സൂറത്തുല്‍ മുര്സലാത്ത് : 01-24
മുർസലാത്ത് (അയക്കപ്പെടുന്നവർ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 50 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- وَٱلْمُرْسَلَٰتِ عُرْفًا ﴾١﴿
- പതിവായി [തുടര്‍ച്ചയായി] അയക്കപ്പെടുന്നവ തന്നെയാണ (സത്യം)!
- وَالْمُرْسَلَاتِ അയക്കപ്പെട്ടവ (വിട്ടയക്കപ്പെട്ടവ)തന്നെയാണ عُرْفًا പതിവായി, തുടര്‍ച്ചയായി, നന്മയായി
- فَٱلْعَٰصِفَٰتِ عَصْفًا ﴾٢﴿
- അങ്ങനെ, (ഊക്കോടെയുള്ള) ഒരു അടിച്ചുവീശല്‍ വീശുന്നവ തന്നെയാണ (സത്യം)!
- فَالْعَاصِفَاتِ എന്നിട്ടു (അങ്ങനെ) അടിച്ചുവീശുന്നുവയാണ عَصْفًا ഒരു അടിച്ചുവീശല്‍ (ഊക്കോടെ)
- وَٱلنَّٰشِرَٰتِ نَشْرًا ﴾٣﴿
- പരത്തി വ്യാപിപ്പിക്കുന്നവയും തന്നെയാണ (സത്യം)!
- وَالنَّاشِرَاتِ പരത്തുന്ന (വ്യാപിപ്പിക്കുന്ന - വിതരണം ചെയ്യുന്ന)വയും തന്നെയാണ نَشْرًا ഒരു പരത്തല്‍, വ്യാപിപ്പിക്കല്‍
- فَٱلْفَٰرِقَٰتِ فَرْقًا ﴾٤﴿
- എന്നിട്ട് വേര്‍തിരിച്ച് വിവേചനം ചെയ്യുന്നവ തന്നെയാണ (സത്യം)!
- فَالْفَارِقَاتِ എന്നിട്ടു (അങ്ങനെ) വിവേചനം (വ്യത്യാസം) ചെയ്യുന്നവ തന്നെയാണ فَرْقًا ഒരു വിവേചനം, വ്യത്യാസം
- فَٱلْمُلْقِيَٰتِ ذِكْرًا ﴾٥﴿
- അങ്ങനെ, സന്ദേശം (അഥവാ ഉപദേശം) ഇട്ടുകൊടുക്കുന്നവയാണ (സത്യം)!-
- فَالْمُلْقِيَاتِ എന്നിട്ടു (അങ്ങനെ) ഇട്ടുകൊടുക്കുന്നവ തന്നെയാണ ذِكْرًا സന്ദേശം, ഉപദേശം, സ്മരണ, പ്രസ്താവന
- عُذْرًا أَوْ نُذْرًا ﴾٦﴿
- അതായതു, ഒഴികഴിവ്, അല്ലെങ്കില്‍ മുന്നറിയിപ്പ് (ഇട്ടുകൊടുക്കുന്നവ)
- عُذْرًا അതായതു ഒഴികഴിവു, ഒഴികഴിവിനായി أَوْ نُذْرًا അല്ലെങ്കില്‍ മുന്നറിയിപ്പ്, താക്കീതിനായി
- إِنَّمَا تُوعَدُونَ لَوَٰقِعٌ ﴾٧﴿
- നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം (അഥവാ താക്കീതു) ചെയ്യപ്പെടുന്നതു സംഭവിക്കുന്നതു തന്നെയാകുന്നു.
- إِنَّمَا تُوعَدُونَ നിശ്ചയമായും നിങ്ങള്‍ താക്കീതു (വാഗ്ദത്തം) ചെയ്യപ്പെടുന്നത് لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ
സൂ: സ്വാഫ്ഫാത്ത്, സൂ: ദാരിയാത്ത് എന്നിവയില്‍ കണ്ടതുപോലെയുള്ള ചില സത്യവാചകങ്ങളാണ് ആദ്യത്തെ അഞ്ചുവചനങ്ങളില്‍ കാണുന്നത്. ഓരോന്നിലും പറയപ്പെട്ടിട്ടുള്ള വിശേഷണങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ട വസ്തു – അഥവാ അവ കൊണ്ടു വിവക്ഷിക്കപ്പെട്ടിരിക്കുന്നത് – ഏതാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇവിടെ വ്യഖ്യാതാക്കള്‍ക്ക് പല വ്യത്യസ്താഭിപ്രായങ്ങളും കാണാം.
