സൂറത്തുല്‍ ഖലം : 01-27
ഖലം (പേന)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 52 – വിഭാഗം (റുകൂഉ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- نٓ ۚ وَٱلْقَلَمِ وَمَا يَسْطُرُونَ ﴾١﴿
- 'നൂന്'. പേനതന്നെയാണ, അവര്‍ (എഴുതി) രേഖപ്പെടുത്തുന്നതും തന്നെയാണ (സത്യം)!-
- ن നൂന് وَالْقَلَمِ പേനതന്നെയാണ സത്യം وَمَا يَسْطُرُون അവര്‍ രേഖപ്പെടുത്തുന്ന (എഴുതുന്ന)തും തന്നെയാണ
- مَآ أَنتَ بِنِعْمَةِ رَبِّكَ بِمَجْنُونٍ ﴾٢﴿
- (നബിയേ) നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട് നീ ഭ്രാന്തനല്ല.
- مَا أَنتَ നീ അല്ല بِنِعْمَةِ رَبِّكَ നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട് بِمَجْنُونٍ ഭ്രാന്തന്
- وَإِنَّ لَكَ لَأَجْرًا غَيْرَ مَمْنُونٍ ﴾٣﴿
- നിശ്ചയമായും, നിനക്ക് മുറിഞ്ഞുപോകാത്ത [നിരന്തരമായ] പ്രതിഫലവും ഉണ്ട്;
- وَإِنَّ لَكَ നിശ്ചയമായും നിനക്കുണ്ടുതാനും لَأَجْرًا പ്രതിഫലം غَيْرَ مَمْنُون മുറിക്കപ്പെടാത്ത, മുറിയാത്ത, ദാക്ഷിണ്യം എടുത്തുപറയപ്പെടാത്ത (ഉദാരമായ)
- وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴾٤﴿
- നിശ്ചയമായും, നീ മഹത്തായ ഒരു സ്വഭാവഗുണത്തോട് കൂടിയാണ് (ഉള്ളത്).
- وَإِنَّكَ നിശ്ചയമായും നീ لَعَلَىٰ خُلُق ഒരു സ്വഭാവഗുണത്തോടു കൂടിയാണ്, സ്വഭാവത്തില്‍ തന്നെ عَظِيمٍ മഹത്തായ
- فَسَتُبْصِرُ وَيُبْصِرُونَ ﴾٥﴿
- എന്നിരിക്കെ, വഴിയെ നീ കണ്ടറിയുന്നതാണ്; അവരും കണ്ടറിയും:
- فَسَتُبْصِرُ എന്നാല്‍ (അതിനാല്‍) വഴിയെ നീ കണ്ടറിയും وَيُبْصِرُونَ അവരും കണ്ടറിയും
- بِأَييِّكُمُ ٱلْمَفْتُونُ ﴾٦﴿
- നിങ്ങളില്‍ ആരിലാണ് കുഴപ്പം പിടിപെട്ടവൻ (ഉള്ളത്) എന്ന്!
- بِأَييِّكُمُ നിങ്ങളില്‍ ആരിലാണ് الْمَفْتُونُ കുഴപ്പം പിടിപെട്ടവന് (ചിത്തഭ്രമമുള്ളവന്‍)
ആരംഭത്തില്‍ കാണുന്ന ن (നൂന്) പോലെയുള്ള കേവലാക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പല പ്രാവശ്യം നാം സംസാരിച്ചിട്ടുണ്ട്. അവയുടെ സാക്ഷാല്‍ ഉദ്ദേശ്യമെന്താണെന്ന് അല്ലാഹുവിന്നറിയാമെന്നത്രെ അതിന്റെ ചുരുക്കം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെപ്പറ്റി മുശ്രിക്കുകള്‍ പല ആരോപണങ്ങളും പുറപ്പെടുവിക്കാറുണ്ടല്ലോ. അക്കൂട്ടത്തില്‍ ചിലതാണ് ഭ്രാന്തനെന്നും, ജിന്നിന്റെ ബാധ ഏറ്റവനെന്നും മറ്റും. ഈ ആരോപണത്തെ അല്ലാഹു ഖണ്ഡിക്കുന്നു. മാത്രമല്ല, തിരുമേനി അല്ലാഹുവിനാല്‍ അനുഗ്രഹീതനാണെന്നും, അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനമുള്ള ആളാണെന്നും വളരെ മഹത്തായ സ്വഭാവവൈശിഷ്ട്യത്തോടുകൂടിയ ആളാണെന്നും അസന്നിഗ്ധമായി പ്രസ്താവിക്കുകയും ചെയ്യുന്നു. അഞ്ചും ആറും വചനങ്ങളില്‍ കാണുന്ന പ്രവചനം അധികം താമസിയാതെ – ഇസ്ലാമിന്റെ വിജയത്തോടുകൂടി – പുലരുകയും ചെയ്തിട്ടുണ്ട്. അതെ, കുഴപ്പം പിടിപ്പെട്ടതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കല്ലെന്നും അവര്‍ക്കുതന്നെയാണെന്നും അവര്‍ക്ക് ബോധ്യമായി.
