സൂറത്തു ഫാത്വിര് : 01-23
ഫാത്വിർ (സ്രഷ്ടാവ്)
സൂറത്തുല്‍ – മലാഇക : (മലക്കുകള്‍) എന്നും ഇതിനു പേരുണ്ട്.
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 45 – വിഭാഗം (റുകുഅ്) 5
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
വിഭാഗം - 1
- ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَٰثَ وَرُبَٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١﴿
- സര്‍വ്വ സ്തുതിയും അല്ലാഹുവിനാകുന്നു. (അതായതു) ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടികര്‍ത്താവ്; മലക്കുകളെ ഈരണ്ടും മുമ്മൂന്നും നന്നാലും പക്ഷങ്ങള്‍ [ചിറകുകള്‍] ഉള്ള ദൂതന്‍മാരാക്കിയിട്ടുള്ളവന്‍: സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ദ്ധിപ്പിക്കുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു
- الْحَمْدُ സ്തുതി (യെല്ലാം) لِلَّـهِ അല്ലാഹുവിനാണ് فَاطِرِ السَّمَاوَاتِ ആകാശങ്ങളുടെ സൃഷ്ടികര്‍ത്താവ് وَالْأَرْضِ ഭൂമിയുടെയും جَاعِلِ الْمَلَائِكَةِ മലക്കുകളെ ആക്കിയവന്‍ رُسُلًا ദൂതന്മാര്‍ أُولِي أَجْنِحَةٍ ചിറകു (പക്ഷം) കളുള്ള مَّثْنَىٰ ഈരണ്ട് وَثُلَاثَ മുമ്മൂന്നും وَرُبَاعَ നന്നാലും يَزِيدُ അവന്‍ വര്‍ദ്ധിപ്പിക്കും فِي الْخَلْقِ സൃഷ്ടിയില്‍ مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും, വസ്തുവിനും قَدِيرٌ കഴിവുള്ളവനാണ്
الْحَمْدُ لِلَّـهِ (സ്തുതി അല്ലാഹുവിനാണ്) എന്ന വാക്യംകൊണ്ടു ആരംഭിക്കുന്ന സൂറത്തുകളില്‍ അവസാനത്തെതാണിത്. സ്തുതികീര്‍ത്തനങ്ങളുടെ അര്‍ഹതയും, അവകാശവും അല്ലാഹുവിനാണെന്നും, സൃഷ്ടികളെല്ലാം അവനു സ്തുതികീര്‍ത്തനം ചെയ്‌വാന്‍ കടപ്പെട്ടവരാണെന്നും കാണിക്കുന്ന ചില ഗുണവിശേഷങ്ങളും ഈ വാക്യത്തെത്തുടര്‍ന്നു ഓരോ സ്ഥലത്തും പറഞ്ഞിരിക്കുന്നതു കാണാം. അങ്ങിനെയുള്ള രണ്ടു ഗുണവിശേഷങ്ങള്‍ ഇവിടെയും പറഞ്ഞിരിക്കുന്നു. ആകാശങ്ങളുടെയും, ഭൂമിയുടെയും സൃഷ്ടികര്‍ത്താവ് – അഥവാ ആകാശഭൂമികള്‍ക്കും അവയിലടങ്ങിയ സര്‍വ്വ ചരാചരങ്ങള്‍ക്കും അതതിന്‍റെ പ്രകൃതം നല്‍കി നൂതനമായി സൃഷ്ടിച്ചുണ്ടാക്കിയ കര്‍ത്താവ് – ഇതാണ് ഒന്നാമത്തേത്. പലതരത്തിലുള്ള മലക്കുകളെ ദൂതന്മാരാക്കി നിശ്ചയിച്ചവന്‍ എന്നത്രെ രണ്ടാമത്തേത്. ആദ്യത്തേതു അവന്‍റെ നിര്‍മ്മാണമഹാത്മ്യത്തെയും, ഒടുവിലത്തേതു അവന്‍റെ പരിപാലനപരിപാടികളില്‍ ചിലതിനെയും കുറിക്കുന്നു.
ഈരണ്ടും, മുമ്മൂന്നും, നന്നാലും ചിറകുകളുള്ളവര്‍ എന്നു പറഞ്ഞതു മലക്കുകളുടെ രൂപവ്യതാസത്തെയോ, സ്ഥാനപദവികളെയോ എടുത്തുകാട്ടിയതായിരിക്കാം. ഈ ചിറകുകള്‍ എങ്ങിനെയുള്ളവയാണെന്ന യഥാര്‍ത്ഥ്യം നമുക്കറിയുവാന്‍ നിവൃത്തിയില്ല. നമ്മുടെ ദൃഷ്ടിക്കു ഗോചരമല്ലാത്ത ആത്മീയ ജീവികളാണല്ലോ മലക്കുകള്‍. മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി മുസ്‌ലിമും, അഹ്മദും (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസില്‍ വന്നിട്ടുണ്ട്. എങ്കിലും, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍, ചില പ്രത്യേക രൂപങ്ങളിലായി മനുഷ്യര്‍ക്കു കാണത്തക്കവിധം മലക്കുകള്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്നു ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മനസ്സിലാക്കാം. ഇബ്രാഹീം നബി (عليه السلام), ലൂത്ത് നബി (عليه السلام), മര്‍യം (അ) എന്നിവരുടെ അടുക്കല്‍ ദൈവദൂതന്മാരായി മലക്കുകള്‍ ചെന്ന വിവരം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ജിബ്രീല്‍ (عليه السلام) നെ കണ്ടിട്ടുള്ളതും പ്രസിദ്ധമാണ്. എന്നാല്‍, മലക്കിന്‍റെ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നപക്ഷം അതു മനുഷ്യപ്രകൃതിക്കു താങ്ങാനാവാത്ത കാഴ്ചയായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി രണ്ടുപ്രാവശ്യം ജിബ്രീല്‍ (عليه السلام) നെ സാക്ഷാല്‍ രൂപത്തില്‍ കണ്ടിട്ടുള്ളതായി ബുഖാരിയിലും മുസ്ലിമിലും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിറാ ഗുഹയില്‍ച്ചുണ്ടായ ഒന്നാമത്തെ ആ കാഴ്ച വിവരിച്ചതില്‍, ‘ഞാന്‍ എന്നെപ്പറ്റി ഭയപ്പെട്ടുപോയി’ (لقد خشيت على نفسى)എന്നും, രണ്ടാമത്തെ കാഴ്ച്ചയുടെ വിവരണത്തില്‍ ‘ഞാന്‍ പേടിച്ചു നടുങ്ങി നിലത്തേക്കു വീഴാന്‍ പോയി’ ( فجثت منه رعبا حتى هويت الى الارض) എന്നും മറ്റും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു.
സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ അവസരത്തില്‍ ജിബ്രീല്‍ (عليه السلام) നു ആറു നൂറു ചിറകുകള്‍ ഉണ്ടായിരുന്നുവെന്നും ഇബ്നുമസ്ഊദു (رحمه الله) പ്രസ്താവിച്ചതായി മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഉദരത്തിലും, രണ്ടും നാലും കാലുകളിലും നടക്കുന്ന ജീവികളെക്കുറിച്ചു പറഞ്ഞശേഷം സൂ: നൂര്‍ 45ല്‍ ‘അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നതു സൃഷ്ടിക്കുന്നു’ (يَخْلُقُ اللَّـهُ مَا يَشَاءُ) എന്നു പറഞ്ഞുവല്ലോ. അതുപോലെ, ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളെപ്പറ്റി പറഞ്ഞശേഷം ‘സൃഷ്ടിയില്‍ അവന്‍ ഉദ്ദേശിക്കുന്നതു അവന്‍ വര്‍ധിപ്പിക്കുന്നു’ (يَزِيدُ فِي الْخَلْقِ مَا يَشَاءُ) എന്നു ഇവിടെയും പ്രസ്താവിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. കൂടാതെ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്നും ഉണര്‍ത്തിയിരിക്കുന്നു. മലക്കുകളില്‍ ഈ മൂന്നു തരക്കാര്‍ക്കുപുറമെ വേറെയും പല തരക്കാരുണ്ടാവാമെന്നും, ചിറകുകളുടെ ആധിക്യം അനുസരിച്ച് അവരുടെ പദവികളിലും വ്യത്യാസമുണ്ടാവമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. الله اعلم
ലോകത്തിന്‍റെ നന്മക്കും, മനുഷ്യന്‍റെ വിജയത്തിനും ആവശ്യമായ ദൈവിക സന്ദേശങ്ങളെ നബിമാര്‍ക്കു അല്ലാഹു മലക്കുകള മുഖേന എത്തിച്ചുകൊടുക്കുന്നു. കൂടാതെ മറ്റുപല കാര്യങ്ങളും മലക്കുകള്‍ മുഖേന ലോകത്തു നടത്തപ്പെടുന്നുണ്ടെന്നു ഖുര്‍ആനില്‍ പലപ്പോഴും കാണാറുള്ളതാണ്. മലക്കുകളെ ദൂതന്മാരാക്കുക എന്നു പറഞ്ഞത് ഇതെല്ലം ഉള്‍പ്പെടുത്തിക്കൊണ്ടാകുന്നു. അല്ലാഹുവിന്‍റെ കല്പനയനുസരിച്ച് ഓരോ മലക്കും അവനവന്‍റെ കൃത്യം നിര്‍വ്വഹിക്കുമെന്നല്ലാതെ, അല്ലാഹുവിന്‍റെ ഏതെങ്കിലും അധികാരാവകാശങ്ങളില്‍ അവര്‍ക്കു വല്ല പങ്കും ഉണ്ടെന്നു ഇതിനര്‍ത്ഥമില്ല. അവര്‍ അല്ലാഹുവിന്‍റെ ആദരിക്കപ്പെട്ട അടിയാന്മാര്‍ മാത്രമാകുന്നു. അവന്‍ (بَلْ عِبَادٌ مُّكْرَمُونَ:سورة الأنبياء) അവരോടു എന്തു കല്പിച്ചുവോ അതിന് അവര്‍ എതിരു പ്രവര്‍ത്തിക്കുകയില്ല. അവരോട് കല്പിക്കപ്പെട്ടതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. (لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ : سورة التحريم :٦) സൂ: അമ്പിയാഉ്, 26-29 എന്നീ ആയത്തുകളും അവയുടെ വിവരണവും നോക്കുക.
