സൂറത്തുല്‍ ജാഥിയഃ : 01-21
ജാഥിയഃ (മുട്ടുകുത്തുന്നവർ)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 37 – വിഭാഗം (റുകൂഅ്) 4
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾٢﴿
- (ഈ) വേദഗ്രന്ഥം അവതരിപ്പിക്കുന്നതു പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
- تَنزِيلُ الْكِتَابِ വേദഗ്രന്ഥം അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗാധജ്ഞനായ, യുക്തിമാനായ
- إِنَّ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَءَايَٰتٍ لِّلْمُؤْمِنِينَ ﴾٣﴿
- നിശ്ചയമായും, ആകാശങ്ങളിലും, ഭൂമിയിലും സത്യവിശ്വാസികള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- إِنَّ فِي السَّمَاوَاتِ നിശ്ചയമായും ആകാശങ്ങളിലുണ്ട് وَالْأَرْضِ ഭൂമിയിലും لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
- وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٌ لِّقَوْمٍ يُوقِنُونَ ﴾٤﴿
- നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവന്‍ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളും.
- وَفِي خَلْقِكُمْ നിങ്ങളുടെ സൃഷ്ടിയിലുമുണ്ട് وَمَا يَبُثُّ അവന്‍ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യുന്ന) തിലും مِن دَابَّةٍ ജീവിയായിട്ടു آيَاتٌ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനങ്ങള്‍ക്കു يُوقِنُونَ ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന
- وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَٰحِ ءَايَٰتٌ لِّقَوْمٍ يَعْقِلُونَ ﴾٥﴿
- രാവും പകലും വ്യത്യാസപ്പെടുന്നതിലും, ആകാശത്തുനിന്ന്‍ ആഹാരമായിക്കൊണ്ട് അല്ലാഹു (മഴ) ഇറക്കി അതുമൂലം ഭൂമിയെ - അതു നിര്‍ജ്ജീവമായതിനുശേഷം ജീവിപ്പിക്കുന്നതിലും, കാറ്റുകളെ (കൈകാര്യം ചെയ്തു) നടത്തിപ്പോരുന്നതിലും, ബുദ്ധി ഉപയോഗി(ച്ചു മനസ്സിലാ)ക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുമുണ്ട്.
- وَاخْتِلَافِ اللَّيْلِ രാത്രി വ്യത്യാസപ്പെടുന്നതിലും وَالنَّهَارِ പകലും وَمَا أَنزَلَ اللَّـهُ അല്ലാഹു ഇറക്കിയതിലും مِنَ السَّمَاءِ ആകാശത്തുനിന്നു مِن رِّزْقٍ ആഹാര (ഉപജീവന മാര്‍ഗ്ഗ) മായിട്ടു فَأَحْيَا بِهِ എന്നിട്ടതുകൊണ്ടു ജീവിപ്പിക്കുകയും ചെയ്തു الْأَرْضَ ഭൂമിയെ بَعْدَ مَوْتِهَا അതു ചത്ത (നിര്‍ജ്ജീവമായ) ശേഷം وَتَصْرِيفِ നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന) തിലും الرِّيَاحِ കാറ്റുകളെ آيَاتٌ ദൃഷ്ടാന്തങ്ങളുണ്ട് لِّقَوْمٍ يَعْقِلُونَ ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങള്‍ക്കു
മേല്‍ ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണര്‍ത്താറുള്ളതാണ്. സന്ദര്‍ഭോചിതം നാം അവയെപ്പറ്റി വിവരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആദ്യം (3-ാം വചനത്തില്‍) സത്യവിശ്വാസികള്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, പിന്നീടു (4ല്‍) ദൃഢവിശ്വാസം കൊള്ളുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നും, അവസാനം (5ല്‍) ബുദ്ധി ഉപയോഗിക്കുന്നവര്‍ക്കു ദൃഷ്ടാന്തമുണ്ടെന്നുമാണല്ലോ പ്രസ്താവിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി അല്‍പം ചിലതു മനസ്സിലാക്കുന്നതു നന്നായിരിക്കും.
നിഷ്കളങ്ക ഹൃദയത്തോടുകൂടി ആകാശഭൂമികളിലേക്കു കണ്ണോടിക്കുന്ന ഒരാള്‍ക്ക് ഈ ലോകത്തിനൊരു സൃഷ്ടാവുണ്ടെന്നും, അവന്റെ പ്രവര്‍ത്തനങ്ങളാണ് ഇക്കാണുന്നതെല്ലാമെന്നുള്ള ‘ഈമാന്‍’ (സത്യവിശ്വാസം) ഉണ്ടാവാതിരിക്കുകയില്ല. പിന്നീടവന്‍ സ്വന്തം ദേഹമടക്കമുള്ള ജന്തുജാലങ്ങളെയും, അവയുടെ വൈവിധ്യം, സ്ഥിതിഗതികള്‍ ആദിയായവയെയും സംബന്ധിച്ചു ചിന്തിക്കുന്നപക്ഷം, ആ വിശ്വാസം ‘യഖീന്‍’ (ദൃഢവിശ്വാസം) ആയിമാറുന്നു. കുറേക്കൂടി മുന്നോട്ടു കടന്നു ആഴത്തില്‍ ചിന്തിക്കുകയും, അങ്ങനെ മഴ, കാറ്റ്, സസ്യലതാദികളുടെ ഉല്‍പാദനം മുതലായവയെക്കുറിച്ചും, അവയിലടങ്ങിയ അതിസമര്‍ത്ഥമായ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുകയും ചെയ്യുമ്പോള്‍, ആ വിശ്വാസം കൂടുതല്‍ യുക്തിപരവും, ബുദ്ധിപൂര്‍വ്വകവും ആയി ശോഭിക്കുന്നു. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ഹൃദയശുദ്ധിയോടുകൂടിയുള്ള ചിന്ത അതിനെ സുദൃഢമാക്കുന്നു. ദൃഢമായ ഈമാനോടുകൂടി ചിന്തിക്കുമ്പോള്‍ അതു അതിനെ പരിപൂര്‍ണ്ണവും ഉല്‍കൃഷ്ടവുമാക്കി ഉയര്‍ത്തുന്നു.
