സൂറത്തു യാസീന്‍ : 01-27
യാസീൻ
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 83 – വിഭാഗം (റുകുഅ്) 5
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
മഅഖലുബ്നുയസാര്‍ (റ) പറയുകയാണ് : ‘യാസീന്‍’ ഖുര്‍ആന്‍റെ ഹൃദയമാണ്.’ എന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിരിക്കുന്നു. അതു അതിന്റെ ഒരു പേരായി തിരുമേനി എണ്ണുകയും ചെയ്തിട്ടുണ്ട്. (അ; ദാ; ജ; ന.)
ഖിയാമത്ത് നാളിനേയും, അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും കുറിച്ച് ഈ അധ്യായത്തില്‍ കൂടുതല്‍ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന്ന് ‘ഖുര്‍ആന്‍റെ ഹൃദയം’ (قلب القرآن) എന്നു പറഞ്ഞതെന്നു ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിരിക്കുന്നു.
- وَٱلْقُرْءَانِ ٱلْحَكِيمِ ﴾٢﴿
- വിജ്ഞാനപൂര്‍ണ്ണമായ ഖുര്‍ആന്‍ തന്നെയാണെ (സത്യം)!
- وَالْقُرْآنِٰ ഖുര്‍ആന്‍ തന്നെയാണെ الْحَكِيم വിജ്ഞാനപ്രദമായ, തത്വപൂര്‍ണമായ, ബലവത്തായ
- إِنَّكَ لَمِنَ ٱلْمُرْسَلِينَ ﴾٣﴿
- നിശ്ചയമായും നീ ‘മുര്‍സലുകളില്‍ [ദൈവദൂതന്മാരില്‍] പെട്ടവന്‍ തന്നെ.
- إنَّكَ നിശ്ചയമായും നീ لَمِنَ الْمُرْسَلِين മുര്‍സലുകളില്‍ പെട്ടവന്‍ തന്നെ
- عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٤﴿
- (നേരെ) ചൊവ്വായ ഒരു പാതയിലാകുന്നു (നീ).
- عَلَى صِرَطٍ ഒരു പാതയിലാകുന്നു, മാര്‍ഗ്ഗത്തിലാകുന്നു مُسْتَقِيمٍ ചൊവ്വായ, നേരായ
- تَنزِيلَ ٱلْعَزِيزِ ٱلرَّحِيمِ ﴾٥﴿
- കരുണാനിധിയായ പ്രതാപശാലി അവതരിപ്പിച്ചതു!
- تَنْزِيلَ الْعَزِيزِ പ്രതാപശാലി അവതരിപ്പിച്ചതു الرَّحِيمِ കരുണാനിധിയായ
- لِتُنذِرَ قَوْمًا مَّآ أُنذِرَ ءَابَآؤُهُمْ فَهُمْ غَٰفِلُونَ ﴾٦﴿
- ഒരു ജനതയെ നീ താക്കീതു ചെയ്‌വാന്‍ വേണ്ടി(യാണത്): അവരുടെ പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെടുകയുണ്ടായിട്ടില്ല; അതിനാല്‍ അവര്‍ അശ്രദ്ധരാകുന്നു.
- لِتُنْذِرَ നീ താക്കീതു ചെയ്‌വാന്‍ قَوْمًا ഒരു ജനതയെ مَا أُنْذِرَ താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത آبَاؤُهُمْ അവരുടെ പിതാക്കള്‍ فَهُمْ അതിനാല്‍ അവര്‍ غَافِلُونَ അശ്രദ്ധരാണ്
‘യാ-സീന്‍’ പോലെ ചില സൂറത്തുകളുടെ ആരംഭത്തില്‍ കാണുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഒന്നിലധികം സ്ഥലത്ത് സംസാരിച്ചിട്ടുണ്ട്. അവയെക്കുറിച്ച് പല മഹാന്മാരും പലതും പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അവകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കപ്പെട്ടതു എന്താണെന്നു നമുക്ക് തിട്ടമായി അറിഞ്ഞുകൂടാ എന്നാണതിന്റെ ചുരുക്കം ‘യാസീന്‍’ എന്നാല്‍ ‘ഹേ, മനുഷ്യാ’(يا انسان) എന്നാണര്‍ത്ഥമെന്നു ഇബ്നു അബ്ബാസ് (റ), ഇക്‌രിമഃ (റ), ഹസന്‍ (റ), സുഫ്‌യാൻ (റ) മുതലായവരില്‍ നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട് . ഏതായാലും, അതു ഈ അധ്യായത്തിന്റെ പേരാണെന്നു നാം മേല്‍ ഉദ്ദരിച്ച ഹദീസില്‍ കണ്ടുവല്ലോ.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിന്റെ റസൂലാണെന്നും, അവിടുന്നു സ്വീകരിച്ചിട്ടുള്ള മാര്‍ഗം യാതൊരു വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗമാണെന്നും, അതു അല്ലാഹു അവതരിപ്പിച്ചതു തന്നെയാണെന്നും ഖുര്‍ആന്‍ മുഖേന സത്യം ചെയ്തു കൊണ്ടാണ് അല്ലാഹു ഈ സൂറത്തു ആരംഭിക്കുന്നത്.
പിതാക്കള്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടില്ലാത്ത ജനത എന്നു പറഞ്ഞതു വേദക്കാരല്ലാത്ത അറബികളെക്കുറിച്ചാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മുന്‍പ് അടുത്ത കാലത്തൊന്നും അവരില്‍ ദൈവദൂതന്മാര്‍ നിയോഗിക്കപ്പെടുകയുണ്ടായിട്ടില്ല. അതുകൊണ്ട് വേദഗ്രന്ഥത്തെക്കുറിച്ചോ, ദൈവികമതത്തെക്കുറിച്ചോ അറിയാത്തവരാണവര്‍. സൂ:സബഉ 28ലും മറ്റു പലേടത്തും പ്രസ്‌താവിക്കപ്പെട്ടിട്ടുള്ളതു പോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനുഷ്യലോകത്തിനു ആകമാനമുള്ള റസൂല്‍ തന്നെ. എങ്കിലും, അവിടുന്നു ജനിച്ചുവളര്‍ന്നതും, ഇപ്പോള്‍ -ഈ സൂറത്തും മറ്റു മക്കീസൂറത്തുകളും അവതരിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍- ജീവിച്ചുവരുന്നതും അവര്‍ക്കിടയിലാണ്. തല്‍സമയം പ്രബോധന കൃത്യം നടന്നുകൊണ്ടിരിക്കുന്നതും അവരില്‍ തന്നെ. അതുകൊണ്ടാണ് ഇവിടെയും, മക്കീസൂറത്തുകളില്‍പെട്ട മറ്റുചില ആയത്തുകളിലും അറബികളെ -വിശേഷിച്ചും ഖുറൈശികളെ- താക്കീതു ചെയ്യുന്നതിനെപ്പറ്റി പ്രത്യേകം എടുത്തു പറഞ്ഞു കാണുന്നത്.