പേനകൊണ്ടും, പേന ഉപയോഗിച്ച് എഴുതി രേഖപ്പെടുത്തുന്ന കാര്യങ്ങള്‍ – അല്ലെങ്കില്‍ ലിഖിതങ്ങള്‍ – കൊണ്ടും സത്യം ചെയ്തുകൊണ്ടാണ് അല്ലാഹു മുശ്രിക്കുകളെ ഖണ്ഡിച്ചത്. പേനക്കും എഴുത്തിനും അല്ലാഹു കല്പിച്ചിട്ടുള്ള പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ക്വുര്‍ആന്‍ വാക്യങ്ങളില്‍തന്നെ علم بالقلم (അവന് പേനകൊണ്ട് പഠിപ്പിച്ചു) എന്ന് പറഞ്ഞിട്ടുള്ളതും പ്രസ്താവ്യമാണ്. അല്ലാഹു ഉദ്ദേശിക്കുന്ന ഏതു വസ്തുവെകൊണ്ടും അവന് സത്യം ചെയ്യാവുന്നതാണ്. എങ്കിലും, സത്യത്തിനായി അവൻ ഉപയോഗിച്ച വസ്തുക്കളെപ്പറ്റി പരിശോധിക്കുമ്പോള്‍, അവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതും ചിന്തക്ക് വിഷയമാകേണ്ടതുമായിരിക്കും. ‘പേന’ (القلم) കൊണ്ട് ഇവിടെ ഉദ്ദേശ്യം, മനുഷ്യന്റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ ഉപയോഗിക്കുന്ന പേനയാണ് – അഥവാ നമ്മുടെ പേനയുടെ സ്ഥാനത്ത് അവര്‍ ഉപയോഗിക്കുന്ന ഉപകരണം ഏതോ അതാണ് – എന്നും അവര്‍ ‘എഴുതുന്നത്’ (ما يسطرون) എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം മലക്കുകള്‍ രേഖപ്പെടുത്തുന്ന കര്‍മങ്ങളാണ് എന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, നാം ആദ്യം സൂചിപ്പിച്ചതു പോലെ മനുഷ്യര്‍ എഴുതുവാന്‍ ഉപയോഗിക്കുന്ന പേനകളും അവര്‍ എഴുതുന്ന ലിഖിതങ്ങളുമാണ് ഉദ്ദേശ്യം എന്നുള്ള അഭിപ്രായമാണ് കൂടുതല്‍ വ്യക്തവും യുക്തവുമായിക്കാണുന്നത്. الله اعلم
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഭാവഗുണം അങ്ങേയറ്റം ഉല്‍കൃഷ്ടവും മാതൃകാപരവുമായിരുന്നുവെന്നുള്ളതിന് അല്ലാഹു നല്കിയ മഹത്തായ ഒരു സാക്ഷിപത്രമാണ് നാലാം വചനം. തിരുമേനിയുടെ എതിരാളികള്‍ പോലും അവിടുത്തെ സ്വഭാവഗുണത്തെ പ്രശംസിക്കുമായിരുന്നു. ‘സല്സ്വഭവങ്ങള് പൂര്‍ത്തിയാക്കുവാന്‍ വേണ്ടിത്തന്നെയാണ് എന്നെ നിയോഗിച്ചിട്ടുള്ളത്.’ എന്ന് തിരുമേനി അരുളിച്ചെയ്തിട്ടുമുണ്ട്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സ്വഭാവത്തെപ്പറ്റി അന്വേഷിച്ച ഒരാളോട് ആയിഷാ (رضي الله عنها) പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘തിരുമേനിയുടെ സ്വഭാവം ക്വുര്‍ആനായിരുന്നു’. (അ.ന). സൽസ്വഭാവമായി ഖുർആനിൽ എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ടോ അതെല്ലാം തിരുമേനിയിൽ സമ്മേളിച്ചിരുന്നു – അഥവാ ഖുർആൻ വിഭാവനം ചെയ്യുന്ന സല്‍സ്വഭാവങ്ങളുടെ പ്രാവര്‍ത്തിക മാതൃകയായിരുന്നു തിരുമേനിയുടെ ജീവിതം – എന്ന് താല്പര്യം. ഹദീഥ് ഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും പരിശോധിച്ചാല്‍ ഇതിന് ധാരാളക്കണക്കില്‍ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. അവ ഏറെക്കുറെ പരക്കെ അറിയപ്പെട്ടതുമാണ്. പക്ഷേ, കാലക്രമേണ മുസ്ലിം സമുദായം തിരുമേനിയുടെ സ്വഭാവഗുണങ്ങളെ മാതൃകയാക്കുന്നതില്‍ നിന്ന് അകന്നകന്നു പോയിരിക്കുകയാണ്. അതിന്റെ തിക്തഫലം സമുദായം ആകമാനം അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവില്‍ ശരണം!
ആഇശ (رضي الله عنها) പ്രസ്താവിച്ചതായി അഹ്മദ് (رحمه الله) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുന്ന അവസരത്തിലല്ലാതെ ഒരു ഭൃത്യനെയാകട്ടെ, സ്ത്രീയെയാകട്ടെ, മറ്റാരെയെങ്കിലുമാകട്ടെ തിരുമേനി അടിക്കുകയുണ്ടായിട്ടില്ല. രണ്ടു കാര്യങ്ങള്‍ക്കിടയില്‍ തിരുമേനിയോട് അഭിപ്രായം അന്വേഷിച്ചാല്‍ രണ്ടില്‍ വെച്ച് കൂടുതല്‍ സൗകര്യപ്രദമായത് ഏതോ അതല്ലാതെ അവിടുന്ന് തിരഞ്ഞെടുക്കുകയില്ല – അത് കുറ്റകരമായാലൊഴികെ. കുറ്റകരമാണെങ്കിലോ, മറ്റെല്ലാവരെക്കാളും അധികം അതില്‍ നിന്ന് അകന്നു നില്ക്കുന്നവനുമായിരിക്കും തിരുമേനി. അല്ലാഹു ബഹുമാനിച്ച വല്ല കാര്യവും അപമാനിക്കപ്പെടുന്ന പക്ഷം അവിടെ, അല്ലാഹുവിനുവേണ്ടി പ്രതികാരം നടത്തുമെന്നല്ലാതെ, സ്വന്തം കാര്യത്തിനുവേണ്ടി ആരോടും അവിടുന്ന് പ്രതികാരം ചെയ്യുകയില്ല.’
- إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ ﴾٧﴿
- നിശ്ചയമായും നിന്റെ റബ്ബ് അവന്റെ മാര്‍ഗം വിട്ട് പിഴച്ചുപോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.സന്മാര്ഗം പ്രാപിച്ചവരെപ്പറ്റിയും അവന് നല്ലവണ്ണം അറിയുന്നവനാണ്.
- إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ أَعْلَم അവന് ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് بِمَن ضَلَّ പിഴച്ച(തെറ്റിയ)വരെപ്പറ്റി عَن سَبِيلِهِ അവന്റെ മാര്‍ഗത്തില്‍ നിന്ന്, മാര്‍ഗം വിട്ട് وَهُوَ أَعْلَمُ അവന് നല്ലവണ്ണം അറിയുന്നവനുമാണ് بِالْمُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റി
- فَلَا تُطِعِ ٱلْمُكَذِّبِينَ ﴾٨﴿
- ആകയാല്‍, വ്യാജമാക്കുന്നവരെ നീ അനുസരിക്കരുത്.
- فَلَا تُطِع ആകയാല്‍ നീ അനുസരിക്കരുത് الْمُكَذِّبِينَ വ്യാജമാക്കുന്നവരെ
- وَدُّوا۟ لَوْ تُدْهِنُ فَيُدْهِنُونَ ﴾٩﴿
- നീ മയപ്പെടുത്തിയിരുന്നുവെങ്കില് (നന്നായിരുന്നു) എന്ന് അവര്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ അവരും മയപ്പെടുത്തുമായിരുന്നു.
- وَدُّوا അവര്‍ ആഗ്രഹിക്കുകയാണ്, താൽപര്യപ്പെട്ടു لَوْ تُدْهِنُ നീ മയപ്പെടുത്തി (വിട്ടുവീഴ്ച ചെയ്തു - മിനുക്കുനയം സ്വീകരിച്ചു) എങ്കില്‍ എന്ന് فَيُدْهِنُونَ എന്നാല്‍ അവര്‍ മയപ്പെടുത്തുന്നതാണ്
മുശ്രിക്കുകളുടെ ആരാധ്യവസ്തുക്കളെപ്പറ്റി ആക്ഷേപിക്കാതിരിക്കുക, അവരുടെ ദുരാചാരങ്ങളെ കുറ്റപ്പെടുത്താതിരിക്കുക എന്നിങ്ങനെ ഒരു അനുരജ്ഞന നയം സ്വീകരിച്ചു കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അവിടുത്തെ പ്രബോധനരീതി അൽപം മയപ്പെടുത്തുന്നപക്ഷം, അവര്‍ തങ്ങളുടെ എതിര്‍പ്പില്‍ വിട്ടുവീഴ്ച ചെയ്യുകയും, തിരുമേനിയെയും അനുയായികളെയും അവരുടെ പാട്ടിനുവിട്ടേക്കുകയും ചെയ്യാം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, സത്യസിദ്ധാന്തങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് പഴുതില്ലല്ലോ. അതുകൊണ്ട് ആ ആഗ്രഹം വകവെച്ചു കൊടുക്കരുതെന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുകയാണ്. മതപ്രബോധകരും, മതപ്രചാരകന്മാരുമായ ആളുകള്‍ ഈ വചനങ്ങള്‍ മനസ്സിരുത്തേണ്ടിയിരിക്കുന്നു. സത്യപ്രബോധനത്തെ വ്യാജമാക്കുന്നവരെ അനുസരിക്കരുതെന്നും സത്യത്തില്‍ വിട്ടുവീഴ്ച ചെയ്ത് അതിനെ കളങ്കപ്പെടുത്തിക്കാണുവാന് ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രസ്താവിച്ചശേഷം തുടര്‍ന്നുള്ള വചനങ്ങളില്‍ അങ്ങിനെയുള്ളവരുടെ ചില നീച സ്വഭാവങ്ങളെ അല്ലാഹു തുറന്നു കാട്ടുന്നു. അത്തരം സ്വഭാവങ്ങളുള്ളവരുടെ ഇംഗിതങ്ങള്‍ക്ക് ഒരിക്കലും വഴങ്ങരുതെന്ന് വീണ്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുകയും ചെയ്യുന്നു:-
- وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴾١٠﴿
- അധികമായി സത്യം ചെയ്യുന്നവനും, നിന്ദ്യനുമായ ഒരാളെയും നീ അനുസരിക്കരുത്.
