അന്ത്യപ്രവാചകനായ  മുഹമ്മദ് തിരുമേനി(സ)  ക്കു 40-ാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചതു മുതല്‍ 63-ാം വയസ്സില്‍ അവിടുത്തെ വിയോഗമുണ്ടായതുവരെയുള്ള കാലഘട്ടത്തില്‍ – പല സന്ദര്‍ഭങ്ങളിലായി – അല്ലാഹു അവതരിപ്പിച്ചു കൊടുത്തിട്ടുള്ള ഒരു വേദഗ്രന്ഥമത്രെ വിശുദ്ധ ക്വുര്‍ആന്‍. ‘മുസ്വ്ഹഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ വിശുദ്ധ ഗ്രന്ഥം ഇന്ന് ലോകത്തിന്‍റെ ഏതു മൂലയിലും കാണാവുന്നതാണ്. ഏതൊരു മുസ്‌ലിമിന്‍റെ വീട്ടിലും അതിന്‍റെ ഒരു പ്രതിയെങ്കിലും കാണാതിരിക്കുക വിരളമാകുന്നു. ഇത്രയധികം പ്രതികള്‍ ലോകത്തു വെളിപ്പെട്ടിട്ടുള്ള മറ്റൊരു മത ഗ്രന്ഥവും ഇല്ലെന്നു പറയാം.
ചെറുതും വലുതുമായി 114 അദ്ധ്യായങ്ങളും (സൂറത്തുകളും) 6000ത്തില്‍ പരം വചനങ്ങളും (ആയത്തുകളും) 77,000 ത്തില്‍ പരം പദങ്ങളും (കലിമത്തുകളും) 3,20,000 ത്തിലധികം അക്ഷരങ്ങളും അതുള്‍ക്കൊള്ളുന്നു. ഏകദേശം സമവലിപ്പത്തിലുള്ള 30 ഭാഗങ്ങളായി (ജുസ്ഉകളായി) അത് ഭാഗിക്കപ്പെട്ടിരിക്കുന്നു. സൂറത്തുകളുടെ ചെറുപ്പവലിപ്പങ്ങള്‍ക്കനുസരിച്ചും, വിഷയങ്ങളെ ആസ്പദമാക്കിയും പല വിഭാഗങ്ങള്‍ (റുകൂഉകള്‍) ആയി വീണ്ടും അവ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു മാസംകൊണ്ട് ക്വുര്‍ആന്‍ ഒരാവര്‍ത്തി (ഒരു ഖതം) പാരായണം ചെയ്തു തീര്‍ക്കുന്ന വര്‍ക്കും, നമസ്‌കാരത്തില്‍ ഓരോ റക്അത്തിലും കുറേശ്ശെ ഓതി വരുന്നവര്‍ക്കും ഈ വിഭജനങ്ങള്‍ വളരെ പ്രയോജനകരമാകുന്നു. കൂടാതെ, ജുസ്ഉകള്‍ പകുതി (നിസ്വ്ഫു)കളായും, കാലു(റുബുഉ്)കളായും മറ്റും ഭാഗിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സാധാരണ മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിക്കാണാവുന്നതാണ്. ഇതിനെല്ലാം പുറമെ 1/8, 1/7, 1/4, 1/2 എന്നിങ്ങനെയും ഭാഗിച്ചു അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം മുന്‍കാലത്തുള്ള ചില മഹാന്മാര്‍ ചെയ്തു വെച്ച സേവനങ്ങളത്രെ ഇതെല്ലാം. പൂര്‍വ്വ മുസ്‌ലിംകള്‍ ക്വുര്‍ആനെ സംബന്ധിച്ച് എത്രമാത്രം ഗൗനിച്ചുവന്നിരുന്നുവെന്നും, ജനങ്ങള്‍ ആ ഗ്രന്ഥം എത്രത്തോളം ഉപയോഗപ്പെടുത്തി വന്നിരുന്നുവെന്നും ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്.

അവതരണം

നബി തിരുമേനി  ക്കു പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിനു അല്പം മുമ്പായി അവിടുന്ന് പല സ്വപ്നങ്ങള്‍ കാണുകയും, അവ പ്രഭാതവെളിച്ചം പോലെ യഥാര്‍ത്ഥമായി പുലരുകയും പതിവായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ ജനങ്ങളില്‍ നിന്ന് വേറിട്ട് ഏകാന്തവാസം ചെയ്യുവാന്‍ തിരുമേനിക്ക് ആഗ്രഹം തോന്നുകയുണ്ടായി. അതനുസരിച്ച് അവിടുന്നു മക്കയുടെ അടുത്തുള്ള ഹിറാ ഗുഹയില്‍ പോയി ആരാധനാ നിമഗ്നനായിക്കൊണ്ടിരിക്കാറുണ്ടായിരുന്നു. കുറേ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങളോടുകൂടിയാണ് തിരുമേനി ഗുഹയിലേക്ക് പോയിരുന്നത്. അത് തീരുമ്പോള്‍, സ്വപത്‌നിയായ ഖദീജഃ (റ)യുടെ അടുക്കല്‍ വന്നു വീണ്ടും കുറേ ദിവസത്തേക്കുള്ള ഭക്ഷണം ശരിപ്പെടുത്തിക്കൊണ്ടുപോകും.
ഇങ്ങനെയിരിക്കെ, ഒരിക്കല്‍ ഗുഹയില്‍ അല്ലാഹുവിന്‍റെ ‘വിശ്വസ്തദൂതനാ’യ മലക്ക് പ്രത്യക്ഷപ്പെട്ടു. ‘മുഹമ്മദേ, സന്തോഷിച്ചുകൊളളുക! ഞാന്‍ ജിബ്‌രീലാണ്. താങ്കള്‍ ഈ സമുദായത്തിലേക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു (റസൂലാണ്)’ എന്നറിയിച്ചു. അനന്തരം മലക്ക് പറഞ്ഞു: ‘ഇക്വ്‌റഅ്’ (വായിക്കുക). തിരുമേനി മറുപടി പറഞ്ഞു: ‘എനിക്ക് വായിക്കുവാന്‍ അറിഞ്ഞുകൂടാ’, പിന്നീട്, തിരുമേനിക്ക് വിഷമം തോന്നുമാറ് മലക്ക് അദ്ദേഹത്തെ ഒന്നു കൂട്ടിപ്പിടിക്കുകയും, ഉടനെ വിടുകയും ചെയ്തു. രണ്ടാമതും മൂന്നാമതും ഇതേ പ്രകാരം ആവര്‍ത്തിക്കപ്പെട്ടശേഷം, ‘സൂറത്തുല്‍ അലക്വി’ലെ ആദ്യവചനങ്ങള്‍(*) മലക്ക് ഓതിക്കേള്‍പ്പിച്ചു. ഇതായിരുന്നു ക്വുര്‍ആന്‍ അവതരണത്തിന്‍റെ ആരംഭം.

(*) اقْرَأ بِاسْمِ رَبِّكَ ..……………………مَالَمْ يَعْلَمْ 

നബി(സ്വ)ക്ക് വിഷമം ഉണ്ടാകുമാറ് മലക്ക് കൂട്ടിപ്പിടിച്ചതിന്‍റെ യഥാര്‍ത്ഥ രഹസ്യം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും, ആത്മീയ ലോകവും ഭൗതികലോകവും തമ്മിലുള്ള ഒരു കൂട്ടി ഇണക്കലായിരുന്നു അതെന്നു പറയാം. അഥവാ, ദൈവിക സന്ദേ ശങ്ങള്‍ സ്വീകരിക്കുവാന്‍ പ്രവാചക ഹൃദയത്തിനു പക്വത വരുത്തുവാനായിരിക്കും അത്. ഒന്നാമതായി അവതരിച്ച ആ വചനങ്ങളുടെ സാരം ഇപ്രകാരമാകുന്നു: ‘സൃഷ്ടിച്ചവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ നീ വായിക്കുക! മനുഷ്യനെ അവന്‍ രക്തപിണ്ഡത്തില്‍നിന്നു സൃഷ്ടിച്ചു. വായിക്കുക! നിന്‍റെ രക്ഷിതാവ് അത്യുദാരനാണ്; പേനകൊണ്ട് പഠിപ്പിച്ചവനാണ്. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’.
എഴുത്തും വായനയുമാണല്ലോ മനുഷ്യന് അറിവ് ലഭിക്കുവാനുള്ള രണ്ട് പ്രധാന മാര്‍ഗങ്ങള്‍. ഇവ രണ്ടും അവന് അല്ലാഹു നല്‍കിയ രണ്ട് പ്രത്യേകാനുഗ്രഹങ്ങ ളാണെന്ന് ഇതില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിക്കു ന്ന പക്ഷം, സ്രഷ്ടാവായ അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് അവനെ അത് നയി ക്കുന്നതും, അല്ലാഹുവിന്‍റെ ആജ്ഞക്കൊത്തു ജീവിക്കുവാന്‍ അവനെ പ്രേരിപ്പിക്കുന്നതുമാകുന്നു. ഇതാണ് ഈ വചനങ്ങള്‍ ഒന്നാമതായി മനുഷ്യനെ ഉണര്‍ത്തുന്നത്.
ഹിജ്‌റഃ വര്‍ഷത്തിന് 13 കൊല്ലം മുമ്പ് -ക്രിസ്ത്വബ്ദം 610 ല്‍- റമദ്വാന്‍ മാസത്തിലെ ഒരു പുണ്യദിനത്തിലാണ് ക്വുര്‍ആന്‍ അവതരണമാരംഭിച്ചത്. ഈ ദിവസം ഏതായിരുന്നുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. അന്ന് റമദ്വാന്‍ 17 ആയിരുന്നുവെന്നാണ് ചില മഹാന്‍മാര്‍ പറയുന്നത്. അത് ജൂലായ് മാസത്തിലാണെന്നും ഫിബ്രുവരി മാസത്തിലാണെന്നും രണ്ട് പക്ഷമുണ്ട്. الله أعلم
നബി തിരുമേനി   ‘ഉമ്മിയ്യ് ‘ -എഴുത്തും വായനയും അറിയാത്ത ആള്‍-ആയിരുന്നു. അവിടുത്തെ ജനതയും ‘ഉമ്മിയ്യു’കള്‍ തന്നെ. വേദഗ്രന്ഥങ്ങളുമായി അവര്‍ക്ക് യാതൊരു പരിചയവുമില്ല, എന്നിരിക്കെ, ക്വുര്‍ആന്‍ ഒരേ പ്രാവശ്യം ഒന്നായി അവതരിപ്പിക്കപ്പെടുന്ന പക്ഷം, അവര്‍ക്ക്-നബിക്ക് തന്നെയും-അത് പല വിഷമങ്ങള്‍ക്കും കാരണമാകുമല്ലോ. ക്രമേണ ആവശ്യവും സന്ദര്‍ഭവും അനുസരിച്ച് അവതരിച്ചുകൊണ്ടിരിക്കുമ്പോള്‍, എല്ലാവര്‍ക്കും അത് ഗ്രഹിക്കുവാനും പഠിക്കുവാനും കൂടുതല്‍ സൗകര്യപ്രദമായിരിക്കുന്നതാണ്. പ്രവാചകത്വം സിദ്ധിച്ചതിനു ശേഷം ആദ്യത്തെ 13 കൊല്ലം സ്വദേശമായ മക്കായിലും അനന്തരം 10 കൊല്ലം മദീനായിലുമാണ് നബി (സ.അ) ജീവിച്ചത്. നബി (സ.അ) മക്കയില്‍ വസിച്ചിരുന്ന കാലത്താണ് മിക്ക സൂറത്തുകളും അവതരിച്ചിട്ടുള്ളത്. മക്കയില്‍ അവതരിച്ച സൂറത്തുകള്‍ക്ക് ‘മക്കിയ്യ’ എന്നും മദീനായില്‍ അവതരിച്ച സൂറത്തുകള്‍ക്ക് ‘മദനിയ്യ’ എന്നും പറയുന്നു. തൗഹീദ് (ഏക ദൈവ വിശ്വാസം), പരലോക വിശ്വാസം, മരണാനന്തര ജീവിതം, പ്രവാചകത്വം, ക്വുര്‍ആന്‍റെ സത്യത ആദിയായ മൗലിക സിദ്ധാന്തങ്ങളാണ് മക്കീ സൂറത്തുകളില്‍ പ്രധാനമായും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കര്‍മാനുഷ്ഠാനങ്ങള്‍, സാമുദായികവും സാമൂഹികവുമായ കടമകള്‍ മുതലായവയെ സ്പര്‍ശിക്കുന്ന മതവിധികള്‍ മദനീ സൂറത്തുകളിലാണ് മിക്കവാറും പ്രതിപാദിക്കപ്പെടുന്നത്. ഈ രണ്ടു വിഭാഗങ്ങള്‍ ക്കിടയില്‍ ശൈലിയിലും സ്വരത്തിലും സാമാന്യം വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. വിഷയ വ്യത്യാസങ്ങള്‍ക്കുപുറമെ മക്കയിലും മദീനയിലുമുള്ള ജനങ്ങളുടെ പരിതഃസ്ഥിതികളും അതിനു കാരണമായിരിക്കും. ക്വുര്‍ആനിലെ 2, 3, 4, 5, 8, 9, 22, 24, 33, 47, 48, 49, 57, 58, 59, 60, 61, 62, 63, 64, 65, 66, 110 എന്നീ ഇരുപത്തിമൂന്നു സൂറത്തുകള്‍(*) മദനീ വിഭാഗത്തില്‍ പെട്ടവയാകുന്നു. ബാക്കിയെല്ലാം മക്കീ സൂറത്തുകളത്രെ.

(*) 13, 55, 76, 98, 99 എന്നീ സൂറഃകളും മദനിയ്യാണെന്ന് അഭിപ്രായമുണ്ട്. 

