സൂറത്തുല്‍ അഹ്സാബ് : 28-50
വിഭാഗം - 4
- يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا ﴾٢٨﴿
- ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: 'നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ 'മുത്ത്അത്ത്' [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل പറയുക لِّأَزْوَاجِكَ തന്‍റെ ഭാര്യമാരോടു إِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുക الْحَيَاةَ الدُّنْيَا ഐഹികജീവിതം وَزِينَتَهَا അതിന്‍റെ അലങ്കാരവും, മോടിയും فَتَعَالَيْنَ എന്നാല്‍ നിങ്ങള്‍ വരുക أُمَتِّعْكُنَّ നിങ്ങള്‍ക്കു ഞാന്‍ മുത്ത്അത്തു നല്‍കാം, മോചനവിഭവം തരാം وَأُسَرِّحْكُنَّ നിങ്ങളെ വിട്ടയച്ചു (വേര്‍പ്പെടുത്തി) തരുകയും ചെയ്യാം سَرَاحًا ഒരു വിട്ടയക്കല്‍ جَمِيلًا ഭംഗിയായ, നല്ല
- وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْءَاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَٰتِ مِنكُنَّ أَجْرًا عَظِيمًا ﴾٢٩﴿
- 'നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു.'
- وَإِن كُنتُنَّ നിങ്ങളാണെങ്കില്‍ تُرِدْنَ നിങ്ങള്‍ ഉദ്ദേശിക്കുന്നു اللَّـهَ وَرَسُولَهُ അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും وَالدَّارَ الْآخِرَةَ പരലോക ഭവനത്തെയും فَإِنَّ اللَّـهَ എന്നാല്‍ നിശ്ചയമായും അല്ലാഹു أَعَدَّ ഒരുക്കിയിരിക്കുന്നു لِلْمُحْسِنَاتِ പുണ്യവതികള്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു مِنكُنَّ നിങ്ങളില്‍നിന്നു أَجْرًا عَظِيمًا വമ്പിച്ച പ്രതിഫലം
വിവാഹമോചനം (طلاق) നടത്തുമ്പോള്‍ ഭാര്യക്കു – ഒരു മനസ്സമാധാനവും, തല്ക്കാലാശ്വാസവും എന്ന നിലക്കു ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്.ഇതിന്നാണ് ‘മുത്ത്അത്ത്’ (متعة) എന്നു പറയുന്നത്. (കൂടുതല്‍ വിവരം 49-ാം വചനത്തിന്‍റെ വിവരണത്തില്‍ കാണാം). ഐഹികസുഖമാണു തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങളെ വളരെ നല്ല നിലയില്‍ വിവാഹമോചനം നല്‍കി വിട്ടയച്ചുതരാം; അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രീതിയും പരലോകസൗഖ്യവുമാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അതിന് അനുയോജ്യമായതല്ല; ഐഹികമായ ആഡംബരമോഹവും പാരത്രികഗുണങ്ങളുംകൂടി സമ്മേളിക്കുവാന്‍ നിവൃത്തിയില്ല. പക്ഷേ, ഇവിടെ വെച്ചു നന്മയും പുണ്യവും ചെയ്യുന്നവര്‍ക്കു -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ എന്ന നിലക്കു വിശേഷിച്ചും – വമ്പിച്ച പ്രതിഫലങ്ങള്‍ അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്നുമുണ്ടു; അതുകൊണ്ട് ഈ രണ്ടില്‍ ഏതാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നു തീര്‍ച്ചപ്പെടുത്തണം എന്നത്രെ ഈ വചനങ്ങളുടെ താൽപര്യം. ആകയാല്‍ ഈ വചനങ്ങള്‍ക്കു اية التخسير (അഭിപ്രായത്തിനു വിട്ടുകൊടുക്കുന്ന ആയത്ത്) എന്നു പറയപ്പെടുന്നു. ചോദ്യത്തിലടങ്ങിയ ഗൗരവം മനസ്സിലാക്കുവാന്‍ യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്കു പ്രയാസമുണ്ടാവുകയില്ലല്ലോ.
ഒമ്പതു പേരാണ് ഈ അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരായി ഉണ്ടായിരുന്നത്; ഖുറൈശിഗോത്രത്തില്‍പെട്ട ആയിശാ, ഹഫ്സ്വ, ഉമ്മുഹബീബ, സൗദ, ഉമ്മുസലമ എന്നിവരും, അസദ് വംശക്കാരിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നള്വീര്‍ വംശത്തില്‍ പെട്ട സ്വഫിയ്യ, മുസ്വ്-ത്തലഖ് ഗോത്രക്കാരിയായ ജുവൈരിയ്യ എന്നിവരും رضي الله عنهن ആയിരുന്നു അവര്‍. (*). ഈ വചനം കേള്‍ക്കേണ്ട താമസം: അവരെല്ലാവരും ഏകസ്വരത്തില്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു. الحمد لله
(*). عائشة، حفصة، ام حبيبة، سودة، ام سلمة، زينب، ميمونة، صفية، جويرية رضي الله عنهن
മുസ്‌ലിം (رحمه الله), അഹ്മദ് (رحمه الله) മുതലായവര്‍ ജാബിര്‍ (رضي الله عنه) വഴി നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്‍റെ സാരം അറിയുന്നതു സന്ദര്‍ഭോചിതമാണ്. അദ്ദേഹം പറയുന്നു: അബൂബക്കര്‍ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാതില്‍ക്കല്‍ വന്നു പ്രവേശനത്തിനു അനുമതി ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീടു ഉമറും (رضي الله عنه) വന്നു സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറെ കഴിഞ്ഞശേഷം രണ്ടുപേര്‍ക്കും അകത്തു കടക്കുവാന്‍ അനുമതി കിട്ടി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മൗനമായിരിക്കയായിരുന്നു. ഭാര്യമാര്‍ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്. ഉമര്‍ (رضي الله عنه) പറഞ്ഞു: ‘ഞാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സംസാരിക്കും – അവിടുന്നു ചിരിച്ചേക്കാം!’ അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു : ‘അല്ലാഹുവിന്‍റെ റസൂലേ, സൈദിന്‍റെ മകള്‍ (എന്‍റെ ഭാര്യ) അൽപം മുമ്പ് എന്നോടു ചിലവിനു കൊടുക്കാനാവശ്യപ്പെട്ടു: അപ്പോള്‍ ഞാനവളുടെ കഴുത്തിനു കൊടുത്ത ഇടി അങ്ങുന്നു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ അണപ്പല്ലുകള്‍ കാണപ്പെടുമാറു ചിരിച്ചുപോയി! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തുടര്‍ന്നു പറഞ്ഞു: ‘ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ടു എന്‍റെ ചുറ്റുപാടും വന്നുകൂടിയിരിക്കുന്നു!’ അപ്പോള്‍ അബൂബക്കര്‍ (رضي الله عنه) ആയിശാ (رضي الله عنها)യുടെയും, ഉമര്‍ (رضي الله عنه) ഹഫ്സ്വയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാന്‍ ശ്രമിക്കുകയും ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കൈവശം ഇല്ലാത്തതിനു ആവശ്യപ്പെടുകയാണോ നിങ്ങള്‍?’ എന്നു അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ തടഞ്ഞു. ഈ അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പക്കല്‍ ഇല്ലാത്തതു ഇനിമേലില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞു. പിന്നീടു ആയത്തു അവതരിച്ചു. ആദ്യമായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആയിശാ (رضي الله عنها) യോടു, ‘ഞാന്‍ നിന്നോടൊരു കാര്യം പറയുന്നു; നിന്‍റെ മാതാപിതാക്കളോടു ആലോചന ചെയ്യാതെ ബദ്ധപ്പെട്ട് അതിനു മറുപടി പറയരുത്’ എന്നു ഉണര്‍ത്തിക്കൊണ്ട് …يَا أَيُّهَا النَّبِيُّ قُل എന്നു (തുടങ്ങുന്ന ഈ വചനം) ഓതിക്കേള്‍പ്പിച്ചു. ആയിശാ (رضي الله عنها) ഉടനെ മറുപടി നല്‍കി: ‘അവിടുത്തെ കാര്യത്തിലാണോ ഞാന്‍ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുള്ള ഭാര്യമാരോട് ഈ വിവരം (ഞാന്‍ പറഞ്ഞതു) അറിയിക്കരുത് എന്നു ഞാന്‍ അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു’. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്തു തിരഞ്ഞെടുത്തുവെന്ന് എന്നോടു ആര്‍ ചോദിച്ചാലും ഞാനതു പറയാതിരിക്കയില്ല’. (ٲحمد و مسلم وغيرهما)
വിശ്വാസം, ഭയഭക്തി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടുള്ള സ്നേഹബഹുമാനം ആദിയായവയിലെല്ലാംതന്നെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ചു എത്രയോ ഉയര്‍ന്ന പടിയിലാണെന്നു പറയേണ്ടതില്ല. മറ്റു സ്ത്രീകള്‍ക്കില്ലാത്ത ഉന്നതപദവികള്‍ അല്ലാഹു അവര്‍ക്കു നല്‍കിയിട്ടുമുണ്ട്. ഈ അദ്ധ്യായത്തില്‍തന്നെ ഇതിനു പല തെളിവുകളും കാണാം. അവര്‍ സത്യവിശ്വാസികളുടെ മാതാക്കളും സമുദായത്തിന്‍റെ മാതൃകാവനിതകളുമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ ഭര്‍ത്താവും, തങ്ങള്‍ അവിടുത്തെ ഭാര്യമാരുമെന്ന നിലക്ക് – മനുഷ്യസഹജവും സ്ത്രീസഹജവുമായ നിലയില്‍ – ഇത്തരം ചില പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ പ്രകടമായേക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ല. അതേ സമയത്തു ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ സമുദായം മാതൃകയാക്കി സ്വീകരിക്കേണ്ടതും, എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും അവര്‍ മുസ്‌ലിം സമുദായത്തിന് നല്‍കുകയും ചെയ്യുന്നു. എത്രയോ ഇസ്‌ലാമിക നിയമങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും ഇത്തരം സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നു ഖുര്‍ആനും നബിചര്യയും പരിശോധിക്കുന്നവര്‍ക്കറിയാം. ഇവയില്‍ പ്രധാനമായ ചിലതെല്ലാം ഈ സൂറത്തില്‍ കാണാവുന്നതുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-
- يَٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَٰحِشَةٍ مُّبَيِّنَةٍ يُضَٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾٣٠﴿
- നബിയുടെ പത്നിമാരേ! നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ വല്ല ചീത്ത വൃത്തിയും കൊണ്ടുവരുന്ന [പ്രവര്‍ത്തിക്കുന്ന]തായാല്‍, അവള്‍ക്കു രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാകുന്നു.
- يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) مَن ആരെങ്കിലും يَأْتِ വരുന്നതായാല്‍ مِنكُنَّ നിങ്ങളില്‍നിന്നു بِفَاحِشَةٍ വല്ല ചീത്തവൃത്തിയും കൊണ്ടു مُّبَيِّنَةٍ വ്യക്തമായ, പ്രത്യക്ഷമായ يُضَاعَفْ ഇരട്ടിയാക്കപ്പെടും لَهَا അവള്‍ക്കു الْعَذَابُ ശിക്ഷ ضِعْفَيْنِ രണ്ടിരട്ടി وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ يَسِيرًا നിസ്സാരമായത്
പ്രത്യക്ഷത്തില്‍തന്നെ ചീത്തയായി ഗണിക്കപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും فَاحِشَةٍ مُّبَيِّنَةٍ (വ്യക്തമായ ചീത്തവൃത്തി)യില്‍ ഉള്‍പ്പെടുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ വെറുപ്പിക്കല്‍, മഹാപാപങ്ങള്‍ മുതലായവയെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു. അടുത്ത വചനങ്ങളില്‍നിന്നു ഗ്രഹിക്കാവുന്നതുപോലെ, വഹ്‌യിന്‍റെ കേന്ദ്രത്തില്‍ ജീവിച്ചു വരുന്ന അവര്‍ ഇതരസ്ത്രീകളെക്കാള്‍ പലനിലക്കും ഉന്നത പദവിയിലുള്ളവരാണ്. എന്നിരിക്കെ, മറ്റാരെപ്പോലെയും തെറ്റുകുറ്റങ്ങള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ബാധ്യസ്ഥരായിരിക്കുകയും ചെയ്യുമല്ലോ അവര്‍. അല്ലാഹു അവരോടു ഈ താക്കീതു നല്‍കുവാനുള്ള കാരണം അതാണ്. കൂടുതല്‍ അറിവും പദവിയും ഉള്ളവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ കൂടുതല്‍ ഭയപ്പെടേണ്ടതുണ്ടെന്നു ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാം.
വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് فَاحِشَةٍ (ചീത്തവൃത്തി) എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്, ഇവിടെയും അതാണ് ഉദ്ദേശ്യമെന്നത്രെ ചില മഹാന്‍മാരുടെ അഭിപ്രായം. പക്ഷേ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരില്‍ നിന്നു ആ മഹാപാപം സംഭവിച്ചേക്കാന്‍ ഇടയുണ്ടെന്ന നിഗമനത്തിലല്ല ഈ താക്കീത്. ശിര്‍ക്കിനെ നിഷ്കാസനം ചെയ്‌വാനായി നിയോഗിക്കപ്പെട്ട റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു: ‘നീ ശിര്‍ക്കു ചെയ്‌താല്‍ നിശ്ചയമായും നിന്‍റെ കര്‍മ്മം നിഷ്ഫലമാകുകതന്നെ ചെയ്യും’ (لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ) എന്നും മറ്റും അല്ലാഹു താക്കീതു ചെയ്തിരിക്കുന്നുവല്ലോ. അതുപോലെ, കാര്യത്തിന്‍റെ ഗൗരവം മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം താക്കീതുകളുടെ പ്രധാന ലക്ഷ്യം. ആയത്തിന്‍റെ അവസാന വാചകം നോക്കുക. എത്ര മഹാന്‍മാരായാലും ശരി, കുറ്റം ചെയ്തവര്‍ക്കു തക്ക ശിക്ഷ കൊടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു മടിയും പക്ഷഭേദവുമില്ല; സത്യത്തിനും നീതിക്കും മുമ്പില്‍ എല്ലാവരും അവന്‍റെ അടുക്കല്‍ സമന്‍മാരാണ് എന്ന് ആ വാക്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്.
ജുസ്ഉ് - 22
- ۞ وَمَن يَقْنُتْ مِنكُنَّ لِلَّهِ وَرَسُولِهِۦ وَتَعْمَلْ صَٰلِحًا نُّؤْتِهَآ أَجْرَهَا مَرَّتَيْنِ وَأَعْتَدْنَا لَهَا رِزْقًا كَرِيمًا ﴾٣١﴿
- അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും നിങ്ങളില്‍നിന്ന് ആര്‍ വിനയം (അഥവാ ഭക്തി) കാണിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ, അവള്‍ക്കു അവളുടെ പ്രതിഫലം രണ്ടു പ്രാവശ്യം നാം നല്‍കുന്നതാകുന്നു. അവള്‍ക്കു മാന്യമായ ഉപജീവനം നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
- وَمَن يَقْنُتْ ആര്‍ ഭക്തി (വിനയം) കാണിക്കുന്നുവോ مِنكُنَّ നിങ്ങളില്‍നിന്നു لِلَّـهِ അല്ലാഹുവിനോടു, അല്ലാഹുവിനു وَرَسُولِهِ അവന്‍റെ റസൂലിനോടും وَتَعْمَلْ അവള്‍ പ്രവര്‍ത്തിക്കുകയും صَالِحًا സല്‍ക്കര്‍മ്മം نُّؤْتِهَا അവള്‍ക്കു നാം കൊടുക്കും أَجْرَهَا അവളുടെ പ്രതിഫലം مَرَّتَيْنِ രണ്ടു പ്രാവശ്യം وَأَعْتَدْنَا നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു لَهَا അവള്‍ക്കു رِزْقًا كَرِيمًا മാന്യമായ ഉപജീവനം, ആഹാരം
ദുര്‍വൃത്തികള്‍ ചെയ്യുന്നപക്ഷം സാധാരണക്കാരെ അപേക്ഷിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാര്‍ക്കു കൂടുതല്‍ ശിക്ഷയുണ്ടായിരിക്കുമെന്നപോലെത്തന്നെ, ഭക്തിയോടും അച്ചടക്കത്തോടും കൂടി ഇരിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്കു കൂടുതല്‍ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ആഢംബര ജീവിതവും ഐഹികസുഖസൗകര്യങ്ങളും ത്യജിച്ചുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയൊന്നിച്ചു ക്ഷമാപൂര്‍വ്വം ജീവിക്കുന്നതിനുപകരം പരലോകത്തുവെച്ച് മാന്യമായ ഉപജീവനം അല്ലാഹു അവര്‍ക്കു തയ്യാറാക്കി വെച്ചിരിക്കുന്നുവെന്നു സന്തോഷവാര്‍ത്തയും അറിയിക്കുന്നു.
- يَٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌ وَقُلْنَ قَوْلًا مَّعْرُوفًا ﴾٣٢﴿
- നബിയുടെ പത്നിമാരേ! നിങ്ങള്‍ ഭയഭക്തി (അഥവാ സൂക്ഷ്മത) കാണിക്കുന്നപക്ഷം നിങ്ങള്‍ സ്ത്രീകളില്‍പെട്ട (മറ്റ്) ഒരാളെപ്പോലെയുമല്ല; അതിനാല്‍, നിങ്ങള്‍ വാക്കില്‍ [സംസാരത്തില്‍] താഴ്മ കാണിക്കരുത്. (കാരണം:) അപ്പോള്‍ ഹൃദയത്തില്‍ വല്ല രോഗവുമുള്ളവനു മോഹം തോന്നിയേക്കും. നിങ്ങള്‍ മര്യാദപെട്ട വാക്കു പറഞ്ഞു കൊള്ളുകയും ചെയ്യണം.
- يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) لَسْتُنَّ നിങ്ങളല്ല كَأَحَدٍ ഒരാളെപ്പോലെയും مِّنَ النِّسَاءِ സ്ത്രീകളില്‍ നിന്നുള്ള إِنِ اتَّقَيْتُنَّ നിങ്ങള്‍ ഭയഭക്തി (സൂക്ഷമത) പാലിച്ചാല്‍ فَلَا تَخْضَعْنَ അതിനാല്‍ നിങ്ങള്‍ താഴ്മ കാണിക്കരുത് بِالْقَوْلِ വാക്കില്‍, സംസാരം കൊണ്ടു فَيَطْمَعَ അപ്പോള്‍ മോഹിക്കും الَّذِي യാതൊരുവന്‍ فِي قَلْبِهِ തന്‍റെ ഹൃദയത്തിലുണ്ടു مَرَضٌ (ഏതെങ്കിലും) രോഗം وَقُلْنَ നിങ്ങള്‍ പറയുകയും ചെയ്യുക قَوْلًا വാക്കു مَّعْرُوفًا മര്യാദപ്പെട്ട, നല്ല, സദാചാരപ്രദമായ
إِنِ اتَّقَيْتُنَّ (നിങ്ങള്‍ ഭയഭക്തി – അഥവാ സൂക്ഷ്മത – പാലിക്കുന്നപക്ഷം) എന്ന വാക്ക് അതിന്‍റെ മുമ്പുള്ള വാക്യത്തോടു ചേര്‍ന്നതായും, അതിന്‍റെ പിന്നിലുള്ള വാചകത്തോടു ചേര്‍ന്നതായും വരാവുന്നതാണ്. മുന്‍ വാചകത്തോടു ബന്ധപ്പെട്ടതാണെന്നുവെക്കുമ്പോള്‍ വാചകത്തിന്‍റെ സാരം ഇപ്രകാരമായിരിക്കും: ‘നിങ്ങള്‍ ഭയഭക്തിയുള്ളവരാണെങ്കില്‍, നിങ്ങള്‍ മറ്റേതു സ്ത്രീകളെപ്പോലെയുമായിരിക്കയില്ല – എല്ലാവരെക്കാളും ഉപരിയായ ഒരു സ്ഥാനം നിങ്ങള്‍ക്കുണ്ട്. ആകയാല്‍ നിങ്ങള്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ പിന്നീടുള്ള വാചകത്തോടു ബന്ധപ്പെട്ടതാണ് ആ വാക്കെന്നു വെക്കുമ്പോള്‍ ഇങ്ങിനെ സാരം വരും: ‘നിങ്ങള്‍ മറ്റേതൊരു സ്ത്രീയെപ്പോലെയുമല്ല. നിങ്ങള്‍ ശരിക്കു സൂക്ഷ്മത പാലിക്കുകയാണെങ്കില്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ ഈ രണ്ടു വിധത്തിലും ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നിനും ചില ന്യായവശങ്ങളുമുണ്ട്. ഇവിടെ അതു വിസ്തരിച്ചു ദീര്‍ഘിപ്പിക്കേണ്ടതില്ല. ഏതായാലും മനുഷ്യന്‍റെ ശ്രേഷ്ടതയുടെയും, യോഗ്യതയുടെയും സാക്ഷാല്‍ മാനദണ്ഡം അല്ലാഹുവിന്‍റെ അടുക്കല്‍ ‘തഖ്-വാ’ (ഭയഭക്തിയാകുന്ന സൂക്ഷ്മത) തന്നെ. إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ (നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍വെച്ചു ഏറ്റവും തഖ്‌വയുള്ളവനാണ്) എന്നതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്നു അതു സ്പഷ്ടമാണ്. തഖ്‌വായോടൊപ്പം മറ്റുതരത്തിലുള്ള വല്ല യോഗ്യതകളും ഉണ്ടെങ്കില്‍ അതും പരിഗണിക്കപ്പെടുമെന്നുമാത്രം. خِيَارُهُمْ فِي الْجَاهِلِيَّةِ خِيَارُهُمْ فِي الإِسْلاَمِ إِذَا فَقُهُوا (ജാഹിലിയ്യാ കാലത്തു ഉത്തമന്മാരായുള്ളവര്‍ ഇസ്ലാമിലും ഉത്തമന്‍മാരാണ് – അവര്‍ കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കില്‍) (മു) എന്ന ഹദീസില്‍നിന്നും മറ്റും ഇതു മനസ്സിലാക്കാം.
അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാര്‍ അനുവര്‍ത്തിക്കേണ്ടുന്ന ഒരു നയമാണ് ആയത്തിന്‍റെ അവസാനത്തെ ഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്; അതേസമയത്ത് മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കയും വേണമെന്നത്രെ അത്. ജനങ്ങളില്‍ കപടവിശ്വാസികളും, സദാചാരമര്യാദകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. മാത്രമല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെക്കുറിച്ചു വല്ല ആരോപണങ്ങള്‍ക്കും അവസരം ലഭിക്കുവാനാഗ്രഹിക്കുന്ന ചില കുബുദ്ധികളും അന്നു മദീനായിലുണ്ടായിരുന്നു. ആയിശാ (رَضي اللَّه عنها) യുടെ പേരില്‍ അവര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അപരാധം പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവു ദുര്‍ബ്ബലഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാരവികാരങ്ങള്‍ക്കു വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. ഈ സൂറത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെ അഭിമുഖീകരിച്ച് പ്രസ്താവിച്ചിട്ടുള്ള മിക്ക വിധികളും മുസ്‌ലിംസ്ത്രീകള്‍ക്കെല്ലാംതന്നെ ബാധകമായതാണെന്നു ഓര്‍ക്കേണ്ടതാകുന്നു.
- وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴾٣٣﴿
- നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ 'ജാഹിലിയ്യത്തി'ന്‍റെ [അജ്ഞാനകാലത്തെ] സൗന്ദര്യപ്രദര്‍ശനം (പോലെ) നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും അരുത്. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, 'സകാത്ത്' കൊടുക്കുകയും ചെയ്യണം. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക.
നിങ്ങളില്‍നിന്ന് - (പ്രവാചകന്‍റെ) വീട്ടുകാരേ - മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ഒരു (നല്ല) ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. - وَقَرْنَ നിങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുക فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ وَلَا تَبَرَّجْنَ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതു تَبَرُّجَ الْجَاهِلِيَّةِ 'ജാഹിലിയ്യത്തി'ന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍ الْأُولَىٰ ആദ്യത്തെ (മുമ്പേത്തെ) وَأَقِمْنَ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം وَآتِينَ കൊടുക്കുകയും ചെയ്യുക الزَّكَاةَ സക്കാത്തു وَأَطِعْنَ അനുസരിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളു اللَّـهُ അല്ലാഹു لِيُذْهِبَ പോക്കുവാന്‍, നീക്കിക്കളയുവാന്‍ (മാത്രം) عَنكُمُ നിങ്ങളില്‍നിന്നു الرِّجْسَ മാലിന്യം, വൃത്തികേടു أَهْلَ الْبَيْتِ വീട്ടുകാരേ وَيُطَهِّرَكُمْ നിങ്ങളെ ശുദ്ധിയാക്കുവാനും تَطْهِيرًا ഒരു ശുദ്ധിയാക്കല്‍
ശരീരത്തില്‍ മറക്കേണ്ടുന്ന ഭാഗം മുഴുവന്‍ മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമോ നേര്‍ത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യസാമഗ്രികള്‍ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദര്‍ശനത്തി (تَبَرُّجَ) ല്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തിനും, അന്നു നടപ്പിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കും പറയപ്പെടുന്ന വാക്കാണ് ‘ജാഹിലിയ്യത്ത്’ (جَاهِلِيَّة), ‘മാലിന്യം’ (رِّجْس) എന്നു പറഞ്ഞതില്‍ സ്ഥാനമാനങ്ങള്‍ക്കു ക്ഷതം ബാധിക്കുന്ന കാര്യങ്ങളും, പാപങ്ങളും ഉള്‍പ്പെടുന്നു.
ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും പുരുഷസമ്പര്‍ക്കങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരായ നിങ്ങള്‍ക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങള്‍ വര്‍ജ്ജിക്കണം; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരുന്ന് നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം. എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്. അച്ചടക്കസംബന്ധമായ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നുകൊണ്ട് നമസ്കാരത്തെപ്പറ്റിയും സകാത്തിനെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാനമായി നിലകൊള്ളുന്ന ഒരു കാര്യം – അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു – കൽപിക്കുന്നു. ഇത്രയും വ്യക്തമായും ശക്തമായും ഉപദേശിക്കുന്നതു യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാന്‍വേണ്ടിയല്ല; നേരെമറിച്ച് പ്രവാചകന്‍റെ വീട്ടുകാരായ നിങ്ങള്‍ എല്ലാ നിലക്കും മറ്റേതു സ്ത്രീകളേക്കാളും പരിശുദ്ധരും, നിര്‍മ്മലരുമായിരിക്കേണ്ടതുണ്ട്; അതിനുവേണ്ടി മാത്രമാണ് എന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:-
إِنَّ الْمَرْأَةَ عَوْرَةٌ فإذا خَرَجَتْ من بَيْتِهَا اسْتَشْرَفَهَا الشَّيْطَانُ… وَأَقْرَبُ ما تَكُونُ من رحمة ربِّها، وهي في قَعرِ بيتها – الترمذى والبزار
(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്. അവള്‍ അവളുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ പിശാചു അവളെ വെളിക്കു വരുത്താന്‍ ശ്രമിക്കും. അവളുടെ റബ്ബിന്‍റെ കാരുണ്യത്തോടു അവള്‍ കൂടുതല്‍ അടുത്തവളായിരിക്കുക അവള്‍ അവളുടെ വീട്ടിനുള്ളിലായിരിക്കുമ്പോഴാണ്.) (തി; ബസ്സാര്‍).
സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്നു പറഞ്ഞതുകൊണ്ടു അവള്‍ ഒരിക്കലും, ഒരു കാര്യത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ നമസ്കാരത്തിനും ജുമുഅക്കും പോയിരുന്നതും, യുദ്ധയാത്രകളില്‍ പുരുഷന്‍മാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്, സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതു തടയരുതെന്നും പെരുന്നാളിന്‍റെ പ്രാര്‍ത്ഥനയോഗത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നുമുള്ള നബിവചനങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്.
‘വീട്ടുകാരേ’ (أَهْلَ الْبَيْتِ) എന്നു സംബോധന ചെയ്തതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വീട്ടുകാരെ ഉദ്ദേശിച്ചാണല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരെല്ലാവരും അതില്‍ ഉള്‍പ്പെടുമെന്നു വ്യക്തമാണ്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി അടുത്ത കുടുംബ ബന്ധമുള്ളവരും, അവിടുത്തോടൊന്നിച്ചു താമസിച്ചു വരുന്നവരുമായ ആളുകളും ‘വീട്ടുകാരില്‍’ (‘അഹ്ലുല്‍ ബൈത്തി’ല്‍) ഉള്‍പ്പെടും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍, പ്രിയപുത്രിയായ ഫാത്തിമഃ (رضي الله عنها), അവരുടെ മക്കളായ ഹസന്‍ (رضي الله عنه), ഹുസൈന്‍ (رضي الله عنه), ഭര്‍ത്താവായ അലി (رضي الله عنه) എന്നിവരെയെല്ലാം ചേര്‍ത്തുകൊണ്ട് ‘എന്‍റെ വീട്ടുകാര്‍’ (أَهْلَ الْبَيْتِى) എന്നു പ്രസ്താവിച്ചതു അതുകൊണ്ടാകുന്നു. മേല്‍ വചനങ്ങളില്‍ പലേടത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടു ഉപയോഗിച്ച സാമാന്യനാമം (ضمير) സ്ത്രീലിംഗം (كُنّ) ആയിരുന്നു. അതേസമയത്തു ഇവിടെ ‘അഹ്ലുല്‍ ബൈത്തി’നെ സംബോധന ചെയ്തുകൊണ്ട് ഉപയോഗിച്ച സര്‍വ്വനാമം പുല്ലിംഗം (كم) ആകുന്നുവെന്നതു ശ്രദ്ധേയമാണ്. ഈ വാക്കിനെക്കുറിച്ചും, ഇതിന്‍റെപേരില്‍ ഉണ്ടായിട്ടുള്ള പല തെറ്റുദ്ധാരണകളെക്കുറിച്ചും സൂ: ശൂറാ :23ന്‍റെ വിവരണത്തില്‍ കൂടുതല്‍ വിവരം കാണാം. إن شاء الله
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ പത്നിമാരോടു വീട്ടില്‍ അടങ്ങിയിരിക്കുവാനും മറ്റും ഉപദേശിച്ചശേഷം, അവര്‍ വീട്ടില്‍ വെച്ചു നിത്യേന ശ്രദ്ധ പതിക്കേണ്ടതുള്ളതും, ഇതരവീടുകളില്‍വെച്ച് ലഭിക്കാറില്ലാത്തതുമായ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-
- وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا ﴾٣٤﴿
- അല്ലാഹുവിന്‍റെ 'ആയത്തുക'ളായും വിജ്ഞാനമായും നിങ്ങളുടെ വീടുകളില്‍വെച്ചു ഓതിക്കേള്‍പ്പിക്കപ്പെടുന്നതിനെ നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു നിഗൂഢമായും അല്ലാഹു നിഗൂഢജ്ഞാനമുള്ളവനും സൂക്ഷ്മജ്ഞാനമുള്ളനുവമാകുന്നു.
- وَاذْكُرْنَ നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക, സ്മരിക്കുക مَا يُتْلَىٰ ഓതിക്കേള്‍പ്പിക്കപ്പെടുന്നതു, പാരായണം ചെയ്യപ്പെടുന്നതു فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ مِنْ آيَاتِ اللَّـهِ അല്ലാഹുവിന്‍റെ ആയത്തുകളായി وَالْحِكْمَةِ വിജ്ഞാനമായും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു لَطِيفًا നിഗൂഢജ്ഞന്‍, സൗമ്യശീലന്‍ خَبِيرًا സൂക്ഷ്മജ്ഞന്‍
ഖുര്‍ആന്‍വചനങ്ങളും, അല്ലാത്തവയുമായ ദൈവിക സന്ദേശങ്ങള്‍ (വഹ്‌യുകള്‍) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സാധാരണ ലഭിച്ചുകൊണ്ടിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അപ്പപ്പോള്‍ അവ പ്രബോധനം ചെയ്യുകയും, മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തിരുവായില്‍നിന്നു നിത്യേന പുറത്തുവരുന്ന വിജ്ഞാനമൊഴികള്‍ ഇതിനു പുറമെയും. ഇതെല്ലാം മിക്കപ്പോഴും അവിടുത്തെ വാസസ്ഥലങ്ങളില്‍ വെച്ചാണല്ലോ സംഭവിക്കുന്നത്. അവ കാണുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും, മറ്റുള്ളവര്‍ക്കു പഠിപ്പിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പതിന്മാരെക്കാളധികം മറ്റാര്‍ക്കാണ് ഭാഗ്യം ലഭിക്കുക?! ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്നത്രെ ഈ വചനം അവരെ ഉണര്‍ത്തുന്നത്. സത്യവിശ്വാസികളുടെ മാതാക്കളും, മാതൃകാവനിതകളുമായ അവര്‍ അതിനു കൂടുതല്‍ ബാധ്യതയുള്ളവരുമാണല്ലോ. ഹൃദയത്തില്‍ വക്രതയോ രോഗമോ ഉള്ള ചില മുസ്‌ലിം നാമധാരികളും, ഇസ്‌ലാമിന്‍റെ വിരോധികളും എന്തുതന്നെ പറഞ്ഞാലുംശരി, ഈ ബാധ്യത മുസ്ലിംകളുടെ മാതാക്കളായ അവര്‍ തികച്ചും നിറവേറ്റുകയുണ്ടായിട്ടുണ്ടെന്നതില്‍ നമുക്ക് സംശയമില്ല. الحمد لله
വിശുദ്ധ ഖുര്‍ആനുപുറമെ, ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടുന്ന വേറെ ദൈവിക സന്ദേശങ്ങളൊന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ലഭിക്കുകയുണ്ടായിട്ടില്ല – അഥവാ ‘രിസാലത്തിന്‍റെ വഹ്‌യാ’ (وحي الرسالة)കുന്ന ദിവ്യസന്ദേശം ഖുര്‍ആന്‍ മാത്രമാണുള്ളത് – എന്നും, ഖുര്‍ആനല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സിദ്ധിച്ചിട്ടുള്ള എല്ലാ വഹ്‌യുകളും കേവലം ‘ഇല്‍ഹാം’ (അന്തര്‍ബോധം) വഴിമാത്രം ലഭിച്ചതാണ് – അഥവാ മലക്കുമുഖേന ലഭിച്ച വഹ്‌യു ഖുര്‍ആന്‍ മാത്രമേയുള്ളു – എന്നും, ‘ഇല്‍ഹാം’ വഴി ലഭിക്കുന്ന വഹ്‌യുകളില്‍ തെറ്റായതും, ശരിയായതും ഉണ്ടാവാമെന്നും, അവയൊന്നും തന്നെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ദൗത്യസന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയല്ലെന്നും മറ്റും ഇപ്പോള്‍ ചില പുത്തന്‍വാദങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. (*). ഇതു തികച്ചും തെറ്റായ വാദമാണെന്നു ഈ ആയത്തില്‍നിന്നും മറ്റുപല ആയത്തുകളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കവുന്നതാണ്.
(*). ഇസ്‌ലാമിലെ അംഗീകൃത പ്രമാണങ്ങള്‍, മൗലികസിദ്ധാന്തങ്ങള്‍, അനുഷ്ഠാനകര്‍മ്മങ്ങള്‍, നിയമങ്ങള്‍ ആദിയായ തുറകളില്‍, ഇന്നത്തെ ഭൗതിക താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാത്ത വശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു കാണുവാനും, ബഹുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇസ്‌ലാമില്‍നിന്ന് അവര്‍ സ്വയം അകന്നുപോകുവാനും വേണ്ടി പുതുതായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടിയുടെ പല ഇനങ്ങളില്‍ ഒന്നുമാത്രമാണ് ഈ വാദം. തല്‍കര്‍ത്താക്കളുടെ പുത്തന്‍ യുക്തിവാദങ്ങള്‍ മുഴുവന്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടില്ലെങ്കിലും, മതബോധവും ദീര്‍ഘ ദൃഷ്ടിയും ഉള്ളവര്‍ക്കു അവരുടെ ലക്ഷ്യവും മാര്‍ഗ്ഗവും അജ്ഞാതമല്ല.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വീട്ടില്‍വെച്ചു ജനങ്ങളെ കേള്‍പ്പിക്കുന്നതു അല്ലാഹുവിന്‍റെ ആയത്തുകള്‍ മാത്രമല്ല. വിജ്ഞാനമാകുന്ന ‘ഹിക്ക്മത്തും’ അവരെ കേള്‍പ്പിക്കേണ്ടതായുണ്ട്. مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّـهِ وَالْحِكْمَةِ (അല്ലാഹുവിന്‍റെ ‘ആയത്തു’കളില്‍ നിന്നും ‘ഹിക്ക്മത്തി’ല്‍നിന്നും നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നതു) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. സൂ: നിസാഉ് 113ല്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു:
وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ : سورة النساء : ١١٣
(അല്ലാഹു നിനക്കു കിത്താബും ഹിക്ക്മത്തും ഇറക്കിത്തന്നിരിക്കുന്നു) എന്നും, സൂ: ബഖറ 231ല്‍, സത്യവിശ്വാസികളോടു:
وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ : سورة البقرة: ٢٣١
(….വേദഗ്രന്ഥത്തില്‍നിന്നും, ഹിക്ക്മത്തില്‍നിന്നും നിങ്ങള്‍ക്കു അവന്‍ – അല്ലാഹു – ഇറക്കിത്തന്നിട്ടുള്ളതും ഓര്‍ക്കുവിന്‍. അതുമുഖേന അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു.) എന്നും പറയുന്നു. അപ്പോള്‍,
(1) പാരായണത്തിലും, സദുപദേശത്തിലും അല്ലാഹുവിന്‍റെ ആയത്തുകള്‍ക്കുപുറമെ ‘ഹിക്ക്മത്തി’നും പങ്കുണ്ടെന്നും,
(2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു വേദഗ്രന്ഥം – ഖുര്‍ആന്‍- മാതമല്ല, അതിനുപുറമെ ‘ഹിക്മത്തും’ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നു
(3) സത്യവിശ്വാസികള്‍ വേദഗ്രന്ഥത്തിനു പുറമെ ‘ഹിക്ക്മത്തും’ സ്വീകരിക്കേണ്ടതുണ്ടെന്നും സ്പഷ്ടമാണല്ലോ. എനി, ഖുര്‍ആനാകുന്ന വേദഗ്രന്ഥമോ, ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളുമാകുന്ന ആയത്തുകളോ അല്ലാത്ത മറ്റു വല്ലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടതുണ്ടോ എന്നാണ് നമുക്ക് അറിയാനുള്ളത്.
സൂ: മാഇദ : 71ല്‍
يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ : سورة المائدة : ٦٧
(ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍ നിന്ന് നിനക്കു ഇറക്കപ്പെട്ടതിനെ നീ എത്തിച്ച് – പ്രബോധനം ചെയ്തു – കൊടുക്കുക. നീ അതു ചെയ്തില്ലെങ്കില്‍ നീ അവന്‍റെ ‘രിസാലത്ത്’ – ദൗത്യം – എത്തിച്ചുകൊടുത്തിട്ടില്ല.) എന്ന് അല്ലാഹു പറയുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഇറക്കപ്പെട്ടതില്‍ വേദഗ്രന്ഥം ഒറ്റക്കല്ല ഉള്ളതെന്നും, ഹിക്ക്മത്തും കൂടി ഉണ്ടെന്നും നാം കണ്ടുവല്ലോ. എന്നിരിക്കെ, ഖുര്‍ആനും, ഹിക്ക്മത്തും പ്രബോധനം ചെയ്തെങ്കിലേ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ രിസാലത്താകുന്ന ദൗത്യനിര്‍വ്വഹണം പൂര്‍ത്തിയാകുകയുള്ളുവെന്നും ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.
