വിഭാഗം - 6

15:80
  • وَلَقَدْ كَذَّبَ أَصْحَٰبُ ٱلْحِجْرِ ٱلْمُرْسَلِينَ ﴾٨٠﴿
  • തീര്‍ച്ചയായും, ഹിജ്റിലെ ആള്‍ക്കാര്‍ 'മുര്‍സലു' കളെ വ്യാജമാക്കുകയുണ്ടായി.
  • وَلَقَدْ كَذَّبَ തീര്‍ച്ചയായും വ്യാജമാക്കിയിട്ടുണ്ട്, കളവാക്കുകയുണ്ടായി أَصْحَابُ الْحِجْرِ ഹിജ്റിലെ ആള്‍ക്കാര്‍ الْمُرْسَلِينَ മുര്‍സലു (റസൂലു) കളെ, ദൂതന്‍മാരെ.
15:81
  • وَءَاتَيْنَٰهُمْ ءَايَٰتِنَا فَكَانُوا۟ عَنْهَا مُعْرِضِينَ ﴾٨١﴿
  • അവര്‍ക്കു നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാം നല്‍കുകയും ചെയ്തു; എന്നിട്ട് അവര്‍ അവയെക്കുറിച്ചു തിരിഞ്ഞുകളയുന്നവരായിരുന്നു.
  • وَآتَيْنَاهُمْ അവര്‍ക്കു നാം നല്‍കുകയും ചെയ്തു آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളെ فَكَانُوا എന്നിട്ടു അവരായിരുന്നു عَنْهَا അവയെക്കുറിച്ചു مُعْرِضِينَ തിരിഞ്ഞുകളയുന്നവ (അവഗണിക്കുന്ന)വര്‍.
15:82
  • وَكَانُوا۟ يَنْحِتُونَ مِنَ ٱلْجِبَالِ بُيُوتًا ءَامِنِينَ ﴾٨٢﴿
  • നിര്‍ഭയരായ നിലയില്‍, മലകളില്‍ നിന്നും അവര്‍ (പാറ) വെട്ടിത്തുരന്ന്‍ വീടുകളുണ്ടാക്കുകയും ചെയ്തിരുന്നു.
  • وَكَانُوا അവര്‍ ആയിരുന്നു താനും يَنْحِتُونَ അവര്‍ (വെട്ടി) തുരന്നുണ്ടാക്കും مِنَ الْجِبَالِ മലകളില്‍ നിന്ന് بُيُوتًا വീടുകളെ آمِنِينَ നിര്‍ഭയരായ നിലയില്‍.

15:83
  • فَأَخَذَتْهُمُ ٱلصَّيْحَةُ مُصْبِحِينَ ﴾٨٣﴿
  • അങ്ങനെ, (അവര്‍) പ്രഭാതവേളയിലായിരിക്കെ അവരെ ഘോരശബ്ദം പിടികൂടി.
  • فَأَخَذَتْهُمُ അങ്ങനെ (എന്നിട്ടു) അവരെ പിടികൂടി الصَّيْحَةُ ഘോരശബ്ദം مُصْبِحِينَ പ്രഭാതവേളയിലായിരിക്കെ.
15:84
  • فَمَآ أَغْنَىٰ عَنْهُم مَّا كَانُوا۟ يَكْسِبُونَ ﴾٨٤﴿
  • എന്നാല്‍, അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചുവെച്ചിരുന്നതു അവര്‍ക്കു ഉപകരിച്ചില്ല.
  • فَمَا أَغْنَىٰ എന്നിട്ടു ധന്യമാക്കിയില്ല (തടുത്തില്ല - ഉപകരിച്ചില്ല) പര്യാപ്തമാക്കിയില്ല عَنْهُم അവര്‍ക്കു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നത് يَكْسِبُونَ അവര്‍ സമ്പാദിക്കും.

സ്വാലിഹു (عليه الصلاة والسلام) നബിയുടെ രാജ്യമാണു ഹിജ്ര്‍. മദീനാക്കും തബൂക്കിനും ഏറെക്കുറെ മദ്ധ്യത്തിലാണത് സ്ഥിതിചെയ്യുന്നത്. അവിടത്തെ നിവാസികളായിരുന്നു ഥമൂദ്ഗോത്രം വിഗ്രഹാരാധകരായിരുന്നു. ഇവരെയും ഇവര്‍ക്കു ബാധിച്ച ശിക്ഷയെയും സംബന്ധിച്ചു അഅ്റാഫ്, ഹൂദ്‌, മുതലായ സൂറത്തുകളില്‍ കൂടുതല്‍ വിവരം മുമ്പു കഴിഞ്ഞുപോയിട്ടുണ്ട്‌. ഹിജ്റിനെപ്പറ്റി സൂ: ശുഅറാഇലും കൂടുതല്‍ വിവരം കാണാം. വിശദ വിവരങ്ങള്‍ക്കു അവിടങ്ങളില്‍ നോക്കുക.

15:85
  • وَمَا خَلَقْنَا ٱلسَّمَٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ ۗ وَإِنَّ ٱلسَّاعَةَ لَءَاتِيَةٌ ۖ فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ ﴾٨٥﴿
  • ആകാശങ്ങളെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. നിശ്ചയമായും, അന്ത്യസമയം വരുന്നതും തന്നെയാകുന്നു. ആകയാല്‍ (നബിയേ) നീ സുന്ദരമായ വിട്ടുവീഴ്ച ചെയ്തു കൊള്ളുക.
  • وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا ആ രണ്ടിനിടയിലുള്ളതിനെയും إِلَّا بِالْحَقِّ ന്യായപ്രകാരം (കാര്യമനുസരിച്ചു - മുറപ്രകാരം) അല്ലാതെ وَإِنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം لَآتِيَةٌ വരുന്നതു തന്നെ فَاصْفَحِ അതിനാല്‍ വിട്ടുവീഴ്ച ചെയ്യുക الصَّفْحَ വിട്ടുവീഴ്ച الْجَمِيلَ ഭംഗിയായ, സുന്ദരമായ.
15:86
  • إِنَّ رَبَّكَ هُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴾٨٦﴿
  • നിശ്ചയമായും, നിന്റെ റബ്ബുതന്നെയാണ് സര്‍വ്വസൃഷ്ടാവും സര്‍വ്വജ്ഞനുമായുള്ളവന്‍.
  • إِنَّ رَبَّكَ നിശ്ചയമായും, നിന്റെ റബ്ബു هُوَ അവന്‍ (തന്നെ) الْخَلَّاقُ (സര്‍വ്വ) الْعَلِيمُ സൃഷ്ടാവു (സര്‍വ്വ)ജ്ഞാനി.

