തക്‌വീർ (ചുറ്റിപ്പൊതിയൽ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 29

بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ

പരമ  കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

ഇമാം അഹ്മദ്, തിര്‍മിദി, ഹാകിം (رَحِمَهُمُ الله) എന്നിവര്‍ നിവേദനം ചെയ്തിട്ടുള്ള ഒരു നബിവചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഖിയാമത്തുനാളിനെ കണ്ണുകൊണ്ടു കാണുന്നപോലെ നോക്കിക്കാണുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍, അവന്‍

إِذَا الشَّمْسُ كُوِّرَتْ ، إِذَا السَّمَاءُ انفَطَرَتْ ، إِذَا السَّمَاءُ انشَقَّتْ

(സൂ: തക്‌വീർ, സൂ: ഇന്‍ഫിത്വാര്‍, സൂ: ഇന്‍ശിഖാഖ്) എന്നിവ ഓതിക്കൊള്ളട്ടെ.’

81:1
  • إِذَا ٱلشَّمْسُ كُوِّرَتْ ﴾١﴿
  • സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍;-
  • إِذَا الشَّمْسُ സൂര്യനാകുമ്പോള്‍, (ആകുന്ന സമയം - ആകയാല്‍) كُوِّرَتْ അതു ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോള്‍)
81:2
  • وَإِذَا ٱلنُّجُومُ ٱنكَدَرَتْ ﴾٢﴿
  • നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴുകയും ചെയ്യുമ്പോള്‍;-
  • وَإِذَا النُّجُومُ നക്ഷത്രങ്ങളാകുമ്പോള്‍ انكَدَرَتْ അവ ഉതിര്‍ന്നു (കൊഴിഞ്ഞു) ചാടു(മ്പോള്‍)
81:3
  • وَإِذَا ٱلْجِبَالُ سُيِّرَتْ ﴾٣﴿
  • പര്‍വതങ്ങള്‍ (സ്ഥാനംവിട്ട്) നടത്തപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْجِبَالُ പര്‍വതങ്ങളാകുമ്പോള്‍ سُيِّرَتْ അവ നടത്തപ്പെടു(മ്പോള്‍)
81:4
  • وَإِذَا ٱلْعِشَارُ عُطِّلَتْ ﴾٤﴿
  • പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ വെറുതെ (ഒഴിച്ചു) വിടപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْعِشَارُ (പൂര്‍ണ്ണ) ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ ആകുമ്പോള്‍ عُطِّلَتْ അവ വെറുതെ വിട (മിനക്കെടുത്ത)പ്പെടു(മ്പോള്‍)
81:5
  • وَإِذَا ٱلْوُحُوشُ حُشِرَتْ ﴾٥﴿
  • കാട്ടുജന്തുക്കള്‍ ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْوُحُوشُ കാട്ടുജന്തുക്കളാകുമ്പോള്‍ حُشِرَتْ അവ ഒരുമിച്ചു കൂട്ടപ്പെടു(മ്പോള്‍)
81:6
  • وَإِذَا ٱلْبِحَارُ سُجِّرَتْ ﴾٦﴿
  • സമുദ്രങ്ങള്‍ തിളച്ചുമറിക്കപ്പെടുകയും ചെയുമ്പോള്‍;
  • وَإِذَا الْبِحَارُ സമുദ്രങ്ങളാകുമ്പോള്‍ سُجِّرَتْ അവ തിളച്ചു മറിക്ക (കവിച്ചൊഴുക്ക - കത്തിക്ക) പ്പെടു(മ്പോള്‍)
81:7
  • وَإِذَا ٱلنُّفُوسُ زُوِّجَتْ ﴾٧﴿
  • ആത്മാക്കള്‍ (അഥവാ ആളുകള്‍ കൂട്ടി) ഇണക്കപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا النُّفُوسُ ആത്മാക്കള്‍ (ദേഹങ്ങള്‍ - ആളുകള്‍) ആകുമ്പോള്‍ زُوِّجَتْ അവ ഇണക്കപ്പെടു(മ്പോള്‍)
81:8
  • وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ ﴾٨﴿
  • (ജീവനോടെ) കുഴിച്ചുമൂടപ്പെട്ട (പെണ്‍) ശിശു ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْمَوْءُودَةُ (ജീവനോടെ) കുഴിച്ചുമൂടപ്പെട്ടത്‌ (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോള്‍ سُئِلَتْ അതു (അവ) ചോദ്യം ചെയ്യപ്പെടു(മ്പോള്‍)
81:9
  • بِأَىِّ ذَنۢبٍ قُتِلَتْ ﴾٩﴿
  • 'ഏതൊരു കുറ്റത്തിനാണ് അതു കൊല്ലപ്പെട്ടത്' എന്ന് -
  • بِأَيِّ ذَنبٍ ഏതു കുറ്റം (പാപം) നിമിത്തമാണ് قُتِلَتْ അത് കൊല്ലപ്പെട്ടു എന്ന്
81:10
  • وَإِذَا ٱلصُّحُفُ نُشِرَتْ ﴾١٠﴿
  • ഏടുകള്‍ (തുറന്നു) വിരുത്തപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الصُّحُفُ ഏടുകളാകുമ്പോള്‍ نُشِرَتْ അവ വിരുത്തപ്പെടു(മ്പോള്‍)
81:11
  • وَإِذَا ٱلسَّمَآءُ كُشِطَتْ ﴾١١﴿
  • ആകാശം ഉരി(ച്ചു മറനീ)ക്കപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا السَّمَاءُ ആകാശമാകുമ്പോള്‍ كُشِطَتْ അതു (തോല്‍) ഉരിച്ചു നീക്കപ്പെടു(മ്പോള്‍)
81:12
  • وَإِذَا ٱلْجَحِيمُ سُعِّرَتْ ﴾١٢﴿
  • ജ്വലിക്കുന്ന അഗ്നി [നരകം] ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْجَحِيمُ ജ്വലിക്കുന്ന അഗ്നി (നരകം) ആകുമ്പോള്‍ سُعِّرَتْ അത് ആളിക്കത്തിക്കപ്പെടു(മ്പോള്‍)
81:13
  • وَإِذَا ٱلْجَنَّةُ أُزْلِفَتْ ﴾١٣﴿
  • സ്വര്‍ഗം അടുപ്പിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യുമ്പോള്‍;-
  • وَإِذَا الْجَنَّةُ സ്വര്‍ഗം ആകുമ്പോള്‍ أُزْلِفَتْ അതു അടുപ്പിക്ക (അടുത്തുവരുത്ത) പ്പെടു(മ്പോള്‍)
81:14
  • عَلِمَتْ نَفْسٌ مَّآ أَحْضَرَتْ ﴾١٤﴿
  • (അപ്പോള്‍) ഓരോ ആളും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നതെന്തെന്നു അറിയുന്നതാണ്!
  • عَلِمَتْ അറിയും نَفْسٌ ഏതു (ഓരോ) ദേഹവും (ആളും, ആത്മാവും) مَّا أَحْضَرَتْ അതെന്തു ഹാജരാക്കിയെന്ന്, അതു തയ്യാറാക്കിയത്

