വിഭാഗം - 2

52:29
  • فَذَكِّرْ فَمَآ أَنتَ بِنِعْمَتِ رَبِّكَ بِكَاهِنٍ وَلَا مَجْنُونٍ ﴾٢٩﴿
  • ആകയാല്‍, (നബിയേ) നീ ഓര്‍മ്മിപ്പിക്കുക [ഉല്‍ബോധനം ചെയ്യുക]. എന്നാല്‍, നിന്റെ റബ്ബിന്റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്നക്കാരനുമല്ല, ഭ്രാന്തനുമല്ല.
  • فَذَكِّرْ ആകയാല്‍ നീ ഓര്‍മ്മിപ്പിക്കുക, ഉപദേശിക്കുക فَمَا أَنتَ എന്നാല്‍ നീ അല്ല بِنِعْمَتِ رَبِّكَ നിന്റെ റബ്ബിന്റെ അനുഗ്രഹം കൊണ്ടു بِكَاهِنٍ പ്രശ്നക്കാരന്‍ وَلَا مَجْنُونٍ ഭ്രാന്തനുമല്ല

സ്ഥിതിഗതികളുടെ യാഥാര്‍ത്ഥ്യം മുകളില്‍ വിവരിച്ചതാണ്. എന്നിരിക്കെ, സത്യനിഷേധികളുടെ ആരോപണങ്ങളുടെയും പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളുടെയും നേരെ കണ്ണടച്ചുകൊണ്ട് സത്യപ്രബോധനം തുടര്‍ന്നുകൊള്ളുവാനും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു അവയില്‍ നിന്നെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പരിശുദ്ധനാണെന്നു സമാധാനിച്ചുകൊള്ളുവാനും അല്ലാഹു തിരുമേനിയെ ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ ഏകത്വം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വം, പരലോകജീവിതം എന്നീ മൂന്നു വിഷയങ്ങളാണല്ലോ അവിശ്വാസികളെ ഏറ്റവും അരിശം കൊള്ളിക്കുന്ന മൗലികപ്രധാനമായ വിഷയങ്ങള്‍. ഇവയെ സംബന്ധിച്ചാണ് ശത്രുക്കളില്‍നിന്നു പ്രകടമാകാറുള്ള പേക്കൂത്തുകളധികവും. അവയില്‍ പലതും എടുത്തുദ്ധരിച്ചുകൊണ്ട് അടുത്ത കുറെ വചനങ്ങളില്‍ അല്ലാഹു അവര്‍ക്ക് കനത്ത താക്കീതുകള്‍ നല്‍കുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മര്‍ക്കടമുഷ്ടിയും, ധിക്കാരമനസ്ഥിതിയും കൈമുതലായി സ്വീകരിച്ചിട്ടില്ലാത്ത ഏവരുടെയും ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന ചോദ്യങ്ങള്‍! വീണ്ടുവിചാരമുള്ളവരെ രോമാഞ്ചം കൊള്ളിക്കുന്ന വാചകങ്ങള്‍! ചിന്താശക്തിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്ന പ്രസ്താവനകള്‍! അല്ലാഹു ചോദിക്കുന്നു:-

52:30
  • أَمْ يَقُولُونَ شَاعِرٌ نَّتَرَبَّصُ بِهِۦ رَيْبَ ٱلْمَنُونِ ﴾٣٠﴿
  • അതല്ല, അവര്‍ പറയുന്നുവോ: '(അവന്‍) ഒരു കവിയാണ്; അവനില്‍ കാല (വിപ)ത്തിന്റെ ആശങ്ക (ബാധിക്കുന്നതു) നമുക്കു കാത്തിരിക്കാം' എന്ന്?!
  • أَمْ അതല്ല, അഥവാ, അല്ലെങ്കില്‍, ഒരു പക്ഷേ (ആണോ) يَقُولُونَ അവര്‍ പറയുന്നു (വോ) شَاعِرٌ കവിയാണ്‌ (എന്നു) نَّتَرَبَّصُ بِهِ അവനില്‍ നാം പ്രതീക്ഷിക്കുന്നു, നമ്മുക്കു കാത്തിരിക്കാം رَيْبَ ആശങ്കയെ (വിപത്തിനെ) الْمَنُونِ കാലത്തിന്റെ, മരണത്തിന്റെ
52:31
  • قُلْ تَرَبَّصُوا۟ فَإِنِّى مَعَكُم مِّنَ ٱلْمُتَرَبِّصِينَ ﴾٣١﴿
  • പറയുക: 'നിങ്ങള്‍ കാത്തിരുന്നുകൊള്ളുവിന്‍!- എന്നാല്‍ നിശ്ചയമായും ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്'.
  • قُلْ പറയുക تَرَبَّصُوا നിങ്ങള്‍ പ്രതീക്ഷിക്കു (കാത്തിരിക്കു)വിന്‍ فَإِنِّي مَعَكُم എന്നാല്‍ ഞാന്‍ നിങ്ങളൊന്നിച്ചു مِّنَ الْمُتَرَبِّصِينَ കാത്തിരിക്കുന്ന (പ്രതീക്ഷിക്കുന്ന) വരില്‍ പെട്ടവനാണ്

