വിഭാഗം - 6

43:57
  • ۞ وَلَمَّا ضُرِبَ ٱبْنُ مَرْيَمَ مَثَلًا إِذَا قَوْمُكَ مِنْهُ يَصِدُّونَ ﴾٥٧﴿
  • (നബിയേ) മര്‍യമിന്റെ മകന്‍ ഒരു ഉപമയാ(യി കാണി)ക്കപ്പെട്ടപ്പോള്‍, അപ്പോഴതാ നിന്റെ ജനത അതിനെക്കുറിച്ച് (ആഹ്ലാദിച്ച്) ആര്‍ത്ത് വിളിക്കുന്നു!
  • وَلَمَّا ضُرِبَ ആക്കപ്പെട്ട (വിവരിക്കപ്പെട്ട)പ്പോള്‍ ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ مَثَلًا ഒരു ഉപമ (ഉദാഹരണം, മാതൃക) യായി إِذَا قَوْمُكَ അപ്പോഴതാ നിന്റെ ജനത مِنْهُ അതിനെപ്പറ്റി, അതിനാല്‍ يَصِدُّونَ ആര്‍ത്തുവിളിക്കുന്നു
43:58
  • وَقَالُوٓا۟ ءَأَٰلِهَتُنَا خَيْرٌ أَمْ هُوَ ۚ مَا ضَرَبُوهُ لَكَ إِلَّا جَدَلًۢا ۚ بَلْ هُمْ قَوْمٌ خَصِمُونَ ﴾٥٨﴿
  • അവര്‍ പറയുകയും ചെയ്തു: 'ഞങ്ങളുടെ ആരധ്യന്മാരാണോ ഉത്തമം, അതോ അദ്ദേഹമോ?!' നിന്നോടു ഒരു തര്‍ക്കമായിട്ടല്ലാതെ അതിനെ അവര്‍ ആക്കുന്നില്ല. പക്ഷെ, (അത്രയുമല്ല) അവര്‍ തര്‍ക്കശീലന്മാരായ ഒരു ജനതയാകുന്നു.
  • وَقَالُوا അവര്‍ പറഞ്ഞു, പറയുന്നു أَآلِهَتُنَا ഞങ്ങളുടെ ദൈവങ്ങളോ, ആരാധ്യന്മാരോ خَيْرٌ ഉത്തമം أَمْ هُوَ അതോ അദ്ദേഹമോ مَا ضَرَبُوهُ അതിനെ അവര്‍ ആക്കിയിട്ടില്ല, വിവരിച്ചിട്ടില്ല لَكَ നിന്നോടു إِلَّا جَدَلًا ഒരു തര്‍ക്കമായിട്ടു (തര്‍ക്കത്തിനു) അല്ലാതെ بَلْ هُمْ പക്ഷേ (എന്നാല്‍) അവര്‍ قَوْمٌ خَصِمُونَ തര്‍ക്കശീലരായ ഒരു ജനതയാണ്
43:59
  • إِنْ هُوَ إِلَّا عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَٰهُ مَثَلًا لِّبَنِىٓ إِسْرَٰٓءِيلَ ﴾٥٩﴿
  • അദ്ദേഹം, നാം അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാനല്ലാതെ (മറ്റൊന്നും) അല്ല; ഇസ്രാഈല്‍ സന്തതികള്‍ക്കു അദ്ദേഹത്തെ നാം ഒരു മാതൃകയാക്കുകയും ചെയ്തിരിക്കുന്നു.
  • إِنْ هُوَ അദ്ദേഹമല്ല إِلَّا عَبْدٌ ഒരു അടിയാന്‍ (അടിമ) അല്ലാതെ أَنْعَمْنَا നാം അനുഗ്രഹം ചെയ്ത عَلَيْهِ അദ്ദേഹത്തിന്റെമേല്‍ وَجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുകയും ചെയ്തിരിക്കുന്നു مَثَلًا ഒരു മാതൃക, ഉപമ لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു
43:60
  • وَلَوْ نَشَآءُ لَجَعَلْنَا مِنكُم مَّلَٰٓئِكَةً فِى ٱلْأَرْضِ يَخْلُفُونَ ﴾٦٠﴿
  • നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഭൂമിയില്‍ (നിങ്ങള്‍ക്കു) പകരം വരുമാറ് നിങ്ങളില്‍നിന്നുതന്നെ മലക്കുകളെ നാം ഏര്‍പ്പെടുത്തുമായിരുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَجَعَلْنَا നാം ഉണ്ടാക്കു(ഏര്‍പ്പെടുത്തു)മായിരുന്നു مِنكُم നിങ്ങളില്‍നിന്നു, നിങ്ങള്‍ക്കു (പകരം) مَّلَائِكَةً മലക്കുകളെ فِي الْأَرْضِ ഭൂമിയില്‍ يَخْلُفُونَ പകരം വരുന്ന, പിന്‍ഗമിക്കുന്നവരായിട്ടു

‘നിങ്ങളും, അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിക്കുന്നവയും നരകത്തിന്റെ ഇന്ധനവുമാകുന്നു’

(إِنَّكُمْ وَمَا تَعْبُدُونَ مِن دُونِ اللَّهِ حَصَبُ جَهَنَّمَ أَنتُمْ لَهَا وَارِدُونَ – سورة الأنبياء : ٩٨)

എന്നു സൂ: അമ്പിയാഉ 98ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നുവല്ലോ. കിട്ടുന്ന സന്ദര്‍ഭമെല്ലാം കുതര്‍ക്കങ്ങള്‍ക്കു ഉപയോഗിക്കാറുള്ള ആ മുശ്രിക്കുകള്‍ ഇതുകേട്ടപ്പോള്‍, ഒരവസരം കണ്ടെത്തി, അങ്ങിനെയാണെങ്കില്‍, ചിലര്‍ മലക്കുകളെയും, ചിലര്‍ ഉസൈര്‍ (عليه السلام) നെയും, മറ്റു ചിലര്‍ ഈസാ (عليه السلام) നബിയെയും ആരാധിച്ചുവരുന്നുണ്ടല്ലോ; ഇവരെല്ലാവരും നരകത്തിന്റെ വിറകായിരിക്കേണ്ടതല്ലേ? അതേ സമയത്തു ഇവരെല്ലാം അല്ലാഹുവിങ്കല്‍ നല്ല ആളുകളാണെന്നു മുഹമ്മദു സമ്മതിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അക്കൂട്ടത്തില്‍ ഞങ്ങളും, ഞങ്ങള്‍ ആരാധിച്ചുവരുന്ന വസ്തുക്കളും നരകത്തില്‍ പോകുകയാണെങ്കില്‍ ആയിക്കൊള്ളട്ടെ.’ ഇതായിരുന്നു തര്‍ക്കം. ഇതിനുള്ള മറുപടി സൂ: അമ്പിയാഉ: 101ല്‍ തന്നെ അല്ലാഹു പ്രസ്താവിച്ചിട്ടുമുണ്ട്. ബഹുദൈവാരാധനയെ ഒരിക്കലും തൃപ്തിപ്പെടാത്ത സജ്ജനങ്ങള്‍ അതില്‍ നിന്നു ഒഴിവാണെന്നത്രെ ആ മറുപടിയുടെ സാരം. ഈസാ (عليه السلام) നബിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും, പ്രമുഖനായ ഒരു പ്രവാചകവര്യനാണെന്നു മുസ്ലിംകളും വിശ്വസിക്കുന്നു. ആ സ്ഥിതിക്കു അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കംകൊണ്ടു വരുവാന്‍ മുശ്രിക്കുകള്‍ കൂടുതല്‍ ശ്രമം നടത്തുമല്ലോ. ഇതിനെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്.

