സൂറത്ത് ഹാമീം സജദഃ : 01-18
ഹാ-മീം സജദഃ
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകൂഉ്) 6
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
സൂറത്ത് ‘ഫുസ്-സ്വിലത്ത്’’ എന്നും ഇതിന് പേരുണ്ട്.
ഇമാം ബൈഹഖീ, ഹാകിം (رحمهما الله) മുതലായ പല ഹദീഥ് പണ്‌ഡിതന്‍മാരും നിവേദനം ചെയ്‌തിട്ടുള്ള ഒരു സംഭവമാണ് ചുവടെ ചേര്‍ക്കുന്നത്:-
ഒരിക്കല്‍ ഖുറൈശികള്‍ ഒരു യോഗം ചേര്‍ന്ന് ഇങ്ങനെ പ്രസ്‌താവിക്കുകയുണ്ടായി: `നമുക്കിടയില്‍ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കുകയും, നമ്മുടെ മതത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന ഈ മനുഷ്യന്റെ (നബിയുടെ) അടുക്കല്‍ ചെന്ന് ജാലവിദ്യ, പ്രശ്‌നവിദ്യ, കവിത ആദിയായവയില്‍ സമര്‍ത്ഥനായ ഒരാള്‍ അവനുമായി ഒരു സംഭാഷണം നടത്തി അവനെ അതില്‍നിന്ന് പിന്‍മാറ്റുവാന്‍ സാധിക്കുമോ എന്ന് നോക്കട്ടെ. `ഇതിനായി ഉത്ത്ബത്തുബ്‌നു റബീഅഃ (عتبة بن ربيعة) യെ അവര്‍ പറഞ്ഞയച്ചു. ഉത്ത്ബത്തു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) fയുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറഞ്ഞു: `മുഹമ്മദേ, നീയോ (നിന്റെ പിതാവായ) അബ്‌ദുല്ലയോ ഉത്തമന്‍?’ തിരുമേനി മൗനമവലംബിച്ചു. വീണ്ടും ഉത്ത്ബത്ത്: `അല്ലെങ്കില്‍ നീയോ (നിന്റെ പിതാമഹന്‍) അബ്‌ദുല്‍ മുത്വലിബോ ഉത്തമന്‍?’ തിരുമേനി ഉത്തരം പറഞ്ഞില്ല. ഉത്ത്ബത്ത് തുടര്‍ന്നു. `ഇവരെല്ലാം നിന്നെക്കാള്‍ ഉത്തമന്‍മാരായിരുന്നുവെങ്കില്‍, നീ കുറ്റപ്പെടുത്തുന്ന ഈ ദൈവങ്ങളെ (വിഗ്രഹങ്ങളെ) അവരും ആരാധിച്ചു വന്നിരുന്നു. അവരെക്കാള്‍ ഉത്തമന്‍ നീയാണെന്ന് പറയുന്നുവെങ്കില്‍ നീയൊന്ന് സംസാരിക്കൂ, ഞങ്ങള്‍ കേള്‍ക്കട്ടെ!’
ഉത്ത്ബത്ത് തുടര്‍ന്നു: ‘അല്ലാഹുവാണ സത്യം! ഈ ജനതയില്‍ നിന്നെക്കാള്‍ ലക്ഷണം കെട്ടവന്‍ മറ്റൊരാളും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ഐക്യം നീ ശിഥിലമാക്കി: ഞങ്ങളുടെ കാര്യങ്ങള്‍ നീ താറുമാറാക്കി: മതത്തെ നീ കുറ്റപ്പെടുത്തി: അറബികളുടെ മുമ്പില്‍ ഞങ്ങളെ അപമാനിച്ചു. ഹേ, മനുഷ്യാ! നിനക്ക് (സാമ്പത്തികമായ) വല്ല ആവശ്യവുമാണുള്ളതെങ്കില്‍, ഞങ്ങള്‍ നിനക്ക് ധനം ശേഖരിച്ചുതന്ന് നിന്നെ ക്വുറൈശികളില്‍ വലിയ ഒരു ധനികനാക്കിത്തരാം. വിവാഹമാണാവശ്യമെങ്കില്‍, നീ ഇഷ്‌ടപ്പെടുന്ന സ്‌ത്രീയെ നിനക്ക് വിവാഹം ചെയ്‌തുതരാം. വേണമെങ്കില്‍ പത്തുപേരെ വിവാഹം കഴിച്ചുതരാം.’
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: `താങ്കള്‍ പറഞ്ഞ് കഴിഞ്ഞുവോ?’ ഉത്ത്ബത്ത്: ‘അതെ,’ ‘എന്നാല്‍ കേള്‍ക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തിരുമേനി ‘ഹാ- മീം സജദഃയുടെ ‘ബിസ്‌മില്ലാഹി’ മുതല്‍ 13-ാം വചനം തീരുന്നതുവരെ (من بسم الله – الى قوله : مثل صاعقة عاد و ثمود) ഉത്ത്ബത്തിനെ ഓതികേള്‍പ്പിച്ചു.കൈകള്‍ പിന്നോക്കം കെട്ടിനിന്ന് അതെല്ലാം കേട്ട ഉത്ത്ബത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് അപേക്ഷിച്ചു: ‘മതി!മതി!! ഉത്ത്ബത്തിന്റെ വന്നപ്പോഴത്തെ മുഖഭാവം മാറി. ഖുറൈശികളുടെ സദസ്സിലേക്കല്ല, നേരെ സ്വന്തം വീട്ടിലേക്കായിരുന്നു. അയാള്‍ മടങ്ങിപ്പോയത്.
ഉത്ത്ബത്ത് മതം മാറിപ്പോയോ എന്ന് പോലും ഖുറൈശികള്‍ സംശയിച്ചു. അബൂ ജഹ്‌ല്‍ മുതലായവര്‍ അയാളെ വീട്ടില്‍ ചെന്ന് കണ്ടു. അയാള്‍ അവരോടിങ്ങനെ പറഞ്ഞു: ‘മുഹമ്മദില്‍ നിന്ന് ഞാന്‍ ചിലതെല്ലാം കേള്‍ക്കുകയുണ്ടായി, അത് ജാലമല്ല, പ്രശ്‌നവുമല്ല, കവിതയുമല്ല. അതുപോലുള്ള വാക്കുകള്‍ ഞാന്‍ കേട്ടിട്ടില്ല. അവസാനം അവന്‍ ‘ആദു-ഥമൂദി’ന്റെതു പോലെയുള്ള ശിക്ഷയെകുറിച്ചു നമ്മെ താക്കീതും ചെയ്കയുണ്ടായി. അപ്പോള്‍ ഞാനവന്റെ വായക്കുപിടിച്ച് കേണപേക്ഷിച്ചു. എന്നിട്ടാണ് അവനത് നിറുത്തിയത്. നിങ്ങള്‍ക്കറിയാമല്ലോ, മുഹമ്മദ് കളവ് പറയാറില്ലെന്ന്. അതുകൊണ്ട് നമുക്ക് വല്ല ശിക്ഷയും ബാധിച്ചേക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടുപോയി!’
ഒരു നിവേദനത്തില്‍ ഉത്ത്ബത്തിന്റെ മറുപടിയില്‍ ഇപ്രകാരവും കാണാം: ‘മുഹമ്മദിനെയും, അവന്റെ കാര്യത്തെയും നിങ്ങള്‍ വിട്ടേക്കുക. നിശ്ചയമായും അവന്നൊരു ഭാവിയുണ്ട്. ഞാന്‍ ഇപ്പറയുന്നത് നിങ്ങള്‍ അനുസരിക്കണം. വേറെ ഏത് വാക്ക് നിങ്ങള്‍ നിരസിച്ചാലും വിരോധമില്ല. അറബികള്‍ മുഹമ്മദിനെ അപായപ്പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് അവന്റെ ശല്യം നീങ്ങുമല്ലോ. അതല്ല, അവന് പ്രതാപം വര്‍ദ്ധിക്കുകയാണെങ്കില്‍, അത് നിങ്ങളുടെ -ഖുറൈശികളുടെ- യും പ്രതാപമായിരിക്കും.’ ഉത്ത്ബത്തിനെ അമ്പരപ്പിച്ച ആ സൂക്തങ്ങളെ മനസ്സിരുത്തി വായിക്കുമ്പോള്‍ അറിയാം അവയിലടങ്ങിയ ആശയങ്ങളുടെ ഗൗരവം.
- تَنزِيلٌ مِّنَ ٱلرَّحْمَٰنِ ٱلرَّحِيمِ ﴾٢﴿
- പരമകാരുണികനും, കരുണാനിധിയുമായുള്ളവനിൽ നിന്നുള്ള അവതരണമാണ് (ഇത്) .
