35:24
  • إِنَّآ أَرْسَلْنَٰكَ بِٱلْحَقِّ بَشِيرًا وَنَذِيرًا ۚ وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ ﴾٢٤﴿
  • നിശ്ചയമായും നാം നിന്നെ സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതു നല്‍കുന്നവനുമായിക്കൊണ്ട് യഥാര്‍ത്ഥ (മത)ത്തോടുകൂടി അയച്ചിരിക്കുന്നു. ഒരു സമുദായവും തന്നെ, അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാതെയിരുന്നിട്ടില്ല
  • إِنَّا أَرْسَلْنَاكَ നിശ്ചയമായും നാം നിന്നെ അയച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥത്തോടുകൂടി بَشِيرًا സന്തോഷമറിയിക്കുന്നവനായിട്ടും وَنَذِيرًا താക്കീതുകാരനായും وَإِن مِّنْ أُمَّةٍ ഒരു സമുദായവും തന്നെയില്ല إِلَّا خَلَا കഴിഞ്ഞുപോകാതെ فِيهَا അതില്‍ نَذِيرٌ ഒരു താക്കീതുകാരന്‍
35:25
  • وَإِن يُكَذِّبُوكَ فَقَدْ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ جَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ وَبِٱلزُّبُرِ وَبِٱلْكِتَٰبِ ٱلْمُنِيرِ ﴾٢٥﴿
  • ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, ഇവരുടെ മുമ്പുള്ളവരും (ഇതുപോലെ) വ്യാജമാക്കുകയുണ്ടായിട്ടുണ്ട്. അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളോടും, ഏടുകളോടും, പ്രകാശം നല്‍കുന്ന വേദഗ്രന്ഥത്തോടും കൂടി അവരുടെ അടുക്കല്‍ ചെന്നിരുന്നു
  • وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ കളവാക്കുകയാണെങ്കില്‍ فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ടു الَّذِينَ مِن قَبْلِهِمْ ഇവരുടെ (അവരുടെ) മുമ്പുള്ളവര്‍ جَاءَتْهُمْ അവര്‍ക്കുവന്നു, ചെന്നു رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ വ്യക്തമായ തെളിവുകള്‍കൊണ്ടു وَبِالزُّبُرِ ഏടുകള്‍കൊണ്ടും وَبِالْكِتَابِ വേദഗ്രന്ഥം കൊണ്ടും الْمُنِيرِ പ്രകാശം നല്‍കുന്ന
35:26
  • ثُمَّ أَخَذْتُ ٱلَّذِينَ كَفَرُوا۟ ۖ فَكَيْفَ كَانَ نَكِيرِ ﴾٢٦﴿
  • പിന്നീട്, (അവരില്‍) അവിശ്വസിച്ചവരെ ഞാന്‍ പിടിച്ചു (ശിക്ഷിച്ചു). അപ്പോള്‍ എന്റെ പ്രതിഷേധം എങ്ങിനെയായി (-നോക്കുക)?!
  • ثُمَّ أَخَذْتُ പിന്നെ ഞാന്‍ പിടിച്ചു الَّذِينَ كَفَرُوا അവിശ്വസിച്ചവരെ فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി نَكِيرِ എന്റെ പ്രതിഷേധം

ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിനാണ് أُمَّة (ഉമ്മത്ത്‌ = സമുദായം) എന്നു പറയുന്നത്. തൗഹീദു പ്രബോധനം ചെയ്‌വാനും അതിനെ അംഗീകരിക്കാത്തവര്‍ക്കു അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു താക്കീതു ചെയ്‌വാനും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ല. അതു നിഷേധിച്ച സമുദായങ്ങളുടെമേല്‍ അല്ലാഹു ശിക്ഷാനടപടി എടുത്തിട്ടുമുണ്ട്. ഈ സമുദായവും അതു ഓര്‍ത്തിരിക്കട്ടെ എന്നു സാരം. എന്നാല്‍, ഓരോ സമുദായത്തിലുമുണ്ടായിരുന്ന പ്രവാചകന്മാരെക്കുറിച്ച് നമുക്കു വിശദമായി അറിവു കിട്ടിയിട്ടില്ല. ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടവരെ സംബന്ധിച്ചു മാത്രമേ നമുക്കു അറിവു ലഭിച്ചിട്ടുള്ളു. അല്ലാഹു പറയുന്നു:

وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ:سورة المؤمن: ٧٨

(നിനക്കുമുമ്പ് നാം പല റസൂലുകളെയും അയക്കുകയുണ്ടായിട്ടുണ്ട്. നാം നിനക്കു വിവരിച്ചു തന്നിട്ടുള്ളവരും അവരിലുണ്ട്‌. നിനക്കു വിവരിച്ചു തന്നിട്ടില്ലാത്തവരും അവരിലുണ്ട്. 40:78.) ആകയാല്‍, നമുക്കു വിവരം സിദ്ധിച്ചവരില്‍ പ്രത്യേകം പ്രത്യേകമായും, അല്ലാത്തവരില്‍ പൊതുവായും നാം വിശ്വസിക്കുന്നു. വിശ്വസിക്കല്‍ നിര്‍ബ്ബന്ധവുമാണ്.

നബിമാര്‍ക്കു അല്ലാഹു നല്‍കിയ മൂന്നുതരം ലക്ഷ്യങ്ങളെ ഇവിടെ എടുത്തുകാട്ടുന്നു:

1. വ്യക്തമായ തെളിവുകള്‍ (الْبَيِّنَات). ബുദ്ധികൊണ്ടു കണ്ടെത്താവുന്ന യുക്തിന്യായങ്ങളും, പ്രകൃതിദൃഷ്ടാന്തങ്ങളും, അമാനുഷിക ദൃഷ്ടാന്തങ്ങളും ഇതില്‍ ഉള്‍പ്പെടും.

2. ഏടുകള്‍ (الزُّبُرِ) അഥവാ ഇബ്രാഹീംനബി (عليه السلام), ദാവൂദുനബി (عليه السلام) മുതലായവര്‍ക്കു നല്കപ്പെട്ടതുപോലെയുള്ള ഏടുകള്‍.

3. പ്രകാശം നല്‍കുന്ന വേദഗ്രന്ഥം (الْكِتَابِ الْمُنِيرِ). തൗറാത്ത്, ഇഞ്ചീല്‍ എന്നീ വേദഗ്രന്ഥങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ടു കാര്യങ്ങള്‍ ഇവിടെ അറിയുന്നതു നന്നായിരിക്കും:

(1) ഓരോ സമുദായത്തിലും പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ടെന്നു അല്ലാഹു പറഞ്ഞുവല്ലോ. അതിനാല്‍, ഏതെങ്കിലും സമുദായക്കാര്‍ തങ്ങളുടെ മതാചാര്യന്മാരായി എണ്ണിവരുന്നവരെല്ലാം നബിമാരായിരുന്നുവെന്നു നിശ്ചയിക്കുവാന്‍ നിവൃത്തിയില്ല. ഒരുപക്ഷെ ആയിരിക്കാം; തൗഹീദു മുതലായ മൗലികസിദ്ധാന്തങ്ങള്‍ക്കെതിരായി ആ സമുദായത്തില്‍ സ്ഥിതിചെയ്യുന്ന വിശ്വാസാചാരങ്ങള്‍ പില്‍ക്കാലത്തു ഉടലെടുത്തതുമായിരിക്കാം എന്നുമാത്രമേ പറയുവാന്‍ സാധിക്കൂ. രണ്ടിലൊന്നു തീര്‍ത്തുപറയുവാന്‍ തക്കതായ ചരിത്രലക്‌ഷ്യംതന്നെ വേണം.

(2). 24-ാം വചനത്തില്‍ ‘കഴിഞ്ഞുപോയി’ എന്നു നാം അര്‍ത്ഥം കല്‍പിച്ചത്‌ خَلَا (ഖലാ) എന്ന ക്രിയക്കാണ്. ‘കഴിഞ്ഞു, ഒഴിഞ്ഞു, തീര്‍ന്നു, ഒഴിവായി, കാലിയായി, ഒഴിഞ്ഞുപോയി’ എന്നൊക്കെയാണ് ആ ക്രിയയുടെ അര്‍ത്ഥം. സ്ഥലത്തിലോ കാലത്തിലോ വരുന്ന ഒഴിവിനെ ഉദ്ദേശിച്ച് അതു ഉപയോഗിക്കപ്പെടുന്നു. ‘മരണപ്പെട്ടു’ എന്നു ആ വാക്കിനു അര്‍ത്ഥമില്ലതന്നെ. മരണംമൂലം ഉണ്ടാകുന്ന ഒഴിവിലും ഉപയോഗിക്കുമെന്നുമാത്രം. ഖുര്‍ആനില്‍ 28 സ്ഥലങ്ങളില്‍ ഈ ക്രിയയില്‍ നിന്നുള്ള പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ‘മരണമടഞ്ഞു’ എന്നുമാത്രം അര്‍ത്ഥം നല്‍കേണ്ടതായ ഒരു ഉദാഹരണവും അതില്‍ കാണുകയില്ല. ഈസാ നബി (عليه السلام) ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതല്ല മരണപ്പെട്ടുപോയിരിക്കുന്നുവോ എന്ന വിഷയം- ഖുര്‍ആന്റെയും ഹദീസുകളുടെയും വ്യക്തമായ പ്രസ്താവനകള്‍കൊണ്ടു തൃപ്തി അടയാതെ – ഇന്നു പലരും ജനങ്ങളില്‍ ആശയക്കുഴപ്പത്തിനും, കക്ഷിതാല്‍പര്യത്തിനും ഇടയാക്കിയിരിക്കുകയാണല്ലോ. ഈസാനബി (عليه السلام) മരണപ്പെട്ടിട്ടുണ്ടെന്നു സ്ഥാപിക്കുന്നതില്‍ താല്‍പര്യമുള്ളവര്‍ തങ്ങള്‍ക്കു തെളിവുകളായി സമര്‍പ്പിക്കാറുള്ള ഒന്നാണ് ഈ വചനം. ഈ തെളിവു സ്വീകാര്യമല്ലെന്നു മേല്‍പറഞ്ഞതില്‍നിന്നു വ്യക്തമാണ്.


