വിഭാഗം - 8

5:54
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلْيَهُودَ وَٱلنَّصَـٰرَىٰٓ أَوْلِيَآءَ ۘ بَعْضُهُمْ أَوْلِيَآءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلظَّـٰلِمِينَ ﴾٥٤﴿
  • ഹേ, വിശ്വസിച്ചവരേ, യഹൂദികളെയും നസ്വ്‌റാനി [ക്രിസ്ത്യാനി]കളെയും നിങ്ങള്‍ ബന്ധു മിത്രങ്ങളാക്കി (അഥവാ സഹായികളാക്കി) വെക്കരുത്. അവരില്‍ ചിലര്‍ ചിലരുടെ [തമ്മ തമ്മില്‍] ബന്ധുമിത്രങ്ങളാകുന്നു. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരോടു മൈത്രി സ്ഥാപിക്കുന്ന പക്ഷം, നിശ്ചയമായും അവന്‍, അവരില്‍ പെട്ടവനായിരിക്കും. നിശ്ചയമായും അല്ലാഹു, അക്രമികളായ ജനങ്ങളെ സന്മാര്‍ഗത്തിലാക്കുകയില്ല.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَتَّخِذُوا നിങ്ങള്‍ ആക്കരുത്, സ്വീകരി ക്കരുത് الْيَهُودَ യഹൂദികളെ وَالنَّصَارَىٰ നസ്വ്‌റാനി (ക്രിസ്ത്യാനി)കളെയും أَوْلِيَاءَ മിത്രങ്ങള്‍, ബന്ധുക്കള്‍, ഉടയവര്‍, സഹായികള്‍, കൈകാര്യക്കാര്‍ بَعْضُهُمْ അവരില്‍ ചിലര്‍ أَوْلِيَاءُ മിത്രങ്ങളാകുന്നു, ബന്ധുക്കളാകുന്നു بَعْضٍ ചിലരുടെ وَمَن ആരെങ്കിലും يَتَوَلَّهُم അവരോട് മൈത്രിസ്ഥാപിച്ചാല്‍, അവരെ ബന്ധുവാക്കിയാല്‍ مِّنكُمْ നിങ്ങളില്‍ നിന്ന് فَإِنَّهُ എന്നാല്‍ നിശ്ചയമായും അവന്‍ مِنْهُمْ അവരില്‍ പെട്ടവനാണ് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَهْدِي സന്മാര്‍ഗത്തിലാക്കുക (വഴിചേര്‍ക്കുക)യില്ല الْقَوْمَ ജനങ്ങളെ الظَّالِمِينَ അക്രമികളായ
5:55
  • فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَـٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌ ۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَـٰدِمِينَ ﴾٥٥﴿
  • എന്നാല്‍, ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ അവരില്‍ [അവരുമായി മൈത്രി സ്ഥാപിക്കുന്നതില്‍] ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതായി നിനക്കു കാണാം. അവര്‍ പറയുന്നു: 'ഞങ്ങള്‍ക്ക് വല്ല അത്യാഹിതവും ബാധിക്കുന്നതിനെ ഞങ്ങള്‍ ഭയപ്പെടുന്നു'. എന്നാല്‍ അല്ലാഹു വിജയത്തെ, അല്ലെങ്കില്‍ തന്‍റെ പക്കല്‍നിന്നുള്ള (മറ്റു) വല്ല കാര്യത്തെയും കൊണ്ടു വരുമാറായേക്കാം; അങ്ങനെ, അവര്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെക്കുറിച്ച് അവര്‍ 'ഖേദക്കാരായിത്തീര്‍ന്നേക്കും. [ഇതവര്‍ ഓര്‍ത്തിരിക്കട്ടെ].
  • فَتَرَى എന്നാല്‍ നീ കാണും, നിനക്ക് കാണാം الَّذِينَ യാതൊരുവരെ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിലുണ്ട് مَّرَضٌ ഒരു രോഗം, വല്ല രോഗവും يُسَارِعُونَ അവര്‍ ധൃതികൂട്ടുന്നതായി فِيهِمْ അവരില്‍ يَقُولُونَ അവര്‍ പറയുന്നു, പറഞ്ഞുകൊണ്ട് نَخْشَىٰ ഞങ്ങള്‍ ഭയപ്പെടുന്നു أَن تُصِيبَنَا ഞങ്ങളെ ബാധിക്കുമെന്ന് دَائِرَةٌ വല്ല അത്യാഹിതവും فَعَسَى اللَّهُ എന്നാല്‍ അല്ലാഹു ആയേക്കാം أَن يَأْتِيَ വരുക, വരുവാന്‍ بِالْفَتْحِ വിജയം കൊണ്ട് أَوْ أَمْرٍ അല്ലെങ്കില്‍ വല്ല കാര്യവും مِّنْ عِندِهِ തന്‍റെ പക്കല്‍ നിന്ന് فَيُصْبِحُوا അങ്ങനെ അവരായിത്തീരും, ആയിരിക്കുക عَلَىٰ مَا أَسَرُّوا അവര്‍ രഹസ്യമാക്കി വെച്ചതിനെപ്പറ്റി فِي أَنفُسِهِمْ അവരുടെ സ്വന്തങ്ങളില്‍, മനസ്സുകളില്‍ نَادِمِينَ ഖേദിക്കുന്നവര്‍, ഖേദക്കാര്‍
5:56
  • وَيَقُولُ ٱلَّذِينَ ءَامَنُوٓا۟ أَهَـٰٓؤُلَآءِ ٱلَّذِينَ أَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ ۙ إِنَّهُمْ لَمَعَكُمْ ۚ حَبِطَتْ أَعْمَـٰلُهُمْ فَأَصْبَحُوا۟ خَـٰسِرِينَ ﴾٥٦﴿
  • വിശ്വസിച്ചവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: 'തങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ് എന്ന്. തങ്ങള്‍ക്കു കഴിയും പ്രകാരം അല്ലാഹുവില്‍ സത്യം ചെയ്തുറപ്പിച്ചവര്‍ ഇക്കൂട്ടരാണോ?! (അതെ) അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി; അങ്ങനെ അവര്‍ നഷ്ടക്കാരായിത്തീര്‍ന്നിരിക്കുകയാണ്.
  • وَيَقُولُ പറയുകയും ചെയ്യും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ أَهَٰؤُلَاءِ ഇക്കൂട്ടരോ الَّذِينَ യാതൊരു കൂട്ടര്‍ أَقْسَمُوا അവര്‍ സത്യം ചെയ്തു (ഉറപ്പിച്ചു) بِاللَّهِ അല്ലാഹുവിനെക്കൊണ്ട്, അല്ലാഹുവില്‍ جَهْدَ കഴിവത് (ഞെരുങ്ങിയത് - അദ്ധ്വാനം) أَيْمَانِهِمْ തങ്ങളുടെ സത്യങ്ങളില്‍ [جَهْدَ أَيْمَانِهِمْ തങ്ങളുടെ കഴിവു പ്രകാരമുള്ള സത്യം] إِنَّهُمْ നിശ്ചയമായും അവര്‍ لَمَعَكُمْ നിങ്ങളുടെ കൂടെത്തന്നെ (എന്ന്) حَبِطَتْ പൊളിഞ്ഞു (നിഷ്ഫലമായി) أَعْمَالُهُمْ അവരുടെ പ്രവൃത്തികള്‍ فَأَصْبَحُوا അങ്ങനെ അവരായിത്തീര്‍ന്നു خَاسِرِينَ നഷ്ടപ്പെട്ടവര്‍

ഇസ്‌ലാമിനു ശക്തിയും പ്രതാപവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ശത്രുക്കളുടെ ശക്തി ക്ഷയിച്ചു കഴിഞ്ഞിട്ടില്ല. മദീനായിലെ പ്രധാന ശത്രുക്കള്‍ യഹൂദികളും രണ്ടാമതായി ക്രിസ്ത്യാനികളുമാണ്. സത്യവിശ്വാസം ഹൃദയത്തില്‍ കടന്നിട്ടില്ലാത്ത കപട വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ഭാവിയെപ്പറ്റി അവര്‍ക്ക് സംശയമാണ്. യഹൂദികളും ക്രിസ്ത്യാനികളുമാകട്ടെ, അവരുടെ ദൃഷ്ടിയില്‍ മുമ്പേ കെട്ടുറപ്പും ശക്തിയുമുള്ള സമൂഹവുമാകുന്നു. ആ സ്ഥിതിക്ക് അവസാനം മുസ്‌ലിംകള്‍ പരാജയത്തിലും ശത്രുക്കള്‍ വിജയത്തിലും കലാശിക്കുകയാണെങ്കില്‍ തങ്ങളുടെ ഭാവി അപകടത്തിലായിരിക്കുമല്ലോ. അതിനാല്‍, തങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കുവാന്‍ വേണ്ടിയുള്ള മുന്‍കരുതലായി ശത്രുവിഭാഗത്തോട് -പ്രത്യേകിച്ചും യഹൂദികളോട്- കപടവിശ്വാസികള്‍ വളരെ അണഞ്ഞ സ്‌നേഹ ബന്ധവും മൈത്രിയും പുലര്‍ത്തിപ്പോന്നിരുന്നു. ഇതിനെപ്പറ്റിയാണ് ഈ വചനങ്ങളില്‍ പരാമര്‍ശിക്കുന്നത്. അടുത്ത ഭാവിയില്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക് പൂര്‍ണ വിജയം നല്‍കി ശത്രുക്കളെ നാമാവശേഷമാക്കുകയോ, അല്ലെങ്കില്‍ വേറെ വല്ല നടപടിയും എടുക്കുകയോ ചെയ്‌തേക്കാം. ആ അവസരത്തില്‍ ഹൃദയത്തിന് രോഗം ബാധിച്ചവരായ ഈ കപടന്മാര്‍ ഖേദത്തിലാകും. അവര്‍ മിത്രങ്ങളാക്കിവെച്ച ആ ശത്രുക്കള്‍ അവരെ സഹായിക്കുവാന്‍ ഉണ്ടായിരിക്കയില്ല. മുസ്‌ലിംകള്‍ അവരെ വിശ്വസിക്കുകയുമില്ല. അപ്പോള്‍, അതുവരെ തങ്ങള്‍ സ്വീകരിച്ച സ്വകാര്യ അടവുകളെല്ലാം തങ്ങള്‍ക്ക് നഷ്ടം വരുത്തുകയാണുണ്ടായതെന്ന് അവര്‍ക്ക് ബോധ്യമാകും എന്നൊക്കെ അല്ലാഹു അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഒടുക്കം സംഭവിച്ചതും അതുതന്നെയാണല്ലോ.

‘തങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണെന്ന് സത്യം ചെയ്തു പറഞ്ഞവര്‍ ഇവരാണോ’ എന്നു സത്യവിശ്വാസികള്‍ പറയുന്നതിന്‍റെ താത്പര്യം രണ്ടു വിധത്തിലാവാം:

(1) ഞങ്ങളും നിങ്ങളോടൊപ്പം മുസ്‌ലിംകളാണെന്ന് സത്യം ചെയ്തു പറഞ്ഞുകൊണ്ട് മുസ്‌ലിം വേഷം അണിഞ്ഞവരാണോ ഇവര്‍ എന്നും,

(2) ഞങ്ങള്‍ നിങ്ങളുടെ പക്ഷത്താണുള്ളത്- ഇസ്‌ലാമിന്‍റെ വേഷം താല്‍ക്കാലികമായ കാര്യലാഭത്തിനുവേണ്ടി സ്വീകരിച്ചതാണ്-എന്ന് ശത്രുവിഭാഗങ്ങളോട് സത്യം ചെയ്തു പറഞ്ഞവരാണോ ഇവര്‍ എന്നും. രണ്ടായാലും അവരെക്കുറിച്ചുള്ള ഒരു പരിഹാസ വാക്കാണത്. ‘അവരുടെ പ്രവൃത്തികള്‍ നിഷ്ഫലമായി’ എന്നും, ‘അവര്‍ നഷ്ടക്കാരായി’ എന്നും പറഞ്ഞതില്‍, അവരുടെ ഗൂഢപ്രവര്‍ത്തനങ്ങളും കൂട്ടുകെട്ടുകളും പൊളിഞ്ഞുപോയതും, മുസ്‌ലിംകളെന്ന നാട്യത്തില്‍ അവര്‍ ചെയ്ത നമസ്‌കാരം, നോമ്പ് പോലെയുളള സല്‍ക്കര്‍മങ്ങള്‍ വിഫലമായിത്തീരുന്നതും ഉള്‍പ്പെടുന്നു.

വേദക്കാരായ ശത്രുക്കളുമായി മൈത്രീബന്ധം പുലര്‍ത്തിക്കൊണ്ടിരിക്കുന്നതിനെപ്പറ്റിയാണ് ഈ വചനങ്ങളില്‍ അല്ലാഹു ആക്ഷേപിച്ചത്. മുശ്‌രിക്കുകളെ ബന്ധുമിത്രങ്ങളാക്കി വെക്കുന്നതിനെപ്പറ്റി താഴെ വചനങ്ങളിലും മറ്റും വേറെത്തന്നെ പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്. മദീനായിലെ വേദക്കാരല്ലാത്തവര്‍ -അറബികള്‍- പൊതുവില്‍ മുസ്‌ലിംകളുമാണ്. അവരില്‍ കുറേ ആളുകള്‍ കപടവിശ്വാസികളായുണ്ടെന്നു മാത്രം. തൊട്ട അയല്‍വാസികളായ യഹൂദവര്‍ഗം അവിടത്തെ അറബികളെ അപേക്ഷിച്ചു മുമ്പേ ശക്തിയും പ്രതാപവും ആര്‍ജ്ജിച്ചവരായിരുന്നതു കൊണ്ട് ചിരകാലമായി അറബികള്‍ അവരോട് മിത്രബന്ധം പുലര്‍ത്തിപ്പോരുകയും, അവര്‍ക്ക് വിധേയരായിത്തീരുകയും ചെയ്തിരുന്നു. ഇസ്‌ലാം വന്നപ്പോള്‍ സത്യവിശ്വാസികളുടെ ആ ബന്ധത്തിന് വിരാമമിട്ടു. യഹൂദികളുമായി വളരെ അണഞ്ഞു ബന്ധപ്പെട്ടിരുന്ന ആളും, അവരില്‍ വളരെ സ്വാധീനമുണ്ടായിരുന്ന ഒരു നേതാവുമായിരുന്നു ഉബാദത്തുബ്നുസ്വ്‌സ്വാമിത്ത് (റ). യഹൂദികളോട് എനിക്കുള്ള ബന്ധം ഇതാ ഞാന്‍ ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പില്‍ പരസ്യമായി പ്രഖ്യാപിക്കുകതന്നെ ചെയ്തു. അതേ സമയ ത്ത് അവസരവാദികളായ കപടവിശ്വാസികള്‍ സ്വഭാവേന ആ പഴയ ബന്ധം നിലനിറുത്തുവാനും പുതുക്കിക്കൊണ്ടിരിക്കുവാനും മുതിര്‍ന്നു. അതില്‍ മുന്‍കയ്യെടുത്തത് അവരുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യ് തന്നെ. ഉബാദത്ത് (റ) പറഞ്ഞതിനു നേരെ വിപരീതമായി-അല്ലാഹു ചൂണ്ടിക്കാട്ടിയതുപോലെ – എനിക്ക് അവരുമായുള്ള ബന്ധം മുറിക്കുവാന്‍ സാധ്യമല്ലെന്നും മറ്റും പറയുകയാണ് അയാള്‍ ചെയ്തത്. രണ്ടുപേരെയും സംബന്ധിച്ച ഈ വിവരം ഇബ്‌നു ജരീര്‍ (റ) ഉദ്ധരിച്ചു കാണാം.

എന്നാല്‍, ഈ വചനങ്ങള്‍ അവതരിക്കുന്ന കാലത്ത് ക്രിസ്ത്യാനികളുമായി മദീനയിലെ അറബികള്‍ക്കോ, കപടവിശ്വാസികള്‍ക്കോ വല്ല പ്രത്യേക ബന്ധവും ഉണ്ടായി രുന്നതായി അറിയപ്പെടുന്നില്ല. ഇവിടെയാകട്ടെ, യഹൂദികളോടും ക്രിസ്ത്യാനികളോടും ബന്ധം സ്ഥാപിക്കുന്നതിനപ്പറ്റി ഒരേ രീതിയിലാണ് അല്ലാഹു വിരോധിച്ചിരിക്കുന്നതും. അതിനു കാരണവും അല്ലാഹു തന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു: ‘അവരില്‍ ചിലര്‍ ചിലരുടെ ബന്ധുമിത്രങ്ങളാണ്’ (بَعْضُهُمْ أَوْلِيَاءُ بَعْضٍ) എന്ന്. അതായത്, യഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍. ആഭ്യന്തരമായി നോക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ എത്രയോ അകല്‍ച്ചയും വെറുപ്പും ഉണ്ടെങ്കില്‍പോലും മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും എതിരില്‍ അവര്‍ മിത്രങ്ങളും പരസ്പര സഹായികളും തന്നെയായിരിക്കും എന്നു സാരം. ഈ യാഥാര്‍ത്ഥ്യം ചിലപ്പോഴൊക്കെ പ്രത്യക്ഷത്തില്‍ പ്രകടമായി കാണാറില്ലെങ്കിലും അവര്‍ക്ക് ആവശ്യമായി തോന്നുന്ന സന്ദര്‍ഭങ്ങളില്‍ രണ്ടു കൂട്ടരും ഇസ്‌ലാമി നെതിരില്‍ യോജിച്ചു കൊണ്ടിരിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ പല ഉദാഹരണവുമുണ്ട്.

മര്‍ഹൂം സയ്യിദ് ക്വുത്വുബ് ചൂണ്ടിക്കാട്ടിയതുപോലെ, ഇരുനൂറു കൊല്ലക്കാലം നീണ്ടു നിന്ന കുരിശു യുദ്ധങ്ങളിലും, അന്തലൂസ്യായിലും, അബീസീനിയായിലും, സോമാലിയയിലും, എറിത്രയായിലുമൊക്കെ അതിന്നവര്‍ മാതൃക കാണിച്ചിട്ടുണ്ട്. വേണ്ടാ, മുസ്‌ലിം ലോകത്തിന് ആകമാനം ഒരു തീരാപ്രശ്‌നമായിത്തീര്‍ന്നിട്ടുള്ള ഫലസ്തീനിലെ യഹൂദ രാഷ്ട്രത്തിന്‍റെ സ്ഥാപകന്മാരും, രക്ഷകര്‍ത്താക്കളും, സഹായികളുമെല്ലാം ക്രിസ്ത്യാനികളാണെന്നു പറയപ്പെടുന്നവരല്ലാതെ മറ്റാരാണ്?! പോരാ, നിര്‍മത നിരീശ്വര വാദികളോ, ബഹുദൈവ വിശ്വാസികളോ മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധ കാഹളം ഊതുമ്പോള്‍, അവര്‍ക്കു മുമ്പിലും പിമ്പിലും ചൂട്ടുപിടിച്ചു കൊടുക്കുകയല്ലാതെ, ഒരു ദൈവിക മതത്തിന്‍റെ ആള്‍ക്കാരെന്ന നിലക്ക് അവര്‍ക്കെതിരെ മുസ്‌ലിംകളെ അവര്‍ സഹായിച്ച സംഭവം കാണുവാന്‍ പ്രയാസം. വല്ലതുമുണ്ടെങ്കില്‍ അത്, താല്‍ക്കാലികമോ, രാഷ്ട്രീയമോ ആയ വല്ല ലക്ഷ്യത്തെയും മുന്‍നിറുത്തിയായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍, വേദക്കാര്‍ക്ക് -അവര്‍ വേദഗ്രന്ഥത്തിന്‍റെ ആള്‍ക്കാരെന്ന നിലക്ക്- ചില പ്രത്യേകതകള്‍ മുസ്‌ലിംകള്‍ കല്‍പിക്കുന്നുണ്ടെങ്കിലും മുസ്‌ലികളെ ആ നിലക്ക് അവര്‍ കണക്കാക്കാറില്ല എന്നത്രെ ചരിത്രം കാണിച്ചു തരുന്നത്.

നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരോട് മൈത്രീബന്ധം സ്ഥാപിക്കുന്ന പക്ഷം അവനും അവരുടെ കൂട്ടത്തില്‍ പെട്ടവനാണ് (…. وَمَن يَتَوَلَّهُم مِّنكُمْ) എന്നു പറഞ്ഞ വാക്യം വളരെ ശ്രദ്ധേയമാകുന്നു. ഇസ്‌ലാമിന്‍റെ ശത്രുക്കളും അല്ലാഹുവിന്‍റെ ശത്രുക്കളുമായ അവരോടുള്ള മനസ്സിന്‍റെ അടുപ്പവും, ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള അതിന്‍റെ അകല്‍ച്ചയുമാണല്ലോ അത് കുറിക്കുന്നത്. അപ്പോള്‍, വേദക്കാരുടെ അതേ നില തന്നെയാണ് അവരുടേതും എന്ന് പറയാം. ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കും എതിരെ പകയും വിദ്വേഷവും പുലര്‍ത്തിക്കൊണ്ടിരിക്കുന്ന ഏതു കൂട്ടരോടും അണഞ്ഞ സ്‌നേഹബന്ധം പുലര്‍ത്തുന്ന എല്ലാ മുസ്‌ലിംകളുടെയും സ്ഥിതി ഇതുതന്നെ. വേദക്കാരോടെന്നല്ല, അമുസ്‌ലിംകളായ എല്ലാവരോടും രജ്ഞിപ്പിലും മമതയിലും വര്‍ത്തിക്കേണ്ടതാണെന്നുള്ള വിധിയും, ഇസ്‌ലാമിനോട് പകയും ശത്രുതയും വെച്ചുകൊണ്ടിരിക്കുന്നവരെ മിത്രങ്ങളായി സ്വീകരിക്കരുതെന്ന വിധിയും വെവ്വേറെയാണെന്നും, ഒന്നൊന്നിനു എതിരില്ലാത്തതാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.

5:57
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ مَن يَرْتَدَّ مِنكُمْ عَن دِينِهِۦ فَسَوْفَ يَأْتِى ٱللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُۥٓ أَذِلَّةٍ عَلَى ٱلْمُؤْمِنِينَ أَعِزَّةٍ عَلَى ٱلْكَـٰفِرِينَ يُجَـٰهِدُونَ فِى سَبِيلِ ٱللَّهِ وَلَا يَخَافُونَ لَوْمَةَ لَآئِمٍ ۚ ذَٰلِكَ فَضْلُ ٱللَّهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّهُ وَٰسِعٌ عَلِيمٌ ﴾٥٧﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളില്‍ നിന്ന് ആരെങ്കിലും തന്‍റെ മതം വിട്ട് മടങ്ങിക്കളയുന്ന [മത ഭ്രംശം സ്വീകരിക്കുന്ന] പക്ഷം, അപ്പോള്‍, (അവന്‍ അറിഞ്ഞിരി ക്കട്ടെ:) വഴിയെ അല്ലാഹു ഒരു ജന തയെകൊണ്ടു വരും: അവന്‍ അവരെ സ്‌നേഹിക്കും, അവര്‍ അവനെയും സ്‌നേഹിക്കും: സത്യവിശ്വാസികളോട് എളിയവരും [വിനയമുള്ളവരും] അവിശ്വാസികളോട് പ്രതാപശാലികളും [ഗൗരമുള്ളവരും] ആയുള്ളവര്‍; അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യും; ഒരാക്ഷേപക്കാരന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയുമില്ല. [ഇങ്ങിനെയുള്ള ഒരു ജനതയെകൊണ്ടു വരും.] അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതവന്‍ നല്‍കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ مَن يَرْتَدَّ ആരെങ്കിലും മടങ്ങിക്കളഞ്ഞാല്‍, (ഭ്രഷ്ടായിപ്പോകുന്ന പക്ഷം) مِنكُمْ നിങ്ങളില്‍ നിന്ന് عَن دِينِهِ തന്‍റെ മതത്തെ വിട്ട് فَسَوْفَ എന്നാല്‍ (അപ്പോള്‍) വഴിയെ يَأْتِي اللَّهُ അല്ലാഹു വരും بِقَوْمٍ ഒരു ജനതയെക്കൊണ്ട് يُحِبُّهُمْ അവന്‍ അവരെ സ്‌നേഹിക്കും وَيُحِبُّونَهُ അവര്‍ അവനെയും സ്‌നേഹിക്കും أَذِلَّةٍ എളിയവരായ عَلَى الْمُؤْمِنِينَ സത്യവിശ്വാസികളോട് أَعِزَّةٍ പ്രതാപവാന്മാരായ, ഗൗരമുള്ളവര്‍ عَلَى الْكَافِرِينَ അവിശ്വാസികളോട് يُجَاهِدُونَ അവര്‍ സമരം ചെയ്യും فِي سَبِيلِ اللَّهِ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ وَلَا يَخَافُونَ അവര്‍ ഭയപ്പെടുകയില്ല لَوْمَةَ ആക്ഷേപം, ആരോപണം لَائِمٍ ഒരാക്ഷേപക്കാരന്‍റെയും ذَٰلِكَ അത് فَضْلُ اللَّهِ അല്ലാഹുവിന്‍റെ അനുഗ്രഹം (ദയവ്-ഔദാര്യം) ആകുന്നു يُؤْتِيهِ അവന്‍ അത് നല്‍കുന്നു, നല്‍കും مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَاللَّهُ وَاسِعٌ അല്ലാഹു വിശാലനാണ് عَلِيمٌ (സര്‍വ്വ)ജ്ഞനാണ്

സത്യവിശ്വാസികള്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളെ മിത്രങ്ങളും ബന്ധുക്കളുമാക്കി വെക്കരുതെന്നും, മുസ്‌ലിംകളുമായി സ്‌നേഹബന്ധവും കൂട്ടുകെട്ടും പുലര്‍ത്തിപ്പോരുന്ന കപടവിശ്വാസികള്‍ അവസാനം വഷളായിത്തീരുമെന്നും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്താവിച്ചു. എന്നാല്‍, വല്ലവരും സത്യവിശ്വാസം സ്വീകരിച്ചു മുസ്‌ലിമായ ശേഷം ഇസ്‌ലാമിനെ ഉപേക്ഷിച്ചു കുഫ്‌റിലേക്ക് തന്നെ മാറിപ്പോകുന്നുവെന്ന് വെക്കുക. എന്നാലും അതു കൊണ്ട് അല്ലാഹുവിനോ, അവന്‍റെ മതത്തിനോ യാതൊരു ദോഷവും ഭവിക്കുവാനില്ലെന്നും, അവര്‍ക്ക് പകരം അവരെക്കാള്‍ നല്ലതായ മറ്റൊരു കൂട്ടരെ അല്ലാഹു തല്‍സ്ഥാനത്ത് കൊണ്ടുവരുമെന്നും ഈ വചനത്തില്‍ അല്ലാഹു ഉറപ്പിച്ചു പറയുന്നു. ഈ കാര്യം 47:38 മുതലായ സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിച്ചു കാണാവുന്നതാണ്.

പുതുതായി അല്ലാഹു രംഗത്ത് കൊണ്ടുവരുന്നവരുടെ സവിശേഷതകള്‍ എന്തായിരിക്കുമെന്നു കൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു.

(1) അല്ലാഹു അവരെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍റെ സഹായവും അനുഗ്രഹങ്ങളും അവര്‍ക്കുായിക്കൊണ്ടിരിക്കും.

(2) അവര്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നവരായിരിക്കും. അഥവാ അവനെ അവര്‍ പരിപൂര്‍ണമായി അനുസരിക്കുകയും, അവന്‍റെ പ്രീതിക്കുവേണ്ടി നിഷ്‌കളങ്കമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

(3) സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ എളിയവരും വിനീതന്മാരു മായിരിക്കും. പരസ്പരം സ്‌നേഹവാത്സല്യത്തോടും സഹായ സഹകരണത്തോടും, ഗുണകാംക്ഷയോടും കൂടി വര്‍ത്തിക്കും.

(4) അതേ സമയത്ത് അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ഗൗരവമേറി യവരും പ്രതാപശാലികളുമായിരിക്കുകയും ചെയ്യും. ശത്രുക്കളുടെ മുമ്പില്‍ തല കുനി ക്കുകയോ, ദൗര്‍ബല്യം നടിക്കുകയോ, സത്യത്തില്‍ വിട്ടുവീഴ്ച ചെയ്കയോ ചെയ്യാതെ അവര്‍ സധീരം ഉറച്ചു നില്‍ക്കും. അഥവാ സൂ: ഫത്ഹില്‍ പറഞ്ഞതുപോലെ അവിശ്വാ സികളോട് കഠിനന്മാരും, തമ്മതമ്മില്‍ ദയാലുക്കളും (أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ) ആയിരിക്കും.

(5) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അവര്‍ സമരം ചെയ്തു കൊണ്ടിരിക്കും. അല്ലാഹു വിന്‍റെ ദീനിന്‍റെ നന്മക്കുവേണ്ടി ദേഹനഷ്ടമോ, ധന നഷ്ടമോ ഒന്നും അവര്‍ വക വെക്കുകയില്ല.

(6) ആരുടെ ആക്ഷേപവും അവര്‍ക്ക് ഭയമില്ല. സത്യത്തിന്നെതിരില്‍ ശക്തന്‍റെ ശക്തിക്കോ, അധികാരസ്ഥന്‍റെ അധികാരത്തിനോ, അക്രമിയുടെ അക്രമത്തിനോ അവര്‍ വില കല്‍പ്പിക്കുകയില്ല. അല്ലാഹുവിന്‍റെ ആക്ഷേപം മാത്രമേ അവര്‍ ഭയപ്പെടുകയുള്ളൂ. ഇസ്‌ലാമില്‍ വന്നശേഷം പരസ്യമായി അതിനെ ഉപേക്ഷിച്ചു സത്യവിശ്വാസികളില്‍ ഏതെങ്കിലും ഒരു കൂട്ടര്‍ കുഫ്‌റിലേക്ക് തിരിച്ചു പോകുമെന്നോ, ഇല്ലെന്നോ അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍, അവരെക്കാള്‍ ഉത്തമമായ മറ്റൊരു കൂട്ടരെ പകരം കൊണ്ടുവരുമെന്നത്രെ പറഞ്ഞത്. വാസ്തവത്തില്‍, ഇസ്‌ലാമിന്‍റെ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ അങ്ങിനെ ചിലപ്പോള്‍ സംഭവിച്ചതായും, ആ വിടവുകള്‍ അല്ലാഹു ഓരോ പ്രകാരത്തില്‍ നികത്തിയിട്ടുള്ളതായും, ഇസ്‌ലാമിനെ പൂര്‍വ്വാധികം ശക്തിപ്പെടുത്തിയതായും കാണുവാന്‍ കഴിയും. പല മഹാന്മാരും ഒന്നിലധികം ഉദാഹരണങ്ങള്‍ ഇതിന് എടുത്തു കാണിക്കാറുമുണ്ട്. അവയില്‍ പല നിലക്കും പ്രാധാന്യമര്‍ഹിക്കുന്ന സംഭവം അബൂബക്ര്‍ സ്വിദ്ദീക്വ് (റ)ന്‍റെ ഖിലാഫത്ത് കാലത്തുണ്ടായത് തന്നെയാകുന്നു. റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാലഗതി പ്രാപി ക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന മുസ്‌ലിം നാടുകളുടെയും ജനസംഖ്യയുടെയും ഭൂരി ഭാഗവും – മദീനാ പരിസരങ്ങളിലുള്ളവരും, മക്കായില്‍ ക്വുറൈശികളും, ത്വാഇഫില്‍ ഥക്വീഫ് ഗോത്രവും ഒഴിച്ചു മറ്റെല്ലാവരും തന്നെ എന്നു പറയാം – ഇസ്‌ലാമില്‍ നിന്നു പിന്‍മാറിക്കളഞ്ഞ സംഭവം പ്രസിദ്ധമാണല്ലോ. അവരോട് ഏറ്റുമുട്ടുന്ന വിഷയത്തില്‍ ധീരപുരുഷനായ ഉമര്‍ (റ) അടക്കം എല്ലാവരും ആദ്യം എതിരഭിപ്രായക്കാരായിരുന്നു. എന്നിട്ടുപോലും പര്‍വ്വതസമാനം അചഞ്ചലനായി ഉറച്ചു നിന്ന സ്വിദ്ദീക്വ് (റ) ന്‍റെ അഭിപ്രായത്തിനു വഴങ്ങിക്കൊണ്ട് സത്യവിശ്വാസികള്‍ അതിനെ നേരിട്ടു. ചരിത്ര പ്രസിദ്ധമായ പല സംഘട്ടനങ്ങള്‍ക്കു ശേഷം, മടങ്ങിപ്പോയവര്‍ ഇസ്‌ലാമിലേക്കു തന്നെ തിരിച്ചു വരുക മാത്രമല്ല, ഇസ്‌ലാമിന്‍റെ ശക്തി പൂര്‍വ്വാധികം വര്‍ദ്ധിക്കുകയും മുസ്‌ലിംകള്‍ കൂടുതല്‍ കെട്ടുറപ്പും ബലവും ആര്‍ജ്ജിക്കുകയുമുണ്ടായി. അതിനെത്തുടര്‍ന്നു അദ്ദേഹത്തിന്‍റെ ഖിലാഫത്ത് കാലത്തും, അനന്തരം ഉമര്‍ (റ)ന്‍റെ ഖിലാഫത്ത് കാലത്തും മുസ്‌ലിംകളില്‍ പ്രകടമായിരുന്ന സ്വഭാവ വൈശിഷ്ട്യവും അവരുടെ മനോവീര്യവും പരിശോധിച്ചാല്‍, ഇതവതരിപ്പിച്ചതിന്‍റെ അടുത്തകാലത്തു തന്നെ സംഭവിക്കാനിരിക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള പ്രവചനം കൂടിയാണ് ഈ വചനമെന്ന് പറയാവുന്നതാണ്. لله اعلم

5:58
  • إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُۥ وَٱلَّذِينَ ءَامَنُوا۟ ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُمْ رَٰكِعُونَ ﴾٥٨﴿
  • നിശ്ചയമായും, നിങ്ങളുടെ ബന്ധുമിത്രം അല്ലാഹുവും, അവന്റെ റസൂലും, വിശ്വസിച്ചവരും മാത്രമാകുന്നു; (അതെ) നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍; അവരാകട്ടെ, (ഭയഭക്തിയര്‍പ്പിച്ചു) കുമ്പിടുന്നവരുമായിരിക്കും. [മറ്റാരും നിങ്ങള്‍ക്ക് ബന്ധുമിത്രങ്ങളല്ല.]
  • إِنَّمَا നിശ്ചയമായും തന്നെ (മാത്രം) وَلِيُّكُمُ നിങ്ങളുടെ ബന്ധുമിത്രം(ങ്ങള്‍), സഹായകന്‍ (സഹായകര്‍) اللَّهُ അല്ലാഹുവാകുന്നു وَرَسُولُهُ അവന്റെ റസൂലും وَالَّذِينَ آمَنُوا വിശ്വസിച്ചവരും الَّذِينَ യാതൊരുവരായ يُقِيمُونَ അവര്‍ നിലനിര്‍ത്തും الصَّلَاةَ നമസ്‌കാരം وَيُؤْتُونَ അവര്‍ കൊടുക്കുകയും (ചെയ്യും-ചെയ്യുന്ന) الزَّكَاةَ സകാത്ത് وَهُمْ അവരാകട്ടെ, അവരായും കൊണ്ട് رَاكِعُونَ കുമ്പിടുന്ന (ഭയഭക്തി അര്‍പ്പിക്കുന്ന)വരാണ്
5:59
  • وَمَن يَتَوَلَّ ٱللَّهَ وَرَسُولَهُۥ وَٱلَّذِينَ ءَامَنُوا۟ فَإِنَّ حِزْبَ ٱللَّهِ هُمُ ٱلْغَـٰلِبُونَ ﴾٥٩﴿
  • ആര്‍ അല്ലാഹുവിനോടും, അവന്റെ റസൂലിനോടും, വിശ്വസിച്ചവരോടും മൈത്രി സ്ഥാപിക്കുന്നുവോ, എന്നാല്‍, (അറിയുക) നിശ്ചയമായും അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
  • وَمَن يَتَوَلَّ ആര്‍ (വല്ലവരും) മൈത്രി സ്ഥാപിച്ചാല്‍, ബന്ധുവാക്കിയാല്‍ اللَّهَ وَرَسُولَهُ അല്ലാഹുവിനെയും അവന്റെ റസൂലിനെയും وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും فَإِنَّ حِزْبَ اللَّهِ എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്റെ കക്ഷി, സംഘം هُمُ അവര്‍ (തന്നെ) الْغَالِبُونَ ജയിച്ചടക്കുന്നവര്‍, വിജയികള്‍

54-ാം വചനത്തില്‍ യഹൂദികളെയും ക്രിസ്ത്യാനികളെയും സത്യവിശ്വാസികള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുതെന്ന് കല്‍പിച്ചു. വേദക്കാരെയും അവിശ്വാസികളെയും ബന്ധുമിത്രങ്ങളാക്കരുതെന്ന് അടുത്ത വചനത്തില്‍ വീണ്ടും പറയുന്നുമുണ്ട്. ഇത്‌ പോലെയുള്ള വാക്യങ്ങള്‍ ക്വുര്‍ആനില്‍ വേറെയും കാണാം. അപ്പോള്‍, പിന്നെ അവര്‍ ആരെയാണ് ബന്ധുമിത്രങ്ങളാക്കേണ്ടത് എന്ന് ആദ്യത്തെ വചനത്തില്‍ പ്രസ്താവിക്കുന്നു. അല്ലാഹുവും, അവന്റെ റസൂലും, കപടന്മാരല്ലാത്ത വിശ്വാസികളും മാത്രമാണ് സത്യവിശ്വാസികളുടെ ‘വലിയ്യു’കള്‍ (ബന്ധുമിത്രങ്ങള്‍) എന്നത്രെ ആ വചനത്തിലെ ആശയം. രണ്ടാമത്തെ വചനത്തില്‍ അവരെ വലിയ്യുകളായി സ്വീകരിക്കുന്നവര്‍ അല്ലാഹുവിന്‍റെ കക്ഷിക്കാരാണെന്നും, അവരാണ് വിജയം വരിക്കുന്നവര്‍ എന്നും പ്രസ്താവിക്കുന്നു.

‘ബന്ധുമിത്രം’ എന്നു നാം അര്‍ത്ഥം കല്‍പ്പിച്ചത് ولي (വലിയ്യ്) എന്ന വാക്കിനാകുന്നു. അത് ഏകവചനമാണെങ്കിലും ആ പദരൂപം ഭാഷാനിയമപ്രകാരം ഒന്നിലധികം ആളുകളെക്കുറിച്ചും ഉപയോഗിക്കുന്നതിനു വിരോധമില്ല. അപ്പോള്‍ അതിനു അതിന്റെ ബഹുവചനമായ اولياء (ഔലിയാഉ്)ന്റെ അര്‍ത്ഥവും കല്‍പിക്കാം. ഇമാം റാസീ (رحمه الله) മുതലായവര്‍ വ്യക്തമാക്കിയതുപോലെ, സ്‌നേഹസഹായങ്ങളുടെ (المحبّة والنصرة) അടിസ്ഥാനത്തിലും, കൈകാര്യകര്‍ത്തൃത്വത്തിന്‍റെ (التصرف) അടിസ്ഥാനത്തിലും ‘വലിയ്യു’കള്‍ ഉണ്ടായിരിക്കും. ചങ്ങാതി, സ്‌നേഹിതന്‍, അയല്‍ക്കാരന്‍, സഖ്യബന്ധമുള്ളവന്‍, ബന്ധു, സഹായകന്‍ എന്നിവര്‍ക്കൊക്കെ ‘വലിയ്യ്’ എന്ന് പറയപ്പെടുന്നത് ഒന്നാമത്തെ അടിസ്ഥാനത്തിലും, അനാഥയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍ക്കും, കുട്ടികളുടെ രക്ഷാധികാരികള്‍ക്കും ‘വലിയ്യ്’ എന്നു പറയപ്പെടുന്നത് രണ്ടാമത്തെ അടിസ്ഥാനത്തിലുമാകുന്നു.