‘എന്തുകൊണ്ടാണ്, ഇവന്നു ക്വുര്‍ആന്‍ ഒട്ടാകെ ഒന്നായി ഇറക്കപ്പെടാത്തത്?!’ എന്ന് മുശ്‌രിക്കുകള്‍ ആക്ഷേപിച്ചതിന് അല്ലാഹു മറുപടി പറഞ്ഞത് ഇപ്രകാരമാണ്: അതെ, അങ്ങിനെ (പല പ്രാവശ്യമായി) തന്നെയാണ് അവതരിക്കുന്നത്. നിന്‍റെ (നബിയുടെ) ഹൃദയത്തിന് സ്ഥൈര്യം നല്‍കുവാന്‍ വേണ്ടിയാണത്. ശരിക്ക് സാവകാശം അനുക്രമം അതിനെ നാം ഓതിത്തരികയാണ്’ (സൂറ: ഫുര്‍ക്വാന്‍ഃ : 32) മറ്റൊരു സ്ഥലത്ത് പറഞ്ഞത് ഇങ്ങിനെയാകുന്നു: ‘സാവധാനത്തിലായി ജനങ്ങള്‍ക്ക് നീ ഓതിക്കൊടുക്കുവാന്‍ വേണ്ടി ക്വുര്‍ആനെ നാം ഭാഗങ്ങളായി വേര്‍തിരി ച്ചിരിക്കുകയാണ്’. (ബനൂ ഇസ്‌റാഈല്‍: 106.)
ഒരു വേദ ഗ്രന്ഥമോ, പ്രവാചകത്വമോ ലഭിച്ചേക്കാമെന്ന പ്രതീക്ഷയാലോ, ലഭിക്കുവാനുള്ള ആഗ്രഹത്താലോ, അല്ലെങ്കില്‍ അതിനുള്ള പരിശ്രമമായോ ഒന്നും തന്നെയായിരുന്നില്ല നബി  ഹിറാഗുഹയില്‍ പോയി ഏകാന്തവാസം അനുഷ്ഠിച്ചുവന്നത്. പരിശ്രമം, പരിശീലനം, ആഗ്രഹം, സല്‍കര്‍മം, ആത്മസംയമനം ആദിയായ ഏതെങ്കിലും ഒന്നിന്‍റെ ഫലമായി നേടുവാന്‍ കഴിയുന്ന ഒരു കാര്യമല്ല നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യദൗത്യവും). അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്-അവന്‍ ഉദ്ദേശിക്കുമ്പോള്‍-അവന്‍ അത് കൊടുക്കുന്നു അത്രമാത്രം. പക്ഷേ, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ അതിനായി തിരഞ്ഞെടുക്കുകയും, അവരറിയാതെത്തന്നെ അതിനവരെ പാകപ്പെടുത്തിക്കൊണ്ടുവരികയും ചെയ്യുന്നു. അതിനാവശ്യമായ പരിശുദ്ധിയും പരിശീലനവുമെല്ലാം അവന്‍ അവരില്‍ സംജാതമാക്കുകയും ചെയ്യും. സീനാ താഴ്‌വരയില്‍ വെച്ച് മൂസാ നബി (അ)ക്കു ദിവ്യദൗത്യം ലഭിച്ച അവസരത്തില്‍ അല്ലാഹുവിന്‍റെ തിരുവചനങ്ങള്‍ കേള്‍ക്കുവാനുളള മഹാഭാഗ്യം അദ്ദേഹത്തിനുണ്ടായല്ലോ. ഈ അവസരത്തില്‍-അദ്ദേഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളെ എടുത്തു പറഞ്ഞ കൂട്ടത്തില്‍-അല്ലാഹു പറയുന്നത് നോക്കുക:
ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ —- وَاصْطَنَعْتُكَ لِنَفْسِي
അതായത് , മേല്‍ പറഞ്ഞ വിധത്തിലെല്ലാം ഞാന്‍ നിന്നെ പരീക്ഷണം നടത്തിയശേഷം മുന്‍കൂട്ടിയുള്ള എന്‍റെ നിശ്ചയമനുസരിച്ച് നീ ഇവിടെ വന്നിരിക്കുകയാണ്. എന്‍റെ ദൗത്യ നിര്‍വ്വഹണത്തിനായി ഞാന്‍ നിന്നെ തിരഞ്ഞെടുത്തു ശരിപ്പെടുത്തിയിരിക്കുകയാണ് (ത്വാഹാ: 40, 41)
ലോകജനത പൊതുവിലും, സ്വജനങ്ങള്‍ പ്രത്യേകിച്ചും അജ്ഞാനാന്ധകാരത്തില്‍ മുഴുകി നട്ടംതിരിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച കണ്ടു സഹിക്കവയ്യാതെ, അവരെ സത്യത്തിന്‍റെയും, സന്‍മാര്‍ഗത്തിന്‍റെയും പ്രകാശത്തിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗം അന്വേഷിച്ചുകൊണ്ടും, അതിന് വേദ ദിവ്യ പ്രകാശം തേടിക്കൊണ്ടുമായിരുന്നു നബി (സ.അ) ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്നത് എന്ന് ചിലയാളുകള്‍ ധരിച്ചുവശായിട്ടുണ്ട് . പ്രവാചകത്വത്തിന്‍റെ പാവനത്വം കളങ്കപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ഇസ്‌ലാമിന്‍റെ ശത്രുക്കളായ ചില പാശ്ചാത്യരില്‍ നിന്നും മറ്റുമാണ് ഈ ജല്‍പനം ഉടലെടുത്തിട്ടുള്ളത്. പരമാര്‍ത്ഥം മനസ്സിലാക്കാതെ ചില മുസ്‌ലിംകളും അത് ഏറ്റുപാടാറുണ്ട്. സല്‍കര്‍മം, ആത്മശുദ്ധി, സ്വഭാവസംസ്‌കരണം, ദൈവഭക്തി ആദിയായ ഗുണങ്ങള്‍ നിമിത്തം ലഭ്യമാകുന്ന ഒന്നാണ് പ്രവാചകത്വം എന്ന് സ്ഥാപിത താല്‍പര്യക്കാരായ ചില പിഴച്ച കക്ഷികളും സമര്‍ത്ഥിക്കുന്നത്കാണാം. കേള്‍ക്കുന്ന മാത്രയില്‍ ആകര്‍ഷകമായി തോന്നിപ്പോകുന്ന ഈ രണ്ടു അഭിപ്രായങ്ങളും-നബി തിരുമേനി  (സ.അ)  പ്രവാചകത്വത്തിനായി ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്തിരുന്നുവെന്നും, പ്രവാചകത്വം മനുഷ്യന്‍റെ പരിശ്രമംകൊണ്ട് സാധിക്കുന്ന ഒന്നാണെന്നുമുള്ള വാദങ്ങള്‍-യഥാര്‍ത്ഥം അറിയാത്ത ശുദ്ധഗതിക്കാരായ പലരെയും വഞ്ചിതരാക്കുന്നതില്‍ അത്ഭുതമില്ല. വാസ്തവമാകട്ടെ, ഈ രണ്ടഭിപ്രായവും തനി അബദ്ധവും അസംബന്ധവുമാകുന്നു. ക്വുര്‍ആന്‍ അവയെ വ്യക്തമായി ഖണ്ഡിച്ചിരിക്കുകയാണ്. അല്ലാഹു പറയുന്നത് നോക്കുക:
مَاكُنْتَ تَدْرِي مَاالْكِتَابُ وَلاالإيمَان وَلَكِنْ جَعَلْنَاه نُورًا نَهْدي بِه مَنْ نَشَاءُ مِنْ عِبَادِنَا  – الشورى  (1)
وَمَا كُنتَ تَرْجُو أَن يُلْقَىٰ إِلَيْكَ الْكِتَابُ إِلَّا رَحْمَةً مِّن رَّبِّكَ  ۖ فَلَا تَكُونَنَّ ظَهِيرًا لِّلْكَافِرِينَ  (2)
إِنَّكَ لَا تَهْدِي مَنْ أَحْبَبْتَ وَلَٰكِنَّ اللَّهَ يَهْدِي مَن يَشَاءُ  (3)
സാരം: 1. വേദഗ്രന്ഥമെന്താണെന്നോ, സത്യവിശ്വാസമെന്താണെന്നോ നിനക്ക് അറിയുമായിരുന്നില്ല. എങ്കിലും നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുകയാണ്. നമ്മുടെ അടിയാന്മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം അത്‌കൊണ്ട് മാര്‍ഗ ദര്‍ശനം നല്‍കുന്നു. (ശുറാ : 52). 2. നിനക്ക് വേദഗ്രന്ഥം നല്‍കപ്പെടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ, നിന്‍റെ രക്ഷിതാവിങ്കല്‍നിന്നുള്ള ഒരു കാരുണ്യമായിട്ടത്രെ [അത് നല്‍കപ്പെട്ടത്] ആകയാല്‍ നീ അവിശ്വാസികള്‍ക്ക് പിന്തുണ നല്‍കുന്നവനായിത്തീരരുത്. (ക്വസ്വസ്വ്: 86). 3. നിശ്ചയമായും നീ ഇഷ്ടപ്പെട്ടവര്‍ക്ക് നീ മാര്‍ഗദര്‍ശനം നല്‍കുന്നതല്ല. എങ്കിലും അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. (ക്വസ്വസ്വ്: 56).
നബിമാര്‍ക്കു പ്രവാചകത്വം ലഭിക്കാറുളളത് സാധാരണ 40 വയസ്സാകുമ്പോഴാണ്. എന്നാല്‍, ഇതൊരു സാര്‍വ്വത്രികമായ നിയമമാണെന്നു പറയാവതല്ല. യഹ്‌യാ നബി (അ)യെപ്പറ്റി وَاتيناه الحكم صبيا (ശിശുവായിരിക്കെ അദ്ദേഹത്തിന് നാം ‘ഹുക്മ്’ കൊടുത്തു.) എന്ന് സൂറ: മര്‍യമില്‍ കാണാം. ‘ഹുക്മ്’ കൊണ്ടുദ്ദേശ്യം പ്രവാചകത്വമാണെന്നും, വിജ്ഞാനമാണെന്നും ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു പക്ഷമുണ്ട്. രണ്ടായിരുന്നാലും, അദ്ദേഹം ശിശുവായിരിക്കെത്തന്നെ ഒരു ജ്ഞാനിയായി ക്കഴിഞ്ഞിട്ടുണ്ട്. ജനനം കഴിഞ്ഞ ഉടനെത്തന്നെ ഈസാ (അ) തൊട്ടിലിലായിരിക്കെ, ജനങ്ങളോട് സംസാരിച്ചതും സൂറ: മര്‍യമില്‍ കാണാം. അതില്‍ وجعلنى نبيا (എന്നെ അവന്‍ -അല്ലാഹു- പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു.) എന്നും പറഞ്ഞിട്ടുണ്ട്. അന്ന് അദ്ദേഹം പ്രവാചകനായി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ഭാവിയെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു അത്. പരിശ്രമംകൊണ്ടോ മറ്റോ ലഭിക്കുന്ന ഒന്നായിരുന്നു പ്രവാചകത്വമെങ്കില്‍ ഈ വാക്കിന് വിശേഷിച്ചു അര്‍ത്ഥമില്ലല്ലോ. ചുരുക്കത്തില്‍, അല്ലാഹു പറഞ്ഞതുപോലെ, ‘തന്‍റെ ദൗത്യം എവിടെയാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് അല്ലാഹുവിന്നു നല്ലപോലെ അറിയാം’ ( الَّله أَعْلَمُ حَيْثُ يَجْعَلُ رِسَالَتَه – الانعام 124 ) അതില്‍ മറ്റാര്‍ക്കും പങ്കോ അഭിപ്രായമോ ഇല്ല. ‘അല്ലാഹു മലക്കുകളില്‍ നിന്ന് ദൂത ന്മാരെ തെരഞ്ഞെടുക്കുന്നു. മനുഷ്യരില്‍ നിന്നും. നിശ്ചയമായും, അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു’. اللَّهُ يَصْطَفِي مِنَ الْمَلَائِكَةِ رُسُلًا وَمِنَ النَّاسِ  ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ – الحج ٧٥
നബി തിരുമേനി  (സ.അ) ക്ക് ക്വുര്‍ആന്‍ മാത്രമല്ല അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മറ്റനേകം വഹ്‌യുകളും (ദൈവിക സന്ദേശങ്ങളും) ലഭിക്കാറുണ്ടായിരുന്നു. ഒരു ഹദീഥില്‍ തിരുമേനി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: الا واني اوتيت القرآن ومثله معه – ابو داود (അറിഞ്ഞേക്കുക; എനിക്ക് ക്വുര്‍ആനും അതോടുകൂടി അത്ര-വേറെ-യും നല്‍കപ്പെട്ടിരിക്കുന്നു.) മറ്റൊരു ഹദീഥില്‍, തിരുമേനി ചെയ്ത വിധിവിലക്കുകളെ ചൂണ്ടിക്കൊണ്ട് അവിടുന്ന് ഇങ്ങിനെ പറയുന്നു: وانها لمثل القرآن او اكثر – ابوداود (അവ ക്വുര്‍ആനോളമോ, അല്ലെങ്കില്‍ അതിനെക്കാള്‍അധികമോ ഉണ്ടായിരിക്കും.) ആകയാല്‍, ‘വഹ്‌യ്’ എന്ന് പറയുന്നതില്‍ ക്വുര്‍ആനും ക്വുര്‍ആനല്ലാത്തതും ഉള്‍പ്പെടുന്നു.
നബി വചനങ്ങങ്ങളില്‍ നിന്നു മാത്രമല്ല, പല ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും ഈ വാസ്തവം മനസ്സിലാക്കാം. നബി  (സ.അ) യോടായി അല്ലാഹു പറയുന്നു: )
وَأَنزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ – النساء ١١٣
(അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും -വിജ്ഞാനവും- ഇറക്കിത്തന്നിരിക്കുന്നു.)
 സത്യവിശ്വാസികളോട് അല്ലാഹു പറയുന്നു: وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ – البقرة ٢٣١ (നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹവും, വേദഗ്രന്ഥത്തില്‍ നിന്നും വിജ്ഞാനത്തില്‍നിന്നുമായി നിങ്ങള്‍ക്ക് അവന്‍ ഇറക്കിത്തന്നതും നിങ്ങള്‍ ഓര്‍മിക്കുവിന്‍.) പ്രവാചകന്മാരോട് അല്ലാഹു വാങ്ങിയിട്ടുള്ള ഒരു കരാറിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു: ……. لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ (വേദഗ്രന്ഥമായോ വിജ്ഞാനമായോ ഞാന്‍ നിങ്ങള്‍ക്ക് വല്ലതും നല്‍കുകയും, പിന്നീട് നിങ്ങളുടെ വശമുള്ളതിനെ സത്യമാക്കുന്ന ഒരു റസൂല്‍ നിങ്ങളില്‍ വരുകയും ചെയ്താല്‍ നിശ്ചയമായും നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും വേണം) നബി തിരുമേനി  (സ.അ) യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യേ അല്ലാഹു പറയുന്നു وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ –  الجمعة ( അദ്ദേഹം അവര്‍ക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കും.)
ക്വുര്‍ആന്‍ മാത്രമല്ല, അതിനു പുറമെ ഹിക്മത്താകുന്ന വിജ്ഞാനങ്ങളും അല്ലാഹു നബി  (സ.അ) ക്കു ഇറക്കിക്കൊടുക്കുകയും, വഹ്‌യ് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഇതില്‍ നിന്നെല്ലാം സ്പഷ്ടമാണല്ലോ. നബിമാര്‍ക്കെല്ലാം ദൈവിക സന്ദേശങ്ങളാകുന്ന വഹ്‌യ് ലഭിക്കുന്നത് മലക്ക് മുഖാന്തരവും അല്ലാതെയും ഉണ്ടാവാറുണ്ട് എന്ന് താഴെ പ്രസ്താവിക്കുന്നതില്‍നിന്നു മനസ്സിലാക്കാം. ഇന്ന തരത്തില്‍ പെട്ട വഹ്‌യുകള്‍ മലക്കു മുഖാന്തരവും, അല്ലാത്തവ മറ്റു പ്രകാരത്തിലുമാണ് ലഭിക്കുക എന്നൊരു വിഭജനമോ, വിശദീകരണമോ ക്വുര്‍ആനിലും ഹദീഥിലും ഇല്ലതാനും. പക്ഷേ, ക്വുര്‍ആന്‍ അവതരിച്ചത് ജിബ്‌രീല്‍ (അ) എന്ന മലക്ക് മുഖാന്തരമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. വഹ്‌യുമായി വരുന്ന മലക്ക് അദ്ദേഹമാണ്. എന്നാല്‍ ക്വുര്‍ആന്‍ മാത്രമാണ് -അല്ലെങ്കില്‍ വേദഗ്രന്ഥങ്ങള്‍ മാത്രമാണ്- ജിബ്‌രീല്‍ (അ) മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിനു പുറമെയുള്ള വിജ്ഞാനങ്ങളൊന്നും മലക്കു മുഖാന്തരം ലഭിച്ച വഹ്‌യുകളല്ലെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുണ്ട്. ഇതു വാസ്തവ വിരുദ്ധവും, താല്‍പര്യപൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട കള്ളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാര്‍ത്ഥമല്ലാതെ തന്നെ നബിമാരുടെ അടുക്കല്‍ മലക്കു വരാറുണ്ടെന്ന് ക്വുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും ശരിക്കും ഗ്രാഹ്യമാണ്.
സ്വകാര്യമായി വിവരമറിയിക്കുക എന്നാണ് ഭാഷയില്‍ ‘വഹ്‌യി ‘ന്‍റെ അര്‍ത്ഥം.അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കാണ് സാധാരണ ‘വഹ്‌യ്’ എന്നു പറയുന്നത്. വഹ്‌യിന്‍റെ ഇനങ്ങള്‍ പലതുണ്ട്. നബി (സ.അ) ക്ക് വഹ്‌യ്‌ലഭിക്കുന്നത് എങ്ങിനെയാണെന്ന് ചോദിക്കപ്പട്ടപ്പോള്‍, അവിടുന്ന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘ചില സന്ദര്‍ഭങ്ങളില്‍ മണിയടിക്കുന്ന (ചലചല) ശബ്ദം പോലെയാണ് അതെനിക്കുവരിക. അതാണ്, എനിക്ക് കൂടുതല്‍ ഭാരമായിട്ടുള്ളത്. അങ്ങനെ അത് തീരുമ്പോഴേക്ക് അദ്ദേഹം (മലക്ക്)പറഞ്ഞു തന്നത് ഞാന്‍ പാഠമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍, ഒരു മനുഷ്യരൂപത്തില്‍ മലക്ക് എനിക്ക് പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കും. അങ്ങനെ, അദ്ദേഹം പറയുന്നത് ഞാന്‍ പഠിക്കും’. ആഇശഃ (റ) പറയുകയാണ്: കഠിനമായ തണുപ്പുള്ള ദിവസം തിരുമേനിക്ക് വഹ്‌യ് വരുമ്പോള്‍, അത് തീരുമ്പോഴേക്കും അവിടുത്തെ നെറ്റി വിയര്‍പ്പു പൊടിയുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). തിരുമേനി വാഹനപ്പുറത്തായിരിക്കെ വഹ്‌യ് വരുമ്പോള്‍, അതിന്‍റെ ഭാരം നിമിത്തം, വാഹനം നിലംപതിക്കാറായിപ്പോകുമെന്നും ഹദീഥുകളില്‍ വന്നിരിക്കുന്നു.
എന്താണ് ഈ ഭാരം? മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ടാകുന്നു?. അതില്‍ നിന്ന് എങ്ങിനെയാണ് തിരുമേനിക്ക് കാര്യം മനസ്സിലാവുക? എന്നീ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുക നമുക്ക് സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോക ത്തിനുമിടക്ക്, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടക്ക് നടക്കുന്ന ഒരു വാര്‍ത്താ ബന്ധമാണത്. അതിനെ പറ്റി അല്ലാഹുവും, അവന്‍റെ റസൂലും പറഞ്ഞു തന്നത് മാത്രം മനസ്സിലാക്കുവാനേ നമുക്ക് നിവൃത്തിയുള്ളൂ . അത് നാം വിശ്വസിക്കുകയും വേണം. മേല്‍ കണ്ട രൂപങ്ങള്‍ക്കു പുറമെ, ചിലപ്പോള്‍ സ്വപ്നങ്ങള്‍ വഴിയും, മറ്റു ചിലപ്പോള്‍ ഹൃദയത്തില്‍ തോന്നിപ്പിക്കുക വഴിയും വഹ്‌യ് ലഭിക്കാറുള്ളതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്. മലക്ക് മുഖേനയുള്ള വഹ്‌യിനെക്കുറിച്ചാണ് മേല്‍ ഉദ്ധരിച്ച ഹദീഥില്‍ പ്രസ്താവിച്ചിരിക്കുന്നത് . നബിമാര്‍ക്ക് ദിവ്യസന്ദേശങ്ങള്‍ ലഭിക്കുന്ന മാര്‍ഗങ്ങളെപറ്റി ക്വുര്‍ആന്‍ ഇപ്രകാരം പറയുന്നു: وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ اللَّهُ إِلَّا وَحْيًا أَوْ مِن وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولًا فَيُوحِيَ بِإِذْنِهِ مَا يَشَاءُ ”വഹ്‌യായിട്ടോ-ബോധനമായിട്ടോ-അല്ലെങ്കില്‍, ഒരു മറയുടെ അപ്പുറത്തു നിന്നായിട്ടോ, അല്ലെങ്കില്‍, ഒരു ദൂതനെ (മലക്കിനെ) അയച്ചു അദ്ദേഹം തന്‍റെ -അല്ലാഹുവിന്‍റെ- അനുവാദപ്രകാരം അവന്‍ ഉദ്ദേശിച്ചത് വഹ്‌യ് നല്‍കുകയായിട്ടോ അല്ലാതെ ഒരു മനുഷ്യനോടും അല്ലാഹു സംസാരിക്കുന്നതല്ല.” (ശൂറാ:51) അല്ലാഹു സഹായിച്ചാല്‍ ശുഅറാഉ് , ശൂറാ എന്നീ സൂറത്തുകളിലും മറ്റും ഇതിനെ പറ്റി കൂടുതല്‍ വിവരിക്കുന്നതാണ്.
മലക്ക് മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഹദീഥില്‍ കണ്ടുവല്ലോ. വളരെസുന്ദരനും, സുമുഖനുമായിരുന്ന ദഹിയ്യത്തുല്‍ കല്‍ബീ ( دحیة الكلبي- رض ) എന്ന സ്വഹാബിയുടെ രൂപത്തില്‍ ജിബ്‌രീല്‍ (അ) വന്നിരുന്നതായും മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ചില സന്ദര്‍ഭങ്ങളില്‍ സ്വഹാബികള്‍ ആ ‘മനുഷ്യനെ’ കണ്ടിട്ടുള്ളതായും, അദ്ദേഹത്തിന്‍റെ സംസാരം കേട്ടതായും ഹദീഥുകളില്‍ വന്നിരിക്കുന്നു. പക്ഷേ, പിന്നീട് നബി (സ.അ) ) അവര്‍ക്ക് പറഞ്ഞു കൊടുത്തതിനു ശേഷമേ അത് മലക്കായിരു ന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നുള്ളൂ . മേല്‍പറഞ്ഞതെല്ലാം സാങ്കേതികാര്‍ത്ഥത്തിലുള്ള വഹ്‌യിന്‍റെ ഇനങ്ങളെപ്പറ്റിയാകുന്നു. തേനീച്ചക്ക് വഹ്‌യ് നല്‍കി ( وَأَوْحى رَبُّكَ إِلى النَّحْلِ ) എന്നും മറ്റും ക്വുര്‍ആനില്‍ വന്നിട്ടുള്ളത് ഭാഷാര്‍ത്ഥത്തിലുള്ള വഹ്‌യിന്‍റെ ഉദാഹരണങ്ങളാണ്. ദൈര്‍ഘ്യഭയം നിമിത്തം കൂടുതല്‍ വിവരിക്കുന്നില്ല.

എന്തിനു വേണ്ടി അവതരിച്ചു?

ലോക രക്ഷിതാവായ അല്ലാഹു എന്താവശ്യാര്‍ത്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് സാമാന്യമായെങ്കിലും അറിയാത്ത ആളുകളുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല. ഭൂലോകജനതയുടെ വിജയവും, മോക്ഷവുമാണ് അതിന്‍റെ ലക്ഷ്യമെന്ന് ക്വുര്‍ആന്‍ അറിയാത്തവര്‍ പോലും സമ്മതിക്കും. ക്വുര്‍ആന്‍, അതിന്‍റെ അവതരണോദ്ദേശ്യങ്ങളെക്കുറിച്ച് പല സ്ഥലങ്ങളിലും പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദര്‍ഭോചിതമായിരിക്കും. വിശദീകരണമൊന്നും കൂടാതെത്തന്നെ, ക്വുര്‍ആന്‍റെ ലക്ഷ്യങ്ങളെന്തൊക്കെയാണെന്ന അതില്‍നിന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. ആയത്തുകളുടെ മൂലങ്ങള്‍ മുസ്വ്ഹഫ് നോക്കി യഥാസ്ഥാനങ്ങളില്‍നിന്നു കണ്ടുപിടിക്കാം. അവയുടെ സാരം മാത്രം താഴെ ഉദ്ധരിക്കുന്നു:-
അല്ലാഹു പറയുന്നു:- ‘ആ ഗ്രന്ഥം ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണ് ‘ (അല്‍ബക്വറഃ-2) . നബിയോടായി ‘നീ താക്കീതു നല്‍കുവാനും, സത്യവിശ്വാസികള്‍ക്ക് ഉപദേശമായിക്കൊണ്ടും നിനക്ക് വേദഗ്രന്ഥം ഇറക്കി ത്തന്നിരിക്കുന്നു’ (അഅ്‌റാഫ്: 2) മനുഷ്യരോടായി ‘നിങ്ങള്‍ ബുദ്ധികൊടുത്തു ചിന്തി ക്കുവാന്‍ വേണ്ടിയാണ് അറബി ഭാഷയിലുള്ള ക്വുര്‍ആന്‍ നാം ഇറക്കിയിരിക്കുന്നത്’ (യൂസുഫ്: 2). നബിയോടായി ‘മനുഷ്യരുടെ രക്ഷിതാവിന്‍റെ അനുവാദപ്രകാരം നീ ജനങ്ങളെ അന്ധകാരങ്ങളില്‍ നിന്നു പ്രകാശത്തിലേക്ക്, പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്‍റെ പാതയിലേക്ക്, കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് നാം അവതരിപ്പിച്ച വേദഗ്രന്ഥമാണത്’ (ഇബ്‌റാഹീം:1). ‘നിശ്ചയമായും, ഈ ക്വുര്‍ആന്‍, ഏറ്റവും ചൊവ്വായതിലേക്ക് മാര്‍ഗദര്‍ശനം നല്‍കുന്നു. സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലുതായ പ്രതിഫലമുണ്ടെന്ന്, അതവരെ സന്തോഷ വാര്‍ത്തയറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ടെന്നും. (ബനൂ ഇസ്‌റാഈല്‍:9,10). നബിയോടായി ‘നീ ഇതു (ക്വുര്‍ആന്‍) മുഖേന ഭയഭക്തന്മാര്‍ക്ക് സന്തോഷവാര്‍ത്തയറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളോട് താക്കീത് ചെയ്യുവാനും വേണ്ടി തന്നെയാണ് നാമിത് നിന്‍റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത്’ (മര്‍യം:97). ‘ഈ ക്വുര്‍ആനില്‍ മനുഷ്യര്‍ക്ക് (ആവശ്യമായ) സകല ഉപമകളും നാം വിവരിച്ചിരി ക്കുന്നു’ (റൂം:58). ‘അതു ജീവസ്സുള്ളവരെ താക്കീതു ചെയ്യുവാനും അവിശ്വാസികളുടെ മേല്‍ (ശിക്ഷയുടെ) വാക്യം സ്ഥിരപ്പെടുവാനും വേണ്ടിയുള്ള ഉപദേശവും സ്പഷ്ടമായ ക്വുര്‍ആനും (പാരായണ ഗ്രന്ഥവും) അല്ലാതെ മറ്റൊന്നുമല്ല’ (യാസീന്‍:69,70). ‘നമസ്‌കാരം നിലനിര്‍ത്തുകയും, സകാത്ത് കൊടുക്കുകയും, പരലോകത്തില്‍ ദൃഢവിശ്വാസം കൊള്ളുകയും ചെയ്യുന്ന സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാണ് ക്വുര്‍ആനാകുന്ന വേദഗ്രന്ഥത്തിലെ സൂക്തങ്ങള്‍;’ (നംല്: 1-3). നബിയോടായി: ‘അവര്‍ അതിന്‍റെ ആയത്തുകളെ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ഓര്‍മവെക്കുവാനും വേണ്ടി നാം നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഒരു അനുഗൃഹീത ഗ്രന്ഥമാണത്’. (സ്വാദ്: 29). നബിയോട്: ‘ക്വുര്‍ആനില്‍ നിന്നും നാം അവതരിപ്പിക്കുന്നത് സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളതാകുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല’. (ബനൂഇസ്‌റാഈല്‍: 82). ഇതുപോലെ ഇനിയും പല ക്വുര്‍ആന്‍ വചനങ്ങള്‍ കാണാം.
സൂറത്തുല്‍ മാഇദഃയില്‍ (46-48) തൗറാത്തിനെക്കുറിച്ച് പ്രസ്താവിച്ച ശേഷം, ഈസാ (അ)നെ സംബന്ധിച്ചും ഇന്‍ജീലിനെ സംബന്ധിച്ചും مُصَدِّقًا لِمَا بَيْن يدَيْهِ مِنَ التَّوْرَاة ഇതിനു മുമ്പുള്ള തൗറാത്തിനെ സത്യമെന്ന് സ്ഥാപിക്കുന്നത് എന്നു വിശേഷിപ്പിച്ചിരിക്കുന്നത് കാണാം. ഇന്‍ജീലിനെപ്പറ്റി لِّلْمُتَّقِين وَ مَوْعِظَةً وَهُدًى (ഭയഭക്തന്മാര്‍ക്ക് മാര്‍ഗദര്‍ശനവും, സദുപദേശവും) എന്നും പ്രസ്താവിച്ചിരിക്കുന്നു. പിന്നീട് തുടര്‍ന്നുകൊണ്ട് ക്വുര്‍ആനെ പറ്റി നബി (സ.അ) യോട് അല്ലാഹു ഇങ്ങിനെ പറയുന്നു: وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ  ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ  ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ  ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا  – المائدة ٤٨ – ٤٦ (ഇതിനു മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ സത്യമെന്ന് സ്ഥാപിക്കുന്നതായും, അതില്‍ മേലന്വേഷണം നടത്തുന്നതായുംകൊണ്ട് നാം നിനക്ക് സത്യസമേതം വേദഗ്രന്ഥം (ക്വുര്‍ആന്‍) ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് നീ അവര്‍ക്കിടയില്‍ വിധി കല്‍പിക്കണം, നിനക്ക് വന്നിട്ടുള്ള സത്യത്തെവിട്ട് അവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റിപ്പോകരുത്. നിങ്ങളില്‍ ഓരോ കൂട്ടര്‍ക്കും ഓരോ നടപടി ക്രമവും, പദ്ധതിയും നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്…) അപ്പോള്‍, ഇന്‍ജീലും ഈസാ നബി (അ)യും അതിന് മുമ്പുള്ള വേദഗ്രന്ഥമായ തൗറാത്തിന്‍റെ സത്യത സ്ഥാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു. അതുപോലെ, ക്വുര്‍ആന്‍ അതിനു മുമ്പുള്ള എല്ലാ വേദഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നുണ്ട്. അതേ സമയത്ത് അവയുടെയെല്ലാം ഒരു മേലന്വേഷണം കൂടി ക്വുര്‍ആന്‍ നടത്തുന്നുവെന്ന് ഇതില്‍ നിന്നു സ്പഷ്ടമാകുന്നു. മുന്‍വേദക്കാര്‍ അവരുടെ വേദഗ്രന്ഥങ്ങളില്‍ കൈകടത്തിയിട്ടുള്ള ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുക, അതതു കാലത്തെ പരിതഃസ്ഥിതിക്കനുസരിച്ച് മാത്രം നടപ്പാക്കപ്പെട്ടിരുന്ന നിയമങ്ങളും, അനുഷ്ഠാന മുറകളും ദുര്‍ബ്ബലപ്പെടുത്തി അതിനു പകരം സുസ്ഥിരവും കൂടുതല്‍ പ്രായോഗികവുമായ നിയമാനുഷ്ഠാനങ്ങള്‍ നടപ്പില്‍ വരുത്തുക മുതലായവയാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്.
മേലുദ്ധരിച്ച ക്വുര്‍ആന്‍ വാക്യങ്ങളില്‍ നിന്നു ക്വുര്‍ആന്‍റെ അവതരണോദ്ദേശ്യം നല്ലപോലെ ഗ്രഹിക്കാം. ഒന്നു രണ്ടു സംഗതികള്‍ ഇവിടെ പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അതായത്; ബുദ്ധിയും, ശ്രദ്ധയും കൊടുത്തു ചിന്തിക്കുവാനും, മനസ്സമാധാനവും, ബോദ്ധ്യവും വന്നാല്‍ പഴയതെല്ലാം വിട്ട് ക്വുര്‍ആന്‍റെ മാര്‍ഗദര്‍ശനം നിരുപാധികം സ്വീകരിക്കുവാനും തയ്യാറുള്ളവര്‍ക്ക് മാത്രമേ ക്വുര്‍ആന്‍ ഫലം ചെയ്യുകയുള്ളൂ . സത്യം സ്വീകരിക്കുവാനും നിഷ്പക്ഷമായി ചിന്തിക്കാനും തയ്യാറില്ലാത്തവര്‍ക്ക് ക്വുര്‍ആന്‍ അനുഗ്രഹമായിത്തീരുന്നതല്ല. നേരേമറിച്ച് കൂടുതല്‍ നാശനഷ്ടത്തിന്ന് അതു വഴിവെക്കുന്നതുമാണ്. നബി (സ.അ) ഈ വസ്തുത ഇങ്ങിനെ ചൂണ്ടിക്കാട്ടുന്നു. ‘നിശ്ചയമായും, ഈ വേദഗ്രന്ഥം മുഖേന അല്ലാഹു ചില ജനങ്ങളെ ഉയര്‍ത്തിവെക്കുകയും, വേറെ ചില ജനങ്ങളെ താഴ്ത്തിവെക്കുകയും ചെയ്യുന്നു. ان لله يرفع بھذا الكتاب اقوا ما ويضع بھ آخرين- مسلم

