സൂറത്തുല്‍ അഹ്സാബ് : 01-27
അഹ്സാബ് (സംഘടിത കക്ഷികൾ)
മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 73 – വിഭാഗം (റുകുഅ്) 9
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- يَٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَٰفِرِينَ وَٱلْمُنَٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًا ﴾١﴿
- ഹേ, നബിയേ [പ്രവാചകാ], അല്ലാഹുവിനെ സൂക്ഷിക്കുക. അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
- يَا أَيُّهَا النَّبِيُّ ഹേ, നബിയേ, പ്രാവചകാ اتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുക وَلَا تُطِعِ അനുസരിക്കയും അരുതു الْكَافِرِينَ അവിശ്വാസികളെ وَالْمُنَافِقِينَ കപടവിശ്വാസികളെയും إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَكِيمًا അഗാധജ്ഞന്‍
- وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴾٢﴿
- നിന്‍റെ രക്ഷിതാവിങ്കല്‍നിന്ന്‍ നിനക്കു 'വഹ്‌യ്' [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി സൂക്ഷമമായറിയുന്നവനാകുന്നു.
- وَاتَّبِعْ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ വഹ്‌യു (ദിവ്യബോധനം, സന്ദേശം) നല്‍കപ്പെടുന്നതിനെ إِلَيْكَ നിനക്കു مِن رَّبِّكَ നിന്‍റെ രക്ഷിതാവില്‍നിന്നു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി خَبِيرًا സൂക്ഷമമായറിയുന്നവന്
- وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًا ﴾٣﴿
- (എല്ലാ കാര്യത്തിലും) അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേൽപിക്കപ്പെടുന്നവനായി അല്ലാഹു തന്നെമതി.
- وَتَوَكَّلْ ഭരമേൽപിക്കയും ചെയ്യുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ وَكَفَىٰ മതി بِاللَّـهِ അല്ലാഹുതന്നെ وَكِيلًا ഏല്‍പിക്കപ്പെടുന്നവനായിട്ടു
മദനീ സൂറത്തുകളില്‍ പെട്ടതാണ് ഈ അദ്ധ്യായം. മദീനായില്‍ ഇസ്ലാമിന്‍റെ ശത്രുക്കളായിരുന്ന ജൂതന്മാരെയും, കപടവിശ്വാസികളെയും സംബന്ധിച്ചു ഈ സൂറത്തില്‍ പല പ്രസ്താവനകളും കാണാം. കൂടാതെ, പ്രധാനപ്പെട്ട പല നിയമനിര്‍ദ്ദേശങ്ങളും, മറ്റു സൂറത്തുകളില്‍ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
‘തഖ്‌വാ’ (تقوى) എന്ന ധാതുപദത്തില്‍നിന്നുള്ള കല്‍പനക്രിയയാണ് ‘ഇത്തഖി’ (اتف) എന്ന വാക്ക്. ‘സൂക്ഷിക്കുക, കാക്കുക, പേടിക്കുക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്‌വാ’ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക എന്നു പറഞ്ഞതിനെത്തുടര്‍ന്ന്‍ അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കരുതെന്നും, അല്ലാഹുവില്‍നിന്നു ലഭിക്കുന്ന ദിവ്യസന്ദേശങ്ങളെ പിന്‍പറ്റണമെന്നും പ്രസ്താവിച്ചതില്‍ നിന്നുതന്നെ ‘തഖ്‌വാ’യുടെ ഉദ്ദേശ്യം മനസ്സിലാക്കാം. ഇതേ അര്‍ത്ഥോദ്ദേശ്യത്തോടു കൂടിത്തന്നെയാണ്, ഈ വാക്കു ഖുര്‍ആനിലും ഹദീസിലും, ഇസ്‌ലാമികഗ്രന്ഥങ്ങളിലും സാധാരണ ഉപയോഗിക്കപ്പെടാറുള്ളതും.
ഈ കല്‍പനകള്‍ പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അഭിമുഖീകരിച്ചു കൊണ്ടാണുള്ളതെങ്കിലും, വാസ്തവത്തില്‍ അവ സമുദായത്തിനു മുഴുവനും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ് രണ്ടാം വചനത്തില്‍ ‘നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു’ എന്നു പറഞ്ഞിരിക്കുന്നത്. ശത്രുക്കളുടെ ഇംഗിതങ്ങള്‍ക്കു വിധേയനായോ, അവരെ പ്രീണിപ്പിക്കാമെന്നുദ്ദേശിച്ചോ മതപ്രബോധനത്തില്‍ വിട്ടുവീഴ്ച ചെയ്‌വാനും, സത്യത്തെ മറച്ചുവെക്കാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കലും മുതിരുകയില്ലെന്നു സ്പഷ്ടമാണ്. എങ്കിലും, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു വ്യാമോഹത്തിന്‍റെ കവാടം തന്നെ ഈ കല്‍പനകള്‍മൂലം അല്ലാഹു അടച്ചുകളയുന്നു. സത്യവിശ്വാസികള്‍ക്കാകട്ടെ, ഇതു കൂടുതല്‍ ധൈര്യവും, ദൃഢമനസ്കതയും ഉളവാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ഉള്ള യാതൊരു ശത്രുവിന്‍റെയും പ്രകോപനങ്ങള്‍ക്കും, അഭീഷ്ടങ്ങള്‍ക്കും വഴങ്ങാതെ – ഋജുവായ സത്യമാര്‍ഗ്ഗത്തില്‍നിന്നു തരിമ്പുപോലും വ്യതിചലിക്കാതെ – സത്യപ്രബോധനം നടത്തുമ്പോള്‍ പലവിധ വിഷമങ്ങളെയും തരണം ചെയ്യേണ്ടിവരും. അതു സ്വാഭാവികമാണ്. അതില്‍നിന്നു മോചനം ലഭിക്കുവാനും, രക്ഷനേടുവാനുമുള്ള ഏകമാര്‍ഗ്ഗമത്രെ ‘തവക്കുല്‍’ (التوكل) അതെ, കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിക്കല്‍. അതുകൊണ്ട് ‘തവക്കുലി’നെപ്പറ്റി ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.
ഈ സൂറത്തില്‍ പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ ചിലതാണു അടുത്ത ആയത്തുകളില്‍ കാണുന്നത്:
- مَّا جَعَلَ ٱللَّهُ لِرَجُلٍ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّٰٓـِٔى تُظَٰهِرُونَ مِنْهُنَّ أُمَّهَٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ ﴾٤﴿
- ഒരു മനുഷ്യനും തന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളെ ഉണ്ടാക്കിയിട്ടില്ല; നിങ്ങള്‍ 'ളിഹാര്‍' (എന്ന വിവാഹമോചനം) ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങളുടെ മാതാക്കളാക്കുകയും ചെയ്തിട്ടില്ല; നിങ്ങളുടെ ദത്തുപുത്രന്മാരെ അവന്‍ നിങ്ങളുടെ പുത്രന്‍മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള (നിരര്‍ത്ഥ) വാക്കുകളത്രെ. അല്ലാഹു യഥാര്‍ത്ഥം പറയുന്നു. അവന്‍ തന്നെ (ശരിയായ) മാര്‍ഗ്ഗം കാട്ടിത്തരുകയും ചെയ്യുന്നു.
- مَّا جَعَلَ اللَّـهُ അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല لِرَجُلٍ ഒരു മനുഷ്യനും, പുരുഷനും مِّن قَلْبَيْنِ രണ്ടു ഹൃദയങ്ങളെ فِي جَوْفِهِ അവന്‍റെ ഉള്ളില്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَزْوَاجَكُمُ നിങ്ങളുടെ ഭാര്യമാരെ اللَّائِي യാതൊരുവരായ تُظَاهِرُونَ مِنْهُنَّ നിങ്ങളവരെ 'ളിഹാര്‍' ചെയ്യുന്നു أُمَّهَاتِكُمْ നിങ്ങളുടെ ഉമ്മമാര്‍ وَمَا جَعَلَ അവന്‍ ആക്കിയിട്ടുമില്ല أَدْعِيَاءَكُمْ നിങ്ങളുടെ ദത്തു പുത്രന്‍മാരെ أَبْنَاءَكُمْ നിങ്ങളുടെ പുത്രന്‍മാര്‍ ذَٰلِكُمْ അതു قَوْلُكُم നിങ്ങളുടെ വാക്കാണ്, പറയുന്നതാണ് بِأَفْوَاهِكُمْ നിങ്ങളുടെ വായകള്‍ കൊണ്ടു وَاللَّـهُ അല്ലാഹു يَقُولُ പറയുന്നു الْحَقَّ യഥാര്‍ത്ഥം, ന്യായമായതു وَهُوَ അവന്‍ يَهْدِي കാട്ടിത്തരുകയും ചെയ്യുന്നു السَّبِيلَ മാര്‍ഗ്ഗം
വിഷയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനാസ്പദമായ ഒരു യാഥാര്‍ത്ഥ്യം – അഥവാ വിഷയത്തിനൊരു പീഠിക – അല്ലാഹു ഈ വചനത്തില്‍ ആദ്യമായി ചൂണ്ടിക്കാട്ടുന്നു. ‘ഏതൊരു മനുഷ്യന്നുംതന്നെ അവന്‍റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല’
(مَّا جَعَلَ اللَّـهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ) എന്നുള്ളതാണത്. അപ്പോള്‍, ഒരേ കാര്യത്തില്‍ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത് ഒരാള്‍ക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയില്‍ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്നു വ്യക്തമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു സമ്പ്രദായങ്ങളെക്കുറിച്ചാണ് അല്ലാഹു തുടര്‍ന്നു പ്രസ്താവിച്ചത്. ഒരേ സ്ത്രീയില്‍ ഭാര്യത്വവും, മാതൃസ്ഥാനവും കല്‍പിക്കലും, ഒരേ മനുഷ്യനില്‍ പോറ്റുപുത്രന്‍റെ സ്ഥാനവും യഥാര്‍ത്ഥ പുത്രന്‍റെ സ്ഥാനവും കല്‍പിക്കലും. ഇതാണാ സമ്പ്രദായങ്ങള്‍.
ഒരാള്‍ക്കു തന്‍റെ ഭാര്യയോടു വല്ല വെറുപ്പും നേരിടുമ്പോള്‍ അവന്‍ അവളോടു أنتِ عليّ كظَهْرِ أمي (നീ എനിക്ക് എന്‍റെ മാതാവിന്‍റെ മുതുകുപോലെയാണ്.) എന്നുപറയും. എന്‍റെ മാതാവുമായി ഭാര്യാഭര്‍തൃബന്ധം നടത്തുവാന്‍ പാടില്ലാത്തതുപോലെയാണ് നിന്‍റെയും അവസ്ഥ എന്നു താല്‍പര്യം. ഇതിന് ‘ളിഹാര്‍’ (ظهار – മുതുകു പോലെയാക്കുക) എന്നു പറയപ്പെടും. ഇതോടെ അവളുമായുള്ള സമീപനം നിഷിദ്ധമായി ഗണിക്കപെടുന്നു. ഈ വാക്കുമൂലം ഒരാളുടെ ഭാര്യ അവന്‍റെ മാതാവാകുന്നില്ലെന്നും, അതുകൊണ്ടു ഭാര്യയെ മാതാവിനെപ്പോലെ ഗണിക്കുന്നതു പാടില്ലാത്തതാണെന്നും അല്ലാഹു ഉണര്‍ത്തുന്നു. എനി, ഒരാള്‍ ഭാര്യയോടു അങ്ങിനെ പറഞ്ഞു പോയാല്‍, അതിനു പ്രായശ്ചിത്തം ചെയ്തു മടക്കിയെടുക്കേണ്ടതുണ്ടെന്ന് സൂറത്തുല്‍ മുജാദലഃ (المجادلة)യില്‍ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു കാണാം. ان شاء الله
അന്യരുടെ മക്കളെ ദത്തെടുത്തു സ്വന്തം മക്കളെപ്പോലെ പോറ്റി വളര്‍ത്തുകയും, സ്വന്തം മക്കള്‍ക്കുള്ളതുപോലെ സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും ഇസ്‌ലാമിനു മുമ്പ് അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യയിലും ഈ സമ്പ്രദായം അപരിചിതമല്ല. ഇങ്ങിനെയുള്ള ദത്തുപുത്രനാണ് ‘ദഇയ്യ്’ (دعى) എന്നു പറയപ്പെടുന്നത്. ഇതിന്‍റെ ബഹുവചനമാണ് ‘അദ്ഇയാഉ് (ادعياء) ഈ ഖുര്‍ആന്‍വാക്യം അവതരിക്കുന്നതുവരെ ഞങ്ങളെല്ലാം സൈദുബ്നുഹാരിഥഃ (رضي الله عنه) യെ സൈദുബ്നു മുഹമ്മദ് എന്നല്ലാതെ വിളിക്കാറുണ്ടായിരുന്നില്ലെന്നും, ഈ ആയത്തു അവതരിപ്പിച്ചപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അദ്ദേഹത്തോടു: നീ സൈദ്ബ്നു ഹാരിഥഃത്തബ്നു ശുറാഹിലാണ് (ശുറാഹിലിന്‍റെ മകനായ ഹാരിഥഃയുടെ മകനാണ്) എന്നു പറയുകയുണ്ടായെന്നും ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ചിട്ടുണ്ട്. സൈദുബ്നുഹാരിഥഃ (رضي الله عنه)യുടെ കഥ ഇതാണ്:-
കല്‍ബു ഗോത്രക്കാരനായ സൈദ് (رضي الله عنه) ഒരു യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടു. അന്നദ്ദേഹം ചെറുപ്പമായിരുന്നു. ഹക്കീമുബ്നുഹുസാം (رضي الله عنه) തന്‍റെ അമ്മായിയായ ഖദീജ (رضي الله عنها) ക്കുവേണ്ടി അദ്ദേഹത്തെ വിലക്കുവാങ്ങി. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഖദീജ (റ)യെ വിവാഹം ചെയ്തശേഷം അവര്‍ സൈദ് (رضي الله عنه)നെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു സമ്മാനിച്ചു. പിന്നീടു സൈദ് (റ)ന്‍റെ പിതാവും, പിതൃവ്യനുംകൂടി വന്ന് അദ്ദേഹത്തെ തങ്ങള്‍ക്കു വിട്ടുകൊടുപ്പാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇഷ്ടംപോലെ ചെയ്തുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തിന്നു സമ്മതം കൊടുത്തു. പക്ഷെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കൂടെ ജീവിക്കുവാനാണ് സൈദ് (رضي الله عنه) ഇഷ്ടപ്പെട്ടത്. അനന്തരം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്നു സ്വതന്ത്രനാക്കുകയും, ഒരു പോറ്റുപുത്രനായിക്കരുതുകയും ചെയ്തു. അങ്ങനെ, ജനങ്ങള്‍ അദ്ദേഹത്തെ സൈദുബ്നു മുഹമ്മദു (മുഹമ്മദിന്‍റെ മകന്‍ സൈദ്) എന്നു വിളിച്ചുവന്നു. സൈദ് (رضي الله عنه)ന്‍റെ ഭാര്യയായിരുന്ന സൈനബ് (رضي الله عنها) വിവാഹമോചനം ചെയ്യപ്പെടുകയും, അനന്തരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ വിവാഹം ചെയ്യുകയുമുണ്ടായി. ഈ സംഭവം താഴെ വിവരിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ‘മകന്‍റെ ഭാര്യയെ വിവാഹം ചെയ്‌വാന്‍ പാടില്ലെന്നു മുഹമ്മദു പറയുന്നു, അവന്‍റെ മകന്‍റെ ഭാര്യയെ അവന്‍ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു’. എന്നു ജനസംസാരമായി. ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിക്കുന്നത്. പോറ്റുമക്കള്‍ക്കു യഥാര്‍ത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ അതു പ്രഖ്യാപിക്കുന്നത്. പോറ്റുമക്കളെ സ്വീകരിക്കുന്നതിനെയും, അവരെ മക്കളെപ്പോലെ സ്നേഹിച്ചു വളര്‍ത്തുന്നതിനെയും ഈ വചനം നിരോധിക്കുന്നില്ലതാനും.