- تَنۡزِيلٌ അവതരിപ്പിക്കൽ مِنَ الرَّحْمَـنِ പരമകാരുണികനിൽ നിന്നുള്ള الرَّحِيمِ കരുണാനിധിയായ
- كِتَٰبٌ فُصِّلَتْ ءَايَٰتُهُۥ قُرْءَانًا عَرَبِيًّا لِّقَوْمٍ يَعْلَمُونَ ﴾٣﴿
- അറബിഭാഷയിലുള്ള ഒരു 'ഖുർആൻ' [പാരായണ ഗ്രന്ഥം] എന്ന നിലയിൽ 'ആയത്ത് ' [സൂക്തം]കൾ വിശദീകരിക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം,അറിയുന്ന ജനങ്ങൾക്കു വേണ്ടി!-
- كِتَابٌ ഒരു ഗ്രന്ഥം(വേദഗ്രന്ഥം) فُصِّلَتْ വിശദീകരിക്കപ്പെട്ടിട്ടുണ്ട്,വേർതിരിച്ചു പറയപ്പെട്ട آيَاتُهُ അതിന്റെ ആയത്തുകൾ قُرْآنًا ഒരു ഖുർആൻ (പാരായണ ഗ്രന്ഥം) ആയിക്കൊണ്ട് عَرَبِيًّا അറബിയിലുള്ള لِّقَوْمٍ ഒരു ജനതക്കുവേണ്ടി يَعْلَمُونَ അറിയുന്ന
- بَشِيرًا وَنَذِيرًا فَأَعْرَضَ أَكْثَرُهُمْ فَهُمْ لَا يَسْمَعُونَ ﴾٤﴿
- സന്തോഷവാർത്ത അറിയിക്കുന്നതും, താക്കീതു നൽകുന്നതുമായികൊണ്ട്. എന്നാൽ, അവരിൽ അധികമാളും (അവഗണിച്ച്) തിരിഞ്ഞുകളഞ്ഞു. അങ്ങനെ, അവർ (ചെവികൊടുത്ത്) കേൾക്കുന്നില്ല.
- بَشِيرًا സന്തോഷവാർത്ത അറിയിക്കുന്നതായി وَنَذِيرًا താക്കീത് നൽകുന്നതും. فَأَعْرَضَ എന്നാൽ (എന്നിട്ട്) തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു أَكْثَرُهُمْ അവരിലധികവും فَهُمْ അങ്ങനെ അവർلَا يَسْمَعُونَ കേൾക്കുന്നില്ല,ചെവി കൊടുക്കുന്നില്ല
ബാഹ്യവും ആന്തരികവുമായ എല്ലാതരം കാരുണ്യങ്ങളുടെയും പരമകേന്ദ്രമായ അല്ലാഹു അവന്റെ അടിയന്മാരുടെ ശാശ്വത നന്മയ്ക്കുവേണ്ടി അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമത്രെ വിശുദ്ധ ഖുർആൻ. നിഷ്‌പ്രയാസം പാരായണം ചെയ്‍വാനും, ഗ്രഹിച്ചു മനസ്സിലാക്കുവാനും വേണ്ടി അതിലെ സൂക്തങ്ങൾ ഓരോന്നും വെവ്വേറെ പിരിച്ചു വേർതിരിച്ചും, അതാതിലെ ആശയങ്ങൾ വിശദീകരിച്ചുംകൊണ്ടു അറബി ഭാഷയിലുള്ള ഒരു നിത്യപാരായണഗ്രന്ഥമായിട്ടാണ് അതു അവതരിപ്പിക്കുന്നത്. കാര്യങ്ങൾ ഗ്രഹിക്കുന്ന – വസ്തുതകളെപ്പറ്റി ആലോചിക്കുന്ന ആളുകൾക്ക് അതു പ്രയോജനപ്പെടാതിരിക്കുകയില്ല. സത്യത്തിൽ വിശ്വസിക്കുന്നവർക്ക് അതു സന്തോഷവാർത്തയും, അവിശ്വസിക്കുന്നവർക്കു അതു താക്കീതും നൽകുന്നു.
‘വിവരിക്കപ്പെട്ടു, വേർതിരിക്കപ്പെട്ടു’ എന്നൊക്കെ അർത്ഥം വരാവുന്ന വാക്കാണ് فصلت (ഫുസ് -സ്വിലത്ത്). അതുകൊണ്ടു രണ്ടുതരത്തിലുള്ള വ്യാഖ്യാനങ്ങൾ അതിനു നല്കപ്പെട്ടുകാണാം.
1. ഖുർആന്റെ ആയത്തുകളാകുന്ന വചനങ്ങൾ – അല്ലെങ്കിൽ (*) അദ്ധ്യായങ്ങൾ -ഓരോന്നിനും സൗകര്യപൂർവ്വം പ്രത്യേക തരത്തിലുള്ള പ്രാരംഭവും സമാപനവും നൽകിക്കൊണ്ട് ഹൃദ്യവും, ആകർഷണീയവുമായ ശൈലിയിലാണ് ഖുർആൻ ഉള്ളത്.
2. ഖുർആനിലെ ഓരോ വചനവും, ഓരോ അദ്ധ്യായവും, അതതിലെ ആശയങ്ങൾ ജനങ്ങൾക്ക് വേണ്ടത് പോലെ ഗ്രഹിക്കുമാറ് സമർത്ഥമായ രീതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, ഈ രണ്ടു വ്യാഖ്യാനവും ഖുർആനെ സംബന്ധിച്ചിടത്തോളം തികച്ചും യാഥാർത്ഥവുമാണ്. പക്ഷെ എന്നിട്ടും ജനങ്ങളിൽ മിക്കവരും അതിന്റെ നേരെ അവഗണനയാണ് കാണിക്കുന്നത്. മാത്രമല്ല ;-
(*) ഖുർആൻ സൂക്തങ്ങൾക്കും അദ്ധ്യായങ്ങൾക്കും ‘ആയത്തുകൾ ‘ എന്നു പറയാമെന്നു കഴിഞ്ഞ അദ്ധ്യായത്തിൽ വെച്ചു നാം കണ്ടുവല്ലോ.
- وَقَالُوا۟ قُلُوبُنَا فِىٓ أَكِنَّةٍ مِّمَّا تَدْعُونَآ إِلَيْهِ وَفِىٓ ءَاذَانِنَا وَقْرٌ وَمِنۢ بَيْنِنَا وَبَيْنِكَ حِجَابٌ فَٱعْمَلْ إِنَّنَا عَٰمِلُونَ ﴾٥﴿
- അവർ പറയുകയും ചെയ്യുന്നു: '(മുഹമ്മദേ) നീ യാതൊന്നിലേക്കു ഞങ്ങളെ ക്ഷണിക്കുന്നുവോ അതിനെക്കുറിച്ച് ഞങ്ങളുടെ ഹൃദയങ്ങൾ (ഒരു തരം) മൂടികളിലാണുള്ളത്; ഞങ്ങളുടെ കാതുകളിലുമുണ്ട് (ഒരു തരം) കട്ടി. ഞങ്ങളുടെയും നിന്റെയും ഇടക്കു (യോജിക്കാത്തവണ്ണം) ഒരു മറയുമുണ്ട്.ആകയാൽ (നീ കണ്ടതു) നീ പ്രവർത്തിച്ചു കൊള്ളുക; നിശ്ചയമായും ഞങ്ങൾ (കണ്ടതു ഞങ്ങളും) പ്രവർത്തിക്കുന്നവരാണ്!'
- وَقَالُوا അവർ പറയുകയും ചെയ്തു (ചെയ്യുന്നു) قُلُوبُنَا ഞങ്ങളുടെ ഹൃദയങ്ങൾ فِي أَكِنَّةٍ (ചില) മൂടികളിലാണ് مِمَّا യാതൊന്നിനെപ്പറ്റി تَدْعُونَا നീ ഞങ്ങളെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക് وَفِي آذَانِنَا ഞങ്ങളുടെ കാതുകളിലുമുണ്ട് وَقْرٌ ഒരു കട്ടി,ഭാരം وَمِنۡ بَيْنِنَا ഞങ്ങളുടെ ഇടയിലുണ്ട് وَبَيْنِكَ നിന്റെ ഇടയിലും حِجَابٌ ഒരു മറ (തടസ്സം) فَاعْمَلْ ആകയാൽ പ്രവർത്തിച്ചു കൊള്ളുക إِنَّنَا നിശ്ചയമായും ഞങ്ങൾ عَامِلُونَ പ്രവർത്തിക്കുന്നവരാണ്
ഞങ്ങൾ സത്യം ചെവിക്കൊള്ളുവാൻ ഒരിക്കലും തയ്യാറില്ലെന്നും, നാം തമ്മിൽ യോജിച്ചു പോവുക സാധ്യമല്ലെന്നും നിസ്സങ്കോചം ദുരഭിമാനം കൊള്ളുവാൻ അവർ ധൃഷ്ടരായിരിക്കുകയാണ്. എന്നിട്ടും, സൗമ്യമായ രീതിയിൽ അവരോടു മറുപടി പറയുവാൻ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു:-
- قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَٱسْتَقِيمُوٓا۟ إِلَيْهِ وَٱسْتَغْفِرُوهُ ۗ وَوَيْلٌ لِّلْمُشْرِكِينَ ﴾٦﴿
- (നബിയേ) പറയുക: 'ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രം; നിങ്ങളുടെ ഇലാഹു [ആരാധ്യൻ] ഒരേ ഒരു ഇലാഹാണെന്നു എനിക്കു 'വഹ്‌യു' [ഉൽബോധനം] നൽകപ്പെടുന്നു. ആകയാൽ, നിങ്ങൾ അവങ്കലേക്കു ചൊവ്വായി നിലകൊള്ളുവിൻ; അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ.' ബഹുദൈവവിശ്വാസികൾക്ക് നാശം.