ഗ്രന്ഥരൂപത്തിലാക്കിയതും ക്രമീകരണവും

സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കൂറേശ്ശെയായി 23 കൊല്ലംകൊണ്ടാണ് ക്വുര്‍ആന്‍റെ അവതരണം പൂര്‍ത്തിയായതെന്ന് പറഞ്ഞുവല്ലോ. ഒരിക്കല്‍ അവതരിച്ച ഭാഗത്തിന്‍റെ തുടര്‍ന്നുള്ള ഭാഗം തന്നെ അടുത്ത പ്രാവശ്യം അവതരിച്ചുകൊളളണമെന്നില്ലെന്നും, ആദ്യം തൊട്ട് അവസാനംവരെ ഒരേ ക്രമത്തില്‍ അവതരിക്കാറില്ലെന്നും ഇതില്‍നിന്നു വ്യക്തമാണ്. അപ്പോള്‍ മുഴുവന്‍ ഭാഗവും അവതരിച്ചു തീരുന്നതിനു മുമ്പ് ഒരേ ഏടില്‍ അവ ക്രമപ്രകാരം രേഖപ്പെടുത്തിവെക്കുവാന്‍ സാധിക്കാതെയിരിക്കുന്നതും സ്വാഭാവികമാണ്. അതത് സമയത്ത് അവതരിക്കുന്ന ഭാഗം എഴുതിവെക്കുവാന്‍ നബി തിരുമേനി  (സ.അ)  അവിടുത്തെ എഴുത്തുകാരോട് കല്‍പ്പിക്കും. അവരത് എഴുതി സൂക്ഷിക്കുകയും ചെയ്യും. ഇന്നിന്ന ഭാഗം, ഇന്നിന്ന സൂറത്തിന്‍റെ ഇന്നിന്ന ഭാഗത്തു ചേര്‍ക്കണമെന്ന തിരുമേനി അവര്‍ക്കു പ്രത്യേകം നിര്‍ദ്ദേശം കൊടുക്കുക പതിവായിരുന്നു. മക്കയിലായിരുന്നപ്പോഴും, മദീനയിലായിരുന്നപ്പോഴും തിരുമേനിക്കു പല എഴുത്തു കാരുമുണ്ടായിരുന്നു. അങ്ങിനെ, അപ്പപ്പോള്‍ ലഭിക്കുന്ന വഹ്‌യുകള്‍ ഒന്നിലധികം ആളുകള്‍ എഴുതിവെക്കുമായിരുന്നു. എങ്കിലും, എല്ലാ ഭാഗവും കൂടി -ആദ്യം തൊട്ട് അവസാനം വരെ- ക്രമപ്രകാരം ഒരേ ഏടില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
ഒരേ ഗ്രന്ഥത്തില്‍ അതു ക്രോഡീകരിക്കപ്പെടാതിരുന്നതിന് ഇതു മാത്രമല്ല കാരണം. അക്കാലത്ത് എഴുതുവാനും, രേഖപ്പെടുത്തുവാനുമുള്ള ഉപകരണങ്ങളുടെയും, സൗകര്യങ്ങളുടെയും വിരളതയും അതിന് കാരണമാകുന്നു. ആയിരമോ, പതിനായിരമോ പുറങ്ങളുള്ള ഒരു പുസ്തകം തയ്യാറാക്കുവാന്‍ ഇന്ന് നമുക്ക് പ്രയാസമില്ല. കടലാസിന്നും, മഷിക്കും പണം ചിലവാക്കിയാല്‍ മതി. അക്കാലത്ത് എഴുതുവാനുള്ള ഉപകരണങ്ങള്‍, ഈന്തപ്പനയുടെ വീതിയുള്ള മടല്‍, മരക്കഷ്ണം, തോല്‍ക്കഷ്ണം, കനം കുറഞ്ഞ കല്ല്, എല്ല് ആദിയായ കണ്ടം തുണ്ടം വസ്തുക്കളായിരുന്നു. അപ്പോള്‍, ക്വുര്‍ആന്‍റെ മുഴുവന്‍ ഭാഗമോ, ഏതാനും ഭാഗമോ എഴുതിവെച്ചിട്ടുള്ള ഒരാളുടെ പക്കല്‍ കേവലം ഒരു പുസ്തകമല്ല ഉണ്ടായിരിക്കുക. അതതു സമയത്തു തരപ്പെട്ടു കിട്ടിയ ഇത്തരം ചില വസ്തുക്കളുടെ ശേഖരമായിരിക്കും. അതുകൊണ്ട് അവ ഒരു തലതൊട്ട് മറ്റേ തല വരെ ക്രമപ്പെടുത്തിവെക്കുവാന്‍ പ്രയാസവുമായിരിക്കും. ക്വുര്‍ആന്‍ അല്ലാത്ത മറ്റു വല്ലതും -വഹ്‌യുകളാകട്ടെ, മറ്റു വിജ്ഞാന മൊഴികളാകട്ടെ- അക്കൂട്ടത്തില്‍ കലര്‍ന്നു പിശകു പറ്റാതിരിക്കുവാനായി നബി  (സ.അ)  ആദ്യമേ തന്നെ നടപടി എടുത്തിരുന്നു. لا تكتبوا عنى شيئا غيرا القران – مسلم (ക്വുര്‍ആന്‍ അല്ലാത്തതൊന്നും എന്നില്‍ നിന്നും നിങ്ങള്‍ എഴുതിവെക്കരുത്) എന്ന് തിരുമേനി  (സ.അ)  അവരോട് ഉപദേശിച്ചിരുന്നു.
ആവശ്യമായ കാര്യങ്ങള്‍ പുസ്തകങ്ങളില്‍ കുറിച്ചുവെക്കുകയും, സന്ദര്‍ഭം നേരിടുമ്പോള്‍ അതു നോക്കി ഓര്‍മ പുതുക്കുകയും ചെയ്യുക നമ്മുടെ പതിവാണ്. എന്നാല്‍, അറബികളുടെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. എഴുത്തറിയുന്ന വ്യക്തികള്‍ വളരെ വിരളം. എഴുതുവാനുള്ള ഉപകരണങ്ങളും തൃപ്തികരമല്ല. കേട്ടതെല്ലാം അപ്പടി മനഃപാഠമാക്കുവാനും, വേണ്ടുമ്പോഴെല്ലാം അതു ഓര്‍മയില്‍ നിന്ന് ഉദ്ധരിക്കുവാനും അല്ലാഹു അവര്‍ക്കൊരു പ്രത്യേക കഴിവു കൊടുത്തിരുന്നു. ഇക്കാര്യത്തില്‍ അക്കാലത്തു പ്രത്യേകിച്ചും അറബികള്‍ക്കുള്ള വൈഭവം മറ്റേതു ജനതയെയും കവച്ചുവെക്കുമായിരുന്നു. ആയിരക്കണക്കിലുള്ള പദ്യങ്ങളും, നീണ്ട നീണ്ട വാര്‍ത്തകളും അക്ഷരം തെറ്റാതെ പലരും സ്മൃതിപഥത്തില്‍ സൂക്ഷിക്കുക പതിവാണ്. ആകയാല്‍, ക്വുര്‍ആന്‍ എഴുതി സൂക്ഷിച്ചിരുന്ന വ്യക്തികളെക്കാള്‍ എത്രയോ അധികം ആളുകള്‍ ക്വുര്‍ആന്‍ മുഴുവനും ഹൃദിസ്ഥമാക്കീട്ടുണ്ടായിരുന്നു.
ഹിജ്‌റഃ 4-ാം കൊല്ലത്തില്‍, നജ്ദിന്‍റെ ഭാഗത്തേക്കു മതോപദേശാര്‍ത്ഥം നബി  (സ.അ)  എഴുപത് പേരെ അയക്കുകയും, ശത്രുക്കളുടെ വഞ്ചനാപരമായ അക്രമം നിമിത്തം അവരില്‍ ഒന്നോ, രണ്ടോ പേരൊഴിച്ച് ബാക്കിയുളളവരെല്ലാം ബിഅ്ര്‍മഊനഃ : ( بئرمعونة ) യില്‍ വെച്ചു കൊല്ലപ്പെടുകയുമുണ്ടായി. ഈ എഴുപതു പേരും ക്വുര്‍ആന്‍ ‘പാരായണക്കാര്‍’ ( القراء ) എന്ന പേരില്‍ അറിയപ്പെടുന്നവരായിരുന്നു. ഇവരുടെ നഷ്ടത്തില്‍ നബി  (സ.അ)  അത്യധികം വ്യസനിച്ചതും, ഒരു മാസത്തോളം നമസ്‌കാരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന (ക്വുനൂത്ത്) നടത്തിയതും പ്രസിദ്ധമാണ്. അതുവരെ അവതരിച്ച ക്വുര്‍ആന്‍ മിക്കവാറും മനഃപാഠമായി ഓതിവന്നിരുന്നതുകൊണ്ടാണ് അവര്‍ക്ക് ‘ക്വുര്‍റാഅ്’ എന്ന് പേരുണ്ടായത്. ഈ സംഭവത്തില്‍ നിന്നുതന്നെ, ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്നവര്‍ സ്വഹാബികളില്‍ ധാരാളമുണ്ടായിരുന്നുവെന്ന് വ്യക്തമാണല്ലോ. നബി  (സ.അ)  നമസ്‌കാരത്തില്‍ വളരെ അധികം ക്വുര്‍ആന്‍ ഓതാറുണ്ടായിരുന്നു. ഇതു കേട്ടാണ് പലരും അതു പാഠമിട്ടിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം ക്വുര്‍ആന്‍ പാരായണം നടത്തലും അതു കേള്‍ക്കലും സ്വഹാബികളുടെ പതിവുമായിരുന്നു. ഇങ്ങനെ, ലിഖിതങ്ങളിലും, ഹൃദയങ്ങളിലുമായി ക്വുര്‍ആന്‍റെ പൂര്‍ണഭാഗം പലരുടെയും വശം തയ്യാറുണ്ടായിരിക്കെയാണ് നബി  (സ.അ)  തിരുമേനിയുടെ വഫാത്ത്(വിയോഗം) സംഭവിച്ചത്.
തിരുമേനിയുടെ വഫാത്തോടുകൂടി അറബികളില്‍ പല ഗോത്രങ്ങളും ഇസ്‌ലാമില്‍ നിന്നു അകന്നുപോയതും ഒന്നാം ഖലീഫഃ അബൂബക്ര്‍ (റ) അവരുടെ നേരെ വമ്പിച്ച സൈന്യനടപടികള്‍ എടുത്തതും അതിനെത്തുടര്‍ന്ന് അവരെല്ലാം ഇസ്‌ലാമിലേക്ക് തിരിച്ചുവന്ന് അന്തരീക്ഷം ശാന്തമായതും ചരിത്ര പ്രസിദ്ധമാണല്ലോ. അന്നത്തെ സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു, മുസൈലമത്ത് എന്ന കള്ള പ്രവാചകനുമായുണ്ടായ ഏറ്റുമുട്ടല്‍. ആ യുദ്ധത്തില്‍ ക്വുര്‍ആന്‍ മനഃപാഠമാക്കിയിരുന്ന നൂറുക്കണക്കിലുള്ള സ്വഹാബികള്‍ രക്തസാക്ഷികളായിത്തീര്‍ന്നു. ഇതുപോലെ ഇനിയും വല്ല സംഭവങ്ങളും ഉണ്ടായേക്കുന്ന പക്ഷം, ക്വുര്‍ആന്‍ പാഴായിപ്പോകുമെന്നും, അതുകൊണ്ട് ക്വുര്‍ആന്‍ ആദ്യന്തം ഒരേ ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കണമെന്നും ഉമര്‍ (റ) ഖലീഫഃ അബൂബക്ര്‍ (റ)നെ ഉണര്‍ത്തി. റസൂല്‍  (സ.അ)  ചെയ്തിട്ടില്ലാത്ത ഒരു പ്രവൃത്തി താന്‍ എങ്ങിനെ ചെയ്യുമെന്ന് കരുതി അദ്ദേഹം ആദ്യം വിസമ്മതിച്ചു. എങ്കിലും ഭവിഷ്യത്തിനെപ്പറ്റി ഉമര്‍ (റ) വിശദീകരിച്ചുകൊടുത്തപ്പോള്‍, അദ്ദേഹം അതിന് മുമ്പോട്ടു വരികതന്നെ ചെയ്തു.
അങ്ങനെ, അദ്ദേഹം സൈദുബ്‌നുഥാബിത്ത് ( زيد بن ثابت- رض )നെ വിളിച്ചു വരുത്തി കാര്യം മനസ്സിലാക്കിക്കൊടുത്തു. അബൂബക്ര്‍ (റ) പറഞ്ഞു: ‘താങ്കള്‍ ബുദ്ധിമാനായ ഒരു യുവാവാകുന്നു. ഞങ്ങള്‍ക്ക് താങ്കളെപറ്റി യാതൊരു തെറ്റിദ്ധാരണയും ഇല്ല. താങ്കള്‍ റസൂല്‍ തിരുമേനി  (സ.അ) യുടെ വഹ്‌യുകള്‍ എഴുതിയിരുന്ന ആളാണല്ലോ. ആകയാല്‍, താങ്കള്‍ ശരിക്ക് അന്വേഷണം നടത്തി ക്വുര്‍ആനെ ഒന്നായി ശേഖരിക്കണം’. സൈദ് (റ) തന്നെ ഒരിക്കല്‍ പ്രസ്താവിച്ചതുപോലെ, ‘ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനെക്കാള്‍ ഭാരിച്ചതായ’ ആ കൃത്യം അദ്ദേഹം ഏറ്റെടുത്തു. ആ കൃത്യത്തിന് സൈദ് (റ)നെ തെരഞ്ഞെടുക്കുവാനുള്ള കാരണവും, അതിനുള്ള അദ്ദേഹത്തിന്‍റെ അര്‍ഹതയും അബൂബക്ര്‍ (റ)ന്‍റെ ഈ ചെറുപ്രസ്താവനയില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്.
സ്വന്തം മനഃപാഠത്തെയോ, മറ്റു പലരുടെയും മനഃപാഠങ്ങളെയോ, അല്ലെങ്കില്‍ എഴുതിവെച്ചിട്ടുള്ളവരുടെ ഏടുകളെയോ മാത്രം ആസ്പദമാക്കിയായിരുന്നില്ല, സൈദ് (റ) തന്‍റെ കൃത്യം നിര്‍വ്വഹിച്ചത്. ഇതിനെല്ലാം പുറമെ ലിഖിതങ്ങളിലെ ഉള്ളടക്കങ്ങള്‍ അതേപടി നബി  (സ.അ) യില്‍ നിന്നു നേരിട്ടു കേട്ടെഴുതിയതാണെന്നു രണ്ടു സാക്ഷികളെങ്കിലും സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തശേഷമേ അദ്ദേഹം അതു സ്വീകരിച്ചിരുന്നുള്ളൂ. ‘റസൂല്‍ തിരുമേനി (സ.അ) യില്‍ നിന്ന് ആരെങ്കിലും ക്വുര്‍ആന്‍റെ വല്ല ഭാഗവും കേട്ടു രേഖപ്പെടുത്തിവെച്ചിട്ടുണ്ടെങ്കില്‍, അതെല്ലാം ഹാജരാക്കണം’ എന്നു ഉമര്‍ (റ) വിളംബരപ്പെടുത്തുകയും ചെയ്തിരുന്നു. അപ്പോള്‍ രണ്ടോ, നാലോ പേരുടെ സാക്ഷ്യത്തെ അടിസ്ഥാനമാക്കിയല്ല- നിരവധി സ്വഹാബികളുടെ ഏകകണ്ഠമായ അറിവിനെ അടിസ്ഥാനമാക്കിയാണ്- ആദ്യന്തം ഈ സംഗതി നടന്നതെന്നു വ്യക്തമാണ്. ക്വുര്‍ആന്‍റെ ഓരോ വചനവും متواتر (‘മുതവാതിര്‍’ – സംശയത്തിന് പഴുതില്ലാത്തവിധം നിരവധി ആളുകളാല്‍ അറിയപ്പെട്ടത്) ആണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇപ്രകാരം സ്വഹാബികളുടെയെല്ലാം അറിവോടുകൂടി, സൈദ് (റ)ന്‍റെ കയ്യായി ക്വുര്‍ആന്‍ മുഴുവന്‍ ഭാഗവും നാം ഇന്നു കാണുന്ന പ്രകാരം ഒരു ഏടില്‍ സമാഹൃതമായി. ഈ ഏടിന്ന് അബൂബക്ര്‍ (റ) ‘മുസ്വ്ഹഫ്’ ( المصحف – രണ്ടു ചട്ടക്കിടയില്‍ ഏടാക്കി വെക്കപ്പെട്ടത്) എന്നു നാമകരണവും ചെയ്തു. അദ്ദേഹത്തിന്‍റെ വിയോഗം വരെ അദ്ദേഹവും, പിന്നീട് ഉമറും (റ) അത് സൂക്ഷിച്ചുപോന്നു. ഉമര്‍ (റ)ന്‍റെ വിയോഗാനന്തരം അദ്ദേഹത്തിന്‍റെ മകളും, നബി  (സ.അ) യുടെ പത്‌നിയുമായിരുന്ന ഹഫ്‌സ്വ (റ)യുടെ അടുക്കലായിരുന്നു ആ മുസ്വ്ഹഫ്.
ഉഥ്മാന്‍ (റ)ന്‍റെ ഖിലാഫത്തു കാലമായപ്പോഴേക്ക് അതിവിദൂര പ്രദേശങ്ങളായ പല നാട്ടിലും ഇസ്‌ലാമിന് പ്രചാരം സിദ്ധിക്കുകയും, മുസ്‌ലിംകള്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്തുവല്ലോ. പലപ്രദേശക്കാരും, ഭാഷക്കാരുമായ ആളുകള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍, അവര്‍ക്കിടയില്‍ വായനയില്‍ അല്‍പാല്‍പ വ്യത്യാസങ്ങള്‍, അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നതായി ഹുദൈഫത്തുബ്‌നുല്‍യമാന്‍ ( حذيفة بن الي مان – رض ) മനസ്സിലാക്കി . വിദൂരസ്ഥലങ്ങളില്‍പോയി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന ഒരു സ്വഹാബിയായിരുന്നു ഹുദൈഫഃ (റ). ഈ നില തുടരുന്ന പക്ഷം, ജൂതരും, ക്രിസ്ത്യാനികളും അവരുടെ വേദഗ്രന്ഥങ്ങളില്‍ ഭിന്നിച്ചതുപോലെ, മുസ്‌ലിംകളും ഭാവിയില്‍ ഭിന്നിച്ചുപോകുവാന്‍ ഇടയുണ്ടെന്ന് അദ്ദേഹം ഉഥ്മാന്‍ (റ)നെ ധരിപ്പിച്ചു. ഉടനടി ഇതിന് പരിഹാരമുണ്ടാക്കണമെന്നുണര്‍ത്തി. അങ്ങിനെ, അദ്ദേഹം ഹഫ്‌സ്വഃ (റ) യുടെ പക്കല്‍ നിന്ന് ആ ‘മുസ്വ്ഹഫ്’ അതിന്‍റെ പലപകര്‍പ്പുകളും എടുക്കുവാന്‍ ഒരു സംഘം സ്വഹാബികളെ ഏല്‍പ്പിച്ചു. ഈ സംഘത്തിന്‍റെ തലവനും സൈദുബ്‌നുഥാബിത് (റ) തന്നെ ആയിരുന്നു.
പകര്‍പ്പുകള്‍ എടുത്ത ശേഷം മുസ്വ്ഹഫ് ഹഫ്‌സ്വഃ (റ)ക്ക് തന്നെ തിരിച്ചു കൊടുക്കുകയും പകര്‍ത്തെടുത്ത കോപ്പികള്‍ നാടിന്‍റെ നാനാഭാഗത്തുമുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.(*) മേലില്‍ ക്വുര്‍ആന്‍ പാരായണം പ്രസ്തുത മുസ്വ്ഹഫുകളിലെ ക്രമമനുസരിച്ചായിരിക്കണമെന്ന് ഖലീഫഃ വിളംബരപ്പെടുത്തുകയും ചെയ്തു. ഉഥ്മാന്‍ (റ)ന്‍റെ കാലത്ത് പല രാജ്യങ്ങളിലേക്കും അയച്ച ഈ മുസ്വ്ഹഫുകളില്‍ നിന്നുള്ള നേര്‍പകര്‍പ്പുകളാണ് ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള മുസ്വ്ഹഫുകള്‍. ഇക്കാരണംകൊണ്ടാണ് മുസ്വ്ഹഫുകള്‍ക്ക് ‘ഉഥ്മാനി മുസ്വ്ഹഫ്’ ( المصحف العثماني ) എന്നുപറയപ്പെടുന്നത്.
