قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا – العراف ١٥٨
قُلِ اللَّهُ  ۖ شَهِيدٌ بَيْنِي وَبَيْنَكُمْ  ۚ وَأُوحِيَ إِلَيَّ هَٰذَا الْقُرْآنُ لِأُنذِرَكُم بِهِ وَمَن بَلَغَ – الأنعام ١٩ -.
”പറയുക: ഹേ മനുഷ്യരേ! നിശ്ചയമായും ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമായി അല്ലാഹുവിന്‍റെ ദൂതനാകുന്നു’
പറയുക: അല്ലാഹു എന്‍റെയും നിങ്ങളുടെയും ഇടയില്‍ സാക്ഷിയാകുന്നു. ഈ ക്വുര്‍ആന്‍ മുഖേന നിങ്ങളെയും, അത് ആര്‍ക്ക് എത്തിച്ചേര്‍ന്നുവോ അവരെയും താക്കീത് ചെയ്‌വാന്‍ വേണ്ടി എനിക്ക് അത് ബോധനം നല്കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍).
‘നബി തിരുമേനി (സ.അ)  എല്ലാ ജനവിഭാഗത്തിലേക്കും റസൂലാണ്. ക്വുര്‍ആന്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥവുമാണ്. ഏതു കാലത്തോ, ഏതു ദേശത്തോ ഉള്ള ആളുകളായാലും ശരി, ക്വുര്‍ആന്‍ അവര്‍ക്ക് എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു അവര്‍ക്കു താക്കീതുമായിരിക്കും. ക്വുര്‍ആന്‍റെ സന്ദേശം എല്ലാ ജനവിഭാഗങ്ങള്‍ക്കും എത്തിച്ചുകൊടുക്കേതുണ്ടുതാനും. ക്വുര്‍ആനാകട്ടെ, ശുദ്ധ അറബിഭാഷയില്‍; ജനവിഭാഗങ്ങളോ ആയിരക്കണക്കിലുള്ള ഭാഷക്കാരും. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അറബിഭാഷ അറിഞ്ഞിരിക്കല്‍ അവരുടെ ഒരു കടമയാണെങ്കിലും, ഈ കടമ നിറവേറ്റിയവര്‍ എക്കാലത്തും താരതമ്യേന വളരെ കുറവാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍, അതിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കുവാനും, അതിന്‍റെ വാക്യങ്ങളിലൂടെ അതിന്‍റെ താക്കീതുകള്‍ അവരെ കേള്‍പ്പിക്കുവാനും അതത് ജനങ്ങളുടെ ഭാഷകളില്‍ ഭാഷാന്തരപ്പെടുത്തി പറഞ്ഞുകൊടുക്കുകയല്ലാതെ മാര്‍ഗമില്ല. ജനങ്ങളാകമാനം അറബിഭാഷ അറിയുന്ന വരാണെങ്കില്‍ മാത്രമേ ഇതിന്‍റെ ആവശ്യം ഇല്ലാതെ വരുകയുള്ളൂ. നാളിതുവരെയും അറബി അറിയാത്തവര്‍ക്കു ക്വുര്‍ആന്‍റെ സന്ദേശങ്ങളും, നബിവചനങ്ങള്‍ മുതലായ മതവിജ്ഞാനങ്ങളും എത്തിച്ചുകൊടുക്കപ്പെട്ടിട്ടുള്ളത് അവരവരുടെ ഭാഷകളി ലൂടെത്തന്നെയാണ്.
باب ما يجوز من تفسير التوراة وغيرھا من كتب لله بالعرب ية وغيرھا (തൗറാത്ത് മുതലായ അല്ലാഹുവിന്‍റെ ഗ്രന്ഥങ്ങളെ അറബിയിലും മറ്റു ഭാഷയിലും വിവരിക്കുന്നതു അനുവദനീയമാണെന്നതിനെ സംബന്ധിച്ച അദ്ധ്യായം) എന്ന തലക്കെട്ടോടുകൂടി ബുഖാരിയില്‍ ഒരു അധ്യായം കാണാം. അതിന്‍റെ വ്യാഖ്യാതാവായ ഇമാം അസ്‌ക്വലാനി (റ) ചൂണ്ടിക്കാട്ടിയതുപോലെ, അറബിയല്ലാത്ത വേദഗ്രന്ഥങ്ങള്‍ അറബിയിലും, അറബിയിലുള്ളവ അന്യഭാഷകളിലും വിവരിക്കാമെന്നാണ് ഇതിന്‍റെ താല്പര്യം. അതുപോലെത്തന്നെ, വേദഗ്രന്ഥങ്ങള്‍ എന്ന് പറഞ്ഞതില്‍ ക്വുര്‍ആനും, ക്വുര്‍ആനല്ലാത്ത ഗ്രന്ഥങ്ങളും ഉള്‍പ്പെടുകയും ചെയ്യുന്നു. മൂലഭാഷ അറിയാത്ത വര്‍ക്കുമാത്രം വിവര്‍ത്തനം ചെയ്തുകൊടുക്കാമെന്നാണോ, അതല്ല എല്ലാവര്‍ക്കും വിവര്‍ത്തനം ചെയ്തുകൊടുക്കാമെന്നാണോ ഇവിടെ ഉദ്ദേശ്യം? എന്നിങ്ങനെ ഒരു ചോദ്യം ഉന്നയിച്ചുകൊണ്ട് അസ്‌ക്വലാനി (റ) പറയുന്നു: الأول قول الأكثر (ആദ്യം പറഞ്ഞ താണ് അധിക പക്ഷത്തിന്‍റെയും അഭിപ്രായം) ഈ ശീര്‍ഷകത്തിനു നാലു തെളിവുകള്‍ ഇമാം ബുഖാരി (റ) ആ അധ്യായത്തില്‍ ഉദ്ധരിച്ചിരിക്കുന്നു പ്രസ്തുത തെളിവുകള്‍ ഇതാണ്:-
(1) قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ (പറയുക, എങ്കില്‍ നിങ്ങള്‍ തൗറാ ത്തുകൊണ്ടുവന്ന് അത് വായിക്കുവിന്‍- നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ (3:93) എന്ന ക്വുര്‍ആന്‍ വചനം. തൗറാത്ത് അവതരിപ്പിക്കുന്നതിന് മുമ്പ് യഅ്ക്വൂബ് നബി (അ) തനിക്ക് നിഷിദ്ധമാക്കിയിരുന്ന വസ്തുക്കളല്ലാത്ത എല്ലാ ഭക്ഷണസാധനങ്ങളും ഇസ്‌റാഈല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നുവെന്നും, അതിനെതിരായി ഇസ്‌റാഈല്യര്‍ പുറപ്പെടുവിക്കുന്ന വാദങ്ങള്‍ ശരിയല്ലെന്നും, അവരുടെ വാദം ശരിയാണെങ്കില്‍ അത് തൗറാത്തില്‍ നിന്നു തെളിയിക്കട്ടെ എന്നുമാണ് ഈ ആയത്തിന്‍റെ താല്പര്യം. തൗറാത്ത് ഹിബ്രു ഭാഷയിലാണല്ലോ. അറബികളായ മുസ്‌ലിംകള്‍ക്കു അത് വായിച്ചുകേള്‍പ്പിക്കുമ്പോള്‍, അവര്‍ക്കത് മനസ്സിലാകണമെങ്കില്‍ അറബിയില്‍ അര്‍ത്ഥം വിവരിച്ചുകൊടുക്കണം. ഒരു ഭാഷയിലുള്ള വേദഗ്രന്ഥം മറ്റൊരു ഭാഷയില്‍ വിവര്‍ത്തനം ചെയ്യാമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ.
(2) നബി (സ.അ) റോമാചക്രവര്‍ത്തിയായ ഹിര്‍ക്വലി ( ھرقل )ന് അയച്ച കത്ത് തന്‍റെ അഭിഭാഷകന്‍ മുഖേന അദ്ദേഹം വായിച്ചുകേട്ട സംഭവം. തിരുമേനിയുടെ കത്ത് അറബിയിലായിരുന്നു. ആലുഇംറാനിലെ 64 ാം വചനവും അറബിയിലായിരുന്നു. രാജാവിന്‍റെ ഭാഷ റോമന്‍ ഭാഷയായിരുന്നു. പരിഭാഷകന്‍ അത് അറബിയില്‍ നിന്ന് രാജാവിന്‍റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തുകൊടുക്കുകയാണ് ചെയ്തത്. രാജാവിന് ക്വുര്‍ആന്‍റെ സന്ദേശം എത്തിക്കുകയായിരുന്നു കത്തിന്‍റെ ഉദ്ദേശ്യം. അപ്പോള്‍, അത് അന്യഭാഷയില്‍ വിവര്‍ത്തനം ചെയ്തു എത്തിച്ചുകൊടുക്കാമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു.
(3) വേദക്കാര്‍ ഹിബ്രു ഭാഷയിലുള്ള തൗറാത്ത് വായിച്ച് മുസ്‌ലിംകള്‍ക്ക് അറബിയില്‍ വിവരിച്ചുകൊടുത്തിരുന്നുവെന്നും, അപ്പോള്‍ നബി (സ.അ)  തിരുമേനി മുസ്‌ലിം കളോട് ‘നിങ്ങള്‍ അവരെ സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുത്’ എന്ന് പറയുകയുണ്ടായെന്നും കാണിക്കുന്ന ഒരു ഹദീഥാണ് ഇത്. തൗറാത്ത് അറബിയില്‍ വിവര്‍ത്തനം ചെയ്യാമെന്ന് ഇതില്‍ നിന്നും വരുന്നു. കാരണം, വിവര്‍ത്തനം ചെയ്യുന്നതിനെക്കുറിച്ച് തിരുമേനി ആക്ഷേപം പറഞ്ഞിട്ടില്ല. സത്യമാക്കുകയും അസത്യമാക്കുകയും ചെയ്യരുതെന്ന് മാത്രമേ അവിടുന്നു നിര്‍ദ്ദേശിച്ചുള്ളൂ. ഇങ്ങിനെ നിര്‍ദ്ദേശിക്കുവാനുള്ള കാരണം നാം ഇതിനു മുമ്പ് വിവരിച്ചു കഴിഞ്ഞതാണ്.
(4). വ്യഭിചാരക്കുറ്റത്തിന്‍റെ ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നുള്ള തൗറാത്തിന്‍റെ നിയമം ഒളിച്ചുവെക്കുകയും, പകരം മുഖത്ത് ചൂടുകുത്തിയാല്‍ (തീപൊള്ളിച്ചാല്‍) മതിയെന്നു സമര്‍ത്ഥിക്കുകയും ചെയ്ത യഹൂദികളോട് ‘തൗറാത്തു കൊണ്ടുവന്നു വായിക്കുവിന്‍’ എന്ന് നബി (സ.അ)  ആവശ്യപ്പെടുകയുണ്ടായി. അവരത് കൊണ്ട് വന്ന് വായിച്ചപ്പോള്‍ അതില്‍ ഒരു സ്ഥലം അവര്‍ കൈകൊണ്ടു മറച്ചുപിടിക്കുകയും, അപ്പോള്‍ തിരുമേനി അവരോട് കൈ പൊക്കുവാന്‍ ആവശ്യപ്പെടുകയും ഉണ്ടായി. മറച്ചുപിടിച്ച സ്ഥലത്ത് വ്യഭിചാരിയെ എറിഞ്ഞു കൊല്ലണമെന്ന കല്പന അതില്‍ വ്യക്തമായി കാണുന്നുണ്ടായിരുന്നു. അങ്ങനെ, തിരുമേനിയുടെ അടുക്കല്‍ ഹാജരാക്ക പ്പെട്ടിട്ടുണ്ടായിരുന്ന രണ്ടു യഹൂദ വ്യഭിചാരികള്‍ -ഒരു പുരുഷനും ഒരു സ്ത്രീയും- എറിഞ്ഞുകൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം വിവരിക്കുന്ന ഒരു ഹദീഥാണ് നാലാമത്തേത്. വേദഗ്രന്ഥം ഏതായിരുന്നാലും അത് ഇതര ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു വിവരിക്കാമെന്നാണ് ഇമാം ബുഖാരി (റ) ഈ അധ്യായംകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പറയേണ്ടതില്ല. മൂലഭാഷ അറിയാത്തവരുടെ ആവശ്യാര്‍ത്ഥം ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിന് വിരോധമില്ലെന്നാണ് മിക്ക പണ്ഡിതന്മാരുടേയും അഭിപ്രായം എന്ന് അസ്‌ക്വലാനി (റ) പ്രസ്താവിക്കുകയും ചെയ്തുവല്ലോ.