ഖിയാമത്തു നാളിലെ കഠിനകഠോരങ്ങളായ ചില സംഭവ വികാസങ്ങളാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത് :

(1) സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുന്നു. അഥവാ അതിന്റെ പ്രകാശം നഷ്ടപ്പെട്ടുപോകുന്നു.
(2) നക്ഷത്ര ഗ്രഹങ്ങളെല്ലാം അവയുടെ സ്ഥാനവും ക്രമവും വിട്ട് കൊഴിഞ്ഞു വീഴുന്നു.
(3) പര്‍വതങ്ങള്‍ അവയുടെ സ്ഥാനം വിട്ട് നീക്കപ്പെടുകയും തട്ടിത്തകര്‍ക്കപ്പെടുകയും ചെയ്യുന്നു.
(4) അറബികളുടെ അടുക്കല്‍ പ്രത്യേക പരിഗണനയുള്ളതും, അവരുടെ സമ്പത്തുക്കളില്‍ വിലപ്പെട്ടതുമായ പൂര്‍ണ്ണ ഗര്‍ഭിണികളായ ഒട്ടകങ്ങള്‍ പോലും അഗണ്യകോടിയില്‍ തള്ളപ്പെടുന്നു. അവയെപ്പറ്റി ശ്രദ്ധിക്കുവാന്‍ ആര്‍ക്കും അവസരം ഉണ്ടാകയില്ല.
(5) കാട്ടുജീവികളും, ദുഷ്ടജന്തുക്കളും പരിഭ്രാന്തി നിമിത്തം പരസ്പരം യാതൊരു അക്രമമോ എതിര്‍പ്പോ കൂടാതെ കൂടിക്കലരുന്നു.
(6) ഭൂമിയുടെ സ്വഭാവം പാടെ മാറിപ്പോകുന്ന കൂട്ടത്തില്‍ സമുദ്രങ്ങള്‍ തിളച്ചുമറിയുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നു. അല്ലെങ്കില്‍ സമുദ്രജലം വറ്റി തല്‍സ്ഥാനത്തു തീപിടിച്ചു പോകുന്നു എന്നും സാരമായിരിക്കാം. ഇപ്പറഞ്ഞതെല്ലാം ആകാശ ഭൂമികളില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാകുന്നു. അതെ, ഭൂമിയും ആകാശവും ഇന്നത്തേതില്‍ നിന്നു വളരെ വ്യത്യസ്തമായ മറ്റൊരു രൂപത്തില്‍ മാറ്റം ചെയ്യപ്പെടുന്ന ദിവസമാണത്.