(*) പ്രസ്തുത കോപ്പികളില്‍ ഒന്ന് ഈജിപ്തിലേക്കായിരുന്നു അയക്കപ്പെട്ടിരുന്നത്. ഈ കോപ്പി ഈയിടെ ഈജിപ്തില്‍ കണ്ടുകി ട്ടുകയുണ്ടായി. അസ്ഹര്‍ സര്‍വ്വകലാശാലയിലെ പശ്ചിമ നാടുകളുടെ (മൊറോക്കോ, ബര്‍ബര്‍ മുതലായ രാജ്യങ്ങളുടെ) പ്രത്യേക വിഭാഗമായ ‘റുവാക്വുല്‍ മഗാരിബഃ’ ( رواق المغاربة )യിലെ ഗ്രന്ഥാലയങ്ങളില്‍ നടന്ന ഗവേഷണ മദ്ധ്യെയാണ് ഈ മുസ്വ്ഹഫ് യാദൃച്ഛികമായി കണ്ടു കിട്ടിയത്. മുന്‍കാലത്ത് നടപ്പിലുണ്ടായിരുന്ന കൂഫാ ലിപി ( الخط الكوفي ) യില്‍ എഴുതപ്പെട്ടിട്ടുള്ളതും, ഏകദേശം 1000 പേജ് വരുന്നതുമായ ഈ മുസ്വ്ഹഫ് മാന്‍ തോലിലാണെത്രെ എഴുതപ്പെട്ടിരിക്കുന്നത്. 800 കൊല്ലത്തെ പഴക്കമുള്ള ഒരു ഗ്രന്ഥാലയത്തില്‍ അജ്ഞാതമായി കിടന്നിരുന്ന അനേകം ചരിത്ര നിക്ഷേപങ്ങളുടെ കൂട്ടത്തില്‍ ഒന്നാണ് ഈ മുസ്വ്ഹഫും. അഹ്മദുബ്‌നു സര്‍വക്വ് ( اح مد بن زروق ) എന്നു പേരായ ഒരു മഹാനാണ് ഈ മുസ്വ്ഹഫ് പ്രസ്തുത ഗ്രന്ഥാലയത്തില്‍ നിക്ഷേപിച്ചത്. 500 കൊല്ലം പഴക്കം ചെന്നിട്ടുള്ള അദ്ദേഹത്തിന്‍റെ ഒരു മാല ( المسبحة )യും ഇതോടൊപ്പം കണ്ടു കിട്ടിയിരിക്കുന്നു. കൂടാതെ, ഹിജ്‌റഃ 492ല്‍ തങ്ക ലിപികളാല്‍ എഴുതപ്പെട്ട മറ്റൊരു മുസ്വ്ഹഫും, വളരെ കാലം മുമ്പ് എഴുതപ്പെട്ടിട്ടുള്ള മറ്റനേകം മുസ്വ്ഹഫുകളും, പ്രധാനപ്പെട്ട പല ഗ്രന്ഥങ്ങളും ആ ഗ്രന്ഥാലയത്തില്‍നിന്ന് കണ്ടുകി ട്ടിയിരിക്കുന്നു. ‘അല്‍ അഹ്‌റാം’ ( الاھرام ) എന്ന പ്രസിദ്ധ ഈജിപ്ഷ്യന്‍ പത്രമാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. (1383 റബീഉല്‍ ആഖിര്‍ മാസത്തിലെ 1963 സപ്തംബറിലെ അല്‍ അറബ് മാസിക പു: 27, ല: 1, 2 നോക്കുക)
ഓരോ സന്ദര്‍ഭത്തിലും അവതരിച്ചിരുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ അതിനു മുമ്പ് അവതരിച്ചു കഴിഞ്ഞിട്ടുള്ള ഭാഗങ്ങളുടെ ഏതേതു സ്ഥാനങ്ങളില്‍ ചേര്‍ക്കണമെന്ന് നബി  (സ.അ)  എഴുത്തുകാര്‍ക്ക് അപ്പപ്പോള്‍ നിര്‍ദ്ദേശം നല്‍കാറുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. ആകയാല്‍, അതതു സൂറത്തുകള്‍ ഉള്‍കൊള്ളുന്ന ആയത്തുകളും ഓരോ സൂറത്തിന്‍റെയും ആദ്യാവസാനങ്ങളും നബി  (സ.അ)  പറഞ്ഞുകൊടുത്തിട്ടുള്ളതാണെന്നു സ്പഷ്ടമാണ്. മാത്രമല്ല, ഓരോ സൂറത്തും ബിസ്മി കൊണ്ട് വേര്‍തിരിക്കപ്പെടുകയും ചെയ്തിരുന്നു. ഒരു സൂറത്തും മറ്റേ സൂറത്തും തമ്മില്‍ നബി (സ.അ) വേര്‍ തിരിച്ചറിഞ്ഞിരുന്നത് ‘ബിസ്മി’ അവതരിക്കുന്നതുകൊണ്ടായിരുന്നു വെന്ന് അബൂദാവൂദ് (റ) നിവേദനം ചെയ്ത ഒരു ഹദീഥില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് മുസ്വ്ഹഫുകളില്‍ കണ്ടുവരുന്ന ക്രമമനുസരിച്ച് ഓരോ സൂറത്തും അതാതിന്‍റെ സ്ഥാനങ്ങളിലായി, ഇന്നതിനു ശേഷം ഇന്നതു എന്ന നിലക്ക് തിരുമേനിയുടെ കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നോ എന്നതിനെ പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ട്. ഇല്ലെന്ന അഭിപ്രായപ്രകാരം ഇന്ന്കാണപ്പെടുന്ന രൂപത്തില്‍ 114 സൂറത്തുകള്‍ ക്രമപ്പെടുത്തിയതും പല കഷ്ണങ്ങളിലായി രേഖപ്പെടുത്തപ്പെട്ടിരുന്ന ഭാഗങ്ങളെല്ലാം ഒന്നിച്ചു ചേര്‍ത്തു ഒരു ഗ്രന്ഥത്തില്‍ ആക്കിയതുമാണ് സൈദു്‌നുഥാബിത്ത് (റ) മുഖാന്തരം അബൂബക്ര്‍ (റ) ചെയ്തത്. സൈദ് (റ) തയ്യാറാക്കിയ കോപ്പിയും, മറ്റു ചില സ്വഹാബി കളുടെ കയ്‌വശം നിലവിലുണ്ടായിരുന്ന കോപ്പികളും തമ്മില്‍, സൂറത്തുകളുടെ ക്രമീകരണത്തില്‍ സ്വല്പം വ്യത്യാസം ഉണ്ടായിരുന്നെങ്കിലും, ഓരോ സൂറത്തും ഉള്‍കൊള്ളുന്ന ആയത്തുകളിലും, അവയുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നില്ല. നമസ്‌കാരത്തിലൊ മറ്റോ പാരായണം ചെയ്യുമ്പോള്‍, അവരവര്‍ തങ്ങളുടെ പക്കലുളള ക്രമമനുസരിച്ച് സൂറത്തുകള്‍ ഓതുകയും ചെയ്തിരിക്കാം. സൂറത്തുകളുടെ അവതരണക്രമമനുസരിച്ചായിരിക്കും മിക്കവാറും അവര്‍ അവക്ക് ക്രമം നല്‍കിയിരിക്കുക എന്നു കരുതാം. ഉഥ്മാന്‍ (റ)ന്‍റെ കാലത്ത് മുസ്വ്ഹഫിന്‍റെ കോപ്പികള്‍ വിതരണം ചെയ്യപ്പെടുകയും, അതിലെ ക്രമം എല്ലാവരും സ്വീകരിക്ക ണമെന്നു കല്പിക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് സൂറത്തുകളുടെ ക്രമത്തിലും ഇന്നീ കാണുന്ന ഐക്യരൂപം നിലവില്‍ വന്നു.
മുസ്വ്ഹഫില്‍ സൂറത്തുകള്‍ ക്രമപ്പെടുത്തിയത് അവയുടെ അവതരണക്രമം അനുസരിച്ചായിരുന്നില്ല. ഇന്നിന്ന സൂറത്തുകള്‍ക്ക് ശേഷം, അല്ലെങ്കില്‍ മുമ്പ്, ഇന്നിന്ന സൂറത്തുകള്‍ മാത്രമെ പാരായണം ചെയ്യാവൂ എന്ന് ഒരു നിര്‍ദ്ദേശവും നബി  (സ.അ) യില്‍ നിന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഉഥ്മാന്‍ (റ)ന്‍റെ വിളംബരത്തിനു ശേഷവും കുറേകാലം ഇബ്‌നുമസ്ഊദ് (റ) താന്‍ എഴുതി സൂക്ഷിച്ചിരുന്ന ക്രമം കൈവിടാതെ പാരായണം ചെയ്തിരുന്നത്. ഉഥ്മാന്‍ (റ)ന്‍റെ നിര്‍ദ്ദേശം എല്ലാ സ്വഹാബികളും സ്വീകരിച്ചിരുന്നുവെന്ന് മാത്രമല്ല, ആ കൃത്യം അദ്ദേഹം ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ നിശ്ചയമായും താനത് ചെയ്യുമായിരുന്നുവെന്ന് അലി (റ) പ്രസ്താവിക്കുകപോലുമുണ്ടായി. ഇബ്‌നുമസ്ഊദ് (റ) തന്നെയും, പിന്നീട് ആ അഭിപ്രായം ശരിവെച്ചു.
നബി  (സ.അ) യുടെ അടുക്കല്‍ റമദ്വാന്‍ മാസത്തില്‍ ജിബ്‌രീല്‍ (അ) വന്ന് ക്വുര്‍ആന്‍ പാഠം നോക്കാറുണ്ടായിരുന്നു. തിരുമേനിയുടെ വിയോഗമുണ്ടായ കൊല്ലത്തില്‍ മലക്ക് വന്ന് രണ്ട് പ്രാവശ്യം അങ്ങിനെ ഒത്തുനോക്കിയിരുന്നു. ഈ അവസരങ്ങളില്‍, സൂറത്തുകള്‍ക്കിടയില്‍ ഏതെങ്കിലും ഒരു ക്രമം സ്വീകരിക്കപ്പെട്ടിരിക്കുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് സൂറത്തുകളുടെ ക്രമീകരണവും-ആയത്തുകളുടെ ക്രമീകരണം പോലെത്തന്നെ-നബി  (സ.അ)  സ്വഹാബികള്‍ക്ക് കാട്ടികൊടുത്തിരിക്കുമെന്നും, ആ ക്രമീകരണം തന്നെയാണ് സൈദ് (റ) സ്വീകരിച്ചിരിക്കുന്നതെന്നുമാണ് മറ്റു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഏതായാലും പാരായണ വേളയിലും, പഠിക്കുമ്പോഴും മുസ്വ്ഹഫുകളില്‍ കാണുന്ന ഈ ക്രമമനുസരിച്ച് തന്നെ സൂറത്തുകള്‍ വഴിക്കുവഴിയായി ഓതുന്നതാണ് ഏറ്റവും നല്ലത് എന്നതില്‍ സംശയമില്ല. പക്ഷേ, ഇത് ഒഴിച്ചുകൂടാത്ത ഒരു നിര്‍ബന്ധ കടമയല്ല. അതേ സമയത്ത് ഓരോ സൂറത്തിലേയും ആയത്തുകള്‍ മുസ്വ്ഹഫില്‍ നാം കാണുന്ന വഴിക്കുവഴി ക്രമത്തില്‍ തന്നെ സ്വീകരിക്കല്‍ നിര്‍ബന്ധവുമാകുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായവും, സൂക്ഷ്മജ്ഞാനികളായ പല മഹാന്മാരും ബലപ്പെടുത്തിയിട്ടുള്ളതും ഇപ്പറഞ്ഞ പ്രകാരമാകുന്നു. നബി  (സ.അ)  നമസ്‌കാരങ്ങളില്‍ സ്വീകരിച്ചുവന്നിരുന്ന പതിവുകള്‍ പരിശോധിക്കുമ്പോഴും ഈ അഭിപ്രായമാണ് ശരിയെന്ന് കാണാവുന്നതാണ്. മുസ്‌ലിംകള്‍ക്കിടയില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതും ഇതുതന്നെ. മാത്രമല്ല, ആ ക്രമം മാറ്റി മറ്റൊരു ക്രമം സ്വീകരിക്കുന്നത് പല അനര്‍ത്ഥങ്ങള്‍ക്കും കാരണമായി ത്തീരുന്നതുമാകുന്നു.
സൂറത്തുകളുടെ വലിപ്പവും, ഏറെക്കുറെ വിഷയങ്ങളും പരിഗണിച്ചാണ് അവക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വലിപ്പം അനുസരിച്ച് സൂറത്തുകള്‍ നാലു വിഭാഗങ്ങളായി ഗണിക്കപ്പെടാറുണ്ട്. 1). ആദ്യത്തെ ഏഴു വലിയ സൂറത്തുകള്‍ ( السبع الطوال ) (2). നൂറും അതിലധികവും ആയത്തുകള്‍ ഉള്‍ക്കൊള്ളുന്നവ ( المئون ) (3). നൂറിന് അല്പം താഴെ ആയത്തുള്ളവ ( الم ثاني ) (4). ചെറിയ ആയത്തുകള്‍ ഉള്‍കൊളളുന്നവ ( المفصل ). ഇവയില്‍ ആദ്യത്തെ വിഭാഗം തൗറാത്തിന്‍റെ സ്ഥാനത്തും, രണ്ടാം വിഭാഗം ഇന്‍ജീലിന്‍റെ സ്ഥാനത്തും, മൂന്നാമത്തെത് സബൂറിന്‍റെ സ്ഥാനത്തും നിലകൊള്ളുന്നുവെന്നും, നാലാമത്തെ വിഭാഗം നബി (സ.അ) ക്കു ലഭിച്ച പ്രത്യേക തരം വിഭാഗമാണെന്നും കാണിക്കുന്ന ചില രിവായത്തുകള്‍ (നിവേദനങ്ങള്‍) മഹാനായ ഇബ്‌നുജരീര്‍ (റ) അദ്ദേഹത്തിന്‍റെ സുപ്രസിദ്ധ തഫ്‌സീര്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് 114 സൂറത്തുകളില്‍, ഒന്നൊഴിച്ച് ബാക്കിയെല്ലാം ‘ബിസ്മി’ കൊണ്ട് വേര്‍തിരിക്ക പ്പെട്ടു കാണാം. ഒമ്പതാമത്തെ സൂറഃയായ തൗബഃയുടെ തുടക്കത്തില്‍ മാത്രമാണ് ബിസ്മിയില്ലാത്തത്. അതിന് പല കാരണങ്ങള്‍ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. യഥാസ്ഥാനത്ത് അത് വിശദീകരിക്കുന്നതാണ്. ഏതായാലും അബൂബക്ര്‍ (റ)ന്‍റെ കാല ത്തുണ്ടായ ക്രമീകരണവും, ഉഥ്മാന്‍(റ)ന്‍റെ കോപ്പി വിതരണവും മുഖേന വിശുദ്ധ ക്വുര്‍ആനില്‍ ഭിന്നിപ്പുണ്ടായേക്കുവാനുള്ള മാര്‍ഗങ്ങള്‍ അടക്കപ്പെട്ടു. إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ – الحجر ٩  (പ്രമാണത്തെ-ക്വുര്‍ആനെ-നാമാണ് അവതരിപ്പിച്ചത്. നാം തന്നെ അതിനെ കാത്തു സൂക്ഷിക്കുന്നവരുമാണ്) എന്ന അല്ലാഹുവിന്‍റെ വാഗ്ദാനം ഇതുമൂലം പൂര്‍ത്തിയാകുകയും ചെയ്തു.  الْحَمْدُ لِلَّهِ
ക്വുര്‍ആനിലെ ഏറ്റവും വലിയ അധ്യായമായ അല്‍ബക്വറഃയില്‍ 286 ആയത്തുകള്‍ അടങ്ങുന്നു. അതേ സമയത്ത് ചെറിയ ചില സൂറത്തുകളില്‍ മൂന്നു ആയത്തുകള്‍ മാത്രമാണ് കാണുക. ആയത്തുകളുടെ വലിപ്പത്തിലും ഇതേ സ്വഭാവം കാണാവുന്നതാണ്. ചില ആയത്തുകള്‍ ഏറെക്കുറെ ഒരു പേജോളം വലിപ്പം ഉണ്ടെങ്കില്‍, വേറെ ചില ആയത്തുകള്‍ ഒന്നോ, രണ്ടോ പദങ്ങള്‍ മാത്രം അടങ്ങുന്നതായിരിക്കും. ആയത്തുകള്‍ തമ്മില്‍ വിഷയപരമായ ബന്ധങ്ങള്‍ മാത്രമല്ല-പലപ്പോഴും-ഘടനാപരവും, വ്യാകരണപരവുമായ ബന്ധങ്ങളും ഉണ്ടായിരിക്കും. അഥവാ ചില അവസരങ്ങളില്‍ ഒന്നിലധികം ആയത്തുകള്‍ കൂടിച്ചേര്‍ന്നായിരിക്കും ഒരു വാക്യം പൂര്‍ത്തിയാവുന്നത്.
അതേസമയത്ത് ചില ആയത്തുകള്‍, ഒന്നിലധികം പൂര്‍ണ വാക്യങ്ങള്‍ അടങ്ങുന്നതുമായിരിക്കും. ഇങ്ങിനെയുള്ള പല കാരണങ്ങള്‍കൊണ്ടാണ് ചില ആയത്തുകളുടെ അവസാനത്തില്‍ പൂര്‍ത്തിയായ നിറുത്തി വായന ( الوقف التام ) ചെയ്യാതിരിക്കണമെന്നും, ചില ആയത്തുകള്‍ അവസാനിക്കും മുമ്പായി അതിന്‍റെ വാചകങ്ങള്‍ക്കിടയില്‍ ഒന്നിലധികം സ്ഥലത്ത് നിറുത്തി വായിക്കേതുണ്ടെന്നും വരുന്നത്. (നിറുത്തി വായനയെ – الوقف – സംബന്ധിച്ച് ചില വിവരങ്ങള്‍ താഴെ വരുന്നുണ്ട്). ചുരുക്കിപ്പറഞ്ഞാല്‍, വിഷയത്തിന്‍റെയൊ, വാചകഘടനയുടെയോ സ്വഭാവവും വലിപ്പവും മാത്രം ഗൗനിച്ചുകൊല്ല ആയത്തുകളുടെ ആദ്യാവസാനങ്ങള്‍ കണക്കാക്കപ്പെട്ടിട്ടുള്ളത്. വായനാപരവും, സാഹിത്യപരവും, ആലങ്കാരികവുമായ പല കാര്യങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരിക്കുവാന്‍ ഇവിടെ സൗകര്യം പോരാ. വിശുദ്ധ ക്വുര്‍ആനും ഇതര ഗ്രന്ഥങ്ങളും തമ്മിലുള്ള അനേകതരം വ്യത്യാസങ്ങളില്‍ ഇങ്ങിനെയുള്ള ചില സവിശേഷതകളും ഉള്‍പ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ്.