വാക്കുകള്‍കൊണ്ടു യാഥാര്‍ത്ഥ്യം മാറിപ്പോകുകയില്ലല്ലോ. എന്നിരിക്കെ ‘നീ എന്‍റെ മാതാവിനെപ്പോലെയാണ്’ എന്നു ഒരാള്‍ ഭാര്യയോടു പറയുമ്പോഴേക്കും അവളെങ്ങിനെ മാതാവായിത്തീരും?! അഥവാ മാതാവിന്‍റെ നിയമം അവള്‍ക്കെങ്ങിനെ ബാധകമാകും?! അതുപോലെത്തന്നെ ദത്തുമക്കളെക്കുറിച്ചു മക്കളെന്നു പറയുമ്പോഴേക്കും അവരെങ്ങിനെ യഥാര്‍ത്ഥ മക്കളായിത്തീരും?! വാദംകൊണ്ടോ വാചകംകൊണ്ടോ യഥാര്‍ത്ഥമായ കുടുംബബന്ധം സ്ഥാപിതമാകുകയില്ലല്ലോ. ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ (അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വാക്കുകളാണ്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നതു ഈ വസ്തുതയാകുന്നു. പോറ്റുമക്കളെപ്പറ്റി അല്ലാഹു തുടര്‍ന്നുപറയുന്നു:-
- ٱدْعُوهُمْ لِءَابَآئِهِمْ هُوَ أَقْسَطُ عِندَ ٱللَّهِ ۚ فَإِن لَّمْ تَعْلَمُوٓا۟ ءَابَآءَهُمْ فَإِخْوَٰنُكُمْ فِى ٱلدِّينِ وَمَوَٰلِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَآ أَخْطَأْتُم بِهِۦ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴾٥﴿
- അവരെ അവരുടെ പിതാക്കളിലേക്കു ചേര്‍ത്തു വിളിച്ചുകൊള്ളുവിന്‍. അതത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിയായിട്ടുള്ളത്. എനി, അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍, അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരന്‍മാരും, നിങ്ങളുടെ 'മൗലാ'ക്കളും [ബന്ധപ്പെട്ടവരും] ആകുന്നു. നിങ്ങള്‍ അബദ്ധം ചെയ്തുപോയതില്‍ നിങ്ങളുടെമേല്‍ കുറ്റമില്ലതാനും. പക്ഷെ, നിങ്ങളുടെ ഹൃദയങ്ങള്‍ കരുതിക്കൂട്ടിച്ചെയ്തതാണ് (കുറ്റകരം). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- ادْعُوهُمْ നിങ്ങളവരെ വിളിക്കുവിന്‍ لِآبَائِهِمْ അവരുടെ പിതാക്കളിലേക്കു (ചേര്‍ത്തു) هُوَ അതത്രെ أَقْسَطُ ഏറ്റം നീതിയായതു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ فَإِن لَّمْ تَعْلَمُوا എനി നിങ്ങള്‍ക്കറിയുകയില്ലെങ്കില്‍ آبَاءَهُمْ അവരുടെ പിതാക്കളെ فَإِخْوَانُكُمْ എന്നാല്‍ നിങ്ങളുടെ സഹോദരങ്ങളാണ് فِي الدِّينِ മതത്തില്‍ وَمَوَالِيكُمْ നിങ്ങളുടെ മൗലാക്കളുമാണ്, ബന്ധപ്പെട്ടവരുമാണ് وَلَيْسَ ഇല്ലതാനും عَلَيْكُمْ നിങ്ങളുടെമേല്‍ جُنَاحٌ കുറ്റം فِيمَا യാതൊന്നില്‍ أَخْطَأْتُم നിങ്ങള്‍ അബദ്ധംചെയ്ത, പിഴച്ച بِهِ അതില്‍, അതിനെപ്പറ്റി وَلَـٰكِن പക്ഷെ مَّا تَعَمَّدَتْ കരുതിക്കൂട്ടിച്ചെയ്തതാണ് قُلُوبُكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി
ദത്തുമക്കളെ അവരുടെ യഥാര്‍ത്ഥ പിതാക്കളോട് ചേര്‍ത്ത് – ഇന്നയാളുടെ മകന്‍, അല്ലെങ്കില്‍ മകള്‍ എന്നു – വിളിക്കുവാനും, പോറ്റുപിതാക്കളോടു ചേര്‍ത്തു വിളിക്കാതിരിക്കുവാനും ഈ വചനം കല്പിക്കുന്നു. എനി, യഥാര്‍ത്ഥ പിതാക്കള്‍ ആരാണെന്നറിയപ്പെടാത്തപക്ഷം അവരെ സഹോദരങ്ങളും ‘മൗലാ’ (ബന്ധു)ക്കളുമായി ഗണിച്ചുകൊള്ളണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളെല്ലാം സഹോദരങ്ങളാണല്ലോ. (إِنَّمَا الْمُؤْمِنُونَ إِخْوَةٌ) അതുകൊണ്ടു അങ്ങിനെയുള്ളവരെ ‘സഹോദരാ’ (يا أخي) എന്നോ ‘മൗലാ’ (يا مولاى) എന്നോ വിളിക്കേണ്ടതാകുന്നു. ഇതനുസരിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈദ് (റ)നോടു ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്, أَنْتَ أَخُونَا وَمَوْلَانَا (നീ നമ്മുടെ സഹോദരനും മൗലായുമാണ്.)
‘മൗലാ’ (مولى) എന്ന വാക്കു പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുള്ള ഒരു പദമാകുന്നു. ഇതിന്‍റെ ബഹുവചനമാണ് ‘മവാലീ’ (موالى) ‘വലാഉ’ (ولاء) എന്ന ധാതുവില്‍ നിന്നുള്ളതാണത്. കുടുംബബന്ധം (قرابة) എന്നും, അടുപ്പം (قرب) എന്നും അതിനര്‍ത്ഥമുള്ളതുകൊണ്ട് കുടുംബപരമായ ബന്ധമുള്ളവര്‍ക്കും, അടുത്ത സ്നേഹബന്ധമുള്ളവര്‍ക്കും ആ വാക്കു ഉപയോഗിക്കാം. ചില പ്രത്യേക കാരണത്താല്‍ ഉണ്ടാകുന്ന പാര്‍ശ്വബന്ധത്തി (قرابة سببية)നും ഇസ്‌ലാമില്‍ അംഗീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ഇതിനു ”മുവാലാത്ത്’ (موالاة) എന്നും ‘മുആഖാത്ത്’ (مؤاخاة) എന്നും പറയപ്പെടുന്നു. മൈത്രീബന്ധമെന്നും, സാഹോദര്യബന്ധമെന്നും അര്‍ത്ഥം, മദീനയില്‍വെച്ച് മുഹാജിറുകളും അന്‍സാരികളും തമ്മിലുണ്ടായിരുന്ന ബന്ധം ഇതായിരുന്നു. സ്വത്തവകാശം തുടങ്ങിയ ചില നിയമങ്ങളൊഴിച്ച് മറ്റു സുഖദുഃഖങ്ങളില്‍ അന്യോന്യം പങ്കുകാരാകത്തക്കവണ്ണമുള്ള ഈ കൂട്ടുകെട്ട് എക്കാലത്തും മനുഷ്യര്‍ക്കിടയില്‍ വളരെ ഉപകാരപ്രദംതന്നെയാണ്. അറബിഗോത്രങ്ങള്‍ക്കിടയില്‍ ഇത്തരം ‘മുവാലാത്ത്’ മുമ്പ് നടപ്പിലുണ്ടായിരുന്നു. അതവര്‍ക്കു സ്വൈര്യജീവിതവും, പ്രതാപവും, ശക്തിയും നേടിക്കൊടുക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ചിലപ്പോള്‍ ചില ആളുകളെക്കുറിച്ച് مولى بنى فلان (ഇന്ന ഗോത്രക്കാരുടെ മൗലാ) എന്ന പറയപ്പെട്ടുകാണുന്നത്.
മറ്റൊരു തരത്തിലുള്ള ‘വലാആ’ണ് ولاء العتاقة (അടിമത്തത്തില്‍ നിന്നു മോചിപ്പിച്ച ബന്ധം). ഒരാളോ ഒരു കുടുംബമോ ഒരു അടിമയെ സ്വതന്ത്രനാക്കി വിട്ടാല്‍ അവന്‍ അവന്‍റെ, അല്ലെങ്കില്‍ ആ കുടുംബത്തിന്‍റെ മൗലായായിത്തീരുന്നു. അതുപോലെത്തന്നെ, ഏതെങ്കിലും ഒരാളുടെ കൈക്ക് ഇസ്‌ലാമില്‍ വന്ന ആളെക്കുറിച്ചും അയാളുടെ മൗലാ എന്നു പറഞ്ഞുവരാറുണ്ട്. ഇമാം അബൂഹനീഫ (رضي الله عنه) യുടെ കുടുംബം ഇസ്‌ലാമില്‍ വന്നപ്പോള്‍ അവര്‍ക്കു ഇസ്ലാമിലേക്കു പ്രചോദനം നല്‍കിയ ആളുകളോടുചേര്‍ത്ത് ഇന്നവരുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. ഈ വാസ്തവം മനസ്സിലാക്കാത്ത ചിലര്‍ ഈ പ്രയോഗത്തെ തെറ്റിദ്ധരിച്ച് ഇമാം അബൂഹനീഫ (رضي الله عنه) അടിമവംശജനായിരുന്നുവെന്നു ധരിച്ചുപോയിട്ടുണ്ട്.
ചുരുക്കത്തില്‍ ‘വലാഉ’ എന്ന ധാതുവില്‍നിന്നുള്ള ‘മൗലാ’ എന്ന വാക്ക് പല അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ടെന്നു മനസ്സിലാക്കാം. ഏതര്‍ത്ഥത്തിലുള്ള മൗലാ ആയാലും ശരി, അറബികള്‍ക്കിടയില്‍ അങ്ങനെ മൗലാ എന്നു സംബോധന ചെയ്യുന്നതില്‍ അഭിമാനമല്ലാതെ -അപമാനമൊന്നും- ഉണ്ടായിരുന്നതുമില്ല. ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ വചനംമുഖേന അല്ലാഹു ചെയ്യുന്നത്. കാരണം, അതു പരസ്പരം സ്നേഹബന്ധത്തിനും ഐക്യബോധത്തിനും ഉതകുന്നു. പല സഹാബിമാരുടെയും പേരുകളോടോപ്പം ഇന്ന ആളുടെ മൗലയാണദ്ദേഹം എന്നു വിശേഷിപ്പിച്ചുകാണുന്നതു മേല്‍പറഞ്ഞ അടിസ്ഥാനത്തിലാകുന്നു. ഏതു തരത്തിലുള്ള ‘വലാഉ’ – ആയിരുന്നാലും ശരി, അന്യോന്യം ബന്ധപ്പെട്ട ഇരു കക്ഷികള്‍ക്കും ഈ (മൗല എന്നുള്ള) പേര്‍ അന്വര്‍ത്ഥമാകുമെന്നും അറബികള്‍ അങ്ങിനെ അതു ഉപയോഗിക്കാറുണ്ടെന്നും അറിഞ്ഞിരിക്കുന്നതു ചരിത്രപാരായണം ചെയ്യുന്നവര്‍ക്കു വളരെ ആവശ്യമാകുന്നു.
മറ്റുചില സമുദായങ്ങളെപ്പോലെ അറബികളും തങ്ങളുടെ വംശപരമ്പരയും, കുടുംബപ്പേരും, നിലനിറുത്തുകയും പരിചയപ്പെടുകയും ചെയ്യുന്നതു മുന്‍പിതാക്കളുടെ പേരുകളിലാകുന്നു. ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഈ വഴക്കംതന്നെ. നമ്മുടെ നാട്ടിലേതുപോലെ, ഏതെങ്കിലും പറമ്പിന്‍റെയോ, പാറയുടെയോ,ഇല്ലത്തിന്‍റെയോ, തൊടിയുടെയോ മറ്റോ പേരുകളിലല്ല. ‘ഇന്ന പിതാമഹന്‍റെ വംശത്തില്‍ ഇന്നിന്ന പിതാക്കളുടെ മകനായ ഇന്നവനാണ് തന്‍റെ പിതാവ് -അല്ലെങ്കില്‍ മാതാവ്- എന്നായിരിക്കും അറബികള്‍ ഒരാളെ പരിചയപ്പെടുത്തുക. നാമാകട്ടെ, ഏതെങ്കിലും ഒരു തൊടിയുടെയോ മറ്റോ പേരു പറഞ്ഞായിരിക്കും കുടുംബത്തെ പരിചയപ്പെടുത്തുന്നത്. ഇന്ന ആളുടെ മകന്‍ ഇന്നവന്‍ എന്നതിന്‍റെ സ്ഥാനത്തു ഇന്നേടത്തുവീട്ടില്‍ ഇന്നവന്‍ എന്നു പറയും. കൂടാതെ, പലപ്പോഴും ഈ വീട്ടുപേര്‍ മാതൃകുടുംബത്തിന്‍റേതുമായിരിക്കും. മക്കളെ പിതാക്കളോടു ചേര്‍ത്തു വിളിക്കണമെന്ന ഖുര്‍ആന്‍റെ ശാസനക്കു നിരക്കാത്ത ഈ സമ്പ്രദായം, ഇന്ത്യന്‍ മുസലിംകളില്‍ ഇന്നും അവശേഷിപ്പുള്ള പല അനിസ്ലാമികാചാരങ്ങളില്‍ ഒന്നാകുന്നു. മുസ്‌ലിംകള്‍ കഴിവതും ഈ നില മാറ്റേണ്ടതുണ്ട്.
‘മൗലാ’ എന്ന വാക്കിന്‍റെയും ‘വലാഇ’ന്‍റെയും അര്‍ത്ഥവ്യാപ്തിയും പ്രയോഗങ്ങളും ആലോചിക്കാതെ മുസ്‌ലിംകള്‍ക്കിടയില്‍ കടന്നുകൂടിയ ആപത്തുകളും ചില്ലറയല്ല. മുന്‍കാലങ്ങളില്‍ ഇന്ത്യയെപ്പോലെയുള്ള ദൂരരാജ്യങ്ങളില്‍ പല മഹാന്‍മാരുടെ കൈക്കും ഇസ്‌ലാം മതപ്രചാരണം നടന്നപ്പോള്‍ ഇസ്‌ലാമിനെ ആശ്ലേഷിച്ചിരുന്ന ആളുകളെക്കുറിച്ച് – അതതു ദേശത്തെ മതപ്രചാരകന്‍മാരുടെ പേരോടുചേര്‍ത്തുകൊണ്ടു – ഇന്ന ആളുടെ മൗലാക്കള്‍ എന്നു പറയപ്പെട്ടിരുന്നു. മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള ഈ പാര്‍ശ്വബന്ധത്തെ കാലക്രമത്തില്‍ കുടുംബബന്ധങ്ങളായി ചിലര്‍ ചിത്രീകരിക്കുകയും, തെറ്റിദ്ധരിക്കുകയും ചെയ്തുവന്നു. അങ്ങനെ, തങ്ങള്‍ ആ മഹാന്‍മാരുടെ സന്തതികളില്‍പെട്ടവരാണെന്നു പലരും അവകാശപ്പെട്ടു. നൂറുക്കണക്കിലുള്ള സയ്യിദുകുടുംബങ്ങളും (തങ്ങമ്മാരും) സിദ്ദീഖികളും, ഫാറുഖികളും, ആയിരക്കണക്കിലുള്ള ഉസ്മാനീ കുടുംബങ്ങളുമെല്ലാം ഇന്ത്യയില്‍ ഇന്നു കാണപ്പെടുന്നതു ഇക്കാരണത്താലാകുന്നു. ഈ വംശവാദത്തില്‍തന്നെ പല വ്യാജപരമ്പരയും, അവക്കിടയില്‍ കക്ഷിവഴക്കുകളും ഉണ്ടായിട്ടുമുണ്ട്. ഇസ്‌ലാമില്‍ പുതുതായി പ്രവേശിക്കുന്നവര്‍ – അവര്‍ എത്ര കുലീനകുടുംബത്തില്‍പെട്ടവരായിരുന്നുവെങ്കിലും – ഒരു താണതരക്കാരായി ഗണിക്കപ്പെടുന്ന ഒരു ദുഷിച്ച സമ്പ്രദായവും മിക്കവര്‍ക്കിടയിലും എങ്ങിനെയോ കടന്നുകൂടിയിരിക്കുന്നു. തങ്ങളുടെ പഴയ കുടുംബപ്പേര്‍ മാറ്റിപ്പറയുവാന്‍ ഇതും ചിലര്‍ക്കു പ്രോത്സാഹനം നല്‍കിയിരിക്കുന്നു. സ്വന്തം പിതാക്കള്‍ അയോഗ്യരായതുകൊണ്ടും ചിലര്‍ ഈനില സ്വീകരിക്കാറുണ്ട്. ഇസ്‌ലാമികദൃഷ്ട്യാ ഇതെല്ലാംതന്നെ വമ്പിച്ച തെറ്റാണെന്നു പറയേണ്ടതില്ല.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ജാഹിലിയ്യത്തി’ല്‍ (ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തു) നിങ്ങളില്‍ ഉത്തമന്മാരായുള്ളവര്‍ ഇസ്‌ലാമിലും നിങ്ങളില്‍വെച്ച് ഉത്തമന്‍മാര്‍തന്നെ – അവര്‍ വിജ്ഞാനം നേടിയാല്‍’ (ബു; മു). ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി കാണാം: ‘നിങ്ങളുടെ കുടുംബബന്ധം ചേര്‍ക്കുമാറു (പാലിക്കത്തക്കവണ്ണം) നിങ്ങളുടെ കുടുംബപരമ്പരയില്‍ നിന്നും നിങ്ങള്‍ പഠിച്ചിരിക്കുവിന്‍…..’ (തി). വേറൊരു ഹദീസില്‍ ഇങ്ങിനെ വന്നിരിക്കുന്നു: ‘അറിഞ്ഞുകൊണ്ട് തന്‍റെ പിതാവല്ലാത്തവരോട് ചേര്‍ത്തിക്കൊണ്ട് (കുടുംബം) വാദിക്കുന്നവന്‍ അവിശ്വാസിയാകാതിരിക്കയില്ല.’ (ഇബ്നുകഥീര്‍.)
- ٱلنَّبِىُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَٰجُهُۥٓ أُمَّهَٰتُهُمْ ۗ وَأُو۟لُوا۟ ٱلْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِى كِتَٰبِ ٱللَّهِ مِنَ ٱلْمُؤْمِنِينَ وَٱلْمُهَٰجِرِينَ إِلَّآ أَن تَفْعَلُوٓا۟ إِلَىٰٓ أَوْلِيَآئِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِى ٱلْكِتَٰبِ مَسْطُورًا ﴾٦﴿
- നബി [പ്രവാചകന്‍] സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ട ആളാകുന്നു; അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ അവരുടെ മാതാക്കളുമാണ്; സത്യവിശ്വാസികളില്‍ നിന്നും, 'മുഹാജിറു'കളില്‍നിന്നും (പരസ്പരം) രക്തബന്ധമുള്ളവര്‍ - അവരില്‍ ചിലര്‍ ചിലരോട് - അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ [നിയമമനുസരിച്ച്] കൂടുതല്‍ബന്ധപ്പെട്ടവരുമാണ്; നിങ്ങള്‍ നിങ്ങളുടെ ബന്ധുമിത്രങ്ങള്‍ക്കു സമുചിതമായ വല്ലതും ചെയ്തു കൊടുക്കുന്നതായാലൊഴികെ [അതിനു തടസ്സമില്ല.] ഇപ്പറഞ്ഞത് വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ടതായിരിക്കുന്നു. [സ്ഥിരപ്പെട്ട നിയമമാണ്.]
- النَّبِيُّ പ്രവാചകന്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവനാണ് بِالْمُؤْمِنِينَ സത്യവിശ്വാസികളുമായി مِنْ أَنفُسِهِمْ അവരുടെ ദേഹങ്ങളെ (ആത്മാക്കളെ)ക്കാള്‍ وَأَزْوَاجُهُ അദ്ദേഹത്തിന്‍റെ ഭാര്യമാരാകട്ടെ أُمَّهَاتُهُمْ അവരുടെ മാതാക്കളാണ്, ഉമ്മമാരാണ് وَأُولُو الْأَرْحَامِ രക്തബന്ധമുള്ളവര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلَىٰ ഏറ്റം ബന്ധപ്പെട്ടവരാണ് بِبَعْضٍ ചിലരുമായി, ചിലരോടു فِي كِتَابِ اللَّـهِ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നുള്ള وَالْمُهَاجِرِينَ മുഹാജിറുകളില്‍ നിന്നും إِلَّا أَن تَفْعَلُوا നിങ്ങള്‍ ചെയ്യുന്നതായാലല്ലാതെ إِلَىٰ أَوْلِيَائِكُم നിങ്ങളുടെ ബന്ധുമിത്രങ്ങളിലേക്കു مَّعْرُوفًا വല്ല സൽക്കാര്യവും, സമുചിതമായതിനെ, സദാചാരമായതു كَانَ ذَٰلِكَ അതായിരിക്കുന്നു, ആകുന്നു فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مَسْطُورًا രേഖപ്പെടുത്തപ്പെട്ടതു
വളരെ പ്രധാനങ്ങളായ നാലഞ്ചു കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തു മുഖേന വിവരിക്കുന്നു:-
1) സത്യവിശ്വാസികളെസംബന്ധിച്ചിടത്തോളം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു തങ്ങളെക്കാളും – മറ്റാരെക്കാളും – കൂടുതല്‍ ബന്ധപ്പെട്ട ആളാകുന്നു. (النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ) വളരെ കനത്ത ഒരു യാഥാര്‍ത്ഥ്യമാണ് അല്ലാഹു ഇതു മുഖേന ചൂണ്ടിക്കാട്ടുന്നത്. ഏതെല്ലാം വിഷയത്തിലാണ് ഈ ബന്ധം ഉള്‍ക്കൊള്ളുന്നതെന്നൊരു പരിധി നിശ്ചയിച്ചിട്ടില്ല. അതിനാവശ്യവുമില്ല. ഐഹികവും, പാരത്രികവും, മതപരവുമായ എല്ലാ തുറകളിലും അവിടുന്ന് സത്യവിശ്വാസികളുടെ മാതൃകയും, വഴികാട്ടിയും, ഗുണകാക്ഷിയുമാണ്. ഓരോരുത്തനും തന്‍റെ ദേഹത്തെക്കള്‍ തിരുമേനിയെ മാനിക്കണം, സ്നേഹിക്കണം, അവിടുത്തെ ആവശ്യത്തിനും തീരുമാനത്തിന്നും പ്രാധാന്യം നല്‍കണം, അവിടുത്തെ ദേഹത്തിനും, മാനത്തിനും മുന്‍ഗണന നല്‍കണം, അവിടുത്തെ കല്പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിച്ചുകൂടാ, ഇതെല്ലാം അതിന്‍റെ അര്‍ത്ഥവ്യാപ്തിയില്‍ ഉള്‍പ്പെടുന്നു. സഹാബികളുടെ ചര്യകള്‍ ഇതിനു സാക്ഷ്യവും വഹിക്കുന്നു. മനുഷ്യന്‍റെ ഐഹികവും, പാരത്രികവുമായ നന്മതിന്‍മകളെ ഒന്നൊഴിയാതെ വിവരിച്ചുതരുന്നതും, അങ്ങേഅറ്റത്തെ വാല്‍സല്യത്തോടും കൃപയോടുംകൂടി ശാശ്വതമോക്ഷത്തിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതും, കാലാകാല ശിക്ഷയില്‍ നിന്നു വിമുക്തരാകുന്നതിനുള്ള താക്കീതുകള്‍ കാലേക്കൂട്ടി നല്‍കുന്നതും അല്ലാഹുവിന്‍റെ റസൂലായ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യല്ലാതെ മറ്റാരാണ്?! സത്യവിശ്വാസികള്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടുള്ള കടപ്പാടെന്താണെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളുമായി എത്രമാത്രം ബന്ധപ്പെട്ട ആളാണെന്നും മനസ്സിലാക്കുന്നതിനു ഖുര്‍ആനില്‍ ധാരാളം തെളിവുകള്‍ കാണാം. വിശേഷിച്ചും ഈ സൂറത്തിലെ പല വചനങ്ങളും പ്രത്യേകം ശ്രദ്ധേയമാകുന്നു. ധാരാളം ഹദീസുകളും ഈ വിഷയകമായി ഉദ്ധരിക്കുവാനുണ്ട്. ഉദാഹരണത്തിനു മാത്രം ചിലതു ഇവിടെ സ്മരിക്കുക:
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘എന്‍റെ ദേഹം യാതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിങ്ങളില്‍ ഒരാള്‍ക്കു അവന്‍റെ ദേഹത്തെക്കാളും അവന്‍റെ ധനത്തെക്കാളും, സന്താനങ്ങളെക്കാളും, എല്ലാ മനുഷ്യരെക്കാളും കൂടുതല്‍ ഇഷ്ടപ്പെട്ടവന്‍ ഞാനായിത്തീരുന്നതുവരെ അവന്‍ സത്യവിശ്വാസിയാകുകയില്ല.’ ഉമര്‍ (رضي الله عنه) ഒരിക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു പറഞ്ഞു: ‘എന്‍റെ ദേഹം ഒഴിച്ചു മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘ഇല്ല ഉമറേ – തനിക്കു തന്നെക്കാളും ഇഷ്ടപ്പെട്ടവന്‍ ഞാനായിരിക്കാതെ ഒക്കുകയില്ല.’ അദ്ദേഹത്തിനു കാര്യത്തിന്‍റെ ഗൗരവം മനസ്സിലായി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ! അല്ലാഹു തന്നെയാണ! നിശ്ചയമായും അങ്ങുന്ന് എല്ലാവരെക്കാളും അധികം എനിക്കു ഇഷ്ടപ്പെട്ടവനാകുന്നു – എന്‍റെ സ്വന്തം ദേഹത്തെക്കാള്‍പോലും!’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: الآن ياعمر (ഇപ്പോള്‍ ശരി – ഉമറേ!). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചതായി അബുഹുറൈറ (رضي الله عنه) നിവേദനം ചെയ്യുന്നു: ‘ഏതൊരു സത്യവിശ്വാസിയും തന്നെ, ഇഹത്തിലും, പരത്തിലും ഞാനവനോടു മനുഷ്യരില്‍വെച്ച് ഏറ്റവും ബന്ധപ്പെട്ടവനല്ലാതില്ല. വേണമെങ്കില്‍ (ഇതിനു തെളിവായി) النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ (നബി സത്യവിശ്വാസികളോടു അവരുടെ സ്വന്തം ദേഹങ്ങളെക്കാള്‍ ബന്ധപ്പെട്ടവനാകുന്നു) എന്ന ആയത്തു ഓതിക്കൊള്ളുക ആകയാല്‍, ഏതെങ്കിലും ഒരു സത്യവിശ്വാസി വല്ല ധനവും വിട്ട് (മരിച്ചു) പോകുന്നപക്ഷം, അവന്‍റെ അവകാശികള്‍ ആരായാലും ശരി അതവര്‍ അനന്തരമെടുത്തുകൊള്ളട്ടെ. ആരെങ്കിലും കടമോ അഗതികളെ (സന്താനങ്ങള്‍ മുതലായ പ്രാരബ്ധങ്ങളെ)യോ വിട്ടുപോകുന്നപക്ഷം എന്‍റെ അടുക്കല്‍ വരട്ടെ. ഞാനവന്‍റെ മൗലാ (ബന്ധു)യാകുന്നു.’ മറ്റൊരു നിവേദനത്തിലെ വാചകം: ‘സത്യവിശ്വാസികളില്‍ ആരെങ്കിലും മരിക്കുകയും കടം ബാക്കി വെക്കുകയും ചെയ്യുന്നതായാല്‍, അതു വീട്ടുന്നതു എന്‍റെ ബാധ്യതയാണ്. ധനം വിട്ടുപോയാല്‍ അതവന്‍റെ അവകാശികള്‍ക്കുമാകുന്നു.’ എന്നാണ്. ഇസ്‌ലാമിനു വിജയങ്ങള്‍ കൈവരികയും ‘ഗനീമത്തു’ സ്വത്തുക്കള്‍ ലഭിച്ചുകൊണ്ടിരിക്കയും ചെയ്ത അവസരത്തിലാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ പ്രഖ്യാപനം ചെയ്തത്. (ഈ ഹദീസുകളെല്ലാം തന്നെ ബുഖാരിയിലും മറ്റും കാണാം.).
2) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പത്നിമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാകുന്നു. (وَأَزْوَاجُهُ أُمَّهَاتُهُمْ) അഥവാ, മാതാക്കളെപ്പോലെ അവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. തിരുമേനിക്കുശേഷം അവരെ ആര്‍ക്കും വിവാഹം ചെയ്‌വാനും പാടുള്ളതല്ല. പക്ഷെ, പര്‍ദ്ദ ആചരിക്കുന്നതില്‍ അവര്‍ മറ്റുള്ള സ്ത്രീകളെപ്പോലെത്തന്നെ. 53-ആം വചനം നോക്കുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെ സംബന്ധിച്ച പല വിഷയങ്ങളും ഈ സൂറത്തില്‍ താഴെ കാണാവുന്നതാണ്.
3) രക്തച്ചാര്‍ച്ചയുള്ള കുടുംബങ്ങള്‍ തമ്മിലാണ് കൂടുതല്‍ ബന്ധമുള്ളത്. മദീനാ ഹിജ്റയെത്തുടര്‍ന്ന്‍ മക്കായില്‍ നിന്നു ഹിജ്റ വന്ന സഹാബികളും, മദീനായിലെ ‘അന്‍സാരി’കളാകുന്ന സഹാബികളും തമ്മില്‍ ഒരു പ്രത്യേക സാഹോദര്യബന്ധം സ്ഥാപിക്കപ്പെട്ടിരുന്നുവല്ലോ. ഹിജ്റയുടെയും, മതസാഹോദര്യത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അത്. ഇസ്‌ലാമിലെ അനന്തരാവകാശനിയമം അന്നു നടപ്പാക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം അനുസരിച്ച് മുഹാജിറുകള്‍ക്കു അന്‍സാരികളുടെ സ്വത്തില്‍ അനന്തരാവകാശംപോലും നല്‍കപ്പെട്ടിരുന്നു. وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ (രക്തബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ ബന്ധപ്പെട്ടവരാണ്) എന്ന വാക്യം ഇത്തരത്തിലുള്ള അനന്തരാവകാശ സമ്പ്രദായത്തെ നിറുത്തലാക്കുകയും സ്വത്തവകാശത്തിനുള്ള അര്‍ഹത കുടുംബബന്ധമാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. فِي كِتَابِ اللَّـهِ (അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ – അഥവാ നിയമപ്രകാരം) എന്ന വാക്കു ഈ നിയമത്തിനു സ്ഥിരത നല്‍കുകയും ചെയ്യുന്നു. مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ (സത്യവിശാസികളില്‍ നിന്നും മുഹാജിറുകളില്‍ നിന്നും – അഥവാ മതവിഷയത്തില്‍ സ്വരാജ്യം ത്യജിച്ചു അഭയാര്‍ത്ഥികളായി വന്നവരില്‍ നിന്നും-) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്. ഹിജ്റയുടെയോ മതത്തിന്‍റെയോ പേരിലുള്ള മൈത്രീബന്ധം നിമിത്തം ഇനിമേലില്‍ സ്വത്തവകാശമില്ലെന്ന സൂചന ഇതില്‍ കാണാം. ഒരു മുസ്‌ലിമിന്‍റെ സ്വത്തവകാശം ലഭിക്കുന്നതിനു അയാളുമായുള്ള കുടുംബബന്ധത്തിനുപുറമെ മതവിശ്വാസത്തിലും യോജിക്കേണ്ടതുണ്ടെന്നും ഈ വാക്കില്‍ നിന്നു ധ്വനിക്കുന്നു. ഇതു ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ വ്യക്തമാക്കിയിട്ടുമുണ്ട്. لَا يَرِثُ الْمُسْلِمُ الْكَافِرَ ، وَلَا يَرِثُ الْكَافِرُ الْمُسْلِمَ – متفق عليه (മുസ്‌ലിം കാഫിറിനെയും – അവിശ്വാസിയെയും – കാഫിര്‍ മുസ്‌ലിമിനെയും അനന്തരമെടുക്കുകയില്ല.- (ബു; മു).
4) രക്തബന്ധമില്ലാത്ത ബന്ധുക്കള്‍ക്കു – അവര്‍ സത്യവിശ്വാസികളോ, മുഹാജിറുകളോ, മറ്റുതരത്തില്‍ മൈത്രിയുള്ളവരോ എന്ന നിലക്കു – ഒസിയ്യത്തായോ മറ്റു വിധത്തിലോ വല്ല ഉപകാരവും ചെയ്യുന്നതിനു ഈ നിയമം ഒരിക്കലും തടസ്സമാകുന്നില്ല (إِلَّا أَن تَفْعَلُوا إِلَىٰ أَوْلِيَائِكُم مَّعْرُوفًا) അനന്തരാവകാശികളെന്ന നിലക്കു നിയമപരമായ അവകാശമൊന്നും അവര്‍ക്കില്ലെന്നു മാത്രം. നിയമപരമായി സ്വത്തവകാശത്തിനു അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കു ഒസിയ്യത്തിന്‍റെ ആവശ്യം സാധാരണമായി നേരിടുന്നില്ല. അതുകൊണ്ട് ഹദീസില്‍ അതു വിരോധിക്കപ്പെട്ടിട്ടുമുണ്ട്. എനി വല്ല പ്രത്യേക പരിതസ്ഥിതിയിലും അവകാശികളില്‍ ചിലര്‍ക്കു പ്രത്യേകം ഒസിയ്യത്തു ചെയ്യേണ്ടതുണ്ടെങ്കില്‍ അതു മറ്റുള്ള അവകാശികളുടെ അനുമതിയോടുകൂടി ചെയ്യാവുന്നതുമാണ്.
5) ഇതു വേദഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട നിയമമാകുന്നു. (كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا) അപ്പോള്‍ വേദഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഈ നിയമത്തില്‍ ഒരു ഭേദഗതിയും ഒരിക്കലും വരുത്തുവാന്‍ നിവൃത്തിയില്ല; ഖണ്ഡിതമായ നിയമമാണത്. ‘മരുമക്കത്തായ’ക്കാരും, സാക്ഷാല്‍ സ്വത്തിനവകാശികളായ ആളുകള്‍ക്കു – മുഴുവനായോ ഭാഗികമായോ – സ്വത്തു ലഭിക്കാതിരിക്കാന്‍ കൃത്രിമ രേഖകളോ കൈമാറ്റലുകളോ നടത്തുന്നവരും അല്ലാഹുവിന്‍റെ ഈ നിയമത്തെ പ്രത്യക്ഷത്തില്‍ ലംഘിക്കുകയാണു ചെയ്യുന്നത്. ഇത്രയും ഊന്നിപ്പറഞ്ഞ ഈ നിയമം പുറംതള്ളുന്നവര്‍ അവന്‍റെ കടുത്ത ശിക്ഷക്കു തികച്ചും അര്‍ഹരായിരിക്കുകതന്നെ ചെയ്യും. അല്ലാഹു രക്ഷിക്കട്ടെ. ആമീന്‍.
- وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًا ﴾٧﴿
- (നബിയേ) പ്രവാചകന്‍മാരില്‍ നിന്ന് - നിന്നില്‍നിന്നും, നൂഹ്, ഇബ്രാഹിം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍നിന്നും തന്നെ - നാം തങ്ങളുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)! അവരില്‍നിന്നു നാം ഗൗരവപ്പെട്ട ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു.
