സൂറത്തുല്‍ഖമര്‍ : 01-22
ഖമർ (ചന്ദ്രൻ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 55 – വിഭാഗം (റുകുഅ്) – 3
[45ഉം 46ഉം വചനങ്ങള്‍ മദനീ വിഭാഗത്തില്‍ പെട്ടതാണെന്നും അഭിപ്രായമുണ്ട്]
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
വെള്ളിയാഴ്ചയും പെരുന്നാള്‍ ദിവസങ്ങളിലും പ്രസംഗത്തില്‍ സൂ: ഖാഫും ഈ സൂറത്തും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഓതാറുണ്ടായിരുന്നുവെന്നു ഹദീസില്‍ വന്നിട്ടുള്ളതും അതിനുള്ള കാരണവും സൂ: ഖാഫിന്‍റെ ആരംഭത്തില്‍ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.
- ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴾١﴿
- അന്ത്യസമയം അടുത്തുവന്നിരിക്കുന്നു; ചന്ദ്രന്‍ പിളരുകയും ചെയ്തു!
- اقْتَرَبَتِ സമീപിച്ചുവന്നു, അടുത്തുകൂടി السَّاعَةُ (അന്ത്യ) സമയം وَانشَقَّ പിളരുകയും ചെയ്തു الْقَمَرُ ചന്ദ്രന്‍
- وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴾٢﴿
- വല്ല ദൃഷ്ടാന്തവും കാണുന്നതായാല്‍ അവര്‍ (അവഗണിച്ച്) തിരിഞ്ഞുകളയും; അവര്‍ പറയുകയും ചെയ്യും: നടമാടികൊണ്ടിരിക്കുന്ന ഒരു ജാലവിദ്യയാണ് എന്ന്
- وَإِن يَرَوْا അവര്‍ കാണുന്നതായാല്‍, കണ്ടാലും آيَةً വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം يُعْرِضُوا അവര്‍ തിരിഞ്ഞു (അവഗണിച്ചു) കളയും وَيَقُولُوا പറയുകയും ചെയ്യും سِحْرٌ ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്നു مُّسْتَمِرٌّ നിലനില്‍ക്കുന്ന, നടമാടികൊണ്ടിരിക്കുന്ന
- وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ ﴾٣﴿
- അവര്‍ വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യവും (ഓരോ താവളത്തില്‍) ഉറച്ചു നില്‍ക്കുന്നതാകുന്നു.
- وَكَذَّبُوا അവര്‍ വ്യാജമാക്കുകയും ചെയ്തു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَهْوَاءَهُمْ അവരുടെ ഇച്ഛകളെ, മോഹങ്ങളെ وَكُلُّ أَمْرٍ എല്ലാ കാര്യവും مُّسْتَقِرٌّ സ്ഥിരപ്പെട്ടതാണ്, ഉറച്ചതാണ്
അന്ത്യസമയം ആസന്നമായിട്ടുണ്ടെന്നും, അതുകൊണ്ടു മനുഷ്യന്‍ ജാഗ്രതയായിരിക്കേണ്ടതുണ്ടെന്നും, അല്ലാഹു കഴിഞ്ഞ അദ്ധ്യായത്തിന്‍റെ അവസാനത്തില്‍ ഉണര്‍ത്തി. ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ അതു വീണ്ടും ആവര്‍ത്തിച്ചുണര്‍ത്തുന്നു. മനുഷ്യജീവിതത്തിന്‍റെ യഥാര്‍ത്ഥ ജയാപജയങ്ങള്‍ അന്ത്യനാളിലാണല്ലോ സാക്ഷാല്‍കരിക്കപ്പെടുന്നത്. അതുകൊണ്ടു അന്നത്തെ ദിവസം വിജയം ലഭിക്കുവാനുള്ള മാര്‍ഗ്ഗം ഉപദേശിക്കുകയാണ് പ്രവാചകന്മാരുടെയും, വേദഗ്രന്ഥങ്ങളുടെയും പ്രധാന ലക്ഷ്യം. അല്ലാഹുവിലും, അന്ത്യനാളിലും – മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്‍റെ ഉത്ഭവത്തെയും പര്യവസാനത്തെയും സംബന്ധിക്കുന്ന കാര്യങ്ങളില്‍ – വിശ്വസിക്കാത്തവരോട് ധാര്‍മികമൂല്യങ്ങളും സദാചാരമാര്‍ഗങ്ങളും ഉപദേശിച്ചിട്ടു യാതൊരു ഫലവുമില്ല. അതുകൊണ്ടാണ് ഖുര്‍ആനില്‍ ഉടനീളം – മക്കീസൂറത്തുകളില്‍ വിശേഷിച്ചും – ഈ രണ്ടു വിഷയത്തെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉണര്‍ത്തികൊണ്ടിരിക്കുന്നതും.
ലോകാവസാനം എപ്പോഴാണുണ്ടാവുക എന്നതിനെപ്പറ്റി അല്ലാഹുവിനു മാത്രമേ അറിയുകയുള്ളു. ഒരിക്കല്‍ അതു സംഭവിക്കുമെന്ന കാര്യത്തില്‍ സംശയം . കഴിഞ്ഞുപോയികൊണ്ടിരിക്കുന്ന ഓരോ നാഴികയും, ഓരോ വിനാഴികയും അതിന്‍റെ സമയം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദൂരമല്ലാത്ത ഭാവിയില്‍ – അതു ഏതൊരു നിമിഷത്തിലും ആയേക്കാം – അതു സംഭവിക്കുമെന്നുള്ളതിന്‍റെ അടയാളങ്ങള്‍ പലതും വെളിപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചകരായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ആഗമനം അവയില്‍ മുഖ്യമായ ഒന്നത്രെ. രണ്ടു വിരലുകള്‍ ചേര്‍ത്തു പിടിച്ചുകൊണ്ട് തിരുമേനി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഞാനും അന്ത്യസമയവും ഈ രണ്ടു വിരലുകള്‍ കണക്കെ ആയിക്കൊണ്ടാണ് എന്നെ നിയോഗിച്ചിട്ടുള്ളത്.’ (അ; ബു; മു).
അന്ത്യസമയത്തിന്‍റെ സംഭവ്യതയും, ആസന്നതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷദൃഷ്ടാന്തവും ഒരു അസാധാരണ സംഭവവുമത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു അതു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അതു കണ്ണില്‍ കണ്ടിട്ടുപോലും സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുശ്രിക്കുകള്‍ കൂട്ടാക്കിയില്ല. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലവിദ്യയാണെന്നു വിധി കല്‍പിച്ച് ഒഴിഞ്ഞുമാറുന്ന അവരുടെ ആ പഴയ പതിവ് ഇവിടെയും ആവര്‍ത്തിക്കുകയാണ് അവര്‍ ചെയ്തത്. അവര്‍ പറഞ്ഞു ‘അബൂകബ്ശഃയുടെ (*) മകന്‍ നിങ്ങളോടു ജാലവിദ്യ നടത്തിയിരിക്കുകയാണ്. (لقد سحركم ابي كبشة)
(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുമ്മയായ ഹലീമഃയുടെ ഭര്‍ത്താവായിരുന്നു അബൂകബ്ശത്ത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പരിഹസിച്ചു കൊണ്ടാണ് ‘അബൂകബ്ശഃയുടെ മകന്‍’ എന്ന് അവര്‍ പറയുന്നത്.
سِحْرٌ مُّسْتَمِرٌّ (നടമാടികൊണ്ടിരിക്കുന്ന ജാലം) എന്ന വാക്കിനു രണ്ടുമൂന്നു പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിരിക്കുന്നു.
(1) ഇതുപോലെ ഉള്ള ജാലവിദ്യകള്‍ പലതും വളരെ മുമ്പ് മുതല്‍ക്കേ നടപ്പുണ്ട്. അവയില്‍ ഒന്നത്രെ ഇതും.
(2) വളരെ ശക്തമായതും സാധാരണ ജാലവിദ്യകളെ വെല്ലുന്നതുമാണ്.
(3) നിലനില്‍പ്പില്ലാതെ വേഗമങ്ങു നീങ്ങിപ്പോയേക്കുന്നതായിരിക്കും. ഇവയില്‍ ആദ്യത്തെ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കപ്പെട്ടിരിക്കുന്നത്.
