ഇഖ്‌ലാസ്വ് (നിഷ്‍കളങ്കത)
മക്കയില്‍ അവതരിച്ചത്-വചനങ്ങള്‍ 4
(മദീനയില്‍ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്)

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

ഈ സൂറത്തു ഒന്നിലധികം പേരുകളില്‍ അറിയപ്പെടുന്നു. യാതൊരു കലര്‍പ്പും കൂടാത്ത – തികച്ചും പരിശുദ്ധമായ – ഏകദൈവവിശ്വാസമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ധ്യായമെന്ന നിലക്ക് സൂറത്തുല്‍ ‘ഇഖ്‌ലാസ്വ്’ (നിഷ്കളങ്കത) എന്നും, മതത്തിന്റെ അടിസ്ഥാനമായ മൗലികതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന നിലക്ക് സൂറത്തുല്‍ ‘അസാസ്’ (അടിത്തറ) എന്നും, കൂടാതെ, സൂറത്തുല്‍’ മഅ് രിഫഃ’ (വിജ്ഞാനം) എന്നും സൂറത്തു ‘ത്തൗഹീദ്’ (ഏകദൈവ സിദ്ധാന്തം) എന്നും (*) ഇതിനു പേരുകള്‍ ഉണ്ട്. ഓരോ പേരും ഇതിന്റെ മഹത്വവും പ്രാധാന്യവും ചൂണ്ടികാട്ടുന്നു.

ആയിശ(റ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും(റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: നബി(സ) ഒരാളെ ഒരു സൈന്യത്തിന്റെ തലവനായി അയച്ചിരുന്നു. അദ്ദേഹം അവരുമായി നമസ്കരികുമ്പോള്‍ قل هو الله احد (ഈ അദ്ധ്യായം) ഓതിക്കൊണ്ടായിരുന്നു അതില്‍ ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചിരുന്നത്. സൈന്യം മടങ്ങിവന്നപ്പോള്‍ അവര്‍ ഈ വിവരം നബി(സ)യെ അറിയിച്ചു. അദ്ദേഹം അങ്ങിനെ ചെയ്യുവാന്‍ കാരണമെന്താണെന്നു അദ്ദേഹത്തോടു അന്വേഷിക്കുവാന്‍ നബി(സ) അവരോടു കല്‍പിച്ചു. അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: ‘ കാരണം, അതു പരമകാരുണികന്റെ ഗുണവിശേഷണമാണ്. ഞാന്‍ അതു പാരായണം ചെയുവാന്‍ ഇഷ്ടപ്പെടുന്നു.’ ഇതു കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: ‘അദ്ദേഹത്തെ  അല്ലാഹു സ്നേഹിക്കുന്നുണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞുകൊടുക്കുക.’ മറ്റൊരു സംഭവം ഇപ്രകാരമാണ്: ഖുബായിലെ പള്ളിയിലെ ഒരു ഇമാം നമസ്കാരത്തില്‍ ഓരോ സൂറത്തു ഓതുമ്പോഴും അതിനു മുമ്പായി ആദ്യം ഈ സൂറത്തു ഓതാറുണ്ടായിരുന്നു. ജനങ്ങളുടെ ആക്ഷേപം വിലവെക്കാതെ അദ്ദേഹം അതു തുടര്‍ന്നുവന്നു, അദ്ദേഹത്തിന്റെ യോഗ്യത കണക്കിലെടുത്തു ജനങ്ങള്‍ അദ്ദേഹത്തെ കൈവിട്ടതുമില്ല. നബി(സ) അവിടെ വന്നപ്പോള്‍ അവര്‍ വിവരം അറിയിച്ചു. എല്ലാ റക്അത്തിലും ഈ സൂറത്തു മുറുകെ പിടിക്കുവാനുള്ള കാരണമെന്തെന്നു നബി(സ) അദ്ദേഹത്തോടു ചോദിച്ചു. ‘ഞാനതിനെ ഇഷ്ടപ്പെടുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോള്‍ നബി(സ) പറഞ്ഞു: ‘താങ്കള്‍ക്ക് അതിനോടുള്ള ഇഷ്ടം താങ്കളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്.’ (حبك ايآهآ ادخلك الجنة) ഈ സംഭവം ബുഖാരിയിലും തിര്‍മദിയിലും കാണാം. (رواه البخارى تعليقا ورواه الترمذى عنه)


