സൂറത്തു തകാഥുര് : 01-08
തകാഥുർ (പെരുപ്പം നടിക്കല്‍)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 8]
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- أَلْهَىٰكُمُ ٱلتَّكَاثُرُ ﴾١﴿
- പരസ്പരം പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കയാണ്,-
- أَلْهَاكُمُ നിങ്ങളെ അശ്രദ്ധയിലാക്കി, മിനക്കെടുത്തിയിരിക്കുന്നു التَّكَاثُرُ പെരുപ്പം നടിക്കല്‍, ആധിക്യം കാട്ടല്
- حَتَّىٰ زُرْتُمُ ٱلْمَقَابِرَ ﴾٢﴿
- നിങ്ങള്‍ ഖബ്ര്‍ സ്ഥാനങ്ങളെ സന്ദര്‍ശിക്കുന്നത് വരേക്കും
- حَتَّىٰ زُرْتُمُ നിങ്ങള്‍ സന്ദര്‍ശിക്കുന്നതുവരേക്കും الْمَقَابِرَ ഖബ്ര്‍ (ശ്മശാന)സ്ഥാനങ്ങളെ
ധനം, മക്കള്‍ മുതലായ ഐഹിക സുഖസൗകര്യങ്ങള്‍ എനിക്ക് മറ്റുള്ളവരെക്കാള്‍ അധികമുണ്ടെന്ന നാട്യത്തിനും, അധികമുണ്ടായിരിക്കണമെന്നുള്ള മത്സരമനസ്ഥിതിക്കുമാണ് تكأثر (പെരുപ്പം കാണിക്കല്‍) എന്ന് പറയുന്നത്. സൂറത്ത് ഹദീദ് 20ല്‍ ഇങ്ങിനെ പറഞ്ഞിരിക്കുന്നു : ‘അറിഞ്ഞുകൊള്ളുവിന്‍, നിശ്ചയമായും ഐഹിക ജീവിതമെന്നത് കളിയും, വിനോദവും, അലങ്കാരവും, നിങ്ങള്‍ തമ്മില്‍ അഭിമാനം നടിക്കലും, സ്വത്തുക്കളിലും മക്കളിലും പെരുപ്പം നടിക്കലും മാത്രമാകുന്നു (اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ – الخ)’. ഖബ്ര്‍ സ്ഥാനം (ശ്മശാനം) സന്ദര്‍ശിക്കുന്നതുവരെ – അഥവാ മരണപ്പെട്ട് പോകുന്നതുവരെ – ഐഹിക സുഖസൗകര്യങ്ങളില്‍ വ്യാപൃതമാകുകയും ഭാവിയെ കുറിച്ചുള്ള ശ്രദ്ധ നഷ്ടപ്പെടുകയും ചെയ്യുന്നതിനെ പറ്റിയാണ് അല്ലാഹു താക്കീത് ചെയ്യുന്നത്. ധനവും മക്കളുമെല്ലാം നല്ലതുതന്നെ. അത്യാവശ്യവുമാണ് .പക്ഷേ, അതില്‍ മാത്രം ശ്രദ്ധ ചെലുത്തുക, അത് സര്‍വ പ്രധാനമായി ഗണിക്കുക.. അങ്ങനെ ഭാവിയെ പറ്റി ബോധമില്ലാതായി തീരുക. ഇതാണ് ആക്ഷേപകരം.
