സൂറത്ത് ഹാമീം സജദഃ : 33-54
വിഭാഗം - 5
- وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَآ إِلَى ٱللَّهِ وَعَمِلَ صَٰلِحًا وَقَالَ إِنَّنِى مِنَ ٱلْمُسْلِمِينَ ﴾٣٣﴿
- അല്ലാഹുവിലേക്കു ക്ഷണിക്കുകയും, സൽക്കർമ്മം പ്രവർത്തിക്കുകയും, നിശ്ചയമായും ഞാൻ 'മുസ്‌ലിം' കളിൽപെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാൾ നല്ല വാക്കു പറയുന്നവൻ ആരാണുള്ളത്?! [ആരുമില്ലതന്നെ.]
- وَمَنْ ആരാണ് أَحْسَنُ അധികം നല്ലവൻ قَوْلًا വാക്കു, വാക്കിൽ مِمَّنۡ دَعَا വിളിച്ച (ക്ഷണിച്ച) വനെക്കാൾ إِلَى اللَّـهِ അല്ലാഹുവിലേക്ക് وَعَمِلَ صَالِحًا സൽക്കർമ്മം (നല്ലതു) പ്രവർത്തിക്കുകയും ചെയ്ത وَقَالَ പറയുകയും ചെയ്തു إِنَّنِي നിശ്ചയമായും ഞാൻ مِنَ الْمُسْلِمِينَ മുസ്‌ലിംകളിൽപെട്ട(വനാണ്)
മനുഷ്യർ പലതും പറയുന്നു, പ്രഖ്യാപിക്കുന്നു, പ്രചാരവേല ചെയ്യുന്നു, പലതിലേക്കും ക്ഷണിക്കുന്നു. ഇവരിൽവെച്ച് ഏറ്റവും നല്ല വക്താവു ഏതാണ്? മൂന്നു കാര്യങ്ങൾ ആരിൽ സമ്മേളിച്ചിട്ടുണ്ടോ അവരാണ് അതെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
1) അല്ലാഹുവിലേക്കു ക്ഷണിക്കുക. അതായതു തൗഹീദിലേക്കും, ഇസ്‌ലാമിലേക്കും ക്ഷണിക്കുകയും, അതിനുവേണ്ടി ഉപദേശവും പ്രചാരവും നടത്തുകയും ചെയ്യുക.
2) സൽകർമ്മം ചെയ്യുക. അന്യരെ ക്ഷണിക്കുകയും, ഉപദേശിക്കുകയും ചെയുന്നവൻ നിഷ്കളങ്കനും, മാതൃകായോഗ്യനുമായിരിക്കേണ്ടതാണല്ലോ. അതു കൊണ്ട് അവൻ സ്വന്തം നിലക്കും, മറ്റുളവരുടെ ഉപദേശകനെന്ന നിലക്കും സദ്‌വൃത്തനായിത്തീരേണ്ടതുണ്ട്. അല്ലാത്തപക്ഷം അവൻ വഞ്ചകനും, കപടനുമായിരിക്കും.
3) താനൊരു മുസ്ലിമാണ് – അഥവാ അല്ലഹുവിന്റെ വിധി വിലക്കുകളനുസരിച്ചു ജീവിക്കുന്നവനാണ് – എന്നു പറയുക. അതെ, പരസ്യമായും, ധൈര്യസമേതവും അതു തുറന്നു പ്രഖ്യാപിക്കുകയും, അതിൽ അഭിമാനം കൊള്ളുകയും ചെയ്യുക. അതവന്റെ വിശ്വാസദാർഢ്യത്തെയും, കർമ്മധീരതയെയും, സ്ഥിരചിത്തതയെയും കുറിക്കുന്നു.
ഒരാൾക്കു നല്ല വിശ്വാസവും, ഉൽകൃഷ്ടമായ ആദർശവും ഉണ്ടായാൽ മാത്രം പോരാ, അവനതു പ്രകാരം ആചരിച്ചാലും പോരാ, അതു പ്രഖ്യാപിക്കുകയും, അതിലേക്കു മറ്റുള്ളവരെ ക്ഷണിക്കുകയും കൂടി വേണ്ടതുണ്ടെന്നു ഈ വചനത്തിൽനിന്നു മനസ്സിലാക്കാം. ഈ മൂന്നു ഗുണങ്ങളും സമ്മേളിച്ച വ്യക്തികൾ ഇന്നു മുസ്‌ലിം സമുദായത്തിൽ വളരെ വിരളമാണെന്നു അത്യധികം വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായത്തിനു ഇന്നുള്ള അധഃപതനത്തിന്റെ കാരണവും ഇതൊന്നു മാത്രമാണെന്നു പറയാം. താനൊരു മുസ്‌ലിമാണെന്നു ധൈര്യത്തോടും അഭിമാനത്തോടുംകൂടി ഏതു രംഗങ്ങളിലും തുറന്നു പ്രഖ്യാപിക്കുന്നതു പോകട്ടെ, തനൊരു മുസ്‌ലിമാണെന്ന വസ്തുത മറ്റുള്ളവർ അറിയുന്നതുപോലും, ലജ്ജയോ, ഭീരുത്വമോ ആയിത്തീർന്നിട്ടുള്ള ധാരാളം മുസ്‌ലിം നാമധാരികളെ ഇന്നു കാണാവുന്നതാണ്. ഇതുനിമിത്തം, തങ്ങളുടെ പേരും വേഷവും ഇസ്‌ലാമീകമല്ലെന്നു തോന്നിക്കുന്ന ഏതെങ്കിലും വികൃതരൂപം സ്വീകരിക്കുവാനും ചിലർ തയ്യാറാകുന്നു. ഇത്തരക്കാർ, തങ്ങൾ മുസ്ലിങ്ങളല്ലെന്നു തുറന്നുപറയുന്നതായിരിക്കും വാസ്തവത്തിൽ അവർക്കും മുസ്ലിംകള്‍ക്കും ഗുണം. പാരമ്പര്യമായി ഇസ്ലാമിക നാമത്തിൽ അറിയപ്പെട്ടുവെന്നല്ലാതെ, ഇസ്ലാമിനെകുറിച്ചുള്ള അറിവോ, ബോധമോ തൊട്ടുതീണ്ടിയിട്ടില്ലെന്നുള്ളതാണ് ഇതിനെല്ലാം യഥാർത്ഥ കാരണം. പോരാത്തത് – മറ്റേതെങ്കിലും പേരിൽ ജാതിവ്യത്യാസം അംഗീകരിക്കപ്പെടാമെങ്കിലും – മതത്തിന്റെ പേരിൽ ജാതിവ്യതാസം കണക്കാക്കുന്നതു ഇന്നത്തെ ആധുനിക പരിഷ്കാരത്തിനു വിരുദ്ധവുമാണല്ലോ. അല്ലാഹുവിൽ ശരണം!
- وَلَا تَسْتَوِى ٱلْحَسَنَةُ وَلَا ٱلسَّيِّئَةُ ۚ ٱدْفَعْ بِٱلَّتِى هِىَ أَحْسَنُ فَإِذَا ٱلَّذِى بَيْنَكَ وَبَيْنَهُۥ عَدَٰوَةٌ كَأَنَّهُۥ وَلِىٌّ حَمِيمٌ ﴾٣٤﴿
- നന്മയും തിന്മയും സമമാകുകയില്ല തന്നെ. കൂടുതൽ നല്ലതേതോ അതുകൊണ്ടു നീ (തിന്മയെ) തടുത്തുകൊള്ളുക. എന്നാൽ, നിന്റെയും യാതൊരുവന്റെയും ഇടയിൽ വല്ല ശത്രുതയുമുണ്ടോ അവൻ, ഒരു ഉറ്റബന്ധുവെന്ന പോലെ ആയിരിക്കുന്നതാണ്.
- وَلَا تَسْتَوِي സമമാവുകയില്ല الْحَسَنَةُ നന്മ وَلَا السَّيِّئَةُ തിന്മയും ഇല്ല ادْفَعْ നീ തടുക്കുക ,തട്ടുക بِالَّتِي യാതൊന്നുകൊണ്ടു هِيَ أَحْسَنُ അതു കൂടുതൽ നല്ലതാണ് فَإِذَا എന്നാലപ്പോൾ الَّذِي യാതൊരുവൻ بَيْنَكَ وَبَيْنَهُ നിന്റെയും അവന്റെയും ഇടയിലുണ്ടു عَدَاوَةٌ വല്ല ശത്രുതയും كَأَنَّهُ وَلِيٌّ അവനൊരു ബന്ധുവെന്നപോലെയിരിക്കും حَمِيمٌ ചൂടുപിടിച്ച (ഉറ്റ, അടുത്ത)
- وَمَا يُلَقَّىٰهَآ إِلَّا ٱلَّذِينَ صَبَرُوا۟ وَمَا يُلَقَّىٰهَآ إِلَّا ذُو حَظٍّ عَظِيمٍ ﴾٣٥﴿
- ക്ഷമ (അഥവാ സഹനം) കൈക്കൊണ്ടവർക്കല്ലാതെ ഇതു [ഇക്കാര്യം] എത്തപ്പെടുകയില്ല; വമ്പിച്ച ഭാഗ്യവാനുമല്ലാതെ ഇതു എത്തപ്പെടുന്നതല്ല.