ഓരോ കാര്യത്തിനും ഓരോ പര്യവസാനവും തീരുമാനവുമുണ്ട്. നന്മയാകട്ടെ, തിന്മയാകട്ടെ, രക്ഷയാകട്ടെ, ശിക്ഷയാകട്ടെ ഓരോന്നിനും അല്ലാഹു ഓരോ വ്യവസ്ഥയും ചിട്ടയും നിശ്ചയിച്ചിട്ടുണ്ടു എന്നത്രെ 3-ാം വചനത്തിന്‍റെ അവസാനഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഹിജ്റയുടെ ഏതാണ്ട് അഞ്ചുകൊല്ലം മുമ്പാണ് ചന്ദ്രന്‍ പിളര്‍ന്ന സംഭവം ഉണ്ടായത്. ബുഖാരി, മുസ്‌ലിം, അഹ്മദ്, ഹാകിം, അബൂദാവൂദ്, ബൈഹഖി, തിര്‍മദി, ഇബ്നുജരീര്‍ (رحمهم الله) മുതലായ ഹദീസുപണ്ഡിതന്മാരെല്ലാം വിവധമാര്‍ഗങ്ങളില്‍ കൂടി പ്രസ്തുത സംഭവം ഉദ്ധരിച്ചിരിക്കുന്നു. അലി, ഇബ്നുമസ്ഊദ്, അനസ്, ഇബ്നുഉമര്‍, ഇബ്നുഅബ്ബാസ്, ഹുദൈഫ, ജുറൈറുബ്നു മുത്വീം (رضي الله عنهم) മുതലായ സഹാബികളില്‍ നിന്നു അത് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ – ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചതു പോലെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു ചന്ദ്രന്‍ പിളര്‍ന്ന സംഭവം പ്രബലമായ നിരവധി ഹദീസുകളാല്‍ സ്ഥാപിതമായതും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസുപണ്ഡിതന്മാരും ഭിന്നാഭിപ്രായം കൂടാതെ സ്ഥിരപ്പെടുത്തിയിട്ടുള്ളതുമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു ഒരു രാത്രിയില്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു മലയുടെ ഇരുഭാഗത്തുമായി കാണുകയുണ്ടായെന്നും, അതുകണ്ട മക്കാമുശ്രിക്കുകള്‍ അതു മുഹമ്മദിന്‍റെ ജാലവിദ്യയാണെന്നു പറഞ്ഞുവെന്നുമാണ് ഹദീസുകളുടെ രത്നച്ചുരുക്കം. ചില ഹദീസുകളില്‍ പലഭാഗത്തുനിന്നും വന്ന യാത്രക്കാരും അതു തങ്ങള്‍ കണ്ടതായി പ്രസ്താവിച്ചുവെന്നും കൂടി വന്നിട്ടുണ്ട്.
ഭൗതികവാദികളും തത്വശാസ്ത്രത്തിന്‍റെ അനുയായികളും ഇത്തരം സംഭവങ്ങളെ നിഷേധിക്കുന്നതു സ്വാഭാവികമാണ്. എന്നാല്‍, മുസ്ലിംകളില്‍ ചുരുക്കം ചില ആളുകളും അവരെ അനുകരിച്ചുകാണുന്നതു അത്ഭുതമത്രെ. ഈ വചനത്തില്‍ ചന്ദ്രന്‍ പിളര്‍ന്നു (وَانشَقَّ الْقَمَرُ ) എന്നു ഭൂതകാലരൂപത്തിലാണ് പറഞ്ഞിട്ടുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ അതു ഭാവിയില്‍ വരാനിരിക്കുന്ന -അഥവാ ലോകവസാന ഘട്ടത്തിലെ സംഭവവികാസങ്ങളില്‍പെട്ട- ഒരു സംഭവത്തെയാണ് കുറിക്കുന്നതു എന്നത്രെ അവരുടെ വാദം. ഭാവികാര്യങ്ങളെക്കുറിച്ചു ഖുര്‍ആന്‍ ചിലപ്പോള്‍ ഭൂതകാലക്രിയ പ്രയോഗിക്കാറുണ്ടല്ലോ. അക്കൂട്ടത്തില്‍ ഒന്നാണ് ഈ വാക്യവും എന്നു അവര്‍ പറയുന്നു. പക്ഷേ, ഇവിടെ ചില സംഗതികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഈ വാക്യത്തിന്‍റെ തൊട്ടുമുമ്പുള്ള വാക്യം اقْتَرَبَتِ السَّاعَةُ (അന്ത്യസമയം അടുത്തു വന്നിരിക്കുന്നു) എന്നാണല്ലോ. ഈ ക്രിയ – അക്ഷരത്തിലും അര്‍ത്ഥത്തിലും – ഭൂതകാലത്തെ തന്നെ കുറിക്കുന്നതാണ്. ഇതില്‍ തര്‍ക്കമുണ്ടായിരിക്കയില്ല. ആ നിലക്ക് അതോട് ചേര്‍ത്തു പറയപ്പെട്ട ഈ ക്രിയയും അക്ഷരത്തിലെന്നപോലെ അര്‍ത്ഥത്തിലും ഭൂതകാലത്തെ കുറിക്കുന്നതാകുവാനാണ് കൂടുതല്‍ സാധ്യതയുള്ളത്. മാത്രമല്ല ഒരു ക്രിയാരൂപത്തിന്‍റെ സാക്ഷാല്‍ അര്‍ത്ഥം നല്‍കുന്നതിനു വല്ല തടസ്സവും ഉള്ളപ്പോള്‍ മാത്രമേ അതിനു മറ്റൊരു അര്‍ത്ഥം കല്‍പ്പിക്കുവാന്‍ പാടുള്ളുവെന്ന് പരക്കെ അറിയപ്പെടുന്ന ഒരു പൊതു നിയമവുമാകുന്നു. ഇവിടെയാകട്ടെ, അങ്ങനെയൊരു തടസ്സമില്ലെന്നു മാത്രമല്ല, ഭൂതകാലാര്‍ത്ഥം തന്നെ ആ ക്രിയക്ക് നല്‍കേണ്ടതാണെന്നു കാണിക്കുന്ന മതിയായ തെളിവുകളും ഉണ്ട്.
അന്ത്യസമയം അടുത്തുവന്നിരിക്കുന്നുവെന്നുള്ളതിനു ഒരു ദൃഷ്ടാന്തമായിക്കൊണ്ടാണ് ചന്ദ്രന്‍റെ പിളര്‍പ്പിനെപറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അതു ജാലമാണെന്നു പറഞ്ഞു തിരിഞ്ഞുകളയലും വ്യാജമാക്കലും അവരുടെ പതിവാണ്. (وَإِن يَرَوْا آيَةً يُعْرِضُوا الح) എന്നു അടുത്ത ആയത്തിൽ പറയുന്നതും അതുകൊണ്ടാണ്. അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന ഒരു സംഭവമാണ് ഈ സംഭവമെങ്കില്‍, ഈ പ്രസ്താവനക്കു ഇവിടെ വലിയ പ്രസക്തിയൊന്നുമില്ല. കാരണം, ഖിയമാത്തുനാളില്‍ ചന്ദ്രന്‍ പിളരുകപോലെയുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ അതു ജാലവിദ്യയാണെന്നു പറഞ്ഞു തള്ളിക്കളയുവാനോ, വ്യാജമാക്കി ദേഹേച്ഛകളെ പിന്‍തുടരുവാനോ മനുഷ്യന്‍ ധൈര്യപ്പെടുമോ? അങ്ങിനെ വല്ലവരും കരുതുന്നുവെങ്കില്‍ അതില്‍പരം മൗഢ്യം മറ്റെന്താണ് ?! അല്ലാഹു പറയുന്നു إِذَا وَقَعَتِ الْوَاقِعَةُ لَيْسَ لِوَقْعَتِهَا كَاذِبَةٌ (ആ സംഭവം സംഭവിച്ചാല്‍ അതിന്‍റെ സംഭവ്യതയെ കളവാക്കുന്ന ഒന്നും തന്നെയില്ല. (56: 1,2).