രണ്ടടിസ്ഥാനത്തില്‍ നോക്കിയാലും അല്ലാഹു സത്യവിശ്വാസികളുടെ സാക്ഷാല്‍ വലിയ്യ് തന്നെ. സംശയമില്ല. ഈ ആശയമാണ് (2:257, 3:68, 2:107) മുതലായ വചനങ്ങളില്‍) ‘അല്ലാഹു സത്യവിശ്വാസികളുടെ വലിയ്യാണ്’ എന്നും ‘അവനല്ലാതെ നിങ്ങള്‍ക്ക് വലിയ്യില്ല’ എന്നും പോലെയുള്ള വാക്യങ്ങളില്‍ അടങ്ങിയിരിക്കുന്നത്. 58-ാം വചന ത്തില്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാഷാ നിയമപ്രകാരം ബഹുവചനത്തിന്റെ അര്‍ത്ഥം ‘വലിയ്യ്’ എന്ന വാക്കിനു നല്‍കുവാന്‍ സാധ്യതയുണ്ടെങ്കിലും സാധാരണമായ ശൈലിയനുസരിച്ച് انما اولياؤكم എന്നു പറയാതെ ഏകവചന രൂപത്തില്‍ إِنَّمَا وَلِيُّكُمُ… എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. സാക്ഷാല്‍ വലിയ്യ് അല്ലാഹു മാത്രമാണെന്നും, അവനെ വലിയ്യാക്കുന്നതിനെത്തുടര്‍ന്ന് റസൂലിനെയും, വിശ്വാസികളെയും വലിയ്യുകളാക്കലും ഏര്‍പ്പെടുന്നുവെന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. ഇമാം ബൈദ്വാവീ (رحمه الله) മുതലായവര്‍ ഇത് പ്രത്യേകം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ക്വുര്‍ആന്‍റെ പ്രയോഗങ്ങളില്‍ ഇത്തരം സൂചനകള്‍ സുലഭമാണ് താനും. എന്നാല്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവര്‍ സ്‌നേഹത്തിന്റെയും സഹായത്തിന്റെയും അടിസ്ഥാനത്തിലുള്ള വലിയ്യുകളല്ലാതെ കൈകാര്യകര്‍ത്തൃത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള വലിയ്യുകളാകുന്നില്ല. ഈ വാസ്തവം ഇമാം റാസീ (رحمه الله) മുതലായ പല മഹാന്മാരും വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്രമല്ല, ക്വുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു തന്നെ അത് മനസ്സിലാക്കുകയും ചെയ്യാം. വേദക്കാരായ യഹൂദികളും ക്രിസ്ത്യാനികളും പരസ്പരം വലിയ്യുകളാണെന്നും 54-ാം വചനത്തിലും, അവിശ്വാസികള്‍ പരസ്പരം വലിയ്യുകളാണെന്ന് അന്‍ഫാല്‍ 73 ലും, മുഹാജിറുകളും അന്‍സ്വാരികളും പരസ്പരം വലിയ്യുകളാണെന്ന് അന്‍ഫാല്‍ 72 ലും, സത്യവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം വലിയ്യുകളാണെന്ന് തൗബ 71 ലും, അക്രമികളായ ആളുകള്‍ പരസ്പരം വലിയ്യുകളാണെന്ന് ജാഥിയഃ 19 ലും അല്ലാഹു പറയുന്നു. ഇവരെല്ലാവരും പരസ്പരം രക്ഷാധികാരികളോ കൈകാര്യ കര്‍ത്താക്കളോ അല്ലെന്നും, സ്‌നേഹബന്ധത്തിലും പരസ്പര സഹായത്തിലും നിലകൊള്ളുന്ന വലിയ്യുകള്‍-അതെ, ബന്ധുമിത്രങ്ങള്‍-മാത്രമാണെന്നും പറയേണ്ടതില്ലല്ലോ.

അപ്പോള്‍, അല്ലാഹുവും റസൂലും വിശ്വസിച്ചവരും മാത്രമാണ് നിങ്ങളുടെ വലിയ്യുകള്‍ (إِنَّمَا وَلِيُّكُمُ اللَّهُ) എന്ന് ഒന്നിച്ചു പറയുമ്പോള്‍, സ്‌നേഹത്തിന്‍റെയും സഹായത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വലിയ്യുകള്‍- ബന്ധുമിത്രങ്ങള്‍-എന്ന അര്‍ത്ഥത്തിലാണതെന്ന് വ്യക്തമായി. അതേ സമയത്ത് അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു വലിയ്യ് എന്ന് പറയുമ്പോള്‍, ‘ബന്ധുമിത്രം, രക്ഷാധികാരി, കൈകാര്യം നടത്തുന്നവന്‍, സഹായി’ എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ സന്ദര്‍ഭോചിതം അതിനു നല്‍കാവുന്നതുമാണ്. അടിസ്ഥാനരഹിതമായ ചില രിവായത്തുകളെ ആസ്പദമാക്കിയും, ‘വലിയ്യ്’ എന്ന വാക്കിന് ‘കൈകാര്യ കര്‍ത്താവ്’ എന്നര്‍ത്ഥം വരാവുന്നതിനെ ചൂഷണം ചെയ്തുംശിആ കക്ഷി അലി (റ)ക്കാണ് ഖിലാഫത്തിന് അര്‍ഹതയുള്ളതെന്ന അവരുടെ തെറ്റായ വാദത്തിന് ഈ വചനങ്ങള്‍ തെളിവാക്കുവാന്‍ ശ്രമിക്കാറുണ്ട്. ഇതു സംബന്ധിച്ച് ഇമാം റാസീ (رحمه الله) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഒരു നീ പ്രസ്താവന തന്നെ ചെയ്തുകാണാം. അതൊന്നും ഇവിടെ ഉദ്ധരിക്കേണ്ടുന്ന ആവശ്യം കാണുന്നില്ല. ‘വലിയ്യ്’ എന്ന വാക്കിന് ശീആക്കള്‍ സ്വീകരിച്ച അര്‍ത്ഥത്തെയും അവരുടെ വാദമുഖങ്ങളില്‍ ചിലതിനെയും അനുകരിച്ചുകൊണ്ട് പൊതുജനങ്ങളുടെ ശിര്‍ക്കുപരമായ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കാറുള്ള ചില പണ്ഡിതന്മാര്‍ ഇക്കാലത്ത് ഈ (58-ാം) വചനം ദുര്‍വ്യാഖ്യാനം ചെയ്തു. മുതലെടുക്കുന്നതായി കേള്‍ക്കുന്നു. സദ്‌വൃത്തരും മഹാന്മാരുമായ ചില സത്യവിശ്വാസികള്‍ക്ക് ഈ ലോകകാര്യങ്ങളില്‍ ചില അദൃശ്യമായ കൈകാര്യങ്ങള്‍ നടത്തുവാനുള്ള കഴിവുണ്ടെന്നും, അതുകൊണ്ട് അവരോട് അതിനായി അപേക്ഷിക്കാമെന്നുമാണ് അവരുടെ വ്യാഖ്യാനത്തിന്‍റെ രത്‌നച്ചുരുക്കം. ഇമാം റാസീ (റ) യുടെ ചില വാക്യങ്ങളാണ് തല്‍ക്കാലം അവരോട് നമുക്ക് പറയുവാനുള്ളത്. ശീആക്കളുടെ വാദമുഖങ്ങളെ-നാം മുകളില്‍ ചൂണ്ടിക്കാട്ടിയതും അല്ലാത്തതുമായ പല വസ്തുതകളും നിരത്തിവെച്ചു കൊണ്ട് -ഖണ്ഡിച്ചു സംസാരിക്കുന്ന മദ്ധ്യേ അദ്ദേഹം പറഞ്ഞതിന്‍റെ സാരം ഇതാണ്:-

‘…വേദക്കാരെയും അവിശ്വാസികളെയും വലിയ്യുകളാക്കരുതെന്ന് പറഞ്ഞതിന്‍റെ അര്‍ത്ഥം അവരെ സഹായികളാക്കരുത് എന്നാണെന്നുള്ളതില്‍ സംശയമില്ല. അപ്പോള്‍ (إِنَّمَا وَلِيُّكُمُ اللَّهُ) എന്നുള്ള ഈ ആയത്തിലും അതുതന്നെയാണര്‍ത്ഥം. നീതിപാലി ക്കുകയും, കക്ഷിത്വം ഉപേക്ഷിക്കുകയും, ഈ ആയത്തിന്‍റെ മുമ്പും പിമ്പും പറഞ്ഞത് ചിന്തിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഖണ്ഡിതമായി അറിയാം: …. إِنَّمَا وَلِيُّكُمُ എന്ന ഈ ആയത്തില്‍ പറയുന്ന ‘വലിയ്യി’ന്‍റെ അര്‍ത്ഥം സഹായകനും, സ്‌നേഹമുള്ളവനും എന്നല്ലാതെ മറ്റൊന്നുമല്ലെന്നും, (കൈകാര്യം നടത്തുന്ന) നേതാവ് എന്ന് അതിന് അര്‍ത്ഥം വരുവാന്‍ നിവൃത്തിയില്ലെന്നും….’

വിഭാഗം - 9

5:60
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ ٱلَّذِينَ ٱتَّخَذُوا۟ دِينَكُمْ هُزُوًا وَلَعِبًا مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ مِن قَبْلِكُمْ وَٱلْكُفَّارَ أَوْلِيَآءَ ۚ وَٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ ﴾٦٠﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങളുടെ മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെയും, (നിഷേധികളായ) അവിശ്വാസികളെയും നിങ്ങള്‍ ബന്ധുമിത്രങ്ങളാക്കി വെക്കരുത്. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍- നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَتَّخِذُوا നിങ്ങള്‍ ആക്കിവെക്ക (സ്വീകരിക്ക)രുത് الَّذِينَ اتَّخَذُوا ആക്കിത്തീര്‍ത്തവരെ دِينَكُمْ നിങ്ങളുടെ മതത്തെ هُزُوًا പരിഹാസം وَلَعِبًا കളിയും, വിളയാട്ടം مِّنَ الَّذِينَ യാതൊരുകൂട്ടരില്‍ നിന്ന് أُوتُوا الْكِتَابَ ഗ്രന്ഥം നല്‍കപ്പെട്ട مِن قَبْلِكُمْ നിങ്ങളുടെ മുമ്പ് وَالْكُفَّارَ അവിശ്വാസികളെയും, നിഷേധികളെയും أَوْلِيَاءَ ബന്ധുമിത്രങ്ങള്‍ وَاتَّقُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്‌വിന്‍ إِن كُنتُم നിങ്ങളാണെങ്കില്‍ مُّؤْمِنِينَ സത്യവിശ്വാസികള്‍

സത്യനിഷേധികളായ എല്ലാ അവിശ്വാസികള്‍ക്കും كفار (കുഫ്ഫാര്‍) എന്നു പറയപ്പെടുമെങ്കിലും വേദക്കാരെപ്പറ്റി ആദ്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കകൊണ്ട് ഇവിടെ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മുശ്‌രിക്കുകളാണെന്ന് മനസ്സിലാക്കാം. ഇസ്‌ലാമിനെപ്പറ്റി പരിഹസിക്കലും, കളിയാക്കലും വേദക്കാരുടെയും മുശ്‌രിക്കുകളുടെയും പതിവുതന്നെ. പക്ഷേ, മുശ്‌രിക്കുകളെ അപേക്ഷിച്ച് പല നിലക്കും അതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കേണ്ടവരാണ് വേദക്കാര്‍. അതുകൊണ്ടും, സംസാരവിഷയം പ്രധാനമായും വേദക്കാരെ പരാമര്‍ശിച്ചു കൊണ്ടുള്ളതാക കൊണ്ടുമായിരിക്കാം മതത്തെ പരിഹസിക്കുന്നവരും കളിയാക്കുന്നവരുമെന്ന് അവരെ പ്രത്യേകം വിശേഷിപ്പിച്ചത്. അല്ലാഹുവിനറിയാം. وَالْكُفَّارَ (വല്‍ കുഫ്ഫാറ) എന്നതിന്റെ സ്ഥാനത്തു ‘വല്‍ കുഫ്ഫാരി’ എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ‘വേദക്കാരില്‍ നിന്നും അവിശ്വാസികളില്‍ നിന്നും മതത്തെ പരിഹാസവും കളിയുമാക്കിത്തീര്‍ത്തവരെ ബന്ധുമിത്രങ്ങളാക്കരുത്’ എന്നായിരിക്കും അര്‍ത്ഥം. വേദക്കാരെക്കുറിച്ചു സംസാരിക്കുന്ന സന്ദര്‍ഭമാകകൊണ്ട് അവരെ പ്രത്യേകം എടുത്തു പറഞ്ഞ ശേഷം, എല്ലാ അവിശ്വാസികളുടെ സ്ഥിതിയും അങ്ങിനെത്തന്നെ എന്നു പൊതുവില്‍ പറഞ്ഞതായിരിക്കും അപ്പോള്‍ അത്. അവരുടെ പരിഹാസത്തിന് ഒരു ഉദാഹരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

5:61
  • وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴾٦١﴿
  • നിങ്ങള്‍ നമസ്‌കാരത്തിലേക്ക് (ബാങ്ക്) വിളിച്ചാല്‍, അവരതിനെ പരിഹാസവും, കളിയുമാക്കിത്തീര്‍ക്കുന്നു. അത്, അവര്‍ (ബുദ്ധികൊടുത്തു) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നുള്ളതു കൊണ്ടത്രെ.
  • وَإِذَا نَادَيْتُمْ നിങ്ങള്‍ വിളിച്ചാല്‍ إِلَى الصَّلَاةِ നമസ്‌കാരത്തിലേക്ക് اتَّخَذُوهَا അതിനെ അവര്‍ ആക്കും هُزُوًا പരിഹാസം وَلَعِبًا കളിയും ذَٰلِكَ അത് بِأَنَّهُمْ قَوْمٌ അവര്‍ ഒരു ജനതയാണെന്നതു കൊണ്ടാണ് لَّا يَعْقِلُونَ ബുദ്ധികൊടുക്കാത്ത, ഗ്രഹിക്കാത്ത

ബാങ്കുവിളി കേള്‍ക്കുമ്പോള്‍ അതിനെയോ, നമസ്‌കാരത്തെയോ ചില യഹൂദി കളും ക്രിസ്ത്യാനികളും പരിഹസിച്ചു സംസാരിച്ചിരുന്നതായ ചില സംഭവങ്ങള്‍ നിവേ ദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. അവരുടെ ബുദ്ധിശൂന്യതയും വിവരക്കുറവുമാണ് ഇതിനു കാരണമെന്ന് അവസാനത്തെ വാക്യം ചൂണ്ടിക്കാട്ടുന്നു.

5:62
  • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ هَلْ تَنقِمُونَ مِنَّآ إِلَّآ أَنْ ءَامَنَّا بِٱللَّهِ وَمَآ أُنزِلَ إِلَيْنَا وَمَآ أُنزِلَ مِن قَبْلُ وَأَنَّ أَكْثَرَكُمْ فَـٰسِقُونَ ﴾٦٢﴿
  • (നബിയേ) പറയുക: 'വേദക്കാരേ, ഞങ്ങളെക്കുറിച്ചു നിങ്ങള്‍ (വല്ലതും) അധിക്ഷേപിക്കുന്നുവോ? ഞങ്ങള്‍ അല്ലാഹുവിലും, ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും, മുമ്പ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിച്ചുവെന്നുള്ളതും, നിങ്ങളില്‍ അധികമാളും തോന്നിയവാസികളാണെന്നുള്ളതുമല്ലാതെ!'
  • قُلْ നീ പറയുക يَا أَهْلَ الْكِتَابِ വേദക്കാരേ هَلْ تَنقِمُونَ നിങ്ങള്‍ അധിക്ഷേപിക്കുന്നുവോ, കുറ്റപ്പെടുത്തുന്നോ مِنَّا ഞങ്ങളെക്കുറിച്ച് إِلَّا أَنْ آمَنَّا ഞങ്ങള്‍ വിശ്വസിച്ചുവെന്നതല്ലാതെ بِاللَّهِ അല്ലാഹുവില്‍ وَمَا أُنزِلَ إِلَيْنَا ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും وَمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതിലും مِن قَبْلُ മുമ്പ് وَأَنَّ أَكْثَرَكُمْ നിങ്ങളില്‍ അധികമാളുമാണെന്നതും فَاسِقُونَ തോന്നിയവാസികള്‍, ധിക്കാരികള്‍

ഞങ്ങള്‍ അല്ലാഹുവില്‍ ശരിക്കും വിശ്വസിച്ചവരാണ്, ഞങ്ങളുടെ വേദഗ്രന്ഥമാകുന്ന ക്വുര്‍ആനിലും, അതിന്റെ മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളിലും ഞങ്ങള്‍ വിശ്വസിക്കുന്നു, ഇതാണല്ലോ നിങ്ങള്‍ക്ക് ഞങ്ങളെപ്പറ്റി ആക്ഷേപിക്കുവാനുള്ള കാരണം. ഇതല്ലാതെ, ആക്ഷേപ വിധേയമായ ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇത് ആക്ഷേപിക്കപ്പെടാവുന്ന ഒരു വിഷയമാണോ? ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളെ ആക്ഷേപിക്കുവാന്‍ കാരണം നിങ്ങളിലുള്ള ഭൂരിഭാഗം ആളുകളും തോന്നിയവാസികളും ധിക്കാരികളുമാണെന്നുള്ളത് മാത്രമാകുന്നു. അല്ലാത്തപക്ഷം, ഒരിക്കലും ഈ ആക്ഷേപത്തിന് കാരണമില്ല എന്ന് സാരം.

5:63
  • قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ ٱللَّهِ ۚ مَن لَّعَنَهُ ٱللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ ٱلْقِرَدَةَ وَٱلْخَنَازِيرَ وَعَبَدَ ٱلطَّـٰغُوتَ ۚ أُو۟لَـٰٓئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَآءِ ٱلسَّبِيلِ ﴾٦٣﴿
  • നീ പറയുക: 'അല്ലാഹുവിന്റെ അടുക്കല്‍ അതിനെക്കാള്‍ പ്രതിഫലം മോശമായവരെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ? യാതൊരുവരെ അല്ലാഹു ശപിക്കുകയും, അവരുടെ മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നുവോ അവരാണ് (അത്); (അതെ) അവരില്‍ നിന്നും (ചിലരെ) അവന്‍ കുരങ്ങുകളും പന്നികളു മാക്കുകയും ചെയ്തിരിക്കുന്നു; അവര്‍ 'ത്വാഗൂത്തി'നെ (ദുര്‍മൂര്‍ത്തിയെ) ആരാധിക്കുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ളവര്‍). അക്കൂട്ടര്‍, (ഏറ്റം) സ്ഥാനം മോശമായവരും. ശരിയായ മാര്‍ഗം വിട്ട് ഏറ്റം പിഴച്ചുപോയവരുമാകുന്നു'.
  • قُلْ നീ പറയുക هَلْ أُنَبِّئُكُم ഞാന്‍ നിങ്ങള്‍ക്ക് വിവരമറിയിക്കട്ടെയോ, നിങ്ങളെ ബോധ്യപ്പെടുത്തെട്ടെയോ بِشَرٍّ മോശമായവരെപ്പറ്റി مِّن ذَٰلِكَ അതിനെക്കാള്‍ مَثُوبَةً പ്രതിഫലം, പ്രതിഫലത്തില്‍ عِندَ اللَّهِ അല്ലാഹുവിന്റെ അടുക്കല്‍ مَن യാതൊരുവനാണ്, ആരോ ആകുന്നു لَّعَنَهُ اللَّهُ അവനെ (അവരെ) അല്ലാഹു ശപിച്ചിരിക്കുന്നു وَغَضِبَ عَلَيْهِ അവന്റെ (അവരുടെ) മേല്‍ അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു وَجَعَلَ مِنْهُمُ അവരില്‍ നിന്നും അവന്‍ ആക്കുക (ഉണ്ടാക്കുക)യും ചെയ്തു الْقِرَدَةَ കുരങ്ങുകളെ وَالْخَنَازِيرَ പന്നികളെയും وَعَبَدَ അവന്‍ (അവര്‍) ആരാധിക്കുകയും ചെയ്തിരിക്കുന്നു الطَّاغُوتَ ദുര്‍മൂര്‍ത്തിയെ أُولَٰئِكَ അക്കുട്ടര്‍ شَرٌّ (കൂടുതല്‍-ഏറ്റം) മോശമാണ് مَّكَانًا സ്ഥാനം, സ്ഥാനത്താല്‍ وَأَضَلُّ അധികം പിഴച്ചവരാണ് عَن سَوَاءِ السَّبِيلِ ശരിയായ മാര്‍ഗം വിട്ട്

വേദക്കാര്‍ക്ക് -യഹൂദികള്‍ക്ക് വിശേഷിച്ചും- ഒരു വായടപ്പന്‍ മറുപടിയാണിത്. ഏറ്റവും നല്ല നിലയില്‍ പ്രശംസിക്കപ്പെടുവാന്‍ അവകാശപ്പെട്ട ചില ഗുണങ്ങളുടെ പേരിലാണല്ലോ നിങ്ങള്‍ ഞങ്ങളെപ്പറ്റി അധിക്ഷേപങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ സ്ഥിതി ഒന്നാലോചിച്ചു നോക്കുക. പല നിലക്കും ഞങ്ങളെക്കാളും ഏറ്റവും മോശമായ അവസ്ഥയാണ് നിങ്ങളുടേത്. അല്ലാഹുവിന്‍റെ ശാപകോപങ്ങളുടെ ഒരു നീണ്ട പാരമ്പര്യം നിങ്ങള്‍ക്കുണ്ട്. എത്രത്തോളമെന്നാല്‍, നിങ്ങളുടെ സമൂഹത്തില്‍ പെട്ട ചിലരെ അല്ലാഹു കുരങ്ങന്മാരും പന്നികളുമാക്കി മാറ്റുകപോലും ചെയ്തിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിച്ചുകൂടാ എന്നുള്ളതാണല്ലോ ദീനിന്റെ ഏറ്റവും കാതലായ വശം. എന്നിട്ടും നിങ്ങള്‍ ചില ദുര്‍മൂര്‍ത്തികളെ ആരാധിക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങിനെയുള്ള നിങ്ങളാണ് ഏറ്റവും മോശപ്പെട്ടവരും വഴിപിഴച്ചവരും. എന്നിരിക്കെ, സത്യവിശ്വാസം സ്വീകരിക്കുകയും, ദിവ്യഗ്രന്ഥങ്ങളെയെല്ലാം ശരിവെക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യുന്ന ഞങ്ങളെ ആക്ഷേപിക്കുവാനും കുറ്റപ്പെടുത്തുവാനും നിങ്ങള്‍ക്കെ ന്തവകാശമാണുള്ളത്? എന്നിങ്ങനെയാണ് ഈ വചനത്തിന്റെ താല്‍പര്യം.

