സൂറത്തു സുഖ്റുഫ് : 01-25
സുഖ്റുഫ് (സുവർണ്ണാലങ്കാരം)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 89 – വിഭാഗം (റുകുഅ്) 7
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- وَٱلْكِتَٰبِ ٱلْمُبِينِ ﴾٢﴿
- സ്പഷ്ടമായ (ഈ) വേദഗ്രന്ഥം തന്നെയാണ (സത്യം)!
- وَالْكِتَابِ വേദഗ്രന്ഥംതന്നെയാണ الْمُبِينِ സ്പഷ്ടമായ
- إِنَّا جَعَلْنَٰهُ قُرْءَٰنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ ﴾٣﴿
- നിശ്ചയമായും, അതിനെ നാം അറബി ഭാഷയിലുള്ള ഒരു 'ഖുര്‍ആന്‍' [പാരായണഗ്രന്ഥം] ആക്കിയിരിക്കുന്നു; നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുവാന്‍ വേണ്ടി.
- إِنَّا جَعَلْنَاهُ നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു قُرْآنًا عَرَبِيًّا അറബിയിലുള്ള ഒരു ഖുര്‍ആന്‍ لَّعَلَّكُمْ تَعْقِلُونَ നിങ്ങള്‍ ബുദ്ധികൊടുക്കുവാന്‍, ഗ്രഹിക്കുവാന്‍
- وَإِنَّهُۥ فِىٓ أُمِّ ٱلْكِتَٰبِ لَدَيْنَا لَعَلِىٌّ حَكِيمٌ ﴾٤﴿
- നിശ്ചയമായും, അതു മൂലഗ്രന്ഥത്തില്‍ - നമ്മുടെ അടുക്കല്‍ - ഉന്നതമായതും, വിജ്ഞാനദായകവും തന്നെ.
- وَإِنَّهُ നിശ്ചയമായും അതു فِي أُمِّ الْكِتَابِ മൂലഗ്രന്ഥത്തില്‍, ഗ്രന്ഥത്തിന്റെ മൂലത്തില്‍ لَدَيْنَا നമ്മുടെ അടുക്കല്‍ لَعَلِيٌّ ഉന്നതമായതുതന്നെ حَكِيمٌ വിജ്ഞാനദായകമായ, യുക്തിമത്തായത്
أُمِّ الْكِتَابِ (‘ഉമ്മുല്‍കിത്താബ്’) എന്ന വാക്കിന് ‘ഗ്രന്ഥത്തിന്റെ മാതാവ്, ‘ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ തള്ള’ എന്നു വാക്കര്‍ത്ഥം. അതായത്, ‘മൂലഗ്രന്ഥം’ അല്ലെങ്കില്‍ ‘ഗ്രന്ഥത്തിന്റെ മൗലികവശം’ എന്നു സാരം. ഇവിടെ ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഉദ്ദേശ്യം എന്താണെന്നുള്ളതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ കാണാം. 2-ാം വചനത്തില്‍ സ്പഷ്ടമായ ഗ്രന്ഥം (الْكِتَابِ الْمُبِينِ) എന്നു പറഞ്ഞതും, 3-ാം വചനത്തില്‍ അറബിഭാഷയിലുള്ള ഖുര്‍ആന്‍ (قُرْآنًا عَرَبِيًّا) എന്നു പറഞ്ഞതും വിശുദ്ധ ഖുര്‍ആനെ ഉദ്ദേശിച്ചാണെന്നു വ്യക്തമാണ്. അതേ ഖുര്‍ആനെ ചൂണ്ടിക്കാട്ടിക്കൊണ്ടു തന്നെയാണ് 4-ാം വചനത്തില്‍ ‘അതു ഉമ്മുല്‍കിത്താബില്‍ നമ്മുടെ അടുക്കല്‍ ഉന്നതമായതാണ്.'(وَإِنَّهُ فِي أُمِّ الْكِتَابِ الخ) എന്നു പ്രസ്താവിക്കുന്നത്. അപ്പോള്‍ – ചിലര്‍ വ്യാഖ്യാനിക്കുന്നതുപോലെ – ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടത്തെ ഉദ്ദേശ്യം ആ ഗ്രന്ഥത്തിന്റെ മൗലികവശമാണെന്നുവെക്കുവാന്‍ വഴി കാണുന്നില്ല. നിയമപ്രധാനങ്ങളായ ആയത്തുകളെപ്പറ്റി സൂ: ആലുഇംറാന്‍ 7ല്‍ هُنَّ أُمُّ الْكِتَابِ (അവ ഗ്രന്ഥത്തിന്റെ തള്ളയാണ് – അഥവാ ഖുര്‍ആന്റെ മൂലപ്രധാനമായ ഭാഗമാണ്) എന്നു പറഞ്ഞിരിക്കുന്നു. ഇതാണ് ഇവര്‍ ഇതിന് കൊണ്ടുവരുന്ന ന്യായം. ഈ ന്യായം ഇവിടെ യോജിക്കുന്നതല്ല. കാരണം, അപ്പോള്‍ ഖുര്‍ആന്‍ അതിന്റെ മൗലികവശങ്ങളില്‍ ഉന്നതവും, വിജ്ഞാനീയവുമാണെങ്കിലും, മറ്റുവശങ്ങളില്‍ ഉന്നതമല്ലാത്തതും, വിജ്ഞാനീയവുമല്ലാത്തതുമാണെന്നു വരുമല്ലോ. മാത്രമല്ല, താഴെ കാണുന്ന ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍, ‘ഉമ്മുല്‍കിത്താബി’നു ഇവിടെ അനുയോജ്യമായ അര്‍ത്ഥം ‘മൂലഗ്രന്ഥം’ എന്നുതന്നെയാണെന്നും, അതുകൊണ്ടുള്ള വിവക്ഷ ഖുര്‍ആനല്ലാത്ത മറ്റൊന്നാണെന്നും മനസ്സിലാക്കാവുന്നതാണ്:-
സൂറത്തുല്‍ വാഖിഅഃയില്‍ അല്ലാഹു പറയുന്നു:
إِنَّهُ لَقُرْآنٌ كَرِيمٌ ﴿٧٧﴾ فِي كِتَابٍ مَّكْنُونٍ ﴿٧٨﴾ لَّا يَمَسُّهُ إِلَّا الْمُطَهَّرُونَ ﴿٧٩﴾ – سورة الواقعة 77 -79
(നിശ്ചയമായും അതു ആദരണീയമായ ഒരു ഖുര്‍ആനാകുന്നു: ഭദ്രമായി മറച്ചുവെക്കപ്പെട്ട ഒരു ഗ്രന്ഥത്തിലാണ് അതുള്ളത്. പരിശുദ്ധരാക്കപ്പെട്ടവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല.). സൂറത്തുല്‍ ബുറൂജില്‍ ഇങ്ങിനെ പറയുന്നു:
(بَلْ هُوَ قُرْآنٌ مَّجِيدٌ .فِي لَوْحٍ مَّحْفُوظٍ – سورة البروج)
(പക്ഷേ, അതു മഹത്വമേറിയ ഒരു ഖുര്‍ആനാണ്: സൂക്ഷിക്കപ്പെട്ട ഒരു ഫലകത്തിലാണുള്ളത്.) സൂ: റഅ്ദില്‍ ഇപ്രകാരം പറയുന്നു:
(يَمْحُو اللَّـهُ مَا يَشَاءُ وَيُثْبِتُ ۖ وَعِندَهُ أُمُّ الْكِتَابِ – ٣٩ : سورة الرعد)
അല്ലാഹു ഉദ്ദേശിക്കുന്നത് അവന്‍ മായിക്കുകയും, സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മൂലഗ്രന്ഥം അവന്റെ പക്കലുണ്ടുതാനും.). ഈ വചനങ്ങളുടെ വെളിച്ചത്തില്‍, ‘ഉമ്മുല്‍കിത്താബ്’ കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എല്ലാ കാര്യങ്ങളുടെയും മൂലരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂള്വ് (സൂക്ഷിക്കപ്പെട്ട ഫലകം) ആണെന്നും, അല്ലാഹുവിന്റെ അനാദിയായ അറിവ് (علم الله الأزلي) ആണെന്നും ഇങ്ങിനെ രണ്ടു അഭിപ്രായങ്ങളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. الله اعلم
ഏതായാലും സയ്യിദ് ഖുത്ത്ബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഈ രണ്ടിനെയും – ‘ലൌഹുല്‍ മഹ്ഫൂള്വി’നെയും, അല്ലാഹുവിന്റെ അനാദിയായ അറിവുകളാകുന്ന രേഖാഗ്രന്ഥത്തെയും – സംബന്ധിച്ചു അക്ഷരാര്‍ത്ഥത്തില്‍ ശരിയായിക്കൊണ്ടുള്ള ഒരു നിര്‍വ്വചനമോ, വിവരണമോ നല്‍കുവാന്‍ സാധ്യമല്ല. പക്ഷേ, ഒരു യാഥാര്‍ത്ഥ്യം – അതാണിവിടെ മര്‍മ്മപ്രധാനമായതും – നമുക്കു ഈ വചനത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. ഖുര്‍ആന്റെ മഹത്വവും, അതിനു അല്ലാഹുവിങ്കലുള്ള ഉന്നതസ്ഥാനവുമാണത് ഉണര്‍ത്തുന്നത്. അതെ, ആ ഗ്രന്ഥം ഏതുനിലക്കും വളരെ ഉന്നതസ്ഥാനം അര്‍ഹിക്കുന്ന ഒരു ഗ്രന്ഥമാണ്.
