നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിവാഹങ്ങള്‍:-

ഇസ്ലാമിന്‍റെ വൈരികള്‍, അതിന്‍റെയും, അന്ത്യപ്രവാചകരായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും പേരില്‍ പല ആക്ഷേപങ്ങളും അപവാദങ്ങളും ഇറക്കുമതി ചെയ്യുക പതിവാണ്. അക്കൂട്ടത്തില്‍ ഒന്നത്രെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവാഹങ്ങളും. മുസ്‌ലിംകള്‍ക്കു കവിഞ്ഞ പക്ഷം നാലു ഭാര്യമാരെ സ്വീകരിക്കുവാനേ പാടുള്ളു. (*). അതേ സമയത്തു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചരമം പ്രാപിക്കുമ്പോള്‍ അവിടുത്തേക്കു ഒമ്പതു ഭാര്യമാരുണ്ടായിരുന്നു. അപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരു പെണ്‍മോഹിയും,കാമാസക്തനും ആയിരുന്നുവെന്നാണ് ഇവരുടെ ആക്ഷേപത്തിന്‍റെയും അപവാദത്തിന്‍റെയും ആകെത്തുക. പണ്ഡിതോചിതവും, വസ്തുനിഷ്ഠവുമായ എത്രയോ മറുപടികള്‍ പലരാലും ഇതിനു നല്‍കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പക്ഷെ, അതൊന്നും ചെവിക്കൊള്ളുവാന്‍ അവരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ അവരെ അനുവദിക്കാറില്ല. പ്രവാചകന്‍മാരുടെ സ്ഥാനപദവികളും, സമുദായവും അവരും തമ്മിലുള്ള കെട്ടുപാടും മറ്റും മനസ്സിലാക്കുകയും, വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കേ ആ മറുപടികള്‍ ഫലപ്രദമാകുകയുള്ളു. ഈ വിഷയകമായി – ഈ സൂറത്തിലും, മറ്റു പലേടങ്ങളിലും – വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകള്‍ പരിശോധിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഓരോ വിവാഹവും നടന്ന പരിതസ്ഥിതികള്‍ ഗ്രഹിക്കുകയും ചെയ്യുന്നപക്ഷം ആര്‍ക്കും ഇവിടെ യാതൊരു ആക്ഷേപത്തിനും, ആശയക്കുഴപ്പത്തിനും വഴിയില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിവാഹങ്ങളെക്കുറിച്ച് ഒരു ചുരുങ്ങിയ വിവരണം നല്‍കുക മാത്രമാണ് ഈ കുറിപ്പിന്‍റെ ഉദ്ദേശ്യം.


(*). നാലു ഭാര്യമാര്‍വരെ വേണ്ടിവന്നാല്‍ ഒരാള്‍ക്കു വിവാഹം ചെയ്യാമെന്ന ഇസ്‌ലാമിക നിയമത്തെക്കുറിച്ചും ഇസ്ലാമിന്‍റെ വൈരികള്‍ക്കും, യുക്തിവാദക്കാര്‍ക്കും ആക്ഷേപമില്ലാതില്ല. ഇതു സംബന്ധിച്ച് സൂ: നിസാഇല്‍ വെച്ച് നാം പരാമര്‍ശിച്ചിട്ടുണ്ട്.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഒന്നാമത്തെ വിവാഹം:-

