ഫീല്‍ (ആന)
[മദീനയില്‍ അവതരിച്ചത് – വചനങ്ങള്‍ 5]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിശുദ്ധ കഅ്ബഃയെ പൊളിച്ചുനീക്കുവാന്‍ തയ്യാറെടുത്തുവന്ന ഒരു ആനപ്പട്ടാളത്തെ അല്ലാഹു കഠിനമായി ശിക്ഷിച്ചു പരാജയപ്പെടുത്തുകയും, ഖുറൈശികളെയും മക്കാനിവാസികളെയും രക്ഷപ്പെടുത്തുകയും ചെയ്ത ചരിത്രപ്രസിദ്ധമായ സംഭവമാണ് ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നത്. പ്രസ്തുത സംഭവം മുഖേന അല്ലാഹു അവര്‍‍ക്ക് ചെയ്ത അനുഗ്രഹം, അതിലടങ്ങിയ ദൈവികദൃഷ്ടാന്തം എന്നിവയെക്കുറിച്ച് അവയെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു. ഈ സൂറത്തു അവതരിക്കുമ്പോള്‍, ആ സംഭവത്തിന് ദൃക്‌സാക്ഷികളായിരുന്ന പലരും അറബികളില്‍ ജീവിച്ചിരിപ്പുണ്ട്. ആ നിലക്ക് ഈ അനുസ്മരണം കൂടുതല്‍ ഫലവത്തായിരിക്കുമല്ലോ. ഖുറൈശികള്‍ക്കിടയില്‍ ഒരു വമ്പിച്ച സംഭവമായി ഗണിക്കപ്പെട്ടിരുന്ന അതിന്‍റെ വിശദാംശങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാമെങ്കിലും സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാണ്:-

ഹബ്ശഃ (അബീസീനിയാ)യിലെ ചക്രവര്‍ത്തിയായിരുന്ന നജജാശീ (നെഗാശീ)യുടെ കീഴില്‍ യമന്‍ ഭരിച്ചിരുന്ന അബ്രഹത്ത് എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ പ്രീതി സമ്പാദിക്കുവാന്‍ വേണ്ടി യമനില്‍ ഒരു വമ്പിച്ച ക്രിസ്തീയദേവാലയം അവന്‍ പണിതു. ജനങ്ങളെ അങ്ങോട്ട് ആകര്‍ഷിക്കുവാന്‍ അവന്‍ ഒരു ഉപായം കണ്ടുപിടിച്ചു. മക്കായിലേക്ക് ജനങ്ങള്‍ ഹജ്ജ് കര്‍മത്തിന് പോകുന്ന പതിവു നിര്‍ത്തലാക്കി പകരം ആ ദേവാലയത്തിലേക്ക് അവരെ തിരിച്ചുവിടണമെന്നായിരുന്നു പരിപാടി. അതില്‍ പ്രതിഷേധിച്ച് ഒരു അറബി ആ ദേവാലയത്തില്‍ കടന്ന് മലവിസര്‍ജ്ജനം നടത്തി വൃത്തികേടാക്കുകയുണ്ടായെന്നും പറയപ്പെടുന്നു. ഏതായാലും, ഖുറൈശികളുടെ കഅ്ബഃ പൊളിച്ചുനീക്കുമെന്ന് ശപഥം ചെയ്തുകൊണ്ട് അബ്രഹത്ത് ഒരു വമ്പിച്ച സേനയുമായി മക്കായിലേക്കു നീങ്ങി. വഴിമദ്ധ്യേ ഒന്നിലധികം സ്ഥലത്തുവെച്ച് ചില അറബിഗോത്രങ്ങള്‍ അവരുമായി സംഘട്ടനത്തിലേര്‍പ്പെട്ടുവെങ്കിലും അതിലെല്ലാം അബ്രഹത്തും സൈന്യവും ജയിച്ചു മുന്നേറി മക്കായുടെ അടുത്തെത്തി. സൈന്യത്തില്‍ ഒന്നോ അധികമോ ആനയും ഉണ്ടായിരുന്നു. ഈ സേനക്ക് ആനപ്പട്ടാളം എന്ന് പറയപ്പെടുവാന്‍ ഇതാണ് കാരണം.

മക്കായുടെ അടുത്തൊരു സ്ഥലത്തുവന്ന് തങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം അറിയിക്കുവാനായി അബ്രഹത്ത് ഖുറൈശികളുടെ അടുക്കലേക്ക് ആളെ അയച്ചു. തങ്ങള്‍ ഒരു യുദ്ധം നടത്തി നാടു കീഴടക്കുവാന്‍ ഉദ്ദേശിച്ച് വന്നതല്ലെന്നും, കഅ്ബഃ പൊളിച്ചുനീക്കല്‍ മാത്രമാണ് വരവിന്‍റെ ഉദ്ദേശ്യമെന്നും അറിയിച്ചു. തങ്ങളുടെ ജീവനെപ്പോലെ ബഹുമാനിച്ചാദരിച്ചു വരുന്ന കഅ്ബഃ പൊളിക്കുന്നതില്‍ അങ്ങേഅറ്റത്തെ വെറുപ്പും വ്യസനവും ഉണ്ടെങ്കിലും, ആ സൈന്യത്തെ നേരിടുവാനുള്ള കെല്‍പോ കരുത്തോ അവര്‍ക്കുണ്ടായിരുന്നില്ല. ആനപ്പട്ടാളത്തെ നേരിട്ടുകൊണ്ടുള്ള യുദ്ധവും അവര്‍ക്ക് അപരിചിതമായിരുന്നു. അങ്ങനെ, ആ കാഴ്ച തങ്ങള്‍ കാണരുതെന്നും, അതിനാല്‍ നേരിടാവുന്ന ആപത്ത് തങ്ങള്‍ക്ക് പിണയരുതെന്നും കരുതി അവര്‍ സ്ഥലം വിട്ടുപോകുകയാണുണ്ടായത്.

