‘ലൈലത്തുല്‍ ക്വദ്ര്‍’ (ليلة القدر)
അഥവാ നിര്‍ണയത്തിന്‍റെ രാത്രി

സൂറത്തുല്‍ ക്വദ്‍റിലും, സൂറത്തുദ്ദുഖാന്‍റെ ആദ്യത്തിലും അല്ലാഹു പ്രസ്‌താവിച്ചിട്ടുള്ള ഒരു മഹത്തായ രാവാണ് ലൈലത്തുല്‍ ക്വദ്ർ. (കാര്യങ്ങള്‍ നിര്‍ണയം ചെയ്യുന്ന രാത്രി – അഥവാ ബഹുമാനത്തിന്‍റെ രാത്രി). അതിന് ഈ പേര്‍ വന്നതിന്‍റെ പശ്ചാത്തലത്തെപ്പറ്റിയും, ക്വുര്‍ആന്‍ അവതരിച്ചത് ആ രാത്രിയിലാണ് എന്ന് പറഞ്ഞതിന്‍റെ താല്‍പര്യത്തെപ്പറ്റിയും പ്രസ്‌തുത സ്ഥലങ്ങളില്‍വെച്ച് നാം സംസാരിച്ചിട്ടുണ്ട്‌. ക്വുര്‍ആന്‍ അവതരിച്ച മാസമെന്ന നിലക്ക് റമദ്വാന്‍ മാസത്തിന് പ്രാധാന്യമുള്ളതുപോലെ, അത് അവതരിച്ച രാത്രി എന്ന നിലക്ക് ലൈലത്തുല്‍ ക്വദ്‌റിനും വളരെ പ്രാധാന്യമുണ്ട്. ക്വുര്‍ആന്‍റെ അവതരണം മുമ്പുകഴിഞ്ഞുപോയിട്ടുണ്ടെങ്കിലും അതിന്‍റെ പ്രാധാന്യവും മഹത്വവും എന്നും നിലനിന്നുവരുന്നുവല്ലോ. ആ നിലക്ക് ആ മാസവും ആ രാത്രിയും എല്ലാ കാലത്തും പ്രത്യേകം പരിഗണിക്കപ്പെടുകയും സ്‌മരിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാവികമാണ്.

ക്വുര്‍ആന്‍ അവതരിച്ച് തുടങ്ങിയ ആ ഒരേ ഒരു രാത്രി മാത്രമാണ് ലൈലത്തുല്‍ ക്വദ്‌ര്‍ എന്നും, കൊല്ലംതോറും അത് ആവര്‍ത്തിക്കപ്പെടുന്നില്ല എന്നും ചിലര്‍ പറയാറുണ്ട്‌. ആധുനിക ചിന്താഗതിക്കാരില്‍ നിന്നാണ് അധികവും ഈ അഭിപ്രായം പ്രകടമാകാറുള്ളത്. ക്വുര്‍ആന്‍റെ പ്രസ്‌താവനകളും നബി വചനങ്ങളും ഈ അഭിപ്രായം തെറ്റാണെന്നുള്ളതിന് മതിയായ തെളിവ് നല്‍കുന്നു.