സൂ: ജുമുഅയിലെ ഒരു ആയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കുക:
يَتْلُوعَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ – سورة الجمعة : ٢
(അവര്‍ക്കു തന്‍റെ – അല്ലാഹുവിന്‍റെ -ആയത്തുകള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്കു സംസ്കാരം -ആത്മപരിശുദ്ധി – ഉണ്ടാക്കുകയും, അവര്‍ക്കു വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ അവരില്‍നിന്നു അവന്‍ നിയോഗിച്ചു.) വേദഗ്രന്ഥത്തെപ്പോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിക്ക്മത്തും പഠിപ്പിക്കേണ്ടതുണ്ടെന്നു ഈ വചനം കൂടുതല്‍ സ്പഷ്ടമാക്കുന്നു. ‘ഹിക്ക്മത്ത്’ എന്നാല്‍ ‘വിജ്ഞാനം, യുക്തി, തത്വജ്ഞാനം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു ഖുര്‍ആനു പുറമെ ലഭിക്കുന്ന എല്ലാ ജ്ഞാനങ്ങളും ഹിക്ക്മത്തില്‍ ഉള്‍പ്പെടുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യകളും വചനങ്ങളുമാകുന്ന സുന്നത്താണ് അതുകൊണ്ട് വിവക്ഷ.
വിഭാഗം - 5
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരെസ്സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, മൊത്തത്തില്‍ എല്ലാ സ്ത്രീപുരുഷന്‍മാരെയും സംബന്ധിച്ചാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതുവരെയുള്ള വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരല്ലാത്ത സ്ത്രീകള്‍ക്കു തങ്ങളെപ്പറ്റിയും ഖുര്‍ആനില്‍ പ്രസ്താവിച്ചു കാണുവാന്‍ ആഗ്രഹമുണ്ടാകുമല്ലോ. മാത്രമല്ല, ഖുര്‍ആന്‍റെ പല പ്രസ്താവനകളും പ്രത്യക്ഷത്തില്‍ പുരുഷന്‍മാരെ അഭിമുഖീകരിച്ചായിരിക്കും കാണുക. ആ നിലക്കും മുസ്‌ലിംസ്ത്രീകള്‍ക്കു അങ്ങിനെ ആഗ്രഹം തോന്നുവാന്‍ ഇടയുണ്ട്. ചില സ്ത്രീകള്‍ ഇതിനെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിക്കുകതന്നെ ചെയ്തിരുന്നു. ‘അന്‍സാരി’ക്കാരിയായ ഉമ്മുഇമാറ (ام عمارة – رَضي اللَّه عنها) യും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നി ഉമ്മുസലമ (ام سلمة – رَضي اللَّه عنها)യും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഇതിനെപ്പറ്റി ചോദിക്കുകയുണ്ടായെന്നും, അനന്തരം താഴെ കാണുന്ന വചനം അവതരിച്ചുവെന്നും ഹദീസുകളില്‍ കാണാം. (*).
(*). رواء الطبراني عن ام عمارة واحمد والثانى عن ام سلمة رضي الله عنهما
അല്ലാഹു പറയുന്നു:
- إِنَّ ٱلْمُسْلِمِينَ وَٱلْمُسْلِمَٰتِ وَٱلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ وَٱلْقَٰنِتِينَ وَٱلْقَٰنِتَٰتِ وَٱلصَّٰدِقِينَ وَٱلصَّٰدِقَٰتِ وَٱلصَّٰبِرِينَ وَٱلصَّٰبِرَٰتِ وَٱلْخَٰشِعِينَ وَٱلْخَٰشِعَٰتِ وَٱلْمُتَصَدِّقِينَ وَٱلْمُتَصَدِّقَٰتِ وَٱلصَّٰٓئِمِينَ وَٱلصَّٰٓئِمَٰتِ وَٱلْحَٰفِظِينَ فُرُوجَهُمْ وَٱلْحَٰفِظَٰتِ وَٱلذَّٰكِرِينَ ٱللَّهَ كَثِيرًا وَٱلذَّٰكِرَٰتِ أَعَدَّ ٱللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا ﴾٣٥﴿
- നിശ്ചയമായും, 'മുസ്‌ലിം'കളായ [കീഴൊതുക്കമുള്ള] പുരുഷന്‍മാരും സ്ത്രീകളും, 'മുഅ്മിനു'കളായ [സത്യവിശ്വാസികളായ] പുരുഷന്‍മാരും സ്ത്രീകളും, ഭക്തന്മാരായ പുരുഷന്‍മാരും സ്ത്രീകളും, സത്യവാന്‍മാരായ പുരുഷന്‍മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്‍മാരും സ്ത്രീകളും, ഭയപ്പാടുള്ള പുരുഷന്‍മാരും സ്ത്രീകളും, ദാനധര്‍മ്മം ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും, നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും, ഇവര്‍ക്കു (എല്ലാവര്‍ക്കും) അല്ലാഹു പാപമോചനവും, മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.
- إِنَّ الْمُسْلِمِينَ നിശ്ചയമായും മുസ്‌ലിം (കീഴൊതുക്കമുള്ള) പുരുഷന്‍മാര്‍ وَالْمُسْلِمَاتِ മുസ്‌ലിം സ്ത്രീകളും وَالْمُؤْمِنِينَ മുഅ്മിനു (സത്യവിശ്വാസി)കളായ പുരുഷന്‍മാരും وَالْمُؤْمِنَاتِ മുഅ്മിനുകളായ സ്ത്രീകളും وَالْقَانِتِينَ ഭക്തന്‍മാരും وَالْقَانِتَاتِ ഭക്തരായ സ്ത്രീകളും وَالصَّادِقِينَ സത്യവാന്‍മാരും وَالصَّادِقَاتِ സത്യവതികളും وَالصَّابِرِينَ ക്ഷമാശീലന്മാരും, സഹാനശീലന്‍മാരും وَالصَّابِرَاتِ ക്ഷമാശീലരായ സ്ത്രീകളും وَالْخَاشِعِينَ ഭയപ്പാടുള്ള പുരുഷന്‍മാരും وَالْخَاشِعَاتِ ഭയപ്പാടുള്ള സ്ത്രീകളും وَالْمُتَصَدِّقِينَ ദാനധര്‍മ്മം കൊടുക്കുന്ന പുരുഷന്‍മാരും وَالْمُتَصَدِّقَاتِ ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും وَالصَّائِمِينَ നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും وَالصَّائِمَاتِ നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും وَالْحَافِظِينَ കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷന്‍മാരും فُرُوجَهُمْ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ وَالْحَافِظَاتِ സൂക്ഷിക്കുന്ന സ്ത്രീകളും وَالذَّاكِرِينَ اللَّـهَ അല്ലാഹുവിനെ ഓര്‍ക്കുന്ന പുരുഷന്‍മാരും كَثِيرًا ധാരാളം, വളരെ وَالذَّاكِرَاتِ ഓര്‍ക്കുന്ന സ്ത്രീകളും أَعَدَّ اللَّـهُ അല്ലാഹു ഒരുക്കിയിരിക്കുന്നു لَهُم അവര്‍ക്കു مَّغْفِرَةً പാപമോചനം وَأَجْرًا പ്രതിഫലവും عَظِيمًا വമ്പിച്ച, മഹത്തായ
മേല്‍ പ്രസ്താവിച്ച സല്‍ഗുണങ്ങളുള്ള ആളുകള്‍ ആരാവട്ടെ – പുരുഷനായാലും സ്ത്രീയായാലും ശരി – അവര്‍ക്കു അല്ലാഹു പൊറുത്തുകൊടുക്കുകയും വമ്പിച്ച പ്രതിഫലങ്ങള്‍ നല്‍കുകയുംചെയ്യും. പിന്നീടു നല്‍കുമെന്നുമാത്രമല്ല, അതു ഇപ്പോള്‍തന്നെ തയ്യാറാക്കി വെച്ചുകഴിഞ്ഞിരിക്കുകയാണെന്നുകൂടി അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിനെ സദാ ഓര്‍ക്കുകയും, ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ചു ചിന്തിക്കുകയും, അതിനെത്തുടര്‍ന്നു തങ്ങളുടെ നന്‍മക്കുവേണ്ടി ഹൃദയംഗമായ പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്ന ബുദ്ധിമാന്മാരെക്കുറിച്ചു അല്ലാഹു പറയുന്നു:
فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ : سورة آل عمران : ١٩٥
(അപ്പോള്‍ അവരുടെ റബ്ബ് അവര്‍ക്കു മറുപടി നല്‍കുന്നതാണ്: ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളില്‍നിന്നു കര്‍മ്മം ചെയ്ത ഒരാളുടെ കര്‍മ്മവും ഞാന്‍ പാഴാക്കുകയില്ല എന്നു. (ആലുഇംറാന്‍ : 195).
ഇസ്‌ലാമിനെ പ്രാവര്‍ത്തികമാക്കുകവഴി അല്ലാഹുവിനു കീഴ്പെട്ട് അനുസരണം കാണിക്കുന്നവന്‍ എന്നത്രെ ‘മുസ്‌ലിം’ (مسلم) എന്ന വാക്കിന്‍റെ വിവക്ഷ. മനപൂര്‍വ്വം സത്യവിശ്വാസം സ്വീകരിച്ചവന്‍ എന്നാണ് ‘മുഅ്മിന്‍’ എന്ന വാക്കിന്‍റെ താല്‍പര്യം. ചിലപ്പോള്‍ ഈ വാക്കുകള്‍ (ഇസ്‌ലാം – ഈമാന്‍ എന്നിവയും, മുസ്‌ലിം – മുഅ്മിന്‍ എന്നിവയും) ഒരേ ഉദ്ദേശ്യത്തിലും ഉപയോഗിക്കാറുണ്ട്. ഇസ്ലാമില്ലാത്ത ഈമാന്‍കൊണ്ടു പ്രയോജനമില്ല; ഈമാനില്ലാത്ത ഇസ്‌ലാംകൊണ്ടും പ്രയോജനമില്ല. അഥവാ ശരിയായ ഈമാനുണ്ടെങ്കില്‍ ഇസ്‌ലാം ഉണ്ടാകാതിരിക്കുവാന്‍ നിവൃത്തിയില്ല. യഥാര്‍ത്ഥ മുസ്‌ലിം മുഅ്മിനല്ലാതാകുവാനും തരമില്ല. ഇതാണതിനു കാരണം. ചുരുക്കത്തില്‍ രണ്ടു വാക്കിന്‍റെയും സാക്ഷാല്‍ വിവക്ഷ വ്യത്യസ്തങ്ങളാണെങ്കിലും, പ്രായോഗികമായി നോക്കുമ്പോള്‍ അവ പരസ്പം വേറിട്ടുനില്‍ക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതാകുന്നു. യഥാര്‍ത്ഥത്തിലുള്ള ഈമാന്‍ ഹൃദയത്തില്‍ സ്ഥലം പിടിക്കാതെ ബാഹ്യത്തില്‍ ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ സ്വീകരിച്ചുവരുന്നവരെ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) എന്നു തരംതിരിക്കുന്നതു ഇതുകൊണ്ടാകുന്നു. അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ള പാപമോചനത്തിനും, മഹത്തായ പ്രതിഫലത്തിനും, എല്ലാ പുരുഷന്‍മാരും സ്ത്രീകളും അര്‍ഹരായിത്തീരുന്നതിനും ആവശ്യമായ പത്തുഗുണങ്ങള്‍ ഈ വചനത്തില്‍ പ്രസ്താവിച്ചിട്ടുള്ളതു ശ്രദ്ധിക്കുക.
- وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا ﴾٣٦﴿
- സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ - തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്‍റെ റസൂലിനോടും ആര്‍ അനുസരണക്കേടു കാണിക്കുന്നുവോ അവന്‍, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു!
- وَمَا كَانَ لِمُؤْمِنٍ ഒരു സത്യവിശ്വാസിക്കും പാടില്ല, ആകാവതല്ല وَلَا مُؤْمِنَةٍ സത്യവിശ്വാസിനിയായ സ്ത്രീക്കും ഇല്ല إِذَا قَضَى തീരുമാനിച്ചാല്‍, വിധി നടത്തിയാല്‍ اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും (ദൂതനും) أَمْرًا ഒരു കാര്യം أَن يَكُونَ ഉണ്ടായിരിക്കല്‍ لَهُمُ അവര്‍ക്കു الْخِيَرَةُ തിരഞ്ഞെടുക്കല്‍ (അഭിപ്രായം) مِنْ أَمْرِهِمْ അവരുടെ കാര്യത്തെക്കുറിച്ചു وَمَن يَعْصِ ആരെങ്കിലും അനുസരണക്കേട് കാണിച്ചാല്‍, എതിരുപ്രവര്‍ത്തിച്ചാല്‍ اللَّـهَ وَرَسُولَهُ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും فَقَدْ ضَلَّ എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു ضَلَالًا مُّبِينًا വ്യക്തമായ വഴിപിഴവ്
ഇസ്ലാമിന്‍റെ ഒരു അടിസ്ഥാന നിയമമാണിത്: അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ ഒരു വിധി പറഞ്ഞുകഴിഞ്ഞാല്‍ അതില്‍നിന്നു വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടായിരിക്കുവാന്‍ സത്യവിശ്വാസിയായ ഒരാള്‍ക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാഹുവിന്‍റെ റസൂല്‍ ഒരിക്കലും വിധിക്കുകയില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കല്‍പിക്കുന്ന വിധികളാകട്ടെ, വാസ്തവത്തില്‍ അല്ലാഹുവിന്‍റെ വിധികളായിരിക്കുന്നതുമാണ്. ഈ വിഷയം വളരെ ശക്തിയായ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതാണ്.
അപ്പോള്‍, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും – അഥവാ ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും – നിയമങ്ങള്‍ക്കെതിരായി ഏതെങ്കിലും പണ്ഡിതന്‍മാരുടെയോ, വിധികര്‍ത്താക്കളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്കര്‍ത്താക്കളെന്നോ, ഇസ്ലാമിന്‍റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട് സാക്ഷാല്‍ ഇസ്‌ലാമിക നിയമങ്ങളില്‍ മാറ്റതിരുത്തങ്ങള്‍ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപിഴവില്‍ അകപ്പെട്ടവരാണെന്നു വ്യക്തമാണ്. അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധിവിലക്കുകളില്‍ ഒന്നുപോലും യുക്തിക്കോ ന്യായത്തിനോ എതിരായിരിക്കുകയില്ലെന്നു പറയേണ്ടതില്ല. പക്ഷെ, അവയില്‍ ചിലതിന്‍റെ യുക്തിരഹസ്യങ്ങള്‍ നമുക്ക് സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ കഴിയാതെ വന്നേക്കും. എന്നിരിക്കെ, ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുള്ള മതവിധി ഇന്നതാണെന്ന് – അംഗീകൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി – അറിഞ്ഞുകഴിഞ്ഞാല്‍, അതു യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ, ഇല്ലേ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതില്‍ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാന്‍ അവന്‍ തികച്ചും ബാധ്യസ്ഥനാണ്. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയിട്ടുള്ള യുക്തിതത്വങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ അവന്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിന്‍റെ മൗലികപ്രധാനമായ ഒരു സിദ്ധാന്തമാണിത്. ഈ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതും, ഇസ്ലാമിന്‍റെ ശത്രുക്കള്‍, ഇസ്‌ലാമിന്‍റെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും പേരില്‍ കളങ്കം ചാര്‍ത്തുവാന്‍ ആയുധമാക്കിയതുമായ ഒരു സംഭവത്തെക്കുറിച്ചാണ് അടുത്ത വചനങ്ങളില്‍ അല്ലാഹു പ്രതിപാദിക്കുന്നത്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലാ (*)യുമായ സൈദ്ബ്നു ഹാരിഥഃ (رضي الله عنه) ഖുറൈശീ ഗോത്രത്തില്‍ അസദ് കുടുംബത്തില്‍ പെട്ട ജഹ്ശിന്‍റെ മകളും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബാ (رضي الله عنها)യെ വിവാഹം ചെയ്തിരുന്നു. ഇതു ഹിജ്രക്കു മുമ്പാണ്. താന്‍ കുലീനകുടുംബത്തില്‍ ജനിച്ചവളാണെന്ന നിലക്കു ആദ്യം ഈ വിവാഹത്തില്‍ സൈനബ് (رضي الله عنها) അൽപം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി. എങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീചത്വത്തിനു ഇസ്‌ലാമില്‍ സ്ഥാനമില്ലെന്ന വസ്തുതയും മുന്‍നിറുത്തിക്കൊണ്ട് അവര്‍ അതിനു അനുവദിക്കുകയാണുണ്ടായത്. ക്രമേണ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. ഇക്കാരണത്താല്‍ സൈദു (رضي الله عنه) അവര്‍ക്കു വിവാഹമോചനം നല്‍കുവാന്‍ തീരുമാനിച്ചു. ഈ വിവാഹമോചനം നടക്കുവാന്‍ പോകുന്നുവെന്നും, ഇദ്ദഃ (**) കാലം കഴിഞ്ഞശേഷം സൈനബ് (റ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യയാകാന്‍പോകുന്നുവെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വഹ്‌യു ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാര്‍ത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടില്‍, മുഹമ്മദ് സ്വന്തം മകന്‍റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരങ്ങള്‍ക്കും ഇതു കാരണമായേക്കുമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു തോന്നി. അങ്ങനെ, സൈദു (رضي الله عنه) തന്‍റെ തീരുമാനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിച്ചപ്പോള്‍ അവിടുന്നു അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചാണ് അടുത്ത വചനം.
(*) ‘മൗലാ’ (مولى) എന്ന വാക്കിന്‍റെ അര്‍ത്ഥവിവരണം 5-ആം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം വായിച്ചു കഴിഞ്ഞുവല്ലോ.
(**). ഇദ്ദഃയെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്.
- وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا ﴾٣٧﴿
- (നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): 'നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക' എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു. അങ്ങനെ സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ - അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ - യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.
- وَإِذْ تَقُولُ നീ പറഞ്ഞിരുന്ന സന്ദര്‍ഭം لِلَّذِي യാതൊരുവനോട് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِ അവന്‍റെ മേല്‍ وَأَنْعَمْتَ عَلَيْهِ അവനു നീയും അനുഗ്രഹം ചെയ്തിരിക്കുന്നു أَمْسِكْ നീ വെച്ചു കൊണ്ടിരിക്കുക عَلَيْكَ നിനക്കു زَوْجَكَ നിന്‍റെ ഭാര്യയെ وَاتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക وَتُخْفِي നീ മറച്ചുവെക്കുകയും ചെയ്യുന്നു فِي نَفْسِكَ നിന്‍റെ മനസ്സില്‍ مَا യാതൊരു കാര്യം اللَّـهُ مُبْدِيهِ അല്ലാഹു അതിനെ വെളിവാക്കുന്നവനാണ് وَتَخْشَى നീ പേടിക്കയും ചെയ്യുന്നു النَّاسَ മനുഷ്യരെ وَاللَّـهُ أَحَقُّ അല്ലാഹുവത്രെ ഏറ്റവും അര്‍ഹന്‍, അവകാശപ്പെട്ടവന്‍ أَن تَخْشَاهُ നീ അവനെ പേടിക്കുവാന്‍ فَلَمَّا قَضَىٰ അങ്ങനെ നിര്‍വ്വഹിച്ചപ്പോള്‍, തീര്‍ത്തപ്പോള്‍ زَيْدٌ സൈദു مِّنْهَا അവളില്‍ നിന്നു وَطَرًا ആവശ്യം زَوَّجْنَاكَهَا അവളെ നിനക്കു നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു لِكَيْ لَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേല്‍ حَرَجٌ ഒരു വിഷമം (ഞെരുക്കം) فِي أَزْوَاجِ ഭാര്യമാരുടെ കാര്യത്തില്‍ أَدْعِيَائِهِمْ തങ്ങളുടെ ദത്തുപുത്രന്‍മാരുടെ إِذَا قَضَوْا അവര്‍ നിര്‍വ്വഹിച്ചാല്‍ مِنْهُنَّ അവരില്‍നിന്നു وَطَرًا ആവശ്യം وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം مَفْعُولًا പ്രാവര്‍ത്തികമാക്കപ്പെട്ടതു (നടപ്പാക്കപ്പെട്ടതു)
‘അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവന്‍’ എന്നു പറഞ്ഞതു സൈദുബ്നു ഹാരിഥഃ (رضي الله عنه)യെ ക്കുറിച്ചാകുന്നു. ഇസ്ലാമിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുകപോലെയുള്ള കണക്കറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാണെങ്കില്‍, അദ്ദേഹത്തെ വാത്സല്യപൂര്‍വ്വം വളര്‍ത്തുകയും, അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുയും ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രനായ ഉസാമഃ (رضي الله عنه)യെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വളരെയധികം സ്നേഹിച്ചിരുന്നു. ‘റസൂലിന്‍റെ പ്രിയങ്കരന്‍’ എന്ന അര്‍ത്ഥത്തില്‍ രണ്ടു പേരേക്കുറിച്ചും ‘ഹിബ്ബു റസൂലില്ലാഹി’ (حب رسول الله) എന്നുപോലും പറയപ്പെട്ടിരുന്നു.