(*) سورة الاساس، سورة المعرفة، سورة التوحيد

112:1
  • قُلْ هُوَ ٱللَّهُ أَحَدٌ ﴾١﴿
  • (നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു.
  • قل പറയുക هُوَ അതു (കാര്യം), അവന്‍ اللَّـهُ അല്ലാഹു, അല്ലാഹുവാണ് أَحَدٌ ഒരുവനാണ്, ഏകനാണ്
112:2
  • ٱللَّهُ ٱلصَّمَدُ ﴾٢﴿
  • അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ.
  • اللَّـهُ അല്ലാഹു الصَّمَدُ (സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന - ആരുടെയും ആശ്രയം വേണ്ടാത്ത – സര്‍വാവലംബനായ) യജമാനനത്രെ, യോഗ്യനാണ്, സര്‍വാശ്രയനാണ്.
112:3
  • لَمْ يَلِدْ وَلَمْ يُولَدْ ﴾٣﴿
  • അവന്‍(സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍ (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല.
  • لَمْ يَلِدْ അവന്‍ ജനിപ്പിച്ചിട്ടില്ല, അവന്നു ജനിച്ചിട്ടില്ല وَلَمْ يُولَدْ അവന്‍ ജനിപ്പിക്കപ്പെട്ടിട്ടുമില്ല, അവന്‍ ജനിച്ചിട്ടുമില്ല.
112:4
  • وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ ﴾٤﴿
  • അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും.
  • وَلَمْ يَكُن لَّهُ അവന്നില്ലതാനും كُفُوًا തുല്യനായിട്ട്, കിടയായി أَحَدٌ ഒരാളും (ഒന്നും)

‘ഈ സൂറത്ത് ഖുര്‍ആന്റെ മൂന്നില്‍ ഒരു ഭാഗത്തിനു സമമാകുന്നു’ എന്നു നബി(സ) അരുളിച്ചെയ്തതായി ബുഖാരിയും മുസ്‌ലിമും അടക്കം പല ഹദീസ് പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുള്ള പല ഹദീസുകളിലും കാണാവുന്നതാണ്. എല്ലാ രാത്രിയും ഉറങ്ങുവാന്‍ കിടക്കുന്നേരം ഈ സൂറത്തും അടുത്ത രണ്ടു സൂറത്തുകളും (സൂ: ഫലഖും,നാസും) ഓതി രണ്ടു കൈകളില്‍ ഊതി മുഖത്തും, തലയിലും, ശരീരം മുഴുവനും മൂന്നു പ്രാവശ്യം നബി(സ) തടവിയിരുന്നതായും ബുഖാരി, മുസ്‌ലിം(റ) മുതലായവര്‍ രേഖപ്പെടുത്തിയിരിക്കുന്നു. സൂറത്തുല്‍ കാഫിറൂന്റെ ആരംഭത്തില്‍ ഉദ്ധരിച്ച ഹദീസുകളും ഓര്‍ക്കുക. ഇതുപോലെ, ഈ സൂറത്തിന്റെ പ്രാധാന്യം കുറിക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്.
നിന്റെ റബ്ബിനെ ഞങ്ങള്‍ക്കൊന്നു വിവരിച്ചുതരണം എന്നു മുശ്രിക്കുകള്‍ നബി(സ)യോടു ആവശ്യപ്പെട്ടുവെന്നും, അതിനെത്തുടര്‍ന്നാണ് ഈ സൂറത്തു അവതരിച്ചതെന്നും അഹ്‌മദും, തിര്‍മിദിയും, ബുഖാരി അദ്ദേഹത്തിന്റെ ‘താരീഖ് ‘ എന്ന ഗ്രന്ഥത്തിലും നിവേദനം ചെയ്തിരിക്കുന്നു. മേല്‍കണ്ടതു പോലെയുള്ള മഹത്വങ്ങളും നേട്ടങ്ങളും കൈവരണമെങ്കില്‍ വായകൊണ്ടു വൃഥാ ഉരുവിട്ടാല്‍ മാത്രം പോരാ, അതിലെ ആശയം ഗ്രഹിച്ചും അത് മനസ്സില്‍ പതിഞ്ഞും ,അതിന്റെ ഗൗരവം ഓര്‍ത്തുകൊണ്ടും കൂടിയായിരിക്കേണ്ടതുണ്ട്.