- وَإِذْ أَخَذْنَا നാം വാങ്ങിയ (എടുത്ത) സന്ദര്‍ഭം مِنَ النَّبِيِّينَ നബിമാരില്‍നിന്നു مِيثَاقَهُمْ അവരുടെ ഉറപ്പ്, ഉടമ്പടി وَمِنكَ നിന്നില്‍നിന്നും وَمِن نُّوحٍ നൂഹില്‍നിന്നും وَإِبْرَاهِيمَ ഇബ്രാഹീമില്‍നിന്നും وَمُوسَىٰ മൂസായില്‍നിന്നും وَعِيسَى ഈസായില്‍നിന്നും ابْنِ مَرْيَمَ മര്‍യമിന്‍റെ മകനായ وَأَخَذْنَا നാം വാങ്ങുകയും ചെയ്തു مِنْهُم അവരില്‍നിന്നു مِّيثَاقًا ഉറപ്പ് غَلِيظًا ഗൗരവപ്പെട്ട ശക്തമായ
- لِّيَسْـَٔلَ ٱلصَّٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَٰفِرِينَ عَذَابًا أَلِيمًا ﴾٨﴿
- സത്യവാന്‍മാരോട് അവരുടെ സത്യതയെക്കുറിച്ച് അവന് (അല്ലാഹുവിന്) ചോദ്യം ചെയ്‌വാന്‍ വേണ്ടിയാകുന്നു (അത്). അവിശ്വാസികള്‍ക്കു അവന്‍ വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
- لِّيَسْأَلَ അവന്‍ ചോദിക്കുവാന്‍ (ചോദ്യം ചെയ്‌വാന്‍) الصَّادِقِينَ സത്യവാന്‍മാരോടു عَن صِدْقِهِمْ അവരുടെ സത്യത്തെ (സത്യതയെ) പ്പറ്റി وَأَعَدَّ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
നബിമാരില്‍നിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെ – കരാറിനെ – ക്കുറിച്ചു ഇവിടെ വിശദീകരിച്ചിട്ടില്ലെങ്കിലും, സൂ: ആലുഇംറാനിലും മറ്റും പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നു നമുക്കതു ഏതാണ്ടു മനസ്സിലാക്കുവാന്‍ കഴിയും. അല്ലാഹു പറയുന്നു:
وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا : سورة آل عمران : ٨١
(സാരം: നിങ്ങള്‍ക്കു വല്ല വേദഗ്രന്ഥമോ, വിജ്ഞാനമോ ഞാന്‍ നല്‍കുകയും, പിന്നീടു നിങ്ങളുടെ വശമുള്ളതിനെ സത്യമായി സ്ഥാപിക്കുന്ന ഏതെങ്കിലും റസൂല്‍ നിങ്ങള്‍ക്കു വരുകയും ചെയ്യുന്നപക്ഷം, നിങ്ങള്‍ നിശ്ചയമായും അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്നു അല്ലാഹു നബിമാരോടു കരാറു വാങ്ങിയ സന്ദര്‍ഭം! അവന്‍ പറഞ്ഞു: ‘നിങ്ങള്‍ സമ്മതിക്കുകയും അതിന്‍റെമേല്‍ എന്നോടുള്ള ഉത്തരവാദിത്തഭാരം ഏറ്റെടുക്കുകയും ചെയ്തുവോ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.’ (ആലുഇംറാന്‍ : 81). ഏഴാം വചനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ചു പ്രവാചകന്‍മാരോടു കല്പിച്ച ഒസിയ്യത്തായിക്കൊണ്ടു സൂ: ശൂറാ 13ല്‍ ഇങ്ങിനെ പറയുന്നു:
أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ : سورة الشورى : ١٣
(നിങ്ങള്‍ മതത്തെ നിലനിറുത്തുവിന്‍, അതില്‍ ഭിന്നിക്കരുത്.)
1. ഗ്രന്ഥകര്‍ത്താവിന്‍റെ ഈ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്, സൂറ: ആലു ഇംറാനിലെ 81-ാം സൂക്തത്തിലും ഇവിടെയും പറഞ്ഞ കരാറുകള്‍ ഒന്നുതന്നെയാണെന്നും, ഇത് തന്നെയാണ് ബഹു: അമാനി മൗലവിയുടെ അഭിപ്രായമെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ഖാദിയാനികള്‍ സാധാരണ ശ്രമം നടത്താറുണ്ട്. ഖാദിയാനീപ്രവാചകത്വം സ്ഥാപിക്കുവാന്‍ ഇക്കൂട്ടര്‍ ചെയ്തുവരാറുള്ള ദുര്‍വ്യാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണിത്. സൂറ: ആലുഇംറാനിലെ 81-ാം സൂക്തത്തിന്‍റെ അര്‍ത്ഥവും അതിന്ന് അമാനി മൗലവി നല്‍കിയ വിവരണവും പരിശോധിക്കുക
അല്ലാഹു നബിമാര്‍ക്കു ‘രിസാലത്താ’കുന്ന ദിവ്യദൗത്യം നല്‍കുന്നതുതന്നെ ഒരുതരം കരാറാണ് എന്നു പറയാം, അതു ശരിക്കും നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണല്ലോ. അതവര്‍ നിര്‍വ്വഹിക്കുമെന്നു ഏറ്റുപറയുമ്പോള്‍ ആ ബാധ്യത കൂടുതല്‍ ഗൗരവപ്പെടുകയും ചെയ്യുന്നു.
‘പ്രാവചകന്‍മാരില്‍നിന്നു കരാര്‍ വാങ്ങി’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം അഞ്ചു പ്രാവാചകന്‍മാരുടെ പേര്‍ പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കയാണ്. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവര്‍ക്കുള്ള പ്രത്യേക പദവിയാണത് കുറിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അഞ്ചു പ്രവാചകവര്യന്മാര്‍ക്കു اولو العزم (ദൃഢചിത്തതയുള്ളവര്‍) എന്ന കീര്‍ത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ് (عليه السلام), ഇബ്രാഹീം (عليه السلام), മൂസാ (عليه السلام), ഈസാ (عليه السلام) എന്നീ നബിമാരുടെ പേരുകള്‍ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാല്‍, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പേരുപറഞ്ഞിട്ടില്ല. ‘നിന്നില്‍നിന്നും’ (وَمِنكَ) എന്ന വാക്കിലൂടെ സംബോധനാരൂപത്തില്‍ – ഒന്നാമനായിത്തന്നെ – എടുത്തുപറഞ്ഞിരിക്കുകയാണ്. പ്രാവാചകന്‍മാരില്‍ വെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കുള്ള ഏറ്റവും ഉല്‍കൃഷ്ട പദവിയെ ഇതു സൂചിപ്പിക്കുന്നു. പ്രവാചകന്‍മാര്‍ തങ്ങളുടെ കൃത്യം നിറവേറ്റുന്നതിലും, സമുദായങ്ങള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതിലും സത്യത പാലിച്ചിട്ടുണ്ടോ എന്നു അല്ലാഹു പരിശോധിക്കുകയും, അതിനെപ്പറ്റി ഖിയാമത്തുനാളില്‍ ചോദ്യംചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചും, പ്രവാചകന്‍മാരുടെ ദൗത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും ഉള്ള താക്കീതാണ് 8-ആം വചനത്തിലുള്ളത്.
فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ : سورة الاعراف : ٦
(യാതൊരു കൂട്ടരിലേക്കു റസൂല്‍ അയക്കപ്പെട്ടിരിക്കുന്നുവോ അവരോടു നിശ്ചയമായും നാം ചോദ്യംചെയ്യും. റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദ്യംചെയ്യും. (സൂ: അഅ്റാഫ് : 6)).
വിഭാഗം - 2
- يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا ﴾٩﴿
- ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെമേല്‍ അല്ലാഹു അനുഗ്രഹം ചെയ്തതിനെ ഓര്‍ക്കുവിന്‍; അതായതു; നിങ്ങളുടെ അടുക്കല്‍ കുറെ സൈന്യങ്ങള്‍ വരുകയും, എന്നിട്ട് നാം അവരില്‍ ഒരു (ശക്തിമത്തായ) കാറ്റിനെയും, നിങ്ങള്‍ കണ്ടിട്ടില്ലാത്ത കുറെ സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭം. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു.
- يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ إِذْ جَاءَتْكُمْ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ جُنُودٌ ചില സൈന്യങ്ങള്‍, കുറെ പട്ടാളങ്ങള്‍ فَأَرْسَلْنَا എന്നിട്ടു നാം അയച്ചു عَلَيْهِمْ അവരില്‍, അവരുടെമേല്‍ رِيحًا ഒരു കാറ്റു وَجُنُودًا ചില സൈന്യങ്ങളെയും لَّمْ تَرَوْهَا നിങ്ങള്‍ കാണാത്ത وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍
ഖന്‍ദഖ് (خندق) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വചനം. മദീനായിലെ യഹൂദരും, ഖുറൈശികളടക്കമുള്ള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചുകൊണ്ടു തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്‌ലിംകള്‍ നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്. മുസ്‌ലിംകളാകട്ടെ, മുവ്വായിരം മാത്രമായിരുന്നു. ഉഹ്ദ് യുദ്ധം കഴിഞ്ഞ പിറ്റേ കൊല്ലം – ഹിജ്റ അഞ്ചാം കൊല്ലം – ഉണ്ടായ ഈ യുദ്ധത്തില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശത്രുസേന പല കക്ഷികള്‍ ചേര്‍ന്നതാകകൊണ്ടു ഈ യുദ്ധത്തിനു ‘അഹ്സാബു’ യുദ്ധം (غزوة الاحزاب) -അഥവാ പല സൈന്യസംഘങ്ങളും പങ്കെടുത്ത യുദ്ധം – എന്നും, ശത്രുക്കള്‍ മദീനായില്‍ പ്രവേശിക്കുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍കൂടി മുസ്‌ലിംകള്‍ വമ്പിച്ച ഒരു ‘ഖന്‍ദഖു’ (കിടങ്ങു) കുഴിച്ചിരുന്നതുകൊണ്ടു ‘ഖന്‍ദഖു’ യുദ്ധമെന്നും ഇതിനു പേര്‍ പറയപ്പെടുന്നു. ഈ ഖന്‍ദഖു കുഴിക്കുന്നതില്‍ മുസ്‌ലിംകള്‍ ചെയ്ത ത്യാഗങ്ങളും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വിശപ്പുനിമിത്തം വയറ്റത്തു കല്ലുവെച്ചു കെട്ടികൊണ്ടും മറ്റും അതില്‍ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്. യുദ്ധത്തില്‍ കിടങ്ങു നിര്‍മ്മിക്കുന്ന ഏര്‍പ്പാടു അറബികള്‍ക്കു അപരിചിതമായിരുന്നു. പേര്‍ഷ്യക്കാരനായിരുന്ന സല്‍മാന്‍ (سلمان الفارسى رض) എന്ന സഹാബിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കിടങ്ങു നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
ശത്രുക്കള്‍ കിടങ്ങിന്‍റെ മറുവശത്തായി മദീനയെ കുറെ ദിവസത്തോളം ഉപരോധം ചെയ്തുകൊണ്ടിരുന്നു. മുസ്‌ലിംകളാകട്ടെ – താഴെ ആയത്തുകളില്‍ കാണാവുന്നതുപോലെ – പലതരത്തിലുള്ള കഷ്ടതകളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെയിരിക്കെ, അതിശൈത്യവും, കൂരിരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ അല്ലാഹു ഒരു കൊടുങ്കാറ്റു നിയോഗിച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണു നിറഞ്ഞു. തമ്പുകള്‍ പറന്നു പോയി. തീ കെട്ടുകളഞ്ഞു. വെപ്പുപാത്രങ്ങള്‍ മറിഞ്ഞുവീണു. കുതിരകള്‍ അലറിപ്പാഞ്ഞു. ചരല്‍മഴ വര്‍ഷിച്ചു. കൂട്ടനിലവിളിയായി. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുക്കള്‍ അങ്ങേഅറ്റം ഭയവിഹ്വലരായി. അവരുടെ സംഘം ഛിന്നഭിന്നമായി സ്ഥലം വിട്ടു. മുസ്‌ലിംകള്‍ക്കു രക്ഷ ലഭിക്കുകയും ചെയ്തു. الحمد لله
‘നിങ്ങള്‍ കാണാത്ത സൈന്യങ്ങളും’ (وَجُنُودًا لَّمْ تَرَوْهَا) എന്നു പറഞ്ഞതു മലക്കുകളെക്കുറിച്ചാകുന്നു. ഈ കാറ്റിലും, അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലും മലക്കുകള്‍ക്കും, അവരുടെ അദൃശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ടായിരുന്നുവെന്നു സാരം. ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു’ (وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا) എന്ന വാക്യം സത്യവിശ്വാസികള്‍ക്കു വമ്പിച്ച ഒരു സന്തോഷവാര്‍ത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അവര്‍ അനുഭവിച്ച വിഷമങ്ങളും, അവര്‍ വരിച്ച ത്യാഗങ്ങളും അല്ലാഹു ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. അതിന് അവന്‍ തക്ക പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്നു സാരം. യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപം ആദ്യം പ്രസ്താവിച്ചശേഷം അതിലെ ചില വശങ്ങളെ താഴെ ആയത്തുകളില്‍ പ്രത്യേകം എടുത്തു വിവരിക്കുന്നു:-
- إِذْ جَآءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ ٱلْأَبْصَٰرُ وَبَلَغَتِ ٱلْقُلُوبُ ٱلْحَنَاجِرَ وَتَظُنُّونَ بِٱللَّهِ ٱلظُّنُونَا۠ ﴾١٠﴿
- അതായത്, അവര്‍ [ആ സൈന്യങ്ങള്‍] നിങ്ങളുടെ മുകളില്‍കൂടിയും, താഴ്ഭാഗത്തുകൂടിയും നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍! കണ്ണുകള്‍ നില തെറ്റിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടകളില്‍ [കണ്ഠനാളങ്ങളില്‍] എത്തുകയും ചെയ്തപ്പോള്‍!! നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ച് പല (തെറ്റ്)ധാരണകള്‍ ധരിച്ചുകൊണ്ടിരിക്കയും (ചെയ്തപ്പോള്‍)!!
- إِذْ جَاءُوكُم അവര്‍ നിങ്ങളുടെ അടുക്കല്‍വന്നപ്പോള്‍ مِّن فَوْقِكُمْ നിങ്ങളുടെ മുകളില്‍കൂടി وَمِنْ أَسْفَلَ താഴത്തുകൂടിയും مِنكُمْ നിങ്ങളുടെ, നിങ്ങളില്‍ നിന്നു وَإِذْ زَاغَتِ നില തെറ്റിയപ്പോഴും الْأَبْصَارُ കണ്ണുകള്‍, ദൃഷ്ടികള്‍ وَبَلَغَتِ എത്തുകയും (ചെയ്തപ്പോള്‍) الْقُلُوبُ ഹൃദയങ്ങള്‍ الْحَنَاجِرَ തൊണ്ടകളില്‍, കണ്ഠനാളങ്ങളില്‍ وَتَظُنُّونَ നിങ്ങള്‍ ധരിക്കുകയും, വിചാരിക്കുകയും (ചെയ്തപ്പോള്‍) بِاللَّـهِ അല്ലാഹുവിനെപ്പറ്റി الظُّنُونَا ധാരണകളെ, ഊഹങ്ങളെ
- هُنَالِكَ ٱبْتُلِىَ ٱلْمُؤْمِنُونَ وَزُلْزِلُوا۟ زِلْزَالًا شَدِيدًا ﴾١١﴿
- അവിടെവെച്ച് സത്യവിശ്വാസികള്‍ പരീക്ഷണം ചെയ്യപ്പെടുകയും, അവര്‍ കഠിനമായ വിറ വിറപ്പിക്കപ്പെടുകയും ചെയ്തു.
- هُنَالِكَ അവിടെ വെച്ചു ابْتُلِيَ പരീക്ഷിക്കപ്പെട്ടു الْمُؤْمِنُونَ സത്യവിശ്വാസികള്‍ وَزُلْزِلُوا അവര്‍ വിറപ്പിക്കപ്പെടുക (കിടുകിടുക്കപ്പെടുക)യും ചെയ്തു زِلْزَالًا ഒരു വിറ, കിടുകിടുക്കല്‍ شَدِيدًا കഠിനമായ
മദീനായുടെ കിഴക്കു ഭാഗത്തുള്ള കുന്നിന്‍പ്രദേശങ്ങളില്‍കൂടിയും, പടിഞ്ഞാറുഭാഗത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍കൂടിയും വന്നു ശത്രുക്കള്‍ മദീനായെ ഉപരോധം ചെയ്തു. സര്‍വ്വ സജ്ജീകരണങ്ങളോടുകൂടി വമ്പിച്ച ഒരു ശത്രുസൈന്യം രാജ്യത്തെ വലയം ചെയ്തിരിക്കുക, സാമ്പത്തികവിഷമവും ഭക്ഷണദൗ൪ലഭ്യവും നിമിത്തം ജനങ്ങള്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുക, പുറത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുക, ആക്രമിച്ചു കടക്കുവാന്‍ ശത്രുസൈന്യം തക്കം പാര്‍ത്തും സംഘട്ടനങ്ങള്‍ നടത്തിയും കൊണ്ടിരിക്കുക, ഇതിനെല്ലാം പുറമെ കപടവിശ്വാസികളും, ദു൪ബ്ബലഹൃദയന്‍മാരുമായ ആളുകള്‍ ഭീതിയും ഭയാശങ്കകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കയും ചെയ്യുക, ഇങ്ങിനെയുള്ള ഒരു ചുറ്റുപാടില്‍ മുസ്‌ലിംകളുടെ പൊതുനില എന്തായിരിക്കുമെന്നു ഏറെക്കുറെ ഊഹിക്കാമല്ലോ. ഇതിന്‍റെ ഒരു ചിത്രീകരണമാണ് ഈ വചനങ്ങളില്‍ കാണുന്നത്. ചുരുക്കത്തില്‍, അല്ലാഹു പറഞ്ഞതുപോലെ അവര്‍ വിറവിറച്ചു. ഇങ്ങിനെയുള്ള പരീക്ഷണങ്ങളിലാണല്ലോ യഥാര്‍ത്ഥ വിശ്വാസവും നാമമാത്ര വിശ്വാസവും തമ്മില്‍ തിരിച്ചറിയുവാന്‍ കഴിയുക. കപടവിശ്വാസികളുടെയും, ദുര്‍ബ്ബല വിശ്വാസികളുടെയും നിലപാടു ഈ അവസരത്തില്‍ എന്തായിരുന്നുവെന്നും, അവര്‍നിമിത്തം ജനങ്ങളില്‍ ഉളവായ കോളിളക്കം എത്രമാത്രമായിരുന്നുവെന്നും താഴെ വചനങ്ങളില്‍നിന്നു മനസ്സിലാക്കാം.
