്ചതു അവന്‍ നിര്‍വഹിച്ചില്ല.
- كَلَّا അങ്ങിനെയല്ല, വേണ്ട لَمَّا يَقْضِ അവന്‍ നിര്‍വഹിച്ചില്ല مَا أَمَرَهُ അവന്‍ അവനോടു കല്‍പിച്ചതു
- فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴾٢٤﴿
- എന്നാല്‍, മനുഷ്യന്‍ തന്റെ ഭക്ഷണത്തിലേക്കു (ഒന്നു ചിന്തിച്ചു) നോക്കട്ടെ:-
- فَلْيَنظُرِ എന്നാല്‍ നോക്കിക്കൊള്ളട്ടെ الْإِنسَانُ മനുഷ്യന്‍ إِلَى طَعَامِهِ തന്റെ ഭക്ഷണത്തിലേക്ക്
- أَنَّا صَبَبْنَا ٱلْمَآءَ صَبًّا ﴾٢٥﴿
- അതായതു, നാം (മഴ) വെള്ളം ഒരു (ശക്തിയായ) ചൊരിച്ചുകൊടുക്കല്‍ കൊടുത്തിരിക്കുന്നതു.
- أَنَّا صَبَبْنَا നാം ചൊരിഞ്ഞുകൊടുത്തിരിക്കുന്നത് الْمَاءَ വെള്ളം صَبًّا ഒരു ചൊരിക്കല്‍
- ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ﴾٢٦﴿
- പിന്നെ ഭൂമിയെ നാം ഒരു (യുക്തമായ) പിളര്‍ത്തല്‍ പിളര്‍ത്തി.
- ثُمَّ شَقَقْنَا പിന്നെ നാം പിളര്‍ത്തി الْأَرْضَ ഭൂമിയെ شَقًّا ഒരു പിളര്‍ത്തല്‍
- فَأَنۢبَتْنَا فِيهَا حَبًّا ﴾٢٧﴿
- അങ്ങനെ, അതില്‍ നാം ധാന്യം മുളപ്പിച്ചു;
- فَأَنبَتْنَا എന്നിട്ടു നാം മുളപ്പിച്ചു, ഉല്‍പാദിപ്പിച്ചു فِيهَا അതില്‍ حَبًّا ധാന്യം
- وَعِنَبًا وَقَضْبًا ﴾٢٨﴿
- മുന്തിരിയും, പച്ചക്കറിയും,
- وَعِنَبًا മുന്തിരിയും وَقَضْبًا പച്ചക്കറി (ഇലക്കറി-കറിച്ചെടി)യും
- وَزَيْتُونًا وَنَخْلًا ﴾٢٩﴿
- ഒലീവും, ഈത്തപ്പനയും
- وَزَيْتُونًا സൈത്തൂനും, ഒലീവും وَنَخْلًا ഈത്തപ്പനയും
- وَحَدَآئِقَ غُلْبًا ﴾٣٠﴿
- (വൃക്ഷങ്ങള്‍) തൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും
- وَحَدَائِقَ തോട്ടങ്ങളും غُلْبًا (മരങ്ങള്‍) നിറഞ്ഞ, തിങ്ങിയ, നിബിഡമായ
- وَفَٰكِهَةً وَأَبًّا ﴾٣١﴿
- പഴവര്‍ഗവും, മേച്ചില്‍ പുല്ലും (മുളപ്പിച്ചു)
- وَفَاكِهَةً പഴങ്ങളും ഫലവർഗവും وَأَبًّا മേച്ചില്‍ പുല്ലും
- مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ﴾٣٢﴿
- നിങ്ങള്‍ക്കും, നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്
- مَّتَاعًا لَّكُمْ നിങ്ങള്‍ക്കു ഉപയോഗത്തിനു وَلِأَنْعَامِكُمْ നിങ്ങളുടെ കാലി (ആടുമാടൊട്ടകം)കള്‍ക്കും
