സൂറത്തുല്‍ ഖദ്ര്‍ : 01-05
ഖദ്ര്‍ (നിര്‍ണയം)
[മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 5]
മദീനയില്‍ അവതരിച്ചതാണെന്നും പറയപ്പെട്ടിരിക്കുന്നു
بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- إِنَّآ أَنزَلْنَٰهُ فِى لَيْلَةِ ٱلْقَدْرِ ﴾١﴿
- നിശ്ചയമായും, നാം ഇതിനെ [ഖുര്‍ആനെ] ‘ലൈലത്തുല്‍ഖദ്‌റി’ല്‍ [നിര്‍ണയത്തിന്‍റെ രാത്രിയില്‍] അവതരിപ്പിച്ചിരിക്കുന്നു.
- إِنَّا നിശ്ചയമായും നാം أَنزَلْنَاهُ ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു, ഇറക്കിفِي لَيْلَةِ الْقَدْرِ ലൈലത്തുല്‍ ഖദ്റില്‍, നിര്‍ണയത്തിന്‍റെ രാവില്‍
- وَمَآ أَدْرَىٰكَ مَا لَيْلَةُ ٱلْقَدْرِ ﴾٢﴿
- 'ലൈലത്തുല്‍ഖദ്‌ര്‍’ എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?!
- وَمَاأَدْرَاكَ നിനക്ക് അറിവുതന്നതെന്ത് (എന്തറിയാം) مَا لَيْلَةُ الْقَدْر ലൈലത്തുല്‍ഖദ്‌ര്‍ എന്നാലെന്തെന്ന്
- لَيْلَةُ ٱلْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴾٣﴿
- ‘ലൈലത്തുല്‍ഖദ്‌ര്‍’ ആയിരം മാസത്തേക്കാള്‍ ഉത്തമമാകുന്നു.
- لَيْلَةُ الْقَدْرِ ലൈലത്തുല്‍ഖദ്‌ര്‍ خَيْرٌ ഉത്തമമാണ്, ഗുണകരമാണ് مِّنْ أَلْفِ ആയിരത്തെക്കാള്‍ شَهْرٍ മാസം
- تَنَزَّلُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴾٤﴿
- മലക്കുകളും,‘റൂഹും’ [ആത്മാവും] അവരുടെ റബ്ബിന്‍റെ ഉത്തരവ് പ്രകാരം അതില്‍ ഇറങ്ങി വരുന്നു; എല്ലാ കാര്യത്തെ സംബന്ധിച്ചും.
- تَنَزَّلُ ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) فِيهَا അതില്‍ بِإِذْنِ ഉത്തരവ് (സമ്മത – അനുമതി)പ്രകാരം رَبِّهِم അവരുടെ റബ്ബിന്‍റെمِّن كُلِّ أَمْرٍ എല്ലാ കാര്യത്തെക്കുറിച്ചും
- سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ ﴾٥﴿
- സമാധാനശാന്തിയത്രെ അത്! പ്രഭാതോദയം വരേക്കുമുണ്ടായിരിക്കും!