പഠനവും പാരായണവും

ക്വുര്‍ആന്‍ പഠിക്കുക, പഠിപ്പിക്കുക, ഗ്രഹിക്കുക, കേള്‍ക്കുക, മനഃപാഠമാക്കുക, പാരായണം ചെയ്യുക എന്നിവയെല്ലാം വലിയ പുണ്യകര്‍മങ്ങളാകുന്നു. ഇതില്‍ മുസ്‌ലിംകള്‍ക്കാര്‍ക്കും സംശയം ഉണ്ടായിരിക്കുകയില്ല. അനുഷ്ഠാനത്തില്‍ മിക്കവരും വീഴ്ച വരുത്തുന്നുണ്ടെങ്കിലും ശരി. ക്വുര്‍ആന്‍ വചനങ്ങളും, നബി വചനങ്ങളും ഇതിന്‍റെ പ്രാധാന്യത്തെ വളരെ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. ചിലത് ചൂണ്ടിക്കാട്ടുക മാത്രമേ നമുക്ക് ഇവിടെ ചെയ്യേണ്ടതുള്ളൂ.
അല്ലാഹു പറയുന്നു: ‘നിശ്ചയമായും അല്ലാഹുവിന്‍റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലനിര്‍ത്തുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകള്‍, തീരെ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്…’ (സു: ഫാത്വിര്‍:29) നമസ്‌കാരം, ദാനധര്‍മം എന്നിവപോലെ സല്‍ക്കര്‍മങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രധാന കര്‍മമാണ് ക്വുര്‍ആന്‍ പാരായണവും എന്നാണല്ലോ ഈ വചനം കാണിക്കുന്നത്. വീണ്ടും പറയുന്നു: ‘അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്: പരസ്പര സാദൃശ്യമുള്ള ആവര്‍ത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതു നിമിത്തം വിറകൊള്ളുന്നതാണ്. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്‍റെ സ്മരണയിലേക്ക് മയമായി വരുകയും ചെയ്യുന്നു.’ (സൂ: സുമര്‍:23). ‘നിശ്ചയമായും സത്യവിശ്വാസികള്‍ എന്നാല്‍, അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്‍റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവ തങ്ങള്‍ക്ക് സത്യവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നതാകുന്നു’ (അന്‍ഫാല്‍: 2). പ്രഭാതവേളയില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തു നമസ്‌കരിക്കണം. പ്രഭാതവേളയിലെ ക്വുര്‍ആന്‍ പാരായണം പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നതാണ്. രാത്രി ക്വുര്‍ആന്‍ ഓതി ‘തഹജ്ജുദ്’ (ഉറക്കില്‍ നിന്ന് എഴുന്നേറ്റു ചെയ്യുന്ന സുന്നത്ത് നമസ്‌കാരം) നടത്തണം എന്നൊക്കെ സൂറത്തു ബനൂഇസ്‌റാ ഈല്‍ 78-79ല്‍ അല്ലാഹു പറയുന്നത് കാണാം.
ഇങ്ങിനെ-നമസ്‌ക്കാരത്തിലായാലും അല്ലാതെയും-ക്വുര്‍ആന്‍ പാരായണം ചെയ്‌വാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ക്വുര്‍ആന്‍ വചനങ്ങള്‍ പലതുണ്ട്. നമസ്‌കാരത്തില്‍ ക്വുര്‍ആന്‍ ധാരാളം ഓതണമെങ്കില്‍, അത് മനഃപാഠമുണ്ടായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പാരായണം ചെയ്യുന്നത് ക്വുര്‍ആന്‍റെ അര്‍ത്ഥവും സാരവും ഗ്രഹിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും ആയിരിക്കണം. താന്‍ വായകൊണ്ട് പറയുന്നതെന്താണെന്നു അറിയാതെയും, ഓര്‍മിക്കാതെയും ഉരുവിടുന്നതുകൊണ്ട് വിശേഷിച്ചു ഫലമൊന്നും ഉണ്ടാകുവാനില്ല. സാമാന്യമായെങ്കിലും ക്വുര്‍ആന്‍റെ അര്‍ത്ഥം ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ് . അര്‍ത്ഥം അറിയുകയില്ലെങ്കില്‍ പോലും, ദൈവവാക്യമാണെന്ന ബഹുമാനത്തോടെ അതു പാരായണം ചെയ്യുന്നതും ഒരു നല്ല കാര്യം തന്നെ. പക്ഷേ, അര്‍ത്ഥം ഒട്ടും ഗ്രഹിക്കാതെയും, വായിക്കുന്ന വാക്യങ്ങളില്‍ തീരെ മനസ്സിരുത്താതെയും പാരായണം ചെയ്യുന്നത്മൂലം ക്വുര്‍ആന്‍റെ അവതരണ ലക്ഷ്യം നിറവേറുന്നില്ല എന്നു വ്യക്തമാണല്ലോ. സൂറത്തു സ്വാദിലെ 29-ാം വചനംകൊണ്ടു തന്നെ ഈ വസ്തുത ശരിക്കും മനസ്സിലാക്കാം. ‘ജനങ്ങള്‍ (ക്വുര്‍ആന്‍റെ) ആയത്തുകള്‍ ഉറ്റാലോചിക്കുവാനും, ബുദ്ധിമാന്മാര്‍ ഓര്‍മവെക്കുവാനും വേണ്ടി’യാണ് അല്ലാഹു ആ അനുഗൃഹീത വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത് എന്ന് അല്ലാഹു അതില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. ‘ക്വുര്‍ആനെ ചിന്തിച്ചു പഠിക്കുവാന്‍ നാം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഉറ്റാലോചിച്ചു നോക്കുവാന്‍ തയ്യാറുണ്ടോ?’ എന്ന് സൂറത്തുല്‍ ക്വമറില്‍ അല്ലാഹു പലവട്ടം ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു.
ക്വുര്‍ആനില്‍ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥകള്‍, നോവലുകള്‍ മുതലായവയില്‍ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക: ‘മനുഷ്യരിലുണ്ട് ചിലര്‍: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകളെ അവര്‍ വാങ്ങുന്നു. അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുള്ളവന്ന് നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവന്‍ അഹംഭാവം പ്രകടിപ്പിച്ചുകൊണ്ട്-അതു കേട്ടിട്ടില്ലാത്ത ഭാവത്തില്‍ -അവന്‍റെ രണ്ടു കാതിലും ഒരു ഭാരമുള്ളതുപോലെ- തിരിഞ്ഞു കളയും. (നബിയേ), അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക!'(ലുക്വ് മാന്‍: 6,7). മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു: ‘നീ ക്വുര്‍ആന്‍ വായിച്ചാല്‍, നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍, ശക്തിമത്തായ ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്. അതു ഗ്രഹിക്കുന്നതിന്ന് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ ഒരു തരം ഭാരവും നാം ഏര്‍പ്പെടുത്തുന്നതാണ്……..’ (ബനൂ ഇസ്‌റാഈല്‍:45,46) . അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കാതെ ഉരുവിടുന്നത് കൊണ്ട് മാത്രം തൃപ്തിയടയുന്നവരും, അര്‍ത്ഥം ഗ്രഹിച്ചു കഴിഞ്ഞാല്‍മതി-പാരായണം ചെയ്തുകൊള്ളണമെന്നില്ല- എന്നു ധരിക്കുന്നവരും മേലുദ്ധരിച്ച ക്വുര്‍ ആന്‍ വചനങ്ങളും, താഴെ ഉദ്ധരിക്കുന്ന നബി വചനങ്ങളും ശ്രദ്ധിച്ചിരിക്കേണ്ടതാകുന്നു. പലതരം പുസ്തകങ്ങളും, കലാസാഹിത്യങ്ങളും വായിച്ചുകൊണ്ടിരിക്കുന്ന പതിവുണ്ടെങ്കിലും ക്വുര്‍ആന്‍ പാരായണത്തില്‍ വിമുഖത കാണിച്ചുകൊണ്ടിരിക്കുന്ന വിദ്വാന്മാര്‍, സൂറ: ലുക്വ്മാനിലെ മേലുദ്ധരിച്ച വചനവും പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലാഹു നമുക്ക് തൗഫീക്വ് നല്‍കട്ടെ! ആമീന്‍.
ചില നബി വചനങ്ങള്‍കൂടി ഇവിടെ ഉദ്ധരിക്കാം. 1). നബി  (സ.അ)  അരുള്‍ചെയ്തതായി ഉഥ്മാന്‍ (റ) ഉദ്ധരിക്കുന്നു: خيركم من تعلم القران وعلمه – البخاري (നിങ്ങളില്‍ ഉത്തമനായുള്ളവന്‍, ക്വുര്‍ആന്‍ പഠിക്കുകയും അതു പഠിപ്പിക്കു കയും ചെയ്യുന്നവനാകുന്നു)
2). അബൂഹുറയ്‌റഃ (റ) പറയുന്നു: നബി (സ.അ)  ചോദിച്ചു: ‘നിങ്ങളില്‍ ഒരുവന്‍ തന്‍റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?’. ഞങ്ങള്‍ ഉത്തരം പറഞ്ഞു: ‘അതെ’. അപ്പോള്‍ തിരുമേനി പറഞ്ഞു: فثلاث ايات يقرأ من احدكم في صلاة خير له من ثلاث خلفات عظام – مسلم (എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്).
3). നബി  (സ.അ)  പറഞ്ഞതായി ആഇശാഃ (റ) ഉദ്ധരിക്കുന്നു الماھر بالقرآن مع السغرة الكرام البررة والذي يقرأ القرآن ويتتعتع ف يه وھو عليه شاق له اجران – متفق عليه (ക്വുര്‍ആനില്‍ നൈ പുണ്യം നേടിയവന്‍, പുണ്യവാളന്മാരായ മാന്യദൂതന്മാരോടുകൂടിയായിരിക്കും. ക്വുര്‍ആന്‍ ഓതുന്നതു ഞെരുക്കമായിരിക്കുകയും, അതില്‍ വിക്കിവിക്കിക്കൊണ്ടിരി ക്കുകയും ചെയ്യുന്നവനാകട്ടെ, അവന്നു രണ്ടു പ്രതിഫലമുണ്ട്). ഇവിടെ ‘ദൂതന്മാര്‍’ ( السغرة ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്കു വായിക്കുവാന്‍ സാധിക്കാതെ, വിഷമിച്ചു ഞെരുങ്ങിക്കൊണ്ട്  വായിക്കുന്നവന്ന് അതു പാരായണം ചെയ്തതിന്‍റെ പേരിലും -വിഷമം സഹിച്ചതിന്‍റെ പേരിലും-രണ്ടു നിലക്കും- പ്രതിഫലം ലഭിക്കുമെന്നു താല്‍പര്യം.
4) . ബറാഉ് (റ) പറയുന്നു : ഒരാള്‍ (സ്വഹാബി) സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ രണ്ടു പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബി  (സ.അ) യുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: تلك السكينة تنزلت بالقرآن – متفق عليه (അത് ശാന്തിയാണ്. അത്, ക്വുര്‍ആന്‍ നിമിത്തം ഇറങ്ങി വന്നതാണ്).
5). ഉസൈദുബ്‌നു ഹുദൈ്വര്‍ ( اسيد بن حضير – رض ) എന്ന സ്വഹാബി സൂറത്തുല്‍ ബക്വറഃ ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ കുതിര വട്ടം ചുറ്റിക്കൊണ്ടിരിക്കുകയുണ്ടായി. അതു നിമിത്തം തന്‍റെ പുത്രനായ യഹ്‌യാക്കു വല്ല ആപത്തും പിണഞ്ഞേക്കുമോ എന്നു ഭയന്ന് അദ്ദേഹം ഓത്തു നിറുത്തി. അദ്ദേഹം മേല്‍പ്പോട്ട് നോക്കുമ്പോള്‍, മേഘം പോലെ ഒരു വസ്തു കാണുകയും, അതില്‍ വിളക്കുകളെന്നപോലെ എന്തോ ചിലതു കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ നബി തിരുമേനി  (സ.അ)  പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു: تلك الملئكة دنت لصوتك ولو قرأت لاصبحت ينظر الناس اليها لاتتوارى عنهم (അത് മലക്കുകളാണ്. താങ്കളുടെ (ഓത്തിന്‍റെ) ശബ്ദം നിമിത്തം അടുത്ത് വന്നിരിക്കുകയാണ്. താങ്കള്‍ ഓതിക്കൊണ്ടിരുന്നുവെങ്കില്‍-ജനങ്ങളില്‍ നിന്നു മറഞ്ഞുപോകാതെ അവര്‍ക്കു നോക്കിക്കാണാവുന്നവിധത്തില്‍-അത് രാവിലെയും ഉണ്ടാകുമായിരുന്നു).
6). നബി  (സ.അ)  പറഞ്ഞതായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്ന അല്പം ദീര്‍ഘമായ ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده – مسلم ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്‍റെ വീടുകളില്‍ പെട്ട ഒരു വീട്ടില്‍ (പള്ളിയില്‍) ഒരുമിച്ചുകൂടി അല്ലാഹുവിന്‍റെ കിതാബ് പാരായണം ചെയ്യുകയും, അവര്‍ അന്യോന്യം അത് പഠിക്കുകയും ചെയ്യുന്ന പക്ഷം, അവരില്‍ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകള്‍ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യേ അവരെപ്പറ്റി അവന്‍ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല).
7). നബി  (സ.അ) യില്‍ നിന്ന് അബൂഹുറയ്‌റഃ (റ) ഉദ്ധരിച്ചിരിക്കുന്നു: لا تجعلوا بيوتكم مقابر ان الشيطان ينفر من البيت الذى يقرأ فيه سورة البقرة – مسلم (നിങ്ങളുടെ വീടുകള്‍ ക്വബ്ര്‍ സ്ഥാനങ്ങളാക്കരുത് . നിശ്ചയമായും സൂറത്തുല്‍ ബക്വറഃ ഓതപ്പെടാറുളള വീട്ടില്‍ നിന്നു പിശാച് വിറളിയെടുത്ത് പോകുന്നതാകുന്നു). ‘ക്വബ്ര്‍ സ്ഥാനങ്ങളാക്കുക’ എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം. ഈ ഹദീഥില്‍ നിന്നു സൂറത്തുല്‍ ബക്വറഃയുടെ പ്രാധാന്യം മനസ്സിലാക്കാം. ഇസ്‌ലാമിലെ അനേകം നിയമങ്ങളും, തത്വങ്ങളും വിശദീകരി ക്കപ്പെട്ടിട്ടുള്ള ഏറ്റവും ദീര്‍ഘമായ സൂറത്താണത്. മറ്റു ചില സൂറത്തുകളെക്കുറിച്ചും ചില ഹദീഥുകള്‍ കാണാം. ദൈര്‍ഘ്യം ഭയന്നു ഉദ്ധരിക്കുന്നില്ല. സന്ദര്‍ഭോചിതം ചിലതെല്ലാം വഴിയെ നമുക്ക് വായിക്കാം. إِن شَاءَ اللَّهُ
8). നബി (സ.അ) പറഞ്ഞതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു:
 يقال لصاحب القرآن اقرأ وارتق ورتل كما كنت ترتل فى الدنيا فان منزلك عند اخراية تقرأھا – احمد والترمذي وابوداود والنسائى
(ക്വുര്‍ആന്‍റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്‍റെ താവളം). അതായത്, ഇഹത്തില്‍ വെച്ച് ഓതിയിരുന്ന പോലെ സാവകാശത്തില്‍ നന്നാക്കിക്കൊണ്ടുള്ള ഓത്ത് എത്ര ദീര്‍ഘിച്ചു പോകുന്നുവോ അതനുസരിച്ച് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ അവര്‍ക്കു ലഭിക്കുമെന്ന് സാരം. ക്വുര്‍ആന്‍ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുള്ള പ്രോത്സാഹനമാണ് ഈ ഹദീഥില്‍ ഉള്ളത്.
9). നബി  (സ.അ)  അരുളിയതായി ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب لله فله به حسنة والحسنة بعشرة امثالها لا اقول الم حرف الف حرف ولام حرف وميم حرف- الترمذى والدارمى  (ആരെങ്കിലും, അല്ലാഹുവിന്‍റെ കിതാബില്‍നിന്നു ഒരക്ഷരം ഓതിയാല്‍ അതിനു പകരം അവനു ഒരു നന്മയുണ്ട്. നന്മയാകട്ടെ (ക്വുര്‍ആനില്‍ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുള്ളതാണ്.അലിഫ്-ലാം-മീം എന്നുള്ളത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. ‘അലിഫ്’ ഒരക്ഷരം, ‘ലാം’ ഒരക്ഷരം, ‘മീം’ ഒരക്ഷരം എന്നിങ്ങനെയാണ്) ചില സൂറത്തുകളുടെ ആരംഭങ്ങളിലുള്ള കേവലാക്ഷരങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്നാണ് ‘അലിഫ്-ലാം-മീം’ ( الم ) ഇവയെപ്പറ്റി സന്ദര്‍ഭോചിതം നാം സംസാരിക്കുന്നതാണ്. ഏതായാലും, അവയുടെ അര്‍ത്ഥം എന്താണെന്ന് നമുക്കറിയില്ല. അര്‍ത്ഥം ഗ്രഹിക്കുവാന്‍ സാധിക്കുന്നില്ലെങ്കിലും വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിന് അല്ലാഹുവിങ്കല്‍ പ്രതിഫലം കിട്ടുമെന്നും, അര്‍ത്ഥം അറിയാത്തവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ യാതൊരു നന്മയുമില്ലെന്ന് ചിലര്‍ പറയാറുള്ളത് ശരിയല്ലെന്നും ഈ ഹദീഥ് തെളിയിക്കുന്നു. പക്ഷേ, അര്‍ത്ഥം ഗ്രഹിക്കുവാന്‍ സാധിക്കുന്ന വചനങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ ശ്രമിക്കാതിരിക്കുന്നതില്‍ മുസ്‌ലിംകള്‍ തെറ്റുകാരായിരിക്കുമെന്ന് പറയേണ്ടതില്ല.
10. അബൂ ഉമാമഃ (റ) നബി ( (സ.അ) )യില്‍ നിന്ന് ഉദ്ധരിക്കുന്നു: فانه يأتي يوم القيامة شفيعا لاصحابه – مسلم (നിങ്ങള്‍ ക്വുര്‍ആന്‍ ഓതുവീന്‍, നിശ്ചയമായും അതു ക്വിയാമത്തുനാളില്‍ അതിന്‍റെ ആള്‍ക്കാര്‍ക്ക് ശുപാര്‍ശകനായി വരുന്നതാകുന്നു).
11. നബി ( (സ.അ) ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: لَا حَسَدَ إِلَّا عَلَى اثْنَتَيْنِ رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ وَرَجُلٌ أَعْطَاهُ اللَّهُ مَالًا فَهُوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ – متفق عليه (രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന്ന് ക്വുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന്നു ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു). ‘അസൂയ’ കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ. എന്നല്ലാതെ അവന്‍റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല.
മറ്റൊരാള്‍ ക്വുര്‍ആന്‍ ഓതുമ്പോള്‍ അത് ശ്രദ്ധകൊടുത്തു കേള്‍ക്കുക, അന്യോന്യം ഓതിക്കേള്‍പ്പിക്കുക, പാഠം ഒത്തുനോക്കുക മുതലായവയും നല്ലതാകുന്നു. സാരങ്ങള്‍ പരസ്പരം ഗ്രഹിക്കുവാനും, അഭിപ്രായവിനിമയങ്ങള്‍ നടത്തുവാനും അത് ഉതകുന്നു. മനഃപാഠമാക്കിയ ഭാഗം മറന്നു പോകാതെ സൂക്ഷിക്കുന്നതും അത്യാവശ്യമാകുന്നു. ഒരിക്കല്‍ നബി തിരുമേനി (സ.അ)  ഇബ്‌നുമസ്ഊദ് (റ)നോട് തനിക്ക് ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെടുകയുണ്ടായി. ‘ക്വുര്‍ആന്‍ അവതരിച്ചിരിക്കുന്നത് അങ്ങേക്കായിരിക്കെ ഞാന്‍ അങ്ങേക്ക് ഓതിത്തരികയോ?’ എന്ന് അദ്ദേഹം ചോദിച്ചു. احب ان اسمعه من غيرى – متفق عليه (അത് മറ്റൊരാളില്‍ നിന്നു കേള്‍ക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു) എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെ, അദ്ദേഹം സൂറത്തുന്നിസാഉ് ഓതിക്കേള്‍പ്പിക്കുകയായി. അതിലെ 41-ാം വചനമെത്തിയപ്പോള്‍ തിരുമേനി حسبك الان (ഇപ്പോള്‍ മതി!) എന്നു പറയുകയുണ്ടായി. ഇബ്‌നുമസ്ഊദ് (റ) നോക്കുമ്പോള്‍ തിരുമേനിയുടെ കണ്ണുകള്‍ രണ്ടും അശ്രുധാര ഒഴുക്കുന്നുണ്ടായിരുന്നു. പ്രസ്തുത വചനം ഇതാകുന്നു: فَكَيْفَ إِذَا جِئْنَا مِن كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَٰؤُلَاءِ شَهِيدًا
”അപ്പോള്‍, എല്ലാ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും, ഇക്കൂട്ടര്‍ക്കു സാക്ഷിയായി നിന്നെ കൊണ്ടുവരികയും ചെയ്യുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും?!”. (നിസാഅ്) ക്വിയാമത്തുനാളില്‍ വരാനിരിക്കുന്ന ആ രംഗത്തെപ്പറ്റി ആലോചിച്ചത് കൊണ്ടാണ് തിരുമേനി കണ്ണുനീരൊഴുക്കിക്കൊണ്ട്  ‘ഇപ്പോള്‍ മതി’ എന്നു പറഞ്ഞത്. ഒരിക്കല്‍ ഉബയ്യുബ്‌നുകഅ്ബ് (റ)നോട് തിരുമേനി: ‘താങ്കള്‍ക്ക് ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുവാന്‍ അല്ലാഹു എന്നോട് കല്പിച്ചിട്ടുണ്ട്’ എന്നു പറയുകയുണ്ടായി. അദ്ദേഹം ചോദിച്ചു: അല്ലാഹു എന്‍റെ പേരെടുത്തു പറഞ്ഞിരിക്കുന്നുവോ? തിരുമേനി: ‘അതെ’ എന്നു ഉത്തരം പറഞ്ഞപ്പോള്‍ -അല്ലാഹുവിന്‍റെ സന്നിധിയില്‍ തന്‍റെ പേര് പ്രസ്താവിക്കപ്പെട്ടുവല്ലോ എന്ന സന്തോഷാധിക്യത്താല്‍-അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ഒഴുകുകയുണ്ടായി. ഈ രണ്ടു സംഭവങ്ങളും ബുഖാരിയും, മുസ്‌ലിമും (റ) ഉദ്ധരിച്ചിട്ടുള്ളതാകുന്നു.
ഉബയ്യ് (റ), ഇബ്‌നു മസ്ഊദ് (റ) എന്നീ രണ്ടു പേരും ക്വുര്‍ആന്‍ പാരായണത്തില്‍ നൈപുണ്യം നേടിയ സ്വഹാബികളില്‍ പെട്ടവരായിരുന്നു. ക്വുര്‍ആന്‍ വളരെ നന്നായി ഓതിയിരുന്ന മറ്റൊരു സ്വഹാബിയാണ് അബുമൂസല്‍ അശ്അരി (റ). ഒരു രാത്രി അദ്ദേഹം ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി  (സ.അ)  ചെവികൊടുത്തുകൊണ്ടിരുന്നു. പിറ്റേന്ന് അദ്ദേഹത്തോടു തിരുമേനി പറഞ്ഞു: ‘ഇന്നലെ രാത്രി ഞാന്‍ തന്‍റെ ഓത്ത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നത് താന്‍ കണ്ടിരുന്നുവെങ്കില്‍!’ അപ്പോള്‍, അബൂമൂസാ (റ) പറഞ്ഞു: ‘അല്ലാഹുവാണ സത്യം! അവിടുന്ന് എന്‍റെ ഓത്ത് ശ്രദ്ധിച്ചു കേട്ടിരുന്നതായി ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍, ഞാനതു വളരെ ഭംഗിയായി ഓതിക്കാണിച്ചു തരുമായിരുന്നു’. ഈ സംഭവം മുസ്‌ലിം ഉദ്ധരിച്ചിരിക്കുന്നു. ജമാഅത്ത് നമസ്‌കാരത്തില്‍ ഇമാം (മുമ്പില്‍ നില്‍ക്കുന്നവന്‍) ഉറക്കെ ക്വുര്‍ആന്‍ ഓതണമെന്നും, പിന്നിലുള്ളവര്‍ (മഅ്മൂമുകള്‍) അത് സശ്രദ്ധം കേള്‍ക്കണമെന്നും നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. നബി (സ.അ) യും ജിബ്‌രീലും (അ) കൂടി റമദ്വാന്‍ മാസങ്ങളില്‍ ക്വുര്‍ആന്‍ പാഠം നോക്കാറുണ്ടായിരുന്നത് നാം മുമ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ക്വുര്‍ആന്‍ പാരായണം കേള്‍ക്കുമ്പോള്‍ അതിലേക്ക് ശ്രദ്ധപതിപ്പിക്കുകയും, അതിനു ഭംഗവും വിഘാതവും ഉണ്ടാക്കാതിരിക്കുകയും ചെയ്യേണ്ടതാകുന്നു. സുറ: അഅ്‌റാഫ് 204ല്‍ അല്ലാഹു പറയുന്നു: ‘ക്വുര്‍ആന്‍ ഓതപ്പെട്ടാല്‍ നിങ്ങള്‍ അതിലേക്ക് ശ്രദ്ധ കൊടുത്തു കേള്‍ക്കുകയും മൗനമായിരിക്കുകയും ചെയ്യുവീന്‍. നിങ്ങള്‍ക്ക് കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്’. ക്വുര്‍ആനുമായി ജനങ്ങള്‍ സദാ ഇടപഴകിക്കൊണ്ടിരിക്കുവാന്‍ വേണ്ടി എന്തുമാത്രം നടപടികളാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളതെന്നു ഇതില്‍ നിന്നൊക്കെ മനസ്സിലാക്കാം.
പഠിച്ച ഭാഗം മറന്നുപോകുവാന്‍ ഇടയാക്കരുതെന്നും നബി (സ.അ) പ്രത്യേകം താക്കീത് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറയുന്നു: تعا ھدوا ال قرآن فوا لذى نف سى ب يده ل هو ا شد  (നിങ്ങള്‍, ക്വുര്‍ആനെ ഗൗനിച്ചുകൊണ്ടിരിക്കണം. കാരണം, എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിശ്ചയമായും അത്, കെട്ടിയിട്ട ഒട്ടകത്തെക്കാള്‍ വേഗം കുതറിപ്പോകുന്നതാണ്). മറ്റൊരു വചനത്തില്‍ وا ستذكروا ال قرآن (നിങ്ങള്‍ ക്വുര്‍ആനെ ഓര്‍മ പുതുക്കിക്കൊണ്ടിരിക്കണം) എന്നാണുള്ളത്.
ക്വുര്‍ആന്‍ പാരായണം വെറും ഒരു തൊഴിലായി സ്വീകരിച്ചുവരുന്നവര്‍ താഴെ കാണുന്ന രണ്ടു ഹദീഥുകള്‍ ഗൗനിക്കേണ്ടിയിരിക്കുന്നു. ഒരിക്കല്‍ ഇംറാന്‍ ( عمران بن الحصين – رض ) ഒരു കഥാകാരന്‍ (വഅള് പറയുന്നവര്‍) ക്വുര്‍ആന്‍ ഓതുകയും പിന്നീട് ജനങ്ങളോട് സഹായം ചോദിക്കുകയും ചെയ്യുന്നതു കണ്ടു. ഉടനെ അദ്ദേഹം ‘ഇസ്തിര്‍ജാഉ് ചൊല്ലി’. (*) അദ്ദേഹം പറഞ്ഞു: റസൂല്‍ തിരുമേനി  (സ.അ)  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: من قرأ القرآن فليسأ ل لله به فانه سيجئ اقوام ي قرأون القرآن يقرأون القرآن يسألون به الناس – احمد والترمذى ഒരാള്‍ ക്വുര്‍ആന്‍ ഓതുന്നതായാല്‍, അതിന് പ്രതിഫലം അല്ലാഹുവിനോട് ചോദിച്ചുകൊള്ളട്ടെ. എന്നാല്‍, വഴിയെ ചില ജനങ്ങള്‍ വരുവാനുണ്ട്, അവര്‍, ജനങ്ങ ളോട് ചോദിക്കുവാനായി ക്വുര്‍ആന്‍ ഓതുന്നതാണ്). വേറൊരു നബി വചനം ബുറയ്ദ (റ) ഉദ്ധരിക്കുന്നതു ഇപ്രകാരമാകുന്നു : من قرأ القرآن ي تأ كل به الناس جاء يوم القي مة ووج هه ع ظم ل يس عل يه ل حم – البيهقى فى شعب الأي مان (ആരെങ്കിലും ജനങ്ങളെ പറ്റിത്തിന്നുവാനായി ക്വുര്‍ആന്‍ ഓതുന്നതായാല്‍ ക്വിയാമത്തുനാളില്‍, അവന്‍ മുഖത്തു മാംസമില്ലാതെ എല്ലുമാത്രമായിക്കൊണ്ട്  വരുന്നതാണ്). ജനങ്ങളോട് യാചിച്ചു നടക്കുന്നത് നബി (സ.അ)  കഠിനമായി ആക്ഷേപിച്ചിട്ടുള്ളതാണല്ലോ. യാചകന്‍ ക്വിയാമത്തുനാളില്‍ മുഖത്തു മാംസമില്ലാത്ത വിധത്തില്‍ വരുവാന്‍ അതും കാരണമാകുമെന്നും താക്കീതു ചെയ്തിരിക്കുന്നു. എന്നിരിക്കെ, യാചനക്കു ക്വുര്‍ആനെ ഒരു ആയുധം കൂടി ആക്കുമ്പോള്‍, അതു കൂടുതല്‍ ദോഷകരമാണെന്ന് പറയേണ്ടതില്ല. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. امين