- قُلْ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാൻ بَشَرٌ ഒരു മനുഷ്യൻ (മാത്രം) مِثْلُكُمْ നിങ്ങളെപ്പോലുള്ള يُوحَی إِلَيَّ എനിക്ക് വഹ്‌യു നൽകപ്പെടുന്നു أَنَّمَا إِلَـهُكُمْ നിങ്ങളുടെ ഇലാഹാണെന്നു إِلَهٌ وَاحِدٌ ഏകനായ (ഒരേ) ഇലാഹ് فَاسْتَقِيمُوا അതുകൊണ്ട് നിങ്ങൾ ചൊവ്വായി(നേരെ) നിലകൊള്ളുവിൻ إِلَيْهِ അവങ്കലേക്ക് وَاسْتَغْفِرُوهُ അവനോട് പാപമോചനം (പൊറുക്കൽ) തേടുകയും ചെയ്യുവിൻ وَوَيْلٌ കഷ്ടം, നാശം لِلْمُشْرِكِينَ മുശ്രിക്കുകൾക്കാണ്
- ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ كَٰفِرُونَ ﴾٧﴿
- 'സക്കാത്ത്' കൊടുക്കാത്തവർ; പരലോകത്തെക്കുറിച്ചാകട്ടെ, അവർ അവിശ്വാസികളുമാണ് (അങ്ങിനെയുള്ള മുശ്‌രിക്കുകൾക്ക് നാശം).
- الَّذِينَ لَا يُؤْتُونَ കൊടുക്കാത്തവരായ الزَّكَاةَ സകാത്ത്, ധർമ്മം وَهُمۡ അവർ, അവരാകട്ടെ بِالْآخِرَةِ പരലോകത്തെപ്പറ്റി هُمْ അവർ كَافِرُونَ അവിശ്വാസികളാണ് (താനും)
മാനുഷികമായ പ്രകൃതിയിൽ ഞാനും നിങ്ങളെപ്പോലെയുള്ള ഒരുവൻതന്നെ. എങ്കിലും, അല്ലാഹുവിൽ നിന്നു ദൗത്യസന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രവാചകനും, ആരാധ്യൻ അല്ലാഹു മാത്രമാണെന്ന തത്വം പ്രബോധനം ചെയ്‍വാൻ നിയുക്തനായവനുമത്രെ ഞാൻ. അതുകൊണ്ടാണ് ഞാൻ നിങ്ങളെ അതിലേക്കു വിട്ടുവീഴ്ച കൂടാതെ ക്ഷണിച്ചുകൊണ്ടിരിക്കുന്നതും, ആ അടിസ്ഥാനതത്വത്തിൽ നീക്കുപോക്കു വരുത്തുവാൻ തയ്യാറില്ലാത്തതും എന്നു സാരം.
മുശ്‌രിക്കുകളുടെ സ്വഭാവങ്ങളായി രണ്ടു കാര്യങ്ങൾ അല്ലാഹു ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നു. ഒന്ന് അവർ ‘സകാത്തു ‘ കൊടുക്കുന്നില്ലെന്നും, മറ്റൊന്ന് അവർ പരലോകത്തിൽ വിശ്വസിക്കാത്തവരാണെന്നും. പരലോകത്തിൽ – അഥവാ മരണാനന്തര ജീവിതത്തിലും, പ്രതിഫലത്തിലും – വിശ്വസിക്കാത്തവരാണ് മുശ്‌രിക്കുകൾ എന്നു വ്യക്തം തന്നെ. എന്നാൽ, ‘സകാത്തു കൊടുക്കാത്തവർ‘ (الّذِينَ لا يُؤتُونَ الزَّكَاة) എന്ന വിശേഷണം പ്രത്യേകം ശ്രദ്ധാർഹമാണ്. സകാത്തിന് അല്ലാഹു കൽപിക്കുന്ന പ്രാധാന്യം എന്തുമാത്രമുണ്ടെന്നു ഇതിൽ നിന്നു മനസ്സിലാക്കേണ്ടതുണ്ട്. പരലോകത്തിൽ വിശ്വസിക്കാത്തതും സകാത്തു കൊടുക്കാത്തതുമാണ് മുശ്‌രിക്കുകളുടെ നാശഹേതു എന്നു വരുമ്പോൾ, ഇസ്ലാമിൽ സകാത്തിന്റെ സ്ഥാനം കേവലം ഒരു നിർബന്ധകർമം എന്നതിലും എത്രയോ ഉയർന്നതാണെന്നു വ്യക്തമാണല്ലോ. അതുകൊണ്ടു തന്നെയായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിയോഗാനന്തരം ചില അറബിഗോത്രങ്ങൾ സകാത്തു കൊടുപ്പാൻ വിസമ്മതിച്ചപ്പോൾ അബൂബക്കർ (رضي الله عنها) അവരോടു പരസ്യമായി യുദ്ധം നടത്തിയതും.
ഇസ്‌ലാമിൽ നിലവിലുള്ള സകാത്തുനിയമം നടപ്പിലായതു ഹിജ്‌റ രണ്ടാം കൊല്ലത്തിലാണ്. ഈ അദ്ധ്യായമാകട്ടെ, മക്കീ കാലഘട്ടത്തിൽ അവതരിച്ചതുമാകുന്നു. അതുകൊണ്ട് ഇവിടെ ‘സകാത്തു’ കൊണ്ടുദ്ദേശ്യം മതത്തിലെ സാങ്കേതിക അർത്ഥത്തിലുള്ള നിർബന്ധധർമം അല്ലെന്നും (‘പരിശുദ്ധി’, ആത്‌മീയ ശുദ്ധത’ മുതലായവ) ഭാഷാർത്ഥത്തിലുള്ള സകാത്തോ, അല്ലെങ്കിൽ പൊതുവിലുള്ള ദാനധർമങ്ങളോ ആണെന്നുമത്രെ ചില മഹാന്മാരുടെ അഭിപ്രായം. പക്ഷെ – ഇബ്നുകഥീർ (رحمه الله) മുതലായവർ സൂചിപ്പിച്ചിട്ടുള്ളതുപോലെ – നിലവിലുള്ള സകാത്തു നിയമം വരുന്നതിനുമുമ്പ് – പ്രവാചകത്വത്തിന്റെ ആദ്യഘട്ടങ്ങളിൽ – മറ്റൊരു തരത്തിലുള്ള സകാത്തു നിർബന്ധമുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. വിളവുകൾ കൊയ്തെടുക്കുന്ന അവസരത്തിൽ അതിന്റെ കടമ കൊടുത്തു തീർക്കേണ്ടതാണ്.
(وَ آتُواْ حَقَّهُ يَومَ حَصَادِهِ – الأنعام ۱٤۱) എന്നു മക്കീ സൂറത്തുകളിലൊന്നായ സൂ. ആൻആമിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൂടാതെ, കഴിവുള്ളവർ അടിയന്തരഘട്ടങ്ങളിൽ ദരിദ്രന്മാർക്കും പാവപ്പെട്ടവർക്കും സാമ്പത്തികസഹായം നൽകണമെന്നുള്ളതു ഒരു പ്രധാന കടമയായി എല്ലാ കാലത്തും പൊതുവിൽ അംഗീകരിക്കപ്പെട്ടതുമാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഇന്നു നിലവിലുള്ള സകാത്തു വിശദാംശത്തിൽ വ്യത്യസ്തമായിരുന്നാലും മറ്റൊരു തരത്തിലുള്ള സകാത്തു അന്നും നിർബന്ധമുണ്ടായിരുന്നു. അതു അനുഷ്ടിക്കാത്തതിന്റെ പേരിലാണ് ‘സകാത്തു കൊടുക്കാത്ത മുശ്‌രിക്കുകൾ’ എന്നു അല്ലാഹു ഇവിടെ ആക്ഷേപിച്ചിരിക്കുന്നതു എന്നു വെക്കുവാനാണ് ന്യായം കാണുന്നത്. ‘സകാത്തു കൊടുക്കാത്ത’ (لَا يُؤۡتُونَ ٱلزَّكَوٰةَ) എന്ന പ്രയോഗവും ഇതിനാണ് കൂടുതൽ അനുകൂലമാകുന്നത്. اللّه أعلم
- إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴾٨﴿
- നിശ്ചയമായും, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്കു മുറിഞ്ഞുപോകാത്ത പ്രതിഫലം ഉണ്ടായിരിക്കും.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുവർ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത لَهُمْ أَجْرٌ അവർക്കുണ്ട് പ്രതിഫലം غَيْرُ مَمْنُونٍ മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത)
വിഭാഗം - 2
- ۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِٱلَّذِى خَلَقَ ٱلْأَرْضَ فِى يَوْمَيْنِ وَتَجْعَلُونَ لَهُۥٓ أَندَادًا ۚ ذَٰلِكَ رَبُّ ٱلْعَٰلَمِينَ ﴾٩﴿
- (നബിയേ) പറയുക: 'രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചുണ്ടാക്കിയവനിൽ അവിശ്വസിക്കുകയും, അവനു സമന്മാരെ ആക്കുകയും തന്നെയാണോ നിങ്ങൾ ചെയ്യുന്നത്?! അതാ (അവനാ)ണ് ലോകരുടെ രക്ഷിതാവ്!