യഹൂദികളുടെ മേല്‍ അല്ലാഹുവിന്റെ കോപശാപങ്ങളുണ്ടെന്ന് ക്വുര്‍ആനില്‍ പല സ്ഥലത്തും അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. ശബ്ബത്ത് നാളില്‍ അവര്‍ ചെയ്ത അക്രമത്തെത്തുടര്‍ന്ന് അവരില്‍ ചിലരെ കുരങ്ങുകളാക്കി കോലം മറിച്ചതിനെപ്പറ്റി അല്‍ബക്വറഃ 65 ലും, അഅ്‌റാഫ് 166 ലും പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍, അവരില്‍ ചിലരെ പന്നികളാക്കിയ വിവരം അവിടങ്ങളിലൊന്നും പ്രസ്താവിക്കപ്പെട്ടിട്ടില്ല. ശബ്ബത്ത് നാളിന്‍റെ സംഭവത്തില്‍ ചിലര്‍ കുരങ്ങുകളായി മറിക്കപ്പെട്ടതുപോലെ, ചിലര്‍ പന്നികളായി മറിക്കപ്പെടുകയും ഉണ്ടായിട്ടുണ്ടെന്നും, ആ സന്ദര്‍ഭത്തിലല്ല-വേറെ സന്ദര്‍ഭത്തിലാണ്-അതുണ്ടായതെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അല്ലാഹുവിന്നറിയാം. ഒന്നും ഉറപ്പിച്ചു പറയത്തക്ക തെളിവുകളില്ല. ചിലര്‍ക്ക് കുരങ്ങുകളുടെയും പന്നികളുടെയും സ്വഭാവം നല്‍കി അധഃപതിപ്പിക്കുകയാണുണ്ടായതെന്നാണ് ഉദ്ദേശ്യമെന്ന് ചില ആളുകള്‍ പറഞ്ഞു കാണുന്നു. ക്വുര്‍ആന്‍റെ വാചകവും, ചില ഹദീഥുകളും നോക്കുമ്പോള്‍ ഈ അഭിപ്രായം സ്വീകരിക്കുവാന്‍ മാര്‍ഗം കാണുന്നില്ല. കോലം മറിക്കപ്പെട്ടവരുടെ സന്തതികളാണോ കുരങ്ങുകളും പന്നികളും? എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ചോദിക്കപ്പെട്ടുവെന്നും കോലം മറിക്കപ്പെട്ടവര്‍ക്ക് സന്തതിയും പിന്തുടര്‍ച്ചയും ഉണ്ടായിട്ടില്ല, കുരങ്ങുകളും പന്നികളും അതിനു മുമ്പു തന്നെ ഉണ്ടായിരുന്നുവെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞുവെന്നും ഇബ്‌നു മസ്ഊദ് (رحمه الله) പ്രസ്താവിച്ചതായി മുസ്‌ലിം (رحمه الله) രേഖപ്പെടുത്തിയിരിക്കുന്നു. അബൂദാവൂദ് ത്വയാലസിയുടെയും ഇമാം അഹ്മദിന്റെയും (رحمه الله) രിവായത്തില്‍, കുരങ്ങുകളും പന്നികളും യഹൂദികളുടെ സന്തതികളാണോ എന്നാണ് ആ ചോദ്യത്തിലെ വാചകം. യഹൂദികള്‍ കുരങ്ങുകളായും പന്നികളായും കോലം മറിക്കപ്പെടുകയുണ്ടായിട്ടുണ്ടെന്നാണല്ലോ ഈ ഹദീഥുകളില്‍ നിന്ന് വ്യക്തമാകുന്നത്. പക്ഷേ, അത് എപ്പോഴായിരുന്നുവെന്നും മറ്റും നമുക്ക് അറിഞ്ഞുകൂടാ.

طاغوت (ത്വാഗൂത്ത്) എന്ന വാക്കിന്റെ ഭാഷാര്‍ത്ഥം, പ്രയോഗം എന്നിവയെ സംബന്ധിച്ച് അല്‍ബക്വറഃ 256, 257 എന്നീ വചനങ്ങളുടെ വ്യാഖ്യാനത്തിലും മറ്റും നാം മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കള്‍ക്കും പിശാചിനും ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ടെന്ന് അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. യഹൂദികളെ സംബന്ധിച്ചിടത്തോളം അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച കഥ പ്രസിദ്ധമാണ്. കൂടാതെ, അല്ലാഹുവിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ക്ക് പകരം പിശാചിന്റെ ദുരുപദേശങ്ങള്‍ സ്വീകരിച്ചുവെന്നും, പണ്ഡിത പുരോഹിതന്മാരുടെ നിയമ നിര്‍മാണങ്ങളെ മതനിയമങ്ങളായി സ്വീകരിച്ചുകൊണ്ട് അവരെ റബ്ബുകളാക്കി വെച്ചുവെന്നും മറ്റുമുള്ള അര്‍ത്ഥത്തിലും ആവാം ‘അവര്‍ ത്വാഗൂത്തിനെ ആരാധിച്ചു’ വെന്ന് പറഞ്ഞത്. اللَّهُ اعلم

5:64
  • وَإِذَا جَآءُوكُمْ قَالُوٓا۟ ءَامَنَّا وَقَد دَّخَلُوا۟ بِٱلْكُفْرِ وَهُمْ قَدْ خَرَجُوا۟ بِهِۦ ۚ وَٱللَّهُ أَعْلَمُ بِمَا كَانُوا۟ يَكْتُمُونَ ﴾٦٤﴿
  • അവര്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് അവര്‍ പറയുന്നതാണ്. (വാസ്തവമാകട്ടെ) അവിശ്വാസത്തോടെയത്രെ അവര്‍ കടന്നു വന്നിട്ടുള്ളത്; അവര്‍ അതുമായി (തന്നെ) പുറത്തു പോകുകയും ചെയ്തിരിക്കയാണ്. അല്ലാഹുവാകട്ടെ, അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
  • وَإِذَا جَاءُوكُمْ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ قَالُوا അവര്‍ പറയുന്നതാണ് آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു وَقَد دَّخَلُوا അവര്‍ കടന്നുവന്നിട്ടുണ്ട് താനും بِالْكُفْرِ അവിശ്വാസത്തോടെ وَهُمْ അവരാകട്ടെ قَدْ خَرَجُوا പുറത്തുപോകുകയും ചെയ്തിരിക്കുന്നു بِهِ അതുകൊണ്ട്, അതുമായി, അതോടെ وَاللَّهُ അല്ലാഹു أَعْلَمُ ഏറ്റം (അധികം-വളരെ) അറിയുന്നവനാണ് بِمَا كَانُوا അവര്‍ ആയിരുന്നതിനെപ്പറ്റി يَكْتُمُونَ ഒളിച്ചു (മറച്ചു - മൂടി)വെക്കും
5:65
  • وَتَرَىٰ كَثِيرًا مِّنْهُمْ يُسَـٰرِعُونَ فِى ٱلْإِثْمِ وَٱلْعُدْوَٰنِ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَعْمَلُونَ ﴾٦٥﴿
  • അവരില്‍ നിന്ന് പലരെയും കുറ്റത്തിലും, അതിക്രമത്തിലും, നിഷിദ്ധ (ധന)ത്തെ തിന്നുന്നതിലും അവര്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്ന തായി നിനക്ക് കാണാവുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്നത് വളരെ ചീത്ത തന്നെ!
  • وَتَرَىٰ നീ കാണും, നിനക്കു കാണാം كَثِيرًا പലരെയും, വളരെ ആളുകളെ مِّنْهُمْ അവരില്‍ നിന്ന് يُسَارِعُونَ അവര്‍ ധൃതി കൂട്ടുന്നതായി فِي الْإِثْمِ കുറ്റത്തില്‍ (പാപത്തില്‍) وَالْعُدْوَانِ അതിക്രമത്തിലും وَأَكْلِهِمُ അവര്‍ തിന്നുന്നതിലും السُّحْتَ ഹറാമിനെ, നിഷിദ്ധത്തെ لَبِئْسَ വളരെ മേശം (ചീത്ത)തന്നെ مَا كَانُوا അവരായിരുന്നത്, ആയിക്കൊണ്ടിരിക്കുന്നത് يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
5:66
  • لَوْلَا يَنْهَىٰهُمُ ٱلرَّبَّـٰنِيُّونَ وَٱلْأَحْبَارُ عَن قَوْلِهِمُ ٱلْإِثْمَ وَأَكْلِهِمُ ٱلسُّحْتَ ۚ لَبِئْسَ مَا كَانُوا۟ يَصْنَعُونَ ﴾٦٦﴿
  • അവര്‍ കുറ്റമായത് പറയുന്നതിനെയും, അവര്‍ നിഷിദ്ധ (ധന)ത്തെ തിന്നുന്നതിനെയും സംബന്ധിച്ച് റബ്ബാനീ'കളും [പുണ്യ പുരുഷന്മാരും], പണ്ഡിതന്മാരും അവരെ എന്തുകൊണ്ട് വിരോധിക്കുന്നില്ല?! അവര്‍ പ്രവര്‍ത്തിച്ചു (തൊഴിലാക്കി) കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ!
  • لَوْلَا എന്തുകൊണ്ടില്ല, ആയിക്കൂടേ يَنْهَاهُمُ അവരെ വിരോധിക്കുക الرَّبَّانِيُّونَ റബ്ബാനികള്‍, പുണ്യപുരുഷന്മാര്‍ وَالْأَحْبَارُ പണ്ഡിതന്മാരും, വേദശാസ്ത്രിമാരും عَن قَوْلِهِمُ അവര്‍ പറയുന്നതിനെപ്പറ്റി الْإِثْمَ പാപം وَأَكْلِهِمُ അവര്‍ തിന്നുന്നതിനെയും السُّحْتَ ഹറാം, നിഷിദ്ധം لَبِئْسَ വളരെ മോശം തന്നെ مَا كَانُوا അവരായിരുന്നത്, ആയി വരുന്നത് يَصْنَعُونَ തൊഴിലാക്കുക, പ്രവര്‍ത്തിച്ചുണ്ടാക്കുക

യഹൂദികളിലുണ്ടായിരുന്ന ചില കപടന്മാരെക്കുറിച്ചാണ് ആദ്യത്തെ പരാമര്‍ശം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെയും സ്വഹാബികളുടെയും അടുക്കല്‍ വരുമ്പോള്‍ അവര്‍ വിശ്വാസികളായി അഭിനയിക്കും. വാസ്തവമാകട്ടെ, ഹൃദയത്തില്‍ അവിശ്വാസവും നിഷേധവും ഒളിച്ചുവെച്ചും കൊണ്ടായിരിക്കും അവരുടെ വരവ്. ചില അവിശ്വാസികളായ ആളു കള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നാല്‍ അവിടുത്തെ ഉപദേശങ്ങള്‍ കേട്ടു അവര്‍ക്ക് മനഃപരിവര്‍ത്തനം ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് അതും സംഭവിക്കാറില്ല. ഇവര്‍ വന്നപ്പോഴുള്ള അതേ അവിശ്വാസത്തോടും നിഷേധത്തോടും കൂടിത്തന്നെയായിരിക്കും ഇവരുടെ മടക്കവും. ഈ ഒളിച്ചുകളിയൊന്നും അല്ലാഹുവിങ്കല്‍ വിലപ്പോകുകയില്ല. യഥാര്‍ത്ഥം അവന് നല്ലപോലെ അറിയാം എന്ന് സാരം.

യഹൂദികളില്‍ പരക്കെയുള്ള ചില ദുഃസ്സമ്പ്രദായങ്ങളാണ് അടുത്ത വചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. പാപകരവും കുറ്റകരവുമായ കാര്യങ്ങള്‍ പറയുക. പ്രവര്‍ത്തിക്കുക, നിയമാതിര്‍ത്തികളും ധാര്‍മിക വരമ്പുകളും അതിലംഘിക്കുക, കൈക്കൂലി പലിശപോലുള്ള ഹറാമായ ധനം ഉപയോഗിക്കുക എന്നിങ്ങിനെയുള്ള കാര്യങ്ങളില്‍ യാതൊരു മടിയും കൂടാതെ വ്യാപൃതരാവുക അവരുടെ തൊഴിലായിത്തീര്‍ന്നിരിക്കുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് അവരെ ഗുണദോഷിക്കുവാനും വിലക്കുവാനും ബാധ്യസ്ഥരായ അവരുടെ പുണ്യപുരുഷന്മാരും പണ്ഡിതാചാരികളുമാകട്ടെ അവരുടെ കടമ നിര്‍വ്വഹിച്ചിരുന്നതുമില്ല. അവര്‍ മൗനാനുവാദം നല്‍കിയും മറ്റും അവര്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണ് ചെയ്തത്. അങ്ങനെ, ഇരുകൂട്ടരും അങ്ങേയറ്റം ചീത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നാണ് ആ പരാമര്‍ശത്തിന്റെ ചുരുക്കം. അല്ലാഹു തുടരുന്നു:-

5:67
  • وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا۟ ۘ بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَآءُ ۚ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۚ وَأَلْقَيْنَا بَيْنَهُمُ ٱلْعَدَٰوَةَ وَٱلْبَغْضَآءَ إِلَىٰ يَوْمِ ٱلْقِيَـٰمَةِ ۚ كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ ﴾٦٧﴿
  • യഹൂദികള്‍ പറയുന്നു: 'അല്ലാഹുവിന്റെ കൈ(കുടുക്കി) ബന്ധിക്ക പ്പെട്ടതാണ്' എന്ന്! -അവരുടെ കൈകള്‍ (കുടുക്കി) ബന്ധിക്കപ്പെടട്ടെ! അവര്‍ (ആ) പറഞ്ഞത് നിമിത്തം അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ! (അഥവാ അവ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു). (അങ്ങനെയല്ല-) പക്ഷേ, അവന്റെ രണ്ടു കൈകളും (നീട്ടി) നിവര്‍ത്തപ്പെട്ടവയാകുന്നു; അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അതുപ്രകാരം) അവന്‍ ചിലവഴിക്കുന്നു. നിന്റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിക്കപ്പെട്ടിട്ടുള്ളത് അവരില്‍ വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരേക്കും നാം ശത്രുതയും, വിദ്വേഷവും ഇട്ടിരിക്കുകയാണ്. യുദ്ധത്തിനു വേണ്ടി അവര്‍ വല്ല തീയും കത്തിക്കുമ്പോഴൊക്കെ അല്ലാഹു അതിനെ കെടുത്തിക്കളയുന്നു; ഭൂമിയില്‍ കുഴപ്പത്തിനായി അവര്‍ പരിശ്രമം നടത്തുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, കുഴപ്പമുണ്ടാക്കുന്നവരെ ഇഷ്ടപ്പെടുന്നുമില്ല.
  • وَقَالَتِ الْيَهُودُ യഹൂദികള്‍ പറഞ്ഞു, പറയുന്നു يَدُ اللَّهِ അല്ലാഹുവിന്റെ കൈ مَغْلُولَةٌ ബന്ധിക്കപ്പെട്ടതാണ്, കൂടുക്കപ്പെട്ടതാണ് غُلَّتْ ബന്ധിക്കപ്പെടട്ടെ, ബന്ധിക്കപ്പെട്ടിരിക്കുന്നു أَيْدِيهِمْ അവരുടെ കൈകള്‍ وَلُعِنُوا അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ, ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു بِمَا قَالُوا അവര്‍ പറഞ്ഞതു നിമിത്തം بَلْ പക്ഷേ, എന്നാല്‍ يَدَاهُ അവന്റെ രണ്ടു കൈകള്‍ مَبْسُوطَتَانِ വിരുത്ത(പരത്ത - നിവര്‍ത്ത)പ്പെട്ടതാണ് يُنفِقُ അവന്‍ ചിലവഴിക്കും كَيْفَ يَشَاءُ അവന്‍ എങ്ങിനെ ഉദ്ദേശിക്കുന്നുവോ (അങ്ങിനെ), ഉദ്ദേശിക്കുന്ന പ്രകാരം وَلَيَزِيدَنَّ അവന്‍ വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും كَثِيرًا مِّنْهُم അവരില്‍ നിന്നു ധാരാളം പേര്‍ക്കും مَّا أُنزِلَ അവതരിപ്പിക്കപ്പെട്ടത് إِلَيْكَ നിനക്ക്, നിന്നിലേക്ക് مِن رَّبِّكَ നിന്റെ റബ്ബില്‍ നിന്ന് طُغْيَانًا അതിരു കവിച്ചല്‍, ധിക്കാരം وَكُفْرًا അവിശ്വാസവും وَأَلْقَيْنَا നാം ഇടുകയും (ഏര്‍പ്പെടുത്തുകയും) ചെയ്തിരിക്കുന്നു بَيْنَهُمُ അവര്‍ക്കിടയില്‍ الْعَدَاوَةَ ശത്രുത وَالْبَغْضَاءَ വിദ്വേഷവും, ഈര്‍ഷ്യതയും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാള്‍ വരെ كُلَّمَا أَوْقَدُوا അവര്‍ കത്തിക്കുമ്പോഴെല്ലാം نَارًا തീ لِّلْحَرْبِ യുദ്ധത്തിന്, പടക്ക് أَطْفَأَهَا അതിനെ കെടുത്തുന്നതാണ് اللَّهُ അല്ലാഹു وَيَسْعَوْنَ അവര്‍ പരിശ്രമിക്കു(അദ്ധ്വാനിക്കു)കയും ചെയ്യുന്നു فِي الْأَرْضِ ഭൂമിയില്‍ فَسَادًا കുഴപ്പത്തിന്, നാശത്തിന് وَاللَّهُ അല്ലാഹുവാകട്ടെ لَا يُحِبُّ ഇഷ്ടപ്പെടുകയില്ല الْمُفْسِدِينَ കുഴപ്പം (നാശം) ഉണ്ടാക്കുന്നവരെ

വേദക്കാരെ സംബന്ധിച്ച് പൊതുവായും, യഹൂദികളെ സംബന്ധിച്ച് പ്രത്യേകമായും പരാമര്‍ശിച്ചു കൊണ്ടുള്ള പ്രസ്താവനകളാണല്ലോ കഴിഞ്ഞ ഏതാനും വചനങ്ങള്‍ മുതല്‍ തുടര്‍ന്നു വരുന്നത്. കൂട്ടത്തില്‍ യഹൂദികള്‍ക്കിടയില്‍ തെറ്റായ പല സംസാരങ്ങളും പ്രചരിച്ചിട്ടുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വചനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അതിനൊരു ഉദാഹരണമാണ് ഈ വചനത്തില്‍ കാണുന്നത്. അത്യാര്‍ത്തിയും പിശുക്കും നിമിത്തം -കഴിവുണ്ടായിരുന്നാല്‍ പോലും- ദാരിദ്ര്യ ജീവിതം സ്വീകരിച്ചുവരുന്ന ഒരു സമൂഹമാണ് യഹൂദികള്‍. ഒരു കാലത്ത് ക്ഷേമൈശ്വര്യങ്ങളില്‍ മികച്ചു നിന്നിരുന്ന അവര്‍ അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് വിധേയരായ കൂട്ടത്തില്‍ ദാരിദ്ര്യം അവര്‍ക്കൊരു നിത്യശാപമായിത്തീര്‍ന്നു. ഇതില്‍ നിന്നാണ് അല്ലാഹുവിനെക്കുറിച്ചു يَدُ اللَّهِ مَغْلُولَةٌ (അല്ലാഹുവിന്‍റെ കൈ ബന്ധിക്കപ്പെട്ടതാണ്) എന്നതു പോലെയുള്ള ചില വാക്കുകള്‍ -മര്യാദ കെട്ടതും ധിക്കാര പരവുമായ ചില പ്രയോഗങ്ങള്‍-അവരുടെ നാവിലൂടെ പുറത്തുവന്നു കൊണ്ടിരുന്നത്. ആ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥമല്ല അത്‌ കൊണ്ടുദ്ദേശിക്കപ്പെടുന്നത്. അല്ലാഹു പിശുക്കനാണ് -നമുക്ക് വേണ്ടുന്നത് നല്‍കുവാന്‍ അവന്‍ കനിയുന്നില്ല- എന്നാണുദ്ദേശ്യം. പിശുക്കിനെ ഉദ്ദേശിച്ചു കൈ ബന്ധിക്കപ്പെടുക -കൈക്ക് വിലങ്ങുവെക്കപ്പെടുക- എന്നും, ഔദാര്യത്തെ ഉദ്ദേശിച്ചു കൈനീട്ടുക- നിവര്‍ത്തിപ്പിടിക്കുക-എന്നുമുള്ള പ്രയോഗം അറബി ഭാഷയില്‍ പതിവുള്ളതാണ്. ഇത നുസരിച്ചാണ് ഈ വചനത്തിലും ആ പ്രയോഗങ്ങള്‍ കാണുന്നത്. ആ ശപിക്കപ്പെട്ട സമൂഹം ‘അല്ലാഹു ദരിദ്രനും നാം ധനികന്മാരുമാകുന്നു’ (إِنَّ اللَّهَ فَقِيرٌ وَنَحْنُ أَغْنِيَاءُ) എന്നും പറഞ്ഞിരുന്നതായി 3:181 ല്‍ അല്ലാഹു പറഞ്ഞുവല്ലോ. അതുപോലെയുള്ള ഒരു വൃത്തികെട്ട വാക്കാണ് ഇതും. ഹൃദയം ദുഷിച്ചു കഴിഞ്ഞാല്‍ അതിന്‍റെ നാറ്റം വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണല്ലോ പ്രകടമാവുക.

