നജ്മ് (നക്ഷത്രം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 62 – വിഭാഗം (റുകൂഅ്) 3

[32-ാം വചനം മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيم

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ رحمهم الله എന്നീ മഹാന്‍മാര്‍ ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ചതായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. സുജൂദ് (ഓത്തിന്റെ സുജൂദു ചെയ്യേണ്ടുന്ന ആയത്തു) അവതരിച്ച ആദ്യത്തെ അദ്ധ്യായം ‘സൂറത്തു-ന്നജ്മ്’ ആകുന്നു. എന്നിട്ട് (അതു ഓതിക്കൊണ്ടു) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സുജൂദ് ചെയ്കയുണ്ടായി. (അതു കേട്ടവരില്‍) ഒരാള്‍ ഒഴിച്ചു മറ്റെല്ലാവരും സുജൂദു ചെയ്തു. ആ മനുഷ്യന്‍ ഒരു പിടി മണ്ണു കയ്യിലെടുത്ത് അതിന്‍മേല്‍ സുജൂദു ചെയ്കയാണ് ചെയ്‌തത്‌. പിന്നീടു അയാള്‍ അവിശ്വാസിയായ നിലയില്‍ കൊല്ലപ്പെട്ടതു ഞാന്‍ കാണുകയുണ്ടായി. ഉമയ്യത്തുബ്നു ഖലഫ് (امية بن خلف) ആയിരുന്നു അത്’. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനമദ്ധ്യേ പരസ്യമായി ഓതിക്കേള്‍പ്പിച്ച ഒന്നാമത്തെ സൂറത്തു ഇതാണെന്നും, മക്കാഹറമില്‍ വെച്ച് മുശ്‌രിക്കുകളും കൂടിയുള്ള സദസ്സില്‍വെച്ചു തിരുമേനി അതു ഓതിയെന്നും ഇബ്നു മസ്ഊദി (رضي الله عنه) ല്‍ നിന്നു തന്നെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (رواه بن مردوية) അവസാനത്തെ ആയത്തിലാണ് സുജൂദിന്റെ സ്ഥാനം. ഈ സൂറത്തിലെ വചനങ്ങള്‍ ഓരോന്നും ഹൃദയത്തിന്റെ ഉള്ളോട്ടു തുളച്ചു ചെല്ലുവാന്‍ പോരുന്നവയത്രെ. കൂടാതെ, ആകര്‍ഷകമായ ഒരു ശ്രവണ മാധുര്യം കൂടി അവര്‍ക്കുള്ളതായിക്കാണാം.

53:1
  • وَٱلنَّجْمِ إِذَا هَوَىٰ ﴾١﴿
  • നക്ഷത്രം തന്നെയാണ് സത്യം - അതു താണുവരുമ്പോള്‍!
  • وَالنَّجْمِ നക്ഷത്രം തന്നെയാണ് إِذَا هَوَىٰ അതു വീണു (താണു) വരുമ്പോള്‍, അസ്തമിച്ചാല്‍
53:2
  • مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ ﴾٢﴿
  • നിങ്ങളുടെ ആള്‍ [നബി] വഴിപിഴച്ചിട്ടില്ല; അദ്ദേഹത്തിനു അബദ്ധം പിണഞ്ഞിട്ടുമില്ല.
  • مَا ضَلَّ വഴിപിഴച്ചിട്ടില്ല صَاحِبُكُمْ നിങ്ങളുടെ ആള്‍ , കൂട്ടുകാരന്‍, ചങ്ങാതി وَمَا غَوَىٰ അബദ്ധം പിണഞ്ഞിട്ടു (തെറ്റുപറ്റിയിട്ടു) മില്ല
53:3
  • وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ﴾٣﴿
  • അദ്ദേഹം (സ്വന്തം) ഇച്ഛപ്രകാരം സംസാരിക്കുകയുമില്ല.
  • وَمَا يَنطِقُ അദ്ദേഹം സംസാരിക്കുക (മിണ്ടുക, മൊഴിയുക)യുമില്ല عَنِ الْهَوَىٰ ഇച്ഛയാല്‍, ഇച്ഛപ്രകാരം
53:4
  • إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ﴾٤﴿
  • അതു, അദ്ദേഹത്തിനു നല്‍കപ്പെടുന്ന 'വഹ്‌യു' [ദൈവികബോധനം] അല്ലാതെ (മറ്റൊന്നും) അല്ല.
  • إِنْ هُوَ അതല്ല إِلَّا وَحْيٌ വഹ്‌യല്ലാതെ يُوحَىٰ അദ്ദേഹത്തിനു വഹ്‌യു നല്‍കപ്പെടുന്ന

അല്ലാഹു ഏതെങ്കിലും വസ്തുവിന്റെ പേരില്‍ സത്യം ചെയ്തു പറയുമ്പോള്‍, അതില്‍ ചില രഹസ്യങ്ങളും ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സ്ഥിരീകരിക്കുന്ന ചില ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുമെന്നു തീര്‍ച്ചയാണ്. പരിഷ്കൃത രീതിയിലുള്ള ഇന്നത്തെ നിരീക്ഷണ സമ്പ്രദായങ്ങള്‍ നിലവില്‍ വരും മുമ്പ് പ്രാകൃത രൂപത്തില്‍ മനുഷ്യന്‍ ആകാശത്തെ നിരീക്ഷണം ചെയ്‌വാന്‍ തുടങ്ങിയ കാലം മുതല്‍ക്കുതന്നെ, നക്ഷത്രങ്ങള്‍ മുഖേന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പലതും മനസ്സിലാക്കുവാന്‍ മനുഷ്യനു കഴിയുമായിരുന്നു. കണക്കറ്റ നക്ഷത്ര ഗോളങ്ങള്‍ ദിനം പ്രതി ഉദിക്കുന്നു, അസ്തമിക്കുന്നു, മുന്നോട്ടുവരുന്നു, പിന്നോട്ടു പോകുന്നു, ശോഭിക്കുന്നു, പ്രകാശിക്കുന്നു…..! വലുപ്പത്തിലും ഗതിവിഗതിയിലും വ്യത്യസ്തങ്ങളെങ്കിലും ഓരോന്നും ഒരു വ്യവസ്ഥാപിതമായ പരിപാടിയനുസരിച്ചു നിലകൊള്ളുന്നു. ഘടികാരവും, വടക്കുനോക്കിയന്ത്രവും കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് ദിക്കു നിര്‍ണ്ണയത്തിലും, നക്ഷത്രങ്ങള്‍ക്കുള്ള സ്ഥാനം വമ്പിച്ചതായിരുന്നു. സമുദ്രത്തിലും മരുഭൂമിയിലും യാത്ര ചെയ്യുന്നവര്‍ക്കു നക്ഷത്രമാര്‍ഗ്ഗങ്ങളെപ്പറ്റി സാമാന്യമായ അറിവെങ്കിലും ഒഴിച്ചു കൂടാത്തതായിരുന്നു. നക്ഷത്രങ്ങളായിരുന്നു അവരുടെ പ്രധാന മാര്‍ഗ്ഗദര്‍ശകന്മാര്‍. (وَبِالنَّجْمِ هُمْ يَهْتَدُونَ)