ബുദ്ധി കൊടുത്തു ഗ്രഹിക്കുക, അല്ലെങ്കില്‍ ബുദ്ധി ഉപയോഗിച്ചു ചിന്തിക്കുക എന്ന അര്‍ത്ഥത്തില്‍ يَعْقِلُونَ മുതലായ ചില വാക്കുകള്‍ ഖുര്‍ആനില്‍ സാധാരണ ഉപയോഗിച്ചു കാണാം. മൃഗങ്ങളില്‍നിന്നു മനുഷ്യനെ വേര്‍തിരിക്കുന്ന ആ പ്രാകൃത ബുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. ബുദ്ധി രണ്ടു തരത്തിലുണ്ട്. ഒന്ന്‍ : മനുഷ്യന്റെ കഴിവിനോ പ്രവര്‍ത്തനത്തിനോ പങ്കില്ലാത്തതും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടുമാത്രം സിദ്ധിക്കുന്നതുമായ പ്രകൃതബുദ്ധി (العقل المطبوع) രണ്ട്: പ്രകൃതബുദ്ധിക്കു ലഭിക്കുന്ന അറിവും പരിചയവും ഉപയോഗിച്ച് വെളിയില്‍നിന്നു സിദ്ധിക്കുന്ന വികസിതബുദ്ധി (العقل المسموع). ഒന്നാമത്തെ ബുദ്ധി ലഭിച്ചിട്ടില്ലാത്തവര്‍ക്കു രണ്ടാമത്തെ ബുദ്ധിയും ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതിന്റെ തോതും, അതു ഉപയോഗപ്പെടുത്തുന്ന അളവും, സാഹചര്യവും അനുസരിച്ചു രണ്ടാമത്തേതിനു വികാസം സിദ്ധിക്കുന്നു. ‘ബുദ്ധിമാന്‍മാരല്ലാതെ ഉറ്റാലോചിക്കുകയില്ല’. ‘അവര്‍ ബുദ്ധി കൊടുക്കുന്നില്ല’ എന്നും മറ്റുമുള്ള പ്രശംസകളും, ആക്ഷേപങ്ങളും രണ്ടാമത്തെ ബുദ്ധിയില്ലാത്തവര്‍ മതശാസനങ്ങളില്‍നിന്നു ഒഴിവാക്കപ്പെട്ടവരുമായിരിക്കും.
- تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَٰتِهِۦ يُؤْمِنُونَ ﴾٦﴿
- (നബിയേ) അല്ലാഹുവിന്റെ 'ആയത്തു'കള്‍ [വചനങ്ങളാകുന്ന ലക്ഷ്യങ്ങള്‍] ആകുന്നു അവ. യഥാര്‍ത്ഥമായ നിലക്കു അവയെ നിനക്കു നാം ഓതികേള്‍പ്പിക്കുന്നു. അല്ലാഹുവിനും അവന്റെ 'ആയത്തു'കള്‍ക്കും പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്?!
- تِلْكَ അവ آيَاتُ اللَّـهِ അല്ലാഹുവിന്റെ ആയത്തുകളാണ് نَتْلُوهَا നാമതു ഓതിത്തരുന്നു عَلَيْكَ നിനക്കു بِالْحَقِّ യഥാര്‍ത്ഥമായ നിലക്കു فَبِأَيِّ حَدِيثٍ എനി ഏതൊരു വൃത്താന്തം കൊണ്ടാണ് بَعْدَ اللَّـهِ അല്ലാഹുവിനു ശേഷം (പുറമെ) وَآيَاتِهِ അവന്റെ ആയത്തുകള്‍ക്കും يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നത്
അല്ലാഹു അവന്റെ റസൂലിന്നു അവതരിപ്പിച്ചുകൊടുക്കുകയും, അദ്ദേഹം പ്രബോധനം ചെയ്യുകയും ചെയ്യുന്ന തത്വങ്ങളിലും, ദൃഷ്ടാന്തങ്ങളിലും വിശ്വസിക്കുവാന്‍ അവര്‍ തയ്യാറില്ലെങ്കില്‍, അവര്‍ക്കു വിശ്വസിക്കാവുന്ന – അതിനെക്കാള്‍ ഉത്തമമായ – മറ്റൊരു വൃത്താന്തം എവിടെനിന്നു ലഭിക്കുവാനാണ്?! നിശ്ചയമായും ഇല്ല, എന്നു സാരം. الْآيَات (ആയത്തുകള്‍) എന്ന വാക്കിന്ന് ‘ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍, തെളിവുകള്‍, ലക്ഷ്യങ്ങള്‍’ എന്നൊക്കെയാണ് വാക്കര്‍ത്ഥമെന്നും, ഖുര്‍ആന്‍ വചനങ്ങളെല്ലാം അല്ലാഹുവിങ്കല്‍നിന്നുള്ള ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും ഉള്‍ക്കൊള്ളുന്നവയായതുകൊണ്ട് അതിലെ സൂക്തങ്ങള്‍ക്കു ‘ആയത്തുകള്‍’ എന്നു പറയപ്പെടുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ആയത്തിലും താഴെ 8,9 പോലെയുള്ള വചനങ്ങളിലും പ്രധാനമായും ഖുര്‍ആന്‍ വചനങ്ങളെയും, അവയിലടങ്ങിയ ലക്ഷ്യദൃഷ്ടാന്തങ്ങളെയുമാണ് ഉദ്ദേശിക്കപ്പെടുന്നത്. ഈ വചനത്തില്‍ ‘നിനക്കു നാം ഒതിക്കേള്‍പ്പിക്കുന്നു’ (نَتْلُوهَا عَلَيْكَ) എന്നും, 8-ാം വചനത്തില്‍ ‘അവന്‍ കേള്‍ക്കുന്നു’ (يَسْمَعُ) എന്നും മറ്റും പറഞ്ഞിട്ടുള്ളതില്‍ നിന്നു ഇതു മനസ്സിലാക്കാം. الله أعلم
- وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ ﴾٧﴿
- മഹാപാപിയും വ്യാജക്കാരനുമായ എല്ലാവര്‍ക്കും നാശം!