- لَقَدْ حَقَّ ٱلْقَوْلُ عَلَىٰٓ أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ ﴾٧﴿
- തീര്‍ച്ചയായും അവരില്‍ അധികമാളുകളുടെ മേലും വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എനി അവര്‍ വിശ്വസിക്കുകയില്ല.
- لَقَدْ حَقَّ സ്ഥിരപ്പെട്ടിട്ടുണ്ട്, യഥാര്‍ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം عَلَىٰ أَكْثَرِهِمْ അവരിലധികമാളുകളുടെ മേല്‍ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുന്നതല്ല
‘വാക്കു’ സ്ഥിരപ്പെട്ടു’ (حَقَّ الْقَوْلُ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, മേലില്‍ ഹൃദയപരിവര്‍ത്തനം വന്ന് നന്നായിത്തീരുവാന്‍ മാര്‍ഗമില്ലാത്തവിധം അവരുടെ ഹൃദയങ്ങള്‍ ദുഷിച്ചുപോയിട്ടുണ്ടെന്നും, അതിനാല്‍ ശിക്ഷയെ സംബന്ധിച്ച താക്കീതു അവരില്‍ ബാധകമായികഴിഞ്ഞിട്ടുണ്ടെന്നും ആകുന്നു. സൂ: സജദഃ 13ഉം, അതിന്റെ വ്യാഖ്യാനവും നോക്കുക. അവര്‍ എത്രമാത്രം ദുഷിച്ചുപോയെന്നു അടുത്ത വചനങ്ങളില്‍ അല്ലാഹു വിവരിക്കുന്നു:-
- إِنَّا جَعَلْنَا فِىٓ أَعْنَٰقِهِمْ أَغْلَٰلًا فَهِىَ إِلَى ٱلْأَذْقَانِ فَهُم مُّقْمَحُونَ ﴾٨﴿
- നിശ്ചയമായും, നാം അവരുടെ കഴുത്തുകളില്‍ ചില ആമങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. എന്നിട്ടവ താടിയെല്ലുകള്‍ വരേക്കുമുണ്ട്; അതിനാല്‍ അവര്‍ തലപൊക്കപ്പെട്ടവരാകുന്നു.
- إنَّا جَعَلْنَا നിശ്ചയമായും നാം ആക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു فِي أَعْنَاقِهِمْ അവരുടെ കഴുത്തുകളില്‍ أَغْلَالًا ചില ആമങ്ങളെ, കുടുക്കുകളെ فَهِيَ എന്നിട്ടവ إِلَى الْأَذْقَانِ താടിയെല്ലുകള്‍വരെയുണ്ട് فَهُمْ അതിനാലവര്‍ مُّقْمَحُونَ തല പൊക്കപ്പെട്ടവരാണ്
- وَجَعَلْنَا مِنۢ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَٰهُمْ فَهُمْ لَا يُبْصِرُونَ ﴾٩﴿
- അവരുടെ മുമ്പില്‍കൂടി ഒരു (തരം) തടവും, അവരുടെ പിമ്പില്‍കൂടി ഒരു (തരം) തടവും നാം ഏര്‍പ്പെടുത്തിയിരിക്കുന്നു. അങ്ങനെ, നാമവരെ മൂടിയിരിക്കുകയാണ്. അതിനാല്‍ അവര്‍ കണ്ടറിയുകയില്ല.
- وَجَعَلْنَا നാം ആക്കുകയും ചെയ്തു مِنْ بَيْنِ أَيْدِيهِمْ അവരുടെ മുമ്പില്‍ക്കൂടി سَدًّا ഒരു തടവു, അണ, മറ وَمِنْ خَلْفِهِمْ അവരുടെ പിമ്പില്‍കൂടിയും سَدًّا ഒരു തടവ് فَأَغْشَيْنَاهُمْ അങ്ങനെ നാമവരെ മൂടി فَهُمْ അതിനാലവര്‍ لَا يُبْصِرُون കണ്ടറിയുന്നതല്ല
കൈകള്‍ കഴുത്തിലേക്കു കൂട്ടിബന്ധിക്കുന്ന ഒരുതരം ആമങ്ങള്‍- അഥവാ വിലങ്ങുകള്‍ക്കാണ് (أغلال) എന്നു പറയുന്നത്. കൈകള്‍ താടിയെല്ലിനു താഴെ കൂട്ടിച്ചേര്‍ത്തു വെച്ചായിരിക്കും ഈ ആമങ്ങള്‍ കഴുത്തില്‍ കുടുക്കുന്നത്. അതുകൊണ്ട് ആമം വെക്കപ്പെട്ടവന് തലതാഴ്ത്തുവാനോ, യഥേഷ്ടം നോക്കിക്കാണുവാനോ സാധിക്കാത്ത വണ്ണം തലപ്പൊക്കിപ്പിടിക്കുവാന്‍ അവന്‍ നിര്‍ബന്ധിതനായിരിക്കും. ‘തടവ്, മറ, മലന്തിട്ട, അണക്കെട്ട്’എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കാണ്. سَدًّا
മുശ്‌രിക്കുകള്‍ ഹൃദയങ്ങള്‍ എത്രമാത്രം കടുത്തു കഠിനമായിപ്പോയിരിക്കുന്നുവെന്നു കാണിക്കുന്ന രണ്ടു ഉപമകളാണ് ഈ വചനങ്ങളിലുള്ളത്. മേല്‍പറഞ്ഞ തരത്തിലുള്ള ആമങ്ങളാല്‍ ബന്ധിക്കപ്പെടുകയും, അതോടുകൂടി മുമ്പിലും പിമ്പിലുമെല്ലാം വമ്പിച്ച മറകളാല്‍ വലയം ചെയ്യപ്പെടുകയും ചെയ്തതുപോലെയാണ് ഇവരുടെ സ്ഥിതി. ഇവര്‍ക്ക് വെളിയില്‍ നടക്കുന്ന സംഭവങ്ങളൊന്നും നോക്കിക്കാണുവാന്‍ നിവൃത്തിയില്ല. സത്യം കണ്ടറിഞ്ഞേക്കുമെന്നോ അതിനെക്കുറിച്ച് ചിന്തിചേക്കുമെന്നോ ഇനിയവരെപറ്റി പ്രതീക്ഷിക്കുവാന്‍ പോലും മാര്‍ഗ്ഗമില്ല എന്ന് സാരം. അടുത്ത വചനം നോക്കുക:
- وَسَوَآءٌ عَلَيْهِمْ ءَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لَا يُؤْمِنُونَ ﴾١٠﴿
- നീ അവരെ താക്കീതു ചെയ്തുവോ. അല്ലെങ്കില്‍ താക്കീതു ചെയ്തില്ലയോ അവരില്‍ (രണ്ടും) സമമാകുന്നു; അവര്‍ വിശ്വസിക്കുകയില്ല.
