ഖിയാമഃ (ഉയിർത്തെഴുന്നേൽപ്പ്)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 40 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

75:1
  • لَآ أُقْسِمُ بِيَوْمِ ٱلْقِيَٰمَةِ ﴾١﴿
  • 'ഖിയാമത്തു'നാള്‍ [ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസം] കൊണ്ടു ഞാന്‍ സത്യം ചെയ്തു പറയുന്നു;-
  • لَا أُقْسِمُ ഞാന്‍ സത്യം ചെയ്തു പറയുന്നു بِيَوْمِ الْقِيَامَةِ ഖിയാമത്തുനാളിനെക്കൊണ്ടു
75:2
  • وَلَآ أُقْسِمُ بِٱلنَّفْسِ ٱللَّوَّامَةِ ﴾٢﴿
  • ആക്ഷേപക്കാരിയായ ആത്മാവിനെ (അഥവാ മനസ്സിനെ)ക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു:
  • وَلَا أُقْسِمُ സത്യം ചെയ്തു പറയുകയും ചെയ്യുന്നു بِالنَّفْسِ ആത്മാവിനെ (മനസ്സിനെ - ദേഹത്തെ)ക്കൊണ്ടു اللَّوَّامَةِ ആക്ഷേപക്കാരിയായ, അധികം കുറ്റപ്പെടുത്തുന്ന
75:3
  • أَيَحْسَبُ ٱلْإِنسَٰنُ أَلَّن نَّجْمَعَ عِظَامَهُۥ ﴾٣﴿
  • മനുഷ്യന്‍ ഗണിച്ചുകൊണ്ടിരിക്കുന്നുവോ, അവന്‍റെ എല്ലുകള്‍ നാം ഒരുമിച്ചുകൂട്ടുന്നതേയല്ല എന്ന്?!
  • أَيَحْسَبُ الْإِنسَانُ മനുഷ്യന്‍ ഭാവിക്കുന്നോ, ഗണിക്കുന്നുവോ أَلَّن نَّجْمَعَ നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന് عِظَامَهُ അവന്‍റെ അസ്ഥി (എല്ലു)കളെ
75:4
  • بَلَىٰ قَٰدِرِينَ عَلَىٰٓ أَن نُّسَوِّىَ بَنَانَهُۥ ﴾٤﴿
  • ഇല്ലാതേ! അവന്‍റെ വിരല്‍തലപ്പുകളെ(പ്പോലും) ശരിപ്പെടുത്തുവാന്‍ കഴിവുള്ളവരായിക്കൊണ്ടു (നാമതു ചെയ്യും)
  • بَلَىٰ ഇല്ലാതേ, അതെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ടു عَلَىٰ أَن نُّسَوِّيَ നാം ശരിപ്പെടുത്തുവാന്‍ بَنَانَهُ അവന്‍റെ വിരല്‍തലപ്പു (സന്ധിയെല്ലു - വിരലു)കളെ

لَا أُقْسِمُ (ലാ-ഉഖ്സിമു) എന്ന വാക്കിനു ‘ഞാന്‍ സത്യം ചെയ്തു പറയുന്നു’ എന്നു അര്‍ത്ഥം കല്‍പിച്ചതിനെക്കുറിച്ചു സൂ: വാഖിഅഃ 75ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓര്‍ക്കുക. ഒന്നാമതായി ഖിയാമത്തു നാളിന്‍റെ പേരിലും, രണ്ടാമതായി ആക്ഷേപക്കാരിയായ ആത്മാവിന്‍റെ – അഥവാ മനസ്സിന്‍റെ – പേരിലും അല്ലാഹു സത്യം ചെയ്തുകൊണ്ടു പറയുന്നു: മനുഷ്യന്‍റെ മരണശേഷം, അവന്‍റെ അസ്ഥികളെ മുഴുവനും ഒരുമിച്ചുകൂട്ടി അവനെ നാം പുനര്‍ജീവിപ്പിക്കുന്നതാണ്. നാമതു ചെയ്കയില്ലെന്നോ, നമുക്കതിനു കഴിയുകയില്ലെന്നോ അവന്‍ ഭാവിക്കുന്നുണ്ടെങ്കില്‍ ആ ഭാവന വിട്ടേക്കട്ടെ. തീര്‍ച്ചയായും നാമതു ചെയ്യുകതന്നെ ചെയ്യും. അവന്‍റെ വിരല്‍ തലപ്പുകള്‍ പോലും – അഥവാ ഓരോ സന്ധിയെല്ലും – അതതിന്‍റെ സ്ഥാനത്തുവെച്ചു ശരിപ്പെടുത്തിക്കൊണ്ടുതന്നെ അതു ചെയ്‌വാന്‍ നമുക്കു തികച്ചും കഴിവുണ്ട്.