- أَفَنَضْرِبُ عَنكُمُ ٱلذِّكْرَ صَفْحًا أَن كُنتُمْ قَوْمًا مُّسْرِفِينَ ﴾٥﴿
- എന്നിരിക്കെ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയായതിനാല്‍ നിങ്ങളില്‍നിന്ന് (ഈ) ഉല്‍ബോധനത്തെ നാം അവഗണിച്ച് തിരിച്ചു കളയുകയോ?!
- أَفَنَضْرِبُ എന്നിരിക്കെ നാം തിരിച്ചു (തട്ടി) വിടുമോ عَنكُمُ നിങ്ങളില്‍നിന്നു الذِّكْرَ ഉല്‍ബോധനത്തെ صَفْحًا പുറംതിരിച്ചു (അവഗണിച്ചു) കൊണ്ടു أَن كُنتُمْ നിങ്ങളായതിനാല്‍ قَوْمًا مُّسْرِفِينَ അതിരു കവിഞ്ഞ ഒരു ജനത
അതു സംഭവിക്കാന്‍ പോകുന്നില്ല. ഒരു കൂട്ടര്‍ അതിരുകവിഞ്ഞ നിഷേധികളാണെങ്കില്‍, വേറൊരു കൂട്ടര്‍ അതു സ്വീകരിക്കുന്നവരും ഉണ്ടായിരിക്കും.
إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴿٨٧﴾ وَلَتَعْلَمُنَّ نَبَأَهُۥ بَعْدَ حِينٍۭ ﴿٨٨﴾ : سورة ص
അതു ലോകര്‍ക്കു വേണ്ടിയുള്ള ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ വൃത്താന്തം കുറച്ചുകാലത്തിനുശേഷം നിശ്ചയമായും നിങ്ങള്‍ക്കറിയാറാകും.)
- وَكَمْ أَرْسَلْنَا مِن نَّبِىٍّ فِى ٱلْأَوَّلِينَ ﴾٦﴿
- പ്രവാചകരായി എത്രയോ ആളുകളെ പൂര്‍വ്വികന്മാരില്‍ നാം അയച്ചിരിക്കുന്നു.
- وَكَمْ أَرْسَلْنَا നാം എത്ര(യോ) അയച്ചിരിക്കുന്നു مِن نَّبِيٍّ പ്രവാചകരില്‍നിന്നു فِي الْأَوَّلِينَ പൂര്‍വ്വികന്മാരില്‍
- وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٧﴿
- ഏതൊരു പ്രവാചകനും അവരുടെ അടുക്കല്‍ ചെല്ലുന്നതായാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കുന്നവരാകാതിരുന്നിട്ടുമില്ല.
- وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن نَّبِيٍّ ഒരു പ്രവാചകനും إِلَّا كَانُوا അവര്‍ ആകാതെ بِهِ يَسْتَهْزِئُونَ അദ്ദേഹത്തെക്കുറിച്ചു പരിഹസിക്കും
- فَأَهْلَكْنَآ أَشَدَّ مِنْهُم بَطْشًا وَمَضَىٰ مَثَلُ ٱلْأَوَّلِينَ ﴾٨﴿
- അങ്ങനെ, ഇവരേക്കാള്‍ കയ്യൂക്കില്‍ ശക്തന്മാരായവരെ നാം നശിപ്പിച്ചിരിക്കുന്നു. പൂര്‍വ്വികന്മാരുടെ ഉപമകള്‍ (മുമ്പ്) കഴിഞ്ഞു പോകുകയും ചെയ്തിരിക്കുന്നു.
- فَأَهْلَكْنَا അങ്ങനെ, നാം നശിപ്പിച്ചു أَشَدَّ مِنْهُم ഇവരെക്കാള്‍ ശക്തന്മാരെ, കഠിനന്മാരെ بَطْشًا കയ്യൂക്കില്‍, ഊക്കുകൊണ്ടു وَمَضَىٰ കഴിഞ്ഞുപോകുകയും ചെയ്തിരിക്കുന്നു مَثَلُ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ ഉപമ
- وَلَئِن سَأَلْتَهُم مَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ لَيَقُولُنَّ خَلَقَهُنَّ ٱلْعَزِيزُ ٱلْعَلِيمُ ﴾٩﴿
- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതു ആരാണ് എന്നു നീ അവരോടു ചോദിച്ചുവെങ്കില്‍, നിശ്ചയമായും അവര്‍ പറയും: 'സര്‍വ്വജ്ഞനായ പ്രതാപശാലിയായുള്ളവന്‍ അവയെ സൃഷ്ടിച്ചിരിക്കുന്നു' എന്ന്.
- وَلَئِن سَأَلْتَهُم നീ അവരോടു ചോദിച്ചുവെങ്കില്‍ مَّنْ خَلَقَ ആര്‍ സൃഷ്ടിച്ചുവെന്നു السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും خَلَقَهُنَّ അവയെ സൃഷ്ടിച്ചു الْعَزِيزُ പ്രതാപശാലി الْعَلِيم സര്‍വ്വജ്ഞനായ
ലോകസൃഷ്ടാവും, നിയന്താവും അല്ലാഹുതന്നെയാണെന്നു മുശ്രിക്കുകള്‍ സമ്മതിക്കും. അതേ സമത്തു ആരാധനയില്‍ അവനു പുറമെയുള്ളവരെ അവനോടു പങ്കുചേര്‍ക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടികള്‍ തൃത്വം സമ്മതിക്കുന്ന അടിസ്ഥാനത്തില്‍, അവര്‍ക്കു നിത്യം കണ്ടറിയാവുന്ന ചില അനുഗ്രഹങ്ങളെയും, ദൃഷ്ടാന്തങ്ങളെയും അവരെ ഓര്‍മ്മിപ്പിക്കുന്നു:-
- ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ مَهْدًا وَجَعَلَ لَكُمْ فِيهَا سُبُلًا لَّعَلَّكُمْ تَهْتَدُونَ ﴾١٠﴿
- (അതെ) നിങ്ങള്‍ക്കു ഭൂമിയെ ഒരു തൊട്ടില്‍ (അഥവാ വിരുപ്പ്) ആക്കിയവനാകുന്നു (അവന്‍); നിങ്ങള്‍ക്കു (ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്കു) വഴിചേരുവാന്‍വേണ്ടി അതില്‍ പല മാര്‍ഗ്ഗങ്ങളെയും അവന്‍ ഉണ്ടാക്കിയിരിക്കുന്നു.