(*)- مفردات الراغب .الخلو يستعمل في الزمان والمكان

വിഭാഗം - 4

35:27
  • أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجْنَا بِهِۦ ثَمَرَٰتٍ مُّخْتَلِفًا أَلْوَٰنُهَا ۚ وَمِنَ ٱلْجِبَالِ جُدَدٌۢ بِيضٌ وَحُمْرٌ مُّخْتَلِفٌ أَلْوَٰنُهَا وَغَرَابِيبُ سُودٌ ﴾٢٧﴿
  • അല്ലാഹു ആകാശത്തുനിന്നു വെള്ളം ഇറക്കിയിട്ടുള്ളതു നീ കണ്ടില്ലേ?- എന്നിട്ടു അതുമൂലം നാം [അല്ലാഹു] വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായിക്കൊണ്ടു ഫലവര്‍ഗ്ഗങ്ങളെ ഉല്‍പാദിപ്പിച്ചു. മലകളിലും തന്നെ, വര്‍ണ്ണങ്ങള്‍ വ്യത്യസ്തമായും വെളുപ്പും ചുവപ്പുമായ - (തെളിഞ്ഞ) വഴികളും, തനി കറുത്തിരുണ്ടവയും ഉണ്ട്.
  • أَلَمْ تَرَ നീ കണ്ടില്ലേ أَنَّ اللَّـهَ أَنزَلَ അല്ലാഹു ഇറക്കിയിട്ടുള്ളതു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجْنَا بِهِ എന്നിട്ടു അതുമൂലം നാം പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) ثَمَرَاتٍ ഫല(വര്‍ഗ്ഗ)ങ്ങളെ مُّخْتَلِفًا വ്യത്യസ്തമായിട്ടു أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങള്‍ وَمِنَ الْجِبَالِ മലകളിലുമുണ്ട് جُدَدٌ വഴികള്‍ بِيضٌ വെളുത്തവ وَحُمْرٌ ചുവന്നവയും مُّخْتَلِفٌ أَلْوَانُهَا അവയുടെ വര്‍ണ്ണങ്ങളില്‍ വ്യത്യസ്തമായ وَغَرَابِيبُ (കാക്കയെപ്പോലെ) കറുത്തിരുണ്ടവയും سُودٌ കറുത്ത

35:28
  • وَمِنَ ٱلنَّاسِ وَٱلدَّوَآبِّ وَٱلْأَنْعَٰمِ مُخْتَلِفٌ أَلْوَٰنُهُۥ كَذَٰلِكَ ۗ إِنَّمَا يَخْشَى ٱللَّهَ مِنْ عِبَادِهِ ٱلْعُلَمَٰٓؤُا۟ ۗ إِنَّ ٱللَّهَ عَزِيزٌ غَفُورٌ ﴾٢٨﴿
  • മനുഷ്യരിലും, ജീവജന്തുക്കളിലും, കന്നുകാലികളിലുമുണ്ട് അതുപോലെ വര്‍ണ്ണവ്യത്യാസമുള്ളത്. അല്ലാഹുവിന്റെ അടിയാന്മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമേ അവനെ ഭയപ്പെടുകയുള്ളു. നിശ്ചയമായും, അല്ലാഹു പ്രതാപശാലിയാണ്, വളരെ പൊറുക്കുന്നവനാണ്.
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് وَالدَّوَابِّ ജീവജന്തുക്കളിലും وَالْأَنْعَامِ കന്നുകാലി (ആടുമാടൊട്ടകം)കളിലും مُخْتَلِفٌ أَلْوَانُهُ വര്‍ണ്ണം വ്യത്യസ്തമായതു كَذَٰلِكَ അതുപോലെ إِنَّمَا يَخْشَى തീര്‍ച്ചയായും ഭയപ്പെടുന്നുളളു اللَّـهَ അല്ലാഹുവിനെ مِنْ عِبَادِهِ അവന്റെ അടിയാന്‍മാരില്‍നിന്നു الْعُلَمَاءُ അറിവുള്ളവര്‍ (മാത്രം) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَزِيزٌ പ്രതാപശാലിയാണ് غَفُورٌ വളരെ പൊറുക്കുന്നവനാണ്

മനുഷ്യന്‍ നിത്യേന പരിചയപ്പെട്ടുകൊണ്ടിരിക്കുന്ന വസ്തുക്കളില്‍പോലും -ഒരേ ഇനത്തില്‍തന്നെ- വര്‍ണ്ണവൈവിധ്യങ്ങളും, ജാതി വ്യത്യാസങ്ങളും കാണുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ മനുഷ്യനെ അല്ലാഹു ആഹ്വാനം ചെയ്യുന്നു. ഒരേ മഴവെള്ളം, ഒരേതരം വളം, ഒരേ ഭൂമി, ഇവയില്‍നിന്നുത്ഭവിച്ച ഫലവര്‍ഗ്ഗങ്ങള്‍ നോക്കുക! ഒന്നൊന്നില്‍നിന്നു നിറത്തിലും, രൂപത്തിലും വ്യത്യസ്തമായിരിക്കും. മലകള്‍ നോക്കുക! അവയും, അവയിലുള്ള വഴികളും വ്യത്യസ്ത രൂപത്തിലും വര്‍ണ്ണത്തിലും! മനുഷ്യരടക്കമുള്ള എല്ലാ ജീവികളും, അവര്‍ നിത്യം ഉപയോഗപ്പെടുത്തിവരുന്ന കന്നുകാലികളും അങ്ങിനെത്തന്നെ. ചുരുക്കിപ്പറഞ്ഞാല്‍, വര്‍ണ്ണം, ആകൃതി, രുചി, ഗുണം ആദിയായവയുടെ ആധിക്യം നിമിത്തം അവയ്ക്കു ഒരു നിദാനം കണ്ടെത്തുവാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ കാലമത്രയും ഈ ലോകത്തു പുരോഗമിച്ചുകൊണ്ടേ ഇരുന്ന മനുഷ്യനു – കണ്ടതിനെല്ലാം പേരും പരിധിയും പറയുവാന്‍ വെമ്പുന്ന മനുഷ്യനു – വര്‍ണ്ണം, രുചി, ആകൃതി മുതലായവയില്‍ – വിരല്‍കൊണ്ടെണ്ണാവുന്ന എണ്ണങ്ങള്‍ മാത്രമേ ഇതേവരെ പേരുപറയുവാന്‍പോലും കഴിഞ്ഞിട്ടുള്ളു. ബാക്കിയുള്ളതിലെല്ലാം ചെറുശിശുക്കളെപ്പോലെ, ‘ഇന്നതിന്റെ വര്‍ണ്ണം, അല്ലെങ്കില്‍ ഇന്നതിന്റെ രുചി, ഇന്നതിന്റെ രൂപം’ എന്നൊക്കെ പറയുവാനേ നാളിതുവരെ അവനു സാധിച്ചിട്ടുള്ളു.

അറിവുള്ളവരേ അല്ലാഹുവിനെ ഭയപ്പെടുകയുള്ളു എന്നു പറഞ്ഞുവല്ലോ. ഇവിടെ ‘അറിവു’ കൊണ്ടുദ്ദേശ്യം ഏതാണെന്നു നോക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ അപ്രീതിയും, ശിക്ഷയും സൂക്ഷിക്കുക, അതിന്നാസ്പദമായ അവന്റെ വിധിവിലക്കുകള്‍ സ്വീകരിക്കുക, ഇതാണ് അല്ലാഹുവിനെ ഭയപ്പെടുക എന്നതിന്റെ താല്പര്യം. ഇതിനു ഉപയുക്തമായ അറിവാണ് ഇവിടെ ഉദ്ദേശ്യമെന്നു പറയേണ്ടതില്ല. അഥവാ ഭൗതിക ലക്ഷ്യങ്ങളെ ഉന്നം വെച്ചുകൊണ്ടുള്ളതോ, ദൈവവിശ്വാസത്തെയും ധാര്‍മ്മികബോധത്തെയും നശിപ്പിച്ചുകളയുന്നതോ ആയ അറിവുകളല്ല ഉദ്ദേശ്യം. അല്ലാഹു പറയുന്നു.

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا . ذَٰلِكَ مَبْلَغُهُم مِّنَ الْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَىٰ : سورة النجم – ٣٠,٢٩

(നമ്മുടെ ഓര്‍മ്മവിട്ട് തിരിഞ്ഞുപോകുകയും, ഐഹികജീവിതത്തെയല്ലാതെ ഉദ്ദേശിക്കാതിരിക്കുകയും, ചെയ്തവരില്‍നിന്ന് നീ വിട്ടുമാറുക. അറിവില്‍നിന്നുമുള്ള അവരുടെ ആകെത്തുക അതാണ്‌. (സൂ: നജ്മ് : 29,30). അപ്പോള്‍ ഇവിടെ അറിവുകൊണ്ടുദ്ദേശ്യം നബിമാരുടെ അറിവുകളും അവര്‍ സമുദായത്തിനു പ്രബോധനംചെയ്ത വിജ്ഞാനങ്ങളും ആയിരിക്കുവാനേ മാര്‍ഗ്ഗമുള്ളു. ഒരു സന്ദര്‍ഭത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത ഒരു പ്രസംഗത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: (فواللهِ إِنَّي لأعْلَمُهُمْ باللهِ ، وأشدُّهم لَهُ خشيَةً (متفق عليه)… (…..അല്ലാഹുവാണ സത്യം! ഞാന്‍ അല്ലാഹുവിനെക്കുറിച്ച് അവരെക്കാള്‍ അറിയുന്നവനും, അവരെക്കാള്‍ കഠിനമായി അവനെ ഭയപ്പെടുന്നവനുമാണ്. (ബു.മു). അല്ലാഹുവിനെക്കുറിച്ചു ഏറ്റവും അറിവുള്ള ആള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകകൊണ്ടാണ്, അവനെക്കുറിച്ചു അവിടുത്തേക്കു കൂടുതല്‍ ഭയമുണ്ടായതെന്നും, അല്ലാഹുവിനെക്കുറിച്ചുള്ള അറിവിന്റെ ഏറ്റക്കുറവനുസരിച്ച് ഭയപ്പാടിലും വ്യത്യാസം വരുമെന്നും ഇതില്‍നിന്നും വ്യക്തമാണ്. മറ്റൊരിക്കല്‍ – ഒരു പ്രസംഗത്തില്‍ തന്നെ – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: (لَوْ تَعْلَمُونَ مَا أَعْلَمُ لَضَحِكْتُمْ قَلِيلًا وَلبَكَيْتُمْ كَثِيرًا : (متفق عليه (എനിക്കു അറിയാവുന്നതു നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അല്‍പം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു (ബു;മു). അല്ലാഹുവിന്റെ സ്മരണയും ഭയപ്പാടും പ്രദാനം ചെയ്യുന്ന അറിവു ലഭിക്കുവാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം വിശുദ്ധ ഖുര്‍ആനാണെന്നു തുടര്‍ന്നുള്ള ആയത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്:-