സൈദ് (رضي الله عنه) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ് (رضي الله عنه) ഭാര്യയെ വേര്‍പ്പെടുത്തുകത്തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ (رضي الله عنها)യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദു (رضي الله عنه) നോടു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്.
യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
‘സൈദ് അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചുകഴിഞ്ഞ്’ (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന് കണ്ട് അവരെ വിവാഹ മോചനം ചെയ്തു എന്നത്രെ. ഇതു അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്. സൈനബ (رضي الله عنها)യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന് സൈദ് (رضي الله عنه) ന് ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു. അനന്തരം ഇദ്ദഃ കാലം കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശമനുസരിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗ്രഹമോ ആവശ്യമോ അനുസരിച്ച് ഉത്ഭവിച്ചതായിരുന്നില്ല. പോറ്റുമക്കള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം കല്‍പിക്കുന്നതിനാല്‍ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കള്‍ക്കു വിവാഹം ചെയ്‌വാന്‍ പാടില്ലെന്നാണ് ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തല്‍സ്ഥാനത്തു ഇസ്‌ലാമികനിയമം പ്രാവര്‍ത്തികമാക്കിക്കാണിക്കുവാന്‍ വേണ്ടി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്തതായിരുന്നു ആ വിവാഹം. അതുകൊണ്ടാണ് സൈദു അവളില്‍നിന്നു ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്കു ഭാര്യയായിത്തന്നു (فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا) എന്നു അല്ലാഹു പറഞ്ഞത്. ഈ പരമാര്‍ത്ഥം തുടര്‍ന്നുള്ള ആയത്തുകളില്‍നിന്നു കൂടുതല്‍ സ്പഷ്ടമായി മനസ്സിലാക്കാം. ആയിശ (رضي الله عنها) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം, തിര്‍മദി (رحمهما الله) മുതലായവര്‍ നിവേദനം ചെയ്യുന്നു: ‘മുഹമ്മദു നബി അല്ലാഹുവിന്‍റെ കിതാബില്‍ നിന്നും വല്ലതും – ജനങ്ങളെ അറിയിക്കാതെ – മറച്ചുവെക്കുമായിരുന്നുവെങ്കില്‍ ഈ (37-ാം) ആയത്തു മറച്ചു വെക്കേണ്ടതായിരുന്നു.’ (*). 53-ാം വചനത്തില്‍ വരുന്നതുപോലെ, കാര്യം തുറന്നുപറയാന്‍ അല്ലാഹു നാണിക്കുകയില്ലല്ലോ.
(*). كما في الفتح وابن جرير
സൈദു (رضي الله عنه)ന്‍റെ പേര്‍ ഖുര്‍ആനില്‍ എടുത്തുപറഞ്ഞതും, അല്ലാഹുവും റസൂലും അനുഗ്രഹം ചെയ്തുകൊടുത്തവന്‍ എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചതും, ഖുര്‍ആന്‍ നിലനില്‍ക്കുന്ന കാലത്തെല്ലാം അദ്ദേഹത്തിന്‍റെ കീര്‍ത്തി പരത്തുന്ന ഒരു മഹാഭാഗ്യമത്രെ. സൈനബ (رَضي اللَّه عنها) യാകട്ടെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും ചെയ്തു. അവര്‍ അഭിമാനപൂര്‍വ്വം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരോടു ഇങ്ങിനെ പറഞ്ഞിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട് : ‘നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കുമീതെനിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.’ (ബുഖാരി).
‘നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക’ എന്നീ വാക്യങ്ങള്‍ (أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ് (رضي الله عنه)നോടു പറഞ്ഞതാണ്. തുടര്‍ന്നുള്ള രണ്ടു വാക്യങ്ങള്‍ – ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം നീ മനസ്സില്‍ മറച്ചുവെക്കുന്നു’ എന്നും, ‘പേടിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ അല്ലാഹുവാണെന്നിരിക്കെ നീ ജനങ്ങളെ പേടിക്കുന്നു’ എന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞതുമാകുന്നു. ‘വെളിവാക്കുവാന്‍പോകുന്ന കാര്യം’ എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ (رضي الله عنها) യെ സൈദു (رضي الله عنه) വിവാഹമോചനം ചെയ്‌വാന്‍ പോകുന്നതും, പിന്നീടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈനബ (رضي الله عنها) യെ വിവാഹം ചെയ്യുമെന്നുള്ളതുമാണ്.
വേറെ ഒന്നുരണ്ടു അഭിപ്രായങ്ങളും ഇവിടെ സ്ഥലംപിടിച്ചുകാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ സൈനബ (رضي الله عنها) യെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആകൃഷ്ടനായെന്നും, അങ്ങനെ അവരെ വിവാഹം ചെയ്തു കിട്ടുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ആഗാഹം തോന്നിയെന്നും, ഇതിനെ ഉദ്ദേശിച്ചാണ് ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം മറച്ചുവെക്കുന്നു’ വെന്നു പറഞ്ഞതെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഉല്‍കൃഷ്ട പദവിക്കും സ്വഭാവത്തിനും ഒട്ടും നിരക്കാത്തതും, ഇസ്ലാമിന്‍റെ വൈരികളില്‍നിന്നു രൂപം പൂണ്ടതുമായ ഈ പ്രസ്താവനയെ മഹാന്‍മാരായ പല പണ്ഡിതന്മാരും തക്ക തെളിവുകള്‍ സഹിതം ശക്തിയുക്തം ഖണ്ഡിച്ചുകഴിഞ്ഞതാണ്. ഈ പഴഞ്ചന്‍ പ്രസ്താവനയെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന ചിലര്‍, അതിനെക്കാള്‍ വമ്പിച്ച അബദ്ധത്തില്‍ പതിക്കുകയും ചെയ്തിരിക്കുന്നു. വിമര്‍ശനത്തിനു ഇവര്‍ കണ്ടുപിടിച്ച പുതിയ സൂത്രമാണിതിനു കാരണം. ‘നീ നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക’ (أَمْسِكْ عَلَيْكَ زَوْجَكَ) എന്നു തുടങ്ങി ‘പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ അല്ലാഹുവാണ്’ (وَاللَّـهُ أَحَقُّ أَن تَخْشَاهُ) എന്നതുവരെയുള്ള എല്ലാ വാക്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ് (رضي الله عنه)നോടു പറഞ്ഞതായിട്ടാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ‘അല്ലാഹു വെളിവാക്കാന്‍ പോകുന്ന കാര്യമെന്നും, ‘നീ മനസ്സില്‍ മറച്ചുവെക്കുന്നു’വെന്നും പറഞ്ഞതിനു ഇവര്‍ നല്‍കുന്ന വ്യാഖ്യാനം ഇതാകുന്നു: ‘സൈനബ’ (رَضي اللَّه عنها) യുമായി യോജിച്ചുപോകയില്ലെന്നു സൈദ് (رضي الله عنه)നു ബോധ്യപ്പെട്ടിട്ടുണ്ട്; നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിര്‍ദ്ദേശപ്രകാരം നടത്തപ്പെട്ടിട്ടുള്ള ആ വിവാഹം അവസാനിപ്പിക്കുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു മനോവേദനയുണ്ടാക്കും; എങ്ങിനെയെങ്കിലും ഭാര്യയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നപക്ഷം പാവത്തിനൊരു കൂലീനയെ കിട്ടിയപ്പോഴേക്കു അവളെ പൂജിക്കുകയാണെന്നും മറ്റും ജനങ്ങള്‍ കളിയാക്കുകയും ചെയ്യും; എന്നിങ്ങിനെയുള്ള ധര്‍മ്മസങ്കടത്തിലാണ് സൈദ് (رضي الله عنه)’.
കേള്‍ക്കുമ്പോള്‍ തന്നെ ബാലിശമെന്നു തോന്നത്തക്ക ഈ അഭിപ്രായം, കേവലം അബദ്ധമത്രെ. 1-ആമതായി ശാസനാരൂപത്തിലുള്ള ക്രിയകളും, വാര്‍ത്താരൂപത്തിലുള്ള ക്രിയകളും തമ്മില്‍ കൂട്ടിച്ചേര്‍ത്തു (عطف ചെയ്തു) പറയുവാന്‍ പാടില്ലെന്നുള്ളതു അറബിസാഹിത്യശാസ്ത്രത്തി (علم المعاني) ലെ ഒരു അംഗീകൃത തത്വമാകുന്നു. അപ്പോള്‍, أَمْسِكْ (നീ വെച്ചുകൊണ്ടിരിക്കുക) എന്ന ക്രിയയോടു കൂട്ടിചെര്‍ത്തുകൊണ്ട് وَاتَّقِ (സൂക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതുപോലെ وَتُخْفِي (നീ മറച്ചുവെക്കുകയും ചെയ്യുന്നു) എന്നും, وَ تَخْشَى (നീ പേടിക്കുകയും ചെയ്യുന്നു) എന്നുമുള്ള ക്രിയകള്‍ അതിനോടുകൂടിച്ചേര്‍ന്നതാണെന്നു വെക്കുവാന്‍ നിവൃത്തിയില്ല. 2-ആമതായി: ഈ വാദം ഹദീസുകള്‍ക്കും വിരുദ്ധമാകുന്നു. ഇമാം ബുഖാരി (رحمه الله) ‘കിതാബുത്തൗഹീദി’ല്‍ ഉദ്ധരിച്ച രണ്ടു രിവായത്തുകളില്‍ ഒന്നിന്‍റെ വാചകം നോക്കുക:
جَاءَ زَيْدُ بنُ حَارِثَةَ يَشْكُو، فَجَعَلَ النبيُّ صَلَّى اللهُ عليه وسلَّمَ يقولُ: اتَّقِ اللَّهَ، وأَمْسِكْ عَلَيْكَ زَوْجَكَ
(സൈദുബ്നു ഹാരിഥഃ സങ്കടപ്പെട്ടുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: ‘നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുകയും ചെയ്യുക’). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വാചകത്തില്‍ വേറെ വാക്കുകളൊന്നും ഈ രിവായത്തില്‍ ഇല്ലാത്ത സ്ഥിതിക്കു ആയത്തിലെ തുടര്‍ന്നുള്ള വാക്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ് (رضي الله عنه)നോടു പറഞ്ഞതല്ലെന്നു മനസ്സിലാക്കാം. രണ്ടാമത്തെ രിവായത്തിലെ വാചകം ഇതാണ്:
وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ انزلت في شأن زينب وزيد بن حارثة
(‘അല്ലാഹു വെളിവാക്കുവാന്‍ പോകുന്നകാര്യം നീ നിന്‍റെ മനസ്സില്‍ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ പേടിക്കുകയും ചെയ്യുന്നു’വെന്നുള്ളതു സൈനബായുടെയും, സൈദുബ്നു ഹാരിഥഃയുടെയും വിഷയത്തില്‍ അവതരിച്ചതാണ്.). ഈ രണ്ടു വാക്യങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതല്ലെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അല്ലാഹു പറഞ്ഞതാണെന്നുമാണ് ഈ രണ്ടു രിവായത്തും മനസ്സിലാക്കിത്തരുന്നത്. എനി കൂടുതല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ലല്ലോ.
ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍
باب {وَتُخْفِي فِي نَفْسِكَ مَا اللَّهُ مُبْدِيهِ وَتَخْشَى النَّاسَ وَاللَّهُ أَحَقُّ أَنْ تَخْشَاهُ}
എന്ന ഒരു ശീര്‍ഷകം തന്നെ ബുഖാരിയിലുണ്ട്. നാം രണ്ടാമതായി ഉദ്ധരിച്ച അതേ രിവായത്ത് തന്നെ ഇവിടെയും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഈ ശീര്‍ഷകത്തിന്‍റെ വിശദീകരണവേളയില്‍, നാം മേല്‍ പ്രസ്താവിച്ച വസ്തുതകള്‍ക്കു നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം ഇമാം അസ്ഖലാനി (رحمه الله) തന്‍റെ ‘ഫത്ത്ഹുല്‍ബാരി’യില്‍ പറയുകയാണ്: ‘വേറെയും പലതും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്; പല മുഫസ്സിറുകളും അവയെ ഉദ്ധരിച്ചിട്ടുമുണ്ട്. അതില്‍ സമയം ചിലവഴിക്കുന്നതു ശരിയല്ല. ഞാന്‍ ഉദ്ധരിച്ചതാണ് സ്വീകാര്യയോഗ്യമായത്. അതിന്‍റെ ആകെ സാരം ഇതാകുന്നു: സൈനബ് പിന്നീടു തന്‍റെ ഭാര്യയാകുവാന്‍ പോകുന്നുണ്ടെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയിച്ചുകൊടുത്തിരുന്നതിനെയാണ് അവിടുന്നു മറച്ചുവെച്ചിരുന്നത് (*). ഇതു മറച്ചുവെക്കുവാന്‍ കാരണം, മകന്‍റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തെ ഭയന്നതായിരുന്നു. അല്ലാഹുവാകട്ടെ, ‘ജാഹിലിയ്യത്തി’ന്‍റെ ദത്തുപുത്രനിയമങ്ങളെ തീരെ എടുത്തുകളയുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു. മുസ്‌ലിംകളില്‍ അതു കൂടുതല്‍ സ്വീകാര്യമായിത്തീരുവാന്‍വേണ്ടി, അവരുടെ നേതാവുമുഖാന്തരം തന്നെ അതു സംഭവിക്കുകയും ചെയ്തു.’ (راجه فتح البارى ج ٨ ص ٤٢٥).
(*). മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.
പോറ്റുപുത്രന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്‌താല്‍ പിന്നീടു ആ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു ഇസ്ലാമില്‍ യാതൊരു വിരോധവുമില്ലെന്നു പ്രയോഗത്തില്‍ കാണിച്ചുകൊടുക്കലാണ്, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സൈനബ (رَضي اللَّه عنها) യെ വിവാഹം ചെയ്തുകൊടുത്തതിലുള്ള യുക്തിയെന്നു ഈ ആയത്തില്‍ അല്ലാഹു വ്യക്തമാക്കി. അടുത്ത ആയത്തില്‍ വീണ്ടും പറയുന്നതു നോക്കുക:
- مَّا كَانَ عَلَى ٱلنَّبِىِّ مِنْ حَرَجٍ فِيمَا فَرَضَ ٱللَّهُ لَهُۥ ۖ سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۚ وَكَانَ أَمْرُ ٱللَّهِ قَدَرًا مَّقْدُورًا ﴾٣٨﴿
- അല്ലാഹു നബിക്കു നിശ്ചയിച്ചു (നിയമിച്ചു) കൊടുത്തതില്‍, അദ്ദേഹത്തിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകുവാനില്ല;- മുന്‍കഴിഞ്ഞുപോയിട്ടുള്ളവരില്‍ (നടപ്പാക്കപ്പെട്ടിരുന്ന) അല്ലാഹുവിന്‍റെ നടപടിക്രമം തന്നെ, അല്ലാഹുവിന്‍റെ കല്‍പ്പന വ്യവസ്ഥാപിതമായ ഒരു (ഖണ്ഡിത) വ്യവസ്ഥയാകുന്നു.
- مَّا كَانَ ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല عَلَى النَّبِيِّ നബിയുടെമേല്‍ مِنْ حَرَجٍ ഒരു വിഷമവും, തെറ്റും فِيمَا فَرَضَ اللَّـهُ അല്ലാഹു നിയമിച്ചതില്‍, നിശ്ചയിച്ചതില്‍ لَهُ അദ്ദേഹത്തിനു سُنَّةَ اللَّـهِ അല്ലാഹുവിന്‍റെ നടപടി, ചട്ടം, മാര്‍ഗ്ഗം فِي الَّذِينَ خَلَوْا മുന്‍കഴിഞ്ഞുപോയവരില്‍ مِن قَبْلُ മുമ്പ് وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം قَدَرًا നിര്‍ണ്ണയം, വ്യവസ്ഥ مَّقْدُورًا നിര്‍ണ്ണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമായ)
- ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخْشَوْنَهُۥ وَلَا يَخْشَوْنَ أَحَدًا إِلَّا ٱللَّهَ ۗ وَكَفَىٰ بِٱللَّهِ حَسِيبًا ﴾٣٩﴿
- അതായതു: അല്ലാഹുവിന്‍റെ ദൗത്യങ്ങളെ എത്തിച്ചു [പ്രബോധനംചെയ്തു] കൊടുക്കുകയും, അവനെ പേടിക്കുകയും, അല്ലാഹുവിനെയല്ലാതെ ഒരാളെയും പേടിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍! [അവരില്‍ നടപ്പാക്കപ്പെട്ട നടപടി തന്നെ നബിയിലും നടപ്പാക്കിയിരിക്കയാണ്.]
വിചാരണ നടത്തുവാനായി അല്ലാഹുതന്നെ മതി!, - الَّذِينَ يُبَلِّغُونَ എത്തിച്ചുകൊടുക്കുന്ന (പ്രബോധനം ചെയ്യുന്ന)വര്‍ رِسَالَاتِ اللَّـهِ അല്ലാഹുവിന്‍റെ ദൗത്യങ്ങളെ وَيَخْشَوْنَهُ അവനെ പേടിക്കുകയും ചെയ്യുന്നു وَلَا يَخْشَوْنَ പേടിക്കുന്നുമില്ല أَحَدًا ഒരാളെയും إِلَّا اللَّـهَ അല്ലാഹുവിനെയല്ലാതെ وَكَفَىٰ മതി بِاللَّـهِ അല്ലാഹു(തന്നെ) حَسِيبًا വിചാരണക്കാരന്‍
സൈനബ (رضي الله عنها) യുടെ വിവാഹവിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചു യാതൊരു ആക്ഷേപവും ആരോപണവുമില്ല; അല്ലാഹു നിയമിച്ചുകൊടുത്തതു നടപ്പില്‍ വരുത്തുക മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു; ഇത്തരം കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ പ്രവാചകന്‍മാര്‍ മുഖേന ജനങ്ങള്‍ക്കു മാതൃക കാട്ടുകയെന്നതു അല്ലാഹുവിന്റെ മുമ്പേയുള്ള നടപടിയാണ്; അവന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതു അവരുടെ ചുമതലയാണ്; അതില്‍ അല്ലാഹുവിനെയല്ലാതെ മറ്റൊരാളെയും അവര്‍ ഭയപ്പെടുന്നതുമല്ല; അവിശ്വാസികളും വക്രബുദ്ധികളും എന്തു തന്നെ പറഞ്ഞാലും അതു വിലവെക്കേണ്ടതില്ല; അതിനെപ്പറ്റി വിചാരണ ചെയ്തു നടപടി എടുക്കുവാന്‍ അല്ലാഹു മാത്രംമതി; അതവന്‍ നടത്തിക്കൊള്ളും എന്നൊക്കെയാണ് അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ‘മുഹമ്മദ് അവന്‍റെ മകന്‍റെ ഭാര്യയെ വിവാഹം കഴിച്ചു’ എന്നു ആക്ഷേപിക്കുന്നവരെ അല്ലാഹു ഒരു യാഥാര്‍ത്ഥ്യം – മൗലിക പ്രധാനമായ ഒരു സിദ്ധാന്തം – ഓര്‍മ്മിപ്പിക്കുന്നു:-
- مَّا كَانَ مُحَمَّدٌ أَبَآ أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّۦنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًا ﴾٤٠﴿
- മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല; എങ്കിലും, (അദ്ദേഹം) അല്ലാഹുവിന്‍റെ റസൂലും, നബിമാരില്‍ അവസാനത്തേവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു.
- مَّا كَانَ അല്ല, ആയിട്ടില്ല مُحَمَّدٌ മുഹമ്മദു أَبَا أَحَدٍ ഒരാളുടെയും പിതാവു, ബാപ്പ مِّن رِّجَالِكُمْ നിങ്ങളുടെ പുരുഷന്‍മാരില്‍പെട്ട وَلَـٰكِن എങ്കിലും, പക്ഷേ رَّسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലത്രെ وَخَاتَمَ النَّبِيِّينَ നബിമാരില്‍ അവസാനത്തവനും, അന്ത്യപ്രവാചകനും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും عَلِيمًا അറിയുന്നവന്‍
മുഹമ്മദ് നിങ്ങളില്‍ ആരുടെയും പിതാവല്ല. എന്നിരിക്കെ, അദ്ദേഹം എങ്ങിനെയാണ് സൈദിന്‍റെ പിതാവാകുന്നതും, സൈദ് അദ്ദേഹത്തിന്‍റെ പുത്രനാകുന്നതും?! അപ്പോള്‍ പുത്രന്‍ വിവാഹം കഴിച്ചവളെ പിതാവു വിവാഹം ചെയ്തുവെന്ന വാദം തികച്ചും നിരര്‍ത്ഥമാകുന്നു. യഥാര്‍ത്ഥ പുത്രനല്ലെങ്കിലും പോറ്റുപുത്രനായ സ്ഥിതിക്കു ഈ വിവാഹം ആക്ഷേപാര്‍ഹമാണെന്നാണ് വാദമെങ്കില്‍ അതിനും പ്രസക്തിയില്ല. കാരണം അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണ്. അവന്‍റെ നിയമവ്യവസ്ഥകള്‍ പ്രബോധനം ചെയ്‌വാനും, നടപ്പില്‍ വരുത്തി മാതൃക കാണിക്കുവാനും ബാദ്ധ്യസ്ഥനാണദ്ദേഹം. നിങ്ങളുടെ ഈ ദുഷിച്ച മാമൂല്‍ നടപടിക്കു അറുതി വരുത്തി അല്ലാഹുവിന്‍റെ നിയമം പ്രായോഗികരംഗത്ത് വരുത്തുകയാണ് അദ്ദേഹം ചെയ്തത്. എനി ഒരു നബിയോ, റസൂലോ വരുവാനുണ്ടായിരുന്നുവെങ്കില്‍, അവര്‍ മുഖാന്തരം ഇതു നടപ്പിലാക്കാമെന്നു വെക്കാമായിരുന്നു. പക്ഷേ, എനി ഒരു റസൂലോ നബിയോ വരുവാനുമില്ല. മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അന്ത്യപ്രവാചകനാണ്. പ്രവാചകത്വശൃംഖല അദ്ദേഹത്തോടുകൂടി അവസാനിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂത – വര്‍ത്തമാന – ഭാവി വ്യത്യാസമില്ലാതെ, സകല കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞനാണല്ലോ അല്ലാഹു. അതുകൊണ്ട് അവന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങളെക്കുറിച്ച് ചോദ്യം ചെയ്‌വാന്‍ അല്‍പജ്ഞനായ മനുഷ്യന്‍ ഒട്ടും അര്‍ഹതയില്ല. അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ അപ്പടി ചോദ്യംചെയ്യാതെ അനുസരിക്കുവാനേ അവനു അവകാശമുള്ളു. അതു അവന്‍റെ കടമയാകുന്നു. ഇതാണ് ഈ ആയത്തിലടങ്ങിയ ആശയങ്ങളുടെ രത്നച്ചുരുക്കം.
‘നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചവരെല്ലാം റസൂലായിക്കൊള്ളണമെന്നില്ല. ‘രിസാലത്താ’കുന്ന ദിവ്യ ദൗത്യം കൂടി ലഭിച്ചവര്‍ക്കാണ് റസൂല്‍ എന്ന് പറയുന്നത്. അപ്പോള്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണ് എന്നു പറയുമ്പോള്‍, അവിടുത്തേക്കു ശേഷം നബിയുമില്ല, റസൂലുമില്ല എന്നു വ്യക്തമാണ്.
(‘ഖാത്തമുന്നബിയ്യീന്‍’) എന്നും, (‘ഖാത്തിമുന്നബിയ്യീന്‍’) എന്നും ഇവിടെ വായനയുണ്ട്. ഖുര്‍ആന്‍ വായനക്കാരായ പണ്ഡിതനേതാക്കളില്‍ മിക്കവരും, ‘ഖാതിം’ എന്നാണ് വായിച്ചിട്ടുള്ളത്. രണ്ടായാലും ‘നബിമാരില്‍ അവസാനത്തേവന്‍’ – അഥവാ അന്ത്യപ്രവാചകന്‍ – എന്നുതന്നെയാണ് അതിന്‍റെ അര്‍ത്ഥം. ഇതിന്‍റെ ക്രിയാരൂപമായ ‘ഖത്തമ’ എന്ന വാക്കു ‘അവസാനിപ്പിച്ചു’ എന്നും ‘മുദ്രവെച്ചു’ – അഥവാ ‘സീല്‍വെച്ചു’ എന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചു ‘ഖാത്തമ്’ എന്ന പദത്തിന്നു; ‘മുദ്ര’ – അഥവാ ‘സീല്‍’ എന്നും അര്‍ത്ഥം വരും. ‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിനു ‘നബിമാരുടെ മുദ്ര’ എന്നു വിവര്‍ത്തനം ചെയ്യാമെങ്കില്‍തന്നെ, അതിന്‍റെ വിവക്ഷ ‘നബിമാരില്‍ അവസാനത്തെ ആള്‍’ എന്നു മാത്രമാകുന്നു. ഏതെങ്കിലും ഒന്നില്‍ സീല്‍വെച്ചു എന്നു പറഞ്ഞാല്‍ അതില്‍ എനി ഒന്നും ഏറ്റുവാനോ, കുറക്കുവാനോ നിവൃത്തിയില്ലാതാക്കി എന്നാണ് ഉദ്ദേശ്യം.
خَاتَم എന്ന പദത്തിന്‍റെ ‘സീല്‍ – അല്ലെങ്കില്‍ – മുദ്ര’ എന്ന അര്‍ത്ഥത്തെ ചൂഷണം ചെയ്തും, ദുര്‍വ്യാഖ്യാനം ചെയ്തും വരുന്ന ഒരു കക്ഷി അടുത്ത കാലത്തു നമ്മുടെ നാടുകളില്‍ ഉണ്ടായിട്ടുണ്ട്. ‘ഖാദിയാനികള്‍’ എന്നപേരില്‍ അറിയപ്പെടുന്ന ‘അഹമ്മദിയ്യാ’ സമുദായക്കാരാണിത്. മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അന്ത്യപ്രവാചകനാണെന്നു സമ്മതിച്ചാല്‍, അവരുടെ നേതാവും നബിത്വവാദിയുമായ മീര്‍സാഗുലാം അഹ്മദ്ഖാദിയാനിക്കു നബിത്വം കല്പിക്കുവാന്‍ നിര്‍വ്വാഹമില്ലല്ലോ ഇതാണിതിനു കാരണം. ആകയാല്‍, خَاتَمَ النَّبِيِّينَ എന്ന വാക്കിനു ‘നബിമാരുടെ സീല്‍’ എന്നു വാക്കര്‍ത്ഥം കൊടുക്കുകയും, നബിമാരില്‍വെച്ച് ശ്രേഷ്ഠന്‍ എന്നു അതിനു വിവക്ഷ നല്‍കുകയുമാണ് ഇവരുടെ പതിവ്. ഖുര്‍ആനില്‍ നിന്നോ, ഹദീസില്‍ നിന്നോ, പ്രധാന അറബി നിഘണ്ടുക്കളില്‍നിന്നോ ഇവര്‍ക്കു തെളിവുകള്‍ ഉദ്ധരിക്കാനില്ല. എല്ലാം നേരെ മറിച്ചാണുള്ളത്. അതുകൊണ്ട് ഏതെങ്കിലും അറബിഗ്രന്ഥങ്ങളിലോ മറ്റോ തങ്ങളുടെ വാദത്തിനു അനുകൂലമാക്കി ചിത്രീകരിക്കുവാന്‍ സാധിച്ചേക്കുന്ന വല്ല പ്രയോഗങ്ങളും കണ്ടാല്‍, അവര്‍ അതു പൊക്കിക്കാട്ടുന്നത് കാണാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഇവിടെ കൂടുതല്‍ വിസ്തരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെശേഷം ഒരു നബിയോ റസൂലോ വരാമെന്നുള്ള വാദം ഇസ്ലാമിന്‍റെ മൗലിക സിദ്ധാന്തത്തിനു കടകവിരുദ്ധമായതും, മുസ്‌ലിം സമുദായത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായത്തിനും തീരുമാനത്തിനും എതിരായതും ആണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ. എങ്കിലും സാധാരണക്കാരുടെ ഓര്‍മ്മക്കുവേണ്ടി ഈ വ്യാജവാദത്തിന്‍റെ പൊള്ളത്തരം വ്യക്തമാക്കുന്ന അല്പം ചില സംഗതികള്‍ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:-
1) മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ടു ആദ്യകാലങ്ങളില്‍ അല്ലാഹുവിന്‍റെ ഏകമതമായ ഇസ്ലാം അതിന്‍റെ പരിപൂര്‍ണ്ണമായ രൂപത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മുമ്പ് അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, ശരീഅത്തും (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രന്ഥവുമാണെന്നനിലക്കു മനുഷ്യസമുദായത്തില്‍ അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം തൗറാത്താകുന്നു. അതാകട്ടെ, ഇസ്രാഈല്‍ സമുദായത്തിലേക്കു റസൂലായി നിയോഗിക്കപ്പെട്ട മൂസാ (عليه الصلاة والسلام) നബിയുടെ കൈക്ക് അവര്‍ക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി മനുഷ്യലോകത്തിനാകമാനമുള്ള ദൈവദൂതനാകകൊണ്ടും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്‍റെ ബുദ്ധിപരമായ വളര്‍ച്ച പൂര്‍ണ്ണദശ പ്രാപിച്ചതുകൊണ്ടും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം – ഖുര്‍ആന്‍ – ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണവും സര്‍വ്വജനീനവുമായ വേദഗ്രന്ഥമായിത്തീര്‍ന്നു. ആ ഗ്രന്ഥം യാതൊരു മാറ്റത്തിരുത്തവും കൂടാതെ ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെന്നു അല്ലാഹു ഉറപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, എനി ഒരു പ്രവാചകന്‍റെയോ റസൂലിന്‍റെയോ വരവിനാകട്ടെ, വേദഗ്രന്ഥത്തിന്‍റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിയോഗത്തിനു അല്പം മുമ്പ് മനുഷ്യസമുദായത്തോടാകമാനം യാത്ര പറഞ്ഞ ഒരു മഹാ സമ്മേളനമാണല്ലോ ‘ഹജ്ജത്തുല്‍ വിദാഉ’ (حجة الوداع). ഈ സമ്മേളനത്തില്‍വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവതരിച്ച ഖുര്‍ആന്‍ വചനം ഈ പരമാര്‍ത്ഥം സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا – سورة المائدة : ٤
(ഇന്ന് നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തരുകയും, എന്‍റെ അനുഗ്രഹം നിങ്ങളില്‍ പരിപൂര്‍ണ്ണമാക്കുകയും, നിങ്ങള്‍ക്ക് ഇസ്‌ലാമിനെ മതമായി ഞാന്‍ തൃപ്തിപ്പെട്ടുതരുകയും ചെയ്തിരിക്കുന്നു. (മാഇദ : 4)). വിശുദ്ധ ഖുര്‍ആന്‍റെ സംരക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നതു നോക്കുക:
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ – سورة الحجر: ٩
നാം തന്നെയാണു പ്രമാണത്തെ -ഖുര്‍ആനെ- അവതരിപ്പിച്ചിരിക്കുന്നത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (ഹിജ്ര്‍ : 9).
2) ആദ്യകാലത്തു മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലെന്നപോലെത്തന്നെ വാര്‍ത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പര്‍ക്കം ആദിയായ നാഗരീക തുറകളിലും മുന്‍സമുദായങ്ങള്‍ വളരെയേറെ പിന്നിലായിരുന്നു. അതുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുമുമ്പ് ഭൂലോകത്തു നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദായങ്ങളിലേക്കുമാത്രം നിയുക്തരായി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയാകട്ടെ, കാലദേശവ്യത്യാസമില്ലാതെ, ലോകാവസാനംവരേക്കുമുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി നിയുക്തരായ റസൂലും അദ്ദേഹം കൊണ്ടു വന്ന ദൈവിക നിയമസംഹിത സകല ജനങ്ങള്‍ക്കും ബാധകമായതുമാകുന്നു. ഇക്കാരണത്താലും എനി ഒരു പ്രാവചകന്‍റെയോ വേദഗ്രന്ഥത്തിന്‍റെയോ ആവശ്യം ലോകത്തിനു അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:
١): قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا – سورة الأعراف : ١٥٨
٢): وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ – سورة سبإ :٢٨
1. പറയുക: ഹേ, മനുഷ്യരെ! ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂലാകുന്നു. (അഅ്റാഫ് : 158).
2. മനുഷ്യര്‍ക്ക് ആകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. (സബഉ: 28). ജാബിര്‍ (رضي الله عنه) നിവേദനം ചെയ്തതും, ബുഖാരീ (رحمه الله) യും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതുമായ ഒരു നബിവചനവും ഈ വസ്തുത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതര നബിമാര്‍ക്ക് സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു പ്രത്യേകതകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
وكانَ النبيُّ يُبْعَثُ إلى قَوْمِهِ خَاصَّةً وبُعِثْتُ إلى النَّاسِ عَامَّةً
(ഒരു നബി അദ്ദേഹത്തിന്‍റെ ജനതയിലേക്കു മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. ഞാന്‍ മനുഷ്യരിലേക്കു പൊതുവായി നിയോഗിക്കപ്പെട്ടിരിക്കുന്നു.).
3. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നിയോഗം ജനസമുദായത്തിനു ആകമാനമാണെന്നതും, വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണ നിയമസംഹിതയാണെന്നതും ശരിതന്നെ, എന്നാലും ഇടക്കാലത്തു സമുദായത്തെ ഉദ്ധരിക്കുവാന്‍ നബിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്നാണ് പുത്തന്‍ നബിത്വവാദികളുടെ ഒരു ന്യായം. കേവലം സാധാരണക്കാരായ പൊതുജനങ്ങള്‍ ഈ ന്യായം ശരിയാണെന്നു കരുതുകയും ചെയ്തേക്കും. എന്നാല്‍, പ്രത്യേക വേദഗ്രന്ഥമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെ ചുമതല തങ്ങള്‍ക്കുമുമ്പ് നിലവിലുള്ള ദൈവിക നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നും പ്രവാചകത്വത്തിന്‍റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. ഖുര്‍ആന്‍റെ അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെത്തന്നെ ഈ കൃത്യം ലോകാവസാനംവരെ നിലനിറുത്തിപ്പോരുവാന്‍ ബാദ്ധ്യസ്ഥരാകുന്നു. ആ നിലക്കും ഒരു പ്രവാചകന്‍റെ ആവശ്യം എനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:
١) : وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة آل عمران : ١٠٤
٢): وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة التوبة : ٧١
1. നന്‍മയിലേക്കു ക്ഷണിക്കുകയും, സല്‍ക്കാര്യംകൊണ്ടു കല്പിക്കുകയും, നിഷിദ്ധകാര്യത്തെക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ. (ആലുഇംറാന്‍ : 104).
2. സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും ചിലര്‍ ചിലരുടെ – അന്യോന്യം – കാര്യകര്‍ത്താക്കളാകുന്നു. അവര്‍ സല്‍ക്കാര്യംകൊണ്ടു കല്‍പിക്കുകയും, നിഷിദ്ധമായതിനെ വിരോധിക്കുകയും ചെയ്യുന്നു. (തൌബ : 71).
വിമതസ്ഥര്‍ക്കു മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംകളുടെ കടമയും കര്‍ത്തവ്യവുമാണെന്നു കാണിക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉണ്ടെന്നു പറയേണ്ടതില്ല. പണ്ഡിതന്‍മാരിലാണ് ഈ ചുമതല പ്രധാനമായും നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഒരു ഹദീസില്‍
….وَإِنَّ الْعُلَمَاءَ وَرَثَةُ الأَنْبِيَاءِ (പണ്ഡിതന്‍മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതും. (അബൂദാവൂദ്; തിര്‍മദി).
4) ലോകത്തു എന്തു മാറ്റങ്ങള്‍ തന്നെ സംഭവിച്ചാലും, ഖുര്‍ആന്‍ അതിന്‍റെ സാക്ഷാല്‍ രൂപത്തിനു ഭംഗം വരാതെ കാത്തുസൂക്ഷിക്കുമെന്നു അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമുദായം എത്ര ദുഷിച്ചാലും അവരില്‍ അല്പം ചിലരെങ്കിലും സത്യത്തില്‍ നിലക്കൊള്ളുന്നവരായും, ഇസ്ലാമിന്‍റെ സിദ്ധാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവസാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. മാത്രമല്ല, ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിട്ടുമുണ്ട്. അവിടുന്ന് പറയുന്നു:-
لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خَذَلَهُمْ وَلاَ مَنْ خَالَفَهُمْ حَتَّى يَأْتِيَهُمْ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ – متفق عليه
(എന്‍റെ സമുദായത്തില്‍, അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്‍ക്കുന്നവരാകട്ടെ – ആരും തന്നെ – അവര്‍ക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവര്‍ അതേ നിലയിലിരിക്കെ അല്ലാഹുവിന്‍റെ കല്‍പന (ലോകാവസാനം) വന്നെത്തും. (ബു; മു).
5) മേല്‍പറഞ്ഞതെല്ലാം ശരി, എന്നാലും ഒരു പ്രവാചകന്‍ എന്തുകൊണ്ടു വന്നുകൂടാ? എന്നാണ് എനി ചോദിക്കുവാനുള്ളത്. ഇതിനു ഏറ്റവും വ്യക്തവും, പ്രധാനവുമായ മറുപടി, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണെന്നു പ്രഖ്യാപിക്കുന്ന നമ്മുടെ ആയത്തുതന്നെയാണ്. പക്ഷേ, മേല്‍ സൂചിപ്പിച്ച പ്രകാരം, അതിന്‍റെ അര്‍ത്ഥവിവക്ഷയെ സംബന്ധിച്ചിടത്തോളം പുതിയ കൃത്രിമ നബിമാരുടെ അനുയായികള്‍ പല ദുര്‍വ്യാഖ്യാനങ്ങളും നടത്തിയിരിക്കയാണല്ലോ. ആ സ്ഥിതിക്കു ഇവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ തികച്ചും നിരര്‍ത്ഥമാണെന്നു കാണിക്കുന്ന ചില സംഗതികള്‍ കൂടി ഇവിടെ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും.