മറ്റൊരു സംഗതി: اية (ആയത്ത്) എന്ന പദത്തിനു ‘ദൃഷ്ടാന്തം, തെളിവ്, അടയാളം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. ഖുര്‍ആനില്‍ ഈ വാക്കു പല ഉദ്ദേശ്യത്തിലും ഉപയോഗിച്ചുകാണാം. പ്രകൃതിദൃഷ്ടാന്തങ്ങള്‍, വേദവാക്യങ്ങള്‍, ദൈവിക നിയമനിര്‍ദ്ദേശങ്ങള്‍, ചരിത്ര പാഠങ്ങള്‍ മുതലായവയെ ഉദ്ദേശിച്ചുകൊണ്ടു ഉപയോഗിക്കപ്പെട്ടിരിക്കുന്നു. (ഇതു സംബന്ധിച്ചു മുഖവുരയില്‍ ചിലതെല്ലാം നാം വിവരിച്ചിട്ടുണ്ട്.). ഖുര്‍ആനെക്കുറിച്ചും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ക്കുറിച്ചും ജാലമെന്നും, ജാലക്കാരന്‍ എന്നും മുശ്രിക്കുകള്‍ പറയാറുണ്ടെങ്കിലും അത്തരം വിഷയങ്ങളെക്കുറിച്ചു ജാലമെന്നു അവര്‍ പറഞ്ഞതായി കാണുന്നില്ല. പ്രവാചകന്മാരുടെ സത്യതക്കു തെളിവായിട്ടുള്ളതും, മൂസാ (عليه السلام) നബിയുടെ വടിയും സ്വലിഹു (عليه السلام) നബിയുടെ ഒട്ടകവും പോലെയുള്ളതുമായ അസാധാരണ ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചാണ് ആ പദം (ആയത്ത്) ഖുര്‍ആനില്‍ ഉപയോഗിക്കാറുള്ള മറ്റൊരവസരം. ഈ ഇനത്തില്‍പ്പെട്ട കാര്യങ്ങളെക്കുറിച്ച് സത്യനിഷേധികള്‍ ജാലം (‘സിഹ്ര്‍’) എന്നു പറയാറുണ്ട്. ഖുര്‍ആന്‍ പരിശോധിച്ചാല്‍ ഇതു വേഗം മനസ്സിലാക്കുവാന്‍ കഴിയും. പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടിയാകുന്നു ഇത്തരം ദൃഷ്ടാന്തങ്ങള്‍ അല്ലാഹു വെളിപ്പെടുത്തുന്നത്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ സംഭവിക്കുന്നുവെന്നല്ലാതെ, നബിമാരുടെ കഴിവില്‍പ്പെട്ടതല്ല അവ. (ഇതിനെപ്പറ്റിയും നാം മുഖവുരയില്‍ വിവരിച്ചിട്ടുണ്ട്.) മൂസാ (عليه السلام) നബിയുടെ വടി സര്‍പ്പമായപ്പോള്‍ അവിശ്വാസികള്‍ അതു ജാലവിദ്യയാണെന്നു പറയുകയുണ്ടായത് പ്രസിദ്ധമാണ്. ഇതനുസരിച്ച് ചന്ദ്രന്‍റെ പിളര്‍പ്പിനെത്തുടര്‍ന്നു സത്യനിഷേധികള്‍ അതു ജാലമാണെന്നു പറഞ്ഞു തള്ളികള്ളഞ്ഞുവെന്നുവരുമ്പോള്‍, അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തിനു ഉപോല്‍ബലമായ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്തു തന്നെ സംഭവിച്ചിരിക്കേണ്ടതുമാണ്. നേരെമറിച്ചു ഖിയമാത്തുനാളില്‍ സംഭവിക്കുവാനിരിക്കുന്ന ഒന്നാണ് അതെങ്കില്‍, അവിടെ ജാലത്തിന്‍റെ ആരോപണത്തിന് എന്താണ് സ്ഥാനമുള്ളത്?!. ആലോചിച്ചു നോക്കുക.
പൌരാണിക തത്വശാസ്ത്രസിദ്ധാന്തമനുസരിച്ചു ആകാശമണ്ഡലത്തില്‍പൊട്ടോ പിളര്‍പ്പോ ഉണ്ടാവാനോ, വല്ലതും കൂടിചേരുവാനോ (الخرق و الالتتام) പാടില്ല എന്നായിരുന്നു. ആധുനിക ശാസ്ത്രം ആ വാദം തെറ്റാണെന്നു തളിയിച്ചു കഴിഞ്ഞിരിക്കയാണ്. സൂര്യചന്ദ്രനക്ഷത്രാദി ഗോളങ്ങളില്‍നിന്നു ചില അംശങ്ങള്‍ പുറത്തുപോകലും, ചില ഗോളങ്ങളില്‍ നിന്നുള്ള അംശങ്ങള്‍ മറ്റുചിലതില്‍ ചെന്നു പതിക്കലും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഇന്നു ശാസ്ത്രജ്ഞന്മാര്‍ മനസ്സിലാക്കികഴിഞ്ഞിരിക്കുന്നു. വേണ്ടാ, അടുത്തകാലത്തു മനുഷ്യന്‍ ചന്ദ്രനില്‍ ചെന്നു അവിടത്തെ പാറക്കഷ്ണം ഭൂമിയില്‍ കൊണ്ടുവന്നിരിക്കുന്നു. ചന്ദ്രഗോളത്തില്‍ വമ്പിച്ച ഉല്‍ക്കകള്‍ പതിച്ചതിന്‍റെ ആഘാതങ്ങളെപ്പറ്റി ചന്ദ്രഗോള സഞ്ചാരികളും, ആഗോളനീരിക്ഷകന്മാരും സദാ പ്രസ്താവിച്ചു കൊണ്ടുമിരിക്കുന്നു. ഈ ഭൂമിയും, ചന്ദ്രനുമെല്ലാം സൂര്യനില്‍ നിന്നു തെറ്റിത്തെറിച്ച ചില കഷ്ണങ്ങളാണെന്നു പോലും ശാസ്ത്രജ്ഞന്മാര്‍ വാദിക്കുന്നു. എന്നിരിക്കെ, ചന്ദ്രനില്‍ ഒരു പിളര്‍പ്പോ, പിളര്‍പ്പിനു ശേഷം ഒരു കൂടിച്ചേരല്ലോ ഉണ്ടായേക്കുന്നതിന്‍റെ സാധ്യത ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഒരു തര്‍ക്കവിഷയമല്ല. അങ്ങിനെ വല്ലതും സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതു എന്തായിരുന്നു എന്നു മാത്രമേ ആലോചിക്കുവാനുള്ളൂ. ഇതിനു വ്യക്തമായ മറുപടി പറയുവാന്‍ ശാസ്ത്രതത്വങ്ങളെക്കാള്‍ കഴിവ് ചരിത്രസത്യങ്ങള്‍ക്കാണുള്ളത്. അതാണ് ഈ ഖുര്‍ആന്‍ വചനവും, മേല്‍ സൂചിപിച്ച അനേകം ഹദീസുകളും നമ്മുക്കു കാട്ടി തരുന്നതും.