(يَوْمَ تُبَدَّلُ ٱلْأَرْضُ غَيْرَ ٱلْأَرْضِ وَٱلسَّمَـٰوَ‌ٰتُسورة ابراهيم)

(7) ഓരോ തരത്തിലുള്ള ആളുകളും അതേ തരത്തിലുള്ള ആളുകളുമായി ഇണക്കപ്പെടുന്നു. അഥവാ നല്ലവര്‍ നല്ലവരുമായും, ചീത്തപ്പെട്ടവര്‍ ചീത്തപ്പെട്ടവരുമായും കൂട്ടിച്ചേര്‍ക്കപെടും. അല്ലെങ്കില്‍ ഓരോ ആത്മാവും അതിന്റെ ജഡവുമായി സംയോജിപ്പിക്കപ്പെടുമെന്നു സാരം. 7-ാം വചനത്തിന് ഈ രണ്ട് പ്രകാരത്തിലും വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു.
(8) പെണ്‍കുഞ്ഞു പിറക്കുമ്പോള്‍ ദാരിദ്ര്യവും അപമാനവും ഭയന്ന് അതിനെ ജീവനോടെ കുഴിച്ചുമൂടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നുവല്ലോ. ആ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുവാന്‍ അവര്‍ ചെയ്ത തെറ്റുകുറ്റങ്ങളെന്തെന്നു ചോദ്യം ചെയ്യപ്പെടുന്നു. അഥവാ അവരുടെ കാര്യം പ്രത്യേകം വിചാരണക്കു വരുന്നു.
(9) ഒരോരുത്തന്റെ സകലകര്‍മങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടുകള്‍ ഹാജരാക്കപ്പെടുകയും അവരവര്‍ വായിച്ചു നോക്കുമാറ് അവ നിവര്‍ത്തി കൈകളില്‍ നല്‍കപ്പെടുകയും ചെയ്യുന്നു.
(10) മൃഗങ്ങളുടെ തോലുരിച്ചെടുക്കുന്നതു പോലെ ആകാശത്തിന്റെ മറകളെല്ലാം നീക്കി മാറ്റി അവ നഗ്നമാക്കി വെളിവാക്കപ്പെടുന്നു.
(11) എത്രയോ കാലമായി കത്തി ജ്വലിച്ചു കൊണ്ടിരിക്കുന്ന നരകം അന്നു പ്രത്യേകം ആളിക്കത്തിക്കപ്പെടുന്നു.
(12) സ്വര്‍ഗം സജ്ജനങ്ങളുടെ അടുക്കലേക്കു അടുപ്പിച്ചുകൊണ്ടുവരപ്പെടുന്നു.

وَأُزْلِفَتِ ٱلْجَنَّةُ لِلْمُتَّقِينَ ﴿٩٠﴾ وَبُرِّزَتِ ٱلْجَحِيمُ لِلْغَاوِينَ ﴿٩١﴾ سورة الشعراء

(സ്വര്‍ഗം ഭയഭക്തന്മാരിലേക്ക് അടുപ്പിക്കപ്പെടും, ജ്വലിക്കുന്ന നരകം ദുര്‍മാര്‍ഗികളിലെക്ക് വെളിവാക്കപ്പെടുകയും ചെയ്യും)

ഇങ്ങനെയുള്ള അതിഗൗരവ ഘട്ടങ്ങള്‍ അനുഭവത്തില്‍ കാണുന്ന അവസരത്തില്‍ ഓരോ ആള്‍ക്കും ശരിക്കും അറിയാറാകും, താന്‍ ഏതെല്ലാം കര്‍മങ്ങളാണ് മുന്‍ജീവിതത്തില്‍വെച്ച് തയ്യാറാക്കിക്കൊണ്ടു വന്നിരിക്കുന്നത്, അവയില്‍ സല്‍കര്‍മം ഏതൊക്കെയാണ്, ദുഷ്കര്‍മം ഏതെല്ലാമാണ് എന്നൊക്കെ. എല്ലാം അവന്റെ ഏടിലും അവന്റെ ഓര്‍മയിലും അവനു തെളിഞ്ഞു കാണും. ആ അവസരത്തില്‍ സ്വന്തം ഏടില്‍ സല്‍കര്‍മങ്ങള്‍ കണ്ടാനന്ദിക്കുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തിത്തരട്ടെ, ആമീന്‍.