സൂറത്തുല്‍ ഫാത്തിഹഃ അറബിയില്‍ ഓതുവാന്‍ സാധിക്കാത്തവന് നമസ്‌കാരത്തില്‍ അത് പേര്‍ഷ്യന്‍ ഭാഷയില്‍ ഓതാവുന്നതാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളതിനെ വിമര്‍ശിച്ചുകൊണ്ട് ഇതേ അധ്യായത്തിന്‍റെ വിവരണത്തില്‍ അസ്‌ക്വലാനി (റ) പറയുന്നു: ‘ഇതില്‍ വിശദീകരണം ആവശ്യമാണെന്നാണ് മനസ്സിലാകുന്നത്. (അഥവാ പാടുണ്ടെന്നോ ഇല്ലെന്നോ മൊത്തത്തിലങ്ങ് വിധി പറഞ്ഞുകൂടാത്തതാണ്.) അറബി ഭാഷയില്‍ ഓതുവാന്‍ കഴിയുന്നവന് അത് വിട്ടുകളയുവാന്‍ (മറ്റൊരുഭാഷയില്‍ ഓതുവാന്‍) പാടില്ല. അവന്‍റെ നമസ്‌കാരം അത്‌കൊണ്ട് ശരിയാവുകയില്ല. അറബിയില്‍ ഓതുവാന്‍ കഴിയാത്തവനാണെങ്കില്‍, അവന്‍ നമസ്‌കാരത്തിന്ന് പുറത്തായിരുന്നാല്‍ അവന് അവന്‍റെ ഭാഷയില്‍ ഓതാവുന്നതാണ്. കാരണം, അവന് ഒഴിവ് കഴിവുകളുണ്ട്. അവന്‍ സ്വീകരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങള്‍ അവന് പഠിക്കേണ്ടുന്ന ആവശ്യവും ഉണ്ട്. ഇവന്‍ നമസ്‌കാരത്തിലാണെങ്കിലോ, അതിനു പകരം (ഹദീഥില്‍ വന്നിട്ടുള്ളപ്രകാരം) ‘ദിക്ര്‍’ ചൊല്ലണമെന്നാണ് നിയമം. ദിക്‌റിന്‍റെ ഇനത്തില്‍പ്പെട്ട എല്ലാ വാക്കുകളും അറബികളല്ലാത്തവര്‍ക്കും ഉച്ചരിക്കുവാന്‍ കഴിയാത്തതായിരിക്കയില്ലല്ലോ. ക്വുര്‍ആന്‍ വായിക്കുവാന്‍ പഠിക്കുന്നത്‌വരെ അവന്‍ അത് (അവന് സാധ്യമായ ‘ദിക്ര്‍’) ആവര്‍ത്തിച്ചുപറഞ്ഞാല്‍ മതിയാകും. (ഫാത്തിഹഃ തന്നെ വേണമെന്നില്ല). അപ്പോള്‍, ഒരാള്‍ ഇസ്‌ലാമില്‍ വരികയോ വരാന്‍ ഉദ്ദേശിക്കുകയോ ചെയ്തിട്ട് അവന് ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അത് ഗ്രഹിക്കുവാന്‍ കഴിയാതെ വന്നാല്‍, അതിലെ വിധിനിയമങ്ങള്‍ അവന് മനസ്സിലാക്കുവാന്‍ വേണ്ടി -അല്ലാത്തപക്ഷം, (അവന് ക്വുര്‍ആന്‍റെ പ്രബോധനം എത്തിയിരിക്കുന്നുവെന്ന്) അവന്‍റെ പേരില്‍ ന്യായം സ്ഥാപിക്കുവാന്‍വേണ്ടി-അവനു ഭാഷമാറ്റി പറഞ്ഞുകൊടുക്കുന്നതിന് വിരോധമില്ല.
 لِأُنذِرَكُم بِهِ وَمَن بَلَغَ . (നിങ്ങള്‍ക്കും, ഈ ക്വുര്‍ആന്‍ ആര്‍ക്ക് എത്തിച്ചേര്‍ന്നുവോ അവര്‍ക്കും താക്കീത് ചെയ്‌വാന്‍ വേണ്ടി) എന്ന് മേലുദ്ധരിച്ച ക്വുര്‍ആന്‍ വാക്യത്തില്‍ അല്ലാഹു പറഞ്ഞുവല്ലോ. ഇതില്‍ ‘അത് എത്തിച്ചേര്‍ന്നവര്‍ക്കും’ എന്ന വാക്കിന് മുജാഹിദ് (റ) നല്കുന്ന വ്യാഖ്യാനം അസ്‌ക്വലാനി (റ) ഇങ്ങിനെ ഉദ്ധരിക്കുന്നു: يعنى من اسلم من العجم وغيرھم (അനറബികളില്‍ നിന്നും മറ്റും മുസ്‌ലിമായവര്‍ക്കും) പിന്നീട് അദ്ദേഹം ഇമാം ബൈഹക്വീ (റ)യുടെ ഒരു പ്രസ്താവന ഇങ്ങിനെ ഉദ്ധരി ക്കുന്നു: ‘ചിലപ്പോള്‍ അവര്‍ (ക്വുര്‍ആനെപ്പറ്റി) അറിഞ്ഞില്ലെന്നുവരും. അപ്പോള്‍, അവരുടെ ഭാഷയില്‍ അവര്‍ക്ക് ക്വുര്‍ആന്‍ എത്തിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് താക്കീ തായിത്തീരുന്നതാണ്’ ( راجع فتح البارى ج  ۱۳ ص ٤٤  ).
പ്രസ്തുത മഹാന്മാരുടെ പ്രസ്താവനകളില്‍ നിന്ന് നമുക്ക് പലതും മനസ്സിലാക്കാവുന്നതാണ്. അറബി അറിയാത്തവര്‍ക്ക് വേണ്ടി ക്വുര്‍ആന്‍ അന്യഭാഷയില്‍ വിവര്‍ത്തനം ചെയ്യാം. ആ ഭാഷയില്‍ അതു വായിക്കുകയും ചെയ്യാം. പക്ഷേ നമസ്‌കാരത്തിലാണെങ്കില്‍ -ഫാത്തിഹഃക്കു പകരം- അറബിയിലുള്ള ദിക്‌റുകളൊന്നും ചൊല്ലുവാന്‍ സാധ്യമല്ലെങ്കില്‍ മാത്രമേ മറ്റു ഭാഷയില്‍ ഫാത്തിഹഃ ഓതുവാന്‍ പാടുള്ളൂ. നമസ്‌കാരത്തിലല്ലാത്തപ്പോള്‍ വിരോധമില്ലെന്ന് മാത്രമല്ല, ആവശ്യം കൂടിയാകുന്നു. ക്വുര്‍ആന്‍ -അറബികള്‍ക്കും അറബികളല്ലാത്തവര്‍ക്കും എത്തിച്ചു കൊടുക്കേതുണ്ട്. അറബി അറിയാത്തവര്‍ക്ക് അവരുടെ ഭാഷയില്‍ എത്തിച്ചുകൊടുക്കുവാനേ നിവൃത്തിയുള്ളൂ. ക്വുര്‍ആന്‍റെ സിദ്ധാന്തങ്ങള്‍ അവര്‍ മനസ്സിലാക്കുക മാത്രമല്ല, ക്വുര്‍ആന്‍റെ പ്രബോധനം അവര്‍ക്ക് എത്തിച്ചുകൊടുത്തിട്ടുണ്ടെന്നു ന്യായം സ്ഥാപിക്കുകകൂടി ചെയ്യേണ്ടത് മുസ്‌ലിംകളുടെ കടമയാകുന്നു. ഇത്രയെല്ലാം മേല്‍ കണ്ട ഉദ്ധരണികളില്‍നിന്ന് നമുക്ക് ഗ്രഹിക്കുവാന്‍ കഴിയും. താഴെ പറയുന്ന ചില വസ്തുതകള്‍കൂടി ഇവിടെ പ്രത്യേകം ശ്രദ്ധിക്കേതുണ്ട്:-
(1) ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനമാണ്. അത് പാരായണം ചെയ്യുന്നതു ഒരു ആരാധനാകര്‍മവുമാണ്. അതിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുത്തുവാന്‍ പാടില്ല. القرآن متعبد بتلاوته (പാരായണം മുഖേന ആരാധനാ കര്‍മം ചെയ്യപ്പെടുന്നതാണ് ക്വുര്‍ആന്‍) എന്ന് പറയുന്നതിന്‍റെ സാരം അതാകുന്നു. മറ്റൊരു ഭാഷയിലേക്ക് അറബികള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന സാധാരണ സംസാര ഭാഷയിലേക്കു തന്നെയും- വിവര്‍ത്തനം ചെയ്താല്‍ അതിനു സാക്ഷാല്‍ ക്വുര്‍ആന്‍റെ സ്ഥാനമോ, ഗുണമോ, സവിശേഷതയോ, മഹത്വമോ ഒന്നും തന്നെ ഉണ്ടാകുവാന്‍ പോകുന്നില്ല. അത് അല്ലാഹുവിന്‍റെ വചനമായിരിക്കുന്നതുമല്ല. അത്‌കൊണ്ടാണ് ക്വുര്‍ആന്‍ പാരായണം ചെയ്യുന്നതിനു പകരം അതിന്‍റെ ഏത് വിവര്‍ത്തനവും സ്വീകാര്യമല്ലെ ന്നുവന്നത്. പേര്‍ഷ്യന്‍ സാഹിത്യം അറബിസാഹിത്യവുമായി അടുത്ത സാമ്യമുണ്ടെന്ന കാരണത്താല്‍, ഏതാണ്ട് ക്വുര്‍ആനിന്‍റെ സാഹിത്യത്തോടു കിടയൊക്കുന്ന വിവര്‍ത്തനം പേര്‍ഷ്യന്‍ ഭാഷയില്‍ സാധ്യമാണെന്നു ന്യായം പറഞ്ഞുകൊണ്ടാണ് നമസ്‌കാരത്തില്‍ ഫാത്തിഹഃക്കു പകരം അതിന്‍റെ പേര്‍ഷ്യന്‍ വിവര്‍ത്തനം വായിച്ചാല്‍ മതി എന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഈ ന്യായത്തെ പണ്ഡിതന്മാര്‍ കാര്യകാരണസഹിതം തള്ളിക്കളഞ്ഞിരിക്കുകയാണ്. അതിനെ അനുകൂലിച്ചവര്‍പോലും പേര്‍ഷ്യന്‍ വിവര്‍ത്തനം എല്ലാ വിധേനയും സാക്ഷാല്‍ ക്വുര്‍ആനു പകരം സ്വീകരിക്കാമെന്ന് പറയുന്നില്ലതാനും. പറയുവാന്‍ ന്യായവുമില്ലല്ലോ. ‘ഇതുപോലെ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരുവീന്‍’ എന്ന് ലോകത്തെ വെല്ലുവിളിച്ചിട്ട് ഇക്കാലമത്രയും അതിനു ആരാലും സാധ്യമാകാത്ത -മേലിലും സാധ്യമല്ലെന്നു ഉറപ്പിച്ചു പറയാവുന്ന- ആ ദിവ്യഗ്രന്ഥത്തോടു ഏതെങ്കിലും വിധേന കിടനില്‍ക്കാവുന്ന മറ്റൊരു ഗ്രന്ഥമോ അദ്ധ്യായമോ ആര്‍ക്കു തന്നെ രചിക്കുവാന്‍ കഴിയും?!