35:29
  • إِنَّ ٱلَّذِينَ يَتْلُونَ كِتَٰبَ ٱللَّهِ وَأَقَامُوا۟ ٱلصَّلَوٰةَ وَأَنفَقُوا۟ مِمَّا رَزَقْنَٰهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَٰرَةً لَّن تَبُورَ ﴾٢٩﴿
  • നിശ്ചയമായും, അല്ലാഹുവിന്റെ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുകയും, നമസ്കാരം നിലനിറുത്തുകയും, നാം തങ്ങള്‍ക്കു നല്‍കിയതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്നവര്‍, നഷ്ടപ്പെട്ടുപോകുന്നതേയല്ലാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്;-
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ يَتْلُونَ പാരായണം ചെയ്യുന്ന, ഓതുന്ന كِتَابَ اللَّـهِ അല്ലാഹുവിന്റെ (വേദ)ഗ്രന്ഥം وَأَقَامُوا നിലനിറുത്തുകയും ചെയ്ത الصَّلَاةَ നമസ്കാരം وَأَنفَقُوا ചിലവഴിക്കുകയും مِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും يَرْجُونَ അവര്‍ ആഗ്രഹിക്കുന്നു, പ്രതീക്ഷിക്കുന്നു تِجَارَةً ഒരു വ്യാപാരം, കച്ചവടം لَّن تَبُورَ (ഒരിക്കലും) നഷ്ടപ്പെടാത്ത
35:30
  • لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِۦٓ ۚ إِنَّهُۥ غَفُورٌ شَكُورٌ ﴾٣٠﴿
  • അവര്‍ക്കു തങ്ങളുടെ പ്രതിഫലങ്ങള്‍ അവന്‍ [അല്ലാഹു] നിറവേറ്റിക്കൊടുക്കുവാനും, അവന്റെ ദയാനുഗ്രഹത്തില്‍നിന്നു അവര്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും വേണ്ടി. (അതിനാണവര്‍ പ്രവര്‍ത്തിക്കുന്നത്). നിശ്ചയമായും അവന്‍ വളരെ പൊറുക്കുന്നവനാണ്, വളരെ നന്ദിയുള്ളവനാണ്.
  • لِيُوَفِّيَهُمْ അവന്‍ അവര്‍ക്കു നിറവേറ്റിക്കൊടുക്കുവാന്‍ أُجُورَهُمْ തങ്ങളുടെ പ്രതിഫലങ്ങളെ وَيَزِيدَهُم തങ്ങള്‍ക്കു വര്‍ദ്ധിപ്പിച്ചുകൊടുക്കുവാനും مِّن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍ (ദയവില്‍, ഔദാര്യത്തില്‍) നിന്നു إِنَّهُ നിശ്ചയമായും അവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് شَكُورٌ വളരെ നന്ദിയുള്ളവനാണ്

വേദഗ്രന്ഥം ഖുര്‍ആനാണെന്നു വ്യക്തമാണ്. അതിന്റെ അര്‍ത്ഥം അറിയാതെയും, ഉള്ളടക്കം ശ്രദ്ധിക്കാതെയും ഉരുവിടുകയല്ല പാരായണംകൊണ്ടുദ്ദേശ്യം. അതിന്റെ ആശയങ്ങള്‍ ഗ്രഹിച്ചും, ചിന്തിച്ചുംകൊണ്ടായിരിക്കണം അത്. എന്നാല്‍ മാത്രമേ അതു ഫലപ്പെടുകയുള്ളു. ഖുര്‍ആന്‍ പാരായണത്തെപ്പറ്റി മുഖവുരയില്‍ നാം വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ‘പാരായണംചെയ്യുക, ഓതുക’ എന്നീ അര്‍ത്ഥങ്ങളുള്ള يَتْلُو എന്ന പദത്തിനു പിന്‍തുടരുക എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമാണ് ചില ഖുര്‍ആന്‍ വ്യാഖ്യാതക്കള്‍ ഇവിടെ സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്താവ്യമാണ്. വിശുദ്ധഖുര്‍ആന്‍വഴി അറിവും ബോധവും ലഭിക്കുന്നു. അതിന്റെ പ്രതികരണം പ്രവര്‍ത്തനരംഗത്തു വരുമ്പോള്‍ നമസ്കാരത്തിനും ദാനധര്‍മ്മങ്ങള്‍ക്കും അതില്‍നിന്നു പ്രചോദനം ലഭിക്കുകയും ചെയ്യുന്നു. ഈ വ്യാപാരത്തിന്റെ ഫലമാകട്ടെ, ഒരിക്കലും മുറിഞ്ഞുപോകാത്ത വര്‍ദ്ധിച്ച ലാഭവും! സ്വാഭാവികമായി വന്നുപോയേക്കാവുന്ന തെറ്റുകുറ്റങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും, സദുദ്ദേശ്യത്തോടുകൂടി ചെയ്യപ്പെടുന്ന സല്‍ക്കര്‍മ്മങ്ങളെ നന്ദിപൂര്‍വ്വം സ്വീകരിച്ചു കൂടുതല്‍ വളര്‍ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. പരസ്യമായി ചിലവഴിക്കേണ്ടിവരുമ്പോള്‍ പരസ്യമായും, അല്ലാത്തപ്പോള്‍ രഹസ്യമായും ചിലവഴിക്കുക, അഥവാ ആവശ്യവും സന്ദര്‍ഭവും അനുസരിച്ചു ചിലവാക്കുക എന്നാണ് ‘രഹസ്യമായും പരസ്യമായും’ (سِرًّا وَعَلَانِيَةً) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം.

35:31
  • وَٱلَّذِىٓ أَوْحَيْنَآ إِلَيْكَ مِنَ ٱلْكِتَٰبِ هُوَ ٱلْحَقُّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ ۗ إِنَّ ٱللَّهَ بِعِبَادِهِۦ لَخَبِيرٌۢ بَصِيرٌ ﴾٣١﴿
  • വേദഗ്രന്ഥത്തില്‍നിന്നു നിനക്കു നാം 'വഹ്‌യു' [ബോധനം] നല്‍കിയിട്ടുള്ളതോ അതത്രെ യഥാര്‍ത്ഥം; അതിന്റെ മുമ്പിലുള്ളതിനെ [പൂര്‍വ്വഗ്രന്ഥങ്ങളെ] സത്യമാക്കി (ശരിവെച്ചു) കൊണ്ടാണ് (അതുള്ളതു). നിശ്ചയമായും, അല്ലാഹു അവന്റെ അടിയാന്മാരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും കാണുന്നവനും തന്നെ.
  • وَالَّذِي أَوْحَيْنَا നാം വഹ്‌യു നല്‍കിയിട്ടുള്ളതു إِلَيْكَ നിനക്കു مِنَ الْكِتَابِ വേദഗ്രന്ഥത്തില്‍ നിന്നു هُوَ الْحَقُّ അതാണ് യഥാര്‍ത്ഥം مُصَدِّقًا സത്യമാക്കിക്കൊണ്ട്, ശരിവെക്കുന്നനിലയില്‍ لِّمَا بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ളതിനെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി لَخَبِيرٌ സൂക്ഷ്മജ്ഞാനിതന്നെ بَصِيرٌ കാണുന്നവന്‍
35:32
  • ثُمَّ أَوْرَثْنَا ٱلْكِتَٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ ﴾٣٢﴿
  • പിന്നെ: നമ്മുടെ അടിയാന്‍മാരില്‍നിന്നു (നല്ലവരായി) നാം തിരഞ്ഞെടുത്തിട്ടുള്ളവര്‍ക്കു (ഈ) വേദഗ്രന്ഥത്തെ നാം അവകാശപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, സ്വന്തം ആത്മാവിനോടു അക്രമം പ്രവര്‍ത്തിക്കുന്നവര്‍ അവരിലുണ്ട്; മിതം പാലിക്കുന്നവരും അവരിലുണ്ട്‌. അല്ലാഹുവിന്റെ അനുമതിയനുസരിച്ച് സല്‍ക്കാര്യങ്ങളുമായി മുന്‍കടക്കുന്നവരും അവരിലുണ്ട്‌. അതത്രെ വലുതായ അനുഗ്രഹം (അഥവാ യോഗ്യത).
  • ثُمَّ أَوْرَثْنَا പിന്നെ നാം അനന്തരം നല്‍കി, അവകാശപ്പെടുത്തി الْكِتَابَ വേദഗ്രന്ഥം الَّذِينَ اصْطَفَيْنَا നാം തിരഞ്ഞെടുത്തവര്‍ക്കു مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍ നിന്നു فَمِنْهُمْ എന്നാലവരിലുണ്ട് ظَالِمٌ لِّنَفْسِهِ തന്നോടു തന്നെ അക്രമം ചെയ്തവന്‍ وَمِنْهُم അവരിലുണ്ട് مُّقْتَصِدٌ മിതം പാലിക്കുന്നവനും وَمِنْهُمْ അവരിലുണ്ട് سَابِقٌ മുന്‍കടന്നവരും بِالْخَيْرَاتِ സല്‍കാര്യങ്ങള്‍ (നന്മകള്‍) കൊണ്ടു بِإِذْنِ اللَّـهِ അല്ലാഹുവിന്റെ അനുമതി (സമ്മതം) പ്രകാരം ذَٰلِكَ هُوَ അതുതന്നെയാണ് الْفَضْلُ അനുഗ്രഹം, ദയവു, ശ്രേഷ്ഠത الْكَبِيرُ വലുതായ