മതഗ്രന്ഥങ്ങളില്‍ വിശ്വസിക്കാത്തവര്‍ മലക്കുകളുടെ അസ്തിത്വം നിഷേധിക്കുക സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിം സമുദായത്തിനുള്ളില്‍തന്നെ ചില ‘യുക്തിവാദി’കളുണ്ട്. മലക്കുകള്‍ എന്നു പറയപ്പെടുന്നതു വിദ്യുച്ഛക്തിപോലെയുള്ള എന്തോ ഒരു ശക്തിയായിരിക്കുമെന്നാണവരുടെ ധാരണയും, പ്രസ്താവനകളും. ധാരാളക്കണക്കിലുള്ള ഖുര്‍ആന്‍ വചനങ്ങളുടെയും, നബിവചനങ്ങളുടെയും പരസ്യമായ നിഷേധമാണത്. അല്ലാമാ ഫരീദു വജ്ദീ പറഞ്ഞതുപോലെ, മലക്കുകളെ തങ്ങള്‍ക്കു കാണുവാന്‍ സാധിച്ചിട്ടില്ല എന്നല്ലാതെ, അവര്‍ക്കു യാതൊരു തെളിവും അതിനില്ല. മനുഷ്യരില്‍വെച്ച് ഏറ്റവും സത്യവാന്മാരും, ചിന്തകന്മാരും, ബുദ്ധിമാന്മാരുമാണെന്നു സമ്മതിക്കപ്പെട്ട പ്രവാചകന്മാരും, പുണ്യാത്മാക്കളായ ചില മഹാന്മാരും മലക്കുകളെ കണ്ടിട്ടുണ്ടുതാനും. ഇവര്‍ മുഖാന്തരമാണ് സന്മാര്‍ഗ്ഗത്തിന്‍റെ ആധാരങ്ങള്‍ നമുക്കു ലഭിച്ചിരിക്കുന്നതും. എന്നിരിക്കെ, അതിനെ നിഷേധിക്കുവാന്‍ ആര്‍ക്കാണധികാരം?!
- مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴾٢﴿
- കാരുണ്യമായുള്ള ഏതൊന്നിനെയും അല്ലാഹു മനുഷ്യര്‍ക്കു തുറന്നുകൊടുക്കുന്നപക്ഷം, അതിനെ പിടിച്ച് വെക്കുന്നവനില്ല; അവന്‍ എന്തെങ്കിലും പിടിച്ച് വെക്കുന്നതായാല്‍, അതിനുശേഷം അതിനെ (തുറന്നു) വിടുന്നവനുമില്ല. അവനത്രെ, അഗാധജ്ഞനായ പ്രതാപശാലി
- مَّا يَفْتَحِ اللَّـهُ അല്ലാഹു ഏതൊന്നു തുറന്നുകൊടുക്കുന്നുവോ لِلنَّاسِ മനുഷ്യര്‍ക്ക് مِن رَّحْمَةٍ കാരുണ്യമായിട്ടു, അനുഗ്രഹത്തില്‍നിന്നു فَلَا مُمْسِكَ പിടിച്ചുവെക്കുന്നവനില്ല لَهَا അതിനെ وَمَا ഏതൊന്നു يُمْسِكْ അവന്‍ പിടിച്ചുവെക്കുന്നുവോ فَلَا مُرْسِلَ എന്നാല്‍ വിട്ടയക്കുന്നവനില്ല لَهُ അതിനെ مِن بَعْدِهِ അവനുപുറമെ, അതിനുശേഷം وَهُوَ അവന്‍ الْعَزِيزُ പ്രതാപശാലി الْحَكِيمُ അഗാധജ്ഞാനി
എന്നിരിക്കെ, അല്ലാഹു അല്ലാത്ത ഏതൊന്നിനെയും – അതു മലക്കുകളോ, പ്രവാചകന്മാരോ, പുണ്യാത്മാക്കളോ, ഗോളങ്ങളോ, പ്രതിമകളോ എന്തുതന്നെ ആയാലും ശരി – ആരാധിച്ചിട്ടും പ്രാര്‍ത്ഥിച്ചിട്ടും ഫലമില്ല. ആര്‍ക്കും അതിനു അര്‍ഹതയുമില്ല. നമസ്കാരത്തിലും പുറത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നതായി പല ഹദീസു ഗ്രന്ഥങ്ങളിലും കാണാം:
اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد
(അല്ലാഹുവേ, നീ കൊടുക്കുന്നതിനെ മുടക്കുന്നവനില്ല; നീ മുടക്കിയതിനെ കൊടുക്കുന്നവനുമില്ല; ഐശ്വര്യക്കാരന് നിന്നെ സംബന്ധിച്ച് ഐശ്വര്യം ഉപയോഗം ചെയ്യുന്നതുമല്ല.)
- يَٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣﴿
- ഹേ, മനുഷ്യരേ, നിങ്ങളുടെമേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുവിന്‍. അല്ലാഹു അല്ലാതെ, ആകാശത്തു നിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്കു ഉപജീവനം നല്‍കുന്ന വല്ല സൃഷ്ടാവും (വേറെ) ഉണ്ടോ?! അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ എങ്ങിനെയാണ് നിങ്ങള്‍ (സത്യത്തില്‍നിന്നു) തെറ്റിക്കപ്പെടുന്നത്?!
- يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ اذْكُرُوا ഓര്‍ക്കുവിന്‍ نِعْمَتَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളില്‍ هَلْ مِنْ خَالِقٍ വല്ല സൃഷ്ടാവുമുണ്ടോ غَيْرُ اللَّـهِ അല്ലാഹു അല്ലാതെ يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) നല്‍കുന്ന مِّنَ السَّمَاءِ ആകാശത്തുനിന്നു وَالْأَرْضِ ഭൂമിയില്‍നിന്നും لَا إِلَـٰهَ ഒരാരാധ്യനേ ഇല്ല إِلَّا هُوَ അവന്‍ അല്ലാതെ فَأَنَّىٰ എന്നിരിക്കെ (അപ്പോള്‍) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു, നുണയിലകപ്പെടുന്നു
- وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ ﴾٤﴿
- (നബിയേ) ഇവര്‍ നിന്നെ വ്യാജമാക്കുന്നുവെങ്കില്‍, നിനക്കുമുമ്പും 'റസൂലു' കള്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങള്‍ മടക്കപ്പെടുന്നത്.
- وَإِن يُكَذِّبُوكَ അവര്‍ (ഇവര്‍) നിന്നെ വ്യാജമാക്കുന്നുവെങ്കില്‍ فَقَدْ كُذِّبَتْ എന്നാല്‍ വ്യാജമാക്കപ്പെട്ടിട്ടുണ്ട് رُسُلٌ പല റസൂലുകള്‍ مِّن قَبْلِكَ നിനക്കുമുമ്പ് وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കു تُرْجَعُ തന്നെ മടക്കപ്പെടുന്നു الْأُمُورُ കാര്യങ്ങള്‍
പ്രവാചകന്മാരെ വ്യാജമാക്കള്‍ ഇപ്പോള്‍ മാത്രമുള്ളതല്ല. മുമ്പും അതു പതിവാണ്. എല്ലാ കാര്യങ്ങളുടെയും കലാശവും, തീരുമാനവും അല്ലാഹുവിങ്കലാണല്ലോ. വ്യാജവാദികളുടെമേല്‍ അവന്‍ നടപടി എടുത്തുകൊള്ളും. അതുകൊണ്ടു മുന്‍ പ്രവാചകന്മാരെപ്പോലെ ക്ഷമയും സ്ഥിരചിത്തതയും കൈക്കൊള്ളണം. എന്നു താല്‍പര്യം.
- يَٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ ﴾٥﴿
- ഹേ, മനുഷ്യരേ, നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥമാകുന്നു. അതുകൊണ്ട് ഐഹികജീവിതം നിങ്ങളെ വഞ്ചിക്കാതിരുന്നു കൊള്ളട്ടെ. അല്ലാഹുവിനെ സംബന്ധിച്ച് (ആ) മഹാ വഞ്ചകനും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!!
- يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ് فَلَا تَغُرَّنَّكُمُ ആകയാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ, വഞ്ചിക്കരുതു الْحَيَاةُ الدُّنْيَا ഐഹിക ജീവിതം وَلَا يَغُرَّنَّكُم നിങ്ങളെ വഞ്ചിക്കാതെയുമിരിക്കട്ടെ بِاللَّـهِ അല്ലാഹുവിനെ സംബന്ധിച്ചു الْغَرُورُ മഹാ വഞ്ചകന്‍, ചതിയന്‍
- إِنَّ ٱلشَّيْطَٰنَ لَكُمْ عَدُوٌّ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَٰبِ ٱلسَّعِيرِ ﴾٦﴿
- നിശ്ചയമായും, നിങ്ങള്‍ക്കു ശത്രുവാകുന്നു പിശാച്. ആകയാല്‍, നിങ്ങളവനെ ശത്രുവാക്കിവെക്കുവിന്‍! അവന്‍ തന്‍റെ കക്ഷിയെ ക്ഷണിക്കുന്നതു അവര്‍ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍ പെട്ടവരായിരിക്കുവാന്‍ വേണ്ടി മാത്രമാണ്
- إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് فَاتَّخِذُوهُ അതുകൊണ്ട് നിങ്ങളവനെ ആക്കുവിന്‍ عَدُوًّا ശത്രു إِنَّمَا يَدْعُو നിശ്ചയമായും അവന്‍ ക്ഷണിക്കുന്നു, ക്ഷണിക്കുന്നുള്ളു حِزْبَهُ അവന്‍റെ കക്ഷിയെ لِيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി (മാത്രം) مِنْ أَصْحَابِ السَّعِيرِ ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാരില്‍
മരണാനന്തര ജീവിതം, വിചാരണ, രക്ഷാശിക്ഷകള്‍ മുതലായവയാണ് അല്ലാഹുവിന്‍റെ വാഗ്ദാനംകൊണ്ടു ഉദ്ദേശ്യം. ഇവയെക്കുറിച്ചുള്ള വിശ്വാസത്തിനും, ഭാവിജീവിതത്തിലേക്കുള്ള മുന്‍കരുതലിനും മനുഷ്യനു വിഘാതമായി നിലകൊള്ളുന്ന രണ്ടു വന്‍ ശത്രുക്കളെക്കുറിച്ചാണ് അല്ലാഹു താക്കീതു ചെയ്യുന്നത്. ഒന്ന്, ഐഹികജീവിതം, മറ്റൊന്നു പിശാച്. ഐഹിക ജീവിതത്തില്‍ നിന്നാണ് മനുഷ്യന്‍ പാരത്രിക ജീവിതത്തിലേക്കു സമ്പാദിക്കേണ്ടതുള്ളത്. പക്ഷേ, ഐഹിക ജീവിതത്തെത്തന്നെ ജീവിതലക്ഷ്യമാക്കുകയോ, അതിനു അതിന്റേതിൽ കവിഞ്ഞ പ്രാധാന്യം നല്‍കുകയോ ചെയ്യുന്ന പക്ഷം, അതു അവന്‍റെ ശത്രുവും നാശഹേതുവുമായി കലാശിക്കുന്നു. പിശാചാണെങ്കില്‍, മനുഷ്യന്‍റെ വര്‍ഗ്ഗശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയെന്നതു അവന്‍റെ ലക്ഷ്യം മാത്രമാണ്. അതുകൊണ്ടു രണ്ടിനെക്കുറിച്ചും സദാ ജാഗരൂകരായിരിക്കുവാനും, ശത്രുതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കപ്പെടുവാനില്ലാത്ത പിശാചിന്‍റെ അദൃശ്യവലകളെപ്പറ്റി പ്രത്യേകം സൂക്ഷിച്ചുകൊള്ളുവാനും അല്ലാഹു മനുഷ്യരെ ഉല്‍ബോധിപ്പിക്കുന്നു. പിശാചിനെപ്പറ്റി മഹാവഞ്ചകന്‍ എന്നും, അവന്‍ നിങ്ങള്‍ക്കു ശത്രുവാണെന്നും, അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കണമെന്നും, അവന്‍ തന്‍റെ ആള്‍ക്കാരെ നരകത്തിലേക്കു മാത്രമാണ് ക്ഷണിക്കുന്നതെന്നും അല്ലാഹു ആവര്‍ത്തിച്ചു നല്‍കിയ താക്കീതുകള്‍ നാം പ്രത്യേകം ഓര്‍മ്മവെക്കേണ്ടതുണ്ട്. പിശാചിന്‍റെ വഞ്ചനയുടെ കടുപ്പവും ഗൗരവവുമാണതു ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു നമ്മെ രക്ഷിക്കട്ടെ. ആമീന്‍.
- ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌ شَدِيدٌ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ لَهُم مَّغْفِرَةٌ وَأَجْرٌ كَبِيرٌ ﴾٧﴿
- യാതൊരുകൂട്ടര്‍ അവിശ്വസിച്ചുവോ അവര്‍ക്കു കഠിനമായ ശിക്ഷയുണ്ട്; യാതൊരുകൂട്ടര്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവര്‍ക്കു പാപമോചനവും, വലുതായ പ്രതിഫലവും ഉണ്ടായിരിക്കും.
- الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിനശിക്ഷ وَالَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം, പൊറുതി وَأَجْرٌ كَبِيرٌ വലിയ (വമ്പിച്ച) പ്രതിഫലവും
മനുഷ്യന്‍ കഠിന ശിക്ഷക്കര്‍ഹനായിത്തീരുവാന്‍ കാരണം അവിശ്വാസമാണ്. അവിശ്വാസത്തോടുകൂടിയുള്ള സല്‍ക്കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയില്ല നേരെമറിച്ച് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തവര്‍ക്കാണ് പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിഭാഗം - 2
- أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ ﴾٨﴿
- അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?! [ഇവനുണ്ടോ സല്‍ക്കര്‍മ്മശാലികളെപ്പോലെ പ്രതിഫലം ലഭിക്കുന്നു?!] എന്നാല്‍, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴവിലാക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അതുകൊണ്ട് സങ്കടാധിക്യത്താല്‍ അവരുടെ പേരില്‍ [അവരെചൊല്ലി] നിന്‍റെ ആത്മാവ് പോകാതിരുന്നുകൊള്ളട്ടെ! നിശ്ചയമായും അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്.
- أَفَمَن അപ്പോള്‍ യാതൊരുവനോ زُيِّنَ لَهُ അവനു ഭംഗിയാക്കപ്പെട്ടിരിക്കുന്നു سُوءُ عَمَلِهِ അവന്‍റെ ദുഷ്പ്രവൃത്തി, പ്രവൃത്തിയുടെ തിന്മ فَرَآهُ എന്നിട്ടവന്‍ അതിനെ കണ്ടു حَسَنًا നല്ലതായി فَإِنَّ اللَّـهَ എന്നാല്‍ അല്ലാഹു يُضِلُّ വഴിപിഴവിലാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ وَيَهْدِي നേര്‍വഴിയിലുമാക്കുന്നു مَن يَشَاءُ അവനുദ്ദേശിക്കുന്നവരെ فَلَا تَذْهَبْ അതു കൊണ്ടുപോകാതിരുന്നുകൊള്ളട്ടെ نَفْسُكَ നിന്‍റെ ജീവന്‍, നിന്‍റെ ദേഹം عَلَيْهِمْ അവരുടെപേരില്‍ (അവരാല്‍) حَسَرَاتٍ സങ്കടങ്ങളാല്‍ (സങ്കടാധിക്യംകൊണ്ടു) إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ് بِمَا يَصْنَعُونَ അവര്‍ ചെയ്തു(പണിതു) വരുന്നതിനെപ്പറ്റി
ഐഹികജീവിതത്തിന്‍റെയും, പിശാചിന്‍റെയും വഞ്ചനകള്‍ക്കു പാത്രമാകുന്നവര്‍ക്കു യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കുവാനും, നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാനും സാധിക്കാതെവരും. അങ്ങനെ, തങ്ങള്‍ സ്വീകരിക്കുന്ന ദുര്‍ന്നടപ്പുകളുടെ കൊള്ളരുതായ്മ അവര്‍ക്കു അജ്ഞാതമായിത്തീരുകയും,അവ സല്‍പ്രവൃത്തികളായി ഗണിക്കുകയും, അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഇത്രയും ദുഷിച്ചുപോയ ഇവര്‍ എങ്ങിനെയാണ് അല്ലാഹുവിന്‍റെ പാപമോചനത്തിനും, പ്രതിഫലങ്ങള്‍ക്കും അര്‍ഹരാവുക?! എങ്ങിനെയാണ് നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു ഇവരെ ഉള്‍പ്പെടുത്തുക?! തങ്ങളുടെ നടപടികള്‍ ചീത്തയാണെന്ന ബോധമെങ്കിലും അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ അവരെപ്പറ്റി വല്ല പ്രതീക്ഷക്കും വഴിയുണ്ടാകുമായിരുന്നു. അതുകൊണ്ട് ഇങ്ങിനെയുള്ളവരുടെ കാര്യത്തില്‍ സങ്കടപ്പെട്ടു സ്വയം കഷ്ടപ്പെടേണ്ടതില്ല. അല്ലാഹു അവരുടെ ചെയ്തികളെല്ലാം കണ്ടറിയുന്നുണ്ട്. അവന്‍ തക്ക നടപടി വഴിയെ എടുക്കുകയും ചെയ്യും. എന്നു സാരം.
- وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَٰحَ فَتُثِيرُ سَحَابًا فَسُقْنَٰهُ إِلَىٰ بَلَدٍ مَّيِّتٍ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ ﴾٩﴿
- അല്ലാഹുവത്രെ, കാറ്റുകളെ അയച്ചിട്ടുള്ളവന്‍ [ചലിപ്പിക്കുന്നവന്‍]. എന്നിട്ട് അവ മേഘം ഇളക്കിവിടുന്നു. അങ്ങനെ നാം [അല്ലാഹു] അതിനെ നിര്‍ജീവമായ വല്ല നാട്ടിലേക്കും തെളിച്ചുകൊണ്ട് പോകുകയായി; എന്നിട്ട് (ആ) ഭൂമിയെ അതു നിര്‍ജീവമായതിനുശേഷം നാം ജീവിപ്പിക്കുകയായി. ഇതുപോലെ (ത്തന്നെ) യാണ് പുനരുത്ഥാനം!.