- الَّذِي യാതൊരുവനാണ് جَعَلَ لَكُمُ നിങ്ങള്‍ക്കവന്‍ ആക്കി الْأَرْضَ ഭൂമിയെ مَهْدًا ഒരു തൊട്ടില്‍, വിരുപ്പു, വിതാനം وَجَعَلَ لَكُمْ നിങ്ങള്‍ക്കവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു فِيهَا سُبُلًا അതില്‍ മാര്‍ഗ്ഗങ്ങളെ, لَّعَلَّكُمْ تَهْتَدُونَ നിങ്ങള്‍ വഴിചേരുവാന്‍ (ചെന്നെത്തുവാന്‍) വേണ്ടി
- وَٱلَّذِى نَزَّلَ مِنَ ٱلسَّمَآءِ مَآءًۢ بِقَدَرٍ فَأَنشَرْنَا بِهِۦ بَلْدَةً مَّيْتًا ۚ كَذَٰلِكَ تُخْرَجُونَ ﴾١١﴿
- ആകാശത്തുനിന്ന് ഒരു തോത് [ക്ലിപ്തം] അനുസരിച്ച് വെള്ളം ഇറക്കിത്തന്നവനുമാകുന്നു (അവന്‍). എന്നിട്ട് അതുമൂലം നാം [അല്ലാഹു] നിര്‍ജ്ജീവമായ വല്ല രാജ്യത്തെയും പുനര്‍ജ്ജീവിപ്പിക്കുന്നു. അതുപോലെ, (മരണാനന്തരം) നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുന്നതാണ്.
- وَالَّذِي نَزَّلَ ഇറക്കിയവനുമാണ് مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം بِقَدَرٍ ഒരു തോതു (അളവുംകണക്കു, ക്ളിപ്തം) അനുസരിച്ചു فَأَنشَرْنَا بِهِ എന്നിട്ടു നാം അതുമൂലം പുനര്‍ജീവിപ്പിച്ചു, ഉദ്ധരിച്ചു بَلْدَةً مَّيْتًا ചത്ത (നിര്‍ജ്ജീവമായ) രാജ്യം كَذَٰلِكَ അപ്രകാരം تُخْرَجُونَ നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടും
എല്ലാതരം യാത്രമാര്‍ഗ്ഗങ്ങളും سُبُلًا (മാര്‍ഗ്ഗങ്ങള്‍) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. സൃഷ്ടികളുടെ ആവശ്യങ്ങള്‍ക്കും, അല്ലാഹു ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ക്കും യോജിച്ച നിലയില്‍ എന്നത്രെ بِقَدَرٍ (ഒരു തോതനുസരിച്ച്) എന്ന വാക്കു കാണിക്കുന്നത്. യാത്രാമാര്‍ഗ്ഗങ്ങളെപ്പറ്റി ഓര്‍മ്മിപ്പിച്ചശേഷം യാത്രക്കുള്ള വാഹനങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു:-
- وَٱلَّذِى خَلَقَ ٱلْأَزْوَٰجَ كُلَّهَا وَجَعَلَ لَكُم مِّنَ ٱلْفُلْكِ وَٱلْأَنْعَٰمِ مَا تَرْكَبُونَ ﴾١٢﴿
- എല്ലാ ഇണവസ്തുക്കളെയും സൃഷ്ടിച്ചവനുമാണ് (അവന്‍). കപ്പലുകളായും, കാലിമൃഗങ്ങളായും നിങ്ങള്‍ക്കു സവാരി ചെയ്‌വാനുള്ളതു അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു;
- وَالَّذِي خَلَقَ സൃഷ്ടിച്ചവനുമാണ് الْأَزْوَاجَ ഇണകളെ كُلَّهَا അവയെല്ലാം وَجَعَلَ لَكُم നിങ്ങള്‍ക്കു ആക്കി (ഉണ്ടാക്കി)ത്തരുകയും ചെയ്തു مِّنَ الْفُلْكِ കപ്പലുകളില്‍നിന്നും وَالْأَنْعَامِ കാലികളില്‍ നിന്നും مَا تَرْكَبُونَ നിങ്ങള്‍ സവാരി ചെയ്യുന്നതു (വാഹനം)
- لِتَسْتَوُۥا۟ عَلَىٰ ظُهُورِهِۦ ثُمَّ تَذْكُرُوا۟ نِعْمَةَ رَبِّكُمْ إِذَا ٱسْتَوَيْتُمْ عَلَيْهِ وَتَقُولُوا۟ سُبْحَٰنَ ٱلَّذِى سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُۥ مُقْرِنِينَ ﴾١٣﴿
- നിങ്ങള്‍ക്കു അതിന്റെ (പുറത്തുകയറിയിരുന്നു) ശരിയാകുവാനും, പിന്നെ, അതിന്മേല്‍ കയറി ശരിയായാല്‍ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുവാനും വേണ്ടി; നിങ്ങള്‍ (ഇങ്ങിനെ) പറയുവാനും: 'ഞങ്ങള്‍ക്കു ഇതിനെ കീഴ്പെടുത്തിത്തന്നവന്‍ മഹാപരിശുദ്ധന്‍! ഞങ്ങള്‍ (സ്വന്തം നിലക്കു) ഇതിനെ ഇണക്കുവാന്‍ കഴിയുന്നവരായിരുന്നില്ല;
- لِتَسْتَوُوا നിങ്ങള്‍ കയറി ശരിപ്പെടുവാന്‍, ആരോഹണം ചെയ്‌വാന്‍ عَلَىٰ ظُهُورِهِ അതിന്റെ പുറത്തു ثُمَّ تَذْكُرُوا പിന്നെ നിങ്ങള്‍ ഓര്‍ക്കുവാനും نِعْمَةَ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹം إِذَا اسْتَوَيْتُمْ നിങ്ങള്‍ കയറി ശരിപ്പെട്ടാല്‍ عَلَيْهِ അതിന്മേല്‍ وَتَقُولُوا നിങ്ങള്‍ പറയുവാനും سُبْحَانَ الَّذِي യാതൊരുവന്‍ മഹാ പരിശുദ്ധന്‍, യാതൊരുവനെ പ്രകീര്‍ത്തനം ചെയ്യുന്നു سَخَّرَ لَنَا ഞങ്ങള്‍ക്കു കീഴ്പെടുത്തി (വിധേയമാക്കി)ത്തന്ന هَـٰذَا ഇതിനെ وَمَا كُنَّا ഞങ്ങളാകുമായിരുന്നില്ല, ഞങ്ങളല്ല لَهُ ഇതിനെ مُقْرِنِينَ ഇണക്കുന്നവര്‍ (പാകപ്പെടുത്തുന്നവര്‍)
- وَإِنَّآ إِلَىٰ رَبِّنَا لَمُنقَلِبُونَ ﴾١٤﴿
- 'നിശ്ചയമായും ഞങ്ങള്‍, ഞങ്ങളുടെ റബ്ബിങ്കലേക്കു തിരിച്ചെത്തുന്നവരുമാണ്.'