(*) വല്ല ആപത്തോ അപായമോ അറിയുമ്പോള്‍ انا لله وانا اليه راجعون (നാമെല്ലാം അല്ലാഹുവിന്‍റെതാണ്. നാം അവനിലേക്കുതന്നെ മടങ്ങുന്നവരാണ്) എന്ന് പറയുന്നത് നല്ലതാകുന്നു. ഇതിന്നാണ് ‘ഇസ്തിര്‍ജാഉ്’ ( سترجاع ) എന്നു പറയുന്നത്. മടക്കം കാണിക്കുക എന്നു വാക്കര്‍ത്ഥം.

പാരായണ മര്യാദകള്‍

ഇതര ഗ്രന്ഥങ്ങളെപ്പോലെ കണക്കാക്കാവുന്ന ഒന്നല്ല, വിശുദ്ധ ക്വുര്‍ആന്‍. ഒരു ഗ്രന്ഥത്തിലെ ഉള്ളടക്കം ശരിക്കു ഗ്രഹിക്കുകയും, അതു മനഃപാഠമാക്കുകയും ചെയ്തു കഴിഞ്ഞാല്‍, പിന്നീടത് വായിക്കുന്നതില്‍ വലിയ പ്രയോജനമൊന്നുമില്ല. കവിഞ്ഞ പക്ഷം, മറന്നു പോകാതിരിക്കുവാനായി ഇടക്കു ഓരോന്നു നോക്കേിവരുമെന്നു മാത്രം. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അത് വായിക്കുന്നതുതന്നെ ഒരു പുണ്യ കര്‍മമാണ്. അതിലെ വിജ്ഞാനങ്ങള്‍ക്ക് ഒടുക്കമില്ല. ഓരോ പ്രാവശ്യം വായിക്കുമ്പോഴും മുമ്പു കാണാത്ത പല വിജ്ഞാനങ്ങളും, തത്വങ്ങളും പുത്തനായി അതില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കും. വിശ്വാസദാര്‍ഢ്യവും, മാനസിക പരിവര്‍ത്തനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളിലും കാരുണ്യത്തിലുമുള്ള ആവേശവും, ആഗ്രഹവും, അവന്‍റെ ശിക്ഷയെയും കോപത്തെയും കുറിച്ചുള്ള ഭയവും അത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കും. അതിലെ ദൃഷ്ടാന്തങ്ങള്‍ കൂടുതല്‍ സ്പഷ്ടമായിക്കൊണ്ടിരിക്കും. ആശ്ചര്യങ്ങള്‍ കൂടുതലായിക്കൊണ്ടിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കു ന്നു : وفضل كلام الله على سائر الكلام كفضل الله على خلقه – الترمذى والبيهقى അല്ലാഹുവിന്‍റെ വചനത്തിനു ഇതര വചനങ്ങളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത, അല്ലാഹുവിനു അവന്‍റെ സൃഷ്ടികളെ അപേക്ഷിച്ചുള്ള ശ്രേഷ്ഠത പോലെയാകുന്നു.) ഇതാണ് ക്വുര്‍ആനും, ഇതര വചനങ്ങളും തമ്മിലുള്ള താരതമ്യത്തിന്‍റെ ചുരുക്കം. അതുകൊണ്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പല മര്യാദകളും പ്രത്യേകം അനുഷ്ഠിക്കേതുണ്ട്. അതര്‍ഹിക്കുന്ന തരത്തിലുള്ള ബഹുമാനത്തോടും, അച്ചടക്കത്തോടും കൂടിയായിരിക്കേണ്ടതുമുണ്ട്.
‘അഊദുവും ബിസ്മിയും’ ( التعوذ والبسملة ) കൊണ്ടായിരിക്കണം ക്വുര്‍ആന്‍ പാരായണമാരംഭിക്കേണ്ടത്. ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവിനോട് ശരണം തേടുന്നതിനാണ് ‘അഊദു’ എന്നു പറയുന്നത്. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ – النحل ٩٨ (നീ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതായാല്‍ ആട്ടപ്പെട്ട -ശപിക്കപ്പെട്ട- പിശാചില്‍ നിന്ന് അല്ലാഹുവില്‍ ശരണം തേടിക്കൊള്ളുക) എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. അല്ലാഹുവിന്‍റെ തിരുനാമത്തില്‍ ആരംഭിക്കുന്നതിനാണ് ‘ബിസ്മി’ എന്നുപറയുന്നത്. ഒന്നാമതായി അവതരിച്ച ക്വുര്‍ആന്‍ വചനം തന്നെ, അല്ലാഹുവിന്‍റെ നാമത്തില്‍ പാരായണം ചെയ്യണമെന്ന് കല്‍പിക്കുന്നതായിരുന്നുവല്ലോ. ക്വുര്‍ആന്‍ എന്നുമാത്രമല്ല, ഏതൊരു നല്ല കാര്യവും ആരംഭിക്കുമ്പോള്‍ ബിസ്മി ചൊല്ലണമെന്ന് ഹദീഥുകളാല്‍ വ്യക്തമാണ്. ‘അഊദി’ന്‍റെയും ‘ബിസ്മി’യുടെയും പൂര്‍ണരൂപം എല്ലാവര്‍ക്കും അറിയാമല്ലോ.
കുറേ വായിച്ചുതീര്‍ക്കുകയെന്ന നിലക്കു ക്വുര്‍ആന്‍ പാരായണം ചെയ്യരുത്. വായിക്കുന്ന ഭാഗം ഉന്മേഷത്തോടും ഹൃദയ സാന്നിദ്ധ്യത്തോടും കൂടി വായിക്കണം. اقرأوا القرآن ما ائتلفت عليه قلوبكم فاذا اختلفتم فقوموا عنه – متفقن عليه (നിങ്ങളുടെ ഹൃദയങ്ങള്‍ക്കു ക്വുര്‍ആനുമായി ഇണക്കമുള്ളപ്പോള്‍ നിങ്ങളത് ഓതിക്കൊള്ളുവിന്‍. നിങ്ങള്‍ക്കു ഇണക്കക്കേടുണ്ടാകുമ്പോള്‍ നിങ്ങള്‍ മതിയാക്കി എഴുന്നേറ്റുപോയിക്കൊള്ളുവിന്‍) എന്നാണ് നബി  (സ.അ)  ഉപദേശിക്കുന്നത്.
ഉച്ചാരണവും ശബ്ദവും, എടുപ്പും വെപ്പും, നീട്ടലും മണിക്കലും തുടങ്ങിയ(*) തെല്ലാം കഴിയുന്നത്ര നല്ല നിലയിലും, അതതിന്‍റെ പ്രത്യേക സ്വഭാവങ്ങളോടുകൂടിയും ആയിരിക്കേതുണ്ട്. ഈ വിഷയകമായും പല ഹദീഥുകള്‍ കാണാവുന്നതാകുന്നു. ഒരു ഹദീഥില്‍ നബി  (സ.അ)  പറയുന്നു: ما اذن لله لشيئ ما اذن ل نبي حسن الصوت بالقرآن يج هر به – متفق عليه സാരം: ശബ്ദഭംഗിയുള്ള പ്രവാചകന് ക്വുര്‍ആന്‍ ഉറക്കെ ഓതുവാന്‍ സമ്മതം നല്‍കിയിട്ടുള്ളത്ര മറ്റൊന്നിനും-മറ്റൊന്നും ഓതുന്നതിന്-അല്ലാഹു സമ്മതം കൊടുത്തിട്ടില്ല). ക്വുര്‍ആന്‍ ശബ്ദം നന്നാക്കി ഉറക്കെ ഓതുന്നത് വളരെ നല്ലതാണെന്നു താല്‍പര്യം. മറ്റൊരു ഹദീഥില്‍ തിരുമേനി പറയുന്നു زينوا القرآن باصواتكم -احمد وابو داود وا بن ما جة നിങ്ങളുടെ ശബ്ദങ്ങള്‍കൊണ്ട് ക്വുര്‍ആനെ അലങ്കരിക്കുവിന്‍). വേറൊരു വചനം ഇപ്രകാരമാകുന്നു: ليس منا من لم يت غن بالقرآن-البخارى (ക്വുര്‍ആന്‍ മണിച്ച് ഓതാത്തവന്‍ നമ്മില്‍ പെട്ടവനല്ല). രാഗാത്മകമാക്കുക എന്നല്ല. ശബ്ദം നന്നാക്കി ഉച്ചത്തില്‍ ഭംഗിയായി ഓതുകയെന്നത്രെ മണിച്ചോതുക എന്നു പറഞ്ഞതിന്‍റെ വിവക്ഷ. വേറെ പല ഹദീഥുകളില്‍ നിന്നും ഇതു മനസ്സിലാക്കാവുന്നതാണ്.

(*) المخرج والصوت والابتداء والوقف والمد والغنة وغيرھا

നബി  (സ.അ) യുടെ ഓത്ത് എപ്രകാരമായിരുന്നുവെന്നു ചോദിക്കപ്പെട്ടപ്പോള്‍ അനസ് (റ) പറഞ്ഞ മറുപടി ‘ كانت مدا مدا (അതു നീട്ടിനീട്ടിക്കൊണ്ടായിരുന്നു)’ എന്നായിരുന്നു. തുടര്‍ന്ന് അദ്ദേഹം ‘ബിസ്മി’ ഓതിക്കേള്‍പ്പിച്ചുകൊടുത്തു. അതില്‍ ‘ബിസ്മില്ലാഹി’ എന്നും, ‘അര്‍-റഹ്മാനി’ എന്നും, ‘അര്‍-റഹീം’ എന്നും പ്രത്യേകം പ്രത്യേകം നീട്ടിക്കൊണ്ടാണ് ഓതിക്കൊടുത്തത്. ഈ സംഭവം ബുഖാരി(റ) ഉദ്ധരിച്ചതാകുന്നു. ഉമ്മുസലമഃ (റ)യോട് അതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അവര്‍ ഓരോ അക്ഷരവും വ്യക്തമായി ഉച്ചരിച്ചുകൊണ്ട് ഓതിക്കൊടുക്കുകയാണ് ചെയ്തത്. ഇത് തിര്‍മദീ, അബൂദാവൂദ്, നസാഈ (റ) എന്നിവര്‍ ഉദ്ധരിച്ചിരിക്കുന്നു. ഒരിക്കല്‍ ഇശാ ( عشاء ) നമസ്‌കാരത്തില്‍ നബി  (സ.അ)  ‘വത്തീനി’ ( والتين ) സൂറത്ത് ഓതിയതിനെക്കുറിച്ച് ബറാഅ് (റ) പറഞ്ഞത് ഇപ്രകാരമായിരുന്നു: ما سمعت احدا احسن صوتا منه – متفق عليه (തിരുമേനിയെക്കാള്‍ ശബ്ദം നല്ല ഒരാളെ ഞാന്‍ കേട്ടിട്ടില്ല). മണിച്ചോതുക എന്നും, ശബ്ദം നന്നാക്കുക എന്നും പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാമല്ലോ.
ശബ്ദം നന്നാക്കുന്നതോടൊപ്പം, വിനോദരസം പ്രദര്‍ശിപ്പിക്കുന്ന പ്രതീതി ഉളവാകാത്തതും, ഭക്തിബഹുമാനം പ്രകടമാക്കുന്ന തരത്തിലുള്ളതുമായിരിക്കണം വായന. ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ശബ്ദമുള്ളവനും, ഏറ്റവും നല്ല വായനക്കാരനും എങ്ങിനെയുള്ളവനായിരിക്കുംأي ال ناس اح سن صوتا لل قرآن واح سن قراءة എന്ന് നബി  (സ.അ)  യോട് ചോദിക്കപ്പെടുകയുണ്ടായെന്നും, അപ്പോള്‍ തിരുമേനി ഇപ്രകാരം മറുപടി പറഞ്ഞുവെന്നും ത്വാഊസ് (റ) പറയുന്നു: من اذا سمعتھ يقرأ اريت انھ يخشى لله-الدارمى (ഏതൊരുവന്‍ ഓതുന്നതു കേട്ടാല്‍, അവന്‍ അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെന്നു നിനക്കു തോന്നുന്നുവോ അങ്ങിനെയുള്ളവനാണ്). ത്വല്‍ക്വ് (റ) അപ്രകാരമുള്ള ആളായിരുന്നുവെന്നും ത്വാഊസ് (റ) പ്രസ്താവിച്ചിരിക്കുന്നു(*) ക്വുര്‍ആന്‍ മനഃപാഠമാക്കിയ ആളുകളും സാധാരണ പാരായണവേളയില്‍ മുസ്വ്ഹഫ് നോക്കി ഓതുന്നതാണ് ഉത്തമം.
ധൃതിയോട് കൂടിയും ഉച്ചാരണ ശുദ്ധി കൂടാതെയും ക്വുര്‍ആന്‍ ഉരുവിടുന്നത് ഒട്ടും നന്നല്ല. അത് ക്വുര്‍ആനോടുള്ള അനാദരവുകൂടിയാണ്. ക്വുര്‍ആന്‍ ധൃതിപ്പെട്ട് ഓതരുതെന്ന് അല്ലാഹു അവന്‍റെ റസൂലിനോടുതന്നെ വിരോധിച്ചിട്ടുള്ളത് സുറത്തു ത്വാഹാ: 114 ലും മറ്റും കാണാവുന്നതാകുന്നു. അല്ലാഹുവിന്‍റെ രക്ഷാ ശിക്ഷകളെപ്പറ്റി വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍, ഓത്ത് നിറുത്തി കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുകയും, ശിക്ഷയില്‍ നിന്ന് രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. സന്ദര്‍ഭത്തിനൊത്ത പ്രതികരണവും ഹൃദയത്തില്‍ സംജാതമാകേണ്ടതുണ്ട്. സുജൂദ് ചെയ്യേണ്ടുന്ന ആയത്തുകള്‍ ഓതുമ്പോള്‍ സുജൂദ് ചെയ്യുകയും വേണം. (**) പകലത്തെക്കാള്‍ രാത്രിയിലും, മറ്റവസരങ്ങളെക്കാള്‍ നമസ്‌കാരത്തിലും, പ്രഭാതവേളയിലും മനഃസ്സാന്നിദ്ധ്യം കൂടുതല്‍ ലഭിക്കും. സൂറഃ മുസ്സമ്മിലി( مزّمّل )ല്‍ ക്വുര്‍ആന്‍ സാവകാശം ഓതാനായി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(*) ത്വല്‍ക്വ് ( طلق – رض ) സ്വഹാബിയും, ത്വാഊസ് ( طاؤوس- رح ) താബിഈയും ആകുന്നു. 
(**) അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗ നമസ്‌ക്കാരം) ചെയ്‌വാന്‍ പ്രേരിപ്പിക്കുന്ന ചില ആയത്തുകള്‍ ഓതുമ്പോള്‍ ഓതുന്നവരും, കേള്‍ക്കുന്നവരും ഓരോ സൂജൂദ് ചെയ്യേണ്ടതുണ്ടെന്ന് നബി (സ.അ) യുടെ സുന്നത്തിനാല്‍ സ്ഥാപിതമായിട്ടുള്ളതാണ്. ഇങ്ങിനെയുള്ള ആയത്തുകളുടെ അവസാനത്തില്‍ سجود التلاوة (ഓത്തിന്‍റെ സുജൂദ്) എന്ന് മുസ്വ്ഹഫുകളില്‍ അടയാളപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അവയുടെ സ്ഥാനങ്ങള്‍ ആര്‍ക്കും മനസ്സിലാക്കുവാന്‍ പ്രയാസമില്ല. അതതു സ്ഥാനങ്ങളില്‍ യഥോചിതം നാം അവയെപ്പറ്റി ഉണര്‍ത്തുന്നതുമാണ്. إن شاء لله 