- قُلْ നീ പറയുക أَئِنَّكُمْ നിശ്ചയമായും നിങ്ങളാണോ لَتَكْفُرُونَ അവിശ്വസിക്കുക തന്നെ بِالَّذِي യാതൊരുവനിൽ خَلَقَ الْأَرْضَ ഭൂമിയെ സൃഷ്ടിച്ച فِي يَوْمَيْنِ രണ്ടു ദിവസങ്ങളിലായി وَتَجْعَلُونَ لَهُ അവന് നിങ്ങൾ ആക്കുക (ഉണ്ടാക്കുക) യും أَنۡدَادًا സമന്മാരെ (പങ്കുകാരെ) ذَلِكَ അത്, അവനാണ് رَبُّ الْعَالَمِينَ ലോക(രുടെ) രക്ഷിതാവ്
- وَجَعَلَ فِيهَا رَوَٰسِىَ مِن فَوْقِهَا وَبَٰرَكَ فِيهَا وَقَدَّرَ فِيهَآ أَقْوَٰتَهَا فِىٓ أَرْبَعَةِ أَيَّامٍ سَوَآءً لِّلسَّآئِلِينَ ﴾١٠﴿
- അതിന്റെ [ഭൂമിയുടെ] മുകളിൽകൂടി (ഇളകാതെ) ഉറച്ചു നിൽക്കുന്ന മലകളെയും അവൻ ഉണ്ടാക്കിയിരിക്കുന്നു; അതിൽ (നന്മകൾ വർദ്ധിപ്പിച്ച്) അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരവസ്തുക്കൾ അതിൽ (വ്യവസ്ഥ ചെയ്ത്) നിർണ്ണയിക്കുകയും ചെയ്തിരിക്കുന്നു; (എല്ലാംകൂടി) നാലു ദിവസങ്ങളിൽ,(അതെ) ചോദിക്കുന്ന (അഥവാ അന്വേഷിക്കുന്ന) വർക്ക് ശരിക്കും (നാലുദിവസം)!
- وَجَعَلَ فِيهَا അതിൽ അവൻ ആക്കുകയും ചെയ്തു رَوَاسِيَ ഉറച്ചു നിൽക്കുന്നവയെ (പർവ്വതങ്ങളെ) مِنۡ فَوْقِهَا അതിന്റെ മുകളിൽ കൂടി (ഉപരിഭാഗത്തു) وَبَارَكَ فِيهَا അതിൽ അവൻ ബർക്കത്ത് (അഭിവൃദ്ധി-നന്മ) ഉണ്ടാക്കുകയും ചെയ്തു وَقَدَّرَ فِيهَا അതിൽ നിർണ്ണയിക്കുക (വ്യവസ്ഥ ചെയ്യുക)യും ചെയ്തു أَقْوَاتَهَا അതിലെ അന്നങ്ങളെ, ആഹാരങ്ങളെ فِي أَرْبَعَةِ أَيَّامٍ നാല് ദിവസങ്ങളിലായി. سَوَاءً ശരിക്ക്, ശരിയായി, അനുയോജ്യമായി, തക്കതായി لِلسَّائِلِينَ ചോദിക്കുന്നവർക്ക് (അന്വേഷിക്കുന്നവർക്ക്, ആവശ്യപ്പെടുന്നവർക്ക്)
ഭൂലോകം സൃഷ്ടിക്കുകയും അതിൽ മനുഷ്യനും ഇതരജീവികൾക്കും വേണ്ടതെല്ലാം ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ളത് അല്ലാഹുവാണ്. അതിൽ മറ്റാർക്കും ഒരു പങ്കുമില്ല. എന്നിരിക്കെ, ലോകരക്ഷിതാവായ അവനുപുറമേ, മറ്റുചിലരെ അവനു പങ്കാളികളായി ഗണിക്കുന്നതിന്റെ അർത്ഥ ശൂന്യത ചൂണ്ടിക്കാട്ടുകയാണ്.
ആകാശഭൂമികളെ സൃഷ്ടിച്ചത് ആറു ദിവസങ്ങളിലായിട്ടാണെന്ന് ഖുർആൻ പലപ്പോഴും ആവർത്തിച്ചു പറയാറുള്ളതാണ്. അതിന്റെ ഒരു വിശദീകരണം ഈ ആയത്തിൽ നിന്നും അടുത്ത ആയത്തിൽ നിന്നും കൂടി ലഭിക്കുന്നു. ഭൂമിയെ സൃഷ്ടിച്ചത് രണ്ടു ദിവസം കൊണ്ടാണെന്നും അതിൽ പർവതങ്ങൾ സ്ഥാപിച്ചതും ആഹാരത്തിനുള്ള വകകളും മറ്റും വ്യവസ്ഥപ്പെടുത്തിയതും വേറെ രണ്ടുദിവസം കൊണ്ടാണെന്നും അങ്ങനെ ഭൂമിയുടെ സൃഷ്ടികാര്യങ്ങൾ നാലുദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നതെന്നും ഈ വചനത്തിൽ അല്ലാഹു വ്യക്തമാക്കി. ആകാശത്തിന്റെ കാര്യം പൂർത്തിയാക്കിയത് രണ്ടുദിവസം കൊണ്ടാണെന്ന് അടുത്ത വചനത്തിലും പറയുന്നുണ്ട്. ഇങ്ങനെയാണ് ആറു ദിവസം പൂർത്തിയാകുന്നതെന്നു മനസ്സിലാക്കാം. എന്നാൽ, ‘ദിവസം’ (يوم) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നമുക്കു പരിചയപ്പെട്ട രാവും പകലും ചേർന്ന ദിവസമായിരിക്കയില്ല. ചില പ്രത്യേക തരത്തിലുള്ള കാലഘട്ടമായിരിക്കുവാനേ നിവൃത്തിയുള്ളൂ. സൂ: സജദ 4-ാം വചനത്തിന്റെ വ്യാഖ്യാനത്തിലും മറ്റും ഇതിനു മുൻപ് നാം ഇതിനെപ്പറ്റി വിവരിച്ചിട്ടുള്ളത് ഓർക്കുക.
മനുഷ്യരടക്കം ഭൂമിയിലുള്ള കോടാനുകോടി ജീവികൾക്ക് ജനിക്കുവാനും ജീവിക്കുവാനും അതതിന്റേതായ ജീവിതാവശ്യങ്ങൾ നിർവ്വഹിക്കുവാനും ഉപയുക്തമായ വിധത്തിൽ അന്നപാനാദി നൂറുനൂറായിരം കാര്യങ്ങൾ ഇവിടെ നേരത്തേതന്നെ സജ്ജീകരിച്ച് ക്രമപ്പെടുത്തി വെച്ചിരിക്കുകയാണല്ലോ അല്ലാഹു. وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا (അതിൽ ബർക്കത്ത് – അഭിവൃദ്ധി – ഉണ്ടാക്കുകയും അതിലെ ആഹാരവസ്തുക്കൾ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു)എന്ന് പറഞ്ഞത് ഇതെല്ലാം ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. ഒരു വിത്ത് ഭൂമിയിൽ നിക്ഷേപിച്ചാൽ അത് അനേകം ഇരട്ടിയാക്കി അത് തിരിച്ച്തരുന്നു. അതിന്റെ ഉപരിഭാഗത്ത് ഇടതടവില്ലാതെ മനുഷ്യൻ വിവിധ മർദ്ദനപരാക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അതെല്ലാം അത് സഹിക്കുന്നു. സഹിക്കുക മാത്രമല്ല അതിന്റെ ഉള്ളിൽ നിന്നു അതേ മർദ്ദകർക്ക് വേണ്ട ഉൽപന്നങ്ങൾ അത് ഉൽപാദിപ്പിച്ച്കൊടുക്കുകയും ചെയ്യുന്നു. എന്തെല്ലാം മാലിന്യങ്ങളും മ്ലേഛങ്ങളും കൊണ്ടാണ് മനുഷ്യൻ ഭൂമിയെ നിത്യേന അശുദ്ധമാക്കിക്കൊണ്ടിരിക്കുന്നതെന്നു കയ്യും കണക്കുമില്ല. പക്ഷെ, അതെല്ലാം വളമയും പശിമയുമാക്കി മാറ്റിക്കൊടുക്കുകയാണ് അത് ചെയ്യുന്നത്. ഇതെല്ലാം ഭൂമിയിൽ അല്ലാഹു നൽകിയ എണ്ണമറ്റ ബർക്കത്തുകളിൽ ചിലതത്രേ.