മുഹമ്മദ് ജോല്‍സ്യക്കാരനാണ്, പ്രശ്നക്കാരനാണ്, ഭ്രാന്തനാണ് എന്നൊക്കെ പറയുന്ന അതേ നാവുകള്‍ ചിലപ്പോള്‍ ഇങ്ങിനെ പറയും: അവന്‍ ഒരു കവിയാണ്‌; ഏതെങ്കിലും കാലവിപത്തുകളില്‍പെട്ടു ഏറെത്താമസിയാതെ അവന്റെ കഥ അവസാനിച്ചുകൊള്ളും; അപ്പോള്‍ നമുക്കു അവനെകൊണ്ടുള്ള ശല്യവും ഇല്ലാതാകും; അതുവരെ നാം കാത്തിരിക്കുക എന്നൊക്കെ. ഇതിനു ഇങ്ങിനെ മറുപടി പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: എന്റെ നാശം നിങ്ങള്‍ കാത്തിരിക്കുന്നതുപോലെ നിങ്ങളുടെ നാശം ഞാനും കാത്തിരിക്കുന്നു. ഇവയില്‍ ഏതാണ് സംഭവിക്കുവാന്‍ പോകുന്നതെന്നു നമുക്കു കണ്ടറിയാമല്ലോ.

52:32
  • أَمْ تَأْمُرُهُمْ أَحْلَـٰمُهُم بِهَـٰذَآ ۚ أَمْ هُمْ قَوْمٌ طَاغُونَ ﴾٣٢﴿
  • അതല്ല, അവരുടെ ബുദ്ധികള്‍ അവരോടു ഇപ്രകാരം കല്‍പിക്കുകയാണോ?! അതല്ല, അവര്‍ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?!
  • أَمْ تَأْمُرُهُمْ അതല്ല അവരോടു കല്‍പിക്കുന്നുവോ أَحْلَامُهُم അവരുടെ ബുദ്ധികള്‍ بِهَـٰذَا ഇതിനു, ഇതുകൊണ്ടു أَمْ هُمْ അതല്ല അവര്‍ قَوْمٌ طَاغُونَ അതിക്രമി (ധിക്കാരി)കളായ ഒരു ജനത(യാണോ)
52:33
  • أَمْ يَقُولُونَ تَقَوَّلَهُۥ ۚ بَل لَّا يُؤْمِنُونَ ﴾٣٣﴿
  • അതല്ല, അവര്‍ പറയുന്നുവോ: 'അവനതു (സ്വയം കെട്ടി) പറഞ്ഞുണ്ടാക്കിയിരിക്കുകയാണ്' എന്ന്?! പക്ഷേ, അവര്‍ വിശ്വസിക്കുന്നില്ല. [അതാണ്‌ ഇതിനൊക്കെ കാരണം.]
  • أَمْ يَقُولُونَ അതല്ല അവര്‍ പറയുന്നുവോ تَقَوَّلَهُ അവന്‍ അതു (കെട്ടി) പറഞ്ഞുണ്ടാക്കി بَل പക്ഷേ, എങ്കിലും, എന്നാല്‍ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല
52:34
  • فَلْيَأْتُوا۟ بِحَدِيثٍ مِّثْلِهِۦٓ إِن كَانُوا۟ صَـٰدِقِينَ ﴾٣٤﴿
  • എന്നാല്‍, (അങ്ങിനെയാണെങ്കില്‍) ഇതുപോലുള്ള ഒരു വൃത്താന്തം അവര്‍ കൊണ്ടുവരട്ടെ. അവര്‍ സത്യവാന്മാരാണെങ്കില്‍!
  • فَلْيَأْتُوا എന്നാലവര്‍ വരട്ടെ بِحَدِيثٍ ഒരു വൃത്താന്തംകൊണ്ടു, വര്‍ത്തമാനവുമായി مِّثْلِهِ അതുപോലെയുള്ള إِن كَانُوا അവരാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വയം കെട്ടിപ്പറയുന്നതാണ് ഖുര്‍ആന്‍ എന്നു അവര്‍ വാദിക്കുന്നുവെങ്കില്‍ – യഥാര്‍ത്ഥത്തില്‍ അവരങ്ങിനെ വാദിക്കുന്നുണ്ടു – അതുപോലെ ഒന്നു അവര്‍ കൊണ്ടു വരട്ടെ. അവര്‍ പറയുന്നതു സത്യമാണെങ്കില്‍ അതൊന്നു കാണാമല്ലോ എന്നു അവരെ വെല്ലുവിളിക്കുകയാണ്. ഖുര്‍ആന്നു സമമായി ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ ഖുര്‍ആന്‍ പരസ്യമായി ഒന്നിലധികം പ്രാവശ്യം വെല്ലുവിളിക്കുകയും, അതവര്‍ക്ക് സാധ്യമല്ലെന്നു ഉറപ്പിച്ചു പറയുകയും ചെയുതിട്ടുള്ളതാണല്ലോ.

