ള്വുഹാ (പൂര്‍വ്വാഹ്നം)
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 11

بِسْمِ ٱللَّـهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

ഒരിക്കല്‍ കുറച്ച് ദിവസങ്ങളോളം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് വഹ്‌യും കൊണ്ട് ജിബ്രീല്‍ (عليه السلام) വരാതിരിക്കുകയും, ‘മുഹമ്മദിനെ അവന്‍റെ റബ്ബ് വെടിഞ്ഞിരിക്കുന്നു’ എന്ന് അവിശ്വാസികള്‍ പരിഹസിച്ച് പറയുവാന്‍  തുടങ്ങുകയും ചെയ്കയുണ്ടായി എന്നും, ഈ അവസരത്തിലാണ് ഈ സൂറത്ത് അവതരിച്ചതെന്നും പല രിവായത്തുകളിലും കാണാം. വിശദാംശങ്ങളില്‍ വ്യത്യാസം കാണുമെങ്കിലും അവയുടെ ചുരുക്കം അതാണ്‌. കൂട്ടത്തില്‍ ഏറ്റവും ബലവത്തായ രിവായത്ത് ഇതാകുന്നു: ജുന്‍ദുബുബ്നു അബ്ദില്ലാ (رَضِيَ اللهُ عَنْهُ) പറയുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒന്നോ രണ്ടോ രാത്രി സുഖമില്ലായ്കയാല്‍ എഴുന്നേല്‍ക്കാതിരിക്കുകയുണ്ടായി. ഈ അവസരത്തില്‍ ഒരു സ്ത്രീ വന്ന് ഇങ്ങനെ പറഞ്ഞു : മുഹമ്മദേ, നിന്‍റെ പിശാച് നിന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നല്ലാതെ ഞാന്‍ കരുതുന്നില്ല. ഈ അവസത്തിലാണ് وَالضُّحَىٰ وَاللَّيْلِ (എന്ന ഈ സൂറത്ത്) അവതരിച്ചത്.’ (അ; ബു; മു; തി; ന)

93:1
  • وَٱلضُّحَىٰ ﴾١﴿
  • പൂര്‍വ്വാഹ്നം തന്നെയാണ (സത്യം)!
  • وَالضُّحَىٰ പൂര്‍വ്വാഹ്നം (ഇളയുച്ച) തന്നെയാണ
93:2
  • وَٱلَّيْلِ إِذَا سَجَىٰ ﴾٢﴿
  • രാത്രിതന്നെയാണ (സത്യം). അത് ശാന്തമാകുമ്പോള്‍!
  • وَاللَّيْلِ രാത്രിതന്നെയാണ إِذَا سَجَىٰ അത് ശാന്തമാകുമ്പോള്‍, അടങ്ങിയാല്‍, മൂടിയാല്‍
93:3
  • مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ﴾٣﴿
  • (നബിയേ) നിന്‍റെ റബ്ബ് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈര്‍ഷ്യത കാട്ടിയിട്ടുമില്ല.
  • مَا وَدَّعَكَ നിന്നെ വിട്ടുകളഞ്ഞിട്ടില്ല, ഉപേക്ഷിച്ചിട്ടില്ല, യാത്ര പറഞ്ഞു പിരിഞ്ഞിട്ടില്ല رَبُّكَ നിന്‍റെ റബ്ബ് وَمَا قَلَىٰ അവന്‍ വെറുപ്പ് (കോപം - ഈര്‍ഷ്യത) കാട്ടിയിട്ടുമില്ല
93:4
  • وَلَلْـَٔاخِرَةُ خَيْرٌ لَّكَ مِنَ ٱلْأُولَىٰ ﴾٤﴿
  • നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ [ഇഹലോകത്തെ]ക്കാള്‍ ഉത്തമമാകുന്നു.
  • وَلَلْآخِرَةُ നിശ്ചയമായും പരലോകം, അവസാനത്തേതുതന്നെ خَيْرٌ لَّكَ നിനക്ക് ഉത്തമമാണ്, ഗുണമായതാണ് مِنَ الْأُولَىٰ ആദ്യലോകത്തെക്കാള്‍, ആദ്യത്തേതിനെക്കാള്‍
93:5
  • وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ ﴾٥﴿
  • വഴിയെ നിന്‍റെ റബ്ബ് നിനക്ക് നിശ്ചയമായും തരുകയും ചെയ്യും. അപ്പോള്‍ നീ തൃപ്തിപ്പെടുന്നതാണ്.
  • وَلَسَوْفَ നിശ്ചയമായും വഴിയെ يُعْطِيكَ നിനക്കുതരും, നല്‍കും رَبُّكَ നിന്‍റെ റബ്ബ് فَتَرْضَىٰ അപ്പോള്‍ നീ തൃപ്തിപ്പെടും, തൃപ്തി അടയും