سواء (‘സവാഅൻ’) എന്നാൽ ‘ശരിക്ക്’ എന്നും ‘സമമായിട്ട്’ എന്നും അർത്ഥം വരാം. للسائلين (ലി-സ്സാഇലീൻ) എന്നതിന് ‘ചോദിക്കുന്ന_അഥവാ അന്വേഷിക്കുന്ന_വർക്ക്’ എന്നും അർത്ഥം. വ്യാകരണപരമായി നോക്കുമ്പോൾ ‘ക്കു’ എന്നർത്ഥം കൊടുക്കപ്പെട്ട അവ്യയം (ل) അതിന്റെ തൊട്ടുമുൻപുള്ള (فِىٓ أَرۡبَعَةِ أَيَّامٍ എന്ന) വാചകവുമായി ബന്ധപ്പെട്ടു നിൽക്കുന്നതായും, മുമ്പു പറഞ്ഞ (وَقَدَّرَ فِيهَا أَقْوَاتَهَا എന്ന) വാചകവുമായി ബന്ധപ്പെട്ടതായും വരാം. അതുകൊണ്ടു ഇവിടെ രണ്ടുപ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെടാറുണ്ട്;
1) ലോകസൃഷ്ടിയെക്കുറിച്ച് അന്വേഷിക്കുന്നവർക്ക് ശരിക്കും നാലു ദിവസം. അവർക്ക് അറിയുവാൻ വേണ്ടിയാണ് നാലു ദിവസം എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നത് എന്നു സാരം. سواء എന്ന വാക്കിനു ഇകാരം (الكسرًة) കൊടുത്ത് ‘സവാഇൻ’ എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ‘ശരിയായ നാലു ദിവസം എന്നേ അതിന് അർത്ഥം വരികയുള്ളൂ.
2) ചോദിക്കുന്നവർക്കു വേണ്ടി അല്ലാഹു അതിൽ ആഹാര വസ്തുക്കൾ വ്യവസ്ഥപ്പെടുത്തിവെച്ചിരിക്കുന്നു. അഥവാ ആഹാരം അന്വേഷിക്കുന്നവരുടെ ആവശ്യാർത്ഥമാണ് അവ അതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്
- ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ وَهِىَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ٱئْتِيَا طَوْعًا أَوْ كَرْهًا قَالَتَآ أَتَيْنَا طَآئِعِينَ ﴾١١﴿
- പിന്നെ (അതിനുപുറമെ) അവൻ ആകാശത്തിലേക്കു തിരിഞ്ഞു - അതു ഒരു (തരം) പുകയായിരുന്നു, എന്നിട്ട് അതിനോടും, ഭൂമിയോടും അവൻ പറഞ്ഞു: 'നിങ്ങൾ രണ്ടും അനുസരണപൂർവ്വമോ അല്ലെങ്കിൽ നിർബന്ധിതമായോ വരുക!' അവ രണ്ടും പറഞ്ഞു: 'ഞങ്ങൾ അനുസരിച്ചുകൊണ്ടു (തന്നെ ഇതാ) വന്നിരിക്കുന്നു.'
- ثُمَّ പിന്നെ(അതിനു പുറമെ) اسْتَوَى അവൻ തിരിഞ്ഞു (ചെന്നു) إِلَى السَّمَاءِ ആകാശത്തിലേക്ക് وَهِيَ അത്, അതായിരിക്കെ دُخَانٌ പുകയായിരുന്നു,ഒരു പുക فَقَالَ എന്നിട്ടവൻ പറഞ്ഞു لَهَا അതിനോട് وَلِلْأَرْضِ ഭൂമിയോടും ائْتِيَا നിങ്ങൾ രണ്ടും വരുവിൻ طَوْعًا അനുസരണ പൂർവ്വം, വഴിപ്പെട്ടുകൊണ്ട് (സ്വമനസ്സാലെ) أَوْ كَرْهًا അല്ലെങ്കിൽ നിർബന്ധിതമായി, (അതൃപ്തിയോടെ) قَالَتَا അവരണ്ടും പറഞ്ഞു أَتَيْنَا ഞങ്ങൾ വന്നിരിക്കുന്നു طَائِعِينَ അനുസരിക്കുന്നവരായിട്ട്
- فَقَضَىٰهُنَّ سَبْعَ سَمَٰوَاتٍ فِى يَوْمَيْنِ وَأَوْحَىٰ فِى كُلِّ سَمَآءٍ أَمْرَهَا ۚ وَزَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ ﴾١٢﴿
- അങ്ങനെ, അവയെ [ആകാശങ്ങളെ] രണ്ടു ദിവസങ്ങളിലായി അവൻ ഏഴാകാശങ്ങളാക്കി (സൃഷ്ടിപ്പ്) പൂർത്തീകരിച്ചു. എല്ലാ (ഓരോ) ആകാശത്തിലും അതതിൻെറ കാര്യം ബോധനം (നൽകി അറിയിച്ചു) കൊടുക്കുകയും ചെയ്തു. (ഭൂമിയുമായി) അടുത്ത ആകാശത്തെ ചില വിളക്കുകൾകൊണ്ട് നാം അലങ്കരിക്കുകയും ചെയ്തു. ഒരു കാവലും (ആക്കിവെച്ചിരിക്കുന്നു). സർവ്വജ്ഞനായ പ്രതാപശാലിയായുള്ളവൻ (വ്യവസ്ഥ ചെയ്തു) കണക്കാക്കിയതത്രെ അതു (ഒക്കെയും).
- فَقَضَاهُنَّ അങ്ങനെ അവൻ അവയെ പൂർത്തിയാക്കി (ആക്കിത്തീർത്തു) سَبْعَ سَمَاوَاتٍ ഏഴാകാശങ്ങൾ فِي يَوْمَيْنِ രണ്ടു ദിവസങ്ങളിൽ وَأَوْحَى അവൻ ബോധനം നൽകുകയും ചെയ്തു فِي كُلِّ سَمَاءٍ എല്ലാ ആകാശത്തിലും أَمْرَهَا അതിന്റെ കാര്യം وَزَيَّنَّا നാം അലങ്കരിക്കുക(ഭംഗിയാക്കുക)യും ചെയ്തു السَّمَاءَ الدُّنْيَا ഏറ്റം അടുത്ത (ഐഹികമായ) ആകാശം بِمَصَابِيحَ ചില വിളക്കുകളാൽ وَحِفْظًا ഒരു കാവലും ذَلِكَ അത് تَقْدِيرُ الْعَزِيزِ പ്രതാപശാലിയുടെ നിർണ്ണയം (വ്യവസ്ഥ,കണക്കാക്കൽ) ആകുന്നു الْعَلِيمِ സർവ്വജ്ഞനായ
ثُمَّ اسْتَوَى إِلَى السَّمَاءِ (പിന്നെ ആകാശത്തിലേക്ക് തിരിഞ്ഞു) എന്നു പറഞ്ഞിരിക്കകൊണ്ട് ഭൂമി സൃഷ്ടിച്ചശേഷം പിന്നീടാണ് അല്ലാഹു ആകാശത്തിന്റെ സൃഷ്ടിയിലേക്ക് തിരിഞ്ഞത് എന്ന് ധരിച്ചുകൂടാത്തതാണ്. കാരണം, ആകാശത്തെ ഉയർത്തി സ്ഥാപിച്ചതിനേയും, ഇരുട്ടും വെളിച്ചവും ഏർപ്പെടുത്തിയതിനേയും സംബന്ധിച്ചു പ്രസ്താവിച്ചശേഷം, സൂ: നാസിആത്തി (النازعات) ൽ അല്ലാഹു ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: وَالْأَرْض بَعْد ذَلِكَ دَحَاهَا – النازعات (അതിനുശേഷം ഭൂമിയെ അവൻ പരത്തുകയും ചെയ്തു). നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാർക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയുവാൻ സാധിച്ചിട്ടില്ലെങ്കിലും ഉപരിലോകത്തെ നക്ഷത്രങ്ങൾക്കാണ് ഭൂമിയേക്കാൾ കൂടുതൽ കാലപ്പഴക്കമെന്നാണ് മൊത്തത്തിൽ അവരുടേയും നിഗമനം. അതുകൊണ്ട് ثم (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കുവാനുള്ളതല്ല, ഒരു വിഷയത്തിനുശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.