പരിഷ്കൃത ഗവേഷണ നിരീക്ഷണ ഫലങ്ങള്‍ വെച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യത്തെയും അനുഗ്രഹങ്ങളെയും കുറിച്ചു ചിന്തിക്കുന്നവര്‍ക്കു മുന്‍കാലത്തു കണ്ടെത്താന്‍ കഴിയാത്ത വിലപ്പെട്ട പല വിജ്ഞാനങ്ങളും ലഭിക്കുന്നു. ഒരുകാലത്തു ഊഹിക്കുവാന്‍ പോലും സാധ്യമല്ലാത്ത എത്രയോ രഹസ്യങ്ങളും വസ്തുതകളും ഇന്ന് മനുഷ്യനു അറിവായിട്ടുണ്ട്. മുപ്പതിനായിരമോ, മുപ്പതുലക്ഷമോ നക്ഷത്രങ്ങളാണ് ആകാശത്തുള്ളതെന്നു വിശ്വസിക്കപ്പെട്ടിരുന്ന കാലം നാം പിന്നിട്ടു കഴിഞ്ഞു. മുവ്വായിരം കോടി നക്ഷത്രകുടുംബങ്ങള്‍ – അഥവാ സൗരയൂഥങ്ങള്‍ – ആകാശ ഗംഗയിലുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. അവയിലൊന്നത്രെ നമ്മുടെ സൗരയൂഥം. ഭൂമിക്കും ആകാശത്തിനുമിടക്കുള്ള ദൂരം അഞ്ഞൂറു കൊല്ലത്തെ നടത്ത യാത്രാദൂരമോ, അതിലധികമോ ആണെന്നു ഒരുകാലത്തു കരുതപ്പെട്ടിരുന്നു. ഭൂഗോളം ആകമാനം ഒന്നു ചുറ്റുവാന്‍ ഒരു സെക്കന്റിന്റെ എഴില്‍ ഒരു ഭാഗം സമയം മാത്രം എടുക്കുന്ന വെളിച്ചം – അല്ലെങ്കില്‍ വൈദ്യുത തരംഗം – ശാസ്ത്രത്തിന്റെ കണ്ണാടിയില്‍ ഇന്നു അറിയപ്പെട്ട ആകാശ മണ്ഡലത്തെ ഒന്നു വൃത്തം വെച്ചു പൂര്‍ത്തിയാക്കുവാന്‍ ഏതാണ്ട് പത്തുകോടി കൊല്ലങ്ങള്‍ വേണം എന്നാണത്രെ ഇപ്പോഴത്തെ നിഗമനം!

ഈ മഹാമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന കണക്കറ്റ നക്ഷത്ര ഗോളങ്ങളെപ്പറ്റി മുമ്പില്ലാത്ത വിവരങ്ങള്‍ എത്രതന്നെ ഇന്ന് മനുഷ്യനു കരസ്ഥമായിട്ടുണ്ടെങ്കിലും ശരി, അവനു കിട്ടുന്ന ഓരോ അറിവും, അവയെപ്പറ്റി അവനു അറിയുവാന്‍ കഴിയാത്ത അജ്ഞാത യാഥാര്‍ത്ഥ്യങ്ങളുടെ വിസ്തൃതി വലുതാക്കിക്കാട്ടുകയാണ് ചെയ്യുന്നത്. പക്ഷേ, ഒളിഞ്ഞു കിടപ്പുള്ള അദൃശ്യ ശക്തികളിലേക്കൊന്നും ഹൃദയം കൊണ്ടു നോക്കാതെ, വെളിയില്‍ കണ്ട പദാര്‍ത്ഥങ്ങളിലേക്കു മാത്രം കണ്ണുകൊണ്ടു നോക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഏതൊരു മഹാദൃഷ്ടാന്തവും ‘പ്രകൃതിയുടെ പ്രക്രിയ’യെന്ന ഒരൊറ്റ വാക്കിലൊതുക്കി അവന്‍ വിധി കല്‍പ്പിച്ചു സംതൃപ്തിയടഞ്ഞേക്കും. അതേ സമയത്തു സത്യവിശ്വാസിയുടെ വിശ്വാസത്തെ അവ മേല്‍ക്കുമേല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നക്ഷത്രങ്ങളില്‍ നിന്നു അറിവും ദൃഷ്ടാന്തവും ലഭിക്കുവാനുള്ള സൗകര്യം അവ ഒരിടത്തു നിശ്ചലമായിരിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതലുണ്ടായിരിക്കുക അവ ഏതെങ്കിലും പ്രകാരത്തില്‍ ചലിക്കുമ്പോഴായിരിക്കുമല്ലോ. അതുകൊണ്ടായിരിക്കാം നക്ഷത്രം കൊണ്ടു സത്യം ചെയ്‌തപ്പോള്‍ إِذَا هَوَىٰ (അതു താണുപോകുമ്പോള്‍) എന്നൊരു ഉപാധി അല്ലാഹു പറഞ്ഞിരിക്കുന്നത്. الله اعلم ഇതേ വാക്കിനു തന്നെ ‘മേല്‍പ്പോട്ടു ഉയരുമ്പോള്‍’ എന്നും ഭാഷയില്‍ അര്‍ത്ഥം വരാവുന്നതാണ്. രണ്ടര്‍ത്ഥങ്ങളും ഒരേ സമയത്തു കല്‍പിച്ചു കൂടാ. പക്ഷേ, ഓരോന്നും ഇവിടെ യോജിക്കുന്നതു തന്നെ. വ്യാഖ്യാതാക്കള്‍ രണ്ടര്‍ത്ഥവും സ്വീകരിച്ചും കാണാം. ഈ രണ്ടു അര്‍ത്ഥങ്ങളെ ആസ്പദമാക്കിയാണ് ‘മറഞ്ഞു, അസ്തമിച്ചു’ എന്നും, ‘പ്രത്യക്ഷപ്പെട്ടു, ഉദിച്ചു’ എന്നുമൊക്കെ അതിനു വിവക്ഷ നല്‍കപ്പെട്ടു കാണുന്നതും. النجم (നക്ഷത്രം) കൊണ്ടു ഉദ്ദേശ്യം ഒരു പ്രത്യേക നക്ഷത്രമല്ല – നക്ഷത്രം പൊതുവിലാണ് – എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ആ നിലക്കാണ് നാമും മുകളില്‍ സംസാരിച്ചത്. കാര്‍ത്തിക നക്ഷത്രത്തെ (الثريا) പ്രത്യേകം ഉദ്ദേശിച്ചും النجم എന്നു പറയപ്പെട്ടിരുന്നതുകൊണ്ടു അതാണു ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും മുകളില്‍ ചൂണ്ടിക്കാട്ടിയതു പോലുള്ള പല അന്തസാരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ സത്യവാചകം.