ഈസാ (عليه السلام) പിതാവില്ലാതെ ജനിച്ച ആളാണെന്നതുകൊണ്ടു അദ്ദേഹം ഒരു മനുഷ്യനല്ലാതാകുന്നില്ല. അല്ലാഹു പല അനുഗ്രഹങ്ങളും ചെയ്തുകൊടുത്തിട്ടുള്ള ഒരു അടിയാന്‍ മാത്രമാണദ്ദേഹം, ഇസ്രാഈല്യര്‍ക്കു മാതൃകാപുരുഷനായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. എന്നല്ലാതെ, അദ്ദേഹം ഒരു ദൈവമോ, ദൈവപുത്രനോ, മലക്കോ ഒന്നുമല്ല. പിതാവില്ലാതെ മനുഷ്യനെ സൃഷ്ടിക്കുകയെന്നതു അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു വമ്പിച്ച കാര്യമൊന്നുമല്ല. വേണമെങ്കില്‍, മനുഷ്യരില്‍ നിന്നുതന്നെ മലക്കുകളെ സൃഷ്ടിക്കുവാനും, മനുഷ്യര്‍ക്കു പകരം അവരെ ഭൂമിയിലെ പ്രതിനിധികളാക്കുവാനും അവനു കഴിയും. എന്നൊക്കെയാണ് 59, 60 എന്നീ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ഈസാ (عليه السلام) നെപ്പറ്റി വീണ്ടും പറയുന്നു:-

43:61
  • وَإِنَّهُۥ لَعِلْمٌ لِّلسَّاعَةِ فَلَا تَمْتَرُنَّ بِهَا وَٱتَّبِعُونِ ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦١﴿
  • അദ്ദേഹം അന്ത്യസമയത്തിന്നുള്ള ഒരു അറിവും (അഥവാ അടയാളവും) ആകുന്നു. ആകയാല്‍, നിങ്ങള്‍ അതിനെപ്പറ്റി സംശയിക്കുകതന്നെ വേണ്ടാ. നിങ്ങള്‍ എന്നെ [എന്റെ മാര്‍ഗ്ഗത്തെ] പിന്‍പറ്റുകയും ചെയ്യുവിന്‍. (ശരിക്കു) ചൊവ്വായ പാതയാണ് ഇത്.
  • وَإِنَّهُ നിശ്ചയമായും അദ്ദേഹം لَعِلْمٌ ഒരു അറിവു(അടയാളം) തന്നെയാണ് لِّلسَّاعَةِ അന്ത്യസമയത്തിനു فَلَا تَمْتَرُنَّ ആകയാല്‍ നിങ്ങള്‍ സംശയിക്കുകതന്നെ വേണ്ടാ, സന്ദേഹം വെക്കരുത് بِهَا അതിനെപ്പറ്റി وَاتَّبِعُونِ എന്നെ പിന്‍പറ്റുകയും ചെയ്യുവിന്‍ هَـٰذَا ഇതു صِرَاطٌ പാതയാണ് مُّسْتَقِيمٌ ചൊവ്വായ, നേരായ
43:62
  • وَلَا يَصُدَّنَّكُمُ ٱلشَّيْطَٰنُ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ﴾٦٢﴿
  • പിശാചു നിങ്ങളെ (ഈ പാതവിട്ട്) തടയാതിരിക്കുകയും ചെയ്യട്ടെ. നിശ്ചയമായും, അവന്‍ നിങ്ങള്‍ക്കു പ്രത്യക്ഷ ശത്രുവാകുന്നു.
  • وَلَا يَصُدَّنَّكُمُ നിങ്ങളെ തടയാതിരിക്കട്ടെ الشَّيْطَانُ പിശാചു إِنَّهُ لَكُمْ നിശ്ചയമായും നിങ്ങള്‍ക്കു അവന്‍ عَدُوٌّ ശത്രുവാണ് مُّبِينٌ പ്രത്യക്ഷമായ, (തനി)

وَإِنَّهُ لَعِلْمٌ لِّلسَّاعَةِ (അദ്ദേഹം അന്ത്യസമയത്തിനുള്ള ഒരു അറിവുമാകുന്നു.) എന്ന വാക്യത്തിന്റെ സാരം, അന്ത്യനാളിന്റെ ആസന്നതയെക്കുറിക്കുന്ന ഒരു അടയാളമാണ് ഈസാ നബി (عليه السلام) എന്നത്രെ. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ അംഗീകരിച്ച വ്യാഖ്യാനം ഇതാകുന്നു. عَلَمٌ (അലമുന്‍) എന്നും ഇവിടെ വായനയുണ്ട്. ‘അടയാളം’ എന്നാണു ആ വാക്കിനര്‍ത്ഥം. ഇതു ഈ അഭിപ്രായത്തിനു ബലം നല്‍കുന്നുമുണ്ട്: കൂടാതെ, ലോകാവസാനത്തിനുമുമ്പ് ഈസാ നബി (عليه السلام) ഭൂമിയില്‍ ഇറങ്ങിവരുമെന്നു പ്രബലമായ പല ഹദീസുകളാലും സ്ഥാപിതമായതാണ്. ഇതെല്ലാം കണക്കിലെടുത്തു കൊണ്ടത്രെ ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ അര്‍ത്ഥവ്യാഖ്യാനം സ്വീകരിച്ചിരിക്കുന്നത്. ഈ അഭിപ്രായപ്രകാരം (‘അതു’ എന്നും, ‘അദ്ദേഹം’ എന്നും അര്‍ത്ഥം വരാവുന്ന) وَإِنَّهُ എന്ന വാക്കിലെ സര്‍വ്വനാമം (ضمير) ഈസാ (عليه السلام) നബിയെക്കുറിച്ചാകുന്നു. ആ സര്‍വ്വനാമം, ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാണെന്നും ചുരുക്കം ചിലര്‍ അഭിപ്രായപ്പെട്ടു കാണാം. എങ്കിലും ആ അഭിപ്രായത്തിനു പ്രസക്തിയില്ല. കാരണം, 57-ാം വചനം മുതല്‍ ഇതുവരേക്കുമുള്ള സംസാരം ഈസാ (عليه السلام) നബിയെക്കുറിച്ചാണല്ലോ. ഇടയ്ക്കു വെച്ചു എവിടെയെങ്കിലും ഇവ രണ്ടിനെക്കുറിച്ചും ഒന്നും തന്നെ പ്രസ്താവിച്ചിട്ടില്ല. അതിന്റെ മുമ്പാകട്ടെ, മൂസാ (عليه السلام) നബിയെയും അദ്ദേഹത്തിന്റെ ജനതയെയും സംബന്ധിച്ചായിരുന്നു സംസാരിച്ചിരുന്നതും.