അന്ന് ഖുറൈശികളുടെ നേതാവും, കഅ്ബയുടെ മേല്‍നോട്ടം വഹിക്കുന്ന ആളും നബി(സ)യുടെ പിതാമഹന്‍ അബ്‌ദുല്‍മുത്ത്വലിബായിരുന്നു. വഴിമദ്ധ്യേ അബ്രഹത്ത് അദ്ദേഹത്തിന്‍റെ ഇരുനൂറു ഒട്ടകങ്ങളെ പിടിച്ചടക്കിയിരുന്നു. അബ്രഹത്ത് അദ്ദേഹത്തെ ആളയച്ചുവരുത്തി തന്‍റെ ലക്ഷ്യത്തെപ്പറ്റി സംസാരിച്ചകൂട്ടത്തില്‍, താങ്കള്‍ക്കു വല്ലതും പറയുവാനുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അബ്‌ദുല്‍മുത്ത്വലിബിന്‍റെ മറുപടി ഇതായിരുന്നു: ‘താങ്കളുടെ ആള്‍ക്കാര്‍ എന്‍റെ ഒട്ടകത്തെ പിടിച്ചുവെച്ചിട്ടുണ്ട്. അവയെ വിട്ട് തരണം.’ ഇത് കേട്ടപ്പോള്‍ അബ്രഹത്ത് പരിഹാസപൂര്‍വ്വം ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ പൂര്‍വി‍കന്‍മാരായി ബഹുമാനിച്ചുവരുന്ന നിങ്ങളുടെ മതകേന്ദ്രം നശിപ്പിക്കുന്നതിനെക്കുറിച്ചൊന്നും പറയാനില്ലാതെ, കേവലം താങ്കളുടെ ഒട്ടകത്തെക്കുറിച്ച് മാത്രം സംസാരിച്ച നിങ്ങള്‍ ഒരു കൊള്ളരുതാത്തവന്‍ തന്നെ, താങ്കളെ കണ്ടമാത്രയില്‍ എനിക്ക് തോന്നിയ മതിപ്പ് ഇത് കേട്ടപ്പോള്‍ നശിച്ചുപോയി!’ അബ്ദുല്‍ മുത്ത്വലിബ് പ്രതിവചിച്ചു: ‘ഞാനാണ് ഒട്ടകത്തിന്‍റെ ഉടമസ്ഥന്‍. ആ മന്ദിരത്തിന് ഒരു ഉടമസ്ഥനുണ്ട് . അതവന്‍ രക്ഷിച്ചുകൊള്ളും.’

അങ്ങനെ, മുമ്പില്‍ ആനയുമായി സൈന്യം മുന്നോട്ടു നീങ്ങി. കഅ്ബായുടെ നേര്‍ക്ക് ‌തിരിഞ്ഞതോടെ ആന മുട്ടുകുത്തി മുമ്പോട്ടു നീങ്ങാതായി. വളരെ കിണഞ്ഞു പരിശ്രമിച്ചിട്ടും ആന മുമ്പോട്ടു അടിവെക്കുന്നില്ല. മറ്റേത് ഭാഗത്തേക്ക് തിരിച്ചാലും അങ്ങോട്ട് തിരിയുവാന്‍ അതിന് തടസ്സമില്ല. അല്ലാഹു അവരില്‍ ഒരു തരം പക്ഷിക്കൂട്ടങ്ങളെ നിയോഗിച്ചയച്ചു. ഒരു പ്രത്യേകതരം കല്ലുകള്‍ അവ സൈന്യത്തിന് മീതെ വര്‍ഷിച്ചു. ഇതുവഴി സൈന്യം നാമാവശേഷമായിത്തീര്‍ന്നു. അല്ലാഹു അവന്‍റെ മന്ദിരത്തെ കാത്തുരക്ഷിക്കുകയും ചെയ്തു.

മിക്കവാറും ക്രിസ്താബ്ദം 570 – 571 ലാണ് ഈ സംഭവം ഉണ്ടായത്. 571-ആം കൊല്ലം ഏപ്രില്‍ 2-ആം തിയ്യതിയാണെന്ന്‍ ചിലര്‍ ക്ലിപ്തപ്പെടുത്തി പ്രസ്താവിച്ചിട്ടുമുണ്ട്. ഈ കൊല്ലത്തിലായിരുന്നു നബി(സ) തിരുമേനിയുടെ ജനനവും ഉണ്ടായത്. അറബികളുടെ ഇടയില്‍ പൊതുവിലും, ഖുറൈശികള്‍ക്കിടയില്‍ വിശേഷിച്ചും വളരെ ഗൗരവമേറിയ ഒരു സംഭവമാണിതെന്നു പറയേണ്ടതില്ലല്ലോ. അതിനാല്‍, പിന്നീടുണ്ടാകുന്ന സംഭവങ്ങള്‍ക്ക് അവര്‍ ആനക്കലഹം മുതല്‍ കാലം നിര്‍ണ്ണയിക്കുക പതിവായിത്തീര്‍ന്നു. മദീനാ ഹിജ്റ മുതല്‍ വര്‍ഷാരംഭം നിര്‍ണ്ണയിക്കുന്ന പതിവ് ഇസ്‌ലാമില്‍ അംഗീകരിക്കപ്പെടുന്നതുവരെ ആ പതിവു തുടര്‍ന്നുപോന്നു.