- وَإِنَّا നിശ്ചയമായും ഞങ്ങള്‍ إِلَىٰ رَبِّنَا ഞങ്ങളുടെ റബ്ബിങ്കലേക്കു لَمُنقَلِبُونَ തിരിച്ചെത്തുന്നവര്‍ തന്നെയാണ്
വാഹനപ്പുറത്തു കയറിയിരുന്നു ശരിപ്പെടുമ്പോള്‍ -വാഹനം ഏതായാലും ശരി- അല്ലാഹു തങ്ങള്‍ക്കുചെയ്തു തന്ന അനുഗ്രഹമാണ് അതെന്നും, അവന്റെ സഹായമില്ലെങ്കില്‍ അതിനെ തങ്ങളുടെ ഹിതംപോലെ ഉപയോഗപ്പെടുത്തുമാറാക്കുവാന്‍ സാധിക്കുമായിരുന്നില്ലെന്നും ഓര്‍മ്മിക്കേണ്ടതുണ്ട്. നാവുകൊണ്ട് അതു സമ്മതിച്ചു പറയുകയും അതിനു നന്ദികാണിക്കുകയും വേണം. പറയേണ്ടുന്ന വാചകം അല്ലാഹുതന്നെ നമ്മുക്കു പഠിപ്പിച്ചുതരുന്നു: (سُبْحَانَ الَّذِي എന്നു തുടങ്ങി لَمُنقَلِبُونَ എന്നതുവരെ). വാഹനത്തില്‍ കയറി സവാരിചെയ്യുന്ന ഓരോരുവനും അല്ലാഹു പഠിപ്പിച്ചുതന്ന ഈ തസ്ബീഹു ചൊല്ലേണ്ടാതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാത്ര പുറപ്പെട്ടു ഒട്ടകപ്പുറത്തുകയറിയിരുന്നു കഴിഞ്ഞാല്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, പിന്നീടു ആയത്തില്‍കണ്ട പ്രസ്തുത വാചകങ്ങള്‍ ചൊല്ലുകയും ചെയ്തിരുന്നുവെന്ന് ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചിരിക്കുന്നു. (അ; മു; തി; ദാ.) ഇതേ ഹദീസില്‍തന്നെ ഇപ്രകാരംകൂടി കാണാം: ‘പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയും:
اللَّهُمَّ إِنَّي اَسْأَلُكَ فِي سَفَرِي هَذَا الْبِرَّ وَالتَّقْوَى وَمِنَ الْعَمَلِ مَا تَرْضَى اللَّهُمَّ هَوِّنْ عَلَيْنَا السَّفَرَ وَاطْوِ لَنَا اَلْبَعِيد. اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ وَالْخَلِيفَةُ فِي الْأَهْلِ اللَّهُمَّ اصْحَبْنا فِي سَفَرِنَا وَاخْلفْنا فِي اهْلِنا
(സാരം: അല്ലാഹുവേ, എന്റെ ഈ യാത്രയില്‍ പുണ്യവും ഭയഭക്തിയും നല്‍കണമെന്നും, നീ തൃപ്തിപ്പെടുന്ന പ്രവൃത്തി ചെയ്‌വാന്‍ സാധിപ്പിക്കണമെന്നും ഞാന്‍ നിന്നോടു ചോദിക്കുന്നു. അല്ലാഹുവേ, ഞങ്ങള്‍ക്കു നീ യാത്ര ലഘുവാക്കിത്തരുകയും, ദൂരപ്പെട്ട- ദീര്‍ഘമായ-തിനെ ചുരുക്കിത്തരുകയും വേണമെ! അല്ലാഹുവേ, യാത്രയിലെ കൂട്ടുകാരനും, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ, അല്ലാഹുവേ, ഞങ്ങളുടെ യാത്രയില്‍ നീ ഞങ്ങളെ തുണക്കുകയും, ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യേണമേ!) കുടുംബത്തിലേക്കു മടങ്ങിവരുമ്പോള്‍ അവിടുന്നു ഇപ്രകാരം പറയും:
آيبُونَ تَائِبُونَ اِن شَاء الله عَابِدُونَ لِرَبِّنَا حَامِدُونَ
(സാരം: ഞങ്ങള്‍ മടങ്ങിവരുന്നു; അല്ലാഹു ഉദ്ദേശിച്ചാല്‍, പശ്ചാത്തപിച്ചു മടങ്ങുന്നവരുമാണ്. ഞങ്ങളുടെ റബ്ബിനെ ആരാധിക്കുന്നവരും, സ്തുതിക്കുന്നവരുമാണ്).
അല്ലാഹുവാണ് ലോകസൃഷ്ടാവു എന്നു സമ്മതിക്കുകയും, അതോടൊപ്പം മലക്കുകള്‍ അവന്റെ പെണ്‍മക്കളാണെന്നു വാദിക്കുകയും ചെയ്യുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-
- وَجَعَلُوا۟ لَهُۥ مِنْ عِبَادِهِۦ جُزْءًا ۚ إِنَّ ٱلْإِنسَٰنَ لَكَفُورٌ مُّبِينٌ ﴾١٥﴿
- അവന്റെ അടിയാന്മാരില്‍നിന്നു അവര്‍ അവനു അംശം [മക്കള്‍] ഉണ്ടാക്കിവെച്ചിരിക്കുന്നു. നിശ്ചയമായും, മനുഷ്യന്‍ വ്യക്തമായ നന്ദികെട്ടവന്‍ തന്നെ!
- وَجَعَلُوا لَهُ അവനു അവര്‍ ആക്കി, ഏര്‍പ്പെടുത്തി مِنْ عِبَادِهِ അവന്റെ അടിയാന്മാരില്‍നിന്നു جُزْءًا അംശം, ഭാഗം إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَكَفُورٌ നന്ദികെട്ടവന്‍തന്നെ مُّبِينٌ പ്രത്യക്ഷനായ, വ്യക്തമായ
വിഭാഗം - 2
- أَمِ ٱتَّخَذَ مِمَّا يَخْلُقُ بَنَاتٍ وَأَصْفَىٰكُم بِٱلْبَنِينَ ﴾١٦﴿
- അതല്ലാ - അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു അവന്‍ പെണ്‍മക്കളെ സ്വീകരിക്കുകയും, ആണ്‍മക്കളെ നിങ്ങള്‍ക്കു പ്രത്യേകമാ(ക്കി നിശ്ചയി)ക്കുകയും ചെയ്തിരിക്കുകയാണോ?!
- أَمِ اتَّخَذَ അതല്ല(ഒരുപക്ഷെ) അവന്‍ ഉണ്ടാക്കിയോ, സ്വീകരിച്ചോ مِمَّا يَخْلُقُ അവന്‍ സൃഷ്ടിക്കുന്നതില്‍നിന്നു بَنَاتٍ പെണ്‍മക്കളെ, പുത്രിമാരെ وَأَصْفَاكُم നിങ്ങളെ (നിങ്ങള്‍ക്കു) പ്രത്യേകമാക്കുക (തിരഞ്ഞെടുക്കുക)യും ചെയ്തു(വോ) بِالْبَنِينَ ആണ്‍മക്കളെക്കൊണ്ടു, പുത്രന്മാരെ
സ്വന്തം ശരീരത്തിന്റെ അംശംപോലെ – അല്ല, അംശംതന്നെ-യാണല്ലോ മക്കള്‍. അതുകൊണ്ടാണ് മക്കളെ ഉദ്ദേശിച്ച് ‘അംശം’ (جُزْء) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിനു മക്കളുണ്ടെന്നു പറഞ്ഞതു ഒരു അപരാധം; അവന്റെ സൃഷ്ടികളാകുന്ന മലക്കുകളെ അവന്റെ മക്കളാക്കിയതു മറ്റൊരപരാധം; ആ മക്കള്‍ പെണ്‍മക്കളാണെന്ന ജല്‍പനം മൂന്നാമതൊരപരാധം. ഇവരുടെ വാദം കണ്ടാല്‍ തോന്നും, ആണ്‍മക്കളെ അവര്‍ക്കുമാത്രമാക്കി നീക്കിവെച്ചിരിക്കുകയും, പെണ്‍മക്കളെ അല്ലാഹു സ്വീകരിച്ചിരിക്കുകയുമാണെന്ന്! അതേസമയത്തു അവരുടെ നില എന്താണെന്നു നോക്കുക:
- وَإِذَا بُشِّرَ أَحَدُهُم بِمَا ضَرَبَ لِلرَّحْمَٰنِ مَثَلًا ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴾١٧﴿
- താന്‍ പരമകാരുണികനു യാതൊന്നിനെ തുല്യമാക്കിയോ അതിനെ [പെണ്‍സന്താനത്തെ]പ്പറ്റി അവരില്‍ ഒരാള്‍ക്കുസന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍, അവന്‍ കോപം നിറഞ്ഞവനായുംകൊണ്ടു അവന്റെ മുഖം കറുത്തിരുണ്ടതായിത്തീരുന്നതാണ്.