വെളിച്ചം നല്‍കി ലോകത്തെ ഉന്മേഷഭരിതമാക്കുന്ന പകലിനെയും, ഇരുട്ടുമൂടി ലോകത്തെ ശാന്തമാക്കുന്ന രാത്രിയെയും കൊണ്ട് സത്യം ചെയ്തശേഷം, അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ സാന്ത്വനപ്പെടുത്തുകയും അതിപ്രധാനമായ ചില സന്തോഷവാര്‍ത്തകള്‍ അറിയിക്കുകയും ചെയ്യുന്നു. തിരുമേനിയെ അല്ലാഹു കൈവെടിയുകയോ പുറംതള്ളുകയോ ചെയ്തിട്ടില്ല.; അവിടത്തോട് അവന് യാതൊരു വെറുപ്പോ കോപമോ ഉണ്ടായിട്ടുമില്ല; അല്‍പദിവസം വഹ്‌യ്‌ വരുവാന്‍ താമസിച്ച് പോകുന്നതോ, പ്രബോധനമാര്‍ഗത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നതോ അല്ലാഹു കൈവെടിഞ്ഞതുകൊണ്ട് സംഭവിക്കുന്നതല്ല. രാവും പകലും പോലെ, ഇരുട്ടും വെളിച്ചവും പോലെ സുഖദുഃഖസമ്മിശ്രമാണ് ഈ ലോകം. ഇവിടെവെച്ച് അല്‍പം ചില വിഷമങ്ങളെല്ലാം സഹിക്കേണ്ടിവന്നാലും പരലോകത്ത് തിരുമേനിക്ക് ഏറ്റവും ഉത്തമവും ക്ലേശരഹിതവുമായ ജീവിതമായിരിക്കും സിദ്ധിക്കുക. മാത്രമല്ല, തിരുമേനിക്ക് പരിപൂര്‍ണ്ണമായും തൃപ്തിവരുമാറ് വേണ്ടതെല്ലാം അല്ലാഹു വഴിയെ കൊടുത്തരുളുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തല്‍ക്കാലം ക്ഷമ കൈക്കൊള്ളുകയും, ഭാവിയെപ്പറ്റി സുപ്രതീക്ഷയോടിരിക്കുകയും ചെയ്തുകൊള്ളുക എന്നൊക്കെയാണ് ഈ വചനങ്ങളുടെ താല്‍പര്യം.