- وَإِذْ يَقُولُ ٱلْمُنَٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌ مَّا وَعَدَنَا ٱللَّهُ وَرَسُولُهُۥٓ إِلَّا غُرُورًا ﴾١٢﴿
- കപടവിശ്വാസികളും, ഹൃദയങ്ങളില്‍ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക): 'അല്ലാഹുവും അവന്‍റെ റസൂലും നമ്മോടു വഞ്ചനയല്ലാതെ (ഒന്നും തന്നെ) വാഗ്ദാനം ചെയ്തിട്ടില്ല.'
- وَإِذْ يَقُولُ പറഞ്ഞിരുന്ന സന്ദര്‍ഭവും الْمُنَافِقُونَ കപടവിശ്വാസികള്‍ وَالَّذِينَ യാതൊരുകൂട്ടരും فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ (ഒരുതരം) രോഗം مَّا وَعَدَنَا നമ്മോടു വാഗ്ദാനം ചെയ്തിട്ടില്ല اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും إِلَّا غُرُورًا വഞ്ചന (ചതി) അല്ലാതെ
- وَإِذْ قَالَت طَّآئِفَةٌ مِّنْهُمْ يَٰٓأَهْلَ يَثْرِبَ لَا مُقَامَ لَكُمْ فَٱرْجِعُوا۟ ۚ وَيَسْتَـْٔذِنُ فَرِيقٌ مِّنْهُمُ ٱلنَّبِىَّ يَقُولُونَ إِنَّ بُيُوتَنَا عَوْرَةٌ وَمَا هِىَ بِعَوْرَةٍ ۖ إِن يُرِيدُونَ إِلَّا فِرَارًا ﴾١٣﴿
- അവരില്‍നിന്നും ഒരുവിഭാഗം (ആളുകള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക): 'യഥ്‌രിബുകാരേ! നിങ്ങള്‍ക്കു (എനി) യാതൊരു നിലനില്‍പുമില്ല; ആകയാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍!'. അവരില്‍ നിന്നും ഒരു സംഘം (ആളുകള്‍ അണിവിട്ടു പോകാന്‍) നബിയോട് അനുവാദം തേടുകയും ചെയ്യുന്നു! അവര്‍ പറയുന്നു: 'നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ (ഭദ്രതയില്ലാത്ത) നഗ്നങ്ങളാണ്' എന്ന്! അവയാകട്ടെ, നഗ്നമൊന്നുമല്ല; ഓടിപ്പോകുക എന്നല്ലാതെ, (മറ്റൊന്നും) അവര്‍ ഉദ്ദേശിച്ചിരുന്നില്ല.
- وَإِذْ قَالَت പറഞ്ഞ സന്ദര്‍ഭവും طَّائِفَةٌ مِّنْهُمْ അവരില്‍ നിന്നൊരു വിഭാഗം يَا أَهْلَ يَثْرِبَ ഹേ, യഥ്‌രിബുകാരേ لَا مُقَامَ നിലനില്‍പ്പില്ല لَكُمْ നിങ്ങള്‍ക്കു فَارْجِعُوا അതിനാല്‍ നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍ وَيَسْتَأْذِنُ അനുവാദം തേടുകയും ചെയ്യുന്നു فَرِيقٌ مِّنْهُمُ അവരില്‍നിന്നൊരു സംഘം, കക്ഷി النَّبِيَّ നബിയോടു يَقُولُونَ അവര്‍ പറയുന്നു إِنَّ بُيُوتَنَا നിശ്ചയമായും ഞങ്ങളുടെ വീടുകള്‍ عَوْرَةٌ നഗ്നമാണ്, ഭദ്രതയില്ലാത്തതാണ് وَمَا هِيَ അവ അല്ലതാനും بِعَوْرَةٍ നഗ്നമായത് إِن يُرِيدُونَ അവര്‍ ഉദ്ദേശിക്കുന്നില്ല إِلَّا فِرَارًا ഓടിപ്പോകുന്നതിനെയല്ലാതെ
സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും, ഒടുവില്‍ അവര്‍ക്കാണ് വിജയം കൈവരുക എന്നൊക്കെയുള്ള അല്ലാഹുവിന്‍റെ വാഗ്ദാനങ്ങളും, പേര്‍ഷ്യായും റോമായും മുസ്‌ലിംകള്‍ ജയിച്ചടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വാഗ്ദാനങ്ങളും നമ്മെ വഞ്ചിക്കുവാന്‍വേണ്ടി മാത്രമുള്ളതാണ്; അതിലൊന്നും യാഥാര്‍ത്ഥ്യമില്ല. എന്നൊക്കെ മുനാഫിഖുകള്‍ പറഞ്ഞു പ്രചരിപ്പിച്ചു. ഹൃദയദൗര്‍ബ്ബല്യമാകുന്ന രോഗം പിടിപെട്ടവര്‍ അതു ഏറ്റുപറയുകയും ചെയ്തു. ഇത്രയും വമ്പിച്ച ശത്രുസൈന്യത്തിന്‍റെ മുമ്പില്‍ ഉറച്ചുനില്‍ക്കുവാനോ, അവരെ പരാജയപ്പെടുത്തി ഈ നാട്ടില്‍തന്നെ വാസം തുടരുവാനോ ഈ രാജ്യക്കാര്‍ക്കു എനി സാധ്യമല്ല; അതുകൊണ്ട് വേഗം യുദ്ധം ഉപേക്ഷിച്ചു അണികളില്‍നിന്നു പിന്‍വാങ്ങണം എന്നിങ്ങിനെ അബ്ദുല്ലാഹിബ്നു ഉബ്ബയ്യ് പോലെയുള്ള മുനാഫിഖു തലവന്‍മാര്‍ മുസ്‌ലിംകളെ ഭീതിപ്പെടുത്തി. ‘ഞങ്ങളുടെ വീടുകള്‍ സുരക്ഷിതങ്ങളല്ല; അവ കെട്ടുറപ്പില്ലാത്തവയാണ്; ശത്രുക്കള്‍ നിഷ്പ്രയാസം വന്നു കൊള്ളയും കവര്‍ച്ചയും നടത്തിക്കളഞ്ഞേക്കും; അതുകൊണ്ടു ഞങ്ങള്‍ക്കു അണിവിട്ട് വീടുകളിലേക്കു പോകാന്‍ സമ്മതം തരണം’. എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടപേക്ഷിച്ചു കൊണ്ട് വേറൊരു വിഭാഗം ആളുകള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ യഥാര്‍ത്ഥ നിലപാടെന്തായിരുന്നുവെന്ന് അടുത്ത വചനത്തില്‍ കാണാം.
മദീനായുടെ പഴയ പേരാണ് ‘യഥ്‌രിബു’ (يثرب). മദീനായുടെ ഒരു ഭാഗത്തിനു മാത്രമായിരുന്നു ആ പേരുണ്ടായിരുന്നതെന്നും ചിലര്‍ പ്രസ്താവിച്ചുകാണുന്നു. ‘നിങ്ങള്‍ മടങ്ങിക്കൊള്ളുവിന്‍’ (فَارْجِعُوا) എന്ന വാക്കിന്‍റെ താല്‍പര്യം യുദ്ധ അണികളില്‍ നിന്നു പിന്‍വാങ്ങിക്കൊള്ളണമെന്നും, ഇസ്‌ലാമിനെ വിട്ടു പഴയപടി ശിര്‍ക്കിലേക്കു തന്നെ മടങ്ങിക്കൊള്ളണമെന്നും ആകാവുന്നതാണ്.
الله اعلم
- وَلَوْ دُخِلَتْ عَلَيْهِم مِّنْ أَقْطَارِهَا ثُمَّ سُئِلُوا۟ ٱلْفِتْنَةَ لَءَاتَوْهَا وَمَا تَلَبَّثُوا۟ بِهَآ إِلَّا يَسِيرًا ﴾١٤﴿
- അതിന്‍റെ ഭാഗങ്ങില്‍കൂടി (ശത്രുക്കള്‍ക്കു) അവരുടെ മേല്‍ പ്രവേശനമുണ്ടായിരിക്കുകയും, എന്നിട്ടു അവരോടു കുഴപ്പത്തിനു ആവശ്യപ്പെടുകയും ചെയ്തെന്നു വരികില്‍, നിശ്ചയമായും അവര്‍ അതു ചെയ്തുകൊടുക്കുന്നതാണ്; അല്പ (മാത്ര) മല്ലാതെ അവര്‍ അതിനു താമസം വരുത്തുകയുമില്ല.
- وَلَوْ دُخِلَتْ അതില്‍ പ്രവേശിക്കപ്പെട്ടാല്‍ عَلَيْهِم അവരുടെമേല്‍ مِّنْ أَقْطَارِهَا അതിന്‍റെ ഭാഗങ്ങളില്‍ കൂടി ثُمَّ പിന്നീടു, എന്നിട്ടു سُئِلُوا അവരോടു ചോദിക്കപ്പെടുക (ആവശ്യപ്പെടുക)യും الْفِتْنَةَ കുഴപ്പം, കലഹം لَآتَوْهَا അവരതു ചെയ്യുന്നതാണ്, ചെയ്തുകൊടുക്കും وَمَا تَلَبَّثُوا അവര്‍ താമസം വരുത്തുകയില്ല, പിന്തിനില്‍ക്കുകയില്ല بِهَا അതിനു, അതില്‍ إِلَّا يَسِيرًا അല്‍പമല്ലാതെ, കുറച്ചൊഴികെ
ശത്രുവിഭാഗക്കാര്‍ തങ്ങളുടെ വീടുകള്‍ക്കിടയില്‍കൂടി – അല്ലെങ്കില്‍ മദീനായുടെ ഏതെങ്കിലും വശങ്ങളില്‍കൂടി – നാട്ടില്‍ പ്രവേശിക്കുകയും, എന്നിട്ട് അവരോട്: കൂറുമാറിയോ, മതപരിവര്‍ത്തനം ചെയ്തോ കുഴപ്പമുണ്ടാക്കുവാനാവശ്യപ്പെടുകയും ചെയ്‌താല്‍, ഒട്ടും താമസിയാതെ അവര്‍ അതിനു മുതിരുന്നതാണെന്നു സാരം. ഇതായിരുന്നു അവരുടെ മനസ്ഥിതി. ഇതില്‍നിന്നാണ് മേല്‍ കണ്ടതുപോലെയുള്ള പ്രസ്താവനകളും ആവശ്യങ്ങളും പുറത്തുവന്നത്.
- وَلَقَدْ كَانُوا۟ عَٰهَدُوا۟ ٱللَّهَ مِن قَبْلُ لَا يُوَلُّونَ ٱلْأَدْبَٰرَ ۚ وَكَانَ عَهْدُ ٱللَّهِ مَسْـُٔولًا ﴾١٥﴿
- (യുദ്ധവേളകളില്‍) തങ്ങള്‍ പിന്‍തിരിഞ്ഞുപോകുന്നതല്ല എന്ന് അല്ലാഹുവിനോടു അവര്‍ മുമ്പ് ഉടമ്പടി ചെയ്തിട്ടുമുണ്ടായിരുന്നു. അല്ലാഹുവിനോടുള്ള ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.
- وَلَقَدْ كَانُوا നിശ്ചയമായും അവര്‍ ഉണ്ടായിട്ടുണ്ട് عَاهَدُوا അവര്‍ ഉടമ്പടിചെയ്യുക (ഉണ്ടായിട്ടുണ്ട്) اللَّـهَ അല്ലാഹുവിനോടു مِن قَبْلُ മുമ്പു لَا يُوَلُّونَ അവര്‍ തിരിക്കുകയില്ലെന്നു الْأَدْبَار പിന്‍ഭാഗം وَكَانَ ആകുന്നു عَهْدُ اللَّـهِ അല്ലാഹുവിന്‍റെ (അല്ലാഹുവിനോടുള്ള) ഉടമ്പടി مَسْئُولًا ചോദ്യം ചെയ്യപ്പെടുന്നതു
ഉഹ്ദ് യുദ്ധത്തി ബനൂഹാരിഥഃ (بنو حارثة) ഗോത്രക്കാര്‍ യുദ്ധക്കളം വിട്ടോടിപ്പോകുകയും, അനന്തരം ഖേദിച്ച് മടങ്ങി മേലില്‍ അങ്ങിനെ ചെയ്കയില്ലെന്നു കരാര്‍ ചെയ്കയും ചെയ്തിരുന്നു. ഇവരാണ് പ്രധാനമായും ഖന്‍ദഖ് യുദ്ധത്തില്‍ മേല്‍ പ്രസ്താവിച്ച പ്രകാരം യുദ്ധഅണികള്‍ വിട്ടു പിന്‍വാങ്ങുവാന്‍ അനുവാദം തേടിയിരുന്നത്. ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന ചിലര്‍, അന്നു മുസ്‌ലിംകള്‍ക്കു അപ്രതീക്ഷിതമായ വിജയം ലഭിച്ചുകണ്ടപ്പോള്‍, മേലില്‍ തങ്ങള്‍ എല്ലാ യുദ്ധത്തിലും ശരിക്കു പങ്കെടുക്കുമെന്നു ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്താവിക്കുന്നത്. അല്ലാഹുവിനോടുള്ള കരാറും ഉടമ്പടിയും ശരിക്കു പാലിക്കപ്പെടാത്തപക്ഷം, അതു ചോദ്യം ചെയ്യപ്പെടുകയും, അതിനു തക്ക നടപടി എടുക്കപ്പെടുകയും ചെയ്യുന്നതാണെന്ന താക്കീതാണ് അവസാനത്തെ വാക്യത്തിലുള്ളത്.
- قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا ﴾١٦﴿
- (നബിയേ) പറയുക: 'മരണത്തില്‍നിന്നോ, കൊലയില്‍നിന്നോ നിങ്ങള്‍ പേടിച്ചോടുന്നപക്ഷം, (ആ) ഓട്ടം നിങ്ങള്‍ക്കു പ്രയോജനം ചെയ്യുന്നതേയല്ല, (പ്രയോജനപ്പെട്ടു) എങ്കില്‍തന്നെ, അല്‍പ (മാത്ര) മല്ലാതെ നിങ്ങള്‍ക്കു (ജീവിത) സുഖം നല്കപ്പെടുകയുമില്ല.'
- قُل പറയുക لَّن يَنفَعَكُمُ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതേയല്ല الْفِرَارُ ഓടിപ്പോകല്‍, പേടിച്ചു പിന്‍വാങ്ങല്‍ إِن فَرَرْتُم നിങ്ങള്‍ ഓടിപ്പോയാല്‍ مِّنَ الْمَوْتِ മരണത്തില്‍നിന്നു أَوِ الْقَتْلِ അല്ലെങ്കില്‍ കൊലയില്‍നിന്നു وَإِذًا എങ്കില്‍തന്നെ, അപ്പോഴും لَّا تُمَتَّعُونَ നിങ്ങള്‍ക്ക് സുഖം നല്‍കപ്പെടുകയില്ല إِلَّا قَلِيلًا അല്‍പമല്ലാതെ
- قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةً ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّا وَلَا نَصِيرًا ﴾١٧﴿
- പറയുക: 'വല്ല തിന്‍മയും അല്ലാഹു നിങ്ങളില്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നിങ്ങളില്‍ വല്ല കാരുണ്യവും ഉദ്ദേശിക്കുകയോ ചെയ്യുന്നപക്ഷം, അവനില്‍നിന്ന് നിങ്ങളെ തടുക്കുന്നവര്‍ ആരാണുള്ളത്?!' അല്ലാഹുവിനുപുറമെ, ഒരു കൈകാര്യകര്‍ത്താവിനെയാകട്ടെ, ഒരു സഹായകനെയാകട്ടെ അവര്‍ക്കു കിട്ടുകയില്ല.