പൂര്‍വ്വവേദഗ്രന്ഥങ്ങളും, മുന്‍ പ്രവാചകന്മാരും പ്രബോധനം ചെയ്ത സിദ്ധാന്തങ്ങളെ ശരിവെച്ചും, സത്യമെന്നു സ്ഥാപിച്ചുംകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ നിലകൊള്ളുന്നത്. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അല്ലാഹു അവതരിപ്പിച്ചുകൊടുത്തു, അവിടുന്നു അതു പ്രബോധനവും ചെയ്തു എന്നതുകൊണ്ടു കാര്യം അവസാനിക്കുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ശേഷം അവിടുത്തെ സമുദായം കൈകാര്യം ചെയ്യേണ്ടുന്ന ഒരു അനന്തരസ്വത്താക്കി അതിനെ അവന്‍ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. പ്രവാചകന്മാര്‍ പ്രബോധനം ചെയ്യുന്ന അറിവാണല്ലോ അവരില്‍നിന്നു സമുദായത്തിനു ലഭിക്കുന്ന അനന്തരാവകാശം. വേദഗ്രന്ഥങ്ങളില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടമായതും, അവസാനത്തേതുമായ ഈ ഗ്രന്ഥത്തെ, പ്രവാചകന്മാരില്‍വെച്ച് ഏറ്റവും ഉല്‍കൃഷ്ടനും അവസാനത്തെ ആളുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായം – അതെ, മനുഷ്യവര്‍ഗ്ഗത്തില്‍ ഉളവായിട്ടുള്ള സമുദായങ്ങളില്‍വെച്ച് ഉത്തമസ്ഥാനം അര്‍ഹിക്കുന്ന ഈ സമുദായം (خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ) – കൈകാര്യം ചെയ്‌വാന്‍ ബാധ്യസ്ഥരാണ്. പഠിച്ചറിയുക, പഠിപ്പിക്കുക, ഉപദേശിക്കുക, പ്രചരിപ്പിക്കുക, പ്രവര്‍ത്തനങ്ങളില്‍ വരുത്തുക, തടസ്സമാര്‍ഗ്ഗങ്ങളെ നീക്കം ചെയ്യുക, അങ്ങനെ മനുഷ്യവര്‍ഗ്ഗത്തിനു മാതൃകയാവുക, ഇതൊക്കെയാണവര്‍ നിറവേറ്റേണ്ടത്.

وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّسُولُ عَلَيْكُمْ شَهِيدًا:سورة البقرة:١٤٣

(… അപ്രകാരം, നിങ്ങള്‍ മനുഷ്യര്‍ക്കു സാക്ഷികള്‍ – മാതൃക – ആയിരിക്കുവാനും, റസൂല്‍ നിങ്ങള്‍ക്കു സാക്ഷി – മാതൃക – ആയിരിക്കുവാനും വേണ്ടി നാം നിങ്ങളെ ഒരു മദ്ധ്യമ – ശ്രേഷ്ഠ – സമുദായമാക്കിയിരിക്കുന്നു. (സൂ: അല്‍ബഖറ: 143).

ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കേണ്ടതുണ്ട്. നേട്ടകോട്ടങ്ങള്‍ എന്തുണ്ടായാലും അതങ്ങിനെ നിലനില്‍ക്കുകയും ചെയ്യും. സ്വാഭാവികമായും – മൊത്തത്തില്‍ പറയുകയാണെങ്കില്‍ – അവര്‍ മൂന്നു തരക്കാരായിരിക്കുമെന്നു ഈ വചനം ചൂണ്ടിക്കാട്ടുന്നു:

1. തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിച്ചവര്‍ (ظَالِمٌ لِّنَفْسِهِ).
2. മിതം പാലിക്കുന്നവര്‍ (مُّقْتَصِدٌ).
3. സല്‍ക്കര്‍മ്മങ്ങളുമായി മുന്‍കടന്നവര്‍ (سَابِقٌ بِالْخَيْرَاتِ).

ഈ മൂന്നു തരക്കാര്‍ ആരാണെന്നതിനെക്കുറിച്ചു പലരും പല അഭിപ്രായങ്ങളും പറഞ്ഞുകാണാം. എങ്കിലും, അവയില്‍ കൂടുതല്‍ വ്യക്തമായിട്ടുള്ളതും, മിക്ക അഭിപ്രായങ്ങളുടെയും സാരാംശം ഉള്‍ക്കൊള്ളുന്നതുമാണ് ഇമാം ഇബ്നുകഥീര്‍ (رحمه الله) ന്റെ വിശദീകരണം. അതു ഇപ്രകാരമാകുന്നു : 1-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളുടെ കാര്യത്തില്‍ കുറെയൊക്കെ വീഴ്ച്ചവരുത്തുകയും, നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. 2-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളെ മുഴുവന്‍ നിര്‍വ്വഹിക്കുന്നവരും, നിഷിദ്ധങ്ങളെയെല്ലാം ഉപേക്ഷിക്കുന്നവരുമാണ്. പക്ഷേ, ചിലപ്പോഴൊക്കെ മതത്തില്‍ തൃപ്തികരങ്ങളായ (പുണ്യകരങ്ങളായ) കാര്യങ്ങളെ ഉപേക്ഷിക്കുകയും, തൃപ്തികരങ്ങളല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തേക്കും. 3-ാമത്തെ വിഭാഗം, നിര്‍ബന്ധ കടമകളും, മതത്തില്‍ തൃപ്തികരങ്ങളായ മറ്റു കാര്യങ്ങളും നിര്‍വ്വഹിക്കുകയും, നിഷിദ്ധമായതിനെയും തൃപ്തികരമല്ലാത്തതിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാകുന്നു.

ഈ ഒടുവില്‍ പറഞ്ഞവരാണ് ഏറ്റവും ഉയര്‍ന്ന പദവിയിലുള്ളതെന്നു പറയേണ്ടതില്ല. ഇവരെപ്പറ്റി പറഞ്ഞപ്പോള്‍ ‘അല്ലാഹുവിന്റെ അനുമതി അനുസരിച്ച്’ (بِإِذْنِ اللَّـهِ) എന്നുകൂടി വിശേഷിപ്പിച്ചതു ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ അനുഗ്രഹവും സഹായവും അവര്‍ക്കു ലഭിച്ചതുകൊണ്ടാണവര്‍ ആ നിലയിലെത്തിയതെന്നും, അല്ലാഹു അവരെക്കുറിച്ചു നല്ലപോലെ തൃപ്തിപ്പെടുന്നുവെന്നും അതു സൂചിപ്പിക്കുന്നു. അതുതന്നെയാണല്ലോ വമ്പിച്ച ശ്രേഷ്ഠതയും. (ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ). ഖുര്‍ആന്റെ അനന്തരം ഏറ്റെടുത്ത് കൈകാര്യം നടത്തുന്നവരുടെ പ്രതിഫലം അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു:-

35:33
  • جَنَّٰتُ عَدْنٍ يَدْخُلُونَهَا يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَلُؤْلُؤًا ۖ وَلِبَاسُهُمْ فِيهَا حَرِيرٌ ﴾٣٣﴿
  • (അതെ) നിത്യവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! അതിലവര്‍ പ്രവേശിക്കുന്നതാണ്‌. അവിടെ അവര്‍ക്ക് സ്വര്‍ണ്ണം കൊണ്ടുള്ള ചില (തരം) വളകളും, മുത്തും അണിയിക്കപ്പെടും; അവിടെ അവരുടെ ഉടുപ്പു(വസ്ത്രം) പട്ടായിരിക്കും.
  • جَنَّاتُ عَدْنٍ സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍ يَدْخُلُونَهَا അതിലവര്‍ പ്രവേശിക്കുന്നതാണ് يُحَلَّوْنَ فِيهَا അതില്‍ അവര്‍ക്കു അണിയിക്കപ്പെടും مِنْ أَسَاوِرَ വളകളില്‍നിന്നു مِن ذَهَبٍ സ്വര്‍ണ്ണത്താലുള്ള وَلُؤْلُؤًا മുത്തും وَلِبَاسُهُمْ فِيهَا അതിലവരുടെ ഉടുപ്പ്, വസ്ത്രം حَرِيرٌ പട്ടാകുന്നു
35:34
  • وَقَالُوا۟ ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَذْهَبَ عَنَّا ٱلْحَزَنَ ۖ إِنَّ رَبَّنَا لَغَفُورٌ شَكُورٌ ﴾٣٤﴿
  • അവര്‍ പറയുകയും ചെയ്യും: 'ഞങ്ങളില്‍നിന്നു ദുഃഖം നീക്കിത്തന്നവനായ അല്ലാഹുവിന്നു സര്‍വ്വസ്തുതിയും! നിശ്ചയമായും, ഞങ്ങളുടെ റബ്ബ് വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുംതന്നെ
  • وَقَالُوا അവര്‍ പറയുകയും ചെയ്യം الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي أَذْهَبَ പോക്കി (നീക്കി) ക്കളഞ്ഞ عَنَّا ഞങ്ങളില്‍ നിന്നു الْحَزَنَ ദുഃഖം إِنَّ رَبَّنَا നിശ്ചയമായും നമ്മുടെ റബ്ബ് لَغَفُورٌ വളരെ പൊറുക്കുന്നവന്‍തന്നെ شَكُورٌ വളരെ നന്ദിയുള്ളവന്‍
35:35
  • ٱلَّذِىٓ أَحَلَّنَا دَارَ ٱلْمُقَامَةِ مِن فَضْلِهِۦ لَا يَمَسُّنَا فِيهَا نَصَبٌ وَلَا يَمَسُّنَا فِيهَا لُغُوبٌ ﴾٣٥﴿
  • 'അതായതു തന്റെ ദയാനുഗ്രഹംനിമിത്തം (ഈ) സ്ഥിരതാമസത്തിന്റെ ഭവനത്തില്‍ ഞങ്ങളെ ഇറക്കിത്തന്നിട്ടുള്ളവന്‍! യാതൊരു ഞെരുക്കവും ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല! യാതൊരു ക്ഷീണവും [അസഹ്യതയും] ഇവിടെ ഞങ്ങളെ സ്പര്‍ശിക്കുന്നില്ല!!'
  • الَّذِي أَحَلَّنَا നമ്മെ ഇറക്കി (എത്തിച്ചു) തന്ന دَارَ الْمُقَامَةِ (സ്ഥിര) താമസത്തിന്റെ ഭവനത്തില്‍ (വീട്ടില്‍) مِن فَضْلِهِ അവന്റെ അനുഗ്രഹത്താല്‍, ദയവായി لَا يَمَسُّنَا നമ്മെ (ഞങ്ങളെ) സ്പര്‍ശിക്കുന്നില്ല, ബാധിക്കുകയില്ല فِيهَا ഇതില്‍, ഇവിടെ نَصَبٌ ഒരു ഞെരുക്കവും, വിഷമവും وَلَا يَمَسُّنَا നമ്മെ സ്പര്‍ശിക്കയുമില്ല فِيهَا ഇതില്‍ لُغُوبٌ ഒരു അസഹ്യതയും, ക്ഷീണവും