സൂ : ദുഖാനില്‍ ഈ രാത്രിയെക്കുറിച്ച് إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ (നിശ്ചയമായും നാം അതിനെ – ക്വുര്‍ആനെ – അനുഗ്രഹീതമായ ഒരു രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു) എന്ന് പറഞ്ഞതിന് ശേഷം فِيهَا يُفْرَقُ كُلُّ أمْرٍ حَكِيمٍ (അതില്‍ എല്ലാ യുക്തിമത്തായ കാര്യവും വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു) എന്ന് പറയുന്നു. അതുപോലെ, സൂ : ക്വദ്‌റില്‍ ആദ്യംإِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (നിശ്ചയമായും നാം അതിനെ ലൈലത്തുല്‍ ക്വദ്‌റില്‍ അവതരിപ്പിച്ചു) എന്നും, പിന്നീട് അതിന്‍റെ മഹത്വങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا(അതില്‍ മലക്കുകളും ‘റൂഹും’ ഇറങ്ങിവരുന്നു – അഥവാ ഇറങ്ങിവരും) എന്നും പറഞ്ഞിരിക്കുന്നു. രണ്ടു സ്ഥലത്തും ക്വുര്‍ആനെ കുറിച്ച് പറഞ്ഞപ്പോള്‍ ‘അതിനെ അവതരിപ്പിച്ചു’ എന്ന് ഭൂതകാലക്രിയ (الماضي)യാണ് അല്ലാഹു ഉപയോഗിച്ചത്. ആ രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെകുറിച്ച് പറഞ്ഞപ്പോഴാകട്ടെ ‘അതില്‍ കാര്യം വിവേചനം ചെയ്യപെടുന്നു’ എന്നും, ‘അതില്‍ മലക്കുകള്‍ ഇറങ്ങിവരുന്നു’ എന്നും വര്‍ത്തമാനകാലത്തിനും ഭാവികാലത്തിനും ഉപയോഗിക്കുന്ന ക്രിയ (المضارع)യാണ്‌ അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കുകളിലും അവയുടെ ഉപയോഗക്രമങ്ങളിലും പല സൂചനകളും രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്ന് പറയേണ്ടതില്ല. ക്വുര്‍ആനെ അവതരിപ്പിച്ചുവെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം ‘ലൗഹുല്‍മഹ്‍ഫൂള്വി’ല്‍ നിന്ന് ആകാശത്തേക്ക് അവതരിപ്പിച്ചുവെന്നോ, നബി ﷺക്ക് അവതരിപ്പിക്കുവാന്‍ ആരംഭിച്ചുവെന്നോ ആവട്ടെ, ഏതായാലും ശരി – ആ അവതരണ സംഭവം കഴിഞ്ഞുപോയിട്ടുണ്ടെന്നും, കാര്യങ്ങളുടെ വിവേചനം നടത്തലും മലക്കുകളുടെ വരവും അതിനുശേഷവും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് – അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കും – എന്നുമാണ്‌ ഇത് വ്യക്തമാക്കിത്തരുന്നത്. എനി, നബിവചനങ്ങളിലേക്ക് കടന്നാല്‍ യാതൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം അത് സ്‌പഷ്ടവുമാകുന്നു. ക്വുര്‍ആന്‍റെ വ്യാഖ്യാനത്തിന് ക്വുര്‍ആനെക്കഴിച്ചാല്‍ പിന്നെ നബി ﷺ യുടെ വചനങ്ങളും ചര്യകളുമാണല്ലോ ആധാരം. നോക്കുക :-

റസൂല്‍ ﷺ അരുളിച്ചെയ്തതായി ആഇശഃ (റ) ഉദ്ധരിക്കുന്നു : ‘ലൈലത്തുല്‍ ക്വദ്‌റിനെ റമദ്വാന്‍റെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളില്‍ കരുതിയിരുന്നുകൊള്ളുവിന്‍’. (ബു; മു). ഇബ്നു അബ്ബാസ് (റ) പറയുകയാണ്: ‘(റമദ്വാന്‍റെ) അവസാനത്തെ ഏഴു ദിവസങ്ങളിലായി സ്വഹാബികള്‍ക്ക് ലൈലത്തുല്‍ ക്വദ്ര്‍ സ്വപ്നത്തില്‍ കാണിക്കപ്പെടുകയുണ്ടായി. അപ്പോള്‍ റസൂല്‍ തിരുമേനി ﷺ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ സ്വപ്നങ്ങള്‍ അവസാനത്തെ ഏഴ് ദിവസങ്ങളില്‍ ഒത്തുകൂടിയതായി ഞാന്‍ കാണുന്നു. അതുകൊണ്ട് അതിനെ ആര്‍ കരുതിയിരിക്കുന്നുവോ അവന്‍ ഒടുവിലത്തെ ഏഴ്‌ രാത്രികളില്‍ കരുത്തിയിരുന്നുകൊള്ളട്ടെ. ’ (ബു; മു). നബി തിരുമേനി ﷺ പ്രസ്‌താവിച്ചതായി വീണ്ടും ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: ‘നിങ്ങള്‍ അതിനെ–അതായത് ലൈലത്തുല്‍ ക്വദ്റിനെ– റമദ്വാന്‍റെ ഒടുവിലത്തെ പത്തില്‍ അന്വേഷിക്കുവിന്‍. എന്നുവെച്ചാല്‍, ഒമ്പത്‌ ബാക്കിയുള്ളപ്പോള്‍, ഏഴ് ബാക്കിയുള്ളപ്പോള്‍, അഞ്ച് ബാക്കിയുള്ളപ്പോള്‍ എന്നിങ്ങനെ. ’ (ബു.) ഇപ്പോള്‍, ലൈലത്തുല്‍ ക്വദ്ര്‍ കൊല്ലംതോറും ആവര്‍ത്തിക്കപ്പെടുമെന്നതില്‍ സംശയിക്കുവാന്‍ ന്യായമില്ലല്ലോ. എനി, അതുസംബന്ധിച്ച് നബി ﷺ സ്വീകരിച്ചിരുന്ന പ്രത്യേക ചര്യകള്‍ എന്തായിരുന്നുവെന്ന് നോക്കാം:–