മനുഷ്യമനസ്സിനെ ആക്ഷേപക്കാരി (اللَّوَّامَةِ) അഥവാ വളരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതു എന്നു വിശേഷിപ്പിച്ചതു വളരെ അര്‍ത്ഥവത്താകുന്നു. ഒരു തെറ്റായ കാര്യം ഒരാള്‍ ചെയ്യുമ്പോള്‍ അവന്‍റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നു. അതു അരുതാത്തതാണെന്നു അവന്‍റെ മനസ്സു അവനോടു മന്ത്രിക്കാതിരിക്കുകയില്ല. ഒരു നന്മ ചെയ്തശേഷം പലപ്പോഴും അതിനേക്കാള്‍ നന്നാകുമായിരുന്ന മറ്റൊന്നു ചെയ്യാത്തതിനെപറ്റി മനസ്സില്‍ ആക്ഷേപം ഉയരുന്നു, എന്തിനതു ചെയ്തു, എന്തിനതു തിന്നു, എന്തിനതു പറഞ്ഞു, എന്തുകൊണ്ടിതു ചെയ്തില്ല, എന്തുകൊണ്ടിതു പറഞ്ഞില്ല എന്നിത്യാദി ആക്ഷേപങ്ങള്‍ പുറപ്പെടുവിക്കാത്ത മനുഷ്യമനസ്സു ആര്‍ക്കാണുള്ളത്? യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടച്ചും ദൃഷ്ടാന്തങ്ങളെ അവഗണിച്ചും സത്യനിഷേധം നടത്തുന്നവരും, വീണ്ടുവിചാരമോ, ഉപദേശം കേള്‍ക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവരും, ഭാവിയെപ്പറ്റി ചിന്തിക്കാറില്ലാത്തവരുമെല്ലാം തന്നെ ഒരിക്കല്‍ തങ്ങളെത്തന്നെ പഴിക്കുകയും തീരാത്ത ഖേദത്തിലായിത്തീരുകയും ചെയ്യുന്നു. സല്‍കര്‍മ്മങ്ങള്‍ കുറെയെല്ലാം ചെയ്തിരുന്നാലും പരലോകത്തുവെച്ച് ലഭിക്കുന്ന അവര്‍ണ്ണനീയമായ സുഖസൗകര്യങ്ങള്‍ കാണുമ്പോള്‍, അയ്യോ, കുറേക്കൂടി സല്‍ക്കര്‍മ്മങ്ങള്‍ ഞാന്‍ ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ എന്നു മനുഷ്യന്‍ വിലപിച്ചു പോകും. ചുരുക്കത്തില്‍ മനസ്സിന്‍റെ ആക്ഷേപത്തിനു ഒട്ടും വിധേയനാകാത്ത മനുഷ്യനെ കാണുവാന്‍ പ്രയാസം.

