ജിന്ന് (ജിന്ന് വർഗ്ഗം)
മക്കായിൽ അവതരിച്ചത് – വചനങ്ങൾ 28 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

ഈ അദ്ധ്യായത്തിന്റെ പേര്‍ ‘ജിന്ന്’ എന്നും, ഇതിലെ പ്രത്യേക സംസാരവിഷയം ജിന്നുകളെ സംബന്ധിക്കുന്നതും ആകുന്നു. മലക്കുകളെപ്പോലെത്തന്നെ നമ്മുടെ ദൃഷ്ടിക്ക് കാണ്മാൻ കഴിയാത്ത ഒരു തരം ആത്മീയ ജീവികളത്രെ ജിന്ന് വർഗ്ഗം. മലക്കുകളുടെ ആവാസസ്ഥാനം ആകാശങ്ങളാകുന്നു. എന്നാൽ ജിന്നുകളാകട്ടെ ഭൂവാസികളാണ്. മനുഷ്യര്‍ മണ്ണിനാലും, ജിന്നുകൾ അഗ്നിയാലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഖുർആൻ ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരിക്കുന്നു. മലക്കുകൾ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഹദീഥിലും വന്നിട്ടുണ്ട്. മലക്കുകളെ സംബന്ധി ച്ചെന്നപോലെ ജിന്നുകളെക്കുറിച്ചും അല്ലാഹുവും അവന്റെ പ്രവാചകന്മാരും അറിയിച്ചു തന്നതല്ലാതെ കൂടുതൽ വിവരം നമുക്കു അറിയുവാൻ സാദ്ധ്യമല്ല. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് – അതു ദൃശ്യമാകട്ടെ, അദൃശ്യമാകട്ടെ – അപ്പടി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൽ നിര്‍ബന്ധവുമാണല്ലോ.

മതാനുയായികൾ പൊതുവിലും, മതവിശ്വാസികളായ തത്വജ്ഞാനികളിൽ മിക്കവരും ജിന്നു എന്നൊരു അദൃശ്യ വർഗ്ഗമുണ്ടെന്നു സമ്മതിക്കുന്നവരാകുന്നു. മതാവലംബികളല്ലാത്ത ശാസ്ത്രജ്ഞന്മാർ പൊതുവിൽ ജിന്നുവർഗ്ഗത്തെ നിഷേധിക്കുന്നവരാണെന്നു പറയാമെങ്കിലും അവരിലും ചിന്തകന്മാരായ ചിലർ – മുമ്പും ഇപ്പോഴും – ജിന്നിനെ സ്ഥാപിക്കുന്നവരത്രെ. വിശദാംശങ്ങളിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ടാവാമെന്നു മാത്രം. മുസ്‌ലിംകളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഖുര്‍ആനും നബിവചനങ്ങളും മുഖവിലക്കു സ്വീകരിക്കാൻ തയ്യാറില്ലാത്തവരും, ശാസ്ത്രത്തിനും യുക്തിവാദത്തിനും അടിമപ്പെട്ടും ഭൗതിക ചിന്താഗതി പിടിപെട്ടുംകൊണ്ടിരിക്കുന്നവരും മാത്രമേ ജിന്നുവർഗ്ഗത്തെയും, മലക്കുവർഗ്ഗത്തെയും നിഷേധിക്കുന്നുള്ളൂ. തങ്ങൾ ഖുര്‍ആനെ നിഷേധിക്കുന്നവരല്ലെന്നു വരുത്തിത്തീര്‍ക്കുമാറ് എത്രയോ ഖുര്‍ആൻ വചനങ്ങളെ അവർ ദുര്‍വ്യാഖ്യാനം ചെയ്തു സംതൃപ്തരാകേണ്ടി വന്നിട്ടുണ്ട്. ഹദീഥുകളുടെ നേരെ കണ്ണടച്ചും, യുക്തിന്യായങ്ങൾ പറഞ്ഞും തള്ളിക്കളയുകയും ചെയ്യും. അപരിഷ്കൃതരായ മനുഷ്യവിഭാഗത്തെക്കുറിച്ചാണ് ജിന്നുകളെന്നു പറയുന്നതെന്നാണ് അവരുടെ ജല്പനം. അവര്‍ കൊണ്ടുവരാറുള്ള തെളിവുകളും, ന്യായങ്ങളും, അവയുടെ ഖണ്ഡനങ്ങളും വിവരിച്ചു കൊണ്ട് സൂ:ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ ഇതിനെപ്പറ്റി നാം സവിസ്തരം സംസാരിച്ചു കഴിഞ്ഞതാണ്. ആകയാൽ, ഇവിടെ അതൊന്നും ആവര്‍ത്തിക്കുന്നില്ല. ജിന്നുവർഗ്ഗത്തെയും പിശാച്ചുക്കളെയും കുറിച്ചു ഖുര്‍ആന്റെയും, ഹദീഥിന്റെയും അടിസ്ഥാനത്തിൽ പല വിവരങ്ങളും നാം അവിടെ വിവരിച്ചിട്ടുണ്ട്. അവയിൽ ചിലതെല്ലാം ഈ സൂറത്തിലെ വചനങ്ങളെ ആധാരമാക്കിക്കൊണ്ടുള്ളതുമാകുന്നു.

ഒരു കൂട്ടം ജിന്നുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയിൽ നിന്നു ഖുര്‍ആൻ കേള്‍ക്കുകയും, അവർ ഖുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും വിശ്വസിക്കുകയും, അനന്തരം തങ്ങളുടെ സമുദായത്തെ അതിലേക്കു ക്ഷണിക്കുകയും ഉണ്ടായ സംഭവമാണ് ഈ സൂറത്തിലെ പ്രധാനവിഷയം. സ്വജനതയെ ക്ഷണിച്ചുകൊണ്ടു അവർ ചെയ്ത പ്രസ്താവനകൾ അല്ലാഹു ഇതിൽ ഉദ്ധരിച്ചിരിക്കുന്നു. ഇതിന്റെ മുമ്പ് കഴിഞ്ഞ സൂറത്തിലെ സംസാരവിഷയം നൂഹ് (عليه السلام) നബി തൊള്ളായിരത്തമ്പതു കൊല്ലം അദ്ദേഹത്തിന്റെ ജനതക്കിടയിൽ നടത്തിയ പ്രബോധനത്തിന്റെയും ആ ജനത അതിന്നെതിരെ സ്വീകരിച്ച നിലപാടിന്റെയും, അവരുടെ പര്യവസാനത്തിന്റെയും ചരിത്രമാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തിനു മുമ്പിൽ അവിടുത്തെ ജനത കൈക്കൊണ്ട നിലപാടും നൂഹ് (عليه السلام)ന്റെ ജനത സ്വീകരിച്ച നിലപാടിന്റെ അതേ പകര്‍പ്പ് തന്നെ. ആകയാൽ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ഒരു മനസ്സമാധാനവും അവിടുത്തെ ജനതക്ക് ഒരു ചരിത്രപാഠവുമായിരുന്നു സൂറത്തു നൂഹ്. സത്യനിഷേധികൾ ഖുര്‍ആനിൽ വിശ്വസിക്കാത്തത് ഖുര്‍ആന്റെയോ നബിയുടെയോ ഏതെങ്കിലും പോരായ്മകൊണ്ടല്ല – അവരുടെ മര്‍ക്കടമുഷ്ടികൊണ്ട് മാത്രമാണ് – എന്നും, മനുഷ്യവർഗ്ഗത്തിൽ പെട്ടവർപോലുമല്ലാത്ത ഒരു കൂട്ടം ആളുകൾ – ജിന്നുകൾ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ നിന്നു ഖുര്‍ആൻ കേട്ടമാത്രയിൽ അതിൽ ആകൃഷ്ടരാവുകയും വിശ്വസിക്കുകയും ചെയ്തുവെന്നും, മാത്രമല്ല, അവർ തങ്ങളുടെ ജനതയെ അതിലേക്ക് ക്ഷണിക്കുക കൂടിയുണ്ടായെന്നും ഈ സൂറത്ത് ഓര്‍മ്മിപ്പിക്കുന്നു.

72:1
  • قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا ﴾١﴿
  • (നബിയേ) പറയുക: 'ജിന്നുകളിൽ നിന്നുള്ള ഒരു കൂട്ടർ (ഖുര്‍ആൻ) ശ്രദ്ധിച്ചുകേള്‍ക്കുകയുണ്ടായെന്നു എനിക്കു 'വഹ്‌യു' നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: 'നിശ്ചയമായും, ഞങ്ങൾ ആശ്ചര്യകരമായ ഒരു 'ഖുര്‍ആൻ' [പാരായണ ഗ്രന്ഥം] കേട്ടു.'
  • قُلْ പറയുക أُوحِيَ إِلَيَّ എനിക്കു വഹ്‌യ് (ബോധനം) നൽകപ്പെട്ടിരിക്കുന്നു أَنَّهُ اسْتَمَعَ ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന് نَفَرٌ مِّنَ الْجِنِّ ജിന്നില്‍പ്പെട്ട ഒരുകൂട്ടർ (ചെറുസംഘം) فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങൾ കേട്ടിരിക്കുന്നു قُرْءَانًا عَجَبًا ആശ്ചര്യകരമായ ഖുര്‍ആൻ (പാരായണം, പാരായണഗ്രന്ഥം)
72:2
  • يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا ﴾٢﴿
  • 'അതു സന്മാര്‍ഗ്ഗത്തിലേക്കു വഴി കാട്ടുന്നു; അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും പങ്കു ചേര്‍ക്കുകയില്ല തന്നെ.'
  • يَهْدِي അത് വഴികാട്ടുന്നു إِلَى الرُّشْدِ സന്മാര്‍ഗ്ഗ (നേര്‍വഴി - തന്റേടം) ത്തിലേക്ക് فَـَٔامَنَّا بِهِ അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു وَلَن نُّشْرِكَ ഞങ്ങൾ പങ്കുചേര്‍ക്കുകയില്ല തന്നെ بِرَبِّنَا ഞങ്ങളുടെ (നമ്മുടെ) റബ്ബിനോട് أَحَدًا ഒരാളെയും

ജിന്നുകൾ നബി (സ്വ)യിൽ നിന്നു ഖുര്‍ആൻ പാരായണം കേട്ട സംഭവത്തെപ്പറ്റി പല ഹദീഥുകളും കാണാവുന്നതാണ്. അവയിൽ ചിലതെല്ലാം സൂ:അഹ്ക്വാഫ് 29 – 32 ന്റെ വ്യാഖ്യാനത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവിടെയും ഓര്‍മ്മിച്ചിരിക്കേണ്ടതാകുന്നു. ജിന്നുകൾ ഒന്നിലധികം പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സന്നിധിയിൽ വന്നിട്ടുണ്ടെന്നും, തിരുമേനിയൊന്നിച്ച് സഹാബികളിൽ ചിലർ ഉള്ളപ്പോഴും, ആരും ഇല്ലാത്തപ്പോഴും അത് സംഭവിച്ചിട്ടുണ്ടെന്നും ഹദീഥുകളുടെ അടിസ്ഥാനത്തിൽ അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ പലരും ഇബ്നു അബ്ബാസ്‌ (رضي الله عنه) ൽ നിന്നുദ്ധരിച്ച ഒരു ഹദീഥിൽ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കണ്ടിട്ടില്ലെന്നും, അവര്‍ ഖുര്‍ആൻ പാരായണം കേട്ടുപോയ വിവരം വഹ്‌യു മുഖേന മാത്രമാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിഞ്ഞതെന്നും പ്രസ്താവിച്ചിരിക്കുന്നു. ജിന്നുകളുടെ പ്രതിനിധി തിരുമേനിയുടെ അടുക്കൽ വന്ന് ആവശ്യപ്പെട്ട പ്രകാരം തിരുമേനി അവര്‍ക്കു ഖുര്‍ആൻ ഓതിക്കേള്‍പ്പിക്കുകയും, അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഉണ്ടായെന്നും മറ്റും ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ചതായി അഹ്മദ്, മുസ്‌ലിം (رحمهما الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിരിക്കുന്നു. ഇബ്നു അബ്ബാസ് (رضي الله عنه) പ്രസതാവിച്ചത് ഒന്നാമത്തെ സംഭവത്തെക്കുറിച്ചാണെന്നും, ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ചത് രണ്ടാമതൊരു സംഭവമാണെന്നും ഇമാം ബൈഹക്വീ (رحمه الله) മുതലായവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുമേനിയുടെ അടുക്കൽ രണ്ടു പ്രാവശ്യം ജിന്നുകൾ ചെന്നിട്ടുണ്ടെന്ന് ഇബ്നു അബ്ബാസ്‌ (رضي الله عنه) തന്നെയും പ്രസ്താവിച്ചതായി ത്വബ്റാനി (رحمه الله) ഉദ്ധരിച്ചിട്ടുള്ളതും സ്മരണീയമാകുന്നു. കൂടാതെ, ജിന്നുകളുടെ സംഭവം ഉണ്ടായിട്ടുള്ളത് തിരുമേനി മക്കയിലായിരുന്ന കാലത്താണ്. അന്ന് ഇബ്നു അബ്ബാസ്‌ (رضي الله عنه) ചെറുപ്രായക്കാരനായിരുന്നു. ആ നിലക്ക് ഇബ്നു മസ്ഊദ് (رضي الله عنه), അബൂഹുറൈറ (رضي الله عنه) എന്നിവരെപ്പോലെ അത് സംബന്ധിച്ച സൂക്ഷ്മവിവരം അദ്ദേഹത്തിന് ഇല്ലാതിരിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് – ഇബ്നു തൈമിയ്യ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ – ഇബ്നു അബ്ബാസ്‌ (رضي الله عنه) പ്രസ്താവിച്ചത് അദ്ദേഹം ഈ സൂറത്തിൽ നിന്ന് മനസ്സിലാക്കിപ്പറഞ്ഞതായിരിക്കുകയും ചെയ്യാമല്ലോ. (കൂടുതൽ വിവരം സൂ: അഹ്ക്വാഫിൽ കഴിഞ്ഞു പോയതു ഓര്‍ക്കുക.)