ഈ ആകാശഭൂമികളും, അവയിലുള്ള ചരാചര വസ്തുക്കളുമൊക്കെ നീതിയുക്തവും, വ്യവസ്ഥാപിതവുമായ ചില ലക്ഷ്യങ്ങളോടുകൂടിയാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മിഥ്യയായിട്ടോ, വിനോദമായിട്ടോ സൃഷ്ടിച്ചുണ്ടാക്കിയതല്ല, അതുകൊണ്ടാണു മേല്‍വിവരിച്ചതുപോലെയുള്ള സമുദായങ്ങള്‍ തങ്ങളുടെ ദുര്‍ന്നടപ്പുകളില്‍നിന്നു വിരമിക്കുവാന്‍ തയ്യാറാകതിരുന്നപ്പോള്‍ അവരുടെമേല്‍ ചില ശിക്ഷാനടപടികള്‍ എടുക്കപ്പെട്ടത്. അതുപോലെ, അല്ലാഹു ചില നീതിനിയമങ്ങളെ ധിക്കരിക്കുന്ന ഈ ജനതയുടെമേലും അല്ലാഹു അവന്റെ നടപടികള്‍ എടുക്കുകതന്നെ ചെയ്യും. അവസാനം എല്ലാവരുടെയും ചെയ്തികളെ സവിസ്തരം പരിശോധിച്ചു തക്ക നടപടികളെടുക്കുന്ന ഒരു ദിവസം വരാനുമിരിക്കുന്നു. ആകയാല്‍, ഇപ്പോള്‍ ഈ സത്യനിഷേധികളുടെനേരെ നയപൂര്‍വ്വം വിട്ടുവീഴ്ച സ്വീകരിച്ചുകൊള്ളുക. ആ സമയംവരുമ്പോള്‍ അല്ലാഹു വേണ്ടതുചെയ്തുകൊള്ളും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയവനും, എല്ലാകാര്യവും വേണ്ടതുപോലെ അറിയുന്നവനും അവനാണല്ലോ എന്നുസാരം.

സൂ: സ്വാദില്‍ അല്ലാഹു പറയുന്നു: “ആകാശവും ഭൂമിയും അവയുടെ ഇടയിലുള്ളതും നാം നിരര്‍ത്ഥമായി സൃഷ്ടിച്ചിട്ടില്ല. അത് അവിശ്വസിച്ചവരുടെ ധാരണയത്രെ. ആകയാല്‍, അവിശ്വസിച്ചവര്‍ക്ക് നരകമാകുന്ന നാശം!” (38: 27). സൂ: മുഅ്മിനൂനില്‍ പറയുന്നു: “അപ്പോള്‍, നിങ്ങളെ നാം വ്യഥാ സൃഷ്‌ടിച്ചതാണെന്നും, നിങ്ങള്‍ നമ്മുടെ അടുക്കലേക്കു മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയോ?!” (23: 115). സൂ: ദുഖാനില്‍ പറയുന്നു: “ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം കളിച്ചുകൊണ്ടു സൃഷ്ടിച്ചിരിക്കുകയല്ല. (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. എങ്കിലും, അവരില്‍ അധികമാളുകളും അറിയുന്നില്ല.” (44:38,39).

15:87
  • وَلَقَدْ ءَاتَيْنَٰكَ سَبْعًا مِّنَ ٱلْمَثَانِى وَٱلْقُرْءَانَ ٱلْعَظِيمَ ﴾٨٧﴿
  • (നബിയേ) തീര്‍ച്ചയായും നിനക്കു നാം, ആവര്‍ത്തിത (വചന)ങ്ങളില്‍നിന്നുള്ള ഏഴെണ്ണം നല്‍കിയിട്ടുണ്ട്. മഹത്തായ ക്വുര്‍ആനും (നല്‍കിയിട്ടുണ്ട്).
  • وَلَقَدْ آتَيْنَاكَ തീര്‍ച്ചയായും നാം നിനക്കു നല്‍കിയിട്ടുണ്ട് سَبْعًا ഏഴു (ഏഴെണ്ണം) مِّنَ الْمَثَانِي ആവര്‍ത്തിതങ്ങളില്‍ നിന്നു وَالْقُرْآنَ ക്വുര്‍ആനും الْعَظِيمَ മഹത്തായ.