മുമ്പ് ആരും പറഞ്ഞുകാണാത്ത ഒരു വിചിത്രമായ അഭിപ്രായം ഈയിടെയായി ചിലര്‍ പുറപ്പെടുവിച്ചു കാണുന്നു. ലോകാവസാനഘട്ടത്തെയും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെയുമാണ്‌ ആ സര്‍വ്വനാമം കുറിക്കുന്നതു എന്നത്രെ അത്. وَإِنَّهُ لَعِلْمٌ لِّلسَّاعَةِ الخ എന്ന വാക്യത്തിനു ഇവര്‍ കൊടുക്കുന്ന അര്‍ത്ഥവ്യാഖ്യാനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. ‘അതു – മുമ്പു പറഞ്ഞതു – അന്ത്യസമയത്തെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനം തന്നെയാകുന്നു. അഥവാ അല്ലാഹു അങ്ങിനെ പറഞ്ഞിരിക്കുന്നതു അവന്റെ സൂക്ഷ്മജ്ഞാനത്തില്‍നിന്നു എടുത്തു പറഞ്ഞതാണ്. അതില്‍ സംശയിക്കേണ്ടതില്ല’. പത്തിരുപതു ആയത്തുകള്‍ക്കുമുമ്പ് (38, 39ല്‍) മാത്രം ഒരിടത്തു അന്ത്യനാളില്‍ ബഹുദൈവവിശ്വാസികളുടെ സ്ഥിതിയെപ്പറ്റി ഒരു പരാമര്‍ശമുണ്ടെന്നതു ശരിയാണ്. അതൊഴിച്ചാല്‍, ആ വിഷയകമായി ഈ സൂറത്തില്‍ എവിടെയും തന്നെ കാര്യമായൊന്നും പ്രസ്താവിക്കുന്നില്ല തന്നെ. എന്നിരിക്കെ, ഈ വ്യാഖ്യാനം ഒട്ടും സ്വീകാര്യമല്ല. ഈസാ (عليه السلام) ജീവിച്ചിരിപ്പുണ്ടെന്നും, അദ്ദേഹം ഭൂമിയില്‍ ഇറങ്ങിവരുമെന്നും ഇവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാത്തതാണ് യാതൊരടിസ്ഥാനവുമില്ലാത്ത ഈ പുതിയ വ്യാഖ്യാനത്തിനു മുതിരുവാന്‍ വാസ്തവത്തില്‍ ഇവരെ പ്രേരിപ്പിച്ചത്. (ഈസാ (عليه السلام) നബിയുടെ വരവിനെയും, ജീവിച്ചിരിപ്പിനെയും സംബന്ധിച്ചും, അവയെ നിഷേധിക്കുന്നവരെ സംബന്ധിച്ചും കൂടുതല്‍ വിവരം സൂ: ആലുഇംറാനിലും, സൂ: നിസാഇലും വെച്ച് പ്രതിപാദിച്ചിട്ടുണ്ട്).

ഈസാ (عليه السلام) ലോകവസാനത്തിനു മുമ്പായി ഭൂമിയില്‍ ഇറങ്ങിവരുമെന്നു കാണിക്കുന്ന ഹദീസുകള്‍, പ്രധാനപ്പെട്ട എല്ലാ ഹദീസു പണ്ഡിതന്മാരും അവരവരുടെ ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവ മിക്കവാറും പരക്കെ അറിയപ്പെട്ടതുമാകുന്നു. ഇവിടെ അവ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. അന്ത്യനാളിനു മുമ്പായി അദ്ദേഹം ഇറങ്ങിവരുമെന്നും, നീതിമാനായ ഒരു വിധികര്‍ത്താവെന്ന നിലക്കു ഇസ്ലാമിക വിധിവിലക്കുകള്‍ നടപ്പിലാക്കുമെന്നും, ഇസ്ലാമികബോധം വളര്‍ത്തുമെന്നുമാണ് അവയുടെ രത്നച്ചുരുക്കം. ഈ വിഷയകമായി ഇമാം ബുഖാരീ (رحمه الله) യും, മുസ്ലിമും (رحمه الله) യും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ അതിനു തെളിവായി സൂ: നിസാഇലെ ഈ വചനം ഉദ്ധരിച്ചിരിക്കുന്നത് കാണാം:

وَإِن مِّنْ أَهْلِ الْكِتَابِ إِلَّا لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ ۖ : سورة النساء: ١٥٩

(സാരം: വേദക്കാരില്‍ ഒരാളും അദ്ദേഹത്തിന്റെ – ഈസാനബിയുടെ – മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല.)

43:63
  • وَلَمَّا جَآءَ عِيسَىٰ بِٱلْبَيِّنَٰتِ قَالَ قَدْ جِئْتُكُم بِٱلْحِكْمَةِ وَلِأُبَيِّنَ لَكُم بَعْضَ ٱلَّذِى تَخْتَلِفُونَ فِيهِ ۖ فَٱتَّقُوا۟ ٱللَّهَ وَأَطِيعُونِ ﴾٦٣﴿
  • വ്യക്തമായ തെളിവുകളും കൊണ്ടു ഈസാ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വിജ്ഞാനവും കൊണ്ടുവന്നിരിക്കുന്നു; നിങ്ങള്‍ (പരസ്പരം) ഭിന്നാഭിപ്രായത്തിലായിക്കൊണ്ടിരിക്കുന്നതില്‍ ചിലതു നിങ്ങള്‍ക്കു വിവരിച്ചുതരുവാന്‍ വേണ്ടിയുമാകുന്നു (വന്നിരിക്കുന്നതു). ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍; എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
  • وَلَمَّا جَاءَ عِيسَىٰ ഈസാ വന്നപ്പോള്‍ بِالْبَيِّنَاتِ തെളിവുകളുമായി قَالَ അദ്ദേഹം പറഞ്ഞു قَدْ جِئْتُكُم തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു വന്നിരിക്കുന്നു بِالْحِكْمَةِ വിജ്ഞാനം കൊണ്ടു وَلِأُبَيِّنَ لَكُم നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചു (വ്യക്തമാക്കി) തരുവാനും بَعْضَ الَّذِي യാതൊന്നില്‍ ചിലതു تَخْتَلِفُونَ فِيه അതില്‍ നിങ്ങള്‍ ഭിന്നിച്ചു (അഭിപ്രായ വ്യത്യാസത്തിലായി) കൊണ്ടിരിക്കുന്നു فَاتَّقُوا اللَّـهَ അതുകൊണ്ടു അല്ലാഹുവിനെ സൂക്ഷിക്കുവിന്‍ وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യുവിന്‍
43:64
  • إِنَّ ٱللَّهَ هُوَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٦٤﴿
  • 'നിശ്ചയമായും, അല്ലാഹു തന്നെയാണ് എന്റെ രക്ഷിതാവും, നിങ്ങളുടെ രക്ഷിതാവും. അതിനാല്‍, നിങ്ങള്‍ അവനെ ആരാധിക്കണം. ഇതു (ശരിക്കും) നേരായ പാതയാകുന്നു.'
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു هُوَ رَبِّي അവന്‍ എന്റെ റബ്ബാണ് وَرَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاعْبُدُوهُ ആകയാല്‍ നിങ്ങളവനെ ആരാധിക്കണം هَـٰذَا ഇതു صِرَاطٌ مُّسْتَقِيمٌ നേരായ (ചൊവ്വായ പാതയാണ്)
43:65
  • فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ ﴾٦٥﴿
  • എന്നിട്ട് അവര്‍ക്കിടയില്‍നിന്ന് (പല) കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍, അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!
  • فَاخْتَلَفَ എന്നിട്ടു ഭിന്നിപ്പിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവര്‍ക്കിടയില്‍നിന്നു فَوَيْلٌ അതിനാല്‍ നാശം, കഷ്ടം لِّلَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു مِنْ عَذَابِ ശിക്ഷമൂലം, ശിക്ഷയാല്‍ يَوْمٍ أَلِيمٍ വേദനയേറിയ ഒരു ദിവസത്തെ