- وسواء സമമാണ് عليهم അവരില്‍ أ أنذرتهم നീ അവരെ താകീതു ചെയ്തുവോ أم لمتنذرهم അഥവാ അവരെ താക്കീത് ചെയ്തില്ലയോ لا يؤمنون അവര്‍ വിശ്വസിക്കുകയില്ല
അതുകൊണ്ട് അവരെ താക്കീതുചെയ്യാന്‍ മിനക്കെടെണ്ടതില്ലെന്നു താല്‍പര്യം, താക്കീതു ചെയ്യേണ്ടത് ആരെയാണെന്നു അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:-
- إِنَّمَا تُنذِرُ مَنِ ٱتَّبَعَ ٱلذِّكْرَ وَخَشِىَ ٱلرَّحْمَٰنَ بِٱلْغَيْبِ ۖ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ ﴾١١﴿
- പ്രബോധനത്തെ (അഥവാ പ്രമാണത്തെ) പിന്‍തുടരുകയും, അദൃശ്യമായ നിലയില്‍ പരമകാരുണികനായുള്ളവനെ ഭയപ്പെടുകയും ചെയ്യുന്നതാരോ അവനെ മാത്രമേ നീ താക്കീതു ചെയ്യേണ്ടതുള്ളു. എന്നാലവനു പാപമോചനത്തെയും, മാന്യമായ പ്രതിഫലത്തെയും കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.
- إنَّمَا تُنْذِرُ നീ താക്കീതു مَنِ اتَّبَعَ പിന്‍തുടര്‍ന്നവനെ (മാത്രം) الذِّكْرَ പ്രമാണത്തെ, സ്മരണയെ, ഉപദേശം وَخَشِيَ الرَّحْمَٰنَ പരമകാരുണികനെ ഭയപ്പെടുകയും ചെയ്ത بِالْغَيْبِ അദൃശ്യത്തില്‍, കാണാതെ فَبَشِّرْهُ എന്നാലവനു സന്തോഷമറിയിക്കുക بِمَغْفِرَةٍ പാപമോചനം കൊണ്ടു وَأَجْرٍ كَرِيم മാന്യമായ പ്രതിഫലവും (കൊണ്ട്)
അല്ലാഹുവിനെ നേരില്‍ കാണാതെതന്നെ – ദൃഷ്ടാന്തങ്ങള്‍ വഴി – അവനില്‍ വിശ്വസിക്കുകയും അവനെ ഭയപ്പെടുകയും ചെയ്യാത്തവരെയും, പ്രമാണങ്ങളും സദുപദേശങ്ങളും ചെവിക്കൊള്ളാത്തവരെയും താക്കീതു ചെയ്തിട്ടു ഫലമുണ്ടാകുന്നതല്ലല്ലോ.
- إِنَّا نَحْنُ نُحْىِ ٱلْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا۟ وَءَاثَٰرَهُمْ ۚ وَكُلَّ شَىْءٍ أَحْصَيْنَٰهُ فِىٓ إِمَامٍ مُّبِينٍ ﴾١٢﴿
- നിശ്ചയമായും, നാം മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു; അവര്‍ മുൻചെയ്തു വെച്ചിട്ടുള്ളതും അവരുടെ അവശിഷ്ടങ്ങളും (അഥവാ പ്രവര്‍ത്തന ഫലങ്ങളും) നാം എഴുതി രേഖപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ കാര്യവും തന്നെ, ഒരു സ്പഷ്ടമായ മൂലരേഖയില്‍ നാം കണക്കാക്കി (സൂക്ഷിച്ചു) വെക്കുകയും ചെയ്തിരിക്കുന്നു.
- إنَّا നിശയമായും നാം نَحْنُ നാംതന്നെ نُحْيِي الْمَوْتَىٰ മരണപ്പെട്ടവരെ നാം ജീവിപ്പിക്കുന്നു وَنَكْتُبُ നാം എഴുതുക(രേഖപ്പെടുത്തുക)യും ചെയ്യുന്നു مَا قَدَّمُوا അവര്‍ മുന്ചെയ്തതിനെ وَآثَارَهُمْ അവരുടെ അവശിഷ്ട(പ്രവര്‍ത്തനഫല) ങ്ങളെയും وَكُلَّ شَيْءٍ എല്ലാ കാര്യവും أَحْصَيْنَاهُ നാം അതിനെ കണക്കാക്കി (ക്ളിപ്തമാക്കി) വെച്ചിരിക്കുന്നു فِي إِمَامٍ ഒരു മൂലരേഖയില്‍,കേന്ദ്ര ഗ്രന്ഥത്തില്‍ مُبِينٍ സ്പഷ്ടമായ, വ്യക്തമായ
മരണത്തിനു മുന്‍പ് ഓരോരുത്തനും ചെയ്ത എല്ലാ കര്‍മ്മങ്ങളും -അവ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ- ‘അവര്‍ മുന്ചെയ്തു വെച്ചത് (مَا قَدَّمُوا) എന്ന വാക്കില്‍ ഉള്‍പ്പെടുന്നു. പ്രസ്തുത കര്‍മ്മങ്ങളുടെ ഫലമായി അവശേഷിക്കുന്ന എല്ലാ നന്മകളും, തിന്മകളും ‘അവരുടെ അവശിഷ്ടങ്ങള്‍, അഥവാ പ്രവര്‍ത്തന ഫലങ്ങള്‍ (آثَارَهُمْ) എന്ന് പറഞ്ഞതിലും ഉള്‍പ്പെടുന്നു. മനുഷ്യന്‍ മരണപ്പെടുന്നതിനു മുന്‍പ് ചെയ്തു കഴിഞ്ഞ പ്രവര്‍ത്തികള്‍ മാത്രമല്ല, അവന്റെ മരണ ശേഷം അവനു പുണ്യം ലഭിക്കുവാന്‍ ഉതകുന്ന എല്ലാ സല്‍പ്രവര്‍ത്തനഫലങ്ങളും, നേരമറിച്ചു അവനു ദോഷം ബാധിക്കുവാന്‍ കാരണമായിത്തീരുന്ന എല്ലാ ദുഷ്പ്രവര്‍ത്തന ഫലങ്ങളും -ഒന്നൊഴിയാതെ- അല്ലാഹു രേഖപ്പെടുത്തി വെക്കുന്നു. ഈ രേഖയെ കുറിച്ചാണ് صحيفة الأعمال (കര്‍മ്മങ്ങളുടെ ഏട്) എന്ന് പറയപ്പെടുന്നത് .ഇതിനുപുറമെ മനുഷ്യ കര്‍മ്മങ്ങളടക്കമുള്ള എല്ലാകാര്യങ്ങളും രേഖപ്പെടുത്തപെട്ടിട്ടുള്ള ഒരു മൂലരേഖയും അല്ലാഹുവിങ്കലുണ്ട്. അതത്രേ إمام مبين (സ്പഷ്ടമായ മൂലരേഖ) സൂ; ഖമറില്‍ അല്ലാഹു പറയുന്നു;
وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ – القمر
(അവര്‍ ചെയ്യുന്ന എല്ലാ കാര്യവും ഏടുകളിലുണ്ട്, എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബ്ദുല്ലാഹില്‍ ബജലി (റ) ഉദ്ധരിക്കുന്നു; ‘ഒരാളൊരു നല്ല നടപടി ക്രമം നടപ്പിലാക്കിയാല്‍,അവനു അതിന്റെ പ്രതിഫലവും, അവനു ശേഷം അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും – അവരുടെ പ്രതിഫലങ്ങളില്‍ ഒട്ടും കുറവ് വരാതെത്തന്നെ- ഉണ്ടായിരിക്കും. ഒരാള്‍ ഒരു ദുഷിച്ച നടപടി നടപ്പാക്കിയാല്‍, അവനു അതിന്റെ കുറ്റവും, അതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കുറ്റവും – അവരുടെ കുറ്റങ്ങളില്‍ ഒട്ടും കുറവ് വരാതെ തന്നെ- ഉണ്ടായിരിക്കുന്നതുമാണ്.’ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ എന്ന് (ഈ ആയത്ത്) ഓതുകയും ചെയ്തു.’ (أخرجه ابن ابي حاتم)
വിഭാഗം - 2
- وَٱضْرِبْ لَهُم مَّثَلًا أَصْحَٰبَ ٱلْقَرْيَةِ إِذْ جَآءَهَا ٱلْمُرْسَلُونَ ﴾١٣﴿
- (നബിയേ) നീ അവര്‍ക്ക് (ആ) രാജ്യക്കാരെ ഒരു ഉപമയായി വിവരിച്ചു കൊടുക്കുക: അതായതു, അവിടെ ‘മുര്‍സലുകള്‍’ (ദൂതന്മാരായി അയക്കപ്പെട്ടവര്‍) ചെന്ന സന്ദര്‍ഭം.
