സൂറത്ത് ഹാമീം സജദഃ : 19-32
വിഭാഗം - 3
- وَيَوْمَ يُحْشَرُ أَعْدَآءُ ٱللَّهِ إِلَى ٱلنَّارِ فَهُمْ يُوزَعُونَ ﴾١٩﴿
- അല്ലാഹുവിന്റെ ശത്രുക്കൾ നരകത്തിലേക്കു ഒരുമിച്ചുകൂട്ടപ്പെടുന്ന ദിവസം! അപ്പോഴവർ നിയന്ത്രിച്ചുകൊണ്ടുവരപ്പെടുന്നതാണ്.
- وَيَوْمَ يُحْشَرُ ഒരുമിച്ചു കൂട്ടപ്പെടുന്ന ദിവസം أَعْدَاءُاللَّهِ അല്ലാഹുവിന്റെ ശത്രുക്കൾ إِلَى النَّارِ നരകത്തിലേക്ക് فَھُمْ അപ്പോഴവർ يُوزَعُونَ നിയന്ത്രിച്ചു കൊണ്ടുവരപ്പെടും
ഓരോ സംഘവും മറ്റേതുമായി കൂടിച്ചേരേണ്ടതിനും, കൂട്ടം വിട്ടുപോകാതിരിക്കേണ്ടതിനുമായി, അവരെ തെളിച്ചു നിയന്ത്രിച്ചുകൊണ്ടു നരകത്തിലേക്കു കൊണ്ടുവരപ്പെടും.
- حَتَّىٰٓ إِذَا مَا جَآءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَٰرُهُمْ وَجُلُودُهُم بِمَا كَانُوا۟ يَعْمَلُونَ ﴾٢٠﴿
- അങ്ങനെ, അവർ അതിന്റെ അടുക്കൽവരുമ്പോൾ, അവരുടെ കേൾവിയും [കാതുകളും], അവരുടെ കാഴ്ചകളും [കണ്ണുകളും] അവരുടെ തൊലികളും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെക്കുറിച്ചു അവർക്കെതിരിൽ സാക്ഷി പറയുന്നതാണ്.
- حَتَّى അങ്ങനെ (ഇതുവരെ) إِذَامَاجَاءُوھَا അതിന്നടുക്കൽ അവർ വന്നാൽ (അപ്പോൾ) شَهِدَ عَلَيْهِمْ അവരുടെമേൽ (അവർക്കെതിരെ) സാക്ഷിനിൽക്കും سَمْعُھُمْ അവരുടെ കേൾവി (കാത്) وَأَبْصَارُھُمْ അവരുടെ ദൃഷ്ടി (കാഴ്ച, കണ്ണു) കളും وَجُلُودُھُمْ അവരുടെ തൊലികളും بِمَا كَانُوا അവരായിരുന്നതിനെപ്പറ്റി يَعْمَلُونَ പ്രവർത്തിച്ചുകൊണ്ടിരിക്കും
അവയവങ്ങൾ സാക്ഷി പറയുന്നതിന്റെ രൂപം എങ്ങനെയായിരിക്കുമെന്നു നമുക്കു തിട്ടപ്പെടുത്തുവാൻ സാധ്യമല്ലെങ്കിലും, അവ ഏതോ തരത്തിലുള്ള സംസാരം മുഖേനയാണ് നിർവഹിക്കുക എന്നു അടുത്ത വചനത്തിൽ നിന്നു വ്യക്തമാണ്. പരലോകത്തു വെച്ച് അല്ലാഹു നേരിട്ടു നടത്തുന്ന കോടതിയിലെ വർത്തമാനങ്ങളാണല്ലോ അത്. മനശ്ശാസ്ത്രപരവും സ്വാഭാവികവുമായ നിലക്കു കുറ്റവാളികളിൽ പ്രകടമാകുന്ന ചില ഭാവ വികാരങ്ങളോ, പ്രതികരണങ്ങളോ ആയിരിക്കും ഇവിടെ ഉദ്ദേശ്യമെന്നു വരുത്തിത്തീർക്കുവാൻ ചില ആധുനിക വ്യാഖ്യാതാക്കൾ സാഹസപ്പെടാറുണ്ട്. ഈ അഭിപ്രായത്തെ ന്യായീകരിക്കുവാൻ വേണ്ടി ചില ശാസ്ത്രീയ സിദ്ധാന്തങ്ങളും ഉദാഹരണങ്ങളും അവർ എടുത്തു കാട്ടുകയും ചെയ്യും. ഖുർആന്റെ ചില പ്രസ്താവനകൾ – അവ സ്വയം വ്യക്തമാണെങ്കിൽപോലും – അംഗീകരിക്കേണ്ടതിനു ശാസ്ത്രങ്ങളുടെ അനുമതി കൂടി വേണമെന്നാണ് ഇവരുടെ പ്രസ്താവനകൾ തോന്നിപ്പിക്കുക. നാവും അധരങ്ങളും ചലിപ്പിക്കുക വഴി വായു മുഖേനയാണു സംസാരം നമുക്കു പരിചയപ്പെട്ടിട്ടുള്ളതെങ്കിലും, അല്ലാഹു ഉദ്ദേശിച്ചാൽ മറ്റേതെങ്കിലും അവയവം മുഖേനയോ, ബുദ്ധിജീവികളല്ലാത്ത വസ്തുക്കളിൽ നിന്നോ അതുണ്ടാകുന്നതിനു യാതൊരു തടസ്സവുമില്ല. വാസ്തവത്തിൽ, പാരത്രിക സംഭവങ്ങളെ ഭൗതിക പരിചയങ്ങളുമായി തുലനം ചെയ്യുന്നതിൽനിന്നും, അല്ലാഹുവിന്റെ അപാരമായ കഴിവുകളെ കുടുസ്സായ വീക്ഷണഗതി യോടെ വിലയിരുത്തുന്നതിൽ നിന്നുമാണ് ഇത്തരം സമീപനങ്ങൾ ഉടലെടുക്കുന്നത്. അടുത്ത വചനം നോക്കുക. അവയവങ്ങൾ ബോധപൂർവം ശരിക്കും സംസാരിച്ചുകൊണ്ടാണ് തങ്ങളുടെ സാക്ഷ്യം നിർവഹിക്കുന്നത് എന്നല്ലാതെ മറ്റു വല്ലതും അതിൽ നിന്നു ഊഹിക്കുവാൻ കഴിയുമോ എന്നു ഒന്നു മനസ്സിരുത്തി ആലോചിച്ചു നോക്കുക:
- وَقَالُوا۟ لِجُلُودِهِمْ لِمَ شَهِدتُّمْ عَلَيْنَا ۖ قَالُوٓا۟ أَنطَقَنَا ٱللَّهُ ٱلَّذِىٓ أَنطَقَ كُلَّ شَىْءٍ وَهُوَ خَلَقَكُمْ أَوَّلَ مَرَّةٍ وَإِلَيْهِ تُرْجَعُونَ ﴾٢١﴿
- അവർ തങ്ങളുടെ തൊലികളോടു പറയും: 'നിങ്ങൾ എന്തിനായിട്ടാണ് ഞങ്ങൾ (അഥവാ നമ്മൾ) ക്കെതിരിൽ സാക്ഷി പറഞ്ഞത്?!' അവർ [തൊലികൾ] പറയും: 'എല്ലാ (സംസാരിക്കുന്ന) വസ്തുവെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്. അവനാണല്ലോ നിങ്ങളെ ഒന്നാം പ്രാവശ്യം സൃഷ്ടിച്ചത്. അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യുന്നു.'