നിങ്ങളുടെ ആള്‍ അഥവാ മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബി നേര്‍മ്മാര്‍ഗ്ഗം വിട്ടു തെറ്റുകയോ, അദ്ദേഹത്തിനു അബദ്ധം പിണയുകയോ ഉണ്ടായിട്ടില്ല എന്നത്രെ നക്ഷത്രം മുഖേന ആണയിട്ടു കൊണ്ടു അല്ലാഹു പറയുന്നത്. അതെ, അദ്ദേഹം നിങ്ങള്‍ക്കിടയില്‍ ജനിച്ചുവളര്‍ന്നു. നാല്‍പതു വര്‍ഷം നിങ്ങളുടെ എല്ലാ ബഹുമാനാദരവുകള്‍ക്കും തികച്ചും പാത്രമായിരുന്നു. അങ്ങനെ, നിങ്ങളുടെ സ്വന്തം ആളാണ്‌ (صاحبكم) അദ്ദേഹം. ഇപ്പോള്‍, അദ്ദേഹം നിങ്ങളുടെ മുമ്പില്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ പ്രബോധനം ചെയ്‌വാന്‍ തുടങ്ങിയിരിക്കുകയാണ്. അതോടുകൂടി അദ്ദേഹത്തോടു നിങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പും വിശ്വാസവും നഷ്ടപ്പെടുകയും, അദ്ദേഹത്തെപ്പറ്റി പല ആശങ്കകള്‍ക്കും നിങ്ങള്‍ വശംവദരാവുകയും ചെയ്തിരിക്കയാണ്. വാസ്തവത്തില്‍ അദ്ദേഹത്തിനു യാതൊരു പിഴവും പിണഞ്ഞിരിക്കുകയല്ല. തന്നിഷ്ടം പറയുന്ന ആളുമല്ല അദ്ദേഹം. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവന്റെ ദൂതനാക്കി നിശ്ചയിച്ചിരിക്കുകയാണ്. അതുകൊണ്ടു അദ്ദേഹത്തിനു ദിവ്യബോധനം ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ ഈ പ്രബോധനകൃത്യവുമായി മുന്നോട്ടു വരുവാന്‍ ഇതു മാത്രമാണ് കാരണം. ആ സ്ഥിതിക്കു അദ്ദേഹത്തെപ്പറ്റി യാതൊരു ആശങ്കക്കും, സംശയങ്ങള്‍ക്കും അവകാശമില്ല എന്നു താല്‍പര്യം.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇച്ഛപ്രകാരം സംസാരിക്കുകയില്ല (وَمَا يَنطِقُ عَنِ الْهَوَىٰ) എന്ന വാക്യം വളരെ ശ്രദ്ധേയമാകുന്നു. തന്നിഷ്ടമോ സ്വാര്‍ത്ഥമോ മുന്‍നിറുത്തി സംസാരിക്കുകയെന്ന സ്വഭാവമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കില്ല എന്നാണല്ലോ ഇതിന്റെ അര്‍ത്ഥം. എന്നാല്‍, പിന്നെ അദ്ദേഹത്തിന്റെ പ്രബോധനങ്ങളും ഉപദേശങ്ങളും ഏതിനെ ആധാരമാക്കിയാണ് എന്നു ചോദിക്കപ്പെട്ടേക്കാം. അതിനുള്ള മറുപടിയായിട്ടാണ്, അതു അദ്ദേഹത്തിനു ലഭിക്കുന്ന വഹ്‌യല്ലാതെ മറ്റൊന്നുമല്ല (إِنْ هُوَ إِلَّا وَحْيٌ يُوحَىٰ) എന്നു പറഞ്ഞിരിക്കുന്നത്. ഈ വാക്യത്തിലെ ‘അതു’ (هو) എന്ന സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സംസാരിക്കുന്നതു എന്നായിരിക്കാം. അഥവാ വഹ്‌യുമൂലവും, വഹ്‌യിന്റെ അടിസ്ഥാനത്തിലും മാത്രമാണ് അവിടുന്നു സംസാരിക്കാറുള്ളത്‌ എന്നു സാരം. അവിടുത്തെ സംസാരങ്ങളില്‍ ഏറ്റവും പ്രധാനമായതു അവിടുന്നു പ്രബോധനം ചെയ്യുന്ന ഖുര്‍ആനാണെന്നുള്ളതില്‍ സംശയമില്ല. അതിന്റെ പേരിലാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നേരെ ആക്ഷേപങ്ങളും നിഷേധങ്ങളും ഉണ്ടായിരിക്കുന്നതും. ആകയാല്‍, ആ സര്‍വ്വനാമം ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നു വരാം. സൂ: ശൂറായുടെ അവസാനത്തില്‍ കണ്ടതുപോലെ, വഹ്‌യു ഒന്നിലധികം പ്രകാരത്തില്‍ ഉണ്ടാകാമെങ്കിലും, ഖുര്‍ആന്റെ വഹ്‌യു ജിബ്‌രീല്‍ (عليه السلام) എന്ന മലക്ക് മുഖാന്തരമാണ് ഉണ്ടായിട്ടുള്ളത്. അടുത്ത വചനത്തില്‍ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്.

അബ്ദുല്ലാഹ് ഇബ്നു അംറ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഞാന്‍ റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  യില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കണമെന്ന ഉദ്ദേശ്യത്തോടെ എഴുതി വെക്കാറുണ്ടായിരുന്നു. ചില ആളുകള്‍ എന്നെ വിരോധിച്ചു. അവര്‍ പറഞ്ഞു: ‘താന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ നിന്നു കേള്‍ക്കുന്നതെല്ലാം എഴുതുന്നു. റസൂലാകട്ടെ, ഒരു മനുഷ്യനാണ്, ദ്വേഷ്യമുള്ള അവസരത്തിലും സംസാരിക്കുമല്ലോ? (അതുകൊണ്ട് ചിലപ്പോള്‍ സംസാരത്തില്‍ വല്ല നീക്കുപോക്കും ഉണ്ടായേക്കാമല്ലോ.) അങ്ങനെ ഞാന്‍ അതു നിറുത്തിവെച്ചു. ഞാനിതു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരു മേനിയോടു പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: اكتب فوالذى نفسى بيده ما خرج منى الا الحق (എഴുതിക്കൊള്ളുക. എന്റെ ദേഹം യതൊരുവന്റെ കയ് വശമാണോ അവന്‍ തന്നെ സത്യം! എന്നില്‍ നിന്നു യഥാര്‍ത്ഥമല്ലാതെ പുറത്തു വരികയില്ല (അ; ദ;) അബൂഹുറൈറഃ (رضي الله عنه) യില്‍ നിന്നു ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു: ‘ഞാന്‍ യഥാര്‍ത്ഥമല്ലാതെ പറയുകയില്ല (لا أَقُولُ إِلا حَقًّا) എന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. അപ്പോള്‍ സഹാബികളില്‍ ചിലര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവിടുന്നു ഞങ്ങളോടു വിനോദം (തമാശ) പറയാറുണ്ടല്ലോ?’തിരുമേനി പറഞ്ഞു: (إِنِّي لاَ أَقُولُ إِلاَّ حَقًّا) (നിശ്ചയമായും ഞാന്‍ യഥാര്‍ത്ഥം – അഥവാ കാര്യം – അല്ലാതെ പറയുകയില്ല (അ.)

അടുത്ത 5 മുതല്‍ 18 വരെയുള്ള ആയത്തുകളിലെ ചില വാക്യങ്ങളുടെ വ്യാഖ്യാനത്തില്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ പരസ്‌പരം വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ കാണാവുന്നതാണ്. ചില പദങ്ങളുടെയും, ചില സര്‍വ്വനാമ (ضمير) ങ്ങളുടെയും ഉദ്ദേശ്യം ഓരോരുത്തരും മനസ്സിലാക്കിയതില്‍ നിന്നാണ് പ്രസ്‌തുത അഭിപ്രായങ്ങള്‍ ഉല്‍ഭവിക്കുന്നത്. മാത്രമല്ല, അവയിലെ പ്രതിപാദ്യ വിഷയം, നമ്മുടെ അറിവിനും, ഭൗതിക കാഴ്ചപ്പാടുകള്‍ക്കും ഉപരിയായതുമാകുന്നു. എന്നിരിക്കെ, പരസ്പര വിരുദ്ധമല്ലെങ്കിലും ഒരാള്‍ മനസ്സിലാക്കുന്നതില്‍ നിന്നു വ്യത്യസ്തമായ രൂപത്തില്‍ വേറൊരാള്‍ മനസ്സിലാക്കുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍, പ്രാമാണ്യരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ പ്രസ്താവനകളില്‍ നിന്ന്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തും, ചില വാക്കുകള്‍ക്കു നിഘണ്ടുക്കളില്‍ കാണുന്ന ഏതെങ്കിലും പ്രത്യേക അര്‍ത്ഥങ്ങളെ തിരഞ്ഞെടുത്തും കൊണ്ടു ആ വചനങ്ങളിലെ ആശയങ്ങളെ ഭൗതിക കാഴ്ചപ്പാടുകളില്‍ ഒതുക്കി നിറുത്തത്തക്ക അര്‍ത്ഥവ്യാഖ്യാനം നല്‍കുവാന്‍ – മറ്റു ചിലേടങ്ങളിലുമെന്നപോലെ – സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ മുതിര്‍ന്നു കാണാം. സ്വീകാര്യമായ പ്രമാണങ്ങള്‍ക്കും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ബഹുഭൂരിപക്ഷവും സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനങ്ങള്‍ക്കും തികച്ചും എതിരായ ആ ന്യൂതന വ്യാഖ്യാനം സ്വീകരിക്കുവാന്‍ മനസ്സാക്ഷിയുള്ള സത്യവിശ്വാസികള്‍ക്കു സാധിക്കുമെന്നു തോന്നുന്നില്ല. അതിനെപ്പറ്റി ഒരു വിശകലനം നടത്തുവാന്‍ മിനക്കെടുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോയേക്കുമെന്നത് കൊണ്ട് അതിലേക്കു പ്രവേശിക്കുവാന്‍ നാം ഉദ്ദേശിക്കുന്നില്ല.