ومن الله التوفيق

ഏതൊരു രക്ഷിതാവിന്റെ – ഏതൊരു ആരാധ്യന്റെ – ഏക സിദ്ധാന്തത്തിലേക്കാണോ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നത് ആ രക്ഷിതാവും ആ ആരാധ്യനുമായുള്ളവന്റെ മഹോല്‍കൃഷ്ടഗുണവിശേഷണങ്ങളെ ഇതാ, ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാം; കേട്ടുകൊള്ളുക എന്നു പ്രഖ്യാപിക്കുവാന്‍ നബി(സ)യോട് കല്‍പിച്ചുകൊണ്ടാണ് അല്ലാഹു സൂറത്തു ആരംഭികുന്നത്. തുടര്‍ന്നുകൊണ്ട് – തൗഹീദിനു നിദാനമായ – അതിന്റെ അനിവാര്യതക്ക് ആധാരമായ – അവന്റെ പരിശുദ്ധ ഗുണവിശേഷണങ്ങളെക്കുറിച്ചു പ്രസ്താവിക്കുന്നു.
هو (ഹുവ) എന്ന സര്‍വ്വനാമത്തിന് ‘അത് ‘ എന്നും ‘അവന്‍’ എന്നും അര്‍ത്ഥം വരും. മുമ്പു പ്രസ്താവിക്കപ്പെട്ട ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചു കൊണ്ടല്ലാതെയുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍, പിന്നീടു പറയുന്ന വിഷയത്തിന്റെ ഗൗരവത്തിലേക്കു ശ്രദ്ധ പതിപ്പിക്കുവാന്‍ വേണ്ടി ആ പദം ഉപയോഗിക്കപ്പെടാറുണ്ട്. ഇതിന് ضمير الشأن (കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന സര്‍വ്വനാമം) എന്നു പറയപ്പെടുന്നു. ഇവിടെയും അതാണെന്നാണ് മിക്ക മുഫസ്സിറുകളും പറയുന്നത്. ഇതനുസരിച്ചാണ് ‘കാര്യം’ എന്ന് ഇത്തരം സ്ഥാനങ്ങളില്‍ അതിനു അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നതും. താഴെ പറയുന്നതാണ് സംസാരിക്കുന്ന കാര്യം എന്നു സാരം. അപ്പോള്‍, അടുത്തവാക്കുകളുമായി അതിനു ഘടനാപരമായ പ്രത്യേകമൊരു ബന്ധം ഉണ്ടായിരിക്കയില്ല. വേണമെങ്കില്‍, അവിശ്വാസികളുടെ വാക്കുകളില്‍ നിന്നോ, സ്ഥിതിഗതികളില്‍ നിന്നോ അല്ലാഹുവിനെക്കുറിച്ചു ഉത്ഭവിച്ച അന്വേഷണത്തിന്റെ മറുപടിയെന്ന നിലക്ക് അത് സാധാരണ സര്‍വ്വനാമം തന്നെയാണെന്നും വെക്കാവുന്നതാണ്. അപ്പോള്‍, അടുത്ത വാക്കും അതും ചേര്‍ന്നുകൊണ്ടുള്ളതായിരിക്കും വാചകഘടന. ‘അവന്‍ അല്ലാഹുവാണ്, ഏകനാണ് ‘ എന്നായിരിക്കും അപ്പോള്‍ അതിന് അര്‍ത്ഥം വരിക. വ്യാകരണപരമായും, സാഹിത്യപരമായും നോക്കുമ്പോള്‍, ആദ്യത്തേതിനാണ് കൂടുതല്‍മെച്ചമുള്ളത്. അല്ലാഹുവിനെക്കുറിച്ച് ഈ സൂറത്തില്‍ പരിചയപ്പെടുത്തുന്നത് അവന്റെ അഞ്ചുഗുണങ്ങളിലൂടെയാണ്:-