- سَلَامٌ ശാന്തിയാണ്, സമാധാനമത്രെ هِيَ അത് حَتَّىٰ مَطْلَعِ ഉദയം (ഉദിക്കുന്ന അവസരം) വരെ الْفَجْر പ്രഭാതത്തിന്‍റെ
قدر (ഖദ്‌ര്‍) എന്ന വാക്കിന് ‘നിര്‍ണയിക്കുക, കണക്കാക്കുക’ എന്നിങ്ങനെയും, ‘നിലപാട്, ബഹുമാനം’ എന്നിങ്ങനെയും അര്‍ത്ഥമുള്ളത് കൊണ്ട് لَيْلَةُ الْقَدْرِ (ലൈലത്തുല്‍ഖദ്‌ര്‍) എന്ന വാക്കിന് ‘നിര്‍ണയത്തിന്‍റെ രാത്രി’ എന്നും ‘ബഹുമാനത്തിന്‍റെ രാത്രി’ എന്നും വിവര്‍ത്തനം നല്‍കാം. രണ്ടായാലും, അത് ആ പ്രത്യേക രാത്രിയുടെ പേരാകുന്നു. സൂ: ദുഖാനില്‍ ഇതേ രാത്രിയെക്കുറിച്ച് فيها يفرق كل امر حكيم (യുക്തിമത്തായ എല്ലാ കാര്യവും അതില്‍ വേര്‍തിരിച്ച് വിവരിക്കപ്പെട്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. ഇവിടെ 4- ാം വചനത്തില്‍ റബ്ബിന്‍റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെ സംബന്ധിച്ചും അന്ന് മലക്കുകളും ‘റൂഹും’ ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാല്‍, ആ രാത്രി ഭൂമിയിലെ കാര്യങ്ങള്‍ പലതും നിര്‍ണ്ണയിച്ച് വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്ന് മനസ്സിലാക്കാം. സൂ: ദുഖാനില്‍ ഈ രാത്രിയെപ്പറ്റി ليلة مباركة (അനുഗൃഹീതമായ ഒരു രാത്രി) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, അതിന്‍റെ പല മാഹാത്മ്യങ്ങളും എടുത്തുപറഞ്ഞ് പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍, അത് നിര്‍ണ്ണയത്തിന്‍റെയും ബഹുമാനത്തിന്‍റെയും രാത്രിയാണെന്ന് വ്യക്തമാകുന്നു.
പ്രസ്തുത രാത്രിയെപ്പറ്റി 1- ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചത് ഖുര്‍ആന്‍ അവതരിപ്പിച്ചത് ആ രാത്രിയിലാണ് എന്നത്രെ. ലോകാവസാനം വരെ മാനവലോകത്തിന്‍റെ ഐഹികവും പാരത്രികവുമായ സകല നന്മകള്‍ക്കും നിദാനമാകുന്ന ആ ദിവ്യഗ്രന്ഥത്തിന്‍റെ അവതരണം ഉണ്ടായ രാവ് നിശ്ചയമായും ഒരു മഹത്തായ രാവാണെന്ന് പറയേണ്ടതില്ല. ആ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അത് നിഷേധിക്കുവാന്‍ വയ്യ. ഈ രാവ് റമസാന്‍ മാസത്തിലാണെന്ന് പരക്കെ അറിയപ്പെട്ടതും, സൂ: അല്‍ബഖറഃ 185ല്‍ നിന്ന് മനസ്സിലാക്കാവുന്നതുമാണ്. റമസാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചതെന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. അനുഗൃഹീതമായ ഒരു രാത്രിയിലാണെന്ന് സൂ: ദുഖാനിലും, ലൈലത്തുല്‍ ഖദ്റിലാണെന്ന് ഇവിടെയും പറയുന്നു. അപ്പോള്‍, ലൈലത്തുല്‍ഖദ്‌ര്‍ റമസാന്‍ മാസത്തില്‍ ആണെന്നും, അത് തന്നെയാണ് അനുഗൃഹീത രാത്രിയെന്നും സ്പഷ്ടമാണല്ലോ. എന്നാല്‍, ഖുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായത് ഇരുപത്തിമൂന്ന് കൊല്ലക്കാലം കൊണ്ടാണെന്നിരിക്കെ, ഈ രാത്രിയില്‍ -അല്ലെങ്കില്‍ റമസാന്‍ മാസത്തില്‍- അവതരിച്ചു എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം എന്താണ്? ഇത് സംബന്ധിച്ച് കൂടുതല്‍ വിവരം സൂ: ദുഖാനില്‍ നാം വിവരിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനരേഖയാകുന്ന ‘ലൌഹുല്‍ മഹ്ഫൂളി’ല്‍ നിന്ന് ഏറ്റവും അടുത്ത ആകാശത്തിലേക്ക് ഇറക്കിയത് ആ രാത്രിയിലാണ്. പിന്നീട് സന്ദര്‍ഭമനുസരിച്ച് കുറേശ്ശെയായിട്ടാണ് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നത്രെ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം. മുന്‍ഗാമികള്‍ മിക്കവാറും ഈ അഭിപ്രായം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതും. മറ്റൊരു അഭിപ്രായം, നബി(സ) തിരുമേനിക്ക് ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയത് റമസാന്‍റെ ആ രാത്രിയിലായിരുന്നുവെന്നാകുന്നു. രണ്ടായിരുന്നാലും ശരി, കൊല്ലം തോറും റമസാന്‍ മാസങ്ങളില്‍ ആ പുണ്യരാവ് ആവര്‍ത്തിക്കപ്പെടുമെന്ന് പല ഹദീസുകളിലും സംശയരഹിതമായി വന്നിട്ടുള്ളതും, മുസ്ലിംകള്‍ എക്കാലത്തും അത് പൊതുവില്‍ അംഗീകരിച്ച് വന്നിട്ടുള്ളതുമാണ്. ഖുര്‍ആന്‍റെ പ്രസ്താവനകളും അതാണ് കാട്ടിത്തരുന്നതും. കൂടുതല്‍ വിവരം അടുത്ത വ്യഖ്യാനക്കുറിപ്പില്‍ കാണാം.
ലൈലത്തുല്‍ ഖദ്റിനെക്കുറിച്ച് നിനക്ക് വല്ലതും അറിയാമോ എന്ന് ചോദിച്ചുകൊണ്ട് അതിന്‍റെ മഹത്വത്തിലേക്ക് 2- ാം വചനം ശ്രദ്ധ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് കൊണ്ട് ആ രാത്രി ആയിരം മാസത്തേക്കാള്‍ ഉത്തമമാണെന്ന് ഉണര്‍ത്തുന്നു. ചില പ്രത്യേക കാരണങ്ങളാല്‍ ചില സ്ഥലങ്ങള്‍ക്കും സമയങ്ങള്‍ക്കും മറ്റുള്ളവയെ അപേക്ഷിച്ച് ഉന്നതസ്ഥാനമുണ്ടായിരിക്കും. ഇതരസ്ഥലങ്ങളെക്കാള്‍ പള്ളികള്‍ക്കും, പള്ളികളുടെ കൂട്ടത്തില്‍ ക്രമപ്രകാരം മക്കയിലെ ‘മസ്ജിദുല്‍ ഹറമിനും’, മദീനയിലെ ‘മസ്ജിദുന്നബവി’ക്കും, ബൈത്തുല്‍ മുഖദ്ദസിലെ ‘മസ്ജിദുല്‍ അഖ്‌സാ’ക്കും ശ്രേഷ്ഠതയുണ്ടല്ലോ. അതുപോലെത്തന്നെ, ദിവസങ്ങളില്‍ വെള്ളിയാഴ്ച, അറഫാദിവസം, പെരുന്നാള്‍ ദിവസം മുതലായവയ്ക്കും മാസങ്ങളില്‍ റമസാന്‍ മാസത്തിനും, ദുല്‍ഹജ്ജുമാസത്തിനും ശ്രേഷ്ഠതയുണ്ട്. ഏതെങ്കിലും തത്വത്തെയോ, കാരണത്തെയോ അടിസ്ഥാനമാക്കി ഓരോന്നിനും ശ്രേഷ്ഠത നിശ്ചയിക്കുന്നത് അല്ലാഹുവാണ്. അവന്‍ ബഹുമാനിച്ചതിനെ നാം ബഹുമാനിക്കല്‍ നിര്‍ബന്ധമാകുന്നു. നമ്മുടെ വകയായി ഒരു സ്ഥലത്തിനോ സമയതിനോ പ്രത്യേക ബഹുമാനം കല്‍പിക്കുവാന്‍ പാടില്ലാത്തതുമാണ്. അക്കൂട്ടത്തില്‍ ഒന്നത്രേ, ലൈലത്തുല്‍ ഖദ്റിനും അല്ലാഹു വളരെ ശ്രേഷ്ഠത കല്‍പിച്ചിരിക്കുന്നത്. ഖുര്‍ആന്‍ അവതരിച്ചത് ആ രാത്രിയിലാണെന്നത് തന്നെ അതിന് മതിയായ കാരണമാണല്ലോ? സൂ: ദുഖാനിലും ഈ സൂറത്തിലും ആ രാത്രിയില്‍ ഉണ്ടാകുമെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുള്ള വന്‍കാര്യങ്ങള്‍ അതിന്‍റെ മഹത്വത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനെല്ലാം പുറമേ വേറെയും നമുക്കറിയാത്ത രഹസ്യങ്ങള്‍ അതിലുണ്ടായിക്കൂടാ എന്നില്ലതാനും. والله اعلم
അല്ലാഹു ബഹുമാനിച്ച എല്ലാറ്റിനെയും ബഹുമാനിക്കുന്നത് വളരെ ഉത്തമമായ കാര്യമാണെന്നും, അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നത് ഹൃദയത്തിലെ ഭയഭക്തിയുടെ അടയാളമാണെന്നും സൂറത്തുല്‍ ഹജ്ജില്‍ അല്ലാഹു പ്രസ്താവിക്കുന്നു. (സൂ: ഹജ്ജ് 30ഉം 32ഉം വ്യാഖ്യാനവും നോക്കുക.) എന്നാല്‍, ഓരോന്നിനെയും ബഹുമാനിക്കേണ്ടുന്നത് അതതിനെ സംബന്ധിച്ച് അല്ലാഹുവും റസൂലും കാണിച്ചുതന്ന പ്രകാരമായിരിക്കേണ്ടതുണ്ട്. സ്ഥലങ്ങളെയും സമയങ്ങളെയും കുറിച്ച് പറയുകയാണെങ്കില്‍ – അതില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക കര്‍മ്മങ്ങള്‍ക്ക് പുറമേ – നമസ്കാരം, ദുആ, ദിക്ര്‍, ദാനധര്‍മ്മങ്ങള്‍ ആദിയായ പുണ്യകര്‍മ്മങ്ങള്‍ അവയില്‍ വര്‍ദ്ധിപ്പിക്കുന്നത് നല്ലതാണെന്ന് മൊത്തത്തില്‍ പറയാവുന്നതാണ്. ഇതനുസരിച്ച് ലൈലത്തുല്‍ ഖദറില്‍ വിശേഷിച്ചും പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന് പറയേണ്ടതില്ല. (കൂടുതല്‍ വിവരം തുടര്‍ന്നുള്ള വ്യാഖ്യാനക്കുറിപ്പില്‍ വരുന്നുണ്ട്).
‘ആയിരം മാസത്തെക്കാള്‍ ഉത്തമം’എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം – പല മഹാന്മാരും പ്രസ്താവിക്കുന്നത് പോലെ – ലൈലത്തുല്‍ഖദ്‌ര്‍ കൂടാതെയുള്ള ആയിരം മാസങ്ങളില്‍ ചെയ്താലുണ്ടാകുന്ന അത്ര പ്രതിഫലം ആ രാത്രിയില്‍ ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് ലഭിക്കുമെന്നായിരിക്കാം. അല്ലെങ്കില്‍, തൊട്ടവചനങ്ങളില്‍ കാണുന്നത് പോലെ, ആ രാത്രിയില്‍ മലക്കുകളുടെ വരവ് തുടങ്ങിയ പല കാര്യങ്ങളും അന്ന് സംഭവിക്കുന്നുവെന്ന നിലക്കും ആയിരിക്കാവുന്നതാണ്. ‘ആയിരം മാസത്തേക്കാള്‍’ എന്ന് കണക്കാക്കിയതിന്‍റെ രഹസ്യവും നമുക്ക് അറിഞ്ഞുകൂടാ.
ആ രാത്രിയില്‍ മലക്കുകളും ‘റൂഹും’ അവരുടെ റബ്ബിന്റെ ഉത്തരവുപ്രകാരം ഇറങ്ങിവരുമെന്നാണ് അതിന്‍റെ സവിശേഷതയായി അല്ലാഹു പിന്നീട് പ്രസ്താവിക്കുന്നത്. ‘റൂഹ്’ എന്നാല്‍ ആത്മാവു’ എന്ന് വാക്കര്‍ത്ഥം. ജിബ്രീല്‍(അ) എന്ന മലക്കാണ് വിവക്ഷ. വേറെയും അഭിപ്രായമുണ്ടെങ്കിലും ഇതാണ് കൂടുതല്‍ സ്വീകാര്യമായി കാണുന്നത്. ‘റൂഹ്’ എന്ന് ജിബ്രീലിനെ കുറിച്ച് ഖുര്‍ആനില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. (ശുഅറാഉ: 193) അദ്ദേഹം മലക്കുകളുടെ കൂട്ടത്തില്‍ പ്രധാനിയാണല്ലോ. അതുകൊണ്ട് അദ്ദേഹത്തിന്‍റെ പേര്‍ പ്രത്യേകം എടുത്തു പറഞ്ഞതാണ്. നമ്മുടെ ദൃഷ്ടിക്ക് കാണുവാന്‍ കഴിയാത്തതും, ബാഹ്യബുദ്ധികൊണ്ട് മാത്രം മനസ്സിലാക്കാവതല്ലാത്തതുമായ എത്രയോ കാര്യങ്ങള്‍ ഈ ലോകത്ത് മലക്കുകള്‍ വഴി നടന്നുവരുന്നുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ടും, നബിവചനങ്ങള്‍ കൊണ്ടും സ്ഥാപിതമായതാകുന്നു. അക്കൂട്ടത്തില്‍ മഹത്തായ പല കാര്യങ്ങളും അന്നത്തെ രാത്രി മലക്കുകള്‍ മുഖേന ഭൂമിയില്‍ നടക്കുന്നതായിരിക്കും. അന്നത്തെ അവരുടെ ആഗമനം അനുഗ്രഹത്തിന്‍റെ ആഗമനമായിരിക്കുമെന്നതില്‍ സംശയമില്ല. ബദ്ര്‍ യുദ്ധത്തിലും മറ്റും സത്യവിശ്വാസികള്‍ക്ക് ശാന്തിക്കും സമാധാനത്തിനും വേണ്ടി ആയിരക്കണക്കില്‍ മലക്കുകള്‍ ഇറങ്ങിയിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. മലക്കുകളുടെ വരവ് ‘എല്ലാ കാര്യത്തെ സംബന്ധിച്ചു’മാണ് എന്ന് പറഞ്ഞതിന്റെ സാരം, ഭൂമിയില്‍ മലക്കുകള്‍ വഴി നടത്തപ്പെടുന്ന കാര്യങ്ങളുടെ ആവശ്യാര്‍ത്ഥം എന്നായിരിക്കും. والله اعلم ആ രാത്രിയില്‍ എല്ലാ യുക്തിമത്തായ കാര്യങ്ങളും വേര്‍തിരിച്ച് വിവരിക്കപ്പെടുമെന്ന് സൂ: ദുഖാനില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രാത്രി അത്രയും സമാധാനശാന്തിയാണെന്നും, അത് പ്രഭാതോദയം വരെ ഉണ്ടായിരിക്കുമെന്നും അല്ലാഹു ഇവിടെയും പ്രസ്താവിക്കുന്നു. നബി(സ) കാണിച്ച് തന്നതുപോലെ ആ രാത്രി വിനിയോഗിക്കുന്നവര്‍ക്ക് ആ നന്മകള്‍ തികച്ചും അനുഭവിക്കുവാന്‍ ഭാഗ്യമുണ്ടാകുമെന്ന് തീര്‍ച്ച. അല്ലാഹു നമുക്ക് തൌഫീഖ് നല്‍കട്ടെ.. ആമീന്‍.
ولله الحمد والمنة