അസ്വ്ർ (കാലം)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 3]

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

ഉബൈദുല്ലാഹിബ്നു ഹഫ്‌സഃ (റ) പറഞ്ഞതായി ഇമാം തബ്റാനീ (റ) ഉദ്ധരിച്ചിരിക്കുന്നു : ‘നബി (സ) തിരുമേനിയുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ സൂറത്തുല്‍ അസ്വ്ർ ആദ്യന്തം ഓതി കേള്‍പ്പിക്കാതെ അവര്‍ പിരിഞ്ഞു പോകാറില്ല. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് ‌ സലാം ചൊല്ലി (പിരിഞ്ഞ്) പോകും. ‘ഇമാം ശാഫീ (റ) ഈ സൂറത്തിനെപ്പറ്റി പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു : ‘ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങള്‍ക്ക് ഇത് മതിയാകുമായിരുന്നു. കാരണം, ഖുര്‍ആനിലെ എല്ലാ വിജ്ഞാനങ്ങളും അതുള്‍ക്കൊണ്ടിരിക്കുന്നു. ‘അവയുടെ മൗലികമായ വശങ്ങള്‍ സംക്ഷിപ്തമായി അതില്‍ അടങ്ങിയിട്ടുണ്ടെന്ന് സാരം.

103:1
  • وَٱلْعَصْرِ ﴾١﴿
  • കാലം തന്നെയാണ (സത്യം)!
  • وَالْعَصْرِ കാലം തന്നെയാണ
103:2
  • إِنَّ ٱلْإِنسَٰنَ لَفِى خُسْرٍ ﴾٢﴿
  • നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ് ;-
  • إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَفِي خُسْرٍ നഷ്ടത്തില്‍ തന്നെ
103:3
  • إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ ﴾٣﴿
  • വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യഥാര്‍ത്ഥത്തെ കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' (ബലമായ ഉപദേശം) ചെയ്യുകയും, ക്ഷമയെക്കുറിച്ച് അന്യോന്യം 'വസ്വിയ്യത്ത്' ചെയ്യുകയും ചെയ്തവരൊഴികെ. [ഇവര്‍ മാത്രം നഷ്ടത്തില്‍ അല്ല]
  • إِلَّا الَّذِينَ യാതൊരുവരൊഴികെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത وَتَوَاصَوْا അന്യോന്യം വസ്വിയ്യത്തും ചെയ്ത بِالْحَقِّ യഥാര്‍ത്ഥത്തെ (സത്യത്തെ – ന്യായത്തെ – കടമയെ – വേണ്ടതിനെ) പ്പറ്റി وَتَوَاصَوْا അന്യോന്യം വസ്വിയ്യത്തും ചെയ്ത بِالصَّبْرِ ക്ഷമ (സഹനം) കൊണ്ട്

നല്ലതോ ചീത്തയോ, ചെറുതോ വലുതോ, സാധാരണമോ അസാധാരണമോ, സന്തോഷകരമോ, സന്താപകരമോ ഏതായിരുന്നാലും ശരി, ലോകലോകങ്ങളില്‍ നടമാടികൊണ്ടിരിക്കുന്ന എണ്ണമറ്റ സംഭവങ്ങളെല്ലാം തന്നെ കാലത്തിന്റെ കണ്ണികളില്‍ ഒതുങ്ങി നില്‍ക്കുന്നവയത്രെ. കാലം സാക്ഷിയാവാത്ത –കാലം സ്പര്‍ശിക്കാത്ത – കാര്യങ്ങളോ, കാരണങ്ങളോ, ചരിത്രങ്ങളോ ഇല്ല. എന്നാല്‍, മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ആദ്യം തൊട്ടവസാനം വരേക്കും ബാധകമായ ഒരു നിയമം – കാലമുള്ള കാലത്തോളം നീക്കുപോക്കില്ലാതെ സ്ഥിരപ്പെട്ട് നില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം – കാലത്തെ മുന്‍നിറുത്തി സത്യം ചെയ്തു കൊണ്ട് അല്ലാഹു നമ്മെ അറിയിക്കുന്നു . സത്യവിശ്വാസം, സല്‍കര്‍മ്മങ്ങള്‍, യഥാര്‍ത്ഥത്തെപ്പറ്റി പരസ്പരം ഉപദേശിക്കല്‍, ക്ഷമയെപ്പറ്റി പരസ്പരം ഉപദേശിക്കല്‍ എന്നീ നാലു കാര്യങ്ങള്‍ അനുഷ്ഠിക്കാത്ത മനുഷ്യരെല്ലാം നഷ്ടക്കാരാണ്. അഥവാ അനുഷ്ഠിച്ചവര്‍ മാത്രമാണ് ലാഭം നേടിയവര്‍. ഇതാണ് ആ യാഥാര്‍ത്ഥ്യം.