ഖുര്‍ആന്‍ വ്യാഖ്യാന പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസ്‌തുത വചനങ്ങളുടെ വ്യാഖ്യാനങ്ങളില്‍ വ്യത്യസ്താഭിപ്രായമുണ്ടെന്നു പറഞ്ഞുവല്ലോ. എങ്കിലും ഒരു വാസ്‌തവം ശ്രദ്ധേയമാണ്. 5 മുതല്‍ 18 വരെ യുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയം, ജിബ്‌രീല്‍ (عليه السلام) എന്ന മലക്കു അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യക്ഷപ്പെട്ട അവസരത്തിലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പ്രസിദ്ധമായ ‘മിഅ്റാജു’ യാത്ര ഉണ്ടായ അവസരത്തിലും സംഭവിച്ച സംഭവങ്ങളാണെന്നുള്ളതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമില്ല. സഹാബികളും മുന്‍ഗാമികളായ പണ്ഡിതവര്യന്മാരും അടങ്ങുന്ന ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇതില്‍ യോജിച്ചിരിക്കുന്നു. ഖുര്‍ആന്‍ വാക്യങ്ങളുടെയും, ഹദീസുകളുടെയും അടിസ്ഥാനത്തിലുള്ള ആ മാര്‍ഗ്ഗം തന്നെ നമുക്കും സ്വീകരിക്കാം. മറ്റുള്ളതെല്ലാം തള്ളിക്കളയുകയും ചെയ്യാം. ومن الله التوفيق

53:5
  • عَلَّمَهُۥ شَدِيدُ ٱلْقُوَىٰ ﴾٥﴿
  • ശക്തിമത്തായ കഴിവുകളുള്ള ഒരാള്‍ അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുകയാണ്; –
  • عَلَّمَهُ അദ്ദേഹത്തെ പഠിപ്പിച്ചു شَدِيدُ കഠിനമായവന്‍, ഊക്കന്‍, ശക്തന്‍ الْقُوَىٰ ശക്തികള്‍ (വന്‍കഴിവു)
53:6
  • ذُو مِرَّةٍ فَٱسْتَوَىٰ ﴾٦﴿
  • (അതെ) ബലവാനായുള്ള ഒരുവന്‍. അങ്ങനെ, അദ്ദേഹം ശരിക്കു നിലകൊണ്ടു.
    [സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.]
  • ذُو مِرَّةٍ ബലവാന്‍, ബുദ്ധിശക്തിയുള്ളവന്‍ فَاسْتَوَىٰ എന്നിട്ടു അദ്ദേഹം ശരിയായി നിലകൊണ്ടു
53:7
  • وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ ﴾٧﴿
  • അദ്ദേഹമാകട്ടെ, ഉന്നതമായ (നഭോ) മണ്ഡലത്തിലുമായിരുന്നു.
  • وَهُوَ അദ്ദേഹമാകട്ടെ, അദ്ദേഹം بِالْأُفُقِ മണ്ഡല (ചക്രവാള)ത്തില്‍ ആയിരുന്നു,
    ബഹിര്‍ഭാഗത്തിലാണു الْأَعْلَىٰ ഉന്നതമായ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന സന്ദേശങ്ങള്‍ അവിടുത്തേക്കു എങ്ങിനെ ലഭിക്കുന്നുവെന്നു വിവരിക്കുകയാണ്. പലവിധശക്തികളുള്ള അതി ബലവാനായ ഒരാള്‍ നഭോമണ്ഡലത്തില്‍ ശരിയായ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അത് പഠിപ്പിച്ചിരിക്കുകയാണ്. അങ്ങിനെയാണ് അദ്ദേഹത്തിന് അതിനെക്കുറിച്ച് അറിവു ലഭിക്കുന്നത്. അല്ലാതെ, അദ്ദേഹം കളവു പറയുന്നതോ, ഭ്രാന്തുപറയുന്നതോ ഒന്നുമല്ല എന്നു സാരം.

ശക്തിമത്തായ കഴിവുകളുള്ളവന്‍ (شَدِيدُ الْقُوَىٰ) എന്നും, ബലവാന്‍ (ذُو مِرَّةٍ) എന്നും പറഞ്ഞ ജിബ്‌രീല്‍ (عليه السلام) എന്ന മലക്കിനെ ഉദ്ദേശിച്ചാകുന്നു. مِرَّةٍ എന്ന വാക്കിനു ‘ബുദ്ധിശക്തി, ആലോചനാ ശക്തി, വമ്പിച്ച ശക്തി, കൗതുകമുള്ള പ്രകൃതി’ എന്നൊക്കെ അര്‍ത്ഥം കൊടുക്കപ്പെട്ടിട്ടുണ്ട്. ഇങ്ങിനെയുള്ള ഗുണങ്ങളെല്ലാം തികഞ്ഞ ആളാണ്‌ ജിബ്‌രീല്‍ (عليه السلام) എന്നതില്‍ സംശയമില്ല. അദ്ദേഹമാണ്‌ അല്ലാഹുവിന്റെ അനുമതിയോടെ അതു ഇറക്കിക്കൊടുത്തിരിക്കുന്നതെന്നു സൂ: അല്‍ബഖറഃ 97 ല്‍ അല്ലാഹു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിട്ടുണ്ട്. 26: 193ല്‍ വിശ്വസ്തനായ ആത്മാവു (الروح الامين) എന്നും, 16: 102 ല്‍ പരിശുദ്ധാത്മാവു ( روح القدس) എന്നും ജിബ്രീലിനെക്കുറിച്ചു പ്രസ്താവിച്ചിരിക്കുന്നു. സൂ: തക് വീര്‍ التكوير) ) 19:23 ല്‍ അല്ലാഹു പറയുന്നു: ‘നിശ്ചയമായും ഇതു മാന്യനായ, ശക്തിമാനായ, അര്‍ശിന്റെ നാഥന്റെ അടുക്കല്‍ സ്ഥാനമുള്ളവനായ, അവിടെ അനുസരിക്കപ്പെടുന്നവനായ, വിശ്വസ്തനായ ഒരു ദൂതന്‍ പറഞ്ഞുകൊടുത്ത വാക്കാകുന്നു. നിങ്ങളുടെ ആള്‍ (നബി) ഒരു ഭ്രാന്തനൊന്നുമല്ല. അദ്ദേഹം അദ്ദേഹത്തെ (ആ ദൂതനെ) സ്പഷ്ടമായ നഭോ മണ്ഡലത്തില്‍വെച്ച് കാണുകയുണ്ടായിട്ടുണ്ട്’.

(إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ – الى قوله : بِالْأُفُقِ الْمُبِينِ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീലിനെ (عليه السلام) അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ രണ്ടു പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്നു ഹിറാമലയില്‍ വെച്ചും, മറ്റൊന്നു ‘മിഅ്റാജ്’ എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ വാനാരോഹണയാത്രയിലും. ഇവയില്‍ ഒന്നാമത്തേതിനെക്കുറിച്ചാണിവിടെ 5 മുതല്‍ 12 വരെയും താഴെ  സൂ: തക് വീര്‍ 19 മുതല്‍ 23 വരെയുള്ള വചനങ്ങളിലും പ്രസ്താവിക്കുന്നത്. രണ്ടാമത്തേതിനെക്കുറിച്ചു തുടര്‍ന്നുള്ള 13 മുതല്‍ 18 വരെ വചനങ്ങളിലും പ്രസ്താവിക്കുന്നുണ്ട്. രണ്ടാമത്തേതിനെപ്പറ്റി സൂ: തക് വീറില്‍ പ്രസ്താവിക്കപ്പെട്ടിട്ടില്ല. ഇബ്നു കഥീര്‍ (رحمه الله) പറയുന്നതുപോലെ, സൂ: തക് വീറിന്റെ അവതരണം മിഅ്റാജിന്റെ മുമ്പായിരിക്കാം. الله اعلم