43:66
  • هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ ﴾٦٦﴿
  • അന്ത്യസമയത്തെയല്ലാതെ (വല്ലതും) അവര്‍ നോക്കി (ക്കാത്തു) കൊണ്ടിരിക്കുന്നുവോ? അതായതു, അവര്‍ (ബോധപൂര്‍വ്വം) അറിയാതിരിക്കെ, പെട്ടെന്ന്‍ അതവര്‍ക്കു വന്നെത്തുന്നതിനെ(യല്ലാതെ)!.
  • هَلْ يَنظُرُونَ അവര്‍ നോക്കി (കാത്തു) കൊണ്ടിരിക്കുന്നുവോ إِلَّا السَّاعَةَ അന്ത്യസമയത്തെയല്ലാതെ أَن تَأْتِيَهُم അതായതു അതവര്‍ക്കു വരുന്നതു بَغْتَةً പെട്ടെന്നു, യാദൃശ്ചികമായി وَهُمْ لَا يَشْعُرُونَ അവര്‍ അറിയാതിരിക്കെ
43:67
  • ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ ﴾٦٧﴿
  • അന്നത്തെ ദിവസം, ചങ്ങാതിമാര്‍ - അവരില്‍ ചിലര്‍ ചിലര്‍ക്ക് - ശത്രുവായിരിക്കും; (സൂക്ഷമതയുള്ള) ഭയഭക്തന്മാരൊഴികെ.
  • الْأَخِلَّاءُ ചങ്ങാതിമാര്‍ يَوْمَئِذٍ ആ ദിവസം بَعْضُهُمْ لِبَعْضٍ അവരില്‍ ചിലര്‍ ചിലര്‍ക്കു عَدُوٌّ ശത്രുവായിരിക്കും إِلَّا الْمُتَّقِينَ സൂക്ഷിക്കുന്നവര്‍ (ഭയഭക്തന്മാര്‍) ഒഴികെ

ഈസാ (عليه السلام) നബിയെ ക്രിസ്ത്യാനികള്‍ ആരാധിച്ചുവരുന്നതിന്റെ പേരില്‍ മുശ്രിക്കുകള്‍ കൊണ്ടുവന്ന കുതര്‍ക്കങ്ങളെപ്പറ്റി മുമ്പു പറഞ്ഞുവല്ലോ. എന്നാല്‍, ഈസാ (عليه السلام) നബിയുടെ നില എന്തായിരുന്നു? അദ്ദേഹം അവരെ ഉപദേശിച്ചതു എന്തായിരുന്നു? എന്നൊക്കെ ഈ വചനങ്ങളില്‍ വിവരിക്കുന്നു. അതായതു: അദ്ദേഹത്തിന്റെ ആഗമനത്തിനുമുമ്പ് തന്നെ ഇസ്റാഈല്യര്‍ സത്യമാര്‍ഗ്ഗത്തില്‍നിന്നു പിഴച്ചുപോയിരുന്നു. അവര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നതിനാവശ്യമായ വേദവിജ്ഞാനങ്ങളും, ദൃഷ്ടാന്തങ്ങളും കൊണ്ടാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. അദ്ദേഹം ഉപദേശിച്ചതാകട്ടെ, യഥാര്‍ത്ഥ തൌഹീദും അതിന്റെ അടിസ്ഥാനത്തിലുള്ള നേര്‍മ്മാര്‍ഗ്ഗവുമായിരുന്നു. പക്ഷേ, അവരില്‍ വീണ്ടും ഭിന്നിപ്പും ഛിദ്രവും ഉടലെടുക്കുകയും, നേര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നു അവര്‍ വ്യതിചലിക്കുകയുമാണുണ്ടായത്. അങ്ങിനെ, ഖിയാമത്തുനാളില്‍ വമ്പിച്ച ശിക്ഷക്കു അവര്‍ കാരണഭൂതരായിരിക്കുകയാണ്. ഇന്ന് അക്രമത്തിലും, ദുര്‍മ്മാര്‍ഗ്ഗത്തിലും അന്യോന്യം സഹായിച്ചും സഹകരിച്ചും വര്‍ത്തിക്കുന്ന മിത്രങ്ങളെല്ലാം അന്നു പരസ്പരം ശത്രുക്കളായി മാറും. സജ്ജനങ്ങളായ ഭയഭക്തന്മാര്‍മാത്രമേ ഇതില്‍നിന്നൊഴിവാകുകയുള്ളു. അവരോടു ഇപ്രകാരം പറയപ്പെടും:-

വിഭാഗം - 7

43:68
  • يَٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ ﴾٦٨﴿
  • 'എന്റെ അടിയാന്മാരേ, നിങ്ങളുടെമേല്‍ ഇന്നു യാതൊരു ഭയവും ഇല്ല. നിങ്ങള്‍ വ്യസനപ്പെടുകയുമില്ല;
  • يَا عِبَادِ എന്റെ അടിയാന്മാരേ لَا خَوْفٌ ഭയമില്ല عَلَيْكُمُ നിങ്ങളുടെമേല്‍ الْيَوْمَ ഇന്നു وَلَا أَنتُمْ നിങ്ങള്‍ ഇല്ലതാനും تَحْزَنُونَ വ്യസനപ്പെടും
43:69
  • ٱلَّذِينَ ءَامَنُوا۟ بِـَٔايَٰتِنَا وَكَانُوا۟ مُسْلِمِينَ ﴾٦٩﴿
  • 'അതായതു, നമ്മുടെ 'ആയത്തു'കളില്‍ [ലക്ഷ്യസന്ദേശങ്ങളില്‍] വിശ്വസിക്കുകയും, (ഇസ്ലാമിനെ അനുസരിച്ചു) 'മുസ്ലിം'കളായിത്തീരുകയും ചെയ്തിട്ടുള്ളവര്‍!-
  • الَّذِينَ آمَنُوا അതായതു വിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ وَكَانُوا مُسْلِمِينَ മുസ്ലിംകളായി (അനുസരിക്കുന്നവരായി)യിരിക്കുകയും
43:70
  • ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ ﴾٧٠﴿
  • 'നിങ്ങളും, നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍.'
  • ادْخُلُوا الْجَنَّةَ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവിന്‍ أَنتُمْ وَأَزْوَاجُكُمْ നിങ്ങളും നിങ്ങളുടെ ഇണകളും (ഭാര്യാഭര്‍ത്താക്കളും) تُحْبَرُونَ നിങ്ങള്‍ സന്തോഷഭരിതരായ നിലയില്‍