75:5
  • بَلْ يُرِيدُ ٱلْإِنسَٰنُ لِيَفْجُرَ أَمَامَهُۥ ﴾٥﴿
  • പക്ഷെ, മനുഷ്യന്‍ അവന്‍റെ മുമ്പോട്ടു(ള്ള ജീവിതത്തില്‍) തോന്നിയവാസം ചെയ്‌വാന്‍ ഉദ്ദേശിക്കുകയാണ്.
  • بَلْ എങ്കിലും, പക്ഷേ يُرِيدُ ഉദ്ദേശിക്കുന്നു الْإِنسَانُ മനുഷ്യന്‍ لِيَفْجُرَ ദുര്‍വൃത്തി (തോന്ന്യാസം) ചെയ്‌വാന്‍ أَمَامَهُ അവന്‍റെ മുമ്പോട്ടു (ഭാവിയില്‍)
75:6
  • يَسْـَٔلُ أَيَّانَ يَوْمُ ٱلْقِيَٰمَةِ ﴾٦﴿
  • അവന്‍ ചോദിക്കുന്നു: ഏതവസരത്തിലാണ് ഖിയാമത്തുനാള്‍ എന്ന്!
  • يَسْأَلُ അവന്‍ ചോദിക്കുന്നു أَيَّانَ ഏതൊരവസരത്തിലാണ് يَوْمُ الْقِيَامَةِ ഖിയാമത്തുനാള്‍
75:7
  • فَإِذَا بَرِقَ ٱلْبَصَرُ ﴾٧﴿
  • എന്നാല്‍, കണ്ണ്‍ (അന്ധാളിച്ച്) അഞ്ചിപ്പോയാല്‍,-
  • فَإِذَا بَرِقَ എന്നാല്‍ മിന്നി (അഞ്ചി-കൂച്ചി)യാല്‍, അന്ധാളിക്കുമ്പോള്‍ الْبَصَرُ കണ്ണു, ദൃഷ്ടി
75:8
  • وَخَسَفَ ٱلْقَمَرُ ﴾٨﴿
  • ചന്ദ്രന്‍ (പ്രകാശംപോയി) ഇരുളടയുകയും (ചെയ്‌താല്‍)
  • وَخَسَفَ ഇരുളടയുക (വെളിച്ചം പോകുക)യും الْقَمَر ചന്ദ്രന്‍
75:9
  • وَجُمِعَ ٱلشَّمْسُ وَٱلْقَمَرُ ﴾٩﴿
  • സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും (ചെയ്‌താല്‍),
  • وَجُمِعَ ഒരുമിച്ചു കൂട്ടപ്പെടുകയും الشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും
75:10
  • يَقُولُ ٱلْإِنسَٰنُ يَوْمَئِذٍ أَيْنَ ٱلْمَفَرُّ ﴾١٠﴿
  • അന്നത്തെ ദിവസം മനുഷ്യന്‍ പറയും : 'എവിടെയാണ് ഓടി രക്ഷപ്പെടുന്നതു?!'
  • يَقُولُ الْإِنسَانُ മനുഷ്യന്‍ പറയും يَوْمَئِذٍ ആ ദിവസം أَيْنَ എവിടെയാണ്, എങ്ങോട്ടാണ് الْمَفَرُّ ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക്

75:11
  • كَلَّا لَا وَزَرَ ﴾١١﴿
  • അതില്ല! രക്ഷയേ ഇല്ല!
  • كَلَّا അങ്ങിനെയല്ല, അതില്ല لَا وَزَرَ രക്ഷയില്ല, അഭയസ്ഥാനമില്ല
75:12
  • إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ ﴾١٢﴿
  • നിന്‍റെ റബ്ബിങ്കലേക്കത്രെ, അന്നത്തെ ദിവസം (ചെന്ന്) അടങ്ങുന്നത്.
  • إِلَىٰ رَبِّكَ നിന്‍റെ റബ്ബിങ്കലേക്കാണു يَوْمَئِذٍ അന്നത്തെ ദിവസം الْمُسْتَقَرُّ അടക്കം, ചെന്നുകൂടല്‍

അവിശ്വാസിയായ മനുഷ്യന്‍ അവന്‍റെ ഭൂതകാലം ഏതായാലും നഷ്ടപ്പെടുത്തി. എന്നാല്‍, ഭാവിയും നഷ്ടപ്പെടുത്തുമാറു തോന്ന്യാസം തുടരുവാനാണ് അവന്‍ തുനിയുന്നത്. മരണാനന്തര ജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവന്‍ നിഷേധിക്കുന്നു. ‘നിങ്ങള്‍ പറഞ്ഞു കേള്‍ക്കുന്ന ഈ ഖിയാമാത്തുനാള്‍ എപ്പോഴാണുണ്ടാകുക?’ എന്നു അവന്‍ നിഷേധപൂര്‍വ്വം പരിഹസിക്കുന്നു. എന്നാല്‍ അവന്‍ അറിഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അതു എപ്പോള്‍ എന്നതിനേക്കാള്‍ ആലോചിക്കേണ്ടതു അതു എങ്ങിനെയായിരിക്കും എന്നുള്ളതാണ്. അതു സംഭവിക്കുമ്പോള്‍ ലോകത്തിന്‍റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യന്‍ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും; മിന്നലേറ്റവണ്ണം അവന്‍റെ കണ്ണുകള്‍ അഞ്ചിപ്പോകും; ചന്ദ്രന്‍റെ വെളിച്ചം നഷ്ടപ്പെട്ട് അതു ഇരുട്ടുമയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്തു ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങിനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാല്‍ അപ്പോള്‍, മനുഷ്യന്‍ സഹികെട്ട് രക്ഷാമാര്‍ഗ്ഗത്തിനു മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്നു രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്‍റെ കോടതിയില്‍ സമ്മേളിക്കേണ്ട ദിവസമാണത്. ഒരാള്‍ക്കും അതില്‍ നിന്നു രക്ഷയില്ല. ആര്‍ക്കും അതില്‍ നിന്നു ഒഴിവുമില്ല.