അബൂസഈദില്‍ ക്വുദ്‌രീ (റ) പറയുന്നു: ‘റസൂല്‍ ﷺ റമദ്വാന്‍റെ ആദ്യത്തെ പത്തിലും, പിന്നെ നടുവിലത്തെ പത്തിലും ‘ഇഅ്‍തികാഫ്’ (*) ചെയ്യുകയുണ്ടായി. ഒരു തുര്‍ക്കിത്തമ്പു കെട്ടിയതില്‍ വെച്ചായിരുന്നു അത്. പിന്നീട് അവിടുന്ന് തല പുറത്തുകാട്ടിക്കൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു. ‘ഞാന്‍ ഈ രാത്രിയെ തേടിക്കൊണ്ട് ആദ്യത്തെ പത്ത് ദിവസം ‘ഇഅ്‍തികാഫ്’ ചെയ്തു. പിന്നെ നടുവിലത്തെ പത്തും ചെയ്തു. പിന്നീട് എന്‍റെ അടുക്കല്‍ വന്ന് (**) എന്നോട് പറയുകയുണ്ടായി. അത്‌ അവസാനത്തെ പത്തിലാണെന്ന്. ആകയാല്‍, എന്നോടൊന്നിച്ച് ‘ഇഅ്‍തികാഫ്’ ചെയ്തവര്‍ അവസാനത്തെ പത്തിലും ‘ഇഅ്‍തികാഫ്’ ചെയ്തുകൊള്ളട്ടെ, ഈ രാത്രി എനിക്ക് കാണിച്ച് തരപ്പെട്ടു. (എങ്കിലും) പിന്നീട് എനിക്ക് അത് വിസ്‌മരിക്കപ്പെടുകയുണ്ടായി…. . ’ (ബു; മു). ആഇശഃ (റ) പ്രസ്‌താവിക്കുന്നു: ‘അവസാനത്തെ പത്തില്‍ റസൂല്‍ തിരുമേനി ﷺ മറ്റൊന്നിലുമില്ലാത്തത്ര ഉത്സാഹം (ആരാധനാ കര്‍മങ്ങളില്‍) കാണിച്ച് വന്നിരുന്നു. ‘ (മു.) ആഇശഃ (റ) യില്‍ നിന്ന് ഇങ്ങനെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ റസൂലേ, കണ്ടുവോ? ലൈലത്തുല്‍ ക്വദ്ര്‍ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിവായാല്‍ അതില്‍ ഞാന്‍ എന്താണ് പറയേണ്ടത്?’ തിരുമേനി പറഞ്ഞു: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ‘(അല്ലാഹുവേ, നീ മാപ്പ്‌ നല്‍കുന്നവനാണ്‌. മാപ്പു ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ എനിക്ക്‌ മാപ്പ് നല്‍കേണമേ!) എന്ന് പറഞ്ഞുകൊള്ളുക’. (അ; ജ; മി.) നബി ﷺ പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു : ‘സത്യവിശ്വാസത്തോടും (അല്ലാഹുവില്‍ നിന്ന്) പ്രതിഫലം കണക്കാക്കിക്കൊണ്ടും ലൈലത്തുല്‍ ക്വദ്റില്‍ ആരെങ്കിലും നിന്ന് നമസ്കരിക്കുന്ന പക്ഷം അവന് അവന്‍റെ കഴിഞ്ഞു പോയ പാപം പൊറുക്കപ്പെടുന്നതാണ്. ’ (ബു; മു.)


