സൂറത്തുല്‍ മആരിജ് : 01-21
മആരിജ് (കയറുന്ന വഴികൾ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 44 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- سَأَلَ سَآئِلٌۢ بِعَذَابٍ وَاقِعٍ ﴾١﴿
- സംഭവി(ക്കുവാനിരി)ക്കുന്ന ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് ചോദിച്ചാവശ്യപ്പെടുകയാണ്
- سَأَلَ ചോദിച്ചു (ആവശ്യപ്പെട്ടു) سَائِلٌ ഒരു ചോദിക്കുന്നവന്‍, ചോദ്യകര്‍ത്താവ് (ഒരാള്‍) بِعَذَابٍ ശിക്ഷയെ, ശിക്ഷക്ക് وَاقِعٍ സംഭവിക്കുന്ന
- لِّلْكَٰفِرِينَ لَيْسَ لَهُۥ دَافِعٌ ﴾٢﴿
- (അതെ) അവിശ്വാസികള്‍ക്ക് (സംഭവിക്കുന്നത്) അതിനെ തടുക്കുന്നതൊന്നും (തന്നെ) ഇല്ല
- لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് لَيْسَ لَهُ അതിന്നില്ല دَافِعٌ തടുക്കുന്നതൊന്നും, ഒരു തടവും
- مِّنَ ٱللَّهِ ذِى ٱلْمَعَارِجِ ﴾٣﴿
- കയറിപ്പോകുന്ന സ്ഥാനങ്ങളുടെ അധിപനായ അല്ലാഹുവില്‍ നിന്ന് (സംഭവിക്കുന്നത്)
- مِّنَ اللَّـهِ അല്ലാഹുവിങ്കല്‍ നിന്ന് ذِي الْمَعَارِجِ കയറുന്ന മാര്‍ഗങ്ങളുടെ (ആരോഹണസ്ഥാനങ്ങളുടെ - സോപാനങ്ങളുടെ - പദവികളുടെ) ഉടമയായ (അധിപനായ)
വാചകഘടനയില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടുള്ള ഈ മൂന്നു വചനങ്ങള്‍ക്കും കൂടി ഒന്നിച്ച് ഇങ്ങിനെ അര്‍ത്ഥം നല്‍കാം: ‘കയറിപ്പോകുന്ന സ്ഥാനങ്ങളുടെ അധിപനായ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുള്ള യാതൊരുവിധ തടവും ഉണ്ടായിരിക്കാത്ത അവിശ്വാസികള്‍ക്ക് സംഭവിക്കാനിരിക്കുന്ന ശിക്ഷയെ ഒരാള്‍ ചോദിച്ചാവശ്യപ്പെടുകയാണ്.’ വ്യാഖ്യാനം താഴെ വരുന്നുണ്ട്.
- تَعْرُجُ ٱلْمَلَٰٓئِكَةُ وَٱلرُّوحُ إِلَيْهِ فِى يَوْمٍ كَانَ مِقْدَارُهُۥ خَمْسِينَ أَلْفَ سَنَةٍ ﴾٤﴿
- മലക്കുകളും, 'റൂഹും' (ആത്മാവും) അവങ്കലേക്ക് കയറിപ്പോകുന്നു - അമ്പതിനായിരം കൊല്ലം വലുപ്പം ഉള്ളതായ ഒരു ദിവസത്തില്‍
- تَعْرُجُ കയറുന്നു, ആരോഹണം ചെയ്യും الْمَلَائِكَةُ മലക്കുകള്‍ وَالرُّوحُ റൂഹും (ആത്മാവും) إِلَيْهِ അവങ്കലേക്ക് فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ مِقْدَارُهُ അതിന്‍റെ തോത് (അളവ്-വലുപ്പം-കണക്ക്) ആകുന്നു خَمْسِينَ أَلْفَ അമ്പതിനായിരം سَنَةٍ കൊല്ലം
- فَٱصْبِرْ صَبْرًا جَمِيلًا ﴾٥﴿
- എന്നാല്‍ (നബിയേ) നീ ഭംഗിയായ ക്ഷമ കൈക്കൊളുക.
- فَاصْبِرْ എന്നാല്‍ നീ ക്ഷമിക്കുക صَبْرًا جَمِيلًا ഭംഗിയായ (നല്ല) ക്ഷമ
- إِنَّهُمْ يَرَوْنَهُۥ بَعِيدًا ﴾٦﴿
- നിശ്ചയമായും അവര്‍ അതിനെ വിദൂരമായ ഒന്നായി കാണുന്നു.