ചന്ദ്രന്‍റെ വെളിച്ചം പോയി ഇരുളടയുക, സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുക എന്നിങ്ങനെയുള്ള അത്യുഗ്രമായ സംഭവവികാസങ്ങള്‍ പലതും ഖിയാമത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്നതായി അല്ലാഹു അറിയിക്കുന്നു. താഴെ സൂറത്തുകളില്‍ കൂടുതല്‍ സംഭവങ്ങളെക്കുറിച്ചു കാണാവുന്നതുമാണ്. അവ ഓരോന്നിനെ സംബന്ധിച്ചും അല്ലാഹു എന്തു പറഞ്ഞുവോ അതേപടി അതു സംഭവിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. അതങ്ങിനെത്തന്നെ വിശ്വാസിക്കല്‍ കടമയുമാണ്. പക്ഷേ, അതിനെപ്പറ്റി കൂടുതല്‍ വിശദീകരിച്ചു വിവരിക്കുവാന്‍ നമുക്കു സാധ്യമല്ല. അല്ലാഹു പറയുന്നു:-

75:13
  • يُنَبَّؤُا۟ ٱلْإِنسَٰنُ يَوْمَئِذٍۭ بِمَا قَدَّمَ وَأَخَّرَ ﴾١٣﴿
  • മനുഷ്യന്‍ മുന്‍ചെയ്തു വെക്കുകയും, (ചെയ്യാതെ) പിന്നോക്കം വെക്കുകയും ചെയ്തിട്ടുള്ളതിനെപ്പറ്റി അന്ന് അവന്‍ ബോധപ്പെടുത്തപ്പെടും.
  • يُنَبَّأُ വൃത്താന്തം അറിയിക്കപ്പെടും (ബോധപ്പെടുത്തപ്പെടും) الْإِنسَانُ മനുഷ്യന്‍ يَوْمَئِذٍ അന്നേ ദിവസം, അന്നു بِمَا قَدَّمَ അവന്‍ മുന്തിച്ച (മുന്‍ചെയ്ത)തിനെപ്പറ്റി وَأَخَّرَ പിന്തിക്കുകയും (പിന്നോക്കമാക്കുകയും) ചെയ്ത
75:14
  • بَلِ ٱلْإِنسَٰنُ عَلَىٰ نَفْسِهِۦ بَصِيرَةٌ ﴾١٤﴿
  • പക്ഷേ, (അത്രയുമല്ല) മനുഷ്യന്‍ തനിക്കു തന്നെ എതിരില്‍ തെളിവായിരിക്കും;-
  • بَلِ الْإِنسَانُ പക്ഷേ മനുഷ്യന്‍ عَلَىٰ نَفْسِهِ തന്‍റെ പേരില്‍ തന്നെ (തനിക്കു തന്നെ എതിരില്‍) بَصِيرَةٌ തെളിവാണ്, ദൃക്സാക്ഷിയായിരിക്കും
75:15
  • وَلَوْ أَلْقَىٰ مَعَاذِيرَهُۥ ﴾١٥﴿
  • അവന്‍ തന്‍റെ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
  • وَلَوْ أَلْقَىٰ അവന്‍ ഇട്ടാലും (സമര്‍പ്പിച്ചാലും) ശരി, കാട്ടിയാലും مَعَاذِيرَهُ അവന്‍റെ ഒഴികഴിവുകളെ