വൃത്തിയോടുകൂടിയും, മാന്യവും ശുദ്ധവുമായ സ്ഥലത്തുവെച്ചും ആയിരിക്കുക, വുദ്വൂ (ചെറിയശുദ്ധി)വോടുകൂടിയായിരിക്കുക മുതലായവയും ക്വുര്‍ആന്‍ പാരായണ മര്യാദകളില്‍ പെട്ടതാകുന്നു. വലിയ അശുദ്ധി (ജനാബത്ത്) ഉള്ളവര്‍ക്ക് ക്വുര്‍ആന്‍ പാരായണവും, നമസ്‌കാരവും പാടില്ലെന്ന് വിരോധിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ക്വുര്‍ആനല്ലാത്ത ദിക്ര്‍ (ദൈവകീര്‍ത്തനം), ദുആ (പ്രാര്‍ത്ഥന) മുതലായവ നടത്താവുന്നതുമാണ്. ഇവയെല്ലാം തന്നെ ക്വിബ്‌ലഃയെ അഭീമുഖീകരിച്ചുകൊണ്ടായിരിക്കുന്നതാണ് കൂടുതല്‍ നല്ലത്. വുദ്വൂ കൂടാതെ മുസ്വ്ഹഫ് എടുക്കുന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ടഭിപ്രായമാണുള്ളത്. മുസ്വ്ഹഫ് എടുക്കുവാന്‍ വുദ്വൂ നിര്‍ബന്ധമാണെന്നാണ് പലരുടെയും പക്ഷം. മറ്റൊരു പക്ഷം നിര്‍ബന്ധമില്ലെന്നുമാകുന്നു. നിര്‍ബന്ധമാണെന്നതിനു മതിയായ തെളിവുകളൊന്നുമില്ല. എങ്കിലും വുദ്വൂവോടു കൂടി ആയിരിക്കുന്നതാണ് ഉത്തമമെന്നതില്‍ സംശയമില്ല. അത്രയുമല്ല, ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം കഴിയുന്നത്ര എല്ലാ സമയത്തും വുദ്വൂവോടു കൂടിയിരിക്കുക എന്നുള്ളത് വളരെ നല്ല കാര്യമാണെന്ന് നബി (സ.അ) യുടെ സുന്നത്തിനാല്‍ സ്ഥാപിതമായതാകുന്നു.
അശുദ്ധമായ സ്ഥലങ്ങളിലോ, നിന്ദ്യമായ സ്ഥാനങ്ങളിലോ മുസ്വ്ഹഫ് വെക്കുന്നതും ഒഴിവാക്കേതുണ്ട്. ശത്രുക്കള്‍ ക്വുര്‍ആനെ അവഹേളിക്കുവാന്‍ സംഗതിവരുന്ന പക്ഷം, മുസ്വ്ഹഫ് ശത്രുനാട്ടിലേക്ക് കൊണ്ടു പോകരുതെന്ന് ഹദീഥില്‍ പ്രത്യേകം വിരോധിച്ചിരിക്കുന്നു. ക്വുര്‍ആന്‍റെ സിദ്ധാന്തങ്ങളും, തത്വങ്ങളും മാത്രമല്ല അതെഴുതിയ ഏടും ബഹുമാനിക്കപ്പെടേതുണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. ബഹുമാന്യനായ ഒരാളുടെ എഴുത്തുപോലും നിന്ദിക്കപ്പെടുന്നത് ഒരു അപരാധ മായിക്കരുതപ്പെടുന്ന സ്ഥിതിക്ക് അല്ലാഹുവിന്‍റെ ഗ്രന്ഥത്തെ അനാദരിക്കുന്നതിനെപ്പറ്റി പറയേതുണ്ടോ?! ഇത്തരം സംഗതികളില്‍ ഇന്നു പൊതുവെ ഒരു അലസ നയമാണുള്ളത് എന്നു പറയേണ്ടിയിരിക്കുന്നു. വര്‍ത്തമാനപത്രങ്ങളുടെ കഷ്ണങ്ങളെന്നപോലെ, ക്വുര്‍ആനോ നബിവചനങ്ങളോ എഴുതിയ കഷ്ണങ്ങളും പലരും പുറത്തെറിയുവാന്‍ മടിക്കാറില്ല. താരതമ്യേന ‘പുരോഗമനവാദി’കളിലാണ് ഈ വക കാര്യങ്ങള്‍ കൂടുതല്‍ കാണപ്പെടുക. ഹൃദയത്തില്‍ ക്വുര്‍ആനോട് യഥാര്‍ത്ഥമായ സ്‌നേഹബഹുമാനം ഉള്ളവര്‍ ഒരിക്കലും അത് ചെയ്കയില്ല. ക്വുര്‍ആന്‍റെ സിദ്ധാന്തങ്ങളെ കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ടു മാത്രം അതിനോടുള്ള കടപ്പാടുകള്‍ തീര്‍ന്നുവെന്നോ, അതിനെ ബഹുമാനിച്ചുവെന്നോ പറഞ്ഞുകൂടാ. അനുസരണക്കേടിനെക്കാള്‍ വമ്പിച്ച അപരാധമാണ് അനാദരിക്കലും അപമാനിക്കലും എന്നോര്‍ക്കേണ്ടതുണ്ട്. സു: ഹജ്ജില്‍ അല്ലാഹു പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്‍റെ പരിപാവന വസ്തുക്കളെ ബഹുമാനിക്കുന്നതായാല്‍ അത് തന്‍റെ രക്ഷിതാവിങ്കല്‍ അവന്ന് ഉത്തമമായിട്ടുള്ള താണ്’ (ഹജ്ജ്: 30). വീണ്ടും അതേ സൂറത്തില്‍ പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിന്‍റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നതായാല്‍, നിശ്ചയമായും അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതാണ്’ (ഹജ്ജ്:32). ഈ വചനം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹു ബഹുമാനിച്ചിട്ടുള്ള പരിപാവനമായ മതചിഹ്നമാണെന്നുള്ളതില്‍ സംശയമില്ലല്ലോ.
ശത്രുക്കളുടെ അവഹേളനത്തിനോ പരിഹാസത്തിനോ പാത്രമാകുമെന്ന് കണ്ടാല്‍ ക്വുര്‍ആനും കൊണ്ട് അവരുടെ അടുക്കലേക്ക് പോകരുതെന്ന് കല്‍പിക്കുന്ന ഒരു ഹദീഥ് ബുഖാരിയിലും മുസ്‌ലിമിലും വന്നിട്ടുണ്ട്. ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്‌ക്വലാനീ (റ) ‘ഫത്ഹുല്‍ബാരി’യിലും, മുസ്‌ലിമിന്‍റെ വ്യാഖ്യാതാവായ ഇമാം നവവീ (റ) ‘ശറഹു മുസ്‌ലിമി’ലും ഈ ഹദീഥിനെ വിശകലനം ചെയ്തതു കാണാം. ഈ വിഷയത്തില്‍ മുന്‍ഗാമികളുടെ വ്യത്യസ്താഭി പ്രായങ്ങള്‍ ഉദ്ധരിച്ചു വിശദീകരിച്ചിട്ടുമുണ്ട്. ഹദീഥില്‍ ചൂണ്ടിക്കാട്ടിയ കാരണം- അവഹേളനവും പരിഹാസവും-ഇല്ലാത്തപ്പോള്‍ അതിനു വിരോധമില്ലെന്ന് രണ്ടു പേരും വ്യക്തമാക്കിയിരിക്കുന്നു. അമുസ്‌ലിംകള്‍ ക്വുര്‍ആന്‍ തൊടുന്നതിനെയും, അവര്‍ക്ക് ക്വുര്‍ആന്‍ പഠിപ്പിക്കുന്നതിനെയും സംബന്ധിച്ചും ഇമാം അസ്‌ക്വലാനീ (റ) ഒന്നിലധികം സ്ഥലത്ത് സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പ്രസ്താവിച്ചതിന്‍റെ രത്‌നച്ചുരുക്കം ഇതാണ്: ‘ഇമാമുകളില്‍ ചിലര്‍ പാടുണ്ടെന്നും, ചിലര്‍ പാടില്ലെന്നും തീര്‍ത്തു പറഞ്ഞിരിക്കുന്നു. പാടുള്ള അവസരവും, പാടില്ലാത്ത അവസരവും വെവ്വേറെ വിഭജിക്കുകയാണ് മറ്റു ചിലര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ക്വുര്‍ആന്‍റെ നേരെ അവഹേളനത്തിനും കയ്യേറ്റത്തിനും ഇടവരികയില്ലെന്നും, ക്വുര്‍ആന്‍ മുഖേന വല്ല നന്മയും അവരില്‍ ഉണ്ടായേക്കാമെന്നും കാണുമ്പോള്‍ അതിനു യാതൊരു വിരോധവുമില്ല’ (ഫത്ഹുല്‍ബാരി വാ:1, പേ: 324, വാ :6. പേ: 81, 161, ശറഹ് മുസ്‌ലിം വാ: 2 പേ :132).
ക്വുര്‍ആനിലെ പദങ്ങളുടെയും, അക്ഷരങ്ങളുടെയും ഉച്ചാരണ മുറകള്‍, അക്ഷരങ്ങള്‍ പരസ്പരം കൂട്ടിവായിക്കുമ്പോഴത്തെ സ്വരവ്യത്യാസങ്ങള്‍, നീട്ടല്‍, കുറുക്കല്‍, മണിക്കല്‍, എടുപ്പ്, വെപ്പ് എന്നിങ്ങനെയുള്ള പലതിനെയും ശാസ്ത്രീയമായ രീതിയില്‍ വിവരിക്കുന്നതും, മുന്‍ഗാമികളായ മഹാന്മാരില്‍ നിന്നു മുഖാമുഖമായും നിവേദനമാര്‍ഗേണയും അറിയപ്പെട്ടിട്ടുള്ള വായനാ നിയമങ്ങള്‍ വിവരിക്കുന്നതുമായ പല ഗ്രന്ഥങ്ങളും പലരും രചിച്ചിട്ടുണ്ട്. علم القراءة والتجويد (ക്വുര്‍ആന്‍ വായനയുടെയും നന്നായി വായിക്കുന്നതിന്‍റെയും ശാസ്ത്രം) എന്ന പേരില്‍ ഒരു ഇസ്‌ലാമികശാസ്ത്രവിഭാഗം തന്നെ നിലവിലുണ്ട്. അറബി ഭാഷാ ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ സാധാരണ ഗൗനിക്കേതില്ലാത്ത എത്രയോ കാര്യങ്ങള്‍ ക്വുര്‍ആന്‍ പാരായണത്തില്‍ ഗൗനിക്കേണ്ടതായുണ്ട്. അവ നബി (സ.അ) യില്‍ നിന്നു സ്വഹാബികളും, അവരില്‍ നിന്ന് താബിഉകളും അവരില്‍ നിന്ന് പിന്‍ഗാമികളുമായി കര്‍ണാകര്‍ണികയായി പഠിച്ചു വന്ന പാരമ്പര്യ വിജ്ഞാനങ്ങളത്രെ. ചുരുക്കിപ്പറയുന്ന പക്ഷം, ക്വുര്‍ആന്‍ പാരായണ നിയമങ്ങള്‍ ഒട്ടും അറിയാത്തവന് ക്വുര്‍ആന്‍ ശരിക്കും വായിക്കുവാന്‍ സാധിക്കുകയില്ല. ഗ്രന്ഥത്തില്‍ നിന്നു മാത്രം പഠിച്ചാലും പോരാ, ഗുരുമുഖങ്ങളില്‍ നിന്നു തന്നെ നേരില്‍ കേട്ടു മനസ്സിലാക്കിയെങ്കില്‍ മാത്രമേ അവ വേണ്ടതുപോലെ പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ.
പരസഹായം കൂടാതെ ഒരു മലയാളി മലയാളത്തില്‍ വിരചിതമായ ‘ഇംഗ്‌ളീഷ് ഭാഷാസഹായി’കളെ മാത്രം ആസ്പദമാക്കി ഇംഗ്ലീഷ് പഠിച്ചാലുള്ളതുപോലെ, അല്ലെ ങ്കില്‍ ഒരു ഇംഗ്ലീഷുകാരന്‍, ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ‘മലയാള ഭാഷാ സഹായി’കളില്‍ നിന്നും മലയാളം പഠിച്ചാലുള്ളതുപോലെയായിരിക്കും ഗുരുസഹായം കൂടാതെ ക്വുര്‍ആന്‍ വായന പഠിച്ചാലുള്ള അനുഭവം. സംഗീത രീതികള്‍ പുസ്തകത്തില്‍ നിന്നു മാത്രം പഠിച്ചു സംഗീതം പാടിയാലുള്ള കഥയും അങ്ങിനെത്തന്നെ. ക്വുര്‍ആനാണെങ്കില്‍, സാധാരണ അറബി ഗദ്യങ്ങളുടെ മാതിരിയോ, പദ്യങ്ങളുടെ മാതിരിയോ ഉള്ള ഒന്നല്ല. അതിന്നു അതിന്‍റെതായ ഒരു പ്രത്യേക സ്വഭാവമാണുള്ളത്. അത് കവിതയല്ല; എന്നാലത് സാധാരണ രീതിയിലുള്ള ഗദ്യവുമല്ല. ആകയാല്‍ അതിന്നു അതിന്‍റെതായ വായനാരീതിയും, വായനാ നിയമവും ഉണ്ട്.
ക്വുര്‍ആന്‍ വായന ശരിപ്പെടുത്തുന്ന വിഷയത്തില്‍ അടുത്തകാലം വരെ – പണ്ഡിതന്മാരും പാമരന്മാരും അടക്കം- പില്‍ക്കാല മുസ്‌ലിംകള്‍ പൊതുവില്‍ കുറെ അതിരുകവിഞ്ഞു പോയിരുന്നു. അതേ സമയത്ത് അതിന്‍റെ അര്‍ത്ഥവും ആശയവും പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നതില്‍ അവര്‍ വളരെ അമാന്തം കാണിച്ചിരുന്നുവെന്നതും ഒരു പരമാര്‍ത്ഥമത്രെ. അവരുടെ ശ്രമം മുഴുക്കെ ഉച്ചാരണത്തിലും, വായനാശൈലിയിലും മാത്രം കേന്ദ്രീകരിക്കുകയാണ് ചെയ്തത്. ക്വുര്‍ആനോടുള്ള തങ്ങളുടെ കടമ അതോടെ അവസാനിച്ചുവെന്നും മിക്കവരും കരുതിവശായി. ഇന്ന് കാര്യവിവരമുള്ള പണ്ഡിതന്മാര്‍ പലരും ഇതിനെതിരില്‍ ശബ്ദം ഉയര്‍ത്തിയും സമരം നടത്തിയും കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി ഒട്ടൊക്കെ ആളുകള്‍ക്ക് ക്വുര്‍ആന്‍ മനസ്സിലാക്കണമെന്ന ബോധം ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നു പറയാം. الحمد لله നേരേമറിച്ച് ക്വുര്‍ആന്‍റെ അര്‍ത്ഥം അറിഞ്ഞാല്‍മതി -അതിന്‍റെ വായനയും പാരായണ കാര്യവും എങ്ങിനെയെങ്കിലും ആയിക്കൊള്ളട്ടെ- എന്നൊരു നിലപാടുകൂടി അതോടൊപ്പം പലരിലും പ്രകടമായിക്കാണുന്നു. ക്വുര്‍ആന്‍ ഗ്രഹിക്കുവാനുള്ള താല്‍പര്യത്തിലും, പരിശ്രമത്തിലും സ്വഹാബികള്‍ താബിഉകള്‍ തുടങ്ങിയ മുന്‍ഗാമികളെ കവച്ചുവെക്കുന്ന ഒരൊറ്റ വ്യക്തിയും ഇന്നില്ല. അതിന്‍റെ പാരായണ മുറകളിലും, വായന നന്നാക്കുന്നതിലും അവര്‍ എത്രമാത്രം ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്ന് മുകളില്‍ വായിച്ച ഉദ്ധരണികളില്‍ നിന്നും മറ്റും നല്ല പോലെ ഗ്രഹിക്കാമല്ലോ.
‘തജ്‌വീദ്’ (നന്നാക്കി ഓതല്‍)നെ സംബന്ധിച്ചിടത്തോളം ഒരു അവഗണനാനയം മാത്രമല്ല, അതൊരു പഴഞ്ചനും അനാവശ്യവുമാണന്നുപോലും ഒരു ധാരണ ചിലരില്‍ കടന്നു കൂടിയിട്ടുണ്ട്. വേറെയും എത്രയോ പ്രവാചകചര്യകളെ ഈ ‘പരിഷ്‌കരണവാദികള്‍’ പഴഞ്ചനാക്കി പുറംതള്ളുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നു മാത്രമാണിതും. പണ്ഡിതന്മാരെന്ന് കരുതപ്പെടുന്ന പലരും ഇന്ന് ക്വുര്‍ആന്‍ വായിക്കുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരക്ഷരം മറ്റൊരക്ഷരമായി മാറുക, അര്‍ത്ഥ വ്യത്യാസം വന്നേക്കുമാറ് സ്ഥാനം തെറ്റി നിറുത്തുക (വക്വ്ഫ് ചെയ്യുക), നിറുത്തി വായിക്കല്‍ അത്യാവശ്യമായ സ്ഥാനങ്ങളില്‍ കൂട്ടിവായിക്കുക തുടങ്ങിയ അബദ്ധങ്ങള്‍ പലതും അവര്‍ നിര്‍ലജ്ജം ആവര്‍ത്തിക്കുന്നത് കാണാം. അതുപോലെത്തന്നെ, അറബിഭാഷ, അല്പമൊക്കെ കൈകാര്യം ചെയ്യാന്‍ അറിയാവുന്നവരില്‍ പോലും തെറ്റുകൂടാതെ അറബി എഴുതുവാന്‍ -ക്വുര്‍ആന്‍ വിശേഷിച്ചും- കഴിയാത്ത പലരെയും കാണും. ഇതിലെല്ലാം ഇത്രയും അവഗണനാ നയം സ്വീകരിക്കുന്ന ഇതേ ആളുകള്‍, മറ്റു വല്ല പുസ്തകങ്ങളോ വര്‍ത്തമാനപത്രങ്ങളോ വായിക്കുമ്പോള്‍ ഒരാളുടെ പക്കല്‍ വല്ല അക്ഷരത്തെറ്റോ വടിവുകുറവോ കണ്ടാല്‍ അത് വളരെ പുച്ഛത്തോടുകൂടി വീക്ഷിക്കുകയും ചെയ്യും. കോമ, പുള്ളി മുതലായ ചിഹ്നങ്ങള്‍ ഗൗനിക്കാതിരുന്നാല്‍ പോലും പരിഹാസത്തിനു വിഷയമാക്കുന്ന ഇവര്‍, ക്വുര്‍ആന്‍ വായനയിലെ തെറ്റുകളെപ്പറ്റി ശ്രദ്ധപതിപ്പിക്കുന്നത് പഴഞ്ചനും നിസ്സാരവുമാക്കുന്നത് കേവലം ഒരു വിരോധാഭാസമത്രെ. ക്വുര്‍ആനെ ഉള്ളഴിഞ്ഞു സ്‌നേഹിക്കുകയും യഥാര്‍ത്ഥമായി ആദരിക്കുകയും ചെയ്യുന്നവര്‍ അതിന്‍റെ വായനയും, അതിന്‍റെ എഴുത്തും എല്ലാം തന്നെ ഗൗനിക്കാതിരിക്കയില്ല- ഗൗനിക്കേണ്ടതുമുണ്ട്.