- إِنَّهُمْ يَرَوْنَهُ നിശ്ചയമായും അവര്‍ അതിനെ കാണുന്നു بَعِيدًا വിദൂരമാണെന്ന്, ദൂരപ്പെട്ടതായി
- وَنَرَىٰهُ قَرِيبًا ﴾٧﴿
- നാം അതിനെ അടുത്തതായും കാണുന്നു.
- وَنَرَاهُ നാമതിനെ കാണുകയും ചെയ്യുന്നു قَرِيبًا അടുത്തതായി
المعارج (മആരിജ്) എന്ന വാക്കിന് ‘കയറുന്ന സ്ഥാനങ്ങള്‍’ എന്നത്രെ വാക്കര്‍ത്ഥം. കോണിപ്പടികള്‍, സോപാനങ്ങള്‍, ഉയര്‍ന്നപദവികള്‍, ആരോഹണമാര്‍ഗങ്ങള്‍ എന്നിങ്ങനെ പല അര്‍ത്ഥങ്ങളും അതുകൊണ്ട് ഉദ്ദേശിക്കപ്പെടുകയും ചെയ്യാം. എന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണമായി ‘കയറിചെല്ലുന്ന സ്ഥാനങ്ങളുടെ അധിപന്‍ (ذى المعارج)’ എന്ന് പറഞ്ഞതിന്‍റെ വ്യാഖ്യാനത്തില്‍ ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. ഇവിടെ المعارج കൊണ്ടുദ്ദേശ്യം ആകാശങ്ങളാണെന്നും, ആകാശങ്ങളില്‍ മലക്കുകള്‍ കയറിപ്പോകുന്ന പ്രത്യേക സ്ഥാനങ്ങളാണെന്നും ഉയര്‍ന്നപദവികള്‍ എന്നാണെന്നും മറ്റുമാണ് ആ അഭിപ്രായങ്ങള്‍. എന്നാല്‍, തൊട്ടവചനത്തില്‍, ആ വാക്കിന്‍റെ വിശദീകരണമെന്നോണം ‘മലക്കുകളും റൂഹും അവനിലേക്ക് കയറി ചെല്ലുന്നു’ (تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ) എന്ന് പറഞ്ഞിരിക്കകൊണ്ട് മലക്കുകള്‍ കയറിചെല്ലുന്ന സ്ഥാനങ്ങള്‍ എന്ന് വെക്കുന്നതിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അഥവാ ആകാശലോകങ്ങളില്‍ മലക്കുകള്‍ക്ക് കയറിചെല്ലാവുന്നതും ഓരോരുത്തരുടെയും നിലപാടനുസരിച്ച് വ്യത്യസ്ത പദവികളോടുകൂടിയതുമായ സ്ഥാനങ്ങളായിരിക്കാം അവ. വാസ്തവം അല്ലാഹുവിന്നറിയാം.
റൂഹ് (روح) കൊണ്ടുദ്ദേശ്യം ജിബ്‌രീല്‍ (عليه السلام) എന്ന മലക്കാണെന്നാണ് അധിക വ്യാഖ്യാതാക്കളുടെയും അഭിപ്രായം. ജിബരീലിനെ ഉദ്ദേശിച്ച് ‘റൂഹ്’ എന്ന് പറയപ്പെടാറുണ്ട്. ഖുര്‍ആനിലും അങ്ങിനെ ഉപയോഗിച്ചിരിക്കുന്നു. (സൂ: ശുഅറാഅ് 193ഉം വ്യാഖ്യാനവും നോക്കുക).അപ്പോള്‍, മലക്കുകളുടെ കൂട്ടത്തില്‍ പ്രമുഖന്‍ അദ്ദേഹമായതുകൊണ്ട് മലക്കുകളെപ്പറ്റി മൊത്തത്തില്‍ പ്രസ്താവിച്ചശേഷം അദ്ദേഹത്തിന്‍റെ പേര്‍ പ്രത്യേകം എടുത്തുപറഞ്ഞതായിരിക്കാം. മനുഷ്യാത്മാക്കളാണ് അത് കൊണ്ടുദ്ദേശ്യമെന്നത്രെ മറ്റൊരു അഭിപ്രായം. വേറെയും അഭിപ്രായങ്ങളുണ്ട്. അമ്പതിനായിരം കൊല്ലത്തെ വലുപ്പമുള്ള ദിവസം (يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ) എന്ന് പറഞ്ഞത് ഖിയാമത്ത് നാളാകുന്നു. തുടര്‍ന്നുള്ള ആയത്തുകള്‍ വായിക്കുമ്പോള്‍ ഇത് മനസ്സിലാകുന്നതാണ്. കൂടാതെ, നബിവചനങ്ങളില്‍ നിന്നു ഇത് വ്യക്തമായും മനസ്സിലാക്കാം. നബി (صلى الله عليه وسلم) അരുളിച്ചെയ്‌തതായി അബൂഹുറൈറ (رضي الله عنه) ഉദ്ധരിച്ച ഒരു ഹദീഥില്‍ ഇപ്രകാരം കാണാവുന്നതാണ്. ‘കടമകള്‍ നിറവേറ്റാതെ ധനം നിക്ഷേപിച്ചു വെക്കുന്നവന്‍റെ ധനം തകിടുകളാക്കി നരകാഗ്നിയില്‍ ചുട്ടുപഴുപ്പിച്ച് അവന്‍റെ നെറ്റിയും ഭാഗങ്ങളും മുതുകും അതുകൊണ്ട് പൊള്ളിക്കും. നിങ്ങള്‍ എണ്ണിവരുന്ന അമ്പതിനായിരം കൊല്ലത്തെ വലുപ്പമുള്ള ഒരു ദിവസം അല്ലാഹു അവന്‍റെ അടിയാന്മാര്‍ക്കിടയില്‍ വിധി കല്‍പ്പിക്കുന്നതുവരേക്കും അതങ്ങിനെയിരിക്കും. പിന്നെ അവന്‍റെ വഴി ഒന്നുകില്‍ സ്വര്‍ഗത്തിലേക്കോ അല്ലെങ്കില്‍ നരകത്തിലേക്കോ അവന്‍ കാണും.’ (അ.മു).