81:15
  • فَلَآ أُقْسِمُ بِٱلْخُنَّسِ ﴾١٥﴿
  • എന്നാല്‍, പിന്‍വാങ്ങിപ്പോകുന്നവകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;-
  • فَلَا أُقْسِمُ എന്നാല്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു بِالْخُنَّسِ പിന്മാറി (മടങ്ങി) പ്പോകുന്നവകൊണ്ട്
81:16
  • ٱلْجَوَارِ ٱلْكُنَّسِ ﴾١٦﴿
  • (അതായത്) സഞ്ചരിച്ചുകൊണ്ടിരിക്കുന്നവ; അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവ;
  • الْجَوَارِ നടക്കുന്നവ, സഞ്ചരിക്കുന്നവ الْكُنَّسِ മറഞ്ഞു പോകുന്നവ, അപ്രത്യക്ഷമാകുന്നവ
81:17
  • وَٱلَّيْلِ إِذَا عَسْعَسَ ﴾١٧﴿
  • രാത്രി (ഇരുട്ടുമായി മുന്നോട്ടു - അല്ലെങ്കില്‍ പിന്നോട്ടു) ഗമിക്കുമ്പോള്‍ അതുകൊണ്ടും;-
  • وَاللَّيْلِ രാത്രിയെക്കൊണ്ടും إِذَا عَسْعَسَ അതു മുമ്പോട്ട് (അല്ലെങ്കില്‍ പിമ്പോട്ട്) ഗമിക്കുമ്പോള്‍, ഇരുട്ടിവരുമ്പോള്‍
81:18
  • وَٱلصُّبْحِ إِذَا تَنَفَّسَ ﴾١٨﴿
  • പ്രഭാതം (വികസിച്ച്) വെളിച്ചം വീശിവരുമ്പോള്‍ അതു കൊണ്ടും (സത്യം ചെയ്തു പറയുന്നു);-
  • وَالصُّبْحِ പ്രഭാതംകൊണ്ടും إِذَا تَنَفَّسَ അത് വെളിച്ചപ്പെട്ടു (വിടര്‍ന്നു) വരുമ്പോള്‍, ആശ്വാസം കൊള്ളുമ്പോള്‍
81:19
  • إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ ﴾١٩﴿
  • നിശ്ചയമായും ഇത് [ഖുര്‍ആന്‍] മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു;-
  • إِنَّهُ നിശ്ചയമായും അത് لَقَوْلُ വാക്കുതന്നെ رَسُولٍ كَرِيمٍ മാന്യമായ ഒരു ദൂതന്‍റെ
81:20
  • ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ ﴾٢٠﴿
  • (അതെ) ശക്തിമാനായുള്ളവന്‍, ‘അര്‍ശിന്റെ’ [സിംഹാസനത്തിന്‍റെ] ഉടമസ്ഥന്‍റെ അടുക്കല്‍ സ്ഥാനമുള്ളവന്‍.-
  • ذِي قُوَّةٍ ശക്തിമാനായ عِندَ ذِي الْعَرْشِ അര്‍ശിന്‍റെ ഉടമസ്ഥന്‍റെ അടുക്കല്‍ مَكِينٍ സ്ഥാനി
81:21
  • مُّطَاعٍ ثَمَّ أَمِينٍ ﴾٢١﴿
  • അവിടെ അനുസരിക്കപ്പെടുന്നവന്‍, വിശ്വസ്തന്‍. [അങ്ങനെയുള്ള ഒരു ദൂതന്‍റെ വാക്കാണ്‌.]
  • مُّطَاعٍ അനുസരിക്കപ്പെട്ടവന്‍ ثَمَّ അവിടെ أَمِينٍ വിശ്വസ്തന്‍

لااقسم (ഞാന്‍ സത്യം ചെയ്തു പറയുന്നു) എന്ന വാക്കിന്റെ ഘടനയെയും അര്‍ത്ഥത്തെയും സംബന്ധിചു സൂ: വാഖ്വിഅ: (الواقعة)യിലും മറ്റും പ്രസ്താവിച്ചത് ഓര്‍ക്കുക. മൂന്നു വസ്തുക്കളെക്കൊണ്ട് അല്ലാഹു ഇവിടെ സത്യം ചെയ്തു പറഞ്ഞിരിക്കുന്നു:

(1) നക്ഷത്രങ്ങളെക്കൊണ്ട്. രാത്രി നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും പകല്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ചില നക്ഷത്രങ്ങള്‍ അവയുടെ സഞ്ചാര പഥത്തിലൂടെ മുന്നോട്ടു വന്നു പ്രത്യക്ഷപ്പെട്ടതിനു ശേഷം വീണ്ടും പിന്നോട്ടു മടങ്ങി കാഴ്ചയില്‍ നിന്ന് മറഞ്ഞു പോകുന്നു. നക്ഷത്രങ്ങളുടെ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങളാണ് 15, 16 വചനങ്ങളില്‍ (الخُنَّس، الْجَوَارِِ الكنَّسِ) എന്നു പറഞ്ഞിരിക്കുന്നത്.

(2) രാത്രിയെക്കൊണ്ടു. ‘മുമ്പോട്ടുവെച്ചു’ എന്നും, ‘പിമ്പോട്ടുവെച്ചു’ എന്നുമുള്ള രണ്ട് വിപരീതാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വാക്കാണ്‌ عسعس എന്ന ക്രിയ. അതുകൊണ്ട് 17-ാം വചനത്തില്‍ രാത്രിയുടെ സ്വഭാവവിശേഷമായി പ്രസ്താവിച്ച ആ വാക്കിന്റെ താൽപര്യം രാത്രി ഇരുട്ടുമായി മുമ്പോട്ടു വരുന്ന അവസരത്തില്‍ എന്നോ, അല്ലെങ്കില്‍ അതു അതിന്റെ ഇരുട്ടും കൊണ്ട് പിന്നോട്ടു പോകുന്ന അവസരത്തില്‍ എന്നോ ആകാവുന്നതാകുന്നു. രണ്ടായിരുന്നാലും കാര്യം വ്യക്തമാണല്ലോ.

(3) പ്രഭാതംകൊണ്ട്. പ്രഭാതത്തിന്റെ വിശേഷതയായി പ്രസ്താവിച്ച تنفس എന്ന വാക്കിനു ‘ആശ്വസിച്ചു, ശ്വസിച്ചു, വികസിച്ചു, വെളിപ്പെട്ടു’ എന്നൊക്കെ സന്ദര്‍ഭമനുസരിച്ച് അര്‍ത്ഥം വരുന്നതാണ്. പ്രഭാതം അതിന്റെ വെളിച്ചം പരത്തിക്കൊണ്ട് വെളിപ്പെട്ട് വ്യാപിക്കുന്ന അവസ്ഥയാണ് 18-ാം വചനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ചിരിക്കുന്ന ഓരോ സത്യവാചകങ്ങള്‍ പരിശോധിച്ചാലും ചിന്തിക്കുന്നവര്‍ക്കു അതില്‍ പല തത്വങ്ങളും പാഠങ്ങളും ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നതായി കാണാവുന്നതാണ്.