ഭൗതിക നേട്ടങ്ങളിലോ, ഐഹിക വ്യാപാരങ്ങളിലോ, സ്വാര്‍ത്ഥ താല്‍പര്യങ്ങളിലോ, സുഖാഡംബരങ്ങളിലോ നേരിട്ടേക്കുന്ന നഷ്ടമല്ല ഇവിടെ ഉദ്ദേശിക്കുന്ന നഷ്ടം . അല്ലാഹു ഉദ്ദേശിച്ച നഷ്ടം ഏതായിരിക്കുമെന്ന് കണ്ടുപിടിക്കുവാന്‍ വലിയ ബുദ്ധിയോ യുക്തിയോ ഒന്നും വിനിയോഗിച്ച് സാഹസപ്പെടേണ്ടതില്ല. അത് അല്ലാഹു തന്നെ പലപ്പോഴും നമുക്ക് വിവരിച്ചു തന്നിട്ടുള്ളതാകുന്നു . . ഉദാഹരണമായി :

(1) സൂ : കഹ്ഫ്‌ 102 -106 നോക്കുക . ഇഹത്തില്‍ വെച്ച് ചെയ്ത കര്‍മങ്ങള്‍ പാഴായിത്തീരുകയും, അതോടൊപ്പം തങ്ങള്‍ ചെയ്യുന്നത് നല്ലതാണെന്ന് വിചാരിക്കുകയും ചെയ്യുന്നവര്‍ – എന്ന് വെച്ചാല്‍, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടേണ്ടി വരുന്നതിലും അവിശ്വസിച്ചത് നിമിത്തം മുന്‍ചെ്യ്ത കര്‍മങ്ങളെല്ലാം ഫലശൂന്യമായി നരകശിക്ഷക്ക് അര്‍ഹരായിത്തീര്‍ന്നവര്‍ – ഇവരാണ് ഏറ്റവും വലിയ നഷ്ടക്കാരെന്നാണ് അവിടെ അല്ലാഹു പറയുന്നത്.

(2) സൂ : മുനാഫിഖൂന്‍ 9 നോക്കുക . സ്വത്തുക്കളും മക്കളും നിമിത്തം ദൈവസ്മരണയില്‍ അശ്രദ്ധരായിത്തീര്‍ന്നവര്‍ ആണ് നഷ്ടക്കാര്‍ എന്ന് അവിടെ പറയുന്നു.

(3) സൂ : ഹജ്ജ് 11 ല്‍ പറഞ്ഞതിന്റെ സാരം, നന്മ ബാധിക്കുമ്പോള്‍ മനസ്സമാധാനപ്പെട്ടും, തിന്മ ബാധിക്കുമ്പോള്‍ സ്ഥിതി അവതാളത്തിലായും കൊണ്ട് ചഞ്ചല മനസ്സോടെ അല്ലാഹുവിന് ആരാധന നടത്തുന്നവരുടെ നഷ്ടമാണ് ഇഹത്തിലും പരത്തിലുമുള്ള സ്പഷ്ടമായ നഷ്ടം എന്നത്രെ .

