സൂറത്തുല്‍ ഹിജ്ര് : 45-60
വിഭാഗം - 4
- إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ ﴾٤٥﴿
- നിശ്ചയമായും, സൂക്ഷ്മത പാലിച്ചവര്‍, തോപ്പുകളിലും, നീരുറവകളിലുമായിരിക്കും.
- إِنَّ الْمُتَّقِينَ നിശ്ചയമായും സൂക്ഷ്മത പാലിച്ചവര്‍, ഭയഭക്തന്മാര്‍ فِي جَنَّاتٍ തോപ്പുകളിലായിരിക്കും, സ്വര്‍ഗ്ഗങ്ങളിലാണു وَعُيُونٍ നീരുറവ (അരുവി) കളിലും.
- ٱدْخُلُوهَا بِسَلَٰمٍ ءَامِنِينَ ﴾٤٦﴿
- 'അതില്‍, ശാന്തിയോടെ നിര്‍ഭയരായിക്കൊണ്ടു പ്രവേശിച്ചുകൊള്ളുവിന്‍'. (എന്നു അവര്‍ക്കു സ്വാഗതം നല്‍കപ്പെടും.).
- ادْخُلُوهَا അതില്‍ പ്രവേശിക്കുവിന്‍ بِسَلَامٍ ശാന്തിയോടെ آمِنِينَ നിര്‍ഭയരായി.
- وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ إِخْوَٰنًا عَلَىٰ سُرُرٍ مُّتَقَٰبِلِينَ ﴾٤٧﴿
- അവരുടെ നെഞ്ചു [ഹൃദയം]കളില്‍ വല്ല വിദ്വേഷവും (ഒളിഞ്ഞിരിപ്പു) ഉള്ളതിനെ നാം നീക്കം ചെയ്യുകയും ചെയ്യും; കട്ടിലുകളിന്‍മേല്‍ പരസ്പരം അഭിമുഖരായിക്കൊണ്ടു സഹോദരന്മാരായ നിലയില്‍ (അവര്‍ കഴിഞ്ഞുകൂടും).
- وَنَزَعْنَا നാം നീക്കുകയും ചെയ്യും مَا فِي صُدُورِهِم അവരുടെ നെഞ്ചു [ഹൃദയം]കളിലുള്ളതു مِّنْ غِلٍّ വിദ്വേഷത്തില്‍ (പകയില്‍) നിന്നും, വല്ല പോരും, കെട്ടിക്കുടുക്കും إِخْوَانًا സഹോദരങ്ങളായിട്ടു عَلَىٰ سُرُرٍ കട്ടിലുകളിന്‍മേല്‍ مُّتَقَابِلِينَ പരസ്പരം അഭിമുഖരായ നിലയില്‍.
ഇഹത്തില്‍ വെച്ച് അവര്‍ തമ്മില്‍ തമ്മില്‍ വല്ല പകയോ, വെറുപ്പോ മനസ്സില്‍ വെച്ചുകൊണ്ടിരുന്നാലും സ്വര്‍ഗ്ഗത്തില്‍ വെച്ചു അല്ലാഹു അതെല്ലാം അവരില്‍ നിന്നു നീക്കം ചെയ്യും. അങ്ങനെ, അവര്‍ ഏകോദര സഹോദരങ്ങളെപ്പോലെ ആനന്ദഭരിതരായി കഴിഞ്ഞുകൂടിക്കൊണ്ടിരിക്കും. മാത്രമല്ല,-
- لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ ﴾٤٨﴿
- അതില്‍ വെച്ച് അവരെ ക്ഷീണം (അഥവാ പ്രയാസം) സ്പര്‍ശിക്കുകയില്ല; അവര്‍ അതില്‍നിന്നും പുറത്താക്കപ്പെടുന്നവരുമല്ല.