- وَاللَّـهُ الَّذِي അല്ലാഹുവത്രെ أَرْسَلَ അയച്ചവന്‍ الرِّيَاحَ കാറ്റുകളെ فَتُثِيرُ എന്നിട്ടവ ഇളക്കിവിടുന്നു سَحَابًا മേഘം, മഴക്കാറ് فَسُقْنَاهُ എന്നിട്ടു നാമതിനെ തെളിക്കും, കൊണ്ടുപോകും إِلَىٰ بَلَدٍ വല്ല നാട്ടിലേക്കും مَّيِّتٍ നിര്‍ജ്ജീവമായ فَأَحْيَيْنَا بِهِ എന്നിട്ടു അതുകൊണ്ടു നാം ജീവിപ്പിക്കും الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതിന്‍റെ മരണത്തിന്‍റെ (നിര്‍ജ്ജീവതയുടെ) ശേഷം كَذَٰلِكَ അപ്രകാരമാണ് النُّشُورُ എഴുന്നേല്‍പ്പു (പുനരുത്ഥാനം)
അതിമഹത്തായ ഒരു അനുഗ്രഹവും, നിത്യസത്യമായ ഒരു ദൃഷ്ടാന്തവും എടുത്തുകാട്ടി മരണാനന്തരജീവിതത്തിന്‍റെ സാധ്യത തെളിയിക്കുകയാണ്. അതതു നാടുകളിലേക്കു മേഘം നീങ്ങുന്നതിലും, അതില്‍നിന്നു മഴ വര്‍ഷിച്ചു നിര്‍ജ്ജീവമായ ഭൂമി ഉല്‍പാദനയോഗ്യമായി ത്തീരുന്നതിലും അടങ്ങിയ ഗഹനമായ രഹസ്യങ്ങളിലേക്കുള്ള സൂചനയാണത്, വാചകഘടനയില്‍ ഇടക്കുവെച്ചു ‘അവന്‍’ എന്നതിന്‍റെ സ്ഥാനത്തു ‘നാം’ എന്ന മദ്ധ്യമപ്രയോഗം. ഈ പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പും നാം ഉണര്‍ത്തിയിട്ടുണ്ട്.
- مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌ شَدِيدٌ ۖ وَمَكْرُ أُو۟لَٰٓئِكَ هُوَ يَبُورُ ﴾١٠﴿
- ആരെങ്കിലും പ്രതാപത്തെ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, പ്രതാപം മുഴുവനും അല്ലാഹുവിനാണ് ഉള്ളത്. (ശുദ്ധമായ) നല്ല വാക്കുകള്‍ അവങ്കലേക്കത്രെ കയറിപോകുന്നത്. സല്‍ക്കര്‍മ്മമാകട്ടെ, അതിനെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. (കടുത്ത) ദുഷിച്ച കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അക്കൂട്ടരുടെ കുതന്ത്രം തന്നെയാണ് നാശമടയുക
- مَن كَانَ ആരെങ്കിലും ആണെങ്കില്‍ يُرِيدُ الْعِزَّةَ പ്രതാപം (യശസ്സ്) ഉദ്ദേശിക്കുക فَلِلَّـهِ എന്നാല്‍ അല്ലാഹുവിനാണ് الْعِزَّةُ പ്രതാപം جَمِيعًا മുഴുവനും إِلَيْهِ അവങ്കലേക്കത്രെ يَصْعَدُ കയറിപ്പോകുന്നതു الْكَلِمُ വാക്കു, വാക്കുകള്‍ الطَّيِّبُ നല്ല, ശുദ്ധമായ وَالْعَمَلُ الصَّالِحُ സല്‍ക്കര്‍മ്മമാകട്ടെ يَرْفَعُهُ അതു (അവന്‍) അതിനെ ഉയര്‍ത്തുകയും ചെയ്യുന്നു وَالَّذِينَ يَمْكُرُونَ കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ ദുഷിച്ച (കടുത്ത) കുതന്ത്രങ്ങള്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ شَدِيدٌ കഠിന ശിക്ഷ وَمَكْرُ أُولَـٰئِكَ അക്കൂട്ടരുടെ കുതന്ത്രം هُوَ അതു (തന്നെ) يَبُورُ നാശമടയും, നഷ്ടപ്പെടും
മൂന്നുനാലു കാര്യങ്ങള്‍ ഈ വചനത്തില്‍ അല്ലാഹു അറിയിക്കുന്നു. 1) പ്രതാപം മുഴുവനും അല്ലാഹുവിനുള്ളതാണ്. ആര്‍ക്കെങ്കിലും പ്രതാപം സിദ്ധിക്കേണമെന്നുണ്ടെങ്കില്‍ അതു അവനില്‍നിന്നു ലഭിക്കേണ്ടതും, അതിന് അവന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വഴി അവനോടു ആവശ്യപ്പെടേണ്ടതുമാണ്. അവന്‍ നല്‍കുന്ന പ്രതാപമേ സാക്ഷാല്‍ പ്രതാപമായിരിക്കയുള്ളു. അവന്‍ പ്രതാപം നല്‍കാതെ അവഗണിക്കുന്നവര്‍ക്കു മാന്യതയും, യശസ്സും ലഭിക്കുകയില്ല. (وَمَنْ يُهِنِ اللَّهُ فَمَا لَهُ مِنْ مُكْرِمٍ) എന്നാല്‍ – പലരും ധരിക്കുന്നതു പോലെ – യശസ്സ് അല്ലെങ്കില്‍ പ്രതാപം എന്നു പറയുന്നതു കുറെ ധനശക്തിയോ, തോന്നിയതുപോലെ പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്ര്യമോ, മറ്റുള്ളവരെ കീഴ്പ്പെടുത്തി കയ്യൂക്കു നടത്തുവാനുള്ള സ്വാധീനമോ ഒന്നുമല്ല. സത്യവും നീതിയും അന്യനു അടിയറ വെക്കാതെ, അക്രമവും അനീതിയും അവലംബമാക്കാതെ – സല്‍സ്വഭാവം, ഹൃദയശുദ്ധി, മാനമര്യാദ, സല്‍ക്കര്‍മ്മം മുതലായവവഴി -സിദ്ധിക്കുന്ന അന്തസ്സും മനസ്സമാധനവുമാണ് സാക്ഷാല്‍ യശസ്സ് (الْعِزَّةُ). ഇങ്ങിനെയുള്ളവന് അല്ലാഹുവിനെ മാത്രമേ ഭയപ്പെടേണ്ടിവരികയുള്ളു. അവന്‍റെ സര്‍വ്വാശ്രയവും അവന്‍തന്നെ. ഇതോടൊപ്പം ജനമദ്ധ്യെ അവനു വിലയും നിലയും താനെ ഉണ്ടായിത്തീരുന്നു. യശസ്സു ലഭിക്കുവാനുള്ള മാര്‍ഗ്ഗം അടുത്ത വാക്യത്തില്‍ കണ്ടെത്താവുന്നതുമാണ്. ‘പ്രതാപം’ എന്നു നാം അര്‍ത്ഥം നല്‍കിയതു عِزَّة എന്ന വാക്കിനാണ്. ‘യശസ്സ്, വീര്യം, യോഗ്യത, അന്തസ്സ്’ എന്നൊക്കെ സന്ദര്‍ഭോചിതം അതിനു അര്‍ത്ഥം പറയാം.
2,3) വിശ്വാസം കൊണ്ടും, ആത്മാര്‍ത്ഥതകൊണ്ടും പരിശുദ്ധമായ ഹൃദയത്തില്‍ നിന്നു ഉടലെടുത്ത് നാവില്‍കൂടി വെളിക്കുവരുന്ന നല്ല വാക്കുകള്‍ – ദിക്ര്‍, ദുആ, ഖുര്‍ആന്‍, സദുപദേശം മുതലായ എല്ലാ സംസാരങ്ങളും – അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നു. അവന്‍ അവയെ സ്വീകരിച്ച് തക്ക പ്രതിഫലം നല്‍കുകയും ചെയ്യും. നല്ല വാക്കുകളി (الْكَلِمُ الطَّيِّبُ)ല്‍ തൗഹീദിന്‍റെ സാക്ഷ്യവാചകമായ لا اله الا الله (അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല) എന്ന ‘കലിമഃ’ക്കാണ് പ്രഥമസ്ഥാനമുള്ളതെന്നു പറയേണ്ടതില്ല. സല്ക്കര്‍മ്മങ്ങളെയെല്ലാം – അവ ചെറുതോ വലുതോ, സ്വകാര്യമോ പരസ്യമോ ഏതാവട്ടെ – അല്ലാഹു ഉയര്‍ത്തുകയും അവയെ രേഖപ്പെടുത്തി യഥായോഗ്യം പ്രതിഫലം നല്‍കുകയും ചെയ്യും. ചുരുക്കത്തില്‍, നല്ല വാക്കുകളോ പ്രവൃത്തികളോ ഒന്നുംതന്നെ അല്ലാഹു പാഴാക്കുകയില്ല.