- وَقَالُوا അവർ പറയും لِجُلُودِهِمۡ അവരുടെ തൊലികളോട് لِمَ شَهِدۡتُمۡ എന്തിനാണ് നിങ്ങൾ സാക്ഷി നിന്നത് عَلَيۡنَا ഞങ്ങൾക്ക് (നമുക്ക്) എതിരെ قَالُوا അവർ പറയും أَنۡطَقَنَ اللَّهُ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചു الَّذِي أَنۡطَقَ സംസാരിപ്പിച്ചവനായ كُلَّ شَيۡءٍ എല്ലാ വസ്തുവെയും وَهُوَ അവൻ തന്നെ خَلَقَكُمۡ നിങ്ങളെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു أَوَّلَ مَرَّۃٍ ഒന്നാം പ്രാവശ്യം وَإِلَيۡهِ അവനിലേക്ക് തന്നെ تُرۡجَعُونۡ നിങ്ങൾ മടക്കപ്പെടുന്നു
കുറ്റവാളികൾ ‘മഹ്ശറി’ൽ വെച്ച് കളവു പറയുമെന്നും, അപ്പോൾ അവരുടെ വായകളിൽ അല്ലാഹു മുദ്ര വെക്കുമെന്നും, അവരുടെ കൈകാലുകൾ സംസാരിക്കുകയും, സാക്ഷി പറയുകയും ചെയ്യുമെന്നും സൂ:യാസീൻ 65ൽ നാം കണ്ടു. ഇതു സംബന്ധിച്ചു ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു നബി വചനവും നാം അവിടെ ഉദ്ധരിച്ചിരിക്കുന്നു. ഇതെല്ലാം കേവലം അലങ്കാര പ്രയോഗങ്ങളാണെന്നും മറ്റും ജൽപിക്കുന്നവർക്കുള്ള മറുപടി ഈ ആയത്തിൽ – തൊലികളുടെ മറുപടിയിൽ – തന്നെ അടങ്ങിയിരിക്കുന്നു. കൂടുതൽ വിവരിക്കേണ്ടതില്ല. തൊലികളെക്കുറിച്ച് ‘അവർ പറഞ്ഞു’ (قالوا) എന്നു ബുദ്ധി ജീവികളെപ്പറ്റി പ്രയോഗിക്കുന്ന രൂപത്തിൽ പ്രസ്താവിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്. സാധാരണഗതിയിൽ ‘അവ പറഞ്ഞു’ (قالت – اوقلن) എന്നായിരുന്നു പ്രയോഗിക്കേണ്ടിയിരുന്നത്. ബോധപൂർവം തന്നെയാണ് അവ മറുപടി പറയുന്നതെന്നത്രെ ഇതു കാണിക്കുന്നത്. മറുപടിയാകട്ടെ, വളരെ അർത്ഥഗർഭവും! തുടർന്നു പറയുന്നതും നോക്കുക:-
- وَمَا كُنتُمْ تَسْتَتِرُونَ أَن يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَآ أَبْصَٰرُكُمْ وَلَا جُلُودُكُمْ وَلَٰكِن ظَنَنتُمْ أَنَّ ٱللَّهَ لَا يَعْلَمُ كَثِيرًا مِّمَّا تَعْمَلُونَ ﴾٢٢﴿
- 'നിങ്ങളുടെ കേൾവികളാകട്ടെ, കാഴ്ചകളാകട്ടെ, തൊലികളാകട്ടെ, നിങ്ങൾക്കെതിരിൽ സാക്ഷ്യം വഹിക്കുമെന്നതിൽനിന്നു നിങ്ങൾ മറഞ്ഞു നിൽക്കുകയും ചെയ്തിരുന്നില്ല. പക്ഷേ, നിങ്ങൾ ധരിച്ചു, നിങ്ങൾ പ്രവർത്തിക്കുന്നതിൽനിന്നു അധികവും അല്ലാഹു അറിയുകയില്ല എന്ന്!