52:35
  • أَمْ خُلِقُوا۟ مِنْ غَيْرِ شَىْءٍ أَمْ هُمُ ٱلْخَـٰلِقُونَ ﴾٣٥﴿
  • അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവര്‍ (സ്വയം അങ്ങു) സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?! അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍?!
  • أَمْ خُلِقُوا അതല്ല അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ مِنْ غَيْرِ شَيْءٍ യാതൊരു വസ്തുവുമില്ലാതെ أَمْ هُمُ അതല്ല അവരൊ الْخَالِقُونَ സ്രഷ്ടാക്കള്‍

ഏതൊരു നിരീശ്വരവാദിയെയും – അവന്നു ബുദ്ധിയും മനസ്സാക്ഷിയുമുണ്ടെങ്കില്‍ – ഉത്തരം മുട്ടിക്കുന്ന ചോദ്യമാണ് ഈ വചനത്തിലുള്ളത്. മനുഷ്യന്റെ – മനുഷ്യന്റെ മാത്രമല്ല എല്ലാ വസ്തുക്കളുടെയും തന്നെ – ഉത്ഭവത്തെക്കുറിച്ചു ഒരു പ്രകൃതിവാദി എത്രതന്നെ സമര്‍ത്ഥിച്ചാലും, അതിന്റെ അവസാനം അതൊരു പരമ ശൂന്യാവസ്ഥയില്‍ ചെന്നവസാനിക്കാതെ നിവൃത്തിയില്ല. പരമശൂന്യതയില്‍ നിന്നു അസ്തിത്വം നല്‍കിയ ഒരു സൃഷ്ടികര്‍ത്താവ് അനിവാര്യമാണെന്നു അവന്‍ സമ്മതിക്കേണ്ടിവരും. സമ്മതിക്കാത്തപക്ഷം, അതു സ്വയം ഉണ്ടായതാണെന്നു അവന്‍ ശഠിക്കേണ്ടിവരും. അങ്ങിനെയാണെങ്കില്‍ ഈ ലോകത്തു ചില വസ്തുക്കള്‍ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങളാല്‍ രൂപംകൊണ്ടതും മറ്റു ചിലതു യാതൊരു കാരണവും കൂടാതെ സ്വയം രൂപം പൂണ്ടതുമാണെന്നു വിശേഷബുദ്ധിയുണ്ടെങ്കില്‍ – അവന്‍ സമ്മതിക്കാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. അതോടെ പ്രകൃതിയാണ് എല്ലാത്തിന്റെയും കര്‍ത്താവ് എന്നുള്ള അവന്റെ വാദം പൊളിയുന്നു.

52:36
  • أَمْ خَلَقُوا۟ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۚ بَل لَّا يُوقِنُونَ ﴾٣٦﴿
  • അതല്ല, ആകാശങ്ങളെയും, ഭൂമിയെയും അവര്‍ സൃഷ്ടിച്ചിരിക്കുകയാണോ?! പക്ഷേ, (അതൊന്നുമല്ല) അവര്‍ (ഒന്നും) ദൃഡമായി വിശ്വസിക്കുന്നില്ല.
  • أَمْ خَلَقُوا അതല്ല അവര്‍ സൃഷ്ടിച്ചുവോ السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും
    بَل പക്ഷേ لَّا يُوقِنُونَ അവര്‍ ഉറപ്പിക്കുന്നില്ല, ദൃഡമായി വിശ്വസിക്കുന്നില്ല
52:37
  • أَمْ عِندَهُمْ خَزَآئِنُ رَبِّكَ أَمْ هُمُ ٱلْمُصَۣيْطِرُونَ ﴾٣٧﴿
  • അതല്ല, നിന്റെ റബ്ബിന്റെ ഖജനാക്കള്‍ അവരുടെ പക്കലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?!
  • أَمْ عِندَهُمْ അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ خَزَائِنُ ഭണ്ഡാരങ്ങള്‍, ഖജനാക്കള്‍ رَبِّكَ നിന്റെ റബ്ബിന്റെ أَمْ هُمُ അതല്ല അവരോ, അവരാണോ الْمُصَيْطِرُونَ അധികാരം നടത്തുന്നവര്‍, മികച്ചു നില്‍ക്കുന്നവര്‍

ജുബൈറുബ്നു മുത്വ്ഇം (جبير بن مطعم – رضي الله عنه) പറയുകയാണ്‌ : മഗ്രിബ് നമസ്കാരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂഃ ത്വൂര്‍ ഓതുന്നതു ഞാന്‍ കേള്‍ക്കയുണ്ടായി. അവിടുന്നു أَمْ خُلِقُوا എന്നു തുടങ്ങി الْمُصَيْطِرُونَ വരെ, (35, 36, 37 വചനങ്ങള്‍) എത്തിയപ്പോള്‍ എന്റെ ഹൃദയം പറന്നുപോകാറായി.’ (ബു:മു.) അവയിലടങ്ങിയ ചോദ്യങ്ങള്‍ കേട്ട് അദ്ദേഹം സ്തംഭിച്ചുപോയി എന്നു അര്‍ത്ഥം. ബദ്ര്‍ യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടവര്‍ക്കുവേണ്ടി മോചനമൂല്യം കൊടുക്കുവാനായി മദീനയില്‍ വന്നതായിരുന്നു അന്നു ജുബൈര്‍ (رضي الله عنه). അന്നു അദ്ദേഹം വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീടു വിശ്വസിക്കുവാനുള്ള ഒരു കാരണം അതായിരുന്നു. الْمُصَيْطِرُونَ എന്ന വാക്കു ‘സ്വാദി’നു പകരം ‘സീന്‍’ (ചേര്‍ത്തു الْمُسَيْطِرُونَ എന്നും വായനയുണ്ട്. അര്‍ത്ഥത്തില്‍ മാറ്റമില്ല.