ആനപ്പട്ടാളത്തെ നശിപ്പിച്ച പക്ഷിപ്പട്ടാളം ഏത് തരത്തിലുള്ളതായിരുന്നു, അവ എവിടെ നിന്നുവന്നു, അവ ശത്രുക്കളെ എറിയുവാന്‍ കൊണ്ടുവന്ന കല്ലുകള്‍ ഏത് വിധത്തിലുള്ളതായിരുന്നു, സൈന്യത്തില്‍ ആ കല്ലുകള്‍ എന്തു വിനയാണ് വരുത്തിയത് എന്നൊന്നും തീര്‍ത്തുപറയുക നമുക്ക് സാധ്യമല്ല. പലരും പല അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നു മാത്രം. ഒന്നൊന്നായി സ്വീകരിക്കുവാന്‍ തെളിവുകളില്ല. ഈ അദ്ധ്യായത്തില്‍ അല്ലാഹു അതിനെപ്പറ്റി പ്രസ്താവിച്ച വാക്യങ്ങളില്‍ നിന്ന് വ്യക്തമാകുന്ന രൂപത്തില്‍ -അതിന് യാതൊരു ദുര്‍വ്യാഖ്യാനവും നല്‍കാതെ– നമുക്കത് സ്വീകരിക്കാം. അത് അതേപടി വിശ്വസിക്കുകയും ചെയ്യാം.

105:1
  • أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَٰبِ ٱلْفِيلِ ﴾١﴿
  • ആനക്കാരെക്കൊണ്ട്‌ നിന്‍റെ റബ്ബ് ചെയ്തതെങ്ങിനെയാണെന്ന് നീ കണ്ടില്ലേ?!-
  • أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ فَعَلَ എങ്ങനെ ചെയ്തുവെന്ന് رَبُّكَ നിന്‍റെ റബ്ബ് بِأَصْحَابِ الْفِيلِ ആനക്കാരെക്കൊണ്ടു
105:2
  • أَلَمْ يَجْعَلْ كَيْدَهُمْ فِى تَضْلِيلٍ ﴾٢﴿
  • അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?!-
  • أَلَمْ يَجْعَلْ അവന്‍ ആക്കിയില്ലേ كَيْدَ هُمْ അവരുടെ തന്ത്രം , ഉപായം فِي تَضْلِيلٍ പിഴവില്‍, പാഴില്‍, നഷ്ടത്തില്‍, വഴികേടില്‍
105:3
  • وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ ﴾٣﴿
  • അവരുടെമേല്‍ അവന്‍ കൂട്ടംകൂട്ടമായി ഒരുതരം പക്ഷികളെ അയക്കുകയും ചെയ്തു: -
  • وَأَرْسَلَ عَلَيْهِمْ അവരുടെമേല്‍ അവന്‍ അയക്കുകയും ചെയ്തു طَيْرًا ഒരുതരം പക്ഷികളെ أَبَابِيلَ കൂട്ടംകൂട്ടമായി
105:4
  • تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ ﴾٤﴿
  • അവ അവരെ (ചൂളവെച്ച) ഇഷ്ടികക്കല്ലുകൊണ്ട് എറിഞ്ഞിരുന്നു
  • تَرْمِيهِم അവ അവരെ എറിഞ്ഞിരുന്നു, എറിഞ്ഞും കൊണ്ട് بِحِجَارَةٍ ഒരു (തരം) കല്ലുകൊണ്ട് مِّن سِجِّيلٍ സിജ്ജീലില്‍ (ഇഷ്ടികക്കല്ലില്‍-ചൂളക്കല്ലില്‍-കളിമണ്ണുകല്ലില്‍) പെട്ട
105:5
  • فَجَعَلَهُمْ كَعَصْفٍ مَّأْكُولٍۭ ﴾٥﴿
  • അങ്ങനെ, അവരെ അവന്‍ തിന്നപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെ ആക്കി
  • فَجَعَلَهُمْ അങ്ങനെ (എന്നിട്ട്) അവന്‍ അവരെ ആക്കി كَعَصْفٍ വൈക്കോല്‍ തുരുമ്പുപോലെ مَّأْكُولٍ തിന്നപ്പെട്ട

‘ആനക്കാര്‍‍’ (أصحاب الفيل) എന്ന് പറഞ്ഞത് കഅ്ബഃ പൊളിക്കുവാന്‍ വന്ന അബ്രഹത്തിനെയും സൈന്യത്തെയും ഉദ്ദേശിച്ചുതന്നെ. അവരുടെ തന്ത്രം അഥവാ ഉപായം (كيدهم) കൊണ്ടുദ്ദേശ്യം, കഅ്ബയെ നശിപ്പിച്ച് ജനങ്ങളുടെ തീരത്ഥാടന യാത്രകള്‍ യമനില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിലേക്ക് ആക്കിത്തീര്‍ക്കുവാനുള്ള പരിപാടിയുമാകുന്നു. സൈന്യത്തെ പരാജയപ്പെടുത്തുന്നതിനെക്കുറിച്ചു അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: കൂട്ടംകൂട്ടമായ ഒരു തരം പക്ഷികളെ അല്ലാഹു അവരില്‍ നിയോഗിച്ചു. അവ അവരെ കളിമണ്ണുകൊണ്ടുള്ള ചൂളവെച്ച ഒരുതരം കല്ലുകള്‍ -അഥവാ ഇഷ്ടികക്കല്ലുകള്‍- കൊണ്ടു എറിഞ്ഞിരുന്നു. അങ്ങനെ, ആ സൈന്യം, കന്നുകാലികള്‍ തിന്നശേഷം നിലത്ത് കൊഴിഞ്ഞുകിടക്കുന്ന വൈക്കോല്‍ തുരുമ്പെന്നോണം ചിന്നിച്ചിതറി നശിച്ചുപോയി.