  (*) നമസ്‌കാരം, ദുആ, ദിക്ര്‍ തുടങ്ങിയ ആരാധനകളില്‍ ഏര്‍പ്പെട്ടുകൊണ്ട് പള്ളിയില്‍ അടങ്ങിയിരിക്കുന്നതിനാണ് ‘ഇഅ്‍തികാഫ്’ (الاعتكاف) എന്ന് പറയുന്നത്. ഇത് എല്ലാ കാലത്തും നല്ലതാണെങ്കിലും റമദ്വാനില്‍ പ്രത്യേകം സുന്നത്താകുന്നു.
  (**) മലക്ക് മുഖേന അറിവ് നല്‍കപ്പെട്ടു എന്ന് താല്‍പര്യം.


ലൈലത്തുല്‍ ക്വദര്‍ ഏത് രാത്രിയാണെന്ന് നബി ﷺക്ക് കാണിച്ചുകൊടുക്കപ്പെടുകയുണ്ടായെന്നും, പിന്നീട് അത് വിസ്‌മരിക്കപ്പെടുകയാണ് ചെയ്തതെന്നും അബൂസഈദില്‍ ക്വുദ്‌രി (റ)യുടെ ഹദീഥില്‍ കണ്ടുവല്ലോ. ഈ വിഷയം ഉബാദത്തു (عبادة) ബ്നു സ്വാമിത്ത് (റ) ഇങ്ങനെ വിവരിക്കുന്നു: ‘ഞങ്ങള്‍ക്ക് ലൈലത്തുല്‍ ക്വദ്‌റിനെ കുറിച്ച് പറഞ്ഞു തരുവാനായി റസൂല്‍ തിരുമേനി ﷺ പുറപ്പെട്ടുവന്നു. അപ്പോഴേക്കും മുസ്‌ലിംകളില്‍ രണ്ട് പേര്‍ തമ്മില്‍ ഒരു വഴക്ക് (തര്‍ക്കം) നടക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് ലൈലത്തുല്‍ ക്വദ്‌റിനെപ്പറ്റി പറഞ്ഞുതരുവാന്‍ വേണ്ടിയാണ് പുറപ്പെട്ടുവന്നത്. അപ്പോഴേക്ക് ഇന്ന ആളും ഇന്ന ആളും തമ്മില്‍ വഴക്ക് നടന്നു. അങ്ങനെ, അത് ഉയര്‍ത്തപ്പെട്ടു. ഇത് നിങ്ങള്‍ക്ക് ഗുണമായിത്തീര്‍ന്നേക്കാം. ’ (ബു.)

മേലുദ്ധരിച്ച പ്രബലമായ ഹദീഥുകളില്‍ നിന്ന് നമുക്ക് പല കാര്യങ്ങളും ഗ്രഹിക്കാവുന്നതാണ്.