- وَاضْرِبْ لَهُمْ അവര്‍ക്ക് വിവരിച്ചു കൊടുക്കുക مَثَلًا ഒരു ഉപമ أَصْحَابَ الْقَرْيَةِ (ആ) രാജ്യക്കാരെ إِذْ جَاءَهَا അവിടെ ചെന്ന സന്ദര്‍ഭം الْمُرْسَلُونَ ദൂതന്മാര്‍, മുര്‍സലുകള്‍
- إِذْ أَرْسَلْنَآ إِلَيْهِمُ ٱثْنَيْنِ فَكَذَّبُوهُمَا فَعَزَّزْنَا بِثَالِثٍ فَقَالُوٓا۟ إِنَّآ إِلَيْكُم مُّرْسَلُونَ ﴾١٤﴿
- അവരുടെ അടുക്കലേക്കു നാം രണ്ടാളെ അയച്ചപ്പോള്‍, അവര്‍ അവരെ വ്യാജമാക്കി. അപ്പോള്‍ മൂന്നാമതൊരാളെ കൊണ്ട് നാം (അവര്‍ക്ക്) പ്രാബല്യം നല്‍കി. എന്നിട്ട് അവര്‍ (ദൂതന്മാര്‍) പറഞ്ഞു: 'ഞങ്ങള്‍ നിങ്ങളിലേക്ക് (അയക്കപ്പെട്ട) ദൂതന്മാരാണ്'.
- إِذْ أَرْسَلْنَا നാം അയച്ചപ്പോള്‍ إِلَيْهِمُ അവരിലേക്ക് اثْنَيْنِ രണ്ടാളെ فَكَذَّبُوهُمَا എന്നിട്ടവര്‍ അവരെ വ്യാജമാക്കി فَعَزَّزْنَا അപ്പോള്‍ നാം പ്രബല (ശക്തി)പ്പെടുത്തി بِثَالِثٍ ഒരു മൂന്നാമനെ കൊണ്ട് فَقَالُوا എന്നിട്ടവര്‍ പറഞ്ഞു إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് مُرْسَلُونَ അയക്കപ്പെട്ടവരാണ് (ദൂതന്മാരാണ്)
- قَالُوا۟ مَآ أَنتُمْ إِلَّا بَشَرٌ مِّثْلُنَا وَمَآ أَنزَلَ ٱلرَّحْمَٰنُ مِن شَىْءٍ إِنْ أَنتُمْ إِلَّا تَكْذِبُونَ ﴾١٥﴿
- അവര്‍ [രാജ്യക്കാര്‍] പറഞ്ഞു: 'നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ (മറ്റാരും) അല്ല; പരമകാരുണികനായുള്ളവന്‍ യാതൊന്നും തന്നെ ഇറക്കിയിട്ടുമില്ല, നിങ്ങള്‍ വ്യാജം പറയുകയല്ലാതെ ചെയ്യുന്നില്ല'.
- قَالُوا അവര്‍ പറഞ്ഞു مَا أَنْتُمْ നിങ്ങളല്ല إِلَّا بَشَرٌ മനുഷ്യരല്ലാതെ مِثْلُنَا ഞങ്ങളെപ്പോലുള്ള وَمَا أَنْزَلَ ഇറക്കിയിട്ടുമില്ല الرَّحْمَٰنُ പരമകാരുണികന്‍ مِنْ شَيْءٍ യാതൊന്നും إِنْ أَنْتُمْ നിങ്ങളല്ല إِلَّا تَكْذِبُونَ നിങ്ങള്‍ കളവു പറയുകയല്ലാതെ
- قَالُوا۟ رَبُّنَا يَعْلَمُ إِنَّآ إِلَيْكُمْ لَمُرْسَلُونَ ﴾١٦﴿
- അവര്‍ [ദൂതന്മാര്‍] പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവിന്നറിയാം, നിശ്ചയമായും ഞങ്ങള്‍ നിങ്ങളിലേക്ക് അയക്കപ്പെട്ടവര്‍ തന്നെയാണെന്ന്'.
- قَالُوا അവര്‍ പറഞ്ഞു رَبُّنَا يَعْلَمُ ഞങ്ങളുടെ റബ്ബ് അറിയും, റബ്ബിന്നറിയാം إِنَّا നിശ്ചയമായും ഞങ്ങള്‍ إِلَيْكُمْ നിങ്ങളിലേക്ക് لَمُرْسَلُونَ അയക്കപ്പെട്ടവര്‍തന്നെ എന്നു
- وَمَا عَلَيْنَآ إِلَّا ٱلْبَلَٰغُ ٱلْمُبِينُ ﴾١٧﴿
- 'സ്പഷ്ടമായ സന്ദേശം (എത്തിക്കല്‍) അല്ലാതെ, ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും'.