എന്നാല്‍, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിന്‍റെ വമ്പിച്ച ദൈര്‍ഘ്യം അവര്‍ക്ക് ഒരു സാധാരണ നിര്‍ബന്ധ നമസ്കാരത്തിന്‍റെ സമയത്തെക്കാള്‍ ലഘൂകരിക്കപ്പെടുന്നതാണെന്ന് അഹ്‌മദും ബൈഹഖിയും (رحمهما الله) മറ്റും ഉദ്ധരിച്ച ഹദീഥുകളില്‍ വന്നിട്ടുണ്ട്. അപ്പോള്‍ അമ്പതിനായിരം കൊല്ലത്തെ വലുപ്പം എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ആ ദിവസം അത്രയും ദൈര്‍ഘ്യം തോന്നുന്നതും വിഷമം നിറഞ്ഞതുമാണ് എന്നായിരിക്കും.അതല്ല, ശരിക്കും കൃത്യമായ അമ്പതിനായിരം കൊല്ലം തന്നെയാണുദ്ദേശ്യമെന്നും വരാവുന്നതാണ്. വാസ്‌തവം അല്ലാഹുവിന്നറിയാം. സൂ: സജദയില്‍ അല്ലാഹു ഇപ്രകാരം പ്രസ്‌താവിച്ചിരിക്കുന്നു.’ അവന്‍ ആകാശത്തില്‍ നിന്ന് ഭൂമിയിലേക്ക് കാര്യം നിയന്ത്രിച്ചുവരുന്നു. പിന്നീട് നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസത്തില്‍ അത് അവങ്കലേക്ക് കയറി (ഉയര്‍ന്നു) പോകുന്നു.
(يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ أَلْفَ سَنَةٍ مِّمَّا تَعُدُّونَ (٥ السجدة
ഈ രണ്ട് വചനങ്ങളും ഖിയാമതുനാളിനെ സംബന്ധിച്ചു തന്നെയാണുള്ളത്. ആ നാളിലെ ചില വ്യത്യസ്ത ഘട്ടങ്ങളെയാണ് ഇത് കുറിക്കുന്നത് എന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ആയിരം കൊല്ലമെന്നും, അമ്പതിനായിരം കൊല്ലമെന്നും പറഞ്ഞിരിക്കുന്നതിനെ പറ്റി ഒരാള്‍ ഇബ്നുഅബ്ബാസ്(റ) നോട് ചോദിക്കുകയുണ്ടായെന്നും, അദ്ദേഹം ഇപ്രകാരം മറുപടി നല്‍കിയെന്നും ഇബ്നുജരീര്‍ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു.
(هما يومان ذكرها الله الله أعلم بهما و اكره ان اقول في كتاب الله بما لا اعلم)
സാരം: ‘അങ്ങിനെ രണ്ട് ദിവസങ്ങളെപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അവയെപ്പറ്റി അല്ലഹുവിന്നറിയാം. അല്ലാഹുവിന്‍റെ കിത്താബില്‍ എനിക്കു അറിയാത്തതിനെക്കുറിച്ച് പറയുവാന്‍ ഞാന്‍ മടിക്കുന്നു.’ നമുക്കും ഇവിടെ പറയുവാനുള്ളത് ഇതുതന്നെ. സൂറ സജദ 5-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ പ്രസ്താവിച്ച സംഗതികള്‍ ഇവിടെയും ഓര്‍ക്കുക.