‘ആവര്‍ത്തിത വചനങ്ങളില്‍ നിന്നുള്ള ഏഴെണ്ണം’ (سَبْعًا مِّنَ الْمَثَانِي) കൊണ്ടു വിവക്ഷ സൂറത്തുല്‍ ഫാത്തിഹഃയാണെന്നത്രെ ഭൂരിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം. ബലവത്തായ ചില നബിവചനങ്ങളും അതിനു തെളിവു നല്‍കുന്നു. അബൂ സഈദിബ്നുല്‍ മുഅല്ലാ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ബുഖാരീ (رحمه الله) ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: “താന്‍ പള്ളിയില്‍ നിന്നു പുറത്തുപോകും മുമ്പ് ക്വുര്‍ആനിലെ ഏറ്റവും മഹത്തായ സൂറത്ത് ഞാന്‍ തനിക്കു പഠിപ്പിച്ചുതരാ’മെന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്നോടു പറഞ്ഞു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പള്ളിയില്‍ നിന്നു പുറത്തു പോകുവാന്‍ ശ്രമിച്ചപ്പോള്‍, ഞാന്‍ ചെന്ന് അത് ഓര്‍മ്മപ്പെടുത്തി. അപ്പോള്‍ അവിടുന്നു പറഞ്ഞു: ” الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ هِيَ السَّبْعُ الْمَثَانِي وَالْقُرْآنَ الْعَظِيمَ” (സാരം: ‘അല്‍ഹംദുലില്ലാഹില്‍റബ്ബില്‍ ആലമീന്‍’ എന്നുള്ളതാണ് – അഥവാ ആ സൂറത്താകുന്നു. അതത്രെ, ഏഴു ആവര്‍ത്തിത വചനങ്ങളും, മഹത്തായ ക്വുര്‍ആനും എന്നു പറഞ്ഞത്.’). അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്നു അഹ്മദു, ബുഖാരീ (رحمهما الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായും വന്നിരിക്കുന്നു: «أُمُّ الْقُرْآن هِيَ السَّبْعُ الْمَثَانِي وَالْقُرْآنَ الْعَظِيمَ» ‘ഉമ്മുല്‍ ക്വുര്‍ആന്‍’ എന്നതു സൂറത്തുല്‍ ഫാത്തിഹഃയുടെ പേരുകളില്‍ പെട്ടതാണെന്നുള്ളതു പ്രസിദ്ധമാണ്. ഒന്നാമത്തെ ഹദീസില്‍ സൂറത്തുല്‍ ഫാതിഹയിലെ ഒന്നാമത്തെ വചനം എടുത്തു പറഞ്ഞതും, രണ്ടാമത്തെ ഹദീസില്‍ അതിന്റെ ഒരു പേരെടുത്തു പറഞ്ഞും കൊണ്ട് അതാണു ഏഴു ആവര്‍ത്തിത വചനങ്ങള്‍ السَّبْعُ الْمَثَانِي എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വ്യക്തമാക്കിയിരിക്കുന്നു. സൂറത്തുല്‍ ഫാത്തിഹഃ ഏഴു വചനങ്ങളാണെന്നും, അതു നമസ്കാരത്തിലും മറ്റുമായി വളരെയധികം ആവര്‍ത്തിക്കപ്പെടാറുള്ള സൂറത്താണെന്നും പറയേണ്ടതില്ല. (ഇതു സംബന്ധമായ പല വിവരങ്ങളും സൂറ: ഫാതിഹയുടെ വ്യാഖ്യാനത്തില്‍ മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ട്.)

‘ആവര്‍ത്തിതങ്ങളായ ഏഴെണ്ണം’ കൊണ്ടുദ്ദേശ്യം, ക്വുര്‍ആനിലെ ആദ്യത്തെ ഏഴു വലിയ സൂറത്തുകള്‍ السَّبْع الْطِوَال ആണെന്നും, ക്വുര്‍ആനിലെ നിയമങ്ങള്‍, ഉപദേശങ്ങള്‍, ചരിത്രങ്ങള്‍ തുടങ്ങിയ ഏഴുതരം വിഷയങ്ങളാണെന്നും മറ്റും വേറെയും ചില അഭിപ്രായങ്ങള്‍ കാണാം. എങ്കിലും മേലുദ്ധരിച്ചത് പോലെയുള്ള ചില ഹദീഥുകള്‍ നിലവിലുള്ള സ്ഥിതിക്ക് അവക്ക് പിന്‍ബലം കാണുന്നില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് നല്‍കിയ ഈ അനുഗ്രഹത്തെ ഓര്‍മ്മപ്പെടുത്തിയ ശേഷം തുടര്‍ന്നു കൊണ്ട് ചില ഉപദേശങ്ങളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അല്ലാഹു നല്‍കുന്നു:-

15:88
  • لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَٱخْفِضْ جَنَاحَكَ لِلْمُؤْمِنِينَ ﴾٨٨﴿
  • അവരില്‍ [അവിശ്വാസികളില്‍] നിന്നുള്ള പല തരക്കാര്‍ക്കും നാം സുഖഭോഗം നല്‍കിയിട്ടുള്ളതിലേക്കു നീ നിന്റെ കണ്ണുകളെ നീട്ടിപ്പോകരുത്. [ദൃഷ്ടി വെക്കരുത്.]
    അവരെപ്പറ്റി നീ വ്യസനിക്കുകയും അരുത്. സത്യവിശ്വാസികള്‍ക്ക് നിന്റെ പക്ഷം നീ താഴ്ത്തികൊടുക്കുകയും [അവരോടു മയത്തില്‍ പെരുമാറുകയും] ചെയ്തു കൊള്ളുക.
  • لَا تَمُدَّنَّ നീ നീട്ടികയും ചെയ്യരുത് عَيْنَيْكَ നിന്റെ കണ്ണുകളെ (ദൃഷ്ടിയെ) إِلَىٰ مَا യാതൊന്നിലേക്കു مَتَّعْنَا بِهِ അതുകൊണ്ടു നാം സുഖം നല്‍കി أَزْوَاجًا പല തരക്കാര്‍ക്കു مِّنْهُمْ അവരില്‍ നിന്നു وَلَا تَحْزَنْ വ്യസനിക്കുകയും ചെയ്യരുതു عَلَيْهِمْ അവരെപ്പറ്റി, അവരുടെ പേരില്‍ وَاخْفِضْ താഴ്ത്തുകയും ചെയ്യുക جَنَاحَكَ നിന്റെ ചിറകു, പക്ഷം لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്.

മൂന്ന്‍ ഉപദേശങ്ങളാണ് അല്ലാഹു ഈ വചനം മുഖേന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു നല്‍കിയിരിക്കുന്നത്.

