സൂറത്തു ഖുറൈശ് : 01-04
ഖുറൈശ്
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 4]
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- لِإِيلَٰفِ قُرَيْشٍ ﴾١﴿
- ഖുറൈശികള്‍ക്ക് ഇണക്കമുണ്ടാക്കിക്കൊടുത്തതിനാല്‍,-
- لِإِيلَافِ ഇണക്കി (പരിചയപ്പെടുത്തി)യതിനാല്‍ قُرَيْش ഖുറൈശികളെ
- إِۦلَٰفِهِمْ رِحْلَةَ ٱلشِّتَآءِ وَٱلصَّيْفِ ﴾٢﴿
- അതായത്, ശൈത്യകാലത്തെയും, ഉഷ്ണകാലത്തെയും യാത്ര അവര്‍ക്കു ഇണക്കിക്കൊടുത്തത് ;-
- إِيلَافِهِمْ അതായത് അവരെ ഇണക്കിയത് رِحْلَةَ യാത്ര, യാത്രക്ക് الشِّتَاءِ ശൈത്യകാലത്തെ وَالصَّيْفِ ഉഷ്ണകാലത്തെയും
- فَلْيَعْبُدُوا۟ رَبَّ هَٰذَا ٱلْبَيْتِ ﴾٣﴿
- അതിനാല്‍, അവര്‍ ഈ വീട്ടിന്‍റെ റബ്ബിനെ ആരാധിച്ചുകൊള്ളട്ടെ;-
- فَلْيَعْبُدُوا അതിനാല്‍ അവര്‍ ആരാധിക്കട്ടെ رَبَّ هَـٰذَاالْبَيْتِ ഈ വീട്ടിന്‍റെ (മന്ദിരത്തിന്‍റെ) റബ്ബിനെ
- ٱلَّذِىٓ أَطْعَمَهُم مِّن جُوعٍ وَءَامَنَهُم مِّنْ خَوْفٍۭ ﴾٤﴿
- (അതെ) അവര്‍ക്ക് വിശപ്പിന് ഭക്ഷണം നല്‍കുകയും അവര്‍ക്ക് ഭയത്തിന് സമാധാനം നല്‍കുകയും ചെയ്തവനെ (ആരാധിച്ചുകൊള്ളട്ടെ)
- الَّذِي أَطْعَمَهُم അവര്‍ക്ക് ഭക്ഷണം നല്‍കിയവനായ مِّن جُوعٍ വിശപ്പിന്, പട്ടിണിയില്‍ നിന്ന് وَآمَنَهُم അവര്‍ക്ക് അഭയം (സമാധാനം) നല്‍കുകയും ചെയ്ത مِّنْ خَوْفٍ ഭയത്തിന്, പേടിയില്‍ നിന്ന്
‘ഖുറൈശ്’ എന്ന പേരില്‍ അറിയപ്പെടുന്നതും, ഖുറൈശികളെ സംബന്ധിച്ചുമാത്രം പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുമായ ഒരു അദ്ധ്യായമാണിത്. ഇത് മൂലം ഖുറൈശികളുടെ പേരും കീര്‍ത്തിയും ലോകാവസാനം വരെ ഭൂമുഖത്ത് അവശേഷിക്കുന്നതായിരിക്കും. വിശുദ്ധകഅ്ബയുടെ ശുശ്രുഷകരും ഭരണാധിപരുമെന്ന നിലക്ക് അവര്‍ക്ക് അറബികള്‍ക്കിടയില്‍ വലിയ പ്രശസ്തിയുണ്ടായിരുന്നുവല്ലോ. പക്ഷേ, ജീവിതമാര്‍ഗങ്ങളില്‍ മിക്കവാറും അവര്‍ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഈത്തപ്പഴം മുതലായ ചില ഫലവര്‍ഗ്ഗങ്ങളല്ലാതെ, സാധാരണ കൃഷിവിഭവങ്ങളൊന്നും അവിടെ ഇല്ലായിരുന്നു. ഈ പോരായ്മ നികത്തുവാന്‍ ഉഷ്ണകാലത്ത് ശാമിലേക്ക് (സിറിയായിലേക്കു) വടക്കോട്ടും, ശൈത്യകാലത്ത് യമനിലേക്ക് തെക്കോട്ടും അവര്‍ കച്ചവടയാത്രകള്‍ നടത്തുമായിരുന്നു. അറേബ്യായുടെ കിടപ്പും ഭൂപ്രകൃതിയും അനുസരിച്ച് ശൈത്യകാലത്ത് വടക്കോട്ടും, ഉഷ്ണകാലത്ത് തെക്കോട്ടും യാത്ര ചെയ്യുന്നത് വളരെ വിഷമകരമായതുക്കൊണ്ടാണ് അങ്ങനെ കാലവും ദിക്കും നിര്‍ണയിക്കപ്പെടുന്നത്. അറേബ്യാരാജ്യം മണലാരണ്യങ്ങളും, വരണ്ടമലമ്പ്രദേശങ്ങളും നിറഞ്ഞതാകക്കൊണ്ട് തണുപ്പുകാലത്ത് തണുപ്പും, ചൂടുകാലത്ത് ചൂടും അസഹ്യമായിരിക്കും. സംഘം ചേര്‍ന്നും ആഘോഷപൂര്‍വ്വവുമായിരുന്നു പ്രസ്തുത യാത്രകള്‍. നാട്ടിലെ വിഭവങ്ങള്‍ കയറ്റുമതിചെയ്ത് വിറ്റഴിക്കലും, പകരം ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ നാട്ടില്‍ ഇറക്കുമതിചെയ്യലും ഈ കച്ചവടസംഘങ്ങള്‍ മുഖേനയായിരുന്നു. ഓരോ യാത്രയും ഒന്നുരണ്ട് മാസത്തോളം പിടിക്കും. പലപ്പോഴും വഴിമദ്ധ്യേ പല അനിഷ്ടസംഭവങ്ങളും സംഘട്ടനങ്ങളും അവര്‍ക്ക് നേരിടേണ്ടിയും വന്നേക്കും. അതിനുള്ള മുന്‍കരുതലോടെത്തന്നെയായിരിക്കും യാത്രാസംഘങ്ങള്‍ പുറപ്പെടുന്നതും.
ഈ യാത്രകള്‍ക്ക് വേണ്ടുന്ന സൗകര്യങ്ങളും പരിചയവും നല്‍കിയത് മുഖേന അല്ലാഹു ഖുറൈശികളെ വിശപ്പില്‍ നിന്ന് രക്ഷിക്കുകയും, അവര്‍ക്ക് ആഹാരമാര്‍ഗ്ഗം നല്‍കുകയും ചെയ്തു. അവര്‍ക്ക് അറബികളിലുണ്ടായിരുന്ന പ്രത്യേക സ്ഥാനമാനങ്ങള്‍ നിമിത്തം മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ യാത്രാസംഘങ്ങള്‍ ഏറെക്കുറെ സുരക്ഷിതങ്ങളുമായിരുന്നു. കൂടാതെ, കഅ്ബയുടെ അടുത്ത സ്ഥലങ്ങളില്‍ വെച്ച് അക്രമവും സംഘട്ടനവും നടക്കുന്നത് വമ്പിച്ച ഒരു പാതകമായി എല്ലാവരും അംഗീകരിച്ചുവന്നിരുന്നത് കൊണ്ട് സ്വന്തംനാട്ടിലും അവര്‍ക്ക് സമാധാനമായി ജീവിക്കാമായിരുന്നു. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെയാണ് അല്ലാഹു അവരെ അനുസ്മരിപ്പിക്കുന്നത്. ഖുറൈശികള്‍ക്ക് സിദ്ധിച്ച യോഗ്യതകളും, കീര്‍ത്തിയും, സ്വാധീനവും എല്ലാം തന്നെ സിദ്ധിക്കുവാന്‍ കാരണം അവര്‍ കഅ്ബയുടെ സംരക്ഷകരും അയല്‍വാസികളും ആയതാണല്ലോ. അപ്പോള്‍, എല്ലാനിലക്കും അവര്‍ ആ വിശുദ്ധമന്ദിരത്തിന്‍റെ ഉടമസ്ഥനായ അല്ലാഹുവിനെ ആരാധിക്കുവാനും, അവനെയല്ലാതെ മറ്റൊന്നിനേയും ആരാധിക്കാതിരിക്കുവാനും ബാധ്യസ്ഥരാകുന്നു. ഈ ബാധ്യത അവര്‍ നിറവേറ്റിക്കൊള്ളട്ടെ എന്ന് അവരെ അല്ലാഹു ഉല്‍ബോധിപ്പിക്കുകയാണ്.
( ولله الحمد و المنة)