ചന്ദ്രന്‍ പിളര്‍ന്ന സംഭവത്തെപ്പറ്റി ഒന്നിലധികം അദ്ധ്യായങ്ങളിലായി ഇമാം ബുഖാരീ (رحمه الله) പല ഹദീസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവരണത്തില്‍, ഈ സംഭവത്തെ നിഷേധിക്കുന്നവരുടെ സംശയങ്ങള്‍ സന്ദര്‍ഭോചിതം ഉദ്ധരിച്ചുകൊണ്ടു ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ഖലാനി അവക്കു മറുപടി കൊടുത്തുകാണാം. അക്കൂട്ടത്തില്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ കുറിച്ചുള്ള അദ്ധ്യായത്തി (باب انشقق القمر)ല്‍ അദ്ദേഹം പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താവനയുടെ ചുരുക്കം ഇവിടെ അറിയുന്നതു നന്നായിരിക്കും. അദ്ദേഹം പറയുന്നു : ‘തത്വശാസ്ത്രജ്ഞന്മാരില്‍ ഭൂരിഭാഗം ആളുകള്‍ ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിക്കുന്നവരാണ്. ആകാശത്തില്‍നിന്നു വല്ലതും പൊട്ടിപ്പോരുകയോ അതില്‍ വല്ലതും കൂടിചേരുകയോ ഇല്ലെന്ന തത്വത്തെ ആസ്പദമാക്കിയാണ് അവരുടെ നിഷേധം. ഇവിടെ മാത്രമല്ല, മിഅ്റാജിന്‍റെ സംഭവത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ആകാശ മാര്‍ഗങ്ങള്‍ തുറക്കപ്പെട്ടതും, ഖിയമാത്തുനാളില്‍ സൂര്യന്‍റെ നില തെറ്റുന്നതും പോലെയുള്ള സംഭവങ്ങളെല്ലാം അവര്‍ നിഷേധിക്കുന്നു. ഇങ്ങിനെയുള്ളവര്‍ അവിശ്വാസികള്‍ ആണെങ്കില്‍ ആദ്യമായി അവരോടു വിവാദം നടത്തേണ്ടതു ഇസ്ലാമിന്‍റെ സ്വീകാര്യതയെ കുറിച്ചാകുന്നു. (പ്രസ്തുത നിഷേധത്തെക്കുറിച്ചല്ല). (*) പിന്നീടു ഇത്തരം സംഗതികളെ നിഷേധിക്കുന്ന മുസ്‌ലിംകളോടെന്ന പോലെ അവരോടും സംസാരിക്കാം. ഇത്തരം വിഷങ്ങളില്‍ ചിലതു സമ്മതിക്കുകയും, ചിലതു സമ്മതിക്കാതിരിക്കുകയും ചെയ്‌വാന്‍ മുസ്ലിമിനു പാടില്ല. ഖിയമാത്തുനാളില്‍ ആകാശത്തില്‍ തകര്‍ച്ചയും വളര്‍ച്ചയും (അഥവാ സ്ഥിതിമാറ്റങ്ങള്‍) ഉണ്ടാകാമെന്നു ഇവര്‍ സമ്മതിക്കുമെങ്കില്‍, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ പ്രവാചകന്‍റെ പ്രവാചകത്വത്തിനു തെളിവായ ഒരു അമാനുഷിക ദൃഷ്ടാന്തം എന്ന നിലക്കു അതു സമ്മതിക്കാതിരിക്കുവാന്‍ തരമില്ല. മുന്‍കഴിഞ്ഞ മാഹന്മാര്‍ തന്നെ ഇക്കൂട്ടര്‍ക്കു മറുപടി നല്‍കികഴിഞ്ഞിട്ടുണ്ട്. അബൂഇസ്ഹാഖ് സജ്ജാദ് (رحمه الله ) പറയുന്നു : മതവിരോധികളെ അനുകരിച്ചുകൊണ്ട് ബിദ്അത്തിന്‍റെ കക്ഷിക്കാരായ (നൂതനവാദക്കാരായ) ചിലരും ചന്ദ്രന്‍ പിളര്‍ന്നതിനെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍, ബുദ്ധി അതിനെ നിഷേധിക്കുന്നില്ല, കാരണം ഖിയമാത്തുനാളില്‍ സൂര്യനെയും ചന്ദ്രനെയും ഒരുമിച്ചുകൂട്ടുകയും മറ്റും ചെയ്യുന്ന അല്ലാഹുവിനു അതിനെ പിളര്‍ക്കുകയും ചെയ്യാം. അതവന്‍റെ സൃഷ്ടിയാണല്ലോ. അവന്‍റെ സൃഷ്ടിയില്‍ അവന്‍റെ ഇഷ്ടംപോലെ അവനു പ്രവര്‍ത്തിക്കാവുന്നതാകുന്നു.’( فتح الباري)
(*). ശ്രദ്ധേയമായ ഒരു തത്വമാണ് അസ്ഖലാനി (رحمه الله) ഈ പ്രസ്താവിക്കുന്നത്. അടിസ്ഥാനപരമായ കാര്യങ്ങളില്‍ യോജിക്കുന്നവരോടും അല്ലാത്തവരോടും, ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരോടും അല്ലാത്തവരോടും വിവാദങ്ങള്‍ നടത്തേണ്ടുന്ന വിഷയത്തിലും, സ്വഭാവത്തിലും വ്യത്യാസമുണ്ടെന്നു സാരം.
ചന്ദ്രന്‍ പിളര്‍ന്നിട്ടുണ്ടെങ്കില്‍ അതു ലോകപ്രസിദ്ധമാകേണ്ടതാണല്ലോ എന്നു നിഷേധികളില്‍ ചിലര്‍ വാദിക്കാറുണ്ട്. രാത്രിയാണതു സംഭവിച്ചത്. ജനങ്ങള്‍ ഉറങ്ങികിടക്കുകയായിരിക്കുമല്ലോ. ആ സംഭവ സമയത്ത് ഉറങ്ങാതെ ആകാശത്തേക്കു നോക്കിയവര്‍ക്ക് മാത്രമേ അതു കാണുവാന്‍ സാധ്യമാകൂ എന്നു പറയേണ്ടതില്ല. ദൃഷ്ടാന്തം ആവശ്യപ്പെട്ടവര്‍ മാത്രമേ കല്പിച്ചുകൂട്ടി അതിനു തയ്യാറായിരിക്കുകയുമുള്ളൂ. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എല്ലാവരും കാണുകയോ അറിയുകയോ ചെയ്യാറില്ലല്ലോ. അതേ സമയത്ത് ഒരു നാട്ടില്‍ ദൃശ്യമായ ഗ്രഹണം വേറൊരു നാട്ടുകാര്‍ക്ക് ദൃശ്യമല്ലാതെയുമിരിക്കും. ഇതുപോലെത്തന്നെ ചന്ദ്രപ്പിറവിയും. ഒരു രാജ്യത്തു ചന്ദ്രപ്പിറവി കാണുമ്പോള്‍ മറ്റൊരു രാജ്യത്തു അതു കാണാതിരിക്കുക സാധാരണമാണല്ലോ. നേരം പുലരുവോളം അന്നത്തെ രാത്രി ആകാശം വീക്ഷിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒരാള്‍ ആ സംഭവം ഉണ്ടായതായി താന്‍ കണ്ടിട്ടില്ലെന്നു പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല. മരുഭൂമികളില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ് താരതമ്യേന ആ സംഭവം കാണുവാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഇങ്ങിനെയുള്ള പലരും തങ്ങള്‍ അതുകണ്ടതായി സാക്ഷ്യം വഹിക്കുകയുണ്ടായ വിവരം അബൂദാവൂദ് (رحمه الله) ഉദ്ധരിച്ച ഹദീസില്‍ പ്രസ്താവിച്ചിട്ടുമുണ്ട്. ബൈഹഖി رحمه الله))യുടെ നിവേദനത്തില്‍, എല്ലാ ഭാഗത്തുനിന്നും വന്ന സഞ്ചാരികളോടും ഖുറൈശികള്‍ അന്വേഷിക്കുകയുണ്ടായെന്നും, അവരെല്ലാം അതു കണ്ടുവെന്നു മറുപടി പറഞ്ഞുവെന്നും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്.