ആകാശത്തിന്റെ സൃഷ്‌ടിയിലേക്കു തിരിഞ്ഞപ്പോൾ അത് ഒരു തരം പുകയായിരുന്നു (وَهِيَ دُخَانٌ) എന്നു പറഞ്ഞതിന്റെ താൽപര്യം എന്താണെന്നു നമുക്കു സൂക്ഷ്‌മമായി പറയുവാൻ തെളിവുകളില്ല. ശാസ്ത്രത്തിന്റെ അഭിപ്രായമനുസരിച്ച് ഉപരിഗോളങ്ങളെല്ലാം ഒരുകാലത്ത് ഒരുതരം മേഘപടലം (السحاب) അല്ലെങ്കിൽ ധൂമപടലം (الدخان) അഥവാ ഒരുതരം ആവി (البخار) യോ വാതകമോ ആയിരുന്നു എന്നും അതിദീർഘമായ കാലങ്ങൾക്കുശേഷമാണ് അവ നിലവിലുള്ള പദാർത്ഥലോകങ്ങളായി പരിണമിച്ചിരിക്കുന്നതെന്നുമാണ് കാണുന്നത്. (*). അങ്ങിനെയുള്ള ഏതെങ്കിലും അവസ്ഥയേക്കുറിച്ചായിരിക്കാം ‘അത് പുകയായിരുന്നു’ (وَهِيَ دُخَانٌ) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവിന്നറിയാം. ഭൂമിയേയും ആകാശത്തേയും അഭിമുഖീകരിച്ചുകൊണ്ട് അനുസരണപൂർവ്വമോ നിർബന്ധിതമായോ വരുവാൻ കൽപിച്ചുവെന്നും അവ അനുസരണപൂർവം തന്നെ വന്നുവെന്നും പറഞ്ഞിട്ടുള്ളത് കേവലം ഒരു ഉപമാലങ്കാരപ്രയോഗമാകുന്നു. അവയും അവയിലുള്ള സർവവസ്‌തുക്കളും അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനും വ്യവസ്ഥകൾക്കും പരിപൂർണ്ണമായും വിധേയമാണെന്നും അതിൽ എന്തെങ്കിലും വിഘ്നം വരുത്തുവാൻ അവക്ക് സാധ്യമല്ലെന്നും സാരം.
(*) സൂ: കഹ്‌ഫിന്റെ 109-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ കൂടുതൽ വിവരം കഴിഞ്ഞുപോയിട്ടുണ്ട്.
‘പുക’യായിരുന്ന വസ്തുവെ അല്ലാഹു ഏഴാകാശങ്ങളാക്കി സൃഷ്ടി പൂർത്തിയാക്കി (فَقَضَاهُنَّ سَبعَ سَمَاوَاتٍ) എന്നു പറഞ്ഞുവല്ലോ. ആ പുക എന്തായിരുന്നു? അതെവിടെനിന്നുണ്ടായി? അതിനുമുൻപ് അത് എന്തായിരുന്നു? കേവലം ചില ശാസ്ത്രീയ നിഗമനങ്ങളല്ലാതെ യഥാർത്ഥവും ഖണ്ഡിതവുമായ ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണവ. ഒരു കാര്യം ബുദ്ധി നമുക്കു കാട്ടിത്തരുന്നുണ്ട്. എല്ലാറ്റിന്റെയും ആദ്യത്തെ ഉത്ഭവസ്ഥാനം ശുദ്ധശൂന്യതയാണെന്നത്രേ അത്. ശുദ്ധശൂന്യതയിൽ നിന്ന് എന്തെങ്കിലും ഒരു വസ്തുവിന് അസ്തിത്വം നൽകുവാൻ അദൃശ്യമായ ഒരു പരമശക്തിക്കല്ലാതെ (അല്ലാഹുവിന്നല്ലാതെ) മറ്റേതൊരു ശക്തിക്കും കഴിവില്ല തന്നെ. ഏതു പ്രകൃതിവാദിയും ഏതു നിരീശ്വരവാദിയും ഇവിടെ മുട്ടുകുത്താതെ നിവൃത്തിയില്ല. രണ്ടുദിവസങ്ങളിൽ (فِي يَوْمَيْنِ) അഥവാ രണ്ടു ഘട്ടങ്ങളിൽ ആയിട്ടാണ് ആകാശങ്ങളേയും സൃഷ്ടിച്ചതെന്നു പറഞ്ഞുവല്ലോ. കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ച നാലു ദിവസത്തിനു പുറമേയാണിത്. അങ്ങനെ ആകാശഭൂമികളുടെ സൃഷ്ടി ആറു ദിവസം കൊണ്ട് പൂർത്തിയായി. (ഏഴ് ആകാശങ്ങളെക്കുറിച്ച് സൂ: മുഅമിനൂൻ 17-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചതു ഓർക്കുക).
ഓരോ ആകാശത്തിലേയും മലക്കുകൾ മുതലായ നിവാസികൾ, വിഭവങ്ങൾ, നടപടിക്രമങ്ങൾ, പ്രകൃതിവിശേഷങ്ങൾ ആദിയായ എല്ലാ കാര്യങ്ങളും നിശ്ചയിച്ചു വേണ്ടുന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നത്രേ وَأَوْحَى فِي كُلِّ سَمَاءٍ أَمْرَهَا (എല്ലാ ആകാശത്തിലും അതിന്റെ കാര്യത്തെക്കുറിച്ച് ബോധനം നൽകി) എന്നു പറഞ്ഞതിന്റെ താൽപര്യം. നക്ഷത്രഗോളങ്ങൾ ഓരോന്നും നമ്മുടെ ഭൂമിയേക്കാൾ എത്രയോ മടങ്ങു വലുതാണെങ്കിലും നമ്മുടെ ദൃഷ്ടിയിൽ അവ ഒരു മേൽപുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുതവിളക്കുകൾ പോലെയാണല്ലോ. അതുകൊണ്ടാണ് وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ (കൂടുതൽ അടുത്ത ആകാശത്തെ വിളക്കുകൾ കൊണ്ട് അലങ്കരിച്ചു) എന്നു പറഞ്ഞിരിക്കുന്നത്.
തുടർന്നുകൊണ്ട് و حفظا (ഒരു കാവലും) എന്നു പറഞ്ഞതിന്റെ താൽപര്യം രണ്ടു പ്രകാരത്തിൽ ആയിരിക്കാനിടയുണ്ട്. രണ്ടായാലും സ്ഥലത്തേക്കു യോജിച്ച ഒരു ക്രിയാരൂപം (فعل) ഇവിടെ ലോപിച്ചിരിക്കൽ വ്യാകരണനിയമപ്രകാരം അനിവാര്യമാണ്. അതിങ്ങനെ വിവരിക്കാം.
1) أي وحفظناها حفظاً (അവയെ – ആകാശത്തെ – നാം ഒരു കാവൽ കാക്കുകയും ചെയ്തിരിക്കുന്നു). അഥവാ ആകാശത്തിന്റെ രക്ഷക്കാവശ്യമായ എല്ലാ ഏർപ്പാടും നാം ചെയ്തിരിക്കുന്നു.