- وَمَا يُلَقَّاهَا അതു കണ്ടെത്തിക്കപ്പെടുകയില്ല (എത്തപ്പെടുക - ലഭിക്കുക - യില്ല) إِلَا ഒഴികെ الَّذِينَ صَبَرُوا ക്ഷമിച്ചവർ, സഹിച്ചവർ وَمَا يُلَقَّاهَا അതു കണ്ടെത്തപ്പെടുന്ന (ലഭിക്കുന്ന) തുമല്ല إِلَّا ذُو حَظٍّ ഭാഗ്യമുള്ളവനല്ലാതെ عَظِيمٍ വമ്പിച്ച, മഹത്തായ
വളരെ മഹത്തായ ഒരു തത്വമാണ് ഈ വചനം ഉൾക്കൊള്ളുന്നത്. ‘നന്മയും തിന്മയും സമമാവുകയില്ല’ (وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ) എന്നതാണ് ആ തത്വത്തിന്റെ അടിത്തറ. നന്മക്കു അതിന്റേതായ നല്ല ഗുണങ്ങളും, തിന്മക്കു അതിന്റേതായ ചീത്ത ഗുണങ്ങളുമാണുള്ളത്. നന്മ വരുത്തുവാൻ തിന്മക്കു സാധ്യമല്ല. ഒരു തിന്മ പലപ്പോഴും പല തിന്മകൾ ചെയ്‍വാൻ കാരണമായേക്കും. അതുകൊണ്ടു തിന്മയെ തടുക്കുവാനും, മുടക്കുവാനും ഏറ്റവും നല്ല ആയുധം നന്മയാകുന്നു. പക്ഷേ, നയപൂർവ്വം അതു പ്രയോഗിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിന്റെ യഥാർത്ഥ ഫലം അനുഭവപ്പെട്ടെന്നു വരികയുള്ളൂ. ‘കൂടുതൽ നല്ലതു ഏതോ അതുകൊണ്ടു തിന്മയെ തടയണം’ (ادْفَعْ بِالَّتِي هِيَ أَحْسَنُ) എന്നു അല്ലാഹു ഉപദേശിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്. ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, പ്രതികാരമനസ്ഥിതി ഉപേക്ഷിക്കുക മുതലായവയാണ് ഇതിനുള്ള മാർഗ്ഗങ്ങൾ. ഈ മാർഗ്ഗം സ്വീകരിക്കുന്നപക്ഷം തമ്മിൽ ശത്രുതയോടെ വർത്തിക്കുന്നവർ പരസ്പരം ഉറ്റബന്ധുക്കളായി മാറുമെന്നു തീർച്ചയാണ്. (فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ)
പക്ഷേ, ഈ മഹത്തായ തത്വം പ്രായോഗികമാക്കുന്നവർ എത്ര ചുരുക്കം?! നന്മ ചെയ്തവരോടുപോലും തിന്മ ചെയ്യുന്നവർ, ഒരു തിന്മക്കു പകരം ഒന്നിലധികം തിന്മ ചെയ്യുന്നവർ, ഇങ്ങിനെയുള്ളവരാണ് അധികവും നന്മക്കു നന്മയും, തിന്മക്കു അതേ അളവിൽ കവിയാത്ത തിന്മയും ചെയ്യുകയെന്ന നീതീബോധമെങ്കിലും ഉള്ളവർ തുലോം കുറവായിരിക്കും. എന്നിരിക്കെ, തിന്മയെ തടയുവാൻ നന്മയെ മാത്രം ഉപയോഗപ്പെടുത്തുകയും, അതു കൂടുതൽ പ്രായോഗികമായ രീതിയിലാകുവാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ കാര്യം പറയുവാനുണ്ടോ?! അതു കൊണ്ടുതന്നെയാണ്, ക്ഷമയും സഹനവുമുള്ളവർക്കും, മഹാഭാഗ്യവാന്മാരായ ആളുകൾക്കും അല്ലാതെ ഇതു സാധിച്ചു കിട്ടുന്നതല്ല (وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ) എന്നു അല്ലാഹു പ്രത്യേകം ഉണർത്തിയിരിക്കുന്നതും. ഈ മഹാ ഭാഗ്യവാന്മാരായ സഹനശീലന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തതായി ബുഖാരി (رحمه الله) ഉദ്ധരിച്ച ഒരു ഹദീസിന്റെ സാരം ഇതാണ്: ‘ഇങ്ങോട്ടു ചെയ്തതുപോലെ അങ്ങോട്ടും – സമത്തിനു സമമായി – പ്രവർത്തിക്കുന്നവനല്ല ബന്ധം പാലിക്കുന്നവൻ. പക്ഷേ, തന്നോടുള്ള ബന്ധം മുറിക്കപ്പെട്ടാൽ അങ്ങോട്ട് ആ ബന്ധം പാലിക്കുന്നവനാണ് ‘ബന്ധം പാലിക്കുന്നവൻ’. (ليسَ الواصِلُ بالمُكافِئِ الخ) ഉമർ (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘നിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ കല്പനക്കെതിരായി പ്രവർത്തിക്കുന്ന ആളോട് അവന്റെ കാര്യത്തിൽ അല്ലാഹു കൽപിച്ചതനുസരിച്ചു പ്രവർത്തിക്കുന്നതിനു തുല്യമായി മറ്റൊരു പ്രതികാരനടപടിയും നിനക്കു എടുക്കുവാനില്ല.’ (حكاه ابن كثير) ഒരു കവി പറയുന്നു:-
وما شيءٍ أحبُّ إلى سفيه ¤ إذا سب الكريمَ من الجوابِ
متاركةً السفية بلا جوابٍ ¤ أشدُّ على السفية من السبابِ
(സാരം: ഭോഷനായ ഒരാൾ മാന്യനായ ഒരാളെ ചീത്ത പറയുമ്പോൾ അയാളിൽനിന്നു അതിനു മറുപടി ലഭിക്കുന്നതിനെക്കാൾ തൃപ്തികരമായി അവനു മറ്റൊന്നുമുണ്ടായിരിക്കയില്ല. ഭോഷനോടു മറുപടി പറയാതെ വിട്ടേക്കുന്ന നയം, അവനോടു ചീത്ത പറയുന്നതിനെക്കാൾ അവനു അസഹനീയമായിരിക്കും). മറ്റൊരു കവി ആയത്തിലെ ആശയം അദ്ദേഹത്തിന്റെ ഭാഷയിൽ ഇങ്ങിനെ വിവരിക്കുന്നു:
إنّ العداوة تستحيل مودّة … بتدارك الهفوات بالحسنات
(അബദ്ധങ്ങൾക്കു നന്മകൾവഴി പരിഹാരം ഉണ്ടാക്കുന്നതായാൽ നിശ്ചയമായും ശത്രുത സ്നേഹബന്ധമായി മാറും എന്നു സാരം).
അല്ലാഹു എടുത്തുകാട്ടിയ ആ മഹാഭാഗ്യം നേടുന്നതിനു പ്രധാന തടസ്സം, മനുഷ്യന്റെ കോപവും, അവന്റെ പ്രതികാരവാഞ്ഛയുമാകുന്നു. മനുഷ്യപ്പിശാചുക്കളും, ജിൻപിശാചുക്കളും അവനെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാൽ, മനുഷ്യപ്പിശാചുക്കളുടെ ദുഷ്പ്രേരണകളിൽനിന്ന് രക്ഷപ്പെടുവാനുള്ള മാർഗ്ഗത്തെപ്പറ്റി മനുഷ്യനു ഏറെക്കുറെ ആലോചിച്ചു രൂപം കാണുവാൻ സാധിച്ചേക്കും. ജിൻപിശാചുക്കളുടെ ദുഷ്പ്രേരണകളിൽനിന്നു രക്ഷപ്പെടുവാൻ അവനു പ്രത്യക്ഷത്തിൽ മാർഗ്ഗമൊന്നുമില്ലല്ലോ. അതിനുള്ള മാർഗ്ഗമാണ് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
- وَإِمَّا يَنزَغَنَّكَ مِنَ ٱلشَّيْطَٰنِ نَزْغٌ فَٱسْتَعِذْ بِٱللَّهِ ۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٣٦﴿
- പിശാചിൽനിന്ന് വല്ല ദുഷ്പ്രേരണയും (എപ്പോഴെങ്കിലും) നിന്നെ ഇളക്കിവിട്ടേക്കുന്നപക്ഷം, അപ്പോൾ നീ അല്ലാഹുവിനോടു ശരണംതേടുകയും ചെയ്തുകൊള്ളുക. നിശ്ചയമായും, അവനത്രെ, (എല്ലാം) കേൾക്കുന്നവനും അറിയുന്നവനും.
- وَإِمَّا يَنۡزَغَنَّكَ നിന്നെ (വല്ലപ്പോഴും - വല്ല വിധത്തിലും) ഇളക്കിവിടുന്നപക്ഷം (ദുഷ്‌പ്രേരണ ഉണ്ടാക്കിയാൽ) مِنَ الشَّيْطَانِ പിശാചിൽനിന്നു نَزْغٌ വല്ല ഇളക്കിവിടലും (ദുഷ്‌പ്രേരണയും) فَاسْتَعِذْ അപ്പോൾ നീ ശരണം (കാവൽ) തേടുക بِاللَّـهِ അല്ലാഹുവിനോടു إِنَّهُ هُوَ നിശ്ചയമായും അവൻ തന്നെ السَّمِيعُ (എല്ലാം) കേൾക്കുന്നവൻ الْعَلِيمُ അറിയുന്നവൻ
കഴിഞ്ഞ ആയത്തിലെയും ഈ ആയത്തിലെയും ആശയങ്ങൾ ഉൾക്കൊള്ളുന്ന ചില വചനങ്ങളും അവയുടെ വിവരണവും സൂ : മുഅ്‌മിനൂൻ 96-98ൽ കഴിഞ്ഞുപോയിട്ടുള്ളത് ഓർമ്മിക്കുക. കൂടാതെ, സൂ : അഅ്‌റാഫ് 199-200 ലും ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. പിശാചിന്റെ ദുഷ്പ്രേരണകളെയും ദുർബോധനങ്ങളെയും ഗൗരവപൂർവ്വം കണക്കിലെടുത്തു സൂക്ഷിക്കേണ്ടതുണ്ടെന്നും, കേവലം അദൃശ്യശക്തിയായ അവന്റെ ഉപദ്രവത്തിൽ നിന്നു രക്ഷപെടേണ്ടതിനു അല്ലാഹുവിൽ ശരണം തേടുകയും, അവനോടു പ്രാർത്ഥിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണെന്നും ഇതുപോലെയുള്ള ഖുർആൻ വചനങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. പിശാചിന്റെ നാശത്തിൽനിന്നു മുക്തി ലഭിക്കുവാനുള്ള മാർഗ്ഗം അല്ലാഹുവിനോടുള്ള പ്രാർത്ഥനയായിരിക്കുവാൻ കാരണമെന്താണെന്നും ഈ വചനത്തിലെ അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നുണ്ട്. അതെ, രഹസ്യപരസ്യമെന്നോ, ചെറുതുവലുതു എന്നോ വ്യത്യാസമില്ലാതെ എല്ലാം കേൾക്കുന്നവനും അറിയുന്നവനും അവൻ മാത്രമാണല്ലോ. (إِنَّهُ هُوَ السَّمِيعُ الْعَلِيمُ) അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ പിശാചിനെക്കുറിച്ചു രക്ഷക്കപേക്ഷിക്കുമ്പോൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറഞ്ഞിരുന്നത് : أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنَ الشَّيْطَانِ الرَّجِيمِ (എല്ലാം കേൾക്കുന്നവനും അറിയുന്നവനുമായ അല്ലാഹുവിനോടു ആട്ടപ്പെട്ട പിശാചിൽനിന്നു ഞാൻ രക്ഷ തേടുന്നു).
- وَمِنْ ءَايَٰتِهِ ٱلَّيْلُ وَٱلنَّهَارُ وَٱلشَّمْسُ وَٱلْقَمَرُ ۚ لَا تَسْجُدُوا۟ لِلشَّمْسِ وَلَا لِلْقَمَرِ وَٱسْجُدُوا۟ لِلَّهِ ٱلَّذِى خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾٣٧﴿
- അവന്റെ [അല്ലാഹുവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നാകട്ടെ, ചന്ദ്രന്നാകട്ടെ, നിങ്ങൾ ‘ സുജൂദ് ’ [സാഷ്ടാംഗവണക്കം] ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിനു നിങ്ങൾ ‘ സുജൂദ് ’ ചെയ്യുകയും ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് اللَّيْلُ രാത്രി وَالنَّهَارُ പകലും وَالشَّمْسُ وَالْقَمَرُ സൂര്യനും ചന്ദ്രനും لَا تَسْجُدُوا നിങ്ങൾ സുജൂദു ചെയ്യരുതു لِلشَّمْسِ സൂര്യനു وَلَا لِلْقَمَرِ ചന്ദ്രനും അരുതു وَاسْجُدُوا നിങ്ങൾ സുജൂദു ചെയ്യുകയും ചെയ്യുവിൻ لِلَّـهِ അല്ലാഹുവിനു الَّذِي خَلَقَهُنَّ അവയെ സൃഷ്ടിച്ചവനായ إِنۡ كُنۡتُمْ നിങ്ങളാണെങ്കിൽ إِيَّاهُ تَعْبُدُونَ അവനെത്തന്നെ ആരാധിക്കും
- فَإِنِ ٱسْتَكْبَرُوا۟ فَٱلَّذِينَ عِندَ رَبِّكَ يُسَبِّحُونَ لَهُۥ بِٱلَّيْلِ وَٱلنَّهَارِ وَهُمْ لَا يَسْـَٔمُونَ ۩ ﴾٣٨﴿
- എനി, അവർ അഹംഭാവം നടിക്കുകയാണെങ്കിൽ, എന്നാൽ (നബിയേ) നിന്റെ റബ്ബിന്റെ അടുക്കലുള്ളവർ [മലക്കുകൾ ] രാത്രിയിലും പകലിലും അവന്നു 'തസ്ബീഹു' [സ്തോത്രകീർത്തനം] നടത്തിക്കൊണ്ടിരിക്കുന്നു. അവരാകട്ടെ, മടി കാട്ടുകയുമില്ല.
