സൂറത്തുല്‍ അഹ്ഖാഫ് : 21-35
വിഭാഗം - 3
- ۞ وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴾٢١﴿
- ആദ്(ഗോത്രത്തി)ന്‍റെ സഹോദരനെ [ഹൂദിനെ] ഓര്‍മ്മിക്കുക. അതായതു, 'അഹ്ഖാഫി'ല്‍വെച്ച് അദ്ദേഹം തന്‍റെ ജനതയെ താക്കീതുചെയ്ത സന്ദര്‍ഭം; അദ്ദേഹത്തിന്‍റെ മുമ്പിലും പിമ്പിലും (പല) താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. 'നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതു; നിശ്ചയമായും ഞാന്‍ നിങ്ങളുടെമേല്‍ വമ്പിച്ച ഒരു ദിവസത്തെ ശിക്ഷയെ ഭയപ്പെടുന്നു' എന്ന്.
- وَاذْكُرْ ഓര്‍ക്കുക أَخَا عَادٍ ആദിന്റെ സഹോദരനെ إِذْ أَنذَرَ അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍ قَوْمَهُ തന്റെ ജനതക്കു بِالْأَحْقَافِ അഹ്ഖാഫില്‍വെച്ചു وَقَدْ خَلَتِ കഴിഞ്ഞുപോയിട്ടുമുണ്ടു النُّذُرُ താക്കീതുകാര്‍ مِن بَيْنِ يَدَيْهِ അദ്ദേഹത്തിന്റെ മുന്നില്‍ وَمِنْ خَلْفِهِ പിന്നിലും أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു عَلَيْكُمْ നിങ്ങളുടെമേല്‍ عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച
യമനിന്റെയും, ഹളര്‍മൗത്തിന്റെയും ഇടയ്ക്കു അറേബ്യായുടെ തെക്കേ കടലോരപ്രദേശങ്ങളില്‍ (*) പാറക്കുന്നുകള്‍ക്കിടയിലൂടെ സ്ഥിതിചെയ്യുന്ന മണല്‍ഭൂമികളാണ് അഹ്ഖാഫ് (الْأَحْقَاف) ഹൂദ് (عليه السلام) നബിയുടെ ജനതയായ ആദ് ഗോത്രത്തിന്റെ വാസസ്ഥലമായിരുന്നു അത്. മറ്റു പല പ്രവാചകന്മാരും ചെയ്തതുപോലെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്കയും ചെയ്തു. അദ്ദേഹത്തിനുനേരെ അവര്‍ സ്വീകരിച്ച നിലപാടും അതിന്റെ അനന്തരഫലവുമാണ് താഴെ വിവരിക്കുന്നത്. (ആദിനെക്കുറിച്ച് സൂ: ശുഅറാഉ് 123 – 140 വചനങ്ങളില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക.)
(*) ഭൂപടം 8 നോക്കുക.
- قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴾٢٢﴿
- അവര്‍ പറഞ്ഞു: 'ഞങ്ങളുടെ ആരാധ്യന്മാരില്‍ [ദൈവങ്ങളില്‍] നിന്ന് ഞങ്ങളെ തിരിച്ചുവിടുവാന്‍ വേണ്ടി നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുകയാണോ?! എന്നാല്‍, നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതു [താക്കീതു ചെയ്യുന്ന ശിക്ഷ] ഞങ്ങള്‍ക്കു കൊണ്ടുവന്നു തരിക - നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍!'
- قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ വന്നിരിക്കയാണോ لِتَأْفِكَنَا നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍ عَنْ آلِهَتِنَا ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു فَأْتِنَا എന്നാല്‍ നീ ഞങ്ങള്‍ക്കു വാ بِمَا تَعِدُنَا നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു إِن كُنتَ നീ ആണെങ്കില്‍ مِنَ الصَّادِقِينَ സത്യം പറയുന്നവരില്‍
- قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ ﴾٢٣﴿
- അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും, (അതിന്റെ) അറിവു അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ യാതൊന്നുമായി നിയോഗിച്ചയക്കപ്പെട്ടിരിക്കുന്നുവോ അതു നിങ്ങള്‍ക്കു എത്തിച്ചുതരുകയാണ്. പക്ഷേ, വിഡ്ഢിത്തം ചെയ്യുന്ന (അഥവാ വിവരമില്ലാത്ത) ഒരു ജനതയായി നിങ്ങളെ ഞാന്‍ കാണുന്നു'.
- قَالَ അദ്ദേഹം പറഞ്ഞു إِنَّمَا الْعِلْمُ നിശ്ചയമായും അറിവു عِندَ اللَّـهِ അല്ലാഹുവിങ്കലാണ് وَأُبَلِّغُكُم ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു مَّا أُرْسِلْتُ بِهِ ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു وَلَـٰكِنِّي എങ്കിലും (പക്ഷേ) ഞാന്‍ أَرَاكُمْ നിങ്ങളെ കാണുന്നു قَوْمًا ഒരു ജനതയായി تَجْهَلُونَ അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന
ഹൂദ് (عليه السلام) നബിയുടെ ഉപദേശത്തിന്റെയും, അതിനു അവരില്‍നിന്നുണ്ടായ പ്രതികരണത്തിന്റെയും രത്നച്ചുരുക്കമാണിത്. അവര്‍ക്കു ഭവിച്ച ശിക്ഷയെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. മഴയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍, ഒരു കാര്‍മേഘം ചക്രവാളത്തില്‍ പൊന്തിവരുന്നതു അവര്‍ കാണുകയുണ്ടായി. ഇതവരുടെ ശിക്ഷയുടെ മുന്നോടിയായിരുന്നു.
- فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ ﴾٢٤﴿
- അങ്ങനെ, അതു [ആ ശിക്ഷ] തങ്ങളുടെ താഴ്വരകളെ അഭീമുഖീകരിച്ചുകൊണ്ടു (വെളിപ്പെട്ട) ഒരു മേഘമായിക്കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'ഇതാ, നമുക്കു മഴ നല്‍കുന്ന ഒരു മേഘം (വെളിപ്പെടുന്നു)!' '(അല്ല-) പക്ഷേ, അതു നിങ്ങള്‍ യാതൊന്നിനെപ്പറ്റി ധൃതികൂട്ടിയോ അതാണ്; (അതെ) വേദനയേറിയ ശിക്ഷ ഉള്‍ക്കൊള്ളുന്ന ഒരു (ഭയങ്കര) കാറ്റ്!
- فَلَمَّا رَأَوْهُ അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍ عَارِضًا വെളിപ്പെട്ടതായി, മേഘമായിട്ടു مُّسْتَقْبِلَ അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന أَوْدِيَتِهِمْ അവരുടെ താഴ്വരകളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا عَارِضٌ ഇതാ ഒരു മേഘം (വെളിപ്പെടുന്നു) مُّمْطِرُنَا നമുക്കു മഴ നല്‍കുന്ന بَلْ هُوَ എങ്കിലും അതു مَا اسْتَعْجَلْتُم നിങ്ങള്‍ ധൃതികൂട്ടിയതാണ് بِهِ അതിനു رِيحٌ ഒരു കാറ്റു فِيهَا അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു) عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
- تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ﴾٢٥﴿
- '(ആ കാറ്റ്) അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം എല്ലാ വസ്തുക്കളെയും തകര്‍ത്തു (നശിപ്പിച്ചു) കളയും!' അങ്ങനെ അവര്‍, പ്രഭാതവേളയില്‍ തങ്ങളുടെ വാസസ്ഥലങ്ങളല്ലാതെ (മറ്റൊന്നും) കാണപ്പെടാത്ത വിധത്തിലായിത്തീര്‍ന്നു. കുറ്റവാളികളായ ജനതക്കു അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു.
- تُدَمِّرُ അതു തകര്‍ക്കും كُلَّ شَيْءٍ എല്ലാ വസ്തുവെയും بِأَمْرِ رَبِّهَا അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം فَأَصْبَحُوا എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു لَا يُرَىٰ കാണപ്പെടാത്തവിധം إِلَّا مَسَاكِنُهُمْ അവരുടെ വാസസ്ഥലങ്ങളല്ലാതെ كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ الْمُجْرِمِينَ കുറ്റവാളികളായ ജനതക്ക്
ഏഴു രാവും എട്ടു പകലും നീണ്ടുനിന്ന അത്യുഗ്രമായ ആ കൊടുങ്കാറ്റ് അവരെ മുഴുവനും നാമാവശേഷമാക്കി; അവരുടെ വാസസ്ഥലമായ ആ പ്രദേശം ഒഴിച്ചു മറ്റെല്ലാം നശിച്ചുപോയി എന്നു സാരം. ആയിശാ (رضي الله عنها) നിവേദനം ചെയ്യുന്നു: ശക്തിയായി കാറ്റടിച്ചു തുടങ്ങിയാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞിരുന്നു:
اللَّهمَّ إِنِّي أَسْأَلُكَ خَيْرَهَا، وَخَيْرَ مَا فِيْهَا، وَخَيْرَ مَا أُرْسِلَتْ بِهِ، وَأَعُوْذُ بِكَ مِنْ شَرِّهَا، وَشَرِّ مَا فِيْهَا، وَشَرِّ مَا أُرْسِلَتْ بِهِ
(അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇതു അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു.) അങ്ങനെ, അന്തരീക്ഷത്തിനു ഭാവഭേദം വന്നാല്‍, തിരുമേനിക്ക് (പരിഭ്രമം നിമിത്തം) നിറമാറ്റം വരുകയും, അവിടുന്നു അകത്തും, പുറത്തും, മുമ്പോട്ടും, പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക് ആശ്വാസമാകും. ഇതിനെപ്പറ്റി ഞാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ‘ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ (هَـٰذَا عَارِضٌ مُّمْطِرُنَا) എന്നു ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ!’ (മു; തി; ന.) ആപല്‍സാധ്യതയുള്ള വല്ല സംഭവങ്ങളും കാണുമ്പോള്‍, ആപത്തിനെ ഭയപ്പെടുകയും, വിനയത്തോടും ഭക്തിയോടുംകൂടി അല്ലാഹുവോടു രക്ഷക്കപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ആപത്തുകള്‍, എപ്പോഴാണു, എങ്ങിനെയൊക്കെയാണു സംഭവിക്കുകയെന്നു നമുക്കറിയുകയില്ലല്ലോ. അവിശ്വാസികളെ അഭിമുഖീകരിച്ചുകൊണ്ടു അല്ലാഹു പറയുന്നു:-
- وَلَقَدْ مَكَّنَّٰهُمْ فِيمَآ إِن مَّكَّنَّٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٢٦﴿
- നിങ്ങള്‍ക്കു നാം സൗകര്യപ്പെടുത്തിത്തന്നിട്ടില്ലാത്ത വിഷയത്തില്‍ (പലതിലും) തീര്‍ച്ചയായും അവര്‍ക്ക് [ആദിനു] നാം സൗകര്യം നല്‍കുകയുണ്ടായി. അവര്‍ക്കു നാം കേള്‍വിയും, കാഴ്ചയും ഹൃദയവും നല്‍കിയിരുന്നു. എന്നാല്‍, അവരുടെ കേള്‍വിയാകട്ടെ, കാഴ്ചയാകട്ടെ, ഹൃദയമാകട്ടെ, ഒട്ടും തന്നെ അവര്‍ക്കു ഉപകരിച്ചില്ല; അല്ലാഹുവിന്റെ 'ആയത്തു' [ലക്ഷ്യദൃഷ്ടാന്തം]കളെ അവര്‍ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ ! ഏതൊന്നിനെക്കുറിച്ചു അവര്‍ പരിഹസിച്ചുകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
- وَلَقَدْ مَكَّنَّاهُمْ തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി فِيمَا യാതൊന്നില്‍ إِن مَّكَّنَّاكُمْ നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത فِيهِ അതില്‍ وَجَعَلْنَا لَهُمْ അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു سَمْعًا കേള്‍വി وَأَبْصَارًا കാഴ്ചകളും وَأَفْئِدَةً ഹൃദയങ്ങളും فَمَا أَغْنَىٰ എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല) عَنْهُمْ അവര്‍ക്കു سَمْعُهُمْ അവരുടെ കേള്‍വി وَلَا أَبْصَارُهُمْ അവരുടെ കാഴ്ചകളും ഇല്ല وَلَا أَفْئِدَتُهُم അവരുടെ ഹൃദയങ്ങളുമില്ല مِّن شَيْءٍ യാതൊന്നും (ഒട്ടും) തന്നെ إِذْ كَانُوا അവരായിരുന്നതിനാല്‍ يَجْحَدُونَ നിഷേധിച്ചുകൊണ്ടിരിക്കുക بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളെ وَحَاقَ بِهِم അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു مَّا യാതൊരു കാര്യം كَانُوا بِهِ അതിനെപ്പറ്റി അവരായിരുന്നു يَسْتَهْزِئُونَ പരിഹസിച്ചുകൊണ്ടിരിക്കും
സാരം: കയ്യൂക്ക്, മെയ്യൂക്ക്, സാമ്പത്തികാഭിവൃദ്ധി മുതലായ പലതിലും നിങ്ങളെക്കാള്‍ മികച്ചവരായിരുന്നു അവര്‍. കാര്യങ്ങള്‍ കണ്ടറിയുവാനുള്ള കണ്ണും കരുത്തും ബുദ്ധി ശക്തിയുമെല്ലാം അവര്‍ക്കുണ്ടായിരുന്നു. അതൊന്നും അവര്‍ വേണ്ടപ്രകാരം ഉപയോഗപ്പെടുത്തിയില്ല. നമ്മുടെ സന്ദേശങ്ങളും ദൃഷ്ടാന്തങ്ങളും അവര്‍ നിഷേധിച്ചു. അവയെപ്പറ്റി ചിന്തിച്ചതേയില്ല. താക്കീതുകളെ പരിഹസിക്കയും ചെയ്തു. അങ്ങനെ, അവര്‍ക്കു താക്കീതു ചെയ്യപ്പെട്ട ശിക്ഷ അവരെ വലയം ചെയ്തു. ഇതുപോലെയുള്ള സംഭവങ്ങള്‍ നിങ്ങള്‍ക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു.
വിഭാഗം - 4
- وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْءَايَٰتِ لَعَلَّهُمْ يَرْجِعُونَ ﴾٢٧﴿
- നിങ്ങളുടെ ചുറ്റുപാടുമുള്ള (ചില) രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവര്‍ [ആ രാജ്യക്കാര്‍] മടങ്ങുവാന്‍ വേണ്ടി, 'ആയത്തു' [ലക്ഷ്യം]കളെ നാം വിവിധ രൂപത്തില്‍ വിവരിക്കുകയും ചെയ്തു. [അവര്‍ സ്വീകരിച്ചില്ല. അതാണ് കാരണം.]
- وَلَقَدْ أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് مَا حَوْلَكُم നിങ്ങളുടെ ചുറ്റുപാടിലുള്ളതു مِّنَ الْقُرَىٰ രാജ്യങ്ങളില്‍നിന്നു وَصَرَّفْنَا നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു) الْآيَاتِ ആയത്തുകളെ لَعَلَّهُمْ يَرْجِعُونَ അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ
- فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ ﴾٢٨﴿
- അല്ലാഹുവിനുപുറമെ (അവങ്കലേക്ക്) ഒരു സാമീപ്യകര്‍മ്മമായിക്കൊണ്ട് ആരാധ്യന്മാരായി അവര്‍ സ്വീകരിച്ചുവെച്ചവര്‍, അപ്പോള്‍ എന്തുകൊണ്ടു അവരെ സഹായിച്ചില്ല?! പക്ഷേ, (അത്രയുമല്ല) അവര്‍ തങ്ങളെ വിട്ട് തെറ്റി (മറഞ്ഞു) പോയി. അതു, അവരുടെ കള്ള (വാദ)വും, അവര്‍ കെട്ടിച്ചമചിരുന്നതുമത്രെ.
- فَلَوْلَا نَصَرَهُمُ അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല الَّذِينَ اتَّخَذُوا അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ قُرْبَانًا സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു آلِهَةً ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി بَلْ ضَلُّوا എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി عَنْهُمْ അവരെ വിട്ടു وَذَٰلِكَ അതു إِفْكُهُمْ അവരുടെ കള്ളമാണ്, നുണയാണ് وَمَا كَانُوا അവരായിരുന്നതും يَفْتَرُونَ കെട്ടിച്ചമക്കും
ഹിജാസിന്റെ തെക്കു ഭാഗത്തായിരുന്ന അഹ്ഖാഫിലെ നിവാസികളായ ആദിന്റെ ശിക്ഷയെക്കുറിച്ചു മുകളില്‍ പ്രസ്താവിച്ചുവല്ലോ. കൂടാതെ, ഹിജാസിനും ശാമിനും ഇടയില്‍, അല്‍ഹിജ്റിലെ നിവാസികളായിരുന്ന ഥമൂദ് ഗോത്രം, ഫലസ്തീനിലെ സോദോം (സദൂം) നിവാസികളായിരുന്ന ലൂത്ത്വ് (عليه السلام) നബിയുടെ ജനത, യമനിലും മദ്യനിലും വസിച്ചിരുന്ന സബഉ ഗോത്രങ്ങള്‍ മുതലായവരെല്ലാമാണ് ‘നിങ്ങളുടെ ചുറ്റുപാടിലുള്ളവര്‍’ (مَا حَوْلَكُم) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം. തങ്ങളുടെ ദൈവങ്ങള്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നും, തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ സാമീപ്യസ്ഥാനം അവ നേടിക്കൊടുക്കുമെന്നും ആ മുശ്രിക്കുകളെല്ലാം വാദിച്ചിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘സാമീപ്യകര്‍മ്മമായി ആരാധ്യ വസ്തുക്കളെ സ്വീകരിച്ച്’ (قُرْبَانًا آلِهَةً) എന്നു പറഞ്ഞത്. എന്നാല്‍, ശിക്ഷ വന്നപ്പോള്‍ ആ ദൈവങ്ങളുടെ യാതൊരു സഹായവും അവര്‍ക്കു ലഭിച്ചില്ലെന്നു മാത്രമല്ല, അവരെ ആ ഘട്ടത്തില്‍ കണ്ടെത്താന്‍ പോലും അവര്‍ക്കു കഴിഞ്ഞില്ല. അപ്പോള്‍ ആ വാദം തനി കള്ളവും നുണയുമാണെന്നു തീര്‍ച്ച തന്നെ.
മനുഷ്യ വര്‍ഗ്ഗത്തില്‍ സത്യവിശ്വാസികളും, സത്യനിഷേധികളുമുള്ളതുപോലെത്തന്നെ, ജിന്നുവര്‍ഗ്ഗത്തിലുമുണ്ട്. അവരും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും ശാസനകള്‍ക്കും ബാധ്യസ്ഥരാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യം ഒരു പ്രകാരത്തില്‍ അവരിലേക്കും ഉണ്ടായിരുന്നു. എന്നിങ്ങനെയുള്ള പല കാര്യങ്ങളും മനസ്സിലാക്കാവുന്ന ഒരു സംഭവമാണ് അടുത്ത ആയത്തുകളില്‍ അല്ലാഹു ഉദ്ധരിക്കുന്നത്;-
- وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ ﴾٢٩﴿
- (നബിയേ) ഖുര്‍ആന്‍ ശ്രദ്ധിച്ചുകേട്ടും കൊണ്ട് ജിന്നുകളില്‍നിന്നുള്ള ഒരു കൂട്ടരെ [ചെറുസംഘത്തെ] നിന്റെ അടുക്കലേക്കു നാം തിരിച്ചുവിട്ട സന്ദര്‍ഭം (ഓര്‍ക്കുക). എന്നിട്ട്, അതിന്നടുക്കല്‍ അവര്‍ ഹാജറായപ്പോള്‍, 'നിശ്ശബ്ദമായിരിക്കുവിന്‍' എന്നു അവര്‍ (തമ്മില്‍) പറഞ്ഞു. അങ്ങനെ, അതു [പാരായണം] നിര്‍വ്വഹിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍, തങ്ങളുടെ ജനതയുടെ അടുത്തേക്കു താക്കീതു നല്‍കുന്നവരായും കൊണ്ടു അവര്‍ തിരിച്ചുപോയി.
- وَإِذْ صَرَفْنَا നാം തിരിച്ചുവിട്ട സന്ദര്‍ഭം إِلَيْكَ നിന്റെ അടുക്കലേക്കു نَفَرًا ഒരു സംഘത്തെ, കൂട്ടത്തെ مِّنَ الْجِنِّ ജിന്നില്‍പെട്ട يَسْتَمِعُونَ അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു الْقُرْآنَ ഖുര്‍ആനെ فَلَمَّا حَضَرُوهُ എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍ قَالُوا അവര്‍ പറഞ്ഞു أَنصِتُوا നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍ فَلَمَّا قُضِيَ അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍ وَلَّوْا അവര്‍ തിരിച്ചു إِلَىٰ قَوْمِهِم തങ്ങളുടെ ജനതയിലേക്കു مُّنذِرِينَ താക്കീതു ചെയ്യുന്നവരായി
പത്തില്‍ കുറഞ്ഞ സംഘത്തിനാണ് نَفَر (നഫര്‍) എന്ന വാക്കു അധികവും ഉപയോഗിക്കാറുള്ളത്. ഈ സംഘത്തില്‍ എത്ര ആളുകളുണ്ടായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍നിന്നു ഖുര്‍ആന്‍ കേട്ടപ്പോള്‍ അവരിലുണ്ടായ പ്രതികരണം വളരെ ശ്രദ്ധേയമാകുന്നു. അവരതില്‍ ആവേശഭരിതരാകുക മാത്രമല്ല, സ്വജനങ്ങളില്‍ ചെന്നു – അടുത്ത വചനങ്ങളില്‍ കാണുന്നതുപോലെ – അവരെ അതുവഴി സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍നിന്നും ഖുര്‍ആന്‍ കേട്ടമാത്രയില്‍, മനുഷ്യേതരവര്‍ഗ്ഗമായ ജിന്നുകള്‍ക്കുപോലും ഇത്രത്തോളം മാനസാന്തരം ഉണ്ടായി. എന്നാല്‍ സ്വവര്‍ഗ്ഗവും സ്വന്തം ജനതയുമായ അറബി മുശ്രിക്കുകള്‍ അതേ ഖുര്‍ആന്റെ നേരെ സ്വീകരിച്ച നിലപാടു എത്ര ശോചനീയം! ജിന്നുകള്‍ തങ്ങളുടെ അനുഭവം സ്വജനങ്ങളെ അറിയിക്കുന്നതും ഉപദേശിക്കുന്നതും നോക്കുക:
- قَالُوا۟ يَٰقَوْمَنَآ إِنَّا سَمِعْنَا كِتَٰبًا أُنزِلَ مِنۢ بَعْدِ مُوسَىٰ مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِىٓ إِلَى ٱلْحَقِّ وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ﴾٣٠﴿
- അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഞങ്ങള്‍ ഒരു വേദഗ്രന്ഥം (പാരായണം ചെയ്യപ്പെടുന്നതു) കേട്ടു. അത്, അതിന്റെ മുമ്പിലുള്ളതിനെ [മുന്‍വേദഗ്രന്ഥങ്ങളെ] സത്യമാക്കിക്കൊണ്ട് മൂസാ(നബി)ക്കു ശേഷം അവതരിപ്പിക്കപ്പെട്ടിരിക്കയാണ്. യഥാര്‍ത്ഥത്തിലേക്കും, ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും അതു വഴികാട്ടുന്നു.’
- قَالُوا അവര്‍ പറഞ്ഞു يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ إِنَّا سَمِعْنَا നിശ്ചയമായും ഞങ്ങള്‍ കേട്ടു كِتَابًا ഒരു ഗ്രന്ഥം أُنزِلَ അതു ഇറക്കപ്പെട്ടിരിക്കുന്നു مِن بَعْدِ مُوسَىٰ മൂസാക്കു ശേഷം مُصَدِّقًا സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു لِّمَا യാതൊന്നിനെ بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള يَهْدِي അതു വഴികാട്ടുന്നു إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്കു وَإِلَىٰ طَرِيقٍ مُّسْتَقِيمٍ ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും
‘മൂസാ (عليه السلام) നബിയുടെ ശേഷം അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം’ എന്നു പറഞ്ഞതില്‍നിന്ന് ആ ജിന്നുകള്‍ തൗറാത്തിന്റെ അനുയായികളായിരുന്നുവെന്നു അനുമാനിക്കുവാന്‍ ന്യായമുണ്ട്. ഇവര്‍ യഹൂദരായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടുകാണുന്നതും ഇതുകൊണ്ടായിരിക്കും. മുന്‍ വേദഗ്രന്ഥങ്ങളില്‍ – ഒരു ‘ശരീഅത്തു’ നിയമസംഹിത എന്ന നിലക്കും മറ്റും – തൗറാത്തിനുള്ള മുന്‍ഗണനനിമിത്തമാണ് അങ്ങിനെ പറഞ്ഞതെന്നും വരാന്‍ സാധ്യതയുണ്ട്. الله أعلم
ജിന്നുകള്‍ തുടരുന്നു:
- يَٰقَوْمَنَآ أَجِيبُوا۟ دَاعِىَ ٱللَّهِ وَءَامِنُوا۟ بِهِۦ يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُجِرْكُم مِّنْ عَذَابٍ أَلِيمٍ ﴾٣١﴿
- ‘ഞങ്ങളുടെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു [ദൂതനു] ഉത്തരം നല്‍കുവിന്‍; അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍: എന്നാലവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരുകയും, വേദനയേറിയ ശിക്ഷയില്‍നിന്നു നിങ്ങളെ കാക്കുകയും ചെയ്യുന്നതാണ്.
- يَا قَوْمَنَا ഞങ്ങളുടെ ജനങ്ങളെ أَجِيبُوا നിങ്ങള്‍ ഉത്തരം ചെയ്യുവിന്‍ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു وَآمِنُوا بِهِ അവനില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍ يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുക്കും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍നിന്നു وَيُجِرْكُم നിങ്ങളെ കാക്കുകയും ചെയ്യും مِّنْ عَذَابٍ ശിക്ഷയില്‍ നിന്നു أَلِيمٍ വേദനയേറിയ.
- وَمَن لَّا يُجِبْ دَاعِىَ ٱللَّهِ فَلَيْسَ بِمُعْجِزٍ فِى ٱلْأَرْضِ وَلَيْسَ لَهُۥ مِن دُونِهِۦٓ أَوْلِيَآءُ ۚ أُو۟لَٰٓئِكَ فِى ضَلَٰلٍ مُّبِينٍ ﴾٣٢﴿
- ആരെങ്കിലും അല്ലാഹുവിന്റെ ക്ഷണകര്‍ത്താവിനു ഉത്തരം ചെയ്യാതിരുന്നാല്‍ അവന്‍ ഭൂമിയില്‍ വെച്ച് (അല്ലാഹുവിനെ) തോല്‍പ്പിക്കുന്നവനൊന്നുമല്ല; അവനു പുറമെ യാതൊരു രക്ഷാകര്‍ത്താക്കളും തനിക്കു ഉണ്ടാവുകയില്ലതാനും. അക്കൂട്ടര്‍ സ്പഷ്ടമായ വഴിപിഴവിലാകുന്നു.
- وَمَن لَّا يُجِبْ ഉത്തരം ചെയ്യാത്തവര്‍, ആര്‍ ഉത്തരം ചെയ്തില്ലയോ دَاعِيَ اللَّـهِ അല്ലാഹുവിന്റെ ക്ഷണക്കാരനു فَلَيْسَ എന്നാല്‍ അവനല്ല بِمُعْجِزٍ അസാധ്യമാക്കുന്ന (തോല്‍പിക്കുന്ന) فِي الْأَرْضِ ഭൂമിയില്‍ وَلَيْسَ لَهُ അവനു ഇല്ലതാനും مِن دُونِهِ അവനു പുറമെ أَوْلِيَاءُ രക്ഷാകര്‍ത്താക്കള്‍, ബന്ധുക്കള്‍ أُولَـٰئِكَ ആ കൂട്ടര്‍ فِي ضَلَالٍ വഴികേടിലാണ് مُّبِينٍ പ്രത്യക്ഷമായ
അഹ്മദ്, ബുഖാരീ, മുസ്ലിം, തിര്‍മദീ, നസാഈ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാര്‍ ഉദ്ധരിച്ച ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്: ഇബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: ചില സഹാബികളൊന്നിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സൂഖുഉക്കാള്വി’ (سوق عكاظ)ലേക്കു പോയി. പിശാചുക്കള്‍ ആകാശത്തുനിന്നു കട്ടുകേള്‍ക്കുന്നതു അഗ്നിജ്വാല മൂലം തടയപ്പെട്ടിട്ടുണ്ടായിരുന്നു.’ ഇതിന്റെ കാരണം അന്വേഷിച്ചുകൊണ്ടു ജിന്നുകളില്‍ പലരും പല ഭാഗത്തേക്കും പോകുകയുണ്ടായി. തിഹാമഃ (*) യുടെ ഭാഗത്തേക്കു പോയിരുന്ന ജിന്നുകള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും നഖ്‌ലഃ (نخلة)യിലെത്തിയിരുന്നപ്പോള്‍ അവിടെ അവരുമായി ഒത്തുകൂടി. നമസ്കാരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഖുര്‍ആന്‍ ഓതുന്നതു അവര്‍ കേട്ടു. ഇതുതന്നെയാണ് (അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടുകഴിഞ്ഞതാണ്) തങ്ങള്‍ ആകാശത്തു നിന്നും തടയപ്പെടുവാന്‍ കാരണമെന്നു അവര്‍ പറഞ്ഞു. അവര്‍ തങ്ങളുടെ ജനതയിലേക്കു മടങ്ങിച്ചെന്നു അവരെ വിവരമറിയിക്കുകയും ഉപദേശിക്കുകയും ചെയ്തു. ഈ വിവരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിഞ്ഞതു വഹ്‌യുമൂലമായിരുന്നു.’
(*) ഹിജാസിന്റെ പടിഞ്ഞാറെ കടലോരപ്രദേശങ്ങളാണ് തിഹാമഃ
പ്രസ്തുത ജിന്നുകളെക്കുറിച്ച് വഹ്‌യുമുഖേനയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാന്‍ കഴിഞ്ഞതെന്നാണല്ലോ ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെ മേലുദ്ധരിച്ച ഹദീസിലുള്ളത്. എന്നാല്‍ അഹ്മദു, തിര്‍മദീ, മുസ്ലിം, അബൂദാവുദ് (رحمهم الله) എന്നിവര്‍ അബ്ദുല്ലാഹിബ്നു മസ്ഊദു (رضي الله عنه) പറഞ്ഞതായി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇപ്രകാരമാണു: ‘തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജിന്നുകളെ കണ്ട അവസരത്തില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നില്ല. ഒരു രാത്രി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ കൂട്ടത്തില്‍നിന്നു കാണാതായി. ഞങ്ങള്‍ അന്വേഷിക്കുകയും, വിവരം കിട്ടാതെ പരിഭ്രമത്തിലാവുകയും ചെയ്തു. നേരം പുലര്‍ന്നപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിറാമലയുടെ ഭാഗത്തുനിന്നു വരികയുണ്ടായി. അവിടുന്നു പറഞ്ഞു: ‘ജിന്നുകളുടെ ദൂതന്‍ എന്റെ അടുക്കല്‍ വന്ന് എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്ന് അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിച്ചു. ‘പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി അവര്‍ വന്നതിന്റെ ചില അടയാളങ്ങള്‍ കാട്ടിത്തന്നു.’ കൂടാതെ, ഇബ്നു അബ്ബാസ് (رضي الله عنهما) ല്‍ നിന്നുതന്നെ, ഇബ്നു ജരീറും, ത്വബ്റാനീ (رحمهما الله) യും ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍, ആ ജിന്നുകള്‍ ‘നസ്വീബീന്‍’ ദേശക്കാരായിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അവരുടെ ജനതയിലേക്കു ഉപദേഷ്ടാക്കളായി അയച്ചുവെന്നും പ്രസ്താവിച്ചിട്ടുമുണ്ട്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന് ഖുര്‍ആന്‍ കേള്‍ക്കുകയോ, ഉപദേശം കേള്‍ക്കുകയോ ചെയ്തതിനെ സംബന്ധിക്കുന്ന വേറെയും ധാരാളം ഹദീസുകള്‍ ഉണ്ട്. അവ മിക്കതും ഇബ്നുകഥീര്‍ (رحمه الله) തന്റെ തഫ്സീറില്‍ ഉദ്ധരിച്ചുകാണാം. അതെല്ലാം പരിശോധിക്കുമ്പോള്‍, ജിന്നുകളുടെ വരവു ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വന്തമായിരുന്നപ്പോഴും, അല്ലാത്തപ്പോഴും, വരവിനെപ്പറ്റി അറിഞ്ഞും, അറിയാതെയും ഉണ്ടായിട്ടുണ്ടെന്നും മനസ്സില്ലാക്കുവാന്‍ സാധിക്കും. സൂക്ഷ്മാന്വേഷികളായ പല മഹാന്മാരും പ്രസ്തുത ഹദീസുകളില്‍നിന്നു അതാണ് മനസ്സിലാക്കിയിട്ടുള്ളതും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ വന്ന ജിന്നുകളുടെ എണ്ണത്തിലും അവരെ കണ്ട സ്ഥലത്തിലും ഹദീസുകളില്‍ വ്യത്യസ്ഥ പ്രസ്താവനകള്‍ ഉണ്ടാകുവാനുള്ള കാരണവും അതാണ്. ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും സംഭവിച്ചിട്ടുണ്ടെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. രണ്ടു പ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ജിന്നുകള്‍ ചെന്നിട്ടുണ്ടെന്നു ഇബ്നു അബ്ബാസു (رضي الله عنهما) പ്രസ്താവിച്ചതായി ത്വബ്റാനീ (رحمه الله) ഉദ്ധരിച്ചിട്ടുമുണ്ട്. (رواه في الاوسط)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വെളിപ്പാടിനെപ്പറ്റി ജിന്നുകള്‍ ആദ്യമായി അറിയാനിടവന്ന സംഭവത്തെപ്പറ്റിയാണ് ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെ ഹദീസില്‍ പ്രസ്താവിച്ചതെന്നും, ആ അവസരത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കണ്ടില്ലെന്നും (വഹ്‌യുമൂലമാണ് അതറിഞ്ഞതെന്നും), പിന്നീടു മറ്റൊരു പ്രാവശ്യം ജിന്നുകളുടെ ദൂതന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ വന്നു ക്ഷണിച്ചതനുസരിച്ചു അവിടുന്നു അവര്‍ക്കു ഖുര്‍ആന്‍ കേള്‍പ്പിക്കുകയുണ്ടായെന്നും. അതാണ് ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിച്ച സംഭവമെന്നും ഇമാം ബൈഹഖീ (رحمه الله) ചൂണ്ടിക്കാട്ടിയിരിക്കുന്നു. (كما في الفتح وابن كثير)
ഇന്നത്തെ ‘പുരോഗമന’ വാദക്കാരുടെ ‘പരിഷ്കൃതാശയ’ങ്ങളില്‍ ഒന്നാണല്ലോ ജിന്നുവര്‍ഗ്ഗത്തിന്റെ നിഷേധം. ജിന്നുകള്‍ എന്നു പറയുന്നതു ചില അപരിഷ്കൃത മനുഷ്യവര്‍ഗ്ഗമാണെന്നാണ് അവരുടെ വാദം. ഈ വാദത്തിനു വേണ്ടി വളരെ ഖുര്‍ആന്‍ വാക്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്‌വാനും, നിരവധി ഹദീസുകളെ കണ്ണു ചിമ്മി നിഷേധിക്കുവാനും അവര്‍ നിര്‍ബ്ബന്ധിതരാകുന്നതും നാം കാണാറുണ്ട്. അക്കൂട്ടത്തില്‍, ഇവിടെ (29-ാം വചനത്തില്‍) പ്രസ്താവിച്ച ജിന്നുകളുടെ സംഘം (نَفَرًا مِّنَ الْجِنِّ) കൊണ്ടുദ്ദേശ്യവും മനുഷ്യര്‍ തന്നെയാണെന്നു ഇവര്‍ പറയുന്നു. മക്കാമുശ്രിക്കുകളുടെ ഉപദ്രവത്തെ ഭയന്നു പട്ടണത്തിലേക്കു വരുവാന്‍ ധൈര്യപ്പെടാത്ത ഏതോ അന്യദേശക്കാരായിരുന്നു അതെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പട്ടണത്തിനു വെളിയില്‍വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തുകയാണ് അവര്‍ ചെയ്തിരുന്നതെന്നും, ആ സംഭവമാണ് ഇവിടെ പ്രസ്താവിച്ചതെന്നുമാണ് അവരില്‍ ചിലരുടെ പുതിയ കണ്ടുപിടുത്തം. എന്നാല്‍, സൂ: ജിന്നിലെ ആദ്യവചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ നിന്നു ജിന്നുകള്‍ ഖുര്‍ആന്‍ കേട്ടതിനെപ്പറ്റി പറയുന്നതു ഇങ്ങിനെയാണ്: قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ (ജിന്നുകളില്‍ നിന്നൊരു കൂട്ടര്‍ ശ്രദ്ധിച്ചു കേട്ടുവെന്നു എനിക്കു വഹ്‌യു നല്‍കപ്പെട്ടിരിക്കുന്നുവെന്നു പറയുക). അപ്പോള്‍, ജിന്നുകള്‍ ഖുര്‍ആനിലേക്കു ശ്രദ്ധകൊടുത്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുന്നതു വഹ്‌യു മുഖേനയാണല്ലോ. ഈ സംഗതി ഇബ്നു മസ്ഊദ് (رضي الله عنه) ല്‍ നിന്നു നാം ഒന്നാമതായി ഉദ്ധരിച്ച ഹദീസിലും പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ജിന്നുകള്‍ വന്ന സംഭവം ഒരിക്കല്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെങ്കില്‍, ആ സംഭവത്തെക്കുറിച്ചുതന്നെയാണ് ഈ പറഞ്ഞിരിക്കുന്നത്. അതല്ല – ഹദീസുകളില്‍നിന്നും മഹാന്മാരുടെ പ്രസ്താവനകളില്‍നിന്നും മനസ്സിലാകുന്നതുപോലെ – ഒന്നിലധികം പ്രാവശ്യം അതു സംഭവിച്ചിട്ടുണ്ടെങ്കില്‍, അവയില്‍ ആദ്യത്തേതിനെക്കുറിച്ചായിരിക്കും ഈ പറഞ്ഞിരിക്കുന്നത്. ഇവര്‍ ജല്‍പ്പിക്കുന്നതുപോലെ, ജിന്നുകളുടെ സംഘം എന്നു പറഞ്ഞതിന്റെ വിവക്ഷ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയ ഏതോ ഒരു വിഭാഗം മനുഷ്യന്മാരായിരുന്നുവെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ കാണാതിരിക്കുന്നതെങ്ങിനെ?! ഒരു സംഘം മനുഷ്യന്മാര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കൂടിക്കാഴ്ച നടത്തുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആന്‍ കേള്‍ക്കുകയും, അവര്‍ നാട്ടില്‍ ചെന്നു അതുപ്രകാരം പ്രബോധനം നടത്തുകയും ചെയ്ത വിവരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു വന്നപ്പോള്‍ മാത്രമേ അറിയുവാന്‍ കഴിഞ്ഞുള്ളുവെന്നു പറയുവാന്‍ ബുദ്ധിയുള്ളവരാരെങ്കിലും മുതിരുമോ?!
ചുരുക്കത്തില്‍, ജിന്നു എന്നു ഒരു പ്രത്യേക വര്‍ഗ്ഗമില്ലെന്ന ഇവരുടെ വാദത്തില്‍ നിന്നു ഉത്ഭവിച്ച അനേകം പൊള്ളയായ വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ് ഇതും. അതുകൊണ്ടു അതിനെപ്പറ്റി ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ച് ഖുര്‍ആന്റെയും , ഹദീസിന്റെയും പ്രസ്താവനകള്‍ക്കു എതിരായി ഈ ‘പുരോഗമനക്കാര്‍’ ഇറക്കുമതി ചെയ്തിട്ടുള്ള എല്ലാ നവീനവാദങ്ങളെയും സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം ശക്തിയുക്തം ഖണ്ഡിച്ചു കഴിഞ്ഞതാണ്. ഖുര്‍ആനിലും ഹദീസിലും യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്ന ഏതൊരു സത്യാന്വേഷിക്കും മതിയായ തെളിവുസഹിതം ജിന്നുകളെ സംബന്ധിച്ച പല വിവരങ്ങളും അതില്‍ നാം ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരിക്കുന്നു. അവിടെ നോക്കുക.
- أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَلَمْ يَعْىَ بِخَلْقِهِنَّ بِقَٰدِرٍ عَلَىٰٓ أَن يُحْۦِىَ ٱلْمَوْتَىٰ ۚ بَلَىٰٓ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٣٣﴿
- അവര്‍ക്കു കണ്ടുകൂടേ, ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുകയും, അവയെ സ്രിഷ്ടിച്ചതുകൊണ്ടു ക്ഷീണിക്കാതിരിക്കുകയും ചെയ്തവനായ അല്ലാഹു, മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിയുന്നവന്‍ തന്നെയാണെന്നു?! അല്ലാതേ! നിശ്ചയമായും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവന്‍ തന്നെ.
- أَوَلَمْ يَرَوْا അവര്‍ക്കു കണ്ടുകൂടേ, അവര്‍ കണ്ടില്ലേ أَنَّ اللَّـهَ നിശ്ചയമായും അല്ലാഹു ആകുന്നുവെന്നു الَّذِي خَلَقَ സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَلَمْ يَعْيَ ക്ഷീണിച്ചതുമില്ല, കുഴങ്ങുകയും ചെയ്യാത്ത بِخَلْقِهِنَّ അവയെ സൃഷ്ടിച്ചതുകൊണ്ടു بِقَادِرٍ കഴിവുള്ളവന്‍ തന്നെ (എന്നു) عَلَىٰ أَن يُحْيِيَ ജീവിപ്പിക്കുവാന്‍ الْمَوْتَىٰ മരണപ്പെട്ടവരെ بَلَىٰ അല്ലാതേ, (അതെ) إِنَّهُ നിശ്ചയമായും അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിയുന്നവനാണ്
- وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَلَيْسَ هَٰذَا بِٱلْحَقِّ ۖ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾٣٤﴿
- അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം, (ചോദിക്കപ്പെടും:) ‘ഇതു യഥാര്‍ത്ഥം തന്നെയല്ലേ?!’
അവര്‍ പറയും: ‘(അതെ) അല്ലാതേ - ഞങ്ങളുടെ റബ്ബ് തന്നെയാണ (സത്യം)!’ അവന്‍ [റബ്ബ്] പറയും: ‘എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചുകൊണ്ടിരുന്നതു നിമിത്തം ശിക്ഷ ആസ്വദിച്ചുകൊള്ളുവിന്‍!'. - وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ عَلَى النَّارِ നരകത്തിങ്കല്‍ أَلَيْسَ هَـٰذَا ഇതല്ലേ بِالْحَقِّ യഥാര്‍ത്ഥം, വാസ്തവം തന്നെ قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ وَرَبِّنَا ഞങ്ങളുടെ റബ്ബ് തന്നെയാണ് قَالَ അവന്‍ പറയും فَذُوقُوا എന്നാല്‍ നിങ്ങള്‍ ആസ്വദിച്ചു (രുചിച്ചു) കൊള്ളുവിന്‍ الْعَذَابَ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ അവിശ്വസിക്കുക
സത്യനിഷേധികളുടെ പര്യവസാനം മേല്‍വിവരിച്ച പ്രകാരമായിരിക്കും. എങ്കിലും, തല്‍ക്കാലം ഭൂമിയില്‍ വെച്ച് അവര്‍ മൂലം സത്യവിശ്വാസികള്‍ക്കു കുറെ സ്വൈര്യക്കേടും ബുദ്ധിമുട്ടും അനുഭവപ്പെട്ടേക്കുമല്ലോ. അതു കൊണ്ടു ക്ഷമ കൈക്കൊള്ളുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉപദേശിക്കുന്നു:-
- فَٱصْبِرْ كَمَا صَبَرَ أُو۟لُوا۟ ٱلْعَزْمِ مِنَ ٱلرُّسُلِ وَلَا تَسْتَعْجِل لَّهُمْ ۚ كَأَنَّهُمْ يَوْمَ يَرَوْنَ مَا يُوعَدُونَ لَمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّن نَّهَارٍۭ ۚ بَلَٰغٌ ۚ فَهَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلْفَٰسِقُونَ ﴾٣٥﴿
- ആകയാല്‍, ‘റസൂലു’കളാകുന്നു ദൃഢമനസ്കന്മാര്‍ ക്ഷമിച്ചതുപോലെ, (നബിയേ) നീ ക്ഷമ കൈക്കൊള്ളുക; അവര്‍ക്കുവേണ്ടി നീ ധൃതിപ്പെടുകയും വേണ്ടാ. അവരോടു വാഗ്ദത്തം [താക്കീതു] ചെയ്യപ്പെടുന്ന കാര്യം [ശിക്ഷ] അവര്‍ കാണുന്ന ദിവസം, ഒരു പകലിന്റെ ഒരു നാഴികനേരമല്ലാതെ അവര്‍ (ഭൂമിയില്‍) താമസിച്ചിട്ടില്ലെന്ന പോലെയിരിക്കും. (ഇതു) ഒരു പ്രബോധനമത്രെ! എന്നാല്‍, തോന്നിയവാസികളായ ജനങ്ങളല്ലാതെ നാശത്തിലകപ്പെടുമോ?! [ഇല്ല].
- فَاصْبِرْ ആകയാല്‍ (എന്നാല്‍) നീ ക്ഷമിക്കുക كَمَا صَبَرَ ക്ഷമിച്ചതുപോലെ أُولُو الْعَزْمِ ദൃഢമനസ്കന്മാര്‍ مِنَ الرُّسُلِ റസൂലുകളാകുന്ന, റസൂലുകളില്‍നിന്നുള്ള وَلَا تَسْتَعْجِل നീ ധൃതിപ്പെടുകയും ചെയ്യരുതു لَّهُمْ അവര്‍ക്കുവേണ്ടി, അവരോടു كَأَنَّهُمْ അവര്‍ .... പോലെയിരിക്കും يَوْمَ يَرَوْنَ അവര്‍ കാണുന്ന ദിവസം مَا يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്നത് لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ലാത്ത (പോലെയിരിക്കും) إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّن نَّهَارٍ ഒരു പകലില്‍നിന്നു, പകലിന്റെ بَلَاغٌ ഒരു പ്രബോധനം, എത്തിച്ചുകൊടുക്കല്‍ فَهَلْ يُهْلَكُ എന്നാല്‍ (അപ്പോള്‍) നാശത്തില്‍ പെടുമോ إِلَّا الْقَوْمُ ജനതയല്ലാതെ الْفَاسِقُونَ തോന്നിയവാസികളായ, ദുര്‍ന്നടപ്പുകാരായ
أُولُو الْعَزْمِ (ദൃഢമനസ്കതയുള്ളവര്‍) എന്ന വിശേഷണം എല്ലാ മുര്‍സലുകളെയും പൊതുവില്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, മുര്‍സലുകളില്‍ പ്രധാനികളായ ചിലരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണെന്നും വരാം. ഇങ്ങിനെ രണ്ടഭിപ്രായങ്ങളും ഇവിടെയുണ്ട്. ഒന്നാമത്തേതനുസരിച്ച് مِنَ الرُّسُلِ (‘മിന-ര്‍-റുസൂലി’) എന്ന വാക്കിനു ‘റസൂലുകളാകുന്ന’ എന്നും, രണ്ടാമത്തേതനുസരിച്ച് ‘റസൂലുകളില്‍ നിന്നുള്ള’ എന്നും അര്‍ത്ഥമാക്കുന്നതു നന്നായിരിക്കും. രണ്ടര്‍ത്ഥത്തിനും സാധ്യതയുണ്ടുതാനും. രണ്ടാമത്തെ അഭിപ്രായക്കാരില്‍ ചിലര്‍ പറയുന്നത്, സൂ: അന്‍ആം 83 – 90ല്‍ പേരു പറയപ്പെട്ടിട്ടുള്ള റസൂലുകളാണ് ‘ദൃഢമനസ്കരായ റസൂലുകള്‍’ (أُولُو الْعَزْمِ مِنَ الرُّسُلِ) എന്നാകുന്നു. വേറെ ചില അടിസ്ഥാനത്തില്‍ മറ്റു ചിലര്‍, ഒമ്പതെന്നും , ആറെന്നും , അഞ്ചെന്നും പറയുന്നവരുമുണ്ട്. അഞ്ചു പേരാണെന്ന അഭിപ്രായ പ്രകാരം നമ്മുടെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസ (عليهم السلام) എന്നിവരുമാണത്. സൂ: ശൂറാ 13-ാം വചനത്തിലും, സൂ: അഹ്സാബ് 7-ാം വചനത്തിലും ഈ അഞ്ചു പേരെപ്പറ്റിയും അവരുടെ പേരു പറഞ്ഞുകൊണ്ടു പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായത്തിനാണു കൂടുതല്‍ ന്യായം കാണുന്നത്. الله أعلم
പരലോകജീവിതത്തിലെ ശിക്ഷകളും ഒടുക്കമില്ലാത്ത അനുഭവങ്ങളും കാണുമ്പോള്‍ മുമ്പ് തങ്ങള്‍ക്കു കഴിഞ്ഞു പോയ ഐഹികജീവിതം എത്രയോ തുച്ഛമായിരുന്നതായി അവര്‍ക്കു തോന്നും. അതെ, ഒരു പകലിന്റെ ഒരു നാഴികനേരം മാത്രമേ തങ്ങള്‍ ഭൂമിയില്‍ താമസിച്ചിട്ടുള്ളുവെന്നപോലെ അനുഭവപ്പെടും. സൂറത്തിന്റെ അവസാനത്തിലെ ചോദ്യം വളരെ അര്‍ത്ഥഗര്‍ഭമാകുന്നു. അല്ലാഹുവിന്റെ കല്‍പനകളെ ധിക്കരിച്ച് ദുര്‍ന്നടപ്പിലും, തോന്നിയവാസത്തിലും കഴിഞ്ഞുകൂടുന്നവര്‍ക്കു കനത്ത ഒരു താക്കീതാണത്.
[اللهم لك الحمد ولك المنة والفضل]