നല്ലതാവട്ടെ, ചീത്തയാവട്ടെ ഓരോരുവനും മരണത്തിനു മുമ്പ് ചെയ്തു വെച്ച സകല കര്‍മ്മങ്ങളെയും, ചെയ്യാതെ ബാക്കിവെച്ച കര്‍മ്മങ്ങളെയും കുറിച്ചു സവിസ്താരം അവനെ തെര്യപ്പെടുത്തും. അവന്‍റെ കര്‍മരേഖകളും വിവിധതരം സാക്ഷികളും മുഖേന അവയെല്ലാം സ്ഥാപിക്കപ്പെടുകയും ചെയ്യും. അവനു എല്ലാം ശരിക്കും ബോധ്യമാകുകയും ചെയ്യും. എന്നാലും ഒഴികഴിവുകള്‍ പലതും അവന്‍ സമര്‍പ്പിച്ചേക്കും. പക്ഷേ, ഫലപ്പെടുകയില്ല. അവന്‍ സ്വയം തന്നെ തനിക്കെതിരില്‍ തെളിവും സാക്ഷിയും കൊണ്ടുവരുന്നു! അതാ, അവന്‍റെ കൈകാലുകലും, തൊലി തുടങ്ങിയ അവയവങ്ങളും അവന്‍ ചെയ്തിട്ടുള്ള തെറ്റുകുറ്റങ്ങള്‍ തുറന്നു പറയുന്നു! അപ്പോള്‍ അവന്‍റെ വായടഞ്ഞു പോകുന്നതാണ്. അടുത്ത വചനങ്ങളില്‍ നബി (സ)യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-

75:16
  • لَا تُحَرِّكْ بِهِۦ لِسَانَكَ لِتَعْجَلَ بِهِۦٓ ﴾١٦﴿
  • (നബിയേ) നീ അതിനു [ഖുര്‍ആന്നു] ധൃതികൂട്ടുവാന്‍ വേണ്ടി നിന്‍റെ നാവിനെ അതുംകൊണ്ടു നീ ഇളക്കേണ്ട.
  • لَا تُحَرِّكْ നീ ഇളക്ക (ചലിപ്പിക്കു-അനക്ക)രുതു بِهِ അതുംകൊണ്ടു, അതുമായി لِسَانَكَ നിന്‍റെ നാവു لِتَعْجَلَ بِهِ അതിനു നീ ധൃതിപ്പെടുവാന്‍ വേണ്ടി
75:17
  • إِنَّ عَلَيْنَا جَمْعَهُۥ وَقُرْءَانَهُۥ ﴾١٧﴿
  • നിശ്ചയമായും അതിനെ (നിന്‍റെ മനസ്സില്‍) സമാഹരിക്കലും, അതു ഓതിത്തരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്
  • إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) جَمْعَهُ അതിനെ ഒരുമിച്ചുകൂട്ടല്‍ (സമാഹരിക്കല്‍) وَقُرْءَانَهُ അതിനെ ഓതിത്തരലും
75:18
  • فَإِذَا قَرَأْنَٰهُ فَٱتَّبِعْ قُرْءَانَهُۥ ﴾١٨﴿
  • ആകയാല്‍, നാം അതു ഓതിത്തന്നാല്‍ നീ ആ ഓത്തു പിന്‍പറ്റിക്കൊള്ളുക.
  • فَإِذَا قَرَأْنَاهُ അങ്ങനെ (ആകയാല്‍) നാം അതിനെ ഓതിയാല്‍ (ഓതിത്തന്നാല്‍) فَاتَّبِعْ നീ പിന്‍പറ്റുക, തുടരുക قُرْءَانَهُ അതിന്‍റെ വായനയെ, ആ വായനയെ
75:19
  • ثُمَّ إِنَّ عَلَيْنَا بَيَانَهُۥ ﴾١٩﴿
  • പിന്നീടു അതു വിവരിച്ചുതരലും നമ്മുടെ മേലാണു (ബാധ്യത) ഉള്ളത്.
  • ثُمَّ അനന്തരം إِنَّ عَلَيْنَا നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) بَيَانَهُ അതിന്‍റെ വിവരണം, വിവരിക്കല്‍

