സൂറത്തു-ത്ത്വൂര്‍ : 01-28
ത്വൂർ (ത്വൂർ പർവ്വതം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 49 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- وَكِتَٰبٍ مَّسْطُورٍ ﴾٢﴿
- വരിയായി (ക്രമീകരിച്ച്) എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ (സത്യം)!
- وَكِتَابٍ ഗ്രന്ഥവും തന്നെയാണ مَّسْطُورٍ വരിയാക്കപ്പെട്ട, എഴുതപ്പെട്ട, ക്രമപ്പെടുത്തപ്പെട്ട
- فِى رَقٍّ مَّنشُورٍ ﴾٣﴿
- (അതെ, തുറന്നു) വിരുത്തിവെക്കപ്പെട്ട തോലില്‍ (എഴുതപ്പെട്ട ഗ്രന്ഥം).
- فِي رَقٍّ തോലില്‍, താളില്‍ مَّنشُورٍ വിരുത്തപ്പെട്ട, തുറക്കപ്പെട്ട
- وَٱلْبَيْتِ ٱلْمَعْمُورِ ﴾٤﴿
- (നിത്യം) ആള്‍പെരുമാറ്റമുള്ള മന്ദിരം തന്നെയാണ (സത്യം)!
- وَالْبَيْتِ മന്ദിരവും (വീടും) തന്നെയാണ الْمَعْمُورِ പെരുമാറപ്പെടുന്ന നിത്യോപയോഗമുള്ള)
- وَٱلسَّقْفِ ٱلْمَرْفُوعِ ﴾٥﴿
- ഉയര്‍ത്തപ്പെട്ട മേല്‍പ്പുര തന്നെയാണ (സത്യം)!
- وَالسَّقْفِ മേല്‍പുരയുമാണ الْمَرْفُوعِ ഉയര്‍ത്തപ്പെട്ട
- وَٱلْبَحْرِ ٱلْمَسْجُورِ ﴾٦﴿
- നിറഞ്ഞ (മഹാ) സമുദ്രം തന്നെയാണ (സത്യം)!
- وَالْبَحْرِ സമുദ്രവുമാണ الْمَسْجُورِ നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട)
- إِنَّ عَذَابَ رَبِّكَ لَوَٰقِعٌ ﴾٧﴿
- നിശ്ചയമായും, നിന്റെ റബ്ബിന്റെ ശിക്ഷ സംഭവിക്കുന്നതു തന്നെ.
- إِنَّ عَذَابَ നിശ്ചയമായും ശിക്ഷ رَبِّكَ നിന്റെ റബ്ബിന്റെ لَوَاقِعٌ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ
- مَّا لَهُۥ مِن دَافِعٍ ﴾٨﴿
- അതിനു യാതൊരു തടവുമില്ല.
- مَّا لَهُ അതിന്നില്ല مِن دَافِعٍ തടുക്കണ (തടയുന്ന) ഒന്നും (ഒരു തടവും)
സത്യനിഷേധികള്‍ക്കു വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്നും, അതു തടുക്കുവാന്‍ യാതൊരു മാര്‍ഗ്ഗേണയും സാധ്യമല്ലെന്നും അല്ലാഹു അഞ്ചു വസ്തുക്കളാല്‍ ആണയിട്ടു ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ആ അഞ്ചു സത്യവാചകങ്ങളില്‍ ചിലതു ചരിത്ര പ്രധാനമായ ചില സംഭവങ്ങളെയും, മറ്റു ചിലതു മഹത്തായ ചില പ്രകൃതി ദൃഷ്ടാന്തങ്ങളെയും കുറിക്കുന്നവയാണ്.
ഒന്നാമത്തെ സത്യം പര്‍വ്വതത്തെക്കൊണ്ടാകുന്നു. طور (ത്വൂര്‍) എന്നാല്‍ പര്‍വ്വതം എന്നു വാക്കര്‍ത്ഥം الطور(അത-ത്വൂര്‍) എന്നു പറയുമ്പോള്‍ അതു ഒരു പ്രത്യേക പര്‍വതത്തെ ഉദ്ദേശിച്ചാണെന്നു വരുന്നു. അതായതു, മൂസാ (عليه السلام ) നബിക്കു പ്രവാചകത്വം സിദ്ധിച്ചതും, തൗറാത്തു ലഭിച്ചതുമായ ആ പ്രസിദ്ധ സീനാപര്‍വതം (طور سيناء) ചരിത്രപ്രധാനമായ നിരവധി സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒരു പര്‍വതമാണതെന്നു പറയേണ്ടതില്ല. ഈ പര്‍വതത്തെ ഉദ്ദേശിച്ചു الطور എന്നും പറയുക പതിവാണ്. ഇതേ വാക്കുതന്നെ പൊതുവില്‍ മറ്റു പര്‍വതങ്ങള്‍ക്കും പറയാവുന്നതുമാകുന്നു. ഇവിടെയും ഉദ്ദേശ്യം അങ്ങിനെ ആയിക്കൂടാ എന്നില്ല. والله أعلم. രണ്ടാമത്തെ സത്യം തുറന്നു വിരുത്തിവെക്കപ്പെട്ട തോലില്‍ ഭംഗിയില്‍ വരിവരിയായി ക്രമീകരിച്ചെഴുതപ്പെട്ടിട്ടുള്ള ഗ്രന്ഥം (كِتَابٍ مَّسْطُورٍ ألح) കൊണ്ടാകുന്നു. ഇതു തൗറാത്തിനെ, അല്ലെങ്കില്‍ ഖുര്‍ആനും തൗറാത്തും ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങളെ സൂചിപ്പിക്കുന്നു. നേരിയ തോല്‍ക്കഷ്ണങ്ങളായിരുന്നു മുന്‍കാലത്തു എഴുതുവാന്‍ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഉപകരണം എന്നുള്ളതു ഇവിടെ സ്മരണീയമാണ്. തുറന്നു വിരുത്തപ്പെട്ടതെന്ന വിശേഷണം, ആ ഗ്രന്ഥം ജനമദ്ധ്യേ പരസ്യമാക്കപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതുമാണെന്നും ധ്വനിപ്പിക്കുന്നു.
മൂന്നാമത്തെ സത്യം, നിത്യം പെരുമാറ്റപ്പെടുന്നതും, ഉപയോഗിക്കപ്പെട്ടുവരുന്നതുമായ മന്ദിരം (الْبَيْتِ الْمَعْمُورِ) കൊണ്ടാണ്. ഇതു വിശുദ്ധ കഅബഃയെ കുറിക്കുന്നു. അനേകം ആളുകൾ നിത്യവും ത്വവാഫ് (പ്രദക്ഷിണം), നമസ്കാരം തുടങ്ങിയ ആരാധനാകര്‍മ്മങ്ങള്‍ക്കായി ആ ഭവനത്തിങ്കല്‍ വന്നുപോയികൊണ്ടിരിക്കുകയാണല്ലോ. അതിന്റെ സ്ഥാപനകാലം മുതല്‍ ഇന്നോളം ഏറ്റക്കുറവോടെയാണെങ്കിലും ആ നില തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഇതേ (الْبَيْتِ الْمَعْمُورِ) എന്ന പേരില്‍, മലക്കുകളാല്‍ നിത്യവും ആരാധന നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മന്ദിരം ആകാശത്തു സ്ഥിതിചെയ്യുന്നതായി പല നബി വചനങ്ങളിലും വന്നിട്ടുണ്ട്. അതാണു ഇവിടെയും ഉദ്ദേശ്യമെന്നും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസില്‍, ഏഴാം ആകാശത്തുവെച്ചുണ്ടായ സംഭവങ്ങളെപ്പറ്റി വിവരിക്കുന്ന മദ്ധ്യേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രസ്താവിക്കുന്നു: ثم رفع بي إلى البيت المعمور، وإذا هو يدخله كل يوم سبعون ألفاً لا يعودون إليه-متفق عليه (പിന്നീടു എന്നെ ‘ബൈത്തുല്‍ – മഅ്മൂറി’ ലേക്കു ഉയര്‍ത്തപ്പെട്ടു. നോക്കുമ്പോള്‍, അതില്‍ ദിനംപ്രതി എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവര്‍ അതിലേക്ക് മടങ്ങി വരുന്നതല്ല. (ബു:മു.)
നാലാമത്തെ സത്യം, ഉയര്‍ത്തപ്പെട്ട മേല്‍പുര (السَّقْفِ المَرْفُوعِ) കൊണ്ടാണ്. ഇതു ആകാശത്തെയാണ് കുറിക്കുന്നത്. ആകാശത്തെപ്പറ്റി (21:32 ല്‍) സൂക്ഷിക്കപ്പെട്ട മേല്‍പുര (سَقْفاً مَّحْفُوظاً) എന്ന്‍ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. അഞ്ചാമത്തേതു, നിറക്കപ്പെട്ട – അഥവാ നിറഞ്ഞുനില്‍ക്കുന്ന – സമുദ്രം (البحار المسجور) കൊണ്ടാകുന്നു. ജലം, തിരമാല, മത്സ്യം മുതലായ ജന്തുക്കള്‍ തുടങ്ങി പലതും നിറഞ്ഞു നില്‍ക്കുന്നതാണല്ലോ മഹാ സമുദ്രങ്ങള്‍. തീയിനാല്‍ നിറക്കപ്പെട്ടതു എന്നും ഈ വാക്കിനു അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. ‘വിറകുനിറച്ചു കത്തിക്കപ്പെടുന്നതു, ജ്വലിപ്പിക്കപ്പെട്ടതു’ എന്നൊക്കെ المسجور എന്ന വാക്കിനു ഭാഷയില്‍ അര്‍ത്ഥമുണ്ടുതാനും. അന്ത്യനാളിലെ സംഭവ വികാസങ്ങളില്‍ സമുദ്രത്തിനുണ്ടാകുന്ന സ്ഥിതി മാറ്റത്തെയാണ് അതു സൂചിപ്പിക്കുന്നതെന്നും പറയപ്പെടുന്നു. ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം ആദ്യം പറഞ്ഞതാകുന്നു. والله اعلم ഭൂഗോളത്തിന്റെ അന്തര്‍ഭാഗം മുഴുവനും അത്യുഷ്ണമായ ദ്രാവകമായിട്ടാണിരിക്കുന്നതെന്നും, അതിന്റെ ബഹിര്‍ഭാഗം മാത്രമേ ഉറച്ചു കട്ടിയായിട്ടുള്ളുവെന്നും, അഗ്നിപര്‍വ്വതങ്ങള്‍ ക്ഷോഭിക്കുമ്പോള്‍ പുറത്തുവരുന്ന ലാവ പ്രസ്തുത ദ്രാവകത്തില്‍ നിന്നുള്ളതാണെന്നുമാണ് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാരുടെ (ഭൂമിയുടെ അന്തര്‍ഭാഗത്തെ സ്ഥിതിഗതികളെക്കുറിച്ചു പ്രതിപാദിക്കുന്ന ശാസ്ത്രം – Geology) അഭിപ്രായം. ഭൂമിയുടെ ഉള്‍ഭാഗത്തു നിറഞ്ഞുനില്‍ക്കുന്ന ഈ ദ്രാവക സമുദ്രമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. പക്ഷേ, ഈ അടുത്ത കാലത്തുമാത്രം അറിയപ്പെടുന്ന ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ആ വാക്കിനു അര്‍ത്ഥം കല്‍പിക്കപ്പെടുന്നതു ഉചിതമായിരിക്കയില്ല. ഖുര്‍ആന്റെ അവതരണകാലത്തുള്ളവര്‍ക്കു അര്‍ത്ഥം മനസ്സിലാക്കുവാന്‍ കഴിയാത്തവാക്കുകള്‍ അതില്‍ ഉണ്ടായിരിക്കുമെന്നു പറയുന്നതു യുക്തമല്ലല്ലോ.
ഗൗരവമേറിയ പ്രസ്തുത സത്യവാചകങ്ങളില്‍ ആണയിട്ടുകൊണ്ടു അല്ലാഹു അവന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്യുകയും, അതില്‍നിന്നു സത്യവിശ്വാസവും സല്‍കര്‍മ്മവും വഴി രക്ഷനേടുവാന്‍ ആഹ്വാനം ചെയ്യുകയുമാണ് ചെയ്യുന്നത്. പാറപോലെ കട്ടിപിടിച്ചിട്ടില്ലാത്ത ഹൃദയങ്ങളിലേക്കു തുളച്ചു ചെല്ലത്തക്ക വാക്യങ്ങളാണവ. ഈ ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേട്ട അവസരത്തില്‍ ഉമര്‍ (رضي الله عنه) അതിന്റെ ഗൗരവം ഓര്‍ത്ത് പരവശനാകുകയും കുറെ നാളുകളോളം ക്ഷീണിതനായിരിക്കുകയും ഉണ്ടായതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. താക്കീതു ചെയ്യപ്പെടുന്ന ആ ശിക്ഷ എപ്പോഴായിരിക്കുമെന്നു അടുത്ത വചനത്തില്‍ പറയുന്നു:-
- يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا ﴾٩﴿
- ആകാശം ഒരു (ശക്തിയായ) പ്രകമ്പനം പ്രകമ്പിക്കുന്ന ദിവസം!-
- يَوْمَ تَمُورُ വിറകൊള്ളുക (പ്രകമ്പിക്കുന്ന-ക്ഷോഭിക്കുന്ന) ദിവസം السَّمَاءُ ആകാശം مَوْرًا ഒരു വിറകൊള്ളല്‍...
- وَتَسِيرُ ٱلْجِبَالُ سَيْرًا ﴾١٠﴿
- മലകള്‍ ഒരു (ശക്തിയായ) സഞ്ചാരം സഞ്ചരിക്കുകയും ചെയ്യുന്ന (ദിവസം)! [അന്നാണ് അതു സംഭവിക്കുക].
- وَتَسِيرُ ചലിക്കുക (നടക്കുക, സഞ്ചരിക്കുക)യും ചെയ്യുന്ന الْجِبَالُ മലകള്‍ سَيْرًا ഒരു ചലനം...
ലോകാവസാനവേളയില്‍ ഉണ്ടാകുന്ന അതിഭയങ്കര സംഭവവികാസങ്ങളില്‍ ചിലതാണിത്. മനുഷ്യന്റെ ഊഹത്തിനും, അനുമാനത്തിനും അതീതമായ പലതും അന്നു സംഭവിക്കാനിരിക്കുന്നു. അവയില്‍ പലതും താഴെ അദ്ധ്യായങ്ങളില്‍ പ്രസ്താവിച്ചു കാണാം.
- فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴾١١﴿
- എന്നാല്‍, വ്യാജമാ(ക്കി നിഷേധി)ക്കുന്നവര്‍ക്കത്രെ അന്നത്തെ ദിവസം (വമ്പിച്ച) നാശം.
- فَوَيْلٌ അപ്പോള്‍ നാശം يَوْمَئِذٍ ആ ദിവസം لِّلْمُكَذِّبِينَ വ്യാജമാക്കുന്നവര്‍ക്കാണ്
- ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ ﴾١٢﴿
- അതായതു, അനാവശ്യത്തില്‍ (മുഴുകി) കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്
- الَّذِينَ യാതൊരു കൂട്ടര്‍ക്കു هُمْ അവര്‍ فِي خَوْضٍ അനാവശ്യത്തില്‍ (മുഴുകിക്കൊണ്ടു) يَلْعَبُونَ കളിച്ചുകൊണ്ടിരിക്കുന്ന
- يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا ﴾١٣﴿
- (അതെ) നരകാഗ്നിയിലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളല്‍ തള്ളപ്പെടുന്ന ദിവസം!
- يَوْمَ يُدَعُّونَ അവര്‍ തള്ളപ്പെടുന്ന ദിവസം إِلَىٰ نَارِ جَهَنَّمَ ജഹന്നമി (നരകത്തി) ന്റെ അഗ്നിയിലേക്കു دَعًّا ഒരു തള്ളല്‍
- هَٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ ﴾١٤﴿
- (പറയപ്പെടും:) 'ഇതു നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകമത്രെ.
- هَـٰذِهِ النَّارُ ഇതു അഗ്നിയാണ്, നരകമത്രെ الَّتِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهَا അതിനെ تُكَذِّبُونَ കളവാക്കും, വ്യാജമാക്കും
- أَفَسِحْرٌ هَٰذَآ أَمْ أَنتُمْ لَا تُبْصِرُونَ ﴾١٥﴿
- 'അപ്പോള്‍, ഇതു ജാലമാണോ?! അതല്ല, നിങ്ങള്‍ കാണുന്നില്ല എന്നുണ്ടോ?!
- أَفَسِحْرٌ അപ്പോള്‍ ജാലമാണോ, മായയോ هَـٰذَا ഇതു أَمْ أَنتُمْ അതല്ല നിങ്ങള്‍ ആണോ لَا تُبْصِرُونَ നിങ്ങള്‍ കാണാതെ, കാണുന്നില്ല (എന്നോ)
- ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾١٦﴿
- 'നിങ്ങളതില്‍ കടന്നു കരിയുവിന്‍! എന്നിട്ടു നിങ്ങള്‍ ക്ഷമിച്ചുകൊള്ളുക; അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക; (രണ്ടും) നിങ്ങള്‍ക്കു സമമത്രെ. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനു മാത്രമാണു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നത്.'
- اصْلَوْهَا നിങ്ങളതില്‍ പ്രവേശിക്കുക, ചൂടേല്‍ക്കുക, കരിയുക فَاصْبِرُوا എന്നിട്ടു ക്ഷമിക്കുക أَوْ لَا تَصْبِرُوا അല്ലെങ്കില്‍ ക്ഷമിക്കാതിരിക്കുക سَوَاءٌ സമമാണ്, ഒരുപോലെയാണ് عَلَيْكُمْ നിങ്ങള്‍ക്കു, നിങ്ങളില്‍ إِنَّمَا تُجْزَوْنَ നിശ്ചയമായും നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നുള്ളൂ مَا كُنتُمْ നിങ്ങളായിരുന്നതിനു (മാത്രം) تَعْمَلُونَ പ്രവര്‍ത്തിക്കും
യാതൊരു വിവരണവും കൂടാതെത്തന്നെ ആശയം വ്യക്തമാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍ സത്യവിശ്വാസികളായ ഭാഗ്യവാന്മാരുടെ പ്രതിഫലങ്ങളെക്കുറിച്ചു വിവരിക്കുന്നു:-
- إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَنَعِيمٍ ﴾١٧﴿
- നിശ്ചയമായും, ഭയഭക്തന്മാര്‍ (സ്വര്‍ഗ്ഗ) തോപ്പുകളിലും. സുഖാനുഗ്രഹങ്ങളിലുമായിരിക്കു;-
- إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്മാര്‍, സൂക്ഷ്മതയുള്ളവര്‍ فِي جَنَّاتٍ തോപ്പുകളില്‍ (സ്വര്‍ഗ്ഗങ്ങളില്‍) ആയിരിക്കും وَنَعِيمٍ സുഖാനുഗ്രഹത്തിലും
- فَٰكِهِينَ بِمَآ ءَاتَىٰهُمْ رَبُّهُمْ وَوَقَىٰهُمْ رَبُّهُمْ عَذَابَ ٱلْجَحِيمِ ﴾١٨﴿
- അവരുടെ റബ്ബ് അവര്‍ക്കു നല്‍കിയതില്‍ സുഖമാസ്വദിച്ചുകൊണ്ട്. അവര്‍ക്കു
തങ്ങളുടെ റബ്ബ് കത്തിജ്വലിക്കുന്ന (നരക) ശിക്ഷ കാത്തുകൊടുക്കുകയും ചെയ്യുന്നതാണ്. - فَاكِهِينَ സുഖം അനുഭവിക്കുന്നവരായി بِمَا آتَاهُمْ അവര്‍ക്കു നല്‍കിയതുകൊണ്ടു رَبُّهُمْ അവരുടെ റബ്ബ് وَوَقَاهُمْ അവരെ (അവര്‍ക്കു) കാത്തുകൊടുക്കുകയും ചെയ്യും رَبُّهُمْ അവരുടെ റബ്ബ് عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ ശിക്ഷയെ
- كُلُوا۟ وَٱشْرَبُوا۟ هَنِيٓـًٔۢا بِمَا كُنتُمْ تَعْمَلُونَ ﴾١٩﴿
- (പറയപ്പെടും:) 'നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ മംഗളമായി തിന്നുകയും, കുടിക്കുകയും ചെയ്തുകൊള്ളുക!
- كُلُوا തിന്നുവിന്‍ وَاشْرَبُوا കുടിക്കയും ചെയ്യുവിന്‍ هَنِيئًا മംഗളമായിട്ടു, ആമോദത്തോടെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ട് تَعْمَلُونَ പ്രവര്‍ത്തിക്കുക
- مُتَّكِـِٔينَ عَلَىٰ سُرُرٍ مَّصْفُوفَةٍ ۖ وَزَوَّجْنَٰهُم بِحُورٍ عِينٍ ﴾٢٠﴿
- വരിവരിയാ(യി നിരത്തി വെ)ക്കപ്പെട്ട പര്യങ്കങ്ങളില്‍ ചാരിയിരുന്നു കൊണ്ടായിരിക്കും (അവര്‍). വിശാല നേത്രകളായ വെള്ള മെയ്യാമണികളെ അവര്‍ക്കു നാം ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.
- مُتَّكِئِينَ ചാരിയിരുന്നുകൊണ്ടു عَلَىٰ سُرُرٍ കട്ടിലുക(പര്യങ്കങ്ങ)ളില്‍ مَّصْفُوفَةٍ നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഇണയാക്കി) കൊടുക്കയും ചെയ്യും بِحُورٍ സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ عِينٍ വിശാലനേത്രകളായ
حور عين എന്ന വാക്കിന്റെ അര്‍ത്ഥത്തെ സംബന്ധിച്ചു സൂഃ ദുഖാന്‍ 54ന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങള്‍, ഭാര്യമാര്‍ മുതലായവയില്‍ സ്വര്‍ഗ്ഗസ്ഥരായ ഭാഗ്യവാന്മാരുടെ നില വിവരിച്ച ശേഷം, അവര്‍ക്കു സിദ്ധിക്കുന്ന മറ്റൊരു വമ്പിച്ച നേട്ടത്തെക്കുറിച്ചു പറയുന്നു:-
- وَٱلَّذِينَ ءَامَنُوا۟ وَٱتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَٰنٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَآ أَلَتْنَٰهُم مِّنْ عَمَلِهِم مِّن شَىْءٍ ۚ كُلُّ ٱمْرِئٍۭ بِمَا كَسَبَ رَهِينٌ ﴾٢١﴿
- തങ്ങള്‍ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങള്‍ സത്യവിശ്വാസത്തോടെ തങ്ങളെ പിന്തുടരുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവരുടെ സന്താനങ്ങളെ അവരോടു നാം ചേര്‍ത്തു കൊടുക്കുന്നതുമാണ്. അവരുടെ കര്‍മ്മ (ഫല)ത്തില്‍നിന്ന് യാതൊന്നും തന്നെ നാം അവര്‍ക്കു കുറവുവരുത്തുന്നതുമല്ല. എല്ലാ (ഓരോ) മനുഷ്യനും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനു പണയമാകുന്നു.
- وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَاتَّبَعَتْهُمْ തങ്ങളെ പിന്തുടരുകയും ചെയ്തു ذُرِّيَّتُهُم തങ്ങളുടെ സന്താനങ്ങൾ بِإِيمَانٍ വിശ്വാസത്തില്‍, വിശ്വസിച്ചുകൊണ്ടു أَلْحَقْنَا بِهِمْ അവരോടു നാം ചേര്‍ക്കും ذُرِّيَّتَهُمْ അവരുടെ സന്താനങ്ങളെ وَمَا أَلَتْنَاهُم അവര്‍ക്കു നാം കുറവു വരുത്തു (നഷ്ടപ്പെടുത്തു) ന്നതല്ല مِّنْ عَمَلِهِم അവരുടെ കര്‍മ്മത്തില്‍ (പ്രവൃത്തിയില്‍) നിന്നു مِّن شَيْءٍ യാതൊന്നിനെയും كُلُّ امْرِئٍ എല്ലാ മനുഷ്യനും بِمَا كَسَبَ അവന്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച) തിന്നു رَهِينٌ പണയമാണ്, പണയം വെക്കപ്പെട്ടവനാണ്
സല്‍കര്‍മ്മരംഗത്തു തങ്ങളുടെ നിലപാടില്‍ എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും സത്യവിശ്വാസികളായ നല്ലമക്കളെയും തങ്ങളൊന്നിച്ച് സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുവാന്‍ അല്ലാഹു അവര്‍ക്കു ഭാഗ്യമുണ്ടാക്കിക്കൊടുക്കും. ഇതുമൂലം അവരുടെ പ്രതിഫലത്തില്‍ അല്ലാഹു യാതൊരു കുറവും വരുത്തുന്നതുമല്ല. മാത്രമല്ല, നല്ലവരായ മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കള്‍ എന്നിവരേയും സ്വര്‍ഗ്ഗത്തില്‍ അല്ലാഹു അവരൊന്നിച്ചു ചേര്‍ത്തുകൊടുക്കുമെന്നു സൂഃ റഅ്ദു:23, സൂഃ മുഅ്മിന്‍ 7-9 എന്നിവിടങ്ങളില്‍ നിന്നു മനസ്സിലാക്കാം. സൂഃ മുഅ്മിനില്‍ വായിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുന്നതു നന്നായിരിക്കും. ‘സത്യവിശ്വാസിയായ മനുഷ്യന്റെ സന്താനങ്ങള്‍ അവനെക്കാള്‍ കര്‍മ്മത്തില്‍ താഴേക്കിടയിലുള്ളവരായിരുന്നാലും അവന്റെ കണ്‍കുളുര്‍മ്മക്കു – മനസ്സന്തോഷത്തിനു – വേണ്ടി അവരുടെ പദവി അവന്റെ പദവിയിലേക്കു അല്ലാഹു ഉയര്‍ത്തിക്കൊടുക്കും.’ എന്നു പറഞ്ഞുകൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنه) ഈ ഖുര്‍ആന്‍ വചനം അതിനു തെളിവായി ഓതുകയുണ്ടായി. (ابن جرير وابن أبي حاتم والبرير وغير هم)
മാതാപിതാക്കള്‍ എത്ര ഉന്നത പദവിക്കാരായിരുന്നാലും ശരി, അക്കാരണം കൊണ്ടു അവിശ്വാസികളും ദുര്‍ന്നടപ്പുകാരുമായ അവരുടെ മക്കള്‍ക്കോ, അല്ലെങ്കില്‍ മറിച്ചോ യാതൊരു രക്ഷയും കിട്ടുകയില്ലെന്നും, അവനവന്‍ ചെയ്ത കുറ്റത്തിനു അവനവന്‍ മാത്രമാണ് ഉത്തരവാദിയെന്നും, ഓരോരുത്തന്റെ കടമ അവനവന്‍ തന്നെ നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിക്കാറുള്ളതാണ്. كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ (എല്ലാ മനുഷ്യനും അവന്‍ സമ്പാദിച്ചതിനു പണയമാണ്) എന്ന വാക്യവും അതാണ് ഉണര്‍ത്തുന്നത്. വാങ്ങിയ കടം കൊടുത്തുതീര്‍ക്കാത്തപക്ഷം ആ കടത്തിനുവേണ്ടി പണയംവെക്കപ്പെട്ട വസ്തുവില്‍ നിന്നാണല്ലോ അതു ഈടാക്കപ്പെടുക. അതു പോലെ, ഓരോ മനുഷ്യനും അവന്റെ കടമ നിര്‍വ്വഹിക്കാത്ത പക്ഷം അതിന് അവന്‍തന്നെ ഉത്തരവാദിയാണെന്നു സാരം. വിശ്വസിക്കുകയും അതോടൊപ്പം നിര്‍ബന്ധകടമകള്‍ നിറവേറ്റുകയും ചെയ്തിട്ടുള്ളവരെ അവരെക്കാള്‍ ഉന്നത സ്ഥാനം കൈവന്ന തങ്ങളുടെ മാതാപിതാക്കളുടെ സ്ഥാനത്തേക്കു ഉയരിത്തിക്കൊടുക്കുമെന്നേ മേല്‍പറഞ്ഞതിന്നു അര്‍ത്ഥമുള്ളൂ. മാതാപിതാക്കളോ മക്കളോ ഉന്നതസ്ഥാനക്കാരായതുകൊണ്ടു മറ്റുള്ളവര്‍ക്കു വല്ല രക്ഷയും കൈവരുമായിരുന്നുവെങ്കില്‍, നൂഹ് (عليه السلام) നബിയുടെ മകന്‍, ഇബ്രാഹിം (عليه السلام) നബിയുടെ പിതാവ്, ലൂത്ത്വ് (عليه السلام) നബിയുടെ ഭാര്യ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പിതൃവ്യന്‍മാര്‍ മുതലായവര്‍ക്കു രക്ഷ കിട്ടേണ്ടതായിരുന്നുവല്ലോ. താണ പദവിയിലുള്ളവരെ ഉന്നതപദവിയിലേക്കു ഉയര്‍ത്തുന്നതു അല്ലാഹുവിന്റെ ഔദാര്യവും ദയവും (فضل الله) ആണെങ്കില്‍, അവരവരുടെ കുറ്റത്തിനു അവരവരെത്തന്നെ ഉത്തരവാദിയാക്കുന്നതു അവന്റെ നീതിന്യായവ്യവസ്ഥയും (عدل الله) ആകുന്നു. അല്ലാഹു തുടരുന്നു :-
- وَأَمْدَدْنَٰهُم بِفَٰكِهَةٍ وَلَحْمٍ مِّمَّا يَشْتَهُونَ ﴾٢٢﴿
- അവര്‍ ആശിക്കുന്നതില്‍നിന്നുള്ള പഴവര്‍ഗ്ഗവും, മാംസവും അവര്‍ക്കു നാം (യഥേഷ്ടം) അയച്ചിട്ടു കൊടുക്കുകയും ചെയ്യുന്നതാണ്.
- وَأَمْدَدْنَاهُم അവര്‍ക്കു നാം അയച്ചു (ഇഷ്ടം പോലെ) കൊടുക്കും بِفَاكِهَةٍ പഴവര്‍ഗ്ഗത്തെ وَلَحْمٍ മാംസവും مِّمَّا يَشْتَهُونَ അവര്‍ ആശിക്കുന്ന (ഇച്ഛിക്കുന്ന)തില്‍ നിന്നു
- يَتَنَٰزَعُونَ فِيهَا كَأْسًا لَّا لَغْوٌ فِيهَا وَلَا تَأْثِيمٌ ﴾٢٣﴿
- (മദ്യം നിറക്കപ്പെട്ട) കോപ്പക്ക് അവിടെ അവര്‍ പിടികൂടി (കൈമാറി)ക്കൊണ്ടിരിക്കും. യാതൊരു അനാവശ്യവും അതിലില്ല; കുറ്റകരമായുള്ളതും ഇല്ല.
- يَتَنَازَعُونَ അവര്‍ അന്യോന്യം പിടികൂടും. (കൈമാറിക്കൊണ്ടിരിക്കും) فِيهَا അതില്‍, അവിടത്തില്‍ كَأْسًا (നിറ) കോപ്പ, കോപ്പക്ക് لَّا لَغْوٌ അനാവശ്യം ഇല്ല فِيهَا അതില്‍ وَلَا تَأْثِيمٌ കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല
- ۞ وَيَطُوفُ عَلَيْهِمْ غِلْمَانٌ لَّهُمْ كَأَنَّهُمْ لُؤْلُؤٌ مَّكْنُونٌ ﴾٢٤﴿
- അവര്‍ക്കുവേണ്ടിയുള്ള ബാലന്‍മാര്‍ അവരില്‍ ചുറ്റിത്തിരിഞ്ഞു (സേവനം ചെയ്തു)കൊണ്ടിരിക്കുന്നതാണ്. അവര്‍ ആ [ബാലന്മാര്‍] ഒളിച്ചുവെക്കപ്പെട്ട മുത്തെന്നപോലെയിരിക്കും!
- وَيَطُوفُ ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നില്‍ക്കുക)യും ചെയ്യും عَلَيْهِمْ അവരില്‍ غِلْمَانٌ ബാലന്‍മാര്‍, ആണ്‍കുട്ടികള്‍ لَّهُمْ അവരുടെ, അവര്‍ക്കുവേണ്ടിയുള്ള كَأَنَّهُمْ അവരാണെന്നപോലെയിരിക്കും لُؤْلُؤٌ മുത്തു مَّكْنُونٌ (ചിപ്പിയില്‍) ഒളിച്ചു (സൂക്ഷിച്ചു)വെക്കപ്പെട്ട
ലഹരിയും മത്തും ഉണ്ടാക്കുന്നതാണല്ലോ ഇഹത്തിലെ കള്ള്. അനാവശ്യങ്ങളും, അക്രമങ്ങളും കള്ളുകുടിയുടെ കൂടെപ്പിറവിയുമാണ്. സ്വര്‍ഗ്ഗത്തിലെ കള്ളു അത്തരത്തില്‍പെട്ടതല്ല. നാമമാത്രസാദൃശ്യമേ അവതമ്മിലുള്ളു. ആനന്ദവും സന്തോഷവും ഉളവാക്കുകയല്ലാതെ, യാതൊരുവിധ ദോഷവും അതു നിമിത്തം ഉണ്ടാകുവാനില്ല. കള്ളു കുടിയന്മാര്‍ തമ്മില്‍ അടിപിടിയും വഴക്കും പതിവായതുപോലേ, അവിടെ അവര്‍ക്കിടയില്‍ കശപിശയോ മറ്റോ ഉണ്ടാകുകയില്ല. പക്ഷേ, ആഹ്ലാദത്തോടും സ്നേഹത്തോടുംകൂടി കള്ളുനിറച്ച കോപ്പകള്‍ക്കുവേണ്ടി ഞാന്‍ ആദ്യം ഞാന്‍ ആദ്യം എന്നാ ഭാവത്തില്‍ തമാശയായി അവര്‍ പിടികൂടിയും കൈമാറിയുംകൊണ്ടിരിക്കും. അവര്‍ക്കുവേണ്ടുന്ന സേവനങ്ങള്‍ നടത്തുവാന്‍വേണ്ടി സ്വര്‍ഗ്ഗീയ ബാലന്മാര്‍ അവരെ ചുറ്റിപ്പറ്റിക്കൊണ്ടു സദാ തയ്യാറുണ്ടായിരിക്കും. കേവലം ഭ്രുത്യന്‍മാരായ ആ ബാലന്‍മാരാകട്ടെ, ചിപ്പികളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്ന മുത്തുമണികള്‍ പുറത്തെടുത്തതാണെന്നു തോന്നുമാറ് അത്രയും വടിവും, വെടുപ്പും, സൗന്ദര്യവും തികഞ്ഞവരായിരിക്കും. ഭൃത്യന്‍മാരുടെ ഉപമ ഇതാണെങ്കില്‍, അവരുടെ യജമാനന്‍മാരുടെ ഉപമ എന്തായിരിക്കും? അതെ – ഒരു ഹദീസില്‍ നിവേദനം ചെയ്യപ്പെട്ടതു പോലെ – പൗര്‍ണ്ണമിയുടെ രാത്രിയിലെ ചന്ദ്രനും, ഇതര നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം കണക്കെയിരിക്കും. (حكاه ابن جرير وابن المنذر) ഈ ബാലൻമാരെപ്പറ്റി 56:17-18; 76:19 മുതലായ സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതു കാണാം. അടുത്തവചനങ്ങളിൽ സ്വഗ്ഗക്കാര്‍ തമ്മില്‍ നടക്കുന്ന ചില സംഭാഷണങ്ങളെയും, സന്തോഷസല്ലാപങ്ങളെയും ചൂണ്ടിക്കാട്ടുന്നു:-
- وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴾٢٥﴿
- അവര്‍ പരസ്പരം (പലതും) ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ മുന്നിട്ടുവരും.
- وَأَقْبَلَ മുന്നിടും, മുമ്പോട്ടുവരും, നേരിടും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരുടെമേല്‍ يَتَسَاءَلُونَ പരസ്പരം ചോദിച്ചുകൊണ്ടു
- قَالُوٓا۟ إِنَّا كُنَّا قَبْلُ فِىٓ أَهْلِنَا مُشْفِقِينَ ﴾٢٦﴿
- അവര്‍ പറയും; 'നാം, മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരായിരുന്നു.
- قَالُوا അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും നാമായിരുന്നു قَبْلُ മുമ്പു فِي أَهْلِنَا നമ്മുടെ കുടുംബത്തില്‍, സ്വന്തക്കാരിലായപ്പോള്‍ مُشْفِقِينَ ഭയപ്പെട്ടവര്‍, പേടിക്കുന്നവര്‍
- فَمَنَّ ٱللَّهُ عَلَيْنَا وَوَقَىٰنَا عَذَابَ ٱلسَّمُومِ ﴾٢٧﴿
- 'അതിനാല്‍ അല്ലാഹു നമ്മളില്‍ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളില്‍ കടന്നുചെല്ലുന്ന (അത്യുഷ്ണമായ) അഗ്നിശിക്ഷയില്‍ നിന്നു അവന്‍ നമ്മെ കാത്തുതരുകയും ചെയ്തു.
- فَمَنَّ اللَّـهُ അതിനാല്‍ (എന്നാല്‍) അല്ലാഹു ദാക്ഷിണ്യം (ദയവു, ഉപകാരം) ചെയ്തു عَلَيْنَا നമ്മുടെമേല്‍ وَوَقَانَا അവന്‍ നമ്മെ കാക്കുകയും ചെയ്തു عَذَابَ ശിക്ഷയെ, ശിക്ഷയില്‍നിന്നു السَّمُومِ സുഷിരങ്ങളില്‍കൂടി പ്രവേശിക്കുന്നതിന്റെ (അത്യുഷ്ണമായ അഗ്നിയുടെ)
- إِنَّا كُنَّا مِن قَبْلُ نَدْعُوهُ ۖ إِنَّهُۥ هُوَ ٱلْبَرُّ ٱلرَّحِيمُ ﴾٢٨﴿
- 'നാം മുമ്പേ അവനെ (വിളിച്ചു) പ്രാര്‍ത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവന്‍
തന്നെ പുണ്യം നല്‍കുന്നവനും, കരുണാനിധിയുമായുള്ളവന്‍'. - إِنَّا كُنَّا നാം ആയിരുന്നു مِن قَبْلُ മുമ്പ്, മുമ്പേ نَدْعُوهُ നാമവനെ വിളിച്ചിരുന്നു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْبَرُّ പുണ്യം (ഗുണം, നന്മ) ചെയ്യുന്നവന്‍ الرَّحِيمُ കരുണാനിധിയായ
അവര്‍ അന്യോന്യം പലതും സംസാരിച്ചും ചോദ്യോത്തരങ്ങള്‍ നടത്തിയും കൊണ്ടിരിക്കുമ്പോള്‍, തങ്ങള്‍ ഐഹിക ജീവിതത്തില്‍ തങ്ങളുടെ സ്വന്തക്കാര്‍ക്കിടയില്‍ കഴിഞ്ഞു കൂടിയ കാലത്തു അല്ലാഹുവിനെ ഭയന്നും, അവന്റെ ശിക്ഷയെ പേടിച്ചും, അവനെ വിളിച്ചു പ്രാര്‍ത്ഥിച്ചും കൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ് തങ്ങള്‍ക്കു ഈ ഉന്നത പദവികളെല്ലാം ലഭിച്ചതെന്നു അനുസ്മരിച്ചു സന്തോഷിക്കുകയാണ്. സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും പര്യവസാനങ്ങള്‍ വിവരിച്ചശേഷം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു പറയുന്നു :