നബഅ് (വൃത്താന്തം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 40 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

ജുസ്ഉ് - 30

വിഭാഗം - 1

78:1
  • عَمَّ يَتَسَآءَلُونَ ﴾١﴿
  • എന്തിനെക്കുറിച്ചാണ് അവര്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നത്?
  • عَمَّ എന്തിനെക്കുറിച്ചാണ് يَتَسَاءَلُونَ അവര്‍ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയുന്നു
78:2
  • عَنِ ٱلنَّبَإِ ٱلْعَظِيمِ ﴾٢﴿
  • (അതെ, ആ) മഹത്തായ വൃത്താന്തത്തെക്കുറിച്ച്!
  • عَنِ النَّبَإِ വൃത്താന്തത്തെക്കുറിച്ചാകുന്നു الْعَظِيمِ മഹത്തായ, വമ്പിച്ച
78:3
  • ٱلَّذِى هُمْ فِيهِ مُخْتَلِفُونَ ﴾٣﴿
  • അതായതു, യാതൊന്നില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാകുന്നുവോ അക്കാര്യം (തന്നെ).
  • الَّذِي അതായതു യാതൊരു കാര്യവും هُمْ فِيه അവര്‍ അതില്‍ مُخْتَلِفُونَ ഭിന്നിച്ചവരാണ്, വ്യത്യസ്താഭിപ്രായക്കാരാണ്
78:4
  • كَلَّا سَيَعْلَمُونَ ﴾٤﴿
  • അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!
  • كَلَّا അങ്ങിനെ വേണ്ടാ, അങ്ങിനെയല്ല سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അവര്‍ക്കറിയാം
78:5
  • ثُمَّ كَلَّا سَيَعْلَمُونَ ﴾٥﴿
  • പിന്നെ, [വീണ്ടും] അങ്ങിനെ വേണ്ട, അവര്‍ക്കു വഴിയെ അറിയാറാകും!!
  • ثُمّ كَلَّا പിന്നെ വേണ്ടാ سَيَعْلَمُونَ അവര്‍ വഴിയെ അറിയും, അറിയാറാകും

ഈ ലോകത്തിനു ഒരു അന്ത്യമുണ്ടെന്നും, അനന്തരം മറ്റൊരു ജീവിതമുണ്ടെന്നും, അവിടെ വെച്ച് ഓരോരുത്തനും ഇഹത്തില്‍ വെച്ചു ചെയ്ത കര്‍മ്മങ്ങളെക്കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തെയാണ് മുശ്‌രിക്കുകള്‍ മറ്റെല്ലാറ്റിനെക്കാളും കഠിനമായി നിഷേധിക്കുന്നത്. ഈ വിഷയകമായി – തമ്മതമ്മിലും, നബി (സ)യോടും, സത്യവിശ്വാസികളോടും – പല ചോദ്യങ്ങളും വാദങ്ങളും നടത്തികൊണ്ടിരിക്കുക അവരുടെ പതിവത്രെ. സത്യാന്വേഷണമല്ല ഇതിന്റെ ലക്ഷ്യം. പരിഹാസം, ആശ്ചര്യം, ധിക്കാരം, നിഷേധം ഇവയൊക്കെയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. എന്നാല്‍, അതു അങ്ങിനെ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു കാര്യമല്ലെന്നും, അതിനെ സംബന്ധിച്ചു സഗൗരവം മനസ്സിരുത്താത്ത പക്ഷം അതിന്റെ ഫലം അതിഗുരുതരമായിരിക്കുമെന്നും അല്ലാഹു അവരെ താക്കീതു ചെയ്യുന്നു.

النبأ العظيم (മഹത്തായ വൃത്താന്തം) എന്നു പറഞ്ഞതു മരണാനന്തര ജീവിതത്തെ ഉദ്ദേശിച്ചാണെന്നു മേല്‍ വിവരിച്ചതില്‍ നിന്നു വ്യക്തമാണ്. മിക്കവാറും എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായവും അതുതന്നെ. ചുരുക്കം ചിലര്‍ അതുകൊണ്ടുദ്ദേശ്യം ഖുര്‍ആനാണെന്നും പറഞ്ഞു കാണുന്നു. ഏതായാലും, രണ്ടാമത്തെ ജീവിതത്തിന്റെ സാധ്യതയും, സംഭവ്യതയും സ്ഥാപിക്കുന്ന പല ദൃഷ്ടാന്തങ്ങളാണ് അല്ലാഹു തുടര്‍ന്നു വിവരിക്കുന്നത്.