أَلْهَاكُمُ التَّكَاثُرُ (പെരുപ്പം കാണിക്കല്‍ നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു) എന്ന വചനം ഓതിക്കൊണ്ട് നബി(സ) പറയുകയുണ്ടായി : ‘ആദമിന്റെ മകന് (മനുഷ്യന്) പറയും: ‘എന്റെ ധനം! എന്റെ ധനം !’ എന്ന്. (ഹേ, മനുഷ്യാ), നീ തിന്നുതീര്ത്തതോ, അല്ലെങ്കില്‍ നീ ഉടുത്ത് പഴകിയതോ, അല്ലെങ്കില്‍ നീ ധര്‍മം കൊടുത്ത് നടപ്പില്‍ വരുത്തിയതോ അല്ലാതെ, നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും ഉണ്ടോ?’ (അ; മു; തി.) മുസ്ലിമിന്റെ നിവേദനത്തില്‍ ഇത്രയും കൂടിയുണ്ട് . ‘ഇതല്ലാത്തതെല്ലാം പോയിപ്പോകുന്നതും ജനങ്ങള്‍ക്കായി നീ വിട്ടുകൊടുക്കുന്നതുമാണ് .’(മു.) ഐഹിക സുഖസൗകര്യങ്ങള്‍ ഒരാള്‍ക്ക് എത്രതന്നെ ലഭിച്ചിരുന്നാലും, അതില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അവന് ഉപയോഗപ്പെടുന്നത് ഏറ്റവും ചുരുങ്ങിയ ഒരളവുമാത്രമാണ്; അതുപോലും ദീര്‍ഘകാലം നിലനില്ക്കുന്നതുമല്ല; എല്ലാം ക്ഷണികമാണ്; ഒടുക്കം മറ്റുള്ളവര്‍ക്ക് അവ ഒന്നടങ്കം വിട്ടുകൊടുക്കേണ്ടതുമാണ്. എന്നിരിക്കെ, അതിന് അമിതമായ പ്രാധാന്യം നല്കുകകയും, അതേസമയത്ത് പാരത്രികമായ കാലാകാല ജീവിതത്തെപ്പറ്റി വിസ്മരിക്കുകയും ചെയ്യുന്നതില്‍ പരം വിഡ്ഢിത്തം മറ്റെന്തുണ്ട്?! അല്ലാഹു താക്കീത് ചെയ്യുന്നു:-
- كَلَّا سَوْفَ تَعْلَمُونَ ﴾٣﴿
- വേണ്ടാ, വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
- كَلَّا വേണ്ട, അതല്ല, അങ്ങിനെയല്ല سَوْفَ വഴിയെ, പിറകെ تَعْلَمُونَ നിങ്ങള്‍ അറിയും
- ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴾٤﴿
- പിന്നെ, വേണ്ടാ! വഴിയെ നിങ്ങള്‍ക്ക് അറിയാറാകും!
- ثُمَّ كَلَّاപിന്നെ വേണ്ടാ سَوْفَ تَعْلَمُونَ നിങ്ങള്‍ വഴിയെ അറിയും
- كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ ﴾٥﴿
- വേണ്ടാ! നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍! [എന്നാല്‍ നിങ്ങള്‍ അങ്ങിനെ ചെയ്യുമായിരുന്നില്ല.]
- كَلَّا വേണ്ടാ لَوْ تَعْلَمُون നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ عِلْمَ الْيَقِينِ ഉറപ്പായ (ദൃഢമായ) അറിവ്
- لَتَرَوُنَّ ٱلْجَحِيمَ ﴾٦﴿
- ജ്വലിക്കുന്ന നരകത്തെ നിശ്ചയമായും നിങ്ങള്‍ കാണുക തന്നെ ചെയ്യും.
- لَتَرَوُنَّ നിശ്ചയമായും നിങ്ങള്‍ കാണുകതന്നെ ചെയ്യും الْجَحِيمَ ജ്വലിക്കുന്ന നരകം
- ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ ﴾٧﴿
- പിന്നെ, നിശ്ചയമായും, നിങ്ങള്‍ അതിനെ ദൃഢമായ കണ്‍കാഴ്ചയായി കാണുക തന്നെ ചെയ്യും
- ثُمَّ لَتَرَوُنَّهَا പിന്നെ നിങ്ങള്‍ അതിനെ കാണുക തന്നെ ചെയ്യും عَيْنَ الْيَقِينِ ഉറപ്പായ (ദൃഢമായ) കാഴ്ചയായി, ഉറപ്പ് തന്നെയായി
- ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ ﴾٨﴿
- പിന്നീട് അന്നത്തെ ദിവസം, നിങ്ങളോട് സുഖാനുഗ്രഹങ്ങളെപ്പറ്റി നിശ്ചയമായും ചോദ്യം ചെയ്യപ്പെടും!