ചുരുക്കത്തില്‍ ചന്ദ്രന്‍ പിളര്‍ന്ന സംഭവം പരക്കെ അറിയാതിരിക്കുവാന്‍ പല കാരണങ്ങളും ഉണ്ടാവാം. എനി, കുറെയെല്ലാം ആളുകള്‍ യഥാര്‍ത്ഥത്തില്‍ അതു കണ്ടിരുന്നാല്‍ പോലും, മുസ്‌ലിംകള്‍ പിന്നീടു തങ്ങളുടെ ചരിത്ര സംഭവങ്ങളെ രേഖപ്പെടുത്തി സൂക്ഷിച്ചു വന്നതുപോലെ, മറ്റൊരു കൂട്ടരും അക്കാലത്തു തങ്ങളുടെ സംഭവങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചുപോന്നിരുന്നില്ലെന്ന വസ്തുതയും പ്രസ്താവ്യമാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സത്യതക്കു ഏറ്റവും വലിയ തെളിവായി കാലാവസാനത്തോളം നിലനില്‍ക്കുന്ന മഹാ ദൃഷ്ടാന്തം ഖുര്‍ആന്‍ തന്നെ. എങ്കിലും, മറ്റു പല അസാധാരണ സംഭവങ്ങളും തിരുമേനിയുടെ കൈക്ക് വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്ന പരമാര്‍ത്ഥം ചരിത്ര സത്യങ്ങളുടെ നേരെ പാടെ കണ്ണടച്ചേക്കുന്ന കുബുദ്ധികള്‍ക്കല്ലാതെ ആര്‍ക്കും നിഷേധിക്കുവാന്‍ സാധ്യമല്ല. അവയില്‍ ഒന്നും തന്നെ, മുഴുവന്‍ മുസ്ലിംകളും കണ്ടതോ, എല്ലാ സമുദായക്കാരും കാണത്തക്കവണ്ണം ചിരകാലം നീണ്ടുനിന്നതോ ആയി ഒന്നുമില്ല. ആയിരിക്കാവുന്നതുമല്ല. കാരണം, മുന്‍പ്രവാചകന്മാരുടെ സമുദായങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക കാലക്കാരും ദേശക്കാരുമായി രുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സമുദായത്തിന്‍റെ സ്ഥിതി അതല്ല. ഈ സമുദായം ലോകാവസാനംവരെ നിലനില്‍ക്കുന്നതും, അവിടുത്തെ പ്രബോധനം ഭൂലോകജനതയ്ക്കു ആകമാനം ബാധകമായതുമാണ്. അതുകൊണ്ടാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ഖുര്‍ആന്‍ ആയതും.
മൊത്തത്തില്‍ പറഞ്ഞാല്‍ -അല്ലാമാ ശൌക്കാനി (رحمه الله) പ്രസ്താവിക്കുന്നതു പോലെ- അല്ലാഹുവിന്‍റെ കിത്താബില്‍ ചന്ദ്രന്‍ പിളര്‍ന്നുവെന്നു കാണുന്നു. അഥവാ പിന്നീടു പിളരും എന്നല്ല അതില്‍ പറഞ്ഞിരിക്കുന്നത്. ഹദീസുകള്‍ പരിശോധിച്ചാലും അതു സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു, മുസ്‌ലിം പണ്ഡിതന്മാര്‍ക്കിടയിലാകട്ടെ, അതില്‍ ഭിന്നാഭിപ്രായവുമില്ല. എന്നിരിക്കെ, തല്പരകക്ഷികളുടെ അഭിപ്രായത്തിനോ, അവരുടേതായ വ്യാഖ്യാനത്തിനോ നാം ഒട്ടും വില കല്പിക്കേണ്ടതില്ല. മേല്‍ പ്രസ്താവിച്ചതിനു പുറമേ വേറെയും ചില്ലറ കുതര്‍ക്കങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്. അവക്കെല്ലാം പല മഹാന്മാരും തക്കതായ മറുപടി നല്‍കിക്കഴിഞ്ഞതാണ്. അതെല്ലാം ഇവിടെ ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നതില്‍ പ്രത്യേക പ്രയോജനമൊന്നും കാണുന്നില്ല. അല്ലാഹു പറയുന്നു :-
- وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ ﴾٤﴿
- (നിഷേധത്തില്‍ നിന്നു) വിട്ടുമാറി നില്‍ക്കത്തക്ക വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു.
- وَلَقَدْ جَاءَهُم തീര്‍ച്ചയായും അവര്‍ക്കുവന്നിട്ടുണ്ട് مِّنَ الْأَنبَاءِ വൃത്താന്തങ്ങളില്‍ നിന്നു مَا യാതൊന്നു (ഒരളവ്) فِيهِ അതിലുണ്ട് (ഉണ്ടാവത്തക്ക) مُزْدَجَرٌ വിലക്കി നില്‍ക്കല്‍, വിരമിക്കാവുന്നതു, വിട്ടുമാറല്‍
- حِكْمَةٌۢ بَٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ ﴾٥﴿
- തികഞ്ഞ (പരിപൂര്‍ണ്ണമായ) വിജ്ഞാനം! എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല!
- حِكْمَةٌ വിജ്ഞാനം, തത്വം بَالِغَةٌ തികഞ്ഞ (പൂര്‍ണ്ണമായ) فَمَا تُغْنِ എന്നിട്ടു പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല) النُّذُرُ താക്കീതുകള്‍, താക്കീതുകാര്‍
കാര്യങ്ങള്‍ സ്വയം മനസ്സിലാക്കിക്കൊണ്ടു സത്യനിഷേധത്തില്‍നിന്നു പിന്‍വാങ്ങുവാന്‍ മതിയായത്ര ചരിത്രപാഠങ്ങളും ഉപദേശങ്ങളും അവര്‍ക്കു കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഖുര്‍ആനാകട്ടെ, അങ്ങേയറ്റം, പരിപൂര്‍ണ്ണമായ തികഞ്ഞ വിജ്ഞാനവും. ഇതെല്ലാമായിട്ടും അവര്‍ക്കു താക്കീതുകള്‍ ഫലപ്പെടാതെയാണിരിക്കുന്നത് എന്നു സാരം.
- فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ ﴾٦﴿
- ആകയാല്‍ (നബിയേ) അവരില്‍നിന്നു നീ വിട്ടുമാറിക്കൊള്ളുക. അനിഷ്ടകരമായ ഒരു (ഗൗരവപ്പെട്ട) കാര്യത്തിലേക്കു വിളിക്കുന്ന ആള്‍ വിളിക്കുന്ന ദിവസം,-
- فَتَوَلَّ അതിനാല്‍ വിട്ടു(മാറി, തിരിഞ്ഞു) പോകുക عَنْهُمْഅവരില്‍നിന്നു, അവരെ വിട്ടു يَوْمَ يَدْعُ വിളിക്കുന്ന ദിവസം الدَّاعِ വിളിക്കുന്ന (ക്ഷണിക്കുന്ന)വന്‍ إِلَىٰ شَيْءٍ ഒരു വസ്തുവി (കാര്യത്തി)ലേക്കു نُّكُرٍ അനിഷ്ടകരമായ, അനാശാസ്യമായ, വെറുപ്പായ (കടുത്ത)
- خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴾٧﴿
- അവരുടെ ദൃഷ്ടികള്‍ (പേടിച്ചു) വിനയപ്പെട്ടവരായ നിലയില്‍, ചിന്നിപ്പരന്ന വെട്ടുകിളികളെന്നോണം ശവക്കുഴി ['ഖബ്റു']കളില്‍ നിന്നും അവര്‍ പുറത്തുവരുന്നതാണ്;-
- خُشَّعًا വിനയപ്പെട്ടുകൊണ്ടു, ഭക്തിപ്പെട്ടുകൊണ്ടു أَبْصَارُهُمْ അവരുടെ ദൃഷ്ടികള്‍ يَخْرُجُونَ അവര്‍ പുറത്തുവരും مِنَ الْأَجْدَاثِ ഖബ്റു (ശവക്കുഴി) കളില്‍നിന്നു كَأَنَّهُمْ جَرَادٌ അവര്‍ ജറാദു (വെട്ടുകിളി)കളെന്നപോലെ مُّنتَشِرٌ ചിന്നിപ്പരന്ന, നിരന്ന
- مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌ ﴾٨﴿
- വിളിക്കുന്ന ആളിലേക്കു (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായും കൊണ്ട്. അവിശ്വാസികള്‍ പറയും; ഇതു ഞെരുക്കമേറിയ ഒരു ദിവസമാകുന്നു' എന്നു!