- وَمَا كُنۡتُمۡ നിങ്ങളായിരുന്നില്ല تَسۡتَتِرُونَ നിങ്ങൾ മറഞ്ഞുനിൽക്കും أَنۡ يَشۡهَدَ സാക്ഷി നിൽക്കുന്നതിന്,സാക്ഷി നിൽക്കുമെന്നതിനാൽ عَلَيۡكُمۡ നിങ്ങളുടെ മേൽ سَمۡعُكُمۡ നിങ്ങളുടെ കേൾവി وَلاَ أَبۡصَارُكُمۡ നിങ്ങളുടെ കാഴ്ച്ച (കണ്ണു)കളും ഇല്ല وَلاَ جُلُودُكُمۡ നിങ്ങളുടെ തൊലികളും ഇല്ല وَلَكِنۡ ظَنَنۡتُمۡ പക്ഷെ നിങ്ങൾ ധരിച്ചു أَنَّ اللَّهَ لاَ يَعۡلَمُ അല്ലാഹു അറിയുകയില്ലെന്ന് كَثِيرًا അധികം, മിക്കതും مِمَّا تَعۡلَمُونَ നിങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്ന്
- وَذَٰلِكُمْ ظَنُّكُمُ ٱلَّذِى ظَنَنتُم بِرَبِّكُمْ أَرْدَىٰكُمْ فَأَصْبَحْتُم مِّنَ ٱلْخَٰسِرِينَ ﴾٢٣﴿
- 'അതു - നിങ്ങളുടെ റബ്ബിനെക്കുറിച്ച് നിങ്ങൾ ധരിച്ച് വെച്ച (ആ) ധാരണ - നിങ്ങളെ നാശത്തിൽ പതിപ്പിച്ചു. അങ്ങനെ, നിങ്ങൾ നഷ്ടക്കാരിൽപെട്ടവരായിത്തീർന്നു.
- وَذَلِكُمۡ അത് ظَنُّكُمُ നിങ്ങളുടെ ധാരണ, വിചാരം اَلَّذِي ظَنَنۡتُمۡ നിങ്ങൾ ധരിച്ചതായ بِرَبِّكُمۡ നിങ്ങളുടെ റബ്ബിനെ കുറിച്ച് أَرۡدَاكُمۡ അത് നിങ്ങളെ നാശത്തിൽപെടുത്തി فَاَصۡبَحۡتُمۡ അങ്ങനെ നിങ്ങളായിത്തീർന്നു مِنَ الۡخَاسِرِينَ നഷ്ടപ്പെട്ടവരിൽ (പെട്ടവർ)
ഈ വാക്യങ്ങൾ അവയവങ്ങളുടെ പ്രസ്താവനയിൽ പെട്ടതാവാനും, അല്ലാഹുവിന്റെ സ്വന്തം പ്രസ്താവനയായിരിക്കുവാനും സാധ്യതയുണ്ട്. അല്ലാഹു പറയുന്നു:-
- فَإِن يَصْبِرُوا۟ فَٱلنَّارُ مَثْوًى لَّهُمْ ۖ وَإِن يَسْتَعْتِبُوا۟ فَمَا هُم مِّنَ ٱلْمُعْتَبِينَ ﴾٢٤﴿
- എനി, അവർ ക്ഷമിക്കുകയാണെങ്കിൽ, നരകമത്രെ അവർക്കു പാർപ്പിടം! അവർ ഖേദിച്ചു മടങ്ങി) തൃപ്തിക്കപേക്ഷിക്കുകയാണെങ്കിലോ, എന്നാലവർ, (മടക്കം സ്വീകരിച്ച്) തൃപ്തി നൽകപ്പെടുന്നവരുടെ കൂട്ടത്തിലും (പെടുന്നതു) അല്ല.
- فَإِنۡ يَصۡبِرُو എനി അവർ ക്ഷമിക്കുന്നപക്ഷം فَالنَّارُ എന്നാൽ നരകം, നരകമത്രെ مَثۡوًی لَهُمۡ അവർക്ക് പാർപ്പിടം, വാസസ്ഥലമാണ് وَاِنۡ يَسۡتَعۡتِبُوا അവർ മടക്കിത്തന്നപേക്ഷിച്ചാൽ, ഖേദം കാണിച്ചാൽ, തൃപ്തിക്കപേക്ഷിച്ചാൽ فَمَاهُمۡ എന്നാലവരല്ല مِنَ الۡمُعۡتَبِينۡ മടക്കം സ്വീകരിക്കപ്പെടുന്ന (തൃപ്തി നൽകപ്പെടുന്ന) വരിൽ (പെട്ടവർ)
ക്ഷമിച്ചാലും ഇല്ലെങ്കിലും എനി ഫലം ഒന്ന് തന്നെ. രണ്ടായാലും നരക ശിക്ഷയാണവർക്ക് അനുഭവിക്കുവാനുള്ളത്. അത് ക്ഷമിക്കുവാൻ കഴിയുമോ? ഒരിക്കലും സാധ്യമല്ല. ഒരു പക്ഷെ, അവർ ഖേദം പ്രകടിപ്പിച്ചു, അല്ലെങ്കിൽ ഐഹിക ജീവിതത്തിലേക്ക് മടക്കിക്കൊടുക്കുവാൻ അപേക്ഷിച്ചു, അല്ലെങ്കിൻ തങ്ങളുടെ മേൽ പ്രീതിക്ക് വേണ്ടി അപേക്ഷിച്ചു (*) ഇതു കൊണ്ടൊന്നും തന്നെ ഫലമില്ല. അതൊന്നും അവിടെ സ്വീകാര്യവുമല്ല. എന്നൊക്കെയാണ് അവസാന വാക്കിന്റെ താൽപര്യം.
(*) يستعتب എന്ന ക്രിയക്കു ഈ അർത്ഥങ്ങളെല്ലാം വരും. സാരത്തിൽ എല്ലാം ഒന്നു തന്നെ.