- فَإِنِ اسْتَكْبَرُوا എനി (എന്നാൽ) അവർ അഹംഭാവം നടിച്ചാൽ فَالَّذِينَ عِنۡدَ رَبِّكَ എന്നാൽ നിന്റെ റബ്ബിന്റെ അടുക്കൽ ഉള്ളവർ يُسَبِّحُونَ لَهُ അവനു അവർ തസ്ബീഹു ചെയ്യുന്നു بِاللَّيْلِ وَالنَّهَارِ രാത്രിയും പകലും وَهُمْ അവരാകട്ടെ لَا يَسْأَمُونَ മടിക്കുകയില്ല, മടുക്കുകയില്ല, ക്ഷീണിക്കുകയില്ല
ഓതുമ്പോൾ സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകളിൽ ഒന്നാണ് ഈ ആയത്തും. ഇതു നിമിത്തമാണ് ഈ സൂറത്തിന്നു حم السجده (സുജൂദുള്ള ‘ഹാമീം’) എന്നു പേർ പറയുന്നതു.
സൂര്യചന്ദ്രന്മാർ വമ്പിച്ച ചില വസ്തുക്കളാണെന്ന കാരണത്താലാണ് അവയെ പലരും ആരാധിച്ചുവരുന്നത്. അവ എത്രതന്നെ വമ്പിച്ചതാണെങ്കിലും അവയെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളും, അവന്റെ നിയന്ത്രണത്തിനു വിധേയങ്ങളുമാണല്ലോ. അപ്പോൾ യഥാർത്ഥത്തിൽ ആരാധിക്കേണ്ടതു ആ സൃഷ്ടാവിനെയല്ലേ?! മറ്റൊരാളെക്കൂടി പങ്കുചേർത്തുകൊണ്ടുള്ള ആരാധന അവങ്കൽ സ്വീകാര്യവുമല്ല. അതുകൊണ്ടു അവനെ ആരാധിക്കുവാൻ തയ്യാറുള്ളവർ അവനെ മാത്രമേ ആരാധിച്ചുകൂടൂ. എനി – എണ്ണംകൊണ്ടും, വണ്ണംകൊണ്ടുമെല്ലാം – നിസ്സാര സൃഷ്ടിയായ മനുഷ്യൻ അവനെ ആരാധിക്കുവാൻ തയ്യാറില്ലാതെ അഹംഭാവം നടിക്കുകയാണെങ്കിൽ അതുമൂലം അവനു എന്തെങ്കിലും പോരായ്മയോ ദോഷമോ ബാധിക്കാനില്ലതാനും. അതേസമയത്ത്, രാപ്പകൽ വ്യത്യാസമെന്യെ, ലവലേശം മടിയോ മടുപ്പോ ക്ഷീണമോ ബാധിക്കാതെ, അവന്റെ വൻ സൃഷ്ടികളായ എണ്ണമറ്റ മലക്കുകൾ ഉപരിലോകങ്ങളിൽവെച്ച് സദാസമയവും അവനു ആരാധനാവണക്കങ്ങളും, സ്തോത്രകീർത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നുണ്ടുതാനും.
- وَمِنْ ءَايَٰتِهِۦٓ أَنَّكَ تَرَى ٱلْأَرْضَ خَٰشِعَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ ۚ إِنَّ ٱلَّذِىٓ أَحْيَاهَا لَمُحْىِ ٱلْمَوْتَىٰٓ ۚ إِنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٣٩﴿
- അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതു തന്നെയാണ് ഭൂമിയെ അടങ്ങി (ഇറുകി)യതായി നീ കാണുന്നതും. എന്നിട്ടു അതിൽ നാം (മഴ) വെള്ളം ഇറക്കിയാൽ അതു (കുതിർന്നു) ഇളകുകയും, ചീർക്കുകയും ചെയ്യുന്നു. അതിനു ജീവസ്സു നൽകുന്നവൻ, നിശ്ചയമായും മരണപ്പെട്ടവരെ ജീവിപ്പിക്കുന്നവൻ തന്നെയാകുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവൻ തന്നെ.
- وَمِنْ آيَاتِهِ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് أَنَّكَ تَرَى നീ കാണുന്നുവെന്നുള്ളതു الْأَرْضَ ഭൂമിയെ خَاشِعَةً (ഭയപ്പെട്ടമാതിരി) അടങ്ങിയതായി فَإِذَا أَنۡزَلْنَا എന്നിട്ടു നാം ഇറക്കിയാൽ عَلَيْهَا അതിൽ, അതിൻമേൽ الْمَاءَ വെള്ളം اهْتَزَّتْ അതു കിളറും (കുതിരും, തരിക്കും, ഇളകും) وَرَبَتْ ചീർക്കുക (പൊന്തുക)യും ചെയ്യും إِنَّ നിശ്ചയമായും الَّذِي أَحْيَاهَا അതിനെ ജീവിപ്പിച്ചവൻ لَمُحْيِي ജീവിപ്പിക്കുന്നവൻ തന്നെ الْمَوْتَى മരണപ്പെട്ടവരെ إِنَّهُ നിശ്ചയമായും അവൻ عَلَى كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
കഴിഞ്ഞ ആയത്തുകളിൽ വാനസംബന്ധമായ ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് തൗഹീദിലേക്കു ക്ഷണിച്ചു. ഈ ആയത്തിൽ ഭൗമികമായ ചില ദൃഷ്ടാന്തങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടു പുനരുത്ഥാനത്തെ സ്ഥാപിക്കുകയാണ്. പച്ച മുളക്കാതെ അടങ്ങിയൊതുങ്ങി നിർജ്ജീവമായി കിടക്കുന്ന തരിശുഭൂമിയിൽ അല്ലാഹു മഴ വർഷിപ്പിക്കുമ്പോൾ, മണ്ണു കുതിർന്നു കിളറുകയും, ചീർക്കുകയും, അങ്ങിനെ അതിൽ സസ്യലതാദികൾ ഉത്പാദിക്കുകയും ചെയ്യുന്നു. ഇതുപോലെ, മരിച്ചു മണ്ണായ ശരീരങ്ങളെ അല്ലാഹു വീണ്ടും ജീവിപ്പിക്കുന്നു. അപ്പോൾ, മേലോട്ടു നോക്കിയാലും കീഴോട്ടു നോക്കിയാലും ചുറ്റുപാടിൽ നോക്കിയാലും എല്ലാംതന്നെ ധാരാളം ദൃഷ്ടാന്തങ്ങൾ നിലവിലുണ്ട്. എന്നിരിക്കെ, അവയുടെ നേരെ കണ്ണടച്ചും, അവയെ അന്യഥാ വ്യാഖ്യാനിച്ചും കഴിഞ്ഞുകൂടുന്നവരുടെ സ്ഥിതി എത്ര ശോചനീയം! അല്ലാഹു പറയുന്നു:
- إِنَّ ٱلَّذِينَ يُلْحِدُونَ فِىٓ ءَايَٰتِنَا لَا يَخْفَوْنَ عَلَيْنَآ ۗ أَفَمَن يُلْقَىٰ فِى ٱلنَّارِ خَيْرٌ أَم مَّن يَأْتِىٓ ءَامِنًا يَوْمَ ٱلْقِيَٰمَةِ ۚ ٱعْمَلُوا۟ مَا شِئْتُمْ ۖ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ ﴾٤٠﴿
- നമ്മുടെ 'ആയത്തു'കളിൽ [ലക്ഷ്യദൃഷ്ടാന്തങ്ങളിൽ] വക്രത കാണിക്കുന്നവർ നമുക്കു (കാണ്‍മാൻ കഴിയാതെ) നിശ്ചയമായും മറഞ്ഞുപോകുന്നതല്ല. എന്നാൽ, നരകത്തിൽ ഇടപ്പെടുന്ന ഒരുവനോ ഉത്തമൻ, അതല്ല ഖിയാമത്തു നാളിൽ നിർഭയനായ നിലയിൽ വരുന്നവനോ?! (ഹേ വക്രൻമാരേ) നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക! നിശ്ചയമായും അവൻ [അല്ലാഹു] നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.
- إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُلْحِدُونَ വക്രതകാണിക്കുന്ന, കുത്തിപ്പറയുന്ന, തെറ്റിക്കളയുന്ന فِي آيَاتِنَا നമ്മുടെ ആയത്തുകളിൽ لَا يَخْفَوْنَ അവർ മറഞ്ഞുപോകയില്ല, അജ്ഞാതമല്ല عَلَيْنَا നമ്മുടെ മേൽ, നമുക്കു أَفَمَنۡ അപ്പോൾ (എന്നാൽ) യാതൊരുവനോ يُلْقَى فِي النَّارِ നരകത്തിൽ ഇടപ്പെടുന്ന خَيْرٌ ഉത്തമം أَمۡ مَنۡ അതോ ഒരുവനോ يَأْتِي അവൻ വരും آمِنًا നിർഭയനായിക്കൊണ്ടു يَوْمَ الْقِيَامَةِ ക്വിയാമത്തുനാളിൽ اعْمَلُوا നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക مَا شِئْتُمْ നിങ്ങൾ ഉദ്ദേശിച്ചതു إِنَّهُ بِمَا تَعْمَلُونَ നിശ്ചയമായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അവൻ بَصِيرٌ കണ്ടറിയുന്നവനാണ്
- إِنَّ ٱلَّذِينَ كَفَرُوا۟ بِٱلذِّكْرِ لَمَّا جَآءَهُمْ ۖ وَإِنَّهُۥ لَكِتَٰبٌ عَزِيزٌ ﴾٤١﴿
- (ഈ ഖുർആനാകുന്ന) സന്ദേശം തങ്ങൾക്കുവന്നെത്തിയപ്പോൾ അതിൽ അവിശ്വസിച്ചിട്ടുള്ളവർ നിശ്ചയമായും...! [അവർ അങ്ങേഅറ്റം കഷ്ടനഷ്ടത്തിൽ തന്നെ!] അതാകട്ടെ, പ്രബലമായ (അഥവാ വീര്യപ്പെട്ട) ഒരു ഗ്രന്ഥം തന്നെയാകുന്നു;-
- إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവർ بِالذِّكۡرِ (ഈ) സന്ദേശത്തിൽ, പ്രമാണത്തിൽ لَمَّا جَاءَهُمۡ അതവർക്കു വന്നപ്പോൾ وَإِنَّهُ അതാകട്ടെ, നിശ്ചയമായും അതു لَكِتَابٌ ഒരു ഗ്രന്ഥം തന്നെ عَزِيزٌ വീര്യപ്പെട്ട, പ്രബലമായ
- لَّا يَأْتِيهِ ٱلْبَٰطِلُ مِنۢ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِۦ ۖ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ ﴾٤٢﴿
- അതിന്റെ മുന്നിൽകൂടിയാകട്ടെ, അതിന്റെ പിന്നിൽകൂടിയാകട്ടെ, മിഥ്യയായുള്ളതു അതിൽ വന്നുചേരുന്നതല്ല, അഗാധജ്ഞനും, സ്തുത്യർഹനുമായുള്ള ഒരുവന്റെ [അല്ലാഹുവിന്റെ] അടുക്കൽനിന്നുള്ള അവതരണമാണ് (അത്).