പക്ഷികളെയോ, കല്ലുകളെയോ സംബന്ധിച്ച് കൂടുതലൊന്നും വിവരിക്കുവാന്‍ സാധ്യമല്ലെന്ന് മുകളില്‍ പറഞ്ഞുവല്ലോ. എന്നാല്‍, കല്ലിനെക്കുറിച്ച് അല്ലാഹു ഉപയോഗിച്ച വാക്കു سجيل (സിജ്ജീല്‍) എന്നാണ്. ലൂത്ത്വ്(അ) നബിയുടെ ജനതയെ ബാധിച്ച ശിക്ഷ വിവരിക്കുന്ന മദ്ധ്യേ സൂ: ഹൂദില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു : وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ – هود :  ٨٢ (അവരില്‍ നാം സിജ്ജീലിന്‍റെ കല്ല് വര്‍ഷിപ്പിക്കുകയും ചെയ്തു). ചൂളവെച്ച കല്ല് എന്നാണ് അവിടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിന് അര്‍ത്ഥം കല്‍പ്പിച്ചിരിക്കുന്നത്. കളിമണ്ണുകൊണ്ടുള്ള കല്ല് (حجارة من طين) എന്നും ഇതേ കല്ലിനെപ്പറ്റി സൂ: അദ്ദാരിയാത്തില്‍ അല്ലാഹു പറഞ്ഞിരിക്കുന്നു, ആകയാല്‍, പക്ഷികള്‍ എറിയുവാന്‍ കൊണ്ടുവന്നിരുന്ന കല്ല് കളിമണ്ണ്‍ കൊണ്ടുള്ളതും ചൂള വെക്കപ്പെട്ടതുമായിരുന്നുവെന്ന് കരുതാവുന്നതാണ്. ഈ കല്ലുകള്‍ മുഖേന സൈന്യങ്ങള്‍ കൊല്ലപ്പെടുകയാണോ, അതുമൂലം അവര്‍ക്ക് മറ്റു വല്ല നാശങ്ങളും സംഭവിക്കുകയാണോ ചെയ്തതെന്ന്‍ അല്ലാഹുവിനറിയാം. ഏതായാലും അവരുടെ അതിദാരുണമായ നാശത്തിനും, പരാജയത്തിനും അതു കാരണമായെന്നുള്ളതില്‍ സംശയമില്ല. അത് പോലെ തന്നെ, ഇത് കേവലം സാധാരണമല്ലാത്ത ഒരത്ഭുതമായിരുന്നുവെന്നും സ്പഷ്ടമാകുന്നു.

കൊക്കുകളെ പോലെയോ എറളാടിപ്പക്ഷികളെപ്പോലെയോ ഉള്ള ഒരുതരം പക്ഷികളായിരുന്നു പ്രസ്തുത പക്ഷികളെന്നും, കടലമണിപോലെയോ, പയറുമണിപോലെയോ ചെറുതായിരുന്ന്‍ ആ കല്ലുകളെന്നും, കല്ലുകള്‍ വര്‍ഷിച്ചതോടു കൂടി സൈന്യങ്ങളില്‍ ഒരുതരം വസൂരിയോ, മറ്റേതോ രോഗമോ പിടിപ്പെട്ടുവെന്നും, അങ്ങനെ അവരുടെ ശരീരങ്ങള്‍ നുറുങ്ങി നശിച്ചുവെന്നും മറ്റും ചില വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നു . കൂടാതെ, ഏതോ വിഷബീജങ്ങള്‍ വഹിച്ചിരുന്ന ഒരുതരം ഈച്ചകളായിരുന്നു ആ പക്ഷികളെന്നും, ആ വിഷബീജങ്ങളാണ് ‘കല്ല്‌’ കൊണ്ടുദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ, ഈ സംഭവത്തെ ഭൗതികവീക്ഷണങ്ങള്‍ക്കൊപ്പിച്ച് വ്യാഖ്യാനിക്കുവാനും അവര്‍ മുതിര്‍ന്നിരിക്കുന്നു. ഖുര്‍ആനിലോ ഹദീസിലോ കാണപ്പെടുന്ന അസാധാരണ സംഭവങ്ങളിലെല്ലാം ഇതുപോലെ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി സ്വയം തൃപ്തി അടയുക ഇക്കാലത്ത് പലരുടെയും പതിവാണല്ലോ. ചിലര്‍ അതൊരു ‘പരിഷ്കാരം’ തന്നെയായിട്ടാണ് ഗണിച്ചുവരുന്നതും.