ഇതാണവര്‍ക്കു അവിടെ ലഭിക്കുന്ന സ്വീകരണത്തിന്റെ സ്വഭാവം. എനി, സ്വര്‍ഗ്ഗീയജീവിതത്തില്‍ അവര്‍ക്കു ലഭിക്കുവാനിരിക്കുന്നതോ? അതിന്റെ സാമാന്യരൂപം ഇതായിരിക്കും:-

43:71
  • يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَٰلِدُونَ ﴾٧١﴿
  • സ്വര്‍ണ്ണംകൊണ്ടുള്ള തളികകളും, കോപ്പകളുമായി അവരില്‍ ചുറ്റിനടക്കപ്പെടും. മനസ്സുകള്‍ ഇച്ഛിക്കുകയും, കണ്ണുകള്‍ രസിക്കുകയും ചെയ്യുന്നതു (എല്ലാം) അതിലുണ്ടുതാനും. (ഹേ, ഭയഭക്തന്മാരേ,) അതില്‍ നിങ്ങള്‍ നിത്യവാസികളുമായിരിക്കും.
  • يُطَافُ عَلَيْهِم അവരില്‍ ചുറ്റിനടക്കപ്പെടും بِصِحَافٍ തളികകളുമായി مِّن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَأَكْوَابٍ കോപ്പകളുമായും وَفِيهَا അതിലുണ്ടുതാനും مَا تَشْتَهِيهِ ഇച്ഛിക്കുന്നതു الْأَنفُسُ മനസ്സുകള്‍, ദേഹങ്ങള്‍ وَتَلَذُّ രസിക്കുകയും ചെയ്യുന്ന الْأَعْيُنُ കണ്ണുകള്‍ وَأَنتُمْ فِيهَا നിങ്ങള്‍ അതില്‍ خَالِدُونَ നിത്യവാസികളുമായിരിക്കും
43:72
  • وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ ﴾٧٢﴿
  • അതത്രെ, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനു് നിങ്ങള്‍ക്കു അവകാശമായി നല്‍കപ്പെട്ടിട്ടുള്ള സ്വര്‍ഗ്ഗം!
  • وَتِلْكَ الْجَنَّةُ അതത്രെ സ്വര്‍ഗ്ഗം, അതു സ്വര്‍ഗ്ഗമാണ് الَّتِي أُورِثْتُمُوهَا നിങ്ങള്‍ക്കതു അവകാശമായി നല്‍കപ്പെട്ടതായ بِمَا كُنتُمْ നിങ്ങളായിരുന്നതു കൊണ്ടു تَعْمَلُونَ പ്രവര്‍ത്തിക്കും
43:73
  • لَكُمْ فِيهَا فَٰكِهَةٌ كَثِيرَةٌ مِّنْهَا تَأْكُلُونَ ﴾٧٣﴿
  • നിങ്ങള്‍ക്ക് അതില്‍ ധാരാളം പഴവര്‍ഗ്ഗങ്ങളുണ്ടായിരിക്കും; അതില്‍നിന്ന് നിങ്ങള്‍ തിന്നുകൊണ്ടിരിക്കും.
  • لَكُمْ فِيهَا അതില്‍ നിങ്ങള്‍ക്കുണ്ടു فَاكِهَةٌ പഴവര്‍ഗ്ഗം كَثِيرَةٌ വളരെ, ധാരാളം مِّنْهَا تَأْكُلُونَ അതില്‍ നിന്നു നിങ്ങള്‍ തിന്നു (ഭുജിച്ചു) കൊണ്ടിരിക്കും

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിക്കുന്നു: ‘തന്റെ തോട്ടങ്ങള്‍, തന്റെ ഭാര്യമാര്‍, ഭൃത്യന്മാര്‍, സുഖസൗകര്യത്തിനുള്ള വിഭവങ്ങള്‍, കട്ടിലുകള്‍ മുതലായവയെ ആയിരം കൊല്ലത്തെ ദൂരത്തോളം നോക്കിക്കാണാവുന്നവനായിരിക്കും സ്വര്‍ഗ്ഗക്കാരില്‍ ഏറ്റവും താണ പടിയിലുള്ളവന്‍. അല്ലാഹുവിങ്കല്‍ കൂടുതല്‍ ആദരണീയനായിട്ടുള്ളവനാകട്ടെ, രാവിലെയും, വൈകുന്നേരവും അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ദര്‍ശിക്കുന്നവനുമായിരിക്കും.’ പിന്നീടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുര്‍ആന്‍ വചനം ഓതി:

وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ﴿٢٢﴾ إِلَىٰ رَبِّهَا نَاظِرَةٌ ﴿٢٣﴾ :سورة القيامة

(സന്തോഷത്താല്‍ പ്രശോഭിതമായ ചില മുഖങ്ങള്‍ അന്ന് അവയുടെ റബ്ബിങ്കലേക്കു നോക്കിക്കാണുന്നവയായിരിക്കും.) (അ.തി.) . സത്യവിശ്വാസവും, സല്‍ക്കര്‍മ്മവും സ്വീകരിക്കുവഴി ഭയഭക്തന്മാരായ ആളുകളുടെ പ്രതിഫലം വിവരിച്ചശേഷം, അവിശ്വാസികളായ കുറ്റവാളികളുടെ പ്രതിഫലം വിവരിക്കുന്നു:-

43:74
  • إِنَّ ٱلْمُجْرِمِينَ فِى عَذَابِ جَهَنَّمَ خَٰلِدُونَ ﴾٧٤﴿
  • നിശ്ചയമായും, കുറ്റവാളികള്‍ നരകശിക്ഷയില്‍ നിത്യവാസികളായിരിക്കും.
  • إِنَّ الْمُجْرِمِينَ നിശ്ചയമായും കുറ്റവാളികള്‍ فِي عَذَابِ جَهَنَّمَ 'ജഹന്നമി'ന്റെ (നരക)ശിക്ഷയില്‍ خَالِدُونَ നിത്യവാസികളായിരിക്കും
43:75
  • لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴾٧٥﴿
  • അവരില്‍നിന്ന് അതു അയവു വരുത്തപ്പെടുന്നതല്ല; അവരതില്‍ ആശയറ്റവരുമായിരിക്കും.
  • لَا يُفَتَّرُ അതു അയവു (ഇളവു, തളര്‍ച്ച ) വരുത്തപ്പെടുകയില്ല عَنْهُمْ അവര്‍ക്കു, അവരില്‍നിന്നു وَهُمْ فِيهِ അതില്‍ അവര്‍ مُبْلِسُونَ ആശയറ്റ (ആശ മുറിഞ്ഞ)വരുമാകുന്നു