78:6
  • أَلَمْ نَجْعَلِ ٱلْأَرْضَ مِهَٰدًا ﴾٦﴿
  • ഭൂമിയെ നാം ഒരു വിതാനം [വിരിപ്പെന്നോണം] ആക്കിയിട്ടില്ലേ?!-
  • أَلَمْ نَجْعَلِ നാം ആക്കിയില്ലേ الْأَرْضَ ഭൂമിയെ مِهَادًا ഒരു വിതാനം, തൊട്ടില്‍, വിരിപ്പ്
78:7
  • وَٱلْجِبَالَ أَوْتَادًا ﴾٧﴿
  • മലകളെ (ഭൂമിക്കു) ആണികളും (ആക്കിയിട്ടില്ലേ)?!
  • وَالْجِبَالَ മലകളെ أَوْتَادًا ആണികളും, കുറ്റികളും
78:8
  • وَخَلَقْنَٰكُمْ أَزْوَٰجًا ﴾٨﴿
  • നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു;
  • وَخَلَقْنَاكُمْ നിങ്ങളെ നാം സൃഷ്ടിക്കയും ചെയ്തു أَزْوَاجًا ഇണകളായിട്ടു
78:9
  • وَجَعَلْنَا نَوْمَكُمْ سُبَاتًا ﴾٩﴿
  • നിങ്ങളുടെ ഉറക്ക് നാം (നിങ്ങള്‍ക്കു) ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു;
  • وَجَعَلْنَا നാം ആക്കുകയും ചെയ്തു نَوْمَكُمْ നിങ്ങളുടെ നിദ്രയെ سُبَاتًا ഒരു വിശ്രമം, ശാന്തത
78:10
  • وَجَعَلْنَا ٱلَّيْلَ لِبَاسًا ﴾١٠﴿
  • രാത്രിയെ (നിങ്ങള്‍ക്കു) നാം ഒരു വസ്ത്രവും ആക്കിയിരിക്കുന്നു ;
  • وَجَعَلْنَا നാം ആക്കുകയും ചെയ്തു اللَّيْلَ രാത്രിയെ لِبَاسًا ഒരു വസ്ത്രം
78:11
  • وَجَعَلْنَا ٱلنَّهَارَ مَعَاشًا ﴾١١﴿
  • പകലിനെ നാം ജീവിതസന്ധാരണ വേളയും ആക്കിയിരിക്കുന്നു;
  • وَجَعَلْنَا النَّهَارَ പകലിനെ നാം ആക്കുകയും ചെയ്തു مَعَاشًا ഉപജീവനമന്വേഷിക്കുന്നത്
78:12
  • وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ﴾١٢﴿
  • നിങ്ങളുടെ മീതെ നാം ശക്തമായ (ആകാശങ്ങള്‍) ഏഴെണ്ണം സ്ഥാപിച്ചിരിക്കുന്നു;
  • وَبَنَيْنَا നാം സ്ഥാപിക്കുക (ഉണ്ടാക്കുക)യും ചെയ്തു فَوْقَكُمْ നിങ്ങള്‍ക്കു മീതെ سَبْعًا ഏഴെണ്ണം شِدَادًا കഠിനമായ, ശക്തമായ
78:13
  • وَجَعَلْنَا سِرَاجًا وَهَّاجًا ﴾١٣﴿
  • കത്തിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വിളക്ക് [സൂര്യനും] നാം ഉണ്ടാക്കിയിരിക്കുന്നു.
  • وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു سِرَاجًا ഒരു വിളക്ക് وَهَّاجًا തിളങ്ങുന്ന, കത്തിജ്വലിക്കുന്ന
78:14
  • وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا ﴾١٤﴿
  • മഴക്കാറുകളില്‍ നിന്നു കുത്തി ഒഴുകുന്ന വെള്ളം [മഴയും] നാം ഇറക്കി;-
  • وَأَنزَلْنَا നാം ഇറക്കുകയും ചെയ്തു مِنَ الْمُعْصِرَاتِ മഴക്കാറുകളില്‍ നിന്നു, മഴക്കാറ്റുകളില്‍ നിന്നു مَاءً ثَجَّاجًا കുത്തി ഒഴുകുന്ന വെള്ളം

78:15
  • لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا ﴾١٥﴿
  • അതുകൊണ്ടു നാം ധാന്യവും സസ്യവും (ഉൽപാദിപ്പിച്ച്) വെളിക്കു വരുത്തുവാന്‍ വേണ്ടി;-
  • لِنُخْرِجَ بِهِ അതുകൊണ്ടു നാം വെളിക്കു വരുത്തുവാന്‍, പുറപ്പെടുവിക്കാന്‍ حَبًّا ധാന്യം وَنَبَاتًا സസ്യവും, ചെടിയും
78:16
  • وَجَنَّٰتٍ أَلْفَافًا ﴾١٦﴿
  • ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്കു വരുത്തുവാന്‍)
  • وَجَنَّاتٍ തോട്ടങ്ങളും أَلْفَافًا (മരങ്ങളാല്‍) ഇടതിങ്ങിയ, തൂര്‍ന്നു നിൽക്കുന്ന

നിത്യേന മനുഷ്യന്‍ കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പത്തു പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും, അതേ  അവസരത്തില്‍ മഹത്തായ അനുഗ്രഹങ്ങളുമാണ് അല്ലാഹു ഈ വചനങ്ങളില്‍ എടുത്തു കാട്ടിയിരിക്കുന്നത്. പലപ്പോഴും ഖുര്‍ആനില്‍ ഇവയെപ്പറ്റി ആവര്‍ത്തിച്ചും വിവരിച്ചും പ്രസ്താവിക്കാറുള്ള തുമാകുന്നു.