- لَا يَمَسُّهُمْ അവരെ സ്പര്‍ശിക്ക (ബാധിക്ക) യില്ല فِيهَا അതില്‍ نَصَبٌ ക്ഷീണം, പ്രയാസം, ബുദ്ധിമുട്ടു وَمَا هُم അവരല്ലതാനും مِّنْهَا അതില്‍നിന്നു بِمُخْرَجِينَ പുറത്താക്കപ്പെടുന്നവര്‍.
- ۞ نَبِّئْ عِبَادِىٓ أَنِّىٓ أَنَا ٱلْغَفُورُ ٱلرَّحِيمُ ﴾٤٩﴿
- (നബിയേ) എന്റെ അടിയാന്‍മാര്‍ക്കു വിവരം അറിയിക്കുക: നിശ്ചയമായും, ഞാന്‍ തന്നെയാണു വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവനെന്നും;
- نَبِّئْ വിവരമറിയിക്കുക عِبَادِي എന്റെ അടിയാന്‍മാര്‍ക്കു أَنِّي أَنَا ഞാന്‍ തന്നെയാണെന്നു الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധിയായ.
- وَأَنَّ عَذَابِى هُوَ ٱلْعَذَابُ ٱلْأَلِيمُ ﴾٥٠﴿
- എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയെന്നും.
- وَأَنَّ عَذَابِي എന്റെ ശിക്ഷയെന്നും هُوَ الْعَذَابُ അതാണു ശിക്ഷ الْأَلِيمُ വേദനയേറിയ.
മനുഷ്യന്‍ സദാ സുപ്രതീക്ഷയും, ഭയപ്പാടും ഉള്ളവനായിരിക്കണം. അഥവാ അല്ലാഹുവിന്റെ പാപപൊറുതിയിലും കാരുണ്യത്തിലും നിരാശ തീണ്ടാതെ സല്‍പ്രതീക്ഷയോടു കൂടിയും, അതോടൊപ്പം തന്നെ, അവന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നതിനെക്കുറിച്ചു എപ്പോഴും ഭയത്തോടുകൂടിയും ഇരിക്കണം എന്നിങ്ങിനെ നബി വചനങ്ങളിലും മറ്റും ഉപദേശിക്കപ്പെട്ടിട്ടുള്ളതു ഇതുകൊണ്ടാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിച്ച ഒരു ഹദീഥു ഇങ്ങിനെയാണു: “അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ചു സത്യവിശ്വാസി അറിയുമായിരുന്നെങ്കില്‍, ഒരാളും അവന്റെ സ്വര്‍ഗ്ഗത്തില്‍ മോഹം വെക്കുകയില്ല; അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യത്തെക്കുറിച്ചു അവിശ്വാസി അറിയുമായിരുന്നെങ്കില്‍, അവന്‍ അവന്റെ സ്വര്‍ഗ്ഗത്തെക്കുറിച്ചു നിരാശപ്പെടുകയില്ല.’ (മു). അദ്ദേഹം തന്നെ ഉദ്ധരിച്ച മറ്റൊരു നബിവചനമാണിത്: അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചപ്പോള്‍ ഒരു രേഖാഗ്രന്ഥത്തില്‍ ഇങ്ങിനെ രേഖപ്പെടുത്തി അവന്റെ അടുക്കല്‍ ‘അര്‍ശി’ന്‍മേല്‍ വെച്ചിരിക്കുന്നു: ‘എന്റെ കാരുണ്യം എന്റെ കോപത്തെ ജയിച്ചിരിക്കുന്നു.’ (ബു; മു). അല്ലാഹുവേ, നീ ഞങ്ങള്‍ക്കു പൊറുത്തുതരുകയും, കരുണചെയ്യുകയും ചെയ്യേണമേ! അല്ലാഹുവേ, നിന്റെ ശിക്ഷയില്‍നിന്നു നീ ഞങ്ങളെ കാത്തു രക്ഷിച്ചുതരുകയും ചെയ്യേണമേ! ആമീന്‍.