(1) الله أحد (അല്ലാഹു ഏകനാണ്). അതെ, ബഹുത്വമോ, നാനാത്വമോ, ഘടനയോ ഇല്ലാത്തവന്‍; ഇണയോ, തുണയോ, പങ്കാളിയോ ഇല്ലാത്തവന്‍; സത്തയിലും, ഗുണങ്ങളിലും, പ്രവര്‍ത്തനത്തിലുമെല്ലാം തന്നെ ഏകനായുള്ളവന്‍.

أحد (അഹദ്) എന്ന വാക്കിന് ‘ഒരുവന്‍, ഏകന്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെങ്കിലും അതിന്റെ പ്രയോഗത്തില്‍ ചില പ്രത്യേകതകളുണ്ട്. لا أحد (ഒരാളുമില്ല) എന്ന് നിഷേധരൂപത്തില്‍ പറയുമ്പോള്‍ ഈ വാക്കു സൃഷ്ടികളെപ്പറ്റി ഉപയോഗിക്കാറുണ്ടെങ്കിലും സ്ഥാനരൂപത്തില്‍ പറയുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചല്ലാതെ അത് ഉപയോഗിക്കാറില്ല. അതായത് ‘അല്ലാഹു ഏകനാണെ’ന്നും, ‘ ഏകനായ അല്ലാഹു’ എന്നും ( الله أحد, الله الأحد) പറയുന്നതുപോലെ, ‘ഏകനായ നേതാവു’ എന്നോ, നേതാവു ഏകനാണ് (السيد الأحد, السيدأحد) എന്നോ മറ്റോ ആ വാക്കു ചേര്‍ത്തു പറഞ്ഞുകൂടാത്തതാണ്. അതുപോലെത്തന്നെ, ഏണ്ണം പറയുമ്പോള്‍ ‘ഒന്ന്‍’ അല്ലെങ്കില്‍ ‘ഒരാള്‍’ – എന്ന അര്‍ത്ഥത്തിലും ആ പദം ഉപയോഗിക്കപെടുന്നതല്ല. واحد (വാഹിദ്) എന്നേ ഉപയോഗിക്കാറുള്ളൂ. അപ്പോള്‍, എണ്ണത്തില്‍ ഏകന്‍ എന്നു മാത്രമല്ല, ഏത് നിലക്കു നോക്കിയാലും ഏകാനയുള്ളവന്‍ എന്നുള്ള ഒരര്‍ത്ഥമാണ് അതിനുള്ളത്. അതുകൊണ്ടു തന്നെയാണ് അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ الواحد , الأحد (ഒരുവന്‍, ഏകന്‍) എന്നീ രണ്ടു വാക്കുകളും ഒരേ അവസരത്തില്‍ ഉപയോഗിക്കപ്പെടുന്നതും. ഈ വ്യത്യാസം ധ്വനിപ്പിക്കുന്നവിധം വിവര്‍ത്തനം ചെയ്യാവുന്ന ഒറ്റവാക്കു മലയാളത്തില്‍ കാണുന്നില്ല. ചുരുക്കത്തില്‍, ബഹുത്വത്തിന്റെയോ, നാനാത്വത്തിന്റെയോ, ഘടനയുടെയോ കലര്‍പ്പില്ലാത്ത ഏകാനായുള്ളവന്‍ എന്നു أحد നും , എണ്ണത്തില്‍ മറ്റൊരു ഇണയില്ലാത്ത ഒരേ ഒരുവന്‍ എന്ന് واحد നും അര്‍ത്ഥമാകുന്നു. അല്ലാഹു ഏകനാണ് എന്നതിന്റെ ഒരു വിശദീകരണമാണ് തുടര്‍ന്നു പറയുന്ന ഗുണങ്ങള്‍ എന്നു പറയാം.