1) അവിശ്വാസികളില്‍പെട്ട പലതരക്കാരായ ആളുകള്‍ക്കും നല്‍കപ്പെട്ടിട്ടുള്ള സുഖസൗകര്യങ്ങളിലേക്കു കണ്ണുവെക്കുകയും ശ്രദ്ധ കൊടുക്കുകയും ചെയ്യരുത്. അഥവാ, അതിനേക്കാള്‍ എത്രയോ ഉത്തമവും ഉന്നതവുമായ അനുഗ്രഹമാണ് ക്വുര്‍ആനും ഏഴു ആവര്‍ത്തിത വചനങ്ങളും മുഖേന തനിക്കു ലഭിച്ചിരിക്കുന്നത് എന്നു താല്‍പര്യം. ഈ ഉപദേശം പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടാണെന്നുവെച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഐഹിക സുഖസൗകര്യങ്ങളില്‍ ശ്രദ്ധ പതിക്കാറുണ്ടായിരുന്നുവെന്നു ധരിക്കേണ്ടതില്ല. യഥാര്‍തത്തില്‍, സത്യവിശ്വാസികളെ ഉപദേശിച്ചിട്ടുള്ളതാണു ഈ ഉപദേശം. അബൂബക്കര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം പറഞ്ഞതായി രിവായത്തു ചെയ്യപ്പെട്ടിരിക്കുന്നു: “ആര്‍ക്കെങ്കിലും ക്വുര്‍ആന്‍ നല്‍കപ്പെട്ടിരിക്കുകയും എന്നിട്ടു തനിക്കു നല്‍കപ്പെട്ടിട്ടുള്ളതിനെക്കാള്‍ ശ്രേഷ്ഠമായ വല്ലതും ദുന്‍യാവില്‍നിന്നു മറ്റാര്‍ക്കെങ്കിലും നല്‍കപ്പെട്ടിരിക്കുന്നതായി അവന്‍ കാണുകയും ചെയ്യുന്നപക്ഷം, അവന്‍ നിസ്സാരമായതിനെ വമ്പിച്ചതും, വമ്പിച്ചതിനെ നിസ്സാരമായതുമാക്കിത്തീരത്തു.’ ഏതാണ്ടു ഇതേ അര്‍ത്ഥത്തിലുള്ള ഒരു രിവായത്തു സുഫ്യാനുബ്നു ഉയയ്ന (റ) യില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

2). അവിശ്വാസികളെക്കുറിച്ചു – അവര്‍ വിശ്വസിക്കാത്തതിനെപ്പറ്റി വ്യസനിക്കരുത്. അഥവാ അവര്‍ക്ക് സത്യോപദേശങ്ങളും ദൃഷ്ടാന്തങ്ങളും വെച്ചുകാട്ടിയിട്ടും അവര്‍ അവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതില്‍ വ്യാകുലപ്പെടേണ്ടതില്ല. അവര്‍ വിശ്വസിക്കുകയാണെങ്കില്‍ വിശ്വസിക്കട്ടെ എന്നുവെച്ചാല്‍ മതി എന്നു സാരം.

3). സത്യവിശ്വാസികളായ ആളുകളോടു ചിറകു താഴ്ത്തണം അഥവാ അവരോടു വളരെ മയത്തിലും നയത്തിലും വാത്സല്യപൂര്‍വ്വം പെരുമാറണം എന്നുദ്ദേശ്യം. ഈ വിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ലോകത്തിനു ഉത്തമ മാതൃക നല്‍കിയിട്ടുണ്ടെന്നുള്ളതും, അവിടുത്തെ സ്വഭാവ ഗുണങ്ങളെപ്പറ്റി പല ക്വുര്‍ആന്‍ വചനങ്ങളിലും അല്ലാഹു തന്നെ വളരെ പുകഴ്ത്തിപ്പറഞ്ഞിട്ടുള്ളതും പ്രസിദ്ധമാണല്ലോ.

‘കണ്ണുവെക്കുക, ദൃഷ്ടിവെക്കുക’ എന്നൊക്കെ മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ ഒരു പ്രയോഗമാണ് അറബിയിലെ مَد الْعَيْن (കണ്ണുനീട്ടല്‍) എന്ന പ്രയോഗം ശ്രദ്ധിക്കുക. ആഗ്രഹം വെച്ചുകൊണ്ട് നോക്കുക എന്നൊക്കെയാണതുകൊണ്ടുദ്ദേശിക്കുന്നത് اخْفِضْ جَنَاحَكَ (ചിറകു – അഥവാ പക്ഷം – താഴ്ത്തുക) എന്ന പ്രയോഗത്തിന്റെ ഉത്ഭവം, പക്ഷികള്‍ അവയുടെ കുഞ്ഞുങ്ങളോടുള്ള വാത്സല്യം നിമിത്തം അവക്കു ചിറകുകള്‍ വിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ടു അവയെ ചിറകിനുള്ളില്‍ ഒതുക്കി അണച്ചുകൂട്ടാറുള്ളതില്‍ നിന്നാകുന്നു. വാത്സല്യപൂര്‍വ്വം അലിവോടും മയത്തോടും കൂടി പെരുമാറുക എന്ന അലങ്കാരാര്‍ത്ഥത്തില്‍ അതു ഉപയോഗിക്കപ്പെട്ടു വരുന്നു.

15:89
  • وَقُلْ إِنِّىٓ أَنَا ٱلنَّذِيرُ ٱلْمُبِينُ ﴾٨٩﴿
  • (നബിയേ) പറയുകയും ചെയ്യുക: 'ഞാന്‍ തന്നെയാണ് സ്പഷ്ടമായ താക്കീതുകാരന്‍'.
  • وَقُلْ പറയുകയും ചെയ്യുക إِنِّي أَنَا നിശ്ചയമായും ഞാന്‍തന്നെ النَّذِيرُ താക്കീതു(മുന്നറിയിപ്പു)കാരന്‍ الْمُبِينُ സ്പഷ്ടമായ.

15:90
  • كَمَآ أَنزَلْنَا عَلَى ٱلْمُقْتَسِمِينَ ﴾٩٠﴿
  • (അതെ) ഭാഗിച്ചെടുത്തവരുടെമേല്‍ നാം അവതരിപ്പിച്ചതുപോലെ(ത്തന്നെ);-
  • كَمَا أَنزَلْنَا നാം അവതരിപ്പിച്ചതുപോലെ عَلَى الْمُقْتَسِمِينَ ഭാഗിച്ചെടുത്തവരുടെ മേല്‍.
15:91
  • ٱلَّذِينَ جَعَلُوا۟ ٱلْقُرْءَانَ عِضِينَ ﴾٩١﴿
  • (അതായതു) ക്വുര്‍ആനെ പല (ഭിന്നമായ) അംശങ്ങളാക്കിയവരുടെ (മേല്‍).
  • الَّذِينَ യാതൊരു കൂട്ടരുടെ (മേല്‍) جَعَلُوا അവര്‍ ആക്കി الْقُرْآنَ ക്വുര്‍ആനെ عِضِينَ പല അംശങ്ങള്‍, ഭാഗങ്ങള്‍.