- وَلَا تُطِعْ അനുസരിക്കുകയും ചെയ്യരുത് كُلَّ حَلَّافٍ അധികമായി സത്യം ചെയ്യുന്ന എല്ലാവരെയും (ഒരാളെയും) مَّهِينٍ നിന്ദ്യനായ, നിസ്സാരനായ
- هَمَّازٍ مَّشَّآءٍۭ بِنَمِيمٍ ﴾١١﴿
- കുത്തുവാക്ക് പറയുന്നവനും, ഏഷണിയുമായി നടക്കുന്നവനും,-
- هَمَّازٍ കുത്തുവാക്ക് പറയുന്നവന്, കുറ്റവും കുറവും പറഞ്ഞു കൊണ്ടിരിക്കുന്നവന് مَّشَّاءٍ നടക്കുന്നവന് بِنَمِيمٍ ഏഷണിയുമായി
- مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ ﴾١٢﴿
- നല്ല കാര്യത്തിനു തടസ്സക്കാരനും, അതിക്രമിയും, മഹാപാപിയും,-
- مَّنَّاعٍ തടസ്സമുണ്ടാക്കുന്ന (മുടക്കം ചെയ്യുന്ന)വന്‍ لِّلْخَيْرِ നന്മയെ, നല്ല കാര്യത്തിന് مُعْتَدٍ അതിക്രമി, അതിരുകടന്നവന്‍ أَثِيمٍ മഹാപാപി
- عُتُلٍّۭ بَعْدَ ذَٰلِكَ زَنِيمٍ ﴾١٣﴿
- അതിനുപുറമെ, ക്രൂരനും, ദുഷ്കീര്‍ത്തി നേടിയവനും (അഥവാ ശരിയായ പിതാവില്ലാത്തവനും),-
- عُتُلٍّ ക്രൂരന്, ദുഷ്ടന് بَعْدَ ذَٰلِكَ അതിനുശേഷം (പുറമെ) زَنِيمٍ കുപ്രസിദ്ധി നേടിയവന് (വ്യഭിചാരപുത്രന്‍ - ജാരസന്താനം - അന്യകുടുംബത്തോട് ഒട്ടിച്ചേര്‍ന്നവന്‍)
- أَن كَانَ ذَا مَالٍ وَبَنِينَ ﴾١٤﴿
- (അതെ) അവന് സ്വത്തും മക്കളുമുള്ളവനായതിനാല്‍!
- أَن كَانَ അവന് ആയതിനാല്‍ ذَا مَالٍ ധനമുള്ളവന് وَبَنِينَ മക്കളും, പുത്രന്മാരും
- إِذَا تُتْلَىٰ عَلَيْهِ ءَايَٰتُنَا قَالَ أَسَٰطِيرُ ٱلْأَوَّلِينَ ﴾١٥﴿
- അവനു നമ്മുടെ ‘ആയത്തുകള്‍’ [വേദലക്ഷ്യങ്ങള്‍] ഓതിക്കേ പൂര്വ്വികന്മാരുടെ ള്പ്പിക്കപ്പെടുന്നതായാല് അവന് പറയും: ‘പുരാണകഥകളാണ് (അവ)’ എന്ന്.
- إِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല് عَلَيْهِ അവന് ءَايَـٰتُنَا നമ്മുടെ ആയത്തു (ലക്ഷ്യം - ദൃഷ്ടാന്തം)കള്‍ قَالَ അവന് പറയും أَسَاطِيرُ പുരാണങ്ങള്‍, പഴങ്കഥകള്‍ الْأَوَّلِينَ പൂര്വികന്മാരുടെ
- سَنَسِمُهُۥ عَلَى ٱلْخُرْطُومِ ﴾١٦﴿
- വഴിയെ അവന് നാം (ആ) തുമ്പിക്കൈക്ക് (അഥവാ നീണ്ട മുക്കിന്) അടയാളം വെച്ചേക്കും!
- سَنَسِمُهُ (വഴിയെ - അടുത്ത്) നാമവന് അടയാളം വെക്കും عَلَى الْخُرْطُوم തുമ്പിക്കൈക്ക് (മൂക്കിന്)
أَن كَانَ ذَا مَالٍ وَبَنِينَ (അവന് സ്വത്തും മക്കളുമുള്ളവനായതിനാല്‍) എന്ന വാക്യം ഏതിനു കാരണമായിട്ടാണ് നിലകൊള്ളുന്നതെന്ന് പരിശോധിക്കുമ്പോള്‍, അത് രണ്ടുമൂന്ന് പ്രകാരത്തിലാകുവാന് സാധ്യത കാണാം.
1) പത്താം വചനത്തിലെ لَا تُطِعْ (നീ അനുസരിക്കരുത്) എന്ന നിരോധക്രിയയുമായി ബന്ധപ്പെട്ടതാവാം. മേല്‍പ്രസ്താവിച്ച ദുര്ഗുണങ്ങളുള്ളവര് സ്വത്തും മക്കളും അധികമുള്ളവരാണെന്നുവെച്ച് അവരെ അനുസരിച്ചുപോകരുത് എന്നായിരിക്കും അപ്പോള്‍ ഉദ്ദേശ്യം. ഇതാണ് കൂടുതല്‍ വ്യക്തമായി തോന്നുന്നത്.
2) മേല്‍കണ്ട ദുര്‍ഗുണങ്ങള്‍ അവരില്‍ ഉണ്ടായിത്തീരുവാനുള്ള കാരണമാവാം. അതായത്, ഇത്രയും നികൃഷ്ടമായ സ്വഭാവങ്ങള്‍ അവരില്‍ ഉണ്ടാകുവാന്‍ കാരണം, അവര്‍ക്ക് കുറെ സ്വത്തും, മക്കളും ഉണ്ടെന്നുള്ളതാണ്.
3) 15-ാം വചനത്തിലെ قَالَ (അവന് പറയും) എന്ന ക്രിയയുമായി ബന്ധപ്പെട്ടതുമാവാം. ചിലര്‍ അങ്ങനെയും അഭിപ്രായപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേദവാക്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അത് പഴഞ്ചന്‍ വര്‍ത്തമാനമാണെന്ന് പറഞ്ഞ് പരിഹസിച്ചു തള്ളുവാന്‍ കാരണം അവര്‍ക്ക് ധനവും മക്കളും ഉണ്ടെന്നുള്ളതാണ് എന്നായിരിക്കും അപ്പോള്‍ സാരം.