- وَيْلٌ നാശം, കഷ്ടം لِّكُلِّ أَفَّاكٍ എല്ലാ വ്യാജക്കാരനുമാണ്, നുണക്കാര്‍ക്കുമാണ് أَثِيمٍ (മഹാ) പാപിയായ
- يَسْمَعُ ءَايَٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ ﴾٨﴿
- അല്ലാഹുവിന്റെ 'ആയത്തു'കള്‍ അവനു ഓതിക്കേള്‍ക്കിപ്പെടുന്നതായി അവന്‍ കേള്‍ക്കുന്നു; പിന്നെയും, അഹംഭാവം നടിച്ചുകൊണ്ടു - അതു കേട്ടിട്ടില്ലാത്തതുപോലെ - അവന്‍ (നിഷേധത്തില്‍) നിരതനാകുന്നു! ആകയാല്‍, അവനു വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
- يَسْمَعُ അവന്‍ കേള്‍ക്കും آيَاتِ اللَّـهِ അല്ലാഹുവിന്റെ ആയത്തുകള്‍ تُتْلَىٰ عَلَيْهِ അവന്റെമേല്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായി ثُمَّ يُصِرُّ പിന്നെയും അവന്‍ നിരതനാകും, നിലനില്‍ക്കും مُسْتَكْبِرًا അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ടു كَأَن لَّمْ يَسْمَعْهَا അതു കേള്‍ക്കാത്ത പോലെ فَبَشِّرْهُ അതിനാല്‍ അവനു സന്തോഷമറിയിക്കുക بِعَذَابٍ أَلِيمٍ വേദനയേറിയ ശിക്ഷയെക്കുറിച്ചു
- وَإِذَا عَلِمَ مِنْ ءَايَٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَٰٓئِكَ لَهُمْ عَذَابٌ مُّهِينٌ ﴾٩﴿
- നമ്മുടെ 'ആയത്തുകളില്‍ നിന്നു വല്ലതും അവന് അറിവായാല്‍, അവയെ അവന്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അക്കൂട്ടര്‍ക്കു അപമാനകരമായ ശിക്ഷയുണ്ട്.
- وَإِذَا عَلِمَ അവന്‍ അറിഞ്ഞാല്‍ مِنْ آيَاتِنَا നമ്മുടെ ആയത്തുകളില്‍ നിന്നു شَيْئًا വല്ലതും, അല്‍പം اتَّخَذَهَا അതിനെ അവനാക്കും هُزُوًا പരിഹാസ്യം أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مُّهِينٌ അപമാനകരമായ
- مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ ﴾١٠﴿
- അവരുടെ പിന്നാലെയുണ്ട് നരകം! അവര്‍ പ്രവര്‍ത്തി(ച്ചു സമ്പാദി)ച്ചതാകട്ടെ, അല്ലാഹുവിനു പുറമെ അവര്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിച്ചിട്ടുള്ളവയാകട്ടെ, അവര്‍ക്കു ഒട്ടും ഉപകരിക്കുന്നതുമല്ല. അവര്‍ക്കു വമ്പിച്ച ശിക്ഷയും ഉണ്ടായിരിക്കും.
- مِّن وَرَائِهِمْ അവരുടെ പിന്നില്‍ (അപ്പുറം) ഉണ്ട് جَهَنَّمُ നരകം وَلَا يُغْنِي عَنْهُم അവര്‍ക്കു ഉപകരിക്കയില്ല, പര്യാപ്തമാകയില്ല مَّا كَسَبُوا അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തു شَيْئًا ഒട്ടും, യാതൊന്നും وَلَا مَا اتَّخَذُوا അവര്‍ ഉണ്ടാക്കിവെച്ചതും ഇല്ല مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَوْلِيَاءَ രക്ഷാകര്‍ത്താക്കളായി, സഹായികളായിട്ടു وَلَهُمْ അവര്‍ക്കുണ്ടുതാനും عَذَابٌ عَظِيمٌ വമ്പിച്ച ശിക്ഷ
- هَٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴾١١﴿
- ഇതൊരു (ശരിയായ) മാര്‍ഗ്ഗദര്‍ശനമത്രെ. തങ്ങളുടെ രക്ഷിതാവിന്റെ 'ആയത്തു'കളില്‍ അവിശ്വസിച്ചുവരാകട്ടെ, അവര്‍ക്കു കടുത്ത യാതനയാകുന്ന വേദനയേറിയ ശിക്ഷയുണ്ട്.