നബി (സ) തിരുമേനിക്കു വളരെ ആശ്വാസപ്രദമായ ഒരു ഉപദേശമാണ് ഈ വചനങ്ങളില്‍ അല്ലാഹു നല്‍കുന്നത്. സൂഃ ത്വാഹ 114ന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ചതു പോലെ, ജിബ്രീല്‍ (അ) ഖുര്‍ആനിന്‍റെ വഹ് യുമായി വരുമ്പോള്‍, അദ്ദേഹം സ്ഥലം വിടുന്നതിനു മുമ്പുതന്നെ അതു മനഃപാഠമാക്കുവാനും, മറന്നു പോകാതിരിക്കുവാനും വേണ്ടി തിരുമേനി അതു ധൃതിയില്‍ നാവിളക്കി ചൊല്ലിക്കൊണ്ടിരിക്കുമായിരുന്നു വെന്നും, ഇതു സംബന്ധിച്ചാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നും ബുഖാരിയും മുസ്‌ലിമും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ വ്യക്തമാക്കിയിരിക്കുന്നു. അങ്ങിനെ സാഹസപ്പെടേണ്ടതില്ലെന്നും അതു മനസ്സില്‍ സമാഹരിച്ച് ഉറപ്പിച്ചുതരലും വേണ്ടതു പോലെ പാരായണം ചെയ്തുതരലും നമ്മുടെ ബാധ്യതയാണെന്നും, ഓതിത്തരുമ്പോള്‍ അതു ശ്രദ്ധിച്ചു കൊണ്ടിരുന്നാല്‍ മതിയെന്നും അല്ലാഹു നബി(സ)യെ ഉണര്‍ത്തുന്നു. മാത്രമല്ല, അവതരിപ്പിച്ചു തരുന്ന ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആവശ്യമായ വിവരണവും വ്യാഖ്യാനവും നല്‍കലും അല്ലാഹുവിന്‍റെ ബാധ്യത തന്നെയാണെന്നു കൂടി ഉണര്‍ത്തിയിരിക്കുന്നു. ബുഖാരിയുടെ രിവായത്തില്‍, ഈ വചനങ്ങള്‍ അവതരിച്ചതിനു ശേഷം, പിന്നീടു ജിബ്രീല്‍ (അ) വരുമ്പോള്‍ തിരുമേനി തലതാഴ്ത്തി ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും, അദ്ദേഹം പോയാല്‍ അല്ലാഹു വാഗ്ദാനം ചെയ്തു പോലെ അവിടുന്ന് അതു ഓതികേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു.

അതിനെ സമാഹരിച്ചുതരല്‍ നമ്മുടെ ബാധ്യതയാണ് (إِنَّ عَلَيْنَا جَمْعَهُ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അപ്പപ്പോള്‍ അവതരിക്കുന്ന വചനങ്ങള്‍ മറന്നുപോകാതിരിക്കത്തക്കവണ്ണം നബി(സ)യുടെ ഹൃദയത്തില്‍ അപ്പപ്പോള്‍ തന്നെ ഉറപ്പിച്ചു പാഠമാക്കിക്കൊടുക്കുന്നു എന്നത്രെ. മുസ്ഹഫുകളില്‍ ഇന്ന് ഈ കാണുന്നവിധത്തില്‍ ഖുര്‍ആനിന്‍റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ക്രോഡീകരണമല്ല ഇതുകൊണ്ടുദ്ദേശ്യം എന്നു വ്യക്തമാണ്. (ഈ ക്രോഡീകരണത്തെപ്പറ്റി മുഖവുരയില്‍ വിവരിച്ചു പറഞ്ഞിട്ടുണ്ട്.) ഖുര്‍ആന്‍ വിവരിക്കുന്നതിന്‍റെ ബാധ്യതയും അല്ലാഹുവിന്നാണ് (ثُمَّ إِنَّ عَلَيْنَا بَيَانَهُ) എന്നു പറഞ്ഞുവല്ലോ. ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നതു പ്രധാനമായും രണ്ടു പ്രകാരത്തിലായിരിക്കും.