അല്ലാഹുവിന്റെ ആയത്തുകളെ വ്യാജവും പഴഞ്ചനുമാക്കിത്തള്ളുന്ന ദുഷ്ടന്മാരുടെ എട്ടൊമ്പത് സ്വഭാവങ്ങളാണ് ഈ വചനങ്ങളില്‍ അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നത്. അവയില്‍ ഏതെങ്കിലും ഒന്നുമാത്രം ഒരാളില്‍ ഉണ്ടായാല്‍ തന്നെ അതവനെ അങ്ങേയറ്റം ദുഷിപ്പിക്കുവാന്‍ പോരുന്നതാണെന്ന് കാണാം. എന്നിരിക്കെ, എല്ലാംകൂടി ഒരാളില്‍ സമ്മേളിക്കുന്നപക്ഷം അവന് പ്രത്യക്ഷത്തില്‍ മനുഷ്യരൂപിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ പൈശാചിക സ്വഭാവമായിരിക്കും. അവന് നന്നായിത്തീരുമെന്നുള്ള പ്രതീക്ഷക്കു പിന്നെ അവകാശമില്ല. മാത്രമല്ല, അവനുമായി സഹവാസബന്ധം പുലര്‍ത്തുന്നവരെ അവന് വഴിപിഴപ്പിക്കുകയും ചെയ്യും. സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യുന്ന പതിവ് കളവ് പറയുന്നവരുടെ ലക്ഷണമാകുന്നു. നേരായ കാര്യത്തില്‍പോലും അത്യാവശ്യഘട്ടത്തിലല്ലാതെ സത്യം ചെയ്യുന്നത് നന്നല്ല. അധികമായി സത്യം ചെയ്വാന് മുതിരുന്നവരുടെ ഉദ്ദേശ്യം തങ്ങള്‍ പറയുന്ന കാര്യം ശ്രോതാവിനെക്കൊണ്ട് വിശ്വസിപ്പിക്കലായിരിക്കുമല്ലോ. തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക് വിശ്വാസമില്ലെന്ന് അവര്‍ക്കുതന്നെ തോന്നിയിട്ടുണ്ടെനാണ് ഇതിന്റെ അര്‍ഥം. തുടര്‍ന്ന് പറഞ്ഞിട്ടുള്ള ദുര്‍ഗുണങ്ങളെക്കുറിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യം കാണുന്നില്ല.
അതിനുപുറമെ കുപ്രസിദ്ധി നേടിയവനും (بَعْدَ ذَٰلِكَ زَنِيمٍ) എന്നുള്ള അവസാനത്തെ വിശേഷണം മേല്പറഞ്ഞ എല്ലാ ദുര്‍ഗുണങ്ങള്‍ക്കും മകുടം ചാര്‍ത്തുന്ന ഒന്നത്രെ. ഇബ്നു കഥീര്‍ (رحمه الله) പ്രസ്ഥാവിക്കുന്നതുപോലെ زَنِيمٍ (സനീം) എന്ന വാക്കിന്റെ അര്‍ഥം നീചത്വത്തില്‍ കുപ്രസിദ്ധി നേടിയവന് എന്നാണെങ്കിലും വ്യഭിചാരത്തില്‍ ജനിച്ചതുനിമിത്തം സ്വന്തം തറവാടില്ലാതെ ഏതെങ്കിലും ഒരു തറവാട്ടിലെ വ്യക്തിയുമായി പിതൃപുത്രബന്ധം സ്ഥാപിക്കപെട്ടവന്‍ – അഥവാ ജാരസന്താനം – എന്ന ഉദ്ദേശ്യത്തിലാണ് ആ പദം അധികം ഉപയോഗിക്കപ്പെടാറുള്ളത്. ജാരസന്താനമായി ജനിച്ചത് അവന്റെ കുറ്റമല്ലെങ്കിലും, ചീത്തയായ ബീജത്തില്‍നിന്ന് ജനിച്ചവരില്‍ നിന്ന് മേല്‍പ്രസ്താവിച്ചതുപോലുള്ള ദുഷിച്ച സമ്പ്രദായങ്ങള്‍ പ്രകടമാകുന്നത് സ്വാഭാവികമായിരിക്കും. ഒരുപക്ഷേ, പ്രകടമായില്ലെങ്കിലും അവനുള്ള കാലത്തോളം നീങ്ങിപ്പോകാത്ത ഒരു ദുഷ്കീര്ത്തിയാണല്ലോ അത്. ചില വ്യാഖ്യാതാക്കള്‍ പറയുന്നതുപോലെ, ഇത് വലീദുബ്നു മുഗീറയെയോ മറ്റേതെങ്കിലും വ്യക്തിയെയോ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയായിരുന്നാലും അല്ലെങ്കിലും ശരി, ഇത്തരക്കാരെ വിശ്വസിക്കുവാനും അനുസരിക്കുവാനും പാടില്ലെന്നത്രെ അല്ലാഹു ഈ വചനങ്ങളില്‍ ഉപദേശിക്കുന്നത്.
അല്ലാഹുവിന്റെ വചനങ്ങളും സന്ദേശങ്ങളും ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവ, പഴഞ്ചനാണെന്നും കെട്ടുകഥകളാണെന്നും പറഞ്ഞു ധിക്കരിക്കുവാനും പരിഹസിക്കുവാനും, ധാര്‍ഷ്ട്യം കാണിക്കുന്ന ഇത്തരക്കാരെ അടുത്ത ഭാവിയില്‍ അല്ലാഹു കഠിനമായി ശിക്ഷിക്കുകയും എല്ലാവര്ക്കും പരസ്യമായി കാണത്തക്കവണ്ണം സ്ഥിരമായ ഒരു അടയാളം അവരുടെ മുഖത്ത് – മൂക്കത്ത് – അടയാളപ്പെടുത്തി അപമാനിക്കുകയും ചെയ്യുമെന്ന് അവസാനമായി (16-ാം വചനത്തില്‍) താക്കീത് ചെയ്യുന്നു. ആ ‘നീണ്ടമൂക്ക്’ എന്ന അര്‍ത്ഥത്തില്‍ പരിഹാസപൂര്‍വ്വം പ്രയോഗിച്ചതത്രെ ‘തുമ്പിക്കൈ’ (الْخُرْطُومِ) എന്ന വാക്ക്.