ചില പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ സൂറത്തിന് അതിനെക്കാളെല്ലാം വിചിത്രവും, ആഭാസകരവുമായ ഒരു അര്‍ത്ഥുവ്യാഖ്യാനം ഈയിടെയായി നല്‍കിക്കാണുന്നു. അല്ലാഹുവിലും ഖുര്‍ആനിലും വിശ്വസിക്കുന്ന ഏതൊരാളും- അയാള്‍ക്ക് ഈ സൂറത്തിന്‍റെ വാക്കര്‍ത്ഥമെങ്കിലും അറിയാവുന്ന പക്ഷം- ആ അര്‍ത്ഥ വ്യാഖ്യാനം, അല്ലാഹുവിന്‍റെ പേരില്‍ അവര്‍ കല്‍പ്പിച്ചുകൂട്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് വിധി കല്‍പ്പിക്കുവാന്‍ മടിക്കുകയില്ലെന്ന്‍ നമുക്കുറപ്പുണ്ട്. സംഭവത്തെക്കുറിച്ച് അവരുടെ വിവരണത്തിന്‍റെ ചുരുക്കം ഇതാണ്: ‘അബ്‌ദുല്‍മുത്ത്വലിബും മക്കാനിവാസികളായ ഖുറൈശികളും കഅ്ബയുടെ പരിസരത്ത് സ്ഥിതിചെയ്യുന്ന അബൂഖുബൈസ് മലമുകളില്‍ കയറിയിരുന്നു. ഇത് കേവലം ഒരു സൂത്രമായിരുന്നു. അബ്രഹത്തും സൈന്യവും സ്ഥലത്തുകടന്നതോടെ ഖുറൈശികള്‍ കൂട്ടംകൂട്ടമായി അവര്‍ക്കുമീതെ വമ്പിച്ച പാറക്കല്ലുകള്‍ ഉരുട്ടിക്കൊണ്ടിരുന്നു. അതുവഴി സൈന്യം ചതഞ്ഞരഞ്ഞു പോയി’. അല്ലാഹു അക്ബര്‍‍! മനുഷ്യന്‍റെ ചിന്താഗതിക്ക് വക്രതബാധിച്ചാല്‍ അവന് എന്തുതന്നെ പറഞ്ഞുകൂടാ?! സൈന്യത്തെ പരാജയപ്പെടുത്തുവാന്‍ അല്ലാഹു സാധാരണമല്ലാത്ത ഒരുതരം പക്ഷികളെ നിയോഗിച്ചുവെന്നും, ഒരുതരം കല്ല് കൊണ്ട് അവ അവരെ എറിഞ്ഞു നശിപ്പിച്ചുവെന്നും സമ്മതിക്കുവാന്‍ ഇവരുടെ യുക്തിക്ക് സാധിക്കാത്തതില്‍ നിന്നും, അതെസമയത്ത് അല്ലാഹുവിന്‍റെ പ്രസ്താവന ശരിയല്ലെന്ന് തുറന്നുപറയുവാന്‍ ധൈര്യം വരാത്തതില്‍ നിന്നും ഉടലെടുത്തതാണ് ഈ വിവരണം. ഇതിന് അവര്‍ നല്‍കുന്ന ന്യായീകരണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:- ധീരതയിലും, കഅ്ബയോടുള്ള ബഹുമാനത്തിലും പേരുകേട്ടവരാണ് ഖുറൈശികള്‍. എന്നിരിക്ക , അവര്‍ കഅ്ബ പൊളിക്കാന്‍ വന്ന സൈന്യത്തോട് നേരിടാതെ ഭീരുത്വംകാട്ടി മലമുകളില്‍ കയറിയിരുന്നുവെന്ന് പറയുന്നതു വിശ്വസിക്കാവതല്ല. കഅ്ബ പൊളിക്കാന്‍ വന്ന സൈന്യത്തോട് അറബികള്‍ ധീരമായി പോരാടിയിരുന്നുവെന്ന് കാണിക്കുന്ന പല കവിതകളും നിവേദനങ്ങളും നിലവിലുണ്ടുതാനും. പക്ഷേ, സൈന്യത്തിന്‍റെ വരവ് ഹജ്ജുദിവസങ്ങളിലായതുകൊണ്ട് പെട്ടന്ന്‍ ഒരു യുദ്ധസന്നാഹത്തിന് സാധിച്ചില്ല. അത് കൊണ്ടാണ് സൂത്രജ്ഞനായ അബ്‌ദുല്‍മുത്ത്വലിബ് എല്ലാവരോടും അബുഖുബൈസില്‍ കയറുവാന്‍ കല്‍പിച്ചത്. ശത്രുക്കളെ അവിടെനിന്ന് കല്ലെറിഞ്ഞ് പരാജയപ്പെടുത്താമെന്ന രഹസ്യം അദ്ദേഹം ആദ്യം അവരെ അറിയിക്കാത്തത് കേവലം തന്ത്രമായിരുന്നു…..’

ഈ ന്യായീകരണത്തിന്‍റെ ഉള്ളുകള്ളിയെപ്പറ്റി അല്‍പമൊന്ന് ചിന്തിക്കുക: (1). അറബികളുടെ ധീരതയും, അവര്‍ക്ക് കഅ്ബയോടുള്ള മതിപ്പും ശരിതന്നെ. പക്ഷെ, തങ്ങള്‍ക്ക് നേരിടാന്‍ കഴിയാത്തവണ്ണമുള്ള ശത്രുസേനയെ നേരിട്ട് കൂട്ടത്തോടെ ആത്മഹത്യക്ക് ഒരുങ്ങുകയെന്ന വിഡ്ഢിത്തം അവര്‍ക്കുണ്ടായിരുന്നുവെന്ന് കരുതാവതല്ല. അതിരിക്കട്ടെ, ആനപ്പട്ടാളം മക്കയില്‍ പ്രവേശിച്ചിട്ടുപോലുമില്ല, പ്രവേശനമാര്‍ഗത്തില്‍ വെച്ചുതന്നെ അല്ലാഹു അവരെ തടഞ്ഞു എന്നതാണ് വാസ്തവം. ആ നിലക്ക് അബൂഖുബൈസിന്‍റെ മുകളില്‍നിന്ന് സൈന്യത്തിനുമീതെ പാറക്കല്ലുകള്‍ ഉരുട്ടിവിട്ടു എന്ന് പറയുന്നതിന് അര്‍ത്ഥമില്ലതന്നെ. ഹുദൈബിയാ സംഭവ ദിവസം നബി(സ) തിരുമേനിയുടെ ഒട്ടകം ഒരിടത്തുവെച്ചു മുമ്പോട്ടു നടക്കുവാന്‍ കൂട്ടാക്കാതെ മുട്ടുകുത്തുകയുണ്ടായി. ഈ അവസരത്തില്‍ തിരുമേനി(സ) ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരി(റ) ഉദ്ധരിക്കുന്നു: ‘അതിന് അങ്ങനെ ഒരു സമ്പ്രദായം ഇല്ല. പക്ഷേ, ആനയെ തടഞ്ഞുവെച്ചവന്‍ അതിനെ തടഞ്ഞു വെച്ചതാണ് (و ما ذلك لها يخلق و لكن حبسها حابس الفيل) മക്കാവിജയസംഭവം വിവരിച്ച കൂട്ടത്തില്‍ നബി(സ) ഇപ്രകാരം പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും(റ) ഉദ്ധരിക്കുന്നു: അല്ലാഹു മക്കയെ സംബന്ധിച്ച് ആനയെ തടഞ്ഞുവെക്കുകയുണ്ടായി. അവന്‍റെ റസൂലിനും സത്യവിശ്വാസികള്‍ക്കും അതില്‍ അധികാരം നല്‍കുകയും ചെയ്തു….. (ان الله حبس عن مكة الفيل وسلط عليها رسوله والمؤمنين) ആനപ്പട്ടാളം മക്കയില്‍ പ്രവേശിച്ചിട്ടേയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ. ഖുര്‍ആന്‍റെ പ്രസ്താവനകളെ മാറ്റി മറിക്കുന്നവര്‍ക്ക് ഹദീസിനെ നിഷേധിക്കുവാന്‍ ഒട്ടും പ്രയാസം തോന്നുകയില്ലെങ്കിലും സത്യാന്വേഷികള്‍ക്ക് ഇത് തെളിവുതന്നെയാണ്.