(1) ലൈലത്തുല്‍ ക്വദ്ര്‍ കൊല്ലംതോറും ഉണ്ടായിരിക്കും. ക്വുര്‍ആന്‍ അവതരിച്ച ആ ഒരേ ഒരു രാത്രിയെപ്പറ്റി മാത്രമല്ല ലൈലത്തുല്‍ ക്വദ്ര്‍ എന്ന് പറയുന്നത്.
(2) അത് മിക്കവാറും റമദ്വാന്‍റെ ഒടുവിലത്തെ പത്തില്‍ – വിശേഷിച്ചും അതിലെ ഒറ്റയായ രാത്രികളില്‍ – ഒരു രാത്രിയായിരിക്കും.
(3) എന്നാല്‍, അത് ഏത് രാത്രിയാണെന്ന് നിര്‍ണയിച്ച് പറയുവാന്‍ നിവൃത്തിയില്ല. അത് ഇന്ന രാത്രിയാണെന്നുള്ള വിവരം നബിﷺക്ക് ലഭിക്കയുണ്ടായി. പിന്നീട് അല്ലാഹു അത് മറപ്പിച്ചു കളയുകയാണുണ്ടായത്.
(4) അങ്ങനെ മറപ്പിച്ചു കളഞ്ഞത് (താഴെ പറയുന്നത് പോലെയുള്ള കാരണത്താല്‍) സമുദായത്തിന് ഗുണകരമായിരിക്കുന്നതുമാകുന്നു.
(5) റമദ്വാന്‍ മാസത്തില്‍ – പ്രത്യേകിച്ച് ഒടുവിലത്തെ പത്തില്‍ – ‘ഇഅ്‍തികാഫ്’ ചെയ്യുന്നത് നബി ﷺ യുടെ സുന്നത്താകുന്നു.
(6) അനുഭവപൂര്‍വമായ വല്ല അടയാളങ്ങള്‍ മുഖേനയും ആ രാത്രിയെ തിരിച്ചറിയുവാന്‍ സജ്ജനങ്ങളായുള്ള ചിലര്‍ക്ക് സാധിച്ചെന്ന് വരാം.
(7) എല്ലാ കൊല്ലത്തിലും ഒരു നിശ്ചിത തിയ്യതിക്ക് മാത്രമായിരിക്കും അതെന്ന് കരുതുവാന്‍ നിവൃത്തിയില്ല.

പ്രസ്‌തുത രാവ് ഏത് ദിവസമായിരിക്കുമെന്ന വിവരം നബി ﷺ യുടെ ശ്രദ്ധയില്‍ നിന്ന് അള്ളാഹു വിടുത്തിക്കളഞ്ഞത് സമുദായത്തിന് ഗുണമാണെന്ന്‌ പറഞ്ഞതിന്‍റെ സാരം ഇതാണ്: ലൈലത്തുല്‍ ക്വദ്ര്‍ ഇന്ന ദിവസമാണെന്നറിഞ്ഞാല്‍ ജനങ്ങള്‍ ആ ഒരു ദിവസം മാത്രമേ അതിനെ പ്രതീക്ഷിക്കുകയും, ആരാധനാകര്‍മങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിക്കുകയും ചെയ്കയുള്ളൂ. അതറിയാത്തപക്ഷം, ആ രാത്രിയാവാന്‍ സാദ്ധ്യതയുള്ള എല്ലാ ദിവസവും അത് പ്രതീക്ഷിച്ച് കൊണ്ട് അവര്‍ പുണ്യകര്‍മങ്ങള്‍ ചെയ്യാന്‍ ഇടയാകുന്നതാണ്. അങ്ങനെ, കൂടുതല്‍ പുണ്യവും പ്രതിഫലവും നേടുവാന്‍ അത് കാരണമായിത്തീരും. ഈ വസ്‌തുത മുസ്‌ലിം (റ) ഉദ്ധരിച്ച ഒരു ഹദീഥില്‍ നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. അതിപ്രകാരമാണ്:-