- إِنَّا بَلَوْنَٰهُمْ كَمَا بَلَوْنَآ أَصْحَٰبَ ٱلْجَنَّةِ إِذْ أَقْسَمُوا۟ لَيَصْرِمُنَّهَا مُصْبِحِينَ ﴾١٧﴿
- നാം, (ആ) തോട്ടക്കാരെ പരീക്ഷണം നടത്തിയതു പോലെ, ഇവരെ(യും) നാം പരീക്ഷണം ചെയ്തിരിക്കയാണ്; അതായത്, പ്രഭാത വേളയിലായിരിക്കെ തങ്ങള്‍ നിശ്ചയമായും അത് [തോട്ടത്തില്‍ ഫലങ്ങള്‍] മുറിച്ചെടുക്കുന്നതാണെന്ന് അവര്‍ സത്യം ചെയ്തു പറഞ്ഞ സന്ദര്‍ഭം.
- إِنَّا بَلَوْنَاهُمْ നിശ്ചയമായും നാം അവരെ പരീക്ഷണം ചെയ്തിരിക്കയാണ് كَمَا بَلَوْنَا നാം പരീക്ഷണം ചെയ്തതുപോലെ أَصْحَابَ الْجَنَّةِ തോട്ടക്കാരെ إِذْ أَقْسَمُوا അവര്‍ സത്യം ചെയ്ത സന്ദര്‍ഭം لَيَصْرِمُنَّهَا നിശ്ചയമായും അവര്‍ അത് മുറിച്ചെടുക്കും (ഫലം പറിക്കും) എന്ന് مُصْبِحِينَ അവര്‍ പ്രഭാതവേളയിലായിരിക്കെ
- وَلَا يَسْتَثْنُونَ ﴾١٨﴿
- അവര്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നതുമില്ല.
- وَلَا يَسْتَثْنُونَ അവര്‍ ഒഴിവാക്കി പറഞ്ഞിരുന്നതുമില്ല
ഈ വചനങ്ങളില്‍ ഉദാഹരിച്ചു പറഞ്ഞ തോട്ടക്കാര്‍ ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാന്‍ നമുക്ക് സാധ്യമല്ല. യമനിലുണ്ടായിരുന്ന ഒരു തോട്ടക്കാരെപ്പറ്റിയാണെന്നും, അറബികള്‍ക്ക് അവരെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നുവെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചു കാണുന്നു. സംഭവത്തിന്റെ സാമാന്യരൂപം ഇപ്രകാരമാകുന്നു: സദ്വൃത്തനും ഉദാരശീലനുമായ ഒരാളുടെതായിരുന്നു തോട്ടം, തോട്ടത്തിലെ ഫലങ്ങള്‍ പറിച്ചെടുക്കുമ്പോള്‍ അതില്‍നിന്നു ഒരംശം അദ്ദേഹം സാധുക്കള്‍ക്ക് ദാനം കൊടുക്കുക പതിവായിരുന്നു. ഫലം പറിച്ചെടുക്കുന്ന അവസരത്തില്‍ അതിനുവേണ്ടി പാവങ്ങളും ദരിദ്രന്മാരും ഒരുമിച്ചുകൂടുമായിരുന്നു. അദ്ദേഹം മരിച്ചു. പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മക്കള്‍ രംഗത്തുവന്നു. പിതാവിന്റെ നില തുടരുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. രാത്രി വെളുക്കാന്‍ കാലത്ത് ആരും അറിയാതെ ഫലം പറിച്ചെടുക്കുവാന്‍ അവര്‍ ഗൂഢമായി തമ്മില്‍ പറഞ്ഞുറച്ചു. അങ്ങിനെ അവര്‍ തോട്ടത്തില്‍ ചെന്നുനോക്കുമ്പോള്‍ തോട്ടം അതാ ഒരത്യാഹിതം ബാധിച്ച് നിശ്ശേഷം നശിച്ചുപോയിരിക്കുന്നു. അവര്‍ തീരാദുഃഖത്തിലും സങ്കടത്തിലുമായിത്തീര്ന്നു. ഇതാണ് ചുരുക്കം. സംഭവത്തിന്റെ രൂപവും അതിലടങ്ങിയ പാഠവും ക്വുര്‍ആന്റെ വാക്യങ്ങളില്‍ നിന്നുതന്നെ സ്പഷ്ടമാണ്. എന്നിരിക്കെ, തോട്ടം എവിടെയായിരുന്നുവെന്നും മറ്റും അറിയുന്നതില്‍ പ്രത്യേക പ്രയോജനമൊന്നുമില്ല.
وَلَا يَسْتَثْنُونَ (അവര്‍ ഒഴിവാക്കിപ്പറഞ്ഞിരുന്നതുമില്ല) എന്ന വാക്യം രണ്ടുപ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്.