(4) ഇസ്‌ലാമല്ലാത്ത ഒരു മതത്തെ ആരെങ്കിലും അന്വേഷിക്കുന്ന പക്ഷം അത് സ്വീകാര്യമല്ലെന്നും, അവന്‍ പരലോകത്ത് നഷ്ടക്കാരനാണെന്നും സൂ: ആലുഇംറാന്‍ 85ലും പറയുന്നു. അപ്പോള്‍ അല്ലാഹു ഉദ്ദേശിക്കുന്ന നഷ്ടം ഏതാണെന്ന് മറ്റെവിടെയും പരതിനോക്കാതെ ഇതില്‍ നിന്നെല്ലാം മനസ്സിലായല്ലോ.

ഈ നഷ്ടത്തില്‍ നിന്ന് – അതല്ലാത്ത നഷ്ടങ്ങള്‍ എല്ലാം കേവലം നാമമാത്ര നഷ്ടങ്ങളാണ് – ഒഴിവാകുവാന്‍ നാലു കാര്യങ്ങളാണ് അല്ലാഹു ഉപാധിയായി എടുത്തു കാട്ടുന്നത്. 1 – ാമത് വിശ്വാസം, അതായത്, അല്ലാഹുവിലും, അവന്റെ പ്രവാചകന്മാരിലും, വേദഗ്രന്ഥങ്ങളിലും, അന്ത്യനാള്‍ തുടങ്ങിയ കാര്യങ്ങളിലുമുള്ള വിശ്വാസം, വിശ്വാസം നാമമാത്രമായാല്‍ പോരാ . ദൃഢമായതും, സല്‍കര്‍മ്മങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതുമായിരിക്കണം. ( സൂ : ഹുജുറാത്ത് 14 – 15 ഉം മറ്റും നോക്കുക ) . 2 – ാമത് സല്‍കര്‍മ്മം പ്രവര്‍ത്തിക്കല്‍. മേല്‍പറഞ്ഞ സത്യവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ നാനാതുറകളിലും അനുസരിക്കപ്പെടേണ്ടതുള്ള നിയമ നിര്‍ദേശങ്ങള്‍ അനുഷ്ഠിച്ച് കൊണ്ട് ചെയ്യുന്ന എല്ലാ പ്രവര്‍ത്തപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അല്ലാഹുവിന് ചില ആരാധനാകര്‍മങ്ങള്‍ മാത്രം നിര്‍വഹിക്കുന്നതുകൊണ്ട് ഒരാള്‍ സല്‍കര്‍മ്മിയായി തീരുന്നതല്ല. മറിച്ച് ജനങ്ങളോടും സഹസൃഷ്ടികളോടും തന്നോട് തന്നെയും പാലിക്കേണ്ടുന്ന കടമകളും മര്യാദകളും പാലിക്കുമ്പോഴേ ഒരാള്‍ ശരിയായ സല്‍കര്‍മ്മിയായി തീരുകയുള്ളു.

3-ാമത് പരസ്പരം യഥാര്‍ത്ഥം കൊണ്ട് – അഥവാ വിശ്വാസപരമായോ കര്‍മ്മപരമായോ വേണ്ടപ്പെട്ടതും സ്ഥിരപ്പെട്ടതുമായ എല്ലാ കാര്യങ്ങള്‍ കൊണ്ടും – അന്യോന്യം വസ്വിയ്യത്ത് ചെയ്യുകയാണ്. ഇന്ന കാര്യം ഇന്ന പ്രകാരമാണ് വേണ്ടത് എന്ന് പറഞ്ഞ് കൊടുത്താല്‍ മാത്രം പോരാ. അത് പ്രവര്‍ത്തനത്തില്‍ വരുത്തുവാന്‍ പ്രേരിപ്പിക്കുമാറ് സദുപദേശരൂപത്തിലും ബലവത്തായ രീതിയിലും ആയിരിക്കേണ്ടതുണ്ട് എന്നാണ് ‘ വസ്വിയ്യത്ത് ‘ (وصية) എന്ന പ്രയോഗം കാണിക്കുന്നത്. (*) വേണ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഉപദേശം നല്‍കലും വെറുക്കപ്പെട്ട കാര്യങ്ങളെ കുറിച്ച് വിരോധിക്കലും (الامر بالمعروف و النهي عن المنكر) മുസ്ലിംകളുടെ പൊതുകടമയാണെന്ന കാര്യം ഇവിടെ സ്മരണീയമാകുന്നു. വ്യക്തിപരമെന്നോ, സാമൂഹ്യമെന്നോ വ്യത്യാസമില്ലാതെ എല്ലാ കാര്യത്തിലും ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച് ഇത് നിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനാകുന്നു . 4 – ാമത്തേത്, ക്ഷമയെപ്പറ്റി പരസ്പരം വസ്വിയ്യത്ത് ചെയ്യലത്രെ . ജനങ്ങള്‍ക്ക് സത്യോപദേശങ്ങള്‍ നല്‍കുമ്പോള്‍ അതിന്നെതിരില്‍ നേരിട്ടേക്കാവുന്ന എതിര്‍പ്പുകളെയും, വിഷമങ്ങളെയും സഹിക്കുക, ആപത്തുകളിലും, പരീക്ഷണങ്ങളിലും ക്ഷമ കൈകൊള്ളുക, അനുവദനീയമല്ലാത്ത കാര്യങ്ങള്‍ വര്‍ജ്ജിളക്കുകയോ കല്‍പിക്കപ്പെട്ട കാര്യങ്ങള്‍ അനുഷ്ഠിക്കുകയോ ചെയ്യുന്നതില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇന്നത്തെപ്പോലെ പരിസരവും സമൂഹവും സദാചാരമൂല്യങ്ങളില്‍ നിന്ന് അകന്ന് പോകുംതോറും ക്ഷമയുടെ വൃത്തം വിപുലമായി തീരുകയും, പരസ്പരം ക്ഷമയെ പറ്റി ഉപദേശിക്കുന്നതിന്റെ ആവശ്യകത വര്‍ധിക്കുകയുമാണ് ചെയ്യുന്നത്. ( و من الله التوفيق ) വലുപ്പം നോക്കുമ്പോള്‍ വളരെ ചെറുതാണെങ്കിലും, ഒരു വ്യാഖ്യാനമൊന്നും കൂടാതെ തന്നെ ഉള്ളടക്കം വ്യക്തമായതും, അതിവിപുലവും അര്‍ത്ഥഗര്‍ഭവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ് ഈ സൂറത്ത് എന്ന് കാണാം . വ്യക്തികളുടെയും സമുദായത്തിന്റെയും വിജയമാര്‍ഗങ്ങള്‍ മുഴുവനും അതില്‍ സംക്ഷിപ്തമായി വിവരിക്കപ്പെട്ടിരിക്കുന്നു.


(*)   الوصية التقدم الى الغير بما يعمل به مقترنا بوعظ – المفردات


തക്കം കാണുമ്പോഴെല്ലാം ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഭൗതിക താല്പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കാറുള്ള ചില ആധുനിക വാദികള്‍ ഈ സൂറത്തിന് അവരുടെ വക ഒരു പുതിയ അര്‍ത്ഥവ്യാഖ്യാനം കല്‍പിച്ച് കാണുകയുണ്ടായി . അത് ഏതാണ്ടിങ്ങനെ വിവരിക്കാം : പഞ്ചസാരക്ക് മധുരമുണ്ട്, അമേരിക്കയിലെ പ്രസംഗം റേഡിയോ വഴി ഇന്ത്യയില്‍ കേള്‍ക്കാം, പരിഷ്കരിച്ച ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യന് ചന്ദ്രനിലും മറ്റു ഗോളങ്ങളിലും പോയി വരുവാന്‍ കഴിയും എന്നിവ പോലെയുള്ള ‘ യാഥാര്‍ത്ഥ്യങ്ങളില്‍ വിശ്വസിക്കുക’യും അവ പ്രയോഗികമാക്കുവാന്‍ വേണ്ടുന്ന ‘സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക ‘ യും അങ്ങനെയുള്ള ‘ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും, അവ പ്രാവര്‍ത്തികമാക്കുന്നതില്‍ നേരിടുന്ന വിഷമങ്ങള്‍ ‘സഹിക്കുന്നതിനെ ‘ ക്കുറിച്ചും പരസ്പരം ഉപദേശിക്കുകയും ചെയ്യാതിരുന്നാല്‍ മനുഷ്യന്റെ ‘ജീവിത പുരോഗതി’ നഷ്ടപ്പെടും . ഈ നാലു ഗുണങ്ങള്‍ കൊണ്ടാണ് യൂറോപ്യന്‍ സമുദായങ്ങള്‍ ലോകത്ത് വമ്പിച്ച പുരോഗതി പ്രാപിച്ചത്. ഇതാണ് അതിന്റെ ചുരുക്കം. (سبحان الله) ആശ്ചര്യം ! ഈ വ്യാഖ്യാനത്തില്‍ നിന്ന് അല്ലാഹുവിന്റെ ഖുര്‍ആന്‍ എത്രയോ പരിശുദ്ധം തന്നെ! ഭൗതിക ലാഭനഷ്ടങ്ങളുടെയും ജയാപജയങ്ങളുടെയും മാനദണ്ഡങ്ങളായി ഇവര്‍ സമര്‍ത്ഥിക്കുന്ന ഈ സമര്‍ത്ഥനം അതിന്‍റെ മുഖവിലക്കു തന്നെ നമുക്കും തെല്ലൊക്കെ വകവെക്കാം. പക്ഷേ, സൂറത്തുല്‍ അസ്വ്‌റിന്റെ ആശയവും താല്പുര്യവും അതുമായി അല്പബന്ധം പോലുമില്ല തന്നെ. അല്ലാഹുവിലും ഖുര്‍ആനിലും ശരിക്ക് വിശ്വസിക്കുന്ന ഒരു മുസ്ലിമിന് – അയാള്‍ വളരെ വിവരസ്ഥനൊന്നുമല്ലെങ്കിലും ശരി – കേവലം എന്തോ താല്പര്യപൂര്‍വ്വം പുതുതായി ചമക്കപ്പെട്ട ഒരു കടുത്ത ദുര്‍വ്യാഖ്യാനമാണിതെന്ന് മനസ്സിലാക്കുവാന്‍ പരസഹായമൊന്നും ആവശ്യമില്ല . സൂ : ബനുഇസ്രാഈലിലെ 18, 19 എന്നീ രണ്ട് തിരുവചനങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും. من كان يريد العاجلة – الى قوله : كان سعيهم مشكورا (സാരം: ക്ഷണികമായ ഈ ലോകത്തെ ആരെങ്കിലും ഉദ്ദേശിക്കുന്നതായാല്‍, നാം വേണമെന്ന് വെക്കുന്നത് അവിടത്തില്‍ അവന് നാം ക്ഷണത്തില്‍ കൊടുക്കുന്നതാണ് . പിന്നീടു അവന് നരകത്തെ നാം ഏര്‍പ്പെടുത്തി കൊടുക്കും. ആക്ഷേപിക്കപ്പെട്ടവനായും, നിന്ദിക്കപ്പെട്ടവനായും കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്, ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും അവന്‍ സത്യവിശ്വാസിയായും കൊണ്ട് അതിന് വേണ്ടി അതിന്റെതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്‌താല്‍ അങ്ങിനെയുള്ളവരുടെ പരിശ്രമം നന്ദി ചെയ്യപ്പെടുന്നതായിരിക്കും).

و لله الحمد و المنة و له الفضل