2) وَجَعَلْنَاهَا حفظاً (അവയെ – ആ വിളക്കുകളാകുന്ന നക്ഷത്രങ്ങളെ – നാം ഒരു കാവൽ ആക്കുകയും ചെയ്തിരിക്കുന്നു). നക്ഷത്രങ്ങളെ അടുത്ത ആകാശത്തിനു ഒരു അലങ്കാരമാണെന്ന പോലെത്തന്നെ, ആകാശത്തേക്കു പിശാചുക്കളുടെ വരവിനെ തടയുക വഴി ആകാശത്തിന് അവയെ ഒരു കാവലായും ഏർപ്പെടുത്തിയിരിക്കുന്നു എന്നു സാരം. നക്ഷത്രങ്ങൾ കൊണ്ട് ആകാശത്തെ അലങ്കരിച്ചവിവരം പറയുന്നതോടൊപ്പം തന്നെ അവയെ പിശാചുക്കളിൽ നിന്ന് കാവലും ആക്കിയിരിക്കുന്നുവെന്ന് (സൂ: ഹിജ്ർ 16, 17; സ്വാഫാത്ത് 6, 7; മുൽക് 5 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചതാണല്ലോ. അതാണ് ഈ വ്യാഖ്യാനത്തിന് അവലംബം. (കൂടുതൽ വിവരം സൂ: ഹിജ്‌റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നോക്കുക). ഇതെല്ലാം സൃഷ്ടിച്ച് വ്യവസ്ഥപ്പെടുത്തി നിയന്ത്രിച്ചും പരിപാലിച്ചും പോരുന്ന മഹാ ശക്തി പ്രതാപത്തിന്റെയും ജ്ഞാനത്തിന്റെയും പരമകേന്ദ്രം തന്നെ. (ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ)
9 മുതൽ 12 കൂടി വചനങ്ങളിലെ ഉള്ളടക്കം ഓർത്തുകൊണ്ടു ഈ വചനത്തിലെ താക്കീതിന്റെ ആഴം ഒന്നാലോചിച്ചുനോക്കുക! മുൻപ് പ്രസ്താവിച്ചതുപോലെ ആ കടുത്ത മുശ്‌രിക്കായ ഉത്ത്ബത്തിന്റെ മുഖഭാവം മാറിയതും കരിങ്കല്ലു പോലെ ഉറച്ചു കടുത്തിരുന്ന ആ ഹൃദയത്തിനു ചാഞ്ചല്യം നേരിട്ടതും ഈ താക്കീതിന്റെ ഗൗരവം നിമിത്തമാണല്ലോ. صاعقة (ഇടിത്തീ) എന്ന വാക്കു കൊണ്ട് ഘോരമായ ശിക്ഷ എന്നാണിവിടെ വിവക്ഷ. ആദു – ഥമൂദിന്റെ ശിക്ഷകളെക്കുറിച്ച് തുടർന്നു വിവരിക്കുന്നുണ്ട്.
- فَإِنْ أَعْرَضُوا۟ فَقُلْ أَنذَرْتُكُمْ صَٰعِقَةً مِّثْلَ صَٰعِقَةِ عَادٍ وَثَمُودَ ﴾١٣﴿
- എന്നിരിക്കെ, അവർ (ശ്രദ്ധിക്കാതെ) തിരിഞ്ഞു കളയുകയാണെങ്കിൽ (നബിയേ) പറയുക: 'ആദിന്റെയും, ഥമൂദിൻെറയും ഇടിത്തീ (അഥവാ ഘോരശിക്ഷ) പോലെയുള്ള ഒരു ഇടിത്തീയിനെ [വമ്പിച്ച ശിക്ഷയെ]ക്കുറിച്ചു ഞാൻ (ഇതാ) നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു!'
- فَإِنْ أَعْرَضُوا എന്നിരിക്കെ(അപ്പോൾ) അവർ തിരിഞ്ഞാൽ, അവഗണിച്ചാൽ فَقُلْ എന്നാൽ നീ പറയുക أَنۡذَرْتُكُمْ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ്(താക്കീത്)തരുന്നു صَاعِقَةً ഒരു ഇടിത്തീ, ഘോര ശിക്ഷ مِثْلَ صَاعِقَةِ ഇടിത്തീ പോലെയുള്ള عَادٍ وَثَمُودَ ആദിന്റെയും ഥമൂദിന്റെയും
- إِذْ جَآءَتْهُمُ ٱلرُّسُلُ مِنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ ۖ قَالُوا۟ لَوْ شَآءَ رَبُّنَا لَأَنزَلَ مَلَٰٓئِكَةً فَإِنَّا بِمَآ أُرْسِلْتُم بِهِۦ كَٰفِرُونَ ﴾١٤﴿
- അവരുടെ മുമ്പിലൂടെയും, അവരുടെ പിമ്പിലൂടെയും അവരുടെ അടുക്കൽ റസൂലുകൾ ചെ (ന്ന് ഉപദേശിച്ചു കൊണ്ടിരു)ന്നപ്പോൾ, അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നു; അവർ പറഞ്ഞു: 'ഞങ്ങളുടെ റബ്ബ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ (ഞങ്ങളിലേക്കു) 'മലക്കു'കളെ ഇറക്കുമായിരുന്നു. അതുകൊണ്ട്, നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിശ്ചയമായും ഞങ്ങൾ അവിശ്വാസികളാണ്.'
- إِذْجَاءَتْهُمُ അവർക്ക് വന്നപ്പോൾ الرُّسُلُ റസൂലുകൾ (ദൂതൻമാർ) مِنْ بَيْنِ أَيْدِيهِمْ അവരുടെ മുമ്പിൽകൂടി وَمِنْ خَلْفِھِمْ അവരുടെ പിമ്പിൽകൂടിയും أَلاتَعْبُدُوا നിങ്ങൾ ആരാധിക്കരുതെന്ന് إِلااللَّهَ അല്ലാഹുവിനെയല്ലാതെ قَالُوا അവർ പറഞ്ഞു لَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കിൽ رَبُّنَا നമ്മുടെ റബ്ബ് لأَنْزَلَ അവൻ ഇറക്കുമായിരുന്നു, ഇറക്കേണ്ടതാണ് مَلاىِٕكَةً മലക്കുകളെ فَإِنَّا ആകയാൽ നിശ്ചയം ഞങ്ങൾ بِمَا യാതൊന്നിൽ أُرْسِلْتُمْ بِهِ അതുമായി നിങ്ങൾ അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശാസികളാണ്
മുൻപിൽകൂടിയും പിമ്പിൽകൂടിയും റസൂലുകൾ ചെന്നുവെന്നു പറഞ്ഞതിന്റെ താൽപര്യം, അവരുടെ വരവും ഉപദേശവും തുടർന്നുകൊണ്ടിരുന്നു എന്നാകുന്നു. ആദിന്റെയും ഥമൂദിന്റെയും പൊതുനിലയാണ് ഈ വചനത്തിൽ ചുരുക്കിപ്പറഞ്ഞത്. തുടർന്നുള്ള വചനങ്ങളിൽ അതിന്റെ വിശദീകരണം കാണാം.
- فَأَمَّا عَادٌ فَٱسْتَكْبَرُوا۟ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَقَالُوا۟ مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا۟ أَنَّ ٱللَّهَ ٱلَّذِى خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا۟ بِـَٔايَٰتِنَا يَجْحَدُونَ ﴾١٥﴿
- എന്നാൽ 'ആദു' ഗോത്രമാകട്ടെ, അവർ ന്യായമല്ലാത്ത വിധത്തിൽ ഭൂമിയിൽ അഹംഭാവം കാണിച്ചു. 'ശക്തിയിൽ ഞങ്ങളെക്കാൾ ഊക്കേറിയവർ ആരാണുള്ളതു!?' എന്നു അവർ പറയുകയും ചെയ്തു. അവർക്കു കണ്ടുകൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു അവരെക്കാൾ ശക്തിയിൽ ഊക്കേറിയവനാണെന്ന്?! അവർ നമ്മുടെ 'ആയത്തു' [ലക്ഷ്യദൃഷ്ടാന്തം] കളെ നിഷേധിക്കുകയും ചെയ്തിരുന്നു.
- فَأَمَّاعَادٌ എന്നാൽ ആദ് (ഗോത്രം) فَاسْتَكْبَرُوا അവർ അഹംഭാവം (ഗർവ്വ്) നടിച്ചു فِي الأرْضِ ഭൂമിയിൽ بِغَيْرِالْحَقِّ ന്യായം കൂടാതെ, അർഹതയില്ലാതെ وَقَالُوا അവർ പറയുകയും ചെയ്തു مَنْ أَشَدُّ ആരാണ് ഊക്കുള്ളവർ, കഠിനൻമാർ مِنَّا ഞങ്ങളെക്കാൾ قُوَّةً ശക്തിയിൽ,ബലംകൊണ്ട് أَوَلَمْ يَرَوْا അവർക്ക് കണ്ടുകൂടേ, കാണുന്നില്ലേ أَنَّ اللَّهَ അല്ലാഹു ആണെന്ന് الَّذِي خَلَقَھُمْ അവരെ സൃഷ്ടിച്ചവനായ ھُوَ അവൻ أَشَدُّمِنْهُمْ അവരെക്കാൾ ഊക്കുള്ളവനാണ് قُوَّةً ശക്തിയിൽ وَكَانُوا അവർ ആയിരുന്നുതാനും بِآيَاتِنَا നമ്മുടെ ആയത്ത് (ദൃഷ്ടാന്തം,ലക്ഷ്യം)കളെ يَجْحَدُونَ നിഷേധിക്കും
- فَأَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِىٓ أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَعَذَابُ ٱلْءَاخِرَةِ أَخْزَىٰ ۖ وَهُمْ لَا يُنصَرُونَ ﴾١٦﴿
- അതിനാൽ, ദുഃശ്ശകുനം പിടിച്ച ചില ദിവസങ്ങളിൽ നാം അവരിൽ ('ശരശരേ'യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു; ഐഹിക ജീവിതത്തിൽ (തന്നെ) അവർക്കു അപമാനത്തിന്റെ ശിക്ഷ ആസ്വദിപ്പിക്കുവാൻ വേണ്ടി. പരലോകശിക്ഷയാകട്ടെ, കൂടുതൽ അപമാനകരവും! അവർ സഹായിക്കപ്പെടുകയില്ലതാനും.