(1) അഞ്ചു വചനങ്ങളിലും മലക്കുകളാണ് ഉദ്ദേശ്യമെന്നും (2) എല്ലാം കാറ്റിനെ ഉദ്ദേശിച്ചാണെന്നും (3) എല്ലാം നബിമാരെ ഉദ്ദേശിച്ചാണെന്നും (4) എല്ലാം ഖുര്‍ആന്‍ വചനങ്ങളെ ഉദ്ദേശിച്ചാണെന്നും (5) മലക്കുകള്‍, പ്രവാചകന്‍മാര്‍, സദ്‌വൃത്തരായ പണ്ഡിതന്‍മാര്‍ മുതലായവരെ ഉദ്ദേശിച്ചാണെന്നും (6) ആദ്യത്തെ മൂന്നു വചനങ്ങളും കാറ്റിനെ ഉദ്ദേശിച്ചും, പിന്നീടുള്ള രണ്ടും മലക്കുകളെ ഉദ്ദേശിച്ചുമാണെന്നും (7) അവസാനത്തേതുമാത്രം മലക്കുകളെ ഉദ്ദേശിച്ചും, ബാക്കി കാറ്റിനെയോ മറ്റോ ഉദ്ദേശിച്ചുമാണെന്നും അഭിപ്രായങ്ങള്‍ കാണാം. അല്ലാഹു പ്രസ്താവിച്ച വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടാവുന്ന തരത്തില്‍ ഓരോ അഭിപ്രായക്കാരും അവരുടെ അഭിപ്രായത്തിനു വിശദീകരണവും നല്‍കിയിരിക്കുന്നു.
എന്നാല്‍, മുന്‍ഗാമികളായ മിക്ക മഹാന്‍മാരും സ്വീകരിച്ചുവരുന്നതും, സഹാബികളില്‍നിന്നും താബിഉകളില്‍ നിന്നും പ്രമാണിക്കപ്പെടുന്നതും ഇവയില്‍ രണ്ടു അഭിപ്രായങ്ങളാകുന്നു. അതായതു എല്ലാറ്റിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണെന്നും, ആദ്യത്തെ മൂന്നിലും കാറ്റും, ഒടുവിലത്തെ രണ്ടിലും മലക്കുകളുമാണെന്നും. ഈ രണ്ടു അഭിപ്രായങ്ങളില്‍ രണ്ടാമത്തേതാണ് കൂടുതല്‍ സ്വീകാര്യമായിത്തോന്നുന്നത്. കാരണം – ഇബ്നുകഥീര്‍(റ) മുതലായവര്‍ ചൂണ്ടിക്കാട്ടിയതുപോലെ – ആദ്യത്തെ മൂന്നു വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട ഗുണങ്ങള്‍ കാറ്റിന്‍റെ ഗുണങ്ങളായി വേറെ ഖുര്‍ആന്‍ വാക്യങ്ങളില്‍ പ്രസ്താവിക്കപ്പെട്ടു കാണാം. അവസാനത്തെ വചനങ്ങളില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണെന്നു ഇബ്നുമസ്ഊദു, ഇബ്നുഅബ്ബാസ്, മസ്റൂഖ്, മുജാഹിദ്, ഖത്താദഃ, റബീഉ്, സുദ്ദീ, ഥൗരീ (رضي الله عنهم) എന്നിവരില്‍ നിന്നു രിവായത്തുകള്‍ വന്നിട്ടുമുണ്ട്. മാത്രമല്ല, 5ഉം 6ഉം വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ട വിശേഷത കാറ്റിന്‍റെതായി വ്യാഖ്യാനിക്കുവാന്‍ കുറച്ചു സാഹസപ്പെടേണ്ടതുമുണ്ട്. الله اعلم
അല്ലാഹുവിന്‍റെ അനുഗ്രഹമാകുന്ന മഴയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്ന വിധത്തില്‍ അവന്‍ കാറ്റിനെ അയക്കുന്നു; അങ്ങനെ, അവ കനത്ത മേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു; എന്നിട്ടു നിര്‍ജീവമായി കിടക്കുന്ന നാട്ടിനു മഴ നനക്കുന്നു; അതുമൂലം എല്ലാ ഫലവര്‍ഗങ്ങളും ഉല്‍പ്പാദിപ്പിക്കുന്നു എന്നൊക്കെ സൂ:അഅ്റാഫ് 57ല്‍ കാണാം. ഏതാണ്ടു ഇതേ പ്രകാരത്തിലുള്ള വിശേഷണങ്ങള്‍ കാറ്റിനെക്കുറിച്ചു വേറെ സ്ഥലങ്ങളിലും പറഞ്ഞുകാണാവുന്നതാണ്. ഏറെക്കുറെ ഈ ആശയം തന്നെയാണ് ഇവിടെയും കാറ്റുകളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. 