- وَنَبِّئْهُمْ عَن ضَيْفِ إِبْرَٰهِيمَ ﴾٥١﴿
- (നബിയേ) ഇബ്രാഹീമിന്റെ അതിഥികളെക്കുറിച്ച് അവര്‍ക്കു വിവരമറിയിക്കുക.
- وَنَبِّئْهُمْ അവര്‍ക്കു വിവരമറിയിക്കുക عَن ضَيْفِ അതിഥികളെപ്പറ്റി إِبْرَاهِيمَ ഇബ്രാഹീമിന്റെ.
- إِذْ دَخَلُوا۟ عَلَيْهِ فَقَالُوا۟ سَلَٰمًا قَالَ إِنَّا مِنكُمْ وَجِلُونَ ﴾٥٢﴿
- അതായതു, അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ കടന്നുവന്ന് 'സലാം' എന്നു പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: 'ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാകുന്നു.'
- إِذْ دَخَلُوا അവര്‍ കടന്നുവന്ന (പ്രവേശിച്ച)പ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ അടുക്കല്‍ فَقَالُوا എന്നിട്ടവര്‍ പറഞ്ഞു سَلَامًا 'സലാം' എന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّا مِنكُمْ ഞങ്ങള്‍ നിങ്ങളെക്കുറിച്ചു وَجِلُونَ ഭയമുള്ളവരാണു.'
- قَالُوا۟ لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَٰمٍ عَلِيمٍ ﴾٥٣﴿
- അവര്‍ പറഞ്ഞു: 'ഭയപ്പെടേണ്ട, ഞങ്ങള്‍ താങ്കള്‍ക്കു ജ്ഞാനിയായ ഒരു ബാലനെ [മകനെ]പ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു.'
- قَالُوا അവര്‍ പറഞ്ഞു لَا تَوْجَلْ ഭയപ്പെടേണ്ടാ إِنَّا نُبَشِّرُكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിക്കുന്നു بِغُلَامٍ ഒരു ബാലനെ [ആണ്‍കുട്ടിയെ]പ്പറ്റി عَلِيمٍ ജ്ഞാനിയായ.
ഇബ്രാഹീം നബി (عليه الصلاة والسلام)ക്ക് പ്രായാധിക്യം വന്നിട്ടും മക്കളില്ലാതിരുന്ന അവസരത്തിലായിരുന്നു മലക്കുകള്‍ അതിഥികളുടെ രൂപത്തില്‍ വന്നതെന്നും, അദ്ദേഹം അവര്‍ക്ക് വേഗം ഭക്ഷണം ഒരുക്കിയെന്നും അവര്‍ ഭക്ഷണം കഴിക്കാതിരുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരെക്കുറിച്ച് ഭയം തോന്നിയെന്നും സൂ: ഹൂദ് : 70ലും, ദാരിയാത്ത്: 28ലും പ്രസ്താവിച്ചിരിക്കുന്നു. അതായിരിക്കും ഇവിടെ ‘ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ഭയമുള്ളവരാണ്’ എന്നു പറഞ്ഞത്. സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ സംക്ഷിപ്തമായും, ചില സ്ഥലങ്ങളില്‍ വിശദമായും വിവരിക്കുക ക്വുര്‍ആന്റെ പതിവാണല്ലോ. അതുകൊണ്ടാണു ക്വുര്‍ആന്റെ ചില ഭാഗത്തെ വ്യാഖ്യാനിക്കുന്നു (القُرْآن يُفَسِّرُ بَعْضُهُ بَعْضًا) എന്ന് പറയുന്നതും.