- هَـٰذَا هُدًى ഇതൊരു മാര്‍ഗ്ഗദര്‍ശനം وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ആയത്തുകളില്‍ لَهُمْ عَذَابٌ അവര്‍ക്കു ശിക്ഷയുണ്ട് مِّن رِّجْزٍ കടുത്ത യാതനയാകുന്ന أَلِيمٌ വേദനയേറിയ
വ്യാജങ്ങള്‍ കെട്ടിപ്പറയുകയും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കാണ് أَفَّاك (വ്യാജക്കാരന്‍) എന്നു പറയുന്നത്. കുറ്റകരമായ പാപങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് أَثِيم (മഹാപാപി) എന്നു പറയുന്നത്. ഈ രണ്ടു ദുര്‍ഗുണങ്ങളും ഒരാളില്‍ സമ്മേളിച്ചാല്‍ പിന്നെ, അവനു ചേരാത്ത ദുഷ്ചെയ്തികള്‍ ഉണ്ടായിരിക്കയില്ല. രണ്ടു കാര്യങ്ങളാണ് അല്ലാഹു ഇവരെപ്പറ്റി ഇവിടെ എടുത്തു പറയുന്നത് :
1) അല്ലാഹുവിന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍, അതു കേട്ടഭാവംപോലും നടിക്കാതെ, അഹംഭാവപൂര്‍വ്വം അതിനെ അവഗണിച്ചു കളയുകയും, പഴയ നിലപാടില്‍തന്നെ, ഉറച്ചു നില്‍ക്കുകയും ചെയ്യുക.
2) ഏതെങ്കിലും വിധേന അല്ലാഹുവിന്റെ ആയത്തുകളില്‍ നിന്നു വല്ല വിവരവും ലഭിച്ചു കഴിഞ്ഞാല്‍, അതെങ്കിലും സ്വീകരിക്കുവാന്‍ തയ്യാറാകാതെ, അവയെ പരിഹാസ്യമാക്കിത്തീര്‍ക്കുക. ഇങ്ങിനെയുള്ളവരുടെ നേരെ അല്ലാഹുവിനുള്ള വെറുപ്പിന്റെയും, അവര്‍ക്കു നേരിടുന്ന ശിക്ഷയുടെയും കാഠിന്യത്തെയാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. വല്ല സന്തോഷ വാര്‍ത്തയും അവരെ അറിയിക്കുവാനുണ്ടെങ്കില്‍ അതു ആ ശിക്ഷയെക്കുറിച്ചു മാത്രമാണെന്നും അല്ലാഹു താക്കീതു ചെയ്യുന്നു.
പേര്‍സ്യായില്‍നിന്നു ചില പുരാണ ചരിത്രങ്ങളും കഥാനോവലുകളും കൊണ്ടുവന്ന് ജനമദ്ധ്യെ പ്രചരിപ്പിക്കുകയും, അതുവഴി ഖുര്‍ആനില്‍നിന്നും അവരുടെ ശ്രദ്ധയെ തിരിച്ചുവിടുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന നള്വ്-റു ബ്നുല്‍ഹര്‍ഥ് (النضر بن الحرث) നെയും, നരകത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന പത്തൊമ്പതു മലക്കുകളുണ്ട് എന്ന്‍ ഖുര്‍ആനില്‍ (സൂ: മുദ്ദഥിര്‍ 30ല്‍) വന്നപ്പോള്‍ ‘അവരുമായി ഞാന്‍ ഒറ്റക്കു നോക്കാം.’ എന്നും മറ്റും പറഞ്ഞ അബൂജഹ്’ല് (أبو جهل) നെയും ഇവിടെ പലരും ഉദാഹരണമായി എടുക്കാറുണ്ട്. വാസ്തവത്തില്‍ അല്ലാഹുവിന്റെ ആയത്തുകളെ അഹംഭാവത്തോടെയും പരിഹാസത്തോടെയും അവഗണിച്ചു തള്ളിക്കളയുന്ന ആളുകളെ ഇന്നു നാം ജാഹിലിയ്യാ കാലത്തോ മുശ്രിക്കുകള്‍ക്കിടയിലോ തിരഞ്ഞു പിടിക്കേണ്ടതില്ല. ഇക്കാലത്തു ഇങ്ങിനെയുള്ളവര്‍ ധാരാളക്കണക്കില്‍ തന്നെയുണ്ട്. മുസ്‌ലിംകളെന്ന്‍ അവകാശപ്പെടുന്നവര്‍ക്കിടയില്‍പോലും ഇത്തരക്കാരുണ്ടെന്നതു – അങ്ങേയറ്റം ഖേദകരമാണെങ്കിലും – ഒരു പരമാര്‍ത്ഥമത്രെ.