وَالْعَمَلُ الصَّالِحُ يَرْفَعُهُ എന്ന വാക്യത്തിനു നാം വായിച്ച അര്‍ത്ഥം ഓര്‍മ്മിക്കുക. ‘അതിനെ അവന്‍ ഉയര്‍ത്തുന്നു’ ( يَرْفَعُهُ) എന്നതിലെ കര്‍ത്താവിന്‍റെ സ്ഥാനത്തു ‘അല്ലാഹു’വും, അതില്‍ കര്‍മ്മമായി നില്‍ക്കുന്നതു ‘ സല്‍ക്കര്‍മ്മവു’മാണല്ലോ. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം സ്വീകരിച്ച അഭിപ്രായമാണിത്. മറ്റൊരുവിഭാഗത്തിന്‍റെ അഭിപ്രായത്തില്‍ ഈ ക്രിയയുടെ കര്‍ത്താവു ‘സല്‍കര്‍മ്മ’ (الْعَمَلُ الصَّالِحُ)വും, കര്‍മ്മം ‘നല്ല വാക്കും’ (الْكَلِمُ الطَّيِّبُ) ആകുന്നു. (*). അപ്പോള്‍, ഈ വാക്കിന്‍റെ അര്‍ത്ഥവിവര്‍ത്തനം ഇപ്രകാരം വരും : ‘സല്‍ക്കര്‍മ്മമാകട്ടെ, അതിനെ – നല്ല വാക്കിനെ – ഉയര്‍ത്തുകയും ചെയ്യും.’ അതായത് നല്ല വാക്കുകള്‍ ഉന്നതങ്ങളാകുന്നതും, ഫലപ്രദമാകുന്നതും സല്‍ക്കര്‍മ്മങ്ങള്‍ നിമിത്തമാണ് എന്നു സാരം.
‘നല്ല വാക്കുകള്‍ കയറിപ്പോകു’മെന്നും, ‘സല്‍ക്കര്‍മ്മം ഉയര്‍ത്തു’മെന്നും പറഞ്ഞതിന്‍റെ താല്പര്യം അല്ലാഹു അവയെ സ്വീകരിക്കുമെന്നോ, അറിയുമെന്നോ മാത്രമാണെന്നു കരുതേണ്ടതില്ല. വസ്തുതകള്‍ വസ്തുക്കളായി രൂപാന്തരപ്പെടുന്ന ഓരോ ലോകമാണ് (عالم يتجسد فيه المعاني) ആത്മീയലോകം – അഥവാ പരലോകം. അല്ലാഹുവിന്‍റെ കഴിവില്‍പെടാത്തതൊന്നുമില്ല. മാത്രമല്ല, പല ഹദീസുകളിലും ഇതിനു തെളിവുകള്‍ കാണാം. ഇന്നത്തെ ചില ശാസ്ത്രീയസിദ്ധാന്തങ്ങളും ഇതിനു ഉപോല്‍ബലങ്ങളായുണ്ടുതാനും.
(*). الكلم എന്ന വാക്കിനു ഏകവചനത്തിന്‍റെയും ബഹുവചനത്തിന്‍റെയും അര്‍ത്ഥം വരാവുന്നതാണ്.
4) ഉപായങ്ങളും, കാപട്യങ്ങളും പ്രയോഗിച്ചു നടത്തപ്പെടുന്ന എല്ലാ കുതന്ത്രങ്ങളും കുറ്റകരവും ആക്ഷേപകരവും തന്നെ. എന്നാല്‍, അതു കടുത്തതും ദുഷ്ടതരവുമാകുമ്പോള്‍ കൂടുതല്‍ശിക്ഷാര്‍ഹമായിത്തീരുന്നതാണ്. മാത്രമല്ല, അതു അതിന്‍റെ കര്‍ത്താക്കളില്‍തന്നെ തിരിച്ചടിച്ച് നാശമായിക്കലാശിക്കുകയും ചെയ്യും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ കൊലപ്പെടുത്തുകയോ, പിടിച്ചു ബന്ധനത്തിലാക്കുകയോ, നാടുകടത്തി വിടുകയോ ചെയ്‌വാന്‍ ഖുറൈശികള്‍ ദാറുന്നദുവത്തി’ല്‍വെച്ചു ഗൂഢാലോചന നടത്തി. അതിനായി രാത്രി വീടുവളഞ്ഞു. ഇതുപോലുള്ള പല ഉദാഹരണങ്ങളും, അവയുടെ അനന്തരഫലങ്ങളും അന്നും ഇന്നും ചരിത്രത്തില്‍ ധാരാളം കാണാവുന്നതാണ്. അതെ, കഠിനകുതന്ത്രം അതിന്‍റെ ആള്‍ക്കാരില്‍തന്നെ പിണയുന്നതായിരിക്കും. ((وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ
- وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَمَا يُعَمَّرُ مِن مُّعَمَّرٍ وَلَا يُنقَصُ مِنْ عُمُرِهِۦٓ إِلَّا فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١١﴿
- അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീടു ഇന്ദ്രീയത്തുള്ളിയില്‍നിന്നുമായി സൃഷ്ടിച്ചു; പിന്നെ, അവന്‍ നിങ്ങളെ ഇണകളാക്കി. അവന്‍റെ അറിവോടെയല്ലാതെ യാതൊരു സ്ത്രീയും ഗര്‍ഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. (ദീര്‍ഘിച്ച) ആയുസ്സു നല്‍കപ്പെട്ടിട്ടുള്ള എതൊരാള്‍ക്കും ആയുസ്സ് നല്‍കപ്പെടുന്നതാകട്ടെ, (ആര്‍ക്കെങ്കിലും) അവന്‍റെ ആയുസ്സില്‍ നിന്നും കുറക്കപ്പെടുന്നതാകട്ടെ, ഒരു (രേഖാ)ഗ്രന്ഥത്തില്‍ ഇല്ലാതില്ല. നിശ്ചയമായും, അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാണ്
- وَاللَّـهُ അല്ലാഹു خَلَقَكُم നിങ്ങളെ സൃഷ്ടിച്ചു مِّن تُرَابٍ മണ്ണില്‍നിന്നു, മണ്ണിനാല്‍ ثُمَّ പിന്നെ مِن نُّطْفَةٍ ഒഴുകുന്ന ജലത്തില്‍ (ഇന്ദ്രീയത്തുള്ളിയില്‍) നിന്നു ثُمَّ جَعَلَكُمْ പിന്നെ നിങ്ങളെ അവന്‍ ആക്കി أَزْوَاجًا ഇണകള്‍ (ഭാര്യാഭര്‍ത്താക്കള്‍) وَمَا تَحْمِلُ ഗരഭംധരിക്കുന്നില്ല مِنْ أُنثَىٰ ഒരു പെണ്ണും സ്ത്രീയും وَلَا تَضَعُ അവള്‍ പ്രസവിക്കുന്നുമില്ല. إِلَّا بِعِلْمِهِ അവന്‍റെ അറിവോടെയല്ലാതെ وَمَا يُعَمَّرُ ആയുസ്സു നല്‍കപ്പെടുന്നതുമല്ല مِن مُّعَمَّرٍ ഒരു ആയുസ്സു നല്‍കപ്പെട്ടവന്നും وَلَا يُنقَصُ കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല مِنْ عُمُرِهِ അവന്‍റെ ആയുസ്സില്‍ (വയസ്സില്‍)നിന്നു إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرٌ നിസ്സാരമാണ്, ലഘുവായതാണ്
അല്ലാഹു ലോകകാര്യങ്ങളെ മൊത്തത്തില്‍ മാത്രമേ അറിയുന്നുള്ളുവെന്നും, ഓരോ കാര്യത്തിന്‍റെയും വിശദവിവരം അവന്‍ അറിയുകയില്ലെന്നും പറയുന്ന ധിക്കാരികളും, അതു ശരിയാണെന്നു ധരിച്ചുവശായ പാമരന്മാരും, മനസ്സിരുത്തി വായിക്കേണ്ടുന്ന ഖുര്‍ആന്‍വചനങ്ങളാണ് ഇതും, സൂറത്തുസബഇലെ 2ഉം 3ഉം പോലുള്ള മറ്റുചില വചനങ്ങളും. ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നതും, പ്രസവിക്കുന്നതും, ഓരോരുത്തന്‍റെ ആയുഷ്കാലത്തിന്‍റെ ഏറ്റക്കുറവുമെല്ലാം കൃത്യമായും സൂക്ഷമമായും അറിയുകയും, രേഖപെടുത്തുകയും ചെയ്യുന്നവനത്രെ അല്ലാഹു. ഓരോ കാര്യവും അവന്‍റെ അടുക്കല്‍ ഒരു തോതനുസരുച്ചാണുള്ളത്. (وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ) മാത്രമല്ല, ഭൂമിയിലുള്ള ഓരോ ജീവിക്കും ആഹാരംകൊടുക്കുന്നകാര്യം അവന്‍ ഏല്‍ക്കുകയും ചെയ്തിരിക്കുന്നു. ( وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا) മനുഷ്യന്‍ അതു ആരാഞ്ഞു തിരഞ്ഞുപിടിക്കുകയേ വേണ്ടൂ. എന്നിരിക്കെ, കുറച്ചുകാലം കഴിയുമ്പോഴേക്കു ഈ ലോകത്തു ജനപ്പെരുപ്പംമൂലം ഭക്ഷണത്തിനു മാര്‍ഗ്ഗമില്ലാതെ പട്ടിണികിടന്നു മനുഷ്യന്‍ നശിച്ചുപോകുമെന്നു ഭയപ്പെട്ടുകൊണ്ടിരിക്കുവാന്‍ സത്യവിശ്വാസമുള്ള ഒരാള്‍ക്കും അവകാശമില്ല. إِنَّ ذَٰلِكَ عَلَى اللَّـهِ يَسِيرٌ (അതൊക്കെ അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമാണ്) എന്നുള്ള ഒടുവിലത്തെ വാക്യം ബുദ്ധിയും, വിശ്വാസവും ഉള്ളവര്‍ ചിന്തിച്ചു നോക്കട്ടെ!