(2) അബ്രഹത്തിന്‍റെ ഉദ്ദേശ്യവും കഅ്ബ പൊളിക്കുവാനുള്ള ശ്രമവും അറിഞ്ഞ അറബിഗോത്രങ്ങള്‍ അതില്‍ ക്ഷുഭിതരാവുകയും ചിലരെല്ലാം വഴിമദ്ധ്യേ അവനെ നേരിടുകയും ചെയ്തതായി ചരിത്രങ്ങളില്‍ വന്നിട്ടുള്ളത് ശരിയാണ്. യമനിലെ ഒരു പ്രമാണിയായിരുന്ന ദൂനഫര്‍(ذونفر) കൂറേ ആളുകളെ ശേഖരിച്ച് അബ്രഹത്തുമായി ഏറ്റുമുട്ടുകയുണ്ടായി, അവര്‍ പരാജയപ്പെടുകയും ദൂനഫര്‍ ബന്ധനസ്ഥനാവുകയുമാണുണ്ടായത്. പിന്നീട് ഖഥ്അം (خثعم) പ്രദേശത്തുവെച്ച് നുഫൈലുബ്നുഹബീബും അദ്ദേഹത്തിന്‍റെ ജനതയും മറ്റൊരു യുദ്ധവും നടത്തുകയുണ്ടായി. ഇവര്‍ക്കും വിജയം വരിക്കുവാന്‍ കഴിഞ്ഞില്ല. നുഫൈല്‍ ബന്ധനസ്ഥനാവുകയും ചെയ്തു. ത്വാഇഫ് വഴിയായിരുന്നു അബ്രഹത്ത് മുന്നേറിയിരുന്നത്. ത്വാഇഫുകാര്‍ ഏറ്റുമുട്ടുവാന്‍ കഴിവില്ലെന്നുകണ്ട് നയപൂര്‍വ്വം പിന്മാറുകയാണ് ചെയ്തത്. മേല്‍പറഞ്ഞതുപോലെയുള്ള സംഘട്ടനങ്ങളില്‍ അറബികള്‍ വഹിച്ചപങ്കും, അവര്‍ കാണിച്ച ധീരകൃത്യങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയ ചില കവിതകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നത്. ഇതല്ലാതെ, മക്കയില്‍വെച്ച് ഖുറൈശികളും അബ്രഹത്തിന്‍റെ സൈന്യവും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടായതായി യാതൊരു രേഖയും ഇല്ല. അഥവാ മക്കയുടെ അടുത്തുവെച്ച് വല്ലതും ഉണ്ടായിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ തന്നെ –വഴിക്കുവെച്ചുണ്ടായ സംഘട്ടനങ്ങളില്‍ സംഭവിച്ചത് പോലെ– അതില്‍ ഖുറൈശികള്‍ക്ക് ‌ചെറുത്ത് നില്ക്കുവാന്‍ കഴിയാതെ അവര്‍ മലമുകളില്‍ കയറി അഭയംപ്രാപിക്കുന്നതും സ്വാഭാവികമാണ്. എന്നല്ലാതെ, അബ്‌ദുല്‍മുത്ത്വലിബ് രഹസ്യമായി തയ്യാറാക്കിയ ഒരു ആസൂത്രിത പരിപാടിയായിരുന്ന് അത് എന്നുള്ളതിന് ഇക്കൂട്ടരുടെ സ്വന്തം കണക്കു കൂട്ടലല്ലാതെ വേറെ യാതൊരു തെളിവുമില്ല. തെളിവുള്ളത്‌ നേരെ മറിച്ചാണുതാനും. വാസ്തവത്തില്‍ -ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ– അല്ലാഹു അവന്‍റെ വിശുദ്ധ മന്ദിരത്തെ അപ്രതീക്ഷിതവും അസാധാരണവുമായ മാര്‍ഗത്തിലൂടെ കാത്തുരക്ഷിക്കുന്നതാണെന്ന് ദൃഷ്ടാന്തപൂര്‍വ്വം മനുഷ്യര്‍ക്ക് കാട്ടികൊടുക്കുവാന്‍ വേണ്ടി അബ്രഹത്തിന്‍റെ മുന്നേറ്റത്തിന് വഴിമദ്ധ്യേ നേരിട്ട യുദ്ധങ്ങള്‍ നിമിത്തം ഭംഗം വരുത്താതിരിക്കയാണ് അവന്‍ ചെയ്തതെന്നത്രെ മനസ്സിലാക്കേണ്ടത് . الله اعلم
(3) കഅ്ബഃയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയാണ് അബൂഖുബൈസ് എന്ന് മക്ക സന്ദര്‍ശിച്ച എല്ലാവര്‍ക്കും അറിയാം. മലയില്‍നിന്ന് കഅ്ബയുമായി ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഗത്തെ ചരിവില്‍വെച്ച് കല്ലെറിഞ്ഞാല്‍ കഅ്ബയുടെ അടുത്ത് വന്ന പട്ടാളത്തെ ഉപദ്രവിക്കുവാന്‍ കഴിഞ്ഞേക്കുകയും ചെയ്യാം . എന്നാല്‍ തന്നെയും വേറെ ഭാഗത്തേക്ക് രക്ഷപ്പെടുവാനുള്ള സൗകര്യം അവിടെയുണ്ട്. അതിരിക്കട്ടെ, ഏതായാലും അബുഖുബൈസിന്‍റെ മുകളില്‍നിന്നാകട്ടെ, മക്കയെ ചുറ്റിനില്ക്കുന്ന മറ്റുമലകളുടെ മുകളില്‍ നിന്നാകട്ടെ, ഇവര്‍ പറയും പോലെ വമ്പിച്ച പാറക്കല്ലുകള്‍ ഉരുട്ടി ഉതിര്‍ത്തുകൊണ്ട് ഒരു സൈന്യത്തെ ചതച്ചരക്കുവാന്‍ തക്കവണ്ണം അത്ര അടുത്തോ, സൗകര്യത്തിലോ അല്ല ആ മലകള്‍ സ്ഥിതിചെയ്യുന്നതെന്ന് ആ സ്ഥലം കണ്ടു മനസ്സിലാക്കിയ ആര്‍ക്കും അറിയാവുന്നതാണ്. ഹജ്ജാജുബ്നുയൂസുഫിന്‍റെയും, അബ്‌ദുല്ലാഹിബ്നു സുബൈര്‍(റ)ന്‍റെയും സൈന്യങ്ങള്‍ തമ്മില്‍ മക്കയില്‍ വെച്ച് നടന്നതും, കഅ്ബയുടെ അടുക്കലായിരുന്ന ഇബ്നു സുബൈര്‍(റ)ന്‍റെ നേരെ മലമുകളില്‍ നിന്ന്‍ ഹജ്ജാജിന്‍റെ സംഘക്കാര്‍ വമ്പിച്ചകല്ലുകള്‍ ഉതിര്‍ത്തതും, കഅ്ബക്ക് കേടുപറ്റിയതും ചരിത്ര പ്രസിദ്ധമാണ്. മിന്‍ജനീഖ്(*) എന്ന ഒരു യന്ത്രം മുഖേനയായിരുന്നു അതെന്ന് പ്രസ്താവ്യമത്രെ. ഇവിടെ ഖുറൈശികള്‍ മിന്‍ജുനീഖോ മറ്റോ ഉപയോഗിച്ചതായി ഇവരും പറയുന്നില്ല. മാത്രമല്ല, അക്കാലത്തെ അറബികള്‍ക്ക് മിന്‍ജനീഖിനെപ്പറ്റി പരിചയവും ഉണ്ടായിരുന്നില്ല. അത് പിന്നീടാണവര്‍ക്ക് പരിചയപ്പെട്ടിട്ടുള്ളതും.