ചുരുക്കത്തിൽ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ നിന്നു ജിന്നുകൾ ഖുര്‍ആൻ കേട്ട സംഭവങ്ങളിൽ ഒന്നിനെപ്പറ്റിയാണ് ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. ആ വിവരം വഹ് യു ലഭിച്ചപ്പോഴേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അറിയുവാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടാണ് قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ (ശ്രദ്ധിച്ചുകേട്ടു എന്നു എനിക്ക് വഹ്‌യു നൽകപ്പെട്ടുവെന്നു പറയുക….) എന്നു പറഞ്ഞിരിക്കുന്നത്. സൂ: അഹ്ക്വാഫിൽ وَإِذْ صَرَفْنَا إِلَيْكَ نَفَرًا مِّنَ الْجِنِّ (ജിന്നുകളിൽ നിന്നുള്ള ഒരു കൂട്ടരെ നിന്റെ അടുക്കലേക്ക് നാം തിരിച്ചുവിട്ട സന്ദര്‍ഭം ഓര്‍ക്കുക) എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. ഈ വാക്യം – സംശയാതീതമാംവണ്ണം സ്പഷ്ടമാണെന്ന് പറഞ്ഞു കൂടാ. എങ്കിലും – ജിന്നുകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കൽ വന്നു ഖുര്‍ആൻ കേള്‍പ്പിക്കുവാൻ ആവശ്യപ്പെട്ട സംഭവത്തെ ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്. ചില മഹാന്മാര്‍ ഇങ്ങിനെ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. എനി, രണ്ടു സൂറത്തിലെയും സംഭവം ഒന്നുതന്നെയാണെന്നു വന്നാല്‍ തന്നെയും, വേറെയും സംഭവം ഉണ്ടായിട്ടുണ്ടെന്നു പല ഹദീഥുകളാലും, അനിഷേധ്യമായി സ്ഥാപിതമായിട്ടുള്ളതാണ്. ഒന്നാമത്തെ തവണ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയാതെത്തന്നെ അവിടുന്ന് ഖുര്‍ആൻ പാരായണം ചെയ്യുന്നതു കേട്ടപ്പോൾ അതിൽ അത്ഭുതവും വിശ്വാസവും ജനിച്ച ആ ജിന്നുകൾ വീണ്ടും വന്ന് തങ്ങള്‍ക്കു ഖുര്‍ആൻ കേൾപ്പിക്കണമെന്നും മറ്റും ആവശ്യപ്പെടുന്നത് കേവലം സ്വാഭാവികം മാത്രമാണ്. نفر (നഫര്‍) എന്ന വാക്ക് പത്തിന് താഴെയുള്ള ചെറുസംഘം ആളുകൾ എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കാറുള്ളത്. ആകയാൽ വന്ന ആളുകൾ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്നു മനസ്സിലാക്കാം.

അപരിഷ്കൃത മനുഷ്യരാണ് ജിന്നുകൾ എന്നു വാദിക്കുന്നവർ, ഇവിടെയും സൂ:അഹ്ക്വാഫിലും ജിന്നുകൾ ഖുര്‍ആൻ കേട്ടുവെന്നു പറഞ്ഞതു മക്കാമുശ്‌രിക്കുകളെ ഭയന്നു വെളിക്കുവരാൻ ധൈര്യപ്പെടാതിരുന്ന ചില മനുഷ്യരെക്കുറിച്ചാണെന്നു പറയുന്നു. ഒരു കൂട്ടം മനുഷ്യര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കൽ വന്നു ഖുര്‍ആൻ കേട്ടു പോകുക, അവര്‍ സത്യവിശ്വാസം സ്വീകരിക്കുക, എന്നിട്ട് തങ്ങളുടെ ജനതയുടെ അടുക്കൽ ചെന്ന് അവരെ ഉപദേശിക്കുക, ഇതെല്ലാം കഴിഞ്ഞിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതൊന്നും അറിഞ്ഞില്ലെന്നും, വഹ്‌യു ലഭിച്ചപ്പോൾ മാത്രമേ അറിഞ്ഞുള്ളുവെന്നും സങ്കൽപിക്കുവാൻ കേവലം നട്ടുച്ചക്കു കണ്ണടച്ചു ഇരുട്ടാക്കുന്നവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ.

ജിന്നുകളുടെ ഈ സംഭവം ഖുര്‍ആനിൽ ഉദ്ധരിച്ചതിൽ നിന്നു താഴെ കാണുന്നതു പോലെയുള്ള ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുവാൻ കഴിയും:

(1) മനുഷ്യരിലേക്ക് മാത്രമായിരുന്നില്ല നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദൗത്യം, അഥവാ ജിന്നുകളിലേക്കും കൂടിയുണ്ടായിരുന്നു. ഈ വിഷയത്തിൽ മുസ്‌ലിംകള്‍ക്കിടയിൽ പറയത്തക്ക ഭിന്നാഭിപ്രായം ഇല്ല.

(2) അവര്‍ക്കു മനുഷ്യന്റെ സംസാരവും ഭാഷയും മനസ്സിലാക്കുവാൻ സാധിക്കും. അവര്‍ ഖുര്‍ആൻ കേട്ടു മനസ്സിലാക്കിയല്ലോ.

(3) അവരും മതശാസനകള്‍ക്ക് വിധേയരാണ്. അവര്‍ സത്യവിശ്വാസം സ്വീകരിച്ചതിൽ നിന്നും, തുടര്‍ന്നുള്ള അവരുടെ പ്രസ്താവനകളിൽ നിന്നും അത് വ്യക്തമാകുന്നു.

(4)അവരും ഒരുതരം സാമൂഹ്യജീവിതം നയിക്കുന്നവരും പരസ്പരം ഉപദേശം നല്‍കുക മുതലായ കൃത്യങ്ങൾ നടത്താറുള്ളവരുമാകുന്നു.

(5) ജിന്നുകൾ പോലും ഖുര്‍ആൻ കേട്ട മാത്രയിൽ അതിൽ വിശ്വസിച്ച സ്ഥിതിക്ക് അവരേക്കാൾ ഉത്തമ വർഗ്ഗമായ മനുഷ്യർ അതിൽ വിശ്വസിക്കുവാൻ പല നിലക്കും അവരെക്കാൾ ബാധ്യസ്ഥരാകുന്നു. എന്നാൽ, ഖുര്‍ആൻ ആവര്‍ത്തിച്ചു കേട്ടിട്ടും അതിൽ വിശ്വസിക്കാത്തവരുടെ തടസ്സം അവരുടെ കുബുദ്ധിയും മര്‍ക്കടമുഷ്ടിയുമാകുന്നു.

ഈ ജിന്നുകൾ ഖുര്‍ആൻ കേട്ടപ്പോൾ അവരിലുണ്ടായ പ്രതികരണം എത്ര വമ്പിച്ചതായിരുന്നുവെന്നു 1 മുതൽ 14 കൂടി വചനങ്ങളിൽ നിന്ന് നല്ല പോലെ മനസ്സിലാക്കാം. ജിന്നുകളുടെ പ്രസ്താവനയുടെ ബാക്കി ഭാഗങ്ങളാണ് താഴെ കാണുന്നത്:-

72:3
  • وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةً وَلَا وَلَدًا ﴾٣﴿
  • നമ്മുടെ റബ്ബിന്റെ മഹത്വം ഉന്നതമായതാകുന്നു എന്നും അവൻ സഹധര്‍മിണിയെയാകട്ടെ, സന്താനത്തെയാകട്ടെ സ്വീകരിച്ചിട്ടില്ല എന്നും;
  • وَأَنَّهُ നിശ്ചയമായും അത് (കാര്യം) تَعَالَىٰ ഉന്നതമായിരിക്കുന്നു (എന്നും) جَدُّ رَبِّنَا നമ്മുടെ റബ്ബിന്റെ മഹത്വം, അനുഗ്രഹം مَا اتَّخَذَ അവൻ ഏര്‍പ്പെടുത്തിയിട്ടില്ല (സ്വീകരിച്ചിട്ടില്ല) صَاحِبَةً സഹധര്‍മിണി (തുണക്കാരി - (ഭാര്യ) യെ وَلَا وَلَدًا സന്താനത്തെ (മക്കളെ)യുമില്ല
72:4
  • وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطًا ﴾٤﴿
  • നമ്മിലുള്ള ഭോഷൻ അല്ലാഹുവിന്റെ പേരിൽ കവിഞ്ഞ അനീതി പറയാറുണ്ടായിരുന്നു എന്നും;
  • وَأَنَّهُ كَانَ ആയിരുന്നുവെന്നും يَقُولُ പറയും سَفِيهُنَا നമ്മിലെ ഭോഷൻ, വിഡ്ഢി عَلَى اللَّـهِ അല്ലാഹുവിന്റെ മേൽ (പേരിൽ) شَطَطًا അക്രമം, കവിഞ്ഞ അനീതി, വിദൂരമായ വ്യാജം
72:5
  • وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلْإِنسُ وَٱلْجِنُّ عَلَى ٱللَّهِ كَذِبًا ﴾٥﴿
  • മനുഷ്യരും ജിന്നും അല്ലാഹുവിന്റെ പേരിൽ നിശ്ചയമായും വ്യാജം പറയുന്നതേയല്ല എന്ന് ഞങ്ങൾ ധരിച്ചുവെന്നും (പ്രസ്താവിച്ചു)
  • وَأَنَّا ظَنَنَّا നാം ധരിച്ചു എന്നും أَن لَّن تَقُولَ പറയുന്നതെയല്ല (പറയുകയില്ല തന്നെ) എന്നും الْإِنسُ മനുഷ്യർ وَالْجِنُّ ജിന്നും عَلَى اللَّـهِ അല്ലാഹുവിന്റെമേൽ كَذِبًا വ്യാജം, വല്ല കളവും

അല്ലാഹുവിനു മക്കളും ഭാര്യയുമുണ്ട് എന്നിങ്ങിനെ യാഥാര്‍ത്ഥ്യവുമായി വിദൂരബന്ധം പോലുമില്ലാത്ത വ്യാജങ്ങൾ അവന്റെ പേരിൽ മനുഷ്യവർഗ്ഗമോ ജിന്നുവർഗ്ഗമോ പറഞ്ഞുണ്ടാക്കുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. ഇപ്പോൾ ഖുര്‍ആൻ കേള്‍ക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോഴാണ് അതെല്ലാം വിഡ്ഢിത്തങ്ങളാണെന്നും, അല്ലാഹു അതിൽ നിന്നെല്ലാം പരിശുദ്ധനാണെന്നും ഞങ്ങള്‍ക്കു ബോധ്യമായതു എന്നു സാരം.