- وَإِذَا بُشِّرَ സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ أَحَدُهُم അവരില്‍ ഒരാള്‍ക്കു بِمَا ضَرَبَ അവന്‍ ആക്കിയ ഒന്നിനെപ്പറ്റി لِلرَّحْمَـٰنِ പരമകാരുണികനു مَثَلًا ഉപമ, തുല്യമായതു ظَلَّ وَجْهُهُ അവന്റെ മുഖം ആയിത്തീരും مُسْوَدًّا കറുത്തതായി وَهُوَ അവന്‍ كَظِيمٌ കോപം നിറഞ്ഞവനും (കുപിതനും) ആയിരിക്കും
അല്ലാഹുവിനു മക്കളുണ്ടെന്നും; അതു പെണ്‍മക്കളാണെന്നും ജല്‍പിക്കുന്ന അവരില്‍ ഒരാള്‍ക്കു, അവന്‍ അല്ലാഹുവിനുള്ളതായി ജല്‍പിച്ച അതേ ഇനത്തില്‍പെട്ട ഒന്നു – ഒരു പെണ്‍കുട്ടി – ജനിച്ചിരിക്കുന്നുവെന്നു ആരെങ്കിലും വിവരം അറിയിക്കുകയേവേണ്ടു, അപ്പോഴേക്കും അവന്‍ കുപിതനാകും. അവന്റെ മുഖം കറുത്തിരുളുകയും ചെയ്യും. പെണ്‍മക്കള്‍ ജനിച്ചാലുടനെ ജീവനോടെ അവര്‍ കുഴിച്ചുമൂടിയിരുന്നതും പ്രസിദ്ധമാകുന്നു. ഇതിനെപ്പറ്റി ഖുര്‍ആനില്‍ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. സന്താനങ്ങള്‍ മാതാപിതാക്കളുടെ വര്‍ഗ്ഗത്തില്‍ പെട്ടവരായിരിക്കണമല്ലോ. അതുകൊണ്ടാണ് ‘പരമകാരുണികനു (അല്ലാഹുവിനു) തുല്യമാക്കിയത്’ എന്നു മക്കളെപ്പറ്റി പറഞ്ഞത്. അല്ലാഹു ചോദിക്കുന്നു:
- أَوَمَن يُنَشَّؤُا۟ فِى ٱلْحِلْيَةِ وَهُوَ فِى ٱلْخِصَامِ غَيْرُ مُبِينٍ ﴾١٨﴿
- ആഭരണാലങ്കാരത്തിലായി വളര്‍ത്തപ്പെടുന്ന ഒരാളെയാണോ, അയാളാകട്ടെ, വാഗ്വാദത്തില്‍ (ന്യായം) വ്യകതമാക്കാ(ന്‍ കഴിയാ)ത്ത ആളുമാകുന്നു?! [ഇങ്ങിനെയുള്ളവരെയാണോ നിങ്ങള്‍ അല്ലാഹുവിന്റെ മക്കളാണെന്നു വാദിക്കുന്നത്?!].
- أَوَمَن യാതൊരുവനോ (ഒരാളോ) يُنَشَّأُ വളര്‍ത്തപ്പെടുന്ന فِي الْحِلْيَةِ ആഭരണത്തില്‍, അലങ്കാരത്തിലായി وَهُوَ അവനാകട്ടെ فِي الْخِصَامِ വിവാദത്തില്‍, വാഗ്വാദത്തില്‍ غَيْرُ مُبِينٍ വ്യക്തമാക്കാത്തവനുമാണ്
അല്ലാഹുവിനു പെണ്‍മക്കളുണ്ടെന്ന വാദത്തിലടങ്ങിയ മറ്റൊരു തെറ്റു ആശ്ചര്യപൂര്‍വ്വം ചൂണ്ടിക്കാട്ടുകയാണ്. പെണ്മക്കളെ ചെറുപ്പം മുതല്‍ക്കേ വളര്‍ത്തുന്നതു ആഭരണാധി അലങ്കാരങ്ങള്‍ അണിയിച്ചുകൊണ്ടാണല്ലോ. വലുപ്പത്തിലും അതു തുടരുന്നു. ഇതു അവരുടെ പ്രകൃത്യാ ഉള്ള എന്തോ ഒരു പോരായ്മ നികത്തുവാനാണ്. നേരെമറിച്ച് ആണ്‍സന്താനങ്ങളുടെ സൗന്ദര്യത്തിനോ മറ്റോ ഇത്യാദി മാറ്റുകൂട്ടലൊന്നും ആവശ്യമായി വരുന്നില്ല. ഒരു കവി പാടുന്നു:
وَمَا الحِلْيُ إِلَّا زِينَةٌ مِنْ نَقِيصَةٍ *** يُتَمِّمُ مِنْ حُسْنٍ إِذَا الحُسْنُ قَصَّرَا
وَأَمَّا إِذَا كَانَ الجَمَالُ مُوَفَّرًا *** كَحُسْنِكَ لَمْ يَحْتَجْ إِلَى أَنْ يُزَوَّرَا
‘ആഭരണങ്ങള്‍, ഒരു പോരായ്മനിമിത്തം ഉണ്ടാക്കുന്ന അലങ്കാരമെന്നല്ലാതെ മറ്റൊന്നുമല്ല. ഭംഗി കുറവായിരിക്കുമ്പോള്‍ അതു ഭംഗി പൂര്‍ത്തിയാക്കുന്നു. എന്നാല്‍, തങ്ങളെപ്പോലെ, പരിപൂര്‍ണ്ണമായ സൗന്ദര്യമാണുള്ളതെങ്കില്‍, അതു കൃത്രിമമായി ഉണ്ടാക്കപ്പെടേണ്ടതില്ല’, എന്നു സാരം.