(*) കോട്ടകളും മറ്റും പൊളിക്കുന്നതിന്വമ്പിച്ച കല്ലുകള്‍ ദൂരെ നിന്ന് എയ്തു വിടുവാന്‍ ആ കാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം യന്ത്രമായിരുന്നു മിന്‍ജനീഖ് (منجنيق). ഇന്നത്തെ പീരങ്കികളുടെ സ്ഥാനത്തായിരുന്നു അന്ന് അത്.


(4) ഇതിനെല്ലാം പുറമേ സംഭവത്തെക്കുറിച്ച് ഇക്കൂട്ടരുടെ സമര്‍ത്ഥനവും, ഈ സൂറത്തിന് ഇവര്‍ നല്‍കുന്ന വ്യാഖ്യാനവും അനുസരിച്ച് ‘കൂട്ടംകൂട്ടമായ പക്ഷികള്‍ (طَيْرًا أبَابِيلَ) എന്ന് അല്ലാഹു പറഞ്ഞതിന്‍റെ അര്‍ത്ഥം ‘കൂട്ടംകൂട്ടമായ മനുഷ്യര്‍’ എന്നായിരിക്കണമല്ലോ. അത് പോലെത്തന്നെ ‘ചൂളക്കല്ല്‌’ അഥവാ ‘കളിമണ്ണ്‍ കൊണ്ടുണ്ടാക്കപ്പെട്ട ഇഷ്ടികക്കല്ല്’ (حجارة من سجيل) എന്നതിന്‍റെ അര്‍ത്ഥം ‘വമ്പിച്ച പാറക്കല്ല്’ എന്നും, ‘അവരെ കല്ല് കൊണ്ട് എറിഞ്ഞിരുന്നു (ترميهم بحجارة)’ എന്നതിന്‍റെ ‘അര്‍ത്ഥം’ അവരുടെ മീതെ കല്ലുരുട്ടിയിരുന്നു’വെന്നും ആക്കി മാറ്റേണ്ടിയിരിക്കുന്നു . ഇതെല്ലം ശരിവെക്കുവാന്‍ വിശേഷബുദ്ധിയുള്ള ആര്‍ക്കാണ് കഴിയുക – ഇവര്‍ക്കല്ലാതെ?!

