ഹുജുറാത്ത് (അറകൾ)

മദീനായില്‍ അവതരിച്ചത് – വചനങ്ങള്‍ 18 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

‘സൂറത്തുല്‍ – ഖിത്താല്‍’ (യുദ്ധത്തിന്റെ അദ്ധ്യായം) എന്നുകൂടി പേരുള്ള ‘സൂറത്ത്‌ മുഹമ്മദി’ല്‍ യുദ്ധ സംബന്ധമായ പല കാര്യങ്ങളും അല്ലാഹു വിവരിച്ചു. പിന്നീടു, ‘വിജയത്തിന്റെ അദ്ധ്യായ’മായ ‘സൂറത്തുല്‍ ഫത്‌ഹി’ല്‍ വിജയത്തിന്റെ മാര്‍ഗ്ഗങ്ങളും നേട്ടങ്ങളും വിവരിച്ചു. തുടര്‍ന്നുകൊണ്ടു ഈ അദ്ധ്യായത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും അവിടുത്തെ അനുയായികളും തമ്മിലും, സത്യവിശ്വാസികള്‍ തമ്മതമ്മിലും എങ്ങനെ വര്‍ത്തിക്കണമെന്നു വിവരിക്കുന്നു. ഏതൊരു സമുദായത്തിന്റെയും കെട്ടുറപ്പും നിലനില്‍പും, അഭിവൃദ്ധിയും, പുരോഗതിയുമെല്ലാം തന്നെ, ആ സമുദായത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന നേതൃത്വത്തിന്റെയും, ആ നേതൃത്വത്തിന്‍ കീഴില്‍ നിലകൊള്ളുന്ന സമൂഹത്തിന്റെയും ഗുണങ്ങളെ ആശ്രയിച്ചിരിക്കും. നേതൃത്വം, സമര്‍ത്ഥവും തൃപ്‌തികരവുമായതായിരിക്കണം. സമൂഹമാകട്ടെ, നേതൃത്വത്തോട്‌ കൂറും മതിപ്പും പുലര്‍ത്തുന്നതും, അച്ചടക്കത്തോടും, അനുസരണയോടും, പരസ്‌പര സ്‌നേഹത്തോടുംകൂടി വര്‍ത്തിക്കുന്നതുമായിരിക്കണം.

ഏതൊരു സമൂഹത്തിനും അതിന്റെ നേതാവിനോടുണ്ടായിരിക്കേണ്ടുന്നതിനെക്കാള്‍ കവിഞ്ഞതാണ്‌ മുസ്‌ലിം സമുദായത്തിന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടുള്ള ബാധ്യത. النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ – الأحزاب (നബി സത്യവിശ്വാസികളോട്‌ അവരുടെ സ്വന്തം ദേഹങ്ങളെക്കാളും ബന്ധപ്പെട്ട ആളാണ്‌.) സൂഃ അഹ്‌സാബിലെ ഈ വചനത്തെപ്പറ്റി അവിടെ വിവരിച്ചിട്ടുള്ളതു ഓര്‍ക്കുക. ഈ സൂറത്തിലും ഇതു സംബന്ധമായി പലതും കാണാവുന്നതാണ്‌. സൂറത്തിന്റെ ആദ്യഭാഗം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു മുസ്‌ലിം സമുദായം സ്വീകരിക്കേണ്ടുന്ന മര്യാദകളെക്കുറിച്ചു വിവരിക്കുന്നു. അതോടുകൂടി- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്ഥാനപദവികള്‍ മറ്റാര്‍ക്കും ഉണ്ടാകാവതല്ലെങ്കിലും- എല്ലാ കാലത്തും മുസ്‌ലിം സമുദായം അവരുടെ പൊതുനേതാവിനോടും, ഓരോ സംഘവും ആ സംഘത്തിന്റെ നേതാവിനോടും എങ്ങിനെ പെരുമാറണമെന്നുള്ളതിന്റെ ഒരു പ്രായോഗിക മാതൃകകൂടി അതില്‍ അടങ്ങിയിരിക്കുന്നതു കാണാം.

ക്വുര്‍ആന്റെ സാധാരണ പതിവുപോലെത്തന്നെ ഈ അദ്ധ്യായത്തിലും, വലിയ ബുദ്ധിമാന്‍മാര്‍ക്കുമാത്രം മനസ്സിലാക്കാവുന്ന അതിഗഹനങ്ങളായ കുറെ തത്വങ്ങള്‍ സമര്‍പ്പിക്കുകയല്ല അല്ലാഹു ചെയ്‌തിരിക്കുന്നത്‌. സാധാരണക്കാര്‍ക്കുപോലും വേഗത്തില്‍ മനസ്സിലാക്കാവുന്നതും, പ്രായോഗികരംഗത്തു എല്ലാവര്‍ക്കും ഒരുപോലെ സ്വീകരിക്കുവാന്‍ കഴിയുന്നതുമായ ചില കാര്യങ്ങളാണ്‌ അല്ലാഹു വിവരിച്ചിരിക്കുന്നത്‌. അതേസമയത്തു, ചിന്തകന്മാരായ ആളുകള്‍ക്കു അവ ഓരോന്നിലും ഗൗരവമേറിയ തത്വവിജ്ഞാനങ്ങള്‍ അടങ്ങിയിട്ടുള്ളതായി കാണാവുന്നതുമാണ്‌. والله ولي التوفيق

49:1
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُقَدِّمُوا۟ بَيْنَ يَدَىِ ٱللَّهِ وَرَسُولِهِۦ ۖ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٌ ﴾١﴿
  • ഹേ, വിശ്വസിച്ചവരേ, അല്ലാഹുവിന്റെയും, അവന്റെ 'റസൂലി'ന്റെയും മുമ്പിൽ നിങ്ങൾ മുൻകടന്നു (ഒന്നും) പ്രവർത്തിക്കരുത്. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. നിശ്ചയമായും അല്ലാഹു (എല്ലാം) കേൾക്കുന്നവനാണ്, അറിയുന്നവനാണ്.
  • يَاأَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരേ لَا تُقَدِّمُوا നിങ്ങള്‍ മുൻകടന്നു പ്രവർത്തിക്കരുത്, മുൻകൂട്ടി ചെയ്യരുത് بَيْنَ يَدَىِ اللَّـهِ അല്ലാഹുവിന്റെ മുമ്പിൽ وَرَسُولِهِ അവന്റെ റസൂലിന്റെയും وَاتَّقُوا اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു سَمِيعٌ കേൾക്കുന്നവനാണ് عَلِيمٌ അറിയുന്നവനാണ്

‘സത്യവിശ്വാസികളേ’ എന്ന സംബോധനയോടുകൂടി ആരംഭിക്കുകയും ഇടക്കിടെ ആ സംബോധന ആവർത്തിക്കുകയും ചെയ്യുന്ന ഈ സൂറത്തിലെ മിക്ക വിഷയങ്ങളും മുസ്‌ലിം സമുദായത്തെ അഭിമുഖീകരിക്കുന്നവയാകുന്നു. ഏതൊരു കാര്യമായാലും, ആ കാര്യം ഇന്നപ്രകാരമായിരിക്കണമെന്നു അല്ലാഹുവും റസൂലും തീരുമാനമെടുക്കുന്നതിനു- അഥവാ അല്ലാഹുവിന്റെ വിധി റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖേന ലഭിക്കുന്നതിനു- മുമ്പായി സത്യവിശ്വാസികൾ അതിൽ തീരുമാനവും നടപടിയും എടുക്കുവാൻ പാടില്ലെന്നു അല്ലാഹു കൽപിക്കുന്നു. റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ ഒരു സത്യവിശ്വാസി അങ്ങനെ ചെയ്യുന്നതു അല്ലാഹുവിനോടും, റസൂലിനോടും കാണിക്കുന്ന അനാദരവും, അവിവേകവുമാണെന്നു വ്യക്തമാണല്ലോ. റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അഭാവത്തിൽ, മതസംബന്ധമായ ഏതൊരു കാര്യത്തിലും ഖുർആന്റെയും സുന്നത്തിന്റെയും വിധി അന്വേഷിക്കാതെ, ആർക്കും സ്വന്തമായൊരു വിധി ഉണ്ടായിരിക്കുവാൻ പാടില്ലെന്നുള്ള വസ്തുതയും ഈ കൽപനയിൽ അടങ്ങിയിരിക്കുന്നു.

യമനിലെ മുസ്‌ലിംകൾക്കു മതകാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുവാനായി മുആദ് (معاد بن جبل – رض) നെ അയച്ച അവസരത്തിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി: താൻ എന്തുകൊണ്ടാണ് – അഥവാ ഏതിനെ ആസ്പദമാക്കിയാണ് – വിധി കൊടുക്കുക? മുആദ് (رضي الله عنه) പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥംകൊണ്ട്.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): ‘അതിൽ കണ്ടെത്തിയില്ലെങ്കിലോ?’ മുആദ് (رضي الله عنه): ‘അല്ലാഹുവിന്റെ റസൂലിന്റെ ‘സുന്നത്തു’ (ചര്യ) കൊണ്ട്.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ): ‘അതില്‍ കണ്ടത്തിയില്ലെങ്കിലോ?’ മുആദ് (رضي الله عنه): ‘ഞാൻ എന്റെ അഭിപ്രായം ആരാഞ്ഞെടുക്കും.’ അപ്പോൾ തിരുമേനി, അദ്ദേഹത്തിന്റെ നെഞ്ചിനു കൊട്ടിക്കൊണ്ടു ഇങ്ങിനെ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലിന്റെ ദൂതന്ന് അല്ലാഹുവിന്റെ റസൂൽ തൃപ്തിപ്പെടുന്ന കാര്യത്തിലേക്കു സഹായം ചെയ്തുകൊടുത്ത അല്ലാഹുവിനു സ്തുതി!’ (അ; ദാ; തി; ജ) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സത്യവിശ്വാസികൾ എത്രമാത്രം ബഹുമാനത്തോടും, മര്യാദയോടും കൂടി പെരുമാറേണ്ടതുണ്ടെന്നു അടുത്ത ഒരേ ഒരു വചനത്തിൽ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്:

49:2
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَرْفَعُوٓا۟ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُوا۟ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَـٰلُكُمْ وَأَنتُمْ لَا تَشْعُرُونَ ﴾٢﴿
  • ഹേ, വിശ്വസിച്ചവരേ, പ്രവാചകന്റെ ശബ്ദത്തിനു മീതെ നിങ്ങൾ നിങ്ങളുടെ ശബ്ദം ഉയർത്തരുതു; നിങ്ങളിൽ ചിലർ ചിലരോടു [തമ്മതമ്മിൽ] ഉച്ചത്തിൽ പറയുന്നതു പോലെ, അദ്ദേഹത്തോടു (പറയുന്ന) വാക്കു ഉച്ചത്തിലാക്കുകയും ചെയ്യരുതു; നിങ്ങൾ അറിയാത്ത നിലയിൽ, നിങ്ങളുടെ കർമ്മങ്ങൾ ഫലശൂന്യമായിപ്പോയേക്കുന്നതു കൊണ്ടത്രെ (ഇതു വിരോധിക്കുന്നത്).
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ, വിശ്വസിച്ചവരേ لَا تَرْفَعُوا നിങ്ങള്‍ ഉയർത്തരുതു أَصْوَاتَكُمْ നിങ്ങളുടെ ശബ്ദങ്ങൾ فَوْقَ صَوْتِ ശബ്ദത്തിന്റെ മീതെ النَّبِيِّ പ്രവാചകന്റെ, നബിയുടെ وَلَا تَجْهَرُوا നിങ്ങള്‍ ഉച്ചത്തിലാക്കുകയും അരുതു لَهُ അദ്ദേഹത്തോടു بِالْقَوْلِ വാക്കു (സംസാരം) കൊണ്ടു, വാക്കിൽ كَجَهْرِ بَعْضِكُمْ നിങ്ങളിൽ ചിലർ ഉച്ചത്തിലാക്കുന്നതുപോലെ لِبَعْضٍ ചിലരോടു أَن تَحْبَطَ ഫലശൂന്യമാകുന്നതിനാൽ أَعْمَالُكُمْ നിങ്ങളുടെ കർമ്മങ്ങൾ وَأَنتُمْ നിങ്ങള്‍ لَا تَشْعُرُونَ അറിയാതെ, അറിയുന്നതുമല്ല

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽവെച്ചു സംസാരിക്കുമ്പോൾ, അവിടുത്തെ ശബ്ദത്തെക്കാൾ കവിഞ്ഞ ശബ്‌ദത്തിൽ സംസാരിക്കുന്നതും, അവിടുത്തോടു വല്ലതും പറയുമ്പോൾ, തമ്മതമ്മിൽ സംസാരിക്കാറുള്ള അത്ര ഉച്ചത്തിൽ സംസാരിക്കുന്നതും സത്യവിശ്വാസികൾക്കു പാടില്ലാത്തതാണെന്നും, അവരറിയാതെത്തന്നെ അവരുടെ സൽക്കർമ്മങ്ങൾ ഫലശൂന്യമായിപ്പോകുവാൻ അതു കാരണമായിത്തീരുമെന്നും അല്ലാഹു അറിയിക്കുന്നു. മുസ്‌ലിംകൾ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ തങ്ങളുടെ ഒരു നേതാവെന്ന നിലക്കുമാത്രം വീക്ഷിച്ചാൽപോരാ, അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകൻമാരിൽ ശ്രേഷ്‌ഠനും ലോകർക്കു മുഴുവനും അനുഗ്രഹവും, മാര്‍ഗ്ഗദർശകനുമായി അയക്കപ്പെട്ട ദൂതനുമാണെന്നു കൂടി ഓർക്കേണ്ടതുണ്ട്. സാധാരണ നേതാക്കളോടു പോലും അവരുടെ അനുയായികൾ ഇത്തരം മര്യാദകൾ അവഗണിക്കുന്നതു ആക്ഷേപാർഹമാണല്ലോ. അപ്പോൾ, തിരുമേനിയുടെ കാര്യത്തിൽ ഇതിന്റെ ഗൗരവം എത്രത്തോളം വമ്പിച്ചതായിരിക്കുമെന്നു ഊഹിക്കാവുന്നതാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ജീവിതകാലത്തെന്ന പോലെ, അതിനുശേഷവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)  യെക്കുറിച്ചുള്ള സംസാരങ്ങളിലും പരാമർശങ്ങളിലും ഇത്തരം മര്യാദകൾ ഗൗനിക്കപ്പെടേണ്ടതുണ്ട്. അവിടുത്തെ സ്ഥാനത്തിനും പദവിക്കും അനുയോജ്യമായ ഭാഷയിലും, സ്വരത്തിലുമായിരിക്കണം അത്. അവിടുത്തോടുള്ള ആദരവു സത്യവിശ്വാസത്തിൽനിന്നു ഉടലെടുക്കുന്നതും, അനാദരവു അവിശ്വാസത്തിൽനിന്നും കാപട്യത്തിൽനിന്നും ഉടലെടുക്കുന്നതുമാകുന്നു. തിരുമേനിയെ സംബോധന ചെയ്യുന്നതിലും, തിരുമേനിയുടെ സദസ്സിൽ സമ്മേളിക്കുന്നതിലും, വീട്ടിൽ പ്രവേശിക്കുന്നതിലുമെല്ലാംതന്നെ പ്രത്യേകം അച്ചടക്കമര്യാദകൾ പാലിക്കേണ്ടതുണ്ടെന്നു സൂഃ നൂറിലും, സൂഃ അഹ്സാബിലും മറ്റും അല്ലാഹു എടുത്തു പറഞ്ഞിട്ടുള്ളതു ഇവിടെ സ്മരണീയമാണ്.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികൾ അല്ലാഹുവിന്റെ ഈ കൽപനകളെ എങ്ങിനെ വിലയിരുത്തിയിരുന്നുവെന്നു കാണിക്കുന്ന ചുരുക്കം ചില ഉദാഹരണങ്ങൾ ഇവിടെ അറിയുന്നതു നന്നായിരിക്കും. തമീം ഗോത്രക്കാരുടെ നിവേദകസംഘം (ഇവരെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്) തിരുമേനിയുടെ അടുക്കൽ വന്നപ്പോൾ, അവരിൽ ആരെയാണ് അവരുടെ നേതാവായി നിശ്ചയിക്കേണ്ടതു എന്ന കാര്യത്തിൽ അബൂബക്‌റും (رضي الله عنه), ഉമറും (رضي الله عنه) തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. ഇതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ടാളുടെയും ശബ്‌ദം കുറച്ചു ഉച്ചത്തിലായിപ്പോയി. ഈ ക്വുർആൻ വചനത്തിന്റെ അവതരണം ആ സന്ദർഭത്തിലായിരുന്നു. പിന്നീട് ഉമർ (رضي الله عنه) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സംസാരിക്കുമ്പോൾ, അതുകേട്ട് മനസ്സിലാക്കുവാൻ പോലും ചിലപ്പോൾ സാധിക്കാതെ വരത്തക്കവിധം അത്ര പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്. ഈ സംഭവം ബുഖാരിയിലും മുസ്‌ലിമിലും കാണാം. അബൂബക്ർ (رضي الله عنه) ആകട്ടെ, സ്വകാര്യ സംഭാഷണം നടത്തുവാൻവേണ്ടി വന്ന ഒരാളെപ്പോലെയായിരുന്നു അതുമുതൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി സംസാരിച്ചിരുന്നതു എന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. വല്ല നിവേദകസംഘവും വരുമ്പോൾ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സലാം പറയുന്നതും അവിടുത്തോടു സംസാരിക്കുന്നതും എങ്ങിനെയായിരിക്കണമെന്നു അദ്ദേഹം മുൻകൂട്ടി അവർക്കു അറിയിച്ചുകൊടുക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. ഈ വചനം അവതരിച്ച ശേഷം ഥാബിത്ത്ബ്നുഖൈസ് ( (رضي الله عنه)ثا بت بن قيش) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്കുള്ള തന്റെ വരവു നിറുത്തുകയുണ്ടായി. വിവരമറിഞ്ഞു തിരുമേനി ആളയച്ചു സംഗതി അന്വേഷിച്ചു. വിഷാദത്തിൽ മുഴുകിക്കൊണ്ടിരുന്ന അദ്ദേഹം പറഞ്ഞു: ‘വളരെ ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളാണ് ഞാൻ. തിരുമേനിയുടെ ശബ്ദത്തെക്കാൾ എന്റെ ശബ്‌ദം ഉച്ചത്തിലായിപ്പോകാറുണ്ട്. ഇക്കാരണത്താൽ എന്റെ കർമ്മങ്ങൾ (ആയത്തിൽ കണ്ടതുപോലെ) ഫലശൂന്യമായിപ്പോയേക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.’ ഇതു കേട്ടപ്പോൾ, ‘അദ്ദേഹം നല്ല നിലയിൽ ജീവിക്കുകയും, മരിക്കുകയും ചെയുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽപെട്ട ആളാണെ‘ന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനിപ്പിക്കുവാൻ തിരുമേനി വീണ്ടും ആളയച്ചു. ഈ സംഭവവും ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നതു നോക്കുക:

49:3
  • إِنَّ ٱلَّذِينَ يَغُضُّونَ أَصْوَٰتَهُمْ عِندَ رَسُولِ ٱللَّهِ أُو۟لَـٰٓئِكَ ٱلَّذِينَ ٱمْتَحَنَ ٱللَّهُ قُلُوبَهُمْ لِلتَّقْوَىٰ ۚ لَهُم مَّغْفِرَةٌ وَأَجْرٌ عَظِيمٌ ﴾٣﴿
  • നിശ്ചയമായും, അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽവെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവർ (ആരോ), അവരുടെ ഹൃദയങ്ങളെ 'തഖ്‌വാ' [ഭയഭക്തി]ക്കുവേണ്ടി അല്ലാഹു പരീക്ഷി(ച്ച് പരിശീലിപ്പി)ച്ചിട്ടുള്ളവരത്രെ അക്കൂട്ടർ. അവർക്കു പാപമോചനവും, മഹത്തായ പ്രതിഫലവും ഉണ്ട്.
  • إِنَّ الَّذِينَ നിശ്ചയമായും യതൊരുവർ يَغُضُّونَ അവർ താഴ്ത്തും, പതുക്കെയാക്കുന്നു أَصْوَاتَهُمْ തങ്ങളുടെ ശബ്ദങ്ങളെ عِندَ رَسُولِ اللَّـهِ അല്ലാഹുവിന്റെ റസൂലിന്റെ അടുക്കൽ أُولَـٰئِكَ الَّذِينَ യാതൊരുവരാണ് അക്കുട്ടർ امْتَحَنَ اللَّـهُ അല്ലാഹു പരീക്ഷിച്ചിരിക്കുന്നു, പരിശീലിപ്പിച്ചിരിക്കുന്നു قُلُوبَهُمْ അവരുടെ ഹൃദയങ്ങളെ لِلتَّقْوَىٰ ഭയഭക്തി (സൂക്ഷ്മത) ക്കുവേണ്ടി, തഖ്‌വയിലേക്കു لَهُم അവർക്കുണ്ടു مَّغْفِرَةٌ പൊറുതി, പാപമോചനം وَأَجْرٌ عَظِيمٌ മഹത്തായ (വമ്പിച്ച) പ്രതിഫലവും, കൂലിയും

تَقْوَىٰ (തഖ്‌വാ) എന്ന വാക്കിനു ‘സൂക്ഷിക്കുക, കാക്കുക’ എന്നൊക്കെയാണ് ഭാഷാർത്ഥം. ‘ഭയപ്പാട്’ എന്ന അർത്ഥത്തിലും അതു ഉപയോഗിക്കപ്പെടും. മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാർഹവുമായ കാര്യങ്ങളെ സൂക്ഷിക്കുക – അഥവാ അല്ലാഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുക – എന്ന ഉദ്ദേശ്യത്തിലാണ് ഖുർആനിലും, ഹദീഥിലും,ഇസ്‌ലാമിക സാഹിത്യങ്ങളിലും ‘തഖ്‌വാ’ ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ടാണ് ‘ഭയഭക്തി’ എന്നു അതിനു അർത്ഥം കൽപ്പിക്കപ്പെടുന്നതും. ഹൃദയത്തിൽ ഭയഭക്തിയില്ലാത്തവൻ വിധിവിലക്കുകളെ മാനിക്കുകയില്ലല്ലോ. നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘തഖ്‌വാ’  ഇവിടെയാണ് (التَّقوى هَاهُنا) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിരിക്കുന്നതു പ്രസിദ്ധമാണ്. ഹൃദയത്തിൽ ‘തഖ്‌വാ’ ഉള്ളതിന്റെ ലക്ഷണമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അച്ചടക്കത്തിലും ബഹുമാനത്തിലും പെരുമാറുന്നതു; എല്ലാ ഹൃദയങ്ങളും തഖ്‌വായുടെ ഇരിപ്പിടമായിരിക്കുവാൻ കൊള്ളുന്നവയല്ല; അതിനു കൊള്ളാവുന്ന ഹൃദയങ്ങളിൽ അല്ലാഹുവിനാൽ പ്രദാനം ചെയ്യപ്പെടുന്ന ഒരു അനുഗ്രഹമാണ് അത് എന്നൊക്കെ ഈ വചനത്തിൽ നിന്നു മനസ്സിലാക്കാവുന്നതാണ്.

മുജാഹിദ് (رحمه الله) പ്രസ്താവിച്ചതായി അഹ്‌മദ് (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: ഉമർ (رضي الله عنه)  നോടു ഇപ്രകാരം എഴുതിച്ചോദിക്കപ്പെട്ടു: ‘അമീറുൽ മുഅ്മിനീൻ! ഒരു മനുഷ്യൻ (അല്ലാഹുവിനോടു) അനുസരണക്കേടു ചെയ്‍വാൻ ആഗ്രഹിക്കുന്നില്ല, അവനതു ചെയ്യുന്നുമില്ല. ഇവനാണോ ഉത്തമൻ? അതല്ല, അനുസരണക്കേടു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു, അതു പ്രവർത്തിക്കാറില്ല, ഇങ്ങിനെയുള്ള മനുഷ്യനോ?’ അദ്ദേഹം മറുപടി എഴുതി: ‘അനുസരണക്കേടു ചെയ്‌വാന്‍ ആഗ്രഹിക്കുകയും, എന്നിട്ടതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അല്ലാഹു ‘തഖ്‌വാ’ ക്കുവേണ്ടി ഹൃദയങ്ങളെ പരീക്ഷിച്ചറിഞ്ഞകൂട്ടർ.’

49:4
  • إِنَّ ٱلَّذِينَ يُنَادُونَكَ مِن وَرَآءِ ٱلْحُجُرَٰتِ أَكْثَرُهُمْ لَا يَعْقِلُونَ ﴾٤﴿
  • (നബിയേ) അറകളുടെ പിന്നിൽനിന്നു നിന്നെ വിളിക്കുന്നവരിൽ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടർ يُنَادُونَكَ നിന്നെ വിളിക്കും مِن وَرَاءِ പിമ്പുറത്തു (അപ്പുറത്തു) നിന്നു الْحُجُرَاتِ അറ (മുറി)കളുടെ أَكْثَرُهُمْ അവരിലധികവും لَا يَعْقِلُونَ മനസ്സിലാക്കുന്നില്ല, ബുദ്ധികൊടുക്കുന്നില്ല
49:5
  • وَلَوْ أَنَّهُمْ صَبَرُوا۟ حَتَّىٰ تَخْرُجَ إِلَيْهِمْ لَكَانَ خَيْرًا لَّهُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٥﴿
  • നീ അവരുടെ അടുക്കലേക്കു പുറപ്പെട്ടു ചെല്ലുന്നതുവരേക്ക് അവർ ക്ഷമിച്ചിരുന്നുവെങ്കിൽ അതവർക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു വളരെ പൊറുക്കുന്നവനാണ്, കരുണാനിധിയാണ്.
  • وَلَوْ أَنَّهُمْ അവരായിരുന്നെങ്കിൽ صَبَرُوا ക്ഷമിച്ചിരുന്നു (എങ്കിൽ) حَتَّىٰ تَخْرُجَ നീ പുറപ്പെട്ടുവരുന്നതുവരെ إِلَيْهِمْ അവരിലേക്കു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവർക്കു ഉത്തമം, ഗുണം, കൂടുതൽ നല്ലത് وَاللَّـهُ അല്ലാഹു غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പത്നിമാർക്കു താമസിക്കുവാൻവേണ്ടി മദീനാ പളളിയുടെ പരിസരങ്ങളിൽ കെട്ടിയുണ്ടാക്കപ്പെട്ടിരുന്ന ചെറുകുടിലുകളെക്കുറിച്ചാണ് ‘അറകൾ’ (ٱلْحُجُرَٰت) എന്നു പറഞ്ഞത്. തിരുമേനി ആ അറകളിൽ പോകുകയും താമസിക്കുകയും ചെയ്യുമായിരുന്നു. ഈന്തത്തടികൾകൊണ്ടു നിർമ്മിക്കപ്പെട്ടിരുന്ന അവയുടെ മേൽപുരകൾ ഒരാൾക്കു കയ്യെത്തത്തക്ക ഉയരത്തിൽ കമ്പിളി പാവിയതായിരുന്നു. വലീദുബ്നു അബ്ദിൽമലിക്ക് ഖലീഫയായിരുന്ന കാലത്ത് മദീനാപ്പള്ളി വികസിപ്പിക്കുകയുണ്ടായി. അദ്ദേഹം പ്രസ്തുത കുടിലുകൾ നീക്കം ചെയ്ത് ആ സ്ഥലങ്ങൾ പളളിയിൽ ഉൾപ്പെടുത്തി. ഇതു നിമിത്തം പലരും വ്യസനിച്ചു കരയുകയുണ്ടായി. സഈദുബ്നുൽ മുസയ്യബ് (رضي الله عنه) പറഞ്ഞു: ‘മദീനായിൽ ജനിച്ചു വളരുന്നവരും, വിദേശത്തുനിന്നു വരുന്നവരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ജീവിതരീതി എങ്ങിനെയായിരുന്നുവെന്നുകണ്ടു മനസ്സിലാക്കുമാറ് അവ അങ്ങിനെത്തന്നെ വിട്ടേച്ചിരുന്നെങ്കിൽ എത്ര നന്നായേനെ! പെരുമയും പത്രാസും കാണിക്കുന്നതിൽ ജനങ്ങൾക്കു വിരസം തോന്നിക്കുവാൻ അതു പര്യാപ്തമാകുമായിരുന്നു.’ എങ്കിലും ഈ അദ്ധ്യായത്തിന്റെ പേര് (ٱلْحُجُرَٰت) ആ അറകളുടെ ചരിത്രസ്മരണ ജനഹൃദയങ്ങളിൽ ലോകാവസാനം വരെ നിലനിറുത്തുകതന്നെ ചെയ്യുന്നു.

തമീം ഗോത്രക്കാരുടെ ഒരു നിവേദകസംഘം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കൽ വരികയുണ്ടായി. മേൽ പ്രസ്താവിച്ച അറകളിൽ ഒന്നിലായിരുന്നു തിരുമേനി. തിരുമേനിയെ കാണുവാൻ ധൃതിപ്പെട്ടുകൊണ്ട് അവരിൽ ചിലർ തങ്ങളുടെ സഹജമായ പരുക്കൻ സ്വരത്തിൽ അറകളുടെ പിൻപുറത്തുനിന്നു ‘മുഹമ്മദേ, പുറത്തു വരൂ’ എന്നു വിളിച്ചു സ്വൈരം കെടുത്തുകയുണ്ടായി. സംസ്കാരം സിദ്ധിക്കാത്ത ഉൾനാട്ടുകാരായിരുന്നു അവർ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പുറത്തുവന്നു. ‘ള്വുഹ്ർ’ നമസ്കാരത്തിന് സമയമായിരുന്നു. തിരുമേനി നമസ്കാരത്തിനു തിരിഞ്ഞപ്പോൾ അവർ തിരുമേനിയെ പറ്റിക്കൂടി. ‘ഞങ്ങൾ ഞങ്ങളൂടെ കവിയെയും പ്രാസംഗികനെയും കൂട്ടിക്കൊണ്ടു വന്നിട്ടുണ്ട്. നമുക്കൊരു മത്സരപ്പരീക്ഷ നടത്താം’ എന്നായി. (*) ‘കവിതയുമായിട്ടല്ല നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആഭിജാത്യാഹങ്കാരത്തിനല്ല നമ്മോടു കല്പിക്കപ്പെട്ടിട്ടുളളതും’ എന്നു പറഞ്ഞ് തിരുമേനി നമസ്കാരത്തിനു തിരിഞ്ഞു. നമസ്കാരാനന്തരം നടന്ന സംഭാഷണങ്ങൾക്കുശേഷം നിവേദകസംഘം ഇസ്ലാമിൽ വിശ്വസിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമ്മാനം ലഭിച്ച് മടങ്ങിപ്പോകുകയും ചെയ്തു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഇതുപോലെയുളള പെരുമാറ്റങ്ങൾ ഉണ്ടാകുവാൻ പാടില്ലെന്നാണ് ഈ വചനം മുഖേന അല്ലാഹു കൽപിക്കുന്നത്. മാന്യമല്ലാത്ത ഈ പെരുമാറ്റത്തിനു കാരണം, കാര്യങ്ങൾ ഗ്രഹിക്കുവാനുളള ബുദ്ധിയില്ലായ്മയാണെന്നു 4-ാം വചനത്തിന്റെ അന്ത്യഭാഗവും, അറിവില്ലായ്മകൊണ്ടു വരുന്ന ഇത്തരം കാര്യങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്നു 5-ാം വചനത്തിന്റെ അന്ത്യഭാഗവും ചൂണ്ടിക്കാട്ടുന്നു.


(*) ഗോത്രങ്ങൾ തമ്മിൽ കവിതയിലും പ്രസംഗത്തിലും മത്സരങ്ങൾ നടത്തി ആഭിജാത്യം വർണ്ണിച്ച് ജയാപജയം നോക്കുന്നതു ജാഹിലിയ്യാ അറബികളുടെ പതിവായിരുന്നു.

49:6
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَـٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَـٰدِمِينَ ﴾٦﴿
  • ഹേ, വിശ്വസിച്ചവരേ, ദുർമ്മാര്‍ഗ്ഗിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ (അതിനെപ്പറ്റി അന്വേഷിച്ചു) വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; (അറിയാതെ) വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങിനെ കല്പിക്കുന്നത്.]
  • يَا أَيُّهَا الَّذِينَ ഹേ, യാതൊരുകൂട്ടരേ آمَنُوا വിശ്വസിച്ച إِن جَاءَكُمْ നിങ്ങളുടെ അടുക്കൽ വന്നാൽ فَاسِقٌ ഒരു ദുർമ്മാർഗ്ഗി, തോന്നിയവാസി, ദുർന്നടപ്പുകാരൻ بِنَبَإٍ വല്ല വൃത്താന്ത (വർത്തമാന)വുമായി فَتَبَيَّنُوا എന്നാൽ നിങ്ങൾ വ്യക്തമായറിയണം (വ്യക്തമായന്വേഷിക്കുവിൻ) أَن تُصِيبُوا നിങ്ങൾ ആപത്തുണ്ടാക്കുമെന്നതിനാൽ قَوْمًا വല്ല ജനങ്ങൾക്കും بِجَهَالَةٍ വിഡ്ഢിത്തത്തിൽ, അറിയായ്മകൊണ്ടു فَتُصْبِحُوا അങ്ങനെ (എന്നിട്ട്) നിങ്ങളായിത്തീരും عَلَىٰ مَا فَعَلْتُمْ നിങ്ങൾ ചെയ്തതിന്റെമേൽ نَادِمِين ഖേദിക്കുന്നവർ

ഈ വചനത്തിന്റെ ആശയം വ്യക്തമാണ്. ധാർമ്മികബോധവും, സന്മാര്‍ഗ്ഗനിഷ്ഠയുമില്ലാത്തവർക്കു എന്തുംചേരും. ഏതു വിഷയത്തിലും അവരെ സൂക്ഷിച്ചുവേണം വിശ്വസിക്കുവാൻ. അല്ലാത്തപക്ഷം പലപ്പോഴും തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകൾ നേരിട്ടേക്കും. അവരുടെ വാർത്തകളെ അടിസ്ഥാനമാക്കി – ശരിക്കും അന്വേഷണം നടത്തി സത്യാവസ്ഥ ബോധ്യപ്പെടാതെ – അന്യരുമായി ഇടപെടുമ്പോൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്നു അല്ലാഹു ഉണർത്തുന്നു. സത്യാവസ്ഥ മനസ്സിലാക്കാതെ എടുക്കുന്ന നടപടികളെപ്പറ്റി അവസാനം ഖേദിക്കേണ്ടിവരുക സാധാരണമാണല്ലോ. നമ്മുടെ നിത്യാനുഭവങ്ങളിൽതന്നെ ഇതിനു ധാരാളം ഉദാഹരണങ്ങൾ ലഭിച്ചേക്കും. ഒരു വർത്തമാനം ഒരാളിൽനിന്നു കേട്ടാൽ അയാൾ ഒരു സന്മാർഗ്ഗിയും വിശ്വസ്തനുമാണെങ്കിൽ അതു വിശ്വസിക്കാമെന്നും, അയാളുടെ സ്ഥിതിഗതികൾ അറിയപ്പെടാത്തപക്ഷം അതു അന്വേഷിക്കും മുമ്പു അതു വിശ്വസിക്കരുതെന്നും ഈ വചനത്തിൽനിന്നു മനസ്സിലാക്കുവാൻ കഴിയുമല്ലോ. ഈ ആയത്തിന്റെ താൽപര്യമനുസരിച്ചുതന്നെയാണ് ഹദീഥുകളുടെ നിവേദകൻമാരെല്ലാം സത്യവാൻമാരും മര്യാദക്കാരുമായിരിക്കണമെന്നു ഹദീഥിന്റെ പണ്ഡിതൻമാർ നിഷ്കർഷവെച്ചിരിക്കുന്നതും. സത്യവാനും മര്യാദക്കാരനുമായി അറിയപ്പെടുന്നവരുടെ ഹദീഥ് സ്വീകരിക്കേണ്ടതാണെന്നും, സ്ഥിതിഗതികൾ അറിയപ്പെടാത്ത നിവേദകൻമാരുടെ ഹദീഥുകൾ സ്വീകാര്യമല്ലെന്നും, നിശ്ചയിക്കപ്പെട്ടിട്ടുള്ളതും ഇതിന്റെ അടിസ്ഥാനത്തിൽതന്നെ.

49:7
  • وَٱعْلَمُوٓا۟ أَنَّ فِيكُمْ رَسُولَ ٱللَّهِ ۚ لَوْ يُطِيعُكُمْ فِى كَثِيرٍ مِّنَ ٱلْأَمْرِ لَعَنِتُّمْ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَيْكُمُ ٱلْإِيمَـٰنَ وَزَيَّنَهُۥ فِى قُلُوبِكُمْ وَكَرَّهَ إِلَيْكُمُ ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ ۚ أُو۟لَـٰٓئِكَ هُمُ ٱلرَّٰشِدُونَ ﴾٧﴿
  • അല്ലാഹുവിന്റെ റസൂൽ നിങ്ങളിൽ ഉണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കിൽ നിങ്ങൾ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങൾക്കു ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളിൽ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും, ദുർന്നടപ്പും, അനുസരണക്കേടും അവൻ നിങ്ങൾക്കു വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള) അക്കൂട്ടർതന്നെയാണു തന്റേടമുള്ളവർ [സന്മാർഗ്ഗികൾ];-
  • وَاعْلَمُوا നിങ്ങൾ അറിയുക أنّ فيكُمْ നിങ്ങളിലുണ്ടെന്നു رَسُولَ اللهِ അല്ലാഹുവിന്റെ റസൂൽ لَوْ يُطِيعُكُمْ അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ في كَثِيرٍ പലതിലും, مِنَ الأمْرِ കാര്യത്തിൽനിന്നു لَعَنِتُّمْ നിങ്ങൾ വിഷമിക്കുമായിരുന്നു, കഷ്ടപ്പെട്ടിരുന്നു وَلَٰكنَّ اللهَ എങ്കിലും അല്ലാഹു حَبَّبَ إلَيْكُمُ നിങ്ങൾക്കു ഇഷ്ടപ്പെടുത്തിത്തന്നിരിക്കുന്നു ٱلْإِيمَٰنَ സത്യവിശ്വാസം وَزَيَّنَهُ അതിനെ അലങ്കാരമാക്കുകയും ചെയ്തു في قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിൽ وَكَرَّهَ إلَيْكُمُ നിങ്ങൾക്കവൻ വെറുപ്പാക്കുകയും ചെയ്തു الكُفرَ അവിശ്വാസം وَالفُسُوقَ ദുർമ്മാർഗ്ഗവും, ദുർന്നടപ്പും, തോന്നിയവാസവും وَالعِصْيَانَ അനുസരണക്കേടും أُولَٰئِكَ هُمُ അക്കൂട്ടർ തന്നെയാണ്, الرّاشِدُون തന്റേടമുള്ളവർ, നേർമ്മാര്‍ഗ്ഗികൾ
49:8
  • فَضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٨﴿
  • അല്ലാഹുവിങ്കൽനിന്നുള്ള ദയവും, അനുഗ്രഹവുമായിട്ടത്രെ (അങ്ങിനെ ചെയ്തത്). അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു.
  • فَضْلًا ദയവായിട്ടു, ഔദാര്യമായികൊണ്ടു مِّنَ اللهِ അല്ലാഹുവിൽനിന്നുള്ള وَ نعْمَةً അനുഗ്രഹവും وَاللهُ അല്ലാഹു عَلِيمٌ അറിയുന്നവനാണ് حَكِيم അഗാധജ്ഞനാണ്, യുക്തിമാനാണ്

അല്ലാഹുവിന്റെ റസൂൽ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നിങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. നിങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതും അനുസരിക്കേണ്ടതുമുണ്ട്. നിങ്ങളുടെ നന്മ ഏതിലാണു സ്ഥിതി ചെയ്യുന്നതെന്നു നിങ്ങളെക്കാൾ അറിയുക അദ്ദേഹത്തിന്നാണ്. നേരെമറിച്ച് നിങ്ങളുടെ ഇഷ്ടത്തിനോ ആവശ്യത്തിനോ അദ്ദേഹം വഴങ്ങണമെന്നു കരുതിയാൽ അതു പലപ്പോഴും നിങ്ങൾക്കു തന്നെ ആപത്തായിത്തീർന്നേക്കുമെന്നു നിങ്ങൾ മനസ്സിലാക്കണം. സത്യവിശ്വാസത്തിൽ നിങ്ങൾക്കു പ്രേമവും, അവിശ്വാസത്തിലും ദുർന്നടപ്പിലും വെറുപ്പും ജനിപ്പിച്ചു തന്നതു അല്ലാഹുവാണ്. അതു അവന്റെ അനുഗ്രഹവും ദയവും നിമിത്തം നിങ്ങൾക്കു സിദ്ധിച്ച മഹാഭാഗ്യമത്രെ. എന്നിരിക്കെ, റസൂലിന്റെ ഹിതത്തിനും കല്‍പനക്കും എതിരായി ഒരു താൽപര്യവും നിങ്ങള്‍ക്കു ഉണ്ടായിക്കൂടാത്തതാണ് എന്നൊക്കെയാണ് അല്ലാഹു ഉണർത്തുന്നത്. وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ -المؤمنون: ٧١ (യഥാർത്ഥം അവരുടെ ഇച്ഛകളെ അനുസരിച്ചുകൊണ്ടായിരുന്നെങ്കിൽ ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. സൂ: മുഅ്‌മിനൂൻ – 71).

യഥാർത്ഥമായ സത്യവിശ്വാസം മൂന്നു ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നു: മനസ്സുകൊണ്ടുള്ള വിശ്വാസം, (تصديق بالقلب) രണ്ട്: നാവുകൊണ്ടു അതു ഏറ്റുപറയലും പ്രഖ്യാപിക്കലും (إقرار باللسان), മൂന്ന്: വിശ്വാസം പ്രകടമാക്കുന്ന പ്രവർത്തനങ്ങൾ (عمل بالأركان). ഈ മൂന്നിന്റെയും മറുവശങ്ങളാണ് അവിശ്വാസം, ദുർന്നടപ്പു, അനുസരണക്കേട് (ٱلْكُفْرَ وَٱلْفُسُوقَ وَٱلْعِصْيَانَ) എന്നിവ സൂചിപ്പിക്കുന്നത്. ഈ മൂന്നു കാര്യങ്ങളോടും വെറുപ്പുണ്ടാകുമ്പോഴാണ് സത്യവിശ്വാസം സാക്ഷാൽകൃതമാകുന്നത്. ഈ നില പ്രാപിച്ചവരാണ് തന്റേടം തികഞ്ഞവരും നേർമ്മാർഗ്ഗികളും (أُو۟لَٰٓئِكَ هُمُ ٱلرَّٰشِدُونَ). അനസ് (رضي الله عنه)  പ്രസ്താവിച്ചതായി അഹ്‌മദ്‌ (رحمه الله) നിവേദനം ചെയ്യുന്നു. ‘ഇസ്‌ലാം’ പരസ്യവും, ‘ഈമാൻ’ ഹൃദയത്തിലുമാകുന്നു എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയാറുണ്ടായിരുന്നു. പിന്നീടു നെഞ്ചിലേക്കു ചൂണ്ടിക്കൊണ്ടു ‘തഖ്‌വാ’ ഇവിടെയാണു എന്നു മൂന്നു പ്രാവശ്യം പറയുകയും ചെയ്തിരുന്നു. 15-ാം വചനത്തിൽ കൂടുതൽ വിവരം കാണാം. إن شاء اللّه.

അടുത്ത വചനങ്ങളിൽ സത്യവിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന പല സാമൂഹ്യമര്യാദകളും വിവരിക്കുന്നു:-

49:9
  • وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴾٩﴿
  • സത്യവിശ്വാസികളിൽനിന്നുള്ള രണ്ടു വിഭാഗങ്ങൾ പരസ്പരം സമരത്തിലായാൽ, നിങ്ങൾ അവതമ്മിൽ (യോജിപ്പിച്ചു) നന്നാക്കുവിൻ. എന്നിട്ടു, അവയിലൊന്നു മറ്റേതിന്റെമേൽ അതിക്രമം നടത്തിയെങ്കിൽ, അതിക്രമം നടത്തുന്ന വിഭാഗം അല്ലാഹുവിന്റെ ആജ്ഞയിലേക്കു മടങ്ങി [ഒതുങ്ങി] വരുന്നതുവരെ നിങ്ങൾ അതിനോടു സമരം നടത്തുവിൻ. അങ്ങനെ, അതു മടങ്ങിയെങ്കിൽ, അപ്പോൾ അവ രണ്ടിനുമിടയിൽ നീതിയനുസരിച്ച് നന്നാക്കിത്തീർക്കുവിൻ; നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യണം. നിശ്ചയമായും നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
  • وَإن എങ്കിൽ, പക്ഷം, طائِفَتَان രണ്ടു വിഭാഗങ്ങൾ, مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽ നിന്ന്, اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ), فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ, بَيْنَهُمَا അവ രണ്ടും തമ്മിൽ, فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ, إحْداهُمَا ആ രണ്ടിലൊന്ന്, على الأُخْرَى മറ്റേതിന്റെ മേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ, الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോട്, حَتَّى تَفِيئَ അത് മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്നത് വരെ, إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്ക്, فَإن فَاءتْ ഇനി അത് മടങ്ങിയാൽ, فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാകുവിൻ, بَيْنَهُمَا രണ്ടിനുമിടയിൽ, بِالعَدْلِ നീതിയനുസരിച്ചു, وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ, إنَّ اللهَ നിശ്ചയമായും അല്ലാഹു, يُحِبُّ ഇഷ്ടപ്പെടുന്നു,സ്നേഹിക്കും, المُقْسِطِين നീതിമുറ പാലിക്കുന്നവരെ

وَإن എങ്കിൽ,….പക്ഷം طائِفَتَان രണ്ടുവിഭാഗങ്ങൾ مِنَ المُؤْمِنِينَ സത്യവിശ്വാസികളിൽനിന്നു اقْتَتَلُوا അവർ സമരം (യുദ്ധം, കൊല, ശണ്ഠ) ചെയ്തു (വെങ്കിൽ) فَأصْلِحُوا എന്നാൽ നിങ്ങൾ നന്നാക്കുവിൻ, സന്ധിയാക്കുവിൻ بَيْنَهُمَا അവ രണ്ടുംതമ്മിൽ فَإن بَغَتْ എന്നിട്ടു അതിക്രമം നടത്തിയെങ്കിൽ, ധിക്കാരം ചെയ്താൽ إحْداهُمَا ആ രണ്ടിലൊന്നു على الأُخْرَى മറ്റേതിന്റെമേൽ, فَقَاتِلوا എന്നാൽ നിങ്ങൾ സമരം നടത്തുവിൻ الَّتِي تَبْغِي അതിക്രമം (ധിക്കാരം) ചെയ്യുന്നതിനോടു حَتَّى تَفِيئَ അതു മടങ്ങി (ഒതുങ്ങി, അടങ്ങി) വരുന്ന വരെ إلَى أمْرِ اللهِ അല്ലാഹുവിന്റെ ആജ്ഞ (കൽപന)യിലേക്കു فَإن فَاءتْ ഇനി അത് മടങ്ങിയാൽ فَأصْلِحُوا അപ്പോൾ നിങ്ങൾ നന്നാക്കുവിൻ بَيْنَهُمَا രണ്ടിനുമിടയിൽ بِالعَدْلِ നീതിയനുസരിച്ചു وَأقْسِطُوا നിങ്ങൾ നീതിമുറ പാലിക്കുകയും ചെയ്യുവിൻ إنَّ اللهَ നിശ്ചയമായും അല്ലാഹു يُحِبُّ ഇഷ്ടപ്പെടുന്നു, സ്നേഹിക്കും المُقْسِطِين നീതിമുറ പാലിക്കുന്നവരെ

49:10
  • إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴾١٠﴿
  • നിശ്ചയമായും, സത്യവിശ്വാസികൾ സഹോദരങ്ങൾ മാത്രമാണ്. അതിനാൽ, നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ നിങ്ങൾ നന്നാക്കിക്കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക, നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കാം.
  • إِنَّمَا الْمُؤْمِنُونَ നിശ്ചയമായും സത്യവിശ്വാസികൾ إِخْوَةٌ സഹോദരങ്ങൾതന്നെ, (മാത്രമാണു) فَأَصْلِحُوا ആകെയാൽ നിങ്ങൾ നന്നാക്കുവിൻ بَيْنَ أَخَوَيْكُمْ നിങ്ങളുടെ രണ്ടു സഹോദരങ്ങൾക്കിടയിൽ وَاتَّقُوا اللَّـهَ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കയും ചെയ്യുവിൻ لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാൻ تُرْحَمُونَ കരുണ ചെയ്യപ്പെടും

രണ്ടു വിഭാഗം മുസ്‌ലിംകൾക്കിടയിൽ വഴക്കും ശണ്ഠയും കൂടുമ്പോൾ മറ്റുള്ളവർ – നേതാക്കൾ വിശേഷിച്ചും – അവർക്കിടയിൽ സന്ധിയാക്കി നന്നാക്കിത്തീർക്കുന്നതു അവരുടെ കടമയാണ്. നല്ല വാക്കു പറഞ്ഞും, സദുപദേശം നൽകിയും, അല്ലാഹുവിന്റെ വിധിവിലക്കുകളെ ഓർമ്മിപ്പിച്ചും ഇതു നിർവ്വഹിക്കാം. എത്ര പരിശ്രമിച്ചിട്ടും ഒരു വിഭാഗക്കാർ നീതിക്കും നിയതിക്കും വഴങ്ങാതെ ആക്രമം തുടരുകയാണെങ്കിൽ – അതല്ലെങ്കിൽ ഇരുവിഭാഗവും തമ്മിൽ നന്നായിപ്പിരിഞ്ഞശേഷം ഒരു വിഭാഗം വീണ്ടും അക്രമത്തിനു മുതിരുന്നപക്ഷം – നീതിനിയമങ്ങൾ അനുസരിക്കുവാൻ തയ്യാറാകുന്നതുവരെ അക്രമവിഭാഗത്തിനെതിരിൽ മറ്റുള്ളവർ പൊരുതുകയും ചെയ്യണം. അങ്ങിനെ, സത്യത്തിന്റെയും നീതിയുടെയും പക്ഷത്തിനു സഹായം നൽകണം. രണ്ടു കക്ഷികളും അവരുടെ ജയാപജയം നോക്കിക്കൊള്ളട്ടെ എന്നുവെച്ചു മൗനമവലംബിക്കുവാൻ സമുദായത്തിനു പാടില്ല. ഇങ്ങിനെ ചെയ്താൽ അക്രമത്തിന്റെ കക്ഷി സത്യത്തിനു വഴങ്ങുവാൻ നിർബന്ധിതമാകും. അപ്പോഴും ഇരുകൂട്ടർക്കുമിടയിൽ നീതിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുണ്ടാക്കി നന്നാക്കി പിരിച്ചുവിടണം. അക്രമത്തിനു മുതിർന്നതിന്റെ പേരിൽ ആ കക്ഷിക്കു നീതി നിഷേധിക്കപ്പെട്ടുകൂടാത്തതാണ്. ഏതൊരു കാര്യത്തിലും – ആരോടും – നീതിമുറ പാലിക്കുന്നതു സത്യവിശ്വാസികളുടെ കടമയത്രെ. ഏതെങ്കിലും വിധേന കക്ഷികളെ യോജിപ്പിച്ചാൽപോരാ, ഓരോ ഇടപെടലും അല്ലാഹുവിന്റെ വിധിവിലക്കുകൾക്കു യോജിച്ചതാണോ, നീതിയുക്തമാണോ എന്നുകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ളവരെ അല്ലാഹുവിനു വളരെ ഇഷ്ടമാകുന്നു.

സത്യവിശ്വാസികൾ അന്യോന്യമുള്ള ബന്ധം അഭേദ്യമാണ്. അതെ, അവർ സഹോദരൻമാരാണ്, ജ്യേഷ്ഠാനുജൻമാരാണ്. ഒരേ സൃഷ്ടാവിൽ, ഒരേ രക്ഷിതാവിൽ, ഒരേ ആദർശത്തിൽ, ഒരേ നിയമസംഹിതയിൽ വിശ്വസിക്കുന്നവരാണവർ. അവരുടെ വിചാരവികാരങ്ങളും, ഉദ്ദേശ്യലക്ഷ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഒന്നാണ് – ഒന്നായിരിക്കണം. അതുകൊണ്ടു ആ കുടുംബസമൂഹത്തിൽ ഉൾപ്പെട്ട രണ്ടു സഹോദരങ്ങൾ തമ്മിൽ വഴക്കും വക്കാണവും ഉണ്ടായിക്കൂടാ. വല്ലതും ഉണ്ടായിക്കഴിഞ്ഞാൽ, മറ്റുള്ളവർ അവരെ തമ്മിൽ ഒത്തിണക്കി യോജിപ്പിക്കൽ അവരുടെ ഒഴിച്ചുകൂടാത്ത കടമയുമാണ്. കടമ മാത്രമല്ല, സമുദായത്തിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കും അനുപേക്ഷണീയുവുമാണത്. പക്ഷേ, ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ നിലയോ?! തുച്ഛമായ കാരണങ്ങളെച്ചൊല്ലി വ്യക്തികൾ തമ്മിലും, സംഘങ്ങൾ തമ്മിലും, സംഘടനകൾ തമ്മിലും ഛിദ്രിക്കുന്നു! കലഹിക്കുന്നു! തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുവാനും, നല്ല നിലയിൽ യോജിപ്പിക്കുവാനും ശ്രമിക്കുന്നതിനു പകരം ഛിദ്രം മൂർച്ഛിപ്പിക്കുവാനാണ് ഇന്നു കൂടുതൽ ആളെ കാണുന്നത്. ശത്രുക്കൾ ഈ തക്കം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു! അല്ലാഹുവിൽ ശരണം!

അനസ് (رضي الله عنه) പ്രസ്താവിക്കുന്നു:- നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: “നിന്റെ സഹോദരനെ അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും നീ സഹായിക്കുക.” ഞാൻ ചോദിച്ചു: ‘റസൂലേ, ഇതാ, അക്രമിക്കപ്പെട്ടവനായിരിക്കെ എനിക്കവനെ സഹായിക്കാം. എന്നാൽ, അവൻ അക്രമിയായിരിക്കെ ഞാൻ എങ്ങിനെ അവനെ സഹായിക്കും?’ തിരുമേനി പറഞ്ഞു: ‘നീ അവനെ അക്രമത്തിൽ നിന്നു തടയണം. അതാണ് നീ അവനു ചെയ്യുന്ന സഹായം’. (ബു.) മറ്റൊരു ഹദീസിൽ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നീതിപാലകന്മാരായ ആളുകൾ അല്ലാഹുവിന്റെ അടുക്കൽ പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും. അതായതു, തങ്ങളുടെ സ്വന്തക്കാരുടെ കാര്യത്തിലും, തങ്ങൾക്കു അധികാരം നല്കപ്പെട്ടിട്ടുള്ള വിഷയത്തിലും വിധി കല്പിക്കുന്നതിൽ നീതി പ്രവർത്തിക്കുന്ന ആളുകൾ.’ (മു.). മുസ്ലിംകൾ തമ്മിലുള്ള സാഹോദര്യബന്ധത്തെ വിശദീകരിക്കുന്ന നബിവചനകൾ ധരാളം ഇവിടെ ഉദ്ധരിക്കുവാനുണ്ട്. ഒന്നു രണ്ടു വചനങ്ങളെങ്കിലും ഈ സന്ദർഭത്തിൽ നാം ഓർമ്മിക്കുക:-

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു:-

1). “നിങ്ങൾ പരസ്പരം അസൂയപ്പെടരുത്, അന്യോന്യം (മത്സരിച്ച് ചരക്കുകൾക്കു) വില കയറ്റരുതു. അന്യോന്യം ഈർഷ്യത വെക്കരുതു, അന്യോന്യം (സഹായിക്കാതെ) പിന്മാറിപ്പോകരുതു്. ചിലർ ചിലരുടെ കച്ചവടത്തിനുമീതെ (അതു നിലവിലിരിക്കെ) കച്ചവടം നടത്തരുത്. അല്ലാഹുവിന്റെ അടിയാന്മാരേ, നിങ്ങൾ സഹോദരന്മാരായിരിക്കുവിൻ! മുസ്ലിം, മുസ്ലിമിന്റെ സഹോദരനാണ്. അവൻ അവനെ അക്രമിക്കുകയില്ല, അവനെ കൈവെടിയുകയില്ല, അവനെ അവഗണിക്കുകയില്ല. (നെഞ്ചിലേക്കു ചൂണ്ടികാട്ടിക്കൊണ്ടു) ‘തഖ്‌വാ’ (ഭയഭക്തി) ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്; ‘തഖ്‌വാ’ ഇവിടെയാണ്. ഒരു മനുഷ്യൻ അവന്റെ മുസ്ലിം സഹോദരനെ അവഗണിക്കുന്നതുതന്നെ മതി, അവനു ആപത്തിനു! (കൂടുതലൊന്നും വേണ്ടാ) മുസ്ലിമിന്റെ സർവ്വസ്വവും മുസ്ലിമിനു ‘ഹറാം‘ (നിഷിദ്ധം) ആകുന്നു. അതെ, അവന്റെ രക്തവും, അവന്റെ ധനവും, അവന്റെ മാനവും. (മു.)

2). ‘നിങ്ങളിൽ ഒരാൾ തന്റെ ദേഹത്തിനു എന്തു ഇഷ്ടപ്പെടുന്നുവോ അതു തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ അവൻ സത്യവിശ്വാസിയാവുകയില്ല.’ (ബു, മു.)

അൽപം ആലോചിച്ചുനോക്കിയാൽ, മുസ്ലിംകളുടെ സാമുദായികവും, സാമൂഹ്യവുമായ കടമകളെല്ലാം ഉൾകൊള്ളുന്നതാണ് ഈ ഹദീസ് എന്നു കാണാം.

‘രണ്ടു വിഭാഗങ്ങൾ സമരത്തിലായാൽ’ (وَإِن طَآئِفَتَانِ الخ) എന്നു പറഞ്ഞിരിക്കകൊണ്ടു ഓരോ വശത്തും ഒന്നിലധികം ആളുകളുണ്ടാകുമ്പോൾ മാത്രമേ അവർ തമ്മിൽ നന്നാക്കുവാൻ ശ്രമിക്കേണ്ടതുള്ളൂ എന്നർത്ഥമില്ല. രണ്ടു വ്യക്തികൾ തമ്മിൽ ശണ്ഠകൂടിയാലും ഈ കല്പന ബാധകം തന്നെ. ഇമാം ബുഖാരി (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, തൊട്ടടുത്തവചനത്തിൽ ‘നിങ്ങളുടെ രണ്ടു സഹോദരന്മാർക്കിടയിൽ നിങ്ങൾ നന്നാക്കുവിൻ’ (فَأَصْلِحُوا بَيْنَ أَخَوَيْكُمْ) എന്നു പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇതു വ്യക്തമാണ്. സത്യവിശ്വാസികളുടെ സൽക്കർമ്മങ്ങൾ മുഖേന സത്യവിശ്വാസം ശക്തിപ്പെടുകയും, ദുഷ്കർമ്മങ്ങൾ മുഖേന അതു ക്ഷയിച്ചു പോകുകയും ചെയുന്നു. പക്ഷേ ‘കുഫ്‌റോ, ശിർക്കോ’ (അവിശ്വാസമോ ബഹുദൈവവിശ്വാസമോ) അല്ലാത്ത ഏതെങ്കിലും പാപം ചെയ്തതിന്റെ പേരിൽ ഒരാളെപ്പറ്റി – ചില തൽപരകക്ഷികൾ പറയുന്നതുപോലെ – അയാൾ ഇസ്‌ലാമിനു പുറത്തു പോയെന്നോ, അവിശ്വാസിയാണെന്നോ പറയുവാൻ പാടില്ലെന്നും ഈ വചനങ്ങളിൽനിന്നും മനസിലാക്കാം. പരസ്പരം കൊലവരെയുള്ള സമരം നടത്തുന്ന രണ്ടു വിഭാഗക്കാർക്കിടയിൽ നന്നാക്കണമെന്നു പറഞ്ഞപ്പോൾ, രണ്ടു കൂട്ടരെയും ‘സത്യവിശ്വാസികളിൽപെട്ടവർ’ (مِنَ الْمُؤْمِنِينَ) എന്നാണല്ലോ അല്ലാഹു വിശേഷിപ്പിച്ചത്. തുടർന്നുകൊണ്ട് അവർ സഹോദരങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.