29-ാം വചനത്തില്‍, ഒരിക്കലും നഷ്ടംവരാത്ത ലാഭകരമായ വ്യാപാരം നടത്തുന്നവരെപ്പറ്റി പറഞ്ഞതിനെത്തുടര്‍ന്ന്‍ അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയുള്ളവനുമാണെന്നു ഓര്‍മ്മിപ്പിക്കുകയുണ്ടായി. ആ വാഗ്ദാനം തികച്ചും സത്യമായി തങ്ങള്‍ക്കു അനുഭവപ്പെട്ടിരിക്കുന്നു എന്നു ആ വ്യാപാരികള്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു ഇപ്പോള്‍ ഇതാ സന്തോഷപൂര്‍വ്വം പ്രഖ്യാപിക്കുകയാണ്: إِنَّ رَبَّنَا لَغَفُورٌ شَكُورٌ (നമ്മുടെ റബ്ബ് വളരെ പൊറുക്കുന്നവനും വളരെ നന്ദിയുള്ളവനും തന്നെ) എന്ന്. കഴിഞ്ഞ ആയത്തില്‍ പ്രസ്താവിച്ച മൂന്നു വിഭാഗക്കാര്‍ ഉള്‍ക്കൊള്ളുന്ന സത്യവിശ്വാസികള്‍ക്കു ലഭിക്കുന്ന പ്രതിഫലമാണ് അല്ലാഹു ഈ വചനങ്ങളില്‍ പ്രസ്താവിച്ചുകാണുന്നത്. ഈ മൂന്നിലും ഉള്‍പ്പെടാത്ത അവിശ്വാസികളുടെ പ്രതിഫലം തുടര്‍ന്നുള്ള ആയത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്.

അപ്പോള്‍, ഇവിടെ ചില സംശയങ്ങള്‍ക്കവകാശമുണ്ട്. മൂന്നു വിഭാഗക്കാരും തമ്മില്‍ വളരെ വ്യത്യസ്തമായ നിലപാടാണല്ലോ കര്‍മ്മരംഗങ്ങളില്‍ ഉണ്ടായിരുന്നത്. എന്നിരിക്കെ, എല്ലാവര്‍ക്കും ഒരേ പ്രതിഫലംതന്നെ ലഭിക്കുന്നതെങ്ങിനെ? അതു ന്യായമാണോ? സത്യവിശ്വാസിയാണെങ്കിലും അവരില്‍ കുറ്റം ചെയ്തവര്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടതില്ലേ? അപ്പോള്‍ എല്ലാവരെയും ഒന്നിച്ചു സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമോ? ഇതാണ് സംശയം. ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൂന്നു വിഭാഗക്കാര്‍ക്കും പൊതുവില്‍ ലഭിക്കുന്ന പ്രതിഫലം തന്നെ. പക്ഷെ, ഓരോരുത്തര്‍ക്കും ലഭിക്കുന്ന വിഭവങ്ങളുടെയും, സുഖസൗകര്യങ്ങളുടെയും തോത് അതതു വ്യക്തിയുടെ വ്യത്യസ്ത നിലപാടനുസരിച്ചായിരിക്കും. അനേകം ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ടും, നബി വചനങ്ങള്‍കൊണ്ടും സ്ഥിരപ്പെട്ടിട്ടുള്ളതാണിത്. കൂടാതെ, സത്യവിശ്വാസികളായ ആളുകള്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷമേ അവര്‍ക്കു സ്വര്‍ഗ്ഗത്തില്‍ പ്രവേശനം ലഭിക്കുകയുമുള്ളു. സ്വര്‍ഗ്ഗത്തില്‍ പ്രവേശനം കിട്ടിക്കഴിഞ്ഞാല്‍ അവരുംതന്നെ ഈ പറഞ്ഞ സ്വര്‍ഗ്ഗീയസുഖസൗകര്യങ്ങളില്‍ പങ്കാളികളായിരിക്കും. മറ്റെവരെ അപേക്ഷിച്ചു താഴെ കിടയിലായിരിക്കും അവര്‍ക്കു ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ എന്നുമാത്രം. ഈ വസ്തുതയും ഖുര്‍ആനില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ധാരാളം ഹദീസുകളില്‍ വ്യക്തമായിത്തന്നെ അതു പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഒരു ഹദീസു മാത്രം ഉദാഹരണത്തിന് ഉദ്ധരിക്കാം:-

നരകത്തിലെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞശേഷം ഏറ്റവും അവസാനമായി, നരകത്തില്‍നിന്നു രക്ഷകിട്ടി സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാഗ്യം സിദ്ധിക്കുന്നവന്റെ കഥ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചിട്ടുള്ള സ്വല്‍പം ദീര്‍ഘമായ ഒരു ഹദീസില്‍, ഇപ്രകാരം കാണാം: (അവന്‍ സ്വര്‍ഗ്ഗത്തിലെത്തിയശേഷം) അല്ലാഹു അവനോടു പറയും : ‘നീ മോഹിച്ചുകൊള്ളുക!’ അപ്പോള്‍ അവന്‍ (പലതും പലതും) മോഹിച്ചു മോഹിച്ചുകൊണ്ടിരിക്കും. എന്നിട്ട് അല്ലാഹു ചോദിക്കും: ‘നീ മോഹിച്ചുകഴിഞ്ഞുവോ?’ അവന്‍ ‘അതെ’ എന്നു പറയും. അപ്പോള്‍ അല്ലാഹു പറയും: ‘അതെല്ലാം നിനക്കുണ്ട്‌. അതോടൊപ്പം അത്രയും കൂടിയുണ്ട്…..’ ഇമാം ബുഖാരി, മുസ്‌ലിം മുതലായവര്‍ പല മാര്‍ഗ്ഗങ്ങളില്‍കൂടിയും ഉദ്ധരിച്ചിട്ടുള്ളതാണ് ഈ ഹദീസ്.

ഈ ആയത്തുകളില്‍ പ്രസ്താവിച്ച പ്രതിഫലം മൊത്തത്തില്‍ മേല്‍പറഞ്ഞ മൂന്നു വിഭാഗക്കാര്‍ക്കും ബാധകമല്ലെന്നും, അതില്‍ ഒന്നാമത്തെ വിഭാഗക്കാര്‍ (ظَالِمٌ لِّنَفْسِهِ) തീരെ രക്ഷക്കവകാശപ്പെട്ടവരല്ലെന്നും ചിലര്‍ പ്രസ്താവിക്കാറുണ്ട്: നിഷിദ്ധമായ ഏതെങ്കിലും പാപം ചെയ്യുന്നവന്‍ അതോടെ സത്യവിശ്വാസത്തില്‍നിന്നു തെറ്റിപ്പോയെന്നും ചിലര്‍ വാദിക്കാറുണ്ട്. നിരവധി ഹദീസുകളുടെ വ്യക്തമായ പ്രസ്താവനകള്‍ക്കുപുറമെ, 32-ാം വചനത്തില്‍ മൂന്നുകൂട്ടരെപ്പറ്റിയും പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ടു 33-ാം വചനത്തില്‍ ആരെയും ഒഴിവാക്കാതെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും (يَدْخُلُونَهَا) എന്നു പറഞ്ഞതും ഈ അഭിപ്രായങ്ങളെ ഖണ്ഡിക്കുന്നു. മാത്രമല്ല, അടുത്ത വചനത്തില്‍ അവിശ്വാസികളാകട്ടെ, അവര്‍ക്കു നരകത്തിന്റെ അഗ്നിയാണ് (وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ) എന്നു എടുത്തുപറയുന്നതും കാണാം; 32-ാം വചനത്തില്‍ പറഞ്ഞ മൂന്നുതരം ആളുകളും, 33-ാം വചനത്തില്‍ പ്രസ്താവിച്ച ഭാഗ്യവാന്‍മാരും അല്ലാത്തവര്‍ – അഥവാ ഖുര്‍ആന്റെ അനന്തരാവകാശം എറ്റുവാങ്ങാതിരിക്കുകയോ, ഏറ്റു വാങ്ങിയ ശേഷം പാടെ പുറംതള്ളുകയോ ചെയ്ത അവിശ്വാസികള്‍ മാത്രമാണിതുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. ഇമാം ഇബ്നുജരീര്‍ (رحمه الله), ഇബ്നുകഥീര്‍ (رحمه الله) എന്നീ മഹാന്മാര്‍ ഈ സംഗതി പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നു. والله المواقف للصواب