മനുഷ്യരോ ഇതര വസ്തുക്കളോ കാണാതെ പാപങ്ങളും തെറ്റുകുറ്റങ്ങളും മറച്ചു ചെയ് വാൻ കഴിഞ്ഞേക്കും. എന്നാൽ, സ്വന്തം അവയവങ്ങളറിയാതെ ആർക്കും അത് സാധ്യമല്ലല്ലോ. അവയവങ്ങൾ പോലും പരലോകത്ത് സാക്ഷികളായി വരുമെന്നിരിക്കെ, മനുഷ്യൻ അവന്റെ രഹസ്യാവസ്ഥയിലും, പരസ്യാവസ്ഥയിലും – സദാ സമയത്തും – അല്ലാഹുവിനെ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ വചനങ്ങൾ നമ്മെ മനസ്സിലാക്കുന്നത്. അല്ലാഹു നമുക്ക് അതിന് തൗഫീഖ് നൽകട്ടെ. آمين
അല്ലാഹുവിനെക്കുറിച്ചു നല്ല ധാരണയും സദ് വിചാരവുമുള്ളവൻ അല്ലാഹുവിന്റെ കൽപനക്കും പ്രീതിക്കും എതിരായ കാര്യങ്ങൾ പ്രവർത്തിക്കുകയില്ല. നേരെ മറിച്ച് അല്ലാഹുവിനെക്കുറിച്ച് ചീത്ത ധാരണയും ദുർവിചാരവും പുലർത്തിപ്പോരുന്നവരിൽ നിന്ന് ദുർവൃത്തികളും പാപങ്ങളും ഉണ്ടാകാതിരിക്കുകയുമില്ല. സൽ വിചാരം നന്ദിയുടെയും വിശ്വാസത്തിന്റെയും ലക്ഷണമാണ്. ദുർവിചാരമാകട്ടെ, നന്ദികേടും വിശ്വാസക്കുറവുമാണ്. അല്ലാഹുവിനെപ്പറ്റി സദാ നല്ല ധാരണ മാത്രം പുലർത്തിക്കൊണ്ടിക്കുന്നത് മനുഷ്യന്റെ സകലമാന വിജയത്തിനും, ചീത്ത ധാരണ അവന്റെ തീരാനഷ്ടത്തിനും കാരണമാകുന്നു.
അല്ലാഹു പ്രസ്താവിച്ചതായി ഒരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിക്കുന്നു;
أَنَا عِنْدَ ظَنِّ عَبْدِي بِي الخ – متفق
സാരം: എന്റെ അടിയാന്നു എന്നെക്കുറിച്ചുള്ള ധാരണയനുസരിച്ചായിരിക്കും ഞാൻ വർത്തിക്കുക. (ബു: മു)
മറ്റൊരു ഹദീഥിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു;
لا يموتن احدكم إلا وهو يحسن الظن باللّه تَعَالَى فان قوما ارادهم سوء ظئهم باللّه فقال اللّه و ذلكم ظنكم الخ – مسلم أحمد و أبو داود
(നിങ്ങളിൽ ഒരാളും അല്ലാഹുവിനെപ്പറ്റി ധാരണ നന്നായിക്കൊണ്ടല്ലാതെ മരിച്ചു പോകരുത്. കാരണം, അല്ലാഹുവിനെക്കുറിച്ച് ഒരു ജനതയുടെ ദുഷിച്ച ധാരണ അവരെ നാശത്തിലകപ്പെടുത്തിയിരിക്കുന്നു. അല്ലാഹു -അവരെപ്പറ്റി ഖുർആനിൽ- പറയുന്നു: ‘നിങ്ങളുടെ റബ്ബിനെ പറ്റി നിങ്ങളുടെ ആ ധാരണ നിങ്ങളെ നാശത്തിലാക്കിയിരിക്കുന്നു: (മു :അ :ദാ) എന്നാൽ, ദുഷ്പ്രവൃത്തികൾ പതിവാക്കുകയും, അതേ സമയത്ത് താൻ റബ്ബിനെപ്പറ്റി നല്ല ധാരണ വെക്കുന്നുവെന്ന് പറയുകയും ചെയ്യുന്നത് നിരർത്ഥവും, – ഇമാം ഹസൻ ബസരീ (رحمه الله) പറഞ്ഞത് പോലെ – കള്ളവുമായിരിക്കും. കാരണം, അല്ലാഹുവിനെപ്പറ്റി നല്ല ധാരണ വെക്കുന്നവൻ നിശ്ചയമായും നല്ല പ്രവൃത്തികളായിരിക്കും ചെയത് കൊണ്ടിരിക്കുക.. അല്ലാഹു പറയുന്നു:-
- ۞ وَقَيَّضْنَا لَهُمْ قُرَنَآءَ فَزَيَّنُوا۟ لَهُم مَّا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَحَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَٰسِرِينَ ﴾٢٥﴿
- നാം അവർക്ക് ചില കൂട്ടാളികളെ നിശ്ചയിച്ചു; എന്നിട്ട്, അവർ അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും അവർക്ക് ഭംഗിയാക്കിക്കാണിച്ചു. ജിന്നുകളിൽ നിന്നും, മനുഷ്യരിൽ നിന്നും തങ്ങളുടെ മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തിൽ, അവരുടെമേൽ (ശിക്ഷയുടെ) വാക്ക് (യഥാർത്ഥമായി) സ്ഥിരപ്പെടുകയും ചെയ്തു. നിശ്ചയമായും അവർ നഷ്ടപ്പെട്ടവരായിരുന്നു.