(1) ഭൂമിയില്‍ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതസന്ധാരണത്തിനു ഉപയുക്തമായ വിധത്തില്‍ അതിനെ വിരിച്ചു വിതാനപ്പെടുത്തിയിരിക്കുന്നത്.
(2) ഭൂമിക്കു ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിറുത്തുന്ന കുറ്റികള്‍ – അഥവാ ആണികള്‍ – എന്നോണം അതില്‍ പര്‍വ്വതങ്ങളെ സ്ഥാപിച്ചത്.
(3) മനുഷ്യനെ ആണും പെണ്ണുമായി ഇണവര്‍ഗ്ഗങ്ങളാക്കിയത്.
(4) ദേഹാദ്ധ്വാനം, രോഗം മുതലായവ കൊണ്ടോ, വ്യസനം, ഭയം മുതലായവ നിമിത്തമോ ഉണ്ടാകുന്ന ക്ഷീണങ്ങളില്‍ നിന്നും, പകലത്തെ വിവിധ ജോലിത്തിരക്കുകളില്‍ നിന്നും വിശ്രമവും, ശാന്തതയും നല്‍കുന്ന വിധം മനുഷ്യനു ഉറക്കിനെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
(5) രാത്രിയെ കേവലം വസ്ത്രം കൊണ്ടെന്നോണം ദേഹം മൂടി മറഞ്ഞു സ്വസ്ഥമായിരിക്കുവാന്‍ പര്യാപ്തമാക്കിയത്.
(6) മുഴുവന്‍ സമയവും രാത്രിയെപ്പോലെ ഇരുട്ടിയതാക്കാതെ പകലിനെ അതില്‍ നിന്നും വേര്‍തിരിച്ച് ജീവിതസന്ധാരണത്തിനു പക്വമായ അവസരമാക്കിയത്.
(7) ഭൂമിയിലെ എത്രയോ കാര്യങ്ങള്‍ക്കു അനുപേക്ഷണീയമായ നിരവധി പ്രകൃതിബന്ധങ്ങള്‍ സ്ഥിതിചെയ്യുന്ന വമ്പിച്ച ഏഴു ആകാശലോകങ്ങളെ ഭൂമിക്കുമീതെ സ്ഥാപിച്ചു വെച്ചിരിക്കുന്നത്.
(8) കത്തി ജ്വലിച്ചും തിളങ്ങി പ്രകാശിച്ചും കൊണ്ടിരിക്കുന്ന ലോകവിളക്കാകുന്ന സൂര്യനെ ഏര്‍പ്പെടുത്തിയത്.
(9) മഴ വര്‍ഷിപ്പിക്കുമാറുള്ള കാര്‍മേഘങ്ങളില്‍നിന്ന് – അല്ലെങ്കില്‍ മഴക്കാറുകളെ തട്ടിക്കൂട്ടുന്ന മഴക്കാറ്റുകളില്‍ നിന്ന് – ധാരാളം മഴവെള്ളം വര്‍ഷിപ്പിക്കുന്നത്.
(10) അങ്ങിനെ, മഴ മൂലം ധാന്യം തുടങ്ങിയ എല്ലാ സസ്യവര്‍ഗ്ഗങ്ങളും, വൃക്ഷങ്ങളാലും, ചെടികളാലും തിങ്ങിത്തൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും മനുഷ്യര്‍ക്കു വേണ്ടി ഉല്‍പാദിപ്പിക്കുന്നത്.

അതെ, وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا (അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുന്ന പക്ഷം നിങ്ങള്‍ അതു കണക്കാക്കുന്നതല്ല.) ഇതെല്ലാം നിരത്തിക്കാട്ടിക്കൊണ്ടു അല്ലാഹു പറയുന്നു:-

78:17
  • إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَٰتًا ﴾١٧﴿
  • നിശ്ചയമായും, തീരുമാനത്തിന്റെ ദിവസം സമയനിര്‍ണിതമായിരിക്കുന്നു.
  • إِنَّ يَوْمَ നിശ്ചയമായും ദിവസം الْفَصْلِ തീരുമാനത്തിന്റെ كَانَ അതാകുന്നു, ആയിരിക്കുന്നു مِيقَاتًا സമയം നിര്‍ണ്ണയിക്ക (നിശ്ചയിക്ക)പ്പെട്ടതു
78:18
  • يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا ﴾١٨﴿
  • അതായതു, കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം. അപ്പോള്‍, നിങ്ങള്‍ കൂട്ടമായി വന്നെത്തും.
  • يَوْمَ يُنفَخُ അതായതു ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَتَأْتُونَ അപ്പോള്‍ നിങ്ങള്‍ വരും, ചെല്ലും أَفْوَاجًا പല കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി
78:19
  • وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا ﴾١٩﴿
  • ആകാശം തുറക്കപ്പെടുകയും ചെയ്യും; എന്നിട്ടതു പല വാതിലുകളായിത്തീരും.
  • وَفُتِحَتِ തുറക്കപ്പെടുകയും ചെയ്യും السَّمَاءُ ആകാശം فَكَانَتْ എന്നിട്ടതു ആയിരിക്കും أَبْوَابًا പല വാതിലുകള്‍, പ്രവേശനമാര്‍ഗ്ഗങ്ങള്‍, കവാടങ്ങള്‍
78:20
  • وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا ﴾٢٠﴿
  • പര്‍വ്വതങ്ങള്‍ (തല്‍സ്ഥാനം വിട്ടു) നടത്തപ്പെടുകയും ചെയ്യും; എന്നിട്ട് അവ കാനല്‍ (സമാനം) ആയിത്തീരും.
  • وَسُيِّرَتِ നടത്തപ്പെടുകയും ചെയ്യും الْجِبَالُ മല (പര്‍വ്വതം)കള്‍ فَكَانَتْ എന്നിട്ടവ ആയിത്തീരും سَرَابًاകാനല്‍ (പോലെ)

