വിഭാഗം - 7

4:43
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَـٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُوا۟ ۚ وَإِن كُنتُم مَّرْضَىٰٓ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنكُم مِّنَ ٱلْغَآئِطِ أَوْ لَـٰمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُوا۟ مَآءً فَتَيَمَّمُوا۟ صَعِيدًا طَيِّبًا فَٱمْسَحُوا۟ بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ ٱللَّهَ كَانَ عَفُوًّا غَفُورًا ﴾٤٣﴿
  • ഹേ, വിശ്വസിച്ചവരേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്‌ക്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് അറിയു(വാന്‍ കഴിയു)ന്നത് വരെ; 'ജനാബത്ത്' കാരായിക്കൊണ്ടും അരുത്; വഴി കടന്നുപോകുന്നവരായിട്ടല്ലാതെ - നിങ്ങള്‍ കുളിക്കുന്നതുവരെ. നിങ്ങള്‍ രോഗികളോ, യാത്രയിലോ ആയിരിക്കുകയോ, അല്ലെങ്കില്‍, നിങ്ങളില്‍ ഒരാള്‍ (മലമൂത്ര) വിസര്‍ജ്ജന സ്ഥലത്തുനിന്നു വരുകയോ, സ്ത്രീകളുമായി സ്പര്‍ശനം നടത്തുകയോ ചെയ്തുവെങ്കില്‍ എന്നിട്ടു നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ല (എങ്കില്‍) അപ്പോള്‍, നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ (അഥവാ മണ്ണിനെ) കരുതിക്കൊള്ളുവിന്‍; എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും, കൈകളെയും തടവിക്കൊള്ളുവിന്‍. നിശ്ചയമായും അല്ലാഹു, വളരെ മാപ്പ് ചെയ്യുന്നവനും, പൊറുക്കുന്നവനുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تَقْرَبُوا നിങ്ങള്‍ സമീപിക്കരുത് الصَّلَاةَ നമസ്‌കാരത്തെ وَأَنتُمْ നിങ്ങള്‍ ആയിക്കൊണ്ട് سُكَارَىٰ ലഹരി ബാധിച്ചവര്‍, മത്തുള്ളവര്‍ حَتَّىٰ تَعْلَمُوا നിങ്ങള്‍(ക്ക്) അറിയുന്നതുവരെ مَا تَقُولُونَ നിങ്ങള്‍ പറയുന്നത് وَلَا جُنُبًا ജനാബത്തുകാരായും അരുത് إِلَّا عَابِرِي കടന്നുപോകുന്ന (വിട്ടു കടക്കുന്ന) വരായിട്ടല്ലാതെ سَبِيلٍ വഴി حَتَّىٰ تَغْتَسِلُوا നിങ്ങള്‍ കുളിക്കുന്നതുവരെ وَإِن كُنتُم നിങ്ങള്‍ ആയിരുന്നാല്‍, ആയെങ്കില്‍ مَّرْضَىٰ രോഗികള്‍ أَوْ عَلَىٰ سَفَرٍ അല്ലെങ്കില്‍ വല്ല യാത്രയിലും أَوْ جَاءَ അല്ലെങ്കില്‍ വന്നു(എങ്കില്‍) أَحَدٌ ഒരാള്‍ (ആരെങ്കിലും) مِّنكُم നിങ്ങളില്‍ നിന്ന് مِّنَ الْغَائِطِ വിസര്‍ജ്ജന സ്ഥലത്തു നിന്ന് أَوْ لَامَسْتُمُ അല്ലെങ്കില്‍ നിങ്ങള്‍ സ്പര്‍ശനം നടത്തി(യെങ്കില്‍) النِّسَاءَ സ്ത്രീകളുമായി فَلَمْ تَجِدُوا എന്നിട്ട് നിങ്ങള്‍ പ്രാപിച്ചില്ല, നിങ്ങള്‍ക്ക് കിട്ടിയില്ല مَاءً വെള്ളം فَتَيَمَّمُوا എന്നാല്‍ നിങ്ങള്‍ കരുതി (അന്വേഷിച്ചു)കൊള്ളുവിന്‍ صَعِيدًا ഭൂമുഖത്തെ, മണ്ണിനെ طَيِّبًا നല്ലതായ, ശുദ്ധമായ فَامْسَحُوا എന്നിട്ട് നിങ്ങള്‍ തടവുവിന്‍ بِوُجُوهِكُمْ നിങ്ങളുടെ മുഖങ്ങളെ, മുഖങ്ങളില്‍ وَأَيْدِيكُمْ നിങ്ങളുടെ കൈകളെയും, കൈകളിലും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു عَفُوًّا വളരെ മാപ്പു ചെയ്യുന്നവന്‍ غَفُورًا വളരെ പൊറുക്കുന്നവന്‍

സത്യവിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു അനുഷ്ഠാനപരമായ ചില നിയമങ്ങള്‍ വിവരിച്ചു കൊടുക്കുകയാണ്. ഇസ്‌ലാമില്‍ മദ്യപാനം നിശ്ശേഷം നിരോധിക്കപ്പെട്ടത് രണ്ടു മൂന്നു ഘട്ടങ്ങളിലായിട്ടാണെന്നും, അതില്‍ ചില ഗുണങ്ങളും ദോഷ ങ്ങളുമുണ്ടെങ്കിലും ദോഷത്തിന്‍റെ ഭാഗമാണ് കൂടുതല്‍ വലിയതെന്ന് അല്‍ബക്വറഃ : 219ല്‍ പ്രസ്താവിച്ചതായിരുന്നു ആദ്യത്തെ ഘട്ടമെന്നും, ലഹരിബാധിച്ചവരായും കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുതെന്നുള്ള ഈ വചനത്തിലെ വാക്യമാണ് രണ്ടാമത്തെ ഘട്ടമെന്നും, അവസാനം മാഇദഃ – 93, 94 മുഖേന അത് കര്‍ശനമായി നിരോധിച്ചുവെന്നും സൂഃ ബക്വറഃയില്‍ നാം ചൂണ്ടിക്കാട്ടുകയുണ്ടായി. സൂഃ ബക്വറഃയിലെ ആയത്ത് മുഖേന നിരുത്സാഹപ്പെടുത്തിയതോടെ ചിലരൊക്കെ മദ്യപാനം നിറുത്തല്‍ ചെയ്കയുണ്ടായി. എന്നാലും, പലരും അതുപയോഗിച്ചുകൊണ്ടേ ഇരുന്നിരുന്നു. അങ്ങനെ, അല്‍പം ചില അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുകയും, ചില സ്വഹാബികള്‍ മദ്യപിച്ചു ലഹരി പിടിപെട്ടവരായി നമസ്‌കരിച്ചപ്പോള്‍ ക്വുര്‍ആന്‍ വചനങ്ങള്‍ തെറ്റിച്ചു ഓതുകയും ഉണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഈ വചനം അവതരിച്ചതെന്നു പല രിവായത്തുകളിലും പ്രസ്താവിക്കപ്പെട്ടു കാണാം.

‘ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌ക്കരിക്കരുതെ’ന്നോ മറ്റോ പറയാതെ, ‘ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുത്’ എന്നാണ് അല്ലാഹു പറഞ്ഞ വാക്ക്. ഇതില്‍ നിന്ന് ലഹരി ബാധിച്ചുകൊണ്ട് പള്ളിയില്‍ പ്രവേശിക്കുന്നതും, മറ്റുള്ളവര്‍ നമസ്‌കരിക്കുന്നിടത്തേക്ക് കടന്നു ചെല്ലുന്നതും വര്‍ജ്ജിക്കേണ്ടതുണ്ടെന്നുകൂടി മനസ്സിലാക്കാവുന്നതാണ്. നമസ്‌കാരം സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബ്ബന്ധ കര്‍മമായിരിക്കെ, ലഹരിയുള്ളപ്പോള്‍ നമസ്‌കരിക്കുവാന്‍ പാടില്ലെന്നു വരുമ്പോള്‍, നമസ്‌കാര സമയത്തേക്ക് ലഹരി നീങ്ങിപ്പോകാവുന്ന വിധത്തിലേ കള്ള് ഉപയോഗിക്കാവൂ എന്നുകൂടി ഈ കല്‍പനയില്‍ അന്തര്‍ഭവിച്ചു കാണാവുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കും ഈ വചനം അവതരിച്ചശേഷം രാത്രി മാത്രമേ സത്യവിശ്വാസികള്‍ മദ്യം ഉപയോഗി ക്കുമായിരുന്നുള്ളുവെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുള്ളതും. അക്കാലത്ത് നമസ്‌കാരം പള്ളിയില്‍വെച്ച് ജമാഅത്തായി നടത്തപ്പെടലായിരുന്നു പതിവ് എന്നുള്ളതും സ്മരണീയമാകുന്നു. ‘മദ്യം – അല്ലെങ്കില്‍ കള്ള് – ഉപയോഗിച്ചവരായിക്കൊണ്ട് എന്ന് പറയാതെ, ‘ലഹരി ബാധിച്ചവരായിക്കൊണ്ട് (وَأَنتُمْ سُكَارَى)’ എന്ന് പറഞ്ഞിരിക്കയാല്‍, മദ്യപാനം മുഖേനയല്ലാതെ – മറ്റു വല്ലതു മുഖേനയും – ലഹരി ബാധിച്ചാലും നമസ്‌ക്കാരത്തെ സമീപിക്കുവാന്‍ പാടില്ലെന്നും മനസ്സിലാക്കാം. അതുപോലെത്തന്നെ ‘നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് അറിയുമാറാകുന്നതുവരെ’ എന്ന വാക്കില്‍നിന്ന് ലഹരി യോടുകൂടി നമസ്‌കരിച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ പറയേണ്ടതില്ലല്ലോ. മനസ്സാന്നിധ്യവും, ഭക്തിവിനയവും നഷ്ടപ്പെടുന്നു. വാക്കുകളിലും പ്രവൃത്തികളിലും കൃത്യവും ചിട്ടയും പാലിക്കുവാന്‍ കഴിയുകയില്ല. നമസ്‌കാരത്തില്‍ ഉറങ്ങിത്തൂങ്ങുന്നവനെപ്പറ്റി നബി (صلى الله عليه وسلم) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നിങ്ങളില്‍ ഒരാള്‍ നമസ്‌കരിക്കുമ്പോള്‍ അവന്‍ ഉറങ്ങിത്തൂങ്ങിയാല്‍ അവന്‍ നമസ്‌കാരത്തില്‍ നിന്ന് പിരിഞ്ഞുപോയിക്കൊള്ളട്ടെ. താന്‍ പറയുന്നതെന്താണെന്ന് അറിയാറാകുവോളം അവന്‍ ഉറങ്ങുകയും ചെയ്യട്ടെ.’ (അ;മു.) ഒരു രിവായത്തില്‍ ഇങ്ങിനെയും കൂടിയുണ്ട്: ‘ഒരു പക്ഷേ, അവന്‍ പാപമോചനം തേടുവാന്‍ ശ്രമിക്കുകയും, എന്നിട്ട് തന്നെത്തന്നെ പഴിക്കുകയും ചെയ്‌തേക്കാം.’ അപ്പോള്‍ പിന്നെ ലഹരി ബാധിച്ചവന്‍റെ നമസ്‌കാരത്തെപ്പറ്റി പറയേതുണ്ടോ?

‘നമസ്‌കാരത്തെ സമീപിക്കരുത് (لا قْرَبُواْ تَ الصَّلاَةَ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം, നമസ്‌കാരകര്‍മത്തെ സമീപിക്കരുതെന്നാണെന്നും, നമസ്‌കാര സ്ഥലമായ പള്ളികളെ സമീപിക്കരുതെന്നാണെന്നും അഭിപ്രായങ്ങള്‍ കാണാം. എങ്കിലും, നമസ്‌കാര കര്‍മത്തെയും, നമസ്‌കാര സ്ഥലമായ പള്ളികളെയും – രണ്ടിനെയും – സമീപിക്കുന്നതിനെ ഉദ്ദേശിച്ചാണെന്ന അഭിപ്രായമാണ് കൂടുതല്‍ യുക്തമായി കാണുന്നത്. തുടര്‍ന്നുകൊണ്ട് وَلا جَُنُبًا എന്ന് തുടങ്ങിയ വാക്യത്തോട് കൂടുതല്‍ യോജിക്കുന്നതും അതാണ്. الّله اعلم

നമസ്‌കാരത്തില്‍ ഓതുന്ന ക്വുര്‍ആന്‍റെയും ചൊല്ലുന്ന ദിക്ര്‍, ദുആ മുതലായവയുടെയും അര്‍ഥം അറിയലും അത് ഓര്‍മിക്കലും വളരെ ആവശ്യമാണെന്നുള്ളതില്‍ സംശയമില്ല. പക്ഷേ, നിങ്ങള്‍ പറയുന്നത് നിങ്ങള്‍ അറിയുന്നതുവരെ (حَتَّىَ تَعْلَمُوا مَا تَقُولُونَ) എന്നുള്ള വാക്കിനെ അടിസ്ഥാനമാക്കി നമസ്‌കാരത്തില്‍ ഓതുന്നതും, ചൊല്ലുന്നതുമായ എല്ലാ വാക്കുകളുടെയും അര്‍ഥം ഗ്രഹിച്ചെങ്കിലേ നമസ്‌കാരം ശരിയാകുകയുള്ളൂവെന്ന് ചിലര്‍ സമര്‍ഥിച്ചു കാണുന്നത് ശരിയല്ല. ആ വാക്യത്തിന് വാസ്തവത്തില്‍ ഇല്ലാത്ത അര്‍ഥ സങ്കല്‍പമത്രെ അത്. മാത്രമല്ല, ക്വുര്‍ആന്‍റെയും, ക്വുര്‍ആനിലോ ഹദീഥിലോ വന്ന ദിക്ര്‍ – ദുആ മുതലായവയുടെയും, അര്‍ഥം അറിയുന്നവരുടെ നമസ്‌കാരം മാത്രമേ സാധുവാകുകയുള്ളുവെന്ന് പറയുവാന്‍ തെളിവുകളില്ലതാനും, അതു കേവലം പ്രായോഗികവുമല്ല. താന്‍ പറയുന്ന വാക്കുകള്‍ എന്താണെന്ന്, അവ ക്രമത്തില്‍ തന്നെയാണോ എന്നൊന്നും അറിയാത്തവിധം ലഹരി ബാധിച്ചവരെപ്പറ്റിയാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അര്‍ഥമോ, ഭാഷയോ അറിയാത്തവരെപ്പ റ്റിയല്ല.

ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുത് എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ‘ജനാബത്തുകാരായിക്കൊണ്ടും സമീപിക്കരുത്’ എന്നും പറഞ്ഞിരി ക്കുന്നു. ‘ജനാബത്ത്’ എന്ന വാക്കിന് ‘അകന്നു നില്‍ക്കുക, ദൂരപ്പെടുക’ എന്നാണര്‍ഥം. സംയോഗം, ഇന്ദ്രിയസ്ഖലനം എന്നിവ മൂലമുണ്ടാകുന്ന വലിയ അശുദ്ധിയാണ് ഇസ്‌ലാമിന്‍റെ സാങ്കേതിക ഭാഷയില്‍ സാധാരണ അതുകൊണ്ട് വിവക്ഷിക്കാറുള്ളത്. നമസ്‌കാരം, ക്വുര്‍ആന്‍ പാരായണം മുതലായവയില്‍നിന്നും ജനാബത്തുകാരന്‍ അകന്നു നില്‍ക്കേണ്ടതുണ്ടല്ലോ. ‘വഴി കടന്നു പോകുന്നവരായിട്ടല്ലാതെ’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, വല്ല ആവശ്യാര്‍ഥവും പള്ളിയിലൂടെ നടന്നുപോകുന്നതിന് വിരോധമില്ല. -പള്ളിയില്‍ കടന്നു തങ്ങിനില്‍ക്കുവാന്‍ പാടില്ല- എന്നാകുന്നു. വാക്കിന്‍റെ നേരെ അര്‍ഥം കൊണ്ടുവരുന്നതും, പ്രധാനപ്പെട്ട വ്യാഖ്യാതാക്കളും പണ്ഡിതന്മാരും സ്വീകരിച്ചുവരുന്നതും അതാണ്. മദീനാ പള്ളിയോട് തൊട്ടുനിന്നിരുന്ന വീടുകളില്‍ താമസിച്ചിരുന്ന ചില അന്‍സ്വാരി സ്വഹാബികളുടെ വാതിലുകള്‍ പള്ളിയിലേക്കുണ്ടായിരുന്നു. അവര്‍ക്ക് ജനാ ത്തുണ്ടാകുമ്പോള്‍ വെള്ളം കൊണ്ടുവരുവാനും മറ്റും പള്ളിയിലൂടെ കടന്നു പോകേണ്ടിയിരുന്നു. അങ്ങിനെയുള്ള അവസ്ഥകളെ കണക്കിലെടുത്തുകൊണ്ടാണ് ഈ പ്രസ്താവനയെന്ന് ചില രിവായത്തുകളില്‍ വന്നിട്ടുള്ളത് പ്രസ്താവ്യമാണ് (كما فى ابن جرير وغيره) നബി തിരുമേനി (صلى الله عليه وسلم)യുടെ ജീവിതാന്ത്യകാലത്ത് അബൂബക്ര്‍ (റ)ന്റെ വാതില്‍ ഒഴിച്ചുള്ള അത്തരം വാതിലുകളെല്ലാം അടച്ചുകളയുവാന്‍ അവിടുന്ന് കല്പിക്കുകയുണ്ടായി. (ബു.)

ചുരുക്കിപ്പറഞ്ഞാല്‍, കുളിച്ചു ശുദ്ധിയാകും മുമ്പ് ജനാബത്തുകാരന് വല്ല ആവശ്യവും നേരിട്ടാല്‍ പള്ളിയില്‍ തങ്ങി നില്‍ക്കാതെ കടന്നുപോകാവുന്നതാണ്. ആര്‍ത്തവമുള്ള സ്ത്രീകളുടെ വിധിയും ഇതുപോലെത്തന്നെ. പള്ളിയില്‍ വൃത്തികേടാകുമെന്ന് ഭയപ്പെടാത്തപ്പോള്‍ അവര്‍ക്ക് വിരോധമില്ലെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. إِلاَّعَابِرِي سَبِيلٍ എന്ന വാക്കിന് ‘യാത്രക്കാരായിട്ടല്ലാതെ’ എന്നും ചില മഹാന്മാര്‍ അര്‍ഥം കൽപിച്ചിരിക്കുന്നു. ഇബ്‌നു ജരീറും (റ) മറ്റും പ്രസ്താവിച്ചതുപോലെ, യാത്രക്കാരെക്കുറിച്ച് തുടര്‍ന്ന് പ്രസ്താവിക്കുന്നതുകൊണ്ട് ഈ അഭിപ്രായത്തിന് പ്രസക്തി കാണുന്നില്ല. ആയത്തിലെ വാക്കുകളോട് കൂടുതല്‍ യോജിച്ചതും ആദ്യം പറഞ്ഞ അര്‍ഥം തന്നെ. ولله اعلم

വെള്ളം കൊണ്ട് ശുദ്ധീകരിക്കുവാന്‍ കഴിയാത്ത പരിതഃസ്ഥിതിയില്‍ എന്തുചെയ്യണമെന്നാണ് وَإِن كُنتُمْ مَّرْضَى (നിങ്ങള്‍ രോഗികളായിരുന്നാല്‍) എന്നു തുടങ്ങുന്ന വാക്യങ്ങളില്‍ വിവരിക്കുന്നത്. നാലവസ്ഥകളാണ് ഇവിടെ അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(1) രോഗികളായിരിക്കുക. നാമമാത്ര രോഗമായാല്‍ പോരാ, വെള്ളം ഉപയോഗിക്കുന്നതുമൂലം കാര്യമായ വല്ല ദോഷവും ബാധിച്ചേക്കുന്ന രോഗമായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഉപയോഗിക്കുന്നതിനു വിരോധമില്ലെങ്കിലും വെള്ളം അടുത്തുണ്ടെങ്കിലും അതുപയോഗിക്കുവാന്‍ കഴിയാതിരിക്കുകയും, സഹായത്തിന് ആളില്ലാതിരിക്കുകയും ചെയ്യുന്ന രോഗികളും ഇതില്‍ ഉള്‍പെടും.

(2) യാത്രയിലായിരിക്കുക. ദീര്‍ഘയാത്രയെന്നോ അല്ലെന്നോ പറഞ്ഞിട്ടില്ലാത്തതുകൊണ്ട് സാധാരണഗതിയില്‍ യാത്ര (سَفَر) എന്നു പറയപ്പെടാവുന്ന സഞ്ചാരമായാല്‍ മതിയെന്ന് മനസ്സിലാക്കാം. ഏതായാലും അങ്ങാടിയിലോ കൃഷിസ്ഥലത്തോ പോകലും വരലും പോലെയുള്ളതൊന്നും യാത്രയായി ഗണിക്കപ്പെടുകയില്ല.