- وَمَا عَلَيْنَا ഞങ്ങളുടെമേല്‍ (ബാധ്യത) ഇല്ലതാനും إِلَّا الْبَلَاغُ സന്ദേശം (പ്രബോധനം, എത്തിക്കല്‍) അല്ലാതെ الْمُبِينُ സ്പഷ്ടമായ, വ്യക്തമായ
അറബിമുശ്‌രിക്കുകളെപ്പോലെ, തൗഹീദില്‍ വിശ്വസിക്കാത്തവരും, തൗഹീദിലേക്ക് ക്ഷണിക്കുവാന്‍ നിയോഗിക്കപ്പെട്ടവരെ ധിക്കരിച്ചവരുമായ ഒരു രാജ്യക്കാരുടെ കഥയാണ് ഈ വചനങ്ങളില്‍ വിവരിക്കുന്നത്. ഈ രാജ്യക്കാര്‍ (أَصْحَابَ الْقَرْيَةِ) എതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. ഇവര്‍ അന്താക്കിയ (*) നിവാസികളായിരുന്നുവെന്നും, ഈസാ (عليه السلام) നബി മതപ്രബോധനാര്‍ത്ഥം അവരിലേക്കയച്ച ദൂതന്മാരെ (**) ക്കുറിച്ചാണ് ഇവിടെ ദൂതന്മാര്‍ (الْمُرْسَلُونَ) എന്ന് പറഞ്ഞിട്ടുള്ളതെന്നുമാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ മിക്കവരും പറയുന്നത്. അന്താക്കിയായിലേക്ക് ഈസാ (عليه السلام) നബിയുടെ ദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഈ ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട സംഭവം മറ്റൊന്നാണെന്നത്രേ മറ്റു ചിലരുടെ അഭിപ്രായം. ഇബ്നു കഥീര്‍ (رحمه الله) പ്രസ്താവിക്കുന്നത് പോലെ ഖുര്‍ആനിന്റെ വാക്കുകള്‍ പരിശോധിച്ചാല്‍ ഈ രണ്ടാമത്തെ അഭിപ്രായത്തിനാണ് പ്രാബല്യം കാണുന്നത്.
(*) സിറിയയുടെ (ശാമിന്റെ) ഉത്തര പ്രദേശത്ത് അലക്സാന്തരിയാറ്റ (الإسكندرية) ഉള്‍ക്കടലിന്റെ അല്‍പ്പം തെക്കും മധ്യധരണ്യാഴിയില്‍ നിന്ന് അല്‍പ്പം കിഴക്കുമായി സ്ഥിതി ചെയ്യുന്ന ഒരു പൌരാണിക പട്ടണമാണ് അന്താക്കിയ أنطاكية) antioche – അന്തോക്യ) . 6-ാം പടം നോക്കുക. ക്രിസ്ത്യാനികള്‍ക്കിടയില്‍ ചരിത്ര പ്രാധാന്യമുള്ള ഒരു പട്ടണമാണിത് . ക്രിസ്താബ്ദം 638 ല്‍ മുസ്‌ലിംകള്‍ അവിടെ പ്രവേശിച്ചു.1098ല്‍ കുരിശുയുദ്ധത്തില്‍ വെച്ച് ക്രിസ്ത്യാനികള്‍ അത് അധീനപ്പെടുത്തുകയും ഫ്രെഞ്ചുകാര്‍ അതൊരു തലസ്ഥാനനഗരിയാക്കി വെക്കുകയും ചെയ്തു. ഇപ്പോള്‍ ഈ രാജ്യത്തിന്റെ കീര്‍ത്തി നഷ്ടപ്പെട്ടിരിക്കുന്നു. ജനസംഖ്യ ഒരു കാലത്ത് അഞ്ചു ലക്ഷം വന്നിരുന്നുവെന്നു കാണുന്നു.
(**) ഈസാ (عليه السلام) നബിയുടെ ശിഷ്യഗണങ്ങളും സഹായികളുമായ അപ്പോസ്തലന്മാരെ الحواريون) – ശ്ലീഹാന്മാര്‍ – Aposties) ഉദ്ദേശിച്ചാണ് ആയത്തില്‍ ‘മുര്‍സലുകള്‍‘ എന്നു പറഞ്ഞിരിക്കുന്നതെന്നാണ് ഈ വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നത്.
ഭൂരിപക്ഷം മുഫസ്സിറുകളുടെയും അഭിപ്രായം ഉദ്ദരിച്ച ശേഷം ഇബ്നു കഥീര്‍ (رحمه الله) പ്രസ്ഥാവിക്കുന്നതിന്റെ ചുരുക്കം ഇതാണ്:- ഇതില്‍ പലനിലക്കും ആലോചിക്കേണ്ടതായുണ്ട്.
(1) ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പ്രത്യക്ഷത്തില്‍ കാണിച്ചു തരുന്നത് പ്രസ്തുത ദൂതന്മാര്‍ അല്ലാഹുവിന്റെ ദൂതന്മാര്‍ (റസൂലുകള്‍) തന്നെയായിരുന്നുവെന്നാണ്. ഈസാ നബിയുടെ ദൂതന്മാരാണെന്നു കാണിക്കുന്ന യാതൊന്നും അതിലില്ല. ‘നിങ്ങള്‍ ഞങ്ങളെപ്പോലെയുള്ള മനുഷ്യരല്ലാതെ മറ്റൊന്നുമല്ല’ (أَنتُمْ إِلَّا بَشَرٌ مِّثْلُنَا) എന്നുള്ള വാക്യവും ഇതാണ് കാണിക്കുന്നത്.
(2) ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങളായിരുന്നു ; അല്‍ ഖുദ്സ്, അന്താക്കിയ,അലക്സാന്തരിയ, റൂമിയ എന്നിവ. ഓരോന്നിന്റെയും പ്രാധാന്യം ഓരോ നിലക്കായിരുന്നു. ഒരു രാജ്യക്കാര്‍ മുഴുവനും കൂടി ഈസാ (عليه السلام) നബിയില്‍ വിശ്വസിച്ച ഒന്നാമത്തെ രാജ്യമെന്ന നിലക്കായിരുന്നു അന്താക്കിയക്കുള്ള സ്ഥാനം. ആയത്തില്‍ പ്രസ്താവിച്ച രാജ്യക്കാരാകട്ടെ, ദൂതന്മാരെ നിഷേധിക്കുകയും, (താഴെ കാണുന്ന പ്രകാരം) അല്ലാഹുവില്‍ നിന്ന് പൊതു ശിക്ഷക്ക് വിധേയരാകുകയുമാണ് ഉണ്ടായത്.