الْمُقْتَسِمِينَ (മുക്വ്-തസിമീന്‍) എന്ന വാക്കിനു നാം പരിഭാഷയില്‍ കാണിച്ചതുപോലെ, ‘ഭാഗിച്ചെടുത്തവര്‍’ എന്നും, (പ്രവാചകന്‍മാരെ കളവാക്കുന്ന വിഷയത്തിലും മറ്റും) ‘അന്യോന്യം സത്യം ചെയ്തവര്‍’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. രണ്ടായാലും അങ്ങിനെ വിശേഷിപ്പിക്കപ്പെട്ടവര്‍ ആരാണെന്നതിലും جَعَلُوا الْقُرْآنَ عِضِينَ (ക്വുര്‍ആനെ അവര്‍ പല അംശങ്ങളാക്കി) എന്ന വാക്യത്തിന്റെ താല്‍പര്യത്തിലും വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. കൂടാതെ ഈ 90-ാം വചനം വിഷയപരമായി നോക്കുമ്പോള്‍, അതിന്റെ നേരെ മുമ്പുള്ള വചനത്തോടു ബന്ധപ്പെട്ടു നില്‍ക്കുന്നതാണോ, അതല്ല, 87-ാം വചനത്തോടു ബന്ധപ്പെട്ടുകൊണ്ടുള്ളതാണോ എന്നതിലും അഭിപ്രായ വ്യത്യാസം കാണാം. ഇക്കാരണങ്ങളാല്‍ ഈ വചനങ്ങള്‍ ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ഏതെങ്കിലും ഒന്നിനെ ബലവത്തായി സ്വീകരിക്കത്തക്ക തെളിവുകള്‍ കാണുന്നുമില്ല.

മേല്‍ സൂചിപ്പിച്ച വ്യാഖ്യാനങ്ങളില്‍വെച്ച് കൂടുതല്‍ വ്യക്തമായി തോന്നുന്ന വ്യാഖ്യാനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു യോജിക്കുന്ന ഭാഗങ്ങളെ സ്വീകരിക്കുകയും, യോജിക്കാത്ത ഭാഗങ്ങളെ നിഷേധിക്കുകയും ചെയ്തുകൊണ്ടു ക്വുര്‍ആനെ ഭിന്നഭാഗങ്ങളാക്കി അംശീകരിച്ച വേദക്കാര്‍ക്കു തൗറാത്തും ഇഞ്ചീലും മുമ്പു അവതരിപ്പിച്ചുകൊടുത്തിരുന്നതുപോലെത്തന്നെ നിനക്കു – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു – ക്വുര്‍ആനും ഏഴു ആവര്‍ത്തിത വചനങ്ങളും അവതരിപ്പിച്ചു തന്നിരിക്കുന്നു. ഈ വ്യാഖ്യാനപ്രകാരം 90-ാം വചനവും 87-ാം വചനവും തമ്മിലായിരിക്കും വിഷയപരമായി ബന്ധപ്പെട്ടു നില്‍ക്കുന്നത്. ഇടക്കുള്ള രണ്ടു വചനങ്ങളും ഇടവാക്യങ്ങളു (المعترضات) മായിരിക്കുന്നതാണ്. الله أعلم

അബൂ മൂസല്‍ അശ്അരീ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു നബിവചനത്തിന്റെ സാരം ഇങ്ങിനെയാകുന്നു: “എന്റെയും, എന്നെ നിയോഗിച്ച കാര്യത്തിന്റെയും ഉപമ ഇങ്ങിനെയുള്ള ഒരാളുടെ മാതിരിയാകുന്നു: ‘അയാള്‍ അയാളുടെ ജനങ്ങളുടെ അടുക്കല്‍ചെന്ന് ഞാന്‍ (നമ്മെ ആക്രമിക്കുവാന്‍ വരുന്ന) സൈന്യത്തെ എന്റെ കണ്ണു കൊണ്ടു കണ്ടിരിക്കുന്നു; ഞാന്‍ നഗ്നനായ (*) താക്കീതുകാരനാണ്: അതുകൊണ്ടു രക്ഷാമാര്‍ഗ്ഗം നോക്കുക!’ എന്നിങ്ങനെ അവരോടു പറഞ്ഞു. എന്നിട്ട് ഒരു വിഭാഗം ആളുകള്‍ അവനെ അനുസരിച്ച് രാത്രിതന്നെ സാവധാനം സ്ഥലം വിട്ടുപോയി രക്ഷപ്പെട്ടു. ഒരു വിഭാഗം ആളുകള്‍ അവനെ വ്യാജമാക്കി. അവര്‍ സ്ഥലം വിടാതിരുന്നു. അങ്ങിനെ, പ്രഭാതത്തില്‍ സൈന്യം വന്ന്‍ അവരെ നശിപ്പിച്ചു. ഇതാണ്, എന്നെ അനുസരിക്കുകയും ഞാന്‍ കൊണ്ടുവന്നതിനെ പിന്‍പറ്റുകയും ചെയ്തവരുടേയും, എന്നോട് അനുസരണക്കേട്‌ കാണിക്കുകയും ഞാന്‍ കൊണ്ടുവന്ന യഥാര്‍ത്ഥത്തെ വ്യാജമാക്കുകയും ചെയ്തവരുടെയും ഉപമ’. (ബു; മു).