എഴുത്തിലും വായനയിലും അറിഞ്ഞിരിക്കേ ചില കാര്യങ്ങള്‍

ഉഥ്മാന്‍ (റ)ന്‍റെ ഖിലാഫത്തു കാലത്ത് പല രാജ്യങ്ങളിലേക്കും മുസ്വ്ഹഫിന്‍റെ പകര്‍പ്പുകള്‍ അയച്ചുകൊടുത്തുവെന്നും, അതുകൊണ്ടാണ് മുസ്വ്ഹഫുകള്‍ക്ക് ‘ഉഥ്മാനീ മുസ്വ്ഹഫ്’ എന്നു പറയപ്പെടുന്നതെന്നും മുമ്പ് പറഞ്ഞുവല്ലോ. അന്ന് ആ മുസ്വ്ഹഫുകളില്‍ അംഗീകരിക്കപ്പെട്ടിരുന്ന സമ്പ്രദായത്തിലുള്ള എഴുത്തിന് ‘ഉഥ്മാനീ എഴുത്ത്’ ( الرسم العثمانى ) എന്ന് പറയപ്പെടുന്നു. മുസ്വ്ഹഫുകളില്‍ പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നതും ഈ സമ്പ്രദായം തന്നെ. പക്ഷേ, മുന്‍കാലത്തില്ലാത്ത പലതരം പരിഷ്‌ക്കരണങ്ങളും പില്‍ക്കാലങ്ങളില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഉഥ്മാനീ എഴുത്തും , സാധാരണ അറബി എഴുത്തും തമ്മില്‍ ചില സ്ഥലങ്ങളില്‍ വ്യത്യാസമുണ്ടായിരിക്കും. ഉച്ചാരണങ്ങളുടെ അടിസ്ഥാനത്തില്‍ പദങ്ങള്‍ എഴുതുന്ന സമ്പ്രദായം, വകഭേദങ്ങളുടെ അടിസ്ഥാനത്തില്‍ പദങ്ങള്‍ എഴുതുന്ന സമ്പ്രദായം എന്നിങ്ങനെ രണ്ടു സമ്പ്രദായങ്ങളുള്ളതാണ് ഈ വ്യത്യാസത്തിന് മുഖ്യകാരണം. ഉദാഹണമായി: ‘സ്വലാത്ത്’ എന്നു ശബ്ദം വരുന്ന പദം صلوة എന്നും صلاة  എന്നും, ‘ജാവസ’ എന്നു വായിക്കുന്ന പദം جوز എന്നും جاوز എന്നും എഴുതപ്പെടുന്നു. ‘റഹ്മത്ത് ‘ എന്നുള്ളത് رحمة، رحمت , എന്നും, ‘അര്‍സല്‍നാക’ എന്നുള്ളത് ارسلنك، ارسلناك എന്നിങ്ങനെയും എഴുതിവരാറുണ്ട്. ഇതിനെപ്പറ്റി ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല.
മുസ്വ്ഹഫുകളില്‍ ഉഥ്മാനീ എഴുത്തുതന്നെ സ്വീകരിക്കേണ്ടതുണ്ടോ, ഇല്ലേ, എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം മാലിക് (റ), ഇമാം അഹ്മദ് (റ) മുതലായവരും ഭൂരിഭാഗം പണ്ഡിതന്മാരും ഉസ്മാനീ എഴുത്തു തന്നെ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന പക്ഷക്കാരാകുന്നു. ഒരു പ്രത്യേക രീതിയിലുള്ള എഴുത്തുതന്നെ സ്വീകരിക്കണമെന്നുള്ളതിനു ബലപ്പെട്ട തെളിവുകളില്ലെന്നും, ഉഥ്മാന്‍(റ)ന്‍റെ കാലത്തുള്ള മുസ്വ്ഹഫുകളും പില്‍ക്കാലങ്ങളില്‍ എഴുതപ്പെട്ട മുസ്വ്ഹഫുകളും തമ്മില്‍ എഴുത്തില്‍ പല വ്യത്യാസങ്ങളും കാണുന്നത് അതുകൊണ്ടാണെന്നുമാണ് മറ്റൊരു പക്ഷക്കാര്‍ പറയുന്നത്. എന്നാല്‍ വായനാവേളയില്‍ അര്‍ത്ഥോദ്ദേശ്യങ്ങളില്‍ മാറ്റം വരത്തക്ക വ്യത്യാസം നേരിടുന്നതിന് എഴുത്തിന്‍റെ രൂപഭേദം കാരണമായിക്കൂടാ എന്നത് തീര്‍ച്ചയാകുന്നു. മൂന്നാമതൊരു അഭിപ്രായം ഇതാണ്: അതാതു കാലത്ത് പ്രചാരത്തിലുള്ള ലിപി സമ്പ്രദായമാണ് മുസ്വ്ഹഫിലും ഉപയോഗിക്കേണ്ടത്. എങ്കിലും പഴയ സമ്പ്രദായത്തിലുള്ള എഴുത്ത് ഒരു ചരിത്ര ലക്ഷ്യമെന്ന നിലക്ക് സൂക്ഷിച്ചു വരേണ്ടതുണ്ട് താനും. ഈ അഭിപ്രായം കൂടുതല്‍ യുക്തമായിത്തോന്നുന്നു. لله اعلم പൂര്‍വ്വകാല സമ്പ്രദായത്തിലുള്ള ലിപി -പിന്നീട് സ്വീകരിക്കപ്പെട്ടപരിഷ്‌ക്കരണങ്ങ ളൊന്നും കൂടാതെ- അതേ രൂപത്തില്‍ ഉപയോഗിച്ചാല്‍ ജനങ്ങള്‍ കുഴപ്പത്തിലാകുന്നതുകൊണ്ട് ഇക്കാലത്ത് അത് ഉപയോഗിച്ചുകൂടാ എന്നും ചില പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു.
നബി (സ.അ) യുടെയും സ്വഹാബികളുടെയും കാലത്ത് അറബി ലിപിയില്‍ പുള്ളിയും, ‘ഹര്‍കത്ത്-സുകൂന്‍’  ( َ  ِ  ُ  ٌ  ْ   ّ ) മുതലായവയും നടപ്പിലുണ്ടായിരുന്നില്ല. അബ്ദുല്‍ മലികിന്‍റെ ഖിലാഫത്തു (ഹിജ്‌റഃ : 65-86) കാലത്ത് ഹജ്ജാജുബ്‌നു യൂസുഫിന്‍റെ പരിശ്രമഫലമായിട്ടാണ് അവ മുസ്വ്ഹഫില്‍ നടപ്പാക്കപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. അബുല്‍ അസ്‌വദ്ദുഅലി (റ)യാണ് ആദ്യമായി മുസ്വ്ഹഫില്‍ അക്ഷരങ്ങള്‍ക്ക് പുള്ളിയും മറ്റും കൊടുത്തതെന്നും അഭിപ്രായമുണ്ട്. ഏതായാലും, ഇത് സമുദായത്തിനു ലഭിച്ച മഹത്തായ ഒരു അനുഗ്രഹം തന്നെ. അതില്ലായിരുന്നുവെങ്കില്‍, ക്വുര്‍ആനില്‍ എത്രയോ ഭിന്നിപ്പുകള്‍ ഉണ്ടാകുമായിരുന്നു. കാലക്രമത്തില്‍ ഇവക്കു പുറമെ, സൂറത്തുകളുടെ പ്രാരംഭങ്ങളും, പേരുകളും പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടു. ഭാഗങ്ങളും ഉപവിഭാഗങ്ങളും (ജുസ്ഉകളും റുകൂഉകളും) ഓരോ ഭാഗങ്ങളുടെയും ¼, ½, ¾ മുതലായവയും നിര്‍ണയിക്കപ്പെട്ടു. നിറുത്തി വായിക്കേണ്ടതും, ചേര്‍ത്തു വായിക്കേണ്ടതുമായ സ്ഥാനങ്ങള്‍ക്ക് പ്രത്യേകം അടയാളങ്ങളും ചിഹ്നങ്ങളും നല്‍കപ്പെട്ടു. ഇങ്ങിനെയുള്ള പരിഷ്‌കരണങ്ങളെല്ലാം പിന്നീടുണ്ടായതാകുന്നു. ഇതെല്ലാം മുസ്വ്ഹഫുകള്‍ തുറന്നുനോക്കിയാല്‍ കാണാവുന്നതത്രെ.

വക്വ്ഫും വസ്വ്‌ലും ( الوقف والوصل )

ക്വുര്‍ആന്‍ വായനയില്‍ പ്രത്യേകം മനസ്സിരുത്തേണ്ട കാര്യങ്ങളാണ് ‘വക്വ്ഫും’ ‘വസ്വ്‌ലും’. നിറുത്തിവായിക്കുക, അഥവാ രണ്ടു പദങ്ങള്‍ക്കിടയില്‍ മുറിച്ചു ചൊല്ലുകയാണ് ‘വക്വ്ഫ്’. നിറുത്താതെ കൂട്ടിച്ചേര്‍ത്തു വായിക്കലാണ് ‘വസ്വ്ല്‍’. നിറുത്തേണ്ട സ്ഥാനത്ത് നിറുത്താതെയൊ, നേരെമറിച്ചോ വായിക്കുന്ന പക്ഷം ചിലപ്പോള്‍ വാക്യങ്ങളുടെ അര്‍ത്ഥത്തില്‍ മാറ്റമോ അവ്യക്തതയോ സംഭവിച്ചേക്കും. അതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേതുണ്ടെന്ന് പറഞ്ഞത്. ഗൗനിക്കേണ്ട മറ്റൊരു വിഷയമാണ് ‘മദ്ദ്’ ( المد = ദീര്‍ഘം). ‘മദ്ദ്’കളില്‍ അല്പം മാത്രം ദീര്‍ഘിപ്പിക്കേണ്ടതും കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടതുമുണ്ട്. ഒരക്ഷരം മറ്റൊരക്ഷരത്തിനു മുമ്പില്‍ വരുമ്പോള്‍ തമ്മില്‍ മുറിച്ചു ചൊല്ലേണ്ടതും, ഒന്നൊന്നില്‍ ചേര്‍ത്തു ചൊല്ലേണ്ടതും ഉണ്ടായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പ്രതിപാദിക്കുന്ന പല അറബി ഗ്രന്ഥങ്ങളും കാണാം. അറബി മലയാളത്തിലും ചിലതെല്ലാം നിലവിലുണ്ട്. മലയാള ലിപിയില്‍ ഈ വക വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുവാന്‍ സൗകര്യം പോരാ. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ ഓരോന്നും അതതിന്‍റെ സ്ഥാനങ്ങളില്‍ ഓര്‍മിക്കുവാനായിട്ടത്രെ മുസ്വ്ഹഫുകളില്‍ ചില ചിഹ്നങ്ങള്‍ അടയാളപ്പെടുത്തി വരുന്നത്. അവയില്‍ കൂടുതല്‍ ഉപയോഗത്തിലിരിക്കുന്നവയും, അവയുടെ ഉദ്ദേശ്യങ്ങളും ഇവിടെ ചുരുക്കി വിവരിക്കാം. കാര്യകാരണ സഹിതം വിശദീകരിച്ചു വിവരി ക്കുവാന്‍ ഇവിടെ സൗകര്യമില്ല.

م വക്വ്ഫ് ചെയ്യല്‍ അത്യാവശ്യമാണ്. ഇല്ലാത്തപക്ഷം വാക്യങ്ങളുടെ അര്‍ത്ഥത്തില്‍ വ്യത്യാസം നേരിട്ടേക്കും.
ط വക്വ്ഫ് ചെയ്യല്‍ വളരെ നല്ലതാണ്. പക്ഷേ സംസാരിക്കുന്ന വിഷയം പൂര്‍ത്തിയായിട്ടില്ല. വാചകം പൂര്‍ത്തിയായിട്ടുമുണ്ട്.
ج വക്വ്ഫു ചെയ്യാം. വക്വ്ഫു ചെയ്യാതിരിക്കുന്നതിനും വിരോധമില്ല.
ز വക്വ്ഫു ചെയ്യലാണ് നല്ലത്.
ق വക്വ്ഫിന്‍റെ ആവശ്യമില്ല.
قف വായിക്കുന്നവന്‍ കൂട്ടിവായിച്ചേക്കുവാന്‍ ഇടയുണ്ട്. എങ്കിലും വക്വ്ഫാണ് വേണ്ടത്.
سكتة،س അല്പമൊന്ന് നിറുത്തുക. വക്വ്ഫ് വേണ്ടതില്ല താനും.
وقفة അല്‍പംകൂടി അധികം നിറുത്തുക
ص ചേര്‍ത്തുവായിക്കുകയാണ് വേത്. നിറുത്തുന്നതിനു വിരോധവുമില്ല.
لا മുമ്പും പിമ്പുമുള്ള വാക്കുകള്‍ തമ്മില്‍ ഘടനാപരമായ ബന്ധമുള്ളതുകൊണ്ട് ഇവിടെ പൂര്‍ത്തിയായ വക്വ്ഫ് ഇല്ല. ആയത്തിന്‍റെ (സൂക്തത്തിന്‍റെ) അവസാനത്തിലാണെങ്കില്‍ വക്വ്ഫ് ചെയ്യാം. ഇടയ്ക്കു വെച്ചായിരുന്നാല്‍ -വായനക്കാരന്‍ വക്വ്ഫ് ചെയ്യാന്‍ ഹിതമുെങ്കിലും-വക്വ്ഫ് ചെയ്യാതിരിക്കുകയാണ് വേണ്ടത്
﴾﴿
O
﴾﴿
ആയത്തുകളുടെ അവസാനത്തെ കുറിക്കുന്നു. (ഈ ആവശ്യാര്‍ത്ഥം പലരും പല ചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഈ ചിഹ്നമാണ് കൂടുതല്‍ ഉപയോഗിച്ചു വരുന്നത്). ആയത്തുകളുടെ അവസാനത്തില്‍ നിറുത്തി ഓതുകയാണ് വേണ്ടത്.
ع ഒരു റുകൂഅ് (വിഭാഗം) അഥവാ ഖണ്ഡിക അവസാനിച്ചു.
سجدة ഓത്തിന്‍റെ സുജൂദ് ചെയ്യേണ്ടുന്ന സ്ഥലം
آ മദ്ദ് (ദീര്‍ഘിപ്പിക്കണം എന്ന അടയാളം) ഇതില്‍ അധികം ദീര്‍ഘിപ്പിക്കേണ്ടതും അല്ലാത്തതുമായി ഒന്നിലധികം തരമുണ്ട്. അവയെപ്പറ്റി അന്വേഷിച്ചറിയേണ്ടതാണ്.
മുസ്വ്ഹഫുകളുടെ വരികള്‍ക്കിടയില്‍ സാധാരണ കാണപ്പെടാറുള്ള ചിഹ്നങ്ങളാണിവ. കൂടാതെ വേറെ ചിലതും കണ്ടേക്കും. പക്ഷേ, മലബാറില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകളില്‍ ഇങ്ങിനെയുള്ള ചിഹ്നങ്ങളെപ്പറ്റി അധികമൊന്നും ഗൗനിച്ചു കാണാറില്ല. വ്യക്തമായ തെറ്റുകളും, അക്ഷരപ്പിഴവുകളും മലബാരീ മുസ്വ്ഹഫുകളില്‍ സാധാരണമാണെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അച്ചുകൂടക്കാര്‍ ഇക്കാര്യം ഗൗരവപൂര്‍വ്വം ശ്രദ്ധിക്കേണ്ടതാകുന്നു.
സാധാരണ ഗ്രന്ഥങ്ങളില്‍, വാക്യങ്ങള്‍ക്കിടയില്‍ ഉപയോഗിക്കപ്പെട്ടുകാണാറുള്ള പൂര്‍ണവിരാമം, അര്‍ദ്ധ വിരാമം, കോമ (. ; ,) മുതലായ ചിഹ്നങ്ങളുടെ സ്ഥാനമാണ് മുസ്വ്ഹഫുകളില്‍ മേല്‍ കണ്ട ചിഹ്നങ്ങള്‍ക്കുള്ളത്. അല്പം ബോധമുള്ള വായനക്കാരന്‍ വായനാവേളയില്‍ ഇത്തരം ചിഹ്നങ്ങളെപ്പറ്റി ഗൗനിക്കുമല്ലോ. ഗൗനിക്കാത്ത പക്ഷം ഉദ്ദേശ്യം മനസ്സിലാക്കുന്നതില്‍ ആശയക്കുഴപ്പവും അബദ്ധവും നേരിടുന്നതുമാകുന്നു. അതുപോലെത്തന്നെയാണ് -അതിലും കൂടുതലാണ് -മുസ്വ്ഹഫില്‍ കാണപ്പെടുന്ന പ്രസ്തുത ചിഹ്നങ്ങളുടെയും സ്ഥിതി. ക്വുര്‍ആന്‍റെ അര്‍ത്ഥം അറിയുകയും, അത് ഓര്‍ത്തുകൊണ്ട് വായിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ ചിഹ്നങ്ങളുടെ സന്ദര്‍ഭങ്ങളും ആവശ്യങ്ങളും ശരിക്ക് ഗ്രഹിക്കുവാന്‍ കഴിയും. ‘ക്വുര്‍ആനിലെ വക്വ്ഫുകള്‍ അറിയാത്തവന് ക്വുര്‍ആന്‍ അറിയുകയില്ല’ എന്ന മഹദ്‌വാക്യം വളരെ അര്‍ത്ഥവത്താകുന്നു.

വായനാ വ്യത്യാസങ്ങള്‍

ക്വുര്‍ആന്‍ വായനക്കാര്‍ അറിഞ്ഞിരിക്കേണ്ടുന്ന മറ്റൊരു കാര്യമാണ് ചില പദങ്ങളിലുള്ള വായനാ വ്യത്യാസങ്ങള്‍. മുന്‍കാലത്ത് ക്വുര്‍ആന്‍ പഠനവും, വായനയും അഭ്യസിച്ചിരുന്നത് ഇന്നത്തെപ്പോലെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയായിരുന്നില്ല. നബി  (സ.അ)  യില്‍ നിന്നു സ്വഹാബികളും, അവരില്‍ നിന്നു അവരുടെ പിന്‍ഗാമികളുമായി നേരില്‍ കേട്ടു പരിചയിക്കുന്ന പതിവായിരുന്നു മുമ്പുണ്ടായിരുന്നത്. ഇങ്ങിനെ പരിചയിച്ചവരില്‍ ചിലര്‍ ക്വുര്‍ആനില്‍ കൂടുതല്‍ നൈപുണ്യം നേടിയവരായിരുന്നതുകൊണ്ട് അവരുടെ വായനാരീതിയും, ഉച്ചാരണക്രമങ്ങളും പിന്‍ഗാമികള്‍ കൂടുതലായി അനുകരിച്ചുവന്നു. അങ്ങിനെയുള്ള മഹാന്മാരുടെ വായനാ സമ്പ്രദായങ്ങളില്‍ പരസ്പരം ചില വ്യത്യാസങ്ങള്‍ കാണപ്പെട്ടേക്കും. എന്നാല്‍, അവയൊന്നുംതന്നെ, ക്വുര്‍ആന്‍റെ തത്വങ്ങളിലോ, ആശയങ്ങളിലൊ, പ്രതിപാദ്യ വിഷയങ്ങളിലൊ മാറ്റം വരുത്തുന്നവയല്ലതാനും. അഥവാ വ്യാകരണപരമോ, സാഹിത്യപരമോ, ഉച്ചാരണ സംബന്ധമോ ഉള്ള അല്പസ്വല്‍പ വ്യത്യാസങ്ങള്‍ മാത്രമായിരിക്കും. ഇതിന്‍റെ ഏതാണ്ടൊരു സ്വഭാവം മനസ്സിലാക്കുവാന്‍ ചുരുക്കം ചില ഉദാഹരണങ്ങള്‍ കാണിക്കാം:
സൂറത്തുല്‍ ഫാതിഹഃയില്‍ 3-ാം ആയത്തില്‍ ‘മലികി’ എന്നും, ‘മാലികി’ എന്നും വായനയുണ്ട്. (പ്രതിഫല ദിവസത്തിന്‍റെ) ‘രാജാവ്’ എന്ന് ഒന്നാമത്തെതിനും, (പ്രതിഫലദിവസത്തിന്‍റെ) ‘ഉടമസ്ഥന്‍’ എന്ന് രണ്ടാമത്തേതിനും അര്‍ത്ഥം വരുന്നു. രണ്ടും തമ്മില്‍ ആശയവിരുദ്ധമില്ലല്ലോ.
2). സു: സബഅ് 15 ല്‍ ‘മസ്‌കനിഹിം’ എന്നും ‘മസാകിനിഹിം’ എന്നും വായിക്കപ്പെട്ടിരിക്കുന്നു. ക്രമപ്രകാരം ‘അവരുടെ വാസസ്ഥലം’ എന്നും, ‘അവരുടെ വാസസ്ഥലങ്ങള്‍’ എന്നുമാണര്‍ത്ഥം. ഒന്ന് ഏകവചനവും, മറ്റേത് ബഹുവചനവുമാണ് എന്ന വ്യത്യാസം മാത്രം. അതേ സൂറത്ത് 13 ല്‍ ‘കല്‍-ജവാബി’ എന്നും ‘കല്‍-ജവാബീ’ എന്നും വായനയുണ്ട്. ഇതു രണ്ടും എഴുത്തിലും വായനയിലും അല്പ വ്യത്യാസം കാണാമെങ്കിലും അര്‍ത്ഥവും പദവും ഒന്നുതന്നെയാണ്. വീണ്ടും അതേ സൂറത്തില്‍ തന്നെ 19 ല്‍ ‘ബഅ്ദ്’ ( بعد ) എന്നും, ബാഇദ് ( باعد ) എന്നും വായന കാണാം. അക്ഷര വ്യത്യാസമുണ്ടെങ്കിലും അര്‍ത്ഥ വ്യത്യാസമില്ല.
 3) أإن എന്ന ഇരട്ട അവ്യയം ‘അഇന്ന, അയിന്ന, ആയിന്ന’ എന്നും മറ്റും വായിക്ക പ്പെട്ടിട്ടുണ്ട്. ഉച്ചാരണത്തില്‍ മാത്രമാണ് ഈ വ്യത്യാസം. ഇങ്ങിനെയുള്ള പ്രധാന വായനാ വ്യത്യാസങ്ങളെപ്പറ്റി നാം അവസരോചിതം ചൂണ്ടിക്കാട്ടുന്നതാണ്. إن شاء لله
അബൂബക്ര്‍, ഉമര്‍, ഇബ്‌നുമസ്ഊദ്, ഉബയ്യ്, സൈദ്, സാലിം, മുആദ്, ഇബ്‌നു അബ്ബാസ്, ഉഥ്മാന്‍, അലി (റ) തുടങ്ങിയ അനേകം പേര്‍ ക്വുര്‍ആനില്‍ പ്രത്യേക നൈപുണ്യം നേടിയ സ്വഹാബീവര്യന്മാരില്‍ ഉള്‍പ്പെട്ടവരാകുന്നു. ഇവരില്‍നിന്ന് കേട്ടും പരിചയിച്ചും വന്ന ശിഷ്യപരമ്പരയില്‍ പെട്ടവരും ഹിജ്‌റഃ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ക്വുര്‍ആന്‍ വായനക്കാരില്‍ അഗ്രഗണ്യരും ആയിരുന്ന ഏഴു മഹാന്മാരുടെ നാമങ്ങള്‍ക്ക് പില്‍കാലത്തു പ്രത്യേകം പ്രസിദ്ധി ലഭിച്ചു. അബൂഅംറ്, ഇബ്‌നുകഥീര്‍, നാഫിഅ്, ഇബ്‌നു ആമിര്‍, ആസ്വിം, ഹംസഃ, അലി (റ) ഇവരാണ് ആ മഹാന്മാര്‍. ഇവര്‍ ‘ഏഴു ഓത്തുകാര്‍’ എന്നപേരില്‍ അറിയപ്പെടുന്നു.

القراء السبعىة : – هم : ابو عمرو بن العلاء البصرى ( ت ۱۵٤ )  وابن كثير المكى ( ت ۱۳۰ )  وتفع بن عبد الرحكمن المدنى ( ت ۱٦۹ )  وابن عامر الشامى  ( ت ۱۱۸ ) وعاصم بن ابى النجود الكوفى ( ت ۱۲۸ )  وحمزة بن حيب الكوفى  ( ت ۱۵٦ ) وعللى بن حمزة الكسائى ( ت ۱۸۹ )

ഇവരുടെ വായനാ രീതികളാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നത്. ഈ ഏഴുപേര്‍ക്കിടയില്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ കാണപ്പെടുന്ന വായനാവ്യത്യാസങ്ങളെയാണ് നാം ഉദാഹരണസഹിതം മുകളില്‍ സൂചിപ്പിച്ചത്. ഒരേ ഭാഷക്കാര്‍പോലും പല ദേശക്കാരും പല കാലക്കാരും ആകുമ്പോള്‍ ചില വാക്കുകളുടെ പ്രയോഗത്തിലും, ഉച്ചാരണത്തിലും പരസ്പരം വ്യത്യാസം കാണുക സ്വാഭാവികമാണ്. കേരളക്കരയുടെ തെക്കും, വടക്കും മദ്ധ്യത്തിലും താമസിക്കുന്നവര്‍ തമ്മിലുള്ള ശബ്ദ ശൈലി വ്യത്യാസങ്ങള്‍ നമുക്ക് സുപരിചിതമാണല്ലോ. കയ്യെഴുത്തില്‍ പോലും ഈ വ്യത്യാസം കണ്ടേക്കും. അരനൂറ്റാണ്ടിന്നു മുമ്പും പിമ്പുമുള്ളവര്‍ തമ്മിലും സംസാരത്തിലും ലിപിയിലും വ്യത്യാസമുണ്ടായിരിക്കും. ഇങ്ങനെയുള്ള പല സംഗതികളാണ് ക്വുര്‍ആനിലെ മേല്‍ പ്രസ്താവിച്ച വായനാവ്യത്യാസങ്ങള്‍ക്ക് കാരണങ്ങള്‍. എന്നാലും, ആശയവൈരുദ്ധ്യമോ, വിഷയവ്യതിയാനമോ ഉണ്ടാകത്തക്ക യാതൊന്നും അവയില്‍ ഇല്ലതാനും.