- قُلْ പറയുക مَن ആരാണ് ذَا الَّذِي ഇങ്ങിനെയുള്ള ഒരുവന്‍ يَعْصِمُكُم നിങ്ങളെ തടുക്കുന്നു, കാത്തുതരുന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍, നിങ്ങളെക്കൊണ്ടു سُوءًا വല്ല തിന്‍മയും أَوْ أَرَادَ അല്ലെങ്കിലവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍ رَحْمَةً വല്ല കാരുണ്യവും وَلَا يَجِدُونَ അവര്‍ക്കു കിട്ടുകയില്ല, അവര്‍ എത്തിക്കുകയില്ല لَهُم തങ്ങള്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَلِيًّا ഒരു രക്ഷാകര്‍ത്താവിനെയും وَلَا نَصِيرًا ഒരു സഹായകനെയും ഇല്ല
അല്ലാഹു നിശ്ചയിച്ച കാലാവധി വിട്ടുകടന്നു മരണത്തില്‍നിന്നു രക്ഷപ്പെടുവാന്‍ ആര്‍ക്കും സാധ്യമല്ല. ചില സന്നിഗ്ദ്ധഘട്ടങ്ങളില്‍ പേടിച്ചോടിപ്പോയതുകൊണ്ടു തല്‍ക്കാലം രക്ഷപ്പെട്ടുവെന്ന് തോന്നിയേക്കാം. എന്നാല്‍ തന്നെ ആ കാലാവധിവരെമാത്രമേ ഇവിടെ ജീവിക്കുവാനും സുഖിക്കുവാനും ആര്‍ക്കും സാധിക്കയുള്ളു.
- ۞ قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا ﴾١٨﴿
- നിങ്ങളില്‍നിന്നുള്ള പിന്‍തിരിപ്പന്‍മാരെ [ലക്ഷ്യം മുടക്കുന്നവരെ]യും, 'ഞങ്ങളുടെ അടുക്കലേക്കു വരൂ' എന്നു തങ്ങളുടെ സഹോദരന്‍മാരോടു പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. അവര്‍ അല്പമായിട്ടല്ലാതെ പടക്കു വരുകയും ചെയ്യുന്നതല്ല;...
- قَدْ يَعْلَمُ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയുന്നു الْمُعَوِّقِينَ പിന്‍തിരിപ്പന്‍മാരെ, ലക്ഷ്യം മുടക്കുന്നവരെ مِنكُمْ നിങ്ങളില്‍ നിന്നുള്ള وَالْقَائِلِينَ പറയുന്നവരെയും لِإِخْوَانِهِمْ തങ്ങളുടെ സഹോദരന്‍മാരോടു هَلُمَّ إِلَيْنَا ഞങ്ങളുടെ അടുക്കലേക്കു വരൂ وَلَا يَأْتُونَ അവര്‍ വരുന്നതുമല്ല الْبَأْسَ പടയ്ക്ക്, കാഠിന്യത്തിങ്കല്‍ إِلَّا قَلِيلًا അൽപമായിട്ടല്ലാതെ
- أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ﴾١٩﴿
- (അതുംതന്നെ) നിങ്ങളില്‍ പിശുക്കന്‍മാരായും കൊണ്ട്! എന്നിട്ട് (യുദ്ധ)ഭയം വന്നെത്തിയാല്‍, അവര്‍ നിന്‍റെ അടുക്കലേക്കു നോക്കുന്നതായി നിനക്കു കാണാം; മരണം നിമിത്തം ബോധക്ഷയം ബാധിക്കുന്നവനെപ്പോലെ, അവരുടെ കണ്ണുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ, (യുദ്ധ) ഭയം പോയിക്കഴിഞ്ഞാല്‍ അവര്‍, മൂര്‍ച്ചയേറിയ നാവുകളാല്‍ നിങ്ങളെ സ്വൈരം കെടുത്തുകയും ചെയ്യും; നന്മയില്‍ (ദുര്‍മ്മോഹം പൂണ്ട) പിശുക്കന്‍മാരായുംകൊണ്ടു! അക്കൂട്ടര്‍ (വാസ്തവത്തില്‍) വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങളെ നിഷ്ഫലമാക്കിയിരിക്കുന്നു. അതു അല്ലാഹുവിന്‍റെമേല്‍ ഒരു നിസ്സാരകാര്യമാകുന്നു.
- أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുര്‍മ്മോഹികളായിട്ടു عَلَيْكُمْ നിങ്ങളുടെമേല്‍ فَإِذَا جَاءَ എന്നിട്ടുവന്നാല്‍ الْخَوْفُ ഭയം رَأَيْتَهُمْ നിനക്കവരെ കാണാം, നീ കാണും يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്നിലേക്കു تَدُورُ കറങ്ങും, വട്ടം ചുറ്റിക്കൊണ്ടു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ كَالَّذِي യതൊരുവനെപ്പോലെ يُغْشَىٰ عَلَيْهِ അവനു ബോധക്ഷയം ബാധിക്കുന്നു (അങ്ങിനെയുള്ള) مِنَ الْمَوْتِ മരണത്താല്‍, മരണം നിമിത്തം فَإِذَا ذَهَبَ അങ്ങനെ പോയാല്‍ الْخَوْفُ ഭയം, പേടി سَلَقُوكُم അവ൪ നിങ്ങളെ സ്വൈരം കെടുത്തും, കുത്തിപ്പറയും, പ്രഹരിക്കും بِأَلْسِنَةٍ നാവുകളാല്‍ حِدَادٍ മൂര്‍ച്ചയുള്ള أَشِحَّةً പിശുക്കന്‍മാരായിക്കൊണ്ടു, ദുരാഗ്രഹികളായിട്ടു عَلَى الْخَيْرِ നന്‍മയില്‍, നല്ലതിനു أُولَـٰئِكَ അക്കൂട്ടര്‍ لَمْ يُؤْمِنُوا വിശ്വസിച്ചിട്ടില്ല فَأَحْبَطَ اللَّـهُ അതിനാല്‍ അല്ലാഹു നിഷ്ഫലമാക്കി أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ يَسِيرًا നിസ്സാരമായത്
കപടവിശ്വാസികളുടെ മറ്റു ചില സ്വഭാവങ്ങളാണിത്. അവര്‍ തങ്ങളെപ്പോലെ മറ്റുള്ളവരെയും യുദ്ധത്തില്‍ നിന്നു പിന്‍തിരിപ്പുക്കവാന്‍ ശ്രമിക്കുകയും, പ്രചാരണം നടത്തുകയും ചെയ്തുവന്നു. യുദ്ധത്തില്‍ അവര്‍ പങ്കെടുക്കുന്നുവെങ്കില്‍തന്നെ, അതു കേവലം നാമമാത്രമായിരിക്കും, മുസ്ലിംകളെ സഹായിക്കുന്നതിലും അവരുമായി സഹകരിക്കുന്നതിലും ലവലേശം സന്നദ്ധത കാണിക്കാത്തവണ്ണം കടുത്ത പിശുക്കന്‍മാരാണവര്‍. അതേ സമയത്തു തനി ഭീരുക്കളും! യുദ്ധഭീതി വന്നുകഴിഞ്ഞാല്‍ അന്ധാളിച്ചു തുറിച്ചുനോക്കുകയും, മരണവേളയിലെന്നപോലെ പരിഭ്രമിച്ചു കണ്ണുരുട്ടുകയും ചെയ്യും. യുദ്ധഭീതി അവസാനിച്ചുകഴിഞ്ഞാലോ? സത്യവിശ്വാസികളുടെ നേരെ കടുത്തതും ഉരത്തതുമായ ശരവര്‍ഷങ്ങള്‍ നടത്തുകയായി. യുദ്ധാനന്തരം ലഭിച്ചേക്കുന്ന (‘ഗനീമത്തു’ മുതലായ) നേട്ടങ്ങള്‍ കാണുമ്പോള്‍ അതിനു ആര്‍ത്തിയും ദുര്‍മ്മോഹവും പ്രകടമാക്കുകയും ചെയ്യും. ബാഹ്യത്തില്‍ മുസ്‌ലിംകളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവരെ വിശ്വാസം തീണ്ടിയിട്ടില്ല എന്നതാണ് ഇതിനെല്ലാം കാരണം. വിശ്വാസം കൂടാതെയുള്ള പ്രവര്‍ത്തനങ്ങളാകട്ടെ, അല്ലാഹുവിങ്കല്‍ സ്വീകാര്യവുമല്ല.
شحيح (ശഹീഹ്) എന്ന വാക്കിന്‍റെ ബഹുവചനമാണ് أَشِحَّة (അശിഹ്-ഹത്ത) ‘പിശുക്കന്‍മാര്‍, ലുബ്ധന്മാര്‍’ എന്നൊക്കെയാണ് സാധാരണ അതിന് അര്‍ത്ഥം പറയാറുള്ളത്. പക്ഷേ, കൈവശമുള്ളതില്‍ പിശുക്കു കാണിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ പക്കലുള്ളതില്‍ ദുരാഗ്രഹവുംകൂടി ഉള്ളവര്‍ എന്നത്രെ ഈ വാക്കിന്‍റെ താല്പര്യം. ആകയാല്‍, സന്ദര്‍ഭമനുസരിച്ച് ‘പിശുക്കന്‍മാര്‍’ എന്നും ‘ദുര്‍മ്മോഹികള്‍’ എന്നും ഇതിന് അര്‍ത്ഥം കല്‍പിക്കാവുന്നതാണ്. ഭീരുത്വത്തില്‍നിന്നു ഉടലെടുക്കുന്നതാണ് ലുബ്ധത. മാന്യമല്ലാത്ത അധമമനസ്ഥിതിയില്‍ നിന്നാണ് ദുര്‍മ്മോഹം ഉളവാകുന്നത്. അതുകൊണ്ട് ഒരാളെക്കുറിച്ച് شحيح എന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ അവനില്‍ ഈ നാലു ദുര്‍ഗുണങ്ങളും ഏറെക്കുറെ സമ്മേളിച്ചിരിക്കുമെന്നുകരുതാം. മുനാഫിഖുകളുടെ ഭീരുത്വത്തിന്‍റെ കാഠിന്യം നോക്കുക:
- يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَٰتَلُوٓا۟ إِلَّا قَلِيلًا ﴾٢٠﴿
- (സഖ്യ) കക്ഷികളെക്കുറിച്ച് അവര്‍ (സ്ഥലം വിട്ടു) പോയിട്ടില്ലെന്നു അവര്‍ വിചാരിക്കുന്നു! (സഖ്യ) കക്ഷികള്‍ (വീണ്ടും) വരുകയാണെങ്കിലോ, അവര്‍ കൊതിച്ചേക്കും: നിങ്ങളുടെ [സത്യവിശ്വാസികളുടെ] വൃത്താന്തങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുംകൊണ്ട് തങ്ങള്‍ 'അഅ്റാബി'കളുടെ കൂട്ടത്തില്‍ മരുഭൂവാസികളായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന്! അവര്‍ നിങ്ങളില്‍ ഉണ്ടായിരുന്നാലും, അല്‍പ(മാത്ര)മല്ലാതെ അവര്‍ യുദ്ധം നടത്തുകയില്ലതാനും.
- يَحْسَبُونَ അവര്‍ വിചാരിക്കുന്നു الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ لَمْ يَذْهَبُوا അവര്‍ പോയിട്ടില്ലെന്നു وَإِن يَأْتِ വരുന്നപക്ഷം الْأَحْزَابُ (സൈന്യ) കക്ഷികള്‍ يَوَدُّوا അവര്‍ കൊതിക്കും, മോഹിക്കും لَوْ أَنَّهُم അവരായിരുന്നെങ്കില്‍ എന്നു بَادُونَ മരുഭൂവാസികള്‍ فِي الْأَعْرَابِ 'അഅ്റാബി'കളില്‍ يَسْأَلُونَ തങ്ങള്‍ ചോദിച്ചറിഞ്ഞുംകൊണ്ട് عَنْ أَنبَائِكُمْ നിങ്ങളുടെ വൃത്താന്തങ്ങളെപ്പറ്റി وَلَوْ كَانُوا അവര്‍ ആയിരുന്നുവെങ്കില്‍, ആയിരുന്നാലും فِيكُم നിങ്ങളില്‍ مَّا قَاتَلُوا അവര്‍ യുദ്ധം ചെയ്യുകയില്ല إِلَّا قَلِيلًا അൽപമല്ലാതെ
മരുപ്രദേശങ്ങളില്‍ താമസിക്കുന്ന കൂടാരവാസികളായ അറബികള്‍ക്കാണ് ‘അഅ്റാബ്’ എന്നു പറയുന്നത്. ‘ബദു’ക്കള്‍ (*) എന്നും ഇവരെപ്പറ്റി പറയപ്പെടുന്നു. ആയത്തിന്‍റെ സാരം ഇപ്രകാരമാകുന്നു.
(*) Bedouins
ശത്രുസംഘങ്ങള്‍ അവര്‍ക്കു ബാധിച്ച കൊടുങ്കാറ്റും, തണുപ്പും നിമിത്തം ചിന്നിച്ചിതറി സ്ഥലം വിട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ, കപടവിശ്വാസികള്‍ക്കു – അവരുടെ ഭീരുത്വവും പരിഭ്രമവും നിമിത്തം – അതു വിശ്വാസമായിട്ടില്ല. ഒരുപക്ഷേ, തല്‍ക്കാലം ഒന്നു സ്ഥലം വിട്ടിട്ടുണ്ടെങ്കിലും അവര്‍ യുദ്ധം നിറുത്തിപ്പോയിട്ടില്ലെന്നും, ഉടനെ വീണ്ടും വന്ന് യുദ്ധം തുടരുമെന്നുമാണവരുടെ ധാരണ. എനി, ശത്രുക്കള്‍ വീണ്ടും മടങ്ങി വന്നുവെന്ന് സങ്കല്‍പിക്കുക, അപ്പോള്‍ ഇവരുടെ നിലപാടെന്തായിരിക്കും? ‘അയ്യോ! ഈ നാട്ടിലല്ലാതെ വല്ല വെളിപ്രദേശത്തും ബദുക്കളുടെ കൂട്ടത്തില്‍ താമസിക്കുന്നവരായിരുന്നു തങ്ങളെങ്കില്‍ എത്ര നന്നായേനെ! എന്നാല്‍ ഈ വിധത്തിലുള്ള ആപത്തുകളില്‍ ഭാഗഭാക്കകേണ്ടിവരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വര്‍ത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്നു അന്വേഷിച്ചറിഞ്ഞുകൊണ്ടിരുന്നാല്‍ മതിയായിരുന്നു!’ ഇതായിരിക്കും അവരുടെ മോഹം. എനി, ശത്രുക്കളുമായി യുദ്ധം നടക്കുമ്പോള്‍ അവര്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലുണ്ടെന്നു വിചാരിക്കുക, എന്നാലും അതുകൊണ്ടു പ്രയോജനമുണ്ടാകുന്നതല്ല. കാരണം, മനപ്പൂര്‍വം അതില്‍ പങ്കുവഹിക്കുകയോ, ഫലപ്രദമായ വല്ലതും പ്രവര്‍ത്തിക്കുകയോ അവര്‍ ചെയ്കയില്ലതന്നെ.
വിഭാഗം - 3
- لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا ﴾٢١﴿
- നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
- لَّقَدْ كَانَ തീര്‍ച്ചയായും ഉണ്ടായിരുന്നു, ഉണ്ടായിട്ടുണ്ട് لَكُمْ നിങ്ങള്‍ക്കു فِي رَسُولِ اللَّـهِ അല്ലാഹുവിന്‍റെ റസൂലില്‍ أُسْوَةٌ മാതൃക, പിന്‍തുടര്‍ച്ച حَسَنَةٌ നല്ലതായ لِّمَن യാതൊരുവര്‍ക്കു كَانَ يَرْجُو പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുന്ന اللَّـهَ അല്ലാഹുവിനെ وَالْيَوْمَ الْآخِرَ അന്ത്യനാളിനെയും وَذَكَرَ ഓര്‍മ്മിക്കുകയും ചെയ്ത اللَّـهَ അല്ലാഹുവിനെ كَثِيرًا ധാരാളം, വളരെ
ഒട്ടും ഭീരുത്വമോ, പരിഭ്രമോ കൂടാതെ, അല്ലാഹുവിന്‍റെ റസൂല്‍ യുദ്ധത്തില്‍ ആദ്യന്തം പങ്കെടുത്തും, നേതൃത്വം നല്‍കിയുംകൊണ്ടിരുന്നു. കൊടുങ്കാറ്റും, അതിശൈത്യവും, പെരുമഴയും ഒന്നിനുമീതെ മറ്റൊന്നെന്നോണം അസഹ്യമായിരുന്ന ആ രാത്രിയില്‍ – അശേഷം ധൈര്യക്ഷയം ബാധിക്കാതെ – അല്ലാഹുവിന്‍റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും, അതിനപേക്ഷിച്ചുകൊണ്ടും ഒരു ഉയര്‍ന്ന (*) സ്ഥലത്തുവെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നമസ്കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുകയാണ്. ശത്രുക്കളുടെ തിരക്കും ബഹളവും കേട്ട്, ‘അവിടെച്ചെന്നു അവരുടെ വിവരം അറിഞ്ഞു വരാന്‍ ആരുണ്ട്?’ എന്നു രണ്ടുമൂന്നു പ്രാവശ്യം അവിടുന്നു വിളിച്ചുചോദിച്ചു. 11-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, മുസ്‌ലിംകള്‍ വമ്പിച്ച പരീക്ഷണത്തിന് വിധേയരായിരിക്കയാണല്ലോ. അസഹ്യമായ വിശപ്പും, കഠോരമായ തണുപ്പും, മനുഷ്യസഹജമായ ഭയപ്പാടും എല്ലാവരെയും ബാധിച്ചിരിക്കുന്നു. ആരും മുന്നോട്ടു വന്നുകാണുന്നില്ല. കൂട്ടത്തില്‍ ഹുദൈഫത്തുബ്നുല്‍ യമാനി (رضي الله عنه)യും ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: ‘ഹുദൈഫാ! ഞാനീ പറയുന്നതു താങ്കള്‍ കേട്ടില്ലേ?!’ അദ്ദേഹം പറഞ്ഞു: തിരുമേനീ! ആപത്തും അതിശൈത്യവും അങ്ങേക്കു മറുപടി നല്‍കുവാന്‍ എന്നെ സമ്മതിക്കാതിരുന്നതാണ്.’ (منعنى أجيبك الضّر والقرّ). ശത്രുക്കളുടെ വിവരം ഗൂഢമായി അറിഞ്ഞുവരുവാന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹത്തിനു രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ജിബ്രീല്‍ (അ) വന്ന് വിജയത്തിന്‍റെ സന്തോഷവാര്‍ത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അറിയിച്ചു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനു നന്ദി പ്രകടിപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു: شكرا شكرا كما رحمتي ورحمت اصحابي (നന്ദി! എനിക്കും എന്‍റെ സഹാബികള്‍ക്കും നീ കരുണ ചെയ്തതിനു നന്ദി!!) ഹുദൈഫഃ (رضي الله عنه) മടങ്ങിവന്ന് ശത്രുസൈന്യങ്ങളുടെ സ്ഥിതിഗതികള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.