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ഹിറാഗുഹയില്‍വെച്ചു ഒന്നാമതായി മലക്കുമുഖേന വഹ്‌യു ലഭിച്ചതും, അപ്പോള്‍ സൂ:അലഖ് (سورة اقرأ) അവതരിച്ചതും പ്രസിദ്ധമാണല്ലോ. പിന്നീടു കുറെ നാളത്തേക്കു വഹ്‌യു വരാതിരിക്കുകയുണ്ടായി. വഹ്‌യു വീണ്ടും ലഭിച്ചു കൊണ്ടിരിക്കുവാനുള്ള ആവേശവും, ആ മഹാനുഗ്രഹം നിന്നുപോയതിനെക്കുറിച്ചുള്ള ഭയാശങ്കയും നിമിത്തം തിരുമേനിക്കു അസ്വസ്ഥത തോന്നി. വല്ല കുന്നിന്‍ മുകളിലും കയറി താഴെ വീണു മരണപ്പെട്ടെങ്കിലോ എന്നുപോലും തിരുമേനിക്കു തോന്നിപ്പോയിരുന്നു. ഇങ്ങിനെയുള്ള അവസരത്തില്‍ തിരുമേനിയെ സമാധാനിപ്പിക്കുന്ന ചില വാക്കുകള്‍ – അശരീരി ശബ്ദം – അവിടുന്നു കേള്‍ക്കുമായിരുന്നു. അതു കേള്‍ക്കുമ്പോള്‍ മനസ്സിനു സമാധാനം വരും. വീണ്ടും അസ്വാസ്ഥ്യം തോന്നും. ഇങ്ങിനെയിരിക്കെ, ഒരിക്കല്‍ മലക്കു – ജിബ്‌രീല്‍ (عليه السلام) തന്റെ സാക്ഷാല്‍രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിനു അറുനൂറു ചിറകുകള്‍ ഉണ്ടായിരുന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ – ഉപരിമണ്ഡലത്തില്‍ – ഒരു പീഠത്തിലായിക്കൊണ്ടായിരുന്നു അദ്ദേഹം പ്രത്യക്ഷനായത്. അദ്ദേഹത്തിന്റെ വമ്പിച്ച ആ സൃഷ്ടിരൂപം ചക്രവാളത്തിന്റെ ഉപരിഭാഗം മുഴുവനും മൂടുമാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ്   فَاسْتَوَىٰ وَهُوَ بِالْأُفُقِ الْأَعْلَىٰ  (അദ്ദേഹം ശരിക്കു – യഥാരൂപത്തില്‍ – നിലകൊണ്ടു; അദ്ദേഹം ഉന്നതമായ മണ്ഡലത്തിലുമായിരുന്നു) എന്നു പറഞ്ഞതും, തുടര്‍ന്നു 8 മുതല്‍ 12 കൂടിയ അഞ്ചുവചനങ്ങളില്‍ വിവരിക്കുന്നതും. അഹ് മദു (رحمه الله) ബുഖാരി (رحمه الله) മുസ്‌ലിം (رحمه الله) തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയതും, ഇസ്‌ലാം ചരിത്രത്തില്‍ പ്രസിദ്ധമായതുമാണ് ഈ സംഭവം. ജിബ്‌രീലിനെ (عليه السلام) കണ്ടശേഷം നടന്നതെന്താണെന്നു അടുത്ത വചനങ്ങളില്‍ തുടര്‍ന്നു പറയുന്നു:-

53:8
  • ثُمَّ دَنَا فَتَدَلَّىٰ ﴾٨﴿
  • പിന്നീടു അദ്ദേഹം അടുത്തു; അങ്ങിനെ (കൂടുതല്‍) അടുത്തുവന്നു; -
  • ثُمَّ دَنَا പിന്നെ അദ്ദേഹം അടുത്തു فَتَدَلَّىٰ അങ്ങിനെ അടുത്തുകൂടി, കീഴ്പോട്ടു വന്നു
53:9
  • فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ ﴾٩﴿
  • എന്നിട്ട് രണ്ടു വില്ലിന്റെ അളവില്‍, അല്ലെങ്കില്‍ (അതിലും) കൂടുതല്‍ അടുപ്പമായിത്തീര്‍ന്നു.
  • فَكَانَ എന്നിട്ടു ആയി قَابَ അളവില്‍, തോതു, ഞാണ്‍ (പോലെ) قَوْسَيْنِ രണ്ടു വില്ലിന്റെ أَوْ أَدْنَىٰ അല്ലെങ്കില്‍ കൂടുതല്‍ അടുത്തത്

അതായതു, ചക്രവാളത്തിനുമീതെ പ്രത്യക്ഷപ്പെട്ടശേഷം മലക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി അടുത്തടുത്തു അങ്ങേഅറ്റം അടുത്തു വന്നു എന്നു സാരം. രണ്ടു മനുഷ്യന്മാര്‍ തമ്മിലോ, മറ്റേതെങ്കിലും രണ്ടു ഭൗതിക ജീവികള്‍ തമ്മിലോ അടുക്കുന്നതുപോലെയുള്ള അടുപ്പമല്ല ഇത്. ജഡജീവിയും ഭൂവാസിയുമായ മനുഷ്യവര്‍ഗ്ഗത്തിന്റെ നേതാവും, ആത്മീയജീവിയും ഉപരിലോകവാസിയുമായ മലക്ക് വര്‍ഗ്ഗത്തിന്റെ നേതാവും തമ്മില്‍ കൂടിയിണങ്ങുവാനുള്ള ഒരസാധാരണ കൂടിക്കാഴ്ച യായിരുന്നു ഇത്. എന്നിരിക്കെ, അല്ലാഹുവും റസൂലും പറഞ്ഞുതന്നതിനപ്പുറം ആ അടുപ്പത്തെക്കുറിച്ചു വിശദീകരിക്കുവാന്‍ നമുക്കു സാധ്യമല്ല. قَابَ قَوْسَيْنِ എന്ന വാക്കിനു ‘രണ്ടു വില്ലിന്റെ അളവ്’ അല്ലെങ്കില്‍ ‘രണ്ടു വില്ലിന്റെ ഞാണ്‍’ എന്നു വാക്കര്‍ത്ഥം. രണ്ടു വസ്തുക്കള്‍ തമ്മില്‍ അങ്ങേഅറ്റം അടുത്തുവെന്നു കാണിക്കുന്ന ഒരു ഉപമാലങ്കാര പ്രയോഗമാണിത്. ഈ പ്രയോഗത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചു ഭിന്നമായ പ്രസ്‌താവനകള്‍ കാണാമെങ്കിലും ഉദ്ദേശ്യം അതാണ്‌ എന്നതില്‍ തര്‍ക്കമില്ല.

53:10
  • فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ ﴾١٠﴿
  • അങ്ങനെ, അദ്ദേഹം അവന്റെ (അല്ലാഹുവിന്റെ) അടിയാന്നു 'വഹ്‌യു' [ബോധനം] നല്‍കിയതു (ഒക്കെ) നല്‍കി.
  • فَأَوْحَىٰ എന്നിട്ടു അദ്ദേഹം (അവന്‍) വഹ്‌യു നല്‍കി إِلَىٰ عَبْدِهِ അവന്റെ (തന്റെ) അടിയാന്നു مَا أَوْحَىٰ വഹ്‌യു നല്‍കിയതു

തമ്മില്‍ അങ്ങേഅറ്റം അടുത്ത ശേഷം, അല്ലാഹുവിന്റെ അടിയാനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ജിബ്‌രീല്‍ (عليه السلام) അല്ലാഹുവിങ്കല്‍ നിന്നുള്ള സന്ദേശങ്ങള്‍ ബോധനം നല്‍കി എന്നു സാരം. اوحى എന്ന ക്രിയയുടെ കര്‍ത്താവായി അതില്‍ അന്തര്‍ഭവിച്ചു കിടപ്പുള്ള സര്‍വ്വനാമം (الضمير المستـتر) ജിബ്‌രീലിനെ ഉദ്ദേശിച്ചാണെന്ന നിലക്കാണ് ഇപ്പറഞ്ഞത്. അതു അല്ലാഹുവിനെ ഉദ്ദേശിച്ചുള്ളതാണെന്നും വരാം. ചില വ്യാഖ്യാതാക്കള്‍ അങ്ങിനെയും അഭിപ്രായപ്പെട്ടിരിക്കുന്നു. അപ്പോള്‍ അതിന്റെ സാരം, ജിബ്‌രീല്‍ (عليه السلام) മുഖാന്തരം അല്ലാഹു തന്റെ അടിയാനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വഹ്‌യു നല്‍കി എന്നുമായിരിക്കും. രണ്ടായാലും ആശയം ഒന്നു തന്നെ.