(5) ഇതിനെക്കാള്‍ ബാലിശമായ മറ്റൊരു കാര്യം! ترميهم بحجارة (അവ അവരെ – അഥവാ ആ പക്ഷികള്‍ ആ ആനപ്പട്ടാളത്തെ എറിഞ്ഞിരുന്നു) എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഇതിലെ ترمي (തര്‍മീ) എന്ന ക്രിയാരൂപം ഒറ്റക്കെടുക്കുമ്പോള്‍- അതിന്‍റെ മുമ്പും പിമ്പും ഗൗനിക്കാത്തപക്ഷം അതിനു ‘നീ എറിഞ്ഞിരുന്നു’ എന്നും അര്‍ഥം കല്‍പ്പിക്കാം. ഈ അര്‍ത്ഥമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ ഈ വ്യാഖ്യാനക്കാര്‍ പറയുന്നത്. എന്നാല്‍ പക്ഷികളുടെ ഏറ് ഒഴിവാക്കാമല്ലോ. അങ്ങനെയാണെങ്കില്‍ ‘നീ’ എന്നു ഏകവചനമാക്കിയത് എന്തു കൊണ്ടാണെന്ന് ചോദിക്കപ്പെടുന്നപക്ഷം അതിന് അവരുടെ മറുപടി ഇപ്രകാരമാകുന്നു: ഇവിടെ ‘നീ’ എന്നു ഏകവചനമാണെങ്കിലും അതുകൊണ്ട് ‘നിങ്ങള്‍’ എന്ന് ബഹുവചനമാണ് ഉദ്ദേശ്യം. ‘ ഇതൊന്നും നാം ഊഹിച്ച് പറയുന്നതല്ല, ഇക്കൂട്ടരുടെ സ്വന്തം കൃതികളില്‍ നിന്ന് നാം ചുരുക്കി ഉദ്ധരിക്കുന്നതാണ്. അവ നേരില്‍ കാണുവാന്‍ സാധിച്ചവര്‍ക്കും ഇതും ഇതിനെക്കാള്‍ വമ്പിച്ചതുമായ പല വഷളത്തരങ്ങളും അവയില്‍ കാണാവുന്നതാണ്‌. ഇനി, വല്ലവരും അവരോട് ആരെക്കുറിച്ചാണ് ഇവിടെ ‘നിങ്ങള്‍’ എന്ന് പറഞ്ഞതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ അവര്‍ മറുപടി പറഞ്ഞേക്കും: ‘നിങ്ങള്‍’ എന്നാല്‍ അവര്‍’ എന്നും, ‘അവര്‍’ എന്നാല്‍ ഖുറൈശികള്‍ എന്നുമാണ് ഉദ്ദേശ്യമെന്ന്. അത്ഭുതം! ലജ്ജയില്ലെങ്കില്‍ തോന്നിയത് ചെയ്യാമല്ലോ. (اذالم تستحي فاصنع ما شئت)

കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടുന്ന ആവശ്യമില്ല. ഇത്രയും പ്രസ്താവിച്ചതില്‍ നിന്ന് തന്നെ ഭൗതികതിമിരം തീണ്ടാത്തവര്‍ക്ക് സത്യം മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. ആരെന്ത് ദുര്‍വ്യാഖ്യാനങ്ങളോ, യുക്തിന്യായങ്ങളോ സമര്‍പ്പിച്ചാലും ശരി, അല്ലാഹുവും അവന്‍റെ റസൂലും സ്പഷ്ട്ടമായ ഭാഷയില്‍ പ്രസ്താവിച്ച ഏതൊരു കാര്യവും, അതേപടി സ്വീകരിക്കുകയും, യുക്തിയും ശാസ്ത്രവും അതിനോട് അങ്ങോട്ട് യോജിപ്പിക്കുവാന്‍ ശ്രമിക്കുകയുമല്ലാതെ, നമ്മുടെ ആശയത്തിനും താല്‍പര്യത്തിനും ഒപ്പിച്ച് ഖുര്‍ആനെ വ്യാഖ്യാനിക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് നിവൃത്തിയില്ല. ചില കാര്യങ്ങളെപ്പറ്റി അവ സാധാരണ സംഭവങ്ങളെന്നും, മറ്റു ചിലതിനെപ്പറ്റി അസാധാരണ സംഭവങ്ങളെന്നും നാം പറയുന്നു. ചില കാര്യങ്ങളെപ്പറ്റി അവ പ്രകൃതിനിയമങ്ങളാണെന്നും, മറ്റു ചിലതിനെപ്പറ്റി അവ പ്രകൃതിനിയമത്തിനതീതമാണെന്നും വിധി കല്‍പ്പിക്കുന്നു. വാസ്തവത്തില്‍ ഈ തരം തിരിക്കലിലുള്ള മാനദണ്ഡം നമ്മുടെ പതിവും പരിചയവും മാത്രമാണ്. അല്ലെങ്കില്‍ – മര്‍ഹൂം സയ്യിദ് ഖുത്ത്ബ് ഈ സൂറത്തിന്‍റെ വിവരണത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ – സൂര്യന്‍ ദിനംപ്രതി കിഴക്കുനിന്ന് ഉദിച്ചു കണ്ടു പരിചയപ്പെട്ടത് കൊണ്ടും, കുട്ടികള്‍ ജനിക്കുന്നത് നിത്യപതിവായത് കൊണ്ടും അവയെല്ലാം സാധാരണ സംഭവങ്ങളായി നാം ഗണിക്കുന്നുവെന്നേയുള്ളു. മനുഷ്യന്‍റെ കഴിവിനെ അപേക്ഷിച്ച് നോക്കുമ്പോള്‍, അവ ഓരോന്നും അസാധാരണവും അമാനുഷികവുമായ സംഭവങ്ങളല്ലാതെ മറ്റെന്താണ്?! യാഥാര്‍‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി മനസ്സിലാക്കാനുള്ള തൗഫീഖും ഹിദായത്തും അല്ലാഹു നമുക്കെല്ലാം പ്രദാനം ചെയ്യട്ടെ. ആമീന്‍

( اللهم لك الحمد والمنة)