43:76
  • وَمَا ظَلَمْنَٰهُمْ وَلَٰكِن كَانُوا۟ هُمُ ٱلظَّٰلِمِينَ ﴾٧٦﴿
  • നാം അവരോടു അക്രമം പ്രവര്‍ത്തിച്ചിട്ടില്ല; പക്ഷേ, അവര്‍ തന്നെയാണ് അക്രമികാരികളായിരിക്കുന്നത്.
  • وَمَا ظَلَمْنَاهُمْ നാമവരോടു അക്രമം (അനീതി) ചെയ്തിട്ടില്ല وَلَـٰكِن പക്ഷെ, എങ്കിലും كَانُوا هُمُ അവര്‍ തന്നെയാകുന്നു الظَّالِمِينَ അക്രമികള്‍
43:77
  • وَنَادَوْا۟ يَٰمَٰلِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّٰكِثُونَ ﴾٧٧﴿
  • അവര്‍ വിളിച്ചുപറയും: 'മാലികേ'! തന്റെ റബ്ബ് ഞങ്ങളില്‍ (മരണത്തിന്ന്‍) തീരുമാനമെടുക്കട്ടെ!' അദ്ദേഹം പറയും: 'നിശ്ചയമായും നിങ്ങള്‍, (ശിക്ഷയില്‍തന്നെ) താമസിക്കുന്നവരാകുന്നു.'
  • وَنَادَوْا അവര്‍ വിളിച്ചുപറയും يَا مَالِكُ മാലികേ لِيَقْضِ عَلَيْنَا ഞങ്ങളില്‍ വിധിക്കട്ടെ, തീരുമാനം വരുത്തട്ടെ رَبُّكَ തന്റെ (താങ്കളുടെ)റബ്ബ് قَالَ അദ്ദേഹം പറയും إِنَّكُم مَّاكِثُونَ നിശ്ചയമായും നിങ്ങള്‍ താമസിക്കുന്ന (കഴിഞ്ഞു കൂടുന്ന)വരാണ്
43:78
  • لَقَدْ جِئْنَٰكُم بِٱلْحَقِّ وَلَٰكِنَّ أَكْثَرَكُمْ لِلْحَقِّ كَٰرِهُونَ ﴾٧٨﴿
  • തീര്‍ച്ചയായും, നിങ്ങള്‍ക്കു നാം യഥാര്‍ത്ഥം കൊണ്ടുവ(ന്നു ത)ന്നിരിക്കുന്നു. പക്ഷെ, നിങ്ങളില്‍ അധികമാളും യഥാര്‍ത്ഥത്തെ വെറുക്കുന്നവരാണ്.
  • لَقَدْ جِئْنَاكُم തീര്‍ച്ചയായും നാം നിങ്ങള്‍ക്കുവന്നു, വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ടു وَلَـٰكِنَّ أَكْثَرَكُمْ എങ്കിലും നിങ്ങളിലധികവും لِلْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ, ന്യായത്തോടു) كَارِهُونَ വെറുക്കുന്നവരാണ്, വെറുത്തവരാണ്, അനിഷ്ടക്കാരാണ്

ശിക്ഷ സഹിക്കവയാതെ ഗതിമുട്ടുമ്പോള്‍, തങ്ങളുടെ യാതനക്കു ഒരറുതി ലഭിച്ചെങ്കിലോ എന്ന് മോഹിച്ചുകൊണ്ട് നരകവാസികള്‍ അതിന്റെ മേല്‍നോട്ടം വഹിക്കുന്ന മലക്കിനെ – മാലികിനെ – വിളിച്ച് അപേക്ഷിക്കുകയാണ്, തങ്ങള്‍ മരണപ്പെട്ടു പോകത്തക്കവണ്ണം അല്ലാഹുവില്‍നിന്നും ഒരു വിധി കിട്ടുവാന്‍ ശുപാര്‍ശ ചെയ്യണമെന്നു്. എന്നാല്‍, എനി- പരലോകത്തുവെച്ച് – മരണം ഇല്ലെന്ന കാര്യം അല്ലാഹു തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞാണ്. അതുകൊണ്ട് മാലിക്കിന്റെ മറുപടി, അതിനു നിവൃത്തിയില്ല – നിങ്ങള്‍ ശിക്ഷയില്‍ സ്ഥിരമായി കഴിഞ്ഞുകൂടേണ്ടവരാണു – എന്നായിരിക്കും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

43:79
  • أَمْ أَبْرَمُوٓا۟ أَمْرًا فَإِنَّا مُبْرِمُونَ ﴾٧٩﴿
  • അതല്ല (-ഒരുപക്ഷെ) അവര്‍ വല്ല കാര്യവും [പരിപാടിയും] ഉറപ്പിച്ചുവെച്ചിരിക്കുന്നുവോ?! എന്നാല്‍, നിശ്ചയമായും നാമും (ചിലതു) ഉറപ്പിച്ചുവെക്കുന്നവരാകുന്നു.
  • أَمْ أَبْرَمُوا അതല്ല അവര്‍ ഉറപ്പിച്ചുവെച്ചോ أَمْرًا വല്ല കാര്യവും فَإِنّا എന്നാല്‍ നാം مُبْرِمُونَ ഉറപ്പിക്കുന്നവരാണ്
43:80
  • أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ ﴾٨٠﴿
  • അതല്ലെങ്കില്‍, അവര്‍ വിചാരിക്കുന്നുണ്ടോ, അവരുടെ രഹസ്യവും, (സ്വകാര്യ) മന്ത്രവും നാം കേള്‍ക്കുന്നില്ലെന്നു?! ഇല്ലാതെ! (കേള്‍ക്കുന്നുണ്ട്). നമ്മുടെ ദൂതന്മാര്‍ അവരുടെ അടുക്കല്‍ എഴുതിക്കൊണ്ടുമിരിക്കുന്നു.
  • أَمْ يَحْسَبُونَ അതല്ല അവര്‍ വിചാരിക്കുന്നു (കണക്കാക്കുന്നു) വോ أَنَّا لَا نَسْمَعُ നാം കേള്‍ക്കയില്ലെന്നു سِرَّهُمْ അവരുടെ രഹസ്യം, സ്വകാര്യം وَنَجْوَاهُم അവരുടെ മന്ത്രവും, ഗൂഢഭാഷണവും بَلَىٰ അല്ലാതെ, ഇല്ലാതേ (ഉണ്ടു) وَرُسُلُنَا നമ്മുടെ ദൂതന്മാര്‍ لَدَيْهِمْ അവരുടെ അടുക്കല്‍ يَكْتُبُونَ എഴുതുകയും (രേഖപ്പെടുത്തുകയും) ചെയ്യുന്നു

സത്യപ്രബോധനത്തെ പരാജയപ്പെടുത്തുവാനുള്ള വല്ല പരിപാടിയോ കുതന്ത്രമോ നടത്തുവാന്‍ അവര്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതവര്‍ക്കു നല്ലതിനല്ല; അവരുടെമേല്‍ തക്ക നടപടി എടുക്കുവാനുള്ള പരിപാടി അല്ലാഹുവും എടുക്കും; അല്ലാഹുവിന്റെ നടപടി വിജയിക്കാതിരിക്കയില്ല. രഹസ്യമായി വല്ലതും നടത്തിക്കളയാമെന്ന ധാരണയും വേണ്ട. അവരുടെ ഏതു രഹസ്യവും അല്ലാഹു അറിയാത്തതായിട്ടില്ല. മാത്രമല്ല, അവരുടെ ചെയ്തികളെല്ലാം രേഖപ്പെടുത്തുവാന്‍ ഏല്‍പിക്കപ്പെട്ട മലക്കുകള്‍ അവരുടെ ഓരോ ചെയ്തിയും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുമുണ്ട് എന്നു സാരം.