- وَمَا يَسْتَوِى ٱلْبَحْرَانِ هَٰذَا عَذْبٌ فُرَاتٌ سَآئِغٌ شَرَابُهُۥ وَهَٰذَا مِلْحٌ أُجَاجٌ ۖ وَمِن كُلٍّ تَأْكُلُونَ لَحْمًا طَرِيًّا وَتَسْتَخْرِجُونَ حِلْيَةً تَلْبَسُونَهَا ۖ وَتَرَى ٱلْفُلْكَ فِيهِ مَوَاخِرَ لِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٢﴿
- രണ്ട് സമുദ്രങ്ങള്‍ [ജലാശയങ്ങള്‍] സമമാവുകയില്ല, ഇതാ ഒന്ന് കുടിക്കുവാനെളുപ്പമുള്ളതായ സ്വച്ഛജലം; മറ്റേതു കൈപ്പുരസമായ ഉപ്പുജലവും! ഓരോന്നില്‍നിന്നും നിങ്ങള്‍ പുതിയ മാംസം തിന്നുകയും നിങ്ങള്‍ ധരിക്കുന്ന ആഭരണവസ്തു പുറത്തെടുക്കുകയും ചെയ്യുന്നു. അവന്‍റെ അനുഗ്രഹത്തില്‍നിന്നു നിങ്ങള്‍ അന്വേഷിക്കുവാന്‍വേണ്ടി അതില്‍ [സമുദ്രത്തില്‍] കൂടി ഭേദിച്ചുകൊണ്ട് കപ്പലുകള്‍ (സഞ്ചരിക്കുന്നതു) നിനക്കു കാണാം; നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്തേക്കാമല്ലോ.
- وَمَا يَسْتَوِي സമമാവുകയില്ല الْبَحْرَانِ രണ്ടു സമുദ്ര (ജലാശയ)ങ്ങള്‍ هَـٰذَا ഇതു(ഒന്നു) عَذْبٌ നല്ല വെള്ളമാണ് فُرَاتٌ ശുദ്ധമായ سَائِغٌ കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്) شَرَابُهُ അതിലെ പാനീയം وَهَـٰذَا ഇതു (മറ്റേതു) مِلْحٌ ഉപ്പ് (ഉപ്പുരസമുള്ളതു) ആകുന്നു أُجَاجٌ കയ്പായ (ഉപ്പു കവിഞ്ഞ) وَمِن كُلٍّ എല്ലാറ്റില്‍നിന്നും تَأْكُلُونَ നിങ്ങള്‍ തിന്നുന്നു لَحْمًا മാംസം طَرِيًّا പുത്തനായ (പഴക്കമില്ലാത്ത) وَتَسْتَخْرِجُونَ നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു حِلْيَةً ആഭരണം, അലങ്കാര വസ്തു تَلْبَسُونَهَا നിങ്ങള്‍ ധരിക്കുന്ന وَتَرَى നീ കാണുന്നു, നിനക്കു കാണാം الْفُلْكَ കപ്പലുകള്‍ فِيهِ അതില്‍ مَوَاخِرَ ഭേദിച്ച് (മുറിച്ചു) പോകുന്നതായി لِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാന്‍ (തേടുവാന്‍) വേണ്ടി مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ നിങ്ങളാകുവാനും, ആയേക്കാം تَشْكُرُونَ നന്ദികാണിക്കും
അല്ലാഹു മനുഷ്യര്‍ക്കു ചെയ്തുകൊടുത്തിട്ടുള്ള ചില അനുഗ്രഹങ്ങളെയും, അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളെയും ഓര്‍മ്മിപ്പിക്കുകയാണ്. സുഖമായി കുടിക്കുവാനും, ഉപയോഗിക്കുവാനും ഉതകുമാറ് രുചിയും, ശുചിയും തികഞ്ഞ ശുദ്ധജലാശയങ്ങളും, ചവര്‍പ്പും പുളിപ്പും കവിഞ്ഞ് കൈപ്പുരസമായിത്തീര്‍ന്നിട്ടുള്ള ഉപ്പുജലാശയങ്ങളും പ്രകൃത്യാ വ്യത്യസ്തങ്ങളാണല്ലോ. മുത്തു, ചിപ്പി, പവിഴം തുടങ്ങിയ പല വിഭവങ്ങളും അവയില്‍ നിന്നു ലഭിക്കുന്നു. മനുഷ്യരുടെ അലങ്കാരവസ്തുക്കളായും മറ്റും അവ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ദൂരസഞ്ചാരം ചെയ്തും, ചരക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്തും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ തേടിത്തിരഞ്ഞുകൊണ്ട് മനുഷ്യന്‍ സമുദ്രത്തില്‍ കപ്പല്‍ യാത്ര നടത്തുന്നു. സമുദ്രജലം ഭേദിച്ചുകൊണ്ടും, തിരമാലകളെ പിന്നിട്ടുകൊണ്ടും കപ്പലുകള്‍ ഓടിക്കൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യന്‍റെ ഐഹികജീവിതാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുന്ന അല്ലാഹുവിനു അവന്‍ നന്ദിചെയ്യേണ്ടതില്ലയോ?! നിശ്ചയമായും ഉണ്ട്. അതവന്‍റെ ഭാവിജീവിത വിജയത്തിലേക്കുള്ള മൂലധനമായി വകയിരുത്തപ്പെടുകയും ചെയ്യും.
- يُولِجُ ٱلَّيْلَ فِى ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِى ٱلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِى لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ لَهُ ٱلْمُلْكُ ۚ وَٱلَّذِينَ تَدْعُونَ مِن دُونِهِۦ مَا يَمْلِكُونَ مِن قِطْمِيرٍ ﴾١٣﴿
- അവന്‍ രാത്രിയെ പകലില്‍ കടത്തുന്നു; പകലിനെ രാത്രിയിലും കടത്തുന്നു. സൂര്യനെയും, ചന്ദ്രനെയും കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു. ഓരോന്നും ഒരു നിര്‍ണ്ണയിക്കപ്പെട്ട അവധിവരേക്കു സഞ്ചരിക്കുന്നു. അങ്ങിനെയുള്ളവനത്രെ, നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവനാണ് രാജാധികാരം! നിങ്ങള്‍ അവനുപുറമെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) വരുന്നവരാകട്ടെ, ഒരു ഈത്തപ്പഴ(ക്കുരുവിന്‍റെ) പാട(യുടെ അത്ര)യും അവര്‍ സ്വാധീനപ്പെടുത്തുന്നില്ല
- يُولِجُ അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു اللَّيْلَ രാത്രിയെ فِي النَّهَارِ പകലില്‍ وَيُولِجُ النَّهَارَ പകലിനെയും കടത്തുന്നു فِي اللَّيْلِ രാത്രിയില്‍ وَسَخَّرَ അവന്‍ കീഴ്പ്പെടുത്തി (വിധേയമാക്കി)ത്തരുകയും ചെയ്തു الشَّمْسَ وَالْقَمَرَ സൂര്യനെയും ചന്ദ്രനെയും كُلٌّ എല്ലാം, ഓരോന്നും يَجْرِي സഞ്ചരിക്കുന്നു لِأَجَلٍ ഒരു അവധിവരെക്കു مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട ذَٰلِكُمُ അവന്‍ (അങ്ങിനെയുള്ളവന്‍) اللَّـهُ رَبُّكُمْ നിങ്ങളുടെ റബ്ബായ അല്ലാഹുവാണ് لَهُ അവന്നാണ് الْمُلْكُ രാജത്വം, രാജാധികാരം وَالَّذِينَ تَدْعُونَ നിങ്ങള്‍ വിളിക്കുന്നവര്‍ مِن دُونِهِ അവനു പുറമെ مَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമപ്പെടുത്തുന്നില്ല مِن قِطْمِيرٍ ഒരു ഈത്തപ്പാടയും
ഉണങ്ങിയ ഉള്ളിത്തൊലിപോലെ, ഈത്തക്കുരുവെ പൊതിഞ്ഞുനില്‍ക്കുന്ന നേരിയ പാടയാണ് قِطْمِيرٍ.അവര്‍ക്ക് ഒട്ടും സ്വാധീനമില്ല എന്നു സാരം. സൂര്യനെയും ചന്ദ്രനെയും കീഴ്പ്പെടുത്തിയതിനെ സംബന്ധിച്ചു പലപ്പോഴും നാം വിവരിച്ചിട്ടുള്ളതാണ്.(*).
(*).ഇന്നിതാ മനുഷ്യന്‍ ചന്ദ്രഗോളത്തില്‍ ഇറങ്ങി തിരിച്ചു പോരുവാന്‍ തുടങ്ങിയിരിക്കുന്നു. എനിയും, ചന്ദ്രനിലും മറ്റും എന്തെല്ലാമോ അവന്‍ കൈകാര്യം ചെയ്‌വാന്‍ പോകുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ ഈ പ്രസ്താവന നാള്‍ക്കുനാള്‍ പുലര്‍ന്നുവരികയാണ്.