ആ വാക്കിന് മറുപടി നല്‍കുന്നതിനു മുമ്പായി, അവരോടുള്ള പ്രതിഷേധമായിട്ടാണ് …غُلَّتْ أَيْدِيهِمْ وَلُعِنُوا എന്ന വാക്യം നിലകൊള്ളുന്നത്. ‘അവരുടെ കൈകള്‍ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്യട്ടെ’ എന്ന് പ്രാര്‍ത്ഥനാ രൂപത്തിലുള്ളതും, ‘അവരുടെ കൈകള്‍ ബന്ധിക്കപ്പെടുകയും അവര്‍ ശപിക്കപ്പെടുകയും ചെയ്തിരിക്കുന്നു’ എന്ന് വാര്‍ത്താ രൂപത്തിലുള്ളതും ആകാവുന്നതാണ് ആ വാക്യം.(*) ഒരാളുടെ ആക്ഷേപാര്‍ഹമായ വല്ല ചെയ്തികളെക്കുറിച്ചും പറയുമ്പോള്‍ തത്തുല്യമായ ഒരു വാക്കില്‍ അയാള്‍ക്കെതിരെ പ്രാര്‍ത്ഥനാ രൂപത്തിലുള്ള വല്ല വാക്യവും ഉപയോഗിക്കല്‍ അറബികളിലും, അറബികളല്ലാത്തവരിലും പതിവുള്ളതാണ്. سبنى سبھ لله (അവന്‍ എന്നെ പഴിച്ചു, അവനെ അല്ലാഹു പഴിക്കട്ടെ) പോലെയുള്ള വാക്കുകള്‍ ഇതിന് ഉദാഹരണമാകുന്നു. അറബി ഭാഷയില്‍ ഇങ്ങിനെയുള്ള വാക്യങ്ങളില്‍ ഭൂതകാലത്തെക്കുറിക്കുന്ന ക്രിയാരൂപം (الماضى) ആയിരിക്കും ഉപയോഗിക്കപ്പെടുക. അതുകൊണ്ടാണ് അവ പ്രാര്‍ത്ഥനാ രൂപത്തിലുള്ളതും വാര്‍ത്താരൂപത്തിലുള്ളതും (**) ആവാമെന്ന് വരുന്നത്. ആ ശപിക്കപ്പെട്ടവര്‍ പറയുന്നത് കള്ളമാണ്; അല്ലാഹുവിന്‍റെ കൈ ബന്ധിക്കപ്പെട്ടതല്ല; അഥവാ അവന്‍ പിശുക്കനും ലുബ്ധനുമല്ല; അവന്‍റെ കൈകള്‍ നീണ്ടു നിവര്‍ന്നിരിക്കുന്നവ തന്നെയാണ്; അഥവാ അവന്‍ അത്യുദാരനും ലോഭം കൂടാതെ ചിലവഴിക്കുന്നവനുമാകുന്നു എന്നൊക്കെയാണ് بَلْ يَدَاهُ مَبْسُوطَتَانِ എന്നുള്ള മറുപടിയുടെ താല്‍പര്യം.


(*) രണ്ടര്‍ത്ഥത്തിലും വരാവുന്ന ഈ പ്രയോഗം മനസ്സിരുത്തുന്നത് പലപ്പോഴും ഉപകാരപ്രദമായിരിക്കും. 

(**) يعنى انشائية دعائية وخبرية 


അല്ലാഹുവിന്‍റെ കൈ (يد الله) അല്ലാഹുവിന്‍റെ മുഖം (و جه الله) എന്നിങ്ങിനെയുള്ള പ്രയോഗങ്ങളെപ്പറ്റി മുന്‍ഗാമികളായ പണ്ഡിതന്മാരും പിന്‍ഗാമികളായ പണ്ഡിതന്മാരും സ്വീകരിച്ചു വരാറുള്ള രണ്ടു മാര്‍ഗങ്ങളുണ്ടെന്നും, അല്ലാഹുവിന് സൃഷ്ടികളോട് സാദൃശ്യം തോന്നിക്കുമാറുള്ള അര്‍ത്ഥവ്യാഖ്യാനങ്ങള്‍ അവക്ക് നല്‍കുവാന്‍ പാടില്ലെന്നും അല്‍ബക്വറഃ 115-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും മറ്റുമായി നാം ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം വിവരിച്ചു കഴിഞ്ഞിട്ടുള്ളതാണ്.

തുടര്‍ന്നുള്ള വാക്യങ്ങളില്‍ യഹൂദികളെ സംബന്ധിച്ച ചില കാര്യങ്ങള്‍ അല്ലാഹു വെളിപ്പെടുത്തിയിരിക്കുന്നു.

(1) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവതരിപ്പിക്കപ്പെട്ട ഈ ക്വുര്‍ആന്‍ ഇവരില്‍ പലര്‍ക്കും അനുഗ്രഹമായിട്ടല്ല – നേരെമറിച്ച് അവിശ്വാസവും ധിക്കാരവും വര്‍ദ്ധിപ്പിക്കുന്നതായിട്ടാണ് – ഉള്ളതെന്ന്. കാരണം, അതിലേക്ക് ശ്രദ്ധകൊടുക്കുവാനോ, അതിന്‍റെ മാര്‍ഗദര്‍ശനങ്ങള്‍ സ്വീകരിക്കുവാനോ അവര്‍ തയ്യാറില്ലാത്തതിനു പുറമെ, അതിലെ ഓരോ വിഷയവും അവര്‍ നിഷേധിക്കുകയും പരിഹാസ്യമാക്കുകയും ചെയ്യുന്നുതാനും. അപ്പോള്‍, അതിലെ ഓരോ വിഷയവും അവതരിക്കുമ്പോള്‍ അവരുടെ അവിശ്വാസത്തെയും ധിക്കാരത്തെയും അത് വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുമല്ലോ.

(2) അവര്‍ക്കിടയില്‍ ക്വിയാമത്ത് നാള്‍വരെ അല്ലാഹു ശത്രുതയും വിദ്വേഷവും ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന്. അവര്‍ക്കിടയില്‍ (بينھم) എന്നതുകൊണ്ടുദ്ദേശ്യം യഹൂദികള്‍ തമ്മതമ്മില്‍ എന്നും, യഹൂദികളും ക്രിസ്ത്യാനികളും തമ്മില്‍ എന്നും ആകാവുന്നതാണ്. രണ്ടായാലും സംഗതി വാസ്തവം തന്നെ. യഹൂദികളും ക്രിസ്ത്യാനികളും തമ്മിലുള്ള ശത്രുതയും വിദ്വേഷവും ചരിത്ര പ്രസിദ്ധമായതും, പണ്ടു മുതല്‍ക്കേ ആരംഭിച്ചതും, ലോകാവസാനം വരെ നില നില്‍ക്കുന്നതുമാകുന്നു. അതില്‍ വല്ലപ്പോഴും വല്ല മാറ്റവും കാണുന്നുവെങ്കില്‍ അത് താല്‍ക്കാലികമായ ചില സ്വാര്‍ത്ഥതാല്‍പര്യ ങ്ങളെ മുന്‍നിറുത്തി മാത്രമുണ്ടായതായിരിക്കും. മുപ്പതുകൊല്ലം മുമ്പ് നിലവില്‍വന്ന ഇസ്‌റാഈല്‍ രാഷ്ട്രത്തിന്‍റെ സ്ഥാപനത്തിനു ക്രിസ്തീയ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങുവാനുള്ള കാരണവും അതല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രസിദ്ധമാണ്. എനി, യഹൂദ സമുദായത്തിന്‍റെ അഭ്യന്തരസ്ഥിതിയോ? അല്‍പം ദശാബ്ദങ്ങള്‍ക്ക് മുമ്പ് പ്രസ്തുത ഇസ്‌റാഈല്‍ രാഷ്ട്രത്തിന്‍റെ സ്ഥാപനത്തിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയത് മുതല്‍ അതിനു വേണ്ടി യഹൂദ ലോകം ഒന്നിച്ചുവെന്നത് ഒഴിവാക്കിക്കൊണ്ട് അവരുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍, കക്ഷിവഴക്കും, അന്തഃഛിദ്രവും, അഭിപ്രായ ഭിന്നതയും നീങ്ങിയ കാലം അവര്‍ക്കിടയില്‍കാണുകയില്ല. മുഴുത്ത നാസ്തികന്മാരും കടുത്ത യാഥാസ്ഥികന്മാരും മുമ്പും ഇക്കാലത്തും അവരിലുണ്ട്. ഇസ്‌റാഈലി രക്തത്തിന്‍റെയും, യഹൂദ നാമത്തിന്‍റെയും, മുസ്‌ലിം വിരോധത്തിന്‍റെയും പേരില്‍ മാത്രമേ അവര്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ യോജിപ്പുളളൂ.

(3) അവര്‍ യുദ്ധാഗ്നി കത്തിക്കുമ്പോഴൊക്കെ അല്ലാഹു കെടുത്തി കളയുന്നുവെന്ന്. അതായത്, മദീനയിലെ മുസ്‌ലിംകള്‍ക്കെതിരില്‍ യുദ്ധം സംഘടിപ്പിക്കുവാന്‍ പല തരം ഗൂഢതന്ത്രങ്ങളും, വഞ്ചനാപരമായ കൂട്ടുകെട്ടുകളും നടത്തിക്കൊണ്ടിരിക്കുന്നതില്‍ ചരിത്ര പ്രസിദ്ധി നേടിയവരാണല്ലോ യഹൂദികള്‍. അപ്പോഴൊക്കെ അല്ലാഹു അവരുടെ ഉദ്ദേശ്യം പരാജയപ്പെടുത്തുകയാണ് ചെയ്തതെന്ന് സാരം.

(4) അവര്‍ ഭൂമിയില്‍ കുഴപ്പവും നാശവും ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തും അതിനു ശേഷം ഇന്നോളം ഭൂമിയില്‍ കുഴപ്പം സൃഷ്ടിക്കുവാനല്ലാതെ -വല്ല പൊതു നന്മയും വരുത്തുവാന്‍ വേണ്ടി-എന്തെങ്കിലും പരിശ്രമം നടത്തിയ ഒരു ചരിത്രം യഹൂദികള്‍ക്കുണ്ടോ?

5:68
  • وَلَوْ أَنَّ أَهْلَ ٱلْكِتَـٰبِ ءَامَنُوا۟ وَٱتَّقَوْا۟ لَكَفَّرْنَا عَنْهُمْ سَيِّـَٔاتِهِمْ وَلَأَدْخَلْنَـٰهُمْ جَنَّـٰتِ ٱلنَّعِيمِ ﴾٦٨﴿
  • വേദക്കാര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍, അവര്‍ക്ക് നാം അവരുടെ തിന്മകളെ മൂടി (മാപ്പാക്കി) ക്കൊടുക്കുകയും, സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗങ്ങളില്‍ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യുമായിരുന്നു.
  • وَلَوْ أَنَّ ആയിരുന്നെങ്കില്‍ أَهْلَ الْكِتَابِ വേദക്കാര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَاتَّقَوْا അവര്‍ സൂക്ഷിക്കുകയും ചെയ്തു لَكَفَّرْنَا നാം മൂടിക്കളയുക(മറക്കുക) തന്നെ ചെയ്യുമായിരുന്നു عَنْهُمْ അവര്‍ക്ക്, അവരില്‍ നിന്ന് سَيِّئَاتِهِمْ അവരുടെ തിന്മകളെ وَلَأَدْخَلْنَاهُمْ അവരെ നാം പ്രവേശിപ്പിക്കുകയും തന്നെ ചെയ്യും جَنَّاتِ സ്വര്‍ഗങ്ങളില്‍ النَّعِيمِ സുഖാനുഗ്രഹത്തിന്റെ
5:69
  • وَلَوْ أَنَّهُمْ أَقَامُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْهِم مِّن رَّبِّهِمْ لَأَكَلُوا۟ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِم ۚ مِّنْهُمْ أُمَّةٌ مُّقْتَصِدَةٌ ۖ وَكَثِيرٌ مِّنْهُمْ سَآءَ مَا يَعْمَلُونَ ﴾٦٩﴿
  • തൗറാത്തും, ഇന്‍ജീലും, അവരുടെ റബ്ബിങ്കല്‍ നിന്ന് അവരിലേക്ക് അവതരിപ്പിക്കപ്പെട്ടതും അവര്‍ നിലനിറുത്തിയിരുന്നുവെങ്കില്‍, അവരുടെ മുകള്‍ ഭാഗത്തു നിന്നും, അവരുടെ കാലുകളുടെ താഴ്ഭാഗത്തു നിന്നും അവര്‍ തിന്നുക [അവര്‍ക്ക് ആഹാരം ലഭിക്കുക] തന്നെ ചെയ്യുമായിരുന്നു. അവരില്‍ മിതത്വം പാലിക്കുന്ന ഒരു സമൂഹം ഉണ്ട്. അവരില്‍ നിന്ന് വളരെ പേരാകട്ടെ, അവര്‍ പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്ത!
  • وَلَوْ أَنَّهُمْ أَقَامُوا അവര്‍ നിലനിര്‍ത്തിയിരുന്നുവെങ്കില്‍ التَّوْرَاةَ തൗറാത്തിനെ وَالْإِنجِيلَ ഇന്‍ജീലിനെയും وَمَا أُنزِلَ അവതരിപ്പിക്കപ്പെട്ടതിനെയും إِلَيْهِم അവരിലേക്ക് مِّن رَّبِّهِمْ അവരുടെ റബ്ബിങ്കല്‍ നിന്ന് لَأَكَلُوا അവര്‍ തിന്നുക തന്നെ ചെയ്യുമായിരുന്നു مِن فَوْقِهِمْ അവരുടെ മീതെ (മുകള്‍ ഭാഗത്തു) നിന്ന് وَمِن تَحْتِ താഴെ (അടിഭാഗത്തു)നിന്നും أَرْجُلِهِم അവരുടെ കാലുകളുടെ مِّنْهُمْ അവരില്‍ ഉണ്ട് أُمَّةٌ ഒരു സമുദായം (സമൂഹം) مُّقْتَصِدَةٌ മിതത്വം പാലിക്കുന്ന, മദ്ധ്യാവസ്ഥ സ്വീകരിക്കുന്ന وَكَثِيرٌ مِّنْهُمْ അവരില്‍ വളരെ പേര്‍ سَاءَ വളരെ ചീത്ത مَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്

തൗറാത്തിന്റെയും, ഇന്‍ജീലിന്റെയും യഥാര്‍ത്ഥ അധ്യാപനങ്ങളും, ക്വുര്‍ആന്‍ അടക്കം അല്ലാഹു അവതരിപ്പിച്ചിട്ടുള്ള മറ്റു ഗ്രന്ഥങ്ങളുടെ അധ്യാപനങ്ങളും തമ്മില്‍ പൊരുത്തക്കേടോ വൈരുദ്ധ്യമോ ഇല്ല. ഓരോന്നും മറ്റേതിനെ ശക്തിപ്പെടുത്തുകയും സത്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ആ സ്ഥിതിക്ക് ഭേദഗതിയോ മാറ്റത്തിരുത്തലോ കൂടാതെ തൗറാത്തും ഇന്‍ജീലും സ്വീകരിക്കുന്ന പക്ഷം, അവര്‍ ക്വുര്‍ആനിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും വിശ്വസിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല. അങ്ങനെ അവര്‍ ചെയ്തിരുന്നാല്‍, പരലോകത്തുവെച്ച് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്ക് പുറമെ ഇഹലോകത്ത് വെച്ചും അതിന്‍റെ ഫലം അവര്‍ക്ക് അനുഭവപ്പെടുമായിരുന്നുവെന്ന് അല്ലാഹു അറിയിക്കുന്നു. പക്ഷേ, തൗറാത്തിനെയും ഇന്‍ജീലിനെയും മാറ്റിമറിക്കുകയും തോന്നിയതെല്ലാം മതമാക്കുകയുമാണ് അവര്‍ ചെയ്തത്.

മുകള്‍ ഭാഗത്ത് നിന്നും അടിഭാഗത്ത് നിന്നും തിന്നാം എന്ന് പറഞ്ഞതിന്റെ താല്‍പര്യം, ഉപരിഭാഗത്ത് നിന്നുണ്ടാകുന്ന മഴ തുടങ്ങിയ അനുഗ്രഹങ്ങളും, കീഴ്ഭാഗത്തുണ്ടാകുന്ന ഉല്‍പന്നങ്ങളുടെ ആധിക്യം മുതലായ അനുഗ്രഹങ്ങളും അവര്‍ക്ക് ധാരാളം ആസ്വദിച്ചുകൊണ്ടിരിക്കാമെന്നും, അവരുടെ ഐഹിക ജീവിതം ക്ഷേമകരവും സന്തുഷ്ടവുമായിരിക്കുമെന്നുമാകുന്നു. മായം കലരാത്ത സത്യവിശ്വാസവും, സന്മാര്‍ഗനിഷ്ഠയും പുലര്‍ത്തിപ്പോരുന്നവര്‍ക്ക് പാരത്രിക ജീവിതത്തിലെ സുഖസൗകര്യങ്ങള്‍ മാത്രമല്ല, ഐഹിക ജീവിതത്തിലും ക്ഷേമൈശ്വര്യങ്ങള്‍ ലഭിക്കുമാറാകുന്നതാണെന്ന് അല്ലാഹു വേറെ സ്ഥലങ്ങളിലും ഉണര്‍ത്താറുള്ളതാണ്. (അഅ്‌റാഫ് 96; നൂഹ് 10-12 മുതലായവ നോക്കുക.) പക്ഷേ, ഒരു കാലത്തോ, ദേശത്തോ ഉള്ള ജനങ്ങളുടെ ജീവിതം ക്ഷേമകരമായിത്തീര്‍ന്നതു കൊണ്ട് ആ കാലത്തോ ദേശത്തോ ഉള്ളവരൊക്കെ സന്മാര്‍ഗ നിഷ്ഠയുള്ളവരായിരിക്കുമെന്ന് കണക്കാക്കുവാന്‍ നിവൃത്തിയില്ല. കാരണം, തിന്മ മുഖേന മാത്രമല്ല-നന്മ മുഖേനയും അല്ലാഹു ജനങ്ങളെ പരീക്ഷണം നടത്തുന്നതാകുന്നു. وَنَبْلُوكُمْ بِالشَّرِّ وَالْخَيْرِ فِتْنَةً

സത്യവിശ്വാസവും സന്മാര്‍ഗനിഷ്ഠയും പാലിക്കുന്നവര്‍ക്ക് അവരുടെ ഐഹികജീവിതത്തിലും അല്ലാഹു അഭിവൃദ്ധി നല്‍കുമെന്ന തത്വം ബൈബ്‌ളും ഉല്‍ഘോഷിക്കുന്നുണ്ട്. ‘എന്റെ കല്‍പന പ്രമാണിച്ചു അനുസരിച്ചാല്‍ ഞാന്‍ തക്ക സമയത്ത് മഴതരും, ഭൂമി വിളവ് തരും, വൃക്ഷവും ഫലം തരും’ എന്നിങ്ങിനെ വളരെയധികം വാഗ്ദാനങ്ങള്‍ ലേവ്യാ പുസ്തകം 26-ാം അധ്യായത്തിലും, ‘ഞാന്‍ ആജ്ഞാപിക്കുന്ന സകല കല്‍പനകളും അനുസരിച്ചു നടന്നാല്‍ യഹോവ നിന്നെ സര്‍വ്വ ജാതികള്‍ക്കും മീതെയാക്കും, പട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും, വയലില്‍ നീ അനുഗ്രഹിക്കപ്പെടും, ശത്രുക്കളെ നിന്റെ മുമ്പില്‍ തോല്‍ക്കുമാറാക്കും’ എന്നിങ്ങിനെ വളരെ വാഗ്ദാനങ്ങള്‍ ആവര്‍ത്തന പുസ്തകം 28-ാം അധ്യായത്തിലും കാണാം.

വേദക്കാര്‍ മുഴുവനും തൗറാത്തും ഇന്‍ജീലും നിലനിറുത്താതെ-അവയുടെ അധ്യാപനങ്ങള്‍ യഥാവിധി പാലിക്കാതെ- വഴിപിഴച്ചുപോയവരാണെന്ന് പറഞ്ഞുകൂടാ; അവരില്‍ അധികമാളുകളുടെയും സ്ഥിതി അതാണെങ്കിലും അവരില്‍ തന്നെ ചില ആളുകള്‍ സന്മാര്‍ഗത്തില്‍ നിന്ന് വളരെയൊന്നും അകന്നു പോകാത്തവരായി നിലവിലുണ്ട് എന്നത്രെ അവസാനത്തെ രണ്ടു വാക്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ തരക്കാരില്‍പെട്ട ആളുകളായിരിക്കും അവരില്‍ നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ക്വുര്‍ആനിലും വിശ്വസിക്കുവാന്‍ മുമ്പോട്ട് വരുന്നവരെന്നു പറയേണ്ടതില്ല.

വിഭാഗം - 10

5:70
  • يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۚ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ ﴾٧٠﴿
  • ഹേ, റസൂലേ, നിന്റെ റബ്ബിങ്കല്‍നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ എത്തിച്ചു കൊടുക്കുക [പ്രബോധനം ചെയ്യുക]. നീ (അത്) ചെയ്തില്ലെങ്കില്‍, അവന്റെ ദൗത്യം നീ എത്തിച്ചുകൊടുത്തില്ല. അല്ലാഹു മനുഷ്യരില്‍ നിന്ന് നിന്നെ കാത്തു രക്ഷിക്കുന്നതാണ്. നിശ്ചയമായും അല്ലാഹു അവിശ്വാസികളായ ജനങ്ങളെ നേര്‍മാര്‍ഗത്തിലാക്കുകയില്ല.
  • يَا أَيُّهَا الرَّسُولُ ഹേ, റസൂലേ بَلِّغْ നീ എത്തിക്കുക مَا أُنزِلَ إِلَيْكَ നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് وَإِن لَّمْ تَفْعَلْ എന്നാല്‍ നീ ചെയ്തില്ലെങ്കില്‍ فَمَا بَلَّغْتَ നീ എത്തിച്ചില്ല رِسَالَتَهُ അവന്റെ ദൗത്യത്തെ وَاللَّهُ يَعْصِمُكَ അല്ലാഹു നിന്നെ കാക്കും, രക്ഷിക്കും مِنَ النَّاسِ മനുഷ്യരില്‍ നിന്ന് إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَهْدِي നേര്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ ജനങ്ങളെ الْكَافِرِينَ അവിശ്വാസികളായ

അല്ലാഹു നല്‍കിയിട്ടുള്ള സന്ദേശങ്ങളെ മുഴുവനും എതിര്‍പ്പോ, അക്രമമോ ഭയപ്പെടാതെ, സധീരം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കണമെന്നും, അതില്‍ വല്ല വീഴ്ചയും വരുത്തിയാല്‍ അല്ലാഹു ഏല്‍പിച്ച ദൗത്യനിര്‍വ്വഹണത്തിന്റെ കടമ നിറവേറുകയില്ലെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ആജ്ഞാപിക്കുന്നു. ആരുടെ എതിര്‍പ്പും, ശത്രുതയും ഭയപ്പെടേണ്ടതില്ല -ജനങ്ങളില്‍ നിന്നുണ്ടായേക്കുന്ന ആപത്തുകളെല്ലാം ഞാന്‍ കാത്തുകൊള്ളാം- എന്ന് അതോടൊപ്പം അല്ലാഹു ഏറ്റുപറയുകയും ചെയ്യുന്നു.

ഹജ്ജത്തുല്‍ വിദാഇല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത പ്രസിദ്ധമായ പ്രസംഗത്തില്‍ അവിടുന്ന് ജനങ്ങളോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: ‘ഹേ, മനുഷ്യരേ, എന്നെപ്പറ്റി നിശ്ചയമായും നിങ്ങളോട് ചോദിക്കപ്പെടുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്തായിരിക്കും പറയുക?’ ജനങ്ങള്‍ പറഞ്ഞു: ‘അവിടുന്ന് എത്തിച്ചു തരുകയും, നിര്‍വ്വഹിക്കുകയും, ഉപദേശിക്കുകയും ചെയ്തിരിക്കുന്നുവെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കും’. അപ്പോള്‍ തിരുമേനി അവിടുത്തെ ചൂണ്ടാണിവിരല്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും അവരുടെ നേരെ താഴ്ത്തി ആംഗ്യം കാണിക്കുകയും ചെയ്തുകൊണ്ട് മൂന്നു പ്രാവശ്യം ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷ്യം വഹിക്കണേ!’ (മുസ്‌ലിം) ചില വിഷമഘട്ടങ്ങളില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ രക്ഷക്കുവേണ്ടി ചിലര്‍ കാവല്‍ നില്‍ക്കാറുണ്ടായിരുന്ന പതിവ് ഈ വചനം അവതരിച്ചശേഷം അവിടുന്ന് നിറുത്തല്‍ ചെയ്തുവെന്നും, എന്നെ കാത്തുരക്ഷിച്ചുകൊള്ളാമെന്ന് അല്ലാഹു ഏറ്റിട്ടുണ്ട് -എനി പാറാവുകാരുടെ ആവശ്യമില്ല- എന്ന് അവിടുന്ന് പറഞ്ഞുവെന്നും ചില ഹദീഥുകളില്‍ വന്നിട്ടുണ്ട്. അപകടത്തിന്റെ വക്കോളം എത്തിയ എത്രയോ ആപല്‍സന്ധികളില്‍ അത്യാശ്ചര്യമാം വണ്ണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു രക്ഷ നല്‍കപ്പെട്ട സംഭവങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതത്തില്‍ ധാരാളം കാണാവുന്നതാണ്. (അല്‍പം ചില ഉദാഹരണങ്ങള്‍ 12-ാം വചനത്തിന്റെ വിവരണത്തില്‍ കഴിഞ്ഞുപോയിട്ടുണ്ടല്ലോ).

5:71
  • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَسْتُمْ عَلَىٰ شَىْءٍ حَتَّىٰ تُقِيمُوا۟ ٱلتَّوْرَىٰةَ وَٱلْإِنجِيلَ وَمَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِّنْهُم مَّآ أُنزِلَ إِلَيْكَ مِن رَّبِّكَ طُغْيَـٰنًا وَكُفْرًا ۖ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْكَـٰفِرِينَ ﴾٧١﴿
  • (നബിയേ) പറയുക: 'വേദക്കാരേ, നിങ്ങള്‍ യാതൊന്നിലും (തന്നെ) അല്ല, തൗറാത്തും, ഇന്‍ജീലും, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും നിങ്ങള്‍ നിലനിറുത്തുവോളം'. നിന്റെ റബ്ബിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് അവരില്‍ നിന്ന് വളരെ പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുന്നു. അതിനാല്‍, അവിശ്വാസികളായ (ആ) ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടേണ്ടാ.
  • قُلْ നീ പറയുക يَا أَهْلَ الْكِتَابِ വേദക്കാരേ لَسْتُمْ നിങ്ങളല്ല عَلَىٰ شَيْءٍ യാതൊന്നിലും, ഒരു കാര്യത്തിലും حَتَّىٰ تُقِيمُوا നിങ്ങള്‍ നിലനിറുത്തുവോളം التَّوْرَاةَ തൗറാത്തിനെ وَالْإِنجِيلَ ഇന്‍ജീലിനെയും وَمَا أُنزِلَ إِلَيْكُم നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതും مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَلَيَزِيدَنَّ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും كَثِيرًا مِّنْهُم അവരില്‍ നിന്ന് വളരെ പേര്‍ക്കും مَّا أُنزِلَ إِلَيْكَ നിനക്ക് അവതരിപ്പിക്കപ്പെട്ടത് مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്ന് طُغْيَانًا ധിക്കാരം, അതിക്രമം, അതിരുകവിയല്‍ وَكُفْرًا അവിശ്വാസവും فَلَا تَأْسَ അതിനാല്‍ നീ വ്യസനപ്പെടേണ്ടാ, സങ്കടപ്പെടരുത് عَلَى الْقَوْمِ ജനങ്ങളുടെ മേല്‍ الْكَافِرِينَ അവിശ്വാസികളായ

തൗറാത്തും ഇന്‍ജീലും നിലനിര്‍ത്തുന്നത് സംബന്ധിച്ചു 68, 69 വചനങ്ങളുടെയും, ക്വുര്‍ആന്‍ അവര്‍ക്ക് ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുമെന്നതിനെപ്പറ്റി 67-ാം വചനത്തിന്റെയും വ്യാഖ്യാനത്തില്‍ വിവരിച്ചത് ഓര്‍ക്കുക. അവരുടെ കൈവശം തൗറാത്തെന്നും ഇന്‍ജീലെന്നുമുള്ള പേരില്‍ അവര്‍ സ്വീകരിച്ചുവരുന്ന കൃത്രിമ വേദങ്ങളല്ല – യഥാര്‍ത്ഥ തൗറാത്തും ഇന്‍ജീലുമാണ് – ഉദ്ദേശ്യം. അവ ശരിക്കും നിലനിറുത്തുന്ന പക്ഷം അവര്‍ സത്യവിശ്വാസം സ്വീകരിക്കാതിരിക്കയില്ലതാനും. (തൗറാത്തും ഇന്‍ജീലും ബൈബ്‌ളിലുണ്ടെന്ന വാദത്തെപ്പറ്റി 50-ാം വചനത്തിന്റെ വിവരണത്തില്‍ പറഞ്ഞത് ഓര്‍ക്കുക). ‘നിങ്ങള്‍ക്കവതരിപ്പിക്കപ്പെട്ടത്’ എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷ ക്വുര്‍ആനാകുന്നു.

5:72
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلصَّـٰبِـُٔونَ وَٱلنَّصَـٰرَىٰ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٧٢﴿
  • നിശ്ചയമായും, വിശ്വസിച്ചവരും, യഹൂദരായവരും 'സ്വാബിഉ' കളും ക്രിസ്ത്യാനികളും,- (ആരാവട്ടെ, അവരില്‍) ആര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുകയും, സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, എന്നാല്‍ അവരുടെ മേല്‍ യാതൊരു ഭയവുമില്ല, അവര്‍ വ്യസനിക്കുകയുമില്ല.
  • إِنَّ الَّذِينَ آمَنُوا നിശ്ചയമായും വിശ്വസിച്ചവര്‍ وَالَّذِينَ هَادُوا യഹൂദരായവരും وَالصَّابِئُونَ 'സ്വാബിഉ'കളും وَالنَّصَارَىٰ ക്രിസ്ത്യാനികളും مَنْ آمَنَ ആര്‍ വിശ്വസിച്ചു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും وَعَمِلَ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍കര്‍മം فَلَا خَوْفٌ എന്നാല്‍ ഭയമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനിക്കുന്നതുമല്ല

സത്യവിശ്വാസികള്‍ -അഥവാ മുസ്‌ലിംകള്‍, യഹൂദികള്‍, സ്വാബിഉകള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ഏതെങ്കിലും പേരിലുള്ള സമുദായത്തില്‍ പെട്ടവരായതുകൊണ്ട് വിജയവും രക്ഷയും അവരുടെ കുത്തകാവകാശമാകുന്നതല്ല. അല്ലാഹുവിലും അന്ത്യ ദിനത്തിലും ശരിക്ക് വിശ്വസിക്കുകയും, ആ വിശ്വാസത്തില്‍ അധിഷ്ഠിതമായ സല്‍കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നവര്‍ ആരാണോ -അവര്‍ ഏത് സമുദായക്കാരായാലും ശരി- അവര്‍ക്കാണ് രക്ഷയുള്ളത്. അവര്‍ക്കു ഭയമോ വ്യസനമോ ഉണ്ടായിരിക്കുകയില്ല എന്ന് സാരം. ഇത് യഥാര്‍ത്ഥ സത്യവിശ്വാസികളില്‍ മാത്രമേ സാക്ഷാല്‍കൃതമാകുകയുള്ളൂവെന്ന് പറയേണ്ടതില്ലല്ലോ. കാരണം, അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള യഥാര്‍ത്ഥ വിശ്വാസം അവര്‍ക്ക് മാത്രമാണുണ്ടാവുക.

ഈ വിഷയം ഇതേമാതിരി സൂറത്തുല്‍ ബക്വറഃ 62 ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ഈ വിഷയകമായി കൂടുതല്‍ വിശദീകരണങ്ങളും നാം നല്‍കിയിട്ടുണ്ട്. അവിടെ നോക്കുക. ‘മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നൊരു ആകര്‍ഷകമായ പുത്തന്‍ സിദ്ധാന്തം ചില മതമില്ലാ മതക്കാര്‍ പ്രചരിപ്പിക്കാറുണ്ട്. ഈ സിദ്ധാന്തത്തെ അനുകൂലിക്കുമാറുള്ള ചില വ്യാഖ്യാനങ്ങള്‍ ഈ വചനങ്ങള്‍ക്ക് ചില ആളുകള്‍ -അറിഞ്ഞോ അറിയാതെയോ- നല്‍കിക്കാണാറുമുണ്ട്. ഇത് നിരര്‍ത്ഥകവും വാസ്തവ വിരുദ്ധവുമാണെന്നും, ഒരു മുസ്‌ലിമിനും അതിനോട് യോജിക്കുവാന്‍ സാധ്യമല്ലെന്നും അല്‍ബക്വറഃയില്‍ വെച്ചു നാം കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യമായ മതം ഒന്നേയുള്ളൂ – ഇസ്‌ലാം إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ അതല്ലാത്ത മറ്റൊരു മതവും അവങ്കല്‍ സ്വീകാര്യമല്ലതന്നെ وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ

5:73
  • لَقَدْ أَخَذْنَا مِيثَـٰقَ بَنِىٓ إِسْرَٰٓءِيلَ وَأَرْسَلْنَآ إِلَيْهِمْ رُسُلًا ۖ كُلَّمَا جَآءَهُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُهُمْ فَرِيقًا كَذَّبُوا۟ وَفَرِيقًا يَقْتُلُونَ ﴾٧٣﴿
  • ഇസ്‌റാഈല്‍ സന്തതികളുടെ ഉറപ്പ് [കരാര്‍] നാം വാങ്ങുക തന്നെ ചെയ്തിട്ടുണ്ട്. അവരിലേക്ക് നാം റസൂലുകളെ അയക്കുകയും ചെയ്തു. അവരുടെ മനസ്സുകള്‍ ഇച്ഛിക്കാത്ത കാര്യവുമായി ഓരോ റസൂല്‍ അവരില്‍ ചെല്ലുമ്പോഴൊക്കെയും ഒരു വിഭാഗത്തെ അവര്‍ വ്യാജമാക്കുകയായി, (വേറെ) ഒരു വിഭാഗത്തെ അവര്‍ കൊലപ്പെടു ത്തുകയും ചെയ്തിരുന്നു!
  • لَقَدْ أَخَذْنَا തീര്‍ച്ചയായും നാം വാങ്ങി مِيثَاقَ ഉറപ്പ്, കരാര്‍ بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളുടെ وَأَرْسَلْنَا നാം അയക്കുകയും ചെയ്തു إِلَيْهِمْ അവരിലേക്ക് رُسُلًا റസൂലുകളെ كُلَّمَا جَاءَهُمْ അവര്‍ക്ക് വരു(ചെല്ലു)മ്പോഴെല്ലാം رَسُولٌ ഒരു റസൂല്‍ بِمَا لَا تَهْوَىٰ ഇച്ഛിക്കാത്തതുമായി, ഇഷ്ടപ്പെടാത്തതും കൊണ്ട് أَنفُسُهُمْ അവരുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍) فَرِيقًا ഒരു വിഭാഗത്തെ, സംഘത്തെ كَذَّبُوا അവര്‍ വ്യാജമാക്കി, കളവാക്കുകയായി وَفَرِيقًا ഒരു വിഭാഗത്തെ يَقْتُلُونَ അവര്‍ കൊലപ്പെടുത്തുകയും ചെയ്യുന്നു (ചെയ്തിരുന്നു)
5:74
  • وَحَسِبُوٓا۟ أَلَّا تَكُونَ فِتْنَةٌ فَعَمُوا۟ وَصَمُّوا۟ ثُمَّ تَابَ ٱللَّهُ عَلَيْهِمْ ثُمَّ عَمُوا۟ وَصَمُّوا۟ كَثِيرٌ مِّنْهُمْ ۚ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ ﴾٧٤﴿
  • ഒരു പരീക്ഷണവും (അഥവാ കുഴപ്പവും) ഉണ്ടാകുകയില്ലെന്ന് അവര്‍ കണക്കുകൂട്ടി; അങ്ങനെ, അവര്‍ അന്ധരാവുകയും, ബധിര രാവുകയും ചെയ്തു. പിന്നീട്, അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. പിന്നെ (വീണ്ടും) അവര്‍-അവരില്‍ വളരെ ആളുകള്‍-അന്ധരും ബധിരരുമായി. അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചു വരുന്നതിനെപ്പറ്റി കണ്ടറിയുന്നവനത്രെ.
  • وَحَسِبُوا അവര്‍ കണക്കുകൂട്ടി, ധരിച്ചു, വിചാരിച്ചു أَلَّا تَكُونَ ഉണ്ടാകുകയില്ലെന്ന് فِتْنَةٌ പരീക്ഷണം, കുഴപ്പം فَعَمُوا അങ്ങനെ അവര്‍ അന്ധരായി, അവര്‍ക്ക് അന്ധതയായി وَصَمُّوا അവര്‍ ബധിരരുമായി, ബധിരത ബാധിച്ചു ثُمَّ تَابَ പിന്നെ മടങ്ങി (പശ്ചാത്താപം സ്വീകരിച്ചു) اللَّهُ അല്ലാഹു عَلَيْهِمْ അവരുടെ ثُمَّ عَمُوا പിന്നീട് അവര്‍ അന്ധരായി وَصَمُّوا അവര്‍ ബധിരരുമായി كَثِيرٌ مِّنْهُمْ അവരില്‍ നിന്നു വളരെ (ആളുകള്‍) وَاللَّهُ അല്ലാഹുവാകട്ടെ بَصِيرٌ കണ്ടറിയുന്നവനാണ് بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ആദ്യത്തെ ആയത്തില്‍ പ്രസ്താവിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പലപ്പോഴും വിവരിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ വിശേഷിച്ചൊന്നും പറയേണ്ടതില്ല. രണ്ടാമത്തെ ആയത്തിന്റെ സാരം ഇങ്ങിനെ വിവരിക്കാം: മോക്ഷവും വിജയവും തങ്ങളുടെ കുത്തകയായിക്കരുതിയ അവര്‍ തങ്ങള്‍ എന്തു നിലപാട് സ്വീകരി ച്ചാലും അല്ലാഹുവിന്റെ ഭാഗത്തു നിന്ന് തങ്ങള്‍ക്ക് ഒരു പരീക്ഷണവും കുഴപ്പവും നേരിടേണ്ടി വരികയില്ലെന്ന് ധരിച്ചുവശായി. അങ്ങനെ, സത്യവും സന്മാര്‍ഗവും നോക്കിക്കാണാതെയും, പ്രവാചകന്മാരുടെ സത്യോപദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെയും തോന്നിയവാസത്തില്‍ മുഴുകി. അപ്പോള്‍, അല്ലാഹു അവരില്‍ ചില പരീക്ഷണങ്ങളും ശിക്ഷാ നടപടികളും ഏര്‍പ്പെടുത്തി. പിന്നീട് അവരില്‍ പശ്ചാത്താപം ഉണ്ടായിത്തീരുകയും അല്ലാഹു അത് സ്വീകരിക്കുകയും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും അവരുടെ മട്ടുമാറി. പഴയപടി തന്നെ അന്ധരും ബധിരരുമായിത്തീര്‍ന്നു. ചുരുക്കം ആളുകള്‍ ഇതില്‍നിന്ന് ഒഴിവാണെങ്കിലും മിക്കവരുടെയും സ്ഥിതി ഇതായിരുന്നു. എല്ലാം അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്, വഴിയെ തക്ക നടപടി അവന്‍ എടുക്കുക തന്നെ ചെയ്യും.

ഇസ്‌റാഈല്യരുടെ ചരിത്രത്തില്‍, അവര്‍ വമ്പിച്ച പരീക്ഷണങ്ങള്‍ക്ക് വിധേയരാകുകയും, അവരില്‍ തോന്നിയവാസവും ദുര്‍ന്നടപ്പും പടര്‍ന്നു പിടിക്കുകയും ചെയ്ത ഘട്ടങ്ങള്‍ പലതും കഴിഞ്ഞു പോയിട്ടുള്ളതുകൊണ്ട് ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ട ആ രണ്ടു ഘട്ടങ്ങള്‍ അവയില്‍ ഏതാണെന്ന് ഉറപ്പു പറയുക സാധ്യമല്ല. അവരുടെ അക്രമം മുഴുത്തുകൊണ്ടിരുന്ന ഒരു കാലത്ത് ബാബിലോണിയായിലെ ബുഖ്ത്തുനസ്സര്‍ (നെബുഖേദ് നേസര്‍) രാജാവ് ബൈത്തുല്‍ മുക്വദ്ദസിനെ ആക്രമിച്ചു നശിപ്പിക്കുകയും, യഹൂദികളെ കൂട്ടത്തോടെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോകുകയും ഉണ്ടായി. കുറെ കൊല്ലങ്ങള്‍ക്ക് ശേഷം അവരുടെ സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടായിത്തീരുകയും, അവര്‍ക്ക് മോചനം ലഭിക്കുകയും ചെയ്തു. പിന്നെയും അവരുടെ നില ദുഷിച്ചു വഷളായിത്തീരുകയാണുണ്ടായത്. ഒരു പക്ഷേ – ചില വ്യാഖ്യാ താക്കള്‍ പറയുന്നതു പോലെ – ഈ സംഭവങ്ങളായിരിക്കാം ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിന്നറിയാം. ഈ സംഭവങ്ങളെപ്പറ്റി കൂടുതല്‍ വിവരം സൂറത്തു ബനൂഇസ്‌റാഈലില്‍ വരുന്നതാണ്. ان شاء لله

5:75
  • لَقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ هُوَ ٱلْمَسِيحُ ٱبْنُ مَرْيَمَ ۖ وَقَالَ ٱلْمَسِيحُ يَـٰبَنِىٓ إِسْرَٰٓءِيلَ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ ۖ إِنَّهُۥ مَن يُشْرِكْ بِٱللَّهِ فَقَدْ حَرَّمَ ٱللَّهُ عَلَيْهِ ٱلْجَنَّةَ وَمَأْوَىٰهُ ٱلنَّارُ ۖ وَمَا لِلظَّـٰلِمِينَ مِنْ أَنصَارٍ ﴾٧٥﴿
  • 'നിശ്ചയമായും, അല്ലാഹു തന്നെയാണ് മര്‍യമിന്റെ മകന്‍ മസീഹ്' എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു. 'ഇസ്‌റാഈല്‍ സന്തതികളേ, നിങ്ങള്‍ എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അല്ലാഹുവിനെ ആരാധിക്കണം' എന്ന് മസീഹ് പറയുകയും ചെയ്തിരിക്കുന്നു. [എന്നിട്ടും അവരത് പറഞ്ഞുണ്ടാക്കി,] നിശ്ചയമായും, കാര്യം: അല്ലാഹുവിനോട് ആരെങ്കിലും പങ്ക് ചേര്‍ക്കുന്ന പക്ഷം, തീര്‍ച്ചയായും അവന്റെ പേരില്‍ അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു; അവന്റെ സങ്കേതം നരകവുമായിരിക്കും. അക്രമികള്‍ക്ക് സഹായികളായി (ആരും) ഇല്ലതാനും.
  • لَقَدْ كَفَرَ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا പറഞ്ഞവര്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു هُوَ അവന്‍ തന്നെ الْمَسِيحُ ابْنُ مَرْيَمَ മര്‍യമിന്റെ മകന്‍ മസീഹ് وَقَالَ الْمَسِيحُ മസീഹ് പറയുകയും ചെയ്തിരിക്കുന്നു, പറഞ്ഞിരിക്കുന്നു താനും يَا بَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികളേ اعْبُدُوا اللَّهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ رَبِّي وَرَبَّكُمْ എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ إِنَّهُ നിശ്ചയമായും അത് (കാര്യം) مَن يُشْرِكْ ആര്‍ പങ്കുചേര്‍ക്കുന്നുവോ بِاللَّهِ അല്ലാഹുവില്‍ فَقَدْ حَرَّمَ എന്നാല്‍ തീര്‍ച്ചയായും നിഷിദ്ധമാക്കിയിരിക്കുന്നു اللَّهُ അല്ലാഹു عَلَيْهِ അവന്റെ മേല്‍ الْجَنَّةَ സ്വര്‍ഗം وَمَأْوَاهُ അവന്റെ പ്രാപ്യസ്ഥാനം, സങ്കേതം النَّارُ നരക(വു)മാകുന്നു وَمَا لِلظَّالِمِينَ അക്രമികള്‍ക്കില്ലതാനും مِنْ أَنصَارٍ സഹായികളായിട്ട് (ആരും)
5:76
  • لَّقَدْ كَفَرَ ٱلَّذِينَ قَالُوٓا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۘ وَمَا مِنْ إِلَـٰهٍ إِلَّآ إِلَـٰهٌ وَٰحِدٌ ۚ وَإِن لَّمْ يَنتَهُوا۟ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ ﴾٧٦﴿
  • 'നിശ്ചയമായും, അല്ലാഹു മൂന്നില്‍ [മൂന്ന് ദൈവങ്ങളില്‍] ഒരുവനാകുന്നു'വെന്നു പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കു ന്നു. ഒരേ ഒരു ആരാധ്യനല്ലാതെ (വേറെ) ഒരാരാധ്യനും ഇല്ല താനും, അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അവര്‍ വിരമിക്കുന്നില്ലെ ങ്കില്‍, അവരില്‍ നിന്ന് അവിശ്വസിച്ചവരെ വേദനയേറിയ ശിക്ഷ ബാധി ക്കുക തന്നെ ചെയ്യും.
  • لَّقَدْ كَفَرَ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു الَّذِينَ قَالُوا പറഞ്ഞവര്‍ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു ثَالِثُ ثَلَاثَةٍ മൂന്നില്‍ മൂന്നാമനാണ് (ഒരാളാണ്) وَمَا مِنْ إِلَٰهٍ ഒരു ആരാധ്യനും ഇല്ല താനും إِلَّا إِلَٰهٌ وَاحِدٌ ഒരേ ഒരാരാധ്യനല്ലാതെ وَإِن لَّمْ يَنتَهُوا അവര്‍ വിരമിക്കു (ഒഴിവാകു)ന്നില്ലെങ്കില്‍ عَمَّا يَقُولُونَ അവര്‍ പറയുന്നതില്‍ നിന്ന് لَيَمَسَّنَّ നിശ്ചയമായും സ്പര്‍ശിക്കും, ബാധിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവരെ مِنْهُمْ അവരില്‍ നിന്ന് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ
5:77
  • أَفَلَا يَتُوبُونَ إِلَى ٱللَّهِ وَيَسْتَغْفِرُونَهُۥ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٧٧﴿
  • അപ്പോള്‍, അവര്‍ അല്ലാഹുവിങ്കലേക്ക് (ഖേദിച്ചു) മടങ്ങുകയും, അവര്‍ക്ക് അവനോട് പാപമോചനം തേടുകയും ചെയ്തുകൂടേ? അല്ലാഹുവാകട്ടെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
  • أَفَلَا يَتُوبُونَ അപ്പോള്‍ അവര്‍ പശ്ചാത്തപിക്കുന്നില്ലേ إِلَى اللَّهِ അല്ലാഹുവിങ്ക ലേക്ക് وَيَسْتَغْفِرُونَهُ അവനോട് അവര്‍ പാപമോചനം തേടുകയും وَاللَّهُ അല്ലാഹുവാകട്ടെ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

എന്റെയും നിങ്ങളുടെയുമെല്ലാം റബ്ബാകുന്നു അല്ലാഹു, അവന്‍ മാത്രമേ ആരാധ്യനും ദൈവവുമായുള്ളൂ. അവനെ മാത്രമേ ആരാധിക്കാവൂ, അവനോട് വല്ലതിനെയും പങ്ക് ചേര്‍ക്കുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധവും നരകം ആധാരവുമായിരിക്കും എന്നിങ്ങ നെയുള്ള യഥാര്‍ത്ഥ തൗഹീദിലേക്കായിരുന്നു മസീഹാകുന്ന ഈസാ (عليه السلام) ഇസ്‌റാ ഈല്യരെ ക്ഷണിച്ചു കൊണ്ടിരുന്നത്. എന്നിട്ടും അവരില്‍ ഒരു കൂട്ടര്‍, അല്ലാഹുവാകുന്ന ദൈവം തന്നെയാണ് അദ്ദേഹം എന്ന് പറഞ്ഞു അദ്ദേഹത്തെ ദൈവമാക്കുകയാണ് ചെയ്തത്. വേറൊരു കൂട്ടര്‍ (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങിനെ) മൂന്നു ആളുകള്‍-ത്രിഭൂതങ്ങള്‍-ചേര്‍ന്നതാണ് സാക്ഷാല്‍ ദൈവമെന്നും അവയില്‍ ഒന്നാണ് (പിതാവായ) അല്ലാഹു എന്നും പറഞ്ഞുണ്ടാക്കി. ഈ രണ്ടു കൂട്ടരും തനി അവിശ്വാസികളാകുന്നു. വല്ല ദുര്‍വ്യാഖ്യാനങ്ങളുടെയും മറവ് പിടിച്ചു കൊണ്ട് ആ വാദങ്ങളില്‍ ഉറച്ചു നില്‍ക്കാതെ, അത്തരം ദുര്‍വാദങ്ങളില്‍നിന്ന് വിരമിച്ചു പശ്ചാത്തപിക്കുന്ന പക്ഷം അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും. ഇല്ലാത്ത പക്ഷം, അതി കഠിനമായ ശിക്ഷയായിരിക്കും അവരുടെ അനുഭവം എന്നിപ്രകാരമാണ് ഈ വചനങ്ങളുടെ സാരം.

ഈ വചനത്തിലും അടുത്ത വചനത്തിലുമായി ഈസാ നബി (عليه السلام) യെയും, ക്രിസ്ത്യാനികളെയും സംബന്ധിച്ച് അല്ലാഹു പ്രസ്താവിച്ച യാഥാര്‍ത്ഥ്യങ്ങള്‍ അത്രയും ക്രിസ്ത്യാനികള്‍ക്കുപോലും നിഷേധിക്കുവാന്‍ കഴിയാത്തവിധം അവരുടെ പ്രമാണങ്ങളില്‍ തന്നെ ഇന്നും ഒളിഞ്ഞു കിടപ്പുണ്ടെന്ന് അടുത്ത വചനത്തിന്റെ വിവര ണത്തില്‍ കാണാവുന്നതാണ്. إِنْ شَاءَ اللَّهُ

المسيح (മസീഹ്) എന്നു ഈസാ നബി (عليه السلام) ക്ക് പറയപ്പെടുവാനുള്ള കാരണവും, അതിന്റെ അര്‍ത്ഥവും സംബന്ധിച്ചു ആലു ഇംറാന്‍ 45-ന്റെ വ്യാഖ്യാനത്തിലും മറ്റും മുമ്പ് നാം വിവരിച്ചിരിക്കുന്നു. ثَالِثُ ثَلاثَةٍ എന്ന വാക്കിന്‍റെ നേരെ അര്‍ത്ഥം ‘മൂന്നില്‍ മൂന്നാമന്‍’ എന്നത്രെ. മൂന്നില്‍ ഒരാള്‍ എന്നാണ് ഉദ്ദേശ്യം. ‘നാലില്‍ ഒരാള്‍, അഞ്ചില്‍ ഒരാള്‍’ എന്നീ അര്‍ത്ഥങ്ങളില്‍ رابع اربعة، خامس خمسة (നാലില്‍ നാലാമന്‍, അഞ്ചില്‍ അഞ്ചാമന്‍) എന്നിങ്ങിനെയുള്ള പ്രയോഗം അറബി ഭാഷയിലെ ഒരു ശൈലിയാകുന്നു. ഈ വചനങ്ങളിലെ പരാമര്‍ശ വിഷയങ്ങളെപ്പറ്റി-ക്രിസ്ത്യാനികളുടെ ത്രിയേകത്വ വാദം മുതലായവയെപ്പറ്റി- സൂറത്തുന്നിസാഉ് 171-ാം വചനത്തിന്‍റെ വിവരണത്തിലും മറ്റുമായി സവിശദം സംസാരിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതാവര്‍ത്തിക്കേതില്ല.

5:78
  • مَّا ٱلْمَسِيحُ ٱبْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّيقَةٌ ۖ كَانَا يَأْكُلَانِ ٱلطَّعَامَ ۗ ٱنظُرْ كَيْفَ نُبَيِّنُ لَهُمُ ٱلْـَٔايَـٰتِ ثُمَّ ٱنظُرْ أَنَّىٰ يُؤْفَكُونَ ﴾٧٨﴿
  • മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു റസൂല്‍ (ദൈവ ദൂതന്‍) അല്ലാതെ (മറ്റൊന്നും) അല്ല. അദ്ദേഹത്തിനു മുമ്പ് റസൂലുകള്‍ (പലരും) കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ, ഒരു സത്യസന്ധ(യായ സ്ത്രീ)യുമാകുന്നു. രണ്ടു പേരും ഭക്ഷണം കഴിക്കുമായിരുന്നു. നോക്കുക: ദൃഷ്ടാന്തങ്ങളെ അവര്‍ക്ക് നാം എപ്രകാരം വിവരിച്ചു കൊടുക്കുന്നുവെന്ന്! (എന്നിട്ട്) പിന്നെ നോക്കുക; അവര്‍ (സത്യത്തില്‍ നിന്ന്) എങ്ങിനെ തെറ്റിക്കപ്പെടുന്നുവെന്ന്!
  • مَّا الْمَسِيحُ മസീഹല്ല ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ إِلَّا رَسُولٌ ഒരു റസൂല(ദൂതന) ല്ലാതെ قَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് مِن قَبْلِهِ അദ്ദേഹത്തിന്‍റെ മുമ്പ് الرُّسُلُ റസൂലുകള്‍, ദൂതന്മാര്‍ وَأُمُّهُ അദ്ദേഹത്തിന്‍റെ മാതാവ്, ഉമ്മയാകട്ടെ صِدِّيقَةٌ ഒരു സത്യസന്ധയാകുന്നു كَانَا അവര്‍ രണ്ടാളുമായിരുന്നു يَأْكُلَانِ തിന്നു(കഴിക്കു)മായിരുന്നു الطَّعَامَ ഭക്ഷണം انظُرْ നോക്കുക كَيْفَ എങ്ങിനെ, എപ്രകാരമാണ് نُبَيِّنُ നാം വിവരിച്ചു കൊടുക്കുന്നു, വ്യക്തമാക്കുന്നത് لَهُمُ അവര്‍ക്ക് الْآيَاتِ ദൃഷ്ടാന്തങ്ങളെ ثُمَّ انظُرْ പിന്നെ നോക്കുക أَنَّىٰ എങ്ങിനെ يُؤْفَكُونَ അവര്‍ തെറ്റിക്കപ്പെടുന്നു എന്ന് !

ഈസാമസീഹ് (عليه السلام) വരുന്നതിനു മുമ്പ് ഈ ഭൂമിയില്‍ വളരെ റസൂലുകള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരാരും ദൈവമായിരുന്നില്ല. അങ്ങിനെ അവര്‍ വാദിച്ചിട്ടുമില്ല. അവരെപ്പോലെ ഒരു റസൂല്‍ മാത്രമാണ് ഈസാ മസീഹും. എന്നിരിക്കെ, അദ്ദേഹം മാത്രം എങ്ങിനെ ഒരു ദൈവമാകും?! അദ്ദേഹത്തിനു പിതാവില്ലെന്നത് ശരി, എന്നാലും ഒരു മാതാവില്‍ നിന്നാണദ്ദേഹം ജനിച്ചത്. ആ മാതാവാകട്ടെ, സത്യസന്ധയായ ഒരു ഉത്തമ വനിതയായിരുന്നു. ദിവ്യത്വമുള്ള ആളായിരുന്നില്ല. രണ്ടാളും മനുഷ്യസൃഷ്ടികളാ യിരുന്നുവെന്നുള്ളതിന് മതിയായ തെളിവാണല്ലോ അവര്‍ രണ്ടാളും ഭക്ഷണത്തിന്‍റെ ആവശ്യമുള്ളവരും, അതു കഴിച്ചു ജീവിച്ചിരുന്നവരുമാണെന്നുള്ളത്. ഇത്രയും സ്പഷ്ടമായ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നിട്ടും, അവ വേണ്ടതുപോലെ വിവരിച്ചു കൊടുത്തിട്ടും ക്രിസ്ത്യാനികള്‍ സത്യത്തില്‍ നിന്ന് തെറ്റിപ്പോകുന്നത് നോക്കൂ! ആശ്ചര്യം തന്നെ! എന്നു സാരം.

ഈസാ (عليه السلام) ഒരു മനുഷ്യന്‍ തന്നെയായിരുന്നു; മറ്റു റസൂലുകളെപ്പോലെ അദ്ദേഹവും ജനങ്ങളെ ഉപദേശിച്ചത് തൗഹീദായിരുന്നു; അദ്ദേഹം ദൈവമാണെന്നോ, മുക്കൂട്ടു ദൈവങ്ങളില്‍ ഒന്നാണെന്നോ, ദൈവപുത്രനാണെന്നോ ഉള്ള ശിര്‍ക്കുവാദങ്ങളൊക്കെ പിന്നീടുണ്ടായിത്തീര്‍ന്നതാണ്; അദ്ദേഹവും അദ്ദേഹത്തിന്‍റെ മാതാവും എല്ലാ മനുഷ്യരെയും പോലെ ഭക്ഷണം, വെള്ളം, വായു, ഉറക്കം പോലെയുള്ള മനുഷ്യ പ്രകൃതങ്ങളായ ആവശ്യങ്ങള്‍ ഉള്ളവരായിരുന്നു എന്നിങ്ങിനെയുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ക്രിസ്ത്യാ നികളുടെ വേദപ്രമാണങ്ങളില്‍ തന്നെ ഇന്നും കാണാവുന്നതാണ്. പക്ഷേ, ഈസാ (عليه السلام) നെക്കുറിച്ചു ക്രിസ്തീയ നേതാക്കളും സഭകളും കെട്ടിച്ചമച്ചുണ്ടാക്കിയ പുതിയ സിദ്ധാന്തങ്ങളും, അവക്കൊപ്പിച്ചുകൊണ്ടുള്ള അവരുടെ ദുര്‍വ്യാഖ്യാനങ്ങളും അവയില്‍ കൂടുതല്‍ സ്ഥലം പിടിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ടും, വേദപ്രമാണങ്ങളിലെ സത്യപ്രസ്താവനകളുടെ നേരെ അവരുടെ പണ്ഡിത വിഭാഗം ഒരു കണ്ണടക്കല്‍ നയം സ്വീകരിച്ചു വരുന്നതു കൊണ്ടും ആ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ക്രിസ്തീയ ബഹുജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നില്ല. ഇതാണ് പരമാര്‍ത്ഥം. ക്രിസ്തീയ വേദ പ്രമാണങ്ങളില്‍ ഏറ്റവും പ്രധാനമായവ പുതിയ നിയമത്തിലെ നാല് സുവിശേഷ പുസ്തകങ്ങളാണല്ലോ. അവയിലും, അവരുടെ ആധികാരിക ഗ്രന്ഥങ്ങളായ മറ്റു ചിലതിലും ഇതിന് പല തെളിവുകളും കാണാം.

പിശാചും യേശുവും തമ്മില്‍ നടന്ന ഒരു വാഗ്വാദത്തില്‍ യേശു പിശാചിനോട്: ‘സാത്താനേ, എന്നെ വിട്ടു പോ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ’ എന്നു പറഞ്ഞുവെന്നും, അപ്പോള്‍ പിശാച് അവനെ വിട്ടുപോയി എന്നും, മത്തായി (അ: 4ല്‍ 10, 11) ഉദ്ധരിക്കുന്നു. എല്ലാറ്റിലുംവെച്ചു മുഖ്യ കല്‍പന ഏതെന്ന് ഒരു ശാസ്ത്രിയുടെ ചോദ്യത്തിന് യേശു പറഞ്ഞ മറുപടി മാര്‍ക്കോസ് ഇങ്ങിനെ ഉദ്ധരിക്കുന്നു: ‘എല്ലാറ്റിലും മുഖ്യ കല്പനയോ? യിസ്രായേലേ, കേള്‍ക്ക: നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവ്. നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും, പൂര്‍ണാത്മാവോടും, പൂര്‍ണ മനസ്സോടുംകൂടെ സ്‌നേഹിക്കണം എന്നാകുന്നു (മാര്‍ക്കോസു അ:12 ല്‍ 29,30 ഈ വിവരം ഇപ്രകാരം ലൂക്കോസിലും (അ:10 ല്‍ 26, 27) കാണാവുന്നതാണ്.

വേദപുസത്ക നിഘണ്ടു പറയുന്നത് നോക്കുക: ‘ആദ്യത്തെ (മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നീ) മൂന്നു സുവിശേഷങ്ങളില്‍ യേശു യഥാര്‍ത്ഥ മനുഷ്യത്വമുള്ളവനാണെന്ന് കാണുന്നു. അവന്‍ ശരീരത്തിലും ബുദ്ധിയിലും സ്വാഭാവികമായി വളര്‍ച്ച പ്രാപിച്ചു. വിശപ്പും ദാഹവും അനുഭവിച്ചു. ഉപദ്രവങ്ങള്‍ സഹിച്ചു. സന്തോഷം, ദുഃഖം, സ്‌നേഹം, കോപം ആദിയായവ എല്ലാ മനുഷ്യരെയും പോലെ അവനുമുണ്ടായിരുന്നു. സാധാരണ മനുഷ്യരെക്കാളും ജ്ഞാനിയായിരുന്നുവെങ്കിലും സര്‍വ്വജ്ഞത ഉണ്ടായി രുന്നില്ല….അത്തിവൃക്ഷത്തില്‍ ഫലമുണ്ടായിരിക്കുമെന്ന് വിചാരിച്ചു ചെന്ന് നോക്കുമ്പോള്‍ ഫലമുണ്ടായിരുന്നില്ല. അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങള്‍ സ്വന്തം ശക്തിയാലല്ല, ദൈവ വിശ്വാസത്താലാണ് ചെയ്തതെന്നു വിചാരിപ്പാന്‍ ന്യായമുണ്ട്, യേശു അവതാര പുരുഷനായി വന്നപ്പോള്‍ അവനു മനുഷ്യ ചിത്തവും ദൈവ ചിത്തവും എന്നിങ്ങനെ രണ്ടു ചിത്തങ്ങള്‍ (മനസ്സുകള്‍) ഉണ്ടായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതിന് ഈ (മൂന്നു) സുവിശേഷങ്ങളില്‍ യാതൊരു ആധാരവുമില്ല’. (പുറം. 413, 414). (*)


(*) യേശുക്രിസ്തുവിന്‍റെ തത്വത്തെ സംബന്ധിച്ച് പുതിയ നിയമത്തിലുള്ള സിദ്ധാന്തങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ വേദപുസ്തക നിഘണ്ടുവില്‍(പുറം 413 – 420) ഒരു വലിയ ഉപന്യാസമുണ്ട്. അതില്‍നിന്നുള്ളതാണ് ഈ ഉദ്ധരണി. യേശു ആര്‍? അവനും പിതാവും (സാക്ഷാല്‍ ദൈവവും) തമ്മിലും, അവനും മനുഷ്യരും തമ്മിലും ബന്ധമെന്ത്? എന്നു തുടങ്ങിയ വിഷയങ്ങളെപ്പറ്റി വ്യക്തമായി അറിയുവാന്‍ അതിങ്ങിനെ വിഭജിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ട് ആദ്യം അവയെ ആദ്യത്തെ മൂന്നു സുവിശേഷങ്ങളിലെയും, അപ്പോസ്തല ഉപദേശത്തിലെയും, പൗലോസിന്‍റെ ലേഖനത്തിലെയും, എബ്രായ ലേഖനത്തിലെയും, വെളിപാട് പുസ്തകത്തിലെയും യോഹന്നാന്‍റെ സുവിശേഷത്തിലെയും സിദ്ധാന്തങ്ങള്‍ എന്നിങ്ങിനെ ആറുതരം സിദ്ധാന്തങ്ങളായി നിഘണ്ടു വേര്‍തിരിച്ചിരിക്കുന്നു. അവസാനം ഏഴാമതായി നിഘണ്ടുവിന്‍റെ സ്വന്തം വകയായി ഒരു ‘സമാപന’ത്തോടുകൂടിയാണ് ഉപന്യാസം മുഴുമിക്കുന്നത്. ഈ ഉപന്യാസം ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക്-ക്രിസ്തീയ പക്ഷപാത രോഗം പിടിപെടാത്തപക്ഷം-പലതും അതില്‍ നിന്നു മനസ്സിലാക്കുവാന്‍ സാധിക്കും. ഉദാഹരണമായി:-

(1) നിഘണ്ടു വിവരിച്ച ആറില്‍ ഓരോ ഇനം സിദ്ധാന്തങ്ങളും തമ്മില്‍ അന്യോന്യം പല തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ കാണാം.

(2) ഇന്നു ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലവിലുള്ള പല വിശ്വാസ സിദ്ധാന്തങ്ങള്‍ക്ക് കടക വിരുദ്ധമായിട്ടാണ് അവയില്‍ മിക്കതും ഉള്ളത്.

(3) പ്രസ്തുത വൈരുദ്ധ്യങ്ങളെയും പൊരുത്തക്കേടുകളെയും കഴിവതും ഇണക്കി യോജിപ്പിക്കുവാന്‍ വേണ്ടിയുള്ള നിഘണ്ടു വിന്‍റെ ഒരു ശ്രമം മാത്രമാണ് അതിന്‍റെ വകയായി കൊടുത്ത ആ സമാപനം. അതില്‍ നിഘണ്ടുവിന് വിജയം അവകാശപ്പെടാന്‍ കഴിഞ്ഞിട്ടുമില്ല.

(4) ക്രിസ്തീയ വേദ പുസ്തകങ്ങളില്‍ പല നിലക്കും കൂടുതല്‍ പ്രാധാന്യമുള്ള ആദ്യത്തെ മൂന്നു സുവിശേഷങ്ങളുടെയും ഏകോപിച്ച അഭിപ്രായമാണ് മുകളില്‍ കണ്ട ഉദ്ധരണി. നാലാമത്തെ സുവിശേഷമാകുന്ന യോഹന്നാന്‍റെ ഗ്രന്ഥത്തില്‍ യേശു ക്രിസ്തുവിനു ദൈവത്വവും, ദൈവ പുത്രത്വവും കല്‍പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു മൂന്നു സുവിശേഷങ്ങളിലെ ഉള്ളടക്കങ്ങള്‍ക്കാണ് വില കല്‍പിക്കേണ്ട തെന്ന് ക്രിസ്തീയ ഗ്രന്ഥങ്ങളില്‍ നിന്നു തന്നെ മനസ്സിലാക്കാം.

(5) അതുകൊണ്ടു തന്നെയാണ്-ആറുതരം സിദ്ധാന്തങ്ങളില്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ നല്‍കാതെ-പുതിയ നിയമത്തിലെ സുവിശേഷമല്ലാത്ത ചില ലേഖനങ്ങളിലെ സിദ്ധാന്തങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് യോഹന്നാന്‍റെ സുവിശേഷത്തെ ആറാം സ്ഥാനത്താക്കി തരം താഴ്ത്തിയതും. [ഈ സുവിശേഷത്തിന്‍റെ കര്‍ത്താവ് ആരെന്നും, ഇതിലുള്ളത് യഥാര്‍ത്ഥ സംഭവങ്ങളാണോ എന്നും, ഇതില്‍ പറയുന്ന യേശു അപ്രകാരമുള്ളവന്‍തന്നെയാണോ എന്നും മറ്റും പല തര്‍ക്കങ്ങള്‍ മുമ്പും ഇപ്പോഴും ഉണ്ടെന്നും, (പേജ് 430) ആദ്യത്തെ മൂന്നു സുവിശേഷങ്ങളും യേശുവിന്‍റെ ചരിത്രം വാമൊഴിയായി അവരവര്‍ കേട്ട് രചിച്ചതാണെന്നും, യേശുക്രിസ്തു ദൈവ പുത്രനാണെന്ന് തെളിയിക്കുവാന്‍ വേണ്ടി വേറൊരു സുവിശേഷം എഴുതിയുണ്ടാക്കുകയാണ് യോഹന്നാന്‍ ചെയ്തിരിക്കുന്നത് എന്നും (പേജ് 498) നിഘണ്ടു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.]

5:79
  • قُلْ أَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَٱللَّهُ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٧٩﴿
  • നീ പറയുക: 'നിങ്ങള്‍ക്ക് വല്ല ഉപ്ര ദവ ത്തിനാകട്ടെ ഉപകാര ത്തിനാ കട്ടെ കഴിയാത്തതിനെ അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്നുവോ?! അല്ലാഹുതന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമായുള്ളവന്‍'.
  • قُلْ നീ പറയുക أَتَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നുവോ مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ مَا لَا يَمْلِكُ സ്വാധീനമാക്കുന്നില്ലാത്ത (കഴിയാത്ത)തിനെ لَكُمْ നിങ്ങള്‍ക്ക് ضَرًّا ഉപദ്രവത്തിന് وَلَا نَفْعًا ഉപകാരത്തിനും ഇല്ലാത്ത وَاللَّهُ അല്ലാഹുതന്നെ هُوَ السَّمِيعُ (എല്ലാം) കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍, അറിയുന്നവനായ
5:80
  • قُلْ يَـٰٓأَهْلَ ٱلْكِتَـٰبِ لَا تَغْلُوا۟ فِى دِينِكُمْ غَيْرَ ٱلْحَقِّ وَلَا تَتَّبِعُوٓا۟ أَهْوَآءَ قَوْمٍ قَدْ ضَلُّوا۟ مِن قَبْلُ وَأَضَلُّوا۟ كَثِيرًا وَضَلُّوا۟ عَن سَوَآءِ ٱلسَّبِيلِ ﴾٨٠﴿
  • നീ പറയുക: 'വേദക്കാരേ, ന്യായമല്ലാത്ത വിധം നിങ്ങള്‍ നിങ്ങളുടെ മതത്തില്‍ അതിരു കവിയരുത്. ചില ജനങ്ങളുടെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്: അവര്‍ മുമ്പേ വഴിപിഴച്ചിട്ടുണ്ട്; വളരെ ആളുകളെ അവര്‍ വഴി പിഴപ്പിക്കുകയും ചെയ്തിരിക്കുന്നു; ശരിയായ മാര്‍ഗം വിട്ട് അവര്‍ തെറ്റിപ്പോകുകയും ചെയ്തിരിക്കുന്നു (ഇങ്ങിനെയുള്ള ഒരു ജനതയുടെ)'.
  • قُلْ يَا أَهْلَ الْكِتَابِ പറയുക: വേദക്കാരേ لَا تَغْلُوا നിങ്ങള്‍ അതിരു കവിയരുത് فِي دِينِكُمْ നിങ്ങളുടെ മതത്തില്‍ غَيْرَ الْحَقِّ ന്യായം (യഥാര്‍ത്ഥം വേണ്ടപ്പെട്ടത്) അല്ലാത്ത വിധം وَلَا تَتَّبِعُوا നിങ്ങള്‍ പിന്‍പറ്റുകയും അരുത് أَهْوَاءَ ഇച്ഛകളെ, തന്നിഷ്ട ങ്ങളെ قَوْمٍ ഒരു ജനതയുടെ, ചില ജനങ്ങളുടെ قَدْ ضَلُّوا അവര്‍ പിഴച്ചുപോയിട്ടുണ്ട് مِن قَبْلُ മുമ്പ് وَأَضَلُّوا അവര്‍ പിഴപ്പിക്കുകയും ചെയ്തു كَثِيرًا വളരെ (ആളുകളെ) وَضَلُّوا അവര്‍ വഴിതെറ്റുകയും ചെയ്തു عَن سَوَاءِ السَّبِيلِ ശരിയായ മാര്‍ഗം വിട്ട്

ഒന്നാമത്തെ ആയത്തിലെ ആശയം വ്യക്തമാണ്. സ്വന്തം നിലക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ചെയ്‌വാന്‍ കഴിവില്ലാത്ത വസ്തുക്കളെ – അവ നിര്‍ജ്ജീവികളോ ജീവികളോ ഏതായാലും ശരി-ആരാധിക്കുന്നതിന്‍റെ അര്‍ത്ഥശൂന്യതയാണത് ചൂണ്ടിക്കാട്ടുന്നത്. ഈസാ നബി (عليه السلام)യും ഇതില്‍ നിന്ന് ഒഴിവല്ലല്ലോ. മേല്‍ കണ്ടതുപോലെ, മനുഷ്യപ്രകൃതങ്ങളായ സ്വഭാവങ്ങളെല്ലാം അദ്ദേഹത്തിലും ഉണ്ടായിരുന്നുവെന്നും, അദ്ദേഹം വേദനയും, യാതനയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന് ദൈവത്വം കല്‍പിക്കുന്ന ക്രിസ്ത്യാനികള്‍ പോലും സമ്മതിക്കുന്നു. സ്വന്തം ദേഹത്തിനുപോലും കഷ്ടതകളില്‍ നിന്ന് മുക്തി നല്‍കുവാന്‍ കഴിയാത്ത അദ്ദേഹത്തിന് മറ്റുള്ളവര്‍ക്ക് മുക്തി നല്‍കുവാന്‍ എങ്ങിനെ കഴിയും?!

രണ്ടാമത്തെ വചനത്തില്‍ വേദക്കാരേ എന്നു വിളിച്ചുകൊണ്ട് രണ്ടു കാര്യങ്ങള്‍ അവരോട് അല്ലാഹു വിരോധിക്കുന്നു.

(1) മതത്തില്‍ ന്യായമല്ലാത്ത അതിരു കവിയല്‍ പാടില്ല. മതത്തില്‍ നിന്നു പിഴച്ചുപോകല്‍ നിഷേധത്തില്‍ നിന്നും അനാദരവില്‍ നിന്നും ഉണ്ടാകുന്നതുപോലെത്തന്നെ, അതില്‍ അതിരു കവിയുന്നത്‌കൊണ്ടും ഉണ്ടായിത്തീരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ക്രിസ്ത്യാനികളുടെ വഴിപിഴവ്. മതത്തില്‍ അവര്‍ക്കുണ്ടായ ഭക്തിക്കുറവില്‍ നിന്നോ പ്രവാചകനിലുള്ള വിശ്വാസക്കുറവില്‍ നിന്നോ അല്ല അവര്‍ നേര്‍മാര്‍ഗം വിട്ടുപോകാന്‍ കാരണമുണ്ടായത്. മനുഷ്യനും അല്ലാഹുവിന്‍റെ സൃഷ്ടിയും അടിമയുമായ ഒരു പ്രവാചകന് അവര്‍ ദൈവത്വം നല്‍കി ഇല്ലാത്ത പദവികള്‍ കല്‍പിച്ചു. അദ്ദേഹത്തിന്‍റെ മാതാവിനു പോലും പലരും ദിവ്യത്വം കല്‍പിച്ചു. അദ്ദേഹത്തിന്‍റെയും, മാതാവിന്‍റെയും മാത്രമല്ല -അദ്ദേഹം ക്രൂശിക്കപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തില്‍- കുരിശിന്‍റെ പോലും പ്രതിമകളും രൂപങ്ങളും അവര്‍ ആരാധ്യ വസ്തുക്കളാക്കി. ദൈവഭക്തിയില്‍ മുഴുകുക എന്ന പേരില്‍ ഒരു വരം പൗരോഹിത്യ സമ്പ്രദായവും അവ സൃഷ്ടിച്ചുണ്ടാക്കി. പണ്ഡിത പുരോഹിത വര്‍ഗങ്ങള്‍ക്ക് മതനിയമങ്ങള്‍ ഇഷ്ടംപോലെ നിയമിക്കുവാനുള്ള അവകാശം വകവെച്ചു കൊടുത്തു. അങ്ങനെ അവരെ റബ്ബുകളാക്കിത്തീര്‍ത്തു. ഇങ്ങിനെയുള്ള പലതുമാണ് ഈ അതിരു കവിയല്‍ കൊണ്ടുദ്ദേശ്യം. യഥാര്‍ത്ഥ വിശ്വാസത്തില്‍ വന്ന ഈ അതിരുകവിയല്‍ ശിര്‍ക്കിന്‍റെ അടിത്തട്ടിലേക്കാണ് അവരെ തള്ളി വിട്ടത്. അങ്ങേയറ്റം ലജ്ജയോടും വ്യസനത്തോടും കൂടിയാണെങ്കിലും, ക്രിസ്ത്യാനികളുടെ ഈ അതിരുകവിയല്‍രോഗം മിക്കതും മുസ്‌ലിം സമുദായത്തിലേക്കും ക്രമേണ പകര്‍ന്നിട്ടുണ്ടെന്ന വാസ്തവം സമ്മ തിക്കാതെ വയ്യ. والعياذ بالله

(2) മുമ്പേ വഴിപിഴച്ചു പോകുകയും, വളരെ ആളുകളെ വഴിപിഴപ്പിക്കുകയും, നേര്‍മാര്‍ഗത്തില്‍ നിന്നു തെറ്റിപ്പോകുകയും ചെയ്തിട്ടുള്ള ജനങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. ഈ വാക്യം ശ്രദ്ധേയമായ പല യാഥാര്‍ത്ഥ്യങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ക്വുര്‍ആന്‍ അവതരിപ്പിക്കുന്ന കാലത്തു നിലവിലുള്ള ക്രിസ്തീയ മതതത്വങ്ങള്‍ ഒട്ടുമുഴുവനും തന്നെ ഈസാ നബി (عليه السلام)യോ, ഇന്‍ജീലോ പഠിപ്പിച്ചതല്ലെന്നു പറയേണ്ടതില്ല. കുറേ ഭാഗം മുമ്പേ വഴിപിഴച്ചു കഴിഞ്ഞിരുന്ന യഹൂദികളില്‍ നിന്നും, ആദ്യകാല ക്രൈസ്തവ നേതാക്കളില്‍ നിന്നും കടന്നുകൂടിയതാണ്. വലിയൊരു ഭാഗം യവന (ഗ്രീക്ക്) തത്വശാസ്ത്രത്തില്‍ നിന്നും, ചില ഭാഗം ഹൈന്ദവ സിദ്ധാന്തങ്ങളില്‍ നിന്നും, ചിലതു ബാബിലോണിയന്‍ ചിന്താഗതിയില്‍ നിന്നും ഉടലെടുത്തതുമാകുന്നു. ക്വുര്‍ആന്‍ അവതരിക്കുന്നതിന് ചില നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മതത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ സുനഹദോസു (ക്രിസ്തീയ മഹാസഭ)കളുടെ ഒന്നിലധികം പൊളിച്ചെഴുത്ത് നടന്നു കഴിഞ്ഞിരുന്നു. (ക്രിസ്ത്യാനികളുടെ ആധികാരിക ഗ്രന്ഥങ്ങളില്‍നിന്നു ഇതിനുള്ള തെളിവുകള്‍ പലതും ഇതിനു മുമ്പ്-സൂഃ നിസാഇലും ഈ സൂറത്തിലും മറ്റുമായി- നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) ജനങ്ങളെ വഴിപിഴപ്പിക്കുകയും, സ്വയം തെറ്റിപ്പോകുകയും ചെയ്തതിനെപ്പറ്റി പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ക്വുര്‍ആന്‍ അവതരിച്ചതിനു ശേഷവും ക്രിസ്തീയ സഭകള്‍ അവരുടെ മതസിദ്ധാന്തങ്ങളിലും നിയമങ്ങളിലും പുതിയ പുതിയ തീരുമാനങ്ങള്‍ ഉണ്ടാക്കുകയും, മുന്‍ തീരുമാനങ്ങളില്‍ ഭേദഗതി സ്വീകരിക്കുകയും ചെയ്യുന്ന പതിവു തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.