الاخرة (‘അല്‍-ആഖിറത്ത്’) എന്ന വാക്കിന്  ‘ അവസാനത്തേത്’ എന്നും الْأُولَىٰ (‘അല്‍-ഊലാ’) എന്ന വാക്കിന്  ‘ആദ്യത്തേത്’ എന്നുമാണ് സാക്ഷാല്‍ അര്‍ത്ഥം. പരലോകത്തെ ഉദ്ദേശിച്ചാണ് ‘അല്‍-ആഖിറത്ത്” ഖുര്‍ആനില്‍ സാധാരണ ഉപയോഗിക്കപ്പെടാറുള്ളത്. ഭാഷയിലും ഇത് സാധാരണമാണ്. അതുകൊണ്ട് മുഫസ്സിറുകള്‍ മിക്കവാറും ആ അര്‍ത്ഥമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് ‘അല്‍-ഊലാ’ക്ക്   ‘ഇഹലോകം’ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ജീവിതത്തിന്‍റെ അല്ലെങ്കില്‍ പ്രവാചകത്വത്തിന്‍റെ – ആദ്യഘട്ടവും അവസാനഘട്ടവുമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഇസ്ലാമിന് പ്രചാരവും വിജയവും സിദ്ധിച്ചത് അവസാനഘട്ടത്തിലാണല്ലോ. 5- ാം വചനത്തിലെ വാഗ്ദാനവും ഏതാണ്ട് ഇതേകാലത്തെ ഉദ്ദേശിച്ചാണ് എന്നും ചിലര്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് അല്ലാഹു നല്‍കുവാനിരിക്കുന്ന പാരത്രികമായ അനുഗ്രഹങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍, ഇഹത്തില്‍വെച്ച് തിരുമേനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ വളരെ പരിമിതമാണ് എന്ന് പറയേണ്ടതില്ല. എന്നിരിക്കെ, ഭാവിയെ സംബന്ധിച്ച ഈ വാഗ്ദാനങ്ങള്‍ ഈ സൂറത്ത് അവതരിച്ചതിനുശേഷം അവിടുത്തേക്ക് ലഭിക്കുവാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും – അത്’ ഇഹത്തില്‍ വെച്ചാകട്ടെ, പരത്തില്‍ വെച്ചാകട്ടെ – ഉള്‍പ്പെടുത്തുന്നു എന്നും വരാവുന്നതാണ്. والله اعلم ഭാവി നേട്ടങ്ങളെപ്പറ്റി സന്തോഷവാര്‍ത്ത അറിയിച്ചശേഷം, കഴിഞ്ഞകാലത്ത് നല്‍കപ്പെട്ട ചില അനുഗ്രഹങ്ങളെ അല്ലാഹു എടുത്ത് കാണിക്കുന്നു:-

93:6
  • أَلَمْ يَجِدْكَ يَتِيمًا فَـَٔاوَىٰ ﴾٦﴿
  • നിന്നെ അവന്‍ അനാഥയായി കാണുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നല്‍കുകയും ചെയ്തില്ലേ?!
  • أَلَمْ يَجِدْكَ നിന്നെ അവന്‍ കണ്ടെത്തി (കണ്ടുമുട്ടി-കണ്ടി)ല്ലേ يَتِيمًا അനാഥയായിട്ട് فَآوَىٰ എന്നിട്ട് അവന്‍ അഭയം (ആശ്രയം - രക്ഷ) നല്‍കി, ചേര്‍ത്തുതന്നു
93:7
  • وَوَجَدَكَ ضَآلًّا فَهَدَىٰ ﴾٧﴿
  • നിന്നെ അവന്‍ വഴി അറിയാത്തവനായി കാണുകയും, എന്നിട്ട് (നിനക്ക്) മാര്‍ഗദര്‍ശനം നൽകുകയും ചെയ്തിരിക്കുന്നു.
  • وَوَجَدَكَ നിന്നെ അവന്‍ കണ്ടെത്തുകയും ചെയ്തു ضَالًّا വഴി അറിയാത്ത (തെറ്റിയ - പരിഭ്രമിച്ച)വനായിട്ട് فَهَدَىٰ എന്നിട്ടവന്‍ വഴികാട്ടിത്തന്നു, മാര്‍ഗദര്‍ശനം നല്‍കി
93:8
  • وَوَجَدَكَ عَآئِلًا فَأَغْنَىٰ ﴾٨﴿
  • നിന്നെ അവന്‍ ദരിദ്രനായി കാണുകയും, എന്നിട്ട് (നിനക്ക്) ധന്യത നല്‍കുകയും ചെയ്തിരിക്കുന്നു.
  • وَوَجَدَكَ നിന്നെ കണ്ടെത്തുകയും ചെയ്തു عَائِلًا ദരിദ്രനായി, പ്രാരാബ്ധക്കാരനായി فَأَغْنَىٰ എന്നിട്ടവന്‍ ധന്യത നല്‍കി, ധനം നല്‍കി, പര്യാപ്തമാക്കി