72:6
  • وَأَنَّهُۥ كَانَ رِجَالٌ مِّنَ ٱلْإِنسِ يَعُوذُونَ بِرِجَالٍ مِّنَ ٱلْجِنِّ فَزَادُوهُمْ رَهَقًا ﴾٦﴿
  • മനുഷ്യരിൽ നിന്നുള്ള ചില പുരുഷന്മാർ [ആളുകൾ] ജിന്നുകളിൽ നിന്നുള്ള ചില പുരുഷന്മാരോട് [ആളുകളോടു] ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അവർ അവര്‍ക്കു വിഡ്ഢിത്തം (അഥവാ ഗര്‍വ്വ്) വര്‍ദ്ധിപ്പിച്ചു എന്നും;
  • وَأَنَّهُ كَانَ ആയിരുന്നുവെന്നും رِجَالٌ ചില പുരുഷന്മാര്‍ (ആളുകൾ) مِّنَ الْإِنسِ മനുഷ്യരിള്‍പെട്ട يَعُوذُونَ അഭയം (ശരണം - രക്ഷ) തേടു (മായിരുന്നു) بِرِجَالٍ ചില പുരുഷന്മാരോടു مِّنَ الْجِنِّ ജിന്നിൽ നിന്നുള്ള فَزَادُوهُمْ അങ്ങനെ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചു رَهَقًا ബാധ (ഗര്‍വ്വ്, ധിക്കാരം - ധാര്‍ഷ്ട്യം - വിഡ്ഢിത്തം അക്രമം)
72:7
  • وَأَنَّهُمْ ظَنُّوا۟ كَمَا ظَنَنتُمْ أَن لَّن يَبْعَثَ ٱللَّهُ أَحَدًا ﴾٧﴿
  • അല്ലാഹു ഒരാളെയും എഴുന്നേൽപിക്കുന്നതേയല്ല എന്ന് നിങ്ങൾ ധരിച്ചതുപോലെ അവരും ധരിച്ചിരിക്കുന്നുവെന്നും (പ്രസ്താവിച്ചു).
  • وَأَنَّهُمْ ظَنُّوا അവര്‍ ധരിച്ചു എന്നും كَمَا ظَنَنتُمْ നിങ്ങൾ ധരിച്ചതുപോലെ أَن لَّن يَبْعَثَ എഴുന്നേൽപിക്കുക (അയക്കുക - നിയോഗിക്കുക)യില്ല തന്നെ എന്ന് اللَّـهُ അല്ലാഹു أَحَدًا ഒരാളെയും

ജിന്നുകളെക്കുറിച്ചും, അവരിലുള്ള ദുഷ്ടവിഭാഗമായ ശൈത്വാനെ (പിശാചിനെ)ക്കുറിച്ചും ഇന്ന് പലരിലും കണ്ടുവരുന്നതുപോലെ, അറബികള്‍ക്കിടയിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. വിജനപ്രദേശങ്ങളായ വല്ല താഴ്‌വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശനിവാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങിനെയുള്ള സ്ഥലങ്ങളിൽ കൂടി പോകുമ്പോൾ ‘ഈ താഴ്‌വരയിലെ വിവരമില്ലാത്തവരായ ജിന്നുകളെ സംബന്ധിച്ച് ഇവിടുത്തെ നേതാവായ ജിന്നിനോടു ഞങ്ങൾ ശരണം തേടുന്നു’ എന്നു അവർ പറയാറുണ്ടായിരുന്നു. ഇങ്ങിനെ പറയുന്നതായാൽ തങ്ങള്‍ക്ക് അവരിൽ നിന്നു ഉപദ്രവങ്ങളൊന്നും നേരിടുകയില്ലെന്നു അവർ സമാധാനിക്കുകയും ചെയ്യും. ഇതിനെപ്പറ്റിയാണ് 6-ാം വചനത്തിൽ ജിന്നുകൾ പ്രസ്താവിക്കുന്നത്.

فَزَادُوهُمْ رَهَقًا എന്ന വാക്യത്തിനു രണ്ട് പ്രകാരത്തിൽ അര്‍ത്ഥവ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്: (1) ആ ശരണം തേടല്‍ മൂലം ജിന്നുകള്‍ക്കു മനുഷ്യർ വിഡ്ഢിത്തം വര്‍ദ്ധിപ്പിച്ചു. അഥവാ,അതു നിമിത്തം അവര്‍ക്കു ഗർവ്വും ധിക്കാരവും അധികമായിത്തീര്‍ന്നു. (2) അതുമൂലം മനുഷ്യര്‍ക്കു ജിന്നുകൾ വിഡ്ഢിത്തം വര്‍ദ്ധിപ്പിച്ചു. അഥവാ ജിന്നുകളെക്കുറിച്ചുള്ള ഭയവും അവരോടു ശരണം തേടലും കാരണമായി അവരിൽ ഭോഷ്കും നിഷിദ്ധമായ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു. رَهَق (റഹക്വ്) എന്ന വാക്കിന് സന്ദര്‍ഭോചിതം പല അര്‍ത്ഥങ്ങൾ വരുന്നതും (*) കര്‍ത്താവിന്റെയും കര്‍മ്മത്തിന്റെയും സ്ഥാനത്ത് നിലകൊള്ളുന്ന രണ്ട് സര്‍വ്വനാമങ്ങളി(ضميري الفاعل والمفعول)ൽ ജിന്നുകളെ കുറിക്കുന്നത് ഏതാണെന്നും, മനുഷ്യരെ കുറിക്കുന്നത് ഏതാണെന്നും നിര്‍ണ്ണയിക്കുന്നതിലുള്ള വ്യത്യസ്തവീക്ഷണവുമാണ് (**) ഈ ഭിന്നാഭിപ്രായത്തിനു കാരണം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.

7-ാം വചനത്തിൽ അല്ലാഹു ഒരാളെയും എഴുന്നേല്‍പിക്കുകയില്ല (أَن لَّن يَبْعَثَ اللَّـهُ أَحَدًا) എന്നു പറഞ്ഞതിന്റെ താൽപര്യം അല്ലാഹു ആരെയും റസൂലായി എഴുന്നേല്‍പിക്കുകയില്ലയെന്നും, മരണശേഷം അല്ലാഹു ആരെയും രണ്ടാമത് എഴുന്നേൽപിക്കുകയില്ല എന്നും ആകാവുന്നതാകുന്നു. ഈ രണ്ട് പ്രകാരത്തിലും ആ വാക്യത്തിന് വ്യാഖ്യാനം നൽകപ്പെട്ടിട്ടുമുണ്ട്. രണ്ടായാലും ജിന്നുവർഗ്ഗവും മനുഷ്യവർഗ്ഗവും ധരിച്ചുവന്നിരുന്ന ആ ധാരണ തെറ്റാണെന്ന് തങ്ങള്‍ക്കു ഇപ്പോൾ ബോധ്യമായിരിക്കുന്നുവെന്നത്രെ ജിന്നുകൾ പ്രസ്താവിച്ചതിന്റെ സാരം.

മനുഷ്യരിലുള്ള ചില അപരിഷ്കൃത വിഭാഗത്തിന്റെ പേരാണ് ‘ജിന്ന്’ എന്നും, അങ്ങിനെ ഒരു പ്രത്യേകവർഗ്ഗം സൃഷ്ടികളില്ലെന്നും വാദിക്കുന്നവർ തങ്ങളുടെ വാദത്തിന് കൊണ്ടുവരാറുള്ള പൊള്ളയായ തെളിവുകളിൽ ഒന്നാണ് رجال من الجن (ജിന്നുകളിൽ നിന്നുള്ള പുരുഷന്മാർ) എന്ന വാക്ക്. رجال (രിജാൽ)ന്റെ ഏകവചനം رجل (റജുൽ) എന്നാകുന്നു. ഇത് മനുഷ്യന്മാര്‍ക്കു മാത്രമേ പറയാറുള്ളൂവെന്ന് ഇവർ സമര്‍ത്ഥിക്കുന്നതു കാണാം. ഈ സമര്‍ത്ഥനം കഴമ്പില്ലാത്തതാണെന്നും, അതു സമ്മതിച്ചു കൊടുത്താൽ പോലും അതിൽ അവര്‍ക്കു തെളിവിന്നു വകയില്ലെന്നും സൂ;ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം പ്രത്യേകം വിവരിച്ചു കഴിഞ്ഞതാണ്. ജിന്നു വർഗ്ഗത്തെ നിഷേധിക്കുന്നവര്‍ക്കു ജിന്നുകളുടെ പ്രസ്താവനകളായി ഈ സൂറത്തിൽ കാണുന്ന പലതിനെയും ദുര്‍വ്യാഖ്യാനം ചെയ്യേണ്ടിവന്നിട്ടുണ്ട്. അക്കൂട്ടത്തിൽ തങ്ങളുടെ മനസ്സാക്ഷിയെപ്പോലും വഞ്ചിച്ചു കൊണ്ടു തികച്ചും ബാലിശമായ ദുര്‍വ്യാഖ്യാനങ്ങൾ ചെയ്യേണ്ടിവന്ന ചില ഭാഗങ്ങളാണ് തുടര്‍ന്നുള്ള രണ്ട് ആയത്തുകളിൽ കാണുന്ന ജിന്നുകളുടെ പ്രസ്താവന:-


قال في القاموس: رهقه كفرح غشيه ولحقه الخ والرهق محركة السفه والنوك والخفة وركوب الشر والظلم وغشيان لمحارم الخ هـ (*)

اى يحتمل ان يكون مرجع ضمير الفاعل هو الجن وضمير المفعول هو الانس ويحتمل العكس ايضا (**)


72:8
  • وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَٰهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴾٨﴿
  • നാം ആകാശത്തെ സ്പര്‍ശിച്ചു (നോക്കി): അപ്പോൾ അതു ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി നാം കണ്ടെത്തി എന്നും;
  • وَأَنَّا لَمَسْنَا നാം സ്പര്‍ശിച്ചു(തൊട്ടു) എന്നും السَّمَاءَ ആകാശത്തെ فَوَجَدْنَاهَا അപ്പോൾ നാമതിനെ കണ്ടെത്തി مُلِئَتْ അത് നിറക്കപ്പെട്ട നിലയിൽ حَرَسًا പാറാവുകാരാൽ شَدِيدًا കഠിനമായ, ശക്തമായ وَشُهُبًا തീജ്വാല (ഉല്‍ക്ക)കളാലും
72:9
  • وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَٰعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ ٱلْءَانَ يَجِدْ لَهُۥ شِهَابًا رَّصَدًا ﴾٩﴿
  • നാം അതിൽ [ആകാശത്തിൽ] നിന്ന് ചില ഇരിപ്പിടങ്ങളിൽ കേള്‍ക്കുവാൻ വേണ്ടി ഇരിക്കാറുണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന [കേള്‍ക്കാൻ ശ്രമിക്കുന്ന] തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്രസ്താവിച്ചു).
  • وَأَنَّا كُنَّا نَقْعُدُ നാം ഇരിക്കാറുണ്ടായിരുന്നുവെന്നും مِنْهَا അതിൽ നിന്ന് مَقَاعِدَ ചില ഇരിപ്പിട (താവളം)ങ്ങളിൽ لِلسَّمْعِ കേള്‍ക്കുവാൻവേണ്ടി فَمَن يَسْتَمِعِ എന്നാൽ ആരെങ്കിലും ചെവി കൊടുത്താൽ, കേള്‍ക്കാൻ ശ്രമിച്ചാൽ الْآنَ ഇപ്പോൾ يَجِدْ لَهُ അവൻ തനിക്ക് കണ്ടെത്തും شِهَابًا ഒരു തീജ്വാല, ഉല്‍ക്ക رَّصَدًا പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന

മുന്‍കാലത്തു ആകാശത്തു ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്നു പതിയിരിക്കുകയും, ഭൂമിയിൽ നടക്കുവാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മലക്കുകൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണങ്ങളിൽ നിന്നു വല്ലതും ഉപായത്തിൽ കേള്‍ക്കുകയും അതിൽ വളരെയേറെ വ്യാജങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ആ വിവരം തങ്ങളുടെ സേവകരും ആരാധകരുമായ മനുഷ്യര്‍ക്കു എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു പതിവ് ജിന്നുകളിൽ – ജിന്നുകളിലെ ദുഷ്ടജനങ്ങളായ പിശാചുക്കളിൽ – ഉണ്ടായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിയോഗത്തോടുകൂടി അവര്‍ക്കു ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു. പ്രത്യേകം ചില കാവലുകൾ ഏര്‍പ്പെടുത്തപ്പെടുകയും, നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞാട്ടപ്പെടുകയും ചെയ്തു. ഇതിനെപ്പറ്റിയാണ് ജിന്നുകളുടെ ഈ പ്രസ്താവന. ഈ വിഷയം ഖുര്‍ആനിൽ ഒന്നിലധികം സ്ഥലത്തു വിവരിച്ചിട്ടുള്ളതാണ്. ഈ വിഷയകമായി ഈ വചനങ്ങളടക്കം വന്നിട്ടുള്ള പല ഖുര്‍ആൻ വാക്യങ്ങളും നബി വചനങ്ങളും ഉദ്ധരിച്ചുകൊണ്ട് സൂ:ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ജിന്നും മനുഷ്യനും ഒരേവർഗ്ഗം തന്നെയാണെന്ന വാദക്കാരുടെ ദുര്‍വ്യാഖ്യാനങ്ങളും ദുര്‍ന്യായങ്ങളും അവിടെ എടുത്തുകാട്ടി അവക്കെല്ലാം ശക്തിയുക്തം മറുപടി നല്‍കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല. ആകാശത്തേക്കുള്ള തങ്ങളുടെ പ്രവേശനം തടയപ്പെട്ടു കണ്ടപ്പോൾ, എന്തോ ഒരു പ്രധാന സംഭവം നടന്നിരിക്കുമെന്ന് ജിന്നുകൾ മനസ്സിലാക്കുകയുണ്ടായെന്നും അതെന്തായിരിക്കുമെന്ന് അവർ പല ഭാഗത്തും അന്വേഷണം നടത്തിക്കൊണ്ടിരിക്കവെയാണ് അവരിൽ ഒരു കൂട്ടർ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യിൽ നിന്ന് ഖുര്‍ആൻ പാരായണം കേള്‍ക്കാൻ ഇടയായതെന്നും ഹദീഥിൽ വന്നിട്ടുള്ളത് നാം അവിടെ ഉദ്ധരിച്ചിട്ടുണ്ട്.