1-ആമതായി ഈ ആയത്തിലെ خَاتَمَ النَّبِيِّينَ എന്ന വാക്കിനു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നല്‍കുന്ന അര്‍ത്ഥം എന്താണെന്നു നോക്കാം. തിരുമേനിയാണല്ലോ ഖുര്‍ആന്‍ ജനങ്ങള്‍ക്കു പ്രബോധനം ചെയ്തതും, വിവരിച്ചുതന്നതും. അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വ്യാഖ്യാനത്തിനാണ് ഏതു നിലക്കും മുന്‍ഗണന നല്‍കേണ്ടത്. 2-ആമതായി പ്രധാന അറബിനിഘണ്ടുക്കളും പണ്ഡിതന്‍മാരും അതിനു നല്‍കിയ അര്‍ത്ഥം എന്താണെന്നും, 3-ആമതായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തും, അതിനുശേഷവും പുതിയ നബിത്വവാദത്തെക്കുറിച്ചു സ്വീകരിക്കപ്പെട്ടിരുന്ന നിലപാട് എന്താണെന്നും പരിശോധിച്ചുനോക്കാം. ഈ വിഷയകമായി പ്രധാന ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹദീസുകള്‍ ഏതാനും ഉദ്ധരിക്കുന്ന പക്ഷം അതു വളരെയധികം ദീര്‍ഘിച്ചു പോകും. പല സഹാബികള്‍ വഴിയായും, പല വാചകങ്ങളിലായും വന്നിട്ടുള്ള പ്രസിദ്ധമായ നിരവധി ഹദീസുകളില്‍ രണ്ടെണ്ണം മാത്രം ഉദാഹരണത്തിനു ഇവിടെ ചൂണ്ടിക്കാട്ടുന്നു:
1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി ജാബിര്‍ (رضي الله عنه) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്‍റെ ചുരുക്കം ഇതാണ്. ‘എന്‍റെയും മറ്റു നബിമാരുടെയും ഉപമ, ഒരു പുരുഷന്‍റേതുപോലെയാണ്; അയാള്‍ ഒരു വീടു നിര്‍മ്മിച്ചു. ഒരു ഇഷ്ടികക്കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റെല്ലാം അയാള്‍ പൂര്‍ത്തിയാക്കുകയും ഭംഗിയാക്കി നിര്‍മ്മിക്കുകയും ചെയ്തു. ആകയാല്‍, അതില്‍ പ്രവേശിച്ച് അതു നോക്കുന്നവരെല്ലാവരും പറയുകയായി: ‘ഈ ഒരു കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റുള്ളതെല്ലാം എന്തൊരു ഭംഗി?!’ എന്നാല്‍, ഈ കല്ലിന്‍റെ സ്ഥാനം ഞാനാകുന്നു. പ്രവാചകന്‍മാര്‍ എന്നെകൊണ്ടു അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. (فأنا موضع اللبنة ختم بي الأنبياء). ഈ ഹദീസ് ഇമാം ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ പല മഹാന്‍മാരും ഉദ്ധരിച്ചതാകുന്നു. ഇവിടെയും ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലും خَتَم എന്ന ക്രിയക്കു ‘സീല്‍ വെക്കപ്പെട്ടു’ എന്നു വിവര്‍ത്തനം ചെയ്താല്‍പോലും, ‘അവസാനിപ്പിക്കപ്പെട്ടു’വെന്നല്ലാതെ അതിനു വിവക്ഷ നല്‍കുവാന്‍ സാധ്യമാവുകയില്ല. ‘എന്നെക്കൊണ്ടു നബിമാര്‍ക്ക് ശ്രേഷ്ഠത നല്കപ്പെട്ടുവെന്നാണ്’ ഇതിന്‍റെ അര്‍ത്ഥമെന്നു അറബി അറിയാവുന്ന ഒരു ‘അഹ്മദി’ക്കു പോലും പറയുവാന്‍ പറ്റുകയില്ല.
2) അലിയ്യ് (رضي الله عنه) നോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെശേഷം ഒരു നബിയും ഇല്ല’. (إلا أنه لا نبي بعدي) ഈ ഹദീസും ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചതാണ്.
അറബിഭാഷാ നിഘണ്ടുക്കളില്‍ പ്രസിദ്ധവും പ്രധാനവുമായ എല്ലാ നിഘണ്ടുക്കളിലും കാണാവുന്ന ചില വാക്കുകളാണ് ഇവ:
(1) خاتَمُ القَوْم آخرُهم
(2) خِتامُ القَوْم وخاتِمُهُم وخاتَمُهُم: آخرُهم
(3) ختم الشيء : بلغ آخره
അതായതു: 1). ജനങ്ങളുടെ ‘ഖാത്തം’ എന്നു പറഞ്ഞാല്‍ അവരില്‍ അവസാനത്തെ ആള്‍ എന്നാകുന്നു. 2). ജനങ്ങളുടെ ‘ഖിത്താമും’, ‘ഖാത്തമും’ ഖാത്തിമും’ എല്ലാംതന്നെ അവരില്‍ അവസാനത്തേവനാകുന്നു. 3). ഒരു കാര്യം ‘ഖത്ത്മുചെയ്തു’ എന്നു പറഞ്ഞാല്‍ അതിന്‍റെ അന്ത്യത്തിങ്കലെത്തി എന്നര്‍ത്ഥം. കൂടുതല്‍ ഉദാഹരണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല.
മുഹമ്മദ് മുസ്തഫാ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുശേഷം ഒരു പുതിയ നബി വരികയില്ലെന്നും, വിശുദ്ധ ഖുര്‍ആനും നബിവാക്യങ്ങളും അക്കാര്യം തുറന്നു പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതില്‍ ഇസ്‌ലാമികവൃത്തത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും പക്ഷാന്തരമില്ല. ഇതു ഇസ്‌ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്‌ലിംകള്‍ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്‌ലാമികവും, ഇതിനെതിരായ വാദം ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനവുമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. സഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്രമല്ല, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തും, ചില പ്രവാചകത്വവാദികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ വാദത്തെക്കുറിച്ചു പരിശോധിക്കുകയോ, തെളിവുകള്‍ അന്വേഷിക്കുകയോ ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ ഉത്തരവാദപ്പെട്ട മുസ്‌ലിംഭരണകര്‍ത്താക്കളില്‍ ആരെങ്കിലുമോ മുതിര്‍ന്നിട്ടില്ല. നേരെമറിച്ച് ഇസ്‌ലാമിക ഭരണകൂടം അവര്‍ കള്ളവാദികളാണെന്നു വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുള്ളത്. ഇസ്‌ലാംചരിത്രം വായിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ശേഷം ഒരാള്‍ ‘താന്‍ പ്രവാചകനാണെന്നു വാദിക്കുമ്പോള്‍ അതിനു തെളിവുണ്ടോ എന്നു പരിശോധിക്കുന്നതുപോലും സത്യവിശ്വാസത്തില്‍നിന്നുള്ള വ്യതിയാനമായിട്ടാണു ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രവാചകസമാപ്തി (ختم النبوة) യെക്കുറിച്ചു പല പണ്ഡിതന്‍മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിരിക്കുന്നു. കൂടുതല്‍ വിവരം അത്തരം ഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.
ചുരുക്കത്തില്‍, മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുശേഷം അല്ലാഹുവില്‍നിന്നു വഹ്-യ് ലഭിക്കുകയും പ്രവാചകത്വസ്ഥാനം ലഭിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനും ഈ ലോകത്തു എനി വരുവാനില്ല. ഉണ്ടെന്നു എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവര്‍ക്കു സിദ്ധിക്കുന്ന വഹ്-യും, പ്രവാചകത്വവും, സഹായവും എല്ലാംതന്നെ പിശാചില്‍ നിന്നുള്ളതായിരിക്കും.
هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ . تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ – سورة الشعراء : ٢٢١،٢٢٢
(നിങ്ങള്‍ക്കു ഞാന്‍ വര്‍ത്തമാനം അറിയിച്ചുതരട്ടെയോ, ആരുടെമേലിലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്നു? മഹാ വ്യാജകാനും, ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ അവര്‍ ഇറങ്ങുന്നത്. (സൂ: ശുഅറാഉ് : 221, 222). അതുകൊണ്ട് പുതിയൊരു നബിത്വവാദം ഉന്നയിക്കുന്നവരോടു നമുക്കു പറയാം: لَكُمْ دِينُكُمْ وَلِيَ دِينِ (നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്കു എന്‍റെ മതം).
വിഭാഗം - 6
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ ٱللَّهَ ذِكْرًا كَثِيرًا ﴾٤١﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ധാരാളം സ്മരണ.
- يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ اذْكُرُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുവിന്‍, ഓര്‍മ്മിക്കുവിന്‍ ذِكْرًا كَثِيرًا ധാരാളമായ സ്മരണ, അധികമായ ഓര്‍മ്മ
- وَسَبِّحُوهُ بُكْرَةً وَأَصِيلًا ﴾٤٢﴿
- കാലത്തും, വൈകുന്നേരവും അവനു് 'തസ്ബീഹു' [പരിശുദ്ധിയെ കീര്‍ത്തനം] ചെയ്യുകയും ചെയ്യുവിന്‍.
- وَسَبِّحُوهُ നിങ്ങള്‍ അവനു തസ്ബീഹു (പരിശുദ്ധിയുടെ കീര്‍ത്തനം) ചെയ്യുകയും വേണം بُكْرَةً രാവിലെ وَأَصِيلًا വൈകുന്നേരവും
സ്മരിക്കുക, ഓര്‍മ്മിക്കുക, പറയുക, കീര്‍ത്തനം ചെയ്യുക, പ്രഖ്യാപിക്കുക എന്നിങ്ങിനെ അര്‍ത്ഥങ്ങള്‍ വരാവുന്ന വാക്കാണ് ذِكْر (ദിക്ര്‍) മനസാ, വാചാ, കര്‍മ്മണാ അല്ലാഹുവിനെക്കുറിച്ചുള്ള ബോധമാണ് സാക്ഷാല്‍ ദിക്ര്‍. ഹംദു, തസ്ബീഹ്, ദുആ, നമസ്കാരം, തക്ബീര്‍, തഹ്ലീല്‍, ധ്യാനം മുതലായവമൂലമാണതു പ്രകടിപ്പിക്കുക. അതുകൊണ്ടു സാധാരണമായി ദിക്ര്‍ എന്നു പറയുന്നതു ഇവയെക്കുറിച്ചാണ്. ദിക്റിന്‍റെ കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് തസ്ബീഹും, നമസ്കാരവും. (സൂ: റൂം : 18ന്‍റെയും സൂ: അങ്കബൂത്ത് 45ന്‍റെയും വിവരണത്തില്‍ വായിച്ചതു ഇവിടെയും ഓര്‍ക്കുക). അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും, അവന്‍റെ സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യേണ്ടതിന്നുള്ള ഒരു കാരണമെന്നോണം അല്ലാഹു പറയുന്നു:-
- هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًا ﴾٤٣﴿
- നിങ്ങളുടെ മേല്‍ അനുഗ്രഹം നേരുന്നവനത്രെ അവന്‍ [അല്ലാഹു]; അവന്‍റെ മലക്കുകളും തന്നെ (അനുഗ്രഹം നേരുന്നു); - നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അവന്‍ സത്യവിശ്വാസികളില്‍ വളരെ കരുണയുള്ളവനാണ് താനും.
- هُوَ അവന്‍ الَّذِي يُصَلِّي സ്വലാത്തു (അനുഗ്രഹം) നേരുന്നവനാണ് عَلَيْكُمْ നിങ്ങളുടെമേല്‍ وَمَلَائِكَتُهُ അവന്‍റെ മലക്കുകളും لِيُخْرِجَكُم നിങ്ങളെ അവന്‍ പുറത്തു കൊണ്ടുവരുവാന്‍വേണ്ടി مِّنَ الظُّلُمَاتِ അന്ധകാരങ്ങളില്‍ നിന്നു إِلَى النُّورِ പ്രകാശത്തിലേക്കു وَكَانَ അവന്‍ ആകുന്നു بِالْمُؤْمِنِينَ സത്യവിശ്വാസികളില്‍ رَحِيمًا വളരെ കരുണയുള്ളവന്‍
- تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَٰمٌ ۚ وَأَعَدَّ لَهُمْ أَجْرًا كَرِيمًا ﴾٤٤﴿
- അവര്‍ അവനെ കാണുന്ന ദിവസം അവര്‍ക്കുള്ള ഉപചാരം, 'സലാം' എന്ന് (സമാധാനസന്ദേശം) ആയിരിക്കും. അവര്‍ക്കു മാന്യമായ പ്രതിഫലം അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
- تَحِيَّتُهُمْ അവരുടെ ഉപചാരം, അഭിവാദ്യം يَوْمَ يَلْقَوْنَهُ അവരവനെ കാണുന്ന ദിവസം سَلَامٌ സലാമാണ് وَأَعَدَّ لَهُمْ അവര്‍ക്കു അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു أَجْرًا كَرِيمًا മാന്യമായ പ്രതിഫലം
يُصَلِّي എന്ന വാക്കിന്നാണ് അനുഗ്രഹം നേരുക എന്നു അര്‍ത്ഥം കല്‍പിച്ചത്. صلوة (സ്വലാത്ത്) എന്ന ധാതുവില്‍നിന്നുള്ള ക്രിയാരൂപമത്രെ അത്. ‘പ്രാര്‍ത്ഥന, അനുഗ്രഹം, കാരുണ്യം’ എന്നൊക്കെയാണതിന്‍റെ അര്‍ത്ഥം. അല്ലാഹു സത്യവിശ്വാസികള്‍ക്കു അനുഗ്രഹവും കാരുണ്യവും നല്‍കുന്നു. മലക്കുകള്‍ക്കുമിടയില്‍ അവരുടെ ഗുണഗണങ്ങളെ പുകഴ്ത്തുകയും ചെയ്യുന്നു. ‘അല്ലാഹു അനുഗ്രഹം നേരുന്നു’ (‘സ്വലാത്ത് ചെയ്യുന്നു’) എന്നു പറഞ്ഞതിന്‍റെ സാരം ഇതാണ്. മലക്കുകള്‍ സത്യവിശ്വാസികള്‍ക്കു ഗുണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു പാപമോചനം തേടുകയും ചെയ്യുന്നതായി സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍) 7,8,9 വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകള്‍ അനുഗ്രഹം നേരുന്നതിന്‍റെ ഉദ്ദേശ്യം ഇതത്രെ. അങ്ങനെ, അസത്യം, ദുര്‍മ്മാര്‍ഗ്ഗം, അജ്ഞത, ദുര്‍ഭാഗ്യം ആദിയായ അന്ധകാരങ്ങളില്‍നിന്ന് സത്യവിശ്വാസികള്‍ക്കു വിമുക്തി ലഭിക്കുവാനും, സന്‍മാര്‍ഗ്ഗത്തിന്‍റെയും സല്‍ഭാഗ്യത്തിന്‍റെയും വെളിച്ചത്തിലേക്കു എത്തിച്ചേരുവാനും അല്ലാഹുവിന്‍റെയും മലക്കുകളുടെയും ‘സ്വലാത്തു’ അവര്‍ക്കു സഹായകമായിത്തീരുന്നു.
സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു സലാം ലഭിക്കുന്നു. (സൂ: യാസീന്‍ : 58). മരണവേളയില്‍ അവരുടെ അടുക്കല്‍ മലക്കുകള്‍ ചെന്ന് സലാം പറയുകയും, സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (സൂ: നഹ്ല്‍ : 32). സ്വര്‍ഗ്ഗത്തിന്‍റെ കാവല്‍ക്കാരായ മലക്കുകള്‍ അവര്‍ക്കു സലാം പറഞ്ഞുകൊണ്ട് അവരെ സ്വാഗതം ചെയ്യും. (സൂ: സുമര്‍ : 73). ‘സലാം! സലാം!!’ എന്നിങ്ങിനെയല്ലാതെ, വ്യര്‍ത്ഥമായതോ, പാപകരമായതോ ആയ ഒന്നുംതന്നെ അവര്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു കേള്‍ക്കുകയില്ല. (സൂ: വാഖിഅഃ : 25, 26). സ്വര്‍ഗ്ഗത്തില്‍ അവരുടെ ഉപചാരവാക്യം സലാമായിരിക്കും. (സൂ: യൂനുസ് : 10). ചുരുക്കത്തില്‍, എവിടെയും, ആരില്‍നിന്നും, അവര്‍ക്കു സലാമിന്‍റെ – ശാന്തിയുടെ – സമാധാനത്തിന്‍റെ – രക്ഷയുടെ – അഭിവാദ്യമാണ് സിദ്ധിക്കുന്നത്. അപ്പോള്‍, ‘സത്യവിശ്വാസികളെ’ എന്നു സംബോധന ചെയ്തുകൊണ്ട് ഈ രണ്ടു വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ച പ്രസ്താവനകള്‍ ഓരോന്നും ഓരോ സത്യവിശ്വാസിക്കും എത്രമേല്‍ ആവേശകരമാണെന്ന് ആലോചിച്ചുനോക്കുക! നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി നമസ്കാരാനന്തരം, സാധാരണ ദുആ ചെയ്തിരുന്നതുപോലെ നാമും ദുആ ചെയ്യുക: اللَّهُمَّ أنْتَ السَّلاَمُ وَمِنْكَ السَّلاَمُ (അല്ലാഹുവേ, നീയാണ് സലാം, നിന്‍റെ പക്കല്‍നിന്നാണു സലാം). അല്ലാഹുവേ, നീ ഞങ്ങള്‍ക്കു അനുഗ്രഹവും, അന്ധകാരങ്ങളില്‍നിന്നു മോചനവും, നിത്യശാന്തിയും നല്‍കണേ! آمين
- يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَرْسَلْنَٰكَ شَٰهِدًا وَمُبَشِّرًا وَنَذِيرًا ﴾٤٥﴿
- ഹേ, നബിയേ! നിശ്ചയമായും നാം നിന്നെ സാക്ഷിയും, സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് അയച്ചിരിക്കുകയാണ്;
- يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا നിശ്ചയമായും നാം أَرْسَلْنَاكَ നിന്നെ അയച്ചിരിക്കുന്നു شَاهِدًا സാക്ഷിയായി وَمُبَشِّرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും وَنَذِيرًا താക്കീതു നല്‍കുന്നവനായും
- وَدَاعِيًا إِلَى ٱللَّهِ بِإِذْنِهِۦ وَسِرَاجًا مُّنِيرًا ﴾٤٦﴿
- അല്ലാഹുവിലേക്കു അവന്‍റെ ഉത്തരവനുസരിച്ച് ക്ഷണിക്കുന്നവനായും, പ്രകാശം നല്‍കുന്ന ഒരു വിളക്കായും (നിന്നെ അയച്ചിരിക്കുന്നു).
- وَدَاعِيًا ക്ഷണിക്കുന്ന (വിളിക്കുന്ന)വനായും إِلَى اللَّـهِ അല്ലാഹുവിലേക്ക് بِإِذْنِهِ അവന്‍റെ ഉത്തരവു (സമ്മത) പ്രകാരം وَسِرَاجًا വിളക്കായും مُّنِيرًا പ്രകാശം (വെളിച്ചം) നല്‍കുന്ന
- وَبَشِّرِ ٱلْمُؤْمِنِينَ بِأَنَّ لَهُم مِّنَ ٱللَّهِ فَضْلًا كَبِيرًا ﴾٤٧﴿
- സത്യവിശ്വാസികള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് വലുതായഔദാര്യം (അഥവാ അനുഗ്രഹം) ഉണ്ടെന്നു നീ അവര്‍ക്കു സന്തോഷ വാര്‍ത്ത അറിയിക്കുക.
- وَبَشِّرِ സന്തോഷവാര്‍ത്ത അറീക്കുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു بِأَنَّ لَهُم അവര്‍ക്കുണ്ടെന്നു مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നു فَضْلًا അനുഗ്രഹം, ഔദാര്യം كَبِيرًا വലുതായ, മഹത്തായ
- وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ وَدَعْ أَذَىٰهُمْ وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾٤٨﴿
- അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കയും ചെയ്യരുതു. അവരുടെ ശല്യത്തെ നീ (അവഗണിച്ചു) വിട്ടേക്കുകയും, അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യക. ഭരമേല്‍പ്പിക്കപ്പെടുന്നവനായി അല്ലാഹുതന്നെ മതി!