- ثُمَّ لَتُسْأَلُنَّ പിന്നെ നിശ്ചയമായും നിങ്ങള്‍ ചോദിക്കപ്പെടും يَوْمَئِذٍ അന്നത്തെ ദിവസംعَنِ النَّعِيمِ സുഖാനുഗ്രഹത്തെപ്പറ്റി
ഇഹത്തില്‍ വെച്ച് മനുഷ്യന് അനുഭവിച്ചതും ആസ്വദിച്ചതുമായ എല്ലാ സുഖസൗകര്യങ്ങളെ കുറിച്ചും – അതെങ്ങിനെ കിട്ടി, എന്തില്‍ വിനിയോഗിച്ചു എന്നൊക്കെ മനുഷ്യന് ചോദ്യം ചെയ്യപ്പെടും. കത്തിജ്ജ്വലിക്കുന്ന നരകം കണ്മുമ്പില് ഹാജരാക്കപ്പെട്ടിട്ടുമുണ്ടായിരിക്കും. ഈ അവസരത്തില്‍, തൃപ്തികരമായ മറുപടി നല്കി രക്ഷപ്പെടുവാന്‍ സാധിക്കുമാറാകണമെങ്കില്, ഈ ‘പെരുപ്പം കാണിക്കല്‍’ അവസാനിപ്പിച്ചേ പറ്റൂ. ഇതെല്ലാം കേവലം ചില ഊഹവാര്ത്തകളല്ല. സുദൃഢവും, അനുഭവത്തില്‍ കണ്ടറിയുവാനിരിക്കുന്നതുമായ യാഥാര്‍ത്ഥ്യങ്ങളാകുന്നു..
അല്ലാഹു പറയുന്നു : إِنَّ السَّمْعَ وَالْبَصَرَ وَالْفُؤادَ كُلُّ أُولَـٰئِكَ كَانَ عَنْهُ مَسْئُولًا -الاسراء (നിശ്ചയമായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെല്ലാം തന്നെ, അതതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (ഇസ്രാഉ്:36) നബി (സ) പറയുന്നു : ‘അഞ്ച് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്തുനാളില്‍ ആദമിന്റെ മകന്റെ (മനുഷ്യന്റെ) കാലടികള്‍ (വിചാരണാനിലയം വിട്ട്) നീങ്ങുകയില്ല; അവന്റെ ആയുഷ്കാലത്തെപ്പറ്റി അത് എന്തില്‍ വിനിയോഗിച്ച് തീര്‍ത്തുവെന്നും, അവന്റെ യുവത്വത്തെപ്പറ്റി അത് എന്തില്‍ നശിപ്പിച്ചുവെന്നും, അവന്റെ ധനത്തെപ്പറ്റി അത് എവിടെ നിന്ന് സമ്പാദിച്ചുവെന്നും, എന്തില്‍ ചിലവഴിച്ചുവെന്നും, അവന് അറിയാവുന്ന കാര്യത്തില്‍ അവന് എന്താണ് പ്രവര്‍ത്തിച്ചത് എന്നും’ (തി.)
ഇമാം മുസ്ലിം (റ) മുതലായവര്‍ നിവേദനം ചെയ്ത ഒരു ഹദീസിന്റെ രത്നച്ചുരുക്കം ഇപ്രകാരമാണ്: നബി (സ) തിരുമേനിയും, അബുബകര്‍ (റ), ഉമര്‍ (റ) എന്നിവരും വളരെ വിശന്നുവലഞ്ഞ ഒരവസരത്തില്‍ ഒരു അന്‍സാരി അവരെ സല്കരിക്കുകയുണ്ടായി. ആദ്യം അദ്ദേഹം അവര്‍ക്ക് ഈത്തപ്പഴം നല്കി. തുടര്‍ന്ന് ഒരു ആടിനെ അറുത്ത് ഭക്ഷണവും നല്കി. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ തിരുമേനി ഇങ്ങിനെ പറഞ്ഞു: ‘തീര്‍ച്ചയായും, ഖിയാമത്തുനാളില്‍ ഇതിനെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ വീട്ടില്‍ നിന്ന് വിശപ്പാണ് നിങ്ങളെ പുറത്താക്കിയത്. എന്നിട്ട് നിങ്ങള്‍ക്ക് ഇത് (ഈ സല്‍ക്കാരം) ലഭിക്കാതെ നിങ്ങള്‍ മടങ്ങേണ്ടി വന്നില്ല. ഇത് (അല്ലാഹു നല്കിയ) സുഖാനുഗ്രഹമാകുന്നു.’(മു; ജ). അല്ലാഹു നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്ന സജ്ജനങ്ങളില്‍ അവന് നമ്മെ എല്ലാവരെയും ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
لله الحمد و المنة