സിര്‍റുബ്നുഹബ്‌ശ് (റ) (زر بن حبش رض) പറയുന്നു: ഉബയ്യുബ്നു കഅ്ബ് (റ) നോട് ഞാന്‍ ചോദിച്ചു: നിങ്ങളുടെ സഹോദരന്‍ ഇബ്നുമസ്ഊദ് (റ) ‘കൊല്ലം മുഴുവനും (രാത്രി സുന്നത്ത്) നമസ്‌കാരം നിര്‍വ്വഹിച്ചാല്‍ ലൈലത്തുല്‍ ക്വദ്ര്‍ പ്രാപിക്കാം എന്ന് പറയുന്നുവല്ലോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജനങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കാതിരിക്കുവാന്‍ ഉദ്ദേശിച്ചാണത്. (അദ്ദേഹം അങ്ങനെ പറയുവാന്‍ കാരണം അതാണ്.) നിശ്ചയമായും അദ്ദേഹത്തിനറിയാം, അത്‌ റമദ്വാനിലാണെന്നും, ഒടുവിലത്തെ പത്തിലാണെന്നും, ഇരുപത്തേഴിന്‍റെ രാത്രിയാണെന്നും. ‘ പിന്നീട് ഉബയ്യ് (റ) ശപഥം ചെയ്തു പറഞ്ഞു: അത് ഇരുപത്തേഴിന്‍റെ രാത്രിയാണെന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു ‘എന്തിനെ ആസ്‌പദമാക്കിയാണ് നിങ്ങളിത് പറയുന്നത്’? അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ﷺ ഞങ്ങള്‍ക്ക് പറഞ്ഞുതന്ന അടയാളത്തെ (ആസ്‌പദമാക്കി)യാണ്. അതായത്‌, അന്ന് സൂര്യന്‍ രശ്‌മി കൂടാതെ ഉദയം ചെയ്യുന്നതിനെ. ’ (മു.)

ലൈലത്തുല്‍ ക്വദ്‌റില്‍ അനുഭവപ്പെട്ടേക്കാവുന്ന ചില അടയാളങ്ങള്‍ നബിﷺ അവര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തിരിക്കുമെന്ന്‍ ഈ ഹദീഥില്‍ നിന്ന്‍ മനസ്സിലാകുന്നു. അങ്ങനെ, താന്‍ കണ്ട ഒരു അടയാളത്തെ ആസ്‌പദമാക്കിയാണ് ഉബയ്യ്(റ) അത് ഇരുപത്തേഴിന്‍റെ രാവാണെന്ന്‍ ഉറപ്പിച്ച് പറഞ്ഞത്. പ്രസ്‌തുത അടയാളങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലായേക്കാമെന്നോ അനുഭവപ്പെട്ടേക്കാമെന്നോ വിചാരിക്കാവുന്നതല്ല. അല്ലാഹു അനുഗ്രഹിച്ച പുണ്യവാന്‍മാരായ ആളുകള്‍ക്ക് ഏറെക്കുറെ ചിലതൊക്കെ ഗ്രഹിക്കുവാന്‍ കഴിഞ്ഞെന്നുവരാം: അത്രമാത്രം. എന്നാല്‍ ഉബയ്യ് (റ) ഇരുപത്തേഴിന്‍റെ രാത്രി എന്ന്‍ നിജപ്പെടുത്തിപ്പറഞ്ഞതുപോലെ, മറ്റ് ചില രാത്രികളെ നിര്‍ണയിച്ചുകൊണ്ടുള്ള ചിലരുടെ രിവായത്തുകള്‍ വേറെയും കാണാം. അതുകൊണ്ടാണ് ആ രാത്രി – മേലുദ്ധരിച്ച ഹദീഥുകളില്‍ കണ്ടതുപോലെ – റമദ്വാന്‍ ഒടുവിലത്തെ പത്തിന്‍റെ ഒറ്റയായ രാത്രികളിലായിരിക്കുമെന്നും, അത് ഏത് രാത്രിയാണെന്ന്‍ നിജപ്പെടുത്താവതല്ലെന്നും ഭൂരിപക്ഷം പണ്ഡിതന്‍മാരും അഭിപ്രായപ്പെട്ടിരിക്കുന്നതും.

വെള്ളിയാഴ്ച ദിവസം വളരെ ചുരുങ്ങിയ ഒരു സമയമുണ്ടെന്നും, ഒരു മുസ്‌ലിമും നമസ്‌കാരത്തിലായി പ്രാര്‍ത്ഥിച്ചുകൊണ്ട് ആ സമയം കഴിച്ചുകൂട്ടിയാല്‍ പ്രാര്‍ത്ഥനക്ക് ഉത്തരം കിട്ടാതിരിക്കുകയില്ലെന്നും നബി ﷺ അരുളിച്ചെയ്തതായി ബുഖാരിയും മുസ്‌ലിമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ലൈലത്തുല്‍ ക്വദ്‌റിനെപ്പോലെത്തന്നെ ഈ സമയവും ഏതാണെന്ന്‍ നിജപ്പെടുത്തപ്പെട്ടിട്ടില്ല. ഇതും നമ്മുടെ നന്മക്കുവേണ്ടിതന്നെ അല്ലാഹു ചെയ്ത ഒരുഅനുഗ്രഹമാകുന്നു. ആ സമയവുമായി യോജിച്ചേക്കുമെന്ന പ്രതീക്ഷയോടെ കൂടുതല്‍ സമയം നമസ്‌കാരവും പ്രാര്‍ത്ഥനയും നടത്തുവാന്‍ ഇതും പ്രേരകമാകുമല്ലോ. ഇത്തരം കാര്യങ്ങളില്‍ അന്തര്‍ഭവിച്ച രഹസ്യങ്ങള്‍ മനസ്സിലാക്കുവാനും, അവയിലടങ്ങിയ നന്മകള്‍ നേടുവാനും എല്ലാവര്‍ക്കും ഭാഗ്യം സിദ്ധിച്ചെന്ന്‍ വരികയില്ല. നിഷ്കളങ്കവും സുദൃഢവുമായ വിശ്വാസവും, അതിന്‍റെ അടിസ്ഥാനത്തില്‍ സല്‍കര്‍മ്മം വര്‍ദ്ധിപ്പിക്കുവാനുള്ള അത്യുല്‍സാഹവും ഉള്ളവര്‍ക്ക് അല്ലാഹു അതിന് തൗഫീഖ് നല്‍കുന്നതായിരിക്കും.

വിശുദ്ധ ക്വുര്‍ആന്‍റെ അവതരണം ഉണ്ടായ രാത്രി എന്ന ഏക കാരണം കൊണ്ടുതന്നെ മറ്റൊരു മഹത്വവും പരിഗണിക്കപ്പെടാതിരുന്നാല്‍പോലും – എല്ലാ കാലത്തും മുസ്ലീകള്‍ പ്രാര്‍ത്ഥനകളും സല്‍കര്‍മ്മങ്ങളും മുഖേന ഓര്‍മ പുതുക്കിക്കൊണ്ടിരിക്കുവാന്‍ അര്‍ഹതയുള്ള ഒരു രാത്രിയാണ് ലൈലത്തുല്‍ ക്വദ്ര്‍. എന്നിരിക്കെ അല്ലാഹുവും അവന്‍റെ റസൂലും ഇത്രയധികം ആദരവും ബഹുമാനവും കല്‍പിച്ചിട്ടുള്ള ആ പുണ്യരാത്രിയെ അവഗണിക്കല്‍ ഒരു മുസ്‌ലിമിന് ഒരിക്കലും യോജിക്കുന്നതല്ല. അതിനെ ആദരിക്കേണ്ടതും, അതില്‍ ആചരിക്കേണ്ടതും എപ്രകാരമാണെന്ന് അല്ലാഹുവിന്‍റെ റസൂല്‍ കാണിച്ചും പറഞ്ഞും തന്നിട്ടുണ്ടു താനും. അപ്രകാരമല്ലാതെ, മറ്റേതെങ്കിലും തരത്തില്‍ ഇന്ന് കാണുന്നത് പോലെയുള്ള പ്രത്യേക ആചാരങ്ങളോ ചടങ്ങുകളോ മാമൂലുകളോ വഴി ആദരിച്ചിട്ടും ആചരിച്ചിട്ടും ഫലമില്ല. ഫലമില്ലെന്ന് മാത്രമല്ല, അതെല്ലാം മതത്തില്‍ സ്വന്തം വക കൂട്ടിച്ചേര്‍ക്കലുമാകുന്നു. മതത്തില്‍ കൂട്ടിച്ചേര്‍ക്കലാകട്ടെ, ദുര്‍മാര്‍ഗവുമാണ്. ( كل محدثة بدعة ، وكل بدعة ضلالة)

ومن الله التوفيق لما يحب ويرضى