(*). ഇപ്പോള്‍ ‘മസ്ജിദുല്‍ ഫത്ത്ഹ്’ (مسجد الفتح) അഥവാ വിജയത്തിന്‍റെ പള്ളി സ്ഥിതിചെയ്യുന്നത് ഈ കുന്നിലാണ്.
9 മുതല്‍ 11 കൂടിയ ആയത്തുകളില്‍ മുസ്‌ലിംകളെപ്പറ്റി മൊത്തത്തിലായിരുന്നു പ്രതിപാദിച്ചിരുന്നത്. 12 മുതല്‍ 20 കൂടിയ വചനങ്ങളില്‍ കപടവിശ്വാസികളെയും, ദുര്‍ബ്ബല ഹൃദയന്‍മാരെയും കുറിച്ചായിരുന്നു സംസാരം. പരീക്ഷണഘട്ടങ്ങള്‍ നേരിടുമ്പോഴാണല്ലോ ഈ രണ്ടു തരക്കാരുടെയും യഥാര്‍ത്ഥ നിലപാടുകള്‍ പ്രത്യക്ഷമായിക്കാണുക. ഖന്‍ദഖു യുദ്ധത്തില്‍ അതു അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ അവരില്‍ പ്രകടമാകുകയും ചെയ്തു. ഇതേ അവസരത്തില്‍, യഥാര്‍ത്ഥ വിശ്വാസികളും ദൃഢമനസ്കരുമായ സത്യവിശ്വാസികളുടെ നിലപാടെന്തായിരുന്നു? പരീക്ഷണഘട്ടങ്ങളേയും, ആപല്‍സന്ധികളെയും അവരെങ്ങിനെ തരണംചെയ്തു? എന്നിങ്ങിനെയുള്ള വിവരങ്ങള്‍ 22, 23 എന്നീ ആയത്തുകളില്‍ പ്രസ്താവിക്കുന്നുമുണ്ട്. ഇടക്കുവെച്ച് ഈ (21-ാം) വചനത്തില്‍, മൗലികപ്രധാനമായ ഒരു വിഷയം – കപടവിശ്വാസികളും ദുര്‍ബ്ബലവിശ്വാസികളും ഇത്രയും അധമാവസ്ഥയില്‍ പതിക്കുവാനും, സത്യവിശ്വാസികളും ദൃഢമനസ്കരുമായ ആളുകള്‍ താഴെ പറയുംപ്രകാരം അങ്ങേഅറ്റം പ്രശംസനീയരും മാതൃകാപുരുഷന്‍മാരുമായി പുരോഗമിക്കുവാനുമുള്ള അടിസ്ഥാനകാരണം – ചൂണ്ടിക്കാട്ടുകയാണ്. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മാതൃക സ്വീകരിക്കാത്തതാണ് എല്ലാ പരാജയത്തിന്‍റെയും അധഃപതനത്തിന്‍റെയും കാരണം; അവിടുത്തെ മാതൃക സ്വീകരിക്കുന്നതാണ് എല്ലാ വിജയത്തിന്‍റെയും ഉന്നമനത്തിന്‍റെയും നിദാനം; പക്ഷേ, അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്‍റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരേ ആ മാതൃക അനുസരിക്കുവാന്‍ തയ്യാറാവുകയുള്ളു; അവര്‍ക്കുമാത്രമേ അതു പ്രയോജനപ്പെടുകയുമുള്ളു എന്നു സാരം. ‘നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ റസൂലില്‍ മാതൃകയുണ്ടായിട്ടുണ്ട്’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം, ‘അതായതു, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്’ എന്നു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നതു വളരെ ശ്രദ്ധേയമാകുന്നു. ഖന്‍ദഖു യുദ്ധത്തിലെ പരീക്ഷണഘട്ടങ്ങളില്‍ സത്യവിശ്വാസികള്‍ സ്വീകരിച്ച നിലപാടു അല്ലാഹു വിവരിക്കുന്നതു നോക്കുക;
- وَلَمَّا رَءَا ٱلْمُؤْمِنُونَ ٱلْأَحْزَابَ قَالُوا۟ هَٰذَا مَا وَعَدَنَا ٱللَّهُ وَرَسُولُهُۥ وَصَدَقَ ٱللَّهُ وَرَسُولُهُۥ ۚ وَمَا زَادَهُمْ إِلَّآ إِيمَٰنًا وَتَسْلِيمًا ﴾٢٢﴿
- സത്യവിശ്വാസികള്‍ (സഖ്യ) കക്ഷികളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: 'അല്ലാഹുവും, അവന്‍റെ റസൂലും നമ്മോടു വാഗ്ദാനം ചെയ്തിട്ടുള്ളതാണ് ഇത്. അല്ലാഹുവും അവന്‍റെ റസൂലും സത്യമത്രെ പറഞ്ഞത്.' അവര്‍ക്കു സത്യവിശ്വാസത്തെയും, അനുസരണത്തെയുമല്ലാതെ അതു വര്‍ദ്ധിപ്പിച്ചതുമില്ല.
- وَلَمَّا رَأَى കണ്ടപ്പോള്‍ الْمُؤْمِنُونَ സത്യവിശ്വാസികള്‍ الْأَحْزَابَ കക്ഷികളെ, സംഘങ്ങളെ قَالُوا അവര്‍ പറഞ്ഞു هَـٰذَا ഇതു مَا وَعَدَنَا നമ്മോട് വാഗ്ദാനം ചെയ്തതാണ് اللَّـهُ وَرَسُولُهُ അല്ലാഹുവും അവന്‍റെ റസൂലും وَصَدَقَ اللَّـهُ അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു وَرَسُولُهُ അവന്‍റെ റസൂലും وَمَا زَادَهُمْ അതവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല إِلَّا إِيمَانًا വിശ്വാസത്തെയല്ലാതെ وَتَسْلِيمًا അനുസരണത്തെയും
സത്യവിശ്വാസികള്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയരായേക്കും; ഒടുവില്‍ വിജയം അവര്‍ക്കുതന്നെയായിരിക്കും എന്നിങ്ങിനെ അല്ലാഹുവും, അവന്‍റെ റസൂലും ചെയ്തിട്ടുള്ള വാഗ്ദാനങ്ങളാണ് ഇവിടെ ഉദ്ദേശ്യം. (*). ശത്രുക്കള്‍ അതിശക്തിയോടെ വന്നു വലയം ചെയ്യുന്നതു കണ്ടപ്പോള്‍ സത്യവിശ്വാസികള്‍ക്കു പ്രസ്തുത വാഗ്ദാനങ്ങള്‍ ഓര്‍മ്മവരുകയും, അതവരുടെ വിശ്വാസവും അനുസരണസന്നദ്ധതയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പൂര്‍വ്വാധികം ധീരതയും ആവേശവും ഉളവാക്കി.
(*).സൂ: അല്‍ബഖറ : 214; അങ്കബൂത്ത്:2, 3; ആലുഇംറാന്‍ :140 -142; വസ്-സ്വാഫ്-ഫാത്തി 171-173 മുതലായ ഖുര്‍ആന്‍ വചനങ്ങളിലും, പല നബിവചനങ്ങളിലും നോക്കുക.
- مِّنَ ٱلْمُؤْمِنِينَ رِجَالٌ صَدَقُوا۟ مَا عَٰهَدُوا۟ ٱللَّهَ عَلَيْهِ ۖ فَمِنْهُم مَّن قَضَىٰ نَحْبَهُۥ وَمِنْهُم مَّن يَنتَظِرُ ۖ وَمَا بَدَّلُوا۟ تَبْدِيلًا ﴾٢٣﴿
- സത്യവിശ്വാസികളിലുണ്ട് ചില പുരുഷന്‍മാര്‍: തങ്ങള്‍ ഏതൊരു കാര്യത്തെപ്പറ്റി അല്ലാഹുവുമായി ഉടമ്പടി ചെയ്തിരുന്നുവോ അതവര്‍ (നിറവേറ്റി) സത്യമാക്കി. അങ്ങനെ, അവരില്‍ ചിലര്‍ തന്‍റെ നേര്‍ച്ച [കര്‍ത്തവ്യം] നിറവേറ്റിയവരുണ്ട്; അവരില്‍ (മറ്റു) ചിലര്‍ (അതിന്നവസരം) പാര്‍ത്തു കൊണ്ടിരിക്കുന്നവരുമുണ്ട്. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തുകയും ചെയ്തില്ല.
- مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളിലുണ്ടു رِجَالٌ ചില പുരുഷന്‍മാര്‍ صَدَقُوا അവര്‍ സത്യമാക്കി مَا യാതൊന്നിനെ عَاهَدُوا اللَّـهَ അവര്‍ അല്ലാഹുവിനോടു ഉടമ്പടി ചെയ്തിരിക്കുന്നു عَلَيْهِ അതിന്‍റെ മേല്‍ فَمِنْهُم അങ്ങനെ അവരിലുണ്ടു مَّن قَضَىٰ നിര്‍വ്വഹിച്ചവര്‍ نَحْبَهُ തന്‍റെ നേര്‍ച്ച, ആവശ്യം (കര്‍ത്തവ്യം) وَمِنْهُم അവരിലുണ്ടു مَّن يَنتَظِرُ നോക്കിപ്പാര്‍ക്കുന്നവര്‍, കാത്തിരിക്കുന്നവര്‍ وَمَا بَدَّلُوا അവര്‍ മാറ്റം വരുത്തിയതുമില്ല تَبْدِيلًا ഒരു മാറ്റം വരുത്തലും
ഇസ്‌ലാമിന്നുവേണ്ടി ദേഹവും ധനവും ബലിയര്‍പ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണല്ലോ സത്യവിശ്വാസികള്‍ – ഈ പ്രതിജ്ഞ തികച്ചും നിറവേറ്റി ധര്‍മ്മയുദ്ധത്തില്‍ രക്തസാക്ഷി (شهيد)കളായി മരണമടഞ്ഞവരെ ഉദ്ദേശിച്ചാണ് مَّن قَضَىٰ نَحْبَهُ (നേർച്ച നിറവേറ്റിയവര്‍) എന്നു പറഞ്ഞത്. ഒരാള്‍ തനിക്കു ചെയ്‌വാനുള്ളതെല്ലാം ചെയ്തുതീര്‍ത്തു. അഥവാ അയാള്‍ മരണപ്പെട്ടു – എന്ന ഉദ്ദേശ്യത്തില്‍ ഈ വാക്യം അറബിഭാഷയില്‍ ഉപയോഗിക്കപ്പെടാറുള്ളതാണ്. രക്തസാക്ഷിയായി വീരമരണം പ്രാപിക്കുവാന്‍ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും, അവസരം കിട്ടുമ്പോഴെല്ലാം അതിനു തക്കം പാര്‍ത്തും സന്നദ്ധരായിക്കൊണ്ടും ഇരിക്കുന്നവരെ ഉദ്ദേശിച്ചാണ് مَّن يَنتَظِرُ (അവസരം പാര്‍ത്തു കൊണ്ടിരിക്കുന്നവര്‍) എന്നു പറഞ്ഞത്. ഹംസ (رضي الله عنه), മുസ്വ്അബ് (رضي الله عنه) മുതലായ പല മഹാന്‍മാരും ഒന്നാമത്തെ വിഭാഗത്തിലും, ഉസ്മാന്‍ (رضي الله عنه), തല്‍ഹഃ (رضي الله عنه) മുതലായ പല മഹാന്‍മാരും രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെട്ടവരാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നിച്ച് യുദ്ധം നടത്തേണ്ടുന്ന അവസരം നേരിട്ടാല്‍ മരണം വരെ സധീരം പോരാടുമെന്നു പലപ്പോഴും പല സഹാബികളും വ്യക്തമായ ഭാഷയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ഉടമ്പടി ചെയ്തിട്ടുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ.
അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘എന്‍റെ പിതൃവ്യന്‍ അനസുബ്നു നള്വ്൪ (انس بن النضر – رض) ബദ്ര്‍ യുദ്ധത്തില്‍ ഉണ്ടായിരുന്നില്ല. അതു അദ്ദേഹത്തിനു അസ്വാസ്ഥ്യമായിത്തോന്നി. അദ്ദേഹം പറഞ്ഞു: ‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒന്നാമതായി സംബന്ധിച്ച യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തില്ലല്ലോ! എനി, തിരുമേനിയൊന്നിച്ചു അല്ലാഹു എനിക്കൊരു രംഗം കാട്ടിത്തന്നാല്‍ തീര്‍ച്ചയായും ഞാന്‍ പ്രവര്‍ത്തിക്കുന്നതു (ധീരമായി സമരം ചെയ്യുന്നതു) അല്ലാഹുവിനു കാണുമാറാകും.’ അങ്ങനെ, അദ്ദേഹം ഉഹ്ദു യുദ്ധത്തില്‍ സംബന്ധിച്ചു. മുസ്ലിം സൈന്യം പിന്തിരിഞ്ഞോടുമ്പോള്‍ അദ്ദേഹം മുന്നോട്ടു കുതിച്ചു. അപ്പോള്‍ സഅദുബ്നു മുആദ് (سعد بن معاد – رض) അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: ‘താങ്കള്‍ എങ്ങോട്ടാണ്?’ അദ്ദേഹം മറുപടി പറഞ്ഞതിങ്ങിനെയാണ്:
واهًا لريحِ الجنَّةِ أجدُها دونَ أحدٍ (ഹാ! സ്വര്‍ഗ്ഗത്തിന്‍റെ പരിമളം! ഉഹ്ദ് മലയുടെ ഇപ്പുറത്തുനിന്നു അതാ കിട്ടിക്കൊണ്ടിരിക്കുന്നു!) അങ്ങനെ, അദ്ദേഹം കൊല്ലപ്പെടുന്നതുവരെ യുദ്ധംചെയ്തു. അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വെട്ടും, കുത്തും, മറ്റുമായി എണ്‍പതില്‍പരം പരുക്കുകള്‍ പറ്റിയിട്ടുണ്ടായിരുന്നു. مِّنَ الْمُؤْمِنِينَ رِجَالٌ എന്ന ഈ വചനം (ഇത്തരം സന്ദര്‍ഭങ്ങളെ സൂചിപ്പിച്ചുകൊണ്ടു) അവതരിക്കുകയും ചെയ്തു.’ (മു; അ; തി; ന).
അഹ്സാബു യുദ്ധത്തിലേതുപോലുള്ള പരീക്ഷണഘട്ടങ്ങള്‍ അല്ലാഹു ഏര്‍പ്പെടുത്തുന്നതിന്‍റെ ആവശ്യവും ഉദ്ദേശ്യവും എന്താണെന്നു അടുത്ത വചനം കാട്ടിത്തരുന്നു:-
- لِّيَجْزِىَ ٱللَّهُ ٱلصَّٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴾٢٤﴿
- സത്യവാന്‍മാര്‍ക്കു അവരുടെ സത്യ(പാലന)ത്തിനു അല്ലാഹു പ്രതിഫലം നല്‍കുവാനും, കപടവിശ്വാസികളെ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെമേല്‍ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്‌വാനും വേണ്ടിയത്രെ (ഇത്). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
- لِّيَجْزِيَ اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുവാന്‍വേണ്ടി الصَّادِقِينَ സത്യവാന്‍മാര്‍ക്കു بِصِدْقِهِمْ അവരുടെ സത്യതക്ക് وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ أَوْ يَتُوبَ അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കാനും عَلَيْهِمْ അവരുടെമേല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധിയാകുന്നു
കപടവിശ്വാസികള്‍ തങ്ങളുടെ നിലയില്‍ മാറ്റമൊന്നും വരുത്താത്തപക്ഷം അല്ലാഹു അവരെ ശിക്ഷിക്കും. അവര്‍ പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അതു സ്വീകരിക്കുകയും അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്യും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ – സൂ: ആലുഇംറാനില്‍ പ്രസ്താവിച്ചതുപോലെ – നല്ലവരെയും, ചീത്തയായവരെയും വേര്‍തിരിച്ചുകാട്ടുകയാണ് പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാഹു പറയുന്നു:
مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ :سورة آل عمران : ١٧٩
(സാരം: നിങ്ങള്‍ നിലകൊള്ളുന്ന ഈ അവസ്ഥയില്‍ – നല്ലതില്‍നിന്നു ചീത്തയായതിനെ വേര്‍തിരിക്കാതെ – സത്യവിശ്വാസികളെ അല്ലാഹു വിട്ടുകളയുവാന്‍ തയ്യാറില്ല. അദൃശ്യകാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കു കാട്ടിത്തരുവാനും അവന്‍ തയ്യാറില്ല. (ആലുഇംറാന്‍).