ഗൗരവമേറിയ വല്ല ആപത്തിനെക്കുറിച്ചും ശക്തിപൂര്‍വ്വം ജനങ്ങള്‍ക്കു പരസ്യമായ താക്കീതു നല്‍കുവാന്‍ ചെല്ലുന്ന ആളുകള്‍ വസ്ത്രങ്ങളഴിച്ച് നഗ്നമായ നിലയില്‍ വിളിച്ചു പറയുക മുന്‍കാലത്തു പതിവുണ്ടായിരുന്നു. ക്രമേണ കര്‍ശനമായ താക്കീതു നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ‘നഗ്നമായ താക്കീതുകാരന്‍’ (النذير العريان) പറയപ്പെടുന്നു.

15:92
  • فَوَرَبِّكَ لَنَسْـَٔلَنَّهُمْ أَجْمَعِينَ ﴾٩٢﴿
  • എന്നാല്‍, നിന്റെ റബ്ബിനെത്തന്നെയാണ (സത്യം)! തീര്‍ച്ചയായും, അവരോടു മുഴുവനും നാം ചോദിക്കുക തന്നെ ചെയ്യും,-
  • فَوَرَبِّكَ എന്നാല്‍ നിന്റെ റബ്ബിനെ തന്നെ لَنَسْأَلَنَّهُمْ നിശ്ചയമായും നാം അവരോടു ചോദിക്കുകതന്നെ ചെയ്യും أَجْمَعِينَ മുഴുവനും, എല്ലാവരോടും.
15:93
  • عَمَّا كَانُوا۟ يَعْمَلُونَ ﴾٩٣﴿
  • അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.
  • عَمَّا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും.
15:94
  • فَٱصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ ٱلْمُشْرِكِينَ ﴾٩٤﴿
  • ആകയാല്‍, (നബിയേ) നിന്നോടു കല്‍പിക്കപ്പെടുന്നതിനെ നീ (പരസ്യമായി) ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക! മുശ്രിക്കു [ബഹുദൈവവിശ്വാസി]കളില്‍ നിന്നു നീ തിരിഞ്ഞുകളയുകയും ചെയ്യുക.
  • فَاصْدَعْ ആകയാല്‍ ഉറക്കെ (പരസ്യമായി) പ്രഖ്യാപനം ചെയ്യുക بِمَا تُؤْمَرُ നിന്നോടു കല്‍പിക്കപ്പെടുന്നതിനെ وَأَعْرِضْ തിരിഞ്ഞു (അവഗണിച്ചു) കളയുകയും ചെയ്യുക عَنِ الْمُشْرِكِينَ മുശ്രിക്കുകളെപ്പറ്റി.
15:95
  • إِنَّا كَفَيْنَٰكَ ٱلْمُسْتَهْزِءِينَ ﴾٩٥﴿
  • നിശ്ചയമായും, നിനക്കു (ഈ) പരിഹാസകരെ നാം തടുത്തുതന്നിരിക്കുന്നു. [അവരുടെ ഉപദ്രവം നിനക്കു ഫലിക്കുകയില്ല.]
  • إِنَّا الْمُسْتَهْزِئِينَ നിശ്ചയമായും നാം كَفَيْنَاكَ നിനക്കു തടുത്തു തന്നിരിക്കുന്നു പരിഹസിക്കുന്നവരെ.
15:96
  • ٱلَّذِينَ يَجْعَلُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ ۚ فَسَوْفَ يَعْلَمُونَ ﴾٩٦﴿
  • അതെ, അല്ലാഹുവിനോടുകൂടി വേറെ ആരാധ്യനെ ഏര്‍പ്പെടുത്തുന്നവരെ. എന്നാല്‍, വഴിയെ അവര്‍ അറിഞ്ഞു കൊള്ളുന്നതാണ്!
  • الَّذِينَ يَجْعَلُونَ ആക്കുന്നവരായ مَعَ اللَّـهِ അല്ലാഹുവോടുകൂടി إِلَـٰهًا آخَرَ വേറെ ഇലാഹിനെ (ആരാധ്യനെ - ദൈവത്തെ) فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം.

ആ നിഷേധികള്‍ ചെയ്തുകൂട്ടുന്ന പ്രവൃത്തികളെപ്പറ്റിയെല്ലാം നാം ചോദ്യം ചെയ്യാതെ വിടുകയില്ല. അവര്‍ എന്തുനിലപാടു കൈക്കൊണ്ടിരുന്നാലും ശരി, അല്ലാഹു നല്‍കുന്ന സന്ദേശങ്ങളെ പരസ്യമായി പ്രഖ്യാപനം ചെയ്തു കൊള്ളണം. അവരുടെ എതിര്‍പ്പുകളെ അവഗണിച്ചുതള്ളുകയേ വേണ്ടു. ആ പരിഹാസ്യങ്ങളില്‍ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളൊന്നും ഭയപ്പെടേണ്ടതായില്ല. അതെല്ലാം അല്ലാഹു തടുത്തുകൊള്ളുകയും, അതില്‍ നിന്നു രക്ഷനല്‍കുകയും ചെയ്തുകൊള്ളും, എന്നൊക്കെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നു. അവസാനം, ആ പരിഹാസകര്‍ അവരുടെ പരിഹാസത്തിന്റെ ഫലം അറിയാറാകുമെന്നു കടുത്ത ഒരു താക്കീതും നല്‍കുന്നു. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ സ്വകാര്യമായിട്ടായിരുന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജനങ്ങളില്‍ പ്രബോധനം നടത്തിയിരുന്നത്. സത്യവിശ്വാസികളായിത്തീര്‍ന്നവര്‍ അവരുടെ നമസ്കാരംപോലും രഹസ്യമായിട്ടായിരുന്നു നടത്തിവന്നിരുന്നത്. ഈ വചനങ്ങള്‍ അവതരിച്ചതോടെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരസ്യമായി പ്രബോധനം ആരംഭിച്ചു.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും, ക്വുര്‍ആനെയും കുറിച്ചു പരിഹാസം പതിവാക്കിയ പലരും മുശ്രിക്കുകളില്‍ ഉണ്ടായിരുന്നു. അവരില്‍ പലരുടെയും പേരുകളും അവരുടെ ചെയ്തികളും ചരിത്ര ഗ്രന്ഥങ്ങളില്‍നിന്നും മറ്റുമായി പൊതുവെ അറിയപ്പെട്ടതുമാകുന്നു. വലീദുബ്നു മുഗീറഃ, ആസ്വിബ്നുവാഇല്‍, അസ്-വദുബ്നു അബ്ദിയഗൂഥ്, അസ്-വദുബ്നു അബ്ദില്‍ മുത്ത്വലിബ്, ഹര്‍ഥുനു ത്വലാത്വിലഃ മുതലായവര്‍ അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരായിരുന്നു. ഇവരുടെയെല്ലാം അവസാനമുണ്ടായതു കേവലം സാധാരണങ്ങളല്ലാത്ത ചില കാരണങ്ങളെ തുടര്‍ന്നുണ്ടായ ദുര്‍മരണങ്ങളായിരുന്നുവെന്നതു പ്രസ്താവ്യമാണ്. നടന്നുപോകുമ്പോള്‍ ഒരു അമ്പിന്‍മുന കാലില്‍തട്ടുക, കാലില്‍ മുള്ളുകുത്തുക, മൂക്കിലൂടെ ചലം വരുക, കണ്ണില്‍ കരടുവീണു കാഴ്ചനശിക്കുക, മലം ഛര്‍ദ്ദിക്കുക മുതലായ ഓരോ കാരണങ്ങളായിരുന്നു അവരുടെ മരണങ്ങള്‍ക്കു ഇടയാക്കിയതെന്നു പല രിവായത്തുകളിലും കാണാവുന്നതാകുന്നു. നേതാക്കളുടെ ഉപദ്രവത്തിനു ഭംഗം നേരിടുന്നതോടെ സാധാരണക്കാരെക്കൊണ്ടുള്ള ശല്യവും കുറയുമല്ലോ.