(2) ‘ക്വുര്‍ആന്‍ ഭാഷാന്തരം (തര്‍ജ്ജമ) ചെയ്യാമോ, ഇല്ലേ എന്ന വിഷയത്തില്‍ മുന്‍കാല പണ്ഡിതന്മാര്‍ക്കിടയില്‍ സംശയവും അഭി പ്രായവ്യത്യാസവും ഉണ്ടായിരുന്നുവെന്നത് ശരിയാണ്. പക്ഷേ -പലരും ധരിച്ചുവശായതുപോലെ- ഇന്ന് അറിയപ്പെടുന്ന പരിഭാഷകളെക്കുറിച്ചായിരുന്നില്ല അത്. പാരായണം ചെയ്യപ്പെടുന്ന ഒരു വേദഗ്രന്ഥമെന്നോ, വായിക്കുന്നതുപോലും ഒരു ആരാധനാ കര്‍മമാണെന്നോ, ഒരക്ഷരവും ഏറ്റക്കുറവ് വരുത്തുവാന്‍ പാടില്ലെന്നോ ക്വുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങളെകുറിച്ച് ആരും കരുതുന്നില്ല. ഏതെങ്കിലും തരത്തില്‍, ക്വുര്‍ആന് സമാനമായ ഒരു സ്ഥാനം കല്പിക്കപ്പെട്ടുകൊണ്ടുള്ള വിവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ആ പണ്ഡിതന്മാര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും സംശയങ്ങളും, ക്വുര്‍ആനെ അതിന്‍റെ ഭാഷയില്‍ കൂടി മനസ്സിലാക്കുവാന്‍ കഴിയാത്തവര്‍ക്കു അതിന്‍റെ സിദ്ധാന്തങ്ങളും വിധിവിലക്കുകളും ക്വുര്‍ആനിലൂടെ തന്നെ ഗ്രഹിക്കുവാന്‍ വേണ്ടി വിവര്‍ത്തനം ചെയ്യുകയും, ആ ആവശ്യാര്‍ത്ഥം അത് വായിച്ചു പഠിക്കുകയും ചെയ്യുന്ന തിനെക്കുറിച്ചു ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. ക്വുര്‍ആന്‍ പരിഭാഷപ്പെടുത്തുവാന്‍ തനിക്ക് സാധിച്ചതിനെപ്പറ്റി കൃതജ്ഞതാപൂര്‍വ്വം മഹാനായ ശാഹ് വലിയുല്ലാഹ് (റ) പ്രസ്താവിച്ച ഒരു വാക്യം നാം താഴെ ഉദ്ധരിക്കുന്നുണ്ട്. അതില്‍ നിന്നും ഈ വസ്തുത ഏറെക്കുറെ മനസ്സിലാക്കാവുന്നതാണ്. ചുരുക്കിപ്പറഞ്ഞാല്‍ പരിഭാഷാ ഗ്രന്ഥങ്ങളൊന്നും തന്നെ അല്ലാഹുവിന്‍റെ വചനമായ ക്വുര്‍ആനല്ല. പാരായണം ചെയ്തു ആരാധനാകര്‍മം നടത്തപ്പെടുന്ന ഗ്രന്ഥങ്ങളുമല്ല. ക്വുര്‍ആന്‍റെ അര്‍ത്ഥോദ്ദേശ്യങ്ങള്‍ മനസ്സിലാക്കുവാനുള്ള മതഗ്രന്ഥങ്ങള്‍ മാത്രമാണവ.
(3) മേല്‍കണ്ടതുപോലുള്ള പണ്ഡിതമാരുടെ പ്രസ്താവനകളെല്ലാം മിക്കവാറും വാഗ്മൂല വിവര്‍ത്തനത്തെ സംബന്ധിച്ചുള്ളതുമാകുന്നു. വാഗ്മൂലം ചെയ്യപ്പെടുന്ന വിവര്‍ത്തനം എഴുതി രേഖപ്പെടുത്തുകയാണ് പരിഭാഷാ ഗ്രന്ഥങ്ങള്‍ മുഖേന ചെയ്യപ്പെടുന്നത്. ക്വുര്‍ആന്‍, ഹദീഥ് തുടങ്ങിയ എല്ലാറ്റിന്‍റെയും പരിഭാഷയും, വിവരണവും ഓരോ ഭാഷക്കാര്‍ക്കും അവരുടെ ഭാഷയില്‍ നാവുകൊണ്ട് പറഞ്ഞുകൊടുക്കുകയും, പഠിപ്പിക്കുകയും ചെയ്യാം, ചെയ്യേണ്ടതുമാണ്. ഇതില്‍ ആര്‍ക്കും പക്ഷാന്തരമില്ല. അതു ഒരു ഗ്രന്ഥത്തില്‍ -ഓരോരുത്തനും അവന്‍റെ കഴിവനുസരിച്ച്-രേഖപ്പെടുത്തുമ്പോഴേക്കും അതില്‍ നിരോധം കടന്നുകൂടുവാന്‍ കാരണമെന്താണുള്ളത്?!
(4) ഒരു സംസാരം അതിന്‍റെ വക്താവില്‍ നിന്നു നേരിട്ടു കേട്ടാല്‍പോലും അയാളുടെ ഇംഗിതങ്ങള്‍ ഏറ്റപ്പറ്റു കൂടാതെ -തികച്ചും സൂക്ഷ്മമായി- മനസ്സിലാക്കുവാന്‍ ശ്രോതാവിനു സാധിക്കാതെ വരും. അതേ സംസാരം വേറൊരാള്‍ ഉദ്ധരിച്ചുകേള്‍ക്കുകയോ, അല്ലെങ്കില്‍ എഴുതിക്കാണുകയോ ആണെങ്കില്‍ നിശ്ചയമായും ആ വക്താവിന്‍റെ വികാരോദ്ദേശ്യങ്ങളില്‍ പലതും അതില്‍ നിന്ന് മനസ്സിലാക്കുക സാദ്ധ്യമാകുന്നതല്ല. ഒരേ ഭാഷയിലുള്ള സംസാരം മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടാലുള്ള അവസ്ഥയും ഇതുതന്നെ. അപ്പോള്‍, അല്ലാഹുവിന്‍റെ വചനങ്ങളായ ക്വുര്‍ആനെ മനുഷ്യസൃഷ്ടികള്‍ തങ്ങളുടെ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍, ആ വചനങ്ങളില്‍ അടങ്ങിയ സാരാംശങ്ങളും, അന്തസ്സാരങ്ങളും, സൂചനകളുമെല്ലാം -ഏറാതെ, കുറയാതെ, തെറ്റാതെ, തെറിക്കാതെ- പ്രകടമാക്കുവാന്‍ ഒരിക്കലും ആരാലും സാധ്യമല്ലതന്നെ.
(5) ഒരു ഭാഷയിലുള്ള സംസാരം, അല്ലെങ്കില്‍ ഗ്രന്ഥം ആ ഭാഷയുടെ സകലവിധ തന്മയത്വത്തോടുകൂടിയും, വക്താവിന്‍റെ എല്ലാവിധ ഉദ്ദേശ്യങ്ങളും പ്രതിഫലിപ്പിച്ചുകൊണ്ടും മറ്റൊരു ഭാഷയില്‍ പ്രകടമാക്കുക സാധ്യമല്ല. പദങ്ങളിലും, ഘടനാരൂപങ്ങളിലും പ്രയോഗങ്ങളിലും, സാഹിത്യ വശങ്ങളിലും, വ്യാകരണങ്ങളിലും മറ്റും ഭാഷകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇതിന് കാരണം. ചിലപ്പോള്‍, മൂലഭാഷയിലെ ഒരു പദത്തിന്‍റെയോ, ചെറുവാക്യത്തിന്‍റെയോ ഉദ്ദേശ്യം ഒന്നിലധികം വാക്കുകള്‍ ഉപയോഗിച്ചാല്‍ പോലും വിവര്‍ത്തനഭാഷയില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ വരും. ചിലപ്പോള്‍ ഒരു വാക്യത്തിന് പകരം നേര്‍ക്കുനേരെ ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്യം വിവര്‍ത്തന ഭാഷയില്‍ കണ്ടെന്ന് വരില്ല. മറ്റു ചില അവസരങ്ങളില്‍ മൂലഭാഷയിലെ ഒരു വാക്യത്തിന്‍റെ ആശയം മറ്റൊരു ഭാഷയില്‍ ഒന്നിലധികം രൂപത്തില്‍ വരുമായിരിക്കും. അവയില്‍ ഒന്നുമാത്രം പറഞ്ഞ് മതിയാക്കുകയോ, എല്ലാംകൂടി എടുത്തുപറയുകയോ വേണ്ടിവരും. അങ്ങിനെ പലതും സംഭവിക്കുവാനുണ്ട്. ഇതുകൊണ്ടാണ് ‘പദാനുപദ വിവര്‍ത്തന’ത്തെക്കാള്‍ ‘അന്വര്‍ത്ഥ വിവര്‍ത്തന’ സമ്പ്രദായവും, നേര്‍ക്കുനേരെയുള്ള പരിഭാഷയെക്കാള്‍ ആശയവിവര്‍ത്തനവും കൂടുതല്‍ സ്വീകരിക്കപ്പെട്ടുകാണുന്നത്. വാസ്തവത്തില്‍ അന്വര്‍ത്ഥ വിവരണം, ആശയ വിവര്‍ത്തനം, സ്വതന്ത്ര പരിഭാഷ എന്നൊക്കെപ്പറയുന്നത് മൂലത്തിന്‍റെ യാഥാര്‍ത്ഥ പരിഭാഷയല്ല. മൂലത്തില്‍ നിന്ന് പരിഭാഷകന്‍ മനസ്സിലാക്കിയ പ്രധാന ആശയങ്ങളുടെ പ്രകാശനം മാത്രമാണവ. അഥവാ മൂലത്തിന് അയാളുടെ വകയായുള്ള ഒരു തരം ചുരുക്ക വിവരണമാണ്. മൂലഗ്രന്ഥം ക്വുര്‍ആനും കൂടിയാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ള യഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വുര്‍ആന്‍ അന്യഭാഷയിലേക്ക് നേര്‍ക്ക് നേരെ തര്‍ജ്ജമ (വിവര്‍ത്തനം) ചെയ്തുകൂടാ എന്നും, ക്വുര്‍ആന്‍റെ തഫ്‌സീര്‍ മാത്രമേ തര്‍ജ്ജമ ചെയ്തുകൂടൂ എന്നും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