ഖുര്‍ആനിലെ വ്യക്തമായ ചില നിയമങ്ങളെപ്പറ്റി അവ പഴഞ്ചനാണെന്നും, അപ്രായോഗികമാണെന്നും ജല്‍പിക്കുന്നവര്‍, ഭൗതികതാല്‍പര്യങ്ങള്‍ക്കും അനിസ്ലാമികാദര്‍ശങ്ങള്‍ക്കും ഖുര്‍ആന്റെ ആനുകൂല്യം നല്‍കുവാന്‍ പാടുപെടുന്നവര്‍, നമസ്കാരം, നോമ്പു, ഹജ്ജു തുടങ്ങിയ ഇസ്‌ലാമിലെ അതിപ്രധാനങ്ങളായ നിര്‍ബ്ബന്ധകര്‍മ്മങ്ങളെ കേവലം ചില ‘മതചടങ്ങുകള്‍’ മാത്രമാക്കി തരംതാഴ്ത്തിക്കാട്ടുന്നവര്‍, പലിശ, ചൂതാട്ടം തുടങ്ങി ഖുര്‍ആന്‍ കര്‍ശനമായി വിരോധിച്ചിട്ടുള്ള കാര്യങ്ങളെ ഏതെങ്കിലും വിധേന ന്യായീകരിച്ച് ഇസ്‌ലാമീകരിക്കുവാന്‍ മുതിരുന്നവര്‍, നോവലുകള്‍, കലാസാഹിത്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഖുര്‍ആനെക്കാളും ഇസ്‌ലാമിക വിജ്ഞാനങ്ങളെക്കാളും പരിഗണന നല്‍കുന്നവര്‍ ഇത്യാദി ആളുകളെല്ലാം – ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ – അല്ലാഹുവിന്റെ ആയത്തുകളെ പരിഹസിക്കുകയും, അവയുടെനേരെ അഹംഭാവം കാണിക്കുകയുംതന്നെയാണ് ചെയ്യുന്നത്. والعياذ بالله
വിഭാഗം - 2
- ۞ ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ ﴾١٢﴿
- അല്ലാഹുവത്രെ, നിങ്ങള്‍ക്കു സമുദ്രം കീഴ്പ്പെടുത്തിത്തന്നവന്‍; അവന്റെ കല്‍പനപ്രകാരം അതില്‍കൂടി കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്റെ അനുഗ്രഹത്തില്‍ നിന്നു (ഉപജീവനമാര്‍ഗ്ഗം) നിങ്ങള്‍ അന്വേഷിക്കുവാനും വേണ്ടി; നിങ്ങള്‍ നന്ദികാണിക്കുവാന്‍വേണ്ടിയും.
- اللَّـهُ الَّذِي അല്ലാഹു യാതൊരുവനാകുന്നു سَخَّرَ لَكُمُ നിങ്ങള്‍ക്കു കീഴ്പെടുത്തിയ الْبَحْرَ സമുദ്രത്തെ لِتَجْرِيَ സഞ്ചരിക്കുവാന്‍ الْفُلْكُ കപ്പലുകള്‍ فِيهِ അതില്‍ക്കൂടി بِأَمْرِهِ അവന്റെ കല്‍പനപ്രകാരം وَلِتَبْتَغُوا നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും مِن فَضْلِهِ അവന്റെ അനുഗ്രഹത്തില്‍നിന്നു وَلَعَلَّكُمْ تَشْكُرُونَ നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം
- وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَتَفَكَّرُونَ ﴾١٣﴿
- ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവങ്കല്‍നിന്ന്‍ [അവന്റെ വകയായി] അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. നിശ്ചയമായും, അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്കു പല ദൃഷ്ടാന്തങ്ങളുണ്ട്.
- وَسَخَّرَ لَكُم നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും جَمِيعًا എല്ലാം, മുഴുവനും مِّنْهُ അവനില്‍നിന്നു (അവന്റെ വകയായി) إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ജനതക്കു يَتَفَكَّرُونَ ചിന്തിക്കുന്ന
മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തില്‍, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തിലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവനു സൗകര്യപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഇതു അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള അതിമഹത്തായ ഒരു അനുഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയില്‍ അടങ്ങിയിരിക്കുന്നു. മനുഷ്യന്‍ ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലില്‍ നേടുവാനിരിക്കുന്നതുമായ എല്ലാ ശാസ്ത്രീയവിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും, ജീവിത പുരോഗതികളുമെല്ലാം പ്രസ്തുത അനുഗ്രഹം കൊണ്ടുമാത്രം ലഭിക്കുന്നവയാണ്.
- قُل لِّلَّذِينَ ءَامَنُوا۟ يَغْفِرُوا۟ لِلَّذِينَ لَا يَرْجُونَ أَيَّامَ ٱللَّهِ لِيَجْزِىَ قَوْمًۢا بِمَا كَانُوا۟ يَكْسِبُونَ ﴾١٤﴿
- (നബിയേ) വിശ്വസിച്ചവരോടു പറയുക : അല്ലാഹുവിന്റെ ദിവസങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത) വര്‍ക്ക് അവര്‍ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനു് അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടിയാണ് (അതു്).
- قُل പറയുക لِّلَّذِينَ آمَنُوا വിശ്വസിച്ചവരോടു يَغْفِرُوا അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ لِلَّذِينَ യാതൊരുകൂട്ടര്‍ക്കു لَا يَرْجُونَ പ്രതീക്ഷിക്കാത്ത, പേടിക്കാത്ത أَيَّامَ اللَّـهِ അല്ലാഹുവിന്റെ ദിവസങ്ങളെ لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി قَوْمًا ഒരു ജനതക്കു بِمَا كَانُوا അവരായിരുന്നതിനു يَكْسِبُونَ പ്രവര്‍ത്തിക്കും, സമ്പാദിക്കും
- مَنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۖ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴾١٥﴿
- ആരെങ്കിലും നല്ലതു പ്രവര്‍ത്തിച്ചാല്‍, അതവന്റെ ദേഹത്തിനു (അഥവാ ആത്മാവിന്നു) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്‌താല്‍, അതും അതിന്റെമേല്‍തന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്കു നിങ്ങള്‍ മടക്കപ്പെടുന്നു.