52:38
  • أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُم بِسُلْطَـٰنٍ مُّبِينٍ ﴾٣٨﴿
  • അതല്ല, നിങ്ങള്‍ക്കു (കയറിച്ചെന്ന്) ചെവികൊടുത്തു കേള്‍ക്കാവുന്ന വല്ല കോണിയും അവര്‍ക്കുണ്ടോ?! എന്നാല്‍, അവരില്‍ ചെവികൊടുത്തു കേള്‍ക്കുന്നവന്‍ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ!
  • أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ سُلَّمٌ വല്ല കോണിയും, ഏണി يَسْتَمِعُونَ അവര്‍ ചെവി (ശ്രദ്ധ) കൊടുത്തു കേള്‍ക്കും, കേള്‍ക്കാവുന്ന فِيهِ അതില്‍ (കേറിക്കൊണ്ടു) فَلْيَأْتِ എന്നാല്‍ വരട്ടെ مُسْتَمِعُهُم അവരില്‍ ചെവികൊടു(ത്തു കേള്‍) ക്കുന്നവന്‍ بِسُلْطَانٍ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ടു, രേഖയുമായി مُّبِينٍ വ്യക്തമായ

ആകാശത്തു കയറിച്ചെന്ന് അവിടെ നടക്കുന്ന ഉപരിലോകവാര്‍ത്തകള്‍ കേട്ടു മനസ്സിലാക്കിപ്പോരുവാനുള്ള വല്ല കോണിയും – അഥവാ മാര്‍ഗ്ഗവും – അവര്‍ക്കുണ്ടെന്നും, അതുവഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു കളവാണെന്നു തെളിയിക്കുന്ന അധികൃതമായ രേഖ അവരുടെ പക്കലുണ്ടെന്നും അവര്‍ വാദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ ആ രേഖയൊന്നു കാണട്ടെ എന്നു സാരം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആകാശത്തേക്കു കോണിവെച്ചോ മറ്റോ കയറിച്ചെല്ലുവാന്‍ സാധ്യമല്ലെന്നു വ്യക്തമാണ്. ജിന്നുവര്‍ഗ്ഗത്തെക്കുറിച്ചു പറയുകയാണെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആഗമനത്തോടുകൂടി അവര്‍ക്കും ആകാശത്തേക്കുള്ള പ്രവേശനം മുടക്കപ്പെട്ടിരിക്കുന്നു. എനി, മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ ഏതെങ്കിലും വിധേന ആകാശത്തേക്കു കയറിപ്പോകാമെന്നു സങ്കല്‍പിച്ചാല്‍ പോലും ഈ സത്യനിഷേധികളുടെ വാദം ശരിവെക്കുന്ന തെളിവ് അവര്‍ക്കു എവിടെ നിന്നു കിട്ടുവാനാണ്?!

മുന്‍കാലത്തു പിശാചുക്കള്‍ ആകാശത്തേക്കു കയറിച്ചെന്നു മലക്കുകളില്‍നിന്നു ചില വാര്‍ത്തകള്‍ കട്ടുകേട്ടിരുന്നുവെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വത്തോടുകൂടി അതു നിശ്ശേഷം മുടക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും, അതിനെപ്പറ്റി ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്തു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതിന് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തി അടയുകയും ചെയ്യുന്നവര്‍ ഈ ആയത്തു അവര്‍ക്കൊരു തെളിവായി ചൂണ്ടിക്കാട്ടാറുണ്ട്. ഇത് അവര്‍ക്കു തെളിവാകുന്നില്ലെന്നു മേല്‍ വിവരിച്ചതില്‍നിന്നു മനസ്സിലാക്കാം. ഈ വിഷയകമായി സൂഃ ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനകുറിപ്പില്‍ നാം വേണ്ടത്ര വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേണ്ടുന്ന ആവശ്യമില്ല.

52:39
  • أَمْ لَهُ ٱلْبَنَـٰتُ وَلَكُمُ ٱلْبَنُونَ ﴾٣٩﴿
  • അതല്ല, അവനു [അല്ലാഹുവിനു] പെണ്മക്കളും, നിങ്ങള്‍ക്കു ആണ്മക്കളുമാണോ ഉള്ളത്?!
  • أَمْ لَهُ അതല്ല അവനാണോ, അവനുണ്ടോ الْبَنَاتُ പെണ്മക്കള്‍ وَلَكُمُ നിങ്ങള്‍ക്കു, നിങ്ങള്‍ക്കോ الْبَنُونَ ആണ്മക്കളും

മലക്കുകള്‍ അല്ലാഹുവിന്‍റെ പെൺമക്കളാണെന്നു പറയുകയും, അതേ സമയത്ത് തങ്ങള്‍ക്കു പെൺമക്കളുണ്ടാകുന്നപക്ഷം ക്ഷുഭിതരാകുകയും, അവരെ കൊന്നുകളയുവാന്‍ പോലും ധൃഷ്ടരാകുകയും ചെയ്യുന്ന മുശ്രിക്കുകളെ ഉന്നം വെച്ചുകൊണ്ടുള്ളതാണ് ഈ ചോദ്യം.