1) അതികാലത്ത് ആരും അറിയാതെ ഫലം പറിച്ചെടുക്കണമെന്ന് അവര്‍ തമ്മില്‍ പറഞ്ഞുറച്ചപ്പോള് അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ (إن شاء الله) എന്നോ മറ്റോ അവര്‍ പറയുകയുണ്ടായില്ല. തങ്ങളുടെ ഉദ്ദേശ്യം നടപ്പില്‍ വരുത്തുവാന്‍ തങ്ങള്‍ക്കുതന്നെ കഴിയുമെന്ന് അവര്‍ ധരിച്ചുകളഞ്ഞു. അഥവാ അല്ലാഹുവിനെക്കുറിച്ചുള്ള ബോധം അവര്‍ക്ക് ഉണ്ടായില്ല എന്ന് സാരം. വ്യാഖ്യാതാക്കളില്‍ അധികപക്ഷവും ഈ വ്യാഖ്യാനമാണ് സ്വീകരിച്ചിരിക്കുന്നത്.
2) സാധുജനങ്ങള്‍ക്ക് അല്പഭാഗമെങ്കിലും ഒഴിവാക്കികൊടുത്ത് ബാക്കി തങ്ങള്‍ക്ക് എടുക്കാമെന്ന് നിശ്ചയിക്കാതെ മുഴുവന്‍ ഫലങ്ങളും തങ്ങള്‍തന്നെ എടുക്കുമെന്നായിരുന്നു അവരുടെ തീരുമാനം.
- فَطَافَ عَلَيْهَا طَآئِفٌ مِّن رَّبِّكَ وَهُمْ نَآئِمُونَ ﴾١٩﴿
- എന്നിട്ട്, അവര്‍ ഉറങ്ങുന്നവരായിക്കൊണ്ടിരിക്കെ, നിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു (ശിക്ഷാ) ബാധ അതിന്റെ [തോട്ടത്തിന്റെ] മേല്‍ ബാധിച്ചു.
- فَطَافَ എന്നിട്ട് ചുറ്റി, വലയം ചെയ്തു, സഞ്ചരിച്ചു (ബാധിച്ചു) عَلَيْهَا അതിന്മേല്, അതിന് طَائِفٌ ഒരു ബാധ (ശിക്ഷാവലയം) مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് وَهُمْ അവര്‍ ആയിരിക്കെ نَائِمُونَ ഉറങ്ങുന്നവര്‍
- فَأَصْبَحَتْ كَٱلصَّرِيمِ ﴾٢٠﴿
- അങ്ങനെ, പ്രഭാതവേളയില്‍ അത് മുറിച്ചെടുക്കപ്പെട്ടതുപോലെ ആയിത്തീര്‍ന്നു.
- فَأَصْبَحَتْ അങ്ങനെ അതു പ്രഭാതത്തിലായി كَالصَّرِيم മുറിച്ചെടുക്കപ്പെട്ടതു പോലെ, ഇരുളിയ രാത്രിപോലെ
രാത്രി അവരെല്ലാം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വമ്പിച്ച ആപത്ത് തോട്ടത്തിനു ബാധിച്ചു. അത് വമ്പിച്ച ചുഴലിക്കാറ്റായിരുന്നുവെന്നും, ഇടിത്തീയോ മറ്റോ ആയിരുന്നുവെന്നും പറയപ്പെടുന്നു. അല്ലാഹുവിന്നറിയാം. ഏതായിരുന്നാലും തോട്ടം മുഴുക്കെ നശിച്ചു പോയി. كَالصَّرِيم എന്ന വാക്കിന് മുറിച്ചെടുക്കപ്പെട്ടതു പോലെ എന്നും, ഇരുട്ടിയ രാത്രിപോലെ എന്നും അര്‍ത്ഥം പറയപ്പെട്ടിരിക്കുന്നു. ഫലങ്ങളെല്ലാം നശിച്ചുപോയി എന്ന് ഒന്നാമത്തേതിനും, തോട്ടം കത്തിക്കരിഞ്ഞ് കരിവര്ണ്ണമായി എന്ന് രണ്ടാമത്തേതിനും സാരമായിരിക്കുന്നതാണ്.
- فَتَنَادَوْا۟ مُصْبِحِينَ ﴾٢١﴿
- എന്നാല്‍, പ്രഭാതവേളയില്‍ അവര്‍ അന്യോന്യം വിളിച്ചുപറഞ്ഞു:-
- فَتَنَادَوْا എന്നാല്‍ (എന്നിട്ട്) അവര്‍ അന്യോന്യം വിളിച്ചു (പറഞ്ഞു) مُصْبِحِينَ പ്രഭാതവേളയിലായും കൊണ്ട്
- أَنِ ٱغْدُوا۟ عَلَىٰ حَرْثِكُمْ إِن كُنتُمْ صَٰرِمِينَ ﴾٢٢﴿
- 'നിങ്ങള്‍ (ഫലങ്ങള്‍) മുറിച്ചെടുക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണെങ്കില്‍, നിങ്ങളുടെ കൃഷിസ്ഥലത്ത് നിങ്ങള്‍ കാലത്ത് വരുവിന്‍' എന്ന്.
- أَنِ اغْدُوا നിങ്ങള്‍ കാലത്ത് വരുവിന്‍ എന്ന് عَلَىٰ حَرْثِكُمْ നിങ്ങളുടെ വിളക്കല് (കൃഷിസ്ഥലത്ത്) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَارِمِينَ മുറിച്ചെടുക്കുന്നവര്‍
- فَٱنطَلَقُوا۟ وَهُمْ يَتَخَٰفَتُونَ ﴾٢٣﴿
- അങ്ങനെ, അവര്‍ പതുക്കെപ്പറഞ്ഞും കൊണ്ടുപോയി:-
- فَانطَلَقُوا അങ്ങനെ അവര്‍ പോയി وَهُمْ അവര്‍ يَتَخَافَتُونَ ഒളിച്ചു (പതുക്കെ) പറഞ്ഞുകൊണ്ട്
- أَن لَّا يَدْخُلَنَّهَا ٱلْيَوْمَ عَلَيْكُم مِّسْكِينٌ ﴾٢٤﴿
- 'നിശ്ചയമായും അതില്‍ [തോട്ടത്തില്‍] ഒരു സാധുവും ഇന്ന് നിങ്ങളുടെ അടുക്കല്‍ പ്രവേശിക്കരുത്’ എന്ന്.