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് സിദ്ധിച്ച മൂന്ന് അനുഗ്രഹങ്ങളെക്കുറിച്ചാണ് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. (1) അവിടുന്നു ഒരു അനാഥയായിരുന്നുവെങ്കിലും അവിടുത്തേക്ക് വേണ്ടുന്ന ആശ്രയവും സംരക്ഷണവും നല്‍കി അനുഗ്രഹിച്ചു. അതെ, അവിടുന്നു ഗര്‍ഭത്തിലായിരുന്നപ്പോള്‍ തന്നെ പിതാവും, ആറ് വയസ്സായപ്പോഴേക്ക് മാതാവും കാലഗതി അടഞ്ഞു. അങ്ങനെ മാതാവും പിതാവുമില്ലാത്ത ഒരനാഥയായിത്തീര്‍ന്നു. പക്ഷെ, ആദ്യം പിതാമഹനും, അദ്ദേഹത്തിന്‍റെ ശേഷം പിതൃവ്യനും തിരുമേനിയെ ഏറ്റെടുത്ത് പരിപാലിക്കുകയും, വളരെ ഓമനിച്ചും ആദരിച്ചുംകൊണ്ടു വളര്‍ത്തിപ്പോരുകയും ചെയ്തു. പ്രവാചകത്വം ലഭിച്ചപ്പോള്‍ പിതൃവ്യനായ അബൂത്വാലിബ് അതില്‍ വിശ്വസിച്ചില്ലെങ്കിലും തിരുമേനിയോട് വളരെ അധികം സ്നേഹത്തോടും വാത്സല്യത്തോടും കൂടി പെരുമാറിയെന്ന് മാത്രമല്ല, ശത്രുക്കളുടെ അക്രമ മര്‍ദ്ദനങ്ങളെ നേരിട്ടുകൊണ്ട് തിരുമേനിയെ തന്നാലാകും വിധം സഹായിക്കുകയും ചെയ്തിരുന്നു. ഹിജ്രയുടെ അല്‍പം മുമ്പ് അബൂത്വാലിബ് മരണപ്പെടുന്നതുവരെ തിരുമേനി അദ്ദേഹത്തിന്‍റെ സംരക്ഷണത്തില്‍ തന്നെ തുടര്‍ന്നു വന്നു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ തിരുമേനി അത്യധികം വ്യസനിക്കുകയുണ്ടായി. ഏറെത്താമസിയാതെ, മദീനാ നിവാസികള്‍ തിരുമേനിയെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ സഹായിച്ച് കൊള്ളാമെന്ന് ഉടമ്പടി ചെയ്യുകയും, അതവര്‍ തികച്ചും പാലിക്കുകയും ചെയ്തു. ഇതെല്ലാം ഒന്നാമത്തെ അനുഗ്രഹത്തില്‍ ഉള്‍പ്പെട്ടതാണ്.

(2) നേര്‍വഴിയും സന്മാര്‍ഗവും ഏതാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത ആളായിരുന്നു തിരുമേനി. എങ്കിലും അല്ലാഹു അവിടുത്തേക്ക് സന്മാര്‍ഗദര്‍ശനം നല്‍കി അനുഗ്രഹിച്ചു. സ്വകുടുംബത്തില്‍ നിന്നോ, വേദഗ്രന്ഥങ്ങള്‍ വഴിയോ സന്മാര്‍ഗമെന്താണെന്ന് മനസ്സിലാക്കുവാന്‍ അവിടുത്തേക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ. ഇതിനെപ്പറ്റി സൂഃ ശൂറായില്‍ അല്ലാഹു പറയുന്നത് ഇപ്രകാരമാണ് : مَا كُنتَ تَدْرِي مَا الْكِتَابُ وَلَا الْإِيمَانُ (വേദഗ്രന്ഥമാകട്ടെ, സത്യവിശ്വാസമാകട്ടെ എന്താണെന്ന് നിനക്ക് അറിയുമായിരുന്നില്ല (42:52). ഇങ്ങനെയുള്ള തിരുമേനിയെ വേദഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു വേദഗ്രന്ഥം നല്‍കി അല്ലാഹു അനുഗ്രഹിച്ചു. പ്രവാചകന്മാരില്‍ ശ്രേഷ്ഠനും, സമസ്തലോകത്തിന്നായുള്ള റസൂലുമാക്കി നിയോഗിക്കുകയും ചെയ്തു.

(3) അന്യരെ ആശ്രയിച്ച് കഴിയുമാറുള്ള ദാരിദ്ര്യാവസ്ഥ നീക്കി അന്യാശ്രയം കൂടാതെ ധന്യനായി കഴിഞ്ഞ് കൂടത്തക്ക നില അല്ലാഹു തിരുമേനിക്ക് നല്‍കി. പിതാവില്‍ നിന്ന് തിരുമേനിക്ക് അനന്തരമായി കാര്യമായ സ്വത്തുക്കളൊന്നും സിദ്ധിച്ചിരുന്നില്ല. പിതാമഹനെയും പിതൃവ്യനെയും ആശ്രയിക്കേണ്ടിവന്നു. പിന്നീട് – ഈ സൂറത്ത് അവതരിക്കുന്നതിനുമുമ്പ് തന്നെ – സ്വപത്നിയായ ഖദീജഃ (رضي الله عنها) തന്‍റെ ധനംകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സഹായിച്ച് വന്നു. പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് തിരുമേനി കച്ചവടം നടത്തുകയും ഉണ്ടായിട്ടുണ്ട്. ഹിജ്റക്ക് ശേഷം അന്‍സാരികളുടെ സഹായങ്ങളും സിദ്ധിച്ചു. പിന്നീട് യുദ്ധങ്ങളില്‍ ലഭിക്കുന്ന ‘ഗനീമത്ത്’ സ്വത്തുക്കളില്‍നിന്ന് നിയമാനുസൃതമുള്ള ഒരു പങ്കും തിരുമേനിക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ, അത്യാവശ്യങ്ങള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ തട്ടിനീങ്ങിക്കൊണ്ടിരിക്കുമാറുള്ള പരിതഃസ്ഥിതിയുണ്ടായി എന്നര്‍ത്ഥം. എന്നല്ലാതെ, തിരുമേനി ഒരു ധനാഢ്യനോ, ലക്ഷപ്രഭുവോ ആയിത്തീര്‍ന്നു എന്ന് ഇതിനര്‍‍ത്ഥമില്ല. ചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാവുന്ന ഒരു പരമാര്‍ത്ഥമാണിത്. ഒരു രാജാവായ പ്രവാചകനാകുന്നതിനെക്കാള്‍ ഒരു പ്രവാചകനായ അടിയാനായിരിക്കുവാനാണ് അവിടുന്ന് ഇഷ്ടപ്പെട്ടത്.

ധനത്തിനും, ധന്യതക്കും തിരുമേനി കല്‍പിച്ചിട്ടുള്ള അര്‍ത്ഥം തന്നെ ഇന്ന് നാം അതിന്ന് കല്‍പ്പിക്കാറുള്ള അര്‍ത്ഥമല്ല. തിരുമേനി കല്‍പ്പിച്ച അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, തിരുമേനിയെക്കാള്‍ വമ്പിച്ച ഒരു ധനവാന്‍ ലോകത്തില്ല എന്ന് സമ്മതിക്കേണ്ടിവരും. അവിടുന്നു പറയുന്നു: لَيْسَ الغِنَى عَنْ كَثْرَةِ العَرَضِ، وَلَكِنَّ الغِنَى غِنَى النَّفْسِ – متفق [ധനം എന്നത് വസ്തുക്കളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷെ, ധനം മനസ്സിന്‍റെ ധന്യതയാണ്. (ബു:മു)] അതെ, ഉള്ളതില്‍ തൃപ്തിപ്പെടുവാനും, അന്യരെ ആശ്രയിക്കാതിരിക്കുവാനുമുളള മനക്കരുത്തുണ്ടായിരിക്കുക. ഇതാണ് തിരുമേനിയുടെ അടുക്കല്‍ ധനം.

93:9
  • فَأَمَّا ٱلْيَتِيمَ فَلَا تَقْهَرْ ﴾٩﴿
  • എന്നിരിക്കെ, അനാഥയെ നീ കീഴടക്കിവെക്കരുത്.
  • فَأَمَّا എന്നിരിക്കെ അപ്പോള്‍ الْيَتِيمَ അനാഥയെ فَلَا تَقْهَرْ നീ കീഴടക്കിവെക്കരുത്, സ്വേച്ഛധികാരം നടത്തരുത്
93:10
  • وَأَمَّا ٱلسَّآئِلَ فَلَا تَنْهَرْ ﴾١٠﴿
  • ചോദിച്ചുവരുന്നവനെ നീ വിരട്ടിവിടുകയും അരുത്.
  • وَأَمَّا السَّائِلَ അപ്പോള്‍ ചോദിക്കുന്നവനെ فَلَا تَنْهَرْ നീ വിരട്ടിവിടരുത്, ആട്ടി(ആക്ഷേപിച്ച്) കളയരുത്
93:11
  • وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ﴾١١﴿
  • നിന്‍റെ റബ്ബിന്‍റെ അനുഗ്രഹത്തെക്കുറിച്ച് നീ വര്‍ത്തമാനം പറയുകയും ചെയ്യുക.
  • وَأَمَّا بِنِعْمَةِ അപ്പോള്‍ അനുഗ്രഹത്തെപ്പറ്റി رَبِّكَ നിന്‍റെ റബ്ബിന്‍റെ فَحَدِّثْ നീ വര്‍ത്തമാനം പറയുക, സംസാരിക്കുക

ദാരിദ്രത്തിന്‍റെയും, അനാഥത്വത്തിന്‍റെയും അനുഭവങ്ങള്‍ നേരിട്ടറിഞ്ഞ ആളെന്ന സ്ഥിതിക്ക് അനാഥകളുടെയും, സഹായം അര്‍‍ത്ഥിച്ച് വരുന്ന സാധുക്കളുടെയും സ്ഥിതിഗതികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് നല്ലപോലെ അറിയാവുന്നതാണല്ലോ. ആ നിലക്കും, അല്ലാഹു തനിക്ക് ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദിയെന്ന നിലക്കും അവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും, അവരെ വെറുപ്പിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്യരുതെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. കഴിഞ്ഞ വചനങ്ങളില്‍ തിരുമേനിക്ക് സിദ്ധിച്ച മൂന്ന് അനുഗ്രഹങ്ങളെയാണ് എടുത്തുകാട്ടിയത്. ഈ വചനങ്ങളില്‍ അതുപോലെ മൂന്ന് കാര്യങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. ഈ വചനങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും, വാസ്തവത്തില്‍ അവ ഓരോ സത്യവിശ്വാസിക്കും ബാധകമാണെന്നുള്ളതില്‍ സംശയമില്ല.

ഒന്നാമത്തേത് : യത്തീമിനെ – പിതാവ് മരണപ്പെടുകയും പ്രായപൂര്‍ത്തി എത്താതിരിക്കുകയും ചെയ്ത അനാഥക്കുട്ടിയെ – കീഴടക്കി വെക്കരുതെന്നുള്ളതാണ്. അനാഥക്കുട്ടികളുടെ കാര്യത്തില്‍ വന്നിട്ടുള്ള ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും സാമാന്യമായെങ്കിലും അറിയുന്നവര്‍ക്ക് തല്‍വിഷയത്തിന് ഇസ്ലാം കല്‍പിച്ചിട്ടുള്ള പ്രാധാന്യം മറ്റൊരു മതമോ, സമുദായമോ കല്‍പിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നതാണ്.

രണ്ടാമത്തേത് : ചോദിച്ച് വരുന്നവനെ വിരട്ടിവിടരുതെന്നുള്ളതാണ്. കയ്യിലുണ്ടെങ്കില്‍ കൊടുക്കുക, ഇല്ലാത്തപക്ഷം നല്ലവാക്ക് പറഞ്ഞ് വിടുക, എന്നല്ലാതെ അവനോട് പരുഷമായ വാക്കുകള്‍ പറഞ്ഞോ മര്യാദയല്ലാത്ത പെരുമാറ്റം പെരുമാറിയോ നിന്ദിക്കുവാനും, ആക്ഷേപിക്കുവാനും പാടില്ലാത്തതാണ്. യാചന ഒരു നല്ല കാര്യമല്ല. ഇസ്ലാം അത് ഇഷ്ടപ്പെടുന്നില്ല. എങ്കിലും ചോദിച്ച് വരുന്നവനോട് നല്ല നിലക്ക് വര്‍ത്തിക്കുന്നത് ചോദിക്കപ്പെടുന്നവന്‍റെ കടമയാകുന്നു. ഈ വിഷയത്തിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പതിവ് പരക്കെ അറിയപ്പെട്ടതാണ്. ചോദിച്ച് വരുന്ന ഒരാളെയും അവിടുന്ന് വെറും കയ്യോടെ മടക്കി വിട്ടിരുന്നില്ല. ഒന്നും കൈവശമില്ലാത്തപ്പോള്‍ സൗമ്യമായ വാക്ക് പറയുകയും പിന്നീട് കൈവശം കിട്ടുമ്പോള്‍ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്കയും, അത് നിറവേറ്റുകയും ചെയ്യുമായിരുന്നു.

മൂന്നാമത്തേത് : അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് വര്‍ത്തമാനം പറയുക എന്നുള്ളതാണ്. അതായത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ മൂടിവെക്കാതെ, സന്തോഷം പ്രകടിപ്പിക്കുകയും, കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുകയും, സന്ദര്‍ഭോചിതം പ്രസ്താവിക്കുകയും, അതിന്‍റെ അടയാളം പുറമെ പ്രകടമായിക്കാണുകയും ചെയ്യുക. അല്ലാഹു പറയുന്നു:

لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ (നിങ്ങള്‍ നന്ദികാണിക്കുന്നപക്ഷം നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ചുതരും. നിങ്ങള്‍ നന്ദികേടുകാട്ടിയെങ്കിലോ നിശ്ചയമായും എന്‍റെ ശിക്ഷ കഠിനമായതുമാണ്. (സൂഃ ഇബ്രാഹീം : 7) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറയുന്നു : ‘തന്‍റെ അടിയാന്റെമേല്‍ താന്‍ ചെയ്ത അനുഗ്രഹത്തിന്‍റെ അടയാളം അവന്‍റെ മേല്‍ കാണപ്പെടുന്നതിനെ അല്ലാഹു ഇഷ്ടപ്പെടുന്നു.’ (തി.) ധനവും കഴിവും ഉണ്ടായിരുന്നിട്ടും താണതരം വസ്ത്രം ധരിച്ച് കണ്ട ഒരാളോട് തിരുമേനി പറയുകയുണ്ടായി: ‘എന്നാല്‍, അല്ലാഹു തനിക്ക് ധനം തന്നിട്ടുള്ള സ്ഥിതിക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിന്‍റെയും മാന്യതയുടെയും അടയാളം തന്നില്‍ കാണപ്പെടട്ടെ’ (അ; ന) പക്ഷേ, സന്തോഷമെന്ന നിലക്കും, നന്ദിയായിക്കൊണ്ടുമല്ലാതെ – അഹങ്കാരവും ദുരഭിമാനവുമായിക്കൊണ്ട് – അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ എടുത്തുപറയുന്നതും പ്രകടമാക്കുന്നതും പാടില്ലാത്തതുമാകുന്നു.

ولله الحمد والمنة