52:40
  • أَمْ تَسْـَٔلُهُمْ أَجْرًا فَهُم مِّن مَّغْرَمٍ مُّثْقَلُونَ ﴾٤٠﴿
  • അതല്ല, (നബിയേ) അവരോടു നീ വല്ല പ്രതിഫലവും ചോദിച്ചിട്ട് (അതുമൂലം) അവര്‍ കടബാധ്യതയാല്‍ ഭാരപ്പെട്ടിരിക്കുന്നവരാണോ?
  • أَمْ تَسْأَلُهُمْ അതല്ല നീ അവരോടു ചോദിക്കുന്നുവോ أَجْرًا വല്ല പ്രതിഫലവും فَهُم എന്നിട്ടു (അതിനാല്‍) അവര്‍ مِّن مَّغْرَمٍ കടബാധ്യതയില്‍ مُّثْقَلُونَ ഭാരപ്പെട്ടവരാകുന്നു(വോ)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്യുന്ന തത്വങ്ങളെല്ലാം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളായിരുന്നിട്ടും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാതിരിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ ആ പ്രബോധനത്തിന്റെ പേരില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരോടു വമ്പിച്ച വല്ല പ്രതിഫലവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും, അങ്ങിനെ അവര്‍ക്കു താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും, അതു കൊണ്ടാണവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റാന്‍ വൈമനസ്യം കാണിക്കുന്നതെന്നും തോന്നിപ്പോകും! അങ്ങിനെ വല്ലതും ഉണ്ടോ എന്നാണ് ചോദ്യം. അഥവാ അത്രക്കും ശോചനീയമാണവരുടെ നില എന്നു താല്‍പര്യം.

52:41
  • أَمْ عِندَهُمُ ٱلْغَيْبُ فَهُمْ يَكْتُبُونَ ﴾٤١﴿
  • അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കല്‍ ഉണ്ടായിട്ടു അവര്‍ (അതു) എഴുതുന്നുവോ?! [അതനുസരിച്ചാണോ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍?!]
  • أَمْ عِندَهُمُ അതല്ല അവരുടെ പക്കലുണ്ടോ الْغَيْبُ അദൃശ്യജ്ഞാനം , (മറഞ്ഞവിവരം) فَهُمْ എന്നിട്ടവര്‍ يَكْتُبُونَ എഴുതുക(യാണോ), എഴുതുന്നു(വോ)
52:42
  • أَمْ يُرِيدُونَ كَيْدًا ۖ فَٱلَّذِينَ كَفَرُوا۟ هُمُ ٱلْمَكِيدُونَ ﴾٤٢﴿
  • അതല്ല, അവര്‍ വല്ല തന്ത്രവും (നടത്തുവാന്‍) ഉദ്ദേശിക്കുന്നുവോ?! എന്നാല്‍, (ആ) അവിശ്വസിച്ചിട്ടുള്ളവര്‍ തന്നെയാണ് തന്ത്രത്തിലകപ്പെടുന്നവര്‍.
  • أَمْ يُرِيدُونَ അതല്ല അവര്‍ ഉദ്ദേശിക്കുന്നുവോ كَيْدًا വല്ല തന്ത്രവും, ഉപായവും, ചതിയും فَالَّذِينَ كَفَرُوا എന്നാല്‍ അവിശ്വസിച്ചിട്ടുള്ളവര്‍ هُمُ അവര്‍ തന്നെയാണ് الْمَكِيدُونَ തന്ത്രത്തിലകപ്പെടുന്നവര്‍ (തന്ത്രം പിണയുന്നവര്‍)

ഏതെങ്കിലും കുയുക്തിയും, കുതന്ത്രവും ഉപയോഗിച്ച് സത്യപ്രബോധനം തടസ്സപ്പെടുത്തിക്കളയാമെന്ന് അവര്‍ക്ക് ഭാവമുണ്ടെങ്കിൽ, അതിനവര്‍ മിനക്കെടേണ്ടാ അതവര്‍ക്കു തന്നെയാണ് ആപത്തായിത്തീരുക എന്നു താല്‍പര്യം. ഉദാഹരണമായി; ഹിജ്റയുടെ മുമ്പ് അവതരിച്ചതാണ് ഈ അദ്ധ്യായം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഹിജ്റ പുറപ്പെട്ട ആ രാത്രി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൊലപ്പെടുത്തുവാന്‍ അവര്‍ ഗൂഢമായി പരിപാടിയിട്ടു വീടുവളഞ്ഞതും, തിരുമേനി അല്ലാഹുവിന്‍റെ കാവല്‍കൊണ്ടു രക്ഷപ്പെട്ടതും പ്രസിദ്ധമാണ്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ആ വമ്പന്‍മാരെല്ലാം ബദ്റില്‍വെച്ച് അത്ഭുതകരമാംവണ്ണം കൊല്ലപ്പെടുകയും ചെയ്തു.

52:43
  • أَمْ لَهُمْ إِلَـٰهٌ غَيْرُ ٱللَّهِ ۚ سُبْحَـٰنَ ٱللَّهِ عَمَّا يُشْرِكُونَ ﴾٤٣﴿
  • അതല്ല, അവര്‍ക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാധ്യനും [ദൈവവും]?! (ഇല്ല-) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു അല്ലാഹു മഹാ പരിശുദ്ധന്‍!
  • أَمْ لَهُمْ അതല്ല അവര്‍ക്കുണ്ടോ إِلَـٰهٌ വല്ല ദൈവവും غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത سُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധന്‍ عَمَّا يُشْرِكُونَ അവര്‍ പങ്കു ചേര്‍ക്കുന്നതില്‍നിന്നു

ആ മുശ്രിക്കുകളുടെ ഹൃദയങ്ങള്‍ എന്തുമാത്രം ദുഷിച്ചുപോയിട്ടുണ്ടെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