- مُّهْطِعِينَ (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ടു إِلَى الدَّاعِ വിളിക്കുന്നവനിലേക്കു يَقُولُ الْكَافِرُونَ അവിശ്വാസികള്‍ പറയും هَـٰذَا يَوْمٌ ഇതൊരു ദിവസമാണ് عَسِرٌ ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ
ഖിയാമത്തുനാളില്‍ എല്ലാവരെയും പുനര്‍ജീവിപ്പിക്കുന്നതിനുള്ള വിളി -അഥവാ രണ്ടാമത്തെ കാഹളം ഊത്തു- ഉണ്ടാകുന്നു. ആ അവസരത്തില്‍ എല്ലാവരും ആ വിളിയെ ലാക്കാക്കി വളരെ ദ്രുതഗതിയില്‍ വമ്പിച്ച വെട്ടുകിളിക്കൂട്ടം കണക്കെ ഖബ്റുകളില്‍ നിന്നു വിചാരണനിലയത്തിലേക്കു എഴുന്നേറ്റു ചെല്ലുന്നതാകുന്നു. ദൃഷ്ടാന്തങ്ങള്‍ കണ്ടിട്ടോ, തത്വങ്ങളും വിജ്ഞാനങ്ങളും ലഭിച്ചിട്ടോ, താക്കീതുകള്‍ കേട്ടിട്ടോ ഒന്നും തന്നെ നിഷേധത്തില്‍ നിന്നു പിന്‍മാറാത്ത ആ അവിശ്വാസികളെ ആ ദിവസത്തെക്കുറിച്ചു അല്ലാഹു ഗൗരവപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്നു. ഇവരെ പോലെ നിഷേധത്തില്‍ ശഠിച്ചു നിന്ന മുന്‍സമുദായങ്ങളുടെ പര്യവസാനങ്ങളെപ്പറ്റി തുടര്‍ന്നുള്ള വചനങ്ങളില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു:-
- ۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ ﴾٩﴿
- നൂഹിന്‍റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി ; അങ്ങനെ, അവര്‍ നമ്മുടെ അടിയാനെ വ്യാജമാക്കുകയും, 'ഭ്രാന്തന്‍' എന്നു പറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടുകയും ചെയ്തു
- كَذَّبَتْ قَبْلَهُمْ അവരുടെ മുമ്പു വ്യാജമാക്കി قَوْمُ نُوحٍ നൂഹിന്‍റെ ജനത فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി عَبْدَنَا നമ്മുടെ അടിയാനെ وَقَالُوا അവര്‍ പറയുകയും ചെയ്തു مَجْنُونٌ ഭ്രാന്തന്‍ എന്നു وَازْدُجِرَ അദ്ദേഹം വിലക്ക (ആക്ഷേപിക്ക, മുടക്ക)പ്പെടുകയും ചെയ്തു, ആട്ടപ്പെട്ടു
നൂഹ് (عليه السلام) നബിയെ തന്‍റെ പ്രബോധനകൃത്യം നിര്‍വ്വഹിക്കുവാന്‍ സമ്മതിക്കാതെ അവര്‍ അക്രമവും ഭീഷണിയും പ്രയോഗിച്ചു കൊണ്ടിരുന്നു എന്നു സാരം.
- فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ ﴾١٠﴿
- അപ്പോള്‍, അദ്ദേഹം തന്‍റെ റബ്ബിനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു): 'ഞാന്‍ പരാജിതനാണ്, ആകയാല്‍ നീ രക്ഷാനടപടിയെടുക്കേണമേ' എന്നു!
- فَدَعَا അപ്പോഴദ്ദേഹം വിളിച്ചു رَبَّهُ തന്‍റെ റബ്ബിനെ أَنِّي مَغْلُوبٌ ഞാന്‍ പരാജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്നു فَانتَصِرْ ആകയാല്‍ നീ രക്ഷാ (പ്രതികാര) നടപടി എടുക്കണേ
- فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ ﴾١١﴿
- അങ്ങനെ, കുത്തിച്ചൊരിയുന്ന ഒരു (മഴ) വെള്ളം കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങളെ നാം തുറന്നു (വിട്ടു)
- فَفَتَحْنَا അങ്ങനെ (അതിനാല്‍) നാം തുറന്നു أَبْوَابَ السَّمَاءِ ആകാശവാതിലു (കവാടം) കളെ بِمَاءٍ ഒരു വെള്ളം (ജലം) മുഖേന مُّنْهَمِرٍ കുത്തിച്ചൊരിയുന്ന.
- وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ ﴾١٢﴿
- ഭൂമിയെ നാം ഉറവുകള്‍ പൊട്ടിഒഴുക്കുകയും ചെയ്തു. എന്നിട്ട്, നിര്‍ണ്ണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തില്‍ (ആ) വെള്ളം കൂട്ടിമുട്ടി.
- وَفَجَّرْنَا നാം പൊട്ടി ഒഴുക്കുക (കീറുക)യും ചെയ്തു الْأَرْضَ ഭൂമിയെ عُيُونًا ഉറവുകളാല്‍ فَالْتَقَى അങ്ങിനെ (എന്നിട്ടു) കൂട്ടിമുട്ടി (ഒരുമിച്ചുകൂടി) الْمَاءُ വെള്ളം عَلَىٰ أَمْرٍ ഒരു കാര്യത്തില്‍, കാര്യത്തിന്മേല്‍ قَدْ قُدِرَനിര്‍ണ്ണയിക്ക (കണക്കാക്ക)പ്പെട്ടിട്ടുള്ള.
- وَحَمَلْنَٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ ﴾١٣﴿
- പലകകളും ആണികളുമുള്ള ഒന്നിന്മേല്‍ [കപ്പലില്‍] അദ്ദേഹത്തെ നാം വഹി (ച്ചു രക്ഷി)ക്കുകയും ചെയ്തു
- وَحَمَلْنَاهُ അദ്ദേഹത്തെ നാം വഹിക്കുക (കയറ്റുക)യും ചെയ്തു عَلَىٰ ذَاتِ أَلْوَاحٍ പലകകളുള്ളതിന്മേല്‍ وَدُسُرٍ ആണി(കുറ്റി)കളും
- تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ ﴾١٤﴿
- അതു [ആ കപ്പല്‍] നമ്മുടെ കണ്‍മുമ്പില്‍ [പ്രത്യേക പരിഗണനയിലായി] സഞ്ചരിച്ചിരുന്നു. യാതൊരുവനോടു നന്ദികേടു (അഥവാ അവിശ്വാസം) കാണിക്കപ്പെട്ടുവോ അദ്ദേഹത്തിനു വേണ്ടിയുള്ള പ്രതിഫലമായിട്ടത്രെ (അങ്ങിനെ ചെയ്തത്)
- تَجْرِي അതു സഞ്ചരിക്കും, നടന്നിരുന്നു بِأَعْيُنِنَا നമ്മുടെ ദൃഷ്ടിയില്‍, കണ്‍മുമ്പില്‍, കാഴ്ചയില്‍ جَزَاءً പ്രതിഫല (പ്രതികാര)മായിട്ടു لِّمَن യാതൊരുവനുവേണ്ടിയുള്ള كَانَ كُفِرَ അദ്ദേഹത്തോടു നന്ദികേടു കാണിക്കപ്പെട്ടിരുന്നു, അവിശ്വസിക്ക(നിഷേധിക്ക)പ്പെട്ടിരുന്നു
പൊറുതിമുട്ടിയപ്പോള്‍ നൂഹ് (عليه السلام) നബി അല്ലാഹുവിനോട് രക്ഷക്കായി പ്രാര്‍ത്ഥിച്ചു, അതിനെത്തുടര്‍ന്ന് ആകാശത്തുനിന്നു അതിശക്തമായ മഴ വര്‍ഷിക്കുകയും, ഭൂമിയില്‍ നിന്ന് വമ്പിച്ചതോതില്‍ ഉറവുപൊടിയുകയും ഉണ്ടായി. അങ്ങിനെ ജലപ്രളയം സംഭവിക്കുകയും, അല്ലാഹു മുമ്പേ നിശ്ചയിച്ചു കണക്കാക്കി വെച്ചിട്ടുള്ള ഒരു കാര്യത്തില്‍ – അതെ, ആ ജനതയുടെ ഉന്മൂലനാശത്തില്‍ – അതു കലാശിക്കുകയും ചെയ്തു. അതേ സമയത്ത് ധാരാളം പലകകളും ആണികളും കൂട്ടിച്ചേര്‍ത്തുണ്ടാക്കപ്പെട്ട ഒരു കപ്പലില്‍ കയറ്റി നൂഹ് (عليه السلام) നബിയേയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു. അങ്ങിനെ, നൂഹ്(عليه السلام) നബിയോടു ആ ജനത കാണിച്ച നന്ദികേടിന്‍റെയും, നിഷേധത്തിന്‍റെയും പ്രതികാരമാകുന്ന കടുത്ത ശിക്ഷ അവര്‍ക്കു അല്ലാഹു നല്‍കി എന്നു സാരം.