അതുപോലെത്തന്നെ, വല്ല കാര്യത്തിലും ന്യായവാദം നടത്തുമ്പോള്‍, പുരുഷന്മാരെപ്പോലെ കാര്യങ്ങള്‍ സമര്‍ത്ഥിക്കുവാനും, ന്യായം അവതരിപ്പിക്കുവാനുമുള്ള കഴിവും സ്ത്രീകള്‍ക്കില്ല. ഇതു അവരുടെ ബുദ്ധിപരമായ പോരായ്മയും കാണിക്കുന്നു. എന്നിരിക്കെ, അല്ലാഹുവിന് മക്കളുണ്ടെന്ന് കെട്ടിപ്പറയുകയും, അതോടുകൂടി തങ്ങള്‍ക്കിഷ്ടപ്പെട്ട ഉയര്‍ന്ന വിഭാഗത്തെ – ആണ്‍മക്കളെ – തങ്ങള്‍ക്കും, തങ്ങള്‍ വെറുത്തുകളഞ്ഞ ആ താണ വിഭാഗത്തെ- പെണ്‍മക്കളെ – അല്ലാഹുവിനും നിശ്ചയിക്കുകയുമാണവര്‍ ചെയ്യുന്നത്. കള്ളം പറയുന്നതിലും വേണ്ടേ ഒരു അതിര്?! സൂ: നജ്മില്‍ ഇവരോടു അല്ലാഹു പറയുന്നു:
أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢﴾ سورة النجم
(നിങ്ങള്‍ക്കു ആണും അവനു പെണ്ണുമാണോ? അങ്ങിനെയാണെങ്കില്‍ അതു അക്രമപരമായ ഒരു ഓഹരിയാണ്). ചില ദേവീദേവന്മാരെ ആരാധിക്കുകയും, അവരെ ദൈവപുത്രികളും പുത്രന്മാരുമായി വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്കാരെ ഇന്നും കാണാം. ഈ ആക്ഷേപങ്ങളെല്ലാം അവരെയും ബാധിക്കുമെന്നതില്‍ സംശയമില്ല. അതിനീചവും ഭീമവുമായ ഈ ആരോപണത്തിലടങ്ങിയ വേറെ ഒരു തെറ്റുംകൂടി അടുത്ത വാക്യത്തില്‍ അല്ലാഹു എടുത്തുകാട്ടുന്നു:-
- وَجَعَلُوا۟ ٱلْمَلَٰٓئِكَةَ ٱلَّذِينَ هُمْ عِبَٰدُ ٱلرَّحْمَٰنِ إِنَٰثًا ۚ أَشَهِدُوا۟ خَلْقَهُمْ ۚ سَتُكْتَبُ شَهَٰدَتُهُمْ وَيُسْـَٔلُونَ ﴾١٩﴿
- പരമകാരുണികന്റെ അടിയാന്മാരാകുന്ന മലക്കുകളെ അവര്‍ സ്ത്രീകളാക്കുകയും ചെയ്തിരിക്കുന്നു! അവരെ സൃഷ്ടിച്ചതിനു ഇവര്‍ (അവിടെ ഹാജറായി) സാക്ഷ്യം വഹിച്ചിരുന്നുവോ?! അവരുടെ (ആ) സാക്ഷ്യം രേഖപ്പെടുത്തപ്പെടുകയും, അവര്‍ ചോദ്യം ചെയ്യപ്പെടുകയും, ചെയ്തേക്കുന്നതാണ്.
- وَجَعَلُوا അവർ ആക്കുകയും ചെയ്തു الْمَلَائِكَةَ الَّذِينَ യാതൊരു മലക്കുകളെ هُمْ അവര്‍ عِبَادُ الرَّحْمَـٰنِ പരമകാരുണികന്റെ അടിയാന്മാരാണു إِنَاثًا സ്ത്രീകള്‍ أَشَهِدُوا അവര്‍ ഹാജറായോ, സാക്ഷ്യം വഹിച്ചോ, കണ്ടോ خَلْقَهُمْ അവരെ സൃഷ്ടിച്ചതു سَتُكْتَبُ (വഴിയെ) എഴുതപ്പെടും, രേഖപ്പെടുത്തപ്പെട്ടേക്കും شَهَادَتُهُمْ അവരുടെ സാക്ഷ്യം وَيُسْأَلُونَ അവരോടു ചോദിക്കപ്പെടുകയും ചെയ്യും
മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു പറയുവാന്‍ ഇവര്‍ക്കെന്താണ് തെളിവു? അല്ലാഹു അവരെ സൃഷ്ടിച്ചപ്പോള്‍ ഇവര്‍ അവിടെ ഹാജരുണ്ടായിരിക്കുകയും, അവരെ സ്ത്രീകളാക്കി സൃഷ്ടിച്ചതു കാണുകയും ചെയ്തിരുന്നുവോ? ഇല്ല. (മലക്കുകളെ സ്ത്രീപുരുഷവ്യത്യാസമില്ലാതെയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്.) ഇവരുടെ ഇത്തരം പ്രസ്താവനകളെല്ലാം അല്ലാഹു രേഖപ്പെടുത്തിവെക്കുകയും, അതിനെപ്പറ്റി അവരോടു ചോദ്യം ചെയ്തു നടപടി എടുക്കുകയും ചെയ്യാതിരിക്കയില്ല എന്നു സാരം. മലക്കുകളുടെ പേരില്‍ വിഗ്രഹങ്ങളെ ഉണ്ടാക്കി അവയെ ആരാധിക്കുന്നവരാണ് ഈ മുശ്രിക്കുകള്‍. അവര്‍ അതിനെ ന്യായീകരിക്കുവാന്‍വേണ്ടി സമര്‍പ്പിക്കാറുള്ള ഒരു ന്യായവാദത്തെക്കുറിച്ചാണ് അടുത്തവചനം:-
- وَقَالُوا۟ لَوْ شَآءَ ٱلرَّحْمَٰنُ مَا عَبَدْنَٰهُم ۗ مَّا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ ﴾٢٠﴿
- അവര്‍ പറയുന്നു: 'പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഞങ്ങള്‍ അവരെ [മലക്കുകളെ] ആരാധിക്കുമായിരുന്നില്ല' എന്നു്. അതിനെക്കുറിച്ചു യാതൊരറിവും അവര്‍ക്കില്ല; അവര്‍ മതിപ്പിട്ട് (ഊഹിച്ച്) പറയുകയല്ലാതെ ചെയ്യുന്നില്ല.
- وَقَالُوا അവര്‍ പറയുകയും ചെയ്തു لَوْ شَاءَ الرَّحْمَـٰنُ പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا عَبَدْنَاهُم ഞങ്ങളവരെ ആരാധിക്കയില്ലായിരുന്നു مَّا لَهُم അവര്‍ക്കില്ല بِذَٰلِكَ അതിനെപ്പറ്റി مِنْ عِلْمٍ ഒരറിവും إِنْ هُمْ അവരല്ല إِلَّا يَخْرُصُونَ മതിപ്പിടുക (ഊഹിച്ചു പറയുക)യല്ലാതെ
- أَمْ ءَاتَيْنَٰهُمْ كِتَٰبًا مِّن قَبْلِهِۦ فَهُم بِهِۦ مُسْتَمْسِكُونَ ﴾٢١﴿
- അതല്ലാ - അവര്‍ക്കു ഇതിനുമുമ്പായി വല്ല വേദഗ്രന്ഥവും നാം കൊടുത്തിട്ട് അവരതിനെ മുറുകെ പിടിക്കുന്നവരാണോ?!
- أَمْ آتَيْنَاهُمْ അതല്ല അവര്‍ക്കു നാം നല്‍കിയിരിക്കുന്നോ كِتَابًا വല്ല ഗ്രന്ഥവും مِّن قَبْلِهِ ഇതിനു മുമ്പായി فَهُم بِهِ എന്നിട്ടു അവര്‍ അതിനെ مُسْتَمْسِكُونَ മുറുകെ പിടിക്കുന്ന(പിടിച്ചു നില്‍ക്കുന്ന)വരാണു
- بَلْ قَالُوٓا۟ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهْتَدُونَ ﴾٢٢﴿
- (അതൊന്നുമല്ല) പക്ഷേ, അവര്‍ പറയുന്നു: 'ഞങ്ങള്‍ ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ (ചരിച്ചു കൊണ്ട്) സന്മാര്‍ഗ്ഗം പ്രാപിച്ചവരുമാണ്.'