ഖിയാമത്തുനാളിലെ സംഭവവികാസങ്ങളാണ് ഇവയെല്ലാം.  ഇവയെപ്പറ്റി പലപ്പോഴും – ഇതിനു മുമ്പുള്ള ചില അദ്ധ്യായങ്ങളിലും, താഴെ വരുന്ന അദ്ധ്യായങ്ങളിലും – വിവരിക്കപ്പെട്ടിട്ടുള്ളതാകുന്നു. ആകാശം പൊട്ടിപ്പിളരുമ്പോള്‍ അതില്‍ ഏര്‍പ്പെടുന്ന വിടവുകളെ ഉദ്ദേശിച്ചാണ് ആകാശം വാതിലുകള്‍ ആയിത്തീരും (فَكَانَتْ أَبْوَابًا) എന്നു പറഞ്ഞതെന്നും, അതല്ല, ആകാശത്തുനിന്നു മലക്കുകള്‍ കൂട്ടംകൂട്ടമായി പ്രവഹിക്കുവാനുള്ള പ്രവേശനമാര്‍ഗങ്ങള്‍ അന്നു തുറക്കപ്പെടുന്നതിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിനറിയാം.

78:21
  • إِنَّ جَهَنَّمَ كَانَتْ مِرْصَادًا ﴾٢١﴿
  • നിശ്ചയമായും'ജഹന്നം' [നരകം] ഒരു പതി സ്ഥാനമാകുന്നു:-
  • إِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം (നരകം) كَانَتْ അതാകുന്നു مِرْصَادًا പതിസ്ഥാനം, കാത്തിരിക്കുന്നതു, നിരീക്ഷണസ്ഥലം
78:22
  • لِّلطَّٰغِينَ مَـَٔابًا ﴾٢٢﴿
  • അതിക്രമകാരികള്‍ക്കു സങ്കേത സ്ഥലമായിക്കൊണ്ടു:-
  • لِّلطَّاغِينَ അതിക്രമി (ധിക്കാരി)കള്‍ക്ക് مَـَٔابًا സങ്കേതം (പ്രാപ്യസ്ഥാനം) ആയിട്ടു
78:23
  • لَّٰبِثِينَ فِيهَآ أَحْقَابًا ﴾٢٣﴿
  • (അതെ) അതില്‍ പല യുഗങ്ങള്‍ താമസിക്കുന്നവരായും കൊണ്ട്!
  • لَّابِثِينَ താമസിക്കുന്ന (കഴിഞ്ഞുകൂടുന്ന)വരായിക്കൊണ്ടു فِيهَا അതില്‍ أَحْقَابًا പല യുഗങ്ങള്‍ (ദീര്‍ഘിച്ച കാലഘട്ടങ്ങള്‍)
78:24
  • لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا ﴾٢٤﴿
  • അതില്‍ വെച്ച് ഒരു തണുപ്പാകട്ടെ, വല്ല പാനീയമാകട്ടെ അവര്‍ രുചി നോക്കുന്നതല്ല;
  • لَّايَذُوقُونَ അവര്‍ രുചിനോക്കുക (ആസ്വദിക്കുക)യില്ല فِيهَا അതില്‍ വെച്ചു بَرْدًا ഒരു തണുപ്പും وَلَاشَرَابًا ഒരു പാനീയവുമില്ല
78:25
  • إِلَّا حَمِيمًا وَغَسَّاقًا ﴾٢٥﴿
  • അത്യുഷ്ണജലവും (ദുര്‍ഗന്ധത്തോടെ ഒഴുകുന്ന) അതിശൈത്യ ജലവുമല്ലാതെ.
  • إِلَّاحَمِيمًا അത്യുഷ്ണ (ചുട്ടു തിളക്കുന്ന) ജലമല്ലാതെ وَغَسَّاقًا ഗസ്സാഖും (ദുര്‍ഗന്ധമുള്ള) അതി ശൈത്യ ജലവും
78:26
  • جَزَآءً وِفَاقًا ﴾٢٦﴿
  • (അവര്‍ക്കു) യോജിച്ച പ്രതിഫലമെന്ന നിലക്ക്!
  • جَزَاءً പ്രതിഫലമായിട്ടു وِفَاقًا യോജിച്ച, ഒത്തതായ

അതിരുവിട്ടിരുന്ന ധിക്കാരികളെ പതിയിരുന്നു തേടിപ്പിടിക്കുന്ന സ്ഥലമത്രെ നരകം. അതിലെ കാവല്‍ക്കാരായ മലക്കുകള്‍ അവിടെ പതിയിരിക്കുന്നുണ്ടാകും. പിന്നോക്കം പോകുന്നവരെയും തിരിഞ്ഞു പോകുന്നവരെയും അതു വിളിച്ചുവരുത്തുക തന്നെ ചെയ്യും.