4ഉം 5ഉം വചനങ്ങളുടെ സാരം ഇപ്രകാരം പറയാം: സത്യാസത്യങ്ങള്‍ക്കും, ന്യായാന്യായങ്ങള്‍ക്കുമിടയില്‍ വിവേചനം നല്‍കുന്നതും, ഒഴികഴിവുകളും താക്കീതുകളും ഉള്‍ക്കൊള്ളുന്നതുമായ ദിവ്യസന്ദേശങ്ങളെ നബിമാര്‍ മുഖേന ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന മലക്കുകളെകൊണ്ട് അവയില്‍ അല്ലാഹു സത്യം ചെയ്തിരിക്കുന്നു. കാറ്റിന്‍റെയും, മലക്കുകളുടെയും പേരില്‍ ശപഥം ചെയ്തതില്‍ അന്തര്‍ഭവിച്ച ഒരു തത്വം ഇതാണ്: കാറ്റുകള്‍ മനുഷ്യന്‍റെ ഐഹികവും, ശാരീരികവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമാകുന്നു. എന്നാല്‍ കാറ്റിന്‍റെ പ്രവര്‍ത്തനവും ചലനങ്ങളും മനുഷ്യനു കാണ്മാന്‍ കഴിയാത്തതാണ്. അതുപോലെ, മനുഷ്യന്‍റെ പാരത്രികവും, ആത്മീയവുമായ ജീവിതത്തിനും അഭിവൃദ്ധിക്കും ആവശ്യമായ ഒരു മഴ – ദൈവിക സന്ദേശങ്ങളാകുന്നു മഴ – യും, അതു കൊണ്ടുവരുന്ന അദൃശ്യ സൃഷ്ടികളായ മലക്കുകളും നിലവിലുണ്ട്. ഇവ രണ്ടും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളില്‍ പെട്ടതാണുതാനും.
വഹ് യിന്‍റെ വാഹകനായ മലക്ക് ജിബ്രീല്‍(അ) ആണെന്നിരിക്കെ, ഇവിടെ മലക്കുകളെപറ്റി ബഹുവചനരൂപത്തില്‍ പ്രസ്താവിച്ചതുകൊണ്ടു ആശയക്കുഴപ്പത്തിനവകാശമില്ല. അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ ഭൂമിയിലേക്കു എത്തിക്കുന്നതില്‍ വേറെ മലക്കുകള്‍ക്കും പങ്കുണ്ടെന്നു ഖുര്‍ആനില്‍ നിന്നു തന്നെ വ്യക്തമായിട്ടുള്ളതാകുന്നു. പല മഹാന്‍മാരും പറയുന്നതുപോലെ, ജിബ്രീല്‍(അ) അവരുടെയെല്ലാം തലവനായിരിക്കാം. ഇബ്രാഹിം(അ) നബിക്കു സന്തോഷവാര്‍ത്തയും, ലൂത്ത്വ് (അ) നബിയുടെ ജനതക്കു ശിക്ഷ വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും കൊണ്ടുവന്ന മലക്കുകള്‍ ഒന്നിലധികം പേരുണ്ടായിരുന്നുവല്ലോ. വഹ് യിന്‍റെ സംരക്ഷണാര്‍ത്ഥം മുമ്പിലും പിമ്പിലും അല്ലാഹു രക്ഷാസേനയെ അയക്കുമെന്നു സൂ:ജിന്നിലും വന്നിരിക്കുന്നു.
ദൈവിക സന്ദേശങ്ങളില്‍ ശിക്ഷകളെക്കുറിച്ചുള്ള താക്കീതുകളും മുന്നറിയിപ്പുകളും അടങ്ങിയിരിക്കുമല്ലോ. അതുപോലെത്തന്നെ, പരലോകത്തുവെച്ച് തങ്ങള്‍ കുറ്റക്കാരല്ലെന്നും, തങ്ങള്‍ക്കുള്ള നേര്‍മാര്‍ഗം എന്താണെന്നു അറിവു കിട്ടിയിരുന്നില്ലെന്നും വാദിക്കുവാനുള്ള അവസരം അതുമൂലം അവിശ്വാസികള്‍ക്കു നഷ്ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെപ്പറ്റി عُذْرًا أَوْ نُذْرًا (ഒഴികഴിവ് അല്ലെങ്കില്‍ താക്കീതു) എന്നു പറഞ്ഞിരിക്കുന്നത്.