72:10
  • وَأَنَّا لَا نَدْرِىٓ أَشَرٌّ أُرِيدَ بِمَن فِى ٱلْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا ﴾١٠﴿
  • ഭൂമിയിലുള്ളവരിൽ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ റബ്ബ് അവരിൽ നേര്‍വഴി (അഥവാ നന്മ) ഉദ്ദേശിച്ചിരിക്കുന്നുവോ എന്നു നമുക്കറിഞ്ഞുകൂടാ എന്നും;
  • وَأَنَّا لَا نَدْرِي നാം അറിയുകയില്ല (നമുക്കറിഞ്ഞുകൂടാ) എന്നും أَشَرّ തിന്മയോ, ദോഷമാണോ أُرِيدَ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു بِمَن فِي الْأَرْضِ ഭൂമിയിലുള്ളവരിൽ (ഉള്ളവരെക്കൊണ്ട്) أَمْ أَرَادَ അതല്ല (അഥവാ - അല്ലെങ്കിൽ) ഉദ്ദേശിച്ചിരിക്കുന്നുവോ بِهِمْ അവരെക്കൊണ്ട്, അവരില്‍ رَبُّهُمْ അവരുടെ റബ്ബ് رَشَدًا നേര്‍വഴി (നന്മ)
72:11
  • وَأَنَّا مِنَّا ٱلصَّٰلِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَآئِقَ قِدَدًا ﴾١١﴿
  • നാമാകട്ടെ, നമ്മളിൽ സദ്‌വൃത്തന്മാരുണ്ട്, അതല്ലാത്തവരും നമ്മിലുണ്ട്; (അതെ) നാം വിഭിന്ന മാര്‍ഗ്ഗങ്ങളായിത്തീര്‍ന്നിരിക്കയാണ് എന്നും (അവര്‍ പ്രസ്താവിച്ചു).
  • وَأَنَّا നാമാകട്ടെ എന്നും مِنَّا നമ്മിലുണ്ട് الصَّالِحُونَ സദ്‌വൃത്തർ, നല്ലവര്‍ وَمِنَّا നമ്മിലുണ്ടുതാനും دُونَ ذَٰلِكَ അതുകൂടാതെയും, അതല്ലാത്തവരും, അതിനു താഴെയും كُنَّا നാം ആയിരിക്കുന്നു طَرَائِقَ പല മാര്‍ഗ്ഗങ്ങൾ قِدَدًا വിഭിന്ന (ചിന്നഭിന്ന)മായ

ആകാശത്തു കാവൽ ഏര്‍പ്പെടുത്തിക്കൊണ്ടു തങ്ങളുടെ പ്രവേശനം തടയപ്പെട്ടിരിക്കുന്നതുമൂലം വല്ല അനിഷ്ടസംഭവങ്ങളും ഭൂമിയിൽ സംഭവിക്കുവാൻ പോകുന്നുണ്ടോ അതല്ല, വല്ല നന്മയും ഭൂമിയിലുള്ളവര്‍ക്കു അതുമൂലം വരുവാനിരിക്കുന്നുവോ എന്നു തങ്ങള്‍ക്കു അറിഞ്ഞുകൂടാ എന്നത്രെ 10-ാം വചനത്തിന്റെ സാരം. മിക്ക വ്യാഖ്യാതാക്കളും പറയുന്നതും അങ്ങിനെയാണ്. ഒരുപക്ഷേ, 11-ാം വചനത്തിൽ അവര്‍ ചൂണ്ടിക്കാട്ടിയതുപോലെ, ഭൂവാസികളിൽ കുറേ നല്ലവരുണ്ടെങ്കിലും അവരിൽ നന്നല്ലാത്തവരും, വിഭിന്ന മാര്‍ഗ്ഗങ്ങൾ സ്വീകരിച്ചവരും ഉള്ള സ്ഥിതിക്ക് അവര്‍ക്കു വല്ല ആപത്തും നേരിടുമോ ഇല്ലേ എന്നറിഞ്ഞുകൂടാ എന്നും ഉദ്ദേശ്യമാകാം. അതുമല്ലെങ്കിൽ, പ്രവാചകന്മാരുടെ നിയോഗത്തിനുശേഷം സമുദായം, ദുര്‍മ്മാര്‍ഗ്ഗം കൈവിടാതെ ശഠിച്ചു നിൽക്കുമ്പോൾ അവരിൽ പൊതുശിക്ഷ അനുഭവപ്പെടാറുള്ളതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായത്തിലും വല്ല ശിക്ഷയും സംഭവിക്കുമോ എന്നു ജിന്നുകൾ സംശയിച്ചതാണെന്നും വരാം. الله أعلم

ഏതായാലും, വളരെ കരുതലോടും മര്യാദയോടും കൂടിയാണ് ജിന്നുകൾ ഈ വാചകം ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. നമുക്കും അതിൽ നല്ല മാതൃകയാണ്. നോക്കുക: തിന്മയെപ്പറ്റി പറഞ്ഞപ്പോൾ ‘ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവോ (أُرِيدَ)’ എന്നു കര്‍ത്താവിനെ വ്യക്തമാക്കാതെ (അവരുടെ റബ്ബ് ഉദ്ദേശിച്ചു എന്ന് പറയാതെ)യും, നന്മയെക്കുറിച്ച് പറഞ്ഞപ്പോൾ ‘അവരുടെ റബ്ബ് ഉദ്ദേശിച്ചു (أَرَادَ بِهِمْ رَبُّهُمْ)’ എന്ന് കര്‍ത്താവിനെ വ്യക്തമാക്കിക്കൊണ്ടുമാണല്ലോ അവർ പറഞ്ഞത്. എല്ലാ ഗുണവും ദോഷവും ഭൂമിയിൽ സംഭവിക്കുന്നത് അല്ലാഹുവിൽ നിന്നാണെങ്കിലും ദോഷങ്ങളുടെ കാരണം സൃഷ്ടികളിൽ നിന്ന് ഉത്ഭവിക്കുന്നതാണെന്ന തത്വമാണ് ഇതിൽ അന്തര്‍ഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിന്മയെ അല്ലഹുവിനോടു ചേര്‍ത്തു പറയാതിരിക്കുന്നത്.

72:12
  • وَأَنَّا ظَنَنَّآ أَن لَّن نُّعْجِزَ ٱللَّهَ فِى ٱلْأَرْضِ وَلَن نُّعْجِزَهُۥ هَرَبًا ﴾١٢﴿
  • ഭൂമിയിൽ നാം അല്ലാഹുവിനെ (അസാധ്യനാക്കി) പരാജയപ്പെടുത്തുന്നതേയല്ലെന്നും, ഓടിപ്പോയിക്കൊണ്ടും അവനെ നാം പരാജയപ്പെടുത്തുന്നതല്ലെന്നും നാം (ഉറപ്പായി) ധരിച്ചിരിക്കുന്നു എന്നും;
  • وَأَنَّا ظَنَنَّا നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചു - വിശ്വസിച്ചു) എന്നും أَن لَّن نُّعْجِزَ നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തു - തോൽപിക്കു) ന്നതേയല്ലെന്ന് اللَّـهَ അല്ലാഹുവിനെ فِي الْأَرْضِ ഭൂമിയിൽوَلَن نُّعْجِزَهُ നാം അവനെ പരാജയപ്പെടുത്തുന്നതേയല്ലെന്നും هَرَبًا ഓടിപ്പോയിക്കൊണ്ട്
72:13
  • وَأَنَّا لَمَّا سَمِعْنَا ٱلْهُدَىٰٓ ءَامَنَّا بِهِۦ ۖ فَمَن يُؤْمِنۢ بِرَبِّهِۦ فَلَا يَخَافُ بَخْسًا وَلَا رَهَقًا ﴾١٣﴿
  • ഞങ്ങൾ സന്മാര്‍ഗ്ഗം കേട്ട അവസരത്തിൽ (തന്നെ) ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നുവെന്നും; എന്നാൽ യാതൊരുവൻ തന്റെ റബ്ബിങ്കല്‍ വിശ്വസിക്കുന്നുവോ അവൻ നഷ്ടത്തെയാകട്ടെ, അക്രമത്തെയാകട്ടെ ഭയപ്പെടേണ്ടി വരികയില്ല;
  • وَأَنَّا നാം (ഞങ്ങൾ) എന്നും لَمَّا سَمِعْنَا ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ الْهُدَىٰ സന്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം ءَامَنَّا بِهِ നാമതിൽ വിശ്വസിച്ചു (എന്നും) فَمَن يُؤْمِن എന്നാൽ ആർ വിശ്വസിക്കുന്നുവോ بِرَبِّهِ തന്റെ റബ്ബിൽ فَلَا يَخَافُ എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല بَخْسًا ചേതത്തെ, നഷ്ടപ്പെടുത്തലിനെ وَلَا رَهَقًا അക്രമത്തെയും (ധിക്കാരവും, ബാധയും) വേണ്ടതില്ല
72:14
  • وَأَنَّا مِنَّا ٱلْمُسْلِمُونَ وَمِنَّا ٱلْقَٰسِطُونَ ۖ فَمَنْ أَسْلَمَ فَأُو۟لَٰٓئِكَ تَحَرَّوْا۟ رَشَدًا ﴾١٤﴿
  • നാമാകട്ടെ, (അനുസരിച്ച്) കീഴൊതുങ്ങുന്നവരും നമ്മിലുണ്ട്, അനീതി ചെയ്യുന്നവരും നമ്മിലുണ്ട് എന്നും; എന്നാൽ, ആര്‍ (അനുസരിച്ചു) കീഴൊതുങ്ങിയോ, അക്കൂട്ടര്‍ നേര്‍മ്മാര്‍ഗ്ഗം ഗൗനിച്ചു;
  • وَأَنَّا നാം (നാമാകട്ടെ) എന്നും مِنَّا നമ്മിലുണ്ട്, നമ്മുടെ കൂട്ടത്തിലുണ്ട് الْمُسْلِمُونَ കീഴൊതുങ്ങിയവര്‍, മുസ്‌ലിംകൾ وَمِنَّا الْقَاسِطُونَ നമ്മിലുണ്ട് അനീതി ചെയ്യുന്നവരും, തെറ്റിയവരും فَمَنْ أَسْلَمَ എന്നാൽ, ആര്‍ കീഴൊതുങ്ങിയോ, മുസ്ലിമായോ فَأُولَـٰئِكَ എന്നാൽ അക്കൂട്ടർ تَحَرَّوْا അവര്‍ ഗൗനിച്ചു, പരിഗണിച്ചു رَشَدًا നേര്‍വഴി, തന്റേടം
72:15
  • وَأَمَّا ٱلْقَٰسِطُونَ فَكَانُوا۟ لِجَهَنَّمَ حَطَبًا ﴾١٥﴿
  • അനീതി ചെയ്യുന്നവരാകട്ടെ, നരകത്തിനു വിറകായിത്തീരുന്നതുമാണ് (എന്നും പ്രസ്താവിച്ചു)
  • وَأَمَّا الْقَاسِطُونَ എന്നാൽ അനീതി ചെയ്യുന്നവരാകട്ടെ فَكَانُوا അവരാകുന്നു, ആയിത്തീര്‍ന്നു لِجَهَنَّمَ ‘ജഹന്നമി’നു (നരകത്തിനു) حَطَبًا വിറക്

നാം പിഴച്ചമാര്‍ഗ്ഗം തുടരുകയാണെങ്കിൽ നമുക്ക് രക്ഷയില്ല. അല്ലാഹു നമ്മെ ശിക്ഷിക്കും. ഭൂമിയിൽ എവിടെവെച്ചും അവനു നമ്മെ പിടികിട്ടും. നമുക്കു ഓടിരക്ഷപ്പെടാനും സാധ്യമല്ല. നമ്മിലാകട്ടെ, അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരും അല്ലാത്തവരും ഉള്‍ക്കൊള്ളുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അവനു കീഴ്പ്പെടുകയും ചെയ്യുന്നവര്‍ക്കു രക്ഷയുണ്ട്. അവര്‍ക്കു ഒന്നും ഭയപ്പെടാനില്ല. അല്ലാത്തവര്‍ക്കു നരകം തന്നെയാണാധാരം, എന്നിങ്ങനെയുള്ള പല തത്വോപദേശങ്ങളാണ് അവര്‍ – ഖുര്‍ആൻ കേട്ട ജിന്നുകൾ – തങ്ങളുടെ ജനതക്ക് നല്‍കുന്നത്. മനുഷ്യരിലെന്ന പോലെത്തന്നെ ജിന്നുകളിലും സദ്‌വൃത്തരും, ദുര്‍വൃത്തരും, സത്യവിശ്വാസികളും, അവിശ്വാസികളും ഉണ്ടെന്നും, അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കു ജിന്നുകളും ബാധ്യസ്ഥരാണെന്നും മറ്റും ഈ പ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.