- بَلْ قَالُوا പക്ഷേ (എങ്കിലും) അവര്‍ പറഞ്ഞു, പറയുന്നു إِنَّا وَجَدْنَا നിശ്ചയമായും ഞങ്ങള്‍ കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു സമുദായത്തിലായി, ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പ്പാടുകളിലൂടെ, അവശിഷ്ടങ്ങളിലായി مُّهْتَدُونَ സന്മാര്‍ഗ്ഗം പ്രാപിക്കുന്നവരാണ്, നേര്‍മ്മാര്‍ഗ്ഗികളാണു
തങ്ങളുടെ ശിര്‍ക്കിനെ ന്യായീകരിക്കുവാന്‍ പര്യാപ്തമായ തെളിവുകളില്ലാതെ ഉത്തരം മുട്ടിയ ആ മുശ്രിക്കുകള്‍ എടുത്ത ഒരു അടവാണിത്. അതായത്, അല്ലാഹുവിന്റെ വിധിയെയും, ഉദ്ദേശത്തെയും ശരണം പ്രാപിച്ച് കുറ്റത്തില്‍നിന്നു ഒഴിഞ്ഞുമാറുക. മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു തൃപ്തിപ്പെട്ട കാര്യമാണ്, അതുകൊണ്ടാണ് തങ്ങളെ അവന്‍ അതില്‍നിന്നു മുടക്കം ചെയ്യാതിരുന്നത്. അവന്‍ ഉദ്ദേശിക്കാതെ ഒരു കാര്യവും സംഭവിക്കുകയില്ലല്ലോ ഇതാണവരുടെ വാദം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, തങ്ങള്‍ മലക്കുകളെ ആരാധിക്കുന്നതു അല്ലാഹു അതിനു ഉദ്ദേശിച്ചതുകൊണ്ടാണ്, അപ്പോള്‍ അതവന്‍ തൃപ്തിപ്പെടുന്ന കാര്യവുമാണ് എന്നര്‍ത്ഥം.
വാസ്തവത്തില്‍ യാഥാര്‍ത്ഥ്യം മൂടിവെക്കാനുള്ള ഒരു ഉപായംമാത്രമാണിത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണെന്നതു വാസ്തവമാണ്. പക്ഷേ, സന്മാര്‍ഗ്ഗവും ദുര്‍മ്മാര്‍ഗ്ഗവും സ്വീകരിക്കുവാനുള്ള കഴിവും, അതിനുള്ള സ്വാതന്ത്ര്യവും കൂടി മനുഷ്യനു അവന്‍ നല്‍കിയിട്ടുണ്ട്. ഇതും അവന്‍ ഉദ്ദേശിച്ചതാണ്. മനുഷ്യന്‍ നന്മയും തിന്മയും സ്വീകരിക്കാവുന്ന സൃഷ്ടിയായിത്തീര്‍ന്നതും അവന്റെ ഉദ്ദേശം അനുസരിച്ചുതന്നെ. അതോടുകൂടി, സന്മാര്‍ഗ്ഗം തിരഞ്ഞെടുക്കണമെന്നും ദുര്‍മ്മാര്‍ഗ്ഗം സ്വീകരിക്കരുതെന്നും അവന്‍ മനുഷ്യനെ ശാസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു തൃപ്തിപ്പെടുന്ന സന്മാര്‍ഗ്ഗം ഇന്നതാണെന്നും, അവന്‍ വെറുക്കുന്ന ദുര്‍മ്മാര്‍ഗ്ഗം ഇന്നതാണെന്നും അവന്‍ വിവരിച്ചു കൊടുത്തിട്ടുമുണ്ട്. ഇതെല്ലാം അവന്റെ ഉദ്ദേശം അനുസരിച്ചാണല്ലോ ഉണ്ടായിട്ടുള്ളത്. അപ്പോള്‍, മനുഷ്യനില്‍നിന്ന് ഉണ്ടായെക്കുന്ന എല്ലാ നല്ല കാര്യവും, എല്ലാ ചീത്ത കാര്യവും – രണ്ടും തന്നെ – അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചു ഉണ്ടാകുന്നതത്രെ. അല്ലാത്തപക്ഷം, ചില കാര്യങ്ങള്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു വിപരീതമായും സംഭവിക്കേണ്ടതായി വരുമല്ലോ. അതേ സമയത്തു നല്ല കാര്യം മാത്രമേ അവന്റെ അടുക്കല്‍ തൃപ്തിപ്പെട്ടതായിരിക്കയുള്ളു. ചീത്തകാര്യം വെറുക്കപ്പെട്ടതുമായിരിക്കും. അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ചാണ് എല്ലാ കാര്യവും സംഭവിക്കുന്നതെന്നുവെച്ച് അവയെല്ലാം അവന്‍ തൃപ്തിപ്പെടുന്ന കാര്യമാണെന്നു ധരിക്കുന്നതു ശരിയല്ല.
മുശ്രിക്കുകളുടെ ഈ ന്യായത്തെ രണ്ടുമൂന്നു പ്രകാരത്തില്‍ അല്ലാഹു ഖണ്ഡിക്കുന്നു.
1) അതു ശരിയാണെന്നു – തങ്ങളുടെ ആരാധന അല്ലാഹു ഉദ്ദേശിച്ചതായിരിക്കെ അതവന്റെ അടുക്കല്‍ സ്വീകാര്യവുമാണ് എന്നു- ഉറപ്പിക്കത്തക്ക യാതൊരു അറിവും അവരുടെ പക്കലില്ല. അവര്‍ വെറും ഊഹത്തെ അടിസ്ഥാനമാക്കി മതിപ്പിട്ടു പറയുകയാണ്.
2) മുന്‍കഴിഞ്ഞ ഏതെങ്കിലും ഒരു ദൈവികഗ്രന്ഥം ആ ആരാധനയെ അനുകൂലിക്കുന്നതായി ഉണ്ടായിട്ടുമില്ല ഉണ്ടായിരുന്നുവെങ്കില്‍ ഇവരുടെ വാദം ന്യായീകരിക്കാമായിരുന്നു. പക്ഷെ, എല്ലാ വേദഗ്രന്ഥങ്ങളും തൗഹീദുമാത്രമേ പ്രബോധനം ചെയ്യുന്നുള്ളു.
3) ഇതിനെല്ലാംപുറമെ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ബഹുദൈവാരാധന ചെയ്യുന്നതായി അവര്‍ കണ്ടു. അതനുസരിച്ചു തങ്ങളും അവരെ അനുഗമിച്ചും അനുകരിച്ചും പോന്നിരിക്കയാണെന്നു ഇവര്‍ തുറന്നു പ്രസ്താവിക്കാറുള്ളതാണ്. ഇവരുടെ ശിര്‍ക്കിന്നു യഥാര്‍ത്ഥ കാരണം ഇതായിരിക്കെ, മറ്റുള്ള ന്യായങ്ങളെല്ലാം കേവലം ജല്‍പനങ്ങള്‍ മാത്രമാണ്.