എനി, അഞ്ചു സത്യവാചകങ്ങളിലും മലക്കുകളാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നുവെക്കുമ്പോള്‍ ആദ്യത്തെ മൂന്നു വചനങ്ങളുടെ സാരം, ദൈവിക സന്ദേശങ്ങളുമായി തുടരെത്തുടരെ അയക്കപ്പെടുകയും, ഉടനെ അതിവേഗം ആ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന മലക്കുകളെക്കൊണ്ടു സത്യം ചെയ്യുന്നു എന്നായിരിക്കും. ഏതായാലും ഈ മഹത്തായ –അര്‍ത്ഥഗര്‍ഭമായ– സത്യവാചകങ്ങളെക്കൊണ്ടു സത്യംചെയ്തു ആല്ലാഹു ഉറപ്പിച്ചു പറയുന്ന വിഷയം എന്താണ്? അതത്രെ, ഏഴാം വചനത്തില്‍ കാണുന്നത്. അതെ, إِنَّمَا تُوعَدُونَ لَوَٰقِعٌ (നിശ്ചയമായും നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സംഭവിക്കുന്നതുതന്നെ) എന്ന്! പരലോകം, പുനര്‍ജീവിതം, അന്ത്യനാള്‍, രക്ഷാ ശിക്ഷകള്‍ ആദിയായവ സംഭവിക്കാനിരിക്കുന്നുവെന്ന ഉറപ്പായ വിശ്വാസമാണല്ലോ എല്ലാ നന്‍മയുടെയും അടിത്തറ. അടുത്ത വചനങ്ങളില്‍ ആ ദിവസം സംഭവിക്കുമ്പോഴുണ്ടാകുന്ന ഗൗരവമേറിയ ചില പ്രത്യാഘാതങ്ങളെക്കുറിച്ചു പറയുന്നു:-
- فَإِذَا ٱلنُّجُومُ طُمِسَتْ ﴾٨﴿
- എന്നാല്‍, നക്ഷത്രങ്ങള്‍ (വെളിച്ചം) തുടച്ചുമായിക്കപ്പെട്ടാല്‍!-
- فَإِذَا النُّجُومُ എന്നാല്‍ നക്ഷത്രങ്ങള്‍ ആകുമ്പോള്‍ (ആയാല്‍) طُمِسَتْ അവ തുടച്ചു മായിക്ക(നീക്ക)പ്പെടുക
- وَإِذَا ٱلسَّمَآءُ فُرِجَتْ ﴾٩﴿
- ആകാശം (തുറന്നു) വിടര്‍ത്തപ്പെടുകയും ചെയ്‌താല്‍!-
- وَإِذَا السَّمَاءُ ആകാശം ആയാലും (ആകുമ്പോഴും) فُرِجَتْ അതു വിടര്‍ത്ത (തുറവിയാക്ക)പ്പെടുക
- وَإِذَا ٱلْجِبَالُ نُسِفَتْ ﴾١٠﴿
- മലകള്‍ (ധൂളമായി) പൊടിക്കപ്പെടുകയും ചെയ്താല്‍!-
- وَإِذَا الْجِبَالُ മലകള്‍ ആകുമ്പോഴും (ആയാലും) نُسِفَتْ അതു പൊടിക്കപ്പെടുക, പാറ്റപ്പെടുക
- وَإِذَا ٱلرُّسُلُ أُقِّتَتْ ﴾١١﴿
- റസൂലുകള്‍ക്കു സമയം നിശ്ചയിക്കപ്പെടുകയും ചെയ്‌താല്‍!-
- وَإِذَا الرُّسُلُ റസൂലുകള്‍ ആകുകയും ചെയ്‌താല്‍ أُقِّتَتْ അവര്‍ക്കു സമയം നിശ്ചയിക്കപ്പെടുക
- لِأَىِّ يَوْمٍ أُجِّلَتْ ﴾١٢﴿
- ഏതൊരു ദിവസത്തേക്കാണ് അവര്‍ക്കു അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്?!
- لِأَيِّ يَوْمٍ ഏതൊരു ദിവസത്തേക്കാണ് أُجِّلَتْ അവക്കു (അവര്‍ക്കു) അവധി നിശ്ചയിക്കപ്പെട്ടിരിക്കുന്നതു
- لِيَوْمِ ٱلْفَصْلِ ﴾١٣﴿
- (അതെ) തീരുമാനത്തിന്‍റെ ദിവസത്തേക്കു (തന്നെ)!
- لِيَوْمِ ദിവസത്തേക്കു, ദിവസത്തില്‍ الْفَصْلِ തീരുമാനത്തിന്‍റെ, പിരിച്ചുവിടലിന്‍റെ
- وَمَآ أَدْرَىٰكَ مَا يَوْمُ ٱلْفَصْلِ ﴾١٤﴿
- തീരുമാനത്തിന്‍റെ ദിവസം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
- وَمَا أَدْرَاكَ നിനക്കു അറിവു നല്‍കിയതെന്താണ് (നിനക്കു എന്തറിയാം) مَا يَوْمُ ദിവസമെന്താണെന്നു الْفَصْلِ തീരുമാനത്തിന്‍റെ
- وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾١٥﴿
- അന്നത്തെ ദിവസം (മഹാ)നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
- وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
അന്ത്യനാളിലെ ഗൗരവമേറിയ ചില സംഭവവികാസങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ആകാശം, ഭൂമി, പര്‍വ്വതങ്ങള്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ആദിയായവയെല്ലാം അന്നു നിലതെറ്റി അവതാളത്തിലാകുന്നതാണെന്നു ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. താഴെവരുന്ന മക്കീ സൂറത്തുകളില്‍ ഇതുപോലെ വേറെയും പല സംഭവവികാസങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നുണ്ട്. ഖിയാമത്തുനാളില്‍ റസൂലുകളെ അല്ലാഹു ഒരുമിച്ചുകൂട്ടി അവരുടെ സമുദായങ്ങള്‍ അവരുടെ പ്രബോധനം സ്വീകരിച്ചതിനെപ്പറ്റി അവരോടു ചോദിക്കുമെന്നും (5:112) സമുദായങ്ങളുടെമേല്‍ സാക്ഷികളായി നബിമാരെ കൊണ്ടുവരുമെന്നും (4:41) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഇങ്ങിനെ ഓരോ റസൂലിന്‍റെയും അവരുടെ സമുദായത്തിന്‍റെയും കാര്യങ്ങള്‍ തീരുമാനം ചെയ്യുന്നതിനുള്ള അവധി നിര്‍ണയത്തെക്കുറിച്ചാണ് 11-ാം വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്.12-ാം വചനത്തില്‍ ആ മഹാദിനത്തിന്‍റെ അതിഭയങ്കരത ഒരു ചോദ്യരൂപത്തില്‍ ഓര്‍മിപ്പിച്ചുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുവാനിരിക്കുന്ന ദിവസമാണ് സാക്ഷാല്‍ തീരുമാനത്തിന്‍റെ അവധി എന്നും, അന്നു സത്യനിഷേധികള്‍ക്കു വമ്പിച്ച നാശത്തിന്‍റെ ദിവസമായിരിക്കുമെന്നും തുടര്‍ന്നുള്ള മൂന്നു വചനങ്ങളില്‍ പ്രസ്താവിക്കുന്നു. അന്നത്തെ ദിവസം സത്യനിഷേധികളുടെ വമ്പിച്ച നാശത്തെപ്പറ്റി ഈ അദ്ധ്യായത്തില്‍ അല്ലാഹു പത്തുവട്ടം ആവര്‍ത്തിച്ചു താക്കീതു നല്‍കിയിരിക്കുന്നതു കാണാം.
- أَلَمْ نُهْلِكِ ٱلْأَوَّلِينَ ﴾١٦﴿
- പൂര്‍വ്വികന്‍മാരെ നാം നശിപ്പിച്ചു കളഞ്ഞില്ലേ?!
- أَلَمْ نُهْلِكِ നാം നശിപ്പിച്ചിട്ടില്ലേ الْأَوَّلِينَ ആദ്യത്തവരെ, പൂര്‍വ്വികന്‍മാരെ
- ثُمَّ نُتْبِعُهُمُ ٱلْءَاخِرِينَ ﴾١٧﴿
- പിറകെ, അവസാനമുള്ളവരെ നാം അവരോടു തുടര്‍ത്തുന്നതാണ്.
- ثُمَّ പിന്നെ, പിറകെ نُتْبِعُهُمُ അവരോടു നാം തുടര്‍ത്തും, അനുഗമിപ്പിക്കും الْآخِرِينَ അവസാനത്തവരെ, പിന്നീടുള്ളവരെ
- كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ ﴾١٨﴿
- അപ്രകാരമത്രെ, നാം കുറ്റവാളികളെക്കൊണ്ടു ചെയ്യുക.
- كَذَٰلِكَ അപ്രകാരം نَفْعَلُ നാം ചെയ്യും بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു
- وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾١٩﴿
- അന്നത്തെ ദിവസം (മഹാ)നാശം, വ്യജമാക്കുന്നവര്‍ക്കായിരിക്കും.
- وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
- أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ ﴾٢٠﴿
- നിസ്സാരപ്പെട്ട ഒരു ജലത്തില്‍ നിന്നു നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?!
- أَلَمْ نَخْلُقكُّم നിങ്ങളെ നാം സൃഷ്ടിച്ചിട്ടില്ലേ مِّن مَّاءٍ ഒരു ജലത്തില്‍ നിന്നു مَّهِينٍ നിന്ദ്യമായ, നിസ്സാരപ്പെട്ട
- فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ ﴾٢١﴿
- എന്നിട്ട് അതിനെ ഭദ്രമായ ഒരു താവളത്തില്‍ നാം ആക്കി(വെച്ചു);
- فَجَعَلْنَاهُ എന്നിട്ടതിനെ നാം ആക്കി فِي قَرَارٍ ഒരു താവളത്തില്‍, പതിയില്‍, ഭവനത്തില്‍ مَّكِينٍ ഭദ്രമായ, സൗകര്യപ്രദമായ
- إِلَىٰ قَدَرٍ مَّعْلُومٍ ﴾٢٢﴿
- നിശ്ചിതമായ ഒരു (കാല) അളവുവരെ.
- إِلَىٰ قَدَرٍ ഒരു കണക്കു(തോതു - നിര്‍ണയം)വരെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിതമായ)
- فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ ﴾٢٣﴿
- അങ്ങനെ, നാം (എല്ലാം) കണക്കാക്കി (നിര്‍ണ്ണയിച്ചു). അപ്പോള്‍, (നാം) എത്രയോ നല്ല കഴിവുള്ളവരത്രെ.
- فَقَدَرْنَا എന്നിട്ടു നാം കണക്കാക്കി, നിര്‍ണ്ണയപ്പെടുത്തി, നമുക്കു സാധ്യമായി فَنِعْمَ അപ്പോള്‍ വളരെ (എത്രയോ) നല്ലതു الْقَادِرُونَ കഴിവുള്ളവര്‍, കണക്കാക്കുന്നവര്‍
- وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾٢٤﴿
- അന്നത്തെ ദിവസം (മഹാ) നാശം, വ്യാജമാക്കുന്നവര്‍ക്കായിരിക്കും.
- وَيْلٌ (മഹാ) നാശം, കഷ്ടം يَوْمَئِذٍ അന്നത്തെ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
കേവലം അറപ്പും, ചെടിപ്പും തോന്നുന്ന ഇന്ദ്രിയജലത്തില്‍ നിന്നു മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കിയതും, കുറേ കാലത്തോളം ആ ബീജം മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചതും, അവിടെവെച്ചു അവന്‍റെ ആകൃതിയും പ്രകൃതിയുമെല്ലാം നിര്‍ണ്ണയിച്ചു സൃഷ്ടിരൂപം പൂര്‍ത്തിയാക്കിയതും അനുസ്മരിപ്പിച്ചുകൊണ്ടു അവന്‍റെ പുനര്‍ജീവിതത്തിന്‍റെ സാധ്യത ഓര്‍മ്മിപ്പിക്കുകയാണ്. قدر (‘ഖദറ’) എന്ന വാക്കിനു ‘നിര്‍ണ്ണയിച്ചു, കണക്കാക്കി’ എന്നൊക്കെ അര്‍ത്ഥം വരുന്നതുപോലെ, ‘കഴിവുണ്ടായി, സാധ്യമായി’ എന്നിങ്ങനെയും അര്‍ത്ഥമുണ്ട്. മനുഷ്യന്‍റെ ആകൃതിയും പ്രകൃതിയും അവനു നല്‍കുവാന്‍ നമുക്കു കഴിവുണ്ടായി എന്നും, നാം വളരെ നല്ല കഴിവുകളുള്ളവനാണ് എന്നും താല്‍പര്യം.