പദക്രമങ്ങള്‍, വാചക ഘടനകള്‍ മുതലായവ പ്രത്യേകം ഗൗനിക്കാതെ, വിവര്‍ത്തനഭാഷയുടെ ഒഴുക്കും, മിനുക്കും, സര്‍വ്വപ്രധാനമാക്കിക്കൊണ്ടുള്ള പരിഭാഷകള്‍ക്കു യഥാര്‍ത്ഥത്തില്‍ ക്വുര്‍ആന്‍ പരിഭാഷ എന്ന് പറഞ്ഞുകൂടാത്തതാണ്. അവയ്ക്ക് ക്വുര്‍ആന്‍റെ ആശയവിവര്‍ത്തനമെന്നോ, വ്യാഖ്യാന വിവര്‍ത്തനമെന്നോ പറയേതാകുന്നു. അതേസമയത്ത് വിവര്‍ത്തന ഭാഷയുടെതായ സമ്പ്രദായങ്ങള്‍ക്കൊന്നും വലിയകോട്ടം കൂടാതെ, പദങ്ങളും, ഘടനാരൂപങ്ങളും പരിപൂര്‍ണമായി കണക്കിലെടുത്തുകൊണ്ട് ഭാഷാന്തരം ചെയ്‌വാന്‍ സാധ്യവുമല്ല. അതുകൊണ്ട് പദങ്ങളുടെയും, ഘടനാ രൂപങ്ങളുടെയും അര്‍ത്ഥസാരങ്ങളും, സവിശേഷതകളും കഴിയുന്നത്ര നിലനിറുത്തിക്കൊണ്ടും വിവര്‍ത്തന ഭാഷക്ക് വലിയ കോട്ടംതട്ടാതെയും, വായനക്കാര്‍ക്ക് മൂലത്തിന്‍റെ ആശയം മനസ്സിലാക്കാവുന്ന തരത്തില്‍ പരിഭാഷാ കൃത്യം നിര്‍വ്വഹിക്കേണ്ടതാകുന്നു. വിവര്‍ത്തന ഭാഷയുടെ ഒഴുക്കും മെച്ചവും പ്രധാന ഉന്നമാക്കുന്ന പക്ഷം, ആയത്തുകളില്‍ അടങ്ങുന്ന പല സൂചനകളും, മര്‍മവശങ്ങളും നഷ്ടപ്പെട്ടേക്കും. മറിച്ച്, ഭാഷയുടെ നിയമങ്ങളും, അത്യാവശ്യ ഗുണങ്ങളും അവഗണിച്ചുകൊണ്ട് ഓരോ പദഘടനയെയും പ്രതിനിധീകരിക്കുന്ന വാക്കുകള്‍- അതേപടി പരിഭാഷയില്‍ കൊള്ളിക്കുവാന്‍ മുതിരുന്നപക്ഷം പരിഭാഷ ഉപയോ ഗശൂന്യവും, കടങ്കഥയുമായി പരിണമിക്കുകയും ചെയ്യും. ഈ രണ്ട് ദോഷങ്ങളും കഴിയുന്നത്ര ഗൗനിച്ചുകൊണ്ട് സന്ദര്‍ഭത്തിനൊത്ത് യുക്തമായ പോം വഴികള്‍ കണ്ടുപിടിച്ചുകൊണ്ട് ആയിരിക്കണം പരിഭാഷ. എന്നാല്‍ തന്നെയും -ചില ആയത്തുകളുടെ ഉദ്ദേശ്യം വായനക്കാര്‍ക്ക് വ്യക്തമാക്കിക്കാണിക്കുവാനും, അര്‍ത്ഥത്തില്‍ വന്നേക്കാവുന്ന തെറ്റിദ്ധാരണകള്‍ നീക്കുവാനായി- ബ്രാക്കറ്റുകള്‍ (ഇരുഭാഗ ത്തും വളയങ്ങള്‍) കൊടുത്തോ മറ്റോ ചെറുവിവരണങ്ങള്‍ ഇടയ്ക്കു കൊടുക്കേണ്ടതായി വന്നേക്കും.
പരിഭാഷകന്‍റെ ആശയങ്ങളോ, തന്റേതായ വ്യാഖ്യാനത്തിന് വഴിതെളിയിക്കുന്ന സൂചനകളോ പരിഭാഷയില്‍ കല്പിച്ചുകൂട്ടി അടക്കം ചെയ്യുക, ആയത്തിന്‍റെ അര്‍ത്ഥത്തില്‍ ഉള്‍പ്പെട്ടതാണെന്ന് തോന്നുമാറ് അത്തരം വാക്കുകള്‍ പരിഭാഷയില്‍ കൂട്ടിക്കലര്‍ത്തുക, ഒന്നിലധികം വ്യാഖ്യാനമുഖങ്ങള്‍ വരുന്ന ആയത്തുകള്‍ക്ക് താന്‍ ഇഷ്ടപ്പെടുന്ന വ്യാഖ്യാനത്തെ ബലപ്പെടുത്തുന്ന വാക്കുകള്‍ തിരഞ്ഞെടുത്ത് അര്‍ത്ഥം കല്പിക്കുക ആദിയായ കൃത്യങ്ങള്‍ പരിഭാഷകന്മാര്‍ അനുവര്‍ത്തിക്കുന്നത് ശരിയല്ല.
സര്‍വ്വനാമങ്ങള്‍, സൂചനാ നാമങ്ങള്‍ ( الضمائر والاشارات ) മുതലായവ കൊണ്ടുള്ള ഉദ്ദേശ്യം വ്യക്തമാക്കുവാന്‍, നിയമാനുസൃതം ലോപിച്ചുപോയിട്ടുള്ള ഭാഗം കാണിക്കുവാന്‍, പരിഭാഷയില്‍ കൊടുത്ത വാക്കിന്‍റെ താല്പര്യം സ്പഷ്ടമാക്കുവാന്‍, സംസാരമുഖം -സംസാരം ആരോടാണെന്നു- മനസ്സിലാക്കുവാന്‍ എന്നിങ്ങിനെ പല ആവശ്യങ്ങള്‍ക്കുമായി സന്ദര്‍ഭോചിതം പരിഭാഷകന്‍റെ വക വാക്കുകള്‍ ചേര്‍ക്കേതായി വരും. അതില്ലാത്തപക്ഷം വായനക്കാര്‍ക്ക് ആശയക്കുഴപ്പമോ, ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ വിഷമമോ നേരിട്ടേക്കും. ഇതെല്ലാം കഴിയുന്നതും -ബ്രാക്കറ്റുകള്‍ വഴിയോ മറ്റോ- വേര്‍തിരിച്ചു കാണാവുന്ന രൂപത്തില്‍ ആയിരിക്കേണ്ടതാണ്. അല്ലാത്തപക്ഷം, അത്തരം വാക്കുകളെല്ലാം ക്വുര്‍ആനില്‍തന്നെ ഉള്‍പ്പെട്ടതാണെന്നോ മറ്റോ ധരിക്കുവാന്‍ ഇടയുണ്ട്.
ബ്രാക്കറ്റുകളിലൂടെ പരിഭാഷയില്‍ എന്തും ഉള്‍ക്കൊള്ളിക്കാമെന്ന ഒരു ഭാവം ചിലരില്‍ കാണാറുണ്ട്. പരിഭാഷ എന്ന നിലക്ക് ഇത് തീര്‍ച്ചയായും ക്ഷന്തവ്യമല്ല. അത്, പരിഭാഷയുടെ പേരില്‍ സ്വന്തം അഭിപ്രായം ഇറക്കുമതിചെയ്യലായിത്തീരുന്നതാണ്. പക്ഷേ, ഈ നില സ്വീകരിക്കുന്ന പരിഭാഷകന്‍ തന്‍റെ വക വിവരണമോ, വ്യാഖ്യാനമോ പിന്നീട് പ്രത്യേകം നല്‍കുവാന്‍ പോകുന്നില്ലെങ്കില്‍, ഈ വഴക്കത്തെ അധികം ആക്ഷേപിച്ചുകൂടാ. കാരണം: ബ്രാക്കറ്റിലുള്ളതെല്ലാം അയാളുടെ വ്യാഖ്യാനമായും, അല്ലാത്ത ഭാഗം മാത്രം പരിഭാഷയായും ഗണിക്കാമല്ലോ. അറബി തഫ്‌സീറുകളില്‍ ഈ സമ്പ്രദായമാണ് അധികം അംഗീകരിക്കപ്പെട്ടുകാണുക. അഥവാ, ക്വുര്‍ആനല്ലാത്ത ഭാഗങ്ങളെല്ലാം -അക്ഷര വലുപ്പത്തിന്‍റെ വ്യത്യാസം കൊണ്ടോ, ബ്രാക്കറ്റുകള്‍ മുഖേനയോ- വ്യത്യാസപ്പെടുത്തിക്കൊണ്ട്  വേര്‍തിരിക്കപ്പെട്ടിരിക്കും. ഇതൊരു നല്ല വഴക്കം തന്നെയാണ്.
നേരെ മറിച്ച് ക്വുര്‍ആന്‍ പരിഭാഷയില്‍ തീരെ ബ്രാക്കറ്റുകള്‍ കൊടുക്കരുതെന്ന അഭിപ്രായക്കാരായ ചിലരെയും കാണാം. ഇത് ഒരുതരം അറിവില്ലായ്മയാണ്. മേല്‍ സൂചിപ്പിച്ചതുപോലുള്ള അത്യാവശ്യസന്ദര്‍ഭങ്ങളിലും പരിഭാഷകന്‍റെ വകയായി വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാത്തപക്ഷം, പരിഭാഷ അലങ്കോലപ്പെടുകയും, ഉപയോഗ ശൂന്യമായിത്തീരുകയും ചെയ്യും. ചേര്‍ക്കപ്പെടുന്ന വാക്കുകള്‍ പ്രത്യേകം അടയാളപ്പെടുത്താത്തപക്ഷം അതെല്ലാം തന്നെ, ക്വുര്‍ആനില്‍ പ്രസ്താവിച്ചിട്ടുള്ള പദങ്ങളായി ഗണിക്കപ്പെട്ടേക്കുകയും ചെയ്യും.
ക്വുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള സംഗതികള്‍ മനുഷ്യന്‍റെ കഴിവനുസരിച്ച് അതേ രൂപത്തില്‍- ഭേദഗതി വരുത്താതെ- മറ്റൊരു ഭാഷയില്‍ പ്രകാശിപ്പിക്കുകയാണല്ലോ ക്വുര്‍ആന്‍ പരിഭാഷയുടെ ഉദ്ദേശ്യം. അതിനു പുറമേയുള്ളതെല്ലാം ആ മൂലാശയങ്ങളുടെ വിശദീകരണവും, വിവരണവുമായിരിക്കും. നമ്മുടെ താല്പര്യത്തിനോ സൗകര്യത്തിനോ പ്രാധാന്യം കല്പിക്കാതെ, ആ വചനങ്ങള്‍ എന്തു വചിക്കുന്നുവോ അത് -അവയെ അവയുടെ സ്വാഭാവികമായ നിലയില്‍ വീക്ഷിക്കുമ്പോള്‍ ലഭിക്കുന്നതെന്തോ അത് -ആകുന്നിടത്തോളം പരിഭാഷയില്‍ വരുത്തുകയും, ബാക്കിയെല്ലാം പരിഭാഷക്കു പുറമെ യഥാവിധി വിവരിക്കുകയുമാണ് നാം വേണ്ടത്. പരിഭാഷകനു പറയാനുള്ളതെല്ലാം ഈ വിവരണത്തില്‍ അടക്കം ചെയ്യാമല്ലോ.