(2) الله الصمد (അല്ലാഹു സര്‍വ്വരാലും ആശ്രയിക്കപ്പെടുന്ന യജമാനനത്രെ).الصمد (അസ്സ്വമദ്) എന്ന വിശേഷണ നാമം ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ദ്യോതിപ്പിക്കുന്ന മലയാളവാക്കും നാം കാണുന്നില്ല. ആരുടെയും ആശ്രയം വേണ്ടാത്ത – എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന അജയ്യനായ – നിത്യശക്തനായ യജമാനന്‍ എന്നാണ് ചുരുക്കത്തില്‍ വിവക്ഷ. അതായത്, യാതൊന്നിന്റെയും ഒരു തരത്തിലുള്ള ആശ്രയവും വേണ്ടാതിരിക്കുവാനും, എല്ലാ വസ്തുക്കള്‍ക്കും ആശ്രയം അനിവാര്യമായിത്തീരുവാനും ആവശ്യമായ എല്ലാ ഉല്‍കൃഷ്ടഗുണങ്ങളും സമ്പൂര്‍ണ്ണമായുള്ള മഹാന്‍ എന്നു സാരം .
(3, 4) لم يلد (അവന്‍ സന്താനം ജനിപ്പിച്ചിട്ടില്ല); ولم يولد (അവന്‍ ജനിച്ചുണ്ടായിട്ടുമില്ല). അവന്‍ ഏതെങ്കിലും ഒന്നിന്റെ ജനയിതാവല്ല. അഥവാ പിതാവോ , മാതാവോ, ബീജമോ അല്ല. അവന്‍ മറ്റൊന്നില്‍ നിന്നു ജന്യനായവനോ ഉത്ഭൂതമായവനോ അല്ല. അവന്‍ സ്വയംഭൂവാണ്‌. അനാദ്യനാണ്, അനന്തനാണ്. അപ്പോള്‍ അവന്റെ സന്താനമോ, അവതാരമോ ആയി യാതൊന്നും ഉണ്ടാകാവതല്ലതന്നെ. അങ്ങനെയുള്ള സങ്കല്‍പ്പങ്ങളില്‍നിന്നെല്ലാം പരിശുദ്ധനാണ്‌ അവന്‍. അവനല്ലാതെയുള്ളതെല്ലാം അവന്റെ സൃഷ്ടികള്‍മാത്രം.
(5) ولم يكن له كفواأحد (അവനു തുല്യനായി ഒരുവനുമില്ല). അവന്റെ സത്തയിലോ, ഗുണങ്ങളിലോ, പ്രവര്‍ത്തനങ്ങളിലോ, അധികാരത്തിലോ, അവകാശത്തിലോ, സൃഷ്ടിയിലോ, സംഹാരത്തിലോ, നിയന്ത്രണത്തിലോ, കൈകാര്യകര്‍ത്തൃത്വത്തിലോ, അറിവിലോ, കഴിവിലോ ഒന്നും തന്നെ അവനു തുല്യനായി-കിടയായി-പങ്കാളിയായി- ഒന്നുമില്ല; ഒരാളുമില്ല. അതെ, അവനെപ്പോലെ ഒരു വസ്തുവുമില്ല. അവനാകട്ടെ, എല്ലാം കേള്‍ക്കുന്നവനും കണ്ടറിയുന്നവനുമത്രെ. (ليس كمثله شيء و هو السميع البصير )
ഈ സൂറത്തില്‍ അല്ലാഹുവിന്റെ പരിശുദ്ധ ഗുണങ്ങളായി പ്രസ്താവിച്ച അഞ്ചു കാര്യങ്ങളും അവയിലടങ്ങിയ തത്വസാരങ്ങളും പരിശോധിക്കുമ്പോള്‍, അവിശ്വാസികളില്‍പ്പെട്ട ഓരോ വിഭാഗക്കാരും മുസ്‌ലിം സമുദായത്തില്‍പെട്ട ചില അന്ധവിശ്വാസികളും അല്ലാഹുവിനെപ്പറ്റി സങ്കല്‍പിച്ചോ വാദിച്ചോ വരുന്ന എല്ലാ അപവാദങ്ങള്‍ക്കുമുള്ള ഖണ്ഡനമൂല്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ടെന്ന് കാണാവുന്നതാണ്.فلله الحجة البالغة

اللهم لك الحمد والمنة والفضل