- إِن تَدْعُوهُمْ لَا يَسْمَعُوا۟ دُعَآءَكُمْ وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ ۖ وَيَوْمَ ٱلْقِيَٰمَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ﴾١٤﴿
- നിങ്ങളവരെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ വിളി കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരംചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള ഒരാള്‍ നിനക്കു വര്‍ത്തമാനമറിയിക്കുവാനില്ല
- إِن تَدْعُوهُمْ നിങ്ങളവരെ വിളിക്കുന്നപക്ഷം لَا يَسْمَعُوا അവര്‍ കേള്‍ക്കയില്ല دُعَاءَكُمْ നിങ്ങളുടെ വിളി وَلَوْ سَمِعُوا അവര്‍ കേട്ടാലും مَا اسْتَجَابُوا അവര്‍ ഉത്തരം ചെയ്യില്ല لَكُمْ നിങ്ങള്‍ക്കു وَيَوْمَ الْقِيَامَةِ ഖിയാമത്തുനാളിലാകട്ടെ يَكْفُرُونَ അവര്‍ അവിശ്വസിക്കും (നിഷേധിക്കും) بِشِرْكِكُمْ നിങ്ങളുടെ ശിര്‍ക്കില്‍, ശിര്‍ക്കിനെ وَلَا يُنَبِّئُكَ നിനക്കു വര്‍ത്തമാനം അറിയിക്കയില്ല مِثْلُ خَبِيرٍ സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള (ഒരു)വന്‍
യാതൊരു വ്യാഖ്യാനവും കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയങ്ങള്‍ വ്യക്തമാണ്. ഇവിടെ ‘നിങ്ങളുടെ ശിര്‍ക്കു’ (شِرْكِكُمْ) എന്നു പറഞ്ഞതു അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ ഉദ്ദേശിച്ചാണെന്നു പറയേണ്ടതില്ല. ഇതുസംബന്ധിച്ചു സൂ: മര്‍യം 49, 50 എന്നീ വചനങ്ങളുടെ വിവരണത്തില്‍ നാം വിവരിച്ചതു ഓര്‍ക്കുക. വിളിച്ചു പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ആരായിരുന്നാലും അതു ശിര്‍ക്കുതന്നെയാണെന്നു കഴിഞ്ഞ സൂറ: 40, 41ലും അവയുടെ വ്യാഖ്യാനത്തിലും നാം കാണുകയും ചെയ്തു. അടുത്ത വചനവും താഴെ 22-ാം വചനവും പരിശോധിച്ചുനോക്കിയാലും മതിയാകും. എന്നിരിക്കെ, മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാമോ, അവരതു കേള്‍ക്കുമോ, ഉത്തരം ചെയ്യുമോ എന്നൊന്നും പരിശോധിക്കുകയോ അതിനു ന്യായീകരണം ഉണ്ടാക്കുകയോ ചെയ്യുന്നതു ഖുര്‍ആനെ ധിക്കരിക്കല്‍ മാത്രമാകുന്നു. ഈ ആയത്തിലെ അവസാനവാക്യം (وَلَا يُنَبِّئُكَ مِثْلُ خَبِيرٍ) അങ്ങിനെയുള്ളവര്‍ക്കു വമ്പിച്ചൊരു താക്കീതാണ് നല്‍കുന്നത്. മേല്‍പറഞ്ഞ വസ്തുതകള്‍ വിവരിച്ചുതരുന്നതു അല്ലാഹുവാണ്; അവന്‍ എല്ലാം സസൂക്ഷ്മം അറിയുന്നവനാണ്: അറിഞ്ഞുംകൊണ്ടുതന്നെയാണിതെല്ലാം പറയുന്നതും; ഇത്രയും വ്യക്തമായും വസ്തുനിഷ്ഠമായും ഇവയെക്കുറിച്ചു നിങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ വേറെ ആളില്ല; എന്നിരിക്കെ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നതും ന്യായീകരിക്കുന്നതും ആപത്താണ് എന്നൊക്കെയാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്.
വിഭാഗം - 3
- ۞ يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ ﴾١٥﴿
- ഹേ, മനുഷ്യരേ, അല്ലാഹുവിങ്കലേക്കു ആശ്രയമുള്ളവരത്രെ നിങ്ങള്‍. അല്ലാഹുവാകട്ടെ, അവന്‍ (അന്യാശ്രയമില്ലാത്ത) ധന്യനാണ്; സ്തുത്യര്‍ഹനാണ്
- يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ أَنتُمُ الْفُقَرَاءُ നിങ്ങള്‍ ആശ്രയക്കാരാണ് إِلَى اللَّـهِ അല്ലാഹുവിങ്കലേക്കു وَاللَّـهُ അല്ലാഹുവോ هُوَ الْغَنِيُّ ഞാന്‍ ധന്യനാണ്, അന്യാശ്രയനാണ് الْحَمِيدُ സ്തുത്യര്‍ഹനാണ്
- إِن يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ ﴾١٦﴿
- അവന്‍ (വേണമെന്നു) ഉദ്ദേശിക്കുന്നപക്ഷം, നിങ്ങളെ അവന്‍ പോക്കി [നശിപ്പിച്ചു] കളയുകയും, ഒരു പുതിയ സൃഷ്ടിയെ കൊണ്ടുവരുകയും ചെയ്യുന്നതാണ്
- إِن يَشَأْ അവന്‍ ഉദ്ദേശിക്കുന്നപക്ഷം يُذْهِبْكُمْ നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും) وَيَأْتِ വരുകയും ചെയ്യും بِخَلْقٍ جَدِيدٍ പുതിയൊരു സൃഷ്ടിയുംകൊണ്ടു
- وَمَا ذَٰلِكَ عَلَى ٱللَّهِ بِعَزِيزٍ ﴾١٧﴿
- അതു അല്ലാഹുവിന്‍റെ മേല്‍ ഒരു വീര്യപ്പെട്ട [പ്രയാസപ്പെട്ട] കാര്യമല്ലതാനും
- وَمَا ذَٰلِكَ അതല്ലതാനും عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ بِعَزِيزٍ ഒരു വീര്യപ്പെട്ട (പ്രയാസമായ) കാര്യം
മനുഷ്യന്‍റെ – അവന്‍ എത്ര ദുര്‍ബ്ബലനോ യോഗ്യനോ ആവട്ടെ – ഓരോ ചലനവും, ഓരോ അടക്കവും അല്ലാഹുവിന്‍റെ സഹായത്തെ മാത്രം ആശ്രയിക്കുന്നവയാണ്. അല്ലാഹുവില്‍നിന്നുള്ള സഹായം കൂടാതെ ഒരു വിരല്‍പോലും അനക്കുവാനും, മടക്കുവാനും അവനു സാധ്യമല്ല. അല്ലാഹുവിനാകട്ടെ ആരുടെയും യാതൊരു സഹായവും ആവശ്യവുമില്ല. എന്നിരിക്കെ മനുഷ്യന്‍ അവന്‍റെ എല്ലാ അപേക്ഷകളും പ്രാര്‍ത്ഥനകളും അല്ലാഹുവില്‍ മാത്രമാണ് അര്‍പ്പിക്കേണ്ടത്. ഒരു ദിവസം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പുറകിലായി ഒരു വാഹനപ്പുറത്തു പോകുമ്പോള്‍ തന്നോടു ഇപ്രകാരം അവിടുന്നു പറഞ്ഞതായി ഇബ്നു അബ്ബാസ് (رحمه الله) ഉദ്ധരിക്കുന്നു:
يا غلام اني اعلمك كلمات : اخفظ الله يخفظك . اخفظ الله تجده تجاهك. اذا سألت فأسأل الله. واذا استغت فاستغن بالله. واعلم ان الامة لو اجتمعت على ان ينفعوك بشيء لم تنفعوك الا يشيء قد كتبه الله لك. وان اجتمعو على ان يضروك بشيء لم يضروك الا بشيء قد كتب الله عليك الخ – رواه الترمدي
സാരം: ‘കുട്ടി, ഞാന്‍ നിനക്കു ചില വാക്യങ്ങള്‍ പഠിപ്പിച്ചുതരാം: നീ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക – അവന്‍ നിന്നെ സൂക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവനെ നിന്‍റെ മുമ്പില്‍ നീ കണ്ടെത്തും. നീ വലതും ചോദിക്കുന്നപക്ഷം അല്ലാഹുവിനോടു ചോദിക്കുക. നീ വല്ല സഹായാഭ്യര്‍ത്ഥനയും ചെയ്യുന്നപക്ഷം അല്ലാഹുവിനോടു സഹായാഭ്യര്‍ത്ഥനചെയ്യുക. നീ അറിഞ്ഞേക്കൂ: നിനക്ക് എന്തെങ്കിലും ഒരു ഉപകാരം ചെയ്‌വാന്‍ വേണ്ടി സമുദായം ഒന്നിച്ചു ചേര്‍ന്നാലും അല്ലാഹു നിനക്കു നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപകാരം ചെയ്കയില്ല. നിനക്കു ഏതെങ്കിലും ഒരു ഉപദ്രവം ചെയ്‌വാന്‍ അവര്‍ ഒരുമിച്ചുചേര്‍ന്നാലും അവന്‍ നിന്റെ പേരില്‍ നിശ്ചയിച്ചിട്ടുള്ളതല്ലാതെ അവര്‍ ഉപദ്രവം ചെയ്കയില്ല’. (തി).
ശിര്‍ക്കും ദൈവനിഷേധവും പുലര്‍ത്തിപ്പോരുന്ന മനുഷ്യസമുദായത്തെ നശിപ്പിച്ച് പകരം, തികച്ചും അനുസരണവും കൂറും ഭക്തിയുമുള്ള ഒരു ജനസമുദായത്തെ ഇവിടെ സ്ഥാപിക്കുവാന്‍ അല്ലാഹുവിനു കഴിയും. മനുഷ്യവര്‍ഗ്ഗത്തെത്തന്നെ നാമാവശേഷമാക്കി വേറൊരു വര്‍ഗ്ഗത്തെ ഭൂമിയില്‍ കൊണ്ടുവരുവാനും അവനു കഴിയും. അതൊന്നും അവനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെട്ട കാര്യമല്ല. പക്ഷേ, അവന്‍ അതിനു ഉദ്ദേശിച്ചിട്ടില്ല. മഹത്തായ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടിയാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ട് നിശ്ചിത അവധിവരെ അവരെ അവന്‍ അവശേഷിപ്പിക്കുകയാണ്.
- وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ وَإِن تَدْعُ مُثْقَلَةٌ إِلَىٰ حِمْلِهَا لَا يُحْمَلْ مِنْهُ شَىْءٌ وَلَوْ كَانَ ذَا قُرْبَىٰٓ ۗ إِنَّمَا تُنذِرُ ٱلَّذِينَ يَخْشَوْنَ رَبَّهُم بِٱلْغَيْبِ وَأَقَامُوا۟ ٱلصَّلَوٰةَ ۚ وَمَن تَزَكَّىٰ فَإِنَّمَا يَتَزَكَّىٰ لِنَفْسِهِۦ ۚ وَإِلَى ٱللَّهِ ٱلْمَصِيرُ ﴾١٨﴿
- കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊന്നിന്‍റെ കുറ്റം വഹിക്കുകയില്ല. ഭാരം പിടിപ്പെട്ട ഒരു ദേഹം അതിന്‍റെ ചുമടെടുക്കുന്നതിനു് (മറ്റൊരാളെ) വിളിക്കുന്നപക്ഷം അതില്‍നിന്നു യാതൊന്നും തന്നെ വഹിക്കപ്പെടുന്നതുമല്ല; അതു അടുത്ത ബന്ധമുള്ളവനായിരുന്നാലും ശരി. തങ്ങളുടെ റബ്ബിനെ (നേരില്‍ കാണാതെ) അദൃശ്യനിലയില്‍ ഭയപ്പെടുകയും, നമസ്കാരം നിലനിര്‍ത്തുകയും ചെയ്യുന്നവരെ മാത്രമേ നീ താക്കീത് ചെയ്യേണ്ടതുള്ളു. ആര്‍ (ആത്മ) പരിശുദ്ധി പ്രാപിക്കുന്നുവോ അവന്‍, തനിക്കു (ഗുണത്തിനു) വേണ്ടിതന്നെ പരിശുദ്ധി അടയുന്നു. അല്ലാഹുവിങ്കലേക്കാണ് തിരിച്ചുചെല്ലല്‍.
- وَلَا تَزِرُ കുറ്റം വഹിക്കയില്ല وَازِرَةٌ ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും) وِزْرَ أُخْرَىٰ മറ്റൊന്നിന്‍റെ കുറ്റം وَإِن تَدْعُ വിളിച്ചാല്‍, ക്ഷണിച്ചാല്‍ مُثْقَلَةٌ ഒരു ഭാരം പിടിപെട്ട ദേഹം إِلَىٰ حِمْلِهَا അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍) لَا يُحْمَلْ വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല مِنْهُ شَيْءٌ അതില്‍നിന്നു യാതൊന്നും وَلَوْ كَانَ അതു (അവന്‍) ആയിരുന്നാലും ذَا قُرْبَىٰ അടുത്ത ബന്ധമുള്ളവന്‍ إِنَّمَا تُنذِرُ നീ താക്കീതു ചെയ്യേണ്ടതുള്ളു الَّذِينَ يَخْشَوْنَ ഭയപ്പെടുന്നവരെ (മാത്രം) رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَيْبِ അദൃശ്യനിലയില്‍, കാണാതെ وَأَقَامُوا الصَّلَاةَ നമസ്കാരം നിലനിറുത്തുകയും ചെയ്ത وَمَن ആര്‍, ആരെങ്കിലും تَزَكَّىٰ പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി فَإِنَّمَا يَتَزَكَّىٰ എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَإِلَى اللَّـهِ അല്ലാഹുവിങ്കലേക്കാണ് الْمَصِيرُ തിരിച്ചുചെല്ലല്‍
ഒരാളുടെ കുറ്റം മറ്റൊരാള്‍ ഏറ്റെടുക്കുകയോ, മറ്റൊരാളുടെമേല്‍ ചുമത്തപ്പെടുകയോ, രണ്ടും അല്ലാഹുവിന്‍റെ കോടതിയില്‍ സംഭവിക്കുകയില്ല. കുറ്റഭാരം താങ്ങാന്‍ വയ്യാത്തവര്‍, തങ്ങളുടെ ഭാരത്തില്‍നിന്നൊരു പങ്കു വഹിക്കുവാന്‍ തങ്ങളുടെ ഏറ്റവും ഉറ്റ ബന്ധുക്കളോടുപോലും അപേക്ഷിച്ചാല്‍, ആ അപേക്ഷ സ്വീകരിക്കുവാന്‍ ആളെ കിട്ടുകയുമില്ല. കാരണം, ഓരോരുത്തര്‍ക്കും മതിയാവോളം കാര്യം അവരവര്‍ക്കുതന്നെ ഉണ്ടായിരിക്കും. (لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ) ഒരാള്‍ അതിനു സമ്മതിച്ചുവെന്നു സങ്കല്‍പിച്ചാല്‍തന്നെ അതു നടപ്പിലാക്കുകയുമില്ല. കാരണം, ഓരോരുത്തനും ചെയ്യുന്ന പ്രവൃത്തിയുടെ ഗുണത്തിനും ദോഷത്തിനും ഉത്തരവാദി അവന്‍തന്നെയാണെന്നാണ് അല്ലാഹുവിങ്കലുള്ള നീതിനിയമം. (لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ) അപ്പോള്‍ ‘അതിന്‍റെ കുറ്റം ഞാന്‍ ഏറ്റുകൊള്ളാം, അതു പ്രവൃത്തിച്ചു കൊള്ളുക’ എന്നു ചിലര്‍ ചിലസന്ദര്‍ഭങ്ങളില്‍ പറയാറുള്ളത് വെറും പാഴ് വാക്കാണെന്നു പറയേണ്ടതില്ല. (സൂ: അങ്കബൂത്ത് 12ഉം, 13ഉം, വിവരണവും ഓര്‍ക്കുക.)
- وَمَا يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ﴾١٩﴿
- അന്ധനും, കാഴ്ചയുള്ളവനും സമമാവുകയില്ല;
- وَمَا يَسْتَوِي സമമാവുകയില്ല الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും
- وَلَا ٱلظُّلُمَٰتُ وَلَا ٱلنُّورُ ﴾٢٠﴿
- അന്ധകാരങ്ങളും, പ്രകാശവുമാകട്ടെ, (അവയും സമമാവുക) ഇല്ല.
- وَلَا الظُّلُمَاتُ അന്ധകാരങ്ങളും (ഇരുട്ടുകളും) ഇല്ല وَلَا النُّورُ പ്രകാശവും ഇല്ല
- وَلَا ٱلظِّلُّ وَلَا ٱلْحَرُورُ ﴾٢١﴿
- തണലും, സൂര്യോഷ്ണവും (അഥവാ ഉഷ്ണക്കാറ്റും) ആകട്ടെ, (സമമാവുക) ഇല്ല.
- وَلَا الظِّلُّ തണലുമില്ല وَلَا الْحَرُورُ സൂര്യോഷ്ണവുമില്ല, ഉഷ്ണക്കാറ്റുമില്ല
- وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍ مَّن فِى ٱلْقُبُورِ ﴾٢٢﴿
- ജീവിച്ചിരിക്കുന്നവരും, മരണമടഞ്ഞവരുമാകട്ടെ സമമാവുകയില്ല. നിശ്ചയമായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കും. 'ഖബ്റു' (ശ്മശാനം)കളില്‍ ഉള്ളവരെ നീ കേള്‍പ്പിക്കുന്നവനല്ല.
- وَمَا يَسْتَوِي സമമാവുകയില്ല الْأَحْيَاءُ ജീവിച്ചിരിക്കുന്നവര്‍ وَلَا الْأَمْوَاتُ മരണപ്പെട്ടവരുമില്ല إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു يُسْمِعُ കേള്‍പ്പിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَمَا أَنتَ നീ അല്ല بِمُسْمِعٍ കേള്‍പ്പിക്കുന്നവന്‍ مَّن فِي الْقُبُورِ ഖബറുകളിലുള്ളവരെ
- إِنْ أَنتَ إِلَّا نَذِيرٌ ﴾٢٣﴿
- നീ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
- إِنْ أَنتَ നീ അല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ
സത്യവിശ്വാസവും സത്യനിഷേധവും തമ്മിലും, വിശ്വാസികളും അവിശ്വാസികളും തമ്മിലും – ഒരിക്കലും സന്ധിയും യോജിപ്പും ഉണ്ടാകാത്തവിധം – പരസ്പരം വൈരുദ്ധ്യമാണുള്ളതെന്നു ചില ഉദാഹരണങ്ങളാണ് ഇവ എന്നു മൊത്തത്തില്‍ പറയാം. ഓരോ ഉപമയെപ്പറ്റിയും ചിന്തിക്കുന്നവര്‍ക്കു ഓരോന്നിലും അടങ്ങിയ പ്രത്യേകത ഏറെക്കുറെ മനസ്സിലാക്കുവാന്‍ കഴിയുന്നതുമാണ്. ‘ഖബ്റുകളിലുള്ളവരെ നീ കേള്‍പ്പിക്കുകയില്ല’ എന്നതിനെക്കുറിച്ചു സൂ: നംല് 80ല്‍ വിവരിച്ചതു ഇവിടെയും സ്മരിക്കേണ്ടതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളെ നിര്‍ബ്ബന്ധപൂര്‍വ്വം സത്യവിശ്വാസംസ്വീകരിപ്പിക്കുവാന്‍ ബാദ്ധ്യസ്ഥനല്ല, അവരെ വേണ്ടപോലെ താക്കീതു ചെയ്‌താല്‍മതി എന്നാണ് 23-ാം വചനത്തിന്‍റെ താല്‍പര്യം. അല്ലാതെ, സന്തോഷവാര്‍ത്ത അറിയിക്കേണ്ടതില്ല എന്നല്ല ഉദ്ദേശ്യം. അടുത്ത വചനം നോക്കുക.