വിശുദ്ധ ഖുര്‍ആനിന്റെ സത്യത സ്ഥാപിക്കുകയാണ് ഈ സത്യങ്ങള്‍ മുഖേന അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിങ്കല്‍ നിന്നു ഖുര്‍ആന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വന്നുകിട്ടുന്നത് ജിബ്രീല്‍ (عليه السلام) മുഖേനയാണല്ലോ. അദ്ദേഹം വളരെ മാന്യനായ ഒരു ദൈവദൂതനാകുന്നു. വളരെ ശക്തിമാനും, ലോകാലോകങ്ങളുടെ സിംഹാസനാധിപതിയായ അല്ലാഹുവിന്റെ അടുക്കല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങളുള്ള മഹാനുമത്രെ. മാത്രമല്ല, അവിടെ – അഥവാ മലക്കുകളുടെ ആവാസകേന്ദ്രമായ ‘മലഉല്‍ അഅ് ലാ’യില്‍ – അനുസരിക്കപ്പെടുന്ന നേതാവുമാണ്. ഇത്രയും മഹാനും, വിശ്വസ്തനും, യോഗ്യനുമായ ആ മലക്കാണ് തിരുമേനിക്കു ഖുര്‍ആന്‍ എത്തിച്ചുകൊടുക്കുന്നത്. അദ്ദേഹം പറഞ്ഞുകൊടുക്കുന്ന അതേ വചനങ്ങളാണ് ഖുര്‍ആന്‍. അപ്പോള്‍, ഖുര്‍ആന്‍ വന്നു കിട്ടിയ മാര്‍ഗം അങ്ങേയറ്റം സുരക്ഷിതവും വിശ്വസനീയവുമാകുന്നു. എനി, ആ മഹാദൂതനില്‍ നിന്നു അത് ഏറ്റുവാങ്ങി സമുദായമദ്ധ്യേ ഓതിക്കേള്‍പ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന ആ ദൈവദൂതന്റെ – അതെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ – സ്ഥിതിയോ? അതാണ്‌ അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്‌. അല്ലാഹു പറയുന്നു:-

81:22
  • وَمَا صَاحِبُكُم بِمَجْنُونٍ ﴾٢٢﴿
  • നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തന്‍ അല്ലതാനും.
  • وَمَا അല്ല, അല്ലതാനും صَاحِبُكُم നിങ്ങളുടെ ചങ്ങാതി, കൂട്ടാളി بِمَجْنُونٍ ഒരു ഭ്രാന്തന്‍
81:23
  • وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ ﴾٢٣﴿
  • തീര്‍ച്ചയായും അദ്ദേഹത്തെ [ആ ദൂതനെ] പ്രത്യക്ഷമായ (നഭോ) മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്
  • وَلَقَدْ رَءَاهُ തീര്‍ച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട് بِالْأُفُقِ നഭോമണ്ഡലത്തില്‍ (ഉപരി) മണ്ഡലത്തില്‍, ചക്രവാളത്തില്‍, വെച്ച് الْمُبِينِ പ്രത്യക്ഷമായ
81:24
  • وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ ﴾٢٤﴿
  • അദ്ദേഹമാകട്ടെ, അദൃശ്യവാര്‍ത്തയെപറ്റി പിശുക്ക് കാണിക്കുന്ന ആളുമല്ല.
  • وَمَا هُوَ അദ്ദേഹം അല്ലതാനും عَلَى الْغَيْبِ അദൃശ്യ വിവരത്തെക്കുറിച്ചു, മറഞ്ഞ വിഷയത്തില്‍ بِضَنِينٍ പിശുക്ക് (ലുബ്ധ്) പിടിക്കുന്നവന്‍
81:25
  • وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ ﴾٢٥﴿
  • അതു [ഖുര്‍ആന്‍] ആട്ടപ്പെട്ട [ശപിക്കപെട്ട] വല്ല പിശാചിന്‍റെ വാക്കും അല്ല.
  • وَمَا هُوَ അതല്ലതാനും بِقَوْلِ شَيْطَانٍ വല്ല പിശാചിന്‍റെയും വചനം, ഒരു പിശാചിന്‍റെ വാക്ക് رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട

അതെ, അദ്ദേഹം നിങ്ങള്‍ക്കു സുപരിചിതനാണ്. അദ്ദേഹം ജനിച്ചു വളര്‍ന്നതും ജീവിച്ചുവരുന്നതും നിങ്ങള്‍ക്കിടയില്‍ തന്നെ. അദ്ദേഹത്തിനു ഭ്രാന്തോ ബുദ്ധിഭ്രമമോ ഒന്നുമില്ല. അദ്ദേഹം ബുദ്ധിമാനും വിശ്വസ്തനുമാണ്‌, എന്നൊക്കെ നിങ്ങള്‍ക്കറിയാമല്ലോ. മുകളില്‍ പ്രസ്താവിക്കപ്പെട്ട ആ മഹാദൂതനെ അദ്ദേഹം നേരില്‍ തന്നെ ഉപരിമണ്ഡലത്തില്‍വെച്ച് കണ്ടു പരിചയപ്പെട്ടിട്ടുണ്ട്. അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന അദൃശ്യ വിവരങ്ങള്‍ അതേപടി എത്തിച്ചു കൊടുക്കുന്നതില്‍ വല്ല വിധേനയും പിശുക്കുകാട്ടി ഒളിച്ചും മറച്ചും വെക്കുന്ന സ്വഭാവക്കാരനുമല്ല അദ്ദേഹം. നിങ്ങള്‍ ജല്പിക്കാറുള്ളതുപോലെ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്നും ആട്ടി ദൂരത്താക്കപ്പെട്ട വല്ല പിശാചും മുഖേന ലഭിച്ചതുമല്ല ഈ ഖുര്‍ആന്‍. വളരെ അനുഗ്രഹീതനും മാന്യനുമായ ആള്‍ വഴിയല്ലാതെ – അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കു പാത്രമായ പിശാചുക്കളില്‍ നിന്ന് – ഇത്തരം ഉല്‍കൃഷ്ടവും പരിപാവനവുമായ വചനങ്ങള്‍ എങ്ങനെ ലഭിക്കുവാനാണ്?! നിങ്ങള്‍ ഒട്ടും ആലോചിക്കുന്നില്ലേ?! എന്നൊക്കെയാണ് ഈ വചനങ്ങളുടെ രത്നച്ചുരുക്കം. ജിബ്രീല്‍ (عليه السلام) നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പലവട്ടം കാണുകയുണ്ടായിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ രണ്ടുപ്രാവശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കണ്ടിട്ടുണ്ടെന്നും പ്രസിദ്ധമാണല്ലോ. സാക്ഷാല്‍ രൂപത്തിലുള്ള കാഴ്ച്ചയെക്കുറിച്ചാണ് 23-ാം വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.

81:26
  • فَأَيْنَ تَذْهَبُونَ ﴾٢٦﴿
  • അപ്പോള്‍, എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്?!
  • فَأَيْنَ അപ്പോള്‍ (എന്നിരിക്കെ) എങ്ങോട്ടാണ്, എവിടെ تَذْهَبُونَ നിങ്ങള്‍ പോകുന്നു, പോകും
81:27
  • إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ ﴾٢٧﴿
  • അതു ലോകര്‍ക്കുവേണ്ടിയുള്ള ഒരു ഉപദേശം (അഥവാ ഉല്‍ബോധനം) അല്ലാതെ (മറ്റൊന്നും) അല്ല.
  • إِنْ هُوَ അതല്ല إِلَّا ذِكْرٌ ഒരു ഉപദേശം (സ്മരണ, ഉല്‍ബോധനം) അല്ലാതെ لِّلْعَالَمِينَ ലോകര്‍ക്കുവേണ്ടി
81:28
  • لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ ﴾٢٨﴿
  • അതായത് നിങ്ങളില്‍ നിന്നു ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിച്ചവര്‍ക്കു വേണ്ടി.
  • لِمَن شَاءَ അതായത് ഉദ്ദേശിച്ചവര്‍ക്ക് مِنكُمْ നിങ്ങളില്‍ നിന്ന് أَن يَسْتَقِيمَ താന്‍ ചൊവ്വിനു നില്‍ക്കുവാന്‍
81:29
  • وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ ﴾٢٩﴿
  • ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ലതാനും.
  • وَمَا تَشَاءُونَ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ലതാനും إِلَّا أَن يَشَاءَ ഉദ്ദേശിക്കുന്നതായാലല്ലാതെ اللَّـهُ അല്ലാഹു رَبُّ الْعَالَمِينَ ലോകരുടെ രക്ഷിതാവായ

വാസ്തവം മേല്‍ വിവരിച്ച പ്രകാരത്തിലാണുള്ളത്. എന്നിരിക്കെ നിങ്ങളുടെ ദുര്‍ന്യായങ്ങളും കള്ളവാദങ്ങളും സ്ഥാപിക്കുവാന്‍ എന്തു മാര്‍ഗമാണ് നിങ്ങള്‍ക്കുള്ളത്‌? എവിടെപ്പോയിട്ടാണ് നിങ്ങള്‍ക്കതിനു സാധ്യമാകുക? ഇല്ല, ഒന്നുമില്ല, എവിടെയുമില്ല. ലോകര്‍ക്കു ആകമാനം വേണ്ടിയുള്ള ഉപദേശവും ഉല്‍ബോധനവും മാത്രമാണ് ഈ ഖുര്‍ആന്‍. ഇതാണ് പരമാര്‍ത്ഥം. പക്ഷെ, നേര്‍മാര്‍ഗത്തില്‍ ചൊവ്വിനു നിലകൊള്ളുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കേ അതിന്റെ പ്രയോജനം ലഭിക്കയുള്ളൂ. നേരെമറിച്ച് നിങ്ങളെപ്പോലെ നിഷേധത്തിലും മര്‍ക്കടമുഷ്ടിയിലും നിലകൊള്ളുന്നവര്‍ക്ക് അതുകൊണ്ട് നേട്ടമൊന്നും കൈവരുവാനില്ല എന്നു സാരം. ‘ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുന്നതല്ല’ എന്നു അല്ലാഹു അവസാനമായി ഉണര്‍ത്തിയിരിക്കുന്നു. ഒരു വമ്പിച്ച മൗലിക യാഥാര്‍ത്ഥ്യമാകുന്ന ഈ വിഷയത്തെപറ്റി സൂറത്തുല്‍ ഇന്‍സാന്‍ 30-ാം വചനത്തിന്റെ വിവരണത്തില്‍ വായിച്ചത് ഓര്‍ക്കുക.