مَّا لَهُم بِذَٰلِكَ مِنْ عِلْمٍ (അവര്‍ക്കു അതിനെപ്പറ്റി യാതൊരു അറിവുമില്ല) എന്ന വാക്കിന്റെ താല്‍പര്യം ഇപ്രകാരവും ആയിരിക്കാവുന്നതാണ്: തങ്ങള്‍ മലക്കുകളെ ആരാധിച്ചു കഴിഞ്ഞതിനുശേഷമാണ് അതു അല്ലാഹു ഉദ്ദേശിച്ചതാണെന്നു അവര്‍ അറിഞ്ഞത്. അവന്‍ ഉദ്ദേശിച്ചിട്ടുണ്ടെന്നു അറിഞ്ഞശേഷം, അതിന്റെ അടിസ്ഥാനത്തിലല്ല അവര്‍ ആരാധന നടത്തിയിരിക്കുന്നത്. എന്നിരിക്കെ, അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണു തങ്ങളതു ചെയ്തതെന്നു പറയുവാന്‍ ഇവര്‍ക്കു ന്യായമില്ല. തങ്ങള്‍ സ്വന്തം നിലക്കു ചെയ്ത ആ തെറ്റിനെ മൂടിവെക്കുവാനുള്ള ഒരു ന്യായം മാത്രമാണത്.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശത്തിനു പങ്കില്ലെന്നു വാദിക്കുകയും, ദൈവവിധിയെ (القضاء والقدر) നിഷേധിക്കുകയും ചെയ്യുന്ന കക്ഷി (القدرية والمعتزلة) കളും, അവരെ അനുകരിക്കുന്ന ചില യുക്തിവാദക്കാരും ഈ 20-ാം വചനവും, ഈ ആശയം ഉള്‍ക്കൊള്ളുന്ന സൂ: അന്‍ആമിലെ 148-ാം വചനവും, സൂ: നഹ്ലിലെ 35-ാം വചനവും തങ്ങള്‍ക്കു തെളിവായി ഉദ്ധരിക്കാറുണ്ട്. തങ്ങള്‍ക്കു അനുകൂലമായ രൂപത്തില്‍ ഇവയെ വ്യാഖ്യാനിക്കുന്നതോടൊപ്പം, ഖുര്‍ആനിലെ നിരവധി ആയത്തുകളുടെ വ്യക്തമായ അര്‍ത്ഥങ്ങള്‍ അതിനുവേണ്ടി, മാറ്റിമറിക്കുകയും ദുര്‍വ്യാഖ്യാനവും ചെയ്യുകയും ഇവരുടെ പതിവാണ്. ഇതിനെപ്പറ്റി സൂറത്തുല്‍ ഹദീദിന്റെ അവസാനത്തില്‍ കൊടുക്കുന്ന വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദമായി വിവരിക്കുന്നതാണ്. إن شاء الله അതുകൊണ്ടു ഇവിടെ അതിനെ സ്പര്‍ശിക്കുന്നില്ല.
- وَكَذَٰلِكَ مَآ أَرْسَلْنَا مِن قَبْلِكَ فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا وَجَدْنَآ ءَابَآءَنَا عَلَىٰٓ أُمَّةٍ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقْتَدُونَ ﴾٢٣﴿
- (നബിയേ) അപ്രകാരംതന്നെ, നിന്റെ മുമ്പ് ഒരു രാജ്യത്തിലും, ഒരു താക്കീതുകാരനെ [പ്രവാചകനെ] നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതെ (ഉണ്ടായിട്ടില്ല); നിശ്ചയമായും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗ്ഗത്തിലായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ പിന്‍തുടരുന്നവരാണ്' എന്ന്.
- وَكَذَٰلِكَ അതുപോലെ مَا أَرْسَلْنَا നാം അയച്ചിട്ടില്ല مِن قَبْلِكَ നിന്റെ മുമ്പു فِي قَرْيَةٍ ഒരു രാജ്യത്തിലും, നാട്ടിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖിയന്മാര്‍, സുഖലോലുപന്മാര്‍ إِنَّا وَجَدْنَا ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു آبَاءَنَا ഞങ്ങളുടെ പിതാക്കളെ عَلَىٰ أُمَّةٍ ഒരു മാര്‍ഗ്ഗത്തിലായി وَإِنَّا عَلَىٰ آثَارِهِم ഞങ്ങള്‍ അവരുടെ കാല്‍പാടുകളിലൂടെ مُّقْتَدُونَ തുടരുന്നവരാണ്
- ۞ قَٰلَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ ءَابَآءَكُمْ ۖ قَالُوٓا۟ إِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ﴾٢٤﴿
- അദ്ദേഹം [താക്കീതുകാരന്‍] പറയും: 'നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊന്നിലായി കണ്ടെത്തിയോ അതിനെക്കാള്‍ മാര്‍ഗ്ഗദര്‍ശകമായതിനെ ഞാന്‍ നിങ്ങള്‍ക്കു കൊണ്ടുവന്നിട്ടുണ്ടെങ്കിലോ? [എന്നാലും നിങ്ങള്‍ അവരെത്തന്നെ പിന്‍തുടരുമോ?]' അവര്‍ പറയും: 'നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍, നിശ്ചയമായും ഞങ്ങള്‍ അവിശ്വസിച്ചവരാണ്.'
- قَالَ അദ്ദേഹം പറയും أَوَلَوْ جِئْتُكُم ഞാന്‍ നിങ്ങള്‍ക്കു വന്നിട്ടുണ്ടെങ്കിലുമോ بِأَهْدَىٰ കൂടുതല്‍ മാര്‍ഗ്ഗദര്‍ശകമായതുകൊണ്ടു (നല്ല വഴിയുമായി) مِمَّا وَجَدتُّمْ നിങ്ങള്‍ കണ്ടെത്തിയതിനെക്കാള്‍ عَلَيْهِ അതിന്റെമേല്‍ آبَاءَكُمْ നിങ്ങളുടെ പിതാക്കളെ قَالُوا അവര്‍ പറയും إِنَّا بِمَا നിശ്ചയമായും ഞങ്ങള്‍ യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വസിച്ചവരാണ്
- فَٱنتَقَمْنَا مِنْهُمْ ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ ﴾٢٥﴿
- അങ്ങനെ, നാം അവരോടു (പ്രതികാര) ശിക്ഷാ നടപടിയെടുത്തു. അപ്പോള്‍ നോക്കുക: (ആ) വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു!
- فَانتَقَمْنَا അങ്ങനെ നാം പ്രതികാര (ശിക്ഷാ) നടപടി എടുത്തു مِنْهُمْ അവരോടു, അവരില്‍ നിന്നു فَانظُرْ അപ്പോള്‍ (എന്നാല്‍) നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُكَذِّبِينَ കളവാക്കുന്ന (വ്യാജമാക്കുന്ന)വരുടെ
പൂര്‍വ്വപിതാക്കളെ അനുകരിച്ച് വഴിപിഴച്ചുപോകലും, ശിര്‍ക്കു തുടങ്ങിയ ദുര്‍മ്മാര്‍ഗ്ഗങ്ങളെ ആ അനുകരണത്തിന്റെ പേരില്‍ ന്യായീകരിക്കലും അറബി മുശ്രിക്കുകളുടെ മാത്രം സ്വഭാവമല്ലെന്നും, അതു മുന്‍സമുദായങ്ങളുടെയും പതിവായിരുന്നുവെന്നും, പ്രസ്തുത ന്യായീകരണത്തില്‍പോലും ഇവര്‍ അവരെ അനുകരിച്ചിരിക്കുകയാണെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ഈ മഹാവ്യാധി വളരെ കാലമായി മുസ്ലിം സമുദായത്തിലും പടര്‍ന്നു പിടിച്ചിരിക്കയാണ്. മുസ്ലിംകള്‍ വിഗ്രഹാരാധന നടത്താറില്ലെന്നു സമ്മതിക്കാം. എങ്കിലും ശിര്‍ക്കുപരമായ എത്രയോ കാര്യങ്ങള്‍ – അവക്കു മതഛായ നല്‍കപ്പെട്ടുകൊണ്ടുതന്നെ – സമുദായത്തില്‍ നിലനിന്നുവരുന്നതു ഈ അനുകരണം ഒന്നുകൊണ്ടുമാത്രമാണ്. സമുദായത്തിലെ പ്രമാണികളും നേതാക്കളുമാകുന്ന സുഖലോലുപന്മാരാണ് ഇതില്‍ മുമ്പന്‍മാരെന്നതും അനിഷേധ്യമത്രെ. 23ഉം 24ഉം വചനങ്ങളില്‍ മുശ്രിക്കുകളെക്കുറിച്ചു അല്ലാഹു പ്രസ്താവിച്ച സംഗതികള്‍ അക്ഷരംപ്രതി ഇന്നു നമ്മെക്കുറിച്ചും പറയുവാനുള്ളതുതന്നെയാണ്. ഇതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നു 25-ആം വചനത്തില്‍നിന്നു മനസ്സിലാക്കാവുന്നതുമാകുന്നു. അല്ലാഹുവില്‍ ശരണം!.