“ജ്ഞാനിയായ ഒരു ബാലനെപ്പറ്റി സന്തോഷ വാര്‍ത്ത അറിയിക്കുന്നു”വെന്നു മലക്കുകള്‍ പറഞ്ഞതു ഇസ്ഹാക്വ് (عليه الصلاة والسلام) നബിയെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയാണെന്നു സൂറത്തു ഹൂദില്‍ നിന്നു മനസ്സിലാകുന്നു. സൂ: ദാരിയാത്തിലും അദ്ദേഹത്തെപ്പറ്റി ‘ജ്ഞാനിയായ ബാലന്‍’ (غُلَام عَلِيم) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഇസ്മാഈല്‍ (عليه الصلاة والسلام) നബിയെക്കുറിച്ചും ഇബ്രാഹീം (عليه الصلاة والسلام) നബിക്കു മലക്കുകള്‍ സന്തോഷവാര്‍ത്ത അറിയിച്ചതായി സൂറത്തു സ്വാഫ്ഫാത്ത് : 101ല്‍ കാണാം. അവിടെ അദ്ദേഹത്തെ വിശേഷിപ്പിച്ചതു ‘സഹനശീലനായ ബാലന്‍’ ( غُلَامٍ حَلِيم) എന്നാകുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്കു പ്രസ്തുത സൂറത്തുകളില്‍ നോക്കുക).
- قَالَ أَبَشَّرْتُمُونِى عَلَىٰٓ أَن مَّسَّنِىَ ٱلْكِبَرُ فَبِمَ تُبَشِّرُونَ ﴾٥٤﴿
- അദ്ദേഹം പറഞ്ഞു: 'എന്നെ വാര്‍ദ്ധക്യം ബാധിച്ചതോടെ നിങ്ങള്‍ എനിക്കു സന്തോഷവാര്‍ത്ത അറിയിക്കുകയോ?! എനി, എന്തിനെക്കുറിച്ചാണ് നിങ്ങള്‍ സന്തോഷമറിയിക്കുന്നത്?!'
- قَالَ അദ്ദേഹം പറഞ്ഞു أَبَشَّرْتُمُونِي നിങ്ങളെനിക്കു സന്തോഷമറിയിക്കയോ عَلَىٰ أَن مَّسَّنِيَ എന്നെ സ്പര്‍ശിച്ച (ബാധിച്ച)തോടെ الْكِبَرُ വാര്‍ദ്ധക്യം فَبِمَ എനി എന്തിനെപ്പറ്റി تُبَشِّرُونَ നിങ്ങള്‍ സന്തോഷമറിയിക്കുന്നു.
- قَالُوا۟ بَشَّرْنَٰكَ بِٱلْحَقِّ فَلَا تَكُن مِّنَ ٱلْقَٰنِطِينَ ﴾٥٥﴿
- അവര്‍ പറഞ്ഞു: '(സംഭവിക്കുവാന്‍ പോകുന്ന) യഥാര്‍ത്ഥത്തെക്കുറിച്ചു ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുകയാണ്. അതിനാല്‍, താങ്കള്‍ ആശമുറിഞ്ഞവരില്‍പെട്ടു പോകരുത്.'
- قَالُوا അവര്‍ പറഞ്ഞു بَشَّرْنَاكَ ഞങ്ങള്‍ താങ്കള്‍ക്കു സന്തോഷമറിയിച്ചിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥംകൊണ്ടു فَلَا تَكُن ആകയാല്‍, താങ്കളായിരിക്കരുതു مِّنَ الْقَانِطِينَ ആശ മുറിഞ്ഞവരില്‍, നിരാശരില്‍പെട്ട(വന്‍).
- قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِۦٓ إِلَّا ٱلضَّآلُّونَ ﴾٥٦﴿
- അദ്ദേഹം പറഞ്ഞു: 'ആരാണ് തന്റെ റബ്ബിന്റെ കാരുണ്യത്തെക്കുറിച്ചു ആശ മുറിയുക - വഴി പിഴച്ചവരല്ലാതെ?!'
- قَالَ അദ്ദേഹം പറഞ്ഞു وَمَن ആര്‍ يَقْنَطُ ആശ മുറിയും مِن رَّحْمَةِ കാരുണ്യത്തെപ്പറ്റി رَبِّهِ തന്റെ റബ്ബിന്റെ إِلَّا الضَّالُّونَ വഴി പിഴച്ചവരല്ലാതെ.