19-ാം വചനത്തില്‍ رَسُولٍ كَرِيمٍ (മാന്യനായ ഒരു ദൂതന്‍) എന്നു പറഞ്ഞത് ജിബ്‌രീല്‍ (عليه السلام) എന്ന മലക്കിനെ ഉദ്ദേശിച്ചാണെന്നും, ഖുര്‍ആന്‍ അദ്ദേഹത്തിന്റെ വാക്കാണെന്നു പറഞ്ഞതിന്റെ താല്‍പര്യം, അദ്ദേഹമാണ് അല്ലാഹുവിങ്കല്‍ നിന്ന് അത് ഏറ്റുവാങ്ങി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് ഓതിക്കൊടുക്കുന്നതെന്നാണെന്നും മേല്‍ വിവരിച്ചതില്‍ നിന്നും സ്പഷ്ടമാണല്ലോ. ഖുര്‍ആന്‍ വ്യഖ്യാതാക്കള്‍ പൊതുവില്‍ അംഗീകരിച്ചിരിക്കുന്നതും ഇതു തന്നെയാണ്. എന്നാല്‍ ‘മാന്യനായ ദൂതന്‍’ എന്നു പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചാണെന്നും ചിലര്‍ പ്രസ്താവിച്ചിട്ടുണ്ട്. 20 മുതല്‍ 23 കൂടിയ വചനങ്ങള്‍ ശാന്തമായി പരിശോധിക്കുമ്പോള്‍ ഈ അഭിപ്രായത്തിനു പ്രസക്തിയില്ലെന്നു കാണാവുന്നതാണ്. 22-ാം വചനത്തില്‍ صَاحِبُكُم (നിങ്ങളുടെ ചങ്ങാതി) എന്നു പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ സംശയമില്ല. വഹ് യ് ലഭിക്കുന്നത് മലക്ക് മുഖാന്തരമായതുകൊണ്ട് ആദ്യം മലക്കിന്റെ വിശ്വാസ്യതയും യോഗ്യതയും സ്ഥാപിച്ച ശേഷം ആ വഹ് യിന്റെ പ്രബോധകനും അവര്‍ക്ക് സുപരിചിതനുമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വിശ്വാസ്യത ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. തുടര്‍ന്നുകൊണ്ട് 23-ാം വചനത്തില്‍ രണ്ടു ദൂതന്മാരും – മലക്കാകുന്ന ദൂതനും മനുഷ്യനാകുന്ന ദൂതനും – തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ള വസ്തുതയും ചൂണ്ടിക്കാട്ടിയിരിക്കുന്നു. പിന്നീട് 24-ാം വചനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് യാതൊരു ആശങ്കക്കും അവകാശമില്ലെന്നും 25-ല്‍ നിഷേധികളുടെ ജല്‍പനം വെറും മിഥ്യയാണെന്നും പ്രസ്താവിച്ചിരിക്കുന്നു.

മാന്യനായ ഒരു ദൂതന്‍ (رَسُولٍ كَرِيمٍ) എന്നു 19-ാം വചനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയാണെന്ന അഭിപ്രായം സ്വീകരിച്ചുകൊണ്ട് തുടര്‍ന്നു പറഞ്ഞ വിശേഷണങ്ങളെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെതായി വ്യാഖ്യാനിക്കുവാന്‍ സാഹസപ്പെടുന്ന കൂട്ടത്തില്‍ ചില പുത്തന്‍ വ്യഖ്യാനക്കാര്‍ – സൂറത്തുന്നജ്മില്‍ അവര്‍ ചെയ്തിരിക്കുന്നതു പോലെ – ഒരു വൃഥാശ്രമം ഇവിടെയും നടത്തിക്കാണുന്നു. അങ്ങനെ, 23-ാം വചനത്തിന് ‘അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ തെളിഞ്ഞ മണ്ഡലത്തിലാണ്‌ കണ്ടതെ’ന്നും. അഥവാ ‘തിരുമേനി ഉന്നത നിലവാരത്തിലുള്ള ആളാണെ’ന്നും മറ്റും അവര്‍ അര്‍ത്ഥ വ്യാഖ്യാനം നല്‍കിയിരിക്കുന്നു. സൂറത്തുന്നജ്മില്‍ വെച്ച് ഇവരുടെ ഈ അര്‍ത്ഥവ്യാഖ്യാനത്തിന്റെ പൊള്ളത്തരവും, അതിന് അവരെ പ്രേരിപ്പിച്ച ചേതോവികാരവും നാം എടുത്തുകാട്ടിയിട്ടുണ്ട്. അതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്നാലും, ‘മാന്യനായ ദൂതന്‍ (رَسُولٍ كَرِيمٍ) എന്ന വാക്ക് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചുതന്നെയാണെന്നു താല്‍പര്യപൂര്‍വം സമര്‍ത്ഥിക്കുവാന്‍ ഇവര്‍ കൊണ്ടുവന്ന ചില ന്യായങ്ങളെക്കുറിച്ച് അല്പമൊന്ന് ഉണര്‍ത്തേണ്ടിയിരിക്കുന്നു. സൂറത്തുല്‍ ഹാഖ്‌-ഖ്വ: 40-ാം വചനത്തില്‍ ഇതേവാക്ക് (رَسُولٍ كَرِيمٍ) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ച് പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇവിടെയും അങ്ങനെത്തന്നെ ആയിരിക്കണമെന്നാണ് ഇവരുടെ ന്യായം. ദൂതന്റെ വിശേഷണമായി (21-ാം വചനത്തില്‍) വിശ്വസ്തന്‍ (أمين) എന്നു പറഞ്ഞുവല്ലോ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് (الأمين) എന്നൊരു സ്ഥാനപ്പേര്‍ പറയപ്പെട്ടു വന്നിരുന്നത് പ്രസ്താവ്യവുമാണ്. ആകയാല്‍ ‘മാന്യനായ ദൂതന്‍’ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്നെയാണെന്നുള്ളതിന് ഇതും ഒരു തെളിവാണ് എന്നത്രെ മറ്റൊരു ന്യായം.