53:11
  • مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ ﴾١١﴿
  • അദ്ദേഹം (നബി) കണ്ടതിനെ ഹൃദയം (നിഷേധിച്ചു) കളവാക്കിയില്ല.
  • مَا كَذَبَ കളവാക്കിയില്ല (നിഷേധിച്ചില്ല) الْفُؤَادُ ഹൃദയം مَا رَأَىٰ അതു (അദ്ദേഹം) കണ്ടതു
53:12
  • أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ ﴾١٢﴿
  • എന്നിരിക്കെ, അദ്ദേഹം കാണുന്നതിന്റെ പേരില്‍ അദ്ദേഹത്തോടു നിങ്ങള്‍ (സംശയിച്ചു) തര്‍ക്കം നടത്തുകയോ?!
  • أَفَتُمَارُونَهُ എന്നിരിക്കെ നിങ്ങളദ്ദേഹത്തോടു തര്‍ക്കം നടത്തുകയോ, വഴക്കടിക്കുകയോ عَلَىٰ مَا يَرَىٰ അദ്ദേഹം കാണുന്നതിന്റെ പേരില്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ണുകൊണ്ടു കണ്ട ആ കാഴ്ചയെപ്പറ്റി വല്ല സംശയമോ, ചാഞ്ചല്യമോ തോന്നി അവിടുന്നു നിഷേധിച്ചില്ല; അതു യഥാര്‍ത്ഥവും സത്യവുമായ അനുഭവമാണെന്നു ഹൃദയത്തിനു ബോധ്യം വരുകതന്നെ ചെയ്തു. എന്നിരിക്കെ, അദ്ദേഹത്തിനുണ്ടാകുന്ന ഇത്തരം ദര്‍ശനങ്ങളെപ്പറ്റി നിങ്ങള്‍ നിഷേധിച്ചു തര്‍ക്കിച്ചും കൊണ്ടിരിക്കുന്നത് ന്യായമല്ല എന്നു സാരം. എത്രയോ പ്രാവശ്യം ജിബ്‌രീല്‍ (عليه السلام) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു വഹ്‌യു നല്‍കുകയുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ശബ്ദം മാത്രം കേട്ടും, ചിലപ്പോള്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടും, മറ്റു വിധത്തിലും അതു സംഭവിക്കും. എന്നാല്‍ മേലുദ്ധരിച്ച ഹദീസില്‍ കണ്ടതുപോലെ സാക്ഷാല്‍ രൂപത്തില്‍ രണ്ടു പ്രാവശ്യമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ കണ്ടിട്ടുള്ളു. ഒന്നാമത്തേതു ഭൂമിയില്‍ – മക്കായില്‍ – വെച്ചുതന്നെ. അതിനെപ്പറ്റിയാണ് മുകളില്‍ പ്രസ്താവിച്ചത്. ഉപരിലോകത്തുവെച്ചുണ്ടായ രണ്ടാമത്തെ സംഭവത്തെക്കുറിച്ചു അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു.

53:13
  • وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ ﴾١٣﴿
  • തീര്‍ച്ചയായും അദ്ദേഹം [നബി] വേറെ ഒരു പ്രാവശ്യത്തി(ലെ വരവി)ലും അദ്ദേഹത്തെ [ജിബ്‌രീലിനെ] കണ്ടിട്ടുണ്ട്;-
  • وَلَقَدْ رَآهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് نَزْلَةً ഒരു പ്രാവശ്യം,
    ഒരു ഇറക്കത്തില്‍ (വരവില്‍) أُخْرَىٰ വേറെ, മറ്റൊരു
53:14
  • عِندَ سِدْرَةِ ٱلْمُنتَهَىٰ ﴾١٤﴿
  • 'സിദ്റത്തുല്‍ മുന്‍തഹാ'യുടെ [അറ്റത്തെ ഇലന്തമരത്തിന്റെ] അടുക്കല്‍ വെച്ച്.
  • عِندَ سِدْرَةِ ഇലന്തയുടെ അടുക്കല്‍ വെച്ചു الْمُنتَهَىٰ അറ്റത്തെ, ഒടുക്കത്തെ
53:15
  • عِندَهَا جَنَّةُ ٱلْمَأْوَىٰٓ ﴾١٥﴿
  • അതിന്റെ അടുക്കലാണ് ആവാസത്തിന്റെ സ്വര്‍ഗ്ഗം.
  • عِندَهَا അതിന്നടുക്കലുണ്ടു, അടുക്കലാണ് جَنَّةُ الْمَأْوَىٰ ആവാസ (വാസസ്ഥല) ത്തിന്റെ സ്വര്‍ഗ്ഗം
53:16
  • إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ ﴾١٦﴿
  • അതായതു, (ആ) ഇലന്തമരത്തെ ആവരണം ചെയ്തതു (ഒക്കെ) ആവരണം ചെയ്തിരുന്നപ്പോള്‍. [അപ്പോഴാണതുണ്ടായത്.]
  • إِذْ يَغْشَى ആവരണം ചെയ്തിരുന്നപ്പോള്‍, മൂടിയ സന്ദര്‍ഭം السِّدْرَةَ ഇലന്തയെ مَا يَغْشَىٰ
    ആവരണം ചെയ്തതു, മൂടിയതു (ഒക്കെ)
53:17
  • مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ ﴾١٧﴿
  • (നബിക്കു) കാഴ്ച തെറ്റിപ്പോയില്ല; അതു ക്രമം വിട്ടതുമില്ല.
  • مَا زَاغَ തെറ്റിയിട്ടില്ല, വക്രത ബാധിച്ചില്ല الْبَصَرُ കണ്ണു, കാഴ്ച, ദൃഷ്ടി وَمَا طَغَىٰ ക്രമം
53:18
  • لَقَدْ رَأَىٰ مِنْ ءَايَٰتِ رَبِّهِ ٱلْكُبْرَىٰٓ ﴾١٨﴿
  • തീര്‍ച്ചയായും അദ്ദേഹത്തിന്റെ റബ്ബിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ നിന്നും (പലതും) അദ്ദേഹം കാണുകയുണ്ടായി.
  • لَقَدْ رَأَىٰ തീര്‍ച്ചയായും അദ്ദേഹം കണ്ടിട്ടുണ്ട് مِنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നു رَبِّهِ തന്റെ റബ്ബിന്റെ الْكُبْرَىٰ അതിമഹത്തായ, ഏറ്റം വലുതായ

രണ്ടാം പ്രാവശ്യം ‘മിഅ്റാജി’ല്‍ (വാനയാത്രയില്‍) വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിബ്‌രീലിനെ (عليه السلام) സാക്ഷാല്‍ രൂപത്തില്‍ കണ്ട സംഭവമാണിത്. ‘സിദ്റത്തുല്‍ മുന്‍തഹാ’(سِدْرَةِ الْمُنتَهَىٰ) എന്നാല്‍ അറ്റത്തെ ഇലന്തവൃക്ഷം എന്നു വാക്കര്‍ത്ഥം. നമ്മെ സംബന്ധിച്ചിടത്തോളം ഇതു അദൃശ്യലോകത്തെ വൃക്ഷമായതുകൊണ്ട് ഖുര്‍ആനിലോ ഹദീസിലോ കണ്ടതില്‍ കവിഞ്ഞു അതിനെപ്പറ്റി അഭിപ്രായമൊന്നും പറയുവാന്‍ സാധ്യമല്ല. സജ്ജനങ്ങളുടെ ആവാസമാകുന്ന –നിവാസകേന്ദ്രമായ – സ്വര്‍ഗ്ഗം (جَنَّةُ الْمَأْوَىٰ) അതിന്റെ അടുക്കലാണെന്നു അല്ലാഹു പ്രസ്താവിച്ചതില്‍ നിന്ന് അതു ഈ ഭൗതിക ലോകത്തിലെ വൃക്ഷമല്ല എന്നു സ്പഷ്ടമാണ്.

‘മിഅ്റാജി’ന്റെ സംഭവം മുസ്‌ലിംകള്‍ക്കിടയില്‍ പ്രസിദ്ധമാണ്. ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله ) തുടങ്ങിയ മഹാന്മാരെല്ലാം പല മാര്‍ഗ്ഗങ്ങളില്‍ കൂടി ഉദ്ധരിച്ച പല ഹദീസുകളിലും അതിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. ജിബ്‌രീല്‍ (عليه السلام)  നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൂട്ടിക്കൊണ്ടു ഓരോ ആകാശത്തും ചെന്നതും, അവിടെ വെച്ചുണ്ടായ സംഭവങ്ങളും, കണ്ട ദൃഷ്ടാന്തങ്ങളും അവയില്‍ പ്രസ്താവിച്ചു കാണാം. അക്കൂട്ടത്തില്‍ ഏഴാമത്തെ ആകാശത്തില്‍ വെച്ചുണ്ടായ സംഗതികള്‍ വിവരിക്കുന്ന മദ്ധ്യേ ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

ثم رُفِعَتْ إِليَّ سِدْرَةُ المنتهى فإذا نبقُها مثلُ قِلال هَجَر، واذا وَرَقُها مِثْلُ آذَانِ الفِيلَةِ فَلَمَّا غَشيهَا مِنْ أمر ربى ما غَشيهَا تغيرت فما أحد من خلق الله يستطيع أن ينعتها من حسنها – متفق عليه

(സാരം: പിന്നീടു എന്നെ ‘സിദ്റത്തുല്‍ മുന്‍തഹാ’യിലേക്കു ഉയര്‍ത്തിക്കൊണ്ടു പോയി. നോക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ ഹജറി (*) ലെ വലിയ തോല്‍ കുടങ്ങളെപ്പോലെയും, അതിന്റെ ഇലകള്‍ ആനയുടെ ചെവികള്‍പോലെയുമിരിക്കുന്നു! എന്റെ റബ്ബിന്റെ കല്‍പന – അഥവാ കാര്യം – കളില്‍ നിന്നും അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തിരിക്കയാല്‍ അതിനു സ്ഥിതിമാറ്റം വന്നിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ആര്‍ക്കും തന്നെ, അതിന്റെ നന്മ – അഥവാ സൗന്ദര്യം – നിമിത്തം അതിനേ വര്‍ണ്ണിക്കുവാന്‍ സാധ്യമല്ല. (ബു. മു.) മറ്റൊരു നിവേദനത്തില്‍ ‘അതിനെ പല വര്‍ണ്ണങ്ങളും ആവരണം ചെയ്‌തിരിക്കുന്നു. അവ എന്തൊക്കെയാണെന്നു എനിക്കറിഞ്ഞു കൂടാ’ (وغشيها ألوان لا أدري ما هي الخ – متفق) എന്നും പറഞ്ഞിരിക്കുന്നു. മുസ്‌ലിമും (رحمه الله) മറ്റും നിവേദനം ചെയ്ത ഒരു ഹദീസില്‍, മുകളില്‍ നിന്നു കീഴ്പ്പോട്ടു ഇറങ്ങുന്ന കാര്യങ്ങളും, അടിയില്‍ നിന്നു മേല്‍പ്പോട്ടു കയറുന്ന കാര്യങ്ങളും ചെന്നവസാനിക്കുന്ന ഒരു കേന്ദ്രമാണ് അതെന്നു പ്രസ്താവിച്ചു കാണാം. വേറെ ചില ഹദീസുകളില്‍ മലക്കുകള്‍ അതിനെ ആവരണം ചെയ്തിട്ടുള്ള തായും പ്രസ്താവിച്ചിട്ടുണ്ട്. (ദീര്‍ഘിച്ചുപോകുന്നതു കൊണ്ടു ഹദീസുകള്‍ ഉദ്ധരിക്കുന്നില്ല.)


(*) ഒരു രാജ്യമാണ് ‘ഹജര്‍’. മദീനയുടെ അടുത്തും, യമനിലും മറ്റും ഇതേപേരിലുള്ള രാജ്യങ്ങളുണ്ടായിരുന്നു. ഇവിടെ ഏതാണ് ഉദ്ദേശ്യമെന്നു തീര്‍ത്തുപറയുവാന്‍ പ്രയാസമുണ്ട്.


മേല്‍ ഉദ്ധരിച്ചതില്‍ നിന്നു നമുക്കു മനസ്സിലാക്കാം:

(1) ‘സിദ്റത്തുല്‍ മുന്‍തഹാ’ ഭൂമിയിലെ ഏതെങ്കിലും ഒരു വൃക്ഷമല്ല; അലങ്കാരരൂപത്തില്‍ പറയപ്പെട്ടതുമല്ല; ആകാശലോകത്ത് സ്ഥിതി ചെയ്യുന്ന ഒരു യഥാര്‍ത്ഥ വൃക്ഷമാണത്.

(2) പല വന്‍കാര്യങ്ങളും നടന്നുകൊണ്ടിരിക്കുന്നതും, വിവിധ ദൃഷ്ടാന്തങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു മഹത്തായ കേന്ദ്രമാണത്. അതുകൊണ്ടായിരിക്കാം അതിനു ‘അറ്റത്തെ ഇലന്തമരം’ എന്ന അര്‍ത്ഥത്തിലുള്ള ആ പേര്‍ നല്‍കപ്പെട്ടത്‌

(3) 16-ാം വചനത്തിന്റെ ഒരു സാമാന്യ വ്യാഖ്യാനമായി ആ വൃക്ഷത്തെപ്പറ്റി പ്രസ്‌തുത ഹദീസുകളില്‍ കണ്ട വിവരങ്ങളെ നമുക്കു സ്വീകരിക്കാവുന്നതാണ്.

മേല്‍ സൂചിപ്പിച്ചതുപോലെ, അല്ലാഹുവിനും റസൂലിനും മാത്രം അറിയാവുന്ന എത്രയോ വമ്പിച്ച ദൃഷ്ടാന്തങ്ങളും കാഴ്ചകളും അന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി കണ്ടറിഞ്ഞിട്ടുണ്ട്. ആ കാഴ്ചകള്‍ നിമിത്തം അവിടുത്തേക്ക്‌ എന്തെങ്കിലും പാകപ്പിഴവോ, അമളിയോ പിണഞ്ഞിട്ടില്ല. അവിടുന്നു എല്ലാം ശരിക്കു ഗ്രഹിച്ചിരിക്കുന്നു. എന്നൊക്കെയാണ് 17, 18 വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ‘മിഅ്റാജി’ന്റെ സംഭവത്തെക്കുറിച്ചും, അതില്‍ യുക്തിവാദക്കാര്‍ക്കു അനുകൂലിക്കുവാന്‍ കഴിയാത്ത ഭാഗങ്ങളെക്കുറിച്ചും സൂറത്തുല്‍ ഇസ്രാഈല്‍ വെച്ചു നാം സംസാരിച്ചിട്ടുണ്ട്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു യാതൊരു പിഴവും പറ്റിയിട്ടില്ല, അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള വഹ്‌യു പ്രകാരമാണ് അവിടുന്നു പ്രബോധനം നടത്തുന്നത്. വഹ്‌യു ലഭിക്കുന്ന മാര്‍ഗ്ഗം ഇന്നതാണ്, മറ്റാരും പ്രാപിച്ചിട്ടില്ലാത്ത പല ഉന്നത പദവികളും സിദ്ധിച്ച മഹാനാണ് തിരുമേനി, എന്നൊക്കെ പ്രസ്താവിച്ചശേഷം, അതെല്ലാം വ്യാജമാക്കി നിഷേധിക്കുന്ന മുശ്‌രിക്കുകളെ അഭിമുഖീകരിച്ചു കൊണ്ടു അല്ലാഹു പറയുന്നു:

53:19
  • أَفَرَءَيْتُمُ ٱللَّٰتَ وَٱلْعُزَّىٰ ﴾١٩﴿
  • എന്നാല്‍, നിങ്ങള്‍ കണ്ടുവോ ‘ലാത്ത’യെയും ‘ഉസ്സാ’യെയും.
  • أَفَرَأَيْتُمُ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ കണ്ടുവോ اللَّاتَ ‘ലാത്ത’യെ وَالْعُزَّىٰ ‘ഉസ്സാ’യെയും
53:20
  • وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ ﴾٢٠﴿
  • മറ്റേ മൂന്നാമത്തേതായ ‘മനാത്തി’നെയും?!
  • وَمَنَاةَ ‘മനാത്തി’നെയും الثَّالِثَةَ മൂന്നാമത്തേതായ الْأُخْرَىٰ മറ്റേ, വേറെ

മേല്‍ വിവരിച്ച യാഥാര്‍ത്ഥ്യങ്ങളെ മുമ്പില്‍ വെച്ചു കൊണ്ട് നിങ്ങള്‍ ആരാധ്യ ദൈവങ്ങളായി സ്വീകരിച്ച ഇവയെപ്പറ്റി നിങ്ങളൊന്ന്‍ ആലോചിച്ചു നോക്കുവിന്‍. നിങ്ങള്‍ക്കെന്താണ് ഇവയെപ്പറ്റി പറയുവാനുള്ളത്? കേള്‍ക്കട്ടെ! എന്നു സാരം.

അറബികള്‍ ആരാധ്യദൈവങ്ങളായി സ്വീകരിച്ചു വന്നിരുന്ന നിരവധി ദൈവങ്ങളില്‍ കൂടുതല്‍ പ്രസിദ്ധിയുള്ള മൂന്നെണ്ണമാണ് ഇവ. ‘ലാത്ത’ (اللات) ഥഖീഫ് (ثقيف) ഗോത്രക്കാരുടെ വക ത്വാഇഫിലെ ഒരു വിഗ്രഹമാണ്‌. മുന്‍കാലത്തു ഹജ്ജിനു പോകുന്നവര്‍ക്കു ഗോതമ്പത്തരികൊണ്ടു ഭക്ഷണമുണ്ടാക്കിക്കൊടുത്തിരുന്ന ഒരു നല്ല മനുഷ്യന്റെ സ്മാരകമായി സ്ഥാപിക്കപ്പെട്ടതായിരുന്നു അത്. ‘ഉസ്സാ’ (العزى) ഒരു പ്രത്യേക ആരാധ്യവൃക്ഷമായിരുന്നു. അതിന്‍മേല്‍ ഒരു ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിരുന്നു. മക്കായുടെയും, ത്വാഇഫിന്റെയും ഇടയില്‍ നഖ്‌ലഃ എന്ന സ്ഥലത്തുള്ള അതിനെ ഖുറൈശികള്‍ ആരാധിച്ചു വന്നിരുന്നു. മക്കായുടെയും മദീനായുടെയും ഇടയില്‍ മുശല്ലല്‍ എന്ന സ്ഥലത്തായിരുന്നു മനാത്ത് (مناة) ഹുദൈല്‍, ഖൂസാഅഃ ഔസ്, ഖസ്റജ് മുതലായ ഗോത്രക്കാരുടെ വിഗ്രഹമായിരുന്നു അത്. ‘മറ്റേ മൂന്നാമത്തേതു’ എന്ന വിശേഷണം അവയെ നിന്ദിച്ചുകൊണ്ടുള്ള ഒരു പ്രയോഗമാണ്. ഇങ്ങിനെയുള്ള പല വിഗ്രഹങ്ങളും ചില മലക്കുകളുടെ പ്രതിഷ്ഠക ളാണെന്നും, മലക്കുകള്‍ അല്ലാഹുവിന്റെ പെണ്മക്കളാണെന്നുമായിരുന്നു മുശ്രിക്കുകളുടെ സങ്കല്‍പം. അതുകൊണ്ട് അല്ലാഹു അവരോടു ചോദിക്കുന്നു: –

53:21
  • أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ ﴾٢١﴿
  • നിങ്ങള്‍ക്ക് ആണും, അവനു (അല്ലാഹുവിനു) പെണ്ണുമോ?!
  • أَلَكُمُ നിങ്ങള്‍ക്കോ الذَّكَرُ ആണ് وَلَهُ അവനു الْأُنثَىٰ പെണ്ണും
53:22
  • تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ ﴾٢٢﴿
  • അതു - എന്നാല്‍ (അങ്ങിനെയാണെങ്കില്‍) - നീതികെട്ട ഒരു ഓഹരിയത്രെ!
  • تِلْكَ അതു إِذًا അപ്പോള്‍, എന്നാല്‍, അങ്ങിനെയെങ്കില്‍ قِسْمَةٌ ഒരോഹരിയാണ്, പങ്കാണ് ضِيزَىٰ നീതികെട്ട, അക്രമപരമായ

വ്യാജവാദങ്ങള്‍ പുറപ്പെടുവിക്കുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! എനി, ആ വിഗ്രഹങ്ങളുടെ യഥാര്‍ത്ഥനില എന്താണെന്നോ? –

53:23
  • إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ ﴾٢٣﴿
  • അവ, നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ (മറ്റൊന്നും) അല്ല; അവയെപ്പറ്റി അല്ലാഹു യാതൊരു അധികൃതലക്ഷ്യവും അവതരിപ്പിച്ചിട്ടില്ല. അവര്‍ [ആ മുശ്‌രിക്കുകള്‍] ഊഹത്തെയും, (സ്വന്തം) മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയുമല്ലാതെ പിന്‍പറ്റുന്നില്ല. (വാസ്‌തവത്തില്‍) തങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‍ അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം വന്നിട്ടുണ്ടുതാനും. [എന്നിട്ടും അവര്‍ അവയെ കൈവിടുന്നില്ല!]
  • إِنْ هِيَ അവയല്ല إِلَّا أَسْمَاءٌ ചില പേരുകളല്ലാതെ سَمَّيْتُمُوهَا നിങ്ങളവക്കു നാമകരണം ചെയ്തു, പേരുവെച്ചതായ أَنتُمْ وَآبَاؤُكُم നിങ്ങളും നിങ്ങളുടെ പിതാക്കളും مَّا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല بِهَا അതിനു, അതിനെപ്പറ്റി مِن سُلْطَانٍ ഒരു അധികൃതലക്ഷ്യവും, പ്രമാണവും إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെയല്ലാതെ وَمَا تَهْوَى ഇച്ഛിക്കുന്നതിനെയും الْأَنفُسُ മനസ്സുകള്‍ وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുമുണ്ട് مِّن رَّبِّهِمُ അവരുടെ റബ്ബിങ്കല്‍ നിന്നു الْهُدَىٰ നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം
53:24
  • أَمْ لِلْإِنسَٰنِ مَا تَمَنَّىٰ ﴾٢٤﴿
  • അതല്ല, മനുഷ്യന് അവന്‍ വ്യാമോഹിക്കുന്നതു (ഒക്കെ) ഉണ്ടെന്നോ?!
  • أَمْ لِلْإِنسَانِ അതല്ല മനുഷ്യനുണ്ടോ مَا تَمَنَّىٰ അവന്‍ വ്യാമോഹിച്ചതു, കൊതിച്ചതു
53:25
  • فَلِلَّهِ ٱلْءَاخِرَةُ وَٱلْأُولَىٰ ﴾٢٥﴿
  • എന്നാല്‍, അല്ലാഹുവിന്റേതാണ് പരലോകവും, ആദ്യലോക [ഇഹലോക]വും.
  • فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْآخِرَةُ അവസാനത്തെ (പര) ലോകം وَالْأُولَىٰ ആദ്യത്തെ (ഇഹ)ലോകവും

ഇവരുടെ നയം കണ്ടാല്‍, മനുഷ്യന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യാം, അവന്‍ വ്യാമോഹിക്കുന്നതെല്ലാം അവനു നേടാം എന്നാണ് തോന്നുക. പക്ഷേ, ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ ഉടമാധികാരങ്ങളും അല്ലാഹുവിനുള്ളതാണ്. അവന്‍ കൽപിച്ചതനുസരിച്ചേ മനുഷ്യനു എന്തും ചെയ്‌വാന്‍ അധികാരമുള്ളൂ. അവന്‍ നല്‍കുന്നതേ ആര്‍ക്കും ലഭിക്കുകയുമുള്ളൂ എന്നു സാരം. വിഗ്രഹങ്ങള്‍ മലക്കുകളുടെ പ്രതീകങ്ങളാണ്, അവ തങ്ങള്‍ക്കു ശുപാര്‍ശയും രക്ഷയും നല്‍കും  എന്നാണല്ലോ അവരുടെ വാദം. അതിന്റെ നിരര്‍ത്ഥത അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു: –