(1) ചില വചനങ്ങളില്‍ സംക്ഷിപ്തമായോ, സൂചനയായോ, വ്യംഗ്യമായോ മറ്റോ പ്രസ്താവിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ മറ്റു ചില വചനങ്ങള്‍ മുഖേന വ്യക്തമായും വിശദമായും വിവരിച്ചുകൊടുക്കുക. ഖുര്‍ആന്‍റെ ചില വശങ്ങള്‍ ചില വശങ്ങള്‍ക്കു വ്യാഖ്യാനം നല്‍കുന്നുവെന്നു പറയുന്നതിന്‍റെ സാരം ഇതാണ്.

(2) ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയല്ലാതെ – അഥവാ വഹ് യിന്‍റെ പല ഇനങ്ങളില്‍പെട്ട ഏതെങ്കിലും ഒരിനം മുഖേന – ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കുക. നബി (സ) തിരുമേനിയുടെ വചനങ്ങളിലൂടെയും ചര്യകളിലൂടെയും ഇതു നമുക്കു ലഭിക്കുന്നു. തിരുമേനിയുടെ സുന്നത്തുകള്‍ ഖുര്‍ആന്‍റെ വ്യാഖ്യാനമാണെന്നു പറയുന്നതിന്‍റെ ഉദ്ദേശ്യം ഇതാണ്.

ഖിയാമത്തു നാളിനെയും, അതിനെ നിഷേധിക്കുന്നവരെയും കുറിച്ചായിരുന്നുവല്ലോ മുന്‍ ആയത്തുകളിലെ സംസാരം. ഇടക്കുവെച്ചു നബി (സ)ക്കു ചില ഉപദേശങ്ങള്‍ നല്‍കുകയുണ്ടായി. ഒരു പക്ഷെ ഈ സ്ഥാനത്തു വെച്ചുതന്നെ ഈ ഉപദേശം നല്‍കേണ്ടുന്ന പ്രത്യേകം സന്ദര്‍ഭം നേരിട്ടിരുന്നുവെന്നും വരാം. അതുകൊണ്ടായിരിക്കാം ഇവിടെ വെച്ചു തന്നെ അക്കാര്യം ഉണര്‍ത്തിയത്. അല്ലാഹുവിനറിയാം. ഏതായാലും അടുത്ത വചനങ്ങളില്‍ മുന്‍ സംസാരവിഷയം തന്നെ തുടരുന്നു:-

75:20
  • كَلَّا بَلْ تُحِبُّونَ ٱلْعَاجِلَةَ ﴾٢٠﴿
  • (മനുഷ്യരേ) അങ്ങിനെ വേണ്ട! പക്ഷേ, നിങ്ങള്‍ ക്ഷണികമായതിനെ [ഐഹിക ജീവിതത്തെ] ഇഷ്ടപ്പെടുന്നു;
  • كَلَّا അങ്ങിനെയല്ല, വേണ്ട بَلْ تُحِبُّونَ എങ്കിലും (പക്ഷേ) നിങ്ങള്‍ ഇഷ്ടപ്പെടുന്നു الْعَاجِلَةَ ക്ഷണികമായതിനെ, വേഗം കഴിയുന്നതിനെ
75:21
  • وَتَذَرُونَ ٱلْءَاخِرَةَ ﴾٢١﴿
  • പരലോക (ജീവിത)ത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു!
  • وَتَذَرُونَ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു الْآخِرَةَ പരലോകത്തെ

അതാണ്‌ നിങ്ങള്‍ക്കു പിണഞ്ഞ അബദ്ധം. അതു കൊണ്ടാണ് നിങ്ങള്‍ എല്ലാ സത്യയാഥാര്‍‍ത്ഥ്യങ്ങളെയും നിഷേധിക്കുവാനും, തോന്ന്യാസങ്ങളില്‍ മുഴുകുവാനും ഒരുമ്പെടുന്നതു എന്നു താല്‍പര്യം. വാസ്തവത്തില്‍ പരലോകജീവിതത്തില്‍ വിശ്വാസമുള്ളവര്‍ പോലും ദുര്‍മാര്‍ഗത്തില്‍ പതിച്ചു പോകുവാനുള്ള പ്രാധാന കാരണവും ഇതു തന്നെ. അതെ, ഐഹിക ജീവിതത്തോടുള്ള പ്രേമവും, പരലോക ജീവിതത്തെക്കുറിച്ചുള്ള അവഗണനയും!