43:81
  • قُلْ إِن كَانَ لِلرَّحْمَٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَٰبِدِينَ ﴾٨١﴿
  • (നബിയേ) പറയുക: 'പരമകാരുണികന് വല്ല സന്താനവും ഉണ്ടെന്നു വരികില്‍, ഞാന്‍ (അതിന്റെ) ആരാധകന്മാരില്‍ ഒന്നാമത്തേവനായിരിക്കും.'
  • قُلْ പറയുക إِن كَانَ ഉണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ لِلرَّحْمَـٰنِ റഹ്മാന്നു وَلَدٌ വല്ല സന്താനവും, മക്കളും فَأَنَا എന്നാല്‍ ഞാന്‍ أَوَّلُ الْعَابِدِينَ ആരാധിക്കുന്നവരില്‍ ഒന്നാമാത്തേവനായിരിക്കും
43:82
  • سُبْحَٰنَ رَبِّ ٱلسَّمَٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾٨٢﴿
  • ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബ് - അതായത്, 'അര്‍ശി'ന്റെ [സിംഹാസനത്തിന്റെ] റബ്ബ് - അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു എത്രയോ പരിശുദ്ധന്‍!
  • سُبْحَٰنَ മഹാ പരിശുദ്ധന്‍, പരിശുദ്ധപ്പെടുത്തുന്നു رَبِّ ٱلسَّمَٰوَٰتِ ആകാശങ്ങളുടെ റബ്ബ്, റബ്ബിനെ وَٱلْأَرْضِ ഭൂമിയുടെയും رَبِّ ٱلْعَرْشِ അര്‍ശിന്റെ റബ്ബ് عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിക്കുന്ന (വിവരിക്കുന്നതില്‍ നിന്നു)

മക്കളെ സ്വീകരിക്കുക, മക്കള്‍ ജനിക്കുക എന്നിങ്ങിനെ സൃഷ്ടികളുടേതായ സകലഗുണവിശേഷങ്ങളില്‍നിന്നും പരിശുദ്ധനാണവന്‍. അതൊന്നും പരമോന്നതനായ അവന്റെ മഹത്വത്തിനു യോജിച്ചതല്ല.

43:83
  • فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ ﴾٨٣﴿
  • ആകയാല്‍ അവരെ വിട്ടേക്കുക; അവരോടു താക്കീതു ചെയ്യപ്പെട്ടുവരുന്ന അവരുടെ (ആ) ദിവസവുമായി കണ്ടുമുട്ടുന്നതുവരേക്കും അവര്‍ (തോന്നിയവാസത്തില്‍) മുഴുകിയും, കളിച്ചുംകൊണ്ടിരിക്കട്ടെ!
  • فَذَرْهُمْ ആകയാല്‍ (എന്നാല്‍) അവരെ വിട്ടേക്കുക يَخُوضُوا അവര്‍ മുഴുകട്ടെ, മുഴുകുമാറു وَيَلْعَبُوا വിളയാടുകയും, കളിക്കുകയും حَتَّىٰ يُلَاقُوا അവര്‍ കണ്ടെത്തുന്നതുവരെ يَوْمَهُمُ അവരുടെ ദിവസം الَّذِي يُوعَدُونَ അവരോടു വാഗ്ദത്തം (താക്കീതു) ചെയ്യപ്പെടുന്ന
43:84
  • وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَٰهٌ وَفِى ٱلْأَرْضِ إِلَٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ ﴾٨٤﴿
  • അവനത്രെ, ആകാശത്തില്‍ ആരാധ്യനും, ഭൂമിയില്‍ ആരാധ്യനുമായുള്ളവന്‍. അവന്‍തന്നെയാണ്, അഗാധജ്ഞനും, സര്‍വ്വജ്ഞനും.
  • وَهُوَ الَّذِي അവന്‍ യാതൊരുവനാണ് فِي السَّمَاءِ إِلَـٰهٌ ആകാശത്തില്‍ ആരാധ്യനായ (ദൈവമായ) وَفِي الْأَرْضِ إِلَـٰهٌ ഭൂമിയിലും ആരാധ്യനായ وَهُوَ الْحَكِيمُ അവന്‍തന്നെ അഗാധജ്ഞന്‍ الْعَلِيمُ സര്‍വ്വജ്ഞന്‍
43:85
  • وَتَبَارَكَ ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَعِندَهُۥ عِلْمُ ٱلسَّاعَةِ وَإِلَيْهِ تُرْجَعُونَ ﴾٨٥﴿
  • ആകാശങ്ങളുടെയും, ഭൂമിയുടെയും, അവക്കിടയിലുള്ളതിന്റെയും രാജാധിപത്യം യാതൊരുവന്നുള്ളതാണോ അവന്‍, വളരെ മഹത്വം (അഥവാ നന്മ) ഏറിയവനുമാകുന്നു. അവന്റെ അടുക്കലാണ് അന്ത്യസമയത്തിന്റെ അറിവുള്ളതും. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു.
  • وَتَبَارَكَ الَّذِي യാതൊരുവന്‍ മഹത്വം (മേന്മ, ഗുണം) ഏറിയവനുമാകുന്നു لَهُ അവനാണ് مُلْكُ السَّمَاوَاتِആകാശങ്ങളുടെ ആധിപത്യം وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിന്നിടയിലുള്ളതിന്റെയും وَعِندَهُ അവന്റെ അടുക്കലാണുതാനും عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَإِلَيْهِ അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
43:86
  • وَلَا يَمْلِكُ ٱلَّذِينَ يَدْعُونَ مِن دُونِهِ ٱلشَّفَٰعَةَ إِلَّا مَن شَهِدَ بِٱلْحَقِّ وَهُمْ يَعْلَمُونَ ﴾٨٦﴿
  • അവനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവര്‍ക്ക് ശുപാര്‍ശ ചെയ്‌വാന്‍ അധികാരം (അഥവാ കഴിവ്) ഉണ്ടാകുന്നതല്ല; തങ്ങള്‍ അറിഞ്ഞുകൊണ്ടു യഥാര്‍ത്ഥത്തിനു സാക്ഷ്യം വഹിച്ചതാരോ അവര്‍ക്കല്ലാതെ.
  • وَلَا يَمْلِكُ സ്വാധീനമാക്കുക (അധികാരപ്പെടുക, കഴിയുക)യില്ല الَّذِينَ يَدْعُونَ അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ الشَّفَاعَةَ ശുപാര്‍ശക്ക് إِلَّا مَن شَهِدَ സാക്ഷ്യം വഹിച്ചവരല്ലാതെ بِالْحَقِّ യഥാര്‍ത്ഥത്തിനു وَهُمْ يَعْلَمُونَ അവര്‍ അറിഞ്ഞുകൊണ്ടു