ഇതു പോലെത്തന്നെ മലക്കുക്കളും റൂഹും – അഥവാ ജിബ്രീലും അല്ലെങ്കില്‍ മനുഷ്യാത്മാവും – അല്ലാഹുവിങ്കലേക്ക് കയറിച്ചെല്ലും എന്ന് പറഞ്ഞതിന്‍റെ താല്‍പര്യവും എന്താണെന്ന്‍ നമുക്ക് തിട്ടപ്പെടുത്തിപ്പറയുവാന്‍ സാധ്യമല്ല. സൂ: സജദയിലെ ആയത്തില്‍ ‘പിന്നീട് ആയിരംകൊല്ലം വലുപ്പമുള്ള ഒരു ദിവസം കാര്യം അല്ലാഹുവിങ്കലേക്കു കയറുന്നു’ എന്ന് പറഞ്ഞുവല്ലോ. സൂ: ഫാത്വിറില്‍ ‘നല്ല വാക്കുകള്‍ അവങ്കലേക്ക് കയറുന്നു. സല്‍കര്‍മ്മത്തെ അവങ്കലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു’
إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ – سورة فاطر ١٠
എന്നും പറഞ്ഞിരിക്കുന്നു. ഈ രണ്ട് വചനങ്ങളും അവയുടെ വ്യാഖ്യാനത്തില്‍ വായിച്ച സംഗതികളും ഇവിടെയും ഓര്‍ക്കുന്നത് നന്നായിരിക്കും. സൂ: ഹൂദ് 123ല്‍ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ (കാര്യങ്ങളെല്ലാം അവങ്കലേക്ക് മടക്കപ്പെടുന്നു) എന്ന് പ്രസ്താവിച്ചിട്ടുള്ളതും പ്രസ്താവ്യമാകുന്നു. ‘മലക്കുകളും റൂഹും അവങ്കലേക്ക് കയറും’ എന്ന വചനത്തിന്‍റെ താല്‍പര്യം മനസ്സിലാക്കുന്നതിന് ഇതെല്ലാം സഹായകമായിത്തീരുന്നതാണ്. അന്തിമമായ നടപടിയുടെയും തീരുമാനത്തിന്‍റെയും ദിവസമാണല്ലോ ഖിയാമതുനാള്‍. അന്ന് മലക്കുകളും ആത്മാകളുമെല്ലാം അല്ലാഹുവിന്‍റെ തിരുസന്നിധിയില്‍ ഹാജരാകുമെന്നുള്ളതില്‍ സംശയമില്ല.
വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ചില പുത്തന്‍വ്യാഖ്യാനക്കാര്‍ ഇവിടെ നടത്തിക്കാണുന്നു. ‘മനുഷ്യന്‍റെ പുരോഗമനം ഇവിടം കൊണ്ടവസാനിക്കുന്നില്ല. മരണാനന്തരവും അവന്‍ പുരോഗമിച്ചുകൊണ്ടേയിരിക്കും. അങ്ങിനെ ഒരു അമ്പതിനായിരം കൊല്ലം – അഥവാ ദീര്‍ഘമായ ഒരുകാലം – കൊണ്ട് അവന്‍ പുരോഗമിച്ച് പുരോഗമിച്ച് അല്ലാഹുവിങ്കലെത്തിച്ചേരും. ഇതില്‍ മലക്കുകള്‍ അവനെ സഹായിച്ചുകൊണ്ടുമിരിക്കും’. എന്നൊക്കെയാണ് ‘മലക്കുകളും റൂഹും അല്ലാഹുവിങ്കലേക്ക് കയറിച്ചെല്ലും’ എന്ന വാക്ക്യത്തിന് ഇവര്‍ നല്‍കുന്ന വ്യാഖ്യാനം. പുരോഗമനവാദികളാണെന്ന് സ്വയം അഭിമാനിക്കുന്നവരുടെ ദൃഷ്ടിയില്‍ ഈ വ്യാഖ്യാനം ഒരുപക്ഷേ രസകരമായിത്തോന്നുമെങ്കിലും സത്വാന്വേഷികള്‍ക്ക് ഇതിനോട് യോജിക്കുവാന്‍ മാര്‍ഗം കാണുന്നില്ല. കാരണം, ഈ വ്യാഖ്യാനം മനുഷ്യനെ അല്ലാഹുവിനോളം ഉയര്‍ത്തുകയും അതേ സമയത്ത് അല്ലാഹുവിനെ മനുഷ്യനിലേക്ക് താഴ്ത്തുകയുമാണ് ചെയ്യുന്നതെന്ന് അൽപം ആലോചിച്ചാല്‍ അറിയാവുന്നതാണ്. (معاذ الله) എത്രതന്നെ – എത്രകാലം തന്നെ – പുരോഗമിച്ചു കൊണ്ടിരുന്നാലും അല്ലാഹുവിന്‍റെ സ്ഥാനം പ്രാപിക്കുവാന്‍ മനുഷ്യനാകട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ സാധ്യമല്ലതന്നെ. (تعالى الله من ذلك) ‘പുരോഗമനം’ എന്ന വാക്ക് ഉരുവിടുന്നതുപോലും ഒരു പുരോഗമനമായി കരുതുന്ന ഇത്തരക്കാരെപ്പറ്റി നമുക്ക് ഇതേ പറയുവാനുള്ളു. وَمَا قَدَرُوا اللَّـهَ حَقَّ قَدْرِهِ (അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം അവനെ കണക്കാക്കിയില്ല).