ക്വുര്‍ആന്‍റെ ഒരു വള്ളിയോ, പുള്ളിയോ മാറ്റികൂടാത്തതാണ്. എന്നാല്‍, അതിയോഗ്യനായ ഒരു പരിഭാഷകന്‍റെ പരിഭാഷയായാല്‍ പോലും പരിഭാഷകന്‍ ഉപയോഗിച്ച അതേ വാക്കുകളില്‍ മാത്രമേ ആയത്തുകളുടെ അര്‍ത്ഥം പറയാവൂ എന്നോ, പരിഭാഷകളില്‍ കാണാവുന്ന വാക്കുകളും, പദങ്ങളും സുനിശ്ചിതങ്ങളാണെന്നോ ഇല്ലതന്നെ. ആകയാല്‍, പരിഭാഷാഗ്രന്ഥങ്ങളില്‍ അതത് ആയത്തുകളുടെ പരിഭാഷകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പദങ്ങളും അക്ഷരങ്ങളുമല്ല വായനക്കാര്‍ പ്രധാനമായി ഗൗനിക്കേണ്ടത്. അവമൂലം പരിഭാഷകന്‍ അവതരിപ്പിക്കുന്ന ആശയങ്ങളും അര്‍ത്ഥങ്ങളുമാണ് മനസ്സിരുത്തേണ്ടത്. അതേ ആശയം, അയാള്‍ കൊണ്ടുവന്ന വാക്കുകളെക്കാള്‍ നല്ലതോ, അത്‌പോലെയുള്ളതോ ആയ വേറെ വാക്കുകളിലും പ്രകാശിപ്പിക്കുവാന്‍- ഒരു പക്ഷേ, വായനക്കാര്‍ക്കുതന്നെ- സാധിച്ചേ ക്കുന്നതാണ്.
ഒന്നു രണ്ട് ചെറിയ ഉദാഹരണങ്ങളെടുക്കാം:- ذَٰلِكَ الْكِتَابُ لَا رَيْبَ  ۛ فِيهِ  ۛ هُدًى لِّلْمُتَّقِينَ എന്നുള്ള ആയത്തിന്‍റെ ആശയത്തില്‍ വളരെ മാറ്റമൊന്നും സംഭവിക്കാതെ ത്തന്നെ, പല വിധത്തിലും അത് അര്‍ത്ഥവിവര്‍ത്തനം ചെയ്യാം:
(1) ‘അത് ഗ്രന്ഥമാണ്, അതില്‍ സന്ദേഹമേ ഇല്ല. സൂക്ഷ്മതയുള്ളവര്‍ക്ക് മാര്‍ഗദര്‍ശനമാണ്’
(2) ‘ആ ഗ്രന്ഥം! അതില്‍ സംശയമില്ല……..’
(3) ‘അതത്രെ ഗ്രന്ഥം……..’
(4) ‘ആ ഗ്രന്ഥത്തില്‍ യാതൊരു സംശയവുമില്ല. ഭയഭക്തന്മാര്‍ക്ക് വഴികാട്ടിയാണ്’
(5) ‘……..വഴികാട്ടി എന്ന നിലയില്‍’
ഇങ്ങിനെ പല വാക്കുകളിലും ഇതിനു അര്‍ത്ഥം വരാവുന്നതും പറയാവുന്നതുമാണ്. വ്യാകരണപരമായ അതിന്‍റെ ഘടനയും, ഘടകങ്ങളും കണക്കാക്കുവാനുള്ള വിവിധ സൗകര്യങ്ങളാണ് ഇതിനു കാരണം. ذكر (ദിക്ര്‍) എന്ന പദത്തിന് ‘പറയുക, സ്മരിക്കുക, വിചാരിക്കുക, പ്രസ്താവന, പ്രഖ്യാപനം, പ്രമാണം, പ്രബോധനം, ധ്യാനം, കീര്‍ത്തി, ചിന്തിക്കുക’ എന്നിങ്ങനെ പല അര്‍ത്ഥങ്ങളും വരാവുന്നതാണ്. സന്ദര്‍ഭമനുസരിച്ച് ഇവയില്‍ ഏതെങ്കിലും ഒന്ന് പരിഭാഷകന്‍ തിരഞ്ഞെടുക്കേണ്ടതായി വരുമല്ലോ. അതുകാണുമ്പോള്‍, ആ വാക്കില്‍ മാത്രമേ ആ പദത്തിന് അര്‍ത്ഥം പറയാവൂ എന്ന് ഉറപ്പിക്കുവാന്‍ പാടില്ലാത്തതാണ്. قال (ക്വാല) എന്ന ഭൂതക്രിയാരൂപത്തിനുതന്നെ, ‘പറഞ്ഞു, പറഞ്ഞിരിക്കുന്നു, പറയാം, പറയുന്നു, പറയും’ എന്നിങ്ങിനെ സന്ദര്‍ഭോചിതം അര്‍ത്ഥം വരും. അതേ ക്രിയയുടെ വര്‍ത്തമാന-ഭാവിരൂപമായ يقول (യക്വൂലു) വിന്ന് പറയും, പറയുന്നു, പറഞ്ഞുകൊണ്ടിരിക്കും, പറയാം, പറഞ്ഞേക്കും, പറയണം, പറയുകയാണ് എന്നൊക്കെയും അര്‍ത്ഥം വരാം. ഇങ്ങിനെ അക്ഷര വ്യത്യാസങ്ങളോടുകൂടിയ വാക്കുകളില്‍ അടങ്ങിയിരിക്കുന്ന ആശയവ്യത്യാസമാണ് ശ്രോതാക്കളും, വായനക്കാരും മനസ്സിലാക്കേണ്ടത്. ولله المو فق

മലയാള വിവര്‍ത്തനം

ഇതുവരെ നാം സംസാരിച്ചത്, അറബിയല്ലാത്ത മറ്റേതെങ്കിലും ഭാഷയിലേക്ക് ക്വുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നതിനെ സംബന്ധിച്ചാണല്ലോ. എനി, അറബിയും, മലയാളവും തമ്മിലുള്ള അന്തരവും, അകല്‍ച്ചയും നോക്കുകയാണെങ്കിലോ? അത് വളരെകൂടുതലുമാണ്. അറബി ഭാഷ വലത്തുനിന്ന് ഇടത്തോട്ടും, മലയാളം ഇടത്ത് നിന്ന് വലത്തോട്ടുമാണ് എഴുതുകയെന്നതുപോലെത്തന്നെ, പദങ്ങളുടെ ഘടനക്രമങ്ങളിലും മറ്റും അവ തമ്മില്‍ അജഗജാന്തരമാണുള്ളത്. അതിലും, ഒരു സര്‍വ്വ സ്വീകാര്യമായ നിയമം കൈക്കൊള്ളുവാനില്ലാത്തതാണ് കൂടുതല്‍ വിഷമം. ചിലപ്പോള്‍ ഒരു അറബിവാക്യത്തിന് മലയാളത്തില്‍ അര്‍ത്ഥം കൊടുക്കേണ്ടത്, അതിലെ ഒടുവിലത്തെ പദം തുടങ്ങി പിന്നോട്ട് പിന്നോട്ടായിരിക്കും. വേറെ ചിലപ്പോള്‍, മദ്ധ്യത്തില്‍ നിന്ന് പിന്നോട്ടും, പിന്നീട് അവസാനം തൊട്ട് മദ്ധ്യത്തില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. നന്നച്ചുരുക്കം സ്ഥലങ്ങളില്‍, യഥാക്രമം അര്‍ത്ഥം പറയുവാന്‍ സാധിച്ചെന്നും വരാം. വ്യാകരണരൂപത്തിലും, പ്രയോഗങ്ങളിലും, ആശയങ്ങളെ ചിത്രീകരിക്കുന്ന സ്വഭാവങ്ങളിലുമെല്ലാം തന്നെ, രണ്ടു ഭാഷകളും തമ്മില്‍ വളരെ വ്യത്യാസം കാണാം.
മിക്ക ഭാഷകള്‍ക്കും ആ ഭാഷക്കാരുടെ പൂര്‍വ്വീക മത സംസ്‌കാരവാദികളുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കുക സ്വാഭാവികമാണല്ലോ. ആ മത തത്വങ്ങളും, സാംസ്‌കാരിക വിഷയങ്ങളും കൈകാര്യം ചെയ്‌വാന്‍ ഏറെക്കുറെ സൗകര്യമുള്ള സാങ്കേതിക പദങ്ങളും, സാഹിത്യപ്രയോഗങ്ങളും ആ ഭാഷയില്‍ കൂടുതലുണ്ടായിരിക്കും. ഈ നിലക്കു നോക്കുമ്പോഴും അറബിയും, മലയാളവും തമ്മില്‍ വളരെ അകല്‍ച്ച കാണാം. ബഹുദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു പാരമ്പര്യമാണ് മലയാള സാഹിത്യത്തിന് അടുത്തകാലം വരെ ഉള്ളത്. കുറച്ച് കാലം മുതല്‍ മലയാള സാഹിത്യം വളരെ പുരോഗിമിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എങ്കിലും, തൗഹീദില്‍ അധിഷ്ഠിതമായ ഏക ദൈവീക മതമാകുന്ന ഇസ്‌ലാമിന്‍റെ ഭാഷയായ -മതഭാഷയും, സാംസ്‌കാരിക ഭാഷയും, സാഹിത്യഭാഷയും, രാഷ്ട്രീയ ഭാഷയും, വിജ്ഞാനഭാഷയും എല്ലാം തന്നെയായ- അറബിയുടെയും, മലയാളത്തിന്‍റെയും ഇടക്കുള്ള സ്വഭാവ വൈരുദ്ധ്യത്തില്‍ വേണ്ടത്ര ലഘൂകരണം ഉണ്ടായിക്കഴിഞ്ഞിട്ടില്ല. അറബിയാണെങ്കില്‍, പൗരാണിക ‘സെമിറ്റിക് ‘ ഭാഷകളില്‍ പെട്ടത്. മലയാളം ആര്യഭാഷയായ സംസ്‌കൃതത്തിന്‍റെയും, ദ്രാവിഡ ഭാഷയായ തമിഴിന്‍റെയും ലാളനകളില്‍ വളര്‍ന്നതും. അപ്പോള്‍, അവ തമ്മില്‍ ഇത്തരം വ്യത്യാസം കാണുന്നത് സ്വാഭാവികം മാത്രമാണ്. അറബിമൂലം മലയാളത്തിലേക്കോ, മറിച്ചോ വിവര്‍ത്തനം ചെയ്യുമ്പോള്‍, വളരെ നീക്കുപോക്കുകളും, കുറേ ഇടമുഴകളും കൂടാതെ -‘ചെരുപ്പിനുചെരുപ്പെന്നോണം’- ഒപ്പിക്കുവാന്‍ സാധ്യമല്ലെന്നു കാണിക്കുകയാണ്, ചുരുക്കത്തില്‍ ഇപ്പറഞ്ഞതിന്‍റെ താല്പര്യം.