- قَالَ فَمَا خَطْبُكُمْ أَيُّهَا ٱلْمُرْسَلُونَ ﴾٥٧﴿
- അദ്ദേഹം പറഞ്ഞു: '(ശരി) എന്നാല്‍, നിങ്ങളുടെ (പ്രധാന) വിഷയം എന്താണ് - ഹേ, ദൂതന്‍മാരേ?'
- قَالَ അദ്ദേഹം പറഞ്ഞു فَمَا എന്നാല്‍ (എനി) എന്താണു خَطْبُكُمْ നിങ്ങളുടെ (പ്രധാന) വിഷയം, കാര്യം أَيُّهَا الْمُرْسَلُونَ ഹേ അയക്കപ്പെട്ടവരേ (ദൂതന്‍മാരേ).
ഇബ്രാഹീം (عليه الصلاة والسلام) ന്റെ ഭയപ്പാടു നീങ്ങുകയും, മകനുണ്ടാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ലഭിക്കുകയും ചെയ്തശേഷം, നിങ്ങളുടെ ഈ വരവിന്റെ പ്രധാനോദ്ദേശ്യം വേറെ എന്താണുള്ളതെന്നു അദ്ദേഹം മലക്കുകളോട് അന്വേഷിക്കുകയാണ്.
- قَالُوٓا۟ إِنَّآ أُرْسِلْنَآ إِلَىٰ قَوْمٍ مُّجْرِمِينَ ﴾٥٨﴿
- അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുന്നു;
- قَالُوا അവര്‍ പറഞ്ഞു إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمٍ ഒരു ജനതയിലേക്ക് مُّجْرِمِينَ കുറ്റവാളികളായ.
- إِلَّآ ءَالَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ ﴾٥٩﴿
- -ല്വൂത്ത്വിന്റെ കുടുംബം ഒഴികെ; നിശ്ചയമായും, അവരെ മുഴുവനും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നവരാകുന്നു;
- إِلَّا آلَ കുടുംബം (ആള്‍ക്കാര്‍) ഒഴികെ لُوطٍ ല്വൂത്ത്വിന്റെ إِنَّا لَمُنَجُّوهُمْ നിശ്ചയമായും ഞങ്ങളവരെ രക്ഷിക്കുന്നവരാണു أَجْمَعِينَ മുഴുവന്‍, എല്ലാം.
- إِلَّا ٱمْرَأَتَهُۥ قَدَّرْنَآ ۙ إِنَّهَا لَمِنَ ٱلْغَٰبِرِينَ ﴾٦٠﴿
- അദ്ദേഹത്തിന്റെ സ്ത്രീ [ഭാര്യ] ഒഴികെ - അവള്‍ നിശ്ചയമായും, അവശേഷിക്കുന്ന [ശിക്ഷയില്‍ അകപ്പെടുന്ന] വരില്‍പെട്ടവളെന്നു ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.'
- إِلَّا امْرَأَتَهُ അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ قَدَّرْنَا ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു إِنَّهَا നിശ്ചയമായും അവള്‍ لَمِنَ الْغَابِرِينَ (ശിക്ഷയില്‍) ശേഷിക്കുന്നവരില്‍ പെട്ട(വള്‍) എന്നു.
അവള്‍ ശിക്ഷയില്‍ അകപ്പെടേണ്ടവളാണെന്നുള്ള അല്ലാഹുവിന്റെ നിശ്ചയം ഞങ്ങള്‍ നടപ്പില്‍ വരുത്തും, ലൂത്ത്വ് (عليه الصلاة والسلام)ന്റെ കുടുംബത്തെ രക്ഷിക്കണമെന്നുള്ളതില്‍ നിന്നു അവള്‍ ഒഴിവാണ് എന്നു സാരം. ‘കുറ്റവാളികളായ ജനത’ ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനത തന്നെ, അവരുടെ തോന്നിയവാസത്തെയും ദുഷ്ടതെയും കുറിച്ചു സൂ: ഹൂദിലും മറ്റും വിവരിച്ചിട്ടുണ്ടല്ലോ.