സൂറത്തു സ്സജദഃ : 12-30
വിഭാഗം - 2
- وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَٰلِحًا إِنَّا مُوقِنُونَ ﴾١٢﴿
- (ആ) കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ തങ്ങളുടെ തലകള്‍ (കുത്തനെ) താഴ്ത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം നീ കാണുന്നപക്ഷം! (ഹാ, അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!) (അവര്‍ പറയും:) 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ (നേരില്‍) കാണുകയും, കേള്‍ക്കുകയും ചെയ്തു; അതുകൊണ്ടു ഞങ്ങളെ മടക്കി (അയച്ചു) തരേണമേ - ഞങ്ങള്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളാം! നിശ്ചയമായും ഞങ്ങള്‍ (ഇപ്പോള്‍) ദൃഢമായി വിശ്വസിച്ചവരാണ്'.
- وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍! إِذِ الْمُجْرِمُونَ കുറ്റവാളികള്‍ ആയിരിക്കുന്ന സന്ദര്‍ഭം نَاكِسُو رُءُوسِهِمْ തങ്ങളുടെ തലകളെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നവര്‍ عِندَ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ رَبَّنَا ഞങ്ങളുടെ രക്ഷിതാവേ أَبْصَرْنَا ഞങ്ങള്‍ കണ്ടു وَسَمِعْنَا ഞങ്ങള്‍ കേള്‍ക്കയും ചെയ്തു فَارْجِعْنَا ആകയാല്‍ ഞങ്ങളെ മടക്കിത്തരേണമേ نَعْمَلْ ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം صَالِحًا സല്‍ക്കര്‍മ്മം إِنَّا നിശ്ചയമായും ഞങ്ങള്‍ مُوقِنُونَ ഉറപ്പിച്ചവരാണ്, ദൃഢവിശ്വാസികളാണ്
പുനരുത്ഥാനത്തെ നിഷേധിക്കുകയും, പരിഹസിക്കുകയും ചെയ്‌തിരുന്ന ആ മഹാപാപികള്‍ അല്ലാഹുവിന്റെ മുമ്പില്‍ വരുമ്പോള്‍, അവര്‍ണ്ണനീയമായ ഭയവിഹ്വലതയും, അപാരമായ വ്യസനവും, അത്യധികമായ നാണക്കേടും നിമിത്തം തലപൊക്കാന്‍ സാധിക്കാതെ കേണപേക്ഷിക്കുന്ന ആ സന്ദര്‍ഭത്തിന്റെ ഗൗരവം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. തങ്ങളോടു ദൈവദൂതന്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതെല്ലാം പരിപൂര്‍ണ്ണ സത്യമാണെന്നു തങ്ങള്‍ക്കിപ്പോള്‍ അനുഭവംകൊണ്ടു ബോധ്യമായെന്നും, ഇഹത്തിലേക്കു ഒന്നുകൂടി മടക്കി അയച്ചുതന്നാല്‍ തങ്ങള്‍ സൽക്കര്‍മ്മികളായിക്കൊള്ളാമെന്നും അവര്‍ കേണപേക്ഷിച്ചുകൊണ്ടിരിക്കും. പക്ഷേ, ഫലമെന്തു?! അല്ലാഹു പറയുന്നു: –
- وَلَوْ شِئْنَا لَءَاتَيْنَا كُلَّ نَفْسٍ هُدَىٰهَا وَلَٰكِنْ حَقَّ ٱلْقَوْلُ مِنِّى لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ ﴾١٣﴿
- നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍, ഓരോ ദേഹത്തിനും [ആള്‍ക്കും] അതിന്റെ നേര്‍മ്മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു. പക്ഷെ, എന്നില്‍നിന്ന്‍ വാക്കു സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു: 'ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം നരകത്തെ നിശ്ചയമായും ഞാന്‍ നിറക്കുന്നതാണ്' എന്ന്.
- وَلَوْ شِئْنَا നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَآتَيْنَا നാം നല്‍കുമായിരുന്നു كُلَّ نَفْسٍ എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും هُدَاهَا അതിന്റെ നേര്‍മ്മാര്‍ഗ്ഗം وَلَـٰكِنْ പക്ഷേ, എങ്കിലും حَقَّ സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു الْقَوْلُ വാക്കു, വചനം مِنِّي എന്റെ പക്കല്‍ നിന്നു لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും (എന്നു) جَهَنَّمَ നരകത്തെ مِنَ الْجِنَّةِ ജിന്നുകളില്‍നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും أَجْمَعِينَ എല്ലാം തന്നെ
അതായത്, ഒരാള്‍പോലും ദുര്‍മ്മാര്‍ഗ്ഗത്തില്‍ അകപ്പെടാതെ, എല്ലാവരും സന്മാര്‍ഗ്ഗികള്‍ മാത്രം ആയേ തീരൂ എന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ കാര്യം അങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അവന്റെ നിശ്ചയം അതല്ല. ജിന്നുവര്‍ഗ്ഗത്തിനും, മനുഷ്യവര്‍ഗ്ഗത്തിനും ആവശ്യമായ മാര്‍ഗ്ഗദര്‍ശനങ്ങള്‍ നല്‍കുകയും, അവരവരുടെ ഹിതമനുസരിച്ചു നല്ലതും തീയതും തിരഞ്ഞെടുക്കുവാന്‍വേണ്ടുന്ന അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കുകയുമാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പംതന്നെ, ദുര്‍മ്മാര്‍ഗ്ഗികളെ നരകത്തിലിട്ടു ശിക്ഷിക്കുമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. ആ നിശ്ചയത്തിനു ഇനി മാറ്റമില്ലെന്നു സാരം. (സൂ: ശൂറാ 8-ാം വചനത്തിന്റെ വിവരണത്തില്‍ കൂടുതല്‍ വിവരം വരുന്നതാണ്. إن شاء الله)
മനുഷ്യപിതാവായ ആദം (عليه السلام) നബിക്കു ‘സുജൂദു’ ചെയവാനുള്ള അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിച്ചതിനെത്തുടര്‍ന്ന് പിശാച് അല്ലാഹുവിന്റെ ശാപത്തിനു വിധേയനായി. ഈ അവസരത്തില്‍ ഖേദിച്ചുമടങ്ങുന്നതിനുപകരം, ആദമിന്റെ സന്താനങ്ങളെ തന്നെക്കൊണ്ടു കഴിയുന്നവണ്ണം താന്‍ വഞ്ചിക്കുമെന്നു ശപഥം ചെയ്യുകയാണ് പിശാചു ചെയ്തത്. ഈ അവസരത്തില്‍ അല്ലാഹു അവനെ അഭിമുഖീകരിച്ചു ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി:
لَأَمْلَأَنَّ جَهَنَّمَ مِنكَ وَمِمَّن تَبِعَكَ مِنْهُمْ أَجْمَعِينَ :ص : 85 (നിന്നെക്കൊണ്ടും അവരില്‍നിന്നു നിന്നെ പിന്‍പറ്റിയവരെക്കൊണ്ടുമെല്ലാം നിശ്ചയമായും നാം നരകത്തെ നിറക്കുന്നതാണ്.) ഈ നിശ്ചയത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെയും പ്രസ്താവിക്കുന്നത്. കുറ്റവാളികളുടെ അപേക്ഷ ഗൗനിക്കപ്പെടാതിരിക്കുവാനുള്ള കാരണം വിവരിച്ചശേഷം, അവര്‍ക്കു നല്‍കുന്ന മറുപടി എന്തായിരിക്കുമെന്നു അല്ലാഹു അടുത്ത വചനത്തില്‍ ഉദ്ധരിക്കുന്നു:-
- فَذُوقُوا۟ بِمَا نَسِيتُمْ لِقَآءَ يَوْمِكُمْ هَٰذَآ إِنَّا نَسِينَٰكُمْ ۖ وَذُوقُوا۟ عَذَابَ ٱلْخُلْدِ بِمَا كُنتُمْ تَعْمَلُونَ ﴾١٤﴿
- 'ആകയാല്‍, നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നതു നിങ്ങള്‍ വിസ്മരിച്ചു കളഞ്ഞതുകൊണ്ട് (അതിന്റെ ശിക്ഷ) നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്‍. നിശ്ചയമായും നാം നിങ്ങളെ വിസ്മരിച്ചിരിക്കുകയാണ്! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി ശാശ്വതശിക്ഷ ആസ്വദിക്കുകയും ചെയ്തുകൊള്ളുവിന്‍!'