ഒരേ പദത്തിന് വളരെ അര്‍ത്ഥങ്ങള്‍ ഉണ്ടായിരിക്കുക, ഒരു അര്‍ത്ഥത്തിന് ധാരാളം പര്യായപദങ്ങള്‍ ഉണ്ടായിരിക്കുക, ചെറുവാക്യത്തില്‍ വലിയ ആശയം അടക്കം ചെയ്‌വാന്‍ സൗകര്യമുണ്ടായിരിക്കുക, ഒരേ ക്രിയാരൂപത്തിന് ഒന്നിലേറെ അര്‍ത്ഥങ്ങള്‍ വരുവാന്‍ സാധ്യതയുണ്ടായിരിക്കുക, ഒരേ ക്രിയയില്‍ ഒരേ സമയത്ത് മറ്റൊരു ക്രിയയുടെ അര്‍ത്ഥം കൂടി ഉള്‍പ്പെട്ടിരിക്കുക, ക്രിയയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവ്യയങ്ങള്‍ക്കനുസരിച്ച് അതിന്‍റെ അര്‍ത്ഥത്തില്‍ മാറ്റംവരുക എന്നിങ്ങനെ അനേകം കാര്യത്തില്‍ മലയാളവും, അറബിയും തമ്മില്‍ പൊരുത്തക്കുറവുണ്ട്. ഒന്നുരക്ഷരങ്ങള്‍കൊണ്ട് അറബിയില്‍ പ്രകാശിപ്പിക്കാവുന്ന ഒരു ആശയം ചിലപ്പോള്‍ ഒരു വാചകംകൊണ്ടുതന്നെ മലയാളത്തില്‍ നിര്‍വ്വഹിക്കേണ്ടി വരും. വാചകത്തിന്‍റെ ഘടകങ്ങളായ പല പദങ്ങളിലും അറബിയില്‍ സര്‍വ്വനാമങ്ങള്‍ അടങ്ങിയിരിക്കുന്നതായി കാണാം. മലയാളത്തില്‍ ആ സര്‍വ്വനാമങ്ങള്‍ അനാവശ്യ ങ്ങളായിരിക്കും. അല്ലെങ്കില്‍ അവയുടെ സ്ഥാനത്ത് സാധാരണ നാമങ്ങള്‍തന്നെ ആവശ്യമായെന്നും വരും. പല അറബി പദങ്ങള്‍ക്കും ശരിക്ക് യോജിക്കുന്ന മലയാള പദങ്ങള്‍ ഇല്ലെന്നുള്ളതും, സാങ്കേതിക പദങ്ങളുടെ വിരളതയും- ഇസ്‌ലാമിക വിജ്ഞാനരംഗങ്ങളില്‍ പ്രത്യേകിച്ചും- ഒരു പരിഭാഷകനെ സദാ അലട്ടാറുള്ള വസ്തുതകളാണ്.
28 അക്ഷരം മാത്രമുള്ള അറബി ലിപികളില്‍ 13 എണ്ണത്തിന്‍റെ ഉച്ചാരണങ്ങളും-അറബി ഭാഷയുടെ ഇരട്ടിയോളം വരുന്ന മലയാള ലിപികളില്‍ എഴുതിക്കാണിക്കുക സാധ്യമല്ലാത്തവയാണ്. ഇത് മൂലം, മലയാളക്കാര്‍ക്കിടയില്‍ സുപരിചിതങ്ങളായ അറബി പദങ്ങള്‍പോലും മലയാളത്തില്‍ എഴുതുവാന്‍ പലപ്പോഴും നിവൃത്തിയുണ്ടാകയില്ല. കേരള മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലിരിക്കുന്ന അറബി മലയാള ലിപി ഈ വിഷയത്തില്‍ മാത്രമല്ല, മറ്റു പല കാര്യങ്ങളിലും അറബി മൂല്യങ്ങള്‍ക്ക് പരിഭാഷ എഴുതുവാന്‍ സൗകര്യപ്പെട്ടതാകുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ എഴുതുവാന്‍ അറബി മലയാള ലിപിയോളം സൗകര്യം മലയാള ലിപിയിലില്ലാ തിരുന്നിട്ടും, ഇന്ന് കേരള മുസ്‌ലിംകള്‍ ആ ലിപിയുടെ നേരെ കൈക്കൊള്ളുന്ന അവജ്ഞാ നയം വ്യസനകരമാണ്. ഏതായാലും, അറബി മലയാള ലിപി അറിയാത്തവര്‍ക്കും, അമുസ്‌ലിം മലയാളികള്‍ക്കും അത് ഉപയോഗപ്പെടുകയില്ലല്ലോ. മേല്‍ പ്രസ്താവിച്ച ഒരോന്നിന്നും ഉദാഹരണങ്ങള്‍ കാണിക്കുന്ന പക്ഷം അത് വളരെ ദീര്‍ഘിച്ചുപോകുന്നതുകൊണ്ട് അതിന് ഇവിടെ മുതിരുന്നില്ല. ഒരു കാര്യത്തില്‍ മാത്രം അറബിയും മലയാളവും തമ്മില്‍ വളരെ യോജിപ്പുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു: ഇതരഭാഷക്കാരായ ആളുകള്‍ക്ക് പഠിക്കുവാനും, ശരിയാംവണ്ണം പയറ്റുവാനും കുറേയൊക്കെ പ്രയാസമുള്ള ഭാഷകളാണ് ഇവ രണ്ടും. ചിലര്‍ ധരിക്കാറുള്ളതുപോലെ, വളരെ ക്ഷണത്തിലൊന്നും വശത്താക്കാവുന്ന ഭാഷകളല്ല അറബിയും മലയാളവും.(*)
(*) കാറല്‍മാര്‍ക്‌സിന്‍റെ ഇണയും, തുണയുമായിരുന്ന ഏംഗല്‍സ് കാര്യങ്ങള്‍ ക്ഷണത്തില്‍ ഗ്രഹിക്കുന്ന ആളായിരുന്നുവെന്നും, ഇരുപത് ഭാഷ സംസാരിച്ചിരുന്നുവെന്നും മറ്റും പ്രശംസിച്ചു പറയുന്ന കൂട്ടത്തില്‍, പ്രൊഫസര്‍ കെ.സി. പീറ്റര്‍ ഇപ്രകാരം പറഞ്ഞതായി (മാതൃഭൂമി ആഴ്ചപ്പതിപ്പ് പു:39, ല:44 ല്‍) കാണാം: ‘….4000 ത്തിലധികം ധാതുക്കളുള്ള അറബി ഭാഷ മാത്രമേ, എംഗല്‍സിനെ ബുദ്ധിമുട്ടിച്ചിട്ടുള്ളൂ…….’ അറബി ഭാഷ ശരിക്ക് വശത്താക്കുവാന്‍ ചിലര്‍ പറയാറുള്ളതുപോലെ അത്ര എളുപ്പമല്ലെന്നു ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.
അറബി ഗ്രന്ഥങ്ങള്‍, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍, വിവര്‍ത്തകനെ അഭിമുഖീകരിക്കുന്ന ഏതാനും പ്രശ്‌നങ്ങളാണ് നാം മുകളില്‍ കണ്ടത്. അപ്പോള്‍, അല്ലാഹുവിന്‍റെ വചനമായ ക്വുര്‍ആന്‍-അതിന്‍റെ സാഹിത്യവിശേഷതയും, അമാനുഷിക സ്വഭാവവും നമുക്കറിയാമല്ലോ- മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍, നേരിടുവാനിരിക്കുന്ന പ്രശ്‌നങ്ങള്‍ എത്രമേല്‍ അധികമായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ആകയാല്‍, ക്വുര്‍ആന്‍റെ നേര്‍ക്ക്‌നേരെയുള്ള ഒരു പരിഭാഷ -കോട്ടമൊന്നും കൂടാതെ പരിപൂര്‍ണമായ നിലയില്‍- തയ്യാറാക്കുക സാധ്യമല്ലെന്ന് വ്യക്തമാണ്. അതെ, വ്യക്തികളുടെ അറിവും, സാമര്‍ത്ഥ്യവും, ഓരോരുത്തര്‍ക്കും അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന തൗഫീക്വും (ഉതവിയും) അനുസരിച്ച് പരിഭാഷകളുടെ ക്വുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങള്‍ ഗുണത്തില്‍ ഏറ്റപ്പറ്റുണ്ടായിരിക്കുമെന്നുമാത്രം.

ക്വുര്‍ആന്‍ പരിഭാഷാ ഗ്രന്ഥങ്ങള്‍

ക്വുര്‍ആന്‍ പരിഭാഷകള്‍ എന്നല്ല, ഇസ്‌ലാമിക വിജ്ഞാനഗ്രന്ഥങ്ങള്‍ പൊതുവില്‍ തന്നെ, പൂര്‍വ്വ നൂറ്റാണ്ടുകളില്‍ അറബി അല്ലാത്ത ഭാഷകളില്‍ രചിക്കപ്പെടുന്ന പതിവ് അധികമൊന്നും ഉണ്ടായിരുന്നതായി കാണുന്നില്ല. നേരെ മറിച്ച്, ഒന്നു രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ഇതരഭാഷകളിലുള്ള എത്രയോ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന സമ്പ്രദായം പ്രചാരത്തില്‍ വരികയുണ്ടായി. അറബിഭാഷക്ക് നാനാഭാഗങ്ങളിലും ഉണ്ടായ സ്വാധീനം, ഇസ്‌ലാമിക വിജ്ഞാനം സമ്പാദിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അറബിഭാഷ മുഖേനത്തന്നെ അതിന് തയ്യാറെടുത്തു വന്നിരുന്നത് എന്നിങ്ങനെ പലതുമായിരിക്കും അതിനുള്ള സ്വാഭാവികമായ കാരണങ്ങള്‍. സ്ഥിതിഗതികളുടെ മാറ്റത്തോടുകൂടി, അറബിയല്ലാത്ത ഭാഷകളിലും ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ വിരചിതമായിത്തുടങ്ങി. അറബിയുടെ അയല്‍ഭാഷയും, അതുമായി പല നിലക്കും ബന്ധവും, സാദൃശ്യവുമുള്ള ഭാഷയുമാകകൊണ്ട്, പേര്‍ഷ്യന്‍ ഭാഷയിലാണ് ഇത് ഏറെ പ്രചാരത്തില്‍ വന്നത്. ക്രമേണ ക്വുര്‍ആന്‍ പരിഭാഷാ പ്രവര്‍ത്തനവും ഉണ്ടായിത്തീര്‍ന്നുവെന്ന് സാമാന്യമായിപ്പറയാം.
ക്വുര്‍ആന്‍റെ ഒന്നാമത്തെ പരിഭാഷ എതായിരുന്നുവെന്ന് നമുക്കറിയില്ല. ക്രിസ്ത്വബ്ദം ഏതാണ്ട് 1143 ല്‍ ഹിജ്‌റഃ 6-ാം നൂറ്റാണ്ടില്‍- ലത്തീന്‍ ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷചെയ്യപ്പെട്ടിട്ടുണ്ടെന്നും, അത് ക്രിസ്ത്വബ്ദം 1543 ല്‍ മാത്രമാണ് ക്രിസ്തീയ മിഷനറിമാരാല്‍ പ്രസിദ്ധപ്പെടുത്തപ്പെട്ടതെന്നും അല്ലാമാ യൂസുഫലി പ്രസ്താവിച്ചു കാണുന്നു. ക്രി. 17-ാം നൂറ്റാണ്ടിലും, അതിന് ശേഷവുമായി പല യൂറോപ്യന്‍ ഭാഷകളിലും പുറത്തിറക്കിയ ചില പരിഭാഷകളെക്കുറിച്ചും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. അവയുടെ കര്‍ത്താക്കളില്‍ മുസ്‌ലിംകളെയും, അമുസ്‌ലിംകളെയും കാണാം. അടുത്ത ഒന്നു രണ്ട് നൂറ്റാണ്ടുകളിലാണ് പ്രധാനപ്പെട്ട പല ഭാഷകളിലും ക്വുര്‍ആന്‍ പരിഭാഷ പ്രചാരത്തില്‍ വന്നിട്ടുള്ളതെന്നാണ് മനസ്സിലാകുന്നത്. لله اعلم
 വ്യാഖ്യാനത്തോടുകൂടിയും അല്ലാതെയും, മുഴുവന്‍ ഭാഗം ഉള്‍ക്കൊള്ളുന്നതായും ചില ഭാഗങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായും -ഇങ്ങിനെ പല തരത്തിലും- ഉള്ള ക്വുര്‍ആന്‍ പരിഭാഷകള്‍ ഇന്ന് മിക്ക പ്രധാന ഭാഷകളിലും കാണാം. പ്രാചീന ഭാഷകളില്‍, പേര്‍ഷ്യനും (ഫാരിസിയും) ആധുനിക ഭാഷകളില്‍ ഉര്‍ദുവും ഇസ്‌ലാം ചരിത്രവുമായി വളരെ ബന്ധമുള്ളത് കൊണ്ട് ഈ രണ്ട് ഭാഷകളിലും പല ക്വുര്‍ആന്‍ പരിഭാഷകളും, അനേകം ഇസ്‌ലാമിക വിജ്ഞാന ഗ്രന്ഥങ്ങളും കാണാവുന്നതാണ്. ലത്തീന്‍, ജര്‍മനി, ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളിലും, ബങ്കാളി, മലയാ, തമിഴ് തുടങ്ങിയ പല പൗരസ്ത്യ ഭാഷകളിലും പല ക്വുര്‍ആന്‍ പരിഭാഷകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് പരിഭാഷകളില്‍ അല്ലാമാ യൂസുഫലിയുടെ -വ്യാഖ്യാനത്തോടുകൂടിയ- ഗ്രന്ഥം വളരെ പ്രധാനപ്പെട്ടതാകുന്നു. അടുത്ത കൊല്ലങ്ങളിലായി, സുഊദി ഗവര്‍മ്മെ് വക കൊല്ലംതോറും അതിന്‍റെ ധാരാളക്കണക്കിലുള്ള കോപ്പികള്‍ ഹജ്ജാജികള്‍ക്ക് വിതരണം ചെയ്യപ്പെട്ടുവരുന്നത് പ്രസ്താവ്യമാകുന്നു. മാല്‍ദ്വീപുകാരായ മുസ്‌ലിംകളുടെ വകയായി, അവരുടെ ഭാഷയിലുള്ള പരിഭാഷ ഈയിടെയാണ് മലബാറില്‍ നിന്ന് അച്ചടി തീര്‍ന്നത്.
ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവീ (റ) അദ്ദേഹത്തിന്‍റെ ‘ഫൗസുല്‍ കബീറി’ല്‍ -തനിക്ക് ക്വുര്‍ആന്‍ വ്യാഖ്യാന വിഷയത്തില്‍ അല്ലാഹു പ്രദാനം ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വ്വം പ്രസ്താവിക്കുന്ന മദ്ധ്യേ- ഇപ്രകാരം പറയുന്നു: ‘നമുക്കു സിദ്ധിച്ച ജ്ഞാനങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് വാചകത്തിന്‍റെ വലിപ്പത്തിലും മറ്റും അറബിഭാഷയോടുള്ള സാദൃശ്യമായ നിലയില്‍, പേര്‍ഷ്യന്‍ ഭാഷയില്‍ ക്വുര്‍ആന്‍ പരിഭാഷചെയ്‌വാന്‍ സാധിച്ചത് ‘ഫത്ത്ഹു-റഹ്മാന്‍- ഫീ- തര്‍ജ്ജുമത്തില്‍ ക്വുര്‍ആന്‍’ (ക്വുര്‍ആന്‍ പരിഭാഷയില്‍ പരമകാരുണികന്‍ നല്‍കിയ വിജയം) എന്ന ഗ്രന്ഥത്തിലാണ് നാമിത് ചെയ്തിരിക്കുന്നത്. പക്ഷേ, ചില സ്ഥലങ്ങളില്‍ വിശദീകരണം കൂടാതെ വായനക്കാര്‍ക്ക് കാര്യം ഗ്രഹിക്കുവാന്‍ കഴിയുകയില്ലെന്ന് ഭയപ്പെട്ടതു നിമിത്തം ഈ നിബന്ധന- അറബിയുടെ അതേ അളവിലായിരിക്കുക എന്ന നിശ്ചയം-നാം വിട്ടുകളഞ്ഞിട്ടുണ്ട്.
ഹിജ്‌റഃ 1176 ലാണ് ദഹ്‌ലവീ (റ)യുടെ വിയോഗം അപ്പോള്‍ ചുരുങ്ങിയ പക്ഷം 207 കൊല്ലം മുമ്പ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചുകഴിഞ്ഞിരിക്കും. ഈ മഹാനെപ്പറ്റി ഇതിനു മുമ്പ് നാം പരിചയപ്പെടുത്തിയിട്ടുണ്ട്. ക്വുര്‍ആന്‍ വ്യാഖ്യാന നിദാനമായ അദ്ദേ ഹത്തിന്‍റെ ‘ഫൗസുല്‍കബീറും’ അദ്ദേഹം രചിച്ചത് പേര്‍ഷ്യന്‍ ഭാഷയിലാണ്.(*) ഹിജ്‌റഃ 12-ാം നൂറ്റാണ്ടിലെ മതോദ്ധാരകനായി എണ്ണപ്പെട്ട ഒരു മഹാപണ്ഡിതനും, ഇസ്‌ലാമിനും, മുസ്‌ലിംകള്‍ക്കും വേണ്ടി എത്രയോ വിജ്ഞാന സേവനങ്ങള്‍ നടത്തിയ മഹാനുമായ അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍, അദ്ദേഹത്തിന്‍റെ ‘ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ’ ( حجة لله البال غة ) എന്ന ഒരൊറ്റ ഗ്രന്ഥം പരിശോധിച്ചാല്‍ മതിയാകും. ഇസ്‌ലാമിന്‍റെ സകല തുറകളിലുമുള്ള നിയമങ്ങളുടെയും യുക്തിവശങ്ങളും, തത്വ രഹസ്യങ്ങളും യുക്തിയുക്തം- ക്വുര്‍ആന്‍റെയും, ഹദീഥിന്‍റെയും, യുക്തിയുടെയും അടിസ്ഥാനത്തില്‍- വിവരിച്ചിട്ടുള്ള അനിതര സാധാരണമായ ഒരു മഹല്‍ഗ്രന്ഥമാണത്. മേല്‍ കാണിച്ച ക്വുര്‍ആന്‍ പരിഭാഷ മുഴുമിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചത് എത്രമാത്രം അനുഗ്രഹമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയില്‍ നിന്ന് അനുമാനിക്കാം. പേര്‍ഷ്യന്‍ ഭാഷക്ക് അറബിഭാഷയോടും, ഇസ്‌ലാമിനോടുമുള്ള ബന്ധങ്ങള്‍ക്ക് പുറമെ, അതിന് ഇന്ത്യയോടും- വടക്കെ ഇന്ത്യയോട് പ്രത്യേകിച്ചും- ചരിത്രപരമായ പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ടല്ലൊ. അതുകൊണ്ടായിരിക്കും അദ്ദേഹം പേര്‍ഷ്യന്‍ ഭാഷയില്‍ പരിഭാഷ രചിച്ചത്. لله اعلم

(*) അല്ലാമാ മുഹമ്മദ് മനീര്‍ദിമശ്ക്വീയാണ് അത് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ഈ അറബി പരിഭാഷയെ ആസ്പദമാക്കിയാണ് നാം അതിലെ വാക്യങ്ങള്‍ ഉദ്ധരിക്കാറുള്ളത്. നമ്മുടെ ഉപരി മദ്രസകളിലും മറ്റും പാഠ്യഗ്രന്ഥമായി അംഗീകരിക്കപ്പെട്ടുവരുന്നതും അതാണ്. 

പല നിലക്കും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു മഹാഗ്രന്ഥമാണ് മൗലാനാ അബ്ദുല്‍ഹക്വ് ദഹ്‌ലവീ (റ)യുടെ ഉറുദു തഫ്‌സീര്‍ ( تفسير حقانى ) 70  ല്‍ പരം കൊല്ലങ്ങള്‍ക്ക് മുമ്പാണ് അത് ആദ്യം അച്ചടിക്കപ്പെട്ടത്. ഇപ്പോള്‍ 30 ഭാഗങ്ങളായി അതിന്‍റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ക്വുര്‍ആന്‍റെ സിദ്ധാന്തങ്ങള്‍ പ്രമാണസഹിതം, യുക്തിയുക്തമായ നിലയില്‍, മുന്‍ഗാമികളായ മഹാന്മാരുടെ പാതയില്‍ നിന്ന് തെറ്റാതെ, വിശദീകരിച്ച് വിവരിച്ചിട്ടുള്ള ഒരു തഫ്‌സീറാണിത്. ശാസ്ത്രീയവും, ചരിത്രപരവുമായ വശങ്ങള്‍ പണ്ഡിതോചിതമായ നിലയില്‍ അദ്ദേഹം അതില്‍ വിവരിച്ചിരിക്കുന്നു. മൗലാനാ അബുല്‍ കലാം ആസാദ് അവര്‍കളുടെ തര്‍ജ്ജുമാനുല്‍ ക്വുര്‍ആനും ( ترجمان القرآن ) ഉര്‍ദു തഫ്‌സീറുകളുടെ കൂട്ടത്തില്‍ വളരെ വമ്പിച്ചൊരു മുതല്‍ക്കൂട്ടാണ്. അദ്ദേഹത്തെപ്പറ്റി ഇന്ന് ഇന്ത്യക്കാരെ ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഹൃദ്യവും സരളവുമായ ഭാഷയില്‍, വിഷയങ്ങളെ സയുക്തികം പ്രതിപാദിച്ചു കാണിക്കുവാനുള്ള കഴിവും, വിജ്ഞാനത്തിന്‍റെ നാനാ തുറകളിലുള്ള അദ്ദേഹത്തിന്‍റെ പാണ്ഡിത്യവും അതിന്‍റെ അടിമുതല്‍ മുടിവരെ അനുഭവപ്പെടുന്നതാകുന്നു. പക്ഷേ, ക്വുര്‍ആന്‍റെ മൂന്നില്‍ രണ്ടു ഭാഗത്തിന്‍റെ തഫ്‌സീര്‍ അടങ്ങുന്ന ഭാഗം മാത്രമേ ഇതഃപര്യന്തം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായിട്ടുള്ളൂ. ഈ രണ്ട് തഫ്‌സീറുകളും നമ്മുടെ ഈ ഗ്രന്ഥത്തിലേക്ക് വളരെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ.