(تَدْعُو مَنْ أَدْبَرَ وَتَوَلَّىٰ – المعارج) അവരുടെ ഏക സങ്കേതമായ നരകത്തില്‍നിന്നു അവര്‍ക്ക് ഒരിക്കലും രക്ഷയില്ല. കണക്കറ്റ യുഗങ്ങള്‍ – അഥവാ എന്നെന്നും – അവരതില്‍ തന്നെ കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു. അത്യുഗ്രമായ ഉഷ്ണത്തിനു ഒരു ശാന്തിയോ, അസഹനീയമായ ദാഹത്തിനു ഒരു ശമനമോ പോലും അവര്‍ക്കു ആസ്വദിക്കുവാന്‍ സാധ്യമല്ല. ദാഹത്തിനു ലഭിക്കുവാനുള്ളതു ‘ഹമീം’ മാത്രമാകുന്നു. അതാകട്ടെ, വായയും കുടലും വെന്തുരുകിപ്പോകുമാറുള്ള അത്യുഷ്ണജലം! തണുപ്പിനു ലഭിക്കുവാനുള്ളതു ‘ഗസ്സാഖും’! അതാണെങ്കില്‍, നരകത്തില്‍ നിന്നു കീണ്ടൊഴുകുന്നതും ദുര്‍ഗന്ധവും അഴുക്കും നിറഞ്ഞതും, നരകത്തിന്റെ ഉഷ്ണത്തെ വെല്ലുമാറു തണുപ്പുള്ളതും! അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍. ഈ രണ്ടിനെപ്പറ്റിയും സൂ: സ്വാദു 57ല്‍ വിവരിച്ചതു ഓര്‍ക്കുക.

അല്ലാഹുവിന്റെ സന്ദേശങ്ങളെയും, കൽപനകളെയും ധിക്കരിച്ച് അക്രമികളായി ഭൂമിയില്‍ ജീവിതകാലം കഴിച്ചുക്കൂട്ടിയവര്‍ക്ക് പരലോകത്തു വെച്ച് അവരുടെ അഭീഷ്ടത്തിനും ഇച്ഛക്കും കടകവിരുദ്ധമായ ഇത്തരം കടുത്ത ശിക്ഷകള്‍ നല്‍കുന്നതു തികച്ചും അനുയോജ്യം തന്നെയാണ് എന്നത്രെ 26-ാം വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഇതിനെല്ലാം ഇടയാക്കിയ അവരുടെ ചെയ്തികളെന്താണെന്നു അല്ലാഹു എടുത്തു കാട്ടുന്നു:-

78:27
  • إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا ﴾٢٧﴿
  • നിശ്ചയമായും, അവര്‍ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
  • إِنَّهُمْ നിശ്ചയമായും അവര്‍ كَانُوا لَايَرْجُونَ അവര്‍ പ്രതീക്ഷിച്ചിരുന്നില്ല حِسَابًا വിചാരണ, കണക്കു നോക്കല്‍
78:28
  • وَكَذَّبُوا۟ بِـَٔايَٰتِنَا كِذَّابًا ﴾٢٨﴿
  • നമ്മുടെ ലക്ഷ്യങ്ങളെ അവര്‍ ഒരു (വല്ലാത്ത) വ്യാജമാക്കല്‍ വ്യാജമാക്കുകയും ചെയ്തു. [ഇതാണു കാരണം]
  • وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ كِذَّابًا ഒരു (വലിയ) വ്യാജമാക്കല്‍
78:29
  • وَكُلَّ شَىْءٍ أَحْصَيْنَٰهُ كِتَٰبًا ﴾٢٩﴿
  • എല്ലാ കാര്യവും തന്നെ, നാം (എഴുതി) രേഖപ്പെടുത്തി തിട്ടമാക്കിവെച്ചിരിക്കുന്നു.
  • وَكُلَّ شَيْءٍ എല്ലാ കാര്യവും, വസ്തുവും أَحْصَيْنَاهُ അതിനെ നാം കണക്കാക്കി (തിട്ടപ്പെടുത്തി) യിരിക്കുന്നു كِتَابًا എഴുത്തായി, രേഖപ്പെടുത്തിക്കൊണ്ടു
78:30
  • فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا ﴾٣٠﴿
  • ആകയാല്‍, (ഹേ, അതിക്രമകാരികളെ) രുചി നോക്കിക്കൊള്ളുവിന്‍! എനി, നിങ്ങള്‍ക്കു ശിക്ഷയല്ലാതെ (മറ്റൊന്നും) നാം വര്‍ദ്ധിപ്പിച്ചുതരുന്നതേയല്ല.
  • فَذُوقُوا ആകയാല്‍ ആസ്വദിക്കു(രുചിനോക്കു)വിന്‍ فَلَن نَّزِيدَكُمْ എനി നിങ്ങള്‍ക്കു നാം വര്‍ധിപ്പിക്കുന്നതേയല്ല إِلَّاعَذَابًا ശിക്ഷയല്ലാതെ

നരകക്കാരെ സംബന്ധിച്ചിടത്തോളം – ഖത്താദ:(റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടതു പൊലെ – ഇതിലധികം ഗൗരവമേറിയ മറ്റൊരു വാക്യം ഖുര്‍ആനില്‍ ഇല്ലെന്നു പറയാം. നിങ്ങള്‍ക്കു എന്തെങ്കിലും എനി കൂടുതല്‍ നൽകുവാനുണ്ടെങ്കില്‍, അത് കൂടുതല്‍ ശിക്ഷ മാത്രമാണെന്നു സര്‍വാധിരാജനായ സൃഷ്ടാവു അവരോടു പറയുമ്പോള്‍ അവരുടെ നിരാശയും സങ്കടവും എത്രമാത്രമായിരിക്കും? ആലോചിച്ചു നോക്കുക! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

വിഭാഗം - 2

അവിശ്വാസത്തിന്റെ കെടുതികളെയും ശിക്ഷയെയും കുറിച്ചു പ്രസ്താവിച്ച ശേഷം സത്യവിശ്വാസികളായ സല്‍ഭാഗ്യവാന്മാര്‍ക്കു അടുത്ത വചനങ്ങളില്‍ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു:-

78:31
  • إِنَّ لِلْمُتَّقِينَ مَفَازًا ﴾٣١﴿
  • നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു വിജയം (അഥവാ ഭാഗ്യസ്ഥാനം) ഉണ്ട്.
  • إِنَّ لِلْمُتَّقِينَ നിശ്ചയമായും സൂക്ഷ്മതയുള്ളവര്‍ക്കു (ഭയഭക്തന്മാര്‍ക്കു)ണ്ടു مَفَازًا വിജയം, ഭാഗ്യത്തിന്റെ സ്ഥലം
78:32
  • حَدَآئِقَ وَأَعْنَٰبًا ﴾٣٢﴿
  • അതായതു, തോപ്പുകളും, മുന്തിരി (വള്ളി)കളും,
  • حَدَائِقَ അതായതു തോപ്പുകള്‍ وَأَعْنَابًا മുന്തിരികളും
78:33
  • وَكَوَاعِبَ أَتْرَابًا ﴾٣٣﴿
  • സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും,
  • وَكَوَاعِبَ സ്തനം തുടിച്ച തരുണികളും أَتْرَابًا സമപ്രായക്കാരായ, ഇണയൊത്ത
78:34
  • وَكَأْسًا دِهَاقًا ﴾٣٤﴿
  • (കള്ളിന്റെ) നിറഞ്ഞ കോപ്പകളും (ഉണ്ട്).
  • وَكَأْسًا (കള്ളിന്റെ) കോപ്പയും دِهَاقًا നിറഞ്ഞ, സമര്‍ത്ഥമായ

78:35
  • لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا ﴾٣٥﴿
  • അവിടത്തില്‍ വെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജ വാര്‍ത്തയാകട്ടെ അവര്‍ കേള്‍ക്കുന്നതല്ല.
  • لَّايَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍ വെച്ചു لَغْوًا ഒരു അനാവശ്യവും, നിരര്‍ത്ഥവും وَلَاكِذَّابًا വ്യാജമായതും ഇല്ല
78:36
  • جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا ﴾٣٦﴿
  • നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലം! അതായതു, കണക്കൊത്ത [തികച്ചും മതിയായ] സമ്മാനം!
  • جَزَاءً പ്രതിഫലം, പ്രതിഫലമായിട്ടു مِّن رَّبِّكَ നിന്റെ രക്ഷിതാവിങ്കല്‍ നിന്നു عَطَاءً സമ്മാനം, ദാനം حِسَابًا കണക്കൊത്ത, മതിയായ, തികഞ്ഞ
78:37
  • رَّبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا ﴾٣٧﴿
  • (അതെ) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രക്ഷിതാവിന്റെ - പരമകാരുണികനായുള്ളവന്റെ - (വകസമ്മാനം)! അവനോടു അഭിമുഖസംസാരത്തിന് അവര്‍ക്കു (ആര്‍ക്കും) സാധിക്കുകയില്ല.
  • رَّبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ രക്ഷിതാവു وَالْأَرْضِ ഭൂമിയുടെയും وَمَابَيْنَهُمَا അവ രണ്ടിനിടയിലുള്ളതിന്റെയും الرَّحْمَـٰن പരമകാരുണികനായുള്ളവന്‍ لَايَمْلِكُونَ അവര്‍ അധീനമാക്കുക (അവര്‍ക്കു സാധ്യമാകുക)യില്ല مِنْهُ അവനോടു خِطَابًا അഭിമുഖഭാഷണം, സംസാരം
78:38
  • يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَٰنُ وَقَالَ صَوَابًا ﴾٣٨﴿
  • 'റൂഹും' [ആത്മാവും] മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം;- (അന്ന്) പരമകാരുണികനായുള്ളവന്‍ ഏതൊരുവനു അനുമതി നല്‍ക്കുകയും, താന്‍ ശരിയായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ അവര്‍ (ആരുംതന്നെ) സംസാരിക്കുകയില്ല.
  • يَوْمَ يَقُومُ നില്‍ക്കുന്ന ദിവസം الرُّوحُ റൂഹു (ആത്മാവ്) وَالْمَلَائِكَةُ മലക്കുകളും صَفًّا അണിയായി لَّايَتَكَلَّمُونَ അവര്‍ സംസാരിക്കയില്ല إِلَّامَنْ യാതൊരുവനല്ലാതെ أَذِنَ لَهُ അവനു അനുവാദം നൽകിയിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَقَالَ താന്‍ പറയുകയും ചെയ്തിരിക്കുന്നു صَوَابًا ശരിയായത്, നേരായുള്ളത്, ചൊവ്വായത്

വ്യാജ വാദികളുടെ ശിക്ഷകളെക്കുറിച്ചു പറഞ്ഞപ്പോള്‍ 26ാം വചനത്തില്‍ ‘യോജിച്ച പ്രതിഫലം (جَزَآءً وِفَاقًا) എന്നു പറഞ്ഞുവല്ലോ. ഭയഭക്തന്മാരുടെ പ്രതിഫലത്തെപറ്റി ഇവിടെ പറഞ്ഞതു നോക്കുക: ‘നിന്റെ റബ്ബിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലം’ (جَزَآءً مِّن رَّبِّكَ) എന്നും ‘മതിയായ സമ്മാനം’ (عَطَآءً حِسَابًا) എന്നും വിശേഷിപ്പിച്ചിരിക്കുന്നു. ദുഷ്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം അവക്കു സമാനമായ ശിക്ഷ മാത്രമായിരിക്കുമല്ലോ. സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലമാകട്ടെ, പത്തിരട്ടിയും അതിലധികവുമായിരിക്കുമെന്നു അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അപ്പോള്‍ രണ്ടുകൂട്ടരുടെ പ്രതിഫലത്തെയും വ്യത്യസ്ത രൂപത്തില്‍ വിശേഷിപ്പിച്ചതിന്റെ രഹസ്യം മനസ്സിലാക്കാവുന്നതാണ്.

അണിയണിയായി നില്‍ക്കുന്ന മലക്കുകളുടെ വലയത്തില്‍ സൃഷ്ടികളെല്ലാം ഭയവിഹ്വലരായി നിലകൊള്ളുന്ന ആ മഹാസമ്മേളനത്തില്‍, പ്രവാചകന്മാര്‍ പോലും ‘എന്റെ കാര്യം, എന്റെ കാര്യം’ എന്ന് പറഞ്ഞേക്കുന്ന ആ ഭയങ്കര ദിനത്തില്‍, തന്നെപറ്റി എന്തു തീരുമാനമാണ് ലോകനിയന്താവു തീരുമാനിക്കുന്നതെന്നു ഓരോരുത്തനും പരിഭ്രാന്തിയോടെ നിശ്ചലമായി കാത്തുനില്‍ക്കുന്ന ആ സ്തംഭനഘട്ടത്തില്‍, അല്ലാഹുവിന്റെ അനുമതി കൂടാതെ വല്ലതും ഉരിയാടുവാന്‍ ആര്‍ക്കു സാധിക്കും?! ഇല്ല. അവന്‍ അനുമതി നൽകുകയും, അവന്‍ തൃപ്തിപ്പെടുകയും ചെയ്തവര്‍ക്കല്ലാതെ അവിടെ വെച്ച് മിണ്ടുവാന്‍ സാധ്യമല്ല.

يَوْمَ يَأْتِ لَاتَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ – هود :105

(അത് വന്നെത്തുന്ന ദിവസം ഒരാളും തന്നെ അവന്റെ – അല്ലാഹുവിന്റെ – അനുവാദമില്ലാതെ സംസാരിക്കയില്ല.)

 مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ – البقرة : 255

(അവന്റെ അനുവാദമില്ലാതെ അവന്റെ അടുക്കല്‍ ആര്‍ ശുപാര്‍ശ ചെയ്യും?) സംസാരിക്കുവാൻ അനുമതി ലഭിക്കുന്നതു ആര്‍ക്കായിരിക്കുമെന്നു و قال صوابا (ശരിയായതു പറയുകയും ചെയ്തു) എന്ന വാക്യം മുഖേന അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അഥവാ, ഇഹത്തില്‍ വെച്ചു തൗഹീദിന്റെ വാക്യവും തദടിസ്ഥാനത്തിലുള്ള തത്വങ്ങളും സമ്മതിച്ചവര്‍.

‘റൂഹും മലക്കുകളും (الروح والملائكة)’ എന്നു പറഞ്ഞുവല്ലോ. ഇവിടെ ‘റൂഹു’ കൊണ്ടു ഉദ്ദേശ്യം ജിബ്രീല്‍ (അ) എന്ന മലക്കാണെന്നും, മനുഷ്യാത്മാക്കളാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ജിബ്രീലിനെപറ്റി ‘റൂഹ്’ എന്നു ഖുര്‍ആനിലും ഹദീസിലും ഉപയോഗിക്കാറുള്ളതാണ്. എങ്കിലും – ഇമാം ഇബ്നു കഥീര്‍ (റ) അഭിപ്രായപ്പെട്ടതു പോലെ – ഇവിടെ മനുഷ്യാത്മാക്കളാണ് ഉദ്ദേശ്യമെന്നു വെക്കുന്നതാണ് കൂടുതല്‍ സന്ദര്‍ഭോചിതമായിക്കാണുന്നത്. الله أعلم

78:39
  • ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا ﴾٣٩﴿
  • അതത്രെ, യഥാര്‍ത്ഥദിവസം! ആകയാല്‍, (വേണമെന്നു) ആര്‍ ഉദ്ദേശിച്ചുവോ അവന്‍ തന്റെ രക്ഷിതാവിങ്കലേക്കു (മടങ്ങുവാനുള്ള) സങ്കേതം ഏര്‍പ്പെടുത്തിക്കൊള്ളട്ടെ.
  • ذَٰلِكَ അതു, അതത്രെ الْيَوْمُ الْحَقُّ യഥാര്‍ത്ഥ ദിവസം فَمَن شَاءَ ആകയാല്‍, (എന്നാല്‍) ആര്‍ ഉദ്ദേശിച്ചുവോ اتَّخَذَ അവന്‍ ഏര്‍പ്പെടുത്തട്ടെ, ഉണ്ടാക്കട്ടെ إِلَىٰ رَبِّهِ തന്റെ റബ്ബിങ്കലേക്ക് مَـَٔابًا ഒരു സങ്കേതം, മടക്കസ്ഥാനം, മടക്കം
78:40
  • إِنَّآ أَنذَرْنَٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَٰلَيْتَنِى كُنتُ تُرَٰبًۢا ﴾٤٠﴿
  • (ജനങ്ങളേ) നിശ്ചയമായും, സമീപസ്ഥമായ ഒരു ശിക്ഷയെക്കുറിച്ചു നിങ്ങള്‍ക്കു നാം (ഇതാ) മുന്നറിയിപ്പു നൽകിയിരിക്കുന്നു! (അതെ) മനുഷ്യന്‍ തന്റെ കരങ്ങള്‍ മുന്‍ചെയ്തുവെച്ചതിനെ നോക്കിക്കാണുന്ന ദിവസം:- അവിശ്വാസിയായുള്ളവന്‍ (അന്ന്)പറയും: 'അയ്യോ! ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന്.
  • إِنَّا നിശ്ചയമായും നാം أَنذَرْنَاكُمْ നിങ്ങള്‍ക്കു മുന്നറിയിപ്പു (താക്കീതു) നൽകിയിരിക്കുന്നു عَذَابًا ഒരു ശിക്ഷയെ (ക്കുറിച്ചു) قَرِيبًا അടുത്ത, സമീപസ്ഥമായ يَوْمَ يَنظُرُ നോക്കുന്ന (കാണുന്ന) ദിവസം الْمَرْءُ മനുഷ്യന്‍ مَاقَدَّمَتْ മുന്‍ ചെയ്തതിനെ يَدَاهُ തന്റെ രണ്ടു കരങ്ങള്‍, കൈകള്‍ وَيَقُولُ പറയുകയും ചെയ്യും, പറയുന്നതുമായ الْكَافِرُ അവിശ്വാസി يَالَيْتَنِي അയ്യോ ഞാനായെങ്കില്‍ كُنتُ ആയിരുന്നു (എങ്കില്‍) تُرَابًا മണ്ണ്

അന്നത്തെ ഭയങ്കരതയും കഠിനശിക്ഷകളും കാണുമ്പോള്‍ അവിശ്വാസികള്‍ കൊതിച്ചു പോകും : തങ്ങള്‍ മനുഷ്യരായി സൃഷ്ടിക്കപ്പെടാതെ വെറും മണ്ണായിരുന്നുവെങ്കില്‍ നന്നായേനെ! എന്നാല്‍ ഇതൊന്നും അനുഭവിക്കേണ്ടിവരികയില്ലായിരുന്നുവല്ലോ!! എന്നൊക്കെ. അബൂഹുറൈറ (റ) യില്‍ നിന്നും ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘എല്ലാ സൃഷ്ടികളും ഖിയാമത്തു നാളില്‍ ഒരുമിച്ചുകൂട്ടപ്പെടും. കാലികളും പറവകളും ഇതര ജീവികളുമെല്ലാം തന്നെ. അങ്ങനെ കൊമ്പില്ലാത്തവര്‍ക്ക് കൊമ്പുള്ള ജീവികളില്‍ നിന്നു പ്രതികാരം എടുത്തു കൊള്ളത്തക്കവണ്ണം അല്ലാഹു നടപടിയെടുക്കും. പിന്നീട് അവയോട് അല്ലാഹു ‘നിങ്ങള്‍ മണ്ണായികൊള്ളുക’ എന്ന് പറയും. അപ്പോഴാണ്‌ അവിശ്വാസിയായവന്‍ ‘അയ്യോ,ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനെ!’ എന്ന് പറയുക:

(ابن جرير وابن المنذر والبيهقي وأبي حاتم)

لله الـحــمــد و المـــنــــة و الــفـــضــل