(3) തൌറാത്ത് അവതരിച്ചതിന് ശേഷം ഒരു ജനത ആകമാനം പൊതു ശിക്ഷയാല്‍ നശിപ്പിക്കപ്പെടുകയുണ്ടായിട്ടില്ലെന്നും, അതിനു ശേഷമാണ് ബഹുദൈവ വിശ്വാസികളുമായി യുദ്ധം നടന്നിട്ടുള്ളതെന്നുമാണ് അബൂസഈദില്‍ ഖുദ്‌രി (رضي الله عنه) യും പല മുന്‍ഗാമികളും പറയുന്നതു. അപ്പോള്‍, ഖുര്‍ആനില്‍ പറഞ്ഞ ഈ രാജ്യം -മുന്‍ഗാമികള്‍ ആയ പലരും പറഞ്ഞതുപോലെ- അന്താകിയ ആയിരിക്കുകയില്ല അല്ലെങ്കില്‍ അതേ പേരിലുള്ള വേറെ രാജ്യമയിരിക്കാം. (*) കാരണം, ക്രിസ്തീയ കാലത്താകട്ടെ, അതിനു മുന്പാകട്ടെ ഒരു രാജ്യം നശിപ്പിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല, അല്ലാഹുവിനറിയാം. (راجع ابن كثير)
(*) ‘ക്രി.മു. 300ല്‍ സൂരിയാ മുതലായ പ്രദേശങ്ങളെ ഭരിച്ച ഒരു രാജാവ് പണികഴിപ്പിച്ചതായി ഇതേ പേരുള്ള 16 പട്ടണങ്ങളില്‍ രണ്ടു മാത്രം പുതിയ നിയമത്തില്‍ പറഞ്ഞിരിക്കുന്നു. 1. സുരിയയിലുള്ള അന്ത്യോക്യാ…. 2.പിസിദ്യാ ദേശത്തിലെ അന്ത്യോക്യാ….’ (വേ. പു. നിഘണ്ടു.)
ആദ്യം അല്ലാഹു ആ രാജ്യക്കാരിലേക്ക് രണ്ടു പേരെ ദൂതന്മാരായി അയച്ചു , അവര്‍ അവരെ വ്യജമാക്കി നിഷേധിച്ചപ്പോള്‍ മൂന്നാമത് ഒരാളെയും (*) നിയോഗിച്ചു കൊണ്ട് പ്രബോധനം ശക്തിപ്പെടുത്തി. പക്ഷെ ജനങ്ങള്‍ നിഷേധത്തില്‍ തന്നെ ഉറച്ചു നിന്നു. അവര്‍ക്കിടയില്‍ നടന്ന സംഭാഷണങ്ങളുടെ ചുരുക്കം മാത്രമാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചിരിക്കുന്നത്. സത്യനിഷേധികളുടെ സാധാരണ പതിവുപോലെ ഒടുക്കം ഈ രാജ്യക്കാരും ഭീഷണി പുറപ്പെടുവിക്കുകയായി:-
(*) ഈ ദൂതന്മാര്‍ ഈസാ (عليه السلام) നബിയുടെ അപ്പോസ്തലന്മാരായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലര്‍, ആദ്യത്തെ രണ്ടു ദൂതന്മാര്‍ യോഹന്നാനും, പൗലൂസും ആണെന്നും, മൂന്നാമത്തെ ദൂതന്‍ ശിമയോന്‍ ആണെന്നും പറയുന്നു. വേറെയും അഭിപ്രായമുണ്ട്.
- قَالُوٓا۟ إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا۟ لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ ﴾١٨﴿
- അവര്‍ പറഞ്ഞു: ‘നിങ്ങള്‍ നിമിത്തം ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു; നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുകതന്നെ ചെയ്യുന്നതാണ്; ഞങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തീര്‍ച്ചയായും വേദനയേറിയ ശിക്ഷ ബാധിക്കുന്നതുമാണ്.’
- قَالُوا അവര്‍ പറഞ്ഞു إِنَّا تَطَيَّرْنَا ഞങ്ങള്‍ ശകുനപ്പിഴവില്‍ (ലക്ഷണക്കേടില്‍) ആയിരിക്കുന്നു بِكُمْ നിങ്ങള്‍ നിമിത്തം لَئِنْ لَمْ تَنْتَهُوا നിശ്ചയമായും നിങ്ങള്‍ വിരമിക്കുന്നില്ലെങ്കില്‍ لَنَرْجُمَنَّكُمْ ഞങ്ങള്‍ നിങ്ങളെ കല്ലേറു നടത്തുക (എറിഞ്ഞാട്ടുക) തന്നെ ചെയ്യും وَلَيَمَسَّنَّكُمْ നിങ്ങള്‍ക്ക് തീര്‍ച്ചയായും ബാധിക്കുക (സ്പര്‍ശിക്കുക)യും ചെയ്യും مِنَّا ഞങ്ങളില്‍ നിന്നും عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
- قَالُوا۟ طَٰٓئِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ ﴾١٩﴿
- അവര്‍ [ദൂതന്മാര്‍] പറഞ്ഞു: ‘ നിങ്ങളുടെ ശകുനപ്പിഴ നിങ്ങളോന്നിച്ചു തന്നെയാണുള്ളത്. നിങ്ങള്‍ക്ക് ഉപദേശം നല്‍കപ്പെട്ടതിനാലാണോ (ഇങ്ങിനെ പറയുന്നത്)?! പക്ഷേ, നിങ്ങള്‍ അതിരുകവിഞ്ഞ ഒരു ജനതയാണ്.’
- قَالُوا അവര്‍ പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ദുശ്ശകുനം, ശകുനപ്പിഴ, ദുര്‍ലക്ഷണം مَعَكُمْ നിങ്ങളുടെ ഒന്നിച്ചാണ് أَئِنْ ذُكِّرْتُمْ നിങ്ങള്‍ക്ക് ഉപദേശം (പ്രബോധനം) നൽകപ്പെട്ടിട്ടാണോ بَلْ എങ്കിലും, പക്ഷെ أَنْتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് مُسْرِفُونَ അതിരു കവിഞ്ഞ
പ്രവാചകന്മാരുടെ പ്രബോധനത്തെ ധിക്കരിച്ച മുന്‍സമുദായങ്ങളിലും കാണാവുന്ന ഒന്നാണ് ഈ ദുശ്ശകുനവാദം. ഫിര്‍ഔന്റെ ആള്‍ക്കാരെ പറ്റി അല്ലാഹു പറയുന്നു:
فَإِذَا جَاءَتْهُمُ الْحَسَنَةُ قَالُوا لَنَا هَٰذِهِ ۖ وَإِنْ تُصِبْهُمْ سَيِّئَةٌ يَطَّيَّرُوا بِمُوسَىٰ وَمَنْ مَعَهُ ۗ أَلَا إِنَّمَا طَائِرُهُمْ عِنْدَ اللَّهِ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ – الأعراف
(അവര്‍ക്ക് നന്മ വന്നാല്‍ അവര്‍ പറയും: ‘ നമ്മുടെതാണ് ഇതു’ എന്നും വല്ല തിന്മയും അവര്‍ക്ക് ബാധിക്കുന്ന പക്ഷം, മൂസായും അദ്ദേഹത്തിന്റെ കൂടെയുള്ളവരും നിമിത്തം തങ്ങള്‍ക്കു ശകുനപ്പിഴ ബാധിച്ചതായി ഗണിക്കുകയും ചെയ്യും അല്ലാ! (അറിയുക:) അവരുടെ ശകുനപ്പിഴ അല്ലാഹുവിങ്കലാണുള്ളത് (സൂ: അഅ് റാഫ് : 131) ഇതുപോലെ, സ്വാലിഹു (അ) നബിയുടെ ജനത അദ്ദേഹത്തെയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ദുശ്ശകുനക്കാരാക്കിയതു സൂറത്തുന്നംല് 47ലും പ്രസ്താവിച്ചിട്ടുണ്ട്.