അവിശ്വാസികള്‍ക്ക് ഖിയാമത്തുനാളില്‍ അല്ലാഹുവിങ്കല്‍ നിന്ന് ശിക്ഷ ലഭിക്കുന്നതാണെന്നും, അത് തടയുവാന്‍ ആരാലും സാധ്യമല്ലെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) താക്കീത് ചെയ്യുന്നതിനെ പരിഹസിച്ചുകൊണ്ട് അങ്ങിനെയുണ്ടെങ്കില്‍ ആ ശിക്ഷ ഇപ്പോള്‍ തന്നെ ഒന്നു കാണട്ടെ എന്ന്‍ മുശ്‌രിക്കുകൾ ആവശ്യപ്പെട്ടിരുന്നു. ‘അല്ലാഹുവേ, ഇവന്‍ പറയുന്ന ഇതൊക്കെത്തന്നെയാണ് പരമാര്‍ത്ഥമെങ്കില്‍ ഞങ്ങളില്‍ നീ കല്ലുമഴ വര്‍ഷിപ്പിക്കുകയോ, വേദനയേറിയ ഏതെങ്കിലും ശിക്ഷ ഞങ്ങള്‍ക്ക് തരികയോ ചെയ്തേക്കുക’ എന്ന് അവിശ്വാസികള്‍ പറഞ്ഞതായി സൂ: അന്‍ഫാല്‍ 32ല്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള അവരുടെ പരിഹാസ ചോദ്യങ്ങളെക്കുറിച്ചാണ് ഈ സൂറത്തിന്‍റെ ആദ്യവചനം മുതല്‍ക്കുള്ള സംസാരം. സന്ദര്‍ഭവശാല്‍ ഇടക്കുവെച്ച് അതുമായി ബന്ധപ്പെട്ട വിഷയങ്ങളെന്ന നിലക്ക് മറ്റു ചില വസ്തുതകളും വിവരിച്ചു. അതിനുശേഷം, അവിശ്വാസികളുടെ അത്തരം പരിഹാസവാക്കുകളെക്കുറിച്ച് ഒട്ടും അസ്വാസ്ഥ്യപ്പെടരുതെന്നും, നല്ലപോലെ ക്ഷമ കൈകൊള്ളണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിച്ചു. അവര്‍ അങ്ങനെ പരിഹസിക്കുവാനും ശിക്ഷക്കു ധൃതി കൂട്ടുവാനും കാരണം, അത് വളരെ വിദൂരവും അസംഭവ്യവുമായി അവര്‍ കരുതുന്നത് കൊണ്ടാണെന്നും എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അത് ഒട്ടും വിദൂരമോ പ്രയാസപ്പെട്ടതോ അല്ലെന്നും പറഞ്ഞു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നു അവര്‍ പരിഹസിച്ചു ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയുടെയും, അത് സംഭവിക്കുന്ന ആ ദിവസത്തിന്‍റെയും ഗൗരവങ്ങളെക്കുറിച്ച് അല്ലാഹു താക്കീത് ചെയ്യുന്നു.
- يَوْمَ تَكُونُ ٱلسَّمَآءُ كَٱلْمُهْلِ ﴾٨﴿
- ആകാശം എണ്ണക്കീടം (അഥവാ ലോഹ ദ്രാവകം) പോലെ ആയിത്തീരുന്ന ദിവസം (അന്നാണ് ആ ശിക്ഷ സംഭവിക്കുക)
- يَوْمَ تَكُونُ ആയിത്തീരുന്ന ദിവസം السَّمَاءُ ആകാശം كَالْمُهْلِ എണ്ണക്കീടം പോലെ, ലോഹ ദ്രാവകംപോലെ
- وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ﴾٩﴿
- പര്‍വ്വതങ്ങള്‍ കടഞ്ഞരോമം പോലെ ആയിത്തീരുകയും ചെയ്യുന്ന ദിവസം.