(3) മലമൂത്രവിസര്‍ജ്ജന സ്ഥലത്തുനിന്നു വരിക (أَوْ جَاء أَحَدٌ مِّنكُمْ مِّن الْغَآئِطِ) അഥവാ, മൂത്രിക്കുകയോ കാഷ്ടിക്കുകയോ ചെയ്യുക. ചരിഞ്ഞതും താണതുമായ സ്ഥലം എന്നാണ് غَآئِط ന്‍റെ വാക്കര്‍ഥം. മലമൂത്രവിസര്‍ജ്ജനാര്‍ത്ഥം ജനങ്ങളില്‍ നിന്ന് മറയുവാന്‍വേണ്ടി അത്തരം സ്ഥലങ്ങളിലാണല്ലോ ഇരിക്കാറുള്ളത്. അതുകൊണ്ട് മറക്കിരിക്കുന്ന സ്ഥലം – കടവിറങ്ങുന്നേടം – വെളിക്കിരിക്കുന്ന സ്ഥലം’ എന്നി ങ്ങനെയുള്ള അര്‍ഥത്തില്‍ അത് ഉപയോഗിക്കപ്പെടുന്നു. ‘മലം – കാഷ്ടം’ എന്ന അര്‍ഥ ത്തിലും ഉപയോഗിക്കപ്പെടാറുണ്ട്.

(4) സ്ത്രീകളുമായി സ്പര്‍ശനം നടത്തുക (لاَمَسْتُمْ النِّساء). അഥവാ സംയോഗം നടത്തുക. فَلَمْ تَجِدُوا مَاء (എന്നിട്ട് വെള്ളം കിട്ടിയില്ല) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം വെള്ളം കിട്ടായ്കകൊണ്ടോ മറ്റു വല്ല കാരണം കൊണ്ടോ ഉപയോഗിക്കുവാന്‍ സാധ്യമാകാതിരിക്കുക എന്നാണെന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. ഇതനുസരിച്ച് ഈ ഉപാധി മേല്‍പറഞ്ഞ നാലവസരത്തിലേക്കും ബാധകമായിരിക്കും. ഉപയോഗിക്കുവാന്‍ സാധിക്കാതിരിക്കുക എന്നല്ല – കിട്ടാതിരിക്കുക എന്ന് തന്നെയാണ് – ഉദ്ദേശ്യമെന്നത്രെ ഭൂരിപക്ഷാഭിപ്രായം. പക്ഷേ, ഈ ഉപാധി മേല്‍പറഞ്ഞ നാലവസരത്തിലേക്കും ബാധകമാണെന്നും, അവസാനത്തെ മൂന്നിലേക്ക് മാത്രം ബാധകമാണെന്നും, അവസാനത്തെ രണ്ടിലേക്ക് മാത്രം ബാധകമായതാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അവസാനത്തെ മൂന്നിലേക്കു ബാധകമായതാണെന്ന അഭിപ്രായമാണ് കൂടുതല്‍ യുക്തമായിക്കാണുന്നത്. ولله اعلم പ്രസ്തുത അഭിപ്രായങ്ങളും ഓരോന്നിന്‍റെയും ന്യായങ്ങളും തെളിവുകളും ഉദ്ധരിച്ചു ഇവിടെ ദീര്‍ഘിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാലും ഈ വചനത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചില സംഗതികള്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത് സന്ദര്‍ഭോചിതമായി തോന്നുന്നു:-

(1) യാത്രയിലായാലും അല്ലെങ്കിലും ശരി, വെള്ളം തയ്യാറുള്ളപ്പോള്‍ തന്നെ രോഗം നിമിത്തമോ, ഉള്ള വെള്ളം ഉപയോഗിച്ചാല്‍ തനിക്കോ മറ്റോ ദാഹിച്ചു വലയേണ്ടിവരുമെന്ന് കണ്ടതുകൊണ്ടോ മറ്റോ അത് ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടായാലും ‘തയമ്മും’ ചെയ്യാമെന്നുള്ളതില്‍ തര്‍ക്കമില്ല.

(2) വെള്ളം കിട്ടാതിരിക്കുക (فَلَمْ تَجِدُواْ اء) എന്ന ഉപാധിയെപ്പറ്റി മേല്‍ സൂചിപ്പിച്ച ചില അഭിപ്രായങ്ങളെ മുന്‍നിറുത്തിക്കൊണ്ട് യാത്രയില്‍ വെള്ളം തയ്യാറുണ്ടായാലും ഇല്ലെങ്കിലും തയമ്മും ചെയ്താല്‍ മതിയെന്ന് ഒരു പൊതുവിധിയായി ചിലര്‍ പ്രസ്താവിച്ചു കാണുന്നു. യാത്രയില്‍ വുദ്വൂഉം, കുളിയും ബുദ്ധിമുട്ടായിരിക്കും. വിശേഷിച്ച് ആധുനിക വാഹനങ്ങളായ തീവണ്ടി, കപ്പല്‍, വിമാനം മുതലായവയില്‍ വെച്ച് അത് രണ്ടും പ്രയാസകരമാണ് എന്നൊക്കെ അവര്‍ അതിന് കാരണവും പറയുന്നു. മേല്‍പറഞ്ഞപോലെ, ഏതെങ്കിലും കാരണത്താല്‍ ഉള്ള വെള്ളം ഉപയോഗിക്കുവാന്‍ പ്രയാസം ഉണ്ടായാലല്ലാതെ, യാത്രക്കാരെ സംബന്ധിച്ച് നിരുപാധികം ഒരു പൊതുവിധിയായി ഇത് സ്വീകരിക്കുവാന്‍ മാര്‍ഗം കാണുന്നില്ല. ചില യുക്തിന്യായങ്ങളല്ലാതെ. സ്വീകാര്യമായ വല്ല തെളിവോ, കാര്യമായ ഏതെങ്കിലും പണ്ഡിതാഭിപ്രായങ്ങളോ കാണുന്നുമില്ല. താഴെ ഉദ്ധരിക്കുന്ന ഹദീഥില്‍ നിന്ന് മറിച്ചാണ് മനസ്സിലാകുന്നതും.

(3) മേല്‍ സൂചിപ്പിച്ച ഏതഭിപ്രായം സ്വീകരിച്ചാലും വെള്ളം കിട്ടാതിരിക്കുക എന്ന ഉപാധി അവസാനത്തെ രണ്ടവസ്ഥയിലേക്കും – മലമൂത്ര വിസര്‍ജ്ജനത്തിലേക്കും സംയോഗത്തിലേക്കും – ബാധകമാകുമെന്നുള്ളതില്‍ അഭിപ്രായവ്യത്യാസമില്ല, വെള്ളം ഉപയോഗിക്കുവാന്‍ പറ്റാത്ത രോഗമുള്ളപ്പോള്‍, വെള്ളം ഉണ്ടോ ഇല്ലേ എന്ന് നോക്കേണ്ടതുമില്ല. യാത്രയിലായിരിക്കുമ്പോള്‍ വെള്ളം കിട്ടാതിരിക്കുകയെന്ന ഉപാധിക്ക് സ്ഥാനമുണ്ടോ എന്നാണിവിടെ ആലോചിക്കുവാനുള്ളത്. വാസ്തവത്തില്‍, ഒരു യാത്രയില്‍ വെള്ളം കിട്ടാതെ സ്വഹാബികള്‍ വിഷമിച്ച ഒരവസരത്തിലാണ് തയമ്മുമിന്‍റെ നിയമം തന്നെ അവതരിച്ചത്. നോക്കുക:-

അഹ്മദ്, ബുഖാരി, മുസ്‌ലിം (رَحِمَهُمُ الله) മുതലായവര്‍ പല മാര്‍ഗങ്ങളിലൂടെയും ഉദ്ധരിച്ച ആ സംഭവത്തിന്‍റെ ചുരുക്കം ഇതാണ്: ഒരു യുദ്ധയാത്രയില്‍ ആഇശഃ (رَضِيَ اللهُ عَنْها) യുടെ മാല വീണുപോയി. അവര്‍ അത് തന്‍റെ ജ്യേഷ്ഠത്തി അസ്മാഉ് (റ)ല്‍ നിന്നു വായ്പ മേടിച്ചതായിരുന്നു. അതിന്‍റെ തിരച്ചിലില്‍ പെട്ട് നബി (صلى الله عليه وسلم)യും സ്വഹാബികളും വഴിയില്‍ തങ്ങേണ്ടിവന്നു. അവരുടെ പക്കല്‍ വെള്ളമുണ്ടായിരുന്നില്ല. ആ സ്ഥലത്തും വെള്ളമില്ലായിരുന്നു. ആഇശഃ (رَضِيَ اللهُ عَنْها) യുടെ മാലകാരണം വെള്ളമില്ലാത്ത അവസ്ഥയില്‍ കുടുങ്ങിയതിനെപ്പറ്റി ജനങ്ങള്‍ അവരുടെ പിതാവായ അബൂബക്ര്‍ (റ)നോട് ആക്ഷേപം പറഞ്ഞു. അങ്ങനെ, അദ്ദേഹം മകളുടെ അടുക്കല്‍ ചെന്നു പലതും പറയുകയും അവരുടെ ഊരക്ക് കുത്തുകയും ഉണ്ടായി. റസൂല്‍ (صلى الله عليه وسلم) അപ്പോള്‍ ആഇശഃ (رَضِيَ اللهُ عَنْها)യുടെ മടിയില്‍ തല വെച്ചുറങ്ങുകയായിരുന്നതു കൊണ്ട് അവര്‍ ഇളകാതിരുന്നതേയുള്ളൂ. റസൂല്‍ (صلى الله عليه وسلم) കാലത്തു എഴുന്നേറ്റപ്പോള്‍ (വുദ്വൂഇനും മറ്റും) വെള്ളമില്ല. ഈ അവസരത്തിലാണ് തയമ്മുമിന്‍റെ ആയത്ത്അവതരിച്ചത്. അപ്പോള്‍, ജനങ്ങള്‍ ആഇശഃ (رَضِيَ اللهُ عَنْها) യെ പ്രശംസിക്കുകയായി. ഉസൈദുബ്‌നു ഹുദൈ്വര്‍ (റ) പറഞ്ഞു: അബൂ ക്‌റിന്‍റെ കൂട്ടരേ, ഇതു നിങ്ങളുടെ ഒന്നാമത്തെ പുണ്യമൊന്നുമല്ല. (വേറെയും പല ഗുണങ്ങള്‍ നിങ്ങള്‍ മൂലം ഉണ്ടായിട്ടുണ്ട്). അങ്ങനെ, എല്ലാവരും തയമ്മും ചെയ്തു നമസ്‌കരിച്ചു. യാത്ര ആരംഭിച്ചു. ആഇശഃ (رَضِيَ اللهُ عَنْها)യുടെ ഒട്ടകത്തെ എഴുന്നേല്‍പിച്ചപ്പോള്‍, അത് കിടന്നിരുന്ന സ്ഥലത്ത് അതിന്‍റെ ചുവട്ടില്‍ നിന്ന് മാല കണ്ടുകിട്ടുകയും ചെയ്തു. (അ;ബു;മു.) വെള്ളം എത്രകാലം കിട്ടിയില്ലെങ്കിലും അപ്പോഴൊക്കെ തയമ്മുംകൊണ്ട് മതിയാക്കാമെന്ന് അഹ്മദും (റ) മറ്റു ചിലരും ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിരിക്കുന്നു. അപ്പോള്‍ വെള്ളം കിട്ടുവാനുണ്ടെങ്കിലും ഉപയോഗിക്കല്‍ ബുദ്ധിമുട്ടാണെന്ന കാരണത്താല്‍ യാത്രയില്‍ തയമ്മും മതി എന്ന അഭി പ്രായത്തിനു ഒട്ടും പ്രസക്തി കാണുന്നില്ല.

(4) രോഗം മൂലം വെള്ളം ഉപയോഗിക്കുവാന്‍ നിവൃത്തിയില്ലാത്തപ്പോഴും, യാത്രയില്‍ വെള്ളം കിട്ടാത്തപ്പോഴും കുളി നിര്‍ബ്ബന്ധമായാല്‍, കുളിക്കു പകരവും, വുദ്വൂഇന്‍റെ ആവശ്യം നേരിട്ടാല്‍ വുദ്വൂഇനു പകരവും തയമ്മും ചെയ്യാവുന്നതാകുന്നു. മലമൂത്ര വിസര്‍ജ്ജനം നിമിത്തം കുളി നിര്‍ബന്ധമില്ലാത്തതുകൊണ്ട് വുദ്വൂഇന് പകരമായും, സംയോഗം നിമിത്തം കുളി നിര്‍ബ്ബന്ധമാകുന്നതുകൊണ്ട് കുളിക്കു പകരമായുമാണ് തയമ്മും നിയമിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്.

لاَمَسْتُمْ (ലാമസ്തും) എന്ന വാക്കിന്‍റെ സാക്ഷാല്‍ അര്‍ഥം അന്യോന്യം സ്പര്‍ശിക്കുക – അഥവാ പരസ്പരം തൊടുക – എന്നാകുന്നു. സംയോഗത്തെ ഉദ്ദേശിച്ചു ആ വാക്ക് ഉപയോഗിക്കുന്നു. സ്പര്‍ശിക്കുക – അഥവാ തൊടുക – എന്നര്‍ത്ഥമായ مَسّ (മസ്സ്) എന്ന പദം സംയോഗത്തെ ഉദ്ദേശിച്ചു ക്വുര്‍ആനില്‍ തന്നെ (2:236, 237) ഉപയോഗിച്ചിട്ടുണ്ട്. വ്യക്തമായ വാക്കില്‍ തുറന്നു പറയുന്നത് മാന്യമല്ലെന്നു കരുതപ്പെടുന്ന (സംയോഗം മുതലായ) കാര്യങ്ങളെക്കുറിച്ച് വ്യംഗ്യമായും, അലങ്കാര രൂപത്തിലും പ്രസ്താവിക്കുക ക്വുര്‍ആന്‍റെ ഒരു പതിവാണുതാനും. ഇതെല്ലാം കാരണമായിട്ടാണ് ഈ വാക്കിന് സംയോഗം ചെയ്യുക എന്ന് വിവക്ഷ നല്‍കപ്പെടുന്നത്. ഇമാം ശാഫിഈ (റ) മുതലായ ചില മാഹാന്മാര്‍ ഇവിടെ ആ വാക്കിന് അതിന്‍റെ ഭാഷാര്‍ഥം തന്നെ കല്‍പിച്ചിരിക്കുന്നു. മലമൂത്രവിസര്‍ജ്ജനം പോലെത്തന്നെ, അന്യ സ്ത്രീകളെ തൊട്ടാല്‍ വുദ്വൂ നിഷ്ഫലമാകുമെന്നും, നമസ്‌കാരത്തിനു വീണ്ടും വുദ്വൂ എടുക്കേതുണ്ടെന്നും, ഈ അടിസ്ഥാനത്തില്‍ അവര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. لاَمَسْتُمْ എന്നതിന്‍റെ സ്ഥാനത്ത് 3 لَمَسْتُمْ (ലമസ്തും) എന്ന് വായിക്കപ്പെട്ടിട്ടുള്ളതും ഇവര്‍ തെളിവായി എടുക്കുന്നു. ‘സ്പര്‍ശിക്കുക’ എന്നു തന്നെയായിരിക്കും അപ്പോള്‍ അതിന്‍റെ അര്‍ഥം. സ്ത്രീകളെ തൊട്ടാല്‍ വുദ്വൂ നിഷ്ഫലമാകുമോ, ഇല്ലേ എന്നതില്‍ ഭിന്നാഭിപ്രായം പണ്ഡിതന്മാര്‍ക്കിടയില്‍ സ്വഹാബികളുടെ കാലംമുതല്‍ക്കേ ഉള്ളതാകുന്നു. എന്നാല്‍, ഹദീഥുകള്‍ പരിശോധിക്കുമ്പോള്‍, ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യം സംയോഗമാണെന്ന അഭിപ്രായത്തിനാണ് ബലം കാണുക. ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ പ്രസ്താവിക്കുന്നതുപോലെ, നബി (صلى الله عليه وسلم) സ്വപത്‌നിമാരെ ചുംബിച്ചശേഷം വുദ്വൂ ചെയ്യാതെ നമസ്‌കരിച്ചിട്ടുള്ളതായി പല ഹദീഥുകളിലും വന്നിട്ടുള്ളതാണ്. (ഹദീഥുകള്‍ ഇബ്‌നു ജരീറും, ഇബ്‌നു കഥീറും (റ) മറ്റും ഉദ്ധരിച്ചു കാണാം).

എനി, നമുക്ക് തയമ്മുമിനെപ്പറ്റി ശ്രദ്ധിക്കാം. تَيَمُّمْ (തയമ്മും) എന്ന വാക്കിന്‍റെ ഭാഷാര്‍ഥം ‘കരുതിച്ചെല്ലുക, ഉദ്ദേശിക്കുക, അന്വേഷിക്കുക’ എന്നൊക്കെയാണ്. താഴെ പറയുന്ന വിധം മണ്ണുകൊണ്ട് കൈയും മുഖവും തടവുന്നതിനാണ് മതത്തില്‍ സാങ്കേതികമായി ‘തയമ്മും’ എന്ന് പറഞ്ഞുവരുന്നത്. മേല്‍ വിവരിച്ച ഏതെങ്കിലും സന്ദര്‍ഭം നേരിടുമ്പോള്‍ നിങ്ങള്‍ ശുദ്ധമായ ഭൂമുഖത്തെ കരുതിക്കൊള്ളുക (فَتَيَمَّمُوا صَعِيدًاطَيِّبًا) എന്ന് പറഞ്ഞതില്‍ നിന്നാണ് ഈ പേര്‍ അതിനു സിദ്ധിച്ചത്. صَعِيد (സ്വഈദ്) എന്ന പദത്തിനു ഭൂമിയുടെ ഉപരിതലം, ഭൂമുഖത്തുള്ളത്, ഭൂമിയില്‍ പൊന്തിക്കാണുന്നത്, മണ്ണ്, ക്വബ്ര്‍, നിരപ്പായ സ്ഥലം’ എന്നൊക്കെയാണ് നിഘണ്ടുക്കളില്‍ അര്‍ത്ഥം കാണുന്നത്. ഈ പദത്തിന്‍റെ അര്‍ഥത്തെ ആസ്പദമാക്കി തയമ്മുമിന് ഏതെല്ലാം വസ്തുക്കളെ ഉപയോഗപ്പെടുത്താമെന്നുള്ളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് കേവലം സ്വാഭാവികവുമാണ്. മണ്ണ് മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇമാം ശാഫിഈ, ഇമാം അഹ്മദ് (റ) മുതലായവരും, മണ്ണും മണ്ണോട് ബന്ധപ്പെടുന്ന മണല്‍, കല്‍ചുണ്ണാമ്പ് മുതലായവയും ഉപയോഗിക്കാമെന്ന് ഇമാം അബൂഹനീഫ(റ) മുതലായ വരും, അവയും അവക്ക് പുറമെ സസ്യങ്ങളും പാറകളും അടക്കം ഭൂമുഖത്തുള്ള ഏത് വസ്തുക്കളും ആവാമെന്ന് ഇമാം മാലിക്(റ) മുതലായവരും മനസ്സിലാക്കിയിരിക്കുന്നു. ഹദീഥുകള്‍ പരിശോധിച്ചാല്‍ ചിലപ്പോഴെല്ലാം صَعِيد എന്ന വാക്കുതന്നെ ഹദീഥുകളില്‍ ഉപയോഗിക്കപ്പെട്ടുകാണാം. എങ്കിലും ചിലപ്പോള്‍ تُرَاب، تربة (മണ്ണ്) എന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്.