ദൂതന്മാര്‍ അവരോടു പറഞ്ഞ മറുപടിയുടെ സാരം ഇതാണ്: നിങ്ങള്‍ക്ക് വല്ല ദുശ്ശകുനവും ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ദോഷം കൊണ്ട് തന്നെയാണ്. നിങ്ങളുടെ ദുര്‍ന്നടപ്പാണതിനു കാരണം.ഞങ്ങള്‍ നിങ്ങളെ തൌഹീദിലേക്കും സന്‍മാര്‍ഗത്തിലേക്കും ക്ഷണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇതൊരിക്കലും ശകുനപ്പിഴക്കു കാരണമല്ല. നിങ്ങള്‍ ഞങ്ങളുടെ ഉപദേശം സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ഞങ്ങളെ ധിക്കരിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.ഈ അതിരുകവിച്ചലാണ് നിങ്ങള്‍ക്ക് ദുശ്ശകുനമായിത്തീരുന്നത് എന്ന് നിങ്ങള്‍ മനസ്സിലാക്കണം.
- وَجَآءَ مِنْ أَقْصَا ٱلْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَٰقَوْمِ ٱتَّبِعُوا۟ ٱلْمُرْسَلِينَ ﴾٢٠﴿
- പട്ടണത്തിന്റെ അങ്ങേഅറ്റത്തു നിന്ന് ഒരു മനുഷ്യന്‍ ഓടികൊണ്ടു വന്നു. അവന്‍ പറഞ്ഞു: 'എന്റെ ജനങ്ങളെ, നിങ്ങള്‍ ദൂതന്മാരെ പിന്‍പറ്റുവിന്‍!-
- وَجَاءَ വന്നു مِنْ أَقْصَى അങ്ങേ അറ്റത്ത്(ദൂരത്ത്) നിന്ന് الْمَدِينَةِ പട്ടണത്തിന്റെ, നഗരത്തിന്റെ رَجُلٌ ഒരു പുരുഷന്‍(മനുഷ്യന്‍) يَسْعَىٰ ഓടി (ബദ്ധപ്പെട്ടു) കൊണ്ട് قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ الْمُرْسَلِينَ ദൂദന്മാരെ, മുര്സലുകളെ
- ٱتَّبِعُوا۟ مَن لَّا يَسْـَٔلُكُمْ أَجْرًا وَهُم مُّهْتَدُونَ ﴾٢١﴿
- ‘നിങ്ങളോടു യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല, തങ്ങള്‍ സന്മാര്‍ഗികളുമാണ്, അങ്ങിനെയുള്ളവരെ പിന്‍പറ്റുവിന്‍!’
- اتَّبِعُوا مَنْ യാതൊരു കൂടരെ പിന്‍പറ്റുവിന്‍ لَا يَسْأَلُكُمْ നിങ്ങളോടു ചോദിക്കാത്ത أَجْرًا ഒരു പ്രതിഫലം وَهُمْ അവര്‍ مُهْتَدُونَ സാന്മാര്‍ഗ്ഗികളുമാണ്
ഈ മനുഷ്യനെപ്പറ്റി കൂടുതല്‍ വിവരമൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ പേരും മറ്റും നമുക്ക് ആരായേണ്ടതില്ല. വിഷയം മനസ്സിലാക്കുവാന്‍ അതാവശ്യവുമില്ല. സത്യവിശ്വാസിയും, ഗുണകാംക്ഷിയുമായ ഒരു സല്‍പുരുഷനായിരുന്നു അദ്ദേഹമെന്നു വ്യക്തമാണ്. ഇമാം റാസി (رحمه الله) ചൂണ്ടിക്കാട്ടിയതു പോലെ, ആ രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു അപരിചിതനായിരുന്നു അദ്ദേഹം എന്നത്രേ ഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ച വാചകം കാണുമ്പോള്‍ മനസ്സിലാകുന്നത്. അപരിചിതനായ ഒരാളുടെ ഉപദേശം- അയാള്‍ ഒരു കക്ഷിതാല്പര്യക്കാരനാണെന്നോ മറ്റോ പറഞ്ഞു- വേഗമങ്ങു പുറം തള്ളുന്നത് യുക്തമല്ലല്ലോ.
തങ്ങളെ ഉപദേശിക്കുന്ന ദൂതന്മാര്‍, അവരുടെ ഉപദേശം വഴി യാതൊരു കാര്യലാഭവും ഉദ്ദേശിക്കുന്നില്ല; അതോടുകൂടി അവര്‍ എല്ലാനിലക്കും വളരെ നല്ല മനുഷ്യരുമാണ്; എന്നിരിക്കെ അവരുടെ ഉപദേശം നിങ്ങള്‍ സ്വീകരിക്കാതിരിക്കുവാന്‍ യാതൊരു ന്യായവുമില്ല എന്നാണ് ആ മനുഷ്യന്‍ ജനങ്ങളെ ആദ്യം പറഞ്ഞു മനസ്സിലാക്കുന്നത്. ഇതു ഫലപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം സംസാരഗതി മാറ്റുകയും, തന്നെത്തന്നെ സംസാരവിഷയമാക്കുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു:-
- وَمَا لِىَ لَآ أَعْبُدُ ٱلَّذِى فَطَرَنِى وَإِلَيْهِ تُرْجَعُونَ ﴾٢٢﴿
- 'എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ ഞാന്‍ ആരാധന ചെയ്യാതിരിക്കുവാന്‍ എനിക്ക് എന്താണ് (തടസ്സം) ഉള്ളത്?! അവന്‍റെ അടുക്കലേക്കു തന്നെയാണ് നിങ്ങള്‍ മടക്കപ്പെടുന്നതും.
- وَمَا لِيَ എനിക്കെന്താണ്, (എനിക്കു പാടില്ല) لَا أَعْبُدُ ഞാന്‍ ആരാധിക്കുകയില്ലെന്നു, (ആരാധിക്കാതിരിക്കുവാന്‍) الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവനെ وَإِلَيْهِ അവനിലേക്ക് തന്നെ تُرْجَعُونَനിങ്ങള്‍ മടക്കപ്പെടുന്നു
- ءَأَتَّخِذُ مِن دُونِهِۦٓ ءَالِهَةً إِن يُرِدْنِ ٱلرَّحْمَٰنُ بِضُرٍّ لَّا تُغْنِ عَنِّى شَفَٰعَتُهُمْ شَيْـًٔا وَلَا يُنقِذُونِ ﴾٢٣﴿
- 'അവനു പുറമേ വല്ല ദൈവങ്ങളെയും ഞാന്‍ സ്വീകരിക്കുകയോ?! (ആ)
പരമകാരുണികന്‍ എനിക്കു വല്ല ഉപദ്രവവും ഉദ്ദേശിക്കുന്നപക്ഷം, അവരുടെ ശുപാര്‍ശ എനിക്കു ഒട്ടും തന്നെ ഉപകാരപ്പെടുകയില്ല; അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല! - أَأَتَّخِذُ ഞാന്‍ സ്വീകരിക്കുക(ഉണ്ടാക്കുക)യോ مِنْ دُونِهِ അവനു പുറമേ آلِهَةً വല്ല ദൈവങ്ങളെയും إِنْ يُرِدْنِ എനിക്കു ഉദ്ദേശിക്കുന്നതായാല്‍ الرَّحْمَٰنُ പരമ കാരുണികന്‍ بِضُرٍّ വല്ല ഉപദ്രവത്തെ(ദോഷത്തെ)യും لَا تُغْنِ ഉപകാരപ്പെടുക (പര്യാപ്തമാക്കുക, ധന്യമാക്കുക) യില്ല عَنِّي എനിക്കു, എന്നെപറ്റി شَفَاعَتُهُمْ അവരുടെ ശുപാര്‍ശ شَيْئًا യാതൊന്നും,ഒട്ടും وَلَا يُنْقِذُونِ അവര്‍ എന്നെ രക്ഷപ്പെടുത്തുകയുമില്ല
- إِنِّىٓ إِذًا لَّفِى ضَلَٰلٍ مُّبِينٍ ﴾٢٤﴿
- 'അപ്പോള്‍ (അങ്ങിനെയാണെങ്കില്‍) ഞാന്‍ നിശ്ചയമായും സ്പഷ്ടമായ ദുര്‍മ്മാര്‍ഗത്തില്‍ തന്നെയായിരിക്കും.
- إِنِّي നിശ്ചയമായും ഞാന്‍ إِذًا അപ്പോള്‍, അങ്ങിനെയാണെങ്കില്‍ لَفِي ضَلَالٍ ദുര്മാര്ഗ്ഗത്ത്തില്‍ തന്നെയായിരിക്കും مُبِينٍ സ്പഷ്ടമായ
- إِنِّىٓ ءَامَنتُ بِرَبِّكُمْ فَٱسْمَعُونِ ﴾٢٥﴿
- 'നിശ്ചയമായും ഞാന്‍, നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചിരിക്കുന്നു.
ആകയാല്‍, നിങ്ങള്‍ എന്നെ [എന്റെ ഉപദേശം] കേട്ടു കൊള്ളുവിന്‍!’ - إِنِّي آمَنْتُ നിശ്ചയമായും ഞാന്‍ വിശ്വസിച്ചു بِرَبِّكُمْ നിങ്ങളുടെ റബ്ബില്‍ فَاسْمَعُونِ അത്കൊണ്ട് എന്നെ കേള്‍ക്കുവിന്‍ (അനുസരിക്കുവിന്‍), എനിക്കു സക്ഷിയാകുവിന്‍
നിഷ്പക്ഷനായ ഒരു ഗുണകാംക്ഷി എന്ന നിലക്ക് ആദ്യം അദ്ദേഹം ദൂതന്മാരെക്കുറിച്ച് അവരെ മനസ്സിലാക്കി. അനന്തരം, അവര്‍ പ്രബോധനം ചെയ്യുന്ന തൗഹീദ് സ്വീകരിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ലെന്നും, അതുകൊണ്ട് താന്‍ അതില്‍ വിശ്വസിക്കുന്നവനാണെന്നും വ്യക്തമാക്കി. അതുപോലെ അവരും അതു സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. പക്ഷേ, ആ ജനത അതൊന്നും ചെവികൊണ്ടില്ല.
- قِيلَ ٱدْخُلِ ٱلْجَنَّةَ ۖ قَالَ يَٰلَيْتَ قَوْمِى يَعْلَمُونَ ﴾٢٦﴿
- (അദ്ദേഹത്തോട്) പറയപ്പെട്ടു: 'സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക,' എന്നു! അദ്ദേഹം പറഞ്ഞു: 'ഹാ! എന്റെ ജനങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നന്നായേനെ'-
- قِيلَ പറയപ്പെട്ടു ادْخُلِ പ്രവേശിക്കുക الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ قَالَ അദ്ദേഹം പറഞ്ഞുيَا لَيْتَ قَوْمِي എന്റെ ജനത ആയിരുന്നെങ്കില്‍ നന്നായേനെ! يَعْلَمُونَ അറിയു (മായിരുന്നെങ്കില്‍)
- بِمَا غَفَرَ لِى رَبِّى وَجَعَلَنِى مِنَ ٱلْمُكْرَمِينَ ﴾٢٧﴿
- 'എന്റെ റബ്ബ് എനിക്കു പൊറുത്തു തരികയും, എന്നെ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ആക്കിത്തരുകയും ചെയ്തതിനെക്കുറിച്ച്‘
- بِمَا غَفَرَ لِي എനിക്കു പൊറുത്തു തന്നതിനെ പറ്റി رَبِّي എന്റെ റബ്ബ് وَجَعَلَنِي എന്നെ ആക്കുകയും مِنَ الْمُكْرَمِينَ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തില്‍
ആ ജനതയുടെ ഗുണകാംക്ഷിയായിരുന്ന ആ മാന്യന്‍റെ മരണത്തെക്കുറിച്ച് ഖുര്‍ആന്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെയും, ആ ജനതയെയും കുറിച്ചുള്ള പ്രസ്താവനകളില്‍ നിന്ന് അദ്ദേഹം അവരാല്‍ കൊല്ലപ്പെടുകയാണുണ്ടായതെന്നു കരുതുവാന്‍ ന്യായമുണ്ട്. പല വ്യഖ്യാതാക്കളും അങ്ങനെ പറയുകയും ചെയ്തിരിക്കുന്നു. ഏതായാലും, മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു അല്ലാഹുവിങ്കല്‍ ആദരണീയസ്ഥാനം ലഭിക്കുകയും, അദ്ദേഹം സ്വര്‍ഗ്ഗാവകാശിയായി സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.തന്‍റെ ജനത സത്യം സ്വീകരിക്കുകയും, സദുപദേശം ചെവികൊള്ളുകയും ചെയ്തിരുന്നുവെങ്കില്‍ ഇതുപോലെയുള്ള മഹാഭാഗ്യം അവര്‍ക്കും കൈവരുമായിരുന്നുവല്ലോ എന്നു അദ്ദേഹം ആശിച്ചു. അവരാകട്ടെ, അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമാകുകയാണ് ഉണ്ടായത്. അല്ലാഹു പറയുന്നു:-