- مَنْ عَمِلَ ആര്‍ പ്രവര്‍ത്തിച്ചുവോ صَالِحًا നല്ലതു (സല്‍പ്രവൃത്തി) فَلِنَفْسِهِ എന്നാലവന്റെ ദേഹത്തിനു (ആത്മാവിനു) തന്നെ وَمَنْ أَسَاءَ ആരെങ്കിലും തിന്മ ചെയ്‌താല്‍ فَعَلَيْهَا എന്നാല്‍ അതിന്റെ മേല്‍തന്നെ ثُمَّ പിന്നെ إِلَىٰ رَبِّكُمْ നിങ്ങളുടെ റബ്ബിങ്കലേക്കു تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും
അറബികള്‍ക്കിടയില്‍ കഴിഞ്ഞു പോയ യുദ്ധങ്ങളെയും ചരിത്രസംഭവങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് أَيَّام العرب (അറബികളുടെ ദിവസങ്ങള്‍) എന്നു പറയപ്പെടാറുണ്ട്. അതുപോലെ, മുന്‍ സമുദായങ്ങളില്‍ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്റെ ശിക്ഷാനടപടികളെ ഉദ്ദേശിച്ചാണ് ഇവിടെ أَيَّامَ ٱللَّهِ (അല്ലാഹുവിന്റെ ദിവസങ്ങള്‍) എന്നു പറഞ്ഞിരിക്കുന്നത്. അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവന്റെ നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുമിരിക്കുന്നപക്ഷം, മുന്‍സമുദായങ്ങള്‍ക്കു അനുഭവപ്പെട്ടതുപോലെയുള്ള വല്ല ശിക്ഷാനടപടികളും അല്ലാഹു തങ്ങളിലും നടപ്പാക്കിയേക്കാമെന്ന ഭയമോ, പ്രതീക്ഷയോ ഇല്ലാത്തവരാണ് മുശ്രിക്കുകള്‍. അതുകൊണ്ടു അവര്‍ ഏതുതരം അക്രമങ്ങളും നീചകൃത്യങ്ങളും ചെയ്‌വാന്‍ സന്നദ്ധരായേക്കും. അതിന്റെനേരെ അവഗണനയും, ക്ഷമയും കൈക്കൊള്ളുവാന്‍ സത്യവിശ്വാസികളെ ഉപദേശിക്കണമെന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണ്. ഓരോരുത്തരും ചെയ്യുന്ന നന്മതിന്മകള്‍ക്കു തക്ക പ്രതിഫലം അല്ലാഹു നല്‍കാതിരിക്കുകയില്ല എന്നു ഉണര്‍ത്തുകയും ചെയ്യുന്നു.
- وَلَقَدْ ءَاتَيْنَا بَنِىٓ إِسْرَٰٓءِيلَ ٱلْكِتَٰبَ وَٱلْحُكْمَ وَٱلنُّبُوَّةَ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلْنَٰهُمْ عَلَى ٱلْعَٰلَمِينَ ﴾١٦﴿
- ഇസ്രാഈല്‍ സന്തതികള്‍ക്കു നാം വേദഗ്രന്ഥവും, വിധിയും, പ്രവാചകത്വവും കൊടുക്കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍നിന്നു അവര്‍ക്കു നാം ആഹാരം നല്‍കുകയും, ലോകരെക്കാള്‍ അവരെ ശ്രേഷ്ടരാക്കുകയും ചെയ്തു.
- وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു الْكِتَابَ വേദഗ്രന്ഥം وَالْحُكْمَ വിധിയും, വിജ്ഞാനവും وَالنُّبُوَّةَ പ്രവാചകത്വവും وَرَزَقْنَاهُم അവര്‍ക്കു നാം ആഹാരവും നല്‍കി مِّنَ الطَّيِّبَاتِ വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു وَفَضَّلْنَاهُمْ അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു عَلَى الْعَالَمِينَ ലോകരെക്കാള്‍
- وَءَاتَيْنَٰهُم بَيِّنَٰتٍ مِّنَ ٱلْأَمْرِ ۖ فَمَا ٱخْتَلَفُوٓا۟ إِلَّا مِنۢ بَعْدِ مَا جَآءَهُمُ ٱلْعِلْمُ بَغْيًۢا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾١٧﴿
- (മത)കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുകളും അവര്‍ക്കു നാം നല്‍കി. എന്നാല്‍, തങ്ങള്‍ക്കു അറിവ് വന്നെത്തിയ ശേഷമല്ലാതെ അവര്‍ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങള്‍ക്കിടയിലുള്ള ധിക്കാരത്താല്‍! നിശ്ചയമായും നിന്റെ റബ്ബ് ഖിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ - അവര്‍ യാതൊന്നില്‍ ഭിന്നിച്ചുകൊണ്ടിരുന്നുവോ അതില്‍ - തീരുമാനം ചെയ്യുന്നതാണ്.
- وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു بَيِّنَاتٍ തെളിവുകള്‍ مِّنَ الْأَمْرِ (ഈ) കാര്യത്തെ സംബന്ധിച്ചുفَمَا اخْتَلَفُوا എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ مَا جَاءَهُمُ അവര്‍ക്കു വന്നതിന്റെ الْعِلْمُ അറിവു بَغْيًا ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം بَيْنَهُمْ തങ്ങള്‍ക്കിടയിലുള്ള إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് يَقْضِي بَيْنَهُمْ അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു يَخْتَلِفُونَ ഭിന്നിക്കും, വ്യത്യാസംചെയ്യും
الْكِتَابَ (വേദഗ്രന്ഥം) എന്നു പറഞ്ഞതു തൗറാത്താകുന്നു. الْحُكْم (അല്‍ഹുക്മു) എന്ന വാക്കിനു ഇവിടെ ‘വിധി’ എന്നും ‘വിജ്ഞാനം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഇസ്റാഈല്‍ വര്‍ഗ്ഗത്തില്‍ രാജാക്കള്‍ മൂപ്പന്മാര്‍, ഗോത്രത്തലവന്‍മാര്‍ എന്നിങ്ങിനെ പല തരത്തിലുള്ള വിധികര്‍ത്താക്കളും ഉണ്ടായിരുന്നു. അവരുടെ വിധികര്‍ത്തൃത്വത്തെ – അഥവാ ആജ്ഞാധികാരത്തെ-യാണ് ആ വാക്കുകൊണ്ടു ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. അതുപോലെത്തന്നെ, ഇസ്റാഈല്യരില്‍ വളരെയധികം പ്രവാചകന്മാരും ഉണ്ടായിട്ടുണ്ട്. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് പ്രവാചകത്വവും (وَالنُّبُوَّةَ) എന്നു പറഞ്ഞിരിക്കുന്നത്. ഇതിനെല്ലാംപുറമെ, മേല്‍പറഞ്ഞ കാരണങ്ങളാല്‍ അക്കാലത്തുള്ള ഇതര ജനസമുദായങ്ങളെക്കാള്‍ യോഗ്യതയും, ശ്രേഷ്ഠതയും അല്ലാഹു അവര്‍ക്കു നല്‍കിയിരുന്നു. പക്ഷേ, വേണ്ടത്ര അറിവും, ബോധവും, കഴിവും, അനുകൂല പരിതഃസ്ഥിതികളും ഉണ്ടായിരുന്നിട്ടു പിന്നെയും അവര്‍ സത്യത്തില്‍നിന്നു ഭിന്നിക്കുകയും, പരസ്പരം ഛിദ്രിക്കുകയുമാണ് ചെയ്തത്. അറിയായ്മകൊണ്ടോ, അറിവനുസരിച്ചു ജീവിക്കുവാന്‍ സാധിക്കാത്ത സാഹചര്യംകൊണ്ടോ അല്ല – ധിക്കാരവും അതിക്രമവും നിമിത്തമാണ് – ഇതു സംഭവിച്ചത്. അതുകൊണ്ട് ഇതിന്റെ പേരില്‍ അവരുടെമേല്‍ തക്ക നടപടിയെടുക്കാതെ അല്ലാഹു വിട്ടുകളയുകയില്ല എന്നു അവരെ താക്കീതു ചെയ്യുന്നു.
- ثُمَّ جَعَلْنَٰكَ عَلَىٰ شَرِيعَةٍ مِّنَ ٱلْأَمْرِ فَٱتَّبِعْهَا وَلَا تَتَّبِعْ أَهْوَآءَ ٱلَّذِينَ لَا يَعْلَمُونَ ﴾١٨﴿
- (നബിയേ) പിന്നീട് നിന്നെ നാം (മത) കാര്യത്തെ സംബന്ധിച്ചു ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ ആക്കിയിരിക്കുന്നു. ആകയാല്‍, നീ അതിനെ പിന്‍പറ്റിക്കൊള്ളുക; അറിവില്ലാത്തവരുടെ ഇച്ഛകളെ പിന്‍പറ്റരുത്.
- ثُمَّ പിന്നെ جَعَلْنَاكَ നിന്നെ നാം ആക്കി عَلَىٰ شَرِيعَةٍ ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍) مِّنَ الْأَمْرِ കാര്യത്തെ സംബന്ധിച്ചു فَاتَّبِعْهَا ആകയാല്‍ അതിനെ പിന്‍പറ്റുക وَلَا تَتَّبِعْ പിന്‍പറ്റുകയും അരുതു أَهْوَاءَ الَّذِينَ യാതൊരു കൂട്ടരുടെ ഇച്ഛകളെ لَا يَعْلَمُونَ അറിവില്ലാത്ത
ജൂതന്‍മാരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാര്‍ തങ്ങളുടെ വേദഗ്രന്ഥവും, ന്യായപ്രമാണവുമാകുന്ന തൗറാത്തിന്റെ അദ്ധ്യാപനങ്ങളില്‍ നിന്ന് പാടെ വ്യതിചലിച്ചിരിക്കുകയാണ്. തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം അവര്‍ സ്വയം നിര്‍മ്മിച്ചുണ്ടാക്കിയ നടപടിക്രമങ്ങളാണ് അവരില്‍ നിലവിലുള്ളത്. തൗറാത്തുമായി അതിനു നാമമാത്ര ബന്ധമേയുള്ളൂ. ബഹുദൈവാരാധകന്‍മാരായ മുശ്രിക്കുകളാകട്ടെ, ഒരു വേദഗ്രന്ഥത്തിന്റെ അനുയായികളെ അല്ല. അവരുടെ ഇച്ഛകള്‍തന്നെയാണ് അവരുടെ മതവും. ഈ രണ്ടു കൂട്ടരുടെയും ഇച്ഛാധിഷ്ഠിതമായ നടപടിക്രമങ്ങളെ പിന്‍പറ്റരുതെന്നും, ഖുര്‍ആന്‍ മുഖേന അല്ലാഹു അവതരിപ്പിച്ചുതന്ന ഈ മാര്‍ഗ്ഗത്തെമാത്രം മുറുകെ പിടിച്ചുകൊള്ളണമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുകയാണ്. അവരെ പിന്പറ്റുന്നതില്‍ യാതൊരു നന്മക്കും വകയില്ലെന്നും മനുഷ്യസമുദായാത്തിനാവശ്യമായ എല്ലാ നന്മയും ഖുര്‍ആനിലുണ്ടെന്നും തുടര്‍ന്നുള്ള വചനങ്ങളില്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
- إِنَّهُمْ لَن يُغْنُوا۟ عَنكَ مِنَ ٱللَّهِ شَيْـًٔا ۚ وَإِنَّ ٱلظَّٰلِمِينَ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۖ وَٱللَّهُ وَلِىُّ ٱلْمُتَّقِينَ ﴾١٩﴿
- (കാരണം) നിശ്ചയമായും, അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു കാര്യത്തിനും അവര്‍ നിനക്കു ഉപകരിക്കുന്നതേയല്ല. അക്രമകാരികള്‍ (തമ്മതമ്മില്‍) ചിലര്‍ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാകട്ടെ, ഭയഭക്തന്മാരുടെ ബന്ധുവുമാണ്.
- إِنَّهُمْ നിശ്ചയമായും അവര്‍ لَن يُغْنُوا ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല عَنكَ നിനക്കു, നിന്നെ സംബന്ധിച്ചു مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു شَيْئًا യാതൊന്നും وَإِنَّ الظَّالِمِينَ നിശ്ചയമായും അക്രമകാരികള്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ بَعْضٍ ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്) وَاللَّـهُ അല്ലാഹുവാകട്ടെ وَلِيُّ الْمُتَّقِينَ സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)
- هَٰذَا بَصَٰٓئِرُ لِلنَّاسِ وَهُدًى وَرَحْمَةٌ لِّقَوْمٍ يُوقِنُونَ ﴾٢٠﴿
- ഇത് [ഖുര്‍ആന്‍] മനുഷ്യര്‍ക്ക് (ഉള്‍ക്കാഴ്ച നല്‍കുന്ന) തെളിവുകളാകുന്നു; ദൃഢവിശ്വാസം കൊള്ളുന്ന ജനതക്ക് മാര്‍ഗ്ഗദര്‍ശനവും, കാരുണ്യവുമാകുന്നു.
- هَـٰذَا بَصَائِرُ ഇതു തെളിവുകളാണ്, ഉള്‍ക്കാഴ്ചകളാണ് لِلنَّاسِ മനുഷ്യര്‍ക്കു وَهُدًى മാര്‍ഗ്ഗദര്‍ശനവും وَرَحْمَةٌ കാരുണ്യവും (അനുഗ്രഹവും) لِّقَوْمٍ يُوقِنُونَ ദൃഢമായി വിശ്വസിക്കുന്ന ജനതക്കു
എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ചയും, ഹൃദയവികാസവും നല്‍കത്തക്ക ന്യായങ്ങളും, തെളിവുകളും ഉള്‍ക്കൊള്ളുന്നതാണ് ഖുര്‍ആന്‍. പക്ഷേ, വിശ്വാസത്തില്‍ അടിയുറപ്പും ദൃഢതയും ഉള്ളവര്‍ക്കേ അതു മുഖേന മാര്‍ഗ്ഗദര്‍ശനവും ദൈവകാരുണ്യവും ലഭിക്കുകയുള്ളൂ.
- أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ سَوَآءً مَّحْيَاهُمْ وَمَمَاتُهُمْ ۚ سَآءَ مَا يَحْكُمُونَ ﴾٢١﴿
- അതല്ല - (ഒരുപക്ഷേ) തിന്മകള്‍ ചെയ്തുകൂട്ടിയവര്‍ വിചാരിച്ചിരിക്കുന്നുവോ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്നു, അതായതു, അവരുടെ ജീവിതവും മരണവും സമമായ നിലയില്‍ (ആക്കുമെന്ന്)?! അവര്‍ വിധി കല്‍പിക്കുന്നതു വളരെ മോശം തന്നെ!
- أَمْ حَسِبَ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ الَّذِينَ اجْتَرَحُوا ചെയ്തുവെച്ചവര്‍, പ്രവര്‍ത്തിച്ചവര്‍ السَّيِّئَاتِ തിന്മകള്‍ أَن نَّجْعَلَهُمْ അവരെ നാം ആക്കുമെന്നു كَالَّذِينَ യാതൊരുവരെപ്പോലെ آمَنُوا വിശ്വസിച്ച وَعَمِلُوا الصَّالِحَاتِ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത سَوَاءً (അതായതു) സമമായി, തുല്യമായിട്ടു مَّحْيَاهُمْ അവരുടെ ജീവിതം وَمَمَاتُهُمْ അവരുടെ മരണവും سَاءَ വളരെ മോശം തന്നെ مَا يَحْكُمُونَ അവര്‍ വിധി കല്‍പിക്കുന്നതു