സൂറത്തിന്റെ ആദ്യത്തെ വചനത്തിൽ ജിന്നുകളെക്കുറിച്ച് ‘എന്നിട്ട് അവർ പറഞ്ഞു’ (فَقَالُوا) എന്നു പറഞ്ഞുവല്ലോ. അതിനെത്തുടര്‍ന്നു ഇതുവരെയുള്ള വചനങ്ങളിൽ കാണുന്നതെല്ലാം അവരുടെ പ്രസ്താവനയെ അല്ലാഹു ഉദ്ധരിച്ചതാകുന്നു. അവയുടെ ഉള്ളടക്കം പരിശോധിക്കുമ്പോൾ ഇതു വ്യക്തമാകുന്നതുമാണ്. ആ പ്രസ്താവന ഇതോടെ അവസാനിച്ചു. അടുത്ത വചനങ്ങൾ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു നല്‍കിയ വഹ്‌യിൽ ഉള്‍പ്പെട്ടതാകുന്നു. എന്നുവെച്ചാൽ, ജിന്നുകൾ ഖുര്‍ആൻ കേള്‍ക്കുകയും അതിനെത്തുടര്‍ന്നു മേല്‍കണ്ട പ്രസ്താവനകൾ ചെയ്യുകയും ചെയ്ത വിവരവും, അടുത്ത (16-19) വചനങ്ങളിലടങ്ങിയ കാര്യങ്ങളും തനിക്ക് വഹ്‌യുമൂലം അറിയിക്കപ്പെട്ടിട്ടുള്ളതായി ജനങ്ങള്‍ക്കു പറഞ്ഞു കൊടുക്കുവാൻ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് കല്‍പിക്കുകയാണ് ചെയ്യുന്നതെന്നു താല്‍പര്യം. ഒരു കാര്യം ഓര്‍മ്മയിലിരിക്കുന്നതു നന്നായിരിക്കും. അറബി ഭാഷയിൽ ‘നാം, നമ്മൾ, ഞങ്ങൾ’ എന്നീ അര്‍ത്ഥങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന സര്‍വ്വനാമങ്ങളാണ് نحن ، نا (നാ, നഹ്‌നു) എന്നീ രണ്ടു സര്‍വ്വനാമങ്ങളും. വ്യത്യാസം സന്ദര്‍ഭം കൊണ്ടു മനസ്സിലാക്കേണ്ടതാണ്.

72:16
  • وَأَلَّوِ ٱسْتَقَٰمُوا۟ عَلَى ٱلطَّرِيقَةِ لَأَسْقَيْنَٰهُم مَّآءً غَدَقًا ﴾١٦﴿
  • (ആ) മാര്‍ഗ്ഗത്തിൽ അവർ ഉറച്ചു നിലകൊള്ളുകയാണെങ്കിൽ, നാം അവര്‍ക്കു ധാരാളമായി വെള്ളം കുടിപ്പാൻ കൊടുക്കുന്നതാണ് എന്നും, (എനിക്ക് വഹ് യു നൽകപ്പെട്ടിരിക്കുന്നുവെന്ന് പറയുക);-
  • وَأَن എന്നും لَّوِ اسْتَقَامُوا അവര്‍ ഉറച്ചുനിന്നാൽ, ശരിയായി നിലകൊണ്ടാല്‍, ചൊവ്വായാൽ عَلَى الطَّرِيقَةِ (ആ) മാര്‍ഗ്ഗത്തിൽ, വഴിയിലായി لَأَسْقَيْنَاهُم നാം അവര്‍ക്കു കുടിപ്പാൻ കൊടുക്കും مَّاءً വെള്ളം غَدَقًا ധാരാളം
72:17
  • لِّنَفْتِنَهُمْ فِيهِ ۚ وَمَن يُعْرِضْ عَن ذِكْرِ رَبِّهِۦ يَسْلُكْهُ عَذَابًا صَعَدًا ﴾١٧﴿
  • അതിൽ അവരെ നാം പരീക്ഷിക്കുവാന്‍ വേണ്ടി(യത്രെ, അത്). തന്റെ റബ്ബിന്റെ ഉൽബോധനത്തെ (അഥവാ സ്മരണയെ) വിട്ട് ആര്‍ തിരിഞ്ഞുകളയുന്നുവോ അവനെ അവൻ പ്രയാസകരമായ ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്.
  • لِّنَفْتِنَهُمْ فِيهِ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി وَمَن يُعْرِضْ ആര്‍ തിരിഞ്ഞുകളയുന്നുവോ عَن ذِكْرِ ഉൽബോധനം (സ്മരണ, ഉപദേശം, പ്രസ്താവന) വിട്ട് رَبِّهِ തന്റെ റബ്ബിന്റെ يَسْلُكْهُ അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ് عَذَابًا ശിക്ഷയിൽ صَعَدًا പ്രയാസകരമായ, ഞെരുങ്ങിയ (കഠിനമായ)

لَّوِ اسْتَقَامُوا (അവര്‍ ഉറച്ചു നിൽക്കുകയാണെങ്കിൽ) എന്ന വാക്കിലെ ‘അവര്‍’ എന്ന സര്‍വ്വനാമം ജിന്നുകളെ ഉദ്ദേശിച്ചോ, മനുഷ്യരെ ഉദ്ദേശിച്ചോ, രണ്ടു കൂട്ടരെയുംകൂടി ഉദ്ദേശിച്ചോ ആകാവുന്നതാകുന്നു. 15-ാം വചനത്തോടുകൂടി ജിന്നുകളുടെ പ്രസ്താവന അവസാനിച്ചുവെന്നും 16-ാം വചനം മുതൽക്കുള്ളതു ജിന്നുകളുടെ പ്രസ്താവനയിൽ പെട്ടതല്ലെന്നും പറഞ്ഞുവല്ലോ. അതു പോലെത്തന്നെ, ‘ആ മാര്‍ഗ്ഗം (الطريقة) കൊണ്ടുള്ള വിവക്ഷ മുന്‍ വചനങ്ങളിൽ നിന്നു അറിയപ്പെട്ട നല്ല മാര്‍ഗ്ഗമമോ, അല്ലെങ്കിൽ ചീത്തമാര്‍ഗ്ഗമോ ആയിരിക്കാവുന്നതുമാകുന്നു. ‘ധാരാളം വെള്ളം കുടിപ്പാൻ നൽകും’ (اسْقَيْنَاهُم مَّاءً غَدَقًا) എന്ന് പറഞ്ഞതിന്റെ താൽപര്യം അവരുടെ ജീവിതമാര്‍ഗ്ഗം സുഖകരമാക്കിക്കൊടുക്കുമെന്നത്രെ. വെള്ളമാണല്ലോ ജീവിതമാര്‍ഗ്ഗങ്ങളുടെ പ്രധാന ഉപാധി. അപ്പോൾ 16-ാം വചനത്തിന്റെ സാരം രണ്ടിലൊരു പ്രകാരത്തിലായിരിക്കാവുന്നതാണ്‌: (1) മേൽ സൂചിപ്പിച്ച ആ നേരായ മാര്‍ഗ്ഗത്തിൽ അവർ ചൊവ്വിനു ഉറച്ചുനിൽക്കുന്നപക്ഷം, അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങള്‍ക്കു പുറമെ ഭൂമിയിൽ വെച്ച് സുഖകരമായ ജീവിതവും അവൻ നൽകുന്നതാകുന്നു. (2) അവര്‍ ഇതുവരെ സ്വീകരിച്ചുവന്ന ആ ദുര്‍മാര്‍ഗ്ഗത്തില്‍ തന്നെ അവർ ഉറച്ചു നിൽക്കുകയാണെങ്കിലും അവര്‍ക്കു അല്ലാഹു ജീവിതമാര്‍ഗ്ഗങ്ങൾ നൽകുക തന്നെ ചെയ്യും. അവരുടെ ശിക്ഷ പരലോകത്തു വെച്ച് അവർ അനുഭവിക്കുകയും ചെയ്യും. ആദ്യം പറഞ്ഞതാണ് കൂടുതൽ വ്യക്തവും സ്വീകാര്യവുമായത്. ഈ രണ്ട് വ്യാഖ്യാനത്തിൽ ഏത് സ്വീകരിക്കപ്പെട്ടാലും ശരി, വെള്ളം മുതലായ ജീവിതോപാധികൾ നൽകപ്പെടുന്നതിൽ അവരെ പരീക്ഷിക്കുകയെന്ന ലക്ഷ്യം ഉള്‍കൊള്ളുന്നു. അവര്‍ നന്ദികാണിക്കുമോ, നന്ദികേട് കാണിക്കുമോ? ഇതാണ് പരീക്ഷണം. പരീക്ഷണമാകട്ടെ, നന്മ മുഖേനയും തിന്മ മുഖേനയും നടത്തപ്പെടുന്നതുമാണ്. (ونبلوكم بالشر والخير فتنة)

സ്ഥാപിത താൽപ‌ര്യക്കാരായ ആളുകൾ തങ്ങളുടെ ആശയങ്ങള്‍ക്കനുകൂലമായി സമര്‍ത്ഥിക്കാവുന്ന ഏതവസരവും അതിനു ഉപയോഗപ്പെടുത്തുന്നതു സ്വാഭാവികമാണല്ലോ. ജിന്നുകൾ എന്നു പറയുന്നതു അപരിഷ്കൃതരായ മനുഷ്യവിഭാഗത്തെക്കുറിച്ചാണെന്ന വാദക്കാർ ചൂഷണം ചെയ്യുന്ന ഒരു സ്ഥലമാണ് 16-ാം വചനം. ജിന്നുകളും ‘ഇൻസു’കളും (മനുഷ്യരും) മാര്‍ഗ്ഗത്തിൽ ഉറച്ചുനിൽക്കുന്ന പക്ഷം അവര്‍ക്കു അല്ലാഹു വെള്ളം കുടിപ്പാൻ കൊടുക്കും – അഥവാ കൃഷി മുതലായവക്കുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തികൊടുക്കും – എന്നാണ് ഈ വചനത്തിൽ പറയുന്നത്. മനുഷ്യരിൽ നിന്നും ഭിന്നമായ ഒരു പ്രത്യേക വര്‍ഗ്ഗമെന്ന് കരുതപ്പെടുന്ന ജിന്നുകൾ വെള്ളം ഉപയോഗിച്ച് കൃഷിയും മറ്റും നടത്തുന്നതായി കാണപ്പെടുന്നുമില്ല. അപ്പോൾ, ഇതെല്ലാം മനുഷ്യവര്‍ഗ്ഗത്തെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാവാനേ തരമുള്ളൂ. എന്നിരിക്കെ, ജിന്നും ഇൻസും ഒരേവര്‍ഗ്ഗത്തിൽപെട്ട രണ്ടു വിഭാഗക്കാര്‍ മാത്രമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. എന്നൊക്കെയാണ് ഇവിടെ അവരുടെ സമര്‍ത്ഥനം.