കപ്പലിനെപ്പറ്റി മനുഷ്യവര്‍ഗ്ഗത്തിനു ഒട്ടും പരിചയമില്ലാതിരുന്ന കാലം. ഇരുമ്പുകൊണ്ടു മനുഷ്യന്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയിട്ടില്ലാത്ത കാലം. അപ്പോള്‍, ആ കപ്പല്‍ നിര്‍മ്മാണത്തിനുള്ള എല്ലാ ഉപദേശ നിര്‍ദ്ദേശങ്ങളും അല്ലാഹുവില്‍ നിന്നുതന്നെ നൂഹു (عليه السلام) നബിക്ക് ലഭിക്കേണ്ടിയിരുന്നു. അതു ലഭിക്കുകയും ചെയ്തു. അങ്ങിനെ, അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം അനേകം പലകകളും ആണികളും കൂട്ടി ഘടിപ്പിച്ചുകൊണ്ട് നൂഹു (അ) പണിതീര്‍ത്തതായിരുന്നു മനുഷ്യ ചരിത്രത്തില്‍ ഒന്നാമത്തേതും, ലോകചരിത്രത്തില്‍ അതിപ്രാധാന്യമുള്ളതുമായ ആ കപ്പല്‍. പലകകളും ആണികളുള്ളതു (ذَاتِ أَلْوَاحٍ وَدُسُرٍ) എന്ന വാക്കു അതാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കപ്പലിന്‍റെ ആകൃതി, അതിന്‍റെ നിര്‍മ്മാണത്തിനു അല്ലാഹു നല്‍കിയ വിശദ നിര്‍ദ്ദേശങ്ങള്‍ എന്നിവയെപ്പറ്റി തൌറാത്തില്‍ വളരെയധികം വിവരിച്ചു പറഞ്ഞിരിക്കുന്നു.
- وَلَقَد تَّرَكْنَٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ ﴾١٥﴿
- തീര്‍ച്ചയായും നാം അതിനെ ഒരു ദൃഷ്ടാന്തമായിഅവശേഷിപ്പിച്ചിരി ക്കുന്നു. എന്നാല്‍, (മനസ്സിരുത്തി) ഓര്‍മ്മിക്കുന്നവരായി വല്ലവരുമുണ്ടോ?!
- وَلَقَد تَّرَكْنَاهَا തീര്‍ച്ചയായും നാം അതിനെ ഉപേക്ഷിച്ചുവെച്ചു, അവശേഷിപ്പിച്ചു آيَةً ഒരു ദൃഷ്ടാന്തമായി فَهَلْ എന്നാല്‍ ഉണ്ടോ مِن مُّدَّكِرٍ വല്ല ഉറ്റാലോചിക്കുന്നവനും, ഓര്‍മിക്കുന്നവരായി (വല്ലവരും)
- فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾١٦﴿
- അപ്പോള്‍, എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (ആലോചിച്ചു നോക്കുക!)
- فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
ലോകപ്രസിദ്ധമായ ആ കപ്പലിന്‍റെ നിര്‍മ്മാണം, അതു മുഖേന നൂഹ്(عليه السلام) നബിയെയും സത്യവിശ്വാസികളെയും അല്ലാഹു ജലപ്രളയത്തില്‍നിന്നു രക്ഷപ്പെടുത്തിയതു, അവിശ്വാസികള്‍ മുക്കി നശിപ്പിക്കപ്പെട്ടതു ഇവയിലെല്ലാം തന്നെ, ചിന്തിക്കുന്നവര്‍ക്കു ദൃഷ്ടാന്തവും പാഠവുമുണ്ട് എന്നു വ്യക്തമാണ്. ആ കപ്പലിന്‍റെ അവശിഷ്ടം ഇന്നും ശേഷിക്കുന്നുണ്ടെന്ന നിഗമനത്തില്‍ പല ചരിത്രനിരീക്ഷക സംഘങ്ങളും അന്വേഷണം നടത്തികൊണ്ടിരിക്കുന്നതും, ചില പുരാവസ്തു ഗവേഷകന്മാര്‍ അല്‍പവര്‍ഷങ്ങള്‍ക്കുമുമ്പ് അറാറാത്ത് (1) പര്‍വ്വതത്തിന്‍റെ ചരുവില്‍ 14,000 അടി ഉയരത്തില്‍വെച്ച് ആ കപ്പലിന്‍റെ അവശിഷ്ടങ്ങളാണെന്നു സംശയിക്കപ്പെടുന്ന വളരെ പഴക്കം ചെന്ന മരത്തടികള്‍ കണ്ടെത്തിയതും, (2) നൂഹ് (عليه السلام) നബിയുടെ രാജ്യമായ ബാബിലോണിയയില്‍ ഉണ്ടായ ആ ജലപ്രളയത്തിന്‍റെ അടയാളങ്ങള്‍ അടുത്ത കാലത്തു ചില ചരിത്രനിരീക്ഷകന്മാര്‍ക്കു മനസ്സിലാക്കുവാന്‍ കഴിഞ്ഞതും ഇവിടെ പ്രസ്താവ്യമാകുന്നു. ഈ സമുദായത്തിന്‍റെ ആദ്യകാലത്തുള്ളവര്‍ക്കു ആ കപ്പലിന്‍റെ അവശിഷ്ടം കാണുവാന്‍ സാധിച്ചിട്ടുണ്ട് എന്നു ഖത്താദഃ (رحمه الله) പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമത്രെ
(1) 6-ാം ഭൂപടത്തില്‍ നോക്കുക.
(2) 4-9-62 ലെ ചന്ദ്രികാ പത്രത്തിലെ ഒരു റിപ്പോര്‍ട്ടില്‍ നിന്ന്.
- وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾١٧﴿
- തീര്‍ച്ചയായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കി (സൗകര്യപ്പെടുത്തി)യിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?!
- وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
ഒരു പ്രത്യേക താൽപര്യമോ ആശയമോ മുന്‍നിറുത്തിക്കൊണ്ടല്ലാതെ, സത്യാന്വേഷണബുദ്ധിയോടും ഉറ്റാലോചനയോടും കൂടി ഖുര്‍ആനെ സമീപിക്കുന്നവര്‍ക്ക് അതു ഗ്രഹിക്കുവാനും ഓര്‍മ്മിക്കുവാനും വേണ്ടത്ര ഉപദേശങ്ങള്‍, പാഠങ്ങള്‍ തുടങ്ങിയ എല്ലാ ഉപാധികളോടും കൂടിയാണ് അല്ലാഹു അതിനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനു തയ്യാറുള്ളവര്‍ ആരുണ്ട്? ഉള്ളവര്‍ അതിനെ ആ നിലക്ക് സമീപിക്കട്ടെ. നിശ്ചയമായും അവര്‍ക്കതു തികച്ചും ഫലപ്പെടാതിരിക്കുകയില്ല. കെട്ടിക്കുടുക്കുകളോ, ബുദ്ധിക്കു ദഹിക്കാത്തതോ, ഗ്രഹിക്കുവാന്‍ പറ്റാത്തതോ, ഒന്നും തന്നെ അതിലില്ല എന്നു സാരം. പരസഹായം കൂടാതെ ഖുര്‍ആന്‍റെ അര്‍ത്ഥവും ആശയവും മനസ്സിലാക്കുവാന്‍ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമല്ല, പരസഹായത്തോടെ ഖുര്‍ആനെപ്പറ്റി ചിന്തിക്കുവാന്‍ തയ്യാറാകുന്നവര്‍ക്കു ഈ പരമാര്‍ത്ഥം അനുഭവത്തില്‍ കാണാവുന്നതാകുന്നു. إن شاء الله
ചിലര്‍ ധരിക്കാറുള്ളതുപോലെ, അല്‍പസ്വല്പമായ അറബിഭാഷാ പരിചയം സിദ്ധിക്കുമ്പോഴേക്കും ഖുര്‍ആന്‍റെ അര്‍ത്ഥവും ആശയവും വേണ്ടതുപോലെ മനസ്സിലാക്കുവാന്‍ സാധിക്കും എന്ന് ഇതിനര്‍ത്ഥമില്ല. വാസ്തവം പറയുകയാണെങ്കില്‍, ഇസ്ലാമിന്‍റെ ഗുണകാംക്ഷികളായി വേഷംകെട്ടിക്കൊണ്ട് ഖുര്‍ആനെ വിമര്‍ശിക്കുവാനും അതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും മിനക്കെടാറുള്ള ഇസ്ലാമിന്‍റെ ശത്രുക്കളുടെ ദുര്‍വ്യാഖ്യാനങ്ങള്‍ നിമിത്തം മുസ്‌ലിം സമുദായത്തില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള ആപത്തുകളില്‍ ഒട്ടും കുറവല്ലാത്ത ആപത്തുകള്‍ ഈ ‘അരമുറിയരായ അറബികള്‍ ‘ഖുര്‍ആന്‍ കൈകാര്യം നടത്തുന്നതുകൊണ്ടും ഉണ്ടായിക്കൊണ്ടിരി ക്കുന്നു. യഥാവിധി ഖുര്‍ആന്‍ മനസ്സില്ലാക്കുവാന്‍ ആവശ്യമായ സാങ്കേതിക വിജ്ഞാനങ്ങള്‍ പലതുമുണ്ട്. (ഇതിനെപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചിരിക്കുന്നു). അവയെല്ലാം കരസ്ഥമായിരുന്നാല്‍ തന്നെയും, തുറന്ന ഹൃദയവും സത്യദീക്ഷയുമില്ലാത്തപക്ഷം, ഖുര്‍ആന്‍റെ മഹത്വം കണ്ടെത്തുവാനോ, അതിലെ വിജ്ഞാനമാധുര്യം ആസ്വദിക്കുവാനോ കഴിയുന്നതല്ല.
ഖുര്‍ആന്‍റെ ഉപദേശങ്ങള്‍, ഉപമകള്‍, ദൃഷ്ടാന്തങ്ങള്‍ ആദിയായവയെപ്പറ്റി ശരിക്കും ആലോചിച്ചു ചിന്തിക്കുന്ന സത്യന്വേഷികള്‍ക്ക് അതിന്‍റെ സന്ദേശങ്ങളും തത്വങ്ങളും ഗ്രഹിക്കുവാനും മനസ്സിലാക്കുവാനും പ്രയാസമില്ല എന്ന വസ്തുത നൂഹ് (عليه السلام) നബിയുടെ സമുദായത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടര്‍ന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. കൂടാതെ, ആദുഗോത്രത്തെക്കുറിച്ചും, ഥമൂദുഗോത്രത്തെക്കുറിച്ചും, ലൂത്ത് (عليه السلام) നബിയുടെ ജനതയെക്കുറിച്ചും സംസാരിച്ചശേഷം വീണ്ടുംവീണ്ടും ഈ പ്രസ്താവന ആവര്‍ത്തിച്ചും കാണാം. ആപ്പോള്‍, ഇങ്ങിനെയുള്ള ഗുണപാഠങ്ങളെ മനസ്സിരുത്തുന്നത് ഖുര്‍ആന്‍റെ സന്ദേശങ്ങളും ഉപദേശങ്ങളും മനസ്സിലാക്കുവാന്‍ ഉപകരിക്കുന്നതാണെന്നു ഇതില്‍നിന്നു ഗ്രഹിക്കാമല്ലോ. അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ ആമീന്‍.
- كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾١٨﴿
- ആദു (ഗോത്രം) വ്യാജമാക്കുകയുണ്ടായി. എന്നിട്ടു എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! (നോക്കുക)
- كَذَّبَتْ عَادٌ ആദു വ്യാജമാക്കി فَكَيْفَ كَانَ എന്നിട്ട് എങ്ങിനെ ഉണ്ടായി, ആയി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
- إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ ﴾١٩﴿
- നാം അവരുടെമേല്‍, (മുറിഞ്ഞുപോകാതെ നിലനില്‍ക്കുന്ന ഒരു ദുശ്ശകുന ദിവസത്തില്‍ ('ശരശരെ'യുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു;-
- إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു عَلَيْهِمْ അവരുടെമേല്‍ رِيحًا ഒരു കാറ്റു صَرْصَرًا ശരശരെയുള്ള, ഉഗ്രമായ فِي يَوْمِ نَحْسٍ ഒരു ദുശ്ശകുന ദിവസത്തില്‍ مُّسْتَمِرٍّ നിലനില്‍ക്കുന്ന (മുറിഞ്ഞുപോകാത്ത)
- تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ﴾٢٠﴿
- അതു മനുഷ്യരെ പറിച്ചെറിഞ്ഞുകൊണ്ടിരുന്നു; അവര്‍ കടപുഴങ്ങിവീണ ഈന്തമരത്തിന്‍റെ മുരടുകളെന്നോണമായിരുന്നു (നിലം പതിചിരുന്നത്)
- تَنزِعُ അതു നീക്കം ചെയ്യും (പറിച്ചെറിയും) النَّاسَ മനുഷ്യരെ كَأَنَّهُمْ അവരാകുന്നുവെന്നോണം أَعْجَازُ نَخْلٍ ഈന്തപ്പനയുടെ മുരടുകള്‍, കടകള്‍ مُّنقَعِرٍ പുഴങ്ങി വീണ, കടപുഴങ്ങിയ
- فَكَيْفَ كَانَ عَذَابِى وَنُذُرِ ﴾٢١﴿
- അപ്പോള്‍ എന്‍റെ ശിക്ഷയും, എന്‍റെ താക്കീതുകളും എങ്ങിനെയായിത്തീര്‍ന്നു?! [അതു കുറിക്കു കൊള്ളുക തന്നെ ചെയ്തു!]
- فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെയായി عَذَابِي എന്‍റെ ശിക്ഷ وَنُذُرِ എന്‍റെ താക്കീതുകളും
- وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴾٢٢﴿
- നിശ്ചയമായും, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുവാന്‍ വേണ്ടി ഖുര്‍ആനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍, ഓര്‍മ്മി(ച്ചു മനസ്സിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! [ഉണ്ടെങ്കില്‍ മുമ്പോട്ടുവരട്ടെ!]
- وَلَقَدْ يَسَّرْنَا തീര്‍ച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ടു الْقُرْآنَ ഖുര്‍ആനെ لِلذِّكْرِ സ്മരിക്കുവാന്‍, ഓര്‍മ്മിക്കുന്നതിനു, ചിന്തിക്കുവാന്‍, ഉപദേശത്തിനു فَهَلْ അപ്പോള്‍ ഉണ്ടോ مِن مُّدَّكِرٍ ഉറ്റാലോച്ചിക്കുന്ന (ഓര്‍മ്മിക്കുന്ന - ഉപദേശം ഫലിക്കുന്ന) വല്ലവരും
ഏഴു രാത്രിയും, എട്ടുപകലും തുടര്‍ച്ചയായി അടിച്ചുവീശിയ ആ അത്യുഗ്രമായ കാറ്റില്‍ ആ സമുദായം മുഴുവന്‍ – ഈന്തത്തടികള്‍ കടപുഴങ്ങി മറിഞ്ഞു വീഴുന്ന പ്രകാരം- അടിയോടെ പിഴുതെറിയപ്പെട്ടു. ഒന്നടങ്കം അതിദാരുണമാംവണ്ണം നാശമടഞ്ഞുപോയി. ഇതില്പരം വമ്പിച്ച ദുശ്ശകുനം മറ്റെന്തുണ്ട്! അതാകട്ടെ, ഇവിടം കൊണ്ടവസാനിക്കുന്നുമില്ല. കാലാകാലം അവശേഷിക്കുന്നതുമാകുന്നു. نَحْسٍ (ദുശ്ശകുനം) സംബന്ധിച്ചു സൂ: ഹാമീം സജദഃ 16ന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചതു ഓര്‍ക്കുക.