- فَأَرْسَلْنَا عَلَيْهِمْ അപ്പോൾ (അതിനാൽ) അവരിൽ നാം അയച്ചു رِيحًا ഒരു കാറ്റ് صَرْصَرًا ശരശരേ'യുള്ള (ഉഗ്രമായ) فِي أَيَّامٍ ചില ദിവസങ്ങളിൽ نَحِسَاتٍ ദുർദ്ദശ (ദുശ്ശകുനം) പിടിച്ച,അശുഭകരങ്ങളായ لِنُذِيقَھُمْ നാം അവർക്ക് ആസ്വദിപ്പിക്കുവാൻ വേണ്ടിعَذَابَ الْخِزْيِ അപമാനത്തിൻ്റെ (നിന്ദ്യതയുടെ) ശിക്ഷ فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിൽ وَلَعَذَابُ الْآخِرَةِ പരലോകശിക്ഷയാകട്ടെ أَخْزَى കൂടുതൽ അപമാനകരം (നിന്ദ്യമായത്) ആകുന്നു وَھُمْ അവർ,അവരോ لاَ يُنْصَرُونَ സഹായിക്കപ്പെടുന്നതല്ലതാനും
തുടർച്ചയായി ഏഴു രാത്രിയും എട്ടു പകലും പ്രസ്തുത കൊടുങ്കാറ്റ് അവരിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ഈന്തപ്പന കടപുഴങ്ങി വീഴുന്ന കണക്കെ അവർ ഒന്നടങ്കം ചത്തൊടുങ്ങിപ്പോയി. (69: 6-8) ആ ജനതയെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങളത്രയും ഏറ്റവും ലക്ഷണം കെട്ട ദുർദ്ദിനങ്ങളായിരുന്നുവെന്നു പറയേണ്ടതില്ല. മാത്രമല്ല, ആ ലക്ഷണക്കേടു പിന്നീട് അവരെ വിട്ടു മാറുവാനും പോകുന്നില്ല. അതുകൊണ്ടാണ് ദുശ്ശകുനം പിടിച്ച അഥവാ അശുഭകരങ്ങളായ ദിവസങ്ങൾ (أيام تحساب) എന്നു ആ ദിവസങ്ങളെക്കുറിച്ചു പറഞ്ഞത്. മുറിഞ്ഞുപോകാതെ നിലനിൽക്കുന്ന ശകുനക്കേടിന്റെ ദിവസം (يَوْمِ نَحْسٍۢ مُّسْتَمِرٍّۢ) എന്നത്രെ സൂഃ ഖമറിൽ അവയെ വിശേഷിപ്പിച്ചിരിക്കുന്നത്.
ചില പ്രത്യേക ദിവസങ്ങൾ ‘നഹ്സുള്ള’ (അശുഭകരമായ) ദിവസങ്ങളാണെന്നു എങ്ങനെയോ ഒരു വിശ്വാസം പലരിലും കടന്നുകൂടിയിട്ടുണ്ട്. ആ ദിവസങ്ങൾ അപകടം പിടിച്ചവയാണെന്നും അതുകൊണ്ടു ആ ദിവസങ്ങളിൽ, യാത്ര, വിവാഹം പോലെയുള്ളതൊന്നും നിർവഹിക്കുന്നതു നന്നല്ലെന്നുമാണ് അവരുടെ ധാരണ. ചില പഞ്ചാംഗങ്ങളിൽ ആ ദിവസങ്ങൾ ഏതെല്ലാമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതിനു ഇസ്ലാമിൽ യാതൊരു അടിസ്ഥാനവുമില്ല. ഒരാളെയോ, ഒരു സമൂഹത്തെയോ സംബന്ധിച്ചിടത്തോളം ഒരു ദിവസം പല അനിഷ്ട സംഭവങ്ങളും ഉണ്ടായെന്നുവരാം. അതേസമയത്ത് ആ ദിവസം തന്നെ മറ്റൊരു കൂട്ടർക്ക് വളരെ സന്തോഷകരമായ അനുഭവങ്ങളും ഉണ്ടായെന്നുവരും. എന്നല്ലാതെ, ചില പ്രത്യേക ദിവസങ്ങളിൽ എല്ലാവർക്കും പൊതുവിൽ ദോഷം ബാധിക്കുകയോ, അല്ലെങ്കിൽ ആ ദിവസങ്ങളിൽ മാത്രം ഭാഗ്യദോഷം സംഭവിക്കുകയോ ഉണ്ടാകുന്നതല്ല. ഇനി ഏതെങ്കിലും ദിവസം ഒരു പൊതു ആപത്ത് സംഭവിച്ചുവെന്ന് വെക്കുക, എന്നാൽ അത് ആ ദിവസത്തിന്റെ ഫലമായുണ്ടാകുന്നതാണോ? അതുമല്ല, അതിനുള്ള കാരണം മറ്റൊന്നായിരിക്കും. ഒരുപക്ഷേ, ആ കാരണം നമുക്കു വ്യക്തമായി അറിയുവാൻ കഴിയാത്തതായിരിക്കാം. ഏതായാലും ‘നഹ്സ് ദിവസ’ങ്ങളിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ പലതും ശുഭകരമായി പര്യവസാനിക്കുന്നതും നാം സാധാരണ കാണാറുള്ളതാണ്. ശകുനം നോക്കൽ, മുഹൂർത്തം നോക്കൽ മുതലായതെല്ലാം ഹദീസുകളിൽ കർശനമായി വിരോധിച്ചിട്ടുള്ളതു പ്രസ്താവ്യമാകുന്നു.
- وَأَمَّا ثَمُودُ فَهَدَيْنَٰهُمْ فَٱسْتَحَبُّوا۟ ٱلْعَمَىٰ عَلَى ٱلْهُدَىٰ فَأَخَذَتْهُمْ صَٰعِقَةُ ٱلْعَذَابِ ٱلْهُونِ بِمَا كَانُوا۟ يَكْسِبُونَ ﴾١٧﴿
- എന്നാൽ 'ഥമൂദു' ഗോത്രമോ, അവർക്കു നാം സന്മാർഗ്ഗം കാട്ടിക്കൊടുത്തു ; അപ്പോഴവർ സന്മാർഗ്ഗത്തെക്കാൾ അന്ധതയോടു [ദുർമാർഗ്ഗത്തോടു] സ്നേഹം കാണിച്ചുകളഞ്ഞു. അങ്ങനെ, അവർ ചെയ്തു കൂട്ടിയിരുന്നതു നിമിത്തം, നിന്ദ്യമായ ശിക്ഷയാകുന്ന ഇടിത്തീ [ഘോരശബ്ദം] അവരെ പിടികൂടി.
- وَأَمَّاثَمُودُ എന്നാൽ 'ഥമൂദ് ' فَهَدَيْنَاهُمْ നാമവർക്ക് സന്മാർഗം കാണിച്ചു فَاسْتَحَبُّوا അപ്പോഴവർ സ്നേഹം കാണിച്ചു الْعَمَى അന്ധതയോട് عَلَى الْھُدَى സന്മാർഗത്തെക്കാൾ, (എതിരെ) فَأَخَذَتْهُمْ അപ്പോൾ അവരെ പിടിച്ചു صَاعِقَةُالْعَذَابِ ശിക്ഷയാകുന്ന ഇടത്തീ الْھُونِ നിന്ദ്യമായ بِمَاكَانُوا അവരായിരുന്നതുകൊണ്ട് يَكْسِبُونَ സമ്പാദിച്ചു (ചെയ്തുകൂട്ടി) കൊണ്ടിരിക്കും
- وَنَجَّيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾١٨﴿
- വിശ്വസിക്കുകയും, സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
- وَنَجَّيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ അവർ സൂക്ഷിച്ചുവരുകയും ചെയ്തിരുന്ന
ആദു – ഥമൂദിന്റെ സംഭവങ്ങളെ സംബന്ധിച്ചു കൂടുതൽ വിവരം ഒന്നിലധികം സ്ഥലങ്ങളിൽ ഇതിനു മുമ്പ് നാം വായിച്ചു കഴിഞ്ഞതാണ്. വിശദീകരിക്കേണ്ടതില്ല. ഐഹികജീവിതത്തിൽ തന്നെ അനുഭവപ്പെടുന്ന ഇത്തരം ശിക്ഷകൾക്കു പുറമെ, പരലോകത്തുവെച്ചു ഇവർക്കും ഇവരെപ്പോലെ തൗഹീദിൽ വിശ്വസിക്കാത്തവർക്കും ആസ്വദിക്കേണ്ടി വരുന്ന ചില രംഗങ്ങളെ അല്ലാഹു തുടർന്നു വിവരിക്കുന്നു:-