അല്ലാഹു അല്ലാത്ത ആരാധ്യന്മാര്‍ക്ക് തങ്ങളുടെ ആരാധകന്മാര്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്‌വാനോ, സ്വാധീനം ചെലുത്തുവാനോ സാധിക്കുന്നതല്ല. പക്ഷേ, തൗഹീദിനെപ്പറ്റി ബോധപൂര്‍വ്വം അറിഞ്ഞുകൊണ്ട് അതിനു സാക്ഷ്യംവഹിച്ചിരുന്ന ഈസാ നബി (عليه السلام), ഉസൈര്‍ (عليه السلام), മലക്കുകള്‍ മുതലായവര്‍ അതില്‍നിന്നു ഒഴിവാകുന്നു. തങ്ങളെ ആരാധിച്ചുവന്നിരുന്നവരുടെ ആരാധനയെക്കുറിച്ച് അവര്‍ ഒന്നും അറിയുന്നതല്ല. അതിനെ അനുകൂലിക്കുന്നവരുമല്ല അവര്‍. ഇങ്ങിനെയുള്ളവര്‍ അല്ലാഹുവിന്റെ അനുമതിപ്രകാരം സജ്ജനങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്തെന്നു വരാം

يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَرَضِيَ لَهُ قَوْلًا : سورة طه : ١٠٩

(അന്നത്തെ ദിവസം, പരമകാരുണികന്‍ യാതൊരാള്‍ക്കു അനുമതി നല്‍കുകയും, അവന്നുവേണ്ടി പറയുവാന്‍ തൃപ്തിപ്പെടുകയും ചെയ്തുവോ അങ്ങിനെയുള്ളവനല്ലാതെ ശുപാര്‍ശ ഫലം ചെയ്കയില്ല.).

 وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء : ٢٨

(അവന്‍ തൃപ്തിപ്പെട്ടുകൊടുത്തവര്‍ക്കുവേണ്ടിയല്ലാതെ അവര്‍ -മലക്കുകള്‍- ശുപാര്‍ശ ചെയ്കയില്ല.)

43:87
  • وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ ٱللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴾٨٧﴿
  • ആരാണ്, അവരെ സൃഷ്ടിച്ചതെന്നു അവരോടു നീ ചോദിച്ചെങ്കില്‍, അവര്‍ നിശ്ചയമായും പറയും: 'അല്ലാഹു' എന്ന്‌. അപ്പോള്‍, എങ്ങിനെയാണവര്‍ (സത്യത്തില്‍ നിന്നു) തെറ്റിക്കപ്പെടുന്നത്‌?!
  • وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَهُمْ അവരെ സൃഷ്ടിച്ചതാരെന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും اللَّـهُ അല്ലാഹു എന്നു فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്, എവിടെ നിന്നാണ് يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നതു

സൃഷ്ടാവു അല്ലാഹുവാണെന്നു ബോധ്യമുള്ള സ്ഥിതിക്കു അവനല്ലാത്തവരെ ആരാധ്യരായി സ്വീകരിക്കുന്നതു യുക്തിക്കും, ന്യായത്തിനും നിരക്കാത്ത ഒരപരാധമാണ്; വൈരുദ്ധ്യം നിറഞ്ഞതും ആശ്ചര്യകരവുമാണ്.

43:88
  • وَقِيلِهِۦ يَٰرَبِّ إِنَّ هَٰٓؤُلَآءِ قَوْمٌ لَّا يُؤْمِنُونَ ﴾٨٨﴿
  • അദ്ദേഹത്തിന്റെ [റസൂലിന്റെ] വാക്കിനെപ്പറ്റിയും (അല്ലാഹുവിങ്കല്‍ അറിവുണ്ട്): 'എന്റെ റബ്ബേ, ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാണ്!'
  • وَقِيلِهِ അദ്ദേഹത്തിന്റെ വാക്കും (അദ്ദേഹം പറയുന്നതും) يَا رَبِّ എന്റെ റബ്ബേ إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ قَوْمٌ لَّا يُؤْمِنُونَ വിശ്വസിക്കാത്ത ഒരു ജനതയാണ്

وَعِندَهُ عِلْمُ السَّاعَةِ (അന്ത്യസമയത്തെക്കുറിച്ചുള്ള അറിവു അല്ലാഹുവിങ്കലാണ്) എന്നു 85-ാം വചനത്തില്‍ പറഞ്ഞുവല്ലോ. അതിനോടു ചേര്‍ന്നതാണ് ഈ വചനവും. അതായതു, ജനങ്ങളെ സത്യത്തിലേക്കു വളരെയധികം ക്ഷണിച്ചിട്ടും അവരതു സ്വീകരിക്കാതിരിക്കുന്നതിനെപ്പറ്റി റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അല്ലാഹുവിനോടു സങ്കടപ്പെടുന്നതും അല്ലാഹു അറിയുന്നുണ്ടെന്നു സാരം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സാന്ത്വനപ്പെടുത്തിക്കൊണ്ടും, അതേസമയം വിശ്വസിക്കാത്തവരെ താക്കീതുചെയ്തുകൊണ്ടും അല്ലാഹു പറയുന്നു:

43:89
  • فَٱصْفَحْ عَنْهُمْ وَقُلْ سَلَٰمٌ ۚ فَسَوْفَ يَعْلَمُونَ ﴾٨٩﴿
  • എന്നാല്‍, (നബിയേ) അവരെ വിട്ട് പിരിഞ്ഞുപോരുക, (അവരോടു) പറഞ്ഞേക്കുകയും ചെയ്യുക: 'സലാം'! അവര്‍ വഴിയേ അറിഞ്ഞുകൊള്ളും!
  • فَاصْفَحْ ആകയാല്‍ തിരിഞ്ഞു (മാറി) കളയുക عَنْهُمْ അവരെവിട്ടു, അവരില്‍നിന്നു وَقُلْ പറയുകയും ചെയ്യുക سَلَامٌ സലാം എന്നു فَسَوْفَ എന്നാല്‍ പിന്നീട്, വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്

തല്‍ക്കാലം അവരില്‍നിന്നു സമാധാനപൂര്‍വ്വം സലാം പറഞ്ഞു പിരിഞ്ഞ് ക്ഷമ കൈക്കൊള്ളുക, അധികം താമസിയാതെ അവരുടെ ധിക്കാരത്തിന്റെ ഫലം അവര്‍ക്കറിയാറാകും എന്നു താല്‍പര്യം. ഈ വചനം അവതരിച്ച് അല്‍പ വര്‍ഷങ്ങള്‍ക്കകം ഈ വാഗ്ദാനം പുലര്‍ന്നുകാണുവാനുള്ള മഹാഭാഗ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ലഭിക്കുകയും ചെയ്തു. ശത്രുക്കള്‍ അമ്പേ പരാജയപ്പെടുകയും, ജനങ്ങള്‍ കൂട്ടംകൂട്ടമായി സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുകയും ചെയ്തു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ . وَسَلَامٌ عَلَى الْمُرْسَلِينَ. وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