സ്വന്തം യുക്തിവാദങ്ങള്‍ക്കു യോജിക്കുന്നില്ലെന്ന ഏക കാരണത്താൽ, യാതൊരു സംശയത്തിനും പഴുതില്ലാത്ത സുസ്പഷ്ടമായ എത്രയോ ആയത്തുകളെയും ഹദീഥുകളെയും ദുര്‍വ്യാഖ്യാനം ചെയ്‌തും അവഗണിച്ചും കൊണ്ട് ആദ്യമേ ജിന്നുവര്‍ഗ്ഗത്തെ നിഷേധിക്കുവാൻ ധൈര്യപ്പെട്ട ഇവരുടെ ഇത്തരം സമര്‍ത്ഥനങ്ങള്‍ക്കു നാം ഒട്ടും വിലകൽപിക്കേണ്ടതായിട്ടില്ല. ജിന്നുവര്‍ഗ്ഗത്തെ സ്ഥാപിക്കുന്ന മുസ്‌ലിംകള്‍ക്കും അതിനുള്ള തെളിവ് അവരുടെ യുക്തിയോ ശാസ്ത്രമോ ഒന്നുമല്ല. ഖുര്‍ആനും ഹദീസും മാത്രമാകുന്നു. മനുഷ്യബുദ്ധിക്ക് എത്തിച്ചേരുവാൻ കഴിയാത്ത കണക്കറ്റ യാഥാര്‍ത്ഥ്യങ്ങളിൽ ആ രണ്ടിനെയും മാത്രം ആധാരമാക്കിയാണ് മുസ്‌ലിംകൾ പലതും വിശ്വസിച്ചുവരുന്നത്. അപ്പോൾ, ‘അവർക്ക് നാം വെള്ളം കുടിപ്പാൻ കൊടുക്കും (لَأَسْقَيْنَـٰهُم مَّآءً)’ എന്ന് അല്ലാഹു പ്രസ്താവിച്ചത് ജിന്നുകളെയും കൂടി ഉദ്ദേശിച്ചു കൊണ്ടാണെന്ന് വന്നാലും മുസ്‌ലിംകള്‍ക്കു അതിൽ ആശ്ചര്യപ്പെടാനില്ല. കാരണം, ജിന്നു വര്‍ഗ്ഗത്തിനും വെള്ളം ആവശ്യമുണ്ടായിരിക്കുമെന്നു വിശ്വസിക്കുവാൻ അവര്‍ക്കു യാതൊരു വിരോധവുമില്ല. പക്ഷേ, വെള്ളത്തിന്റെ ആവശ്യം ജിന്നുകള്‍ക്കു എന്തൊക്കെയാണ്, എങ്ങിനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. ഈ ഖുര്‍ആൻ വചനത്തിലാകട്ടെ, ‘കുടിപ്പാൻ കൊടുക്കും’ എന്നല്ലാതെ, ‘കൃഷിക്കോ മറ്റോ’ സൗകര്യം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ടുമില്ല. അതെല്ലാം കേവലം അവരുടെ വ്യാഖ്യാനം മാത്രമാണ്. എന്നിരിക്കെ, ചുരുങ്ങിയ പക്ഷം, കുടിപ്പാനെങ്കിലും ജിന്നുകള്‍ക്കു വെള്ളം ആവശ്യമായിരിക്കുമെന്നാണ് ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്. ഹദീഥിൽ നിന്നാകട്ടെ, ഇത് കൂടുതൽ വ്യക്തവുമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ഇബ്നു ഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു:

لاَ يَأْكُلُ أَحَدُكُمْ بِشِمَالِهِ، وَلاَ يَشْرَبَنَّ بِشِمَالِهِ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ، وَيَشْرَبُ بِشِمَالِهِ‏ – مسلم

(നിങ്ങളിൽ ഒരാളും തന്റെ ഇടതു കൈകൊണ്ടു തിന്നുകയോ, കുടിക്കുകയോ ചെയ്തു പോകരുത്. കാരണം, പിശാച് അവന്റെ ഇടതു കൈകൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യുന്നു). (മുസ്‌ലിം) ജിന്നുകളിലെ ദുഷിച്ച വിഭാഗമാണ്‌ പിശാചുക്കൾ എന്നും ജിന്നുകള്‍ക്കു ഭക്ഷണപാനീയങ്ങൾ ആവശ്യമുണ്ടെന്നും മറ്റും സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം സ്ഥാപിച്ചു കഴിഞ്ഞതാണ്.

72:18
  • وَأَنَّ ٱلْمَسَٰجِدَ لِلَّهِ فَلَا تَدْعُوا۟ مَعَ ٱللَّهِ أَحَدًا ﴾١٨﴿
  • പള്ളികൾ അല്ലാഹുവിനുള്ളതാണ്; ആകയാൽ അല്ലാഹുവിനോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത് എന്നും;
  • وَأَنَّ الْمَسَاجِدَ പള്ളികൾ എന്നും لِلَّـهِ അല്ലാഹുവിന്, അല്ലഹുവിന്റേതു ആകുന്നു (എന്നും) فَلَا تَدْعُوا۟ ആകയാൽ നിങ്ങൾ വിളിക്കരുത്, പ്രാര്‍ത്ഥിക്കരുതു مَعَ اللَّـهِ അല്ലാഹുവിന്റെ കൂടെ أَحَدًا ഒരാളെയും
72:19
  • وَأَنَّهُۥ لَمَّا قَامَ عَبْدُ ٱللَّهِ يَدْعُوهُ كَادُوا۟ يَكُونُونَ عَلَيْهِ لِبَدًا ﴾١٩﴿
  • അല്ലാഹുവിന്റെ അടിയാൻ [നബി] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടു നിന്നപ്പോൾ, അവര്‍ അദ്ദേഹത്തിന്റെ മേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ്‌യു നൽകപ്പെട്ടതായി പറയുക).
  • وَأَنَّهُ അത് (കാര്യം) എന്നും لَمَّا قَامَ നിന്ന (എഴുന്നേറ്റ)പ്പോള്‍ عَبْدُ اللَّـه അല്ലാഹുവിന്റെ അടിയാൻ, അടിമ يَدْعُوهُ അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ട് كَادُوا അവര്‍ ആകാറായി يَكُونُونَ ആകുവാൻ عَلَيْهِ അദ്ദേഹത്തിന്റെ മേൽ لِبَدًا തിങ്ങികൊണ്ട്, കൂട്ടം കൂടിക്കൊണ്ട്

അല്ലാഹുവിനെ ആരാധിക്കുവാനും അവനോട് പ്രാര്‍ത്ഥന നടത്തുവാനും വേണ്ടി അവന്റെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നവയാണ് പള്ളികളാകുന്ന ആരാധനാസ്ഥലങ്ങൾ. ആരാധനയും പ്രാര്‍ത്ഥനയുമാകട്ടെ, അല്ലാഹുവിനുമാത്രം അവകാശപ്പെട്ടതുമാണ്. എന്നിരിക്കെ, അവിടെവെച്ച് അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കുവാനോ വിളിച്ചു പ്രാര്‍ത്ഥിക്കുവാനോ മുതിരുന്നത് വമ്പിച്ച അക്രമവും അനീതിയും പാപവുമാകുന്നു. ബഹുദൈവാരാധകന്മാര്‍ അവരുടെ ആരാധനാസ്ഥലങ്ങളിൽ പല ദൈവങ്ങളെയും വിളിച്ചാരാധിക്കുന്നതു പോലെയും, വേദക്കാര്‍ അവരുടെ പള്ളികളിൽ ഈസാ (عليه السلام) നബി മുതലായവരെ വിളിച്ചാരാധിക്കുന്നതു പോലെയും പള്ളികളിൽ വെച്ച് ചെയ്തുകൂടാ എന്നത്രെ 18-ാം വചനത്തിന്റെ സാരം. പള്ളികളിൽ ആര്‍ക്കുമാര്‍ക്കും പ്രത്യേക അവകാശം വാദിക്കാവതല്ലെന്നും, അല്ലാഹുവിന് മാത്രമാണ് അവയുടെ ഉടമാവകാശമെന്നും അവ മുസ്‌ലിംകൾ അവരുടെ പൊതുസ്ഥാപനമായി ഉപയോഗിക്കേണ്ടതാണെന്നും ഈ വചനത്തിള്‍ നിന്നു മനസ്സിലാക്കാവുന്നതാണ്.

‘അല്ലാഹുവിന്റെ അടിയാൻ’ (عَبْدُ اللَّـهِ) എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചാകുന്നു. തിരുമേനിയുടെ അടുക്കൽ ജിന്നുകൾ ചെല്ലുമ്പോൾ അവിടുന്ന് സഹാബികളൊന്നിച്ച് നമസ്കരിക്കുകയായിരുന്നു. നമസ്കാരകര്‍മ്മവും ഖുര്‍ആൻ പാരായണവും കണ്ടപ്പോൾ അവർ ആശ്ചര്യത്തോടും ആവേശത്തോടും കൂടി തിരക്കിട്ടു തിരുമേനിയുടെ ചുറ്റും ചെന്നു കൂടുകയായി. ഈ വിവരവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് വഹ്‌യുമൂലം അല്ലാഹു അറിയിച്ചു കൊടുത്തു എന്നാണ് 19-ാം വചനത്തിൽ പ്രസ്താവിക്കുന്നത്. ഈ വചനം ജിന്നുകൾ തങ്ങളുടെ ജനതയോട് ചെയ്ത പ്രസ്താവനകളിൽ ഉള്‍പ്പെട്ടതാണ് എന്നത്രെ വ്യാഖ്യാതാക്കളിൽ ഒരു പക്ഷത്തിന്റെ അഭിപ്രായം. അതിന്റെ താൽപര്യം രണ്ടു പ്രകാരത്തിൽ ആയിരിക്കുവാൻ സാധ്യതയുണ്ട്.

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കരിക്കുമ്പോൾ അവിടുത്തോടൊപ്പം സഹാബികൾ സംഘം ചേര്‍ന്ന് നമസ്കരിക്കുന്നതും, റുകൂഅ്, സുജൂദ് മുതലായവയിൽ അനുകരിക്കുന്നതും കണ്ടപ്പോൾ അവര്‍ക്കു ആശ്ചര്യം തോന്നി. അതു തങ്ങളുടെ ജനതയ്ക്കു വിവരിച്ചു കൊടുക്കുകയാണ്.

(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തൗഹീദിലേക്ക് ക്ഷണിക്കുവാൻ തുടങ്ങിയപ്പോൾ ജിന്നുകളും മനുഷ്യരുമാകുന്ന ശത്രുക്കൾ തിരുമെനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കെതിരെ കൂട്ടംകൂടി തടസ്സങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്കിലും അല്ലാഹു തിരുമേനിയെ സഹായിക്കുക തന്നെ ചെയ്തുവെന്നു അവർ ആ ജനതയ്ക്കു വിവരിച്ചു കൊടുക്കുകയാണ്. الله اعلم

വിഭാഗം - 2

72:20
  • قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا ﴾٢٠﴿
  • (നബിയേ) പറയുക: 'നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല'
  • قُلْ പറയുക إِنَّمَآ أَدْعُوا۟ നിശ്ചയമായും ഞാന്‍ വിളിക്കു (പ്രാര്‍ത്ഥിക്കു)ന്നുള്ളൂ رَبِّي എന്റെ റബ്ബിനെ (മാത്രം) وَلَا أُشْرِكُ ഞാന്‍ പങ്കുചേര്‍ക്കുകയുമില്ല بِهِ أَحَدًا അവനോടു ഒരാളെയും
72:21
  • قُلْ إِنِّى لَآ أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا ﴾٢١﴿
  • പറയുക: ‘നിശ്ചയമായും ഞാൻ, നിങ്ങള്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഒരു നേര്‍മ്മാര്‍ഗ്ഗമാകട്ടെ അധീനപ്പെടുത്തുന്നില്ല [രണ്ടിനും കഴിവില്ല]’
  • قُلْ പറയുക إِنِّي നിശ്ചയമായും ഞാന്‍ لَا أَمْلِكُ ഞാന്‍ അധീനപ്പെടുത്തുന്നില്ല (എനിക്ക് സ്വാധീനമില്ല, കഴിവില്ല) لَكُمْ നിങ്ങള്‍ക്കു ضَرًّا ഉപദ്രവത്തിന്, ദോഷം ചെയ്‌വാൻ وَلَا رَشَدًا നേര്‍മ്മാര്‍ഗ്ഗത്തിനും, ഗുണത്തിനും (ഇല്ല)
72:22
  • قُلْ إِنِّى لَن يُجِيرَنِى مِنَ ٱللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِۦ مُلْتَحَدًا ﴾٢٢﴿
  • പറയുക: ‘നിശ്ചയമായും, അല്ലാഹുവിൽ നിന്നു എനിക്ക് ഒരാളും രക്ഷ നൽകുന്നതല്ല. അവന് പുറമെ യാതൊരഭയസ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ലതന്നെ;-
  • قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ لَن يُجِيرَنِي എനിക്കു രക്ഷ നൽകുകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല مِنَ اللَّـهِ അല്ലാഹുവിൽ നിന്ന് أَحَدٌ ഒരാളും وَلَنْ أَجِدَ ഞാന്‍ കണ്ടെത്തുക (എനിക്കു കിട്ടുക)യുമില്ല തന്നെ مِن دُونِهِ അവനെകൂടാതെ, അവനുപുറമെ مُلْتَحَدًا ഒരഭയസ്ഥാനവും, രക്ഷയും
72:23
  • إِلَّا بَلَٰغًا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦ ۚ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ﴾٢٣﴿
  • അല്ലാഹുവിങ്കൽ നിന്നുള്ള (പ്രബോധനം) എത്തിക്കലും അവന്റെ ദൗത്യങ്ങളുമല്ലാതെ (മറ്റൊന്നും) എന്റെ അധീനത്തിലില്ല. അല്ലാഹുവിനോടും അവന്റെ റസൂലിനോടും ആര്‍ അനുസരണക്കേട്‌ കാണിക്കുന്നുവോ അവര്‍ക്കു നിശ്ചയമായും ‘ജഹന്നമി’ന്റെ [നരകത്തിന്റെ] അഗ്നിയുണ്ടായിരിക്കും, അതിൽ എന്നെന്നും നിത്യവാസികളായിക്കൊണ്ട്!’
  • إِلَّا بَلَاغًا എത്തിച്ചുകൊടുക്കലല്ലാതെ, പ്രബോധനം ഒഴികെ مِّنَ اللَّـهِ അല്ലാഹുവില്‍ നിന്ന് وَرِسَالَاتِهِ അവന്റെ ദൗത്യങ്ങളും وَمَن يَعْصِ ആര്‍ അനുസരണക്കേട്‌ കാട്ടുന്നുവോ اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്റെ റസൂലിനോടും فَإِنَّ لَهُ എന്നാല്‍ നിശ്ചയം അവനുണ്ട് نَارَ جَهَنَّمَ ജഹന്നമിന്റെ അഗ്നി خَالِدِينَ فِيهَا അതില്‍ നിത്യവാസികളായിക്കൊണ്ട് أَبَدًا എന്നെന്നും, എക്കാലവും
72:24
  • حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا ﴾٢٤﴿
  • അങ്ങനെ, അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ, അപ്പോൾ അറിഞ്ഞുകൊള്ളും, ആരാണ് സഹായികളിൽ ഏറ്റവും ദുര്‍ബലരും; എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്ന്!
  • حَتَّىٰ إِذَا رَأَوْا അങ്ങനെ അവര്‍ കണ്ടാല്‍, കാണുന്നവരേക്കും مَا يُوعَدُونَ അവരോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് فَسَيَعْلَمُونَ അപ്പോള്‍ അവർ അറിഞ്ഞുകൊള്ളും مَنْ أَضْعَفُ ഏറ്റവും ദുര്‍ബലര്‍ ആരാണെന്ന് نَاصِرًا സഹായികളില്‍, സഹായകനാല്‍ وَأَقَلُّ ഏറ്റവും കുറവുള്ളവരും عَدَدًا എണ്ണത്തിൽ, എണ്ണത്താൽ

നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, ഞാനൊരിക്കലും തൗഹീദിനെതിരായി ഒന്നും പ്രവര്‍ത്തിക്കുകയില്ല, നിങ്ങള്‍ക്ക് വല്ല ഗുണമോ ദോഷമോ വരുത്തുവാൻ എനിക്ക് സാദ്ധ്യവുമല്ല, എനിക്കുതന്നെയും അല്ലാഹുവിങ്കൽ നിന്ന് വല്ല ആപത്തും വരികയാണെങ്കിൽ അത് തടുക്കുവാൻ സാധ്യമല്ല, അവനല്ലാതെ എനിക്ക് രക്ഷയുമില്ല. പക്ഷേ, അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ദൗത്യങ്ങൾ നിറവേറ്റുവാനും അവന്റെ സന്ദേശങ്ങൾ പ്രബോധനം ചെയ്യുവാനും ഞാൻ നിയുക്തനായിരിക്കുകയാണ്. ആ നിലക്കാണ് ഞാൻ നിങ്ങളെ അഭിമുഖീകരിക്കുന്നത്. ഒരു കാര്യം നിങ്ങൾ ഓര്‍ത്തിരിക്കണം. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവാൻ തയ്യാറില്ലെങ്കിൽ നിങ്ങൾ ശാശ്വതമായ നരക ശിക്ഷക്ക് അര്‍ഹരായിരിക്കും. തൽക്കാലം കുറെയൊക്കെ കഴിവും സ്വാധീനവും നിങ്ങള്‍ക്കുണ്ടെന്ന് കരുതി നിങ്ങൾ വഞ്ചിതരാകേണ്ട. അതൊന്നും അല്ലാഹുവിന്റെ ശിക്ഷക്കെതിരിൽ നിങ്ങള്‍ക്കു ഉപകരിക്കുകയില്ല, നിങ്ങൾ തികച്ചും നിസ്സഹായരായിത്തീരുമെന്ന് നിങ്ങൾ ഓര്‍ത്തിരിക്കണം. എന്നൊക്കെ, ജനങ്ങളെ ഉൽബോധിപ്പിക്കുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അല്ലാഹു കല്‍പിക്കുന്നു. ما يوعدون (അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം) കൊണ്ടുദ്ദേശ്യം അടുത്ത ഭാവിയിൽ സംഭവിക്കുവാനിരിക്കുന്ന തൗഹീദിന്റെ വിജയവും ശിര്‍ക്കിന്റെ പരാജയവുമായിരിക്കാം. അല്ലെങ്കിൽ പരലോക ശിക്ഷയുമായിരിക്കാം. الله أعلم

72:25
  • قُلْ إِنْ أَدْرِىٓ أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُۥ رَبِّىٓ أَمَدًا ﴾٢٥﴿
  • പറയുക:- ‘എനിക്കു അറിഞ്ഞുകൂടാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സമീപത്തുണ്ടാകുന്നതാണോ, അതല്ല, എന്റെ റബ്ബ് അതിനു വല്ല (ദീര്‍ഘമായ) കാലാവധിയും ഏര്‍പ്പെടുത്തുന്നതാണോ എന്ന്.
  • قُلْ പറയുക إِنْ أَدْرِي എനിക്കറിഞ്ഞുകൂടാ, ഞാന്‍ അറിയുകയില്ല أَقَرِيبٌ സമീപമായതാണോ, അടുത്തതോ مَّا تُوعَدُونَ നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നതു أَمْ يَجْعَلُ അതോ ആക്കുമോ (അതല്ല ഏര്‍പ്പെടുത്തുമോ) لَهُ رَبِّي അതിനു എന്റെ റബ്ബ് أَمَدًا ഒരു (ദീര്‍ഘമായ) കാലാവധി
72:26
  • عَٰلِمُ ٱلْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِۦٓ أَحَدًا ﴾٢٦﴿
  • 'അദൃശ്യത്തെ അറിയുന്നവനത്രെ (അവൻ). എന്നാൽ, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവൻ ഒരാള്‍ക്കും വെളിവാക്കിക്കൊടുക്കുന്നതല്ല.
  • عَالِمُ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് فَلَا يُظْهِرُ എന്നാലവന്‍ വെളിവാക്കുക (വെളിപ്പെടുത്തിക്കൊടുക്കുക)യില്ല عَلَىٰ غَيْبِهِ അവന്റെ അദൃശ്യത്തെപ്പറ്റി أَحَدًا ഒരാള്‍ക്കും
72:27
  • إِلَّا مَنِ ٱرْتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسْلُكُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦ رَصَدًا ﴾٢٧﴿
  • '-അവൻ തൃപ്തിപ്പെട്ടിട്ടുള്ള വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹമാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിലൂടെയും, പിമ്പിലൂടെയും അവൻ പാറാവുകാരെ പ്രവേശിപ്പിക്കുന്നതുമാണ്.
  • إِلَّا مَنِ ارْتَضَىٰ അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കല്ലാതെ, (തിരഞ്ഞെടുത്തവരെയല്ലാതെ) مِن رَّسُولٍ വല്ല റസൂലും, ദൂതരില്‍ നിന്ന് فَإِنَّهُ എനി, (എന്നാല്‍) അദ്ദേഹമോ, അദ്ദേഹമാകട്ടെ يَسْلُكُ അവന്‍ പ്രവേശിപ്പിക്കും (ഏര്‍പ്പെടുത്തും) مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുമ്പിലൂടെ وَمِنْ خَلْفِهِ അദ്ദേഹത്തിന്റെ പിന്നിലൂടെയും رَصَدًا പാറാവുകാരെ, വീക്ഷിക്കുന്നവരെ
72:28
  • لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَٰلَٰتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَىْءٍ عَدَدًۢا ﴾٢٨﴿
  • 'അവര്‍ തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങളെ എത്തിച്ചു കൊടുത്തിട്ടുണ്ട് എന്ന് അറിയുവാൻ വേണ്ടി(യാണത്). അവരുടെ അടുക്കലുള്ളതിനെ അവൻ [അല്ലാഹു] വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. [പൂര്‍ണ്ണമായി അറിയുന്നു]. അവൻ, സര്‍വവസ്തുവും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു'.
  • لِّيَعْلَمَ അവന്‍ അറിയുവാൻ വേണ്ടി أَن قَدْ ഉണ്ട് എന്നു أَبْلَغُوا അവന്‍ എത്തിച്ചു رِسَالَاتِ ദൗത്യങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ وَأَحَاطَ അവന്‍ വലയം ചെയ്ക (പൂര്‍ണ്ണമായി അറിയുക)യും ചെയ്തിരിക്കുന്നു بِمَا لَدَيْهِمْ അവരുടെ അടുക്കല്‍ (പക്കല്‍) ഉള്ളതിനെ وَأَحْصَىٰ അവന്‍ കണക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു كُلَّ شَيْءٍ എല്ലാ വസ്തുവെയും عَدَدًا എണ്ണം, എണ്ണത്താല്‍

കഴിഞ്ഞ വചനങ്ങളിൽ ജനങ്ങള്‍ക്കു പല കാര്യങ്ങളെക്കുറിച്ച് ഉൽബോധനം നൽകുവാൻ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് കൽപിച്ചു. ഈ വചനങ്ങളിൽ വീണ്ടും ചില കാര്യങ്ങൾ ഉല്‍ബോധിപ്പിക്കുവാൻ കൽപിക്കുന്നു. അവിശ്വാസികൾ അനുഭവിക്കേണ്ടി വരുമെന്നു താക്കീതു ചെയ്യപ്പെടുന്ന ശിക്ഷ എത്രകാലം കൊണ്ടാണ് സംഭവിക്കുക എന്ന് അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. അതിനെക്കുറിച്ച് മാത്രമല്ല, അദൃശ്യങ്ങളായ വിവരങ്ങളൊന്നും തന്നെ എനിക്കോ മറ്റോ അറിയുകയില്ല. അല്ലാഹു തൃപ്തിപ്പെടുന്ന അവന്റെ ദൂതന്മാര്‍ക്കു അവൻ വല്ലതും അറിയിച്ചുകൊടുത്തെന്നു വരും. അങ്ങിനെ അവൻ എനിക്ക് അറിയിക്കുന്ന സംഗതികളാകട്ടെ, അതില്‍ ഒരു പ്രകാരേണയും യാതൊരു കൈകടത്തലോ മാറ്റത്തിരുത്തലോ സംഭവിക്കുവാന്‍ മാര്‍ഗ്ഗവുമില്ല. കാരണം, അവ വളരെ ഭദ്രവും സുരക്ഷിതവുമായിരിക്കും. അവരുടെ മുമ്പിലും പിമ്പിലും അവന്‍ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കും. വാര്‍ത്തയുമായി വരുന്നവരെക്കുറിച്ചും വാര്‍ത്ത എത്തിക്കപ്പെടുന്നവരെക്കുറിച്ചും എന്നുവേണ്ട സകല കാര്യങ്ങളെക്കുറിച്ചും അല്ലാഹു പരിപൂര്‍ണ്ണമായും സൂക്ഷ്മമായും അറിയുന്നതുമാകുന്നു എന്നൊക്കെയാണ് ഈ വചനങ്ങള്‍ മുഖേന പ്രഖ്യാപനം ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കൽപിക്കുന്നത്.

26ഉം 27ഉം വചനങ്ങളിൽ നിന്ന് മൗലിക പ്രധാനങ്ങളായ ചില സംഗതികൾ മനസ്സിലാക്കേണ്ടതുണ്ട്. സംശയത്തിനോ അന്യവ്യാഖ്യാനങ്ങള്‍ക്കൊ ഇടയില്ലാത്തവിധം വ്യക്തമായ ഭാഷയിലാണത് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും.

(1) അദൃശ്യ കാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്.

(2) അവൻ തൃപ്തിപ്പെട്ട റസൂലുകള്‍ക്ക് – ദിവ്യദൂതന്മാര്‍ക്ക് – അല്ലാതെ അദൃശ്യ കാര്യത്തെപ്പറ്റി അവൻ വെളിവാക്കിക്കൊടുക്കുകയില്ല.

(3) റസൂലുകള്‍ക്ക് അവ എത്തിച്ചു കൊടുക്കപ്പെടുന്നത് വളരെ ഭദ്രവും സുരക്ഷിതവുമായ നിലയിലായിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:-

(1) وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ – البقرة: 255

അവന്റെ (അല്ലാഹുവിന്റെ) അറിവിൽ നിന്ന് യാതൊന്നിനെയും അവന്‍ ഉദ്ദേശിച്ചതിനെയല്ലാതെ അവർ (ആകാശഭൂമികളിലുള്ളവര്‍) വലയം ചെയ്യുന്നില്ല. (അൽ ബഖറ: 255)

(2) قُل لَّا يَعْلَمُ مَن فِي السَّمَاوَاتِ وَالْأَرْضِ الْغَيْبَ إِلَّا اللَّـهُ – النمل: 65

പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യം അറിയുന്നതല്ല. (നംല്: 65)

(3) قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ – الانعام:50

പറയുക: അല്ലാഹുവിന്റെ ഖജനാക്കൾ എന്റെ അടുക്കലുണ്ടെന്ന് നിങ്ങളോടു ഞാൻ പറയുന്നില്ല. ഞാൻ അദൃശ്യ കാര്യം അറിയുന്നതുമല്ല. ഞാൻ ഒരു മലക്കാണെന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് വഹ്‌യ് നൽകപ്പെടുന്നതിനെയല്ലാതെ ഞാൻ പിൻപറ്റുന്നില്ല. (അൻആം: 50).