മനുഷ്യന്നും, അവന്റെ കാലികള്‍ക്കും ആവശ്യമായ വിവിധ ഭക്ഷ്യവിഭവങ്ങളെ ഭൂമിയില്‍ ഉൽപാദിപ്പിക്കുകയും, അതിനുവേണ്ടി മഴ വര്‍ഷിപ്പിക്കുകയും, ഭൂമി പാകപ്പെടുത്തുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ചു മാത്രം അവര്‍ ചിന്തിച്ചു നോക്കുന്നതായാലും അവര്‍ അല്ലാഹുവിനു അളവറ്റ നന്ദി ചെയ്‌വാന്‍ കടപ്പെട്ടവരാണെന്നു കാണാം. ഇവക്കു പുറമെ, എണ്ണിയാല്‍ തീരാത്ത അനുഗ്രഹങ്ങള്‍ വേറെയും ഇരിക്കുന്നു. എന്നിട്ടും അവന്‍, അല്ലാഹുവിന്റെ കൽപനകള്‍ നിറവേറ്റുവാനോ അവനോടു നന്ദി കാണിക്കുവാനോ തയ്യാറാകുന്നില്ല എന്നു സാരം. പച്ചയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കുന്ന എല്ലാ പച്ചക്കറിച്ചെടി (പോഷകച്ചെടി)കള്‍ക്കും പൊതുവില്‍ പറയപ്പെടുന്ന വാക്കാണ് قَضْب (ക്വള്വ് ബ്). ഒരു പ്രത്യേക ചെടിയുടെ പേരാണെന്നും കറിക്കു ഉപയോഗിക്കുന്ന എല്ലാ ഇലച്ചെടികള്‍ക്കും പറയുന്ന പേരാണെന്നും അഭിപ്രായമുണ്ട്. اب (അബ്ബ്) എന്നാല്‍, മനുഷ്യര്‍ തിന്നാറില്ലാത്തതും, കാലികള്‍ മേഞ്ഞു തിന്നുന്നതുമായ പുല്‍ചെടികളാകുന്നു. നന്ദികേടിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുന്ന ആ ഭയങ്കരഘട്ടത്തെപ്പറ്റിയാണ് അടുത്ത വചനങ്ങളില്‍ വിവരിക്കുന്നത്.
- فَإِذَا جَآءَتِ ٱلصَّآخَّةُ ﴾٣٣﴿
- എന്നാല്‍, ചെകിടടക്കുന്ന (ആ ഭീകര) ശബ്ദം വന്നാല്‍!-
- فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الصَّاخَّةُ ചെകിടടക്കുന്ന ശബ്ദം
- يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ﴾٣٤﴿
- അതായതു, മനുഷ്യന്‍ തന്റെ സഹോദരനെ വിട്ടു ഓടിപ്പോകുന്ന ദിവസം,-
- يَوْمَ يَفِرُّ (പേടിച്ചു) ഓടിപ്പോകുന്ന ദിവസം الْمَرْءُ മനുഷ്യന്‍ مِنْ أَخِيهِ തന്റെَ സഹോദരനെവിട്ട്
- وَأُمِّهِۦ وَأَبِيهِ ﴾٣٥﴿
- തന്റെ മാതാവിനെയും, പിതാവിനെയും (വിട്ടും)
- وَأُمِّهِ തന്റെ ഉമ്മയെ (മാതാവിനെ)യും وَأَبِيهِ തന്റെ ബാപ്പയെ (പിതാവിനെ)യും
- وَصَٰحِبَتِهِۦ وَبَنِيهِ ﴾٣٦﴿
- തന്റെ തുണ [ഭാര്യ]യെയും, തന്റെ മക്കളെയും (വിട്ടും ഓടുന്ന ദിവസം) [ഹാ! എന്തായിരിക്കും അന്ന് അവന്റെ നില?!]
- وَصَاحِبَتِهِ തന്റെ തുണ (ഭാര്യ)യെയും وَبَنِيهِ തന്റെ മക്കളെയും
- لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴾٣٧﴿
- അന്നത്തെ ദിവസം, അവരില്‍ എല്ലാ (ഓരോ) മനുഷ്യനുമുണ്ടായിരിക്കും അവനെ മതിയാക്കത്തക്ക ഒരു കാര്യം
- لِكُلِّ امْرِئٍ എല്ലാ മനുഷ്യനുമുണ്ടു مِّنْهُمْ അവരില്‍ നിന്നു يَوْمَئِذٍ അന്നു, ആ ദിവസം شَأْنٌ ഒരു കാര്യം, വിഷയം يُغْنِيهِ അവനെ ഐശ്വര്യമാക്കുന്ന (മതിയാക്കുന്ന)
അന്ത്യ നാളില്‍ സംഭവിക്കുന്ന കാഹളം ഊത്തിനെപ്പറ്റിയാണ് الصَّاخَّةُ (ഉഗ്രത നിമിത്തം ചെകിടുപൊട്ടി കേള്‍വി നഷ്ടപ്പെടുമാറുള്ള ഭയങ്കര ശബ്ദം) എന്നു പറഞ്ഞിരിക്കുന്നത്. അന്നു ഓരോരുത്തരും ഭയവിഹ്വലരായി കിടുകിടുത്തു പോകുന്നു. ഒരാള്‍ക്കും മറ്റൊരാളെക്കുറിച്ചു ചിന്തയോ ഓര്‍മ്മയോ ഉണ്ടാകുന്നതല്ല. ഓരോരുത്തന്നും ‘തന്റെ കാര്യം തന്റെ കാര്യം’ എന്നു മാത്രമായിരിക്കും. കാരണം, അവനവന്റെ കാര്യം തന്നെ അവനവനു പിടിപ്പതും അതിലധികവുമുണ്ടായിരിക്കും! എന്നാല്‍, അല്ലാഹുവിനോടു കൂറും ഭക്തിയും പുലര്‍ത്തിവന്നവരും, നന്ദികേടും ധിക്കാരവും കാട്ടിക്കൊണ്ടിരുന്നവരും ഒരുപോലെയായിരിക്കുമോ? – അല്ല:-
- وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴾٣٨﴿
- ചില മുഖങ്ങള്‍ അന്നത്തെ ദിവസം (പ്രസന്നമായി) തെളിഞ്ഞവയായിരിക്കും;-
- وُجُوهٌ ചില മുഖങ്ങള്‍ يَوْمَئِذٍ അന്നു مُّسْفِرَةٌ തെളിഞ്ഞ (ശോഭിച്ച - പ്രസന്നമായ)വയായിരിക്കും
- ضَاحِكَةٌ مُّسْتَبْشِرَةٌ ﴾٣٩﴿
- ചിരിക്കുന്നവയായിരിക്കും, സന്തോഷം കൊള്ളുന്നവയായിരിക്കും.
- ضَاحِكَةٌ ചിരിക്കുന്നവ مُّسْتَبْشِرَةٌ സന്തോഷം കൊള്ളുന്നവ
- وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴾٤٠﴿
- (വേറെ) ചില മുഖങ്ങളാകട്ടെ, അന്നു അവയുടെ മേല്‍ പൊടിപടലം ഉണ്ടായിരിക്കും.
- وَوُجُوهٌ ചില മുഖങ്ങളാവട്ടെ يَوْمَئِذٍ അന്നു عَلَيْهَا അതിന്റെ മേലുണ്ടായിരിക്കും غَبَرَةٌ പൊടി
- تَرْهَقُهَا قَتَرَةٌ ﴾٤١﴿
- അവയെ കൂരിരുട്ടു മൂടിയിരിക്കും.
- تَرْهَقُهَا അവരെ മൂടും, പൊതിയും قَتَرَةٌ കൂരിരുട്ടു, ഇരുള്‍
- أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ ﴾٤٢﴿
- അക്കൂട്ടരത്രെ, തോന്നിയവാസികളായ അവിശ്വാസികള്‍.
- أُولَـٰئِكَ അക്കൂട്ടര്‍ هُمُ الْكَفَرَةُ അവര്‍ തന്നെയാണ് അവിശ്വാസികള്‍, നന്ദി കെട്ടവര്‍ الْفَجَرَةُ തോന്നിയവാസികളായ, മഹാപാപികളായ
അപ്പോള്‍ ആദ്യം പറഞ്ഞ പ്രസന്നമുഖങ്ങള്‍ സുകൃതവാന്മാരായ സത്യവിശ്വാസികളാണെന്നു പറയേണ്ടതില്ല. അല്ലാഹു അവന്‍റെ മഹത്തായ കാരുണ്യം കൊണ്ട് നമ്മെയെല്ലാം സുകൃതവാന്മാരായ സത്യവിശ്വാസികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.
ولله الحمد و المنة