35:36
  • وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍ ﴾٣٦﴿
  • അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു 'ജഹന്നമി'ന്റെ അഗ്നിയുണ്ടായിരിക്കും. അവരില്‍ (മരണം) വിധിക്കപ്പെടുകയില്ല - എന്നാലവര്‍ക്കു മരണപ്പെട്ടു പോകാമായിരുന്നു! അതിന്റെ ശിക്ഷയില്‍നിന്നു അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല. അപ്രകാരമാണ്, എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുക.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ لَهُمْ അവര്‍ക്കുണ്ട് نَارُ جَهَنَّمَ 'ജഹന്നമി'ന്റെ അഗ്നി لَا يُقْضَىٰ عَلَيْهِمْ അവരുടെമേല്‍ വിധിക്കപ്പെടുകയില്ല فَيَمُوتُوا എന്നാലവര്‍ക്കു മരണപ്പെടാമായിരുന്നു وَلَا يُخَفَّفُ عَنْهُم അവര്‍ക്കു ലഘുവാക്കപ്പെടുകയുമില്ല مِّنْ عَذَابِهَا അതിന്റെ ശിക്ഷയില്‍ നിന്നു (ഒട്ടും) كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം കൊടുക്കും كُلَّ كَفُورٍ എല്ലാ നന്ദികെട്ടവര്‍ക്കും
35:37
  • وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّٰلِمِينَ مِن نَّصِيرٍ ﴾٣٧﴿
  • അവര്‍ അതില്‍വെച്ചു അലമുറയിട്ടുകൊണ്ടിരിക്കും: 'ഞങ്ങളുടെ റബ്ബേ! ഞങ്ങളെ (ഒന്നു്) പുറത്താക്കിത്തരേണമേ!- ഞങ്ങള്‍ (മുമ്പ്‌) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതല്ലാത്ത സല്‍കര്‍മ്മം ഞങ്ങള്‍ ചെയ്തുകൊള്ളാം!'(എന്ന്). 'ഉറ്റാലോചിക്കുന്നവര്‍ക്കു ഉറ്റാലോചിക്കാവുന്നത്ര (കാലം) നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയിരുന്നില്ലേ!? - മുന്നറിയിപ്പു നല്‍കുന്നവര്‍ നിങ്ങള്‍ക്കു വരുകയും ചെയ്തിരുന്നു (വല്ലോ). അതുകൊണ്ട്, (ശിക്ഷ) ആസ്വദിച്ചു കൊള്ളുവിന്‍! എനി, അക്രമികള്‍ക്കു യാതൊരു സഹായകനും [രക്ഷകനും] ഇല്ല'. (ഇതായിരിക്കും അവര്‍ക്കു മറുപടി).
  • وَهُمْ يَصْطَرِخُونَ അവര്‍ മുറവിളി കൂട്ടും, അലമുറയിടും فِيهَا അതില്‍വെച്ച് رَبَّنَا ഞങ്ങളുടെ റബ്ബേ أَخْرِجْنَا ഞങ്ങളെ പുറത്താക്കിത്തരണേ نَعْمَلْ صَالِحًا ഞങ്ങള്‍ നല്ലതു (സല്‍ക്കര്‍മ്മം) പ്രവര്‍ത്തിക്കാം غَيْرَ الَّذِي യാതൊന്നല്ലാതെ كُنَّا نَعْمَلُ ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന أَوَلَمْ نُعَمِّرْكُم നിങ്ങള്‍ക്കു നാം ആയുസ്സു നല്‍കിയില്ലേ مَّا يَتَذَكَّرُ ഉറ്റാലോചിക്കാവുന്നതു (അത്രകാലം) فِيهِ അതില്‍ مَن تَذَكَّرَ ഉറ്റാലോചിക്കുന്നവര്‍ وَجَاءَكُمُ നിങ്ങള്‍ക്കു വരുകയും ചെയ്തു النَّذِيرُ മുന്നറിയിപ്പുകാരന്‍ فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ فَمَا لِلظَّالِمِينَ എനി അക്രമികള്‍ക്കില്ല مِن نَّصِيرٍ ഒരു രക്ഷകനും, സഹായിയും

‘ജഹന്നം’ (جَهَنَّم) എന്നുള്ളതു നരകത്തിന്റെ പേരുകളില്‍ ഒന്നത്രെ. ശിക്ഷയുടെ കാഠിന്യംകൊണ്ടോ, കാലാവധി അവസാനിക്കുന്നതുകൊണ്ടോ മരണം അവിടെ സംഭവിക്കുകയില്ല. പരലോകജീവിതം -സ്വര്‍ഗ്ഗീയമാകട്ടെ നരകീയമാകട്ടെ- ശാശ്വതമാണ്. ഏതെങ്കിലും വിധേന മരണപ്പെട്ടുകിട്ടിയാല്‍ ഈ ശിക്ഷയില്‍നിന്നൊരു വിശ്രമം കിട്ടുമല്ലോ എന്നവര്‍ മോഹിക്കും. പക്ഷെ അതു സംഭവിക്കുകയില്ല. ശിക്ഷയുടെ കാഠിന്യം സഹിക്കവയ്യാതെ അവര്‍ നിലവിളി കൂടുന്നതും, അവര്‍ക്കു അപ്പോള്‍ ലഭിക്കുന്ന മറുപടിയുമാണ്‌ അല്ലാഹു ഇവിടെ ഉദ്ധരിക്കുന്നത്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീന്‍.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി ഇബ്നുഅബ്ബാസ് (رضي الله عنه) നിവേദനം ചെയ്യുന്നു. ‘നരക്കാരില്‍വെച്ച് ഏറ്റവും എളിയ ശിക്ഷ അനുഭവിക്കുന്നവന്‍, അഗ്നികൊണ്ടുള്ള രണ്ടു ചെരുപ്പുകളും (ചെരുപ്പിന്റെ) രണ്ടു വാറും ഉള്ളവനായിരിക്കും. അവ രണ്ടുംനിമിത്തം അവന്റെ തലച്ചോറു (അടുപ്പത്തുവെച്ചു) കുടുക്ക തിളച്ചുമറിയും പോലെ തിളച്ചുമറിയുന്നതായിരിക്കും. അവനെക്കാള്‍ കഠിനമായ ശിക്ഷയുള്ളവന്‍ വേറെ ഉണ്ടെന്നു അവനു തോന്നുകയില്ല. അവനാകട്ടെ, അവരില്‍ ഏറ്റവും എളിയ ശിക്ഷകാരനാണുതാനും!’. (ബു;മു.)

വിഭാഗം - 5

35:38
  • إِنَّ ٱللَّهَ عَٰلِمُ غَيْبِ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ ﴾٣٨﴿
  • നിശ്ചയമായും, അല്ലാഹു ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യത്തെ അറിയുന്നവനാണ്; നിശ്ചയമായും, അവന്‍ ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാണ്.
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَالِمُ അറിയുന്നവനാണ് غَيْبِ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യം وَالْأَرْضِ ഭൂമിയിലെയും إِنَّهُ عَلِيمٌ അവന്‍ അറിവുള്ളവനാണ് بِذَاتِ الصُّدُورِ നെഞ്ചു(ഹൃദയം)കളിലുള്ളതിനെപ്പറ്റി
35:39
  • هُوَ ٱلَّذِى جَعَلَكُمْ خَلَٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ ٱلْكَٰفِرِينَ كُفْرُهُمْ إِلَّا خَسَارًا ﴾٣٩﴿
  • നിങ്ങളെ ഭൂമിയില്‍ (മുന്‍കഴിഞ്ഞവരുടെ) പിന്‍ഗാമികളാക്കിയവനത്രെ അവന്‍. അതിനാല്‍, ആരെങ്കിലും അവിശ്വസിച്ചാല്‍ അവന്റെ അവിശ്വാസം അവന്റെ മേല്‍ തന്നെയാണ് (ദോഷം ചെയ്യുക). അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ കഠിനകോപ മല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല; അവിശ്വാസികള്‍ക്കു അവരുടെ അവിശ്വാസം, നഷ്ടവുമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല
  • هُوَ الَّذِي അവന്‍ യാതൊരുവനാണ് جَعَلَكُمْ നിങ്ങളെ ആക്കിയ خَلَائِفَ പിന്‍ഗാമികള്‍, പ്രതിനിധികള്‍ فِي الْأَرْضِ ഭൂമിയില്‍ فَمَن كَفَرَ അതിനാല്‍ ആര്‍ അവിശ്വസിച്ചുവോ فَعَلَيْهِ എന്നാലവന്റെ മേലാണ് كُفْرُهُ അവന്റെ അവിശ്വാസം وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കുകയില്ല كُفْرُهُمْ അവരുടെ അവിശ്വാസം عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ إِلَّا مَقْتًا കഠിനകോപ (ക്രോധ)ത്തെയല്ലാതെ وَلَا يَزِيدُ الْكَافِرِينَ അവിശ്വാസികള്‍ക്കു വര്‍ദ്ധിപ്പിക്കയില്ല كُفْرُهُمْ അവരുടെ അവിശ്വാസം إِلَّا خَسَارًا നഷ്ടമല്ലാതെ

ഒരു സമുദായത്തിനുശേഷം മറ്റൊരു സമുദായമെന്ന നിലക്കു മുമ്പുള്ളവരുടെ പിന്നാലെ വരുന്നവര്‍ എന്നാണ് خَلَائِف എന്ന വാക്കുകൊണ്ടുദ്ദേശ്യം. ‘പിന്‍തുടര്‍ച്ചക്കാര്‍, പ്രതിനിധികള്‍, അനന്തരക്കാര്‍’ എന്നൊക്കെ ആ വാക്കിനു അര്‍ത്ഥം പറയാം