മലയാള ഭാഷയെ സംബന്ധിച്ചു പറയുകയാണെങ്കില്‍, ഏറെക്കുറെ ഈ (ഹിജ്‌റഃ 14-ാം) നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ക്കോ, കഴിഞ്ഞ (13-ാം) നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ക്കോ അറബി മലയാള ലിപിയിലുള്ള ‘ക്വുര്‍ആന്‍ തര്‍ജ്ജമ’കള്‍ പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അറിവായിടത്തോളം കണ്ണൂര്‍ക്കാരനായ മായന്‍കുട്ടി എളയാ(*) എന്ന പണ്ഡിതന്‍റെ തര്‍ജ്ജമയാണ് -കാലപ്പഴക്കംകൊണ്ടും ക്വുര്‍ആന്‍റെ അത്യാവശ്യവിവരണത്തോടുകൂടിയ മുഴുവന്‍ പരിഭാഷ എന്ന നിലക്കും- കൂട്ടത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതിന്‍റെതാണെന്നു തോന്നുന്ന (സു: ഫാത്വിര്‍ മുതല്‍ സു: ഫത്ഹു കൂടിയുള്ള) ഒരു ഭാഗം മാത്രമാണ് ഞങ്ങളുടെ മുമ്പിലുള്ളത്.(**)

(*) വടക്കേ മലബാറിലെ പ്രസിദ്ധ കേയിവംശത്തില്‍ ഒരു താവഴിയായ ചൊവ്വരക്കാരന്‍ വലിയ പുരയിലെ മായിന്‍കുട്ടികേയി എന്ന ഇദ്ദേഹം, കണ്ണൂര്‍ അറക്കല്‍ രാജസ്വരൂപത്തില്‍ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് അദ്ദേഹത്തെ ‘എളയാവ്’ എന്ന് വിളിക്കുന്നത്. മക്കാശരീഫില്‍ മലയാള ഹാജിമാരുടെ താമസ കേന്ദ്രമായിരുന്ന ‘കേയീറുബാത്തി’ന്‍റെ സ്ഥാപകനത്രെ അദ്ദേഹം. ഹിജ്‌റഃ 1294 ല്‍ സ്ഥാപിക്കപ്പെട്ട ആ റുബാത്ത് അല്പ വര്‍ഷങ്ങള്‍ക്കു മുമ്പ് മസ്ജിദുല്‍ ഹറാമിന്‍റെ വികസനാര്‍ത്ഥം പൊളിച്ചു നീക്കപ്പെട്ട കെട്ടിടങ്ങളില്‍ ഉള്‍പ്പെട്ടു. അതിന്‍റെ വില (4 ലക്ഷം സുഊദി റിയാല്‍) ഖജനാവില്‍ നിക്ഷേപിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ പകരം മറ്റൊരു റുബാത്ത് സ്ഥാപിക്കപ്പെടുന്നത് സംബന്ധിച്ച സംരംഭങ്ങള്‍ നടന്നുവരികയാണ്. (23-10-71 ലെ ചന്ദ്രിക വാരാന്തപതിപ്പില്‍ നിന്ന്.) 
(**) ഏറെക്കുറെ മുപ്പതു കൊല്ലങ്ങള്‍ക്കുമുമ്പ് കാലഗതി പ്രാപിച്ച ഒരു മതഭക്തനും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കുന്നതില്‍ ഉത്സുകനുമായിരുന്ന ഒരു മാന്യ വൃദ്ധന്‍റെ അനന്തരാവകാശികളില്‍ നിന്നാണ് പ്രസ്തുതഭാഗം കണ്ടു കിട്ടിയത്. അതിന്‍റെ ഇരുപുറത്തുമുള്ള കുറേ കഷ്ണങ്ങള്‍ നശിച്ചുപോയത് കൊണ്ട് ഗ്രന്ഥകര്‍ത്താവിന്‍റെയോ, അച്ചടിച്ച കാലത്തിന്‍റെയോ വിവരം അറിയുവാന്‍ കഴിയുന്നില്ല.

അതിലെ ഭാഷാശൈലി, അതിന്‍റെ കാലപ്പഴക്കത്തെപ്പറ്റി നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒരു ചരിത്രസ്മരണിക എന്ന നിലക്കും, വായനക്കാര്‍ക്ക് അതിന്‍റെ ഏകദേശ സ്വഭാവം മനസ്സിലാക്കുവാനുമായി, ആ മഹാനുഭാവന്‍ അന്നത്തെ അറബി മലയാളത്തിലെഴുതിയ ചില വാചകങ്ങള്‍ നമുക്കിവിടെ ഉദ്ധരിക്കാം. സൂറഃ സുമറിലെ 7-ാം വചനത്തിന്‍റെ പരിഭാഷയില്‍ അദ്ദേഹം പറയുന്നു:-
”വൊരുകുറ്റം ചെയ്ത തടിചുമക്കയില്ലാ ബേറെവൊരു തടിന്‍റെ കുറ്റത്തിനെ, പിന്നെ നിങ്ങളെ റബ്ബിനെക്കൊള്ളയായിരിക്കും നിങ്ങള്‍ക്കുള്ളെ മടങ്ങും താനം. നിങ്ങള്‍ അമല്‍ ചെയ്യുന്നോല് ആയിരിന്നിരിന്നു അങ്ങനെത്തെയാവൊന്നുകൊണ്ടു നിങ്ങളോട് അവന്‍ ബിശയം അറിവിക്കുന്നദു മൂലം. നുച്ചിയംതന്നെ അല്ലാഹുയാകുന്നത് അറിയുന്നോ നായിരിക്കും. ‘ഖല്‍ബു’കളിന്‍റെ അകത്തുള്ളയാവൊന്നുകൊണ്ടു ഒക്കെയും”
ക്വുര്‍ആന്‍റെ പല ‘ജുസ്ഉ്’ (ഭാഗം)കളും, സൂറത്തുകളും പലരാലും അറബി മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുള്ളതു ഇന്നും പ്രചാരത്തിലുണ്ട്. ഓരോന്നിന്‍റെയും ഭാഷയില്‍, കാലത്തിനൊത്ത മാറ്റങ്ങളും കാണാം. അറബി മലയാള ലിപിയില്‍ ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ വ്യവഹരിക്കുവാനുളള സൗകര്യം, മലയാള ലിപിയില്‍ അതിനുള്ള അസൗകര്യം, അറബി മലയാളം മുസ്‌ലിംകളുടെ ഒരു പ്രത്യേക സമ്പത്താണെന്ന ബോധം, മലയാളം അഭ്യസിക്കുന്നതില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന പിന്നോക്ക മനഃസ്ഥിതി, അത് അമുസ്‌ലിംകളുടെ ഭാഷയാണെന്നുണ്ടായിരുന്ന തെറ്റുധാരണ, അറബി മലയാളത്തിന് മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന പ്രചാരം ഇങ്ങിനെ പല കാരണങ്ങളാല്‍ ക്വുര്‍ആന്‍ പരിഭാഷകളും, ഇതര ഇസ്‌ലാമിക ഗ്രന്ഥങ്ങളും അടുത്തകാലം വരെ അറബി മലയാളലിപിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. (‘തര്‍ജ്ജമ’എന്ന് പറഞ്ഞാല്‍തന്നെ, അറബിമലയാളത്തിലുള്ള ഗ്രന്ഥം എന്നായിരുന്നു അര്‍ത്ഥം കല്പിക്കപ്പെട്ടിരുന്നത്.) അടുത്ത ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്വുര്‍ആന്‍റെ മുഴുവന്‍ ഭാഗവും- അത്യാവശ്യ വ്യാഖ്യാനത്തോടുകൂടി- അറബി മലയാളത്തില്‍ പരിഭാഷ പൂര്‍ത്തിയാക്കപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥം ജനാബ് കെ. ഉമര്‍ മൗലവി സാഹി ബിനാല്‍ വിരചിതമായിട്ടുണ്ട്. അതിന്‍റെ ഏതാനും ഭാഗമേ ഇതപര്യന്തം പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളൂ. ബാക്കി ഭാഗങ്ങളും താമസിയാതെ പുറത്തുവരുമെന്നാശിക്കാം.(*)

(*) ഇതിനകം മുഴുവന്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മലയാള ലിപിയില്‍ പലതവണ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉപരിസൂചിതങ്ങളായ സ്ഥിതിഗതികളില്‍ മാറ്റം വരുകയും, മുസ്‌ലിംകള്‍ക്കിടയില്‍ മലയാളലിപിയും, മലയാളസാഹിത്യവും പ്രചരിച്ചുതുടങ്ങുകയും ചെയ്തതോടെ -മലയാള അച്ചുകൂടങ്ങളില്‍ അറബി ടൈപ്പുകളും ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി വിശേഷിച്ചും- മലയാള ലിപിയില്‍ തന്നെ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രചാരപ്പെടുവാന്‍ തുടങ്ങി. അങ്ങിനെ, രണ്ട് മൂന്ന് ദശവര്‍ഷങ്ങള്‍ക്കിപ്പുറം മുതല്‍ ക്വുര്‍ആന്‍റെ പല ഭാഗങ്ങളുടെയും തര്‍ജ്ജമകള്‍ മലയാള ലിപിയില്‍ തന്നെ പ്രസിദ്ധീകരിക്ക പ്പെട്ടിരിക്കുന്നു. മുസ്‌ലിം മാസികാപത്രങ്ങള്‍ വഴിയായും അതിന്‍റെ പലഭാഗങ്ങളുടെയും പരിഭാഷ പുറത്തുവരുന്നുണ്ട്. ക്വുര്‍ആന്‍റെ അറബി മൂലത്തോടുകൂടി പരിഭാഷാഗ്രന്ഥങ്ങള്‍ പുറത്തിറക്കുന്നതില്‍, ചില പണ്ഡിതന്മാര്‍ക്കൊക്കെ പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും, ഇന്ന് ആ നിലക്കും വളരെ മാറ്റം വന്നുകഴിഞ്ഞിരിക്കുന്നു. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍, ക്വുര്‍ആന്‍റെ വിജ്ഞാനം പ്രചരിപ്പിക്കുന്നതില്‍ എല്ലാ വിഭാഗക്കാരും പൊതുവില്‍ ശ്രമിച്ചുവരുന്നുണ്ടെന്ന് പറയാം.
25 ല്‍ പരം കൊല്ലങ്ങള്‍ക്കു മുമ്പ് ക്വുര്‍ആന്‍റെ ആദ്യത്തെ ചില ‘ജുസുഉ’കളുടെ പരിഭാഷ കോഴിക്കോട്, മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ പുറത്തുവരികയുണ്ടായില്ല. പിന്നീട് പല പണ്ഡിതന്മാരുടെയും വകയായി, അവസാനത്തെ ചില ‘ജുസുഉ’കളുടെ പരിഭാഷകളും ചില സൂറത്തുകളുടെ പരിഭാഷകളും പലപ്പോഴായി പ്രസിദ്ധപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അറബിമൂലത്തോടുകൂടി മലയാള ലിപിയിലാണുള്ളത്. ചുരുക്കം ചിലത് മാത്രം അറബിമൂലം കൂടാതെയും പ്രസിദ്ധീകരിക്കപ്പെടാതില്ല. ഇവയില്‍ പലതിലും, ഈ പരിഭാഷാഗ്രന്ഥത്തിന്‍റെ എളിയ കര്‍ത്താക്കളായ ഞങ്ങള്‍ക്കും ഏറെക്കുറെ പങ്കുവഹിക്കുവാന്‍ അല്ലാഹു നല്‍കിയ തൗഫീക്വ് കൃതജ്ഞതാപൂര്‍വ്വം ഇവിടെ സ്മരിച്ചുകൊള്ളുന്നു. ക്വുര്‍ആന്‍റെ മുഴുവന്‍ മലയാള പരിഭാഷ അടങ്ങുന്ന ഒരു ഗ്രന്ഥം ഇതിനകം പുറത്തായിട്ടുള്ളത് ജനാബ് സി.എന്‍. അഹ്മദ് മൗലവി സാഹിബിന്‍റെ താകുന്നു. ആദ്യത്തെ വാള്യം, 10 കൊല്ലം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഞങ്ങള്‍ ഈ പരിഭാഷ എഴുതിക്കൊണ്ടിരിക്കെ (ഒന്നരകൊല്ലം മുമ്പ്) അതിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളുടെ പ്രസിദ്ധീകരണവും പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ട്.(*)

(*) ഇതുവരെ ആരും സ്വീകരിച്ചിട്ടില്ലാത്തതും, ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കു നിരക്കാത്തതുമായ ചില അര്‍ത്ഥവ്യാഖ്യാനങ്ങള്‍ അടങ്ങിയിരിക്കകൊണ്ട് ഈ ഗ്രന്ഥം കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിമര്‍ശന വിധേയമായിട്ടുണ്ട്. രണ്ടാം പതിപ്പ് അച്ചടി തുടങ്ങും മുമ്പ് വേറെ ചില ക്വുര്‍ആന്‍ പരിഭാഷകളും പുറത്തുവന്നിട്ടുണ്ട്.