- وَ قَيَّضۡنَا നാം നിശ്ചയിച്ചു, നിയമിച്ചു لَهُمۡ അവർക്ക് قُرَنَاءَ ചില കൂട്ടാളികളെ, തുണകളെ فَزَيَّنُوا എന്നിട്ടവർ അലങ്കാരമാക്കി, ഭംഗിയാക്കിക്കാട്ടി لَهُمۡ അവർക്ക് مَا بَيۡنَ أَيۡدِيهِمۡ അവരുടെ മുമ്പിലുള്ളതിനെ وَمَا خَلۡفَهُمۡ അവരുടെ പിമ്പിലുള്ളതിനേയും وَحَقَّ عَلَيۡهِمُ അവരിൽ യാഥാർത്ഥമാകുക (സ്ഥിരപ്പെടുക)യും ചെയ്തു الۡقَوۡلُ വാക്ക് فِي أُمَمٍ സമുദായങ്ങളിലായിട്ട് (സമുദായങ്ങളുടെ കൂട്ടത്തിൽ) قَدۡ خَلَتۡ കഴിഞ്ഞുപോയിട്ടുള്ളمِنۡ قَبۡلِهِمۡ അവരുടെ മുൻപ് مِنَ الۡجِنِّ ജിന്നുകളിൽ നിന്ന് وَ الإِۡنۡسِ മനുഷ്യരിൽ നിന്നുംإِنَّهُمۡ كَانُوا നിശ്ചയമായും അവരായിരുന്നു خَاسِرِينَ നഷ്ടപ്പെട്ടവർ
സഹവാസവും കൂട്ടുകെട്ടും നിമിത്തം മനുഷ്യൻ നന്നായിത്തീരുവാനും, ദുഷിച്ചു പോകുവാനും ഇടവരുമെന്ന് പറയേണ്ടതില്ല. കൂട്ടാളികളായി സ്വീകരിക്കപ്പെടുന്നവർ ഏത് തരത്തിലുള്ളവരാണെന്നതാണ് ഇതിന്റെ പശ്ചാത്തലം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
المرءُ على دينِ خليلِه فلينظرْ أحدُكم مَن يُخاللُ – أحمد الترمذي و أبو داود و البيهقى
(മനുഷ്യൻ അവന്റെ ചങ്ങാതിയുടെ മതത്തിലായിരിക്കും നിലകൊള്ളുക. അത് കൊണ്ട് നിങ്ങളിൽ ഓരോരുത്തനും ആരോടാണ് താൻ ചങ്ങാത്തം സ്വീകരിക്കേണ്ടതെന്ന് നോക്കിക്കൊള്ളട്ടെ. (അ;തി:ദാ:ബ.) ഇമാം മാലിക് (رحمه الله) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ അല്ലാഹു പ്രസ്താവിച്ചതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയുന്നു: എന്റെ വിഷയത്തിൽ അന്യോന്യം സ്നേഹിക്കുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൂടിയിരിക്കുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം സന്ദർശനം നടത്തുന്നവർക്കും, എന്റെ വിഷയത്തിൽ അന്യോന്യം കൊടുക്കുന്നവർക്കും എന്റെ സ്നേഹം നിർബന്ധമായും ലഭിക്കുന്നതാണ്.
വിഭാഗം - 4
- وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَسْمَعُوا۟ لِهَٰذَا ٱلْقُرْءَانِ وَٱلْغَوْا۟ فِيهِ لَعَلَّكُمْ تَغْلِبُونَ ﴾٢٦﴿
- അവിശ്വസിച്ചവർ പറയുകയാണ്: 'നിങ്ങൾ ഈ ഖുർആനിലേക്ക് ചെവികൊടുക്കരുത്; നിങ്ങൾ അതിൽ (ബഹളംകൂട്ടി) ഒച്ചപ്പാടുണ്ടാക്കുകയും ചെയ്യുവിൻ, നിങ്ങൾ ജയം നേടിയേക്കാം.'
- وَ قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവർ പറയുകയാണ്, പറയും لاَ تَسۡمَعُوا നിങ്ങൾ കേൾക്കരുതു (ചെവികൊടുക്കരുതു) لِهَٰذَا ٱلْقُرْءَانِ ഈ ഖുർആനിലേക്കു وَالۡغَوۡ فِيهِ അതിൽ നിങ്ങൾ ഒച്ചപ്പാടുണ്ടാക്കുക (തിരക്കുകൂട്ടുക)യും ചെയ്യുവിൻ لَعَلَّكُمۡ നിങ്ങളായേക്കാം, ആകുവാൻവേണ്ടി تَغْلِبُون നിങ്ങൾ ജയിക്കും, മികച്ചുനിൽക്കുന്ന (വർ)
തെളിവ്, ന്യായം, മർദ്ദനം, ഉപായം എന്നിവകൊണ്ടൊന്നും ക്വുർആന്റെ വശ്യശക്തിയെ മറികടക്കുവാൻ ഖുറൈശീ മുശ്രിക്കുകൾക്കു കഴിയാതിരുന്നപ്പോൾ അവർ പ്രയോഗിച്ച മറ്റൊരായുധമാണിത്. ഖുർആൻ ഓതിക്കേൾപ്പിക്കപ്പെടുമ്പോൾ അനാവശ്യ സംസാരം, ചൂളംവിളി, കൈമുട്ടുപോലെയുള്ള എന്തെങ്കിലും ശബ്ദകോലാഹളങ്ങൾ വഴി ബഹളംകൂട്ടുക. എന്നാൽ മറ്റുള്ളവർക്ക് അതു കേൾക്കുവാൻ സാധിക്കാതെ വരുമല്ലോ. ഇങ്ങിനെ, ആ സംരംഭത്തെ പരാജയപ്പെടുത്തി തങ്ങൾക്കു വിജയം നേടാമെന്നാണവരുടെ വ്യാമോഹം. പക്ഷെ, ഖുർആന്റെ അമാനുഷികമായ സ്വാധീനശക്തിയെ വെല്ലുവാൻ അവർക്കുണ്ടോ കഴിയുന്നു?!
‘ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക’ എന്ന അപലപനീയമായ ഈ അടവ് ഖുറൈശികൾ മാത്രമല്ല സ്വീകരിക്കാറുള്ളത്. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കും എതിരായി ശബ്ദം ഉയർത്തുന്നവരുടെ നേരെ ചില പാമര വിഡ്ഢികളും, അവരെ ചൂഷണം ചെയ്യുന്ന ദുഷ്ടനേതാക്കളും ഉപയോഗിച്ചുവരാറുള്ളതാണ്. നമ്മുടെ രാഷ്ട്രീയ വേദികളിലും നിയമസഭായോഗങ്ങളിലുമെല്ലാം തന്നെ ഇന്നു ഇതു പ്രചാരത്തിൽ വന്നിരിക്കയാണല്ലോ. 1400 കൊല്ലം മുമ്പ് ജീവിച്ചിരുന്ന സത്യനിഷേധികളായ ആ അപരിഷ്കൃത അറബികൾ അന്നു ക്വുർആന്റെ നേരെ സ്വീകരിച്ച അതേ പൈശാചിക അടവ് ഇന്നു ഉൽബുദ്ധരെന്നു അവകാശപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽപോലും അനുകരിക്കപ്പെടുന്നതു കാണുമ്പോൾ, മനുഷ്യഹൃദയമുള്ളവർക്കു ലജ്ജയും വിസ്മയവും തോന്നിപ്പോകും!
അതിൽ ഒച്ചപ്പാടുണ്ടാക്കുവിൻ (وَٱلْغَوْا۟ فِيهِ) എന്ന വാക്യത്തിനു ഇമാം ബൈള്വാവീ (رحمه الله) നൽകിയ വ്യാഖ്യാനം ശ്രദ്ധേയമാകുന്നു.
وعاوضوه بالخرافات أو ارفعوا أصواتكم بها لتشوشوه على القارئ
(സാരം: വായിക്കുന്നവനു ശല്യമുണ്ടാക്കുവാനായി അടിസ്ഥാനരഹിതമായ വാർത്തകൾകൊണ്ടു നിങ്ങളതിനെ എതിർക്കുവിൻ. അല്ലെങ്കിൽ, അവ മുഖേന നിങ്ങൾ ശബ്ദം ഉയർത്തുവിൻ). ചെണ്ടമുട്ടിയും, കൂക്കിവിളിച്ചും, ഗാനാലാപങ്ങൾ നടത്തിയും, അനാവശ്യമായി സംസാരിച്ചും -എന്നു വേണ്ട മറ്റേതുവിധേനയും- സത്യം കേൾക്കുന്നതിൽനിന്നു മറ്റുള്ളവരെ തടയുവാൻ പ്രതിയോഗികൾ ഉണ്ടാക്കുന്ന ശല്ല്യങ്ങളെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു.
- فَلَنُذِيقَنَّ ٱلَّذِينَ كَفَرُوا۟ عَذَابًا شَدِيدًا وَلَنَجْزِيَنَّهُمْ أَسْوَأَ ٱلَّذِى كَانُوا۟ يَعْمَلُونَ ﴾٢٧﴿
- എന്നാൽ, (ആ) അവിശ്വസിച്ചവർക്ക് നിശ്ചയമായും കഠിനമായ ശിക്ഷ നാം ആസ്വദിപ്പിക്കുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിലെ തിന്മ (കൾ)ക്കു അവർക്കു നാം പ്രതിഫലം നൽകുകയും തന്നെ ചെയ്യും.
- فَلَنُذِيقَنَّ എന്നാൽ നിശ്ചയമായും നാം ആസ്വദിപ്പിക്കും (അനുഭവിപ്പിക്കും) الَّذِينَ كَفَرُوا അവിശ്വസിച്ചവർക്കു عَذَاباً شَدِيدًا കഠിനമായ ശിക്ഷ وَلَنَجْزِيَنَّهُمْ അവർക്കു നാം പ്രതിഫലം കൊടുക്കുകയും തന്നെ ചെയ്യും أَسْوَأَالَّذِي യാതൊന്നിലെ തിന്മക്കു كَانُوا يَعْمَلُونَ അവർ പ്രവർത്തിച്ചിരുന്ന
- ذَٰلِكَ جَزَآءُ أَعْدَآءِ ٱللَّهِ ٱلنَّارُ ۖ لَهُمْ فِيهَا دَارُ ٱلْخُلْدِ ۖ جَزَآءًۢ بِمَا كَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ ﴾٢٨﴿
- അതാ, അല്ലാഹുവിന്റെ ശത്രുക്കളുടെ പ്രതിഫലം - നരകം! അവർക്കതിൽ സ്ഥിരവാസത്തിന്റെ ഭവനമുണ്ട്; നമ്മുടെ (ലക്ഷ്യ) ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചിരുന്നതിനു് പ്രതിഫലമായിട്ട്.
- ذَلِكَ جَزَاءُ അതു (അതാ) പ്രതിഫലം أَعْدَاءِ اللَّـهِ അല്ലാഹുവിന്റെ ശത്രുക്കളുടെ النَّارُ നരകം لَهُمْ فِيهَا അതിൽ അവർക്കുണ്ട് دَارُ الْخُلْدِ സ്ഥിരവാസത്തിന്റെ വീടു (ഭവനം) جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവരായിരുന്നതിനു بِآيَاتِنَا നമ്മുടെ ആയത്തുകളെ يَجْحَدُونَ നിഷേധിക്കും
- وَقَالَ ٱلَّذِينَ كَفَرُوا۟ رَبَّنَآ أَرِنَا ٱلَّذَيْنِ أَضَلَّانَا مِنَ ٱلْجِنِّ وَٱلْإِنسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنَ ٱلْأَسْفَلِينَ ﴾٢٩﴿
- അവിശ്വസിച്ചവർ (അവിടെവെച്ച്) പറയും; 'ഞങ്ങളുടെ റബ്ബേ! ജിന്നുകളിൽനിന്നും മനുഷ്യരിൽനിന്നും ഞങ്ങളെ വഴിപിഴപ്പിച്ച ഇരുകൂട്ടരെയും ഞങ്ങൾക്ക് കാട്ടിത്തരേണമേ; രണ്ടു കൂട്ടരും ഏറ്റവും അധമന്മാരുടെ കൂട്ടത്തിലായിത്തീരുവാൻ വേണ്ടി, ഞങ്ങൾ അവരെ ഞങ്ങളുടെ കാലടികൾക്കു താഴെയാ(ക്കി ചവിട്ടിയേ)ക്കട്ടെ.’