ബുദ്ധി കൊണ്ടോ, ബാഹ്യേന്ദ്രിയങ്ങൾ വഴിയോ അറിയുവാൻ കഴിയാത്തതും, കാര്യകാരണ ബന്ധങ്ങൾക്കതീതമായതുമായ കാര്യങ്ങള്‍ക്കാണ് അദൃശ്യകാര്യം (الغيب) എന്ന് പറയുന്നത്. ഊഹിച്ചോ, ഗണിച്ചോ, ലക്ഷണം മുഖേനയോ പരിചയത്തെ അടിസ്ഥാനമാക്കിയോ, യന്ത്രസാമഗ്രികൾ ഉപയോഗപ്പെടുത്തിയോ അറിഞ്ഞേക്കുന്ന കാര്യങ്ങളൊന്നും അദൃശ്യജ്ഞാനങ്ങളല്ലെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. (ഇതിനെപ്പറ്റി സൂ:ലുഖ്മാന്റെ അവസാനത്തിലും മറ്റും വിവരിച്ചിട്ടുള്ളത് ഓര്‍ക്കുക). അല്ലാഹു തൃപ്തിപ്പെട്ട റസൂലുകള്‍ക്കു മാത്രമേ അദൃശ്യങ്ങളിൽ പെട്ട വല്ല കാര്യങ്ങളും അവൻ അറിയിച്ചു കൊടുക്കുകയുള്ളൂവെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. റസൂലുകൾ എന്ന് പറഞ്ഞതിൽ പ്രവാചകന്മാരായ ദൈവദൂതന്മാരും, അവര്‍ക്കു ദൈവിക സന്ദേശങ്ങൾ എത്തിച്ചുകൊടുക്കുന്ന മലക്കുകളും ഉള്‍പ്പെടുന്നു. അപ്പോൾ പ്രശ്നക്കാര്‍, ജോത്സ്യന്മാര്‍, പിശാചുക്കൾ, അവരുടെ സേവകന്മാര്‍, മന്ത്രവാദികൾ എന്നുവേണ്ട പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും, മഹാത്മാക്കളുമായ ആളുകളെല്ലാം തന്നെ അദൃശ്യകാര്യം അറിയാൻ കഴിയാത്തവരാണെന്ന് സ്പഷ്ടം. നബിമാര്‍ക്കു പോലും അല്ലാഹു അറിയിച്ചുകൊടുത്തത് മാത്രമേ അറിയുവാൻ കഴിയുകയുള്ളു താനും. അതെ, അല്ലാഹുവിൽ നിന്നുള്ള വഹ്‌യു കൊണ്ടല്ലാതെ നബിമാര്‍ക്കും , നബിമാരിൽ നിന്ന് കേട്ടറിഞ്ഞല്ലാതെ മറ്റുള്ളവര്‍ക്കും അദൃശ്യവിവരം അറിയുവാൻ മാര്‍ഗ്ഗമില്ല.

അല്ലാഹുവിൽ നിന്ന് നബിമാര്‍ക്ക് സന്ദേശം (വഹ്‌യു) എത്തിക്കുമ്പോൾ മുമ്പിലൂടെയും പിമ്പിലൂടെയും പാറാവുകാരുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. ഈ പാറാവുകാര്‍ മലക്കുകളായിരിക്കും. ഇബ്നു അബ്ബാസ്‌ (رضي الله عنه) ഇപ്രകാരം പറഞ്ഞിട്ടുള്ളതായി നിവേദനം വന്നിട്ടുണ്ട്: ‘ഏതൊരു ഖുര്‍ആൻ വചനവും തന്നെ, അല്ലാഹുവിന്റെ നബിയുടെ അടുക്കൽ എത്തുന്നതുവരെയും അതിനെ കാത്തുംകൊണ്ട് അതിന്റെ കൂടെ നാല് മലക്കുകൾ ഇല്ലാതെ അവൻ ഇറക്കിയിട്ടില്ല’. ഇതിനു തെളിവായി ഇബ്നു അബ്ബാസ്‌ (رضي الله عنه) ഈ രണ്ട് വചനങ്ങൾ ഓതുകയും ചെയ്തു (رواه ابن مردويه) വഹ്‌യു കൊണ്ടുവരുന്ന മഹാദൂതൻ ജിബ്‌രീൽ (عليه السلام) ആണല്ലോ. അദ്ദേഹത്തിന്റെ ഒന്നിച്ച് വേറെ നാല് മലക്കുകൾ ഉണ്ടാകുമെന്നാണ് ‘പാറാവുകാര്‍ (رصدا)’ എന്ന് പറഞ്ഞതിന്റെ വിവക്ഷ എന്നു സഈദുബ്നു ജുബൈർ (رضي الله عنه) പ്രസ്താവിച്ചതായി നിവേദനം വന്നിട്ടുണ്ട്. (رواه ابن جرير)

لِّيَعْلَمَ أَن قَدْ أَبْلَغُوا۟ رِسَـٰلَـٰتِ رَبِّهِمْ (തങ്ങളുടെ റബ്ബിന്റെ ദൗത്യങ്ങൾ അവർ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് അറിയുവാൻ വേണ്ടി) എന്ന വാക്യത്തിന്റെ ഉദ്ദേശ്യം ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന് എത്തിച്ചു കൊടുക്കുവാൻ വേണ്ടി അല്ലാഹു ഏൽപ്പിച്ചു കൊടുക്കുന്ന ദൗത്യങ്ങളെ ശരിക്കും എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് റസൂലിന് ബോധ്യപ്പെടുവാൻ വേണ്ടി എന്നുള്ളതാണ് അവയിൽ കൂടുതൽ ബലപ്പെട്ട അഭിപ്രായം. അല്ലാഹു സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണ്. വഹ്‌യിന്റെ വാഹകനായ ജിബ്‌രീൽ ആകട്ടെ, ‘വിശ്വസ്തനും, ശക്തനും അല്ലാഹുവിങ്കൽ പ്രത്യേക സ്ഥാനമുള്ള ആളും’. (امين ذو قوة عند ذي العرش مكين) എന്നിരിക്കെ, പിന്നെ എന്തിനാണ് വഹയിന്റെ കൂടെ അത് കാത്തുരക്ഷിക്കുവാൻ ഒരു പാറാവുസംഘം? ദിവ്യലോകത്തു നിന്ന് ഭൗതികലോകത്തേക്കുള്ള – അഥവാ ലോകസൃഷ്ടാവിന്റെ തിരുസന്നിധിയിൽ നിന്ന് സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉന്നതന്മാരായ പ്രവാചകന്മാരിലേക്കുള്ള – വാര്‍ത്താമാര്‍ഗ്ഗമാണല്ലോ വഹ്‌യ്‌. അതിന്റെ വാഹകന്മാരാണ് ആത്മീയ ജീവികളും പരിശുദ്ധരുമായ മലക്കുകൾ. അപ്പോൾ, ആത്മീയ സൃഷ്ടികളിൽ നിന്നോ, ഭൗതിക സൃഷ്ടികളിൽ നിന്നോ മാര്‍ഗ്ഗമദ്ധ്യേ യാതൊരു ഇടപെടലും കൂടാതെ, സുരക്ഷിതവും സുഭദ്രവുമായ നിലയിൽ അത് യഥാസ്ഥാനത്ത് എത്തി ചേര്‍ന്നിട്ടുണ്ടെന്ന് അങ്ങേയറ്റം ഉറപ്പുവരുത്തലാണ് അതിന്റെ ഉദ്ദേശ്യം. അതാണ്‌ ഈ വാക്യത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നതും. കൂടാതെ, പിശാചുക്കൾ ആകാശത്തുനിന്ന് ചില വാര്‍ത്തകൾ കട്ടു കേള്‍ക്കുവാൻ ശ്രമിച്ചിരുന്നുവെന്നും ശക്തമായ പാറാവും അഗ്നിജ്വാലയും മുഖേന ആ ഏര്‍പ്പാട് നിശ്ശേഷം തടയപ്പെട്ടിരിക്കുന്നുവെന്നും ഈ സൂറത്തിലും മറ്റും പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ, അല്ലാഹു നബിമാര്‍ക്കു നൽകുന്ന വഹ്‌യിൽ നിന്ന് വല്ലതും മനസ്സിലാക്കുവാനോ, അതിനെ സമീപിക്കുവാനോ പിശാചുകള്‍ക്കു ഒരിക്കലും – മുമ്പും പിന്നീടും – സാധ്യമല്ലെന്നും പിശാചുക്കൾ കട്ടു കേട്ടിരുന്നത് വഹയിന്റെ ഇനത്തിലോ, ദൈവികരഹസ്യങ്ങളിലോ ഉള്‍പ്പെട്ട കാര്യങ്ങളായിരുന്നില്ലെന്നും – നബിവചനങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെ – ഭൂമിയിൽ സംഭവിക്കുവാൻ പോകുന്ന ചില കാര്യങ്ങൾ മലക്കുകൾ തമ്മിൽ സംസാരിക്കുന്നത് മാത്രമായിരുന്നു അവര്‍ക്കു കട്ടുകേള്‍ക്കുവാൻ കഴിഞ്ഞിരുന്നതെന്നും ഈ വചനങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.

ജിന്നുവര്‍ഗ്ഗത്തെയും ആകാശത്തു നിന്ന് പിശാചുക്കൾ കട്ടുകേള്‍ക്കാറുണ്ടായിരുന്നതിനെയും നിഷേധിക്കുന്നവര്‍ 27-ാം വചനം തങ്ങളുടെ നിഷേധത്തെ ന്യായീകരിക്കുന്നതായി അവകാശപ്പെടാറുണ്ട്. ‘പിശാചുക്കള്‍ക്ക് ദൈവിക രഹസ്യങ്ങൾ കട്ടുകേള്‍ക്കുവാൻ കഴിയുകയില്ലെന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണ് വഹയിന്റെ മുമ്പിലും പിമ്പിലും കാവൽ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞത്’ എന്ന് അവര്‍ പറയുന്നു. ‘ദൈവികരഹസ്യങ്ങൾ’ പിശാചുക്കൾ കട്ടുകേട്ടിരുന്നതായി മുസ്‌ലിംകൾ ആരും കരുതുന്നില്ല. ബുദ്ധിയുള്ളവര്‍ ആരും അങ്ങിനെ കരുതുന്നതുമല്ല. മലക്കുകളുടെ ചില സംസാരങ്ങളാണ് പിശാചുക്കൾ കട്ടുകേട്ടിരുന്നതെന്നത്രെ അവർ പറയുന്നത്. ഇത് നബി വചനത്തെ ആസ്പദമാക്കിയാണുതാനും. (സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക). പക്ഷേ തങ്ങള്‍ക്കു ഖണ്ഢിക്കുവാൻ ഒരെളുപ്പമാര്‍ഗ്ഗമെന്ന നിലക്ക് ദൈവീക രഹസ്യങ്ങൾ കട്ടു കേള്‍ക്കുക എന്ന പ്രയോഗം ഇവർ കൽപിച്ചു കൂട്ടി സ്വയം സൃഷ്ടിച്ചതാണ്. ഈ പ്രയോഗം സമ്മതിച്ചു കൊടുത്താൽ തന്നെയും ഈ വചനം യഥാര്‍ത്ഥത്തിൽ കട്ടുകേള്‍വിയെ നിഷേധിക്കുവാനല്ല – സ്ഥാപിക്കുവാനാണ് – തെളിവായിത്തീരുക. കാരണം, പിശാചുക്കളുടെ കട്ടുകേൾവിയെ പോലെയുള്ള ഏതെങ്കിലും സംഗതികൾവഴി, വഹ്‌യിന്റെ ഭദ്രതയിലും വിശ്വാസ്യതയിലും സംശയിക്കപ്പെടുവാൻ ഏതെങ്കിലും മാര്‍ഗ്ഗമുള്ളതുകൊണ്ടാണല്ലോ വഹ്‌യിന്റെ മുമ്പിലൂടെയും പിമ്പിലൂടെയും കാവൽ ഏര്‍പ്പെടുത്തി ഭദ്രമാക്കുന്നത്. അത്തരം സംഗതികളൊന്നും സംശയിക്കുവാനില്ലാത്തപക്ഷം, പിന്നെ എന്തിനാണ് ഇങ്ങിനെ ശക്തമായ കാവൽ ഏര്‍പ്പെടുത്തുന്നത്? എന്നു ചോദിക്കപ്പെടാമല്ലോ.

اللهم هداية للصواب وتوفيقا للسداد ولك الحمد والمنة