- فَذُوقُوا അതുകൊണ്ടു ആസ്വദിക്കുവിന്‍ بِمَا نَسِيتُمْ നിങ്ങള്‍ വിസ്മരിച്ചതിനാല്‍ لِقَاءَ يَوْمِكُمْ നിങ്ങളുടെ ദിവസത്തെ കണ്ടുമുട്ടുന്നതിനെ هَـٰذَا ഈ إِنَّا നിശ്ചയമായും നാം نَسِينَاكُمْ നാം നിങ്ങളെ വിസ്മരിച്ചിരിക്കുന്നു وَذُوقُوا ആസ്വദിക്കയും ചെയ്യുവിന്‍ عَذَابَ الْخُلْدِ ശാശ്വതശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَعْمَلُونَ പ്രവര്‍ത്തിച്ചിരുന്ന (തുകൊണ്ടു)
അല്ലാഹുവിന്റെ മുമ്പില്‍ തങ്ങള്‍ ഹാജറാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്നതിനെ അവര്‍ വ്യാജമാക്കി അവഗണിച്ചതുകൊണ്ട് അല്ലാഹു അവരോടും അവഗണന സ്വീകരിക്കുകയാണ് ചെയ്യുക. എനി അവര്‍ക്കു ശാശ്വതമായ നരകശിക്ഷ അനുഭവിക്കുകയല്ലാതെ ഗത്യന്തരമില്ല എന്നുസാരം. സത്യനിഷേധികളെക്കുറിച്ചു പ്രസ്താവിച്ച ശേഷം അടുത്ത വചനങ്ങളില്‍ സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു:-
- إِنَّمَا يُؤْمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُوا۟ بِهَا خَرُّوا۟ سُجَّدًا وَسَبَّحُوا۟ بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩ ﴾١٥﴿
- നിശ്ചയമായും നമ്മുടെ 'ആയത്തു' കളില്‍ യാതൊരു കൂട്ടര്‍ മാത്രമേ വിശ്വസിക്കുന്നുള്ളു: അവര്‍ക്ക് അവ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ അവര്‍ 'സുജൂദ്' [സാഷ്ടാംഗ നമസ്‌കാരം] ചെയ്യുന്നവരായി നിലംപതിക്കുകയും, തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ടു 'തസ്ബീഹു' [സ്തോത്രകീര്‍ത്തനം] ചെയ്യുകയും ചെയ്യുന്നതാണ്; അവരാകട്ടെ, ഗര്‍വ്വ് നടിക്കുകയുമില്ല.
- إِنَّمَا يُؤْمِنُ നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ الَّذِينَ യാതൊരു കൂട്ടര്‍ (മാത്രം) إِذَا ذُكِّرُوا അവര്‍ക്ക് ഉല്‍ബോധനം (ഉപദേശം) ചെയ്യപ്പെട്ടാല്‍ بِهَا അവമുഖേന, അവകൊണ്ടു خَرُّوا അവര്‍ നിലംപതിക്കും, വീഴും سُجَّدًا സുജൂദു ചെയ്യുന്നവരായിട്ടു وَسَبَّحُوا അവര്‍ 'തസ്ബീഹു' ചെയ്യുകയും ചെയ്യും بِحَمْدِ സ്തുതിച്ചുകൊണ്ടു رَبِّهِمْ തങ്ങളുടെ റബ്ബിനെ وَهُمْ അവരാകട്ടെ لَا يَسْتَكْبِرُونَ ഗര്‍വ്വ് (അഹംഭാവം) നടിക്കയുമില്ല
- تَتَجَافَىٰ جُنُوبُهُمْ عَنِ ٱلْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَٰهُمْ يُنفِقُونَ ﴾١٦﴿
- തങ്ങളുടെ രക്ഷിതാവിനോട് - ഭയവും ആശയും നിമിത്തം - പ്രാര്‍ത്ഥന ചെയ്തുകൊണ്ട് അവരുടെ പാര്‍ശ്വങ്ങള്‍ കിടപ്പുസ്ഥാനങ്ങളില്‍ [വിരുപ്പുകളില്‍] നിന്നു അകന്നുപോകുന്നതാണ്; നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും. (ഇങ്ങിനെയുള്ളവരേ വിശ്വസിക്കുന്നുള്ളു.)
- تَتَجَافَىٰ അകന്നുപോകും جُنُوبُهُمْ അവരുടെ പാര്‍ശ്വങ്ങള്‍ عَنِ الْمَضَاجِعِ കിടപ്പുസ്ഥാനങ്ങളില്‍നിന്നു يَدْعُونَ അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു رَبَّهُمْ തങ്ങളുടെ രക്ഷിതാവിനെ خَوْفًا പേടിയാല്‍, ഭയന്ന് وَطَمَعًا ആശയാലും, ആഗ്രഹിച്ചും وَمِمَّا رَزَقْنَاهُمْ നാം അവര്‍ക്കു നല്‍കിയതില്‍നിന്നു يُنفِقُونَ അവര്‍ ചിലവഴിക്കയും ചെയ്യും
‘ആയത്ത്’ (آية) എന്ന വാക്കിന്റെ ബഹുവചനമാണ് ‘ആയാത്ത്’ (آيَات) ‘ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തം’ എന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഈ വാക്കുകള്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ക്കു ആയത്തുകള്‍ എന്നു പറയപ്പെടുന്നതിന്റെ താല്‍പര്യം ഇതില്‍നിന്നു മനസ്സിലാക്കാം. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീര്‍ത്തനം ചെയ്യുക, അവനു ആരാധനാകര്‍മ്മങ്ങള്‍ നടത്തുക എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വാക്കാണ് تسـبـيـح (തസ്ബീഹ്).
അല്ലാഹുവിന്റെ ആയത്തുകളില്‍ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തുപറഞ്ഞ കാര്യങ്ങള്‍ ഓരോന്നും നാം പ്രത്യേകം മനസ്സിരുത്തേണ്ടതും, പ്രവര്‍ത്തനത്തില്‍ വരുത്തേണ്ടതുമാകുന്നു. അല്ലാഹു സഹായിക്കട്ടെ. ആമീന്‍. അവയെ ഇങ്ങനെ സംഗ്രഹിക്കാം:
1-ാമത്തെ ഗുണം: അല്ലാഹുവിന്റെ ആയത്തുകള്‍ – മുഖേന അഥവാ ദൃഷ്ടാന്തങ്ങള്‍ മുഖേനയോ ഖുര്‍ആന്‍ വചനങ്ങള്‍ മുഖേനയോ – ഉപദേശം നല്‍കപ്പെട്ടാല്‍ സശ്രദ്ധം അതു കേള്‍ക്കുകയും, ഭക്തിബഹുമാനത്തോടു കൂടി അതു അനുസരിക്കുകയും, വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതു അനുഷ്ടിക്കുകയും ചെയ്യുക. (സൂ: മര്‍യം 58ന്റെയും, സൂ: ഫുര്‍ഖാന്‍ 73ന്റെയും അര്‍ത്ഥ വിവരണങ്ങള്‍ ഓര്‍ക്കുക.)
2-ാമത്തേതു: അവന്‍ ഗര്‍വ്വ് നടിക്കുകയില്ല എന്നുള്ളതാകുന്നു. സത്യത്തോടും ഉപദേശത്തോടും ആദരവ്, വാക്കിലും പെരുമാറ്റത്തിലും വിനയം, ഇതാണവരുടെ സ്വഭാവം. ആകയാല്‍, ധിക്കാരം, മര്‍ക്കടമുഷ്ടി, കുതര്‍ക്കം, ദുര്‍വ്യാഖ്യാനം, പൊങ്ങച്ചം, സത്യത്തോടും ന്യായത്തോടും അവഗണന, ഇത്യാദി ദോഷങ്ങളൊന്നും അവരെ തീണ്ടുകയില്ല. (സൂ: ലുഖ്‌മാന്‍ 7-ാം വചനം, സൂ: ഹജ്ജ് 8, 9 എന്നീ വചനങ്ങളും വിവരണവും ഓര്‍ക്കുക.)
3 -ാമത്തെ ഗുണം: അവര്‍ രാത്രി സമയത്തു സാധാരണ ആളുകളെപ്പോലെ നിദ്രയില്‍ മുഴുകി സമയം കഴിക്കുകയില്ല. നമസ്‌കാരം, ദിക്ര്‍ (ധ്യാനം), തസ്ബീഹ് (കീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന) ആദിയായവയില്‍ വ്യാപൃതരാകുന്നതുകൊണ്ട് രാത്രി അധിക സമയം അവര്‍ ശയന സ്ഥാനത്തെ വിട്ടുകൊണ്ടാണ് കഴിച്ചുകൂട്ടുക. സൂ: ദാരിയാത്ത് 17ല്‍ പ്രസ്താവിച്ചിട്ടുള്ളതുപോലെ, ‘അവര്‍ രാത്രി ഉറങ്ങുക കുറവാണ്, (പാതിരക്കുശേഷം) അത്താഴവേളകളില്‍ അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കയും ചെയ്യും’. (كَانُوا قَلِيلًا – الى يَسْتَغْفِرُونَ ) സ്വസ്ഥത, മനസ്സാന്നിദ്ധ്യം, ജോലിത്തിരക്കില്ലായ്മ, പ്രാര്‍ത്ഥനകളും സല്‍ക്കര്‍മ്മങ്ങളും കൂടുതല്‍ ഫലപ്രദമാകുക എന്നിങ്ങിനെ പല നിലക്കും മെച്ചപ്പെട്ടതാണ് രാത്രി സമയം. വിശേഷിച്ചും രാത്രിയുടെ അവസാനഭാഗം.
4-ാമത്തേതു: ഭയപ്പാടും, ആശയും കലര്‍ന്നുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥനകളും ആരാധനകളും നടത്തുന്നത്. തങ്ങളുടെ പാപങ്ങള്‍ നിമിത്തം തങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷക്കും, ശാപകോപങ്ങള്‍ക്കും പാത്രമായേക്കുമോ? തങ്ങളുടെ പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാതെ വന്നേക്കുമോ? തങ്ങള്‍ സജ്ജനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാതിരുന്നേക്കുമോ? ഇതൊക്കെയാണവരുടെ ഭയം. സല്‍ക്കര്‍മ്മങ്ങള്‍ക്കും, സജ്ജനങ്ങള്‍ക്കും അല്ലാഹു നല്‍കുന്ന മഹത്തായ വാഗ്ദാനഫലങ്ങള്‍, അവന്റെ അതിവിശാലമായ കാരുണ്യം, പ്രാര്‍ത്ഥനാകര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷ, ഇതെല്ലാം അവര്‍ക്കു ആശയും ആവേശവും നല്‍കിക്കൊണ്ടുമിരിക്കും. ഭയവും ആശയും ഒരേ സമയത്തുണ്ടായിരിക്കുവാന്‍ കാരണമെന്തെന്നാല്‍, അല്ലാഹു പറയുന്നു: –
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ – الحجر: 49، 50
(എന്റെ അടിയാന്മാര്‍ക്ക് അറിയിച്ചുകൊടുക്കുക: ഞാന്‍ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയുമായുള്ളവന്‍; എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയും എന്ന്‍).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നു: ‘സത്യവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷയെക്കുറിച്ചു (ശരിക്ക്) അറിഞ്ഞിരുന്നുവെങ്കില്‍, അവന്റെ സ്വര്‍ഗ്ഗത്തെക്കുറിച്ചു ഒരാളും ആശിക്കുമായിരുന്നില്ല; അവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യത്തെക്കുറിച്ച് (ശരിക്ക്) അറിഞ്ഞിരുന്നുവെങ്കില്‍, അവന്റെ കാരുണ്യത്തെക്കുറിച്ച് ഒരാളും നിരാശപ്പെടുകയും ചെയ്യുമായിരുന്നില്ല. (മുസ്‌ലിം). അതുകൊണ്ട് ഓരോ സത്യവിശ്വാസിയും എപ്പോഴും പേടിയും ശുഭപ്രതീക്ഷയും (الخوف والرجاء) ഉള്ളവനായിരിക്കണമെന്നു കര്‍ശനമായി ഉപദേശിക്കപ്പെടുന്നു.
5-ാമതായി പറഞ്ഞ ഗുണം: അല്ലാഹു തങ്ങള്‍ക്കു നല്‍കിയിട്ടുള്ളതില്‍ നിന്ന് അവര്‍ ചിലവഴിക്കുമെന്നുള്ളതാണ്. തങ്ങള്‍ക്ക് എന്തെല്ലാം കഴിവുകളുണ്ടോ അതെല്ലാം അല്ലാഹു നല്‍കിയതാണ് – തങ്ങളുടെ സ്വന്തം പ്രാപ്തി കൊണ്ടോ സാമര്‍ത്ഥ്യം കൊണ്ടോ ലഭിച്ചതല്ല – എന്നു അവര്‍ക്കും തികച്ചും വിശ്വാസമുണ്ട്. അങ്ങിനെ, അല്ലാഹുവിനും തങ്ങള്‍ക്കുമിടയിലുള്ള ബന്ധം യഥാവണ്ണം നിറവേറ്റുന്നതുപോലെ, സഹസൃഷ്ടികളോടുള്ള ബന്ധവും അവര്‍ പാലിക്കും. കഴിവനുസരിച്ച് ദാനധര്‍മ്മങ്ങളും, സഹായസഹകരണങ്ങളും ചെയ്യുന്നതില്‍ അവര്‍ക്കു പിശുക്കോ വൈമനസ്യമോ ഇല്ല. സൂ: ദാരിയാത്ത് : 19ല്‍ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നതു ഇങ്ങിനെയാകുന്നു:
وَفِي أَمْوَالِهِمْ حَقٌّ لِّلسَّائِلِ وَالْمَحْرُومِ – الذاريات ചോദിച്ചുവരുന്നവര്‍ക്കും, സംഗതിവശാല്‍ ചോദിക്കുന്നതിനു തടസ്സം നേരിട്ടിട്ടുള്ളവര്‍ക്കും അവരുടെ സ്വത്തുക്കളില്‍ അവകാശമുണ്ട് – അഥവാ അവര്‍ക്കു തങ്ങളുടെ സ്വത്തില്‍നിന്നു സഹായം നല്‍കുന്നതു തങ്ങളുടെ കടമയാണെന്നുള്ള നിലക്കാണ് അവരുടെ പെരുമാറ്റം – എന്നു താല്‍പര്യം. ഇങ്ങിനെയുള്ള സല്‍ഗുണവാന്മാരില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ – പ്രതിഫലം അല്ലാഹു വിവരിക്കുന്നതു നോക്കുക:-
- فَلَا تَعْلَمُ نَفْسٌ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴾١٧﴿
- അതിനാല്‍, കണ്‍കുളിര്‍മ്മയായി [ആനന്ദകരമായി]ക്കൊണ്ടു അവര്‍ക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷിച്ചു) വെക്കപ്പെട്ടിട്ടുള്ളതു ഒരാള്‍ക്കും അറിയാവുന്നതല്ല; (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായിട്ട്!
- فَلَا تَعْلَمُ ആകയാല്‍ (എന്നാല്‍) അറിയുന്നതല്ല نَفْسٌ ഒരാളും مَّا أُخْفِيَ ഗോപ്യമാക്കി (ഒളിച്ചു) വെക്കപ്പെട്ടിട്ടുള്ളതു لَهُم അവര്‍ക്കുവേണ്ടി مِّن قُرَّةِ أَعْيُنٍ കണ്‍കുളിര്‍മ്മയായിട്ടു جَزَاءً പ്രതിഫലമായി بِمَا യാതൊന്നിനു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ആ സല്‍ഭാഗ്യവാന്മാര്‍ തങ്ങളുടെ ആരാധനാകര്‍മ്മങ്ങള്‍ മറ്റാരുടെയും പ്രശംസയോ പ്രീതിയോ ലക്ഷ്യമാക്കാതെ, രാത്രി സമയങ്ങളില്‍ സ്വകാര്യമായി നടത്തിയിരുന്നതുപോലെ, അവര്‍ക്കുള്ള അവര്‍ണ്ണനീയമായ പ്രതിഫലങ്ങളെ അല്ലാഹുവും ഗോപ്യമാക്കി ഒരുക്കിവെച്ചിരിക്കുകയാണ്. ആരുടെ ഭാവനക്കും അനുമാനത്തിനും അതീതമാണത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: അല്ലാഹു പറയുകയാണ്: എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിനു തെളിവായി) നിങ്ങള്‍ …..فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബു; മു.)
- أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُۥنَ ﴾١٨﴿
- അപ്പോള്‍, സത്യവിശ്വാസിയായിരിക്കുന്നവന്‍ തോന്നിയവാസിയായിരിക്കുന്നവനെപ്പോലെയാണോ?! (അല്ല,) അവര്‍ സമമാവുകയില്ല.
- أَفَمَن كَانَ അപ്പോള്‍ ആയിട്ടുള്ളവനാണോ مُؤْمِنًا സത്യവിശ്വാസി كَمَن ഒരുവനെപ്പോലെ كَانَ فَاسِقًا തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള لَّا يَسْتَوُونَ അവര്‍ സമമാവുകയില്ല
- أَمَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ جَنَّٰتُ ٱلْمَأْوَىٰ نُزُلًۢا بِمَا كَانُوا۟ يَعْمَلُونَ ﴾١٩﴿
- എന്നാല്‍, വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിന്റെ ഫലമായി, സല്‍ക്കാരമെന്നനിലയില്‍, അവര്‍ക്കു (ആതിഥേയ) വാസത്തിന്റെ സ്വര്‍ഗ്ഗങ്ങളുണ്ടായിരിക്കും.
- أَمَّا الَّذِينَ എന്നാല്‍ യാതൊരുകൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ فَلَهُمْ എന്നാലവര്‍ക്കുണ്ട് جَنَّاتُ الْمَأْوَىٰ വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരമായിട്ടു, വിരുന്നായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
- وَأَمَّا ٱلَّذِينَ فَسَقُوا۟ فَمَأْوَىٰهُمُ ٱلنَّارُ ۖ كُلَّمَآ أَرَادُوٓا۟ أَن يَخْرُجُوا۟ مِنْهَآ أُعِيدُوا۟ فِيهَا وَقِيلَ لَهُمْ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ ﴾٢٠﴿
- എന്നാല്‍, തോന്നിയവാസം പ്രവര്‍ത്തിച്ചവരാകട്ടെ, അവരുടെ (ആതിഥേയ) വാസസ്ഥലം നരകമാകുന്നു; അവര്‍ അതില്‍നിന്നു പുറത്തുപോകുവാന്‍ ഉദ്യമിക്കുമ്പോഴെല്ലാം, അതില്‍ (തന്നെ വീണ്ടും) അവര്‍ മടക്കപ്പെടുന്നതാണ്. അവരോടു പറയപ്പെടുകയും ചെയ്യും: 'നിങ്ങള്‍ വ്യാജമാക്കിയിരുന്നതായ ആ നരകശിക്ഷ നിങ്ങള്‍ ആസ്വദിച്ചു കൊള്ളുവിന്‍' എന്ന്‍!
- وَأَمَّا الَّذِينَ എന്നാല്‍ യാതൊരു കൂട്ടരോ فَسَقُوا അവര്‍ തോന്നിയവാസം (ധിക്കാരം) ചെയ്തു فَمَأْوَاهُمُ അപ്പോള്‍ അവരുടെ വാസസ്ഥാനം النَّارُ നരകമാണ് كُلَّمَا أَرَادُوا അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം أَن يَخْرُجُوا അവര്‍ പുറത്തുപോകാന്‍ مِنْهَا അതില്‍നിന്നു أُعِيدُوا അവര്‍ (വീണ്ടും) മടക്കപ്പെടും فِيهَا അതില്‍ وَقِيلَ പറയപ്പെടും لَهُمْ അവരോട് ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ النَّارِ നരകശിക്ഷയെ الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക, കളവാക്കിക്കൊണ്ടിരിക്കുക
ഇരുകൂട്ടരുടെയും വിശ്വാസങ്ങളും പ്രവൃത്തികളും ഇഹത്തില്‍ പരസ്പരവിരുദ്ധമായിരുന്നതുപോലെത്തന്നെ, പരത്തില്‍ ഇരുകൂട്ടരുടെയും പ്രതിഫലങ്ങളും, പര്യവസാനങ്ങളും പരസ്പര വിരുദ്ധമായിരിക്കും. ഒരുകൂട്ടരുടെ – സജ്ജനങ്ങളായ വിശ്വാസികളുടെ – ആനന്ദപരമായ സ്വര്‍ഗ്ഗീയജീവിതം എത്രമേല്‍ മഹത്തരമാണോ, അത്രയും കടുത്തതും അസഹ്യവുമായിരിക്കും മറ്റേവരുടെ – ധിക്കാരികളായ അവിശ്വാസികളുടെ – നരകജീവിതവും. എന്നാല്‍, ധിക്കാരികള്‍ക്കുള്ള ശിക്ഷാനടപടി പരലോകത്തില്‍വെച്ചു മാത്രമാണോ ഉണ്ടായിരിക്കുക? അല്ല: –
- وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ ﴾٢١﴿
- ഏറ്റവും വലുതായ ശിക്ഷക്കുപുറമെ, അവര്‍ക്കു നാം താണ ശിക്ഷയില്‍നിന്നും (ചിലതൊക്കെ) ആസ്വദിപ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവര്‍ മടങ്ങിയേക്കാമല്ലോ (-അതിന്നുവേണ്ടി).
- وَلَنُذِيقَنَّهُم അവര്‍ക്കു നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും مِّنَ الْعَذَابِ ശിക്ഷയില്‍നിന്നു الْأَدْنَىٰ താണതായ, അടുത്തതായ دُونَ الْعَذَابِ ശിക്ഷക്കുപുറമെ الْأَكْبَرِ ഏറ്റവും വലിയ لَعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَرْجِعُونَ മടങ്ങുക, മടങ്ങുന്ന(വര്‍)
രോഗം, ക്ഷാമം, യുദ്ധം തുടങ്ങിയ വിവിധ മനഃക്ലേശങ്ങളും കഷ്ടപ്പാടുകളും ഇഹലോകത്തുവെച്ചുതന്നെ അവര്‍ക്കു അനുഭവപ്പെടും. ഇങ്ങിനെയുള്ള പരീക്ഷണങ്ങളില്‍നിന്നെങ്കിലും അവര്‍ പാഠം പഠിച്ചു മടങ്ങുവാന്‍ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കില്‍ ഇതിനുപുറമെ പരലോകത്തുവെച്ചുള്ള ഏറ്റവും വമ്പിച്ച ശിക്ഷയും അവര്‍ അനുഭവിക്കേണ്ടിവരും. ഖുര്‍ആന്റെ അവതരണവേളയില്‍ അതിന്റെ പ്രത്യക്ഷശത്രുക്കളായിരുന്ന ഖുറൈശികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പല ശിക്ഷകളും അവര്‍ക്കു അനുഭവപ്പെട്ടിട്ടുണ്ട്. പല യുദ്ധങ്ങള്‍ക്കും പുറമെ ഏഴുകൊല്ലം ഒന്നായി അവര്‍ക്കു വമ്പിച്ച ക്ഷാമം പിടിപെട്ടു. മനുഷ്യന്‍ തിന്നാറില്ലാത്ത പലതും ഭക്ഷിക്കുവാന്‍ പോലും അവര്‍ നിര്‍ബ്ബന്ധിതരായി. അല്ലാഹുവിന്റെ നിയമങ്ങളെ പരസ്യമായി ധിക്കരിച്ച പല ജനതകളിലും ഇതുപോലെ വിവിധ ഭയങ്കര ശിക്ഷകള്‍ അനുഭവപ്പെട്ടിട്ടുളളതു ചരിത്രപ്രസിദ്ധങ്ങളാണ്. പക്ഷേ, ചിലപ്പോള്‍ ചില ജനതയുടെയോ, ചില വ്യക്തിയുടെയോ മേലുള്ള നടപടി പെട്ടെന്നു സംഭവിച്ചില്ലെന്നുവന്നേക്കും. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്ലാഹു തന്റെ ശിക്ഷാനടപടികള്‍ നടത്താതിരിക്കുകയില്ല. ഇതിനെപ്പറ്റിയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നത്:
إِنَّ اللَّهَ لَيُمْلِي لِلظَّالِمِ حَتَّى إِذَا أَخَذَهُ لَمْ يُفْلِتْهُ – متفق عليه
(അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും. അങ്ങനെ, അവനെ അവന്‍ പിടിക്കുമ്പോള്‍ അവനു കുതറി രക്ഷപ്പെടാനാവുകയില്ല.) (ബു. മു.)
- وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعْرَضَ عَنْهَآ ۚ إِنَّا مِنَ ٱلْمُجْرِمِينَ مُنتَقِمُونَ ﴾٢٢﴿
- തന്റെ രക്ഷിതാവിന്റെ ആയത്തുകള്‍ മുഖേന ഉല്‍ബോധനം ചെയ്യപ്പെടുകയും, എന്നിട്ട് അവയെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും (ആ) കുറ്റവാളികളോട് നാം (പ്രതികാര) ശിക്ഷാ നടപടിയെടുക്കുന്നവരാകുന്നു.
- وَمَنْ ആരാണ്, ആരുണ്ട് أَظْلَمُ ഏറ്റവും (കൂടുതല്‍) അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉപദേശം (ഉല്‍ബോധനം) ചെയ്യപ്പെട്ടു بِآيَاتِ رَبِّهِ തന്റെ റബ്ബിന്റെ ആയത്തുകള്‍ മുഖേന ثُمَّ പിന്നെ, എന്നിട്ടു أَعْرَضَ അവന്‍ തിരിഞ്ഞുകളഞ്ഞു عَنْهَا അവ വിട്ടു إِنَّا നിശ്ചയമായും നാം مِنَ الْمُجْرِمِينَ കുറ്റവാളികളോടു مُنتَقِمُونَ ശിക്ഷാനടപടി എടുക്കുന്നവരാണ്, പ്രതികാരമെടുക്കുന്നവരാണ്
തങ്ങളുടെ ശാശ്വതനന്മക്കും രക്ഷക്കുംവേണ്ടി ഉപദേശം ചെയ്യപ്പെടുക, അതു തങ്ങളുടെ രക്ഷിതാവും നാഥനുമായ അല്ലാഹുവിന്റെ വേദവാക്യങ്ങളും, ദൃഷ്ടാന്തങ്ങളും മുഖേനയും ആയിരിക്കുക, എന്നിട്ടും അതു സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ തള്ളിക്കളയുമ്പോള്‍ അതില്‍പരം അനീതി മറ്റെന്തുണ്ട്?! അതുകൊണ്ട് അങ്ങിനെയുള്ള കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കാതെ വിടുകയില്ലെന്നു സാരം.
വിഭാഗം - 3
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَلَا تَكُن فِى مِرْيَةٍ مِّن لِّقَآئِهِۦ ۖ وَجَعَلْنَٰهُ هُدًى لِّبَنِىٓ إِسْرَٰٓءِيلَ ﴾٢٣﴿
- മൂസാക്കു നാം വേദഗ്രന്ഥം നല്‍കുകയുണ്ടായിട്ടുണ്ട്; എന്നാല്‍ അതിന്റെ (അഥവാ അദ്ദേഹത്തിന്റെ) കാഴ്ചയെക്കുറിച്ച് നീ യാതൊരു ആശങ്കയിലും ആകേണ്ടതില്ല, നാം അതിനെ (അഥവാ അദ്ദേഹത്തെ) ഇസ്രാഈല്‍ സന്തതികള്‍ക്കു മാര്‍ഗ്ഗദര്‍ശനമാക്കുകയും ചെയ്തു.
- وَلَقَدْ آتَيْنَا നാം നല്‍കിയിട്ടുണ്ടു مُوسَى മൂസാക്ക് الْكِتَابَ വേദഗ്രന്ഥം فَلَا تَكُن എന്നാല്‍ നീ ആവരുത് فِي مِرْيَةٍ ഒരു ആശങ്കയിലും, സംശയത്തിലും مِّن لِّقَائِهِ അതിന്റെ (അദ്ദേഹത്തിന്റെ) കാഴ്ചയെ (ഏറ്റെടുക്കലിനെ)പ്പറ്റി وَجَعَلْنَاهُ അദ്ദേഹത്തെ (അതിനെ) നാം ആക്കുകയും ചെയ്തു هُدًى മാര്‍ഗ്ഗദര്‍ശനം لِّبَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്ക്
- وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا۟ ۖ وَكَانُوا۟ بِـَٔايَٰتِنَا يُوقِنُونَ ﴾٢٤﴿
- തങ്ങള്‍ ക്ഷമ കൈക്കൊണ്ടപ്പോള്‍ നമ്മുടെ കല്‍പനയനുസരിച്ച് (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ചില നേതാക്കളെ നാം അവരില്‍നിന്നു ഉണ്ടാക്കുകയും ചെയ്തു. അവര്‍, നമ്മുടെ ആയത്തുകളില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്‌തിരുന്നു.
- وَجَعَلْنَا مِنْهُمْ അവരില്‍നിന്നും നാം ഉണ്ടാക്കുകയും ചെയ്തു أَئِمَّةً ചില നേതാക്കളെ يَهْدُونَ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന بِأَمْرِنَا നമ്മുടെ കല്‍പനപ്രകാരം لَمَّا صَبَرُوا അവര്‍ ക്ഷമിച്ചപ്പോള്‍ وَكَانُوا അവരായിരുന്നു بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ يُوقِنُونَ ദൃഢമായി വിശ്വസിക്കും
- إِنَّ رَبَّكَ هُوَ يَفْصِلُ بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾٢٥﴿
- നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ റബ്ബ്തന്നെ അവര്‍ക്കിടയില്‍ ഖിയാമത്തു നാളില്‍ തീരുമാനം ചെയ്യുന്നതാണ്.
- إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍ (തന്നെ) يَفْصِلُ തീരുമാനം ചെയ്യും, തീര്‍പ്പ് കല്‍പിക്കും, പിരിച്ചുവിടും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فِيمَا യാതൊന്നില്‍ كَانُوا അവരായിരുന്നു فِيهِ അതില്‍ يَخْتَلِفُونَ ഭിന്നിക്കും, ഭിന്നിക്കുന്ന(വര്‍)
لِقَآء (ലിഖാഉ) എന്ന വാക്കിനു ‘കാണുക, ഏറ്റെടുക്കുക, സ്വീകരിക്കുക’ എന്നൊക്കെ അര്‍ത്ഥമുണ്ട്. لِقَائِهِ എന്നതിലുള്ള സര്‍വ്വനാമം (ضمير) വേദഗ്രന്ഥത്തെ ഉദ്ദേശിച്ചോ, മൂസാ (عليه السلام) നെ ഉദ്ദേശിച്ചോ ആകാവുന്നതുമാണ്. ഈ അടിസ്ഥാനത്തില്‍ 23-ാം വചനത്തിലെ ആദ്യഭാഗത്തിനു ഒന്നിലധികം വ്യാഖ്യാനം നല്‍കപ്പെട്ടുകാണാം. വാചകഘടനയും, സന്ദര്‍ഭവും വെച്ചു നോക്കുമ്പോള്‍ താഴെ പറയുന്ന രണ്ടിലൊരു വ്യാഖ്യാനമാണ് അവയില്‍വെച്ചു കൂടുതല്‍ യുക്തമായി തോന്നുന്നത്:
1) മൂസാക്കു വേദഗ്രന്ഥം നല്‍കിയിട്ടു അദ്ദേഹത്തിനുണ്ടായ കാഴ്ചയെപ്പറ്റി – അദ്ദേഹത്തിനു നേരിടേണ്ടിവന്ന എതിര്‍പ്പുകളെയും, വിഷമങ്ങളെയും കുറിച്ച് – ഒട്ടും സംശയിക്കുവാനില്ല. വളരെ കടുത്തതായിരുന്നു അത്. അതുപോലെത്തന്നെയാണ് ഈ ജനതയില്‍നിന്നു തനിക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
2) മൂസാക്ക് വേദഗ്രന്ഥം കൊടുത്തുവല്ലോ. അതുപോലെ നീയും വേദഗ്രന്ഥം കാണുന്നതിനെസ്സംബന്ധിച്ച് – അഥവാ ജനങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശകവും നിയമസംഹിതയുമാകുന്ന ഒരു പൂര്‍ണ്ണഗ്രന്ഥം തനിക്കും ലഭിക്കുമാറാകുന്നതിനെക്കുറിച്ച് – ഒട്ടും ആശങ്കക്കവകാശമില്ല. അതു ലഭിക്കുകതന്നെ ചെയ്യും. الله ٲعلم
ഈ വചനങ്ങളില്‍ ഒന്നുരണ്ടു സൂചനകള്‍ അടങ്ങിയിട്ടുള്ളതായി കാണാം. ഇസ്രാഈല്യര്‍ വേദഗ്രന്ഥം കൈവെടിയുകയും സത്യത്തില്‍നിന്നു പാടെ ഭിന്നിച്ചുപോകുകയും ചെയ്‌തപ്പോള്‍ അവരെ നയിക്കത്തക്ക നേതാക്കള്‍ അവരില്‍ ഇല്ലാതായി. വേദഗ്രന്ഥമാകട്ടെ, അതിന്റെ സാക്ഷാല്‍രൂപത്തില്‍ അവശേഷിക്കാതെയും, ആ രൂപത്തില്‍ അതു ആരാലും അംഗീകരിക്കപ്പെടാതെയും ആയിത്തീര്‍ന്നു. അതുകൊണ്ട് ഒരു പുതിയ ന്യായപ്രമാണത്തിന്റെയും വേദഗ്രന്ഥത്തിന്റെയും ആവശ്യം നേരിട്ടിരിക്കുകയാണ്. ആ ഗ്രന്ഥം, കാലാവസാനംവരെ അവശേഷിക്കുന്നതാവണം. അതിന്റെ അദ്ധ്യാപനങ്ങള്‍ എല്ലാ കാലത്തും യഥാവിധി തുറന്നുകാട്ടുവാന്‍ പര്യാപ്തരായ ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും വേണം. അതത്രെ, വിശുദ്ധ ഖുര്‍ആന്‍. അല്ലാഹു പറയുന്നു:
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
(നാം തന്നെയാണ് പ്രമാണം – ഖുര്‍ആന്‍ അവതരിപ്പിച്ചത്. നാം തന്നെ അതു കാത്തുസൂക്ഷിക്കുന്നവരുമാണ്. (സൂ: ഹിജ്ര്‍: 9) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
لاَ يَزَالُ مِنْ أُمَّتِي أُمَّةٌ قَائِمَةٌ بِأَمْرِ اللَّهِ، لاَ يَضُرُّهُمْ مَنْ خذلهم ، وَلاَ مَنْ خَالَفَهُمْ، حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ عَلَى ذَلِكَ – متفق عليه
(എന്റെ സമുദായത്തില്‍നിന്നു ഒരുവിഭാഗം ആളുകള്‍ അല്ലാഹുവിന്റെ കൽപനയനുസരിച്ച് നിലകൊള്ളുന്നവരായി ഉണ്ടാവാതിരിക്കയില്ല. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്‍ക്കുന്നവരാകട്ടെ അവര്‍ക്കു ഉപദ്രവം – തടസ്സം – വരുത്തുകയില്ല. അങ്ങനെ, അവര്‍ അതേ നിലയിലിരിക്കവെ അല്ലാഹുവിന്റെ കല്‍പന – കാലവസാനം -വന്നെത്തും. (ബു; മു.)
- أَوَلَمْ يَهْدِ لَهُمْ كَمْ أَهْلَكْنَا مِن قَبْلِهِم مِّنَ ٱلْقُرُونِ يَمْشُونَ فِى مَسَٰكِنِهِمْ ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ ۖ أَفَلَا يَسْمَعُونَ ﴾٢٦﴿
- ഇവര്‍ക്കുമുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നതു ഇവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ? ഇവര്‍ അവരുടെ വാസസ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (വല്ലോ)! നിശ്ചയമായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്; എന്നിട്ടും ഇവര്‍ കേട്ടറിയുന്നില്ലേ?!
- أَوَلَمْ يَهْدِ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നില്ലേ, വഴികാട്ടുന്നില്ലേ لَهُمْ ഇവര്‍ക്കു, അവര്‍ക്കു كَمْ أَهْلَكْنَا നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളതു) مِن قَبْلِهِم ഇവരുടെ (അവരുടെ) മുമ്പ് مِّنَ الْقُرُونِ തലമുറകളില്‍നിന്നു يَمْشُونَ ഇവര്‍ സഞ്ചരിക്കുന്നു, നടക്കുന്നു فِي مَسَاكِنِهِمْ അവരുടെ വാസസ്ഥലങ്ങളില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ أَفَلَا يَسْمَعُونَ എന്നിട്ടും അവര്‍ (ഇവര്‍) കേള്‍ക്കുന്നില്ലേ
- أَوَلَمْ يَرَوْا۟ أَنَّا نَسُوقُ ٱلْمَآءَ إِلَى ٱلْأَرْضِ ٱلْجُرُزِ فَنُخْرِجُ بِهِۦ زَرْعًا تَأْكُلُ مِنْهُ أَنْعَٰمُهُمْ وَأَنفُسُهُمْ ۖ أَفَلَا يُبْصِرُونَ ﴾٢٧﴿
- വരണ്ടുകിടക്കുന്ന ഭൂമിയിലേക്കു നാം വെള്ളത്തെ കൊണ്ടുചെല്ലുന്നുവെന്നുള്ളതു ഇവര്‍ക്കു കണ്ടുകൂടേ? അങ്ങനെ, ഇവരുടെ കന്നുകാലികളും, ഇവര്‍തന്നെയും തിന്നുകൊണ്ടിരിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു! എന്നിട്ടും ഇവര്‍ കണ്ടറിയുന്നില്ലേ?!
- أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ أَنَّا نَسُوقُ നാം കൊണ്ടുചെന്നുവെന്നു, തെളിച്ചു കൊണ്ടുപോകുന്നത് الْمَاءَ വെള്ളം إِلَى الْأَرْضِ ഭൂമിയിലേക്കു الْجُرُزِ വരണ്ടതായ (സസ്യങ്ങളില്ലാത്ത) فَنُخْرِجُ അങ്ങിനെ നാം പുറപ്പെടുവിക്കുന്നു (ഉല്‍പാദിപ്പിക്കുന്നു) بِهِ അതുകൊണ്ടു زَرْعًا കൃഷിയെ, വിളയെ تَأْكُلُ തിന്നുന്നു مِنْهُ അതില്‍നിന്നു أَنْعَامُهُمْ അവരുടെ കന്നുകാലികള്‍ وَأَنفُسُهُمْ അവരുടെ ദേഹങ്ങളും (അവര്‍ തന്നെയും) أَفَلَا يُبْصِرُونَ എന്നിട്ടും അവര്‍ (ഇവര്‍) കാണുന്നില്ലേ, കണ്ടറിയുന്നില്ലേ
ആദ്യത്തെ ആയത്തില്‍ ഖുര്‍ആന്റെ നിഷേധികള്‍ക്കു അവരുടെ നാശത്തെക്കുറിച്ചുള്ള താക്കീതും, രണ്ടാമത്തേതില്‍ പുനരുത്ഥാനത്തെ സംബന്ധിച്ച ഒരു തെളിവും അടങ്ങുന്നു.
- وَيَقُولُونَ مَتَىٰ هَٰذَا ٱلْفَتْحُ إِن كُنتُمْ صَٰدِقِينَ ﴾٢٨﴿
- അവര്‍ പറയുന്നു: 'എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം), നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!
- وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْفَتْحُ ഈ തുറവി (വിജയം, തീരുമാനം) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍
- قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَٰنُهُمْ وَلَا هُمْ يُنظَرُونَ ﴾٢٩﴿
- (നബിയേ) പറയുക: വിജയത്തിന്റെ (അഥവാ തീരുമാനത്തിന്റെ) ദിവസം, അവിശ്വസിച്ചവരായ ആളുകള്‍ക്കു അവരുടെ (അപ്പോഴത്തെ) വിശ്വാസം ഫലം ചെയ്യുന്നതല്ല; അവര്‍ക്കു (കാലാവധി നല്‍കി) താമസം ചെയ്തുകൊടുക്കപ്പെടുന്നതുമല്ല.'
- قُلْ പറയുക يَوْمَ الْفَتْحِ തുറവിയുടെ ദിവസം لَا يَنفَعُ ഉപകാരം ചെയ്കയില്ല, ഫലപ്പെടുകയില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു إِيمَانُهُمْ അവരുടെ വിശ്വാസം وَلَا هُمْ അവരില്ലതാനും يُنظَرُونَ താമസം ചെയ്തുകൊടുക്കപ്പെടുക, ഒഴിവുനല്‍കപ്പെടുക
മക്കായില്‍വെച്ചു മുശ്‌രിക്കുകളുടെ ഉപദ്രവങ്ങളും മര്‍ദ്ദനങ്ങളും മുസ്‌ലിംകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അവതരിച്ചതാണ് ഈ സൂറത്ത്. സത്യവിശ്വാസികള്‍ തല്‍ക്കാലം പലതരം വിഷമങ്ങള്‍ക്കും വിധേയരാണെങ്കിലും, ഭാവിയില്‍ രക്ഷയും വിജയവും അവര്‍ക്കാണ്; അവിശ്വാസികള്‍ക്കു പരാജയവും ശിക്ഷയും അനുഭവപ്പെടുകതന്നെ ചെയ്യും; അങ്ങനെ, ഇരുവിഭാഗത്തിനുമിടയില്‍ ഒരു തീരുമാനംവരും. എന്നൊക്കെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സത്യവിശ്വാസികളെ അറിയിക്കാറുണ്ടല്ലോ. ഇതിനെപ്പറ്റി പരിഹസിച്ചുകൊണ്ടു മുശ്‌രിക്കുകള്‍ ചോദിക്കുന്ന ചോദ്യവും അതിന്റെ മറുപടിയുമാണിത്. മറുപടിയുടെ സാരം ഇതാണ്: അക്കാര്യം സംഭവിക്കുമെന്നതില്‍ ഒട്ടും സംശയമില്ല, എപ്പോഴാണെന്നുള്ള സംഗതി അല്ലാഹുവിനറിയാം. അവന്‍ ഉദ്ദേശിച്ച സമയത്തു അതു നടക്കും. അപ്പോള്‍ അവര്‍ അങ്ങേഅറ്റം ഖേദവും, വിശ്വാസവും പ്രകടിപ്പിക്കാതിരിക്കയില്ല. പക്ഷേ, ആ വിശ്വാസം സ്വീകരിക്കപ്പെടുകയോ, അവരുടെ ഒഴികഴിവു ഗൗനിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.
فَتْح (‘ഫത്ത്ഹു’) എന്നാല്‍ ‘തുറവി, വിജയം, തീരുമാനം, ആശ്വാസം’ എന്നൊക്കെയാണര്‍ത്ഥം. يَوْمَ الْفَتْحِ (വിജയത്തിന്റെ -അഥവാ തീരുമാനത്തിന്റെ- ദിവസം) കൊണ്ടുദ്ദേശ്യം ഖിയാമത്തുനാളാണെന്നത്രെ കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. ഇഹത്തില്‍ വെച്ചുതന്നെ അവിശ്വാസികള്‍ക്കു അനുഭവപ്പെടുന്ന ഏതെങ്കിലും ശിക്ഷയുടെ അവസരമാണ് അതുകൊണ്ടു ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. രണ്ടായാലും ശരി, മരണവേളയിലും, ഖിയാമത്തുനാളിലുമെല്ലാംതന്നെ, അവിശ്വാസികള്‍ തങ്ങളുടെ ചെയ്തികളെപ്പറ്റി ഖേദിച്ചു വിലപിക്കുകയും, ഒഴികഴിവുകള്‍ സമര്‍പ്പിച്ചു നോക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണിത്.
മുശ്‌രിക്കുകളുടെ പ്രസ്‌തുത ചോദ്യത്തെ അവഗണിക്കുവാനും, മുസ്‌ലിംകളുടെ വിജയത്തിന്റെയും സന്തോഷത്തിന്റെയും അവസരത്തെ സുപ്രതീക്ഷയോടെ കാത്തിരിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തിക്കൊണ്ട് അല്ലാഹു ഈ സൂറത്തു അവസാനിപ്പിക്കുന്നു.
- فَأَعْرِضْ عَنْهُمْ وَٱنتَظِرْ إِنَّهُم مُّنتَظِرُونَ ﴾٣٠﴿
- അതുകൊണ്ട് നീ അവരില്‍നിന്നും (അവഗണനയോടെ) തിരിഞ്ഞുകളയുക; പ്രതീക്ഷിച്ചുകൊണ്ടിരിക്കയും ചെയ്യുക. നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്.
- فَأَعْرِضْ അതുകൊണ്ടു തിരിഞ്ഞുകളയുക, അവഗണിക്കുക عَنْهُمْ അവരെപ്പറ്റി, അവരില്‍ നിന്നു وَانتَظِرْ കാത്തിരിക്കയും (പ്രതീക്ഷിക്കയും) ചെയ്യുക إِنَّهُم നിശ്ചയമായും അവര്‍ مُّنتَظِرُونَ പ്രതീക്ഷിച്ചിരിക്കുന്നവരാണ്
ആരുടെ പ്രതീക്ഷയാണ് സാക്ഷാല്‍ക്കരിക്കപ്പെടുക എന്ന്‍ അനുഭവത്തില്‍ കാണാമല്ലോ എന്നു താല്‍പര്യം.
اللهم أيدنا بنصرك وعاملنا بلطفك ومغفرتك ورحمتك يا أرحم الراحمين