- وَتَكُونُ الْجِبَالُ പര്‍വ്വതങ്ങള്‍ ആയിത്തീരുകയും كَالْعِهْنِ രോമത്തൂള്‍ (കടഞ്ഞരോമം - കടഞ്ഞ, ചായം മുക്കിയ രോമം) പോലെ
- وَلَا يَسْـَٔلُ حَمِيمٌ حَمِيمًا ﴾١٠﴿
- ഒരു ഉറ്റബന്ധുവും (മറ്റ്) ഒരു ഉറ്റബന്ധുവിനോട് (ഒന്നും) ചോദിക്കുന്നതുമല്ല.
- وَلَا يَسْأَلُ ചോദിക്കുകയുമില്ല حَمِيمٌ ഒരു ഉറ്റബന്ധുവും, ചങ്ങാതിയും حَمِيمًا ഒരു ഉറ്റബന്ധുവിനോട്
- يُبَصَّرُونَهُمْ ۚ يَوَدُّ ٱلْمُجْرِمُ لَوْ يَفْتَدِى مِنْ عَذَابِ يَوْمِئِذٍۭ بِبَنِيهِ ﴾١١﴿
- അവര്‍ക്ക് അവരെ കാണിക്കപ്പെടും. (എന്നാലും പരസ്പരം അവര്‍ അന്വേഷിക്കുകയില്ല). കുറ്റവാളിയായുള്ളവന്‍ കൊതിക്കും: തന്‍റെ മക്കളെ (പ്രായശ്ചിത്തമാക്കി) ക്കൊണ്ട് അന്നത്തെ ശിക്ഷയില്‍ നിന്ന് താന്‍ മോചനം നേടിയിരുന്നെങ്കില്‍ (നന്നായേനെ)
- يُبَصَّرُونَهُمْ അവര്‍ക്ക് അവരെ കാട്ടിക്കൊടുക്കപ്പെടും (കാണുമാറാക്കും) يَوَدُّ കൊതിക്കും, മോഹിക്കും الْمُجْرِمُ കുറ്റവാളി, മഹാപാപി لَوْ يَفْتَدِي അവന്‍ മോചനം നേടിയിരുന്നുവെങ്കില്‍, തെണ്ടം നല്‍കാമായിരുന്നെങ്കില്‍ (എന്ന്) مِنْ عَذَابِ ശിക്ഷയില്‍ നിന്ന് يَوْمِئِذٍ അന്നത്തെ بِبَنِيهِ തന്‍റെ മക്കളെക്കൊണ്ട്
- وَصَٰحِبَتِهِۦ وَأَخِيهِ ﴾١٢﴿
- (മാത്രമല്ല) തന്‍റെ സഹധര്‍മ്മിണിയെയും തന്‍റെ സഹോദരനെയും കൊണ്ടും
- وَصَاحِبَتِهِ അവന്റെ കൂട്ടുകാരി (സഹധര്‍മ്മിണി - ഭാര്യ)യെയും وَأَخِيهِ തന്‍റെ സഹോദരനെയും
- وَفَصِيلَتِهِ ٱلَّتِى تُـْٔوِيهِ ﴾١٣﴿
- തനിക്ക് (രക്ഷാ) സങ്കേതം നല്‍കിയിരുന്ന തന്‍റെ ബന്ധുകുടുംബങ്ങളെക്കൊണ്ടും
- وَفَصِيلَتِهِ അവന്‍റെ ബന്ധുകുടുംബങ്ങളെയും الَّتِي تُؤْوِيهِ അവന് സങ്കേതം (രക്ഷ - അഭയം) നല്‍ക്കുന്നതായ
- وَمَن فِى ٱلْأَرْضِ جَمِيعًا ثُمَّ يُنجِيهِ ﴾١٤﴿
- (അത്രയുമല്ല) ഭൂമിയിലുള്ളവരെ മുഴുവന്‍ കൊണ്ടും. എന്നിട്ട് (പോലും) അതവനെ രക്ഷപ്പെടുത്തിയിരുന്നെങ്കില്‍ (നന്നായേനെ എന്ന് കൊതിക്കും)
- وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരെയും جَمِيعًا മുഴുവനും ثُمَّ പിന്നെ (എന്നിട്ട്) يُنجِيهِ അതവനെ രക്ഷപ്പെടുത്തിയിരുന്നു (വെങ്കില്‍ എന്ന്)
കുറ്റവാളികളായ ദുര്‍ജനങ്ങളെ സംബന്ധിച്ചിടത്തോളം ആ ദിവസത്തിലെ ഭയങ്കരതയും സംഭവവികാസങ്ങളും എന്തുമാത്രമായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. ഓരോരുത്തന്നും അവന്‍റെ കാര്യം മാത്രമല്ലാതെ, മറ്റുള്ളവരെപ്പറ്റി വല്ല വിചാരമോ അന്വേഷണമോ ഉണ്ടായിരിക്കയില്ല. താനല്ലാത്തവരെ മുഴുവന്‍ ബലികൊടുത്തിട്ടെങ്കിലും തനിക്ക് രക്ഷ കിട്ടിയാല്‍ മതിയായിരുന്നുവെന്നായിരിക്കും ഓരോരുത്തനും കൊതിക്കുക. പക്ഷേ, ഫലമെന്ത്?! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീന്‍. അല്ലാഹു പറയുന്നു:
- كَلَّآ ۖ إِنَّهَا لَظَىٰ ﴾١٥﴿
- അതുവേണ്ടാ (ആ കൊതിവേണ്ടാ) നിശ്ചയമായും, അത് 'ലദ്വാ' (ആളിക്കത്തുന്ന നരകം) ആകുന്നു.
- كَلَّا അങ്ങിനെയല്ല, അതുവേണ്ട إِنَّهَا നിശ്ചയമായും അത് لَظَىٰ ലദ്വായാണ് (ആളിക്കത്തുന്ന നരകമാണ്)
- نَزَّاعَةً لِّلشَّوَىٰ ﴾١٦﴿
- തലയുടെ തൊലി (ഉരിച്ചു) നീക്കുന്നത്.
- نَزَّاعَةً നീക്കി (ഉരിച്ചു) കളയുന്നതായിട്ട് لِّلشَّوَىٰ തലയുടെ തൊലിയെ, ചര്‍മങ്ങളെ, തലയോട്ടിനെ
- تَدْعُوا۟ مَنْ أَدْبَرَ وَتَوَلَّىٰ ﴾١٧﴿
- പിന്നോക്കം പോകുകയും തിരിഞ്ഞുകളയുകയും ചെയ്തവരെ അത് വിളിക്കും.
- تَدْعُوا അത് വിളിക്കും مَنْ أَدْبَرَ പിന്നോക്കം പോയവനെ وَتَوَلَّىٰ തിരിഞ്ഞുകളയുകയും ചെയ്തു
- وَجَمَعَ فَأَوْعَىٰٓ ﴾١٨﴿
- ശേഖരിച്ച് കൂട്ടുകയും എന്നിട്ട് (ചിലവഴിക്കാതെ) സൂക്ഷിച്ചുവെക്കുകയും ചെയ്ത(വരെ)
- وَجَمَعَ ശേഖരിക്കുക (ഒരുമിച്ചുകൂട്ടുക)യും ചെയ്തു فَأَوْعَىٰ എന്നിട്ട് സൂക്ഷിച്ചുവെച്ച (പാത്രത്തിലാക്കിവെച്ച)
സാരം: അങ്ങിനെയുള്ള വ്യാമോഹങ്ങളൊന്നും വേണ്ട, അതുകൊണ്ടൊന്നും ഫലമില്ല. കുറ്റവാളികള്‍ക്ക് ലഭിക്കുവാന്‍ പോകുന്നത് കത്തിജ്ജ്വലിക്കുന്ന നരകം മാത്രമാണ്. അത് അവരുടെ തലയുടെ തൊലി – അഥവാ ശരീരത്തിന്‍റെ പുറഭാഗങ്ങളൊക്കെ – ഉരിച്ചുകളയും. കുറ്റവാളികളെ രക്ഷപ്പെടുവാനോ ഒഴിഞ്ഞു മാറുവാനോ അത് വിടുകയില്ല. അവരെ അത് തന്നിലേക്ക് വിളിച്ചു വരുത്തുക തന്നെ ചെയ്യും.
الشَّوَى (ശവാ) എന്ന പദത്തിന് ‘തലയുടെ തൊലി, തലയോട്, ചര്‍മങ്ങള്‍’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. ഏതര്‍ത്ഥമെടുത്താലും ഉദ്ദേശ്യം വ്യക്തംതന്നെ. കുറ്റവാളികളെക്കുറിച്ച് അവരുടെ പ്രത്യേകതയായി ഇവിടെ ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ഇവയാണ്
1) പിന്നോക്കം പോകുക, അഥവാ സത്യവിശ്വാസം നിരാകരിക്കുക,
2) തിരിഞ്ഞുകളയുക, അഥവാ കല്‍പനകളെ അവഗണിച്ചു അനുസരണക്കേട് കാണിക്കുക,
3) ധനം ശേഖരിച്ച് വെക്കുകയും എന്നിട്ട് വേണ്ട വിധത്തില്‍ ചിലവഴിക്കാതെയും കടമകള്‍ നിറവേറ്റാതെയും കെട്ടിപ്പൂട്ടിവെക്കുക.