- أَن لَّا يَدْخُلَنَّهَا നിശ്ചയമായും അതില്‍ കടക്കരുതെന്ന് الْيَوْمَ ഇന്ന് عَلَيْكُم നിങ്ങളില്‍, നിങ്ങളുടെ അടുക്കല്‍ مِّسْكِينٌ ഒരു സാധുവും, പാവപ്പെട്ടവന്
- وَغَدَوْا۟ عَلَىٰ حَرْدٍ قَٰدِرِينَ ﴾٢٥﴿
- (സാധുക്കളെ) മുടക്കം ചെയ്വാന് കഴിയുന്നവരായും കൊണ്ട് അവര്‍ കാലത്ത് വരുകയും ചെയ്തു.
- وَغَدَوْا അവര്‍ (കാലത്ത്) പോകുകയും ചെയ്തു عَلَىٰ حَرْدٍ മുടക്കം ചെയ്വാന്, ഉത്സാഹത്തോടെ കോപത്തോടെ, ഊക്കോടെ قَادِرِينَ കഴിവുള്ളവരായിക്കൊണ്ട്
- فَلَمَّا رَأَوْهَا قَالُوٓا۟ إِنَّا لَضَآلُّونَ ﴾٢٦﴿
- അങ്ങനെ, അത് [തോട്ടം] കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'നിശ്ചയമായും നാം പിഴച്ചവരാകുന്നു!-
- فَلَمَّا رَأَوْهَا എന്നിട്ട് അവരത് കണ്ടപ്പോള്‍ قَالُوا അവര്‍ പറഞ്ഞു إِنَّا لَضَالُّونَ നിശ്ചയമായും നാം വഴിപിഴച്ചവരാണ്, തെറ്റിപ്പോയവരാണ്
- بَلْ نَحْنُ مَحْرُومُونَ ﴾٢٧﴿
- '(അത്രയുമല്ല) പക്ഷേ, നാം വിലക്കപ്പെട്ടവരാണ് [സർവ്വം നഷ്ടപ്പെട്ടവരാണ്]!
- بَلْ نَحْنُ പക്ഷേ (അത്രയുമല്ല) നാം مَحْرُومُونَ വിലക്ക (മുടക്ക - തടയ - നഷ്ട)പ്പെട്ടവരാണ്, നിര്‍ഭാഗ്യരാണ്
പ്രഭാതമായപ്പോഴേക്കും പരസ്പരം വിളിച്ചും ക്ഷണിച്ചുംകൊണ്ട് അവര്‍ പതുക്കെപ്പുറപ്പെട്ടു. ഇക്കുറി സാധുക്കള്‍ക്ക് തോട്ടത്തില്‍വന്നു ധര്‍മം വാങ്ങുവാനുള്ള അവസരം ഇല്ലാതാക്കുവാന്‍ കഴിയുമെന്ന വിചാരത്തോടെ അവര്‍ ഉത്സാഹപൂര്‍വ്വം തോട്ടത്തില്‍ വന്നെത്തി. നോക്കുമ്പോള്‍ തോട്ടം ആകെ നശിച്ചുപോയിരിക്കുന്നു! നമുക്ക് പിഴവ് പറ്റിയിരിക്കുന്നു. സ്ഥലം മാറിപ്പോയിരിക്കുന്നു എന്നൊക്കെ ആദ്യം അവര്‍ക്കുതോന്നി.ഏറെ താമസിയാതെ കാര്യം മനസ്സിലായി. അയ്യോ! നമുക്ക് സര്‍വം നഷ്ടപ്പെട്ടുവല്ലോ!നാം ഭാഗ്യംകെട്ടവരായല്ലോ! നമ്മുടെ ദുര്‍വിചാരം നമ്മെ അപകടത്തിലാക്കിയല്ലോ! എന്നിങ്ങനെ വിലപിക്കുവാന്‍ തുടങ്ങി.
25-ാം വചനത്തിന് സാധുക്കളെ മുടക്കം ചെയ്വാന് കഴിവുള്ളവരായും കൊണ്ട് – അഥവാ കഴിയുമെന്ന ഭാവത്തില്‍ – അവര്‍ പോയി എന്നും, ഉദ്ദേശ്യം നിവൃത്തിപ്പാന്‍ വേണ്ടുന്ന കഴിവോടുകൂടി വളരെ ഉത്സാഹപൂര്‍വം പോയി എന്നും മറ്റും അര്‍ഥം കല്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാം സാരത്തില്‍ പരസ്പരം യോജിക്കുന്നതുതന്നെ. തോട്ടത്തിന്റെ സ്ഥിതി കണ്ടപ്പോള്‍ അവര്‍ إِنَّا لَضَالُّونَ (നാം പിഴച്ചവരാണ്) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്ക് വഴിപിഴച്ചു സ്ഥലം മാറിപ്പോയിരിക്കുന്നു എന്നും, സാധുക്കളെ തടയുവാന്‍ നാമെടുത്ത നടപടി തെറ്റായിപ്പോയി – അഥവാ അതിന്റെ അനന്തരഫലമാണിത് – എന്നും ആകാവുന്നതാണ്. والله اعلم