- لاَ يَأۡتِيهِ അതിൽ വരികയില്ല الۡبَاطِلُ മിഥ്യ, നിരർത്ഥം (അനാവശ്യം) مِنۡ بَيۡنِ يَدَيۡهِ അതിന്റെ മുമ്പിൽക്കൂടി وَلَا مِنۡ خَلۡفِهِ അതിന്റെ പിമ്പിൽക്കൂടിയും ഇല്ല تَنۡزِيلٌ അവതരിപ്പിച്ചതാണ് مِنۡ حَكِيمٍ ഒരു അഗാധജ്ഞനിൽ (യുക്തിമാനിൽ) നിന്നു حَمِيدٍ സ്തുത്യാർഹനായ, സ്തുതിക്കപ്പെടുന്ന
ٱلَّذِينَ يُلۡحِدُونَ എന്ന വാക്കിനാണ് ‘വക്രത കാണിക്കുന്നവർ’ എന്നു നാം അർത്ഥം കൽപിച്ചത്. കുത്തിപ്പറയുക, മാറ്റിമറിക്കുക, വളച്ചുതിരിക്കുക, ദുർവ്യാഖ്യാനം നടത്തുക മുതലായ വിക്രിയകൾ മുഖേന നേരായ മാർഗ്ഗത്തിൽനിന്നു തെറ്റിപ്പോയവര്‍ എന്നാണതുകൊണ്ടു ഉദ്ദേശ്യം. അതുകൊണ്ടാണ് നിർമ്മതവാദികൾക്കും മതകാര്യങ്ങളില്‍ താന്തോന്നിത്തരം പറയുന്നവർക്കും ملحد (മുൽഹിദ്) എന്നു പറയുന്നത്. യുക്തിവാദങ്ങളും, ദുർന്യായങ്ങളും വഴി അല്ലാഹുവിന്റെ ലക്ഷ്യദൃഷ്ടാന്തങ്ങളെയും, വേദവാക്യങ്ങളെയും വിമർശിച്ചു തള്ളുന്നവരും, ദുർവ്യാഖ്യാനംവഴി സത്യത്തെ അലങ്കോലപ്പെടുത്തി പ്രദർശിപ്പിക്കുന്നവരും അല്ലാഹു നൽകിയ ഈ കനത്ത താക്കീതുകൾക്കു പാത്രങ്ങളാകുന്നു. ആദ്യം അര്‍ത്ഥഗർഭമായ ഒരു താക്കീതു നൽകി. അതായതു, അവർ നമ്മുടെ ദൃഷ്ടിയിൽ പെടാതെ മറഞ്ഞുപോകയില്ല എന്ന്. അവർ നരകത്തിൽ ഇടപ്പെടുമെന്നും ഖിയാമത്തുനാളിൽ അവർക്കു ഒരു രക്ഷയുമില്ല എന്നും തുടർന്നു ചൂണ്ടിക്കാട്ടി. ഇതുകൊണ്ടും അവസാനിപ്പിക്കാതെ, ‘ഹേ കൂട്ടരേ, നിങ്ങളുദ്ദേശിച്ചതു നിങ്ങൾ പ്രവർത്തിച്ചേക്കുവിൻ, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്’ (ٱعۡمَلُواْ مَا شِئۡتُمۡۖ إِنَّهُۥ بِمَا تَعۡمَلُونَ بَصِيرٌ) എന്നു ശക്തിയായ ഭാഷയിൽ നാലാമതു നേരിട്ടൊരു താക്കീതും! അല്ലാഹുവിന്റെ ആയത്തുകളിൽ വക്രത കാണിക്കുന്നവരെക്കുറിച്ച് അവന്നുള്ള വെറുപ്പിന്റെയും, അമർഷത്തിന്റെയും കാഠിന്യത്തെയാണ് ഇതെല്ലാം കാണിക്കുന്നത്.
41-ാം വചനത്തിന്റെ ആരംഭത്തിൽ, ഖുർആൻ തങ്ങൾക്കു വന്നുകിട്ടിയശേഷം അതിൽ വിശ്വസിക്കാതെ -നിഷേധിച്ചോ വക്രതകാണിച്ചോ – പുറം തള്ളിക്കളയുവർക്കു മൗനരൂപത്തിൽ – എന്നാൽ ആഴമേറിയതും അർത്ഥഗർഭവുമായ – മറ്റൊരു താക്കീതുകൂടി അടങ്ങുന്നു. ആ വാചകത്തിന്റെ ബാക്കിഭാഗം മുഴുമിക്കാതെ അല്ലാഹു വിട്ടുകളഞ്ഞിരിക്കുകയാണ്. ഓരോരുത്തനും അവന്റെ ബുദ്ധിയുടെയും ചിന്തയുടെയും തോതുപോലെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കുവാൻവേണ്ടിയാകുന്നു അത്. ഖുർആന്റെ വിഷയത്തിൽ ഇത്രയധികം ഊന്നിപ്പറയുവാനുള്ള കാരണവും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു:
1) അതു പ്രബലവും വീര്യപ്പെട്ടതുമായ ഒരു ഗ്രന്ഥമാണ്. (وَإِنَّهُۥ لَكِتَٰبٌ عَزِيزٌ) ലോകോത്തമമായ ശാശ്വതമൂല്യങ്ങൾ നിറഞ്ഞതും, മറ്റേതെങ്കിലും ഗ്രന്ഥത്തിനോ, എതിരാളികൾക്കോ വെല്ലാൻ കഴിയാത്തതുമാണത്.
2) ഏതെങ്കിലും മാർഗ്ഗേണ അതിൽ അന്യായമോ, അസത്യമോ നിരർത്ഥമോ ആയ മിഥ്യകളൊന്നും കടന്നുകൂടുന്നതല്ല. (لَّا يَأۡتِيهِ ٱلۡبَٰطِلُ الخ) സത്യസമ്പൂർണ്ണവും കാര്യമാത്ര പ്രസക്തവും കാലദേശവ്യത്യാസമില്ലാതെ സർവ്വത്ര പ്രായോഗികവും, ഇരുലോക നന്മകളുടെ ഉറവിടവുമാണത്. അതെ, ആ ഗ്രന്ഥം അപ്രകാരമല്ലാതെ ആയിരിക്കുവാൻ നിവർത്തിയില്ല താനും. കാരണം:
3) അഗാധജ്ഞനും, അങ്ങേഅറ്റത്തെ തത്വജ്ഞാനിയും, പരമയുക്തിമാനും ആയ – പ്രശംസനീയമായ സർവ്വ കാര്യങ്ങളുടെയും, എല്ലാവിധ അനുഗ്രഹങ്ങളുടെയും കേന്ദ്രവും സകലവിധ പുകഴ്ചക്കും സ്തുതിക്കും അവകാശപ്പെട്ടവനുമായ – അല്ലാഹുവാണു അതിനെ അവതരിപ്പിച്ചിരിക്കുന്നത്. (تَنزِيلٌ مِّنۡ حَكِيمٍ حَمِيدٍ).
- مَّا يُقَالُ لَكَ إِلَّا مَا قَدْ قِيلَ لِلرُّسُلِ مِن قَبْلِكَ ۚ إِنَّ رَبَّكَ لَذُو مَغْفِرَةٍ وَذُو عِقَابٍ أَلِيمٍ ﴾٤٣﴿
- (നബിയേ) നിന്റെ മുമ്പുണ്ടായിരുന്ന 'റസൂലു' കളോടു പറയപ്പെടുകയുണ്ടായിട്ടുള്ളതല്ലാതെ (പുതുതായൊന്നും) നിന്നോടു പറയപ്പെടുന്നില്ല. നിശ്ചയമായും നിന്റെ റബ്ബ് പാപമോചനം നൽകുന്നവനും, വേദനയേറിയ ശിക്ഷ നൽകുന്നവനും ആകുന്നു.
- مَا يُقاَلُ പറയപ്പെടുന്നില്ല, പറയപ്പെടുകയില്ല لَكَ നിന്നോടു إِلَّا مَا യാതൊന്നല്ലാതെ قَدۡ قِيلَ പറയപ്പെട്ടിട്ടുളള لِلرُّسُلِ റസൂലുകളോടു مِنۡ قَبۡلِكَ നിന്റെ മുമ്പുളള إِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് لَذُو مَغۡفِرَۃٍ പാപമോചനം ഉളള (നൽകുന്ന)വനാണ് وَذُو عِقَابٍ ശിക്ഷയുളള (ശിക്ഷിക്കുന്ന)വനുമാണ് أَلِيمٍ വേദനയേറിയ
മുൻകഴിഞ്ഞുപോയ, ദൈവദൂതൻമാരോട് അവരുടെ എതിരാളികളായ നിഷേധികൾ പറഞ്ഞിരുന്ന അതേ തരത്തിലുള്ള ആക്ഷേപങ്ങളും, ദുർന്യായങ്ങളും തന്നെയാണ് ഇക്കൂട്ടർ തന്നോടും പറയുന്നത്. ഇതൊന്നും പുത്തരിയല്ല, അതുകൊണ്ടു ക്ഷമിച്ചുകൊള്ളുക. അല്ലാഹു പൊറുക്കേണ്ടവർക്കു പൊറുത്തുകൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ കഠിനമായി ശിക്ഷിക്കുകയും ചെയ്തുകൊളളും എന്നു സാരം. ഒരുപക്ഷേ, ആയത്തിന്റെ താൽപര്യം ഇപ്രകാരവും വരാം: മുമ്പുള്ള പ്രവാചകൻമാരോടു പറയപ്പെട്ട കാര്യങ്ങൾ – അല്ലാഹുവിങ്കൽനിന്നു അവർക്കു നൽകപ്പെട്ടിരുന്ന സന്ദേശങ്ങളും നിയമനിർദ്ദേശങ്ങളും – തന്നെയാണ് നിന്നോടും പറയപ്പെടുന്നത്. എന്നിരിക്കെ, നീയൊരു നവീനവാദിയാണെന്നും, മുമ്പില്ലാത്ത ഒരു പുത്തൻ മതത്തിന്റെ സ്ഥാപകനാണെന്നുമുള്ള ഇവരുടെ ആരോപണങ്ങൾ നിരർത്ഥമാണ്. الله أعلم
സത്യദീക്ഷയോ, വീണ്ടുവിചാരമോ, ഇല്ലാത്തവർ സത്യത്തിനുനേരെ നടത്തുന്ന ആരോപണങ്ങൾ കഴമ്പുള്ളതായിക്കൊള്ളണമെന്നില്ലല്ലോ. ഇത്തരത്തിൽപ്പെട്ട ഒരാക്ഷേപമാണു, എന്തുകൊണ്ട് ക്വുർആൻ അറബിയല്ലാത്ത ഭാഷയിൽ ആയില്ല എന്ന ആക്ഷേപം. അറബിയായ മുഹമ്മദു ഒരു അറബിഗ്രന്ഥം കൊണ്ടുവരുന്നതു സ്വാഭാവികമാണ്. അതിലൊരു പ്രത്യേകതയുമില്ല. അല്ലാഹുവിങ്കൽനിന്നുള്ളതാണെങ്കിൽ എന്തുകൊണ്ട് അതു മറെറാരു ഭാഷയിൽ ആയിക്കൂടാ? അല്ലാഹുവിനു എല്ലാ ഭാഷയും ഒരുപോലെയല്ലേ? ഇതാണവരുടെ ന്യായം. അടുത്ത ആയത്തിൽ ഇതിനു അല്ലാഹു മറുപടി പറയുന്നു:-
- وَلَوْ جَعَلْنَٰهُ قُرْءَانًا أَعْجَمِيًّا لَّقَالُوا۟ لَوْلَا فُصِّلَتْ ءَايَٰتُهُۥٓ ۖ ءَا۬عْجَمِىٌّ وَعَرَبِىٌّ ۗ قُلْ هُوَ لِلَّذِينَ ءَامَنُوا۟ هُدًى وَشِفَآءٌ ۖ وَٱلَّذِينَ لَا يُؤْمِنُونَ فِىٓ ءَاذَانِهِمْ وَقْرٌ وَهُوَ عَلَيْهِمْ عَمًى ۚ أُو۟لَٰٓئِكَ يُنَادَوْنَ مِن مَّكَانٍۭ بَعِيدٍ ﴾٤٤﴿
- നാം അതിനെ അറബിയല്ലാത്ത 'ഖുർആൻ' ആക്കിയിരുന്നുവെങ്കിൽ അവർ പറഞ്ഞേക്കും: 'അതിന്റെ 'ആയത്തു'കൾ [സൂക്തങ്ങൾ] വിശദീകരിച്ചു പറയപ്പെടാത്തതെന്താണ്?! (ഗ്രന്ഥം) ഒരു അനറബിയും, (പ്രവാചകൻ) ഒരു അറബിയുമോ [ഇതെന്തു കഥ]?!' പറയുക: 'വിശ്വസിച്ചവർക്ക് അത് മാർഗ്ഗദർശനവും (രോഗ) ശമനവും (അഥവാ ആശ്വാസപ്രദവും) ആകുന്നു. വിശ്വസിക്കാത്തവർക്കാകട്ടെ, അവരുടെ കാതുകളിൽ ഒരു (തരം) കട്ടിയുണ്ട്; അത് അവർക്ക് ഒരു (തരം) അന്ധതയുമാണ്.’ അക്കൂട്ടർ ഒരു വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുകയാണ്.
- وَلَوۡ جَعَلۡناَهُ നാമതിനെ ആക്കിയിരുന്നെങ്കിൽ قُرۡآنًا أَعۡجَمِيًّا അനറബി (അറബിയല്ലാത്ത) ഭാഷയിലുളള ഖുർആൻ لَقَالُوا അവർക്ക് പറയുകതന്നെ ചെയ്യും لَوۡلَا فُصِّلَتۡ എന്തുകൊണ്ടു വിശദീകരിക്കപ്പെട്ടില്ല, വിവരിച്ചു പറയപ്പെടാത്തതെന്താണ് آيَاتُهُ അതിലെ ആയത്തു (സൂക്തം)കൾ أَأَعۡجَمِيٌّ ഒരു അനറബിയോ وَعَرَبِيٌ ഒരു അറബിയുമോ قُلۡ هُوَ പറയുക അതു لِلَّذِينَ آمَنُوا വിശ്വസിച്ചവർക്കു هُدًی മാർഗ്ഗദർശനമാണ് وَشِفاءٌ ശമനവും, ആശ്വാസവും وَالَّذِينَ لَا يُؤۡمِنُونَ വിശ്വാസിക്കാത്തവരാകട്ടെ في آذَانِهِمۡ അവരുടെ കാതുകളിലുണ്ട് وَقۡرٌ ഒരു കട്ടി, ഭാരം وَهُوَ അതു عَلَيۡهِمۡ അവരിൽ, അവർക്കു عَمًی ഒരു അന്ധതയുമാണ് أُولَئِكَ അക്കൂട്ടർ يُنَادَونَ അവർ വിളിക്കപ്പെടുന്നു مِنۡ مَكَانٍ ഒരു സ്ഥലത്തുനിന്നു بَعِيد ദൂരമായ
വളരെ ദൂരത്തുനിന്നു ഒരാളെ വിളിച്ചാൽ അയാൾക്കതു കേൾക്കുവാനോ അതിനു ഉത്തരം നൽകുവാനോ സാധിക്കുകയില്ലല്ലോ. ഉപദേശിക്കുന്ന കാര്യം മനസ്സിലാക്കാതെയും ഗൗനിക്കാതെയും ഇരിക്കുന്നവരെ അങ്ങിനെയുള്ളവരോടു സാദൃശ്യപ്പെടുത്തിക്കൊണ്ട് ഉപമാരൂപത്തിൽ പറയപ്പെടുന്നതാണ് ‘അവർ വിദൂരമായ സ്ഥലത്തുനിന്നു വിളിക്കപ്പെടുന്നു’ എന്ന വാക്യം.
ക്വുർആൻ എന്തുകൊണ്ട് അറബിയല്ലാത്ത മറ്റൊരു ഭാഷയിൽ ആയില്ല എന്നതിനുള്ള മറുപടിയാണ് ഈ വചനത്തിലുള്ളത്. അറബികളായ ഞങ്ങൾക്കു മറ്റൊരു ഭാഷയിൽ ഉപദേശം നൽകിയിട്ടെന്താണു ഫലം?! ഞങ്ങളുടെ ഭാഷയിൽ എന്തുകൊണ്ടു ഞങ്ങൾക്കു കാര്യങ്ങൾ വിവരിച്ചു തന്നുകൂടാ?! ഇതിന്റെ പ്രബോധകനാണെങ്കിൽ അറബി. അദ്ദേഹം അറബികളായ ഞങ്ങളുമായിട്ടാണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതും, എന്നിരിക്കെ, അദ്ദേഹത്തിനു നൽകപ്പെടുന്ന വേദഗ്രന്ഥം ഒരന്യ ഭാഷയിലാകുന്നതു ഒരിക്കലും ന്യായമല്ലല്ലോ എന്നൊക്കെ അവർ വാദിച്ചേക്കും. ഈ വാദം ന്യായവുമാണ്. അതുകൊണ്ടാണ് ഖുർആൻ അറബിഭാഷയിലാക്കിയതു എന്നു സാരം.
ഖുർആനിലേക്കു മനസ്സുകൊടുത്തു ശ്രദ്ധിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്കു അതു മാർഗ്ഗദർശനം നൽകുന്നു. മാനസികമായ രോഗങ്ങൾക്കു -അഥവാ സംശയങ്ങൾക്കും, വിശ്വാസവൈകല്യങ്ങൾക്കും- അതു ശമനവും നൽകുന്നു. നേരെമറിച്ച് അതിലേക്കു ശ്രദ്ധകൊടുക്കാതെ നിഷേധിക്കുന്നവർക്കു അതുമൂലം യാതൊരു നന്മയും സിദ്ധിക്കുന്നില്ലെന്നു മാത്രമല്ല, നിഷേധം നിമിത്തം അവർ നഷ്ടം മാത്രം സമ്പാദിക്കുകയും ചെയ്യും. وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا – بنوا اسرائيل (അക്രമികൾക്കു അതു -ഖുർആൻ- നഷ്ടത്തെയല്ലാതെ വർദ്ധിപ്പിക്കുകയില്ല.) ക്വുർആന്റെ നേരെ അവർ കേവലം ബധിരൻമാരും, അന്ധൻമാരുമായി ചമഞ്ഞതാണു അതിനു കാരണം. അല്ലാതെ ക്വുർആന്റെ പോരായ്മയോ കൊള്ളരുതായ്മയോ അല്ല. അവർ കണ്ണ് തുറന്നുനോക്കുകയോ, ചെവികൊടുത്തു കേൾക്കുകയോ ചെയ്തിരുന്നെങ്കിൽ ഈ ക്വുർആൻ അവർക്കും മാർഗ്ഗദർശനവും ശമനവും നൽകുമായിരുന്നു.
ഇവിടെയും, സൂ: ഇസ്റാഉ് 82ലും ക്വുർആനെപ്പറ്റി شِفَآءٌ (രോഗശമനം – അല്ലെങ്കിൽ ആശ്വാസം) എന്നു പറഞ്ഞതിന്റെ താൽപര്യം ശാരീരികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലല്ല. സംശയം, വിശ്വാസവൈകല്യം മുതലായ മാനസികമായ രോഗങ്ങൾക്കുള്ള ശമനം എന്ന അർത്ഥത്തിലാകുന്നു. സൂ: യൂനുസ് 57ൽ وَشِفَآءٌ لِّمَا فِى ٱلصُّدُورِ (ഹൃദയങ്ങളിൽ ഉള്ളതിനു ശമനവും) എന്നു അല്ലാഹു അതു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു.
വിഭാഗം - 6
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ ۗ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾٤٥﴿
- മൂസാക്ക് നാം വേദഗ്രന്ഥം കൊടുക്കുകയുണ്ടായി. എന്നിട്ട് അതിലും ഭിന്നിപ്പുണ്ടായി. നിന്റെ റബ്ബിന്റെ പക്കൽനിന്ന് ഒരു വാക്കു മുമ്പുണ്ടായിട്ടില്ലാതിരുന്നുവെങ്കിൽ, അവർക്കിടയിൽ (ഉടൻതന്നെ) വിധി നടത്തപ്പെടുമായിരുന്നു. നിശ്ചയമായും അവർ, ഇതിനെ [ഖുർആനെ] ക്കുറിച്ച് ആശങ്കാജനകമായ സംശയത്തിൽ തന്നെ.
- وَلَقَدۡ آتَيۡنَا നാം കൊടുത്തിട്ടുണ്ടു مُوسَی الۡكِتَابَ മൂസാക്കു ഗ്രന്ഥം فَاخۡتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു (ഭിന്നിപ്പുണ്ടായി) فِيهِ അതിൽ وَلَوۡلاَ كَلِمَۃٌ ഒരു വാക്കു ഇല്ലായിരുന്നുവെങ്കിൽ سَبَقَتْ മുൻകഴിഞ്ഞ, മുമ്പുണ്ടായി مِنۡ رَبِّكَ നിന്റെ റബ്ബിന്റെ പക്കൽനിന്നു لَقُضِيَ വിധിക്ക(തീരുമാനിക്ക) പ്പെടുമായിരുന്നു بَيۡنَهُمۡ അവർക്കിടയിൽ وَإِنَّهُمۡ നിശ്ചയമായും അവർ لَفِي شَكٍّ സംശയത്തിൽ തന്നെയാണു مِنۡهُ അതിനെപ്പറ്റി مُرِيبٍ സന്ദേഹകരമായ, ആശങ്കാജനകമായ
- مَّنْ عَمِلَ صَٰلِحًا فَلِنَفْسِهِۦ ۖ وَمَنْ أَسَآءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّٰمٍ لِّلْعَبِيدِ ﴾٤٦﴿
- ആരെങ്കിലും സൽക്കർമ്മം പ്രവർത്തിച്ചാൽ, തനിക്കുതന്നെയാണു (അതിന്റെ ഗുണം). ആരെങ്കിലും തിൻമചെയ്താലും തന്റെ മേൽതന്നെ (അതിന്റെ ദോഷം). നിന്റെ റബ്ബ് അടിമകളോട് അക്രമം പ്രവർത്തിക്കുന്നവനല്ല തന്നെ.
- مَنۡ عَمِلَ ആരെങ്കിലും പ്രവർത്തിച്ചാൽ صَالِحاً നല്ലതു (സൽക്കർമ്മം) فَلِنَفۡسِهِ എന്നാൽ (അതു) തനിക്കു (തന്റെ ദേഹത്തിനു) തന്നെ وَمَنۡ أَسَاءَ ആരെങ്കിലും തിന്മ ചെയ്താൽ فَعَلَيۡهَا തന്റെ (അതിന്റെ) മേൽ തന്നെ وَمَا رَبُّكَ നിന്റെ റബ്ബ് അല്ല بِظَلاَّمٍ അക്രമകാരി لِلۡعَبِيدِ അടിമകളോടു
മുൻപുണ്ടായിട്ടുള്ള വാക്ക് (كَلِمَةٌ سَبَقَتْ) എന്നു പറഞ്ഞതു, ഐഹികജീവിതത്തിൽ വെച്ചു ചെയ്യുന്ന ദുഷ്കർമ്മങ്ങളുടെ ശിക്ഷ പരലോകത്തുവെച്ചാണ് നൽകുക എന്ന നിശ്ചയത്തെ ഉദ്ദേശിച്ചാകുന്നു. ഈ വചനങ്ങൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു മനസ്സമാധാനം നൽകുന്നതും, അതേസമയത്തു അവിശ്വാസികൾക്കു താക്കീതു ഉൾക്കൊള്ളുന്നതുമാകുന്നു.
ജുസ്ഉ് - 25
- ۞ إِلَيْهِ يُرَدُّ عِلْمُ ٱلسَّاعَةِ ۚ وَمَا تَخْرُجُ مِن ثَمَرَٰتٍ مِّنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِۦ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَآءِى قَالُوٓا۟ ءَاذَنَّٰكَ مَا مِنَّا مِن شَهِيدٍ ﴾٤٧﴿
- അവങ്കലേക്കാണ് അന്ത്യസമയത്തിന്റെ [ലോകാവസാനഘട്ടത്തിന്റെ] അറിവ് മടക്കപ്പെടുന്നത്. ഏതു ഫലങ്ങളുംതന്നെ, അവയുടെ (കുലകളിലുള്ള) പോളകളിൽനിന്നു പുറത്തുവരുന്നില്ല; ഒരു സ്ത്രീയും ഗർഭം ധരിക്കുന്നുമില്ല; പ്രസവിക്കുന്നുമില്ല; അവന്റെ അറിവോടുകൂടിയല്ലാതെ! 'എന്റെ പങ്കുകാർ എവിടെ?!' എന്നു അവൻ അവരെ വിളി (ച്ചു ചോദി) ക്കുന്ന ദിവസം, അവൻ പറയും: 'ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, ഞങ്ങളിൽ (അതിനു) സാക്ഷ്യം വഹിക്കുന്ന ഒരാളുമില്ലെന്നു!'
- إِلَيْهِ يُرَدُّ അവങ്കലേക്കത്രെ മടക്കപ്പെടുക عِلْمُ السَّاعَةِ അന്ത്യഘട്ടത്തിന്റെ അറിവു وَمَا تَخْرُجُ പുറപ്പെടുന്നില്ല, പുറത്തുവരികയില്ല مِنۡ ثَمَرَاتٍ ഫലങ്ങളിൽനിന്നു (യാതൊന്നും) مِنْ أَكْمَامِهَا അവയുടെ പാള (പോള, പൊതുമ്പു) കളിൽനിന്നു وَمَا تَحْمِلُ ഗർഭം ധരിക്കുന്നുമില്ല مِنْ أُنۡثَى ഒരു സ്ത്രീയും وَلَا تَضَعُ അവൾ പ്രസവിക്കുന്നുമില്ല إِلَّا بِعِلْمِهِ അവന്റെ അറിവോടെയല്ലാതെ وَيَوْمَ يُنَادِيهِمْ അവൻ അവരെ വിളിക്കുന്ന (വിളിച്ചു ചോദിക്കുന്ന) ദിവസം أَيْنَ شُرَكَائِي എന്റെ പങ്കുകാർ എവിടെ قَالُوا അവർ പറയും آذَنَّاكَ ഞങ്ങൾ നിന്നോടു പ്രഖ്യാപിക്കുന്നു, അറിയിപ്പു നൽകുന്നു مَا مِنَّا ഞങ്ങളില്‍നിന്ന് (ആരും) ഇല്ല مِنۡ شَهِيدٍ സാക്ഷ്യം വഹിക്കുന്ന ഒരാളും, ദൃക്‌സാക്ഷിയും
- وَضَلَّ عَنْهُم مَّا كَانُوا۟ يَدْعُونَ مِن قَبْلُ ۖ وَظَنُّوا۟ مَا لَهُم مِّن مَّحِيصٍ ﴾٤٨﴿
- അവർ മുമ്പു വിളിച്ചു (പ്രാർത്ഥിച്ചു) വന്നിരുന്നവ അവരിൽനിന്നു തെറ്റി (മറഞ്ഞു) പോകയും ചെയ്യും. ഓടിപ്പോകാവുന്ന ഒരു (രക്ഷാ) സ്ഥലവും തങ്ങൾക്കു ഇല്ലെന്നു അവർക്കു വിചാരം [ഉറപ്പു] വരുകയും ചെയ്യും.
- وَضَلَّ പിഴച്ചു (തെറ്റി, മറഞ്ഞു) പോകയും ചെയ്യും عَنْهُمۡ അവരെ വിട്ടു مَا كَانُوا അവരായിരുന്നതു يَدْعُونَ അവർ വിളിക്കുക, പ്രാർത്ഥിക്കുക مِنۡ قَبْلُ മുമ്പു وَظَنُّوا അവർക്കു വിചാരമുണ്ടാകുക (അവർ ധരിക്കുക, ഉറപ്പിക്കുക)യും ചെയ്യും مَا لَهُمۡ അവർക്കില്ല എന്നു مِنۡ مَحِيصٍ ഓടിപ്പോകാനുള്ള (രക്ഷപ്പെടാനുള്ള) ഒരു സ്ഥലവും
ലോകാവസാന സമയമാകുന്ന ആ അന്ത്യനിമിഷത്തെപ്പറ്റി അല്ലാഹുവിനു മാത്രമേ അറിഞ്ഞുകൂടൂ. അതിനെപ്പറ്റി ആരോടു ചോദിച്ചാലും, അതു അല്ലാഹുവിനറിയാമെന്നു പറഞ്ഞ് അല്ലാഹുവിങ്കലേക്കു മടക്കുവാനേ സാധിക്കുകയുള്ളു. മനുഷ്യരിൽനിന്നോ, മലക്കുകളിൽനിന്നോ ഉള്ള ദൈവദൂതന്മാർക്കുപോലും അതറിയുകയില്ല. മനുഷ്യരിൽവെച്ച് ഏറ്റവും ഉന്നതനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു, മലക്കുകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠനായ ജിബ്‌രീൽ (عليه والسلام) അതിനെപ്പറ്റി ചോദിച്ചപ്പോൾ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൊടുത്ത മറുപടി
مَا الْمَسْؤُولُ عَنْهَا بِأَعْلَمَ بِهَا مِنَ السَّائِلِ (അതിനെക്കുറിച്ചു ചോദിക്കപ്പെട്ടവൻ ചോദ്യകർത്താവിനേക്കാൾ അറിയുന്നവനല്ല) എന്നാണല്ലോ. (*)
(*) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു മതകാര്യങ്ങൾ ചോദിച്ചറിയേണ്ടുന്നവിധം സ്വഹാബികൾക്കു മനസ്സിലാക്കി കൊടുപ്പാനായി ജിബ്‌രീൽ (عليه والسلام) മനുഷ്യരൂപത്തിൽ വന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി പല ചോദ്യോത്തരങ്ങൾ നടത്തിയ സംഭവം വിവരിക്കുന്നതും, ഇമാം മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിട്ടുള്ളതുമായ പ്രസിദ്ധ ഹദീഥിലെ ഒരു വാചകമാണിത്.
ലോകത്തു നടക്കുന്ന സകല കാര്യങ്ങളും ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ, സൂക്ഷ്‌മമായും, കൃത്യമായും, അല്ലാഹു അറിയുന്നു. സംഭവിക്കുമ്പോൾ മാത്രമല്ല, അതിനു മുമ്പുതന്നെ അവനറിയാം. ചില ആളുകൾ – ഇവരിൽ മുസ്‍ലിം സമുദായത്തിലുള്ള ചില വിഡ്ഢികളെയും കാണാം – അല്ലാഹുവിന്റെ അറിവ് കേവലം മൊത്തക്കണക്കിലാണെന്നും, ഓരോ കാര്യത്തെയും സംബന്ധിച്ച വിശദവിവരം അവനില്ലെന്നും ജൽപിക്കാറുണ്ട്. വാസ്തവത്തിൽ അവരുടെ കുടുസ്സായ ചിന്താഗതിയും, അല്ലാഹുവിന്റെ മഹൽഗുണങ്ങളുടെ പരിപൂർണ്ണതയെക്കുറിച്ചുള്ള അജ്ഞതയുമാണതിനു കാരണം. 47-ാം വചനത്തിൽ കാണുന്ന മൂന്നു ഉദാഹരണങ്ങളിൽനിന്നു നിഷ്പക്ഷബുദ്ധികൾക്കു ഈ വാസ്തവം കണ്ടെത്താവുന്നതാണ്. ഇതുമാത്രമല്ല, ഇതുപോലെയും, ഇതിനെക്കാൾ വ്യക്തമായും ഖുർആൻ പലേടത്തും ഈ വാസ്തവം തുറന്നു പ്രസ്താവിച്ചിട്ടുള്ളതാണ്. ഇവിടെ അതിനെപ്പറ്റി കൂടുതൽ വിവരിക്കുന്നില്ല. ഉദാഹരണമായി, സൂറ: സബഉ്: 3, 4; ഫാത്വിർ: 11; അൻആം: 59 മുതലായവ നോക്കുക.
അല്ലാഹുവിന്റെ അധികാരവകാശങ്ങളിലും, ഗുണഗണങ്ങളിലും, സമത്വം കൽപിച്ചുകൊണ്ടു പരദൈവങ്ങളെ സ്വീകരിച്ചുവന്നിരുന്ന മുശ്‌രിക്കുകളെ ആക്ഷേപിച്ചും, പരിഹസിച്ചും കൊണ്ടു മഹ്ശറിൽവെച്ച് അല്ലാഹു ചോദിക്കുന്ന ചോദ്യവും, അവരുടെ മറുപടിയുമാണ് 47-ാം വചനത്തിൽ കാണുന്നത്. ആ മറുപടിയുടെ താൽപര്യം രണ്ടുമൂന്നു പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്:
1) ഞങ്ങൾ മുമ്പ് അബദ്ധത്തിൽ അവരെ പങ്കുകാരാക്കി വെച്ചിരുന്നെങ്കിലും, ഇപ്പോഴതിൽനിന്നു ഞങ്ങൾ ഒഴിഞ്ഞുമാറിയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾ അതിനു സാക്ഷ്യം നൽകുന്നില്ല എന്നുള്ള പ്രഖ്യാപനമാണത്.
2) ഞങ്ങൾ അവരെ ആരാധിച്ചിട്ടില്ല, അവർ നിന്റെ പങ്കുകാരാണെന്നു ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുമില്ല എന്നുള്ള വ്യാജപ്രസ്താവനയാണത്.
3) അവർ എവിടെപ്പോയെന്നു ഞങ്ങൾക്കറിഞ്ഞു കൂടാ. ഞങ്ങളാരുംതന്നെ അവരെ കാണുന്നില്ല എന്നു അറിയിക്കുകയാണ്. ഒടുവിലത്തെ അഭിപ്രായമാനുസരിച്ചു شَهِيد എന്ന വാക്കിനു ‘കാണുന്നവൻ’ എന്നായിരിക്കും അർത്ഥം.
- لَّا يَسْـَٔمُ ٱلْإِنسَٰنُ مِن دُعَآءِ ٱلْخَيْرِ وَإِن مَّسَّهُ ٱلشَّرُّ فَيَـُٔوسٌ قَنُوطٌ ﴾٤٩﴿
- ഗുണത്തിനു (വേണ്ടി) പ്രാർത്ഥിക്കുന്നതിനാൽ മനുഷ്യനു മടുപ്പുണ്ടാകുന്നതല്ല; അവനെ ദോഷംബാധിച്ചുവെങ്കിലോ, അപ്പോൾ (അവൻ) ആശ മുറിഞ്ഞു നിരാശനുമായിരിക്കും.
- لَا يَسْأَمُ മടുക്കുക (വെറുക്കുക, കുഴങ്ങുക)യില്ല الْإِنۡسَانُ മനുഷ്യൻ مِنۡ دُعَاءِ പ്രാർത്ഥന നിമിത്തം, പ്രാർത്ഥനയാൽ الْخَيْرِ നന്മയുടെ (ഗുണത്തിനുള്ള) وَإنۡ مَسَّهُ അവനെ ബാധിച്ചുവെങ്കിൽ الشَّرُّ ദോഷം, തിന്മ فَيَئُوسٌ അപ്പോൾ നിരാശനായിരിക്കും قَنُوطٌ ആശയറ്റ, ആശ മുറിഞ്ഞവൻ
മനുഷ്യന്റെ ചില സ്വഭാവങ്ങളാണ് ഈ വചനത്തിലും അടുത്ത വചനങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യം, ധനം, സൗഖ്യം ആദിയായ ഗുണങ്ങൾക്കുവേണ്ടി അവൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അതിലവനു മടുപ്പും ക്ഷീണവും തോന്നുകയില്ല. എത്ര കിട്ടിയാലും മതിവരികയുമില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:
لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ ذَهَبً لَابْتَغَى الثَّالِثَ وَلَا يَمْلَأُ جَوْفَ ابْنِ آدَمَ إِلَّا التُّرَابُ – متفق
ആദമിന്റെ മകനു -മനുഷ്യനു- സ്വർണത്തിന്റെ രണ്ടു താഴ്വരകൾ ഉണ്ടായെങ്കിൽ അവൻ മൂന്നാമത്തേതിനും വ്യാമോഹിക്കുന്നതാണ്. ആദമിന്റെ മകന്റെ വയറു മണ്ണുകൊണ്ടല്ലാതെ നിറയുകയില്ല. (ബു; മു) നേരെമറിച്ച് എന്തെങ്കിലുമൊരു ദോഷമോ കെടുതിയോ ബാധിക്കുമ്പോഴേക്കും അവന്റെ ക്ഷമയും ആശയും നശിച്ച് അക്ഷമയും നിരാശയും അനുഭവപ്പെടുന്നു. എന്നാൽ, കഷ്ടത നീങ്ങി സന്തോഷം ലഭിച്ചുകൊണ്ടിരിക്കുമ്പോൾ അതിനവൻ നന്ദിയുള്ളവനായിരിക്കുമോ? അതുമില്ല. അപ്പോഴേക്കും അവൻ അഹങ്കാരിയും അവകാശവാദിയുമായി മാറുകയാണ് ചെയ്യുന്നത്. ക്രമേണ ധിക്കാരവും നിഷേധവും! അല്ലാഹു പറയുന്നു:-
- وَلَئِنْ أَذَقْنَٰهُ رَحْمَةً مِّنَّا مِنۢ بَعْدِ ضَرَّآءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِى وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّجِعْتُ إِلَىٰ رَبِّىٓ إِنَّ لِى عِندَهُۥ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ ٱلَّذِينَ كَفَرُوا۟ بِمَا عَمِلُوا۟ وَلَنُذِيقَنَّهُم مِّنْ عَذَابٍ غَلِيظٍ ﴾٥٠﴿
- അവനു ബാധിച്ച കഷ്ടതക്കുശേഷമായി നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും (അഥവാ അനുഗ്രഹവും) നാമവനെ ആസ്വദിപ്പിച്ചുവെങ്കിലോ, നിശ്ചയമായും അവൻ പറയും: 'ഇതു എനിക്കു (അർഹതയു)ള്ളതാണ്; അന്ത്യസമയം നിലവിൽ വരുന്ന ഒന്നാണെന്നു ഞാൻ വിചാരിക്കുന്നില്ല; എന്റെ രക്ഷിതാവിങ്കലേക്കു (ഒരു പക്ഷേ), ഞാൻ മടക്കപ്പെട്ടാൽപോലും, നിശ്ചയമായും എനിക്ക് അവന്റെ അടുക്കൽ ഏറ്റവും നല്ല നിലതന്നെ ഉണ്ടായിരിക്കുന്നതാണ്.' എന്നാൽ, (ഇങ്ങിനെ) അവിശ്വസിച്ചവരെ അവർ പ്രവർത്തിച്ചതിനെപ്പറ്റി നാം ബോധ്യപ്പെടുത്തുകതന്നെ ചെയ്യും; അവർക്കു കടുത്ത ശിക്ഷയിൽനിന്നു നാം ആസ്വദിപ്പിക്കുകയും ചെയ്യും.
- وَلَئِنْ أَذَقْنَاهُ അവനെ നാം ആസ്വദിപ്പിച്ചുവെങ്കിലോ رَحْمَةً مِنَّا നമ്മുടെ പക്കൽനിന്നു വല്ല കാരുണ്യവും مِنۡ بَعْدِ ضَرَّاءَ കഷ്ടതക്കുശേഷം مَسَّتْهُ അവനെ ബാധിച്ച لَيَقُولَنَّ നിശ്ചയമായും അവൻ പറയും هَـذَا لِي ഇതു എനിക്കുള്ളതാണ്, എന്റേതാണ് وَمَا أَظُنُّ ഞാൻ വിചാരിക്കുന്നുമില്ല السَّاعَةَ അന്ത്യസമയത്തെ قَائِمَةً നിലവിൽ വരുന്നതാണെന്നു وَلَئِنۡ رُجِعْتُ ഞാൻ (എന്നെ) മടക്കപ്പെട്ടുവെങ്കിൽതന്നെ إِلَی رَبِّي എന്റെ റബ്ബിങ്കലേക്കു إِنَّ لِي നിശ്ചയമായും എനിക്കുണ്ടായിരിക്കും عِنۡدَهُ അവന്റെ അടുക്കൽ لَلْحُسْنَى എറ്റവും നല്ലതുതന്നെ فَلَنُنَبِّئَنَّ എന്നാൽ നിശ്ചയമായും നാം ബോധപ്പെടുത്തും, അറിയിച്ചുകൊടുക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവർക്കു بِمَا عَمِلُوا അവർ പ്രവർത്തിച്ചതിനെപ്പറ്റി وَلَنُذِيقَنَّهُمۡ അവർക്കു നാം ആസ്വദിപ്പിക്കയും ചെയ്യും مِنۡ عَذَابٍ ശിക്ഷയിൽനിന്നു غَلِيظٍ കടുത്ത, ഉരത്ത, കനത്ത
- وَإِذَآ أَنْعَمْنَا عَلَى ٱلْإِنسَٰنِ أَعْرَضَ وَنَـَٔا بِجَانِبِهِۦ وَإِذَا مَسَّهُ ٱلشَّرُّ فَذُو دُعَآءٍ عَرِيضٍ ﴾٥١﴿
- മനുഷ്യന്റെമേൽ നാം അനുഗ്രഹം ചെയ്താൽ, അവൻ (അവഗണിച്ച്) തിരിഞ്ഞുകളയുകയും, (അഹംഭാവം നടിച്ച്) തന്റെ പാർശ്വവുമായി അകന്നുപോകുകയും ചെയ്യും. അവനെ ദോഷം ബാധിച്ചാൽ, അപ്പോൾ (അവൻ) വിശാലമായ പ്രാർത്ഥനക്കാരനുമായിരിക്കും.
- وَإِذَا أَنْعَمْنَا നാം അനുഗ്രഹം ചെയ്താൽ عَلَى الْإِنۡسَانِ മനുഷ്യന്റെ മേൽ أَعْرَضَ അവൻ തിരിഞ്ഞുകളയും وَنَأَى അവൻ അകന്നു (ഒഴിഞ്ഞു) പോകയും ചെയ്യും بِجَانِبِهِ അവന്റെ പാർശ്വവുമായി, പാർശ്വംകൊണ്ടു وَإِذَا مَسَّهُ അവനെ സ്പർശിച്ചാൽ, തൊട്ടാൽ الشَّرُّ ദോഷം, തിന്മ فَذُو دُعَاءٍ അപ്പോൾ പ്രാർത്ഥനക്കാരനായിരിക്കും عَرِيضٍ വിശാല (വിസ്‌തൃത)മായ
نَأَى بِجَانِبِهِ (അവന്‍ തന്റെ പാർശ്വവുമായി അകന്നുപോയി) എന്നു പറഞ്ഞതിന്റെ താൽപര്യം, നന്ദിയില്ലാതെ അഹംഭാവം നടിച്ചുനിന്നു എന്നത്രെ. ‘അവൻ ഊരതിരിച്ചു’ എന്നു മലയാളത്തിൽ പറയാറുള്ളതുപോലെ ഒരു അലങ്കാരപ്രയോഗമാണിത്. ഒരു വ്യാഖ്യാനത്തിന്റെ സഹായം കൂടാതെത്തന്നെ ഈ വചനങ്ങളുടെ ആശയം വ്യക്തമാണല്ലോ. സൂറത്തുൽ മആരിജിൽ അല്ലാഹു പറയുന്നു:
إِنَّ الْإِنْسَانَ خُلِقَ هَلُوعاً (19) إِذَا مَسَّهُ الشَّرُّ جَزُوعاً (20) وَإِذَا مَسَّهُ الْخَيْرُ مَنُوعاً (21) – المعارج
സാരം: മനുഷ്യൻ വളരെ ദുർബ്ബലനായ നിലയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവനെ ദോഷം സ്പർശിച്ചാൽ അവൻ അക്ഷമനായിരിക്കും. അവനെ ഗുണം സ്പർശിച്ചാൽ അവൻ തടസ്സം വരുത്തുന്നവനുമായിരിക്കും. (70: 19-21)
നമസ്കാരം പതിവാക്കുക, ചോദിച്ചുവരുന്നവർക്കും ചോദിക്കാൻ മടിക്കുന്നവർക്കും ദാനധർമ്മങ്ങൾ ചെയ്യുക, അന്ത്യനാളിനെക്കുറിച്ചു വിശ്വാസമുണ്ടായിരിക്കുക, അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചു ഭയമുണ്ടായിരിക്കുക, ചാരിത്രശുദ്ധിയെ സംരക്ഷിക്കുക, വിശ്വസ്തത പാലിക്കുക, സാക്ഷ്യം ശരിക്കു നിർവ്വഹിക്കുക, നമസ്കാരത്തെക്കുറിച്ചു സൂക്ഷ്മതയുണ്ടായിരിക്കുക എന്നിത്യാദി ഗുണങ്ങളുള്ളവർ ഈ സ്വഭാവത്തിൽനിന്നു ഒഴിവായിരിക്കുമെന്നു ഇതിനെത്തുടർന്നുള്ള വചനങ്ങളിൽ, അവിടെ അല്ലാഹു എടുത്തുപറഞ്ഞിട്ടുമുണ്ട്. കൂടുതൽ വിവരം അവിടെവെച്ചു കാണാം. إن شَاء اللّه
- قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ ثُمَّ كَفَرْتُم بِهِۦ مَنْ أَضَلُّ مِمَّنْ هُوَ فِى شِقَاقٍۭ بَعِيدٍ ﴾٥٢﴿
- (നബിയേ) പറയുക: 'നിങ്ങൾ കണ്ടുവോ (- ഒന്നു പറയുവിൻ): ഇതു [ഖുർആൻ] അല്ലാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും, എന്നിട്ടു നിങ്ങളതിൽ അവിശ്വസിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ, വിദൂരമായ കക്ഷി മത്സരത്തിൽ സ്ഥിതി ചെയ്യുന്നവരെ [നിങ്ങളെ]ക്കാൾ വഴിപിഴച്ചവർ (വേറെ) ആരാണ്?!'
- قُلْ പറയുക أَرَأَيْتُمْ നിങ്ങൾ കണ്ടുവോ إِنۡ كَانَ അതാണെങ്കിൽ مِنْ عِنۡدِ اللَّـهِ അല്ലാഹുവിന്റെ പക്കൽ നിന്നു ثُمَّ എന്നിട്ടു (പിന്നെ) كَفَرْتُمۡ നിങ്ങൾ അവിശ്വസിച്ചു, അവിശ്വസിച്ചിരിക്കയാണ് بِهِ അതിൽ مَنْ أَضَلُّ ആരാണ് അധികം വഴിപിഴച്ചവൻ مِمَّنْ ഒരുവനെക്കാൾ هُوَ അവൻ فِي شِقَاقٍ കക്ഷിത്വത്തിൽ (ചേരിപിരിവിൽ, ഭിന്നിപ്പിൽ ആകുന്നു) بَعِيدٍ വിദൂരമായ, അകന്ന
ഖുർആനെയും അതിന്റെ സിദ്ധാന്തങ്ങളെയും നിഷേധിക്കുന്നവർക്കു -അൽപമെങ്കിലും മനസ്സാക്ഷിയോ, സത്യാന്വേഷണബുദ്ധിയോ ഉണ്ടെങ്കിൽ -അവഗണിക്കുവാൻ കഴിയാത്ത ഒരു ചോദ്യമാണിത്. ഈ ഖുർആൻ -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതുപോലെ- അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന വസ്തുത യഥാർത്ഥമാണെന്നിരിക്കട്ടെ, (വാസ്തവത്തിൽ അതാണ് യഥാർത്ഥവും) അപ്പോൾ അതിൽ വിശ്വസിക്കാതെ നിഷേധിച്ചു മത്സരത്തിനും കക്ഷിത്വത്തിനും മെനക്കെടുന്നവരെക്കാൾ വഴിപിഴച്ച ദുർഭഗന്മാർ മറ്റാരെങ്കിലുമുണ്ടായിരിക്കുമോ? ഇല്ലതന്നെ. എനി, വാസ്തവത്തിൽ അതു അല്ലാഹുവിങ്കൽനിന്നുള്ളതല്ല -നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കളവു പറയുകയാണ്- എന്നു സങ്കൽപിക്കുക. (معاذ الله) എന്നാലും അതിൽ വിശ്വസിക്കുന്നതുമൂലം അവർക്കു വളരെയേറെ നന്മകൾ കൈവരാനുണ്ടെന്നു തീർച്ചയാണ്. അതും ഇല്ലെന്നു വെക്കുക. എന്നാൽപോലും അതുമൂലം അവർക്ക് ഭാവിയിൽ ഒരാപത്തും വരാനില്ലതാനും. ഒരു കവി പറഞ്ഞതെത്ര വാസ്തവം!:-
قالَ المُنَجِّمُ وَالطَبيبُ كِلاهُما * لن تُحشَرُ الأمْواتُ قُلتُ إِلَيكُما
إِن صَحَّ قَولُكُما فَلَستُ بِخاسِرٍ * أَو صَحَّ قَولي فَالخُسارُ عَلَيكُما
(സാരം: ഗോളശാസ്ത്രക്കാരനും പ്രകൃതി ശാസ്ത്രക്കാരനും പറയുന്നു: മരിച്ചുപോയവർ പിന്നീടു ഒരുമിച്ചു കൂട്ടപ്പെടുന്നതേയല്ല എന്ന്. ഞാൻ പറഞ്ഞു: നിൽക്കട്ടെ! നിങ്ങൾ രണ്ടുകൂട്ടരും പറയുന്നതു ശരിയാണെങ്കിൽ ഞാൻ ഒട്ടും നഷ്ടക്കാരനാവുകയില്ല. അതല്ല, എന്റെ വാക്കു ശരിയാണെന്നു വന്നാൽ, അപ്പോൾ നിങ്ങൾക്കു നഷ്ടം വരുവാനുണ്ടുതാനും.)
- سَنُرِيهِمْ ءَايَٰتِنَا فِى ٱلْءَافَاقِ وَفِىٓ أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ ٱلْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٥٣﴿
- നാനാഭാഗങ്ങളിലും - അവരിൽതന്നെയും - നമ്മുടെ ദൃഷ്ടാന്തങ്ങൾ നാമവർക്കു അടുത്തു കാട്ടിക്കൊടുക്കുന്നതാണ്; അങ്ങനെ, അതു [ഖുർആൻ] യഥാർത്ഥം തന്നെയാണെന്നു അവർക്കു സ്പഷ്ടമായിത്തീരുന്നതാണ്. (നബിയേ) നിന്റെ രക്ഷിതാവ് - അതായതു, അവൻ എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാണെന്നുള്ളതു - തന്നെ മതിയാകയില്ലേ?! [എന്നിരിക്കെ വല്ല തെളിവിന്റെയും ആവശ്യമുണ്ടോ?!]
- سَنُرِيهِمْ അവർക്കു നാം അടുത്തു കാട്ടിക്കൊടുക്കും آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങൾ فِي الْآفَاقِ നാനാ ഭാഗങ്ങളിൽ, പല മണ്ഡലങ്ങളിൽ وَفِي أَنۡفُسِهِمْ അവരിൽ തന്നെയും حَتَّى يَتَبَيَّنَ വ്യക്തമാകുന്നതുവരെ, അങ്ങിനെ സ്പഷ്ടമാകും لَهُمْ അവർക്കു أَنَّهُ الْحَقُّ അതു യഥാർത്ഥമാണെന്നു أَوَلَمْ يَكْفِ പോരേ, മതിയാവുകയില്ലേ بِرَبِّكَ നിന്റെ റബ്ബ് തന്നെ أَنَّهُ അതായതു അവനാണെന്നുള്ളതു عَلَی كُلِّ شَيْءٍ എല്ലാ കാര്യത്തിനും شَهِيدٌ ദൃക്‌സാക്ഷിയാണ്
ഖുർആൻ അവതരിച്ച കാലത്തുള്ള മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം, ഈ ദീർഘദർശനം വ്യക്തമായി പുലർന്നു കഴിഞ്ഞതാണ്. മക്കാപരിസരങ്ങൾ മാത്രമല്ല, അറേബ്യ മുഴുവനും ഏറെക്കുറെ പത്തുകൊല്ലങ്ങൾകൊണ്ട് ഇസ്‌ലാമിന്റെ അധീനത്തിൽ വരുകയും, ഖുർആന്റെ സത്യത സ്വീകരിക്കുകയും ചെയ്തു. അധികം താമസിയാതെ, അറേബ്യായുടെ മിക്ക അയൽനാടുകളും. ഇസ്‌ലാമിന്റെ നാടായി മാറി. ലോകത്തിന്റെ ഇതരഭാഗങ്ങളിൽ അതിന്റെ മാറ്റൊലി വീശുകയും ചെയ്തു. അന്നു ഇസ്‌ലാം ജയിച്ചടക്കിയ രാജ്യങ്ങൾ – ചിലതെല്ലാം നാമമാത്രമാണെങ്കിലും ഇന്നിതുവരെയും മുസ്‌ലിം രാജ്യങ്ങളായിത്തന്നെ അവശേഷിക്കുകയും ചെയ്യുന്നു.
നാനാഭാഗങ്ങളിലും, അവരിൽതന്നെയും ദൃഷ്ടാന്തങ്ങൾ കാട്ടിക്കൊടുക്കുമെന്നു പറഞ്ഞതു കുറേകൂടി വിശാലമായ അർത്ഥത്തിലും വ്യാഖ്യാനിക്കപ്പെടാറുണ്ട്. അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യത്തെയും, ഖുർആന്റെ സിദ്ധാന്തങ്ങളെയും സാക്ഷീകരിക്കുന്നതായി ആകാശത്തും, ഭൂമിയിലും നിലകൊള്ളുന്ന കണക്കറ്റ പ്രകൃതി ദൃഷ്ടാന്തങ്ങൾ, മനുഷ്യന്റെ ആകൃതി, പ്രകൃതി, ജനനം, വളർച്ച, ശരീരഘടന, മാനസിക വിശേഷത ആദിയായ എല്ലാറ്റിലും അടങ്ങിയ അത്ഭുത രഹസ്യങ്ങൾ പലതും അല്ലാഹു ജനങ്ങൾക്കു പൂർവ്വാധികം മനസ്സിലാക്കിക്കൊടുക്കും എന്നാണിതിന്റെ ചുരുക്കം. പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശാസ്ത്രീയ നേട്ടങ്ങളും, ഗവേഷണ പരമ്പരകളും വഴി ഈ തുറകളിലെല്ലാം മനുഷ്യന്റെ അറിവു വർദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. പ്രസ്തുത അറിവുകൾ ഓരോന്നും നിഷേധത്തിന്റെ കറ പറ്റാത്ത ഹൃദയങ്ങൾക്കു അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ദൃഷ്ടാന്തങ്ങളായി ബോധ്യപ്പെടുന്നതാണെന്നു തീർത്തു പറയാം. والله أعلم
- أَلَآ إِنَّهُمْ فِى مِرْيَةٍ مِّن لِّقَآءِ رَبِّهِمْ ۗ أَلَآ إِنَّهُۥ بِكُلِّ شَىْءٍ مُّحِيطٌۢ ﴾٥٤﴿
- അല്ലാ! (അറിയുക;) നിശ്ചയമായും അവർ തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെക്കുറിച്ച് സന്ദേഹത്തിലാണ്. അല്ലാ! (അറിയുക:) നിശ്ചയമായും, അവൻ എല്ലാ വസ്തുവെയും വലയം ചെയ്തവനാകുന്നു.
- أَلَا അല്ലാ,അറിയുക إِنَّهُمْ നിശ്ചയമായും അവർ فِي مِرْيَةٍ സന്ദേഹ (സംശയ)ത്തിലാണ് مِنۡ لِقَاءِ കാണുന്ന (കണ്ടുമുട്ടുന്ന)തിനെക്കുറിച്ചു رَبِّهِمْ തങ്ങളുടെ റബ്ബിനെ, റബ്ബുമായി أَلَا إِنَّهُ അല്ലാ (അറിയുക) നിശ്ചയമായും അവൻ بِكُلِّ شَيْءٍ എല്ലാ വസ്തുവിനെയും مُحِيطٌ വലയം ചെയ്തവനാണ്
ഖുർആനെ നിഷേധിക്കുന്നവരുടെ നിഷേധത്തിന്റെ മൂലകാരണമാണ് ആദ്യത്തെ വാക്യം ചൂണ്ടിക്കാട്ടുന്നത്. അല്ലാഹുവുമായി കണ്ടുമുട്ടേണ്ടിവരുമെന്ന കാര്യത്തിൽ – അഥവാ മരണാനന്തര ജീവിതത്തിൽ – അവർ സംശയാലുക്കളാണ്. ഭൗതിക ജീവിതം അവസാനിക്കുന്നതോടെ എല്ലാം കഴിഞ്ഞുവെന്നാണവരുടെ ധാരണ. ഇതാണ് അതിന്റെ മൂലകാരണം. അല്ലാഹുവിന്റെ അറിവിലും, കഴിവിലും ഉൾപെടാത്തതായി യാതൊന്നും തന്നെയില്ല. ഓരോ കാര്യത്തിലും വേണ്ടുന്ന നടപടികൾ അവൻ എടുക്കാതെ വിട്ടുകളയുന്നതുമല്ല. അതവർ ഓർത്തിരിക്കട്ടെ. എന്നിങ്ങിനെയുള്ള ഒരു വമ്പിച്ച താക്കീതാണ് രണ്ടാമത്തെ വാക്യത്തിൽ അടങ്ങിയിരിക്കുന്നത്.
ولله الحمد والمنة