15:97
  • وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴾٩٧﴿
  • തീര്‍ച്ചയായും, നാം അറിയുന്നുണ്ട്; അവര്‍ പറഞ്ഞുവരുന്നതുകൊണ്ടു നിന്റെ നെഞ്ച് [ഹൃദയം] ഞെരുങ്ങിപ്പോകുന്നുവെന്ന്.
  • وَلَقَدْ نَعْلَمُ തീര്‍ച്ചയായും നാം അറിയുന്നുണ്ട് أَنَّكَ നീ എന്നു يَضِيقُ ഞെരുങ്ങുന്നു, ഇടുങ്ങിപ്പോകുന്നു (വെന്നു) صَدْرُكَ നിന്റെ നെഞ്ച് (ഹൃദയം - മനസ്സു) بِمَا يَقُولُونَ അവര്‍ പറയുന്നതുകൊണ്ടു, പറയുന്നതിനാല്‍.
15:98
  • فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ﴾٩٨﴿
  • ആകയാല്‍, നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു നീ 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തിക്കൊള്ളുക. നീ 'സുജൂദു' [സാഷ്ടാംഗ നമസ്കാരം] ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കയും ചെയ്യുക;
  • فَسَبِّحْ അതിനാല്‍ (എന്നാല്‍) നീ തസ്ബീഹു നിന്റെ ചെയ്യുക, സ്തോത്രകീര്‍ത്തനംനടത്തുക بِحَمْدِ സ്തുതിയോടെ رَبِّكَ നിന്റെ റബ്ബിന്റെ, റബ്ബിനെ وَكُن ആയിരിക്കുകയും ചെയ്യുക مِّنَ السَّاجِدِينَ സുജൂദു ചെയ്യുന്നവരില്‍പെട്ട (വന്‍).
15:99
  • وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ ﴾٩٩﴿
  • നിനക്കു (ആ) ഉറപ്പു [മരണം] വന്നെത്തുന്നതുവരേക്കും നിന്റെ റബ്ബിനെ നീ ആരാധിക്കുകയും ചെയ്യുക.
  • وَاعْبُدْ ആരാധിക്കുകയും ചെയ്യുക رَبَّكَ നിന്റെ റബ്ബിനെ حَتَّىٰ يَأْتِيَكَ നിനക്കു വരുന്നതുവരെ الْيَقِينُ ഉറപ്പു (മരണം).

പരിഹാസകരുടെ ശല്യം തീര്‍ത്തുകൊടുക്കുമെന്നു കഴിഞ്ഞ വചനങ്ങളില്‍ വാഗ്ദാനം ചെയ്തശേഷം, മറ്റൊരു സമാധാനസന്ദേശം കൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അല്ലാഹു നല്‍കുന്നു. അവരുടെ ശല്യവും നിഷേധവും കാരണം കുറേ മനഃപ്രയാസവും ബുദ്ധിമുട്ടും തനിക്കു ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടെന്നു നമുക്കറിയാം. അതിനെപ്പറ്റി പരിഭവിക്കുകയോ, വിഷാദിക്കുകയോ വേണ്ടതില്ല. അല്ലാഹുവിനു തസ്ബീഹു (സ്തോത്രകീര്‍ത്തനം), ഹംദു (സ്തുതി കീര്‍ത്തനം), സുജൂദ് (സാഷ്ടാംഗ നമസ്കാരം) മുതലായവ അനുഷ്ഠിച്ചുകൊണ്ട് കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിച്ചുകൊള്ളുക. എല്ലാം അല്ലാഹു ശുഭകരമായി കലാശിപ്പിച്ച് തരും എന്ന് സാരം. അവസാനമായി മരണം വരെയും അല്ലാഹുവിന്റെ ആരാധന നിലനിറുത്തണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയും ചെയ്തിരിക്കുന്നു.