ഖദീജഃ (رضي الله عنها) യുടെ വിവാഹമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒന്നാമത്തെ വിവാഹം. അന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു 25 വയസ്സ് പ്രായമാണ്. ദാമ്പത്യജീവിതത്തില്‍ പ്രവേശിക്കുവാന്‍ വളരെ ഉപയുക്തമായ പ്രായംതന്നെ. എന്നാല്‍, ഖദീജഃ (رضي الله عنها) യാകട്ടെ, മുമ്പ് രണ്ടു വിവാഹം കഴിയുകയും, 40 വയസ്സെത്തി വയോധികയായിത്തീരുകയും ചെയ്തിരിക്കുന്നു. അബ്ദുല്‍മുത്ത്വലിബിന്‍റെ പൗത്രനായ മുഹമ്മദിന്‍റെ സവിശേഷസ്വഭാവങ്ങളും, അദ്ദേഹത്തിന്‍റെ ഭാവിയെക്കുറിച്ചുള്ള സല്‍പ്രതീക്ഷകളും ആ മഹതിയെ ആകര്‍ഷിച്ചു. ഖുറൈശികളില്‍ തനിക്കുള്ള കീര്‍ത്തിസ്ഥാനങ്ങളോ, തന്‍റെ ധനാധിക്യമോ, അല്ലെങ്കില്‍ മുഹമ്മദിന്‍റെ അനാഥാവസ്ഥയോ, ദാരിദ്ര്യമോ – ഒന്നും തന്നെ – ആ മഹതി പരിഗണിച്ചില്ല. ഖദീജഃ (رضي الله عنها) യുടെ അഭിലാഷമനുസരിച്ചു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പിതൃവ്യന്‍ അബൂത്വാലിബ് മുഖാന്തരം ആ വിവാഹം നടന്നു. 25 കാരനായ യുവാവും, 40 കാരിയായ വയോധികയും തമ്മിലുള്ള ആ വിവാഹബന്ധം 25 വര്‍ഷം നിലനിന്നു. ഇതിന്നിടയ്ക്കു എന്തെങ്കിലും പൊരുത്തക്കേടോ, സ്വരച്ചേര്‍ച്ചയില്ലായ്മയോ അവര്‍ക്കിടയില്‍ ഉണ്ടായില്ല. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറ്റൊരു വിവാഹാലോചന നടത്തുകയും ഉണ്ടായിട്ടില്ല. വേണമെങ്കില്‍ അതിനു യാതൊരു തടസ്സവും ഉണ്ടായിരുന്നില്ലതാനും. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഏഴു മക്കളില്‍, ഇബ്രാഹീം എന്ന മകന്‍ ഒഴിച്ചു ബാക്കി എല്ലാവരും ഈ വിവാഹത്തില്‍ ജനിച്ചവരത്രെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ സന്താനപരമ്പര ശേഷിച്ചതും അവരില്‍ നിന്നുതന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സന്തോഷസന്താപങ്ങളിലും, പ്രബോധനകൃത്യങ്ങളിലുമെല്ലാം ഖദീജഃ (رضي الله عنها) വഹിച്ച പങ്കു ചരിത്രപ്രസിദ്ധമാണ്. അവര്‍ ചരമം പ്രാപിച്ച കൊല്ലത്തിനു ‘ദുഃഖവര്‍ഷം’ (عام الحزن) എന്നുപോലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പേരിട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ വിയോഗംവരെയും അവരെക്കുറിച്ചുള്ള പ്രശംസകളും, അനുസ്മരണകളും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ പ്രകടമായിരുന്നു.

ആയിശഃ (رضي الله عنها) പറയുകയാണ്‌: ‘എനിക്കു ഖദീജഃ (رضي الله عنها) യുടെ പേരില്‍ തോന്നിയ അത്ര വിഷമം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറ്റു ഭാര്യമാരുടെ നേരെയൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഖദീജഃ(റ)യെ കണ്ടിട്ടുപോലുമില്ല. പക്ഷേ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെക്കുറിച്ച് ധാരാളം പ്രസ്താവിച്ചുകൊണ്ടിരിക്കും. ചിലപ്പോള്‍ ഒരു ആട്ടിനെ അറുത്താല്‍, അതു ക്ഷണിച്ച് ഖദീജഃ (رضي الله عنها) യുടെ തോഴിമാര്‍ക്ക് അയച്ചുകൊടുക്കും. അങ്ങനെ ഞാന്‍ പറഞ്ഞേക്കