സൂറത്തുല്‍ ജാഥിയഃ : 22-32
വിഭാഗം - 3
- وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلْأَرْضَ بِٱلْحَقِّ وَلِتُجْزَىٰ كُلُّ نَفْسٍۭ بِمَا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴾٢٢﴿
- ആകാശങ്ങളെയും, ഭൂമിയെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അതു സമ്പാദിച്ചതിനു പ്രതിഫലം നല്‍കപ്പെടുവാനും (കൂടിയാണത്). അവരോടു അനീതി ചെയ്യപ്പെടുകയില്ലതാനും.
- وَخَلَقَ اللَّـهُ അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് السَّمَاوَاتِ ആകാശങ്ങളും وَالْأَرْضَ ഭൂമിയും بِالْحَقِّ ന്യായ (കാര്യ, യഥാര്‍ത്ഥ) ത്തോടെ وَلِتُجْزَىٰ പ്രതിഫലം നല്‍കപ്പെടുവാനും كُلُّ نَفْسٍ എല്ലാ ദേഹത്തിനും, ആത്മാവിനും (ആള്‍ക്കും) بِمَا كَسَبَتْ അതു സമ്പാദിച്ചതിനും, പ്രവര്‍ത്തിച്ചതിനു وَهُمْ അവര്‍ (അവരോടു) لَا يُظْلَمُونَ അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല
ഐഹിക ജീവിതത്തിലെ വിഭവങ്ങളും, സുഖസൗകര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു അതില്‍ സജ്ജനങ്ങളും ദുര്‍ജ്ജനങ്ങളും വ്യത്യാസമില്ല എന്നാല്‍, സജ്ജനങ്ങള്‍ക്കു മരണാനന്തരം അല്ലാഹുവിങ്കല്‍ വമ്പിച്ച അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും ലഭിക്കുവാനിരിക്കുന്നു. ഇതുപോലെ തങ്ങള്‍ക്കും ലഭിക്കാതിരിക്കയില്ലെന്നാണോ ഈ ദുഷ്ടന്മാരുടെ വിചാരം?! അങ്ങിനെയാണെങ്കില്‍, ആ വിചാരം വളരെ നിന്ദ്യവും വഷളവും തന്നെ. ആകാശ ഭൂമികളെയും അവയിലെ മനുഷ്യരടക്കമുള്ള വസ്തുക്കളെയും യാതൊരു ലക്ഷ്യമോ പരിപാടിയോ കൂടാതെ അല്ലാഹു വൃഥാ സൃഷ്ടിച്ചിരിക്കുകയല്ല. ഗൗരവമേറിയ ചില ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അതിലുണ്ട്. ഈ ജീവിതത്തില്‍ ഒരോരുത്തരും പ്രവര്‍ത്തിച്ചുവെച്ച കര്‍മ്മങ്ങളുടെ കൃത്യവും യഥാര്‍ത്ഥവുമായ ഫലം ഓരോരുത്തരും മരണാനന്തരജീവിതത്തില്‍ അനുഭവിക്കുവാനാണ് അവന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഐഹിക ജീവിതത്തില്‍ സത്യവിശ്വാസവും സല്‍ക്കര്‍മ്മങ്ങളും സ്വീകരിച്ചുവന്ന വിശിഷ്ടന്‍മാരും, സത്യനിഷേധവും ദുഷ്കര്‍മ്മങ്ങളും സമ്പാദിച്ചുവെച്ച നികൃഷ്ടന്‍മാരും – ഇരുകൂട്ടരുടെയും ഭൗതിക ജീവിത ക്രമങ്ങള്‍ പരസ്പരം സാമ്യമുള്ളതായിരുന്നതുപോലെ – പാരത്രിക ജീവിതത്തിലും സമമായിരിക്കുക സാധ്യമല്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം.
അല്ലാഹുവിനെ ഭയപ്പെടുന്ന ഒരോരുത്തനും ഹൃദയത്തില്‍ നടുക്കും ഉണ്ടാക്കുവാന്‍ പോരുന്നതാണ് 21-ാം വചനത്തിലെ ചോദ്യം. ആ വചനം പാരായണം ചെയുമ്പോള്‍, പല മഹാന്മാരും അതിന്റെ ഗൗരവം ഓര്‍ത്തു കരഞ്ഞിരുന്നതായും, ചിലര്‍ ആ വചനം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഓതികൊണ്ടിരുന്നതായും നിവേദനം ചെയ്യപ്പെടുന്നു.
- أَفَرَءَيْتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ ﴾٢٣﴿
- എന്നാല്‍, നീ കണ്ടുവോ, തന്റെ ദൈവം തന്റെ (സ്വന്തം) ഇച്ഛക്കായി വെച്ചിരിക്കുന്നവനെ?! അറിഞ്ഞു കൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. [ഇങ്ങിനെയുള്ളവന്റെ നില വളരെ ശോചനീയം തന്നെ!] എനി, ആരാണ് അല്ലാഹുവിനു പുറമെ അവനെ നേര്‍വഴിക്കാക്കുന്നത്?! അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
- أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ مَنِ اتَّخَذَ ആക്കിവെച്ച ഒരുവനെ إِلَـٰهَهُ തന്റെ ദൈവം (ആരാധ്യന്‍) هَوَاهُ തന്റെ ഇച്ഛ وَأَضَلَّهُ اللَّـهُ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും ചെയ്തു عَلَىٰ عِلْمٍ അറിവോടെ, അറിഞ്ഞുകൊണ്ടു وَخَتَمَ അവന്‍ മുദ്രവെക്കുകയും ചെയ്തു عَلَىٰ سَمْعِهِ അവന്റെ കേള്‍വിക്ക് وَقَلْبِهِ അവന്റെ ഹൃദയത്തിനും وَجَعَلَ ആക്കുകയും ചെയ്തു عَلَىٰ بَصَرِهِ അവന്റെ കണ്ണിന്‍മേല്‍ غِشَاوَةً ഒരു മൂടി فَمَن يَهْدِيهِ എനി (എന്നാല്‍) ആരാണ് അവനെ നേര്‍മാര്‍ഗ്ഗത്തിലാക്കുക مِن بَعْدِ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
സത്യത്തിനും ന്യായത്തിനും വില കല്‍പിക്കാതെ, ഉപദേശങ്ങളും ലക്ഷ്യങ്ങളും വകവെക്കാതെ, ദൃഷ്ടാന്തങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ച് തന്നിഷ്ടത്തിനും ദേഹേച്ഛക്കും മാത്രം അടിമപ്പെട്ടു ജീവിക്കുന്നവന്റെ ഏകാരാധ്യദൈവം അവന്റെ ഇച്ഛയല്ലാതെ മറ്റെന്താണ്?! ഇങ്ങിനെയുള്ളവര്‍ സന്‍മാര്‍ഗ്ഗം പ്രാപിച്ചേക്കുമെന്ന പ്രതീക്ഷക്കു ഒട്ടും അവകാശമില്ല. അതുകൊണ്ട് അവന്റെ എല്ലാ സ്ഥിതിഗതികളും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവനെ കൈവെടിയുകയും, അവന്റെ പാട്ടിനു വിട്ടേക്കുകയും ചെയ്യുന്നു. അങ്ങിനെ, തന്റെ ഭാവിനന്മക്കു ഉപകരിക്കുന്ന വല്ലതും ഗ്രഹിക്കുവാനോ, കേള്‍ക്കുവാനോ, കണ്ടറിയുവാനോ ഉള്ള അവസരം അവനു നിശ്ശേഷം നഷ്ടപ്പെടുന്നു. അല്ലാഹു കൈവെടിഞ്ഞവരെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവരുവാന്‍ ആര്‍ക്കാണ് സാധിക്കുക?!
ദേഹേച്ഛകള്‍ക്കു അടിമപ്പെട്ടവന്റെ ദൃഷ്ടിയില്‍ മാനുഷീകമൂല്യങ്ങള്‍ക്കോ, ധാര്‍മ്മിക തത്വങ്ങള്‍ക്കോ, നീതിന്യായനിയമങ്ങള്‍ക്കോ സ്ഥാനമുണ്ടായിരിക്കുകയില്ലല്ലോ. അവനു ചേരാത്തതായി ഒന്നുമില്ല. സത്യാസത്യവും, ന്യായാന്യായവും വേര്‍തിരിക്കുവാനുള്ള അവന്റെ മാനദണ്ഡം അവന്റെ ഇച്ഛയും ദുര്‍മ്മോഹവും മാത്രമായിരിക്കും. ഇത്തരത്തിലുള്ള വ്യക്തികള്‍ മാത്രമല്ല, സംഘടനകള്‍പോലും ഇന്നു നാട്ടിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അല്ലാഹുവില്‍ ശരണം! ഇവരുടെനേരെ അല്ലാഹുവിനുള്ള അറപ്പും വെറുപ്പും എത്രമേല്‍ കടുത്തതാണെന്നു ഈ വചനത്തില്‍ നിന്നു മനസ്സിലാക്കാം. ദേഹേച്ഛയെ പിന്‍പറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നതു ഇങ്ങനെയാണ്:
فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا – سورة الأعراف : ١٧٦
(സാരം: അവന്റെ ഉപമ, നായയെപ്പോലെയാണ്. നീ അതിനെ ആക്രമിച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും, അതിനെ നീ – ഒന്നും ചെയ്യാതെ – വിട്ടേച്ചാലും അതു നാവു തൂക്കി വാപിളര്‍ന്നുകൊണ്ടിരിക്കും. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുന്നവരുടെ ഉപമയാണ് അത്. (സൂ : അഅ്റാഫ്, 176))
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘യാതൊരുവന്‍ തന്റെ മനസ്സിനെ കീഴ്പ്പെടുത്തിവെക്കുകയും മരണശേഷമുള്ളതിലേക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവനാണ് സമര്‍ത്ഥന്‍, അഥവാ ബുദ്ധിമാന്‍. യാതൊരുവന്റെ മനസ്സ് അതിന്റെ ഇച്ഛയെ പിന്‍തുടരുകയും, അവന്‍ അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുകൊണ്ടിരിക്കുകയും ചെയ്തുവോ അവനാണ് കൊള്ളരുതാത്തവന്‍, അഥവാ ദുര്‍ബ്ബലന്‍’. (തി; ജ). മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: ‘നിങ്ങളില്‍ ഒരാളുടെ ഇച്ഛ, ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനോടു അനുസരിച്ചായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയായിരിക്കുകയില്ല’. (ശറഹുസ്സുന്നഃ) ഇക്കാലത്തു ഓരോ സത്യവിശ്വാസിയും സദാ ഓര്‍മ്മിക്കേണ്ട ഒരു നബിവചനം കൂടി ഇവിടെ ഉണര്‍ത്തട്ടെ. അല്‍പം ദീര്‍ഘമായ ആ ഹദീസിന്റെ ആശയം ഇതാണ്:
‘ലുബ്ധതക്ക് വഴങ്ങപ്പെടുന്നതായും, തന്നിഷ്ടം പിന്‍തുടരുന്നതായും, ഐഹികകാര്യത്തിനു പ്രാധാന്യം കല്‍പിക്കപ്പെടുന്നതായും, ഓരോരുത്തനും തന്റെ സ്വന്തം അഭിപ്രായംകൊണ്ടു തൃപ്തി അടയുന്നതായും നീ കണ്ടു; നിനക്കു ഒഴിചുകൂടാത്ത ചില ബാദ്ധ്യതയും നീ കണ്ടു, എന്നാല്‍, പൊതുജനങ്ങളുടെ കാര്യം വിട്ടേച്ച് നീ നിന്റെ കാര്യം നോക്കിക്കൊള്ളുക. നിങ്ങള്‍ക്കു പിന്നാലെ, ക്ഷമ കൈകൊള്ളേണ്ടുന്ന നാളുകള്‍ വരാനിരിക്കുന്നുണ്ട്. അന്നു ക്ഷമ കൈകൊള്ളുന്നവര്‍ക്ക് തീക്കനല്‍ കൈയില്‍ പിടിച്ച അനുഭവമായിരിക്കും ഉണ്ടാകുക. അക്കാലത്തു പ്രവര്‍ത്തിക്കുന്ന – കടമകള്‍ നിറവേറ്റുന്ന – വര്‍ക്ക് ഇന്ന്‍ നിങ്ങളില്‍നിന്നു അതുപോലെ പ്രവര്‍ത്തിക്കുന്ന അമ്പതു പേര്‍ക്കുണ്ടാകുന്ന പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.’ (തി; ജി.). ലക്കും ലഗാനുമില്ലാത്ത ഇന്നത്തെ ഭൗതികനീക്കങ്ങളെ നോക്കിക്കാണുന്നവര്‍ക്കു ഈ നബിവചനത്തിന്റെ ഉള്‍ക്കനം മനസ്സിലാക്കുവാന്‍ പ്രയാസമില്ല.
- وَقَالُوا۟ مَا هِىَ إِلَّا حَيَاتُنَا ٱلدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَآ إِلَّا ٱلدَّهْرُ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ ﴾٢٤﴿
- അവര്‍ പറയുന്നു: 'അതു [ജീവിതമെന്നതു] നമ്മുടെ ഐഹികജീവിതമല്ലാതെ (മറ്റൊന്നും) ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊന്നും) നമ്മെ നശിപ്പിക്കുന്നില്ല.' അവര്‍ക്കു അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.
- وَقَالُوا അവര്‍ പറയുന്നു, പറഞ്ഞു مَا هِيَ അതു (ജീവിതം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഐഹിക, ഇഹത്തിലെ نَمُوتُ നാം മരിക്കുന്നു وَنَحْيَا നാം ജീവിക്കുകയും ചെയ്യുന്നു وَمَا يُهْلِكُنَا നമ്മെ നശിപ്പിക്കുന്നുമില്ല إِلَّا الدَّهْرُ കാലമല്ലാതെ وَمَا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരു അറിവും, വിവരവും إِنْ هُمْ അവരല്ല إِلَّا يَظُنُّونَ ഊഹിക്കുകയല്ലാതെ
ഭൗതികവാദക്കാരെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. കാലചക്രത്തിന്റെ തിരിച്ചലിന്നിടയില്‍ പലതും സംഭവിക്കുന്നു; അക്കൂട്ടത്തില്‍ നാം ജനിക്കുന്നു, നാം മരിക്കുന്നു എന്നല്ലാതെ മനുഷ്യന്റെ ഐഹികജീവിതത്തിനപ്പുറം മറ്റൊരു ജീവിതമോ, ലോകമോ ഒന്നുമില്ല എന്നാണവര്‍ പറയുന്നത്. അല്ലാഹു ലോകസൃഷ്ടാവാണെന്നു സമ്മതിച്ചുകൊണ്ടുതന്നെ, മരണാനന്തരജീവിതത്തെ നിഷേധിക്കുകയും, ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മിക്ക സംഭവങ്ങളും കാലത്തിന്റെ പ്രക്രിയകളാണെന്നു വിശ്വസിക്കുകയും ചെയ്യുന്ന മുശ്രിക്കുകളും, ലോകസൃഷ്ടാവിനെത്തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളും പറയാറുള്ളതാണിത്. ഖുര്‍ആന്റെ അവതരണകാലത്തും ചുരുക്കം ചില വ്യക്തികള്‍ നിരീശ്വരവാദികളായുണ്ടായിരുന്നു. ഇന്നാകട്ടെ, ഇവര്‍ ലോകമൊട്ടുക്കും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. നിരീശ്വരത്വവും ഭൗതികത്വവും ഇന്നു ഒരു പ്രത്യയശാസ്ത്രം തന്നെ ആയിത്തീര്‍ന്നിരിക്കയാണ്. ബഹുമുഖങ്ങളായ ആസൂത്രിത പരിപാടികളോടുകൂടി അതു ജനമദ്ധ്യെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവരുടെ മുന്‍ഗാമികള്‍ മുമ്പു പ്രസ്താവിച്ച അതേ വാക്കുകള്‍ തന്നെയാണ് ഇന്ന്‍ ഇവര്‍ക്ക് പറയുവാനുള്ളതിന്റെയും അടിസ്ഥാനം. അന്നു അവരെപ്പറ്റി അല്ലാഹു പറഞ്ഞ അതേവാക്കുകള്‍തന്നെയാണ് ഇന്ന്‍ ഇവരെപ്പറ്റിയും പറയുവാനുള്ളതിന്റെ രത്നച്ചുരുക്കവും. അതെ, ‘അവര്‍ക്കതിനെക്കുറിച്ച് ഒരു വിവരവുമില്ല; അവര്‍ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല.’ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ടും, പ്രാഥമികബുദ്ധികള്‍ക്കുപോലും സുസ്പഷ്ടമായ എത്രയോ ദൃഷ്ടാന്തങ്ങളുടെനേരെ കണ്ണടച്ചുകൊണ്ടുമല്ലാതെ ആ വാദം പുറപ്പെടുവിക്കുക സാധ്യമല്ല. ആദ്യമേ ഭൗതികചിന്താഗതിയില്‍നിന്നു ഉടലെടുക്കുന്ന അനുമാനങ്ങള്‍ക്കും, ഭൗതികവിജ്ഞാനങ്ങളില്‍ നിന്നു ഉടലെടുക്കുന്ന യുക്തിവാദങ്ങള്‍ക്കും പരമ യാഥാര്‍ത്ഥ്യങ്ങളുടെ സ്ഥാനം നല്‍കിക്കൊണ്ടല്ലാതെ ആ വാദത്തിനു നിലനില്‍പ്പുമില്ല.
ദിനരാത്രങ്ങളായി നീങ്ങിക്കൊണ്ടിരിക്കുന്ന കാലം എന്നാണ് دَهْر (ദഹ്ര്‍) എന്ന വാക്കിന്റെ മൂലാര്‍ത്ഥം. അതിവര്‍ഷം, ക്ഷാമം, പകര്‍ച്ചവ്യാധി മുതലായ കെടുതികളും, വിളവര്‍ദ്ധനവ്, ക്ഷേമം, സുഖകരമായ കാലാവസ്ഥ മുതലായ നന്മകളും കാലത്തിന്റെ പ്രവര്‍ത്തനങ്ങളായി അറബികള്‍ വിശ്വസിച്ചിരുന്നു. കെടുതികള്‍ ബാധിക്കുമ്പോള്‍, അവര്‍ കാലത്തെ പഴിക്കും. നന്മകള്‍ കൈവരുമ്പോള്‍ അതിനെ പ്രശംസിക്കുകയും ചെയ്യും. വാസ്തവത്തില്‍ എല്ലാം അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാകയാല്‍ ഈ വിശ്വാസം ശിര്‍ക്കില്‍ ഉള്‍പ്പെട്ടതാണെന്നു പറയേണ്ടതില്ല. അതുകൊണ്ടാണ് കാലത്തെ പഴിക്കുന്നതിനെ ഹദീസുകളില്‍ വിരോധിച്ചുകാണുന്നത്. ബുഖാരി, മുസ്‌ലിം (رحمهما الله) മുതലായവര്‍ നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇപ്രകാരമാകുന്നു:
يَقُولُ اللَّهُ تَعَالَى يُؤْذِينِي ابْنُ آدَمَ، يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ، أُقَلِّبُ اللَّيْلَ وَالنَّهَارَ – متفق
(സാരം: അല്ലാഹു പറയുന്നു: ആദമിന്റെ മകന്‍ എന്നെ ഉപദ്രവിക്കുന്നു – അവന്‍ കാലത്തെ പഴിക്കുന്നു. ഞാനാണ് കാലം. അതായതു, എന്റെ കയ്യിലാണ് കാര്യം. അതിന്റെ രാവും പകലും ഞാന്‍ നിയന്ത്രിക്കുന്നതാണ്.)
അതിവര്‍ഷം, കൊടുങ്കാറ്റു മുതലായ ആപത്തുകളെപ്പറ്റി, ‘കാലം ചതിച്ചു, പ്രകൃതി വഞ്ചിച്ചു’ എന്നിങ്ങിനെയുള്ള പ്രയോഗങ്ങള്‍ ഇന്നു നാം സാധാരണ കേള്‍ക്കാറുണ്ട്. വാസ്തവത്തില്‍ ഇത്തരം പ്രയോഗങ്ങള്‍ മുസ്‌ലിംകള്‍ക്കു ഒട്ടും ചേര്‍ന്നതല്ലതന്നെ. പരലോകനിഷേധികള്‍ പരമ്പരാഗതമായി അനുവര്‍ത്തിച്ചുവരുന്ന ഒരു നയവും, അതിനുള്ള മറുപടിയുമാണ് അടുത്ത വചനത്തില്‍ കാണുന്നത്:-
- وَإِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُنَا بَيِّنَٰتٍ مَّا كَانَ حُجَّتَهُمْ إِلَّآ أَن قَالُوا۟ ٱئْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَٰدِقِينَ ﴾٢٥﴿
- നമ്മുടെ 'ആയത്തു'കള്‍ അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവരുടെ ന്യായം, 'നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍, നമ്മുടെ പിതാക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരുവിന്‍' എന്നു പറയുകയല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല.
- وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُنَا നമ്മുടെ ആയത്തു (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കള്‍ بَيِّنَاتٍ വ്യക്തമായ നിലയില്‍, തെളിവുകളായി مَّا كَانَ ആയിരിക്കയില്ല حُجَّتَهُمْ അവരുടെ ന്യായം إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ ائْتُوا നിങ്ങള്‍ കൊണ്ടുവരുവിന്‍ بِآبَائِنَا നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍
- قُلِ ٱللَّهُ يُحْيِيكُمْ ثُمَّ يُمِيتُكُمْ ثُمَّ يَجْمَعُكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ وَلَٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٢٦﴿
- നീ പറയുക : അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവന്‍ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ഖിയാമത്തു നാളിലേക്കു അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ സന്ദേഹമേ ഇല്ല. എങ്കിലും അധികമനുഷ്യരും അറിയുന്നില്ല.
- قُلِ പറയുക اللَّـهُ يُحْيِيكُمْ അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു ثُمَّ يُمِيتُكُمْ പിന്നെ നിങ്ങളെ മരിപ്പിക്കുന്നു ثُمَّ يَجْمَعُكُمْ പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തു നാളിലേക്കു لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നതു അല്ലാഹു തന്നെ. അവന്‍ തന്നെ രണ്ടാമതും ജീവിപ്പിക്കും. പക്ഷേ, അതിനൊരു അവധി വെച്ചിട്ടുണ്ട്. ഖിയാമത്തുനാള്‍, അതിനു മുമ്പായി നിങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മരണപ്പെട്ടവര്‍ ജീവിച്ചുവരുക സംഭവിക്കുവാന്‍ പോകുന്നില്ല. ഇതുകൊണ്ട് ആ യഥാര്‍ത്ഥ്യത്തിനു ഒരു കോട്ടവും തട്ടുവാനില്ല.
വിഭാഗം - 4
- وَلِلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَيَوْمَ تَقُومُ ٱلسَّاعَةُ يَوْمَئِذٍ يَخْسَرُ ٱلْمُبْطِلُونَ ﴾٢٧﴿
- അല്ലാഹുവിനാണ്, ആകാശങ്ങളുടെയും ഭൂമിയുടെയും രാജാധിപത്യം. അന്ത്യഘട്ടം നിലനില്‍ക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യര്‍ത്ഥകാരികളായുള്ളവര്‍ നഷ്ടമടയുന്നതാണ്.
- وَلِلَّـهِ അല്ലാഹുവിനാണ് مُلْكُ السَّمَاوَاتِ ആകാശങ്ങളുടെ രാജത്വം, ഭരണാധികാരം وَالْأَرْضِ ഭൂമിയുടെയും وَيَوْمَ تَقُومُ നിലനില്‍ക്കുന്ന ദിവസം السَّاعَةُ (ആ) സമയം (അന്ത്യഘട്ടം) يَوْمَئِذٍ അന്നത്തെ ദിവസം يَخْسَرُ നഷ്ടമടയും الْمُبْطِلُونَ വ്യര്‍ത്ഥകാരികള്‍, പാഴ്വേലക്കാര്‍
- وَتَرَىٰ كُلَّ أُمَّةٍ جَاثِيَةً ۚ كُلُّ أُمَّةٍ تُدْعَىٰٓ إِلَىٰ كِتَٰبِهَا ٱلْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ ﴾٢٨﴿
- എല്ലാ (ഓരോ) സമുദായത്തെയും മുട്ടുകുത്തിയ നിലയില്‍ നിനക്കു കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും. (അവരോടു പറയപ്പെടും) 'നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു ഇന്നു നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതാണ്.'
- وَتَرَىٰ നീ (നിനക്കു) കാണും, കാണാം كُلَّ أُمَّةٍ എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും جَاثِيَةً മുട്ടുകുത്തിയതായിട്ടു, ഒരുമിച്ചുകൂടിയതായിട്ടു كُلُّ أُمَّةٍ എല്ലാ സമുദായവും, ജനക്കൂട്ടവും تُدْعَىٰ വിളിക്കപ്പെടും إِلَىٰ كِتَابِهَا അതിന്റെ ഗ്രന്ഥത്തിലേക്കു الْيَوْمَ ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടും مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനു تَعْمَلُونَ പ്രവര്‍ത്തിക്കും
- هَٰذَا كِتَٰبُنَا يَنطِقُ عَلَيْكُم بِٱلْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ ﴾٢٩﴿
- ഇതാ, നമ്മുടെ ഗ്രന്ഥം! അതു നിങ്ങളോടു മുറപ്രകാരം സംസാരിക്കുന്നതാണ്. [എല്ലാം തുറന്നു കാട്ടുന്നതാണ്.] നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.'
- هَـٰذَا كِتَابُنَا ഇതാ നമ്മുടെ ഗ്രന്ഥം يَنطِقُ അതു സംസാരിക്കും (പറഞ്ഞുതരും, തുറന്നുകാട്ടും) عَلَيْكُم നിങ്ങളോടു, നിങ്ങളില്‍ بِالْحَقِّ മുറപ്രകാരം, യഥാര്‍ത്ഥത്തെപ്പറ്റി, ശരിക്കു إِنَّا كُنَّا നിശ്ചയമായും നാം ആയിരുന്നു نَسْتَنسِخُ നാം പകര്‍ത്തെടുത്തിരുന്നു, (എഴുതുവാന്‍ ആവശ്യപ്പെട്ടിരുന്നു) مَا كُنتُمْ നിങ്ങളായിരുന്നതു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദിപിതാവുമുതല്‍ ലോകവസാനം വരെയുള്ള സര്‍വ്വ ജനങ്ങളും, ജിന്നുകള്‍, മലക്കുകള്‍ മുതലായവരും ഒന്നടങ്കം ഒരേ നിലയില്‍ സമ്മേളിക്കുന്ന ആ മഹാ സദസ്സാകമാനം അങ്ങേഅറ്റം സംഭ്രമാവസ്ഥയിലായിരിക്കും.പ്രവാചകന്മാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോകരക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല.
ഓരോ സമുദായവും അതിന്റെ ഗ്രന്ഥത്തിലേക്കു വിളിക്കപ്പെടും (كُلُّ أُمَّةٍ تُدْعَىٰ إِلَىٰ كِتَابِهَا) എന്നു പറഞ്ഞതു, എല്ലാവരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഗ്രന്ഥത്തെ ഉദ്ദേശിച്ചാണെന്നും, അതല്ല ഓരോ സമുദായവും സ്വീകരിക്കുവാന്‍ ബാധ്യസ്ഥരായിരുന്ന വേദഗ്രന്ഥങ്ങളെ ഉദ്ദേശിച്ചാണെന്നും വരാം. ഏതായാലും, ഓരോ സമുദായത്തില്‍ പെട്ടവരുടെയും നന്മതിന്മകള്‍ വിലയിരുത്തപ്പെടുന്നതു അവരുടെ പ്രവാചകന്മാര്‍ മുഖേന അവര്‍ക്കു ലഭിച്ച പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും, ഓരോ വ്യക്തിക്കും അവരവരുടെ കര്‍മ്മങ്ങള്‍ സവിസ്തരം മലക്കുകളാല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രന്ഥം (صحيفة الٲعمال) അന്നു നല്‍കപ്പെടുന്നതാണെന്നും, കുറ്റവാളികളുടെ കുറ്റങ്ങള്‍ ശരിയായ തെളിവുസഹിതം അവരെ ബോധ്യപ്പെടുത്തുമെന്നും പറയേണ്ടതില്ല. ഇതിനെപ്പറ്റിയെല്ലാം ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതാണല്ലോ.
- فَأَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَيُدْخِلُهُمْ رَبُّهُمْ فِى رَحْمَتِهِۦ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْمُبِينُ ﴾٣٠﴿
- എന്നാല്‍, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവരുടെ റബ്ബ് അവരെ തന്റെ കാരുണ്യത്തില്‍ [സ്വര്‍ഗ്ഗത്തില്‍] പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം!
- فَأَمَّا الَّذِينَ എന്നാലപ്പോള്‍ യാതൊരുകൂട്ടര്‍ آمَنُوا വിശ്വസിച്ചു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളും ചെയ്തു فَيُدْخِلُهُمْ അവരെ പ്രവേശിപ്പിക്കും رَبُّهُمْ അവരുടെ റബ്ബ് فِي رَحْمَتِهِ അവന്‍റെ കാരുണ്യത്തില്‍ ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ الْمُبِينُ സ്പഷ്ടമായ ഭാഗ്യം
- وَأَمَّا ٱلَّذِينَ كَفَرُوٓا۟ أَفَلَمْ تَكُنْ ءَايَٰتِى تُتْلَىٰ عَلَيْكُمْ فَٱسْتَكْبَرْتُمْ وَكُنتُمْ قَوْمًا مُّجْرِمِينَ ﴾٣١﴿
- എന്നാല്‍, അവിശ്വസിച്ചവരോ, (അവരോടു പറയപ്പെടും:) 'എന്റെ 'ആയത്തു'കള്‍ [ലക്ഷ്യങ്ങള്‍] നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍, നിങ്ങള്‍ ഗര്‍വ്വു നടിച്ചു; നിങ്ങള്‍ കുറ്റവാളികളായ ഒരു ജനതയായിത്തീരുകയും ചെയ്തു!
- وَأَمَّا എന്നാല്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَفَلَمْ تَكُنْ ആയിരുന്നില്ലേ آيَاتِي എന്റെ ആയത്തുകള്‍ تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുക فَاسْتَكْبَرْتُمْ അപ്പോള്‍ നിങ്ങള്‍ ഗര്‍വ്വ് (വലുപ്പം) നടിച്ചു وَكُنتُمْ നിങ്ങളായിത്തീരുകയും ചെയ്തു قَوْمًا مُّجْرِمِينَ കുറ്റവാളികളായ ഒരു ജനത
- وَإِذَا قِيلَ إِنَّ وَعْدَ ٱللَّهِ حَقٌّ وَٱلسَّاعَةُ لَا رَيْبَ فِيهَا قُلْتُم مَّا نَدْرِى مَا ٱلسَّاعَةُ إِن نَّظُنُّ إِلَّا ظَنًّا وَمَا نَحْنُ بِمُسْتَيْقِنِينَ ﴾٣٢﴿
- 'നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതില്‍ യാതൊരു സന്ദേഹവുമില്ല.' എന്ന്‍ പറയപ്പെടുമ്പോള്‍, നിങ്ങള്‍ പറയും: 'ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്താണു (ഈ) അന്ത്യഘട്ടമെന്നു; ഞങ്ങള്‍ (ഒരു) തരത്തിലുള്ള) ഊഹം ഊഹിക്കുന്നുവെന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങള്‍ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവരല്ല തന്നെ.'
- وَإِذَا قِيلَ പറയപ്പെട്ടാല്‍, പറയപ്പെടുമ്പോള്‍ إِنَّ وَعْدَ اللَّـهِ നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം, താക്കീതു حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് وَالسَّاعَةُ അന്ത്യസമയമാകട്ടെ لَا رَيْبَ സന്ദേഹമേയില്ല فِيهَا അതില്‍ قُلْتُم നിങ്ങള്‍ പറയും, പറഞ്ഞു مَّا نَدْرِي ഞങ്ങള്‍ക്കറിഞ്ഞുകൂടാ مَا السَّاعَةُ എന്താണു അന്ത്യഘട്ടം إِن نَّظُنُّ ഞങ്ങള്‍ ഊഹിക്കുന്നി(കരുതുന്നി)ല്ല إِلَّا ظَنًّا ഒരു ഊഹമല്ലാതെ وَمَا نَحْنُ ഞങ്ങളല്ലതാനും بِمُسْتَيْقِنِينَ ഉറപ്പിച്ചു വിശ്വസിക്കുന്നവര്‍