35:40
  • قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَٰوَٰتِ أَمْ ءَاتَيْنَٰهُمْ كِتَٰبًا فَهُمْ عَلَىٰ بَيِّنَتٍ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا ﴾٤٠﴿
  • (നബിയേ) പറയുക: 'നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്ന നിങ്ങളുടെ പങ്കുകാരെ?! (ഇവരെപ്പറ്റി നിങ്ങളെന്തു പറയുന്നു?) ഭൂമിയില്‍നിന്നു അവര്‍ എന്തൊരു വസ്തുവാണ് സൃഷ്ടിച്ചുണ്ടാക്കിയതെന്നു എനിക്ക് കാട്ടിത്തരുവിന്‍! അല്ലാത്തപക്ഷം, അവര്‍ക്കു ആകാശങ്ങളില്‍ വല്ല പങ്കും ഉണ്ടോ?! അതല്ലെങ്കില്‍, അവര്‍ക്കു നാം വല്ല (പ്രത്യേക) വേദഗ്രന്ഥവും കൊടുത്തിട്ട് അതില്‍ നിന്നുള്ള വല്ല തെളിവിന്‍മേലുമാണോ അവര്‍ (നിലകൊള്ളുന്നത്‌)?! (അതൊന്നുമല്ല). പക്ഷെ, അക്രമികള്‍ - ചിലര്‍ ചിലരോടു - വഞ്ചനയല്ലാതെ വാഗ്ദാനം ചെയ്യുന്നില്ല.
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ شُرَكَاءَكُمُ നിങ്ങളുടെ പങ്കുക്കാരെ الَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَرُونِي എനിക്കു കാണിച്ചുതരുവിന്‍ مَاذَا خَلَقُوا അവരെന്തു സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ أَمْ آتَيْنَاهُمْ അതല്ലെങ്കില്‍ നാമവര്‍ക്കു കൊടുത്തിട്ടുണ്ടോ كِتَابًا വല്ല ഗ്രന്ഥവും فَهُمْ എന്നിട്ടവര്‍ عَلَىٰ بَيِّنَتٍ വല്ല തെളിവിന്‍മേലുമാണ് مِّنْهُ അതില്‍നിന്നു بَلْ പക്ഷെ إِن يَعِدُ വാഗ്ദാനം ചെയ്യുന്നില്ല الظَّالِمُونَ അക്രമികള്‍ بَعْضُهُم بَعْضًا അവരില്‍ ചിലര്‍ ചിലരോടു إِلَّا غُرُورًا വഞ്ചന (ചതി, കൃത്രിമം) അല്ലാതെ

അല്ലാഹുവിനു പങ്കുകാരാണെന്നു ഗണിച്ചുകൊണ്ടു അവര്‍ വിളിച്ചാരാധിച്ചുവരുന്ന ദൈവങ്ങള്‍ ഭൂമിയില്‍ വല്ലതും സൃഷ്ടിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ആകാശങ്ങളില്‍ എന്തെങ്കിലും ഒരു കൂട്ടവകാശം അവര്‍ക്കുണ്ടോ? അല്ലെങ്കില്‍ തങ്ങളുടെ നിലപാടിനു തെളിവു നല്‍കത്തക്കവണ്ണം വല്ല വേദഗ്രന്ഥവും അവര്‍ക്കു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു കാണിച്ചു ബോധ്യപ്പെടുത്തുക എന്നു അവരെ വെല്ലുവിളിക്കുന്നു. അതൊന്നും ഇല്ലാത്ത സ്ഥിതിക്കു തങ്ങളുടെ ആരാധനയെയും, ആരാധ്യരെയും കുറിച്ചു അവര്‍ തമ്മതമ്മില്‍ ചെയ്യുന്ന പ്രസ്ഥാവനകളെല്ലാം തനികൃത്രിമവും വഞ്ചനയുമാണെന്നു സാരം

35:41
  • ۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًا ﴾٤١﴿
  • നിശ്ചയമായും അല്ലാഹു ആകാശങ്ങളും ഭൂമിയും (തല്‍സ്ഥാനം വിട്ടു) നീങ്ങുന്നതിനു [നീങ്ങാതിരിക്കുവാന്‍] അവയെ പിടിച്ചുനിറുത്തുന്നു. അവ രണ്ടും നീങ്ങിപ്പോയെങ്കിലോ, അവനു പുറമെ ഒരാളും അവയെ പിടിച്ചുനിറുത്തുകയുമില്ല. അവന്‍ സഹനശീലനും വളരെ പൊറുക്കുന്നവനുമാകുന്നു
  • إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُمْسِكُ പിടിച്ചുനിറുത്തുന്നു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും أَن تَزُولَ അവ രണ്ടും നീങ്ങുന്നതിനു, നീങ്ങുമെന്നതിനാല്‍ وَلَئِن زَالَتَا അവരണ്ടും നീങ്ങിപ്പോയെങ്കിലോ إِنْ أَمْسَكَهُمَا അവ രണ്ടിനെയും പിടിച്ചു നിറുത്തുകയില്ല مِنْ أَحَدٍ ഒരാളും തന്നെ مِّن بَعْدِهِ അവനുപുറമെ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു حَلِيمًا സഹനശീലന്‍ غَفُورًا വളരെപൊറുക്കുന്നവന്‍

ആകാശഭൂമികളുടെ സൃഷ്ടിയില്‍ വേറെ ആര്‍ക്കും പങ്കില്ലാത്തതുപോലെ, അവയുടെ നിലനില്‍പിന്റെ കാര്യത്തിലും ആര്‍ക്കും കയ്യില്ല. അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാണവ സ്ഥിതിചെയ്യുന്നത്. ഭൂമിയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ എപ്പോഴെങ്കിലും ഉണ്ടാകാറുള്ള കമ്പനത്തിനോ, ഇളക്കത്തിനോപോലും പരിഹാരം ഉണ്ടാക്കാന്‍ മറ്റാര്‍ക്കും കഴിയാത്ത സ്ഥിതിക്ക് ആകാശഭൂമികള്‍ ഒന്നാകെ നിലതെറ്റിയാല്‍ ആര്‍ക്കാണവയെ പിടിച്ചു നിറുത്തുവാന്‍ കഴിയുക – അല്ലാഹുവിനല്ലാതെ?!

35:42
  • وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَٰنِهِمْ لَئِن جَآءَهُمْ نَذِيرٌ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌ مَّا زَادَهُمْ إِلَّا نُفُورًا ﴾٤٢﴿
  • അവര്‍ [അവര്‍ മുശ്രിക്കുകള്‍] തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവിനെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു: 'തങ്ങള്‍ക്കു ഒരു താക്കീതുകാരന്‍ [റസൂല്‍] വന്നുവെങ്കില്‍, (മറ്റുള്ള) സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും നിശ്ചയമായും തങ്ങള്‍ കൂടുതല്‍ സന്‍മാര്‍ഗ്ഗികളായിത്തീരും' എന്നു. എന്നിട്ട് അവര്‍ക്കു താക്കീതുക്കാരന്‍ വന്നപ്പോഴാകട്ടെ, (സത്യത്തില്‍ നിന്നു) വിരണ്ടോടുകയല്ലാതെ (മറ്റൊന്നും) അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല;
  • وَأَقْسَمُوا അവര്‍ സത്യം ചെയ്തു بِاللَّـهِ അല്ലാഹുവിനെക്കൊണ്ടു جَهْدَ أَيْمَانِهِمْ അവരുടെ സത്യങ്ങളില്‍വെച്ച് ഞെരുങ്ങിയതു (കഴിയും പ്രകാരമുള്ളതു) لَئِن جَاءَهُمْ അവര്‍ക്കു വന്നുവെങ്കില്‍ نَذِيرٌ ഒരു താക്കീതുകാരന്‍ لَّيَكُونُنَّ നിശ്ചയമായും അവര്‍ ആയിരിക്കുമെന്നു أَهْدَىٰ കൂടുതല്‍ സന്മാര്‍ഗ്ഗികള്‍ مِنْ إِحْدَى الْأُمَمِ സമുദായങ്ങളില്‍ ഏതൊന്നിനെക്കാളും فَلَمَّا جَاءَهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ نَذِيرٌ ഒരു താക്കീതുകാരന്‍ مَّا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല إِلَّا نُفُورًا വിരണ്ടോട്ടമല്ലാതെ, വെറുത്തുപോക്കല്ലാതെ

35:43
  • ٱسْتِكْبَارًا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا ﴾٤٣﴿
  • - ഭൂമിയില്‍ ഗര്‍വ്വു നടിക്കുകയും, ദുഷിച്ച [കടുത്ത] കുതന്ത്രം പ്രയോഗിക്കുകയും ചെയ്തതിനാല്‍. (വാസ്തവത്തില്‍) ദുഷിച്ച കുതന്ത്രം അതിന്റെ ആള്‍ക്കാരിലല്ലാതെ വന്നു ഭവിക്കുകയുമില്ല. എന്നിരിക്കെ, പൂര്‍വ്വികന്‍മാരുടെ (മേലുണ്ടായ) നടപടിച്ചട്ടത്തെയല്ലാതെ (മറ്റുവല്ലതും ഇവര്‍ നോക്കി(ക്കാത്തു) കൊണ്ടിരിക്കുന്നുണ്ടോ?! എന്നാല്‍, അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു മാറ്റത്തിരുത്തവും നീ കണ്ടെത്തുന്നതല്ല. അല്ലാഹുവിന്റെ നടപടിച്ചട്ടത്തിനു ഒരു ഭേദഗതിയും നീ കണ്ടെത്തുകയില്ല.
  • اسْتِكْبَارًا ഗര്‍വ്വ്‌ നടിച്ചതിനാല്‍, അതായതു ഗര്‍വ്വ്‌ നടിക്കല്‍ (അല്ലാതെ) فِي الْأَرْضِ ഭൂമിയില്‍ وَمَكْرَ السَّيِّئِ ദുഷിച്ച കുതന്ത്രവും وَلَا يَحِيقُ വന്നു ഭവിക്കയില്ല الْمَكْرُ السَّيِّئُ ദുഷിച്ച (കടുത്ത) കുതന്ത്രം إِلَّا بِأَهْلِهِ അതിന്റെ ആള്‍ക്കാരിലല്ലാതെ فَهَلْ يَنظُرُونَ എന്നിരിക്കെ ഇവര്‍ നോക്കുന്നു (പ്രതീക്ഷിക്കുന്നു)ണ്ടോ إِلَّا سُنَّتَ നടപടി(ചട്ടം, മാര്‍ഗ്ഗം) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ فَلَن تَجِدَ എന്നാല്‍ നീകണ്ടെത്തുകയില്ല തന്നെ لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്ക് تَبْدِيلًا ഒരു മാറ്റവും, പകരം വരുത്തലും وَلَن تَجِدَ നീ കാണുകയുമില്ല لِسُنَّتِ اللَّـهِ അല്ലാഹുവിന്റെ നടപടിക്കു تَحْوِيلًا ഒരു ഭേദഗതി, ഭേദപ്പെടുത്തല്‍

ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് ജൂതന്മാരും ക്രിസ്ത്യാനികളുമാണ് വേദക്കാരെന്ന നിലയില്‍ അറേബ്യയിലുണ്ടായിരുന്നത്. ഈ രണ്ടു സമുദായങ്ങള്‍ക്കുമിടയില്‍ ഭിന്നിപ്പും വഴക്കുമാണുള്ളത്. തങ്ങളുടെ മാര്‍ഗ്ഗമാണ് ശരിയായതെന്നും, മറ്റേവര്‍ പിഴച്ചവരാണെന്നും ഇരുകൂട്ടരും വാദിക്കുക പതിവായിരുന്നു. ഇതെല്ലം കാണുമ്പോള്‍ ബഹുദൈവവിശ്വാസികളായ അറബികള്‍ ഗൗരവമേറിയ സത്യവാചകങ്ങള്‍ ഉപയോഗിച്ചുകൊണ്ടു പറയും: ‘തങ്ങള്‍ക്കു ഒരു റസൂല്‍ വന്നിരുന്നെങ്കില്‍ തങ്ങള്‍ മറ്റു സമുദായക്കാരെപ്പോലെ വഴിപിഴക്കാതെ, അവരെക്കാള്‍ സന്മാര്‍ഗ്ഗികളായിത്തീരുമായിരുന്നു.’ അങ്ങനെ, അവരില്‍ നിന്നുതന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) റസൂലായി നിയോഗിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ മാര്‍ഗ്ഗദര്‍ശനം സ്വീകരിക്കുന്നതിനുപകരം, പൂര്‍വ്വാധികം ധിക്കാരികളായിത്തീരുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ കടുത്ത കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയുമാണ് അവര്‍ ചെയ്തത്. ഇവരുടെ മുന്‍ഗാമികളായ ധിക്കാരികള്‍ അനുഭവിച്ചതുപോലെ, ഇവരുടെ ധിക്കാരഫലം ഇവരും അനുഭവിക്കാതിരിക്കുകയില്ലെന്നും, അതു അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ പെട്ടതാണെന്നും, ആ നടപടിക്രമങ്ങള്‍ക്കു ഒരിക്കലും മാറ്റമോ ഭേദഗതിയോ ഉണ്ടാകുകയില്ലെന്നും അല്ലാഹു അവരെ താക്കീതു ചെയ്യുന്നു.

ശാം, യമന്‍, ഇറാഖ് മുതലായ ദൂരരാജ്യങ്ങളിലേക്കു ഇവര്‍ നടത്താറുള്ള കച്ചവടയാത്രകളില്‍, വഴിമദ്ധ്യെവെച്ച് ഇവരേക്കാള്‍ ഊക്കന്മാരായിരുന്ന മുന്‍സമുദായങ്ങള്‍ അനുഭവിച്ച ശിക്ഷകളുടെ പല അടയാളങ്ങളും, നശിച്ചുപോയ അവരുടെ പല അവശിഷ്ടങ്ങളും ഇവര്‍ക്കു കണ്ടു പാഠം പഠിക്കുവാനുണ്ടല്ലോ എന്നു അടുത്ത വചനത്തില്‍ അല്ലാഹു അവരെ ഉണര്‍ത്തുന്നു:-

35:44
  • أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍ فِى ٱلسَّمَٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًا قَدِيرًا ﴾٤٤﴿
  • ഇവര്‍ ഭൂമിയില്‍കൂടി സഞ്ചരിക്കാറില്ലേ? ഇവര്‍ക്കു മുമ്പുള്ളവരുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് അപ്പോള്‍ ഇവര്‍ക്കു നോക്കിക്കാണാമല്ലോ! -അവര്‍ ഇവരെക്കാള്‍ ശക്തിയില്‍ ഊക്കന്മാരായിരുന്നുതാനും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, യാതൊരു വസ്തുവും അല്ലാഹുവിനെ (തോല്‍പിച്ച്) അസാധ്യമാക്കുവാനില്ല തന്നെ. നിശ്ചയമായും, അവന്‍ സര്‍വ്വജ്ഞനാകുന്നു; സര്‍വ്വശക്തനാകുന്നു.
  • أَوَلَمْ يَسِيرُوا ഇവര്‍ (അവര്‍) സഞ്ചരിക്കാറില്ലേ فِي الْأَرْضِ ഭൂമിയില്‍ فَيَنظُرُوا അപ്പോള്‍ അവര്‍ക്കു നോക്കാമല്ലോ, കാണാം كَيْفَ كَانَ എങ്ങിനെ ഉണ്ടായെന്നു عَاقِبَةُ الَّذِينَ യാതൊരുകൂട്ടരുടെ പര്യവസാനം مِن قَبْلِهِمْ ഇവരുടെ മുമ്പുള്ള وَكَانُوا അവര്‍ ആയിരുന്നുതാനും أَشَدَّ مِنْهُمْ ഇവരെക്കാള്‍ ഊക്കുള്ളവര്‍, കഠിനമായവര്‍ قُوَّةً ശക്തിയാല്‍, ബലം കൊണ്ടു وَمَا كَانَ اللَّـهُ അല്ലാഹു അല്ല (ഇല്ല) لِيُعْجِزَهُ അവനെ അസാധ്യമാക്കാന്‍ مِن شَيْءٍ യാതൊന്നും തന്നെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല إِنَّهُ كَانَ തീര്‍ച്ചയായും അവനാകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ قَدِيرًا (എല്ലാറ്റിനും) കഴിവുള്ളവന്‍, സര്‍വ്വജ്ഞന്‍
35:45
  • وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا ﴾٤٥﴿
  • മനുഷ്യര്‍ പ്രവര്‍ത്തിച്ചുവെച്ചിട്ടുള്ളതിന് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ,-
    അതിന്റെ പുറഭാഗത്തു [ഭൂമുഖത്തു] ഒരു ജന്തുവെയും അവന്‍ (ബാക്കി) വിടുമായിരുന്നില്ല.
    പക്ഷേ, ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കും അവന്‍ അവര്‍ക്കു (കാല) താമസം ചെയ്തുകൊടുക്കുകയാണ്. അങ്ങനെ, അവരുടെ അവധിവന്നാല്‍, നിശ്ചയമായും അപ്പോള്‍, അല്ലാഹു തന്‍റെ അടിയാന്‍മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും)
  • وَلَوْ يُؤَاخِذُ പിടികൂടുകയാണെങ്കില്‍ اللَّـهُ അല്ലാഹു النَّاسَ മനുഷ്യരെ بِمَا كَسَبُوا അവര്‍ പ്രവര്‍ത്തിച്ച(സമ്പാദിച്ചുവെച്ച)തിനു مَا تَرَكَ അവന്‍ വിട്ടേക്കുകയില്ല عَلَىٰ ظَهْرِهَا അതിന്റെ പുറത്തു, വെളിയില്‍ مِن دَابَّةٍ ഒരു ജന്തുവെയും وَلَـٰكِن പക്ഷേ يُؤَخِّرُهُمْ അവന്‍ അവരെ താമസിപ്പിക്കുന്നു, പിന്തിച്ചുവെക്കുന്നു إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട فَإِذَا جَاءَ എന്നിട്ടു വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَإِنَّ اللَّـهَ അപ്പോള്‍ അല്ലാഹു كَانَ ആകുന്നു بِعِبَادِهِ തന്റെ അടിയാന്മാരെപ്പറ്റി بَصِيرًا കണ്ടറിയുന്നവന്‍

മനുഷ്യസമുദായം ചെയ്തുകൂട്ടുന്ന പാപങ്ങളും, അക്രമങ്ങളും കണക്കിലെടുക്കുമ്പോള്‍ ഈ ഭൂമുഖത്തു ഒരു ജീവിപോലും ഇല്ലാതാവത്തക്കവണ്ണം – മഴവര്‍ഷിപ്പിക്കാതെയോ, മറ്റേതെങ്കിലും വിധത്തിലോ – എല്ലാവരെയും, അല്ലാഹു നശിപ്പിക്കേണ്ടതാണ്. അത്രയും കടുത്തതും വമ്പിച്ചതുമാണവ. പക്ഷെ, അല്ലാഹു ക്ഷമാശീലനാണ്. കാരുണ്യവാനാണ്‌. അവന്‍ അവര്‍ക്കു – ഓരോരുത്തര്‍ക്കും പ്രത്യേകവും, എല്ലാവര്‍ക്കും പൊതുവായും – ഒരവധി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതുവരെ അവരെ ഒഴിവാക്കിവിട്ടിരിക്കയാണ്. ആ അവധി വന്നാല്‍ ഓരോരുത്തരിലും എടുക്കേണ്ട നടപടി എന്താണെന്ന് അവനു നല്ലപോലെ അറിയാം. അവന്‍ എടുക്കുകയും ചെയ്യും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അബൂമൂസല്‍ അശ്അരി (رضي الله عنه) ഉദ്ധരിക്കുന്നു:

مَا أَحَدٌ أَصْبَرَ عَلَى أَذًى يَسْمَعُهُ مِنَ اللهِ يَدَّعُونَ لَهُ الْوَلَدَ، ثُمَّ يُعَافِيهِمْ وَيَرْزُقُهُمْ – متفق عليه

സാരം : ശല്യവാക്കുകള്‍ കേട്ടിട്ട് അതിനെപ്പറ്റി അല്ലാഹുവിനെക്കാള്‍ ക്ഷമിക്കുന്ന ഒരാളുംതന്നെ ഇല്ല. ജനങ്ങള്‍ അവനു മക്കളുണ്ടെന്നു വാദിക്കുന്നു. എന്നിട്ട് പിന്നെയും അവന്‍ അവര്‍ക്ക് ആരോഗ്യവും ആഹാരവും നല്‍കുന്നു: (ബു; മു).

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. അവന്റെ സദ്‌വൃത്തരായ അടിയാന്മാരില്‍ നമ്മെ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ. ആമീന്‍.

[ولله الحمد والمنة]