- وَقَالَ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവർ رَبَّنَا أَرِنَا ഞങ്ങളുടെ റബ്ബേ ഞങ്ങൾക്കു കാട്ടിത്തരണം الَّذَيْنِ യാതൊരു രണ്ടുകൂട്ടരെ أَضَلانَا ഞങ്ങളെ വഴിപിഴപ്പിച്ച مِنَ الْجِنِّ ജിന്നിൽനിന്നു وَالإِنۡسِ മനുഷ്യരിൽനിന്നും نَجْعَلْهُمَا രണ്ടുകൂട്ടരെയും ഞങ്ങൾ ആക്കട്ടെ تَحْتَ أَقْدَامِنَا ഞങ്ങളുടെ കാലടികൾക്കു താഴെ لِيَكُونَا അവർ ആയിത്തീരുവാൻ مِنَ الأَسْفَلِينَ ഏറ്റവും അധമൻമാരിൽ, താണവരിൽ
തങ്ങളെ വഴിപിഴപ്പിക്കുന്നതിൽ പങ്കുവഹിച്ച മനുഷ്യപ്പിശാചുക്കളെയും, ജിന്‍പിശാചുക്കളെയും ചവിട്ടിമെതിച്ചു നിന്ദിച്ചുകൊണ്ടു പകപോക്കുവാൻ ഒരവസരം നൽകണേ എന്നു അവർ അപേക്ഷിക്കുകയാണ്. തങ്ങൾ അതികഠിനമായ ഈ ശിക്ഷകൾക്കു വിധേയരായതിനു കാരണക്കാരാണല്ലോ അവർ. ഇഹത്തിൽവെച്ചു അവരോടുണ്ടായിരുന്ന സ്നേഹാദരവുകളും ഇണക്കവണക്കങ്ങളുമെല്ലാം ഇപ്പോൾ അസ്തമിച്ചുപോയി. ഇപ്പോൾ അവരാണ് ഇവരുടെ ഏറ്റവും വെറുക്കപ്പെട്ട ശത്രുക്കൾ.
കഴിഞ്ഞ കുറെ ആയത്തുകളിൽ അവിശ്വാസികളുടെ സ്വഭാവങ്ങളും, ശിക്ഷകളുമായിരുന്നു സംസാരവിഷയം: തുടർന്നുള്ള ഏതാനു വചനങ്ങളിൽ – ഖുർആന്റെ സാധാരണ പതിവുപോലെ സത്യവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു:-
- إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ﴾٣٠﴿
- 'ഞങ്ങളുടെ റബ്ബ് അല്ലാഹുവാണു എന്നു പറയുകയും, പിന്നീടു (അതനുസരിച്ചു) ചൊവ്വായി നിലകൊള്ളുകയും ചെയ്തിട്ടുള്ളവർ, അവരിൽ മലക്കുകൾ (സന്തോഷ വാർത്തയുമായി) ഇറങ്ങിവരുന്നതാണ്: അതായതു: 'നിങ്ങൾ പേടിക്കേണ്ടാ, നിങ്ങൾ വ്യസനിക്കുകയും വേണ്ടാ, നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വർഗ്ഗം കൊണ്ടു നിങ്ങൾ സന്തോഷമടഞ്ഞുകൊള്ളുവിൻ!
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുവർ قَالُوا അവർ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്നു ثُمَّ اسْتَقَامُوا പിന്നെ അവർ ചൊവ്വിന്നു നിന്നു, നേരെനിന്നു تَتَنَزَّلُ ഇറങ്ങിവരും عَلَيْهِمُ അവരിൽ المَلَائِكَةُ മലക്കുകൾ أَلا تَخَافُوا നിങ്ങൾ ഭയപ്പെടരുതു എന്നു (പറഞ്ഞുകൊണ്ടു) وَلَا تَحْزَنُوا നിങ്ങൾ വ്യസനിക്കുകയും ചെയ്യരുതു وَأَبْشِرُوا നിങ്ങൾ സന്തോഷപ്പെടുകയും ചെയ്യുവിൻ بِالْجَنَّةِ الَّتِي യാതൊരു സ്വർഗ്ഗംകൊണ്ടു كُنۡتُمْ تُوعَدُونَ നിങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
- نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴾٣١﴿
- ‘ഇഹത്തിലും, പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങളാണ് ഞങ്ങൾ. നിങ്ങൾക്കു അവിടത്തിൽ [പരലോകത്തു] നിങ്ങളുടെ മനസ്സുകൾ എന്തു ഇച്ഛിക്കുന്നുവോ അതു (മുഴുവനും) ഉണ്ടായിരിക്കും. നിങ്ങൾ അവിടെവെച്ച് എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും;-
- نَحْنُ ഞങ്ങൾ أَوْلِيَاؤُكُمْ നിങ്ങളുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിൽ وَفِي الْآخِرَةِ പരലോകത്തിലും وَلَكُمْ فِيهَا അതിൽ നിങ്ങൾക്കുണ്ടുതാനും مَاتَشْتَهِي ഇച്ഛിക്കുന്നതു, ആശിക്കുന്നതു أَنۡفُسُكُمْ നിങ്ങളുടെ മനസ്സുകൾ وَلَكُمْ فِيهَا അതിൽ നിങ്ങൾക്കുണ്ടു مَا تَدَّعُونَ നിങ്ങൾ വിളിച്ചാവശ്യപ്പെടുന്നതും
- نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴾٣٢﴿
- വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായ ഒരുവനിൽ [അല്ലാഹുവിൽ] നിന്നുള്ള സൽക്കാരമായികൊണ്ട് !'