മറ്റു വിഷയങ്ങളില്‍ ഒരു മാതിരി കൊള്ളാവുന്നവരാണെങ്കില്‍ പോലും ധനം കെട്ടിപ്പൂട്ടിവെക്കുന്നതില്‍ ഉല്‍സുകരല്ലാത്ത ധനികന്മാര്‍ കേവലം ദുര്‍ല്ലഭമായിരിക്കും. അങ്ങിനെയുള്ളവര്‍ ഇതുപോലുള്ള താക്കീതുകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇനി മനുഷ്യസഹജമായ ഒരു കൊള്ളരുതായ്മയെ അല്ലാഹു എടുത്തുക്കാട്ടുന്നു.
- ۞ إِنَّ ٱلْإِنسَٰنَ خُلِقَ هَلُوعًا ﴾١٩﴿
- നിശ്ചയമായും, മനുഷ്യന്‍ അക്ഷമനായി (അഥവാ വേവലാതിക്കാരനായി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
- إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ خُلِقَ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു هَلُوعًا അക്ഷമനായി, വേവലാതിക്കാരനായി, ദുര്‍ബ്ബലനായി
- إِذَا مَسَّهُ ٱلشَّرُّ جَزُوعًا ﴾٢٠﴿
- അതായത്, തനിക്ക് ദോഷം ബാധിച്ചാല്‍ ക്ഷമ കെട്ടവനായിട്ട്
- إِذَا مَسَّهُ അവനെ ബാധിച്ചാല്‍, തൊട്ടാല്‍ الشَّرُّ ദോഷം, തിന്മ, കെടുതി جَزُوعًا ക്ഷമകെട്ടവനായിട്ട്, പൊറുതികെട്ടവനായി
- وَإِذَا مَسَّهُ ٱلْخَيْرُ مَنُوعًا ﴾٢١﴿
- തനിക്ക് ഗുണം ബാധിച്ചാല്‍ മുടക്കക്കാരനായിട്ടും.
- مَسَّهُ وَّإِذَا അവനെ ബാധിച്ചാല്‍ الْخَيْرُ ഗുണം, നന്മ, നല്ലത് مَنُوعًا മുടക്കക്കാരനായിട്ടും, വിലക്കുന്നവനായിട്ടും, തടയുന്നവനായി
ധനത്തിലാകട്ടെ, ദേഹത്തിലാകട്ടെ വല്ല ദോഷവും ബാധിക്കുമ്പോള്‍ വ്യസനവും, പരാതിയും, ഭയവും, നിരാശയും വല്ല ഗുണമോ നന്മയോ ബാധിച്ചാല്‍ അത് വേണ്ടവിധം ഉപയോഗപ്പെടുത്തുകയോ വിനിയോഗിക്കുകയോ ചെയ്യാതെ പിശുക്ക് കാണിച്ചും മറ്റും അതിന് തടസ്സം വരുത്തുക. ഇതാണ് മനുഷ്യന്‍ അക്ഷമനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞതിന്‍റെ അര്‍ഥം. എന്നാല്‍ അവന്‍ സൃഷ്ട്യാ തന്നെ ഇങ്ങിനെ ഒരു പോരായ്മയുള്ളവനാണെങ്കിലും ഈ സ്വഭാവത്തെ നിയന്ത്രിക്കുവാനുള്ള പ്രതിവിധികളും അല്ലാഹു അവന് നിശ്ചയിച്ചു കൊടുക്കാതിരുന്നിട്ടില്ല. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, അവന്‍റെ അനുഗ്രഹത്തിലുള്ള വിശ്വാസം, മനക്കരുത്ത്, ഔദാര്യശീലം, ഭയഭക്തി, മരണാനന്തര രക്ഷാശിക്ഷകളെക്കുറിച്ചുള്ള സ്മരണ ആദിയായവയത്രെ അവ. ഈ ഗുണങ്ങള്‍ ആരിലുണ്ടോ അവരില്‍ ആ ചീത്ത സ്വഭാവം പ്രകടമാവുകയില്ല. അവര്‍ സന്താപത്തില്‍ ക്ഷമയുള്ളവരും, സന്തോഷത്തില്‍ നന്ദിയുള്ളവരുമായിരിക്കും. അങ്ങിനെ രണ്ടവസ്ഥയിലും അവര്‍ മാന്യന്മാരും പുണ്യവാന്മാരും ആയിരിക്കുന്നതുമാകുന്നു. അല്ലാഹു പറയുന്നത് നോക്കുക:-