الْيَقِينُ (യക്വീന്‍) എന്ന വാക്കിനു ‘ഉറപ്പു, ദൃഢത, ഉറച്ച വിശ്വാസം’ എന്നൊക്കെയാണു ഭാഷാര്‍ത്ഥം. മരണമാണിവിടെ ഉദ്ദേശ്യം. ആര്‍ക്കും ഒരു സംശയവുമില്ലാത്ത കാര്യമാണല്ലോ മരണം. പൊതുവില്‍ എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായവും അതുതന്നെ. ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും ഇതിനു തെളിവും ഉദ്ധരിക്കപ്പെടുന്നു. നരകവാസികള്‍ നരകത്തില്‍വെച്ചു ഇങ്ങിനെ വിലപിക്കുന്നതായി അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ﴿٤٦﴾ حَتَّىٰ أَتَانَا الْيَقِينُ ﴿٤٧ (ഞങ്ങള്‍ക്കു ഉറപ്പു വരുന്നതുവരെ ഞങ്ങള്‍ പ്രതിഫല ദിവസത്തെ വ്യാജമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. (74:46;47). ഉസ്മാനുബ്നു മള്ഊന്‍ (عثمان بن مظعون – رَضِيَ اللهُ تَعَالَى عَنْهُ) മരണമടഞ്ഞപ്പോള്‍ ഉമ്മുല്‍ അലാഉം (رَضِيَ اللهُ تَعَالَى عَنْها) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “أَمَّ هُوَ فَقَدْ جَاءَهُ الْيَقِينُ إِنِّ لَأَرْجُو لَهُ الْخَيْرَ” എന്നാല്‍, അദ്ദേഹത്തിന് ഉറപ്പ് വന്നു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിനു നന്മ പ്രതീക്ഷിക്കുകയും ചെയ്യുന്നു.’ (ബു.). ഇവിടങ്ങളില്‍ ‘ഉറപ്പു’ വന്നുകഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിനു നന്മ പ്രതീക്ഷിക്കുകയും ചെയ്യുന്നു’. (ബു). ഇവിടങ്ങളില്‍ ‘ഉറപ്പു’ കൊണ്ടു വിവക്ഷ മരണംതന്നെയാണെന്നു വ്യക്തമാണല്ലോ.

ഭാഷാര്‍ത്ഥത്തെ അടിസ്ഥാനമാക്കി ഉറപ്പായ അറിവും വിശ്വാസവും ലഭിക്കുന്നതുവരെ മാത്രമേ നമസ്കാരം മുതലായ ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുള്ളുവെന്നും ഉറപ്പായ അറിവും വിശ്വാസവും ലഭിച്ചുകഴിഞ്ഞാല്‍ പിന്നെ അതൊന്നും ആവശ്യമില്ലെന്നും സൂഫീവേഷധാരികളായചില സ്വാര്‍ത്ഥികള്‍ ഈ അവസാന വചനത്തെ ആസ്പദമാക്കി സമര്‍ത്ഥിക്കാറുണ്ട്. ഇതു യഥാര്‍ത്ഥത്തില്‍ ഇസ്ലാമില്‍നിന്നുതന്നെയുള്ള ഒരു വ്യതിയാനമത്രെ. അല്ലാഹുവിന്റെ പ്രവാചകന്‍മാരാണല്ലോ ഏറ്റവും ഉറപ്പായ അറിവും വിശ്വാസവുമുള്ളവര്‍. എന്നിട്ടുപോലും അവരാരും ആരാധനാകര്‍മ്മങ്ങള്‍ ഉപേക്ഷിചിരുന്നില്ലെന്നു മാത്രമല്ല, മറ്റാരെക്കാളും കൂടുതല്‍ കര്‍ശനം അതില്‍ സ്വീകരിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. അത്രയുമല്ല, അറിവും വിശ്വാസവും വര്‍ദ്ധിക്കുംതോറും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതിലും, ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിലും കൂടുതല്‍ നിഷ്കര്‍ഷ പാലിക്കുകയാണുണ്ടാവുക. അതാണു വേണ്ടതും. ‘ഉറപ്പു വരുക’ എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ‘മനസ്സാക്ഷിക്കു ബോധ്യം വരുക’ എന്നാണെന്നും ഇപ്പോള്‍ ചിലര്‍ പ്രസ്താവിച്ചുകാണുന്നു. വിശദീകരണവേളയില്‍ ചിലപ്പോള്‍ ഇതിനു എന്തെങ്കിലും ന്യായീകരണവും കണ്ടേക്കുമെങ്കിലും പലപ്പോഴും ഈ അര്‍ത്ഥം സ്വീകരിക്കുന്നതു അപകടകരവും സത്യവിരുദ്ധവുമായിട്ടാണ് അനുഭവപ്പെടുക. മേലുദ്ധരിച്ച ക്വുര്‍ആന്‍ വചനത്തിലും, നബിവചനത്തിലും ‘മരണം’ എന്നല്ലാതെ – ഈ രണ്ടര്‍ത്ഥങ്ങളും – ശരിയാകാത്ത സ്ഥിതിക്കു ഇവിടെയും ‘ഉറപ്പു’ കൊണ്ടുദ്ദേശ്യം ‘മരണ’മാണെന്നു വെക്കുവാന്‍ അറിവും വിശ്വാസവും മനസ്സാക്ഷിയും ഉള്ളവരാരും മടിക്കുവാന്‍ കാരണമില്ലതാനും.

റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘അടിയാന്‍ അവന്റെ റബ്ബിനോടു ഏറ്റവും അടുപ്പമുള്ളവനായിരിക്കുന്നതു അവന്‍ സുജൂദു ചെയ്തുകൊണ്ടിരിക്കുമ്പോഴായിരിക്കും. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുവിന്‍.'(മു). ഹുദൈഫഃ (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വല്ല വിചാരവും (ദുഃഖവും) ബാധിച്ചാല്‍, അവിടുന്നു നമസ്കരിക്കുമായിരുന്നു.’ (ദാ). മരണംവരെ അല്ലാഹുവിനെ ആരാധിക്കുകയും, തസ്ബീഹും, ഹംദു, സുജൂദു മുതലായ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. آمين

اللهم لك الجمد ولك المنة والفضل

انتهى تسويد التفسير لهذه السورة ليلة الاربعاء الحادية عشر من شعبان ١٣٩٧ ه
الموافق ٢٦٧٧٧ م وتبيبضه ليلة الاثنين الخامسة من جماد الاول ١٣٩٩ ه
الموافق ١٤٧٩ م