- نُزُلًا വിരുന്നു (ആതിഥ്യം) ആയിക്കൊണ്ടു مِنْ غَفُورٍ വളരെ പൊറുക്കുന്ന ഒരുവനിൽനിന്നുള്ള رَحِيمٍ കരുണാനിധിയായ
അല്ലാഹുവിൽ ശരിക്കും വിശ്വസിക്കുകയും, അതു പ്രഖ്യാപിക്കുകയും, അതിന്റെ താല്‍പര്യമനുസരിച്ചു നേർമാർഗ്ഗത്തിൽ ചരിക്കുകയും ചെയ്യുന്നവരുടെ അടുക്കൽ ഐഹീകവും പാരത്രീകവുമായ സന്തോഷവാർത്തകളുമായി മലക്കുകൾ ഇറങ്ങിവന്നു അവരെ സമാധാനിപ്പിച്ചു കൊണ്ടിരിക്കുമെന്നാണ് ഈ വചനങ്ങൾ മുഖേന അല്ലാഹു അറിയിക്കുന്നത്. പ്രസ്തുത സന്തോഷവാർത്തക്കു പ്രധാന ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണം ഇങ്ങിനെ സംഹ്രഹിക്കാം:
‘നിങ്ങൾ പരലോകത്തു വരുമ്പോൾ നിങ്ങൾക്കവിടെ പേടിക്കേണ്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. നിങ്ങൾ ഇഹലോകത്തു വിട്ടുപോകുന്ന മക്കൾ, കുടുംബങ്ങൾ മുതലായവയെപ്പറ്റി നിങ്ങൾ വ്യസനിക്കേണ്ടതുമില്ല. അല്ലാഹുവിന്റെ റസൂലുകൾ മുഖാന്തരം സല്‍ക്കർമ്മശാലികൾക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗ്ഗം നിങ്ങൾക്കു ലഭിക്കുന്നതാണ്. ഞങ്ങളാകട്ടെ ഇരുലോകത്തും നിങ്ങളുടെ മിത്രങ്ങളും ഗുണകാംക്ഷികളുമാകുന്നു . ഐഹിക ജീവിതത്തിൽ നിങ്ങൾക്കു കാണ്മാൻ കഴിയാത്ത പല സഹായങ്ങളും ഞങ്ങൾ നൽകുന്നുണ്ട്. നിങ്ങൾക്കു സൽക്കർമ്മം ചെയ്‌വാനുള്ള പ്രചോദനം നൽകുക, നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക മുതലായവ ഞങ്ങൾ ചെയ്തുവരുന്നു. ഖബറിലെ ജീവിതത്തിലും, പുനരുത്ഥാനത്തിന്റെ ഭയങ്കര ഘട്ടങ്ങളിലുമെല്ലാം ഞങ്ങൾ നിങ്ങൾക്കു മനസ്സമാധാനം നല്കിക്കൊണ്ടിരിക്കും. സ്വർഗ്ഗത്തിലാണെങ്കിൽ, നിങ്ങൾ ഇച്ഛിക്കുന്നതും, നിങ്ങൾ ആവശ്യപെടുന്നതുമെല്ലാം നിങ്ങൾക്കവിടെ തയ്യാറുണ്ടായിരിക്കുന്നതുമാകുന്നു. വളരെ പൊറുക്കുന്നവനും വളരെ കാരുണ്യവാനുമായ അല്ലാഹു നിങ്ങൾക്കായി ഒരുക്കിവെച്ചിട്ടുളള വിരുന്നു സൽക്കാരമായിരിക്കും അത്.’
സജ്ജനങ്ങളായ ആളുകൾക്കു മലക്കുകളിൽനിന്നു ഈ സന്തോഷവാർത്തകൾ ലഭിക്കുന്നതു എപ്പോഴായിരിക്കും? ഇതിനെക്കുറിച്ചു ചില നിവേദനങ്ങളും അഭിപ്രായങ്ങളും ഉദ്ധരിച്ചുകൊണ്ടു ഇമാം ഇബ്നു കഥീർ (رحمه الله) പറയുന്നു : ‘മരണസമയത്തും, ഖബ്റിൽവെച്ചും, പുനരുത്ഥാനസമയത്തും, മലക്കുകൾ സന്തോഷവാർത്ത അറിയിക്കുമെന്ന് സൈദുബ്നു അസ്‍ലം (رحمه الله) പറഞ്ഞതായി ഇബ്‌നു അബീഹാതിം (رحمه الله) നിവേദനം ചെയ്തിരിക്കുന്നു. ഈ പ്രസ്താവന മുൻപറഞ്ഞ എല്ലാ അഭിപ്രായങ്ങളും ഉൾക്കൊള്ളുന്നതാണ്. ഇതു വളരെ നല്ല അഭിപ്രായവും യാഥാർത്ഥമായിട്ടുള്ളതുമാകുന്നു.’
ഇമാം മുസ്‌ലിം (رحمه الله) മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: ‘സുഫ്-യാനുബ്‌നു അബ്ദില്ലാ (رضي الله عنه) റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ! അവിടുത്തേക്കുശേഷം മറ്റാരോടും ഞാൻ (കൂടുതൽ) ചോദിച്ചറിയേണ്ടി വരാത്ത ഒരു വാക്കു് ഇസ്ലാമിനെക്കുറിച്ച് എനിക്കു പറഞ്ഞു തന്നേക്കണം. തിരുമേനി പറഞ്ഞു: ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു എന്നു നീ പറയുക. പിന്നീട് നീ ചൊവ്വായി നിലകൊള്ളുക.’ (قُلْ: آمَنْتُ بِاللهِ ثُمَّ اسْتَقِمْ) പിന്നീടദ്ദേഹം, താൻ ഏറ്റവുമധികം സൂക്ഷിക്കേണ്ട കാര്യമെന്താണെന്നു ചോദിച്ചു. തിരുമേനി, നാവിലേക്കു ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ഇതാണ് ‘ എന്നു ഉത്തരം പറഞ്ഞു.’