- وَلَا تُطِعِ നീ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും وَدَعْ വിട്ടു (തള്ളി) കളയുകയും ചെയ്യുക أَذَاهُمْ അവരുടെ ശല്യത്തെ, ഉപദ്രവത്തെ, സ്വൈരക്കേടിനെ وَتَوَكَّلْ ഭരമേല്‍പ്പിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ وَكَفَىٰ بِاللَّـهِ അല്ലാഹു തന്നെ മതി وَكِيلًا ഭരമേല്‍പ്പിക്കപ്പെടുന്നവന്‍, ഭരമേല്‍ക്കുന്നവന്‍
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ റസൂലായി നിയോഗിച്ചതിന്‍റെ ഉദ്ദേശ്യങ്ങളും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്ഥാനപദവികളും, കര്‍ത്തവ്യങ്ങളും ഈ വചനങ്ങളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
1). സമുദായത്തിന്‍റെ സ്ഥിതിഗതികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുക, അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങള്‍ അവര്‍ പാലിച്ചതിനെ സംബന്ധിച്ചു ഖിയാമത്തുനാളില്‍ സാക്ഷ്യം വഹിക്കുക, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതത്തിന്‍റെ നാനാവശങ്ങളിലും അവര്‍ക്കു മാതൃകാ സാക്ഷ്യം കാണിച്ചുകൊടുക്കുക എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ‘സാക്ഷി’ (شَاهِد) യാകുന്നു.
2). സജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്ന് ഉണ്ടാകുവാനിരിക്കുന്ന പുണ്യഫലങ്ങളെയും, പ്രതിഫലങ്ങളെയും കുറിച്ചു ‘സന്തോഷവാര്‍ത്ത അറിയിക്കുന്നവനും’ (مُبَشِّر) ആകുന്നു.
3) ദുര്‍ജ്ജനങ്ങള്‍ക്കു അല്ലാഹുവിങ്കല്‍നിന്നു ഉണ്ടാകുവാനിരിക്കുന്ന ശിക്ഷകളെയും, ഭവിഷ്യത്തുകളെയുംകുറിച്ചു ഭയപ്പെടുത്തുന്ന ‘താക്കീതുകാരനും’ (نَذِير) ആകുന്നു.
4). അല്ലാഹുവിന്‍റെ ഉത്തരവും, കല്‍പ്പനയും, അനുമതിയും അനുസരിച്ചു അല്ലാഹുവിങ്കലേക്കു – അഥവാ തൗഹീദിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പാതയിലേക്കു – പ്രബോധനം വഴി ജനങ്ങളെ ‘ക്ഷണിക്കുന്നവനും’ (دَاعِيًا إِلَى ٱللَّهِ) ആകുന്നു.
5) അജ്ഞാനവും, അസത്യവും, ദുരാചാരവും നിറഞ്ഞു’ ഇരുട്ടുമൂടിയ ലോകത്തിനു ജ്ഞാനത്തിന്‍റെയും, സത്യത്തിന്‍റെയും, സദാചാരത്തിന്‍റെയും വെളിച്ചം നല്‍കുന്നതിനുവേണ്ടി ഹിറാമല ഗുഹയില്‍ നിന്ന് ഉദയം ചെയ്ത് ലോകമാകമാനം പ്രഭപരത്തി പ്രകാശിപ്പിച്ചുവന്ന സൂര്യ ‘വിളക്കും’ (سِرَاجًا مُّنِير) ആകുന്നു.
സത്യവിശ്വാസികള്‍ക്കു സന്തോഷവാര്‍ത്തയും, അല്ലാത്തവര്‍ക്കു ഭയവാര്‍ത്തയും നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അതിന്നെതിരില്‍ അവിശ്വാസികളുടെയും, കപടവിശ്വാസികളുടെയും ചേരിയില്‍നിന്നു വിവിധരൂപത്തിലുള്ള എതിര്‍പ്പുകളും, ഉപദ്രവങ്ങളും അനുഭവപ്പെട്ടുകൊണ്ടിരിക്കുക സ്വാഭാവികമാണ്. ഇത് അന്നും ഇന്നും എന്നും കാണാവുന്ന ഒരു യാഥാര്‍ത്ഥ്യമത്രെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുകളില്‍ വിവരിച്ച കൃത്യനിര്‍വ്വഹണത്തില്‍ ഇവരുടെ ശല്യം മൂലം നേരിടുന്ന വിഘാതങ്ങളെ അവഗണിച്ചു മുന്നോട്ടു പോകുവാനും, എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ചു മനസ്സമാധാനപ്പെട്ടുകൊണ്ടിരിക്കുവാനും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. ഈ മഹത്തായ ഉപദേശം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയെ മാതൃകയാക്കുന്ന എല്ലാ മതപ്രബോധകന്‍മാരും സദാ ഓര്‍മ്മിച്ചിരിക്കേണ്ടതുണ്ട്.
അടുത്ത വചനം മുതല്‍ സംസാരമുഖം മറ്റൊരു വശത്തേക്കു തിരിയുന്നു. ചില വൈവാഹിക നിയമങ്ങളാണ് അടുത്ത ആയത്തുകളില്‍ പ്രതിപാദിക്കുന്നത്. നിയമങ്ങള്‍ വിവരിക്കുമ്പോള്‍ മനുഷ്യരാല്‍ വിരചിതമായ സാധാരണ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പ്രതിപാദനരീതിയും, ഖുര്‍ആന്‍റെ പ്രതിപാദനരീതിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചുനോക്കുക! അല്ലാഹു പറയുന്നു:-
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَكَحْتُمُ ٱلْمُؤْمِنَٰتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًا جَمِيلًا ﴾٤٩﴿
- ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുകയും, പിന്നീട് അവരെ സ്പര്‍ശിക്കുന്നതിനു മുമ്പായി അവരെ നിങ്ങള്‍ വിവാഹമോചനം ['ത്വലാഖ്'] ചെയ്കയും ചെയ്യുന്നതായാല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കേണ്ടുന്ന യാതൊരു 'ഇദ്ദയും' നിങ്ങളോട് അവര്‍ക്കു (ബാധ്യത) ഇല്ല. എന്നാല്‍, നിങ്ങള്‍ അവര്‍ക്കു 'മുത്ത്അത്ത്' [മോചനവിഭവം] നല്‍കുകയും, അവരെ ഭംഗിയായ പിരിച്ചയക്കല്‍ പിരിച്ചയക്കുകയും ചെയ്യണം.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരേ إِذَا نَكَحْتُمُ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ الْمُؤْمِنَاتِ സത്യവിശ്വാസിനികളെ ثُمَّ طَلَّقْتُمُوهُنَّ പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു مِن قَبْلِ മുമ്പായി أَن تَمَسُّوهُنَّ നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു فَمَا لَكُمْ എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല عَلَيْهِنَّ അവരുടെമേല്‍ (ബാധ്യത) مِنْ عِدَّةٍ യാതൊരു ഇദ്ദഃയും تَعْتَدُّونَهَا നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന فَمَتِّعُوهُنَّ എന്നാലവര്‍ക്കു നിങ്ങള്‍ 'മുത്ത്അത്തു' നല്‍കണം وَسَرِّحُوهُنَّ നിങ്ങളവരെ പിരിച്ചുവിടുകയും വേണം سَرَاحًا ഒരു പിരിക്കല്‍ جَمِيلًا ഭംഗിയായ, നല്ലതായ
‘സ്പര്‍ശിക്കുന്നതിനുമുമ്പായി’ എന്നു പറഞ്ഞതിന്‍റെ താല്പര്യം സംയോഗം ഉണ്ടാകുന്നതിനുമുമ്പ് എന്നാണ്. ഇതേ ഉദ്ദേശ്യത്തില്‍ ‘തൊടുക, സമീപിക്കുക, ചൊല്ലുക, മൂടുക, വിവാഹം നടത്തുക’ (ملامسة، قُرُبَاﻥ، اتيان، تغشى، نكاح) എന്നിങ്ങിനെയുള്ള പദപ്രയോഗങ്ങളും ഖുര്‍ആന്‍ ഉപയോഗിച്ചു കാണാം. ഖുര്‍ആന്‍റെ ഭാഷാമാര്യാദകളില്‍ ഒന്നാണ് ഇത്തരം പ്രയോഗങ്ങള്‍. ഭാര്യയും ഭര്‍ത്താവുമായി – വിവാഹമോചനം കൊണ്ടോ, മരണം കൊണ്ടോ വേര്‍പ്പെട്ടശേഷം ഭാര്യക്കു മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ലാതെ, നിര്‍ബ്ബന്ധമായും അവള്‍ കാത്തിരിക്കേണ്ടുന്ന കാലത്തിനാണ് ‘ഇദ്ദഃ’ (العِدَّة) എന്നു പറയുന്നത്. ഋതുകാലം എത്താത്തവളും, ഋതുകാലം കഴിഞ്ഞവളും മുമ്മൂന്നു മാസവും, ഋതുമതികള്‍ മൂന്നു ഋതുകാലവും, ഗര്‍ഭിണികള്‍ പ്രസവംവരെയും, ഭര്‍ത്താവു മരണപ്പെട്ടവള്‍ നാലു മാസവും പത്തു ദിവസവും ‘ഇദ്ദഃ’ ആചരിക്കേണ്ടതുണ്ട്. മുന്‍വിവാഹത്തില്‍ ഗര്‍ഭം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കലാണ് ഇദ്ദഃയുടെ ഉദ്ദേശ്യങ്ങളില്‍ പ്രധാനമായത്. പിതൃബന്ധത്തില്‍ കലര്‍പ്പോ സംശയമോ ഉണ്ടായേക്കുന്നതു ഇസ്‌ലാമിക ദൃഷ്ട്യാ വമ്പിച്ച ആപത്താണല്ലോ. വിവാഹത്തിന്നുശേഷം വധൂവരന്‍മാര്‍ തമ്മില്‍ സമീപനം ഉണ്ടാകാതിരിക്കുന്നപക്ഷം വിവാഹമോചനത്തിന്‍റെ പേരില്‍ ഇദ്ദഃ ആവശ്യമില്ല എന്നാണ് ആയത്തിന്‍റെ സാരം.
‘നിങ്ങളോടു അവര്‍ക്കു ബാധ്യതയില്ല,’ (مَا لَكُمْ عَلَيْهِنَّ) എന്നും നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ’ (عِدَّةٍ تَعْتَدُّونَهَا) എന്നുമുള്ള പ്രയോഗത്തില്‍ ചില സൂചനകളുണ്ട്: സ്ത്രീ ഇദ്ദഃ ആചരിക്കുന്നതു പുരുഷന്‍റെ ഒരവകാശം വകവെച്ചു കൊടുക്കലാണ്. ഇതു സ്ത്രീകളുടെ കടമയാണ്. സന്താനത്തിന്‍റെ വംശബന്ധം പിതാവുമായിട്ടാണുള്ളത്. ഇദ്ദഃയുടെ കാലം മൊത്തക്കണക്കില്‍ പൂര്‍ത്തിയാക്കിയാല്‍ പോരാ, കൃത്യമായിത്തന്നെ പൂര്‍ത്തിയാക്കണം എന്നൊക്കെയാണത്.
വിവാഹമോചനം നിമിത്തം ഭര്‍ത്താവുമായി വേര്‍പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ അസ്വാസ്ഥ്യത്തിനു ഒരു താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് ഭര്‍ത്താവു ഭാര്യക്കു കൊടുക്കേണ്ടതുള്ള വിഭവത്തിനാണ് ‘മുത്ത്അത്ത് (المتعة) എന്നു പറയുന്നത്. ഇതു എത്രയാണെന്നു നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല, പരിതഃസ്ഥിതിയനുസരിച്ചു ഇതു കണക്കാക്കേണ്ടിയിരിക്കുന്നു. സൂ: അല്‍ബഖറഃയില്‍ അല്ലാഹു പറയുന്നു:
وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ : سورة البقرة: ٢٣٦
സാരം: ‘അവര്‍ക്കു – വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു – നിങ്ങള്‍ ‘മുത്ത്അത്ത്’ കൊടുക്കുകയും ചെയ്യണം. കഴിവുള്ളവനു അവന്‍റെ സാദ്ധ്യത അനുസരിച്ചും, തിടുക്കകാരന്നു അവന്‍റെ കഴിവനുസരിച്ചും ബാധ്യതയുണ്ട്.’ ഇതിനെതുടര്‍ന്നുള്ള (അല്‍ബഖറഃയിലെ) ആയത്തില്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം, ചെയ്യപ്പെടുന്ന സ്ത്രീക്ക് ‘മഹ്ര്‍’ (വിവാഹമൂല്യം) നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ പകുതി കൊടുക്കണമെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇങ്ങിനെ പകുതി ‘മഹ്ര്‍’ കൊടുക്കപ്പെടേണ്ടുന്നവള്‍ക്കു ‘മുത്ത്അത്ത്’ കൊടുക്കല്‍ നിര്‍ബന്ധമില്ലെന്നും ആ ആയത്തുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ആകയാല്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം നല്‍കപ്പെടുന്നവള്‍ക്കു ‘മുത്ത്അത്തു’ കൊടുക്കണമെന്ന നിര്‍ബ്ബന്ധം, അവള്‍ക്കു മഹ്ര്‍ നിര്‍ണ്ണയിക്കപ്പെടാത്തപ്പോഴാണെന്നും, ‘മഹ്ര്‍’ നിര്‍ണ്ണയിക്കപ്പെടാത്തപക്ഷം അവള്‍ക്കു ‘മുത്ത്അത്ത്’ മാത്രമേ നിര്‍ബ്ബന്ധമായി കൊടുക്കേണ്ടതുള്ളുവെന്നും, മനസ്സിലാക്കാവുന്നതാകുന്നു. കൂടുതല്‍ വിശദീകരണത്തിന് അല്‍ബഖറഃ 236, 241 ആയത്തുകളുടെ വിവരണം നോക്കുക.
ഭംഗിയായനിലയില്‍ പിരിച്ചുവിടണം (سَرِّحُوهُنَّ سَرَاحًا جَمِيلًا) എന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ചുരുക്കം – ഖുര്‍ആന്‍റെ ഭാഷയില്‍ إِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ (സദാചാര മര്യാദയനുസരിച്ചു വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ ഗുണകരമായ നിലക്കു പിരിച്ചയക്കുക) എന്നുള്ളതാണ്. ദേഹത്തിലോ, മാനത്തിലോ, സ്വത്തിലോ, അവകാശത്തിലോ ഒന്നുംതന്നെ യാതൊരു അനീതിയും കൈകടത്തലും വരാതെയായിരിക്കണം ഭാര്യമാരെ പിരിച്ചുവിടുന്നത്.
- يَٰٓأَيُّهَا ٱلنَّبِىُّ إِنَّآ أَحْلَلْنَا لَكَ أَزْوَٰجَكَ ٱلَّٰتِىٓ ءَاتَيْتَ أُجُورَهُنَّ وَمَا مَلَكَتْ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيْكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِى هَاجَرْنَ مَعَكَ وَٱمْرَأَةً مُّؤْمِنَةً إِن وَهَبَتْ نَفْسَهَا لِلنَّبِىِّ إِنْ أَرَادَ ٱلنَّبِىُّ أَن يَسْتَنكِحَهَا خَالِصَةً لَّكَ مِن دُونِ ٱلْمُؤْمِنِينَ ۗ قَدْ عَلِمْنَا مَا فَرَضْنَا عَلَيْهِمْ فِىٓ أَزْوَٰجِهِمْ وَمَا مَلَكَتْ أَيْمَٰنُهُمْ لِكَيْلَا يَكُونَ عَلَيْكَ حَرَجٌ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥٠﴿
- ഹേ, നബിയേ, നീ പ്രതിഫലങ്ങള്‍ [വിവാഹമൂല്യങ്ങള്‍] കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നാം നിനക്കു അനുവദനീയമാക്കിത്തന്നിരിക്കുന്നു; അല്ലാഹു നിനക്കു 'ഫൈആ'ക്കി [യുദ്ധത്തില്‍ കൈവശം വരുത്തി] ത്തന്നവരില്‍ നിന്നും നിന്‍റെ വലങ്കൈ ഉടമയാക്കിയിട്ടുള്ളതും [അടിമസ്ത്രീകളെയും], നിന്‍റെഒന്നിച്ചു (രാജ്യം ത്യജിച്ച്) ഹിജ്ര പോന്നവരായ നിന്‍റെ പിതൃവ്യപുത്രിമാരെയും, അമ്മായികളുടെ പുത്രികളെയും, നിന്‍റെ അമ്മാമന്‍റെ പുത്രികളെയും, നിന്‍റെ ഇളയമ്മ - മൂത്തമ്മമാരുടെ പുത്രികളെയും. സത്യവിശ്വാസിനിയായ ഒരു സ്ത്രീ അവളുടെ സ്വന്തം ദേഹം നബിക്കു ദാനം നല്‍കിയെങ്കില്‍, നബി അവളെ വിവാഹം ചെയ്തെടുക്കുവാന്‍ ഉദ്ദേശിക്കുന്ന പക്ഷം - സത്യവിശ്വാസികള്‍ക്കില്ലാതെ നിനക്കു മാത്രമായുള്ളതെന്ന നിലക്കു - അവളെയും (അനുവദിച്ചിരിക്കുന്നു). തീര്‍ച്ചയായും നമുക്കറിയാം, അവരുടെ ഭാര്യമാരുടെയും, അവരുടെ വലങ്കൈകള്‍ ഉടമയാക്കിയതിന്‍റെ [അടിമകളുടെ]യും കാര്യത്തില്‍ അവരുടെ മേല്‍ നാം നിയമിച്ചിരിക്കുന്നതെന്താണെന്നു. നിന്‍റെമേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാകുന്നു. (ഇതെല്ലാം നിനക്കു അനുവദിച്ചത്). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- يَا أَيُّهَا النَّبِيُّ ഹേ നബിയേ إِنَّا أَحْلَلْنَا നാം അനുവദിച്ചു തന്നിരിക്കുന്നു, 'ഹലാലാ'ക്കിയിട്ടുണ്ടു لَكَ നിനക്കു أَزْوَاجَكَ നിന്‍റെ ഭാര്യമാരെ اللَّاتِي آتَيْتَ നീ കൊടുത്തിട്ടുള്ളവരായ أُجُورَهُنَّ അവരുടെ പ്രതിഫലങ്ങളെ وَمَا مَلَكَتْ ഉടമയാക്കിയതും, അധീനമാക്കിയതും يَمِينُكَ നിന്‍റെ വലങ്കൈ مِمَّا യാതൊന്നില്‍നിന്നു أَفَاءَ اللَّـهُ അല്ലാഹു 'ഫൈആ'ക്കിത്തന്ന, യുദ്ധത്തില്‍ കൈവശപ്പെടുത്തിത്തന്ന عَلَيْكَ നിനക്കു وَبَنَاتِ عَمِّكَ നിന്‍റെ പിതൃവ്യന്‍റെ പുത്രികളെയും وَبَنَاتِ عَمَّاتِكَ നിന്‍റെ അമ്മായികളുടെ പുത്രികളെയും وَبَنَاتِ خَالِكَ നിന്‍റെ അമ്മാമന്‍റെ പുത്രികളെയും وَبَنَاتِ خَالَاتِكَ നിന്‍റെ ഇളയമ്മമൂത്തമ്മകളുടെ പുത്രികളെയും اللَّاتِي هَاجَرْنَ ഹിജ്ര വന്നവരായ مَعَكَ നിന്‍റെ ഒന്നിച്ചു وَامْرَأَةً مُّؤْمِنَةً സത്യവിശ്വാസിനിയായ സ്ത്രീയെയും إِن وَهَبَتْ അവള്‍ ദാനം നല്‍കിയാല്‍ نَفْسَهَا അവളുടെ ദേഹം, അവളെത്തന്നെ لِلنَّبِيِّ നബിക്കു إِنْ أَرَادَ النَّبِيُّ നബി ഉദ്ദേശിച്ചാല്‍ أَن يَسْتَنكِحَهَا അവളെ വിവാഹം ചെയ്തെടുക്കുവാന്‍ خَالِصَةً لَّكَ നിനക്കു മാത്രമുള്ളതായിട്ടു مِن دُونِ الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കില്ലാതെ, (കൂടാതെ) قَدْ عَلِمْنَا തീര്‍ച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ടു مَا فَرَضْنَا നാം നിയമിച്ചിട്ടുള്ളതു, നിയമിക്കേണ്ടതു عَلَيْهِمْ അവരുടെ മേല്‍ فِي أَزْوَاجِهِمْ അവരുടെ ഭാര്യമാരില്‍ وَمَا مَلَكَتْ ഉടമയാക്കിയതിലും أَيْمَانُهُمْ അവരുടെ വലങ്കൈകള്‍ لِكَيْلَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍വേണ്ടി عَلَيْكَ നിനക്കു, നിന്‍റെ മേല്‍ حَرَجٌ ഒരു വിഷമവും (ഇടുക്കവും) وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് വിവാഹം ചെയ്‌വാന്‍ അനുവദിക്കപ്പെട്ട സ്ത്രീകള്‍ ഏതൊക്കെയാണെന്നു വിവരിക്കുന്നതാണ് ഈ വചനം.
1). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മഹ്ര്‍ കൊടുത്തു വിവാഹം കഴിച്ച നിലവിലുള്ള ഭാര്യമാര്‍ തന്നെ.
2). ‘ഫൈആ’യി ലഭിച്ച – അഥവാ യുദ്ധത്തില്‍ ശത്രുഭാഗത്തുനിന്നു കൈവശം വന്ന – അടിമസ്ത്രീകളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉടമസ്ഥതയിലുള്ളവര്‍.
3). പിതൃവ്യന്‍, അമ്മാമന്‍, അമ്മായി, ഇളയമ്മ – മൂത്തമ്മ എന്നിവരുടെ പെണ്‍മക്കളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൂടെ മദീനായിലേക്കു ഹിജ്റ പോന്നവര്‍, ഈ മൂന്നു ഇനം സ്ത്രീകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെന്നപോലെ മറ്റുള്ള സത്യവിശ്വാസികള്‍ക്കും അനുവദനീയംതന്നെയാകുന്നു.
4). സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളില്‍ ആരെങ്കിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു തന്‍റെ ദേഹത്തെ ദാനമാക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവളെ വിവാഹം ചെയ്തു സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നപക്ഷം അത്തരം സ്ത്രീകള്‍, ഒടുവില്‍ പറഞ്ഞ ഈ ഇനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുമാത്രം അനുവദനീയമായതും, മറ്റാര്‍ക്കും അനുവദിക്കപ്പെടാത്തതുമാകുന്നു. (خَالِصَةً لَّكَ مِن دُونِ الْمُؤْمِنِينَ)
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മിക്ക ഭാര്യമാര്‍ക്കും 12 1/2 ‘ഊഖിയ’ വെള്ളി (*) യായിരുന്നു മഹ്ര്‍ നിശ്ചയിക്കപ്പെട്ടിരുന്നത്. ഉമ്മുഹബീബ (رضي الله عنها) യുടെ വിവാഹം അബീസീനീയായില്‍വെച്ച് നജ്ജാശി (നെഗാശീ) രാജാവു മുഖാന്തരമാണ് ഉണ്ടായത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുവേണ്ടി അദ്ദേഹം അവര്‍ക്കു 400 ദീനാര്‍ (പൊന്‍പണം) മഹ്ര്‍ കൊടുത്തു. സഫിയ്യ (رضي الله عنها), ജൂവൈരിയ്യ (رضي الله عنها) എന്നിവരുടെ മഹ്ര്‍ അവരെ അടിമത്തത്തില്‍നിന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മോചിപ്പിച്ചു കൊടുത്തുവെന്നുള്ളതായിരുന്നു. ഈ രണ്ടുപേരും യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവരായിരുന്നു.
(*). ഊഖിയ (اوقية)ക്ക് 40 ദിര്‍ഹം (വെള്ളിപ്പണം) ആകുന്നു.
‘വലങ്കൈ ഉടമയാക്കിയവര്‍’ എന്നു പറഞ്ഞതു സ്വന്തം ഉടമസ്ഥതയിലുള്ള അടിമകളെ ഉദ്ദേശിച്ചാകുന്നു. (ഈ പ്രയോഗത്തെക്കുറിച്ച് സൂ: മുഅ്മിനൂന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിവരിച്ചുകഴിഞ്ഞതാണ്. അടിമത്തത്തെ സംബന്ധിച്ച് പല വിവരങ്ങളും സൂ: മുഹമ്മദില്‍ കാണാം. إن شاء الله). യുദ്ധത്തില്‍വെച്ച് ‘ഫൈആയി’ ലഭിക്കുന്നവര്‍ – അഥവാ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ട് അധീനത്തില്‍ വന്നവര്‍ – എന്നു അടിമകളെ വിശേഷിപ്പിച്ചതു കൊണ്ട് ഒരാള്‍ക്കു ദാനമായി ലഭിച്ചതോ, അയാള്‍ വിലക്കു വാങ്ങിയതോ ആയ അടിമസ്ത്രീകള്‍ തീരെ അനുവദനീയമല്ല എന്നുദ്ദേശമാക്കിക്കൂടാത്തതാണ്. കാരണം, ഇങ്ങിനെയുള്ള അടിമകളുടെ ഉടമസ്ഥതയും ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ദമ്പതിയായിരുന്ന മാരിയ (مارية القبطية – رَضي اللَّه عنها) എന്ന മഹതി ഒരു അടിമസ്ത്രീയായിരുന്നുവല്ലോ. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന മുഖൗഖീസ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ സമ്മാനമായി അയച്ചുകൊടുത്തതായിരുന്നു. ഇവരിലാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പുത്രന്‍ ഇബ്രാഹീം ജനിച്ചതും. ഈ സൂറത്തു അവതരിച്ചതിനുശേഷമായിരുന്നു അത്. അപ്പോള്‍, ‘അല്ലാഹു നിനക്കു ഫൈആക്കിത്തന്നിട്ടുള്ള’ (مِمَّا أَفَاءَ اللَّـهُ عَلَيْكَ) എന്നു വിശേഷിപ്പിച്ചതു അടിമകളുടെ ഉത്ഭവത്തെയും, അടിമകളില്‍വെച്ച് കൂടുതല്‍ ഉത്തമമായ വകുപ്പിനെയും ചൂണ്ടിക്കാണിച്ചതാണെന്നു മനസ്സിലാക്കാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സത്യവിശ്വാസികള്‍ക്കും ‘ഫൈഉ’ അനുവദനീയമാക്കിയതു അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത ഒരു അനുഗ്രഹമാണെന്ന സൂചനയും അതിലടങ്ങിയിരിക്കുന്നു. യുദ്ധത്തില്‍ ലഭിക്കുന്ന സ്വത്തുക്കള്‍ (الغنيمة) മുമ്പുള്ള നബിമാര്‍ക്കു അനുവദിക്കപ്പെട്ടിരുന്നില്ലെന്നും, അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സിദ്ധിച്ച പ്രത്യേകതകളില്‍ ഒന്നാണെന്നും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി പ്രധാന ഹദീസുഗ്രന്ഥങ്ങളിലെല്ലാം കാണാവുന്നതാണ്.
ചില മതസ്ഥര്‍ വളരെ അകന്ന കുടുംബബന്ധം പോലുമുള്ള സ്ത്രീകളെ വിവാഹം ചെയ്യാറില്ല. മറ്റു ചില മതസ്ഥര്‍ സഹോദരസഹോദരിമാരുടെ മക്കളെപോലും വിവാഹം നടത്താറുമുണ്ട്. ഇസ്ലാമാകട്ടെ, രണ്ടിനുമിടയില്‍ ഒരു മദ്ധ്യനില അംഗീകരിച്ചിരിക്കുകയാണ് മാതാപിതാക്കളുടെ നേരെ സഹോദരസഹോദരിമാരെ അന്യോന്യം വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളായും, അവരുടെ മക്കളെയും, അവരെക്കാള്‍ അകന്നവരെയും പരസ്പരം വിവാഹബന്ധത്തിലേര്‍പ്പെടാവുന്ന കുടുംബങ്ങളായും ഇസ്‌ലാം ഗണിക്കുന്നു. ‘നിന്‍റെ പിതൃവ്യന്‍റെയും അമ്മായികളുടെയും, അമ്മാമന്‍റെയും ഇളയമ്മ മൂത്തമ്മമാരുടെയും പുത്രിമാരെയും’ എന്നു പ്രത്യേകം എടുത്തുപറഞ്ഞതു ഈ വസ്തുത വ്യക്തമാക്കിയതാകുന്നു.
ഇവരെക്കുറിച്ച് ‘നിന്‍റെ ഒന്നിച്ചു ഹിജ്റ പോന്നവരായ (اللَّاتِي هَاجَرْنَ مَعَكَ) എന്നും വിശേഷിപ്പിച്ചിരിക്കുന്നുവല്ലോ. ഈ ഇനങ്ങളില്‍ അന്നു മദീനയില്‍ നിലവിലുണ്ടായിരുന്ന സ്ത്രീകള്‍ മക്കായില്‍ നിന്നുള്ള ഹിജ്രയില്‍ പങ്കെടുത്തവരായിരുന്നു. മാത്രമല്ല, അക്കാലത്തു ശിര്‍ക്കിന്‍റെ നാടുകളി (دار الشرك) ല്‍ നിന്നു ഇസ്‌ലാമിനെ അംഗീകരിച്ചവര്‍ ഇസ്‌ലാമിന്‍റെ നാട്ടി (دارالإسلام) ലേക്കു ഹിജ്റ പോരേണ്ടതും ഉണ്ടായിരുന്നു. ആ നിലക്ക് ഇസ്‌ലാമിനുവേണ്ടി കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചുവരുന്ന ആ സ്ത്രീകള്‍ക്കു മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്‍കേണ്ടതുമുണ്ട്. ഈ വിശേഷണംകൊണ്ടുദ്ദേശ്യം ഇതൊക്കെയാണ്. അല്ലാതെ, ഹിജ്റ പോരാത്തവരെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നു വിരോധിക്കുകയല്ല ഇതുകൊണ്ടുദ്ദേശ്യം. ഇസ്‌ലാമിനു വിജയം കൈവന്നതിനു ശേഷം – അടിയന്തരഘട്ടം നേരിട്ടാലല്ലാതെ ഹിജ്റയില്ല (لا هِجْرَةَ بَعْدَ الفَتْحِ) എന്നുള്ളതും സ്മരണീയമാകുന്നു. പക്ഷെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ചിടത്തോളം ഹിജ്റയില്‍ പങ്കുള്ള കുടുംബങ്ങളെ മാത്രമേ വിവാഹം കഴിക്കാവൂ എന്നും വരാവുന്നതാണ്. (كما في البيضاوى وغيره)
അവസാനത്തെ ഇനം സ്ത്രീകളെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യേകമായി അല്ലാഹു അനുവദിച്ചു കൊടുത്തതാണെന്നു അല്ലാഹുതന്നെ വ്യക്തമാക്കിയിരിക്കുന്നു. ആകയാല്‍, ഏതെങ്കിലും ഒരു സ്ത്രീ തനിക്കു മഹ്റിന്‍റെ ആവശ്യമില്ലെന്നും, തന്‍റെ ദേഹം ദാനമായിത്തരുന്നുവെന്നും പറഞ്ഞാല്‍, അവളെ ആ നിലക്കു ഭാര്യയായി സ്വീകരിക്കുവാന്‍ ഒരു മുസ്ലിമിനും പാടുള്ളതല്ല. അങ്ങിനെയുള്ള വിവാഹബന്ധം ഇസ്‌ലാമിക ദൃഷ്ടിയില്‍ സാധ്യവുമല്ല. ആദ്യത്തെ മൂന്നു ഇനം സ്ത്രീകളെക്കുറിച്ചും പ്രസ്താവിച്ചപ്പോള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭീമുഖീകരിച്ചുകൊണ്ടു – ‘നിന്‍റെ’ എന്നും ‘നിനക്ക്’ എന്നുമായിരുന്നു പ്രയോഗം. ഈ ഇനത്തെക്കുറിച്ചു പ്രസ്താവിച്ചപ്പോള്‍ ശൈലിയില്‍ അല്ലാഹു മാറ്റം വരുത്തിയതു നോക്കുക. ‘നബിക്കു അവളുടെ ദേഹം ദാനം നല്‍കിയെങ്കില്‍’ എന്നും, ‘നബി അവളെ വിവാഹം ചെയ്തു സ്വീകരിക്കാന്‍ ഉദ്ദേശിച്ചെങ്കില്‍’ എന്നും (إِن وَهَبَتْ نَفْسَهَا لِلنَّبِيِّ إِنْ أَرَادَ النَّبِيُّ أَن يَسْتَنكِحَهَا) ആണല്ലോ ഇവിടത്തെ വാചകം. മുന്‍ശൈലിയനുസരിച്ചാണെങ്കില്‍ ‘നീ’ എന്നും ‘നിനക്ക്’ എന്നും പറയേണ്ടതായിരുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പ്രവാചകനെന്ന നിലക്കും – താഴെ വരുന്ന ആയത്തുകളില്‍ നിന്നും ആയിശാ (رضي الله عنها) യുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നതുപോലെ – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹു കൊടുത്തരുളിയ പ്രത്യേകതകളില്‍ ഒന്നെന്നനിലക്കുമാണ് ഈ അനുവാദം എന്നത്രെ ഈ പ്രയോഗം കാണിക്കുന്നത്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ സ്വന്തം ദേഹത്തേക്കാള്‍ ബന്ധപ്പെട്ടവനാണ്. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) എന്നുള്ള 6-ാം വചനം ഇവിടെ സ്മരണീയമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യയായി ജീവിക്കുവാന്‍ – സ്വന്തം അവകാശങ്ങളെ അവഗണിച്ചുകൊണ്ടു – ഒരു സ്ത്രീ ആവേശവും അപേക്ഷയും സമര്‍പ്പിക്കുമ്പോള്‍ അതു അവളുടെ സത്യവിശ്വാസത്തിന്‍റെയും ത്യാഗമനസ്ഥിതിയുടെയും ആഴത്തെയാണല്ലോ കാണിക്കുന്നത്. അവളുടെ അപേക്ഷ നിരസിക്കുന്നതു എത്രമാത്രം സങ്കടകരമായിരിക്കും?! നുബുവ്വത്തിന്‍റെ പദവിയെക്കുറിച്ചു സാമാന്യം അറിവോ, സത്യവിശ്വാസത്തിന്‍റെ മധുരിമയോ സിദ്ധിക്കാത്തവര്‍ക്കു മാത്രമെ ഇതിലടങ്ങിയ യുക്തിരഹസ്യത്തെപ്പറ്റി സംശയിക്കുവാന്‍ അവകാശമുള്ളു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരില്‍ ഒരാളായ സൗദഃ (رضي الله عنها) യെ അവിടുന്ന് വിവാഹമോചനം ചെയ്‌വാന്‍ ഉദ്ദേശിക്കുകയുണ്ടായി. തന്നെ വിവാഹമോചനം ചെയ്യരുതെന്നും, തനിക്കു യാതൊരവകാശവും വകവെച്ചു തരേണ്ടതില്ലെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാരില്‍ ഒരാളായിക്കൊണ്ടു ‘മഹ്ശറില്‍’ ഒരുമിച്ചുകൂടുകമാത്രമാണ് തന്‍റെ ഉദ്ദേശ്യമെന്നും ആ മഹതി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടപേക്ഷിച്ചു അതനുസരിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരുടെ അടുക്കല്‍ താമസിക്കാറുണ്ടായിരുന്ന ഊഴം അവര്‍ ആയിശാ (رضي الله عنها) യുടെ ഊഴത്തില്‍ കൂട്ടിച്ചേര്‍ത്തു. സ്വന്തം ദേഹത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ദാനം ചെയ്ത ഒരു മഹതിയായിരുന്നു ഖൗലഃ (رضي الله عنها). വളരെ സദ്‌വൃത്തരായ ഒരു മഹതിയായിരുന്നു അവര്‍. വേറെയും ചില സ്ത്രീകള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സ്വയം ദാനം ചെയ്തതായി നിവേദനങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും, ഇങ്ങിനെ ദാനംചെയ്ത ഒരു സ്ത്രീയുമായും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദാമ്പത്യസമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്ന് ഇമാം അസ്ഖലാനി (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. (كما في الفتح وغيره)
ആയിശാ (رضي الله عنها) പ്രസ്താവിച്ചതായ ഇമാം ബുഖാരിയും, മുസ്‌ലിമും (رحمهما الله) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് സ്വന്തം ദേഹത്തെ ദാനം നല്‍കുന്ന സ്ത്രീകളെക്കുറിച്ചു എനിക്കു രോഷം തോന്നാറുണ്ടായിരുന്നു. ‘ഒരു സ്ത്രീ അവളുടെ ദേഹത്തെ ദാനം കൊടുക്കുകയോ?! എന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ, …..تُرْجِي مَن تَشَاءُ എന്നുള്ള (അടുത്ത) ഖുര്‍ആന്‍ വചനം അവതരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞുപോയി مَا أَرَى رَبَّكَ إِلَّا يُسَارِعُ فِي هَوَاكَ (അങ്ങയുടെ റബ്ബ് അങ്ങയുടെ ഇഷ്ടത്തില്‍ ധൃതി കൂട്ടുന്നതായിട്ടല്ലാതെ എനിക്കു കാണുമാറാകുന്നില്ല!) സ്വന്തം ദേഹത്തെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ദാനം നല്‍കാന്‍ ഒരു സ്ത്രീ സന്നദ്ധയാകുന്നതു ആ സ്ത്രീക്കു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യാപദവി സിദ്ധിക്കുവാനുള്ള അത്യാഗ്രഹംകൊണ്ടു മാത്രമാണെന്നു അനസു (رضي الله عنه) തന്‍റെ മകളോടു പറഞ്ഞതായി ഇമാം ബുഖാരിയും അഹ്മദും (رحمهما الله) നിവേദനംചെയ്യുന്നു. വിവാഹം കഴിക്കുന്നതിലും, അടിമസ്ത്രീകളെ ദമ്പതിമാരായി സ്വീകരിക്കുന്നതിലും സത്യവിശ്വാസികള്‍ വേറെയും പല നിയമങ്ങളും, മര്യാദകളും പാലിക്കേണ്ടതുണ്ട്. നാലില്‍കൂടുതല്‍ ഭാര്യമാരെ ആര്‍ക്കും വിവാഹം കഴിച്ചുകൂടാ, മഹ്ര്‍ കൊടുക്കല്‍ എല്ലാവര്‍ക്കും നിര്‍ബ്ബന്ധമാണ്, സാക്ഷികള്‍ വേണം, കൈകാര്യക്കാരന്‍ – ‘വലിയ്യ് – വേണം, ഇങ്ങിനെ പലതും. ഇവിടെ അതൊന്നും വിവരിച്ചിട്ടില്ല. ഖുര്‍ആനിലെ മറ്റുചില വചനങ്ങളില്‍നിന്നും, നബിചര്യയില്‍നിന്നും അതു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘അവരുടെ ഭാര്യമാരുടെയും വലങ്കൈ ഉടമയാക്കിയവരുടെയും കാര്യത്തില്‍ നിയമിച്ചിട്ടുള്ളതു നമുക്കറിയാം. (….قَدْ عَلِمْنَا مَا فَرَضْنَا) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം ഇതൊക്കെയാണ്. തുടര്‍ന്നുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സംബന്ധിച്ച വിവാഹവിഷയത്തില്‍ ചില പ്രത്യേക നിയമങ്ങളും വിട്ടുവീഴ്ചയും ഏര്‍പ്പെടുത്തുവാനുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടിയതു നോക്കുക: لِكَيْلَا يَكُونَ عَلَيْكَ حَرَجٌ (നിന്‍റെ മേല്‍ യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ്.) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു അല്ലാഹുവിങ്കലുള്ള സ്ഥാനപദവി എത്രമാത്രം മഹത്തരമാണെന്നു ഈ വാക്യത്തില്‍നിന്നും അടുത്ത വചനത്തില്‍നിന്നും – അല്ല, ഈ സൂറഃയിലെ പല ആയത്തുകളില്‍നിന്നും – ഏറെക്കുറെ ഊഹിക്കാവുന്നതാണ് അല്ലാഹു പറയുന്നു:-