സത്യവിശ്വാസികള്‍, കപടവിശ്വാസികള്‍, വിശ്വാസദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം ശത്രുപക്ഷക്കാരായ അവിശ്വാസികളെസംബന്ധിച്ചും മറ്റും അടുത്ത വചനങ്ങളില്‍ പ്രതിപാദിക്കുന്നു:
- وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُوا۟ بِغَيْظِهِمْ لَمْ يَنَالُوا۟ خَيْرًا ۚ وَكَفَى ٱللَّهُ ٱلْمُؤْمِنِينَ ٱلْقِتَالَ ۚ وَكَانَ ٱللَّهُ قَوِيًّا عَزِيزًا ﴾٢٥﴿
- അവിശ്വസിച്ചിട്ടുള്ളവരെ അവരുടെ (മനഃ) ക്ലേശത്തോടെ - യാതൊരു ഗുണവും നേടാതെ - അല്ലാഹു മടക്കുകയും ചെയ്തു. സത്യവിശ്വാസികള്‍ക്കു അല്ലാഹു യുദ്ധം മതിയാക്കി [ആവശ്യമില്ലാതാക്കി]ക്കൊടുക്കുകയും ചെയ്തു. അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു.
- وَرَدَّ اللَّـهُ അല്ലാഹു മടക്കുകയും (തടയുകയും) ചെയ്തു الَّذِينَ كَفَرُوا അവിശ്വസിച്ചവരെ بِغَيْظِهِمْ അവരുടെ ക്ലേശത്തോടെ, കോപത്തോടെ لَمْ يَنَالُوا അവര്‍ നേടാതെ, അവര്‍ പ്രാപിച്ചില്ല خَيْرًا ഒരു ഗുണവും وَكَفَى اللَّـهُ അല്ലാഹു മതിയാക്കുക (തടുക്കുക)യും ചെയ്തു الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു الْقِتَالَ യുദ്ധം وَكَانَ اللَّـهُ അല്ലാഹു ആകുന്നു قَوِيًّا ശക്തന്‍ عَزِيزًا പ്രതാപശാലി
ഇസ്‌ലാമിനെയും, മുസ്‌ലിംകളെയും ഈ പ്രാവശ്യം അടിയോടെ നിഷ്കാസനം ചെയ്യുമെന്ന ചങ്കൂറ്റത്തോടും, തികച്ചും ശുഭപ്രതീക്ഷയോടും കൂടിയാണ് സഖ്യസൈന്യങ്ങള്‍ മദീനായെ ഉപരോധം ചെയ്തത്. പക്ഷെ ഫലം നേരെമറിച്ചാണ് സംഭവിച്ചത്. കുപിതരും, രോഷാകുലരുമായിക്കൊണ്ട് ദാരുണാമാംവണ്ണം അവര്‍ യുദ്ധക്കളം വിട്ടോടേണ്ടിവന്നു. മുസ്‌ലിംകള്‍ക്കാകട്ടെ – കുറെ പരീക്ഷണഘട്ടങ്ങള്‍ക്കു ശേഷമെങ്കിലും – ഒരു പോരാട്ടമോ പൊതുസംഘട്ടനമോ ആവശ്യമായി വരാതെ യുദ്ധം വളരെ ശുഭകരമായി പര്യവസാനിക്കുകയും ചെയ്തു. അതെ, 9-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, അല്ലാഹു കൊടുങ്കാറ്റും, കാണപ്പെടാത്ത സൈന്യങ്ങളെ (മലക്കുകളെ)യും നിയോഗിച്ചതുവഴി മുസ്ലിംകള്‍ക്കു യുദ്ധാവശ്യം നിറവേറ്റിക്കൊടുത്തു.
വിജയാനന്തരം അല്ലാഹുവിന്‍റെ മഹത്തായ ഈ അനുഗ്രഹത്തെക്കുറിച്ച് വിനയത്തോടും, കൃതജ്ഞതയോടും കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞ വാക്യങ്ങള്‍ നോക്കുക: വിഷമഘട്ടങ്ങളിലും, വിജയഘട്ടങ്ങളിലും ഓരോ മുസ്‌ലിമിനും അതില്‍ പാഠവും, മനസ്സമാധാനത്തിനു വകയും കാണാം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞു:
لا اِلـهَ إِلاَّ اللهُ وَحْدَهُ ، صدق وعده ، وَنَصَرَ عَبْدَهُ ، وَاَعَزَّ جُنْدَهُ ، وَهَزَمَ الأحْزابَ وَحْدَهُ ، فَلاَ شَىْءَ بَعْدَهُ – متفق عليه
(സാരം: അല്ലാഹു അല്ലാതെ ആരാധ്യനേയില്ല, അവന്‍ ഏകനത്രെ. അവന്‍ തന്‍റെ വാഗ്ദാനം സത്യമായി പാലിച്ചു. അവന്‍റെ അടിയാനെ സഹായിക്കയും ചെയ്തു. അവന്‍റെ സൈന്യത്തിനു പ്രതാപം നല്‍കുകയും ശത്രുകക്ഷികളെ അവന്‍ ഒറ്റയ്ക്കുതന്നെ പരാജയപ്പെടുത്തുകയും ചെയ്തു. അവനുശേഷം മറ്റൊന്നില്ലതന്നെ. (ബു. മു).
ഖന്‍ദഖ് യുദ്ധം കഴിഞ്ഞശേഷം, മുസ്ലിംകളുടെനേരെ ഇങ്ങിനെ ഒരു യുദ്ധത്തിനൊരുങ്ങുവാന്‍ ഖുറൈശികള്‍ പിന്നീടു ധൈര്യപ്പെടുകയുണ്ടായിട്ടില്ല എന്നതു സ്മരണീയമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചതായി സുലൈമാനുബ്നു സ്വുറദ് (سليمان بن صرد – رض) പറയുന്നു:
الْآنَ نَغْزُوهُمْ وَلَا يَغْزُونَنَا نَحْنُ نَسِيرُ إِلَيْهِمْ – البخارى
(എനി, നാം അവരോടു പടയെടുക്കേണ്ടിയിരിക്കുന്നു; അവര്‍ നമ്മോടു പടയെടുത്തുവരികയില്ല; നാം അങ്ങോട്ടു പോകേണ്ടിയിരിക്കും. (ബു). ഖുറൈശികളും, ഇതരവംശക്കാരുമായ ശത്രുവിഭാഗത്തെപ്പറ്റി പൊതുവില്‍ പ്രസ്താവിച്ചശേഷം അതിലുണ്ടായിരുന്ന യഹൂദികളെക്കുറിച്ച് അടുത്ത വചനങ്ങളില്‍ പ്രത്യേകം എടുത്തുപറയുന്നു:-
- وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنْ أَهْلِ ٱلْكِتَٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًا تَقْتُلُونَ وَتَأْسِرُونَ فَرِيقًا ﴾٢٦﴿
- വേദക്കാരില്‍നിന്നും അവര്‍ക്കു പിന്തുണ നല്‍കിയവരെ തങ്ങളുടെ കോട്ടകളില്‍നിന്ന് അവന്‍ ഇറക്കി അയക്കുകയും ചെയ്തു; അവരുടെ ഹൃദയങ്ങളില്‍ ഭീതി ഇട്ടേക്കുകയും ചെയ്തു: (അവരില്‍) ഒരു വിഭാഗത്തെ നിങ്ങള്‍ കൊലപ്പെടുത്തുകയും, ഒരു വിഭാഗത്തെ നിങ്ങള്‍ തടങ്ങലിലാക്കുകയും ചെയ്തിരുന്നു!
- وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു الَّذِينَ ظَاهَرُوهُم അവര്‍ക്കു പിന്തുണ നല്‍കിയവരെ, സഹകരിച്ചവരെ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍നിന്നുള്ള مِن صَيَاصِيهِمْ അവരുടെ കോട്ടകകളില്‍നിന്നു وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, ഭയപ്പാടു فَرِيقًا ഒരുവിഭാഗത്തെ, സംഘത്തെ تَقْتُلُونَ നിങ്ങള്‍ കൊലപ്പെടുത്തുന്നു وَتَأْسِرُونَ നിങ്ങള്‍ തടങ്ങലിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു فَرِيقًا ഒരു വിഭാഗത്തെ
- وَأَوْرَثَكُمْ أَرْضَهُمْ وَدِيَٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرًا ﴾٢٧﴿
- അവരുടെ ഭൂമിയും, അവരുടെ വീടുകളും, അവരുടെ സ്വത്തുക്കളും, നിങ്ങള്‍ (കാലെടുത്തു) ചവിട്ടിയിട്ടില്ലാത്ത ഭൂമിയും അവന്‍ നിങ്ങള്‍ക്കു അവകാശപ്പെടുത്തിത്തരുകയും ചെയ്തു, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
- وَأَوْرَثَكُمْ നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തുകയും ചെയ്തു أَرْضَهُمْ അവരുടെ ഭൂമി وَدِيَارَهُمْ അവരുടെ വീടുകളും, ഭവനങ്ങളും وَأَمْوَالَهُمْ അവരുടെ സ്വത്തുക്കളും وَأَرْضًا ഒരു ഭൂമിയും لَّمْ تَطَئُوهَا നിങ്ങളതില്‍ ചവിട്ടിയിട്ടില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرًا കഴിവുള്ളവന്‍
സഖ്യകക്ഷികളെ സഹായിച്ചുകൊണ്ടിരുന്ന ‘ബനുഖുറൈളഃ (بنو قريظة) ഗോത്രക്കാരായ യഹൂദികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുമായി സമാധാനസഖ്യം ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സഹോദര ഗോത്രമായ ബനൂനള്വീറി (بنو النضير)ന്‍റെ പ്രേരണയനുസരിച്ചാണ് അവര്‍ സഖ്യം ലംഘിച്ചത്. അറബിഗോത്രങ്ങള്‍ ഏകോപിച്ചു നടത്തുന്ന ഈ മഹായുദ്ധം വഴി മുഹമ്മദിനെയും കൂട്ടരെയും നാമാവശേഷമാക്കാമെന്നും, അതിനു ഇതിനെക്കാള്‍ നല്ല ഒരവസരം ലഭിക്കാനില്ലെന്നും നള്വീറിന്‍റെ തലവനായ ഹുയയ്യ് (حيي) സമര്‍ത്ഥിച്ചു. ഖുറൈളഃയുടെ നേതാവായ കഅ്ബ് (كعب) ആദ്യം വിസമ്മതിക്കുകയും ഈ സന്ധിലംഘനത്തിന്‍റെ ഫലം എന്നെന്നേക്കുമുള്ള അപമാനമായിത്തീര്‍ന്നേക്കാമെന്നു പറയുകയും ചെയ്തു. എങ്കിലും, ഒടുക്കം ഹുയയ്യിന്‍റെ വലയില്‍ കഅ്ബും അകപ്പെടുകയാണുണ്ടായത്.
ഖന്‍ദഖ് യുദ്ധം ശുഭകരമായി പര്യവസാനിച്ച ഉടനെത്തനെ ഖുറൈളയുടെ നേരെ പോയിക്കൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് വഹ്‌യ് കിട്ടി. അൽപമാത്രം നാഴിക ദൂരമേ മദീനക്കും ഖുറൈളക്കും ഇടയിലുള്ളു. ‘ബനു ഖുറൈളയില്‍ വെച്ചല്ലാതെ ആരും അസര്‍ നമസ്കരിക്കരുത്!’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രഖ്യാപനം ചെയ്തു. വഴിമദ്ധ്യേ അസറിന്‍റെ സമയംവന്നു. സഹാബികളില്‍ ചിലര്‍ വഴിക്കുവെച്ചുതന്നെ നമസ്കാരം നടത്തി. മറ്റുചിലര്‍ അവിടെ എത്തിയശേഷമേ നമസ്കരിച്ചുള്ളു. രണ്ടുകൂട്ടരെയും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആക്ഷേപിക്കുകയുണ്ടായില്ല. (ആദ്യത്തേവര്‍ ആ പ്രഖ്യാപനത്തിന്‍റെ ഉദ്ദേശ്യവും തത്വവും പരിഗണിച്ചു. രണ്ടാമത്തേവര്‍ അക്ഷരംപ്രതി അതനുസരിക്കുകയും ചെയ്തു. രണ്ടു കൂട്ടരുടേയും ഉദ്ദേശശുദ്ധിയില്‍ സംശയിക്കുവാനില്ലല്ലോ.).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സഹാബികളും ഖുറൈളയില്‍ എത്തിയപ്പോഴേക്കും യഹൂദികള്‍ ഭയപ്പെട്ട് കോട്ടകളില്‍ അഭയം പ്രാപിച്ചു. ഇരുപത്തഞ്ച് ദിവസത്തോളം മുസ്‌ലിംകള്‍ കോട്ടകളെ ഉപരോധം ചെയ്തു. യഹൂദികള്‍ അങ്ങേഅറ്റം വിഷമിച്ചു. ഒടുക്കം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ തീരുമാനം നിരുപാധികം അനുസരിച്ചുകൊള്ളാമെന്ന നിശ്ചയത്തിന്മേല്‍ അവര്‍ കോട്ടകളില്‍നിന്നു പുറത്തുവന്നു. സഅ്ദുബ്നുമുആദ് (سعد بن معاد – رض) ചെയ്യുന്ന തീരുമാനം സ്വീകരിക്കാമെന്നും, അദ്ദേഹത്തെ തങ്ങളുടെ മദ്ധ്യസ്ഥനാക്കാമെന്നും അവര്‍ അറിയിച്ചു. ഖുറൈളയുമായി സഖ്യമുണ്ടായിരുന്ന ഔസു (اوس) ഗോത്രത്തിലെ നേതാവായിരുന്നു സഅ്ദ് (رضي الله عنه). അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മദ്ധ്യസ്ഥനാക്കുവാന്‍ തയ്യാറായത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും ഇതു സമ്മതിച്ചു. ഖന്‍ദഖ് യുദ്ധത്തില്‍വെച്ച് അമ്പു പറ്റുക നിമിത്തം അദ്ദേഹം മദീനാപള്ളിയില്‍ ശുശ്രൂഷയിലിരിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം സന്ധിലംഘനവും, ചതിയും നടത്തി. ശത്രുതയുടെയും വിശ്വാസവഞ്ചനയുടെയും പാരമ്പര്യം പുലര്‍ത്തിവന്ന അവരുടെ കാര്യത്തില്‍, അവര്‍ സ്വയം തിരഞ്ഞെടുത്ത മദ്ധ്യസ്ഥനായ സഅ്ദ് (رضي الله عنه) തീരുമാനം ചെയ്തതു ഇപ്രകാരമായിരുന്നു: ‘യുദ്ധപ്രായമായവരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ചിറപിടിക്കുക, സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമാക്കുക.’ ഇവരില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി ഇതുതന്നെയാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുആദ് (رضي الله عنه) നോടു പറയുകയുണ്ടായി. ഈ വിധി നടപ്പാക്കപ്പെടുകയും ചെയ്തു. തങ്ങള്‍ സ്വയംതന്നെ തങ്ങളുടെമേല്‍ വരുത്തിവെച്ച ഈ വിധിക്കു വഴങ്ങുവാന്‍ യഹൂദികള്‍ സന്നദ്ധരായതില്‍നിന്ന് അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഇട്ടുകൊടുത്ത ഭീതി എത്രമാത്രമായിരുന്നുവെന്നു ഊഹിക്കാം.
നിങ്ങള്‍ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമിയും (وَأَرْضًا لَّمْ تَطَئُوهَا) എന്നു പറഞ്ഞതു, പിന്നീടു മുസ്‌ലിംകള്‍ക്ക് ഖൈബര്‍ അധീനമായതിനെ ഉദ്ദേശിച്ചാണെന്നും, അതല്ല അനന്തരം ജയിക്കപ്പെട്ട മറ്റു പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ള വാഗ്ദാനമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചുകാണുന്നു. ഇമാം ഇബ്നുജരീര്‍ (رضي الله عنه) ചൂണ്ടിക്കാണിച്ചതു പോലെ ഇതു രണ്ടും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതിനും വിരോധമില്ല.
അഹ്സാബ് യുദ്ധത്തിനുശേഷം ഖുറൈളഃയുടെയും നള്വീറിന്‍റെയും സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമായല്ലോ. ഇതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു ധരിച്ചുകൊണ്ടു അവിടുത്തെ പത്നിമാര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ അടുക്കല്‍ ചെന്നു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, റോമായിലെ കൈസറിന്‍റെയും, പേര്‍ഷ്യായിലെ കൊസ്രുവിന്‍റെയും പെണ്‍മക്കള്‍ക്കു ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വേലക്കാര്‍, ഭൃത്യന്‍മാര്‍ എന്നിവയെല്ലാമുണ്ട്. ഞങ്ങളുടെ ഇല്ലായ്മയും, വല്ലായ്മയും അങ്ങേക്കറിയാമല്ലോ!’ ഇതു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഹൃദയത്തിനു അധികമായ വേദനയുണ്ടാക്കി. ഇതിനെത്തുടര്‍ന്നു അവരോടു ഇപ്രകാരം പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കല്‍പിക്കുന്നു:-