52:44
  • وَإِن يَرَوْا۟ كِسْفًا مِّنَ ٱلسَّمَآءِ سَاقِطًا يَقُولُوا۟ سَحَابٌ مَّرْكُومٌ ﴾٤٤﴿
  • ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവര്‍ (നേരില്‍) കാണുന്നതായാലും അവര്‍ പറയും: 'അട്ടിയിടപ്പെട്ട മേഘമാണ്‌' എന്ന്!
  • وَإِن يَرَوْا അവര്‍ കാണുന്നതായാലും, കണ്ടാല്‍ كِسْفًا ഒരു കഷ്ണം, വല്ല കഷ്ണവും مِّنَ السَّمَاءِ ആകാശത്തുനിന്നു سَاقِطًا വീഴുന്നതായി, വീണതായി يَقُولُوا അവര്‍ പറയും سَحَابٌ മേഘം, മേഘമാണ്‌ مَّرْكُومٌ അട്ടിയാക്കപ്പെട്ട

എന്നിരിക്കെ അവരെങ്ങിനെ സന്മാര്‍ഗ്ഗം പ്രാപിക്കും?! അതെ, അവര്‍ സത്യത്തിലേക്കു മടങ്ങുമെന്നുള്ള പ്രതീക്ഷക്കു പഴുതില്ലാത്തവണ്ണം അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയിരിക്കുന്നു!

52:45
  • فَذَرْهُمْ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى فِيهِ يُصْعَقُونَ ﴾٤٥﴿
  • ആകയാല്‍, (നബിയേ) അവര്‍ ബോധംകെട്ടു (അഥവാ മരണമടഞ്ഞു) പോകുന്ന ആ ദിവസവുമായി അവര്‍ കണ്ടുമുട്ടുന്നതുവരേക്കും അവരെ വിട്ടേക്കുക.
  • فَذَرْهُمْ ആകയാല്‍ അവരെവിട്ടേക്കുക حَتَّىٰ يُلَاقُوا അവര്‍ കണ്ടുമുട്ടുന്നതുവരെ يَوْمَهُمُ الَّذِي അവരുടെ യാതൊരു ദിവസം فِيهِ അതില്‍ يُصْعَقُونَ അവര്‍ക്കു സ്തംഭനം ബാധിക്കും, അവര്‍ ബോധം കെടുത്തപ്പെടും, മരവിക്കും
52:46
  • يَوْمَ لَا يُغْنِى عَنْهُمْ كَيْدُهُمْ شَيْـًٔا وَلَا هُمْ يُنصَرُونَ ﴾٤٦﴿
  • അതായതു, അവരുടെ തന്ത്രം ഒട്ടുംതന്നെ അവര്‍ക്കു ഉപകരിക്കാത്ത, അവര്‍ സഹായിക്കപ്പെടുന്നതുമല്ലാത്ത (ആ) ദിവസം!
  • يَوْمَ لَا يُغْنِي അതായതു ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം عَنْهُمْ അവര്‍ക്കു كَيْدُهُمْ അവരുടെ തന്ത്രം شَيْئًا ഒട്ടും, യാതൊന്നും وَلَا هُمْ يُنصَرُونَ അവര്‍ സഹായിക്കപ്പെടുന്നതുമല്ല
52:47
  • وَإِنَّ لِلَّذِينَ ظَلَمُوا۟ عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٤٧﴿
  • അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു നിശ്ചയമായും അതു കൂടാതെ (വേറെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
  • وَإِنَّ لِلَّذِينَ നിശ്ചയമായും യാതൊരുവര്‍ക്കുണ്ട് ظَلَمُوا അക്രമം ചെയ്ത عَذَابًا ശിക്ഷ دُونَ ذَٰلِكَ അതു കൂടാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല

ബോധംകെട്ടു – അഥവാ മരണപ്പെട്ടു – മരവിച്ചുപോകുന്ന ദിവസം എന്നു പറഞ്ഞതു ഖിയാമാത്തുനാളിനെ ഉദ്ദേശിച്ചും അതു കൂടാതെയും ശിക്ഷയുണ്ട് എന്നു പറഞ്ഞതു ഇഹത്തില്‍വെച്ച് അവര്‍ക്കു അനുഭവപ്പെടുന്ന ശിക്ഷകളെ ഉദ്ദേശിച്ചുമാണ് എന്നത്രെ മനസ്സിലാകുന്നത് : ആദ്യത്തേതു ബദ്റില്‍ അവര്‍ക്കു ബാധിച്ച ശിക്ഷയെയും, രണ്ടാമത്തേതു അതിനുമുമ്പായി അവര്‍ക്കു ബാധിച്ചിരുന്ന – ഏഴുകൊല്ലത്തോളം നീണ്ടുനിന്ന – ക്ഷാമം പോലെയുള്ളതിനെയും ഉദ്ദേശിച്ചാണെന്നും, അതല്ല ആദ്യത്തേതു ഐഹിക ശിക്ഷയെയും, രണ്ടാമത്തേതു പരലോക ശിക്ഷയെയുമാണ് കുറിക്കുന്നതെന്നും ഇവിടെ അഭിപ്രായങ്ങളുണ്ട്. الله اعلم എതായാലും, ഇഹത്തിലും പരത്തിലും അവര്‍ക്കു ശിക്ഷയുണ്ടെന്ന കാര്യം തീര്‍ച്ചതന്നെ. دُونَ ذَلِكَ എന്ന വാക്കിനു ‘അതു കൂടാതെ’ എന്നും, ‘അതിനു താഴെ’ എന്നും, ‘അതിനിപ്പുറം’ എന്നുമൊക്കെ അര്‍ത്ഥം വരാവുന്നതാകുന്നു.

52:48
  • وَٱصْبِرْ لِحُكْمِ رَبِّكَ فَإِنَّكَ بِأَعْيُنِنَا ۖ وَسَبِّحْ بِحَمْدِ رَبِّكَ حِينَ تَقُومُ ﴾٤٨﴿
  • (നബിയേ) നിന്റെ രക്ഷിതാവിന്റെ വിധിക്കു നീ ക്ഷമിച്ചുകൊള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. [നിന്നെ നാം കാത്തുരക്ഷിക്കും.] നീ എഴുന്നേല്‍ക്കുന്ന സമയത്തു നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] നടത്തുകയും ചെയ്യുക.
  • وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക لِحُكْمِ رَبِّكَ നിന്റെ റബ്ബിന്റെ വിധിക്കു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ بِأَعْيُنِنَا നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്) وَسَبِّحْ തസ്ബീഹു നടത്തുകയും ചെയ്യുക بِحَمْدِ رَبِّكَ നിന്റെ റബ്ബിനെ സ്തുതിച്ചുകൊണ്ടു حِينَ تَقُومُ നീ എഴുന്നേല്‍ക്കുമ്പോള്‍
52:49
  • وَمِنَ ٱلَّيْلِ فَسَبِّحْهُ وَإِدْبَـٰرَ ٱلنُّجُومِ ﴾٤٩﴿
  • രാത്രിയില്‍ നിന്നും തന്നെ (കുറച്ചു സമയം) അവനു 'തസ്ബീഹു' നടത്തുക; നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുമ്പോഴും (നടത്തണം).
  • وَمِنَ اللَّيْلِ രാത്രിയില്‍ നിന്നും فَسَبِّحْهُ നീ അവനു തസ്ബീഹു ചെയ്യുക وَإِدْبَارَ പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കുമ്പോഴും) النُّجُومِ നക്ഷത്രങ്ങളുടെ

ശത്രുക്കളുടെ നാശം വിദൂരമല്ല. അവരുടെ കാര്യത്തില്‍ അല്ലാഹു വിധി നടത്തിക്കൊള്ളും, തല്‍ക്കാലം അവരുടെ ഉപദ്രവങ്ങളില്‍ ക്ഷമ കൈകൊള്ളുക എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയും, തിരുമേനിക്കു അല്ലാഹുവിന്‍റെ പ്രത്യേക കാവലും സംരക്ഷണവും ഉണ്ടായിരിക്കുമെന്നു ഉണര്‍ത്തുകയും ചെയ്യുന്നു. അവസാനമായി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു തസ്ബീഹു നടത്തുവാനും ഉപദേശിക്കുന്നു. അല്ലാഹുവിന്‍റെ മഹത്വത്തെയും, പരിശുദ്ധതയെയും വാഴ്ത്തുക, അവനു സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുക എന്നൊക്കെയാണ് ‘തസ്ബീഹി’ന്‍റെ അര്‍ത്ഥം. ഇമാം റാഗിബ് (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, മനസാ വാചാ കര്‍മ്മണാ ഉണ്ടാകുന്ന എല്ലാ ആരാധനകള്‍ക്കും പൊതുവായും, നമസ്കാരത്തിനു പ്രത്യേകമായും തസ്ബീഹു എന്നു പറയപ്പെടാറണ്ട്. ‘ദിക്റും തസ്ബീഹും.’ അല്ലെങ്കില്‍ ‘തസ്ബീഹും തക്ബീറും’ എന്നൊക്കെ പറയുമ്പോള്‍ നാവുകൊണ്ടുള്ള സ്തോത്രകീര്‍ത്തനങ്ങളായിരിക്കും മിക്കവാറും അതുകൊണ്ടുദ്ദേശ്യം. അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ ഏതവസരത്തിലായിരുന്നാലും, അതു മഹത്തായ പുണ്യകര്‍മ്മം തന്നെ. എങ്കിലും, ചില സമയങ്ങള്‍ പ്രത്യേകം പ്രധാന്യമര്‍ഹിക്കുന്നവയാണുതാനും. ഈ സമയങ്ങളെപ്പറ്റി ഖുര്‍ആനില്‍ പല സ്ഥലത്തും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. (സൂഃ റൂംഃ 17, 18 മുതലായവ നോക്കുക)

മൂന്നു സമയങ്ങളാണ് ഈ വചനത്തില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേത് حين تقوم (എഴുന്നേല്‍ക്കുന്ന സമയത്തു) എന്നത്രെ. ഈ സമയം കൊണ്ടുദ്ദേശ്യം ഏതാണെന്ന വിഷയത്തില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കാണാം. അവയില്‍ പ്രസക്തമായതു മൂന്നഭിപ്രായങ്ങളാകുന്നു.

(1) ഉറക്കില്‍നിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും,

(2) നമസ്കാരത്തിനു എഴുന്നേല്‍ക്കുമ്പോള്‍, അഥവാ നമസ്കാരത്തിന്റെ ആരംഭത്തില്‍ എന്നും,

(3) ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്നും. നബിചര്യകള്‍ പരിശോധിക്കുമ്പോള്‍ ഈ മൂന്നവസരങ്ങളിലും ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ അല്ലാഹുവിന്‍റെ സ്തുതികീര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളതായി കാണാവുന്നതാകുന്നു. അതുകൊണ്ടു ഇവയില്‍ ഒന്നുമാത്രം സ്വീകരിച്ചു മറ്റുള്ളവ തള്ളിക്കളയേണ്ടുന്ന ആവശ്യം നേരിടുന്നില്ല. ആയത്തിലാകട്ടെ, ഒരു പ്രത്യേക സൂചന കാണപ്പെടുന്നുമില്ല. എങ്കിലും ഒന്നിനു മുന്‍ഗണന നല്‍കുന്നപക്ഷം, ഇരുന്നിടത്തുനിന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്ന അഭിപ്രായത്തിനായിരിക്കും നല്ലതെന്നാണ് മനസ്സിലാകുന്നത്. കാരണം, പ്രായോഗികമായി നോക്കുമ്പോള്‍ മറ്റുരണ്ടഭിപ്രായങ്ങളും അതിന്‍റെ വ്യാപ്തിയില്‍ ഉള്‍പ്പെടുന്നതായിരിക്കുമല്ലോ. والله اعلم

രണ്ടാമത്തേത്: രാത്രിയില്‍ നിന്നും അല്‍പസമയം (من الليل) ആകുന്നു. രാത്രിയില്‍ നമസ്കാരം ദുആ മുതലായവക്കു പ്രേരിപ്പിക്കുന്ന ധാരാളം ഖുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും കാണാവുന്നതാണ്. മൂന്നാമത്തേത് : നക്ഷത്രങ്ങള്‍ പിന്നോക്കം വെക്കുന്ന സമയം (ادبار النجوم) ആകുന്നു. പ്രഭാതം പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങുന്നതോടെ നക്ഷത്രങ്ങള്‍ അസ്തമിച്ചുതുടങ്ങുമല്ലോ. ഈ സമയമാണ് ഇതുകൊണ്ടു വിവക്ഷ. മേല്‍പറഞ്ഞ ഓരോ അവസരത്തിന്‍റെയും പ്രാധാന്യം നബിചര്യയില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടെന്നു കാണിക്കുന്ന ചില ഉദാഹരണങ്ങള്‍ കാണുക :-

1. നമസ്കാരത്തിന്‍റെ ആരംഭത്തില്‍ (തക്ബീറിനു ശേഷം) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇമാം അഹ്മദ് (رحمه الله) മുസ്‌ലിം (رحمه الله) മുതലായവര്‍ ഉദ്ധരിച്ചിരിക്കുന്നു:

سُبْحَانَكَ اللهُمَّ وَبِحَمْدِكَ، تَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرُكَ – أحمد ومسلم وغيرهما

(സാരം : അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിന്റെ നാമം വളരെ മേന്മയേറിയതാണ്. നിന്‍റെ മഹത്വം വളരെ ഉന്നതമാണ്. നീയല്ലാതെ ആരാധ്യനേയില്ല.)

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ ഇരുന്നിടത്തുനിന്നു എഴുന്നേറ്റു പോകുമ്പോള്‍ ഇങ്ങിനെ പറഞ്ഞിരുന്നു:

سُبْحَانَكَ اللَّهمَّ وَبِحَمْدِكَ، أَشْهَدُ أَنْ لا إِلَهََ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ – أبوداود و النسائى و الحاكم

(സാരം: അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീ അല്ലാതെ ഇലാഹില്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോടു ഞാന്‍ പാപമോചനം തേടുകയും, നിന്റെ അടുക്കലേക്കു ഞാന്‍ പാശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (അ; ദാ; ഹാ)

3. ആയിശാ (رضي الله عنها) പറയുന്നു : പ്രഭാതത്തിലെ രണ്ടു റക്അത്തിനെ (സുബ്ഹു നമസ്കാരത്തിന്റെ മുമ്പുള്ള സുന്നത്തു നമസ്കാരത്തെ) ക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി സൂക്ഷ്മത കാണിക്കുന്ന അത്രയധികം സൂക്ഷ്മത മറ്റൊരു ഐഹിക (സുന്നത്തു) നമസ്കാരത്തെക്കുറിച്ചും അവിടുന്നു കാണിക്കാറുണ്ടായിരുന്നില്ല. (ബു; മു.)

4. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്യുന്നു : ഹേ, മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുവിന്‍, ഭക്ഷണദാനം ചെയ്യുവിന്‍, മനുഷ്യര്‍ ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ (രാത്രി) നമസ്കരിക്കുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു സമാധാനത്തോടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം. (തി.)

5. ആയിശാ (رضي الله عنها) പറയുന്നു : നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രാത്രിയുടെ ആദ്യത്തില്‍ ഉറങ്ങുകയും അതിന്റെ അവസാനത്തില്‍ നമസ്കാരത്തിനു നില്‍ക്കുകയും ചെയ്തിരുന്നു. (ബു; മു.)

6. ‘ഒരു ജനത ഒരു സദസ്സില്‍ ഇരുന്നിട്ടു അതില്‍വെച്ചു തീരെ അല്ലാഹുവിന്റെ ദിക്ര്‍ (സ്മരണ) നടക്കാതെ അതില്‍നിന്നു എഴുന്നേറ്റു പോകുന്നപക്ഷം ആ സദസ്സു അവര്‍ക്കു ദോഷകരവും നഷ്ടകരവുമായിട്ടല്ലാതെ വരികയില്ല’. എന്നു അബൂദാവൂദും തിര്‍മദിയും (رحمهما الله) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു.