അഹ്ഖാഫ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 35 – വിഭാഗം (റുകുഅ്) 4

[10, 15, 35 എന്നീ വചനങ്ങള്‍ ‘മദനി’യാണെന്നും പക്ഷമുണ്ട്]

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

46:1
  • حمٓ ﴾١﴿
  • 'ഹാ-മീം'.
  • حم 'ഹാ-മീം'
46:2
  • تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴾٢﴿
  • (ഈ) വേദഗ്രന്ഥം അവതരിപ്പിച്ചതു പ്രതാപശാലിയായ, അഗധാജ്ഞനായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.
  • تَنزِيلُ الْكِتَابِ വേദഗ്രന്ഥത്തിന്റെ അവതരണം, ഗ്രന്ഥത്തെ അവതരിപ്പിച്ചതു مِنَ اللَّـهِ അല്ലാഹുവില്‍ നിന്നാണ് الْعَزِيزِ പ്രതാപശാലിയായ الْحَكِيمِ അഗധാജ്ഞനായ
46:3
  • مَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَآ إِلَّا بِٱلْحَقِّ وَأَجَلٍ مُّسَمًّى ۚ وَٱلَّذِينَ كَفَرُوا۟ عَمَّآ أُنذِرُوا۟ مُعْرِضُونَ ﴾٣﴿
  • ആകാശങ്ങളെയും, ഭൂമിയെയും, അവയുടെ ഇടയിലുള്ളതിനെയും കാര്യം (ഗൗരവ)ത്തോടും, നിര്‍ണ്ണയിക്കപ്പെട്ട ഒരവധിയോടുംകൂടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്കു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെക്കുറിച്ച് (അശ്രദ്ധരായി) തിരിഞ്ഞുകളയുന്നവരാണ്.
  • مَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല السَّمَاوَاتِ وَالْأَرْضَ ആകാശങ്ങളും ഭൂമിയും وَمَا بَيْنَهُمَا അവയുടെ ഇടയിലുള്ളതും إِلَّا بِالْحَقِّ കാര്യ (യഥാര്‍ത്ഥ, മുറ, ന്യായ)ത്തോടുകൂടിയല്ലാതെ وَأَجَلٍ ഒരു അവധിയോടും مُّسَمًّى നിര്‍ണ്ണയിക്കപ്പെട്ട وَالَّذِينَ كَفَرُوا അവിശ്വസിച്ചവരോ عَمَّا أُنذِرُوا അവരോടു മുന്നറിയിപ്പു നല്‍കപ്പെട്ടതിനെപ്പറ്റി مُعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്
46:4
  • قُلْ أَرَءَيْتُم مَّا تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌ فِى ٱلسَّمَـٰوَٰتِ ۖ ٱئْتُونِى بِكِتَـٰبٍ مِّن قَبْلِ هَـٰذَآ أَوْ أَثَـٰرَةٍ مِّنْ عِلْمٍ إِن كُنتُمْ صَـٰدِقِينَ ﴾٤﴿
  • (നബിയേ) പറയുക: 'നിങ്ങള്‍ കണ്ടുവോ, അല്ലാഹുവിനുപുറമെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്ന വസ്തുക്കളെ?! ഏതൊരു വസ്തുവിനെയാണവര്‍ ഭൂമിയില്‍ നിന്നു സൃഷ്ടിച്ചിരി ക്കുന്നതെന്നു നിങ്ങള്‍ എനിക്കു കാട്ടിത്തരുവിന്‍! അതല്ലെങ്കില്‍, ആകാശങ്ങളില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ?! ഇതിന്റെ മുമ്പുള്ള വല്ല വേദഗ്രന്ഥമോ, അല്ലെങ്കില്‍ അറിവി(ന്റെ ഇനത്തി)ല്‍ പെട്ട വല്ല അവശിഷ്ടമോ [പ്രമാണമോ] എനിക്കു നിങ്ങള്‍ കൊണ്ടുതരുവിന്‍, നിങ്ങള്‍ സത്യവന്മാരാണെങ്കില്‍!
  • قُلْ പറയുക أَرَأَيْتُم നിങ്ങള്‍ കണ്ടുവോ مَّا تَدْعُونَ നിങ്ങള്‍ വിളിക്കുന്നവയെ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَرُونِي നിങ്ങളെനിക്കു കാട്ടിത്തരുവിന്‍ مَاذَا خَلَقُوا അവര്‍ എന്തു (ഏതു) സൃഷ്ടിച്ചുവെന്നു مِنَ الْأَرْضِ ഭൂമിയില്‍നിന്നു أَمْ لَهُمْ അല്ലെങ്കില്‍ അവര്‍ക്കുണ്ടോ شِرْكٌ വല്ല പങ്കും فِي السَّمَاوَاتِ ആകാശങ്ങളില്‍ ائْتُونِي നിങ്ങളെനിക്കു കൊണ്ടുവന്നുതരുവിന്‍ بِكِتَابٍ ഒരു ഗ്രന്ഥത്തെ مِّن قَبْلِ هَـٰذَا ഇതിനുമുമ്പുള്ള أَوْ أَثَارَةٍ അല്ലെങ്കില്‍ വല്ല അവശിഷ്ടവും (പ്രമാണവും) مِّنْ عِلْمٍ അറിവില്‍നിന്നു (അറിവിന്റെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

ആകാശഭൂമികളെയും അവയിലെ സൃഷ്ടികളെയും ഗൗരവമേറിയ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടി സൃഷ്ടിച്ചതാണെന്നും, ഓരോന്നിനും പ്രത്യേക പരിധിയും നിര്‍ണ്ണയവും നിശ്ചയിച്ചിട്ടുണ്ടെന്നും, അവയുടെ സൃഷ്ടിയിലോ കൈകാര്യ നടത്തിപ്പിലോ മറ്റാര്‍ക്കും യാതൊരു പങ്കും അധികാരവുമില്ലെന്നും ഉണര്‍ത്തിയശേഷം, ശിര്‍ക്കിനെ ന്യായീകരിക്കുന്ന വല്ല തെളിവുമുണ്ടെങ്കില്‍ കൊണ്ടുവരുവാന്‍ മുശ്രിക്കുകളെ വെല്ലുവിളിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതിനെ ഖുര്‍ആന്‍ ആക്ഷേപിക്കുന്നതു നിങ്ങള്‍ക്കു സ്വീകാര്യമല്ലെങ്കില്‍, ഖുര്‍ആനു മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അല്ലെങ്കില്‍ പ്രാമാണികമായ ഏതെങ്കിലും തെളിവോ അതിനെ ന്യായീകരിക്കുന്നതായി നിങ്ങള്‍ക്കു കാണിച്ചുതരുവാന്‍ കഴിയുമോ? ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ! എന്നു സാരം.

46:5
  • وَمَنْ أَضَلُّ مِمَّن يَدْعُوا۟ مِن دُونِ ٱللَّهِ مَن لَّا يَسْتَجِيبُ لَهُۥٓ إِلَىٰ يَوْمِ ٱلْقِيَـٰمَةِ وَهُمْ عَن دُعَآئِهِمْ غَـٰفِلُونَ ﴾٥﴿
  • ഖിയാമത്തുനാള്‍വരേക്കും ഉത്തരം നല്‍കാത്തവരെ, അല്ലാഹുവിനു പുറമെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നവരെക്കാള്‍ വഴി പിഴച്ചവര്‍ ആരാണ്?! അവരാകട്ടെ, ഇവരുടെ [വിളിക്കുന്നവരുടെ] വിളിയെപ്പറ്റി അശ്രദ്ധരുമാകുന്നു.
  • وَمَنْ أَضَلُّ അധികം വഴിപിഴച്ചവരാരാണ് مِمَّن يَدْعُو വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വരേക്കാള്‍ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ مَن لَّا يَسْتَجِيبُ ഉത്തരം നല്‍കാത്തവരെ لَهُ തനിക്കു إِلَىٰ يَوْمِ الْقِيَامَةِ ഖിയാമത്തുനാള്‍വരേക്കു وَهُمْ അവരോ عَن دُعَائِهِمْ ഇവരുടെ വിളി (പ്രാര്‍ത്ഥന)യെപ്പറ്റി غَافِلُونَ അശ്രദ്ധരാണ്

46:6
  • وَإِذَا حُشِرَ ٱلنَّاسُ كَانُوا۟ لَهُمْ أَعْدَآءً وَكَانُوا۟ بِعِبَادَتِهِمْ كَـٰفِرِينَ ﴾٦﴿
  • (മാത്രമല്ല) മനുഷ്യര്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍, ഇവര്‍ക്ക് അവര്‍ ശത്രുക്കളായിരിക്കയും ചെയ്യും; അവര്‍, ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുന്നവരുമായിരിക്കും.
  • وَإِذَا حُشِرَ ഒരുമിച്ചുകൂട്ടപ്പെട്ടാല്‍ النَّاسُ മനുഷ്യര്‍ كَانُوا അവരായിരിക്കും لَهُمْ أَعْدَاءً അവര്‍ക്കു ശത്രുക്കള്‍ وَكَانُوا അവരായിരിക്കയും ചെയ്യും بِعِبَادَتِهِمْ ഇവരുടെ ആരാധനയെ كَافِرِينَ നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍

അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്റെ നിരര്‍ത്ഥതയാണ് ഈ വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. മക്കാ മുശ്രിക്കുകളുടെ വിഗ്രഹങ്ങള്‍ മാത്രമല്ല, അല്ലാഹുവിനു പുറമെ ആരെയെല്ലാം മനുഷ്യര്‍ വിളിച്ചു പ്രാര്‍ത്ഥിക്കാറുണ്ടോ അവരെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ വചനം. ഖിയാമാത്തുനാള്‍ വരെ – ലോകാവസാനം വരെ- അവര്‍ ആ വിളിക്ക് ഉത്തരം ചെയ്കയില്ല. അതിരിക്കട്ടെ, വിളിക്കപ്പെടുന്നതു അവര്‍ അറിയുമോ? അതുമില്ല. ഇഹത്തിലെ സ്ഥിതിയാണിത്. എനി പരലോകത്തു എല്ലാവരും സമ്മേളിക്കുന്ന അവസരത്തിലോ? വിളിക്കപ്പെട്ടിരുന്നവര്‍ വിളിച്ചവരുടെ ശത്രുക്കളായിത്തീരുകയും, അവരുടെ ആ ആരാധനയെ – തങ്ങള്‍ അതറിയുകയോ അനുകൂലിക്കുകയോ ചെയ്യുന്നവരല്ലെന്നു – നിഷേധിച്ചു പറയുകയുമാണ് ചെയ്യുക! സൂ: അങ്കബൂത്ത് 25 ലും മറ്റും പ്രസ്താവിച്ച സംഗതികള്‍ ഇവിടെ അനുസ്മരിക്കുന്നതു നന്നായിരിക്കും.

46:7
  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ هَـٰذَا سِحْرٌ مُّبِينٌ ﴾٧﴿
  • നമ്മുടെ 'ആയത്തുകള്‍' അവര്‍ക്ക് സുവ്യക്തമായ നിലയില്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, യഥാര്‍ത്ഥം തങ്ങള്‍ക്കു വന്നെത്തുന്ന അവസരത്തില്‍, അതിനെക്കുറിച്ച് (ആ) അവിശ്വസിച്ചവര്‍ പറയും: 'ഇതൊരു പ്രത്യക്ഷമായ ജാലമാണ്' എന്ന്!
  • وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല് عَلَيْهِمْ അവര്ക്കു, ഇവര്ക്കു ءَايَٰتُنَا നമ്മുടെ ആയത്തുകള് بَيِّنَاتٍ വ്യക്തങ്ങളായിട്ടു, തെളിവുകളായി قَالَ الَّذِينَ كَفَرُوا അവിശ്വസിച്ചവര് പറയും لِلْحَقِّ യഥാര്ത്ഥത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്ക്കു വന്ന അവസരം, വന്നപ്പോള് هَـٰذَا سِحْرٌ ഇതു ജാലമാണ് مُّبِينٌ പ്രത്യക്ഷമായ (തനി)
46:8
  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ إِنِ ٱفْتَرَيْتُهُۥ فَلَا تَمْلِكُونَ لِى مِنَ ٱللَّهِ شَيْـًٔا ۖ هُوَ أَعْلَمُ بِمَا تُفِيضُونَ فِيهِ ۖ كَفَىٰ بِهِۦ شَهِيدًۢا بَيْنِى وَبَيْنَكُمْ ۖ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴾٨﴿
  • അതല്ല, 'ഇതു അവന്‍ [നബി] കെട്ടിച്ചമച്ചിരിക്കയാണെന്നു അവര്‍ പറയുന്നുവോ? (അവരോടു) പറയണം: 'ഞാനിതു കെട്ടിച്ചമച്ചിരിക്കുകയാണെങ്കില്‍, അല്ലാഹുവില്‍ നിന്നു (ഉണ്ടാകുന്ന) യാതൊന്നും എനിക്കുവേണ്ടി (നേരിടുവാന്‍) നിങ്ങള്‍ക്കു സാധ്യമാകുന്നതല്ല. നിങ്ങള്‍ യാതൊന്നില്‍ മുഴുകി പ്രവേശിച്ചുകൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി അവന്‍ ഏറ്റവും അറിയുന്നവനാണ്. അവന്‍ മതി, എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായിട്ട്‌. അവന്‍, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവനുമത്രെ.
  • أَمْ يَقُولُونَ അതല്ല (അഥവാ, അല്ലെങ്കില്‍) അവര്‍ പറയുന്നുവോ افْتَرَاهُ അവനതു കെട്ടിച്ചമച്ചുവെന്നു قُلْ പറയുക إِنِ افْتَرَيْتُهُ ഞാന്‍ അതു കെട്ടിച്ചമച്ചെങ്കില്‍ فَلَا تَمْلِكُونَ എന്നാല്‍ നിങ്ങള്‍ക്കു സാധ്യമാകുകയില്ല, സ്വാധീനമാക്കുന്നില്ല لِي എനിക്കു, എനിക്കുവേണ്ടി مِنَ اللَّـهِ അല്ലാഹുവില്‍ നിന്നു شَيْئًا യാതൊന്നിനും, ഒട്ടും هُوَ أَعْلَمُ അവന്‍ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് بِمَا യാതൊന്നിനെപ്പറ്റി تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുന്നു فِيهِ അതില്‍ كَفَىٰ بِهِ അവന്‍തന്നെ മതി شَهِيدًا സാക്ഷിയായി, കണ്ടറിയുന്നവനായി بَيْنِي എനിക്കിടയിലും وَبَيْنَكُمْ നിങ്ങള്‍ക്കിടയിലും وَهُوَ അവന്‍, അവന്‍തന്നെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി

അല്ലാഹു എന്നെ യഥാര്‍ത്ഥത്തില്‍ റസൂലായി നിയോഗിച്ചതല്ല – ഞാന്‍ അവന്റെ പേരില്‍ കളവു കെട്ടിപ്പറയുകയാണ് – എന്നുവെക്കുക, എന്നാലവന്‍ തീര്‍ച്ചയായും എന്നെ അതികഠിനമായി ശിക്ഷിക്കാതിരിക്കയില്ല. അതു തടയുവാന്‍ നിങ്ങള്‍ക്കാവട്ടെ, മറ്റാര്‍ക്കെങ്കിലുമാകട്ടെ കഴിയുന്നതുമല്ല. യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ നിലപാടാണ് ശിക്ഷാര്‍ഹമായിട്ടുല്ലത്. അല്ലാഹു അതു ശരിക്കും കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. വേണ്ടുന്ന നടപടി അവന്‍ എടുത്തുകൊള്ളും. പക്ഷേ, നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ പശ്ചാത്തപിക്കുന്നപക്ഷം. നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു പൊറുത്തുതരുകയും കരുണ ചെയ്യുകയും ചെയ്യുന്നതാണ് എന്നു സാരം.

46:9
  • قُلْ مَا كُنتُ بِدْعًا مِّنَ ٱلرُّسُلِ وَمَآ أَدْرِى مَا يُفْعَلُ بِى وَلَا بِكُمْ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ وَمَآ أَنَا۠ إِلَّا نَذِيرٌ مُّبِينٌ ﴾٩﴿
  • (നബിയേ) പറയുക: 'ഞാന്‍ റസൂലുകളില്‍നിന്നും, (നടാടെ വന്ന) ഒരു പുത്തനല്ല. എന്നെക്കൊണ്ടാകട്ടെ, നിങ്ങളെക്കൊണ്ടാകട്ടെ എന്തു ചെയ്യപ്പെടുമെന്ന് എനിക്കു അറിയുകയുമില്ല. എനിക്കു 'വഹ്യു' [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. ഞാന്‍, സ്പഷ്ടമായ ഒരു താക്കീതുകാരനല്ലാതെ (മറ്റൊന്നും) അല്ല.
  • قُلْ പറയുക مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല بِدْعًا ഒരു പുത്തന്‍, നവീനന്‍ مِّنَ الرُّسُلِ റസൂലുകളില്‍ നിന്നു وَمَا أَدْرِي എനിക്കറിയുകയുമില്ല مَا يُفْعَلُ بِي എന്നെക്കൊണ്ടു ചെയ്യപ്പെടുന്നതു وَلَا بِكُمْ നിങ്ങളെക്കൊണ്ടും ഇല്ല إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നിനെയല്ലാതെ يُوحَىٰ إِلَيَّ എനിക്കു വഹ്യു നല്‍കപ്പെടുന്ന وَمَا أَنَا ഞാനല്ലതാനും إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ مُّبِينٌ പ്രത്യക്ഷമായ

ഞാന്‍ ഒന്നാമതായി രംഗപ്രവേശം ചെയ്ത ഒരു റസൂലല്ല. എന്റെ മുമ്പ് എത്രയോ റസൂലുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരെല്ലാം പ്രബോധനം ചെയ്ത തത്വം തന്നെയാണ് ഞാനും പ്രബോധനം ചെയ്യുന്നത്. ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നുവെച്ച് എല്ലാ കാര്യവും എനിക്കറിയുമെന്നു ധരിക്കരുത്, എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്തൊക്കെയാണ് ചെയ്യപ്പെടുക – നമ്മില്‍ എന്തൊക്കെ സംഭവിക്കുവാനിരിക്കുന്നു – എന്നൊന്നും എനിക്കറിവില്ല. അതെല്ലാം അറിയുന്നതുകൊണ്ടല്ല ഞാന്‍ ഇതിനു മുതിര്‍ന്നിട്ടുള്ളതും. അല്ലാഹുവില്‍ നിന്നു എനിക്കു വഹ്യു ലഭിക്കാറുണ്ട്. അതനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി നിങ്ങളെ മുന്‍കൂട്ടി താക്കീതുചെയ്യുന്ന ഒരാള്‍ മാത്രമാണ് ഞാന്‍. അധികാരവും കൈകാര്യവുമെല്ലാം അല്ലാഹുവിനാണുള്ളത്. എന്നൊക്കെയാണ് മേല്‍പ്പറഞ്ഞതിന്റെ താല്‍പര്യം.

ഉമ്മുല്‍ അലാഉ് (ام العلاء) എന്ന വനിതാസഹാബി (റ)യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്ന ഒരു ഹദീസിന്റെ ചുരുക്കം ഇതാണ്:- ‘അവര്‍ പറയുന്നു: ഉസ്മാനുബ്നു മള്ഊന് (عثمان بن مظعون – رضي الله عنه) മരണം (*) പ്രാപിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അല്ലാഹു താങ്കള്‍ക്കു കരുണ ചെയ്യട്ടെ. താങ്കളെ തീര്‍ച്ചയായും അല്ലാഹു ആദരിച്ചിരിക്കുന്നു.’ അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ ആദരിച്ചിരിക്കുന്നുവെന്നു തനിക്കു എന്തറിയാം? അദ്ദേഹത്തിനു മരണം വന്നുകഴിഞ്ഞു; അദ്ദേഹത്തിനു നന്മയുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍, അല്ലാഹുവാണ! ഞാന്‍ അവന്റെ റസൂലായിരിക്കെ, എനിക്കറിഞ്ഞുകൂടാ, എന്നെക്കൊണ്ട് എന്തു ചെയ്യപ്പെടുമെന്നു!’.അപ്പോള്‍ ഞാന്‍ പറഞ്ഞു : ‘എനി ഒരിക്കലും, ഒരാളെക്കുറിച്ചും, ഞാന്‍ വളര്‍ത്തിപ്പറയുകയില്ല. (ബുഖാരി).


(*).മദീനായില്‍വെച്ചു മരണപ്പെട്ട ഒന്നാമത്തെ സഹാബിയായിരുന്നു ഉസ്മാനുബ്നു മള്ഉന്‍ (റ).


അല്ലാഹുവിന്റെ ദൂതന്മാരായ പ്രവാചകന്മാര്‍ക്കും, സത്യവിശ്വാസികള്‍ക്കും അല്ലാഹു സഹായവും രക്ഷയും നല്‍കുമെന്നും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്ക് അറിഞ്ഞുകൂടേ? സഹാബികളില്‍പെട്ട ചില വ്യക്തികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗസ്ഥരായിരിക്കുമെന്നുപോലും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായിട്ടില്ലേ? സത്യവിശ്വാസികളുടെ വിജയവും അവിശ്വാസികളുടെ പരാജയവും സംബന്ധിച്ചു പല വാഗ്ദാനങ്ങളും ഖുര്‍ആനില്‍തന്നെ വന്നിട്ടില്ലേ? എന്നിരിക്കെ, وَمَا أَدْرِي مَا يُفْعَلُ بِي وَلَا بِكُمْ (എന്നെക്കൊണ്ടും നിങ്ങളെക്കൊണ്ടും എന്തു ചെയ്യപ്പെടുമെന്നു എനിക്കറിഞ്ഞുകൂടാ.). എന്നു പറയുന്നതിന്റെ രഹസ്യമെന്തായിരിക്കും? ഇതിനു ഉത്തരം കാണുവാന്‍ പ്രയാസമില്ല. മേല്‍പറഞ്ഞതുപോലെയുള്ള പലതും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയാമെന്നതു ശരിയാണ്, പക്ഷെ, അവയില്‍ പലതിന്റെയും വിശദവിവരമോ, സൂക്ഷ്മവിവരമോ തിരുമേനിക്കു അറിയുകയില്ല. അദൃശ്യകാര്യങ്ങളില്‍ ഏതൊന്നിനെക്കുറിച്ചും അല്ലാഹുവില്‍നിന്നു വഹയുമൂലം ലഭിക്കുന്ന വിവരമല്ലാതെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കാകട്ടെ, മറ്റാര്‍ക്കുമാകട്ടെ, യാതൊന്നും അറിയുകയില്ല. ഉദാഹരണമായി: ആരെല്ലാം വിശ്വസിക്കും, അല്ലെങ്കില്‍ വിശ്വസിക്കുകയില്ല, ഓരോ വ്യക്തിയും എത്രകണ്ടു നല്ലവനോ ചീത്തപ്പെട്ടവനോ ആയിരിക്കും, അവര്‍ക്കു ഈ ലോകത്തു എന്തെല്ലാം സംഭവിക്കും, പരലോകത്തു ഓരോരുത്തരുടെയും പ്രതിഫലം എങ്ങിനെയെല്ലാമായിരിക്കും, സത്യനിഷേധികള്‍ക്കു എന്തെല്ലാം ആപത്തുകള്‍ വരാനിരിക്കുന്നു, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും സത്യവിശ്വാസികളും ഈ ലോകത്തു എന്തെല്ലാം അനുഭവിക്കും, എപ്പോള്‍ മരിക്കും, അതെങ്ങിനെയായിരിക്കും എന്നിത്യാദി എത്രയോ കാര്യങ്ങളെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അറിയുകയില്ലല്ലോ. പ്രത്യേകിച്ചു വ്യക്തികളെ സംബന്ധിച്ച് അവരുടെ പര്യവസാനം സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എന്നൊന്നും വഹ്യു കൊണ്ടല്ലാതെ അറിയുവാന്‍ മാര്‍ഗ്ഗമില്ല. ചുരുക്കം ചില സഹാബികളെപ്പറ്റി അവര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചുകാണുന്നത് ശരിയാണ്. ഇതു വഹ്യുമുഖേന അറിവായതുകൊണ്ടായിരിക്കുവാനോ മാര്‍ഗ്ഗമുള്ളു. ഉസ്മാനുബ്നു മള്ഊന്‍ (റ) ന്റെ കാര്യത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്  സല്‍പ്രതീക്ഷയാണുള്ളതെങ്കിലും അവിടുന്ന് ഒന്നും തീര്‍ത്തു പറയാതിരുന്നതു ആ വിഷയത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് പ്രത്യേകമായ അറിവു ലഭിച്ചിട്ടില്ലാത്തതുകൊണ്ടുമായിരിക്കും. والله اعلم

46:10
  • قُلْ أَرَءَيْتُمْ إِن كَانَ مِنْ عِندِ ٱللَّهِ وَكَفَرْتُم بِهِۦ وَشَهِدَ شَاهِدٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ مِثْلِهِۦ فَـَٔامَنَ وَٱسْتَكْبَرْتُمْ ۖ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٠﴿
  • (നബിയേ) പറയുക: ' നിങ്ങള്‍ കണ്ടുവോ, ഇതു [ഖുര്‍ആന്‍] അല്ലാഹുവിന്റെ പക്കല്‍നിന്നായിരിക്കുകയും, അതില്‍ നിങ്ങള്‍ അവിശ്വസിക്കുകയുമാണെങ്കില്‍, ഇതു പോലെയുള്ളതില്‍ ഇസ്റാഈല്‍ സന്തതികളില്‍ നിന്നു ഒരു സാക്ഷി സാക്ഷ്യം വഹിക്കുകയും, അങ്ങനെ അയാള്‍ അതില്‍ വിശ്വസിക്കുകയും, നിങ്ങള്‍ (വിശ്വസിക്കാതെ) അഹംഭാവം നടിക്കുകയും, ചെയ്തു (വെങ്കില്‍)? അപ്പോള്‍ നിങ്ങള്‍ തനിഅക്രമികളല്ലേ?!].
    നിശ്ചയമായും, അക്രമികളായ ജനതയെ അല്ലാഹു നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല.'
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ إِن كَانَ ഇതായിരുന്നാല്‍ مِنْ عِندِ اللَّـهِ അല്ലാഹുവിന്റെ പക്കല്‍നിന്നു وَكَفَرْتُم بِهِ നിങ്ങളതില്‍ അവിശ്വസിക്കുകയും وَشَهِدَ സാക്ഷ്യം വഹിക്കുകയും شَاهِدٌ ഒരു സാക്ഷി, വല്ല സാക്ഷിയും مِّن بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളില്‍നിന്നു عَلَىٰ مِثْلِهِ ഇതുപോലെയുള്ളതില്‍ فَآمَنَ എന്നിട്ടു അയാള്‍ വിശ്വസിച്ചു وَاسْتَكْبَرْتُمْ നിങ്ങള്‍ അഹംഭാവം നടിക്കയും ചെയ്തു إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَا يَهْدِي അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല الْقَوْمَ الظَّالِمِينَ അക്രമികളായ ജനതയെ

സാരം: വാസ്തവത്തില്‍ : ഖുര്‍ആന്‍ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. എന്നിരിക്കെ, നിങ്ങളതില്‍ വിശ്വസിക്കാത്തത് അക്രമമാണ് അതോടുകൂടി, വേദഗ്രന്ഥങ്ങളുമായി പരിചയമുള്ള ഇസ്രാഈല്‍ ജനതയില്‍പെട്ട ചിലരും ഖുര്‍ആന്റെ സിദ്ധാന്തങ്ങള്‍ ശരിയാണെന്നു സാക്ഷ്യം വഹിക്കുകയും, അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. വേദഗ്രന്ഥവുമായി പരിചയമില്ലാത്ത നിങ്ങള്‍ വിശ്വസിക്കാതെ ഗര്‍വ്വു നടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു ഒരിക്കലും ന്യായമല്ല. എന്നു നിങ്ങള്‍ക്കുതന്നെ ആലോചിച്ചറിയാവുന്ന വസ്തുതയാണ്. ഇങ്ങിനെ, മനപ്പൂര്‍വ്വം സത്യവിശ്വാസം സ്വീകരിക്കാത്ത അക്രമികളെ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുകയില്ല.

شَاهِدٌ مِّن بَنِي إِسْرَائِيلَ (ഇസ്രാഈല്‍ സന്തതികളില്‍ നിന്നുള്ള സാക്ഷി) കൊണ്ടുദ്ദേശ്യം ആരാണെന്നു ഉറപ്പിച്ചു പറയുവാന്‍ നിവൃത്തിയില്ല. അബ്ദുല്ലാഹിബ്നു സലാമാണ് (റ) ഉദ്ദേശ്യമെന്നാണ് പലരും പറയുന്നത്. അദ്ദേഹം യഹൂദി പണ്ഡിതന്മാരില്‍ ശ്രേഷ്ഠനായ ഒരാളായിരുന്നു. അറബികളില്‍ വരുവാനിരിക്കുന്ന പ്രവാചകനെ സംബന്ധിച്ച് തൗറാത്തില്‍ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വഴി യഥാര്‍ത്ഥമായി പുലര്‍ന്നു കണ്ടതുകൊണ്ടാണ് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചതെന്ന കാര്യം പ്രസിദ്ധമാണ്. ഇദ്ദേഹത്തെ സംബന്ധിച്ചാണ് ഈ വചനം അവതരിച്ചിരിക്കുന്നതെന്ന് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ വന്നിരിക്കുന്നു. പക്ഷേ, ഈ സൂറത്തു മക്കീസൂറത്തുകളില്‍ പെട്ടതും, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച സംഭവം മദീനായില്‍വെച്ചു നടന്നതുമാകുന്നു. അതുകൊണ്ടാണ് സൂറത്തു മക്കീയാണെങ്കിലും, ഈ ആയത്ത് മദനീയാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നതും. ഈ സാക്ഷി കൊണ്ടുദ്ദേശ്യം, അബ്ദുല്ലാഹിബ്നു സലാമോ (റ) മറ്റേതെങ്കിലും പ്രത്യേക വ്യക്തിയോ അല്ല, അദ്ദേഹത്തെപ്പോലെ തൗറാത്തിലെ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചിരുന്ന എല്ലാ വേദക്കാരും അതില്‍ സാമാന്യമായി ഉള്‍പ്പെടും എന്നാണ് മറ്റൊരാഭിപ്രായം. ഇതാണ് കൂടുതല്‍ യുക്തമായി തോന്നുന്നത്. അബ്ദുല്ലഹിബ്നു സലാം (റ)നെ സംബന്ധിച്ചാണ് ഈ ആയത്തു അവതരിച്ചതെന്നു ഹദീസില്‍ വന്നിട്ടുള്ളതിന്റെ താല്‍പര്യം, അദ്ദേഹത്തെപ്പോലെ തൗറാത്തു പഠിച്ചറിഞ്ഞ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യില്‍ വിശ്വസിക്കുവാന്‍ മുമ്പോട്ടു വന്നവരുടെ വിഷയത്തില്‍ അവതരിച്ചു എന്നായിരിക്കാം. മറ്റു ചില ആയത്തുകളുടെ അവതരണ ഹേതുക്കള്‍ വിവരിക്കുമ്പോഴും ഇത്തരം പ്രയോഗങ്ങള്‍ ഹദീസുകളിലും, സഹാബികളുടെ പ്രസ്താവനകളിലും കാണാറുള്ളതാണ്. ഇതിനെപ്പറ്റി മുഖവുരയില്‍ നാം വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. الله اعلم

വിഭാഗം - 2

46:11
  • وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ لَوْ كَانَ خَيْرًا مَّا سَبَقُونَآ إِلَيْهِ ۚ وَإِذْ لَمْ يَهْتَدُوا۟ بِهِۦ فَسَيَقُولُونَ هَـٰذَآ إِفْكٌ قَدِيمٌ ﴾١١﴿
  • അവിശ്വസിച്ചവര്‍ വിശ്വസിച്ചവരെക്കുറിച്ചു പറയുകയാണ്: 'ഇതൊരു നല്ല കാര്യമായിരുന്നുവെങ്കില്‍, ഇതിലേക്കു ഇവര്‍ ഞങ്ങളെ മുന്‍കടന്നു വരുകയില്ലായിരുന്നു.' അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അവര്‍ പറഞ്ഞേക്കും: 'ഇതൊരു പഴക്കം ചെന്ന നുണയാണു' എന്ന്.
  • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരെക്കുറിച്ചു لَوْ كَانَ ഇതു (അതു) ആയിരുന്നെങ്കില്‍ خَيْرًا ഒരു നന്മ, നല്ലതു مَّا سَبَقُونَا അവര്‍ ഞങ്ങളെ മുന്‍കടക്കുകയില്ല إِلَيْهِ അതിലേക്കു وَإِذْ لَمْ يَهْتَدُوا بِهِ അവര്‍ ഇതുമൂലം സന്മാര്‍ഗ്ഗം പ്രാപിച്ചിട്ടില്ലാത്തതിനാല്‍ (...ഇല്ലാത്തപ്പോള്‍) فَسَيَقُولُونَ അവര്‍ പറഞ്ഞേക്കും, പറയും هَـٰذَا إِفْكٌ ഇതൊരു നുണയാണ്, കള്ളമാണ് قَدِيمٌ പഴഞ്ചന്‍, പഴകിയ

ഭൗതികനേട്ടങ്ങളും, ഐഹികയശസ്സുമാണ് മനുഷ്യന്റെ ഏറ്റവും വലിയ യോഗ്യതയെന്നും, അവയുടെ അടിസ്ഥാനത്തിലാണ് മനുഷ്യന്‍ നല്ലവനും, ചീത്തപ്പെട്ടവനുമായിരിക്കുന്നതെന്നും ധരിക്കുന്നവരെ ഇന്നും അന്നും ധാരാളം കാണാം. ‘അധമാന്മാരായ’ ആളുകളാണ് ആദ്യം സത്യവിശ്വാസം സ്വീകരിച്ചതെന്ന കാരണത്താല്‍ തങ്ങൾ  വിശ്വസിക്കുവാന്‍ തയ്യാറില്ലെന്നു നൂഹ് (عليه السلام ) നബിയുടെ ജനത അദ്ദേഹത്തോടു പറയുകയുണ്ടായി, (ശുഅറാഉ് : 111; ഹൂദ്‌ : 27). വളരെ പഴക്കമുള്ള ഒരു ധാരണയാണിത്‌. തങ്ങള്‍ സ്വീകരിക്കുന്നതും, തങ്ങള്‍ക്കു ലഭിക്കുന്നതുമെല്ലാം നല്ലതു, അല്ലാത്തവയെല്ലാം മ്ലേച്ഛം. ഇതാണു ഇത്തരക്കാരുടെ അഭിമതം. ഈ ധാരണ ഖുറൈശികളും വെച്ചുപോറ്റിയിരുന്നു. അമ്മാര്‍ (رضي الله عنه), ബിലാല്‍ (رضي الله عنه ), ഖബ്ബാബ്  رضي الله عنه)), സ്വുഹൈബ് (رضي الله عنه ) മുതലായവരെപ്പോലെ , കേവലം അടിമകളോ ദരിദ്രന്മാരോ ആയിരുന്ന സഹാബികളെ ചൂണ്ടിക്കൊണ്ട് ഖുറൈശികള്‍ പറയും: ‘മുഹമ്മദു പ്രബോധനം ചെയ്യുന്ന ഈ മതം അത്ര നല്ലതാണെങ്കില്‍ ഇത്തരം ആളുകളല്ല – ഞങ്ങളൊക്കെയായിരുന്നു – അതിലേക്കു മുമ്പോട്ടു വരേണ്ടത്.’ ആദ്യം മുമ്പോട്ടു വന്നവര്‍ കേവലം പാവങ്ങളായതു ആ മതം കൊള്ളരുതാത്തതാണെന്നുള്ളതിനു തെളിവാകുന്നുവെന്നത്രെ അവര്‍ സമര്‍ത്ഥിക്കുന്നത്. വാസ്തവത്തില്‍ അവര്‍ക്കു അതിനോടു വൈരാഗ്യം ഉണ്ടാകുവാന്‍ കാരണം, അതിനെപ്പറ്റി അവർ മനസ്സിലാക്കാത്തതും, അതിന്റെ മെച്ചം ആസ്വദിച്ചറിയുവാനുള്ള അവസരം അവർക്ക് ലഭിക്കാത്തതുമാണ് എന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. പഴക്കംചെന്ന നുണ (إفك قديم) എന്ന് അവർ വിശേഷിപ്പിച്ചതു, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പ് കഴിഞ്ഞു പോയ പ്രവാചകന്മാരുടെ തൌഹീദു പ്രസ്ഥാനങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാകുന്നു. النَّاسُ أَعدَاءُ مَا جَهِلُوا (തങ്ങള്‍ക്കു അറിയാത്തതിന്റെ ശത്രുക്കളായിരിക്കും മനുഷ്യന്മാര്‍) എന്ന ഒരു ആപ്തവാക്യമുള്ളത് പ്രസ്താവ്യമാണ്.

46:12
  • وَمِن قَبْلِهِۦ كِتَـٰبُ مُوسَىٰٓ إِمَامًا وَرَحْمَةً ۚ وَهَـٰذَا كِتَـٰبٌ مُّصَدِّقٌ لِّسَانًا عَرَبِيًّا لِّيُنذِرَ ٱلَّذِينَ ظَلَمُوا۟ وَبُشْرَىٰ لِلْمُحْسِنِينَ ﴾١٢﴿
  • (ജനങ്ങള്‍ക്ക്) നേതൃത്വം നല്‍കുന്നതായും, കാരുണ്യമായും കൊണ്ടു മൂസായുടെ ഗ്രന്ഥം ഇതിനുമുമ്പുണ്ട്. അറബിഭാഷയായിക്കൊണ്ട് (അതിനെ ശരിവെച്ച്) സത്യമാക്കുന്ന ഒരു ഗ്രന്ഥമത്രെ ഇതും, അക്രമം പ്രവര്‍ത്തിച്ചവരെ താക്കീതു ചെയ്‌വാന്‍ വേണ്ടിയും, സുകൃതം ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്തയായിക്കൊണ്ടും.
  • وَمِن قَبْلِهِ ഇതിന്റെ മുമ്പുണ്ട് كِتَابُ مُوسَىٰ മൂസായുടെ ഗ്രന്ഥം إِمَامًا നേതൃത്വം നല്‍കുന്നതായിട്ടു (വഴികാട്ടിയായി) وَرَحْمَةً കാരുണ്യമായും وَهَـٰذَا كِتَابٌ ഇതും ഒരു ഗ്രന്ഥം, ഇതാ ഒരു ഗ്രന്ഥം مُّصَدِّقٌ സത്യമാക്കുന്ന (സത്യത സ്ഥാപിക്കുന്ന, ശരിവെക്കുന്ന) لِّسَانًا عَرَبِيًّا അറബിഭാഷയായിക്കൊണ്ടു لِّيُنذِرَ അതു താക്കീതു (മുന്നറിയിപ്പു) നല്‍കുവാന്‍ വേണ്ടി الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ وَبُشْرَىٰ സന്തോഷവാര്‍ത്തയായും لِلْمُحْسِنِينَ നന്മ (പുണ്യം, സുകൃതം) ചെയ്യുന്നവര്‍ക്കു

തൗഹീദു സിദ്ധാന്തം ഒരു പഴക്കം ചെന്ന നുണയാണെന്നു ജല്‍പിക്കുന്ന ആ മുശ്രിക്കുകള്‍ക്ക് മൂസാ (عليه السلام ) നബിയുടെ തൗറാത്തിനെപ്പറ്റി തികച്ചും കേട്ടറിവുണ്ട്. അതു ഇസ്രാഈല്‍ ജനതക്ക് മാര്‍ഗ്ഗദര്‍ശനവും നേതൃത്വവും നല്‍കിയിരുന്നുവെന്നും, അവര്‍ക്കു അല്ലാഹു നല്‍കിയ ഒരു അനുഗ്രഹമായിരുന്നു അതെന്നും അവര്‍ക്കറിയാം. അതവര്‍ നിഷേധിക്കാറുമില്ലായിരുന്നു. അപ്പോള്‍, ആ സിദ്ധാന്തം ഖുര്‍ആന്റെയോ , നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയോ ഒരു പുതുസിദ്ധാന്തമല്ല. തൗറാത്തിലെ സിദ്ധാന്തത്തെ ശരിവെക്കുക മാത്രമാണ് ഖുര്‍ആന്‍ ചെയ്യുന്നത്. തൗറാത്തു അബ്‌രിഭാഷയിലായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ അവരുടെ സൗകര്യാര്‍ത്ഥം – അറബിയലാണുള്ളതും.

46:13
  • إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَـٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾١٣﴿
  • നിശ്ചയമായും, യാതൊരു കൂട്ടര്‍ 'ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ്' എന്നു പറയുക [പ്രഖ്യാപിക്കുക]യും, പിന്നീടു ചൊവ്വിനു നിലകൊള്ളുകയും ചെയ്തുവോ, അവരുടെമേല്‍ യാതൊരു ഭയവും ഇല്ല; അവര്‍ വ്യസനിക്കുകയുമില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ قَالُوا അവര്‍ പറഞ്ഞു رَبُّنَا اللَّـهُ ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് (എന്നു) ثُمَّ اسْتَقَامُوا പിന്നീടവര്‍ ചൊവ്വിനു നിലകൊള്ളുകയും ചെയ്തു فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ അവര്‍ ഇല്ലതാനും يَحْزَنُونَ വ്യസനിക്കും
46:14
  • أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ خَـٰلِدِينَ فِيهَا جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ ﴾١٤﴿
  • അക്കൂട്ടര്‍ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാകുന്നു - അതില്‍ നിത്യവാസികളായ നിലയില്‍. (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു (നല്‍കപ്പെടുന്ന) പ്രതിഫലമായിട്ട്‌!
  • أُولَـٰئِكَ അക്കൂട്ടര്‍ أَصْحَابُ الْجَنَّةِ സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരാണ് خَالِدِينَ فِيهَا അതില്‍ നിത്യവാസികളായി കൊണ്ടു جَزَاءً പ്രതിഫലമായിട്ടു بِمَا كَانُوا അവര്‍ ആയിരുന്നതിനു يَعْمَلُونَ പ്രവൃത്തിക്കും

തൗഹീദില്‍ വിശ്വസിക്കുകയും, ആ വിശ്വാസം പ്രഖ്യാപിക്കുകയും, ആ അടിസ്ഥാനത്തില്‍ നേര്‍ക്കുനേരെ – കാപട്യത്തിനും ദുര്‍ന്നടപ്പിനും വശംവദരാകാതെ- ജീവിച്ചുപോരുകയും ചെയ്യുന്നവരുടെ നേട്ടങ്ങള്‍ ചുരുക്കിപ്പറയുകയാണ്‌. അല്ലാഹുവാണ് തന്റെ റബ്ബ് എന്ന് ശരിക്കും ബോധമുള്ളവന് പരലോകത്തും ഇഹലോകത്തും പേടിക്കുവാനെന്തുണ്ട്?! വ്യസനിക്കുവാനെന്തുണ്ട്?! അനിഷ്ടകരമായ വല്ലതും സംഭവിക്കുമെന്ന ഭയമോ, പ്രിയംകരമായ വല്ലതും നഷ്ടപ്പെട്ടേക്കുമെന്ന ഭയമോ അവര്‍ക്കുണ്ടാകുവാനുമില്ല.

46:15
  • وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ إِحْسَـٰنًا ۖ حَمَلَتْهُ أُمُّهُۥ كُرْهًا وَوَضَعَتْهُ كُرْهًا ۖ وَحَمْلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهْرًا ۚ حَتَّىٰٓ إِذَا بَلَغَ أَشُدَّهُۥ وَبَلَغَ أَرْبَعِينَ سَنَةً قَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَصْلِحْ لِى فِى ذُرِّيَّتِىٓ ۖ إِنِّى تُبْتُ إِلَيْكَ وَإِنِّى مِنَ ٱلْمُسْلِمِينَ ﴾١٥﴿
  • മനുഷ്യനോട് , അവന്‍റെ മാതാപിതാക്കളില്‍ നന്മ ചെയ്‌വാന്‍ നാം 'ഒസിയ്യത്ത്' [ആജ്ഞാനിര്‍ദ്ദേശം] നല്‍കിയിരിക്കുന്നു. അവന്‍റെ ഉമ്മ [മാതാവു] വിഷമിച്ചുകൊണ്ട് അവനെ ഗര്‍ഭം ചുമന്നു; വിഷമിച്ചുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭ(കാല)വും, അവന്‍റെ (മുലകുടി മാറ്റിക്കൊണ്ടുള്ള) വേര്‍പാടും (കൂടി) മുപ്പതു മാസമായിരിക്കും. അങ്ങനെ, അവന്‍ തന്‍റെ പൂര്‍ണ്ണശക്തി (അഥവാ ശക്തി പ്രായം) എത്തുകയും, നാല്പതു വസ്സിങ്കല്‍ എത്തുകയും, ചെയ്‌താല്‍ അവന്‍ പറയുന്നതാണ്: 'എന്‍റെ റബ്ബേ! എന്‍റെ മേലും, എന്‍റെ മാതാപിതാക്കളുടെ മേലും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിനു നന്ദിചെയ്‌വാനും, നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്കു നീ പ്രചോദനം നല്‍കേണമേ! എന്‍റെ സന്തതികളില്‍ എനിക്കു നീ നന്മ വരുത്തിത്തരുകയും വേണമേ! നിശ്ചയമായും, ഞാന്‍ നിന്‍റെ അടുക്കലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു; ഞാന്‍ 'മുസ്‌ലിം'കളില്‍ പെട്ടവനാകുന്നു.'
  • وَوَصَّيْنَا നാം ഒസിയ്യത്ത് (ആജ്ഞാ നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്‍റെ മാതാപിതാക്കളില്‍ إِحْسَانًا നന്മ ചെയ്‌വാന്‍ حَمَلَتْهُ അവനെ ഗര്‍ഭം ചുമന്നു أُمُّهُ അവന്‍റെ ഉമ്മ (മാതാവു) كُرْهًا വിഷമിച്ചുകൊണ്ട് وَوَضَعَتْهُ അവനെ അവള്‍ പ്രസവിക്കയും ചെയ്തു كُرْهًا വിഷമത്തോടെ وَحَمْلُهُ അവന്‍റെ ഗര്‍ഭം, ഗര്‍ഭം ധരിച്ചതു وَفِصَالُهُ അവന്‍റെ വേര്‍പാടും (മുലകുടിമാറ്റലും) ثَلَاثُونَ മുപ്പതാണ് شَهْرًا മാസം حَتَّىٰ إِذَا بَلَغَ അങ്ങനെ അവന്‍ എത്തിയാല്‍, പ്രാപിക്കുമ്പോള്‍ أَشُدَّهُ അവന്‍റെ പൂര്‍ണ്ണ ശക്തി (ശക്തിപ്രായം) وَبَلَغَ എത്തുകയും أَرْبَعِينَ നാല്പതിങ്കല്‍ سَنَةً കൊല്ലം (വയസ്സു) قَالَ അവന്‍ പറയും رَبِّ أَوْزِعْنِي റബ്ബേ എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിക്കണേ (സാധിപ്പിക്കണേ) أَنْ أَشْكُرَ ഞാന്‍ നന്ദി ചെയ്‌വാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്ത عَلَيَّ എന്‍റെ മേൽ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കളുടെ മേലും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا നല്ലതു, സല്‍കര്‍മ്മം تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَصْلِحْ لِي എനിക്കു നന്നാക്കി (നന്മ വരുത്തി)ത്തരുകയും വേണമേ فِي ذُرِّيَّتِي എന്‍റെ സന്തതികളില്‍ إِنِّي تُبْتُ നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു, മടങ്ങി إِلَيْكَ നിന്‍റെ അടുക്കലേക്കു وَإِنِّي നിശ്ചയമായും ഞാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍ (കീഴോതുക്കമുള്ളവരില്‍) പെട്ടവനുമാണ്
46:16
  • أُو۟لَـٰٓئِكَ ٱلَّذِينَ نَتَقَبَّلُ عَنْهُمْ أَحْسَنَ مَا عَمِلُوا۟ وَنَتَجَاوَزُ عَن سَيِّـَٔاتِهِمْ فِىٓ أَصْحَـٰبِ ٱلْجَنَّةِ ۖ وَعْدَ ٱلصِّدْقِ ٱلَّذِى كَانُوا۟ يُوعَدُونَ ﴾١٦﴿
  • അങ്ങിനെയുള്ളവര്‍ യാതൊരു കൂട്ടരത്രെ, അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള നല്ലതിനെ അവരില്‍ നിന്ന് നാം സ്വീകരിക്കുകയും, അവരുടെ തിന്മകളെ സംബന്ധിച്ച് നാം വിട്ടുക്കൊടുക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗ്ഗത്തിന്‍റെ ആള്‍ക്കാരിലായിരിക്കും (അവര്‍). (അതെ) അവരോടു ചെയ്യപ്പെട്ടിരുന്നതായ സത്യവാഗ്ദാനം?
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് نَتَقَبَّلُ عَنْهُمْ അവരില്‍ നിന്നു നാം സ്വീകരിക്കും أَحْسَنَ مَا യാതൊന്നില്‍ നല്ലതിനെ عَمِلُوا അവര്‍ പ്രവര്‍ത്തിച്ച وَنَتَجَاوَزُ നാം വിട്ടുകൊടുക്കയും ചെയ്യും عَن سَيِّئَاتِهِمْ അവരുടെ തിന്മകളെ സംബന്ധിച്ചു فِي أَصْحَابِ الْجَنَّة സ്വര്‍ഗ്ഗത്തിന്റെ ആള്‍ക്കാരില്‍ وَعْدَ الصِّدْقِ സത്യവാഗ്ദാനം الَّذِي كَانُوا അവരായിരുന്നതായ يُوعَدُونَ വാഗ്ദാനം ചെയ്യപ്പെട്ടുകൊണ്ടിരുന്ന

മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചു ഖുര്‍ആന്‍ ശക്തിയായ ഭാഷയിലും, ആവര്‍ത്തിച്ചും പ്രസ്താവിച്ചിരിക്കുന്നതു കാണാം. وَصَّيْنَا (നാം ഒസിയ്യത്തു ചെയ്തിരിക്കുന്നു – അഥവാ ആജ്ഞാനിര്‍ദ്ദേശം നല്‍കിയിരിക്കുന്നു) എന്ന തലക്കെട്ടോടുകൂടിയും, തൗഹീദിന്റെ കല്പനയോടു അനുബന്ധിച്ചുമാണ് പലപ്പോഴും അതിനെപ്പറ്റി പ്രസ്താവിക്കാറുള്ളത്. വിഷയത്തിന്റെ ഗൗരവത്തെയാണ്‌ ഇതെല്ലാം കുറിക്കുന്നത്. സൂ:ലുഖ്മാനില്‍ കണ്ടതുപോലെ , പിതാവിനെ അപേക്ഷിച്ച് മാതാവിനോടാണ് മനുഷ്യനു കൂടുതല്‍ ബാധ്യതയുള്ളതെന്നു ഇവിടെയും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. മക്കള്‍ക്കുവേണ്ടി അവരുടെ മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന ക്ലേശങ്ങളും, യാതനകളും മക്കള്‍ക്കു അറിയുവാന്‍ കഴിയുന്നതു അവരും മാതാപിതാക്കളായി തീരുമ്പോള്‍ മാത്രമായിരിക്കും. പ്രതിഫലം നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ലാത്തതാണ് അവരോടുള്ള കടപ്പാട്. മാതാപിതാക്കളെ അടിമകളായി കണ്ടെത്തുകയും, എന്നിട്ടവരെ വിലക്കുവാങ്ങി മോചിപിച്ചുവിടുകയും ചെയ്യുകയാണെങ്കിലല്ലാതെ, അവരോടുള്ള കടപ്പാടിനു പ്രതിഫലം നല്‍കുവാന്‍ മക്കള്‍ക്കു സാധ്യമല്ല എന്നു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിചെയ്തിട്ടുള്ളതു സ്മരണീയമാകുന്നു.(മുസ്‌ലിം). മാതാപിതാക്കള്‍ക്കുവേണ്ടി رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا (എന്റെ രക്ഷിതാവേ, അവര്‍ രണ്ടുപേരും ചെറുപത്തില്‍ എന്നെ പരിപാലിച്ചു വളര്‍ത്തിയതുപോലെ, നീ അവര്‍ക്കു കരുണ ചെയ്യേണമേ!) എന്നു പ്രാര്‍ത്ഥിക്കുവാന്‍ അല്ലാഹു മക്കളോടു കല്‍പിക്കുന്നു. (സൂ: ഇസ്രാഉ് : 24). സൂറത്തു ലുഖ്മാന്‍ 14ഉം അതിന്റെ വിവരണവും ഇവിടെയും ഓര്‍മ്മിക്കുക.

ഒരു മാതാവു ഗര്‍ഭവതിയായാല്‍ പ്രസവംവരെ – അവസാനത്തെ മാസങ്ങളില്‍ പ്രത്യേകിച്ചും – അനുഭവിക്കുന്ന ബുദ്ധിമുട്ടും ക്ലേശവും കണക്കില്ല. പ്രസവമാണെങ്കില്‍ മരണത്തിന്റെ വക്കോളം അവരെ എത്തിക്കുന്നു. പിന്നീടു മുലകുടി അവസാനിക്കുന്നതുവരെ തന്റെ ശിശുവിനുവേണ്ടി അവള്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളും വിഷമങ്ങളും പുറമെയും. ചുരുക്കത്തില്‍ മുപ്പതില്‍ കുറയാത്ത മാസങ്ങള്‍ തുടര്‍ച്ചയായി ഒരു കുട്ടിയെച്ചൊല്ലി മാതാവു യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കണം. മക്കള്‍ക്കുവേണ്ടി പിതാവിന്റെ ത്യാഗം എത്ര വലുതാണെങ്കിലും മാതാവിന്റെതാണ് അതിനെക്കാള്‍ വമ്പിച്ചതെന്നു പറയേണ്ടതില്ല. അവരുടെ വാര്‍ദ്ധക്യകാലത്തു അവരെ നന്നായി ശുശ്രൂഷിക്കുകയും, അവരോടു വിനയത്തോടെ പെരുമാറുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അവരോടുള്ള കടപ്പാട് അല്പമെങ്കിലും തീര്‍ക്കുവാന്‍ മക്കള്‍ക്കു സാധ്യമല്ല തന്നെ.

ഗര്‍ഭകാലവും, മുലകുടികാലവും കൂടി മുപ്പതു മാസമാണെന്നു ഈ വചനത്തില്‍ പറഞ്ഞുവല്ലോ. മുലകുടിയുടെ പൂര്‍ണ്ണകാലം രണ്ടു കൊല്ലമാണെന്നു സൂ: അല്‍ബഖറ : 233ലും പ്രസ്താവിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗര്‍ഭകാലം സാധാരണ ഒമ്പതു മാസവും ഏതാനും ദിവസങ്ങളുമായിരിക്കും. ചിലപ്പോഴെല്ലാം ഏറിയും കുറഞ്ഞും ആകാറുണ്ട്. ഗര്‍ഭത്തിന്റെ ഏറ്റവും ചുരുങ്ങിയ കാലം ആറു മാസം ആകാമെന്നു ഈ വചനത്തില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. വിവാഹാനന്തരം ആറുമാസം കഴിഞ്ഞ ഉടനെ പ്രസവിച്ച ഒരു സ്ത്രീയുടെ പേരില്‍ ആ കുട്ടി തന്റെതല്ലെന്നു അവളുടെ ഭര്‍ത്താവ് ഉസ്മാന്‍ (റ) ന്റെ അടുക്കല്‍ വാദിക്കുകയുണ്ടായി. ഉസ്മാന്‍(റ) ആദ്യം ആ വാദം ശരിവെക്കുകയും ചെയ്തു. എങ്കിലും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ അലി (رضي الله عنه) ചൂണ്ടിക്കാട്ടിയതനുസരിച്ച് അദ്ദേഹം  പിന്നീടു ആദ്യവിധി മാറ്റുകയും, ഗര്‍ഭകാലം ആറുമാസം മാത്രം ആവാനിടയുണ്ടെന്നും, കുട്ടി ഭര്‍ത്താവിന്റെതു തന്നെയാണെന്നും തിരുമാനിക്കുകയും ചെയ്തു. (رواه ابن اسحق). മിക്ക പണ്ഡിതന്മാരും അലി(റ)യുടെ ഈ അഭിപ്രായം സ്വീകരിച്ചവരാകുന്നു. വൈദ്യശാസ്ത്രപടുക്കളും ഈ അഭിപ്രായം ശരിവെച്ചിട്ടുണ്ടെന്നു ഇമാം റാസീ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു.

ഗര്‍ഭകാലവും മുലകുടികാലവുംകൂടി മുപ്പതു മാസമെന്നു പറഞ്ഞിരിക്കകൊണ്ട് ഗര്‍ഭകാലത്തിന്റെ ഏറ്റകുറവനുസരിച്ച് മുലകുടികാലത്തിലും ഏറ്റക്കുറവു വരുത്തേണ്ടതാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അതായതു ആറുമാസംകൊണ്ടു പ്രസവിച്ച കുട്ടിക്കു രണ്ടു കൊല്ലം, ഒമ്പതു മാസം കൊണ്ടു പ്രസവിച്ച കുട്ടിക്ക് ഇരുപത്തൊന്നുമാസം എന്ന തോതില്‍ മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ ആരോഗ്യപരമായി നോക്കുമ്പോള്‍ ഈ അഭിപ്രായം ഒരു നല്ല അഭിപ്രായമാണെന്നു കാണാം. മുലകുടി പൂര്‍ത്തിയായി നിര്‍വ്വഹിക്കുന്നവര്‍ക്കാണ് രണ്ടു കൊല്ലക്കാലം പറഞ്ഞിട്ടുള്ളതെന്നും, വേണ്ടിവന്നാല്‍ മാതാപിതാക്കള്‍ കൂടിയാലോചിച്ചു അതില്‍ വ്യത്യാസപ്പെടുത്താമെന്നും സൂറത്തുല്‍ ബഖറഃയിലെ 233-ാം ആയത്തില്‍ പ്രത്യേകം വ്യകതമാക്കിയിട്ടുള്ളതും പ്രസ്താവ്യമാണ്.

 لِمَنْ أَرَادَ أَن يُتِمَّ ٱلرَّضَاعَةَ ۚ وَعَلَى ٱلْمَوْلُودِ لَهُۥ رِزْقُهُنَّ وَكِسْوَتُهُنَّ بِٱلْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَآرَّ وَ‌ٰلِدَةٌۢ بِوَلَدِهَا وَلَا مَوْلُودٌ لَّهُۥ بِوَلَدِهِۦ ۚ وَعَلَى ٱلْوَارِثِ مِثْلُ ذَ‌ٰلِكَ ۗ  فَإِنْ أَرَادَا فِصَالًا عَن تَرَاضٍ الخ

മനുഷ്യന്റെ വിവേകബുദ്ധിക്കു പക്വതയും പാകതയും എത്തുന്ന പ്രായമാണ് നാല്‍പതു വയസ്സ്. പ്രവാചകന്മാര്‍ക്കു പ്രവാചകത്വം ലഭിക്കുന്നതും മിക്കവാറും നാല്‍പതു വയസ്സിലാണെന്നാണ് അറിയപ്പെടുന്നത്. ഏറെക്കുറെ മുപ്പത്തിമൂന്നു വയസ്സു മുതല്‍ യുവത്വത്തിന്റെതായ പ്രത്യേകതകളില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയും, പകരം പാകതയുടെയും പരിചയത്തിന്റെയും വിശേഷതകള്‍ മനുഷ്യനില്‍ സ്ഥലം പിടിക്കുകയും ചെയ്യുന്നു. നാല്പതു തികയുമ്പോഴേക്കും അതു അതിന്റെ പൂര്‍ണ്ണാവസ്ഥ പ്രാപിക്കുന്നു. അനന്തരം ഏറെക്കുറെ അറുപതുവരേക്കും വലിയൊരു മാറ്റം കൂടാതെ ആ നില തുടരുകയും, പിന്നീടു ഗതി കീഴ്പോട്ടു മാറിക്കൊണ്ടിരിക്കുകയും ചെയ്യും. സാഹചര്യങ്ങള്‍ക്കും പരിതസ്ഥിതികള്‍ക്കും അനുസരിച്ചു വ്യത്യാസം കാണാമെങ്കിലും പൊതുനില ഇതാണ്.

ശരിയായ തന്റേടവും, പാകതയും എത്തുന്ന ആ നാല്പതിങ്കല്‍ എത്തുമ്പോള്‍ മനുഷ്യന്‍ അവന്റെ മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞുനോക്കുന്നപക്ഷം, ഒരു വശത്തു അവന്റെ മാതാപിതാക്കളെയും, മറുവശത്തു തന്റെ  സന്താനങ്ങളെയും അവനു കാണാം.ഇരുകൂട്ടരുമായും തനിക്കുള്ള കെട്ടുപാടുകളും ഓരോ വശത്തൂടെ തന്റെ മേലുള്ള കടപ്പാടുകളും, ഭൂതഭാവി സ്മരണകളും അവന്റെ മനസ്സില്‍ ഉദയം ചെയ്യുന്നു. അങ്ങനെ, അവന്‍ അതാ പ്രാര്‍ത്ഥിക്കുന്നു:

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ

(‘എന്റെ രക്ഷിതാവേ!’ എന്നു തുടങ്ങി ‘ഞാന്‍ മുസ്ലിംകളില്‍ പെട്ടവനുമാകുന്നു’ എന്നുവരെ). അതെ, അവന്‍ തന്നെക്കുറിച്ചും, തന്റെ മാതാപിതാക്കളെക്കുറിച്ചും, മക്കളെക്കുറിച്ചും ബോധവാനായിത്തീരുന്നു. എല്ലാവരുടെയും നന്മക്കുവേണ്ടി അവന്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പ്രീതിയാണ് എല്ലാ നന്മയിലും വെച്ച് അവന്‍ പ്രധാനമായിക്കാണുന്നതും.

കേവലം, സത്യവിശ്വാസിയായ നല്ല മനുഷ്യനില്‍ സ്വാഭാവികമായും ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ഒരു സ്ഥിതിവിശേഷമാണ് ഈ വചനം മുഖേന അല്ലാഹു ചിത്രീകരിക്കുന്നത്. ഇങ്ങിനെയുള്ള വിശിഷ്ടന്മാര്‍ക്ക് അല്ലാഹുവില്‍നിന്നു ലഭിക്കുവാനിരിക്കുന്ന നേട്ടങ്ങളും വിവരിച്ചിരിക്കുന്നു. അങ്ങിനെയുള്ള ഭാഗ്യവാൻമാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. അടുത്ത വചനത്തില്‍ നേരെമറിച്ച് ദുഷ്ടരായ മക്കളെപ്പറ്റി വിവരിക്കുന്നു;-

46:17
  • وَٱلَّذِى قَالَ لِوَٰلِدَيْهِ أُفٍّ لَّكُمَآ أَتَعِدَانِنِىٓ أَنْ أُخْرَجَ وَقَدْ خَلَتِ ٱلْقُرُونُ مِن قَبْلِى وَهُمَا يَسْتَغِيثَانِ ٱللَّهَ وَيْلَكَ ءَامِنْ إِنَّ وَعْدَ ٱللَّهِ حَقٌّ فَيَقُولُ مَا هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾١٧﴿
  • തന്റെ മാതാപിതാക്കളോട് (ഇപ്രകാരം) പറയുന്നവനാകട്ടെ, 'ച്ഛെ! നിങ്ങള്‍ രണ്ടാളും!' [എനിക്കു നിങ്ങളോടു അറപ്പും വെറുപ്പും തോന്നുന്നു!] എന്റെ മുമ്പ് (പല) തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. (ആരും പുറത്തു വന്നിട്ടില്ല.) എന്നിരിക്കെ, ഞാന്‍ (മരണശേഷം) പുറത്തു കൊണ്ടുവരപ്പെടുമെന്ന് നിങ്ങള്‍ എന്നെ താക്കീതു ചെയ്യുകയോ?!' അവര്‍ രണ്ടുപേരുമാകട്ടെ, അല്ലാഹുവിനോടു സഹായമാര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു; (അവര്‍ പറയുന്നു;) 'നിന്റെ നാശം! നീ വിശ്വസിച്ചേക്കുക! നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം യഥാര്‍ത്ഥമാണ്;' അപ്പോള്‍ അവന്‍ പറയുന്നു : 'ഇതു പൂര്‍വ്വികന്മാരുടെ പുരാണകഥകളല്ലാതെ (മറ്റൊന്നും) അല്ല;'
  • وَالَّذِي قَالَ പറഞ്ഞ (പറയുന്ന)വനാകട്ടെ لِوَالِدَيْهِ തന്റെ മാതാപിതാ(ജനയിതാ)ക്കളോടു أُفٍّ ച്ഛെ, പ്പെ (വെറുപ്പു, അറപ്പു) لَّكُمَا നിങ്ങളോടു أَتَعِدَانِنِي നിങ്ങള്‍ രണ്ടാളും എന്നോടു വാഗ്ദത്തം (താക്കീതു) ചെയ്യുകയോ أَنْ أُخْرَجَ ഞാന്‍ (എന്നെ) പുറത്തുകൊണ്ടു വരപ്പെടുമെന്നു وَقَدْ خَلَتِ കഴിഞ്ഞു പോയിട്ടുണ്ടു എന്നിരിക്കെ الْقُرُونُ തലമുറകള്‍, കാലക്കാര്‍ مِن قَبْلِي എന്റെ മുമ്പ് وَهُمَا يَسْتَغِيثَانِ അവര്‍ രണ്ടുപേരും സഹായമര്‍ത്ഥിച്ചുകൊണ്ടുമിരിക്കുന്നു اللَّـهَ അല്ലാഹുവിനോടു وَيْلَكَ നിന്റെ നാശം, കഷ്ടം آمِنْ നീ വിശ്വസിക്കുക إِنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദത്തം حَقٌّ യഥാര്‍ത്ഥമാണ് فَيَقُولُ അപ്പോള്‍ അവന്‍ പറയുന്നു, പറയും مَا هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണങ്ങള്‍ (പഴങ്കഥകള്‍, ഐതിഹ്യങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ
46:18
  • أُو۟لَـٰٓئِكَ ٱلَّذِينَ حَقَّ عَلَيْهِمُ ٱلْقَوْلُ فِىٓ أُمَمٍ قَدْ خَلَتْ مِن قَبْلِهِم مِّنَ ٱلْجِنِّ وَٱلْإِنسِ ۖ إِنَّهُمْ كَانُوا۟ خَـٰسِرِينَ ﴾١٨﴿
  • (ഇങ്ങിനെയുള്ള) അക്കൂട്ടര്‍, തങ്ങളുടെ മേല്‍ (ശിക്ഷയുടെ) വാക്ക് യഥാര്‍ത്ഥമായിത്തീര്‍ന്നിട്ടുള്ളവരത്രെ; (അതെ) ജിന്നുകളില്‍നിന്നും മനുഷ്യരില്‍ നിന്നും അവരുടെ മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളുടെ കൂട്ടത്തില്‍! (കാരണം) നിശ്ചയമായും, അവര്‍ നഷ്ടപ്പെട്ടവരാകുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവരാണ് حَقَّ عَلَيْهِمُ അവരില്‍ യഥാര്‍ത്ഥമായി (സ്ഥാപിതമായി)രിക്കുന്നു الْقَوْلُ വാക്കു, വാക്യം فِي أُمَمٍ സമുദായങ്ങളില്‍ (സമുദായങ്ങളുടെ കൂട്ടത്തില്‍) قَدْ خَلَتْ കഴിഞ്ഞുപോയിട്ടുള്ള مِن قَبْلِهِم അവരുടെ മുമ്പ് مِّنَ الْجِنِّ ജിന്നില്‍നിന്നു وَالْإِنسِ മനുഷ്യരില്‍ നിന്നും إِنَّهُمْ كَانُوا നിശ്ചയമായും അവരാകുന്നു, ആയിരുന്നു, ആയി خَاسِرِينَ നഷ്ടക്കാര്‍

46:19
  • وَلِكُلٍّ دَرَجَـٰتٌ مِّمَّا عَمِلُوا۟ ۖ وَلِيُوَفِّيَهُمْ أَعْمَـٰلَهُمْ وَهُمْ لَا يُظْلَمُونَ ﴾١٩﴿
  • എല്ലാവര്‍ക്കുമുണ്ട് അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച് പദവികള്‍. (അതുകൊണ്ടും) അവര്‍ക്കു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് (പ്രതിഫലം) നിറവേറ്റിക്കൊടുക്കുവാന്‍വേണ്ടിയും ആകുന്നു (അത്). അവര്‍ അക്രമിക്കപ്പെടുകയില്ലതാനും.
  • وَلِكُلٍّ എല്ലാവര്‍ക്കുമുണ്ടു دَرَجَاتٌ ചില പദവികള്‍ مِّمَّا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു, പ്രവര്‍ത്തിച്ചതുമൂലം وَلِيُوَفِّيَهُمْ അവര്‍ക്കു അവന്‍ നിറവേറ്റിക്കൊടുക്കുവാനും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍, കര്‍മ്മങ്ങള്‍ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുകയുമില്ല.

സത്യവിശ്വാസികളും, മക്കളുടെ നന്മയില്‍ ആകാംഷയുള്ളവരുമായ മാതാപിതാക്കളും, പരലോകജീവിതത്തില്‍ വിശ്വസിക്കാത്തവനും മാതാപിതാക്കളോടു പരുഷമായി പെരുമാറുന്നവനുമായ മകനും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണമാതൃകയാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. അവര്‍ അവനെ സത്യവിശ്വാസത്തിലേക്കു ക്ഷണിക്കുന്നു. അവന്‍ ‘ച്ഛെ!’ ‘പ്പെ!’ എന്നൊക്കെ പറഞ്ഞു അറപ്പും വെറുപ്പും പ്രകടിപ്പിച്ചുകൊണ്ടു കയര്‍ക്കുകയും, കുതര്‍ക്കം പറയുകയുമാണ് ചെയ്യുന്നത്. മരണപ്പെട്ടശേഷം വീണ്ടും ഞാന്‍ എഴുന്നേല്‍പിക്കപ്പെടുമെന്നും, എന്നിട്ട് എന്റെ കര്‍മ്മങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമെന്നുമാണോ നിങ്ങള്‍ പറയുന്നതു?! എത്രയോ തലമുറകള്‍ ഇതിനുമുമ്പു കഴിഞ്ഞുപോയി. അവരാരും തിരിച്ചു വന്നിട്ടില്ലല്ലോ…….’ എന്നിങ്ങിനെ പരലോക നിഷേധികള്‍ പണ്ടുമുതല്‍ക്കേ പറഞ്ഞു വന്ന അതെ വാക്കുകള്‍ തന്നെ ഇവനും പറയുന്നു. പുത്രവാത്സല്യവും, അവന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ആ മാതാപിതാക്കളെ ധര്‍മ്മസങ്കടത്തിലാക്കുന്നു. അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നു; അവനെ ഗുണദോഷിക്കുന്നു; വീണ്ടും വീണ്ടും ഉപദേശിക്കുന്നു. അവന്‍ അതൊന്നും ചെവിക്കൊള്ളുന്നില്ല. അവന്‍റെ അങ്ങേ അറ്റത്തെ ഗുണകാംക്ഷികളായ ആ മാതാപിതാക്കളോടു അവനു അനുഭാവം പോലും പ്രകടമാകുന്നില്ല. ‘അതൊക്കെ ചില പഴഞ്ചന്‍ അന്ധവിശ്വാസങ്ങളാണ്, യുക്തിക്കു നിരക്കാത്തതാണ്, അതൊന്നും വിശ്വസിക്കുവാന്‍ എനി ആളെക്കിട്ടുകയില്ല…’ എന്നൊക്കെ പ്രസംഗിച്ചുകൊണ്ടു അവന്‍ സ്വയം ജയഭേരി മുഴക്കുകയാണ് ചെയ്യുന്നത്. അല്ലാഹു ഉപമാരൂപത്തില്‍ വിവരിച്ച ഇത്തരം സംഭവങ്ങളൊന്നും കേവലം സങ്കല്‍പങ്ങളല്ല. അതും, അതിലധികവും ഇന്നു ധാരളക്കണക്കില്‍ നടന്നുവരുന്ന പരമാര്‍ത്ഥങ്ങളാണ്.

പരോലോകനിഷേധികളായിക്കൊണ്ടു ജിന്നുവര്‍ഗ്ഗത്തിലും മനുഷ്യവര്‍ഗ്ഗത്തിലും എത്രയോ ആളുകള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരെല്ലാം അല്ലാഹുവിന്റെ ശിക്ഷക്കു പാത്രവാന്മാരായിത്തീര്‍ന്നിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഈ ഭൗതികന്മാരും ഉള്‍പ്പെടുന്നു. നിഷേധികളുടെ ആധിക്യം അല്ലാഹുവിന്റെ ശിക്ഷാനടപടികള്‍ക്കു തടസ്സമല്ല. ഓരോരുത്തന്റെയും കര്‍മ്മഫലങ്ങള്‍ – നല്ലതാകട്ടെ, ചീത്തയാകട്ടെ – അവന്‍ ശരിക്കും നീതിനിഷ്ഠയോടെ പൂര്‍ത്തിയാക്കിക്കൊടുക്കാതിരിക്കുകയില്ല.

46:20
  • وَيَوْمَ يُعْرَضُ ٱلَّذِينَ كَفَرُوا۟ عَلَى ٱلنَّارِ أَذْهَبْتُمْ طَيِّبَـٰتِكُمْ فِى حَيَاتِكُمُ ٱلدُّنْيَا وَٱسْتَمْتَعْتُم بِهَا فَٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَفْسُقُونَ ﴾٢٠﴿
  • അവിശ്വസിച്ചവര്‍ നരകത്തിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദിവസം (അവരോടു പറയപ്പെടും): 'നിങ്ങളുടെ വിശിഷ്ടവസ്തുക്കളെ(ല്ലാം) നിങ്ങളുടെ ഐഹികജീവിതത്തില്‍ വെച്ച് നിങ്ങള്‍ പാഴാക്കിക്കളയുകയും, അവകൊണ്ടു നിങ്ങള്‍ സുഖമെടുക്കുകയും ചെയ്തു. എനി, ഇന്ന് നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു; (കാരണം): നിങ്ങള്‍, ഭൂമിയില്‍ ന്യായമല്ലാത്തവിധം അഹംഭാവം നടിച്ചിരുന്നതുകൊണ്ടും, നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിചിരുന്നതുകൊണ്ടും (തന്നെ).
  • وَيَوْمَ يُعْرَضُ പ്രദര്‍ശിപ്പിക്ക (കാട്ട)പ്പെടുന്ന ദിവസം الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍عَلَى النَّارِ നരകത്തിങ്കല്‍ أَذْهَبْتُمْ നിങ്ങള്‍ പോക്കി, പാഴാക്കി طَيِّبَاتِكُمْ നിങ്ങളുടെ വിശിഷ്ട (നല്ല) വസ്തുക്കളെ فِي حَيَاتِكُمُ നിങ്ങളുടെ ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَاسْتَمْتَعْتُم നിങ്ങള്‍ ഉപയോഗം (സുഖം) എടുക്കുകയും ചെയ്തു بِهَا അവകൊണ്ടു فَالْيَوْمَ എനി (അതിനാല്‍) ഇന്നു تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നു عَذَابَ الْهُونِ നിന്ദ്യതയുടെ ശിക്ഷ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَسْتَكْبِرُونَ നിങ്ങള്‍ അഹംഭാവം നടിക്കും فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായമല്ലാത്തവിധം, ശരിക്കല്ലാതെ وَبِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടും تَفْسُقُونَ തോന്നിയവാസം പ്രവര്‍ത്തിക്കും

ഭൂമിയില്‍വെച്ചു നിങ്ങള്‍ക്കു ലഭിച്ച എല്ലാ നല്ല വസ്തുക്കളെയും, നിങ്ങളുടെ ഐഹികസുഖങ്ങള്‍ക്കും അന്തസ്സിനും വേണ്ടി വിനിയോഗിച്ചു നശിപ്പിച്ചു; നിങ്ങളുടെ ഭാവിക്കു ഉപയോഗപ്പെടുമാറു അവയൊന്നും നിങ്ങള്‍ കൈകാര്യം ചെയ്തില്ല; ഗര്‍വ്വിഷ്ഠരും തോന്നിയവാസികളുമായി നിങ്ങള്‍ കാലം കഴിച്ചു; മരണാനന്തരകാര്യത്തെപ്പറ്റി ചിന്തിച്ചതേയില്ല; അതുകൊണ്ട് എനി നിങ്ങള്‍ക്ക് അങ്ങേഅറ്റം അപമാനത്തിന്റെയും നിന്ദ്യതയുടെയും ശിക്ഷയാണ് ഇവിടെ ലഭിക്കുവാനുള്ളതു എന്നു സാരം. ഐഹികസുഖസൗകര്യങ്ങളില്‍ മുഴുകുകയും അവയെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെല്ലാം ഇതില്‍ താക്കീതുണ്ട്. അത്യാവശ്യമായ അളവില്‍ മാത്രം ഐഹികവിഭവങ്ങള്‍ നന്ദിപൂര്‍വ്വം ഉപയോഗപ്പെടുത്തുക,  സുഖാഡംബരങ്ങള്‍ മനഃപൂര്‍വ്വം ത്യജിക്കുക, ഇതാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യും, സഹാബത്തും നമുക്കു കാണിച്ചു തന്നിട്ടുള്ളതും അതാണ്‌.