ഒന്നാമത്തെ ന്യായത്തിനുള്ള മറുപടി ഇതാണ്: സൂറത്തുല്‍ ഹാഖ്‌-ഖ്വ:യില്‍ മാന്യനായ ഒരു ദൂതന്‍ (رَسُولٍ كَرِيمٍ) എന്നു പറഞ്ഞതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉദ്ദേശിച്ചു തന്നെ, സംശയമില്ല. അതുകൊണ്ട് ഈ വാക്കു കാണുന്നിടത്തെല്ലാം അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചാവണമെന്നില്ല. ഒരു നിശ്ചിത വ്യക്തിയെപ്പറ്റി മാത്രം പറയപ്പെടാവുന്ന ഒരു പ്രത്യേകനാമം (معرفة) അല്ല അത്. കേവലം മാന്യനും ദൂതനുമായ ഏതൊരാളെക്കുറിച്ചും പറയപ്പെടാവുന്ന ഒരു സാമാന്യനാമം (نكرة) മാത്രമാണത്. മലക്കെന്നോ മനുഷ്യനെന്നോ ഉള്ള വ്യത്യാസത്തിനും അതില്‍ പരിഗണനയില്ല. മാത്രമല്ല, സൂ:ഹാഖ്‍‌ഖ്വ:യിലെ സന്ദര്‍ഭവും, ഈ സൂറത്തിലെ സന്ദര്‍ഭവും വ്യത്യസ്തമാണുതാനും. ഇതു സംബന്ധിച്ചു നാം അവിടെ ഉണര്‍ത്തിയിട്ടുമുണ്ട്. രണ്ടാമത്തെ ന്യായത്തിന്റെ മറുപടി ഇതാണ്. امين എന്ന വിശേഷണവും തന്നെ സാമാന്യനാമമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രത്യേക വിശേഷണമെന്ന നിലക്കായിരുന്നു അതിവിടെ പറഞ്ഞിരുന്നതെങ്കില്‍ അതില്‍ ‘അല്‍’ (ال) എന്ന അവ്യയം ചേര്‍ത്തു الامين എന്നു പ്രത്യേകിപ്പിക്കുമായിരുന്നു. അങ്ങനെ ചെയ്യാത്ത സ്ഥിതിക്കു അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിശേഷണമായിരിക്കണമെന്നുള്ളതിനു അതു തെളിവല്ല. പല നബിമാരെക്കുറിച്ചും സു: ശൂഅറാഇല്‍ رسول امين (വിശ്വസ്തനായ ഒരു ദൂതന്‍) എന്നു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. ഇതിനു പുറമെ, അതേ സൂറത്തില്‍ ജിബ്രീലിനെക്കുറിച്ച് തന്നെ روح الامين (വിശ്വസ്തനായ ആത്മാവു) എന്നു ال ചേര്‍ത്തു പ്രസ്താവിച്ചിട്ടുമുണ്ട്. (അറബി വ്യാകരണത്തില്‍ അല്പമെങ്കിലും പരിചയം നേടിയവര്‍ക്കെല്ലാം വേഗം മനസ്സിലാക്കാവുന്നതത്രെ ഈ വ്യത്യാസം). ചില സ്വന്തം താല്‍പര്യങ്ങളെ മനസ്സില്‍ വെച്ചുകൊണ്ട് അവയുടെ സംരക്ഷണത്തിനും നീതീകരണത്തിനും വേണ്ടി നടത്തപ്പെടുന്ന ദുര്‍വ്യാഖ്യാനം എന്നതില്‍ കവിഞ്ഞു ഇതിലൊന്നും യാതൊരു കഴമ്പുമില്ല.

هدانا الله الى الصراط المستقيم وله الحمد والمنة والفضل