ഹുദൈഫത്തുണ്ട്‌നുല്‍ യമാനി (റ)ല്‍ നിന്നു മുസ്‌ലിം (റ) ഇങ്ങിനെ ഉദ്ധരിച്ചിരിക്കുന്നു: റസൂല്‍ (صلى الله عليه وسلم) പറഞ്ഞു: ‘മൂന്നു കാര്യം കൊണ്ട് മറ്റു മനുഷ്യരെക്കാള്‍ നമുക്ക് ശ്രേഷ്ഠത നല്‍കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരത്തിലെ) അണികള്‍ മലക്കുകളുടെ അണി കളെപ്പോലെ ആക്കപ്പെട്ടിരിക്കുന്നു; നമുക്ക് ഭൂമി മുഴുവനും പള്ളി (നമസ്‌കരിക്കുവാനുള്ള സ്ഥലം) ആക്കപ്പെട്ടിരിക്കുന്നു; വെള്ളം കിട്ടിയില്ലെങ്കില്‍ അതിലെ മണ്ണ് നമുക്ക് ശുദ്ധി ചെയ്‌വാനുള്ളതും ആക്കപ്പെട്ടിരിക്കുന്നു.’ (മു.) ഈ ഹദീഥിന്‍റെ ചില രിവായത്തില്‍ تُرَاب എന്നും, ചിലതില്‍ تربة എന്നും കാണാം. രണ്ടായാലും മണ്ണ് എന്നുതന്നെ അര്‍ഥം. കൂടാതെ, വേറെ ചില ഹദീഥുകളിലും ഈ വാക്ക് കാണാം. ശാഫിഈ, അഹ്മദ് (റ) മുതലായവരുടെ തെളിവ് ഈ ഹദീഥുകളാണ്. ചുരുക്കത്തില്‍, മണ്ണല്ലാത്ത വസ്തുക്കളെക്കൊണ്ട് തയമ്മും ചെയ്താല്‍ ശരിയാകുകയില്ലെന്ന് തീര്‍ത്തു പറയുക സാധ്യമല്ലെങ്കിലും, മണ്ണുകൊണ്ടായിരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നുള്ളതില്‍ സംശയമില്ല. മണ്ണ് പൊടിയുള്ളതായിരിക്കുന്നത് നല്ലതാണെന്ന് കൂടി ഹദീഥുകളില്‍ നിന്ന് മനസ്സിലാകുന്നു. സസ്യങ്ങള്‍, ലോഹങ്ങള്‍, പാറകള്‍ മുതലായവയൊന്നും തൊട്ടുതടവിക്കൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അറിവില്‍ പെട്ടുകൊണ്ട് മറ്റാരെങ്കിലുമോ തയമ്മും ചെയ്തതായി അറിയപ്പെടുന്നുമില്ല. മണ്ണ് വെടിപ്പുള്ളതും മ്‌ളേച്ഛം (نجس) കലരാത്തതുമായിരിക്കണമെന്ന് طَيِّبًا (ശുദ്ധമായ – നല്ലതായ) എന്ന വിശേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ (എന്നിട്ട് നിങ്ങളുടെ മുഖങ്ങളെയും കൈകളെയും തടവുവിന്‍) എന്ന വചനം കാണിച്ചുതരുന്നത്. മുഖം മുഴുവനും തടവണമെന്നുള്ളതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ല. കൈകളുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. വുദ്വൂഇനെക്കുറിച്ച് പറഞ്ഞപ്പോള്‍ മുട്ടുവരെ കഴുകണമെന്ന് സൂറത്തുല്‍ മാഇദഃ : 7ല്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. തയമ്മുമിനെപ്പറ്റി വിവരിക്കുന്ന ചില ഹദീഥുകളില്‍ മുട്ടുവരെ നബി (صلى الله عليه وسلم) തടവിയതായി വന്നിട്ടുമുണ്ട്. അതുകൊണ്ട് മുട്ടുവരെ തടവല്‍ നിര്‍ബ്ബന്ധമാണെന്നാണ് ഒരഭിപ്രായം. കൈപത്തി (മുന്‍കൈ) മാത്രം തടവിയാലും മതിയെന്നാണ് മറ്റേ അഭിപ്രായം. أَيْدِيَ (കൈകള്‍) എന്ന വാക്ക് കൈപത്തികളെ ഉദ്ദേശിച്ചുകൊണ്ട് മാഇദഃ 41ല്‍ ഉപയോഗിച്ചിട്ടുണ്ടെന്നുള്ളതും, ബുഖാരിയും മുസ്‌ലിമും (റ) ഉദ്ധരിച്ച ഒരു ഹദീഥും ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നു. ഹദീഥ് ഇതാണ്: ‘ഒരു യാത്രയില്‍ ഉമര്‍ (റ), അമ്മാര്‍ (റ) എന്നിവര്‍ക്ക് ജനാബത്ത് ഏര്‍പ്പെട്ടു. കുളിക്കുവാന്‍ വെള്ളം ഉണ്ടായിരുന്നില്ല. ഉമര്‍ (റ) നമസ്‌കരിക്കാതിരുന്നു. അമ്മാര്‍ (റ) മണ്ണില്‍ പുരണ്ട് നമസ്‌കരിക്കുകയും ചെയ്തു. (*) വിവരം അറിഞ്ഞപ്പോള്‍ ‘ഇങ്ങിനെ ചെയ്താല്‍ മതിയായിരുന്നു’ എന്ന് പറഞ്ഞും കൊണ്ട് നബി (صلى الله عليه وسلم) രു കൈപത്തികള്‍ നിലത്തടിച്ചു അതില്‍ ഊതുകയും, പിന്നീട് അതുകൊണ്ട് മുഖവും രണ്ട് കൈപത്തികളും തടവുകയും ചെയ്തു. പല മാര്‍ഗങ്ങളില്‍ കൂടി ബുഖാരീ – മുസ്‌ലിം നിവേദനം ചെയ്തിട്ടുള്ള ഈ ഹദീഥിന്‍റെ ചില രിവായത്തുകളില്‍ നബി (صلى الله عليه وسلم) നിലത്ത് ഒരടി അടിച്ചുവെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമുണ്ട്. ഇതിനെ ആസ്പദമാക്കി മുഖത്തിനും കയ്യിനും കൂടി ഒരടി അടിച്ചാല്‍ മതിയാകുമെന്നും, കൈപ്പത്തികള്‍ മാത്രം തടവിയാല്‍ മതി – മുട്ടുവരെ നിര്‍ബ്ബന്ധമില്ല – എന്നും മനസ്സിലാക്കാമല്ലോ. പല മഹാന്‍മാരുടെയും അഭിപ്രായവും അതാണ്. കൈകള്‍ രണ്ടും മുട്ടുവരെ തടവേതുെന്നും മുഖത്തിനും കൈകള്‍ക്കും പ്രത്യേകം പ്രത്യേകമായി രണ്ടു പ്രാവശ്യം മണ്ണില്‍ അടിക്കേതുണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. കൂടുതല്‍ വിവരത്തിന് ഹദീഥ് ഗ്രന്ഥങ്ങളെയും ഫിക്വ്ഹ് ഗ്രന്ഥങ്ങളെയും ആശ്രയിക്കേതാണ്.


(*) ഇമാം അസ്‌ക്വലാനീ (റ) ചൂണ്ടിക്കാട്ടിയതുപോലെ, വുദ്വൂഇന് പകരം തയമ്മും ചെയ്യുന്നത് ഏതാണ്ട് വുദ്വൂഇന്‍റെ ആകൃതിയിലാണെന്ന പോലെ, കുളിക്ക് പകരമുള്ള തയമ്മും കുളിപോലെ ശരീരം മുഴുവനും വേണമെന്ന് ഒരുപക്ഷേ, അദ്ദേഹം കരുതിയിരിക്കാം. الّله اعلم

4:44
  • أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يَشْتَرُونَ ٱلضَّلَـٰلَةَ وَيُرِيدُونَ أَن تَضِلُّوا۟ ٱلسَّبِيلَ ﴾٤٤﴿
  • വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ നോക്കിക്കണ്ടില്ലേ? അവര്‍ ദുര്‍മാര്‍ഗം (വിലക്ക്) വാങ്ങുന്നു; നിങ്ങള്‍ മാര്‍ഗം പിഴച്ചുപോകുവാന്‍ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു!
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരുവരെ, ഒരു കൂട്ടരിലേക്ക് أُوتُوا അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു نَصِيبًا ഒരംശം, പങ്ക് مِّنَ الْكِتَابِ (വേദ) ഗ്രന്ഥത്തില്‍ നിന്ന് يَشْتَرُونَ അവര്‍ വാങ്ങുന്നു الضَّلَالَةَ ദുര്‍മാര്‍ഗം, വഴികേട്, വഴി പിഴവ് وَيُرِيدُونَ അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു أَن تَضِلُّوا നിങ്ങള്‍ പിഴച്ചുപോകുവാന്‍ السَّبِيلَ മാര്‍ഗം, വഴി
4:45
  • وَٱللَّهُ أَعْلَمُ بِأَعْدَآئِكُمْ ۚ وَكَفَىٰ بِٱللَّهِ وَلِيًّا وَكَفَىٰ بِٱللَّهِ نَصِيرًا ﴾٤٥﴿
  • അല്ലാഹു, നിങ്ങളുടെ ശത്രുക്കളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. മിത്രമായി (അഥവാ രക്ഷകര്‍ത്താവായി) അല്ലാഹുതന്നെ മതി; സഹായകനായും അല്ലാഹു തന്നെ മതി.
  • وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ أَعْلَمُ ഏറ്റം (നല്ലവണ്ണം) അറിയുന്നവനാണ് بِأَعْدَائِكُمْ നിങ്ങളുടെ ശത്രുക്കളെപ്പറ്റി وَكَفَىٰ بِاللَّهِ അല്ലാഹു (തന്നെ) മതി وَلِيًّا ബന്ധുവായി, മിത്രമായി, കാര്യകര്‍ത്താവായി وَكَفَىٰ بِاللَّهِ അല്ലാഹു (തന്നെ) മതി نَصِيرًا സഹായകനായി
4:46
  • مِّنَ ٱلَّذِينَ هَادُوا۟ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِۦ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَٱسْمَعْ غَيْرَ مُسْمَعٍ وَرَٰعِنَا لَيًّۢا بِأَلْسِنَتِهِمْ وَطَعْنًا فِى ٱلدِّينِ ۚ وَلَوْ أَنَّهُمْ قَالُوا۟ سَمِعْنَا وَأَطَعْنَا وَٱسْمَعْ وَٱنظُرْنَا لَكَانَ خَيْرًا لَّهُمْ وَأَقْوَمَ وَلَـٰكِن لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا ﴾٤٦﴿
  • (അതെ) യഹൂദരായവരില്‍പെട്ടവര്‍ (തന്നെ). വാക്കുകളെ അവര്‍ അതിന്റെ (യഥാ) സ്ഥാനങ്ങളില്‍ നിന്ന് തെറ്റിച്ചു കളയുന്നു: അവര്‍ പറയുകയും ചെയ്യും: 'സമിനാഅ് വഅസ്വൈനാ എന്നും ഇസ്മഅ് ഗൈ്വറ മുസ്മഇന്‍' എന്നും 'റാഇനാ' എന്നും! (അതെ) തങ്ങളുടെ നാവുകളെ വളച്ചൊടിച്ചും, മതത്തില്‍ കുത്തിപ്പറഞ്ഞു [ആക്ഷേപിച്ചു] കൊണ്ടും! 'സമിഅ്‌നാ വഅത്വഅ്‌നാ' [ഞങ്ങള്‍ കേള്‍ക്കുകയും അനുസ രിക്കുകയും ചെയ്തു] എന്നും, 'ഇസ്മഅ്' [കേള്‍ക്കണേ] എന്നും. 'ഉന്‍ള്വുര്‍നാ' [ഞങ്ങളെ നീ ഗൗനിക്കണേ] എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍, അതവര്‍ക്ക് ഗുണകരവും, ഏറ്റവും ചൊവ്വുള്ളതുമാകുമായിരുന്നു. പക്ഷേ, അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുകയാണ്. അതിനാല്‍ അല്പ (മാത്ര)മല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
  • مِّنَ الَّذِينَ هَادُوا യഹൂദരായവരില്‍പ്പെട്ട(വര്‍) يُحَرِّفُونَ അവര്‍ തെറ്റിക്കുന്നു, മാറ്റത്തിരുത്തം ചെയ്യുന്നു الْكَلِمَ വാക്കുകളെ عَن مَّوَاضِعِهِ അതിന്റെ സ്ഥാനങ്ങള്‍ വിട്ട് وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു
    [سَمِعْنَا മുതല്‍ رَاعِنَا വരെയുള്ള വാക്കുകളുടെ അര്‍ത്ഥങ്ങള്‍ വ്യാഖ്യാനത്തില്‍ കാണുക]
    لَيًّا വളച്ചൊടിച്ചു, ചുരുട്ടി മടക്കിക്കൊണ്ട് بِأَلْسِنَتِهِمْ അവരുടെ നാവു കളെ, നാവുകള്‍കൊണ്ട് وَطَعْنًا കുത്തിയും (ആക്ഷേപിച്ചും - കുത്തിപ്പറ ഞ്ഞും) കൊണ്ടും فِي الدِّينِ മതത്തില്‍, മതത്തെപ്പറ്റി وَلَوْ أَنَّهُمْ قَالُوا അവര്‍ പറഞ്ഞിരുന്നെങ്കില്‍ سَمِعْنَا സമിഅ്‌നാ (ഞങ്ങള്‍ കേട്ടു) എന്ന് وَأَطَعْنَا അത്വഅ്‌നാ (ഞങ്ങള്‍ അനുസരിച്ചു) എന്നും وَاسْمَعْ ഇസ്മഅ് (കേള്‍ക്കണം) എന്നും وَانظُرْنَا ഉന്‍ള്വുര്‍നാ (ഞങ്ങളെ നീ ഗൗനിക്കണം) എന്നും لَكَانَ അതാകുമായിരുന്നു خَيْرًا ഗുണം, ഉത്തമം لَّهُمْ അവര്‍ക്ക് وَأَقْوَمَ കൂടുതല്‍ ചൊവ്വായ (നേരെയുള്ളതും) وَلَٰكِن لَّعَنَهُمُ എങ്കിലും (പക്ഷേ) അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു بِكُفْرِهِمْ അവരുടെ അവിശ്വാസം നിമിത്തം فَلَا يُؤْمِنُونَ അതിനാല്‍ അവര്‍ വിശ്വസിക്കയില്ല إِلَّا قَلِيلًا അൽപമല്ലാതെ

യഹൂദികളെക്കുറിച്ചാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി കല്‍പിച്ചുകൂട്ടി സന്മാര്‍ഗം കൈവെടിഞ്ഞു ദുര്‍മാര്‍ഗം സ്വീകരിച്ചതിനെ ഉദ്ദേശിച്ചാണ് അവര്‍ ദുര്‍മാര്‍ഗം വാങ്ങി എന്നു പറയുന്നത്. സത്യവിശ്വാസികളുടെ കഠി നശത്രുക്കളും, അവര്‍ വഴിപിഴച്ചു കാണുവാന്‍ വളരെ ആഗ്രഹമുള്ളവരുമാണവര്‍. ഈ യാഥാര്‍ത്ഥ്യം അല്ലാഹുവിന് നന്നായി അറിയാം. ആകയാല്‍ സത്യവിശ്വാസികള്‍ ഒരിക്കലും അവരെ വിശ്വസിക്കുകയും അവരെ മിത്രങ്ങളും സഹായകരുമായി ഗണിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളെ സഹായിക്കുവാനും രക്ഷിക്കുവാനും അല്ലാഹു തന്നെ ധാരാളം മതി. എന്നൊക്കെ ആദ്യത്തെ വചനത്തില്‍ അല്ലാഹു സത്യവിശ്വാസികളെ ഉല്‍ബോധിപ്പിക്കുകയാണ്. അനന്തരം, യഹൂദികളുടെ മനഃസ്ഥിതി എത്രത്തോളം കളങ്കം നിറഞ്ഞതും, അവരുടെ സ്വഭാവം എത്ര കണ്ട് ദുഷിച്ചതുമാണെന്ന് കാണിക്കുന്ന അവരുടെ ചില സമ്പ്രദായങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത്, അവര്‍ വാക്കുകളെ യഥാസ്ഥാന ങ്ങളില്‍നിന്ന് തെറ്റിക്കുന്നു. അതായത്, വേദഗ്രന്ഥത്തിലെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. അല്ലെങ്കില്‍ അതിന്‍റെ ചില വാക്കുകള്‍ മാറ്റി തല്‍സ്ഥാനത്ത് തങ്ങളുടെ ഇച്ഛക്ക് യോജിക്കുന്ന വേറെ ചില വാക്കുകള്‍ കുത്തിച്ചെലുത്തി പൊതുജനങ്ങളെ വഞ്ചിക്കുന്നു. ഇതിന്‍റെ കര്‍ത്താക്കള്‍ അവരിലുള്ള പണ്ഡിതന്മാരായിരിക്കും. (2:75, 79) ചിലപ്പോള്‍, നബി (صلى الله عليه وسلم)യില്‍ നിന്നും കേള്‍ക്കുന്ന വാക്കുകളെ മാറ്റിമറിക്കലും, ദുര്‍വ്യാഖ്യാനം ചെയ്യലും അവരുടെ പതിവായിരുന്നു. മറ്റൊരു സമ്പ്രദായം ഇതാണ്: പ്രത്യക്ഷത്തില്‍ കേട്ടാല്‍ നല്ലതും വേണ്ടപ്പെട്ടതുമാണെന്ന് തോന്നിക്കുന്നതും, യഥാര്‍ത്ഥത്തില്‍ കപടവും കൗടില്യവും നിറഞ്ഞതുമായ ചില വാക്കുകള്‍ അവര്‍ നബി (صلى الله عليه وسلم)യുടെ നേരെ പ്രയോഗിക്കും, ഇതിന് മൂന്നു ഉദാഹരണങ്ങളും അല്ലാഹു എടുത്തു കാണിക്കുന്നു:-

(1) سَمِعْنَا وَعَصَيْنَا (സമിഅ്‌നാ, വഅസ്വൈനാ) ഞങ്ങള്‍ കേള്‍ക്കുകയും, അനുസരണക്കേട് കാണിക്കുകയും ചെയ്തിരിക്കുന്നു – കാതുകൊണ്ടു കേട്ടെങ്കിലും അനുസരിക്കുവാന്‍ തയ്യാറില്ല – എന്നര്‍ത്ഥം. സത്യവിശ്വാസികളെ നബി (صلى الله عليه وسلم) വല്ലതും ഉപദേശിക്കുമ്പോള്‍ അവര്‍ سَمِعْنَا وَأَطَعْنَا (ഞങ്ങള്‍ കേട്ടു, അനുസരിച്ചു) എന്ന് പറയാറുള്ളതിന്‍റെ സ്ഥാനത്താണ് അവര്‍ ഇത് പറയുക. ഒന്നുകില്‍, سَمِعْنَا (കേട്ടു) എന്ന വാക്ക് ഉറക്കെയും عَصَيْنَا (എതിരു പ്രവൃത്തിച്ചു) എന്ന വാക്ക് പതുക്കെയുമായിരിക്കും പറയുക. അല്ലെങ്കില്‍, أَطَعْنَا എന്നാണെന്നു തോന്നിപ്പിക്കുമാറ് നാവൊന്നു വളച്ചുതിരിച്ചായിരിക്കും عَصَيْنَا എന്ന് പറയുന്നത്. ഒരു പക്ഷേ – ചില വ്യാഖ്യാതാക്കള്‍ പറയുന്നതുപോലെ – നാവുകൊണ്ട് അനുസരണം കാണിക്കുമെങ്കിലും പ്രവൃത്തിമൂലം വിപരീതം കാണിക്കുമെന്ന അര്‍ഥത്തില്‍ അല്ലാഹു ഉദ്ധരിച്ചതായിരിക്കാം ആ വാക്ക് എന്നും വരാം. (അല്ലാഹു വിനറിയാം).

(2) اسْمَعْ غَيْرَ مُسْمَعٍ (ഇസ്മഉ് ഗൈ്വറമുസ്മഇന്‍) പ്രശംസക്കും, പരിഹാസത്തിനും കൊള്ളാവുന്ന രണ്ടര്‍ത്ഥങ്ങള്‍ ഈ വാക്കിനു വരാം. അതായത് ‘കേള്‍ക്കണം, കേള്‍ക്കുവാന്‍ പറ്റാത്തതൊന്നും കേള്‍ക്കുവാന്‍ ഇടവരാതിരിക്കട്ടെ’ എന്നിങ്ങിനെ നന്മക്കുവേണ്ടിയുള്ള ഒരു പ്രാര്‍ഥനാ രൂപത്തിലും, ‘കേള്‍ക്കുക, കേള്‍ക്കുവാന്‍ സാധിക്കുമാറാകാതിരിക്കട്ടെ’ എന്നിങ്ങിനെ തിന്മക്കുവേണ്ടിയുള്ള പ്രാര്‍ഥനാരൂപത്തിലും. രണ്ടാമത്തെ ഉദ്ദേശ്യത്തിലാണ് ആ ശപിക്കപ്പെട്ടവര്‍ നബി (صلى الله عليه وسلم) യോട് അത് പറയാറുള്ളത്. ഇതില്‍ اسْمَعْ (കേള്‍ക്കണം) എന്ന വാക്ക് മാത്രം പറയുമ്പോള്‍ ഈ ദ്വയാര്‍ത്ഥം വരികയില്ല.

(3) رَاعِنَا (റാഇനാ) ‘ഞങ്ങളെ ഗൗനിക്കണം’ എന്നും, ‘വിഡ്ഢി’ എന്നും അര്‍ഥം വരാവുന്ന വാക്കാണിത്. പ്രത്യക്ഷത്തില്‍ മര്യാദ തോന്നിക്കുന്നതും, യഥാര്‍ഥത്തില്‍ ദുരുദ്ദേശ്യപൂര്‍വ്വവുമാണിത് അവര്‍ പറയുക. (ഇതിനെപ്പറ്റി 2:104ല്‍ മുമ്പു വിവരിച്ചിട്ടുള്ളതാണ്.)

ഇതെല്ലാം സന്ദര്‍ഭമനുസരിച്ചു തന്ത്രപൂര്‍വ്വം വളച്ചുതിരിച്ചും, താളമൊപ്പിച്ചും തട്ടിവിടുകയാണവര്‍ ചെയ്യുക. നബി (صلى الله عليه وسلم)യെയും ഇസ്‌ലാമിനെയും പരിഹസിച്ചു സ്വയം തൃപ്തി അടയലാണ് അവരുടെ ലക്ഷ്യം. അതിനെപ്പറ്റിയാണ് لَيًّا بِأَلْسِنَتِهِمْ وَطَعْنًا فِي الدِّينِ (അവരുടെ നാവുകളെ വളച്ചൊടിച്ചും, മതത്തില്‍ കുത്തിപ്പറഞ്ഞും കൊണ്ട്) എന്ന് പറഞ്ഞത്. ഒന്നാമത്തെ വാക്കില്‍ عَصَيْنَا (ഞങ്ങള്‍ അനുസരണക്കേട് കാണിച്ചു) എന്നതിന്‍റെ സ്ഥാനത്തു أَطَعْنَا (അനുസരിച്ചു) എന്നാക്കുകയും, രണ്ടാമത്തേതില്‍ غَيْرُ مُسْمَعٍ എന്നു പറയാതെ اسْمَعْ (കേള്‍ക്കണം) എന്നു മാത്രം. പറയുകയും, മൂന്നാമത്തേതിനു പകരം انْظُرْنَا (ഞങ്ങളെ ഗൗനിക്കണം) എന്നാക്കുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതവര്‍ക്ക് തന്നെ ഗുണമായിത്തീരുകയും, നേര്‍ക്കുനേരെയുള്ള വാക്കായിത്തീരുകയും ചെയ്യുമായിരുന്നു. അത് സത്യവിശ്വാസത്തിന്‍റെ ലക്ഷണവും, നബി (صلى الله عليه وسلم)യോടും സത്യമതത്തോടുമുള്ള ആദരവുമാണല്ലോ. പക്ഷേ, ആ ദുഷ്ടരുണ്ടോ അതിനു തുനിയുന്നു?! അവരുടെ സത്യനിഷേധത്തിന്‍റെയും അവിശ്വാസത്തിന്‍റെയും കാഠിന്യം നിമിത്തം അല്ലാഹുവിന്‍റെ ശാപകോപത്തിനു പാത്രമായവരാണല്ലോ അവര്‍. ആകയാല്‍, അവരെപ്പറ്റി അവര്‍ സത്യവിശ്വാസം സ്വീകരിക്കുമെന്ന പ്രതീക്ഷക്ക് അവകാശമേ ഇല്ല. ഏതോ അല്പം ചില വ്യക്തികളില്‍ കവിഞ്ഞു ആരും അവരില്‍ നിന്ന് വിശ്വസിക്കുവാന്‍ പോകുന്നില്ല. അല്ലെങ്കില്‍, നയപൂര്‍വ്വം ചിലരില്‍നിന്ന് സത്യവിശ്വാസത്തിന്‍റെ പ്രകടനങ്ങള്‍ മാത്രം കേക്കാം. അതിനപ്പറം അവരില്‍നിന്ന് ഒന്നും, പ്രതീക്ഷിക്കേണ്ടതില്ല എന്നു കൂടി അല്ലാഹു അറിയിക്കുന്നു.

4:47
  • يَـٰٓأَيُّهَا ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ ءَامِنُوا۟ بِمَا نَزَّلْنَا مُصَدِّقًا لِّمَا مَعَكُم مِّن قَبْلِ أَن نَّطْمِسَ وُجُوهًا فَنَرُدَّهَا عَلَىٰٓ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَـٰبَ ٱلسَّبْتِ ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًا ﴾٤٧﴿
  • ഹേ, (വേദ) ഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് നാം അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുവിന്‍; ചില മുഖങ്ങളെ നാം തുടച്ചുനീക്കി അവയെ അവയുടെ പിന്‍വശങ്ങളിലാക്കിത്തീര്‍ക്കുന്നതിനു മുമ്പായി, അല്ലെങ്കില്‍, ശബ്ബത്തിന്റെ ആള്‍ക്കാരെ നാം ശപിച്ചതുപോലെ അവരെ(യും) നാം ശപിക്കുന്നതിനു (മുമ്പായി). അല്ലാഹുവിന്റെ കല്‍പന പ്രവര്‍ത്തനത്തില്‍ വരുന്നതാകുന്നു.
  • يَا أَيُّهَا الَّذِينَ ഹേ യാതൊരു കൂട്ടരേ أُوتُوا الْكِتَابَ ഗ്രന്ഥം നല്‍കപ്പെട്ട آمِنُوا നിങ്ങള്‍ വിശ്വസിക്കുവിന്‍ بِمَا نَزَّلْنَا നാം അവതരിപ്പിച്ചതില്‍ مُصَدِّقًا സത്യമാക്കി (സ്ഥാപിച്ചു) കൊണ്ട് لِّمَا مَعَكُم നിങ്ങളുടെ കൂടെ (കൈവശം) ഉള്ളതിനെ مِّن قَبْلِ മുമ്പായി أَن نَّطْمِسَ നാം തുടച്ചു കളയുന്ന (നീക്കുന്ന)തിന് وُجُوهًا ചില മുഖങ്ങളെ فَنَرُدَّهَا എന്നിട്ട് അവയെ നാം ആക്കുന്ന (മടക്കുന്ന - തള്ളിക്കളയുന്ന)തിന് عَلَىٰ أَدْبَارِهَا അവയുടെ പിന്‍വശങ്ങളില്‍, പിന്നില്‍ أَوْ نَلْعَنَهُمْ അല്ലെങ്കില്‍ നാമവരെ ശപിക്കുന്നതിന് كَمَا لَعَنَّا നാം ശപിച്ചതു പോലെ أَصْحَابَ السَّبْتِ ശബ്ബത്തിന്‍റെ ആള്‍ക്കാരെ وَكَانَ ആകുന്നു أَمْرُ اللَّهِ അല്ലാഹുവിന്‍റെ കല്പന مَفْعُولًا ചെയ്യപ്പെടുന്നത് പ്രവര്‍ത്തനത്തില്‍ വരുന്നത്
4:48
  • إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ﴾٤٨﴿
  • നിശ്ചയമായും അല്ലാഹു, അവനോട് പങ്കു ചേര്‍ക്കപ്പെടുന്നത് പൊറുക്കുകയില്ല; അതിന് പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യും. ആര്‍ അല്ലാഹുവിനോട് പങ്കു ചേര്‍ക്കുന്നുവോ അവന്‍, തീര്‍ച്ചയായും വമ്പിച്ച ഒരു കുറ്റം ചമച്ചുണ്ടാക്കിയിരിക്കുന്നു.
  • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَغْفِرُ പൊറുക്കുകയില്ല أَن يُشْرَكَ ശിര്‍ക്കു ചെയ്യപ്പെടുന്നത്, പങ്കു ചേര്‍ക്കപ്പെടുന്നത് بِهِ അവനോട്, അവനില്‍ وَيَغْفِرُ അവന്‍ പൊറുക്കുകയും ചെയ്യും مَا دُونَ താഴെയുള്ളത്, പുറമെയുള്ളത് ذَٰلِكَ അതിന്‍റെ لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَمَن يُشْرِكْ ആരെങ്കിലും പങ്കു ചേര്‍ക്കുന്നതായാല്‍ بِاللَّهِ അല്ലാഹുവോട് فَقَدِ افْتَرَىٰ തീര്‍ച്ചയായും അവന്‍ കെട്ടിയുണ്ടാക്കി, ചമച്ചുണ്ടാക്കി إِثْمًا പാപം, കുറ്റം عَظِيمًا വമ്പിച്ചതായ

مَّا نَزَّلْنَا (നാം അവതരിപ്പിച്ചത്) കൊണ്ടുദ്ദേശ്യം ക്വുര്‍ആനാകുന്നു. ക്വുര്‍ആന്‍ മുന്‍വേദ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതാണെന്ന് വിശേഷിപ്പിച്ചതിന്‍റെ താല്‍പര്യം അല്‍ബക്വറഃ 41ന്‍റെയും, ആലുഇംറാന്‍: 2 ന്‍റെയും വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്. ക്വുര്‍ആനില്‍ വിശ്വസിക്കാത്ത പക്ഷം, നിങ്ങളുടെ മുഖങ്ങള്‍ മുന്‍ഭാഗത്തുനിന്ന് തുടച്ചു നീക്കി പിന്‍ഭാഗത്തേക്ക് ആക്കുകയോ, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ ശപിച്ച പ്രകാരം ശപിക്കുകയോ ചെയ്‌തേക്കുമെന്നും, അതിന് ഇട വരുത്താതിരിക്കുകയാണ് നല്ലതെന്നും, അല്ലാഹു നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന ഏത് കാര്യവും നടപ്പില്‍ വരുക തന്നെ ചെയ്യുമെന്നും അല്ലാഹു യഹൂദികളെ താക്കീത് ചെയ്യുന്നു. ശബ്ബത്തിന്റെ ആള്‍ക്കാരെയും, അവരെ കുരങ്ങുകളാക്കി കോലം മറിച്ചതിന്‍റെയും വിവരം അല്‍ബക്വറഃ : 65ല്‍ കഴിഞ്ഞു പോയിട്ടുണ്ട്. അഅ്‌റാഫ് 163 – 166ല്‍ കൂടുതല്‍ വിവരം വരുന്നുമുണ്ട്.

ഈ രണ്ടിലൊരു കാര്യം ഈ ജീവിതത്തില്‍ തന്നെ വേണമെങ്കില്‍ നിങ്ങളെ അനുഭവിപ്പിക്കുവാന്‍ അല്ലാഹുവിനു കഴിയും, ശബ്ബത്തുകാരില്‍ സംഭവിച്ചത് നിങ്ങള്‍ക്കറിയാമല്ലോ എന്നായിരിക്കും ഈ താക്കീതിന്‍റെ സാരം. അല്ലെങ്കില്‍, ഇഹത്തില്‍വെച്ച് ശബ്ബത്തുകാര്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്ക് ഇഹത്തില്‍ അനുഭവിപ്പിക്കുകയും, ക്വിയാമത്ത് നാളില്‍ നിങ്ങളുടെ മുഖം പിന്നോട്ടാക്കി ശിക്ഷിക്കുകയും ചെയ്യുന്നതാണെന്ന് നിങ്ങള്‍ ഓര്‍ത്തിരിക്കണമെന്നും സാരമായിരിക്കാവുന്നതാണ്. മുഖം പിന്നോട്ടാക്കല്‍ ക്വിയാമത്ത് നാളില്‍ ഉണ്ടാവാന്‍ പോകുന്ന സംഭവമാണെന്ന് ഇമാം റാസീ (റ) ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. അതിന് ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നു. അലങ്കാര രൂപത്തിലുള്ള ഒരു പ്രയോഗമാണ് അതെന്നത്രെ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം, ഇന്നത്തെക്കാള്‍ നിന്ദാവഹമായ ഒരവസ്ഥയിലേക്ക് അല്ലാഹു നിങ്ങളെ എത്തിക്കുമെന്നോ, നിങ്ങളിപ്പോള്‍ സ്ഥിതി ചെയ്യുന്ന ഹിജാസില്‍ നിന്ന് നിങ്ങളെ കെട്ടുകെട്ടിച്ചു നിങ്ങളുടെ പഴയസ്ഥാനമായ സിറിയായിലേക്ക് ഓടിപ്പോകുവാന്‍ നിങ്ങളെ നിര്‍ബ്ബന്ധിതരാക്കുമെന്നോ ഉള്ള സൂചനയായിരിക്കും അപ്പോള്‍ അതിലുള്ളത്. الّله اعلم

തുടര്‍ന്നുകൊണ്ട് ശിര്‍ക്കിനെ അല്ലാഹു പൊറുക്കുകയില്ലെന്നും, അതിന് താഴെയുള്ള ഏത് പാപങ്ങളും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുമെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹുവിന്‍റെ സത്തയിലോ, പ്രവൃത്തികളിലോ, അധികാരാവകാശങ്ങളിലോ, ഗുണവിശേഷങ്ങളിലോ മറ്റാര്‍ക്കെങ്കിലും പങ്കോ സമത്വമോ കല്‍പിക്കലാണ് ശിര്‍ക്ക്. ശിര്‍ക്ക് അല്ലാഹു പൊറുക്കുകയില്ലെന്ന് ക്വുര്‍ആനും ഹദീഥും അസന്ദിഗ്ദ്ധമായി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. താഴെ 116-ാം വച നത്തിലും ഇതേ വാക്കുകള്‍ അല്ലാഹു ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നത് കാണാം. യഹൂദികളെ സംബന്ധിച്ചിടത്തോളം, അവര്‍ മുശ്‌രിക്കുകള്‍ എന്ന പേരില്‍ സാധാരണ അറിയപ്പെടാറില്ലെങ്കിലും ശിര്‍ക്കുപരമായ പല കാര്യങ്ങളും അവരില്‍ നിലവിലുണ്ട്. രണ്ടു കാര്യങ്ങള്‍ അവരെപ്പറ്റി ക്വുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. ഉസൈര്‍ (അ) അല്ലാഹുവിന്‍റെ പുത്രനാണെന്നുള്ള അവരുടെ വാദവും, അവര്‍ തങ്ങളുടെ പുരോഹിത പണ്ഡിതന്മാരെ റബ്ബുകളാക്കി വെച്ചതും, അഥവാ അവരുടെ വിധിവിലക്കുകളെ അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ക്ക് സമമാക്കിയതും. ക്രിസ്ത്യാനികളാണെങ്കില്‍, ഈസാ (അ) അല്ലാഹുവിന്‍റെ പുത്രനാണെന്നതാണ് അവര്‍ തങ്ങളുടെ മതത്തിന്‍റെ അടിസ്ഥാന തത്വമായി സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിം സമുദായത്തെക്കുറിച്ചു പറയുകയാണെങ്കില്‍, കാലക്രമത്തില്‍ അവരില്‍ കടന്നുകൂടിയ ശിര്‍ക്കുപരമായ അന്ധവിശ്വാസങ്ങളും, ദുരാ ചാരങ്ങളും എത്രയാണെന്ന് പറയുവാന്‍ തന്നെ പ്രയാസമായിത്തീര്‍ന്നിരിക്കുകയാണ്. അല്ലാഹുവില്‍ ശരണം!

ശിര്‍ക്കല്ലാത്ത പാപങ്ങള്‍ – അവ എത്ര വമ്പിച്ചതായാലും – അല്ലാഹു പൊറുത്തേക്കാമെന്ന് അല്ലാഹു അറിയിക്കുന്നു. പാപം പൊറുക്കല്‍ അവന്‍റെ ഒരു ഔദാര്യം മാത്രമാകുന്നു. അതവന്‍റെ ഒരു കടമയല്ല. അതുകൊണ്ടാണ് പാപങ്ങളില്‍നിന്നു ഖേദിച്ചു മടങ്ങുവാനും, പ്രസ്തുത ഔദാര്യത്തിനു വേണ്ടി – പാപമോചനത്തിനുവേണ്ടി – പ്രാര്‍ഥിക്കുവാനും കല്‍പിക്കപ്പെട്ടിരിക്കുന്നത്. ആര്‍ക്കെല്ലാമാണ് പൊറുത്ത് കൊടുക്കേണ്ടത്, ആരാണ് അതിന് അര്‍ഹതയുള്ളവര്‍ എന്നൊക്കെ അല്ലാഹുവിന് അറിയാമല്ലോ. അതുകൊണ്ടാണ് ശിര്‍ക്കല്ലാത്ത പാപങ്ങള്‍ പൊറുത്തു കൊടുക്കുമെന്നു മൊത്തത്തില്‍ പറഞ്ഞു മതിയാക്കാതെ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് (لِمَن يشَاء) എന്നു കൂടി പറഞ്ഞിരിക്കുന്നത്. ശിര്‍ക്കിനെ സംബന്ധിച്ചിടത്തോളം, അതില്‍നിന്നു വിരമിച്ചു തൗഹീദിലേക്ക് മടങ്ങുന്നത്‌ കൊണ്ടല്ലാതെ ഖേദിച്ചതു കൊണ്ടോ പാപമോചനം തേടിയതുകൊണ്ടോ – അതില്‍ നിന്നു രക്ഷയില്ല. ശിര്‍ക്കിലായി മരണപ്പെട്ടാല്‍ കാലാകാലം നരകശിക്ഷയായിരിക്കും അനുഭവപ്പെടുക. തൗഹീദില്‍ മരണപ്പെടുകയും, പാപികളായിരിക്കുകയും ചെയ്യുന്നവര്‍ – അവര്‍ അല്ലാഹുവിങ്കല്‍നിന്നുള്ള പാപമോചനത്തിന് അര്‍ഹരാകാത്ത പക്ഷം – അവരുടെ പാപങ്ങള്‍ക്കനുസരിച്ച ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുന്നതും അതിനുശേഷം അവര്‍ക്ക് സ്വര്‍ഗപ്രവേശം നല്‍കപ്പെടുന്നതുമാകുന്നു. ക്വുര്‍ആനില്‍നിന്നും, നബിവചനങ്ങളില്‍നിന്നും സ്പഷ്ടമായി അറിയപ്പെട്ടതാണ് ഇതെല്ലാം.

അബൂദര്‍റില്‍ ഗിഫാരീ (റ)യില്‍ നിന്നും രേഖപ്പെടുത്തപ്പെട്ട ഒരു പ്രസിദ്ധ ഹദീഥിന്‍റെ സാരം ഇങ്ങനെയാണ്:- لا إِلَهَ إِلاَّ الَّله (അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല) എന്നു പറഞ്ഞ ഒരു അടിയാനും പിന്നീട് അതേ പ്രകാരത്തില്‍ മരണപ്പെട്ടാല്‍, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല. എന്ന് എന്നോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. ഞാന്‍ ചോദിച്ചു: ‘അവന്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലുമോ?’ തിരുമേനി പറഞ്ഞു:’ (അതെ) അവന്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും.’ ഞാന്‍ വീണ്ടും അതേ ചോദ്യം ചോദി ച്ചു. തിരുമേനി അതേ ഉത്തരം ആവര്‍ത്തിച്ചു. നാലാമത്തെ പ്രാവശ്യം തിരുമേനി: ‘അബൂ ദര്‍റിനു അനിഷ്ടമായാലും ശരി, (അതങ്ങിനെത്തന്നെ.)’ എന്നുകൂടി പറഞ്ഞു.’ ബുഖാരി, മുസ്‌ലിം (റ) തുടങ്ങിയ ഹദീഥു പണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയതാണ് ഈ ഹദീഥ്. ഈ ആശയം കുറിക്കുന്ന വേറെയും പല ഹദീഥുകള്‍ കാണാവുന്നതാണ്. ഈ ഹദീഥ് ഉദ്ധരിക്കുമ്പോഴൊക്കെ റസൂല്‍ (صلى الله عليه وسلم) പറഞ്ഞ ആ വാക്ക് – ‘അബൂദര്‍റിന്നു അനിഷ്ടമായാലും ശരി’ എന്ന വാക്ക് – കൂടി അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു.

ഒരു യാഥാര്‍ഥ്യം ഇവിടെ ഉണര്‍ത്തേണ്ടിയിരിക്കുന്നു. لا إِلَهَ إِلاَّ الَّله എന്ന വാക്യം നാവുകൊണ്ട് പറയുകയോ അതിന്‍റെ അര്‍ഥം അറിയുകയോ ചെയ്താല്‍ പിന്നെ എന്തു തെറ്റുകുറ്റവും ചെയ്യാമെന്നും, സ്വര്‍ഗം സുനിശ്ചിതമാണെന്നും, ശിക്ഷക്കപ്പെടുകയില്ലെ ന്നുമൊക്കെ – ഇതുപോലെയുള്ള ചില ഹദീഥുകളുടെ പേരില്‍ – അന്ധവിശ്വാസികളും വിഡ്ഢികളുമായ ചില ആളുകള്‍ ധരിക്കാറും വ്യാഖ്യാനിക്കാറുമുണ്ട്. അതില്‍നിന്ന് മുതലെടുത്തുകൊണ്ട് ഹദീഥിന്‍റെ പ്രാമാണ്യതയെ നിഷേധിക്കുന്ന ചില സ്ഥാപിത താല്‍പര്യക്കാര്‍ അത്തരം ഹദീഥുകളെ പുച്ഛവും പരിഹാസ്യവുമായി ചിത്രീകരിക്കാറുമുണ്ട്. ഇത് രണ്ടും തനി കള്ളവും വാസ്തവ വിരുദ്ധവുമാണെന്ന് തീര്‍ത്തു പറയാവുന്നതാണ്. ‘ലാഇലാഹ ഇല്ലല്ലാഹു’ എന്നു പറയുകയും, പിന്നീട് അതേ പ്രകാരത്തില്‍ മരണപ്പെടുകയും ചെയ്താല്‍ (قَالَ لاَ إلَھَالالله ثُمَّ مَاتَ عَلىَ ذَلِكَ) എന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞ ആ വാക്കില്‍ നിന്നുതന്നെ ഇപ്പറഞ്ഞത് വ്യക്തമാണ്. തൗഹീദില്‍ വിശ്വസിച്ച് തൗഹീദില്‍തന്നെ മരണപ്പെട്ടാല്‍ എന്നാണല്ലോ ഇതിന്‍റെ അര്‍ഥം. ആ അടിയാന്‍ നരകത്തില്‍ തീരെ പ്രവേശിക്കുകയില്ലെന്നോ, അവന് ശിക്ഷയൊന്നും ഉണ്ടാകുകയില്ലെന്നോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞിട്ടില്ല. അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും (دَخَلَ الجَنّةَ) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ശിര്‍ക്ക് ചെയ്യാത്ത പക്ഷം മറ്റുള്ള പാപങ്ങളുടെ ശിക്ഷ കഴിഞ്ഞാല്‍ പിന്നീട് രക്ഷ കിട്ടുമെന്നും, സ്വര്‍ഗപ്രവേശം ലഭിക്കുമെന്നുമാണ് ആ പറഞ്ഞതിന്‍റെ സാരം. ഇതു വേറെ ഹദീഥുകളില്‍ നിന്ന് കൂടുതല്‍ വ്യക്തമായി അറിയപ്പെട്ടിട്ടുള്ളതുമാണ്. അതേ സമയത്ത് പാപങ്ങള്‍ വര്‍ദ്ധിക്കുന്തോറും – അവയില്‍നന്ന് പശ്ചാത്തപിച്ചു മടങ്ങാത്ത പക്ഷം – അത് ഈമാനിന് (സത്യവിശ്വാസത്തിന്) നഷ്ടം വരുത്തിക്കൊണ്ടിരിക്കുകയും അവസാനം നിശ്ശേഷം അത് നശിക്കുവാന്‍ കാരണമായിത്തീരുകയും ചെയ്യുമെന്ന യാഥാര്‍ഥ്യം കൂടി ക്വുര്‍ആനില്‍നിന്നും, ഹദീഥില്‍നിന്നും, അറിയപ്പെട്ടതാകുന്നു.

4:49
  • أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنفُسَهُم ۚ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلَا يُظْلَمُونَ فَتِيلًا ﴾٤٩﴿
  • തങ്ങളുടെ (സ്വന്തം) ദേഹങ്ങളെ പരിശുദ്ധപ്പെടുത്തുന്ന [ആത്മപ്രശംസ നടത്തുന്ന] വരെ നീ (നോക്കി)ക്കണ്ടില്ലേ? പക്ഷേ, അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തുകയത്രെ ചെയ്യുന്നത്. അവരോട് ഒരു തരിമ്പിട (പോലും) അനീതി ചെയ്യപ്പെടുന്നതുമല്ല.
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരു കൂട്ടരെ, കൂട്ടരിലേക്ക് يُزَكُّونَ പരിശുദ്ധപ്പെടുത്തുന്ന أَنفُسَهُم തങ്ങളുടെ ദേഹങ്ങളെ, സ്വന്തങ്ങളെ (സ്വയം) بَلِ اللَّهُ എങ്കിലും (പക്ഷേ) അല്ലാഹു يُزَكِّي പരിശുദ്ധപ്പെടുത്തുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَلَا يُظْلَمُونَ അവര്‍ അക്രമിക്കപ്പെടുകയില്ല., അനീതി കാണിക്കപ്പെടുകയില്ല فَتِيلًا തരിമ്പിട, ഒരു ആരളവും
4:50
  • ٱنظُرْ كَيْفَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ ۖ وَكَفَىٰ بِهِۦٓ إِثْمًا مُّبِينًا ﴾٥٠﴿
  • നോക്കുക: എങ്ങിനെയാണവര്‍ അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുന്നത്? അത് (തന്നെ) മതി, സ്പഷ്ടമായ കുറ്റമായിട്ട്!
  • انظُرْ നോക്കുക كَيْفَ എങ്ങിനെയാണ് يَفْتَرُونَ അവര്‍ കെട്ടിച്ചമക്കുന്നു عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍, അല്ലാഹുവിനെപ്പറ്റി الْكَذِبَ വ്യാജം وَكَفَىٰ بِهِ അതു (തന്നെ)മതി إِثْمًا കുറ്റമായിട്ട്, കുറ്റം مُّبِينًا സ്പഷ്ടമായ, വ്യക്തമായ

ഈത്തപ്പനക്കുരുവെ പൊതിഞ്ഞു നില്‍ക്കുന്നതും, ഉണങ്ങിയ ഉള്ളിത്തൊലിപോലെയുള്ളതുമായ നേരിയ പാടക്ക് قِطْمِير (ക്വിത്വ്മീര്‍)എന്നും, അതിന്റെ മുതുക് ഭാഗത്തു ഒരു കുത്തുപോലെ കാണാവുന്ന കുഴിക്ക് نَقِير (നക്വീര്‍) എന്നും, അതിന്‍റെ പള്ളഭാഗത്തുണ്ടാകുന്ന ചാലില്‍ സ്ഥിതി ചെയ്യുന്ന നേരിയ നാരുപോലെയുള്ള തിരിക്കു فَتِيل (ഫതീല്‍) എന്നും പറയപ്പെടുന്നു. വളരെ തുച്ഛം എന്ന അര്‍ഥത്തില്‍ – ‘തരിമ്പിട, കടു കളവ്’ എന്നൊക്കെ മലയാളത്തില്‍ പറയപ്പെടാറുള്ളതുപോലെ – ഈ മൂന്നു വാക്കുകളും അറബിയില്‍ ഉപയോഗിക്കപ്പെടുന്നു. സൂ: ഫാത്വിര്‍ 13ല്‍ ആദ്യത്തേത് ഈ സൂറത്ത് 53ലും മറ്റും രണ്ടാമത്തെതും, ഈ വചനത്തിലും മറ്റും മൂന്നാമത്തേതും ക്വുര്‍ആനില്‍ അതേ അര്‍ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നു.

ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും, സ്‌നേഹപാത്രങ്ങളുമാണ്, ഞങ്ങളല്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, ഞങ്ങള്‍ പാപരഹിതരാണ് എന്നിങ്ങിനെയുള്ള വേദക്കാരുടെ ആത്മപ്രശംസകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. പരിശുദ്ധരെന്നു സ്വയം പ്രശംസിച്ചതുകൊണ്ട് ആരും പരിശുദ്ധരാകുകയില്ല. അല്ലാഹു പരിശുദ്ധരാക്കിയവര്‍ മാത്രമേ പരിശുദ്ധരാകൂ. അവനാകട്ടെ, ആരോടും അനീതിയോ പക്ഷഭേദമോ കാണിക്കുകയില്ല. ആരാണ് പരിശുദ്ധരാക്കപ്പെടുവാന്‍ അര്‍ഹരെന്നും അല്ലാത്തവരെന്നും അവന്നറിയാം. അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുക എന്നു സാരം. ആത്മപ്രശംസ സ്വതവേതന്നെ ഒരു തെറ്റാണ്. അതോടുകൂടി, അല്ലാഹുവിന്‍റെ പേരില്‍ ഇല്ലാത്തത് കെട്ടിപ്പറഞ്ഞുകൊണ്ടു കൂടിയാകുമ്പോള്‍, അത് അങ്ങേഅറ്റം കടുത്തതും ധിക്കാരം നിറഞ്ഞതുമായിരിക്കുമല്ലോ. അതാണ്  وَكَفَى بِهِ إِثْمًا مُبِينًا (വ്യക്തമായ കുറ്റമായി അതു തന്നെ മതി!) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നത്.

വിഭാഗം - 8

4:51
  • أَلَمْ تَرَ إِلَى ٱلَّذِينَ أُوتُوا۟ نَصِيبًا مِّنَ ٱلْكِتَـٰبِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّـٰغُوتِ وَيَقُولُونَ لِلَّذِينَ كَفَرُوا۟ هَـٰٓؤُلَآءِ أَهْدَىٰ مِنَ ٱلَّذِينَ ءَامَنُوا۟ سَبِيلًا ﴾٥١﴿
  • വേദഗ്രന്ഥത്തില്‍ നിന്ന് ഒരംശം നല്‍കപ്പെട്ടിട്ടുള്ളവരെ നീ (നോക്കി) ക്കണ്ടില്ലേ? - അവര്‍ 'ജിബ്ത്തി'ലും, 'ത്വാഗൂത്തി'ലും [ക്ഷുദ്രമായതിലും ദുര്‍മൂര്‍ത്തിയിലും] വിശ്വസിക്കുന്നു! അവിശ്വാസികളെക്കുറിച്ച് അവര്‍ പറയുകയും ചെയ്യുന്നു: 'ഇക്കൂട്ടര്‍ വിശ്വസിച്ചവരെക്കാള്‍ കൂടുതല്‍ നേര്‍മാര്‍ഗം പ്രാപിച്ചവരാണ്' എന്ന്!
  • أَلَمْ تَرَ നീ കണ്ടില്ലേ, നോക്കുന്നില്ലേ إِلَى الَّذِينَ യാതൊരു കൂട്ടരിലേക്ക് أُوتُوا അവര്‍ക്ക് കൊടുക്കപ്പെട്ടു نَصِيبًا ഒരംശം, പങ്ക് مِّنَ الْكِتَابِ ഗ്രന്ഥത്തില്‍നിന്ന് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു بِالْجِبْتِ ജിബ്ത്തില്‍ (ക്ഷുദ്രമായതില്‍) وَالطَّاغُوتِ ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തിയിലും) وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു لِلَّذِينَ كَفَرُوا അവിശ്വസിച്ചവരെക്കുറിച്ച് هَٰؤُلَاءِ ഇക്കൂട്ടര്‍ أَهْدَىٰ അധികം നേര്‍മാര്‍ഗികളാണ്, നേരായു ള്ളവരാണ് مِنَ الَّذِينَ آمَنُوا വിശ്വസിച്ചവരെക്കാള്‍ سَبِيلًا വഴി, മാര്‍ഗത്താല്‍
4:52
  • أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ ۖ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُۥ نَصِيرًا ﴾٥٢﴿
  • അക്കൂട്ടരത്രെ, അല്ലാഹു ശപിച്ചിട്ടുള്ളവര്‍. ഏതൊരുവനെ അല്ലാഹു ശപിക്കുന്നുവോ അവന് ഒരു സഹായകനെയും നീ കണ്ടെത്തുകയേ ഇല്ല.
  • أُولَٰئِكَ അക്കൂട്ടര്‍ الَّذِينَ യാതൊരുവത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّهُ അല്ലാഹു وَمَن ആരെ(യെങ്കിലും) يَلْعَنِ اللَّهُ അല്ലാഹു ശപിക്കുന്ന (തായാല്‍) فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല لَهُ അവന് نَصِيرًا ഒരു സഹായകനെ(യും)

ഒരു നന്മയുമില്ലാത്ത മിഥ്യയായത്, ഒന്നിനും കൊള്ളാത്തത്, ദുഷ്ടമായത്, ക്ഷുദ്രം എന്നൊക്കെ അര്‍ഥം നല്‍കാവുന്ന പദമാണ് جِبَتْ (ജിബ്ത്ത്). സിഹ്ര്‍ (ആഭിചാരം), ആഭിചാരി, പ്രശ്‌നം നോക്കല്‍, പ്രശ്‌നക്കാരന്‍, വിഗ്രഹം ആദിയായ അടിസ്ഥാനരഹിത ങ്ങളായ പലതിനും ‘ജിബ്ത്ത്’ എന്ന് പറയപ്പെടാറുണ്ട്. ശകുനം നോക്കലും, പ്രശ്‌നം വെക്കലും, പക്ഷി ലക്ഷണവും ജിബ്ത്തില്‍ പെട്ടതാണ്’ എന്ന് ഒരു ഹദീഥിലും വന്നിരിക്കുന്നു. (അ.) طَّاغُوت (ത്വാഗൂത്ത്) എന്ന വാക്കിന്‍റെ അര്‍ഥങ്ങളെപ്പറ്റി അല്‍ബക്വറ ഃ 256ന്‍റെ വ്യാഖ്യാനത്തില്‍ മുമ്പ് വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. അനുസരണക്കേടില്‍ അതിര് കവിഞ്ഞ എല്ലാ ധിക്കാരികള്‍ക്കും, പിശാചുക്കള്‍ക്കും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യ വസ്തുക്കള്‍ക്കും ആ വാക്ക് ഉപയോഗിക്കാറുണ്ടെന്ന് അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.

ഹയ്യുബ്‌നു അക്വ്ത്വബ്, കഅ്ബുബ്‌നുല്‍ അശ്‌റഫ് മുതലായ യഹൂദീ തലവന്മാര്‍ മുസ്‌ലിംകള്‍ക്ക് എതിരില്‍ ക്വുറൈശികളെ കൂട്ടുപിടിച്ച് ഒരു വന്‍സഖ്യം സ്ഥാപിക്കുവാന്‍ വേണ്ടി മക്കായില്‍ വന്നു. സംസാരം നടക്കവെ, നിങ്ങളും മുഹമ്മദും വേദക്കാരാണ്, ഞങ്ങള്‍ക്ക് വേദമില്ല, ആ സ്ഥിതിക്ക് ഞങ്ങള്‍ നിങ്ങളെ എങ്ങിനെ വിശ്വസിക്കും? എന്ന് ക്വുറൈശികളുടെ ഭാഗത്ത് നിന്ന് ചോദ്യമുണ്ടായി. നിങ്ങളെയും മുഹമ്മദിനെയും സംബന്ധിച്ച് ഒരു വിവരണം നല്‍കണമെന്ന് യഹൂദികളും ആവശ്യപ്പെട്ടു. കുടുംബം പാലിക്കുക, ഹാജ്ജുമാര്‍ക്ക് ആതിഥ്യം നല്‍കുക, കഅ്ബാ ശുശ്രൂഷണം ആദിയായ തങ്ങളുടെ ആചാരങ്ങളെയും ആക്ഷേപിക്കുക എന്നിങ്ങിനെയുള്ള അപരാധങ്ങള്‍ നബി (صلى الله عليه وسلم)യെക്കുറിച്ചും അവര്‍ വിവരിച്ചു. ഈ അവസരത്തില്‍, സത്യമായും, നിങ്ങളാണ് മുഹമ്മദിനെയും അവന്റെ ആള്‍ക്കാരെയുംകാള്‍ ഉത്തമന്മാരും സന്മാര്‍ഗികളും എന്ന് ആ യഹൂദികള്‍ മുശ്‌രിക്കുകള്‍ക്ക് സാക്ഷ്യം നല്‍കി. ഇതിനെപ്പറ്റിയാണ് ഈ വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതെന്ന് പല രിവായത്തുകളില്‍ നിന്നും മനസ്സിലാകുന്നു. ക്വുറൈശികളെ തൃപ്തിപ്പെടുത്തുവാനായി അവര്‍ വിഗ്രഹങ്ങള്‍ക്ക് സുജൂദ് ചെയ്കയുണ്ടായെന്നും ചില രിവായത്തുകളില്‍ കാണുന്നു الّله اعلم. യഹൂദികളെ സംബന്ധിച്ചിടത്തോളം, സ്വാര്‍ഥങ്ങള്‍ക്കു വേണ്ടി എന്തും ചെയ്‌വാന്‍ മടിക്കാത്തവരാണവര്‍. അതുകൊണ്ട് തന്നെയാണ് അല്ലാഹുവിന്‍റെ കടുത്ത ശാപകോപങ്ങള്‍ക്ക് അവര്‍ പാത്രമായതും. അല്ലാഹു തുടര്‍ന്ന് പറയുന്നു:-

4:53
  • أَمْ لَهُمْ نَصِيبٌ مِّنَ ٱلْمُلْكِ فَإِذًا لَّا يُؤْتُونَ ٱلنَّاسَ نَقِيرًا ﴾٥٣﴿
  • അതല്ല, അവര്‍ക്ക് രാജാധിപത്യത്തില്‍നിന്നും വല്ല പങ്കും ഉണ്ടോ?! എന്നാള്‍ [ഉണ്ടായിരുന്നെങ്കില്‍] അപ്പോള്‍, ഒരണുവോളം അവര്‍ മനുഷ്യര്‍ക്ക് നല്‍കുകയില്ല.
  • أَمْ അതോ, അതല്ല, അഥവാ لَهُمْ അവര്‍ക്കു(ണ്ടോ) نَصِيبٌ വല്ല അംശവും, പങ്ക് مِّنَ الْمُلْكِ രാജത്വ(രാജാധിപത്യം)ത്തില്‍ നിന്നു(ള്ള) فَإِذًا എന്നാലപ്പോള്‍ لَّا يُؤْتُونَ അവര്‍ നല്‍കുകയില്ല النَّاسَ മനുഷ്യര്‍ക്ക് نَقِيرًا ഒരു നക്വീറും, കുത്തും (അണുവോളം, ഒട്ടും)
    [49-ാം വചനത്തിന്‍റെ വിവരണം നോക്കുക]
4:54
  • أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ ۖ فَقَدْ ءَاتَيْنَآ ءَالَ إِبْرَٰهِيمَ ٱلْكِتَـٰبَ وَٱلْحِكْمَةَ وَءَاتَيْنَـٰهُم مُّلْكًا عَظِيمًا ﴾٥٤﴿
  • അതല്ല, അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്നും മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അവരോട് അസൂയപ്പെടുകയാണോ?! എന്നാല്‍, ഇബ്‌റാഹീമിന്റെ കുടുംബത്തിന് നാം വേദ ഗ്രന്ഥവും, വിജ്ഞാനവും നല്‍കുകയുണ്ടായിട്ടുണ്ട്; അവര്‍ക്ക് നാം വമ്പിച്ച രാജാധിപത്യവും നല്‍കിയിരിക്കുന്നു.
  • أَمْ يَحْسُدُونَ അതല്ല അവര്‍ അസൂയപ്പെടുന്നുവോ النَّاسَ മനുഷ്യരോട് عَلَىٰ مَا യാതൊന്നിനെപ്പറ്റി آتَاهُمُ اللَّهُ അല്ലാഹു അവര്‍ക്ക് നല്‍കിയ مِن فَضْلِهِ അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന് فَقَدْ آتَيْنَا എന്നാല്‍ നാം നല്‍കിയിട്ടുണ്ട് آلَ إِبْرَاهِيمَ ഇബ്‌റാഹീമിന്‍റെ കുടുംബത്തിന്ന്, കൂട്ടര്‍ക്ക് الْكِتَابَ (വേദ)ഗ്രന്ഥം وَالْحِكْمَةَ വിജ്ഞാനവും, തത്വജ്ഞാനവും وَآتَيْنَاهُم അവര്‍ക്ക് നാം നല്‍കുകയും ചെയ്തു مُّلْكًا രാജത്വം, രാജാധികാരം عَظِيمًا വമ്പിച്ച
4:55
  • فَمِنْهُم مَّنْ ءَامَنَ بِهِۦ وَمِنْهُم مَّن صَدَّ عَنْهُ ۚ وَكَفَىٰ بِجَهَنَّمَ سَعِيرًا ﴾٥٥﴿
  • എന്നിട്ട്, അതില്‍ വിശ്വസിച്ചവരും അവരിലുണ്ട്; അതില്‍ നിന്ന് തിരിഞ്ഞു പോയവരും അവരിലുണ്ട്. കത്തിജ്ജ്വലിക്കുന്ന അഗ്നിയായി 'ജഹന്നം' [നരകം] തന്നെ മതി!
  • فَمِنْهُم مَّنْ എന്നിട്ട് അവരിലുണ്ട്, അവരില്‍ നിന്ന് (ചിലര്‍) آمَنَ വിശ്വസിച്ചവര്‍ (ഉണ്ട്) بِهِ അതില്‍ وَمِنْهُم അവരിലുണ്ട് (ചിലര്‍) مَّن صَدَّ തിരിഞ്ഞു കളഞ്ഞവര്‍ عَنْهُ അതിനെ വിട്ട് وَكَفَىٰ മതി بِجَهَنَّمَ ജഹന്നം(തന്നെ) سَعِيرًا കത്തിജ്വലിക്കുന്ന അഗ്നിയായി

യഹൂദികളുടെ ധനമോഹം, പിശുക്ക്, അസൂയ ആദിയായവയാണ് ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് ഇപ്പോള്‍ – ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്ത് – ഭൂമിയില്‍ എവിടെയും ഒരാധിപത്യമോ പ്രതാപമോ ഇല്ല. അവരുടെ അക്രമം കാരണമായി അവര്‍ക്കുണ്ടായിരുന്ന പ്രതാപങ്ങളെല്ലാം അവര്‍ കളഞ്ഞു കുളിച്ചിരിക്കുകയാണ്. എനി വല്ലപ്പോഴും അവര്‍ക്ക് ആധിപത്യം കൈവന്നാല്‍ തന്നെയും മറ്റൊരു കൂട്ടര്‍ക്ക് അവര്‍ തരിമ്പുപോലും ഉപകാരം ചെയ്തുകൊടുക്കയില്ല. അവര്‍ക്കല്ലാതെ, മറ്റുള്ളവര്‍ക്ക് വല്ല അനുഗ്രഹവും ലഭിക്കുന്നപക്ഷം അവര്‍ കടുത്ത അസൂയക്കാരുമാകുന്നു. ഈ അസൂയകൊണ്ടാണ് അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യിലും ക്വുര്‍ആനിലും വിശ്വസിക്കാത്തതും. അവരുടെ പൂര്‍വ്വപിതാവായ ഇബ്‌റാഹീം നബി (عليه السلام) യുടെ കുടുംബ പരമ്പരയില്‍ പലര്‍ക്കും പ്രവാചകത്വവും, ദിവ്യ സന്ദേശവും, ഭരണാധിപത്യവുമൊക്കെ മുമ്പു സിദ്ധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും എല്ലാവരും വിശ്വസിക്കുകയുണ്ടായില്ല. ചിലര്‍ വിശ്വസിക്കുകയും ചിലര്‍ തിരിഞ്ഞു കളയുകയുമാണ് ചെയ്തത്. എന്നിരിക്കെ, എനി ഇപ്പോഴുണ്ടോ അവരുടെ കൂട്ടത്തില്‍ നിന്നല്ലാതെ നിയോഗിക്കപ്പെട്ട ഈ റസൂലില്‍ അവര്‍ വിശ്വസിക്കുവാന്‍ പോകുന്നു?! എന്നൊക്കെയാണ് അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം.

യഹൂദികള്‍ക്ക് വല്ല ആധിപത്യവും ലഭിച്ചാല്‍ തന്നെയും അവര്‍ മനുഷ്യര്‍ക്ക് ഒന്നും കൊടുക്കുകയില്ലെന്ന് അല്ലാഹു പ്രസ്താവിച്ചത് അക്ഷരാര്‍ഥത്തില്‍ തന്നെ നാം ഇന്നു കണ്ടു കൊണ്ടിരിക്കുന്നു. പാശ്ചാത്യ വന്‍കോയ്മകളുടെ രക്ഷാകര്‍ത്തൃത്വത്തിന്‍കീഴില്‍ ഈ അടുത്ത കാലത്ത് ഒരു ഇസ്‌റാഈല്‍ രാഷ്ട്രം ഫലസ്തീനില്‍ നിലവില്‍ വന്നിട്ടുണ്ടല്ലോ. സ്വാര്‍ഥതാല്‍പര്യം, വര്‍ഗീയ പക്ഷപാതം, മുസ്‌ലിംകളോടുള്ള ശത്രുത, എന്തു അക്രമം നടത്തിയും സ്വന്തം ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള വ്യഗ്രത ആദിയായ വിഷയങ്ങളില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞിരിക്കുകയാണ് ആ രാഷ്ട്രം. എന്നാല്‍, ഏത് ധിക്കാരികളെയും അവരുടെ പേക്കൂത്തില്‍ വിഹരിക്കുവാന്‍ കുറച്ചുകാലം അല്ലാഹു വിട്ടുകൊടുത്തെന്നുവരും. അവസാനം അവരെ ഒതുക്കുവാന്‍ മതിയായ ശിക്ഷ അല്ലാഹു ഒരുക്കിവെ ച്ചിട്ടുണ്ട്. അതെ, കത്തിജ്ജ്വലിക്കുന്ന നരകം! ഏത് കെങ്കേമന്‍മാരെയും ഒതുക്കുവാന്‍ അത് മതി! അല്ലാഹു പറയുന്നു:-

4:56
  • إِنَّ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ جُلُودُهُم بَدَّلْنَـٰهُمْ جُلُودًا غَيْرَهَا لِيَذُوقُوا۟ ٱلْعَذَابَ ۗ إِنَّ ٱللَّهَ كَانَ عَزِيزًا حَكِيمًا ﴾٥٦﴿
  • നിശ്ചയമായും, നമ്മുടെ 'ആയത്ത്' [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവര്‍, വഴിയെ നാം അവരെ അഗ്നിയില്‍ കടത്തി എരിയിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം അതല്ലാത്ത (വേറെ) തൊലികള്‍ പകരമാക്കുന്നതാണ് (അതെ) അവര്‍ ശിക്ഷ രുചിച്ചറിയുവാന്‍ വേണ്ടി. നിശ്ചയമായും അല്ലാഹു, പ്രതാപശാലിയും, അഗാധജ്ഞനുമാകുന്നു.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ سَوْفَ വഴിയെ, പിറകെ نُصْلِيهِمْ നാമവരെ കടത്തി എരിയിക്കും نَارًا അഗ്നിയില്‍ كُلَّمَا نَضِجَتْ വെന്തു പോകുമ്പോഴെല്ലാം (പാകമാകു - പഴുക്കു- മ്പോഴൊക്കെ) جُلُودُهُم അവരുടെ തൊലികള്‍ بَدَّلْنَاهُمْ അവര്‍ക്ക് നാം പകരമാക്കും جُلُودًا തൊലികളെ غَيْرَهَا അവയല്ലാത്ത لِيَذُوقُوا അവര്‍ രുചി നോക്കുവാന്‍വേണ്ടി الْعَذَابَ ശിക്ഷയെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു, ആയിരിക്കുന്നു عَزِيزًا പ്രതാപശാലി حَكِيمًا അഗാധജ്ഞന്‍, യുക്തിജ്ഞാനി

യഹൂദികളെന്നല്ല, അല്ലാഹുവിന്‍റെ ലക്ഷ്യദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്ത എല്ലാവരും അനുഭവിക്കേണ്ടി വരുന്ന ശിക്ഷയത്രെ നരകം. ശിക്ഷ പുതുക്കിക്കൊണ്ടിരിക്കുവാനും, വേദനയും യാതനയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുവാനും വേണ്ടി അവരുടെ തൊലികള്‍ അല്ലാഹു മാറ്റിക്കൊണ്ടിരിക്കും. നരകാഗ്നിയുടെ ഉഗ്രത എത്രമേല്‍ കഠിനമാണെങ്കിലും അതുമൂലം അതിലെ ആളുകള്‍ മരണപ്പെട്ടു പോകയില്ല. എന്നാല്‍, വല്ലപ്പോഴും ഒരാശ്വാസം ലഭിച്ചു അല്‍പനേരമെങ്കിലും സ്വൈരജീവിതം കൊള്ളുവാന്‍ അവര്‍ക്ക് സാധിക്കുമോ? അതുമില്ല.

(لا يَمُوتُ فِيهَا وَلا يَحْيى)

നമ്മുടെ അഗ്നിയെക്കാള്‍ എത്രയോ മടങ്ങ് ഉഷ്ണമേറിയതാണ് നരകാഗ്നി. എന്നിട്ടുപോലും ശരീരം മുഴുവന്‍ വെന്തുരുകി നശിക്കാതെ, തൊലികള്‍ വെന്തുരുകിപ്പോകുകയോ? എന്തുകൊണ്ട് തൊലികള്‍ മാത്രം മാറ്റപ്പെടുന്നു? ഇതിനൊന്നും മറുപടി പറയുക നമുക്ക് സാധ്യമല്ല. അല്ലാഹുവിനറിയാം. നമ്മുടെ വിഭാവനകള്‍ക്കും നമ്മുടെ അറിവിനും അതീതമാണ് സ്വര്‍ഗ നരകങ്ങളിലെ സ്ഥിതിഗതികള്‍. പരലോക കാര്യങ്ങളെല്ലാം അങ്ങിനെത്തന്നെ. ഇത്രമാത്രമേ നമുക്ക് പറയുവാന്‍ കഴിയൂ. അവിശ്വാസികളുടെ സ്ഥിതി അതായിരിക്കുമെങ്കില്‍, സത്യവിശ്വസികളായ സജ്ജനങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

4:57
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَنُدْخِلُهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَآ أَبَدًا ۖ لَّهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَنُدْخِلُهُمْ ظِلًّا ظَلِيلًا ﴾٥٧﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകന്ന സ്വര്‍ഗങ്ങളില്‍ വഴിയെ അവരെ നാം പ്രവേശിപ്പിക്കുന്നതാണ്; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്. അതില്‍, പരിശുദ്ധമാക്കപ്പെട്ട ഇണകള്‍ അവര്‍ക്കുണ്ടായിരിക്കും. അവരെ നാം (നിത്യ) നിബിഡമായ തണലില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മങ്ങള്‍ سَنُدْخِلُهُمْ വഴിയെ നാം അവരെ പ്രവേശിപ്പിക്കും جَنَّاتٍ സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍ تَجْرِي ഒഴുകുന്ന مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ നിത്യവാസികളായിട്ട് فِيهَا അവയില്‍ أَبَدًا എന്നെന്നും لَّهُمْ فِيهَا അവിടത്തില്‍ അവര്‍ക്കുണ്ട് أَزْوَاجٌ ഇണകള്‍ مُّطَهَّرَةٌ ശുദ്ധിയാക്കപ്പെട്ട, പരിശുദ്ധകളായ وَنُدْخِلُهُمْ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും ظِلًّا നിഴലില്‍, തണലില്‍ ظَلِيلًا തണലേകുന്ന (നിബിഡമായ - നിത്യം തിങ്ങിയ തണലുള്ള)

ആകൃതിയിലോ, പ്രകൃതിയിലോ, സ്വഭാവത്തിലോ ഉണ്ടാകുന്ന എല്ലാ ന്യൂനതകളില്‍ നിന്നും, എല്ലാതരം മ്‌ളേച്ഛതകളില്‍നിന്നും, മാലിന്യങ്ങളില്‍ നിന്നും പരിശുദ്ധരായവര്‍ എന്നാണ് أَزْوَاجٌ مُّطَهَّرَةٌ (ശുദ്ധമാക്കപ്പെട്ട ഇണകള്‍) എന്ന് വിശേഷിപ്പിച്ചതിന്റെ താല്‍പര്യം. ظِلا ظَلِيلا എന്ന വാക്കിന് ‘തണലായ തണല്‍, തണലേകുന്ന തണല്‍’ എന്നൊക്കെ വാക്കര്‍ഥം പറയാം. നിത്യനിബിഡവും, ഉഷ്ണത്തിന്‍റെയോ, തണുപ്പിന്‍റെയോ ശല്യമേല്‍ക്കാത്തതുമായ സുഖകരമായ തണലായിരിക്കും എപ്പോഴും സ്വര്‍ഗത്തിലുണ്ടാകുക എന്ന് സാരം.

(لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا ﴿١٣﴾ وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا ﴿١٤

(അതില്‍ വെയിലോ കടും തണുപ്പോ അവര്‍ കാണുകയില്ല. അതിലെ തണലുകള്‍ – അഥവാ മരക്കൊമ്പുകള്‍ – അവര്‍ക്ക് മീതെ താണുനിന്ന് കൊണ്ടിരിക്കും. (76:13, 14) أكُلُهَا دَائمٌ وَظِلُّهَا (അതിലെ തീറ്റ നിത്യമായതാകുന്നു; അതിലെ തണലും. (13:35) നബി (صلى الله عليه وسلم) പറയുന്നു: സ്വര്‍ഗത്തിലുണ്ട് ഒരു വൃക്ഷം! അതിന്‍റെ തണലില്‍ ഒരു വാഹനക്കാരന്‍ നൂറുകൊല്ലം സഞ്ചരിച്ചാലും അവനത് മുറിച്ചുകടന്നുപോകയില്ല.’ (ബു: മു.)

4:58
  • إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّوا۟ ٱلْأَمَـٰنَـٰتِ إِلَىٰٓ أَهْلِهَا وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ ۚ إِنَّ ٱللَّهَ نِعِمَّا يَعِظُكُم بِهِۦٓ ۗ إِنَّ ٱللَّهَ كَانَ سَمِيعًۢا بَصِيرًا ﴾٥٨﴿
  • നിശ്ചയമായും അല്ലാഹു, നിങ്ങളോട് കൽപിക്കുന്നു; (വിശ്വസിച്ചേല്‍പിക്കപ്പെട്ട) 'അമാനത്തു'കളെ അവയുടെ ആള്‍ക്കാര്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്ന് . മനുഷ്യര്‍ക്കിടയില്‍ നിങ്ങള്‍ വിധികല്പിക്കുന്നതായാല്‍, നിങ്ങള്‍ നീതിയനുസരിച്ച് വിധി കൽപിക്കണമെന്നും. നിശ്ചയമായും അല്ലാഹു, ഇത് മുഖേന നിങ്ങള്‍ക്ക് വളരെ നല്ല (ഒരു) സദുപദേശം നല്‍കുകയാണ്. നിശ്ചയമായും അല്ലാഹു, (എല്ലാം) കേള്‍ക്കുന്നവനും, കാണുന്നവനുമാകുന്നു.
  • إِنَّ اللَّهَ നിശ്ചയമായും അല്ലാഹു يَأْمُرُكُمْ നിങ്ങളോട് കല്‍പിക്കുന്നുأَن تُؤَدُّوا നിങ്ങള്‍ കൊടുത്തുവീട്ടു (തീര്‍ത്തു- ഏല്‍പിച്ചു കൊടുക്കു)വാന്‍ الْأَمَانَاتِ അമാനത്ത് (അനാമത്ത് - വിശ്വസിച്ചേല്‍പിക്കപ്പെട്ടത്)കളെ إِلَىٰ أَهْلِهَا അവയുടെ ആള്‍ക്കാര്‍ക്ക്, അതിന്‍റെ അര്‍ഹരിലേക്ക് وَإِذَا حَكَمْتُم നിങ്ങള്‍ വിധി (കല്‍പി)ച്ചാല്‍ بَيْنَ النَّاسِ മനുഷ്യര്‍ക്കിടയില്‍ أَن تَحْكُمُوا നിങ്ങള്‍ വിധിക്കുവാന്‍ بِالْعَدْلِ നീതിപൂര്‍വ്വം إِنَّ اللَّهَ നിശ്ചയ മായും അല്ലാഹു نِعِمَّا യാതൊന്ന് വളരെ നല്ലതാണ് يَعِظُكُم നിങ്ങള്‍ക്ക് സദുപദേശം നല്‍കുന്ന بِهِ അതുകൊണ്ട്, അതിനെ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു كَانَ ആകുന്നു سَمِيعًا കേള്‍ക്കുന്നവന്‍ بَصِيرًا കാണുന്നവന്‍

ഇസ്‌ലാമിക ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടുകല്‍പനകളാണ് ഈ വചനത്തിലുള്ളത്. അതെ, അമാനത്തുകളെ അവയുടെ അവകാശികള്‍ക്ക് കൊടുത്ത് വീട്ടണമെന്നും, മനുഷ്യര്‍ക്കിടയില്‍ വല്ല കാര്യത്തിലും വിധി കല്‍പിക്കുന്ന പക്ഷം അത് നീതിയനുസരിച്ചായിരിക്കണമെന്നും. മനുഷ്യസമൂഹത്തില്‍ സമാധാനവും, സൗഹാര്‍ദ്ദവും, നീതിയും, മര്യാദയുമൊക്കെ നിലനില്‍ക്കേണമെങ്കില്‍ ഈ രണ്ടുകാര്യങ്ങളും അത്യന്താപേക്ഷിതമാകുന്നു. ‘അമാനത്ത് (أَمَانَةَ)’ എന്നാല്‍ ‘വിശ്വസ്തത’ എന്ന് വാക്കര്‍ഥം. ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വ്വം ഏല്‍പിക്കുകയും, ആ ആള്‍ ഏറ്റെടുക്കുകയും ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും, വസ്തുക്കള്‍ക്കും ‘അമാനത്ത്’ എന്ന് പറയപ്പെടുന്നു. ഇതേ അര്‍ഥത്തില്‍ തന്നെ ‘അമാനത്ത്’ എന്നും ‘അനാമത്ത്’ എന്നും മലയാളത്തിലും പറയപ്പെടാറുണ്ട്. അമാനത്തുകളെ മൂന്നായി വിഭജിക്കാം.

(1) മനുഷ്യനും അവന്‍റെ റബ്ബിനും ഇടക്കുള്ള അമാനത്ത്. പ്രവാചകന്മാര്‍ മുഖേനയും വേദഗ്രന്ഥങ്ങള്‍ മുഖേനയും അല്ലാഹുവിനോട് മനുഷ്യര്‍ പാലിക്കേണ്ടതായി അറിയപ്പെടുന്ന കടമകളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

(2) മനുഷ്യര്‍ തമ്മതമ്മിലുള്ള അമാനത്ത്. ഒരാള്‍ ഒരാളെ വിശ്വാസ പൂര്‍വ്വം ഏല്‍പിച്ച സ്വത്തുക്കളും, രഹസ്യങ്ങളും, ഇടപാടുകളില്‍ പാലിക്കപ്പെടേണ്ടുന്ന മര്യാദകളുമെല്ലാം ഇതില്‍ ഉള്‍പെടുന്നു.

(3) സ്വന്തം ദേഹങ്ങളോടു പാലിക്കപ്പെടേണ്ടുന്ന അമാനത്ത്. സ്വന്തം ഗുണത്തിനും നന്മക്കും അനുപേക്ഷണീയമായ കാര്യങ്ങളാണ് ഈ ഇനത്തിലുള്ളത്. ഇവയില്‍ രണ്ടാമത്തെ -മനുഷ്യര്‍ തമ്മിതമ്മിലുള്ള- ഇനത്തെ ഉദ്ദേശിച്ചാണ് സാധാരണ ഗതിയില്‍ അമാനത്ത് എന്ന് നാം പറഞ്ഞുവരുന്നത്.

വസ്തുക്കളാണെങ്കില്‍, തിരിച്ചു കൊടുക്കേണ്ടുന്ന സമയത്ത് അമാന്തം വരുത്താതെയും, കൃത്രിമത്വം നടത്താതെയും തിരിച്ച് കൊടുക്കുക; കാര്യങ്ങളാണെങ്കില്‍, നിശ്ചയപ്രകാരം വീഴ്ച വരുത്താതെ നിര്‍വ്വഹിക്കുക: രഹസ്യങ്ങളാണെങ്കില്‍, പുറത്തറിയിക്കാതെ സൂക്ഷിക്കുക; ഇടപാടുകളാണെങ്കില്‍, അതില്‍ ചതിയും വഞ്ചനയും നടത്താതിരിക്കുക എന്നൊക്കെയാണ് അമാനത്തുകളെ അവയുടെ ആള്‍ക്കാര്‍ക്ക് കൊടുത്ത് വീട്ടണ’മെന്ന് പറഞ്ഞതിന്‍റെ താല്‍പര്യം. ലൗകികമോ, മതപരമോ ആയ ഏത് വിഷയത്തിലും ജനങ്ങള്‍ക്കിടയില്‍ തീരുമാനമെടുക്കുകയോ, വിധി പറയുകയോ ചെയ്യുന്നപക്ഷം, സ്വാര്‍ഥവും പക്ഷഭേദവും കൂടാതെ ന്യായവും സത്യവും അനുസരിച്ചു വിധി നടത്തുക എന്നാണ് ‘മനുഷ്യര്‍ക്കിടയില്‍ നീതിയനുസരിച്ച് വിധി കല്‍പിക്കണമെന്ന് പറഞ്ഞതിന്‍റെ സാരം. രണ്ടുകൂട്ടര്‍ക്കിടയിലുള്ള തീരുമാനമാകുമ്പോള്‍, ഇരു കൂട്ടരുടെയും വാദവും, വാദമുഖങ്ങളും, തെളിവുകളും കേട്ട് മനസ്സിലാക്കുകയും, അനന്തരം എടുക്കേണ്ടുന്ന തീരുമാനത്തെപ്പറ്റി ചിന്തിക്കുകയും ചെയ്‌തെങ്കിലേ ഇത് സാധ്യമാകൂ. അതിന് തക്ക അറിവും പ്രാപ്തിയും ഉള്ളവര്‍ക്കേ ഈ വിഷയത്തില്‍ പ്രവേശിക്കുവാനും പാടുള്ളൂ.

ഈ രണ്ട് കല്‍പനകളും തന്നെ, ഭരണകര്‍ത്താക്കള്‍, ന്യായാധിപന്മാര്‍, നേതാക്കള്‍, പണ്ഡിതന്മാര്‍ എന്നിവരെയൊക്കെയാണ് കൂടുതല്‍ ശക്തമായി ബാധിക്കുന്ന തെങ്കിലും, മറ്റുള്ളവരും അതില്‍നിന്ന് ഒഴിവല്ല. ഓരോരുത്തരുടെയും സ്ഥിതിക്കും നിലവാരത്തിനും അനുസരിച്ച് അമാനത്ത് പാലിക്കുകയും, വിധി കല്‍പിക്കുകയും ചെയ്യേണ്ടി വരുന്ന ഘട്ടങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടായേക്കുന്നതാണ്. ചുരുങ്ങിയപക്ഷം, വീട്ടുകാര്യ ങ്ങളിലെങ്കിലും അത്യാവശ്യമായിവരും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് കൊടുത്ത് തീര്‍ക്കണമെന്ന് പൊതുവില്‍ പറഞ്ഞതല്ലാതെ ഇന്നതരത്തിലുള്ള അവകാശികള്‍ക്ക് എന്ന് അല്ലാഹു നിജപ്പെ ടുത്തിയിട്ടില്ല. അതുപോലെത്തന്നെ, മനുഷ്യര്‍ക്കിടയില്‍ വിധി കല്‍പിക്കുമ്പോള്‍ വിധിയില്‍ നീതി പാലിക്കണമെന്നല്ലാതെ, ഇന്നതരത്തില്‍ പെട്ടവരോട് നീതി പാലിക്കണമെന്നും നിര്‍ണയിച്ചിട്ടില്ല. അമാനത്തിന്‍റെ അവകാശികളും വിധി കല്‍പിക്കപ്പെടുന്ന മനുഷ്യരും നല്ലവരെന്നോ, അല്ലാത്തവരെന്നോ, മുസ്‌ലിംകളെന്നോ, അല്ലാത്തവരെന്നോ നോക്കേണ്ടതില്ല എന്നാണിത് കാണിക്കുന്നത്. വഞ്ചനയും, അനീതിയും ആരോടും പാടില്ലെന്നുള്ളത് ഇസ്‌ലാമിലെ ഒരു മൗലിക സിദ്ധാന്തമാകുന്നു. അതുകൊണ്ടാണ് ഈ വചനത്തിന്‍റെ വ്യാഖ്യാനവേളയില്‍ പല മഹാന്‍മാരും ഇക്കാര്യം പ്രത്യേകം ചൂണ്ടി ക്കാണിച്ചിട്ടുള്ളതും. എല്ലാ കാര്യങ്ങളും കണ്ടും കേട്ടും വീക്ഷിച്ചുകൊണ്ടിരിക്കുന്ന സര്‍വ്വജ്ഞനായ അല്ലാഹുവാണ് ഈ കല്‍പനകള്‍ നിങ്ങളോട് കല്‍പിക്കുന്നതെന്നും, നിങ്ങള്‍ക്ക് വളരെ പ്രയോജനകരവും ഉത്തമവുമായ ഒരു സദുപദേശമാണിതെന്നും ഈ കല്‍പനയോടൊപ്പം അല്ലാഹു നമ്മെ ഉണര്‍ത്തിയിട്ടുള്ളത് നാം പ്രത്യേകം ഓര്‍മിച്ചിരിക്കേണ്ടതാകുന്നു. والله الموفق والمعين

നബി (صلى الله عليه وسلم) പറയുന്നു: ‘നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് നിറവേറ്റിക്കൊടുക്കുക. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്.’ (ദാ;തി;ഹ;ബ.) കപടവിശ്വാസിയുടെ പ്രധാന ലക്ഷണങ്ങള്‍ വിവരിക്കുന്ന സുപ്രസിദ്ധ ഹദീഥില്‍, ‘വിശ്വസിച്ചാല്‍ ചതിക്കുക’ എന്നാണ് നബി (صلى الله عليه وسلم) ഒരു ലക്ഷണമായി എണ്ണിയിരിക്കുന്നത്. ഇബ്‌നു അബ്ബാസ് (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരു ജനതയില്‍ വഞ്ചന പ്രത്യക്ഷപ്പെട്ടാല്‍ അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഭീതി ഏര്‍പ്പെടുത്താതിരിക്കുകയില്ല. വ്യഭിചാരം ഒരു ജനതയില്‍ പ്രചരിച്ചാല്‍ അവരില്‍ മരണം വര്‍ദ്ധിക്കാതിരിക്കുകയില്ല. ഒരു ജനത അളവും തൂക്കവും കുറച്ചാല്‍ അവര്‍ക്ക് ആഹാരത്തില്‍ അഭിവൃദ്ധി തടയപ്പെടാതിരിക്കുകയില്ല. ന്യായപ്രകാരമല്ലാതെ ഒരു ജനത വിധി നടത്തുന്നതായാല്‍ അവരില്‍ രക്തം (ചിന്തല്‍) പ്രചാരപ്പെടാതിരിക്കുകയില്ല. ഒരു ജനത കരാറ് ലംഘിക്കുന്നതായാല്‍ അവര്‍ക്കെതിരില്‍ ശത്രുവിന് സ്വാധീനം ലഭിക്കാതിരിക്കുകയില്ല.’ (മാലിക്)

അമാനത്തുകള്‍ നിറവേറ്റാതെ വഞ്ചനയും ചതിയും നടത്തുന്നതിനെയും, വിധികളിലും തീരുമാനങ്ങളിലും നീതി പാലിക്കാതിരിക്കുന്നതിനെയും സംബന്ധിച്ച് അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല . ക്വുര്‍ആനിലും ഹദീഥിലും വളരെയധികം പരാമര്‍ശിക്കപ്പെടാറുള്ള കാര്യങ്ങളാണവ. പരക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളുമാണ് അത്‌ രണ്ടും. പക്ഷേ, നിര്‍ഭാഗ്യവും ഖേദകരവുമെന്ന് പറയട്ടെ, ഈ രണ്ടുകാര്യങ്ങളിലും മറ്റാരെക്കാളും ശ്രദ്ധിക്കേവരായ മുസ്‌ലിംകളടക്കം ഇന്ന് ലോകജനത മൊത്തത്തില്‍ തന്നെ ആ രണ്ടുവിഷയത്തിലും വളരെ കുത്തഴിഞ്ഞ ഒരവസ്ഥയിലാണുള്ളത്. പ്രസംഗ വേദികളിലും, ലിഖിത രേഖകളിലുമല്ലാതെ – പ്രവര്‍ത്തന രംഗത്ത് -രണ്ടിനും വലിയ സ്ഥാനമില്ലാതായിത്തീര്‍ന്നിരിക്കുകയാണ്. എവിടെ നോക്കിയാലും അനീതിയും, വഞ്ചനയും, പക്ഷഭേദ മനഃസ്ഥിതിയും, സ്വാര്‍ഥവും തന്നെ. ഇബ്‌നു അബ്ബാസ് (റ)ല്‍ നിന്ന് മുകളില്‍ കണ്ട ഉദ്ധരണിയില്‍ അദ്ദേഹം പറഞ്ഞ ഓരോ നീചവൃത്തിയും അതതിന്‍റെ ഭവിഷ്യത്തും അക്ഷരാര്‍ഥത്തില്‍ ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. എന്നിട്ടും മനുഷ്യലോകം പിന്നെപ്പിന്നെ കൂടുതല്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. معاذ الّله

ഹുദൈഫത്തുണ്ട്‌നുല്‍ യമാനി (റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും (റ) നിവേദനം ചെയ്ത അല്‍പം ദീര്‍ഘമായ ഒരു ഹദീഥില്‍, നബി (صلى الله عليه وسلم) യില്‍ നിന്നു ഉദ്ധരിച്ചുകൊണ്ട് ജനഹൃദയങ്ങളില്‍നിന്ന് അമാനത്ത് (വിശ്വസ്തത) നശിച്ചു പോകുന്നതിനെപ്പറ്റി അദ്ദേഹം വിവരിച്ചുകാണാം. അതില്‍ അദ്ദേഹം പറയുകയാണ്: ‘മനുഷ്യര്‍ അന്യോന്യം ക്രയവിക്രയം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അമാനത്ത് നിറവേറ്റുന്ന ഒരാളും ഇല്ലാതായിത്തീര്‍ന്നേക്കും. അവസാനം, ഇന്ന കുടുംബത്തില്‍ ഒരു വിശ്വസ്തനായ ആളുണ്ടത്രെ എന്നും (ആശ്ചര്യപൂര്‍വ്വം) പറയപ്പെടുമാറാകും.’ (ബു;മു.) ഇന്ന് നമ്മുടെ നില ഏതാണ്ട് ഈ ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞിരിക്കയാണെന്ന് തോന്നിപ്പോകുന്നു! ആ ഹദീഥില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളപോലെ, വലിയ വലിയ ബുദ്ധിമാന്‍മാരും, സമര്‍ഥന്മാരും, വമ്പന്മാരു മൊക്കെ പലരും ജനമദ്ധ്യെ ഉണ്ടായിരിക്കും. പക്ഷേ, വിശ്വാസവും വിശ്വസ്തതയും ഉള്ളവരെ കാണുവാനാണ് പ്രയാസം. അല്ലാഹു മനുഷ്യസമുദായത്തെ കാത്തുരക്ഷിക്കെട്ട. ആമീന്‍.

4:59
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا ﴾٥٩﴿
  • ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും, നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കുവിന്‍. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം (ഭിന്നിച്ച്) പിണക്കമുണ്ടാകുന്ന പക്ഷം, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു.
  • يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ أَطِيعُوا നിങ്ങള്‍ അനുസരിക്കുവിന്‍ اللَّهَ അല്ലാഹുവിനെ وَأَطِيعُوا നിങ്ങള്‍ അനുസരിക്കുകയും ചെയ്യുവിന്‍ الرَّسُولَ റസൂലിനെ وَأُولِي الْأَمْرِ കാര്യക്കാരെ (അധികാരസ്ഥന്മാരെ)യും مِنكُمْ നിങ്ങളില്‍നിന്നുള്ള فَإِن تَنَازَعْتُمْ എന്നാല്‍ (എനി) നിങ്ങള്‍ പിണങ്ങിയെങ്കില്‍, ഭിന്നിച്ചാല്‍ فِي شَيْءٍ വല്ല കാര്യത്തിലും فَرُدُّوهُ എന്നാലത് നിങ്ങള്‍ മടക്കിക്കൊള്ളുവിന്‍ إِلَى اللَّهِ അല്ലാഹുവിലേക്ക് وَالرَّسُولِ റസൂലിലേക്കും إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ تُؤْمِنُونَ വിശ്വസിക്കുന്നു بِاللَّهِ അല്ലാഹുവില്‍ وَالْيَوْمِ الْآخِرِ അന്ത്യദിനത്തിലും ذَٰلِكَ خَيْرٌ അത് ഉത്തമമാണ് وَأَحْسَنُ കൂടുതല്‍ നല്ലതുമാണ് تَأْوِيلًا പര്യവസാനം, പുലര്‍ച്ചയില്‍

ഇസ്‌ലാം ശരീഅത്തിന്‍റെ അടിത്തറയാണ് ഈ വചനത്തിന്‍റെ ഉള്ളടക്കം. അതിലെ നിയമങ്ങളും തത്വസിദ്ധാന്തങ്ങളുമെല്ലാം ഈ അടിസ്ഥാനത്തില്‍മാത്രമേ സ്വീകാര്യമാകുകയുള്ളൂ. വ്യക്തിപരവും, സാമൂഹ്യവും, സാമ്പത്തികവും രാഷ്ട്രീയവും, സാംസ്‌കാരികവുമായ എല്ലാ ജീവിത വശങ്ങളും ഈ വചനത്തിലടങ്ങിയ നാലു മൗലിക തത്വങ്ങളില്‍ ഒതുങ്ങി നില്‍ക്കേണ്ടതാകുന്നു. ജീവിതത്തിന്റെ ഏതെങ്കിലും ഒരു വശം അവയുടെ പരിധിയില്‍നിന്ന് പുറത്ത് പോകുന്നപക്ഷം, ആ വശം അനിസ്‌ലാമികമായി മാറുന്നതാണ്. സത്യവിശ്വാസികളെ വിളിച്ചുകൊണ്ട് അല്ലാഹു പറയുന്നു:-

(1) أَطِيعُوا اْلَّله നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍). അല്ലാഹുവിനെ അനുസരിക്കല്‍ നിവൃത്തിയാകുന്നത് അവന്‍റെ ക്വുര്‍ആനെ അനുസരിക്കുന്നത് വഴിയാണ്.

(2) وَأَطِيعُوا اْلرَّسُولَ റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍). സാക്ഷാല്‍ നിയമനിര്‍മാണാധികാരം അല്ലാഹുവിന് തന്നെ. സംശയമില്ല. എന്നാല്‍, ക്വുര്‍ആന്‍ അടക്കമുള്ള അല്ലാഹുവിന്‍റെ സകല സന്ദേശങ്ങളും പ്രബോധനം ചെയ്യുന്നതും അവക്ക് വിശദീകരണവും വാഖ്യാനവും നല്‍കുന്നതും, അവയുടെ പ്രായോഗിക രൂപം കാണിച്ചു തരുന്നതുമെല്ലാം റസൂല്‍ തിരുമേനി (صلى الله عليه وسلم) യാണല്ലോ. ഇവയില്‍ ക്വുര്‍ആന്‍ ഒഴിച്ചു ബാക്കിയെല്ലാം ചേര്‍ന്നതാണ് തിരുമേനിയുടെ ‘സുന്നത്ത് ‘ എന്ന പേരില്‍ അറിയപ്പെടുന്നത്.

റസൂല്‍ തിരുമേനി (صلى الله عليه وسلم)യുടെ ജീവിതകാലത്തിനുശേഷം, അവിടുത്തെ അനുസരിക്കല്‍ നിവൃത്തിയാകുന്നത് അവിടുത്തെ സുന്നത്തിനെ അനുസരിക്കല്‍ മുഖേന മാത്രമാകുന്നു . തിരുമേനിയുടെ ജീവിതകാലത്ത് മാത്രമേ തിരുമേനിയെ അനുസരിക്കേണ്ടതുള്ളൂവെന്നു ക്വുര്‍ആനിലോ സുന്നത്തിലോ ഒരിടത്തും ഒരു സൂചനപോലും ഇല്ല. മുസ്‌ലിംകളില്‍ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടുമില്ല. മുസ്‌ലിം നാമം ധരിച്ചുകൊണ്ട് വല്ലവരും അങ്ങിനെ വാദിക്കുന്ന പക്ഷം – ചിലര്‍ വാദിക്കാതെയുമില്ല – അത് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ബാധകവുമല്ല. (*) ക്വുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളില്‍ റസൂലിനെ അനുസരിക്കുന്നത് യഥാര്‍ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കല്‍ തന്നെയാണ്. അതില്‍ നിന്നും അന്യമായ മറ്റൊന്നല്ല. അതാണ് താഴെ (80-ാം വചനത്തില്‍) അല്ലാഹു പറയുന്നത് : مَّنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ الَّله (റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു.) കാരണം അല്ലാഹു തന്നെ മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുമുണ്ട്. وَمَايَنطِقُ عَنِ وََى (53 : 3) (അദ്ദേഹം സ്വേച്ഛയനുസരിച്ചു സംസാരിക്കുകയില്ല.) ഇസ്‌ലാമിന്‍റെ മൂല പ്രമാണങ്ങള്‍ ക്വുര്‍ആനും സുന്നത്തുമാണ് എന്നുള്ളത് മുസ്‌ലിംകളുടെ ഏകകണ്ഠമായ അഭിപ്രായമായിരിക്കുവാന്‍ കാരണം ഇപ്പറഞ്ഞതില്‍ നിന്നു മനസ്സിലായല്ലോ.

(3) وَأُولِي الْأَمْرِ مِنكُمْ (നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥന്മാരെയും അനുസരിക്കണം.) ‘നിങ്ങളില്‍ നിന്ന് (مِنكُمْ)’ എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം സത്യവിശ്വാസികളില്‍നിന്ന് എന്നാണെന്ന് വ്യക്തം. എന്നാല്‍, ‘അധികാരസ്ഥന്മാര്‍ (أولو الأَمْرِ)’ ആരാണ്? ഇതിന്‍റെ നിര്‍വ്വചനത്തില്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ വ്യത്യസ്തങ്ങളായി കാണാം. ഭരണാധിപന്മാര്‍, ഉദ്യോഗസ്ഥമേധാവികള്‍, വിധികര്‍ത്താക്കള്‍ സമുദായ നേതാക്കള്‍, പണ്ഡിതന്മാര്‍, മതവിജ്ഞാനികള്‍ എന്നൊക്കെയാണ് അവയുടെ രത്‌നച്ചുരുക്കം. അല്‍പം ഉള്ളോട്ടു കടന്ന് ആലോചിച്ചാല്‍ – ചില മഹാന്മാര്‍ (**) ചൂണ്ടിക്കാട്ടുന്നതുപോലെ – ഇവരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു വാക്കാണതെന്ന് കാണാവുന്നതാണ്. അതാത് തുറകളില്‍ ആധികാരികമായി തീരുമാനമെടുക്കുവാന്‍ അര്‍ഹതയും കെല്‍പും ഉള്ളവര്‍ എന്ന് മൊത്തത്തില്‍ പറയാം. ഉദാഹരണമായി: ഭരണകാര്യങ്ങളില്‍ ഭരണമേധാവികളും, പൊതുകാര്യങ്ങളില്‍ സമുദായ നേതാക്കളും യുദ്ധകാര്യങ്ങളില്‍ സൈന്യാധിപന്മാരും, വ്യവഹാര വഴക്കുകളില്‍ വിധികര്‍ത്താക്കളും, മതവിധികളില്‍ മതപണ്ഡിതന്മാരും, സംഘടനാ വിഷയങ്ങളില്‍ സംഘത്തലവന്മാരും അധികാരസ്ഥന്മാരായിരിക്കും. ഭരണകര്‍ത്താക്കളും, അവരുടെ ഉദ്യോഗസ്ഥന്മാരും ഏതായാലും ഉള്‍പെടുമെന്നു പ്രത്യേകം പറയേണ്ടതില്ല.


(*) ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ സുന്നത്തിനുള്ള സ്ഥാനവും, ക്വുര്‍ആനും അതും തമ്മിലുള്ള ബന്ധവും വസ്തുനിഷ്ഠവും വൈജ്ഞാനികവുമായ രീതിയില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഒരു നിസ്തുല ഗ്രന്ഥമാണ് السنة ومكانتھا فى الشريع الاسلامى للمرحوم الدكتور مصطفى السباعى താല്‍പര്യമുള്ളവര്‍ ആ ഗ്രന്ഥം നോക്കിക്കൊള്ളട്ടെ. മലയാളത്തിലും മറ്റു ചില ഭാഷകളിലും അതു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

(**) كما فى فتح الباري


ഒരു യഥാര്‍ഥം കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാമിക വ്യവസ്ഥപ്രകാരം പണ്ഡിതന്മാര്‍ ഒന്ന് വേറെയും അധികാരസ്ഥന്മാര്‍ ഒന്നു വേറെയും എന്നില്ല. അതത് അധികാരത്തിനനുസരിച്ച് മതപാണ്ഡിത്യവും അറിവും ഉള്ളവര്‍ക്കേ അതതിന് അര്‍ഹതയുള്ളൂ. ഭരണകര്‍ത്താക്കള്‍ മതപണ്ഡിതന്മാരും കൂടിയായിരിക്കണം. ഒരു കൂട്ടരുടെ അധികാരപരിധിയില്‍പെട്ടവര്‍, അവരെ അനുസരിക്കാത്ത പക്ഷം, സമുദായത്തിന്‍റെ മതപരവും ലൗകീകവുമായ തുറകളില്‍ പിന്നെ സമാധാനഭദ്രത ഉണ്ടായിരിക്കുകയില്ലല്ലോ. അല്ലാഹുവിന്‍റെയും, റസൂലിന്‍റെയും അനുസരണത്തിനു പുറമെ അധികാരസ്ഥന്മാരെയും അനുസരിക്കണമെന്ന് കല്‍പിക്കുന്നത് അതുകൊണ്ടാണ്. സത്യവിശ്വാസികളായ അധികാരസ്ഥന്മാരെക്കുറിച്ചാണല്ലോ സംസാരം. അതുകൊണ്ട് തന്നെ, അവര്‍ അല്ലാഹുവിന്‍റെ ക്വുര്‍ആനിന്നും, നബി (صلى الله عليه وسلم) യുടെ സുന്നത്തിനും എതിരായി കല്‍പിക്കുവാന്‍ പാടില്ലെന്നും, കല്‍പിച്ചാല്‍ ആ കല്‍പന സാധുവായിരിക്കയില്ലെന്നും, അപ്പോള്‍ അവരെ അനുസരിക്കേണ്ടതില്ലെന്നും വരുന്നു. കൂടുതല്‍ വിവരം താഴെ ഉദ്ധരിക്കുന്ന ഹദീഥുകളില്‍ നിന്ന് ഗ്രഹിക്കാം. إِن شَاءَ اللَّهُ

(4) فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ (എനി, നിങ്ങള്‍ വല്ല കാര്യത്തിലും പരസ്പരം പിണക്കമാകുന്നപക്ഷം, അത് അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കുവിന്‍.) മതപരമോ, ബന്ധപ്പെട്ടതോ ആയ കാര്യങ്ങളില്‍ അധികാരസ്ഥന്‍മാരും മറ്റുള്ളവരും തമ്മിലോ, ജനങ്ങള്‍ തമ്മതമ്മിലോ ഉണ്ടാകുന്ന ഭിന്നിപ്പുകളും. അഭിപ്രായ വ്യത്യാസങ്ങളുമെല്ലാം ഇതില്‍ ഉള്‍പെടുന്നു. അഥവാ തനി ലൗകികമായ കാര്യങ്ങള്‍ അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നില്ല. കാരണം, ഭിന്നിപ്പുള്ള വിഷയം അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുവാനാണല്ലോ അല്ലാഹു കല്‍പിച്ചിരിക്കുന്നത്. എന്നുവെച്ചാല്‍, ഭിന്നിപ്പുണ്ടാകുന്ന വിഷയത്തെക്കുറിച്ച് ക്വുര്‍ആനും സുന്നത്തും കല്‍പിച്ചിരിക്കുന്ന വിധിയെന്തോ അത് സ്വീകരിക്കണമെന്നര്‍ഥം. ഒരു വീട് പണിയുന്നതിന്‍റെ രൂപം എങ്ങിനെ ആയിരിക്കണം, വയലില്‍ വിളയിടുന്നത് എങ്ങിനെയായിരിക്കണം എന്നൊന്നും ക്വുര്‍ആനിലും സുന്നത്തിലും വിവരിക്കപ്പെടാറില്ലല്ലോ. ഇത്തരം, ലൗകിക കാര്യങ്ങള്‍ ഇതില്‍നിന്ന് ഒഴിവാണെന്ന് താഴെ ഉദ്ധരിക്കുന്ന ഹദീഥുകളില്‍ നിന്ന് കൂടുതല്‍ വ്യക്തമാണ്.

അനുസരിക്കുവാന്‍ കല്‍പിച്ചപ്പോള്‍, അല്ലാഹുവിനും റസൂലിനും പുറമെ അധികാരസ്ഥന്മാരെയും കൂട്ടിപ്പറഞ്ഞുവെങ്കിലും, ഭിന്നിപ്പുള്ള വിഷയങ്ങളില്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മാത്രമേ മടക്കുവാന്‍ പറഞ്ഞുള്ളൂവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മത കാര്യങ്ങളില്‍ നിയമം കൈകാര്യം ചെയ്‌വാന്‍ അല്ലാഹുവിനും റസൂലിനും മാത്രമെ അര്‍ഹതയുള്ളൂ, മറ്റാര്‍ക്കും അതില്‍ പങ്കില്ല, അല്ലാഹുവും റസൂലും കല്‍പ്പിക്കുന്നതിന് വഴങ്ങുവാനേ അധികാരസ്ഥന്മാര്‍ക്കും പാടുള്ളൂ എന്നൊക്കെയാണ് അതിലടങ്ങിയ തത്വങ്ങള്‍. അല്ലാഹുവിനെക്കുറിച്ചും, റസൂലിനെക്കുറിച്ചും പറഞ്ഞപ്പോള്‍ أَطِيعُوا (നിങ്ങള്‍ അനുസരിക്കുവിന്‍) എന്ന ക്രിയ ആവര്‍ത്തിച്ചു പറഞ്ഞതും, അധികാരസ്ഥന്‍മാരെക്കുറിച്ച് പറഞ്ഞപ്പോള്‍ അതാവര്‍ത്തിക്കാതെ وَأُولِي الْأَمْرِ (അധികാരസ്ഥന്മാരെയും) എന്ന് മാത്രം പറഞ്ഞതും ശ്രദ്ധാര്‍ഹമാകുന്നു.

സത്യസന്ധമായും, നിഷ്‌കളങ്കമായും, സദുദ്ദേശ്യത്തോടുകൂടിയും പരിശോധിച്ചാല്‍ ക്വുര്‍ആനില്‍നിന്നും സുന്നത്തില്‍ നിന്നുമായി – വ്യക്തമായോ സൂചനയായോ, വാച്യമായോ വ്യംഗ്യമായോ – വിധി കണ്ടെത്തുവാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ വളരെ ദുര്‍ല്ലഭമേ ഉണ്ടായിരിക്കുകയുള്ളൂ. പരിശോധകന്‍റെ ഭാഗ്യവും യോഗ്യതയും സത്യാന്വേഷണവും അനുസരിച്ച് ഏറ്റക്കുറവുണ്ട് താനും. പരിതഃസ്ഥിതികള്‍ക്കും ചിന്താഗതികള്‍ക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന വല്ല പ്രശ്‌നങ്ങളുടെയും വിശദാംശങ്ങളായിരിക്കും മിക്കവാറും ആ രണ്ടില്‍നിന്നും വേഗത്തില്‍ പരിഹാരം ലഭിക്കാതെ ബാക്കിയാകുന്നത്. അവിടെയാണ്, ആ രണ്ടിന്‍റെയും അദ്ധ്യാപനങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള അഭിപ്രായം ആരായുവാനും, നിരീക്ഷണം നടത്തുവാനും الاجتهادوالاستنباط അര്‍ഹരായ പണ്ഡിതന്മാര്‍ക്ക് അവകാശം നല്‍കപ്പെട്ടിരിക്കുന്നതും. എന്തുതന്നെ ആയാലും ക്വുര്‍ആന്‍റെയും സുന്നത്തിന്‍റെയും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരായ ഒരു അഭിപ്രായത്തിന് ഇസ്‌ലാമില്‍ അംഗീകാരമില്ല. അഭിപ്രായക്കാരുടെ ആധിക്യത്തിന് പരിഗണനയുമില്ല. വ്യക്തമല്ലാത്ത നിര്‍ദ്ദേശങ്ങളെ സംബന്ധിച്ചിടത്തോളം അഭിപ്രായവ്യത്യാസം സ്വാഭാവികമാകുന്നു. അഥവാ അവിടെയാണ് അഭിപ്രായത്തിനുള്ള സ്ഥാനവും. ഈ വചനത്തിന്‍റെ ഉള്ളടക്കത്തോട് ബന്ധപ്പെട്ട ചില സൂചനകള്‍ മാത്രമാണ് ഇതെല്ലാം. വിശദവിവരങ്ങള്‍ക്ക് ഹദീഥ് വ്യാഖ്യാനഗ്രന്ഥങ്ങളെയും, ഉസ്വൂലിന്‍റെ (കര്‍മശാസ്ത്ര നിദാനങ്ങളുടെ) ഗ്രന്ഥങ്ങളെയും അവലംബിക്കേണ്ടതാകുന്നു.

ഭിന്നിപ്പുണ്ടാകുമ്പോള്‍ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുവാന്‍ കല്‍പിച്ചതിനോട് ചേര്‍ത്തുകൊണ്ട് إِن كُنتُمْ تُؤْمِنُونَ (നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍) എന്ന് പറഞ്ഞിരിക്കുന്നത് വളരെ ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യാത്തപക്ഷം, നിങ്ങള്‍ യഥാര്‍ഥത്തില്‍ സത്യവിശ്വാസികളായിരിക്കയില്ല. ഞങ്ങള്‍ സത്യവിശ്വാസികളാണെന്ന് നിങ്ങള്‍ പറയുന്നതിന് അര്‍ഥവുമില്ല. ക്വിയാമത്തു നാളില്‍ അല്ലാഹുവിന്‍റെ കഠിന ശിക്ഷക്കു നിങ്ങള്‍ വിധേയരാവുകയും ചെയ്യും എന്നൊക്കെയാണ് ആ വാക്ക് സൂചിപ്പിക്കുന്നത്. ഈ താക്കീതുകൊണ്ടും മതിയാക്കാതെ ഈ കല്‍പനയുടെ ക്രിയാത്മകമായ നന്മകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു: ذَلِ ك خَيْر وَأَحْسَنُ تأْوِيلاً (അതു ഏറ്റം ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു.) ഇഹത്തിലും പരത്തിലും അത് നിങ്ങള്‍ക്ക് ശുഭകരമായ പര്യവസാനം നല്‍കും, അല്ലാഹുവിന്‍റെ കൃപാകടാക്ഷങ്ങള്‍ക്ക് നിങ്ങള്‍ പാത്രമാകുകയും ചെയ്യുമെന്ന് സാരം. മുസ്‌ലിം സമുദായത്തിന് ക്വുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുവാന്‍ അല്ലാഹു പ്രചോദനവും തൗഫീക്വും നല്‍കട്ടെ; ആമീന്‍

ഈ വചനത്തിന്‍റെ ആശയത്തിലേക്കും, അര്‍ഥവ്യാഖ്യാനങ്ങളിലേക്കും വെളിച്ചം നല്‍കുന്നതും, അവയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതുമായ വളരെ ആയത്തുകളും ഹദീഥുകളും ഉദ്ധരിക്കുവാനുണ്ട്. പ്രസ്തുത ഹദീഥുകളില്‍ ചിലത് ഇവിടെ ഓര്‍ക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും:-

(1) നബി (صلى الله عليه وسلم) പറഞ്ഞു: ‘എന്നെ ആര്‍ അനുസരിച്ചുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു. ആര്‍ എന്നോടു അനുസരണക്കേടു ചെയ്തുവോ അവന്‍ അല്ലാഹുവിനോടും അനുസരണക്കേട് ചെയ്തു. അമീറിനെ (അധികാരസ്ഥനെ) ആര്‍ അനുസരിക്കുന്നുവോ അവന്‍ എന്നെ അനുസരിച്ചു. അമീറിനോട് ആര്‍ അനുസരണക്കേടു ചെയ്യുന്നുവോ അവന്‍ എന്നോട് അനുസരണക്കേട് ചെയ്തു. നിശ്ചയമായും, ഇമാം (ഭരണ നേതാവ്) ഒരു പരിച തന്നെയാണ്. അവന്‍റെ പിന്നില്‍നിന്ന് സമരം നടത്തപ്പെടുകയും, അവന്‍ മുഖേന (ശത്രുക്കളില്‍ നിന്ന്) കാത്തു സൂക്ഷിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അല്ലാഹുവിനെ സൂക്ഷിക്കുവാന്‍ കല്‍പിക്കുകയും, നീതി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന് അതിന്‍റെ പ്രതിഫലമുണ്ടായിരിക്കും. അവന്‍ മറ്റു വല്ലതും പറഞ്ഞാല്‍ അതിന്‍റെ ബാധ്യത അവന്‍റെ മേലായിരിക്കും.’ (ബു;മു.)

(2) റസൂല്‍ (صلى الله عليه وسلم) പ്രസംഗിക്കുമ്പോള്‍ ഒരു സൈന്യത്തിന്‍റെ ആക്രമണത്തെപ്പറ്റി താക്കീത് നല്‍കുന്നവനെപ്പോലെ, കണ്ണു ചുവക്കുകയും, ശബ്ദം ഉയരുകയും, ദേഷ്യം കഠിനമാകുകയും ചെയ്തുകൊണ്ട് അവിടുന്ന് ഇങ്ങിനെ പറയാറുണ്ടായിരുന്നതായി ജാബിര്‍ (റ) ഉദ്ധരിച്ചിരിക്കുന്നു: ”…… എന്നാല്‍ പിന്നെ, വര്‍ത്തമാനത്തില്‍വെച്ചു ഏറ്റവും ഉത്തമമായത് അല്ലാഹുവിന്‍റെ കിതാബാകുന്നു. ചര്യയില്‍ വെച്ചു ഏറ്റവും ഉത്തമമായത് മുഹമ്മദിന്‍റെ ചര്യയുമാകുന്നു. കാര്യങ്ങളില്‍വെച്ച് മോശമായത് അവയില്‍ പുതുതായി നിര്‍മിക്കപ്പെട്ടവയാണ് എല്ലാ പുത്തനാചാരവും (അനാചാരവും) ദുര്‍മാര്‍ഗവുമാകുന്നു.’ (മു.)

(3) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യണം – മുന്തിരിപ്പഴം പോലെ (കറുത്ത ചെറിയ) തലയുള്ളവനായ ഒരു നീഗ്രോ അടിമയെ നിങ്ങളുടെമേല്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടാലും ശരി.’ (ബു;മു.)

(4) ഉബാദത്തുബ്‌നു സ്വാമിത്ത് (റ) പറയുന്നു: ‘പ്രയാസത്തിലും എളുപ്പത്തിലും, സന്തോഷത്തിലും, വെറുപ്പിലും (എല്ലാം തന്നെ) കേള്‍ക്കുകയും, അനുസരിക്കുകയും ചെയ്‌വാനും, അധികാരസ്ഥന്മാരോട് അധികാരത്തില്‍ പിണങ്ങാതിരിക്കുവാനും, എവിടെത്തന്നെ ആയിരുന്നാലും ഒരു ആക്ഷേപക്കാരന്‍റെ ആക്ഷേപവും ഭയപ്പെടാതെ യഥാര്‍ഥം പറയുവാനും ഞങ്ങള്‍ റസൂല്‍ (صلى الله عليه وسلم) തിരുമേനിയോട് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തിരിക്കുന്നു.’ ഈ ഹദീഥിന്‍റെ ഒരു രിവായത്തിലെ വാചകത്തില്‍ ഇങ്ങിനെയും കാണാം: ‘നിങ്ങളുടെ അടുക്കല്‍ അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് ശരിയായ തെളിവുള്ള വ്യക്തമായ വല്ല ‘കുഫ്‌റും’ കാണുന്നതായാല്‍ ഒഴികെ (മറ്റെല്ലായ്‌പോഴും) അധികാരസ്ഥന്മാരോട് അധികാരത്തില്‍ പിണങ്ങരുത്.’ (ബു;മു.)

(5) ഇബ്‌നു ഉമര്‍ (റ) പറയുന്നു: ‘കേള്‍ക്കുവാനും അനുസരിക്കുവാനും റസൂല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഞങ്ങള്‍ ബൈഅത്ത് നല്കുമ്പോള്‍ ‘നിങ്ങള്‍ക്ക് സാധ്യമാകുന്ന കാര്യത്തില്‍’ എന്നു തിരുമേനി ഞങ്ങളോട് പറയുമായിരുന്നു.'(ബു;മു.)

(6) ഇബ്‌നു മസ്ഊദ് (റ) പറയുന്നു: ‘ഞങ്ങളോട് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എന്‍റെ ശേഷം, പല സ്വാര്‍ഥങ്ങളും, നിങ്ങള്‍ക്കു പരിചിതമല്ലാത്ത ചില കാര്യങ്ങളും നിങ്ങള്‍ കേക്കും.’ അപ്പോള്‍ സ്വഹാബിമാര്‍ ചോദിച്ചു: ‘എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നാണ് അവിടുന്ന് കല്പിക്കുന്നത്? ‘ തിരുമേനി പറഞ്ഞു: ‘അവരുടെ അവകാശം നിങ്ങള്‍ വകവെച്ചു കൊടുക്കുകയും, നിങ്ങളുടെ അവകാശം നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും ചെയ്തുകൊള്ളുവിന്‍.’ (ബു; മു.)

(7) അബ്ദുറഹ്മാനി ബ്‌നു സമുറഃ (റ) പറയുന്നു: എന്നോട് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നീ അധികാരസ്ഥാനത്തിന് ആവശ്യപ്പെടരുത്. കാരണം, അത് ചോദിച്ചു വാങ്ങിയിട്ട് കിട്ടിയാല്‍ അത് നിന്നില്‍ തന്നെ ഭരമേല്‍പിക്കപ്പെടും. (അല്ലാഹുവിന്‍റെ സഹായം അതിലുണ്ടായിരിക്കയില്ല.) ചോദിക്കാതെ അത് നിനക്ക് കിട്ടിയാല്‍ അതില്‍ നിനക്ക് സഹായം ലഭിക്കും.’ (ബു; മു.)

(8) റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്നു: ‘അവസാന കാലത്ത് ചെപ്പടി വിദ്യക്കാരായ ചില വ്യാജവാദികള്‍ വരുന്നതാണ്. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത ചില വര്‍ത്തമാനങ്ങള്‍ അവര്‍ നിങ്ങള്‍ക്ക് കൊണ്ടുതരും. നിങ്ങള്‍ അവരെ സൂക്ഷിക്കണം. അവര്‍ നിങ്ങളെ വഴിപിഴപ്പിക്കാതിരിക്കട്ടെ.’ (മു.)

(9) ഇര്‍ബാളു (عرباض) ബ്‌നു സാരിയഃ (റ) പറയുന്നു: ഒരു ദിവസം റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഞങ്ങളോട് വളരെ സാരവത്തായ ഒരു പ്രസംഗം നടത്തി. അതുമൂലം കണ്ണുകള്‍ ഒഴുകുകയും, ഹൃദയങ്ങള്‍ നടുങ്ങുകയും ചെയ്തു. അപ്പോള്‍ ഒരാള്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ റസൂലേ, ഇതു (യാത്ര പറഞ്ഞു) വിടവാങ്ങിപ്പോകുന്ന ഒരാളുടെ ഉപദേശം പോലെയുണ്ടല്ലോ. അതുകൊണ്ട് അവിടുന്ന് ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നല്‍കിയാലും!’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിനെ സൂക്ഷിക്കുവാനും, ഒരു നീഗ്രോ അടിമ (അധികാരസ്ഥന്‍) ആയിരുന്നാലും നിങ്ങള്‍ കേള്‍ക്കുവാനും അനുസരിക്കുവാനും ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. കാരണം, എന്‍റെ ശേഷം നിങ്ങളാരെങ്കിലും ജീവിച്ചിരിക്കുന്ന പക്ഷം, അവന്‍ വളരെയധികം ഭിന്നിപ്പു കേക്കുന്നതാണ്. അപ്പോള്‍, നിങ്ങള്‍ എന്‍റെ ചര്യയും, സന്മാര്‍ഗം സിദ്ധിച്ച തന്റേടത്തില്‍ വര്‍ത്തിച്ച ഖലീഫഃമാരുടെ (എന്‍റെ പിന്‍ഗാമികളുടെ) ചര്യയും സ്വീകരിച്ചുകൊള്ളുവിന്‍. അത് നിങ്ങള്‍ കൈവിടാതിരിക്കുകയും, അതിന്‍മേല്‍ അണപ്പല്ലുകൊണ്ട് കടിച്ചു പിടിക്കുകയും ചെയ്യുവിന്‍. പുതുനിര്‍മിതങ്ങളായ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കണം. എല്ലാ പുതുനിര്‍മിതവും അനാചാരമാകുന്നു. (അ; ദാ; തി; ജ.)

(10) ഒരു അന്‍സ്വാരീ സ്വഹാബിയും കര്‍ഷകനുമായിരുന്ന റാഫിഉ (رافِع) ബ്‌നു ഖദീജ് (റ) പറയുന്നു: റസൂല്‍ (صلى الله عليه وسلم) മദീനായില്‍ വരുമ്പോള്‍ അവിടെയുള്ളവര്‍ ഈത്തപ്പനക്ക് ‘തഅ്ബീര്‍’ (*) ചെയ്യുക പതിവുണ്ടായിരുന്നു. അങ്ങിനെ ചെയ്തില്ലെങ്കിലും കൊള്ളാം എന്നു തിരുമേനി പറഞ്ഞു. (അനന്തരം ആളുകള്‍ ആ പതിവ് വേണ്ടെന്നുവെച്ചു.) അപ്പോള്‍ ഫലം കുറവായി. വിവരം അവര്‍ തിരുമേനിയോട് പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാകുന്നു. ഞാന്‍ നിങ്ങളോട് നിങ്ങളുടെ മതവിഷയത്തില്‍ വല്ലതും കല്‍പിച്ചാല്‍ നിങ്ങളത് സ്വീകരിക്കണം. നിങ്ങളോട് ഞാന്‍ (മതപരമല്ലാത്ത) എന്‍റെ അഭിപ്രായത്തില്‍പെട്ട വല്ലതും കല്‍പിച്ചാല്‍, അപ്പോള്‍ ഞാന്‍ ഒരു മനുഷ്യന്‍ മാത്രമായിരിക്കും. (മു.) മതപരമല്ലാത്ത ലൗകിക വിഷയത്തില്‍ എന്‍റെ അഭിപ്രായം തെറ്റായിക്കൂടാ എന്നില്ലെന്നു സാരം. അടുത്ത വചനങ്ങളും കൂടി ഇതോടൊപ്പം മനസ്സിരുത്തുക:-


(*) ആണ്‍ ഈത്തപ്പനയുടെ കുല ചീന്തി അതിന്‍റെ നാരെടുത്ത് ഈന്തക്കുലകള്‍ പൊളിച്ചു അതില്‍ ഇട്ടു പരാഗസങ്കലനം നടത്തുന്നതിനാണ് ‘തഅ്ബീര്‍’ (تأبير) എന്ന് പറയുന്നത്. ഇത്മൂലം കുലകളില്‍ നല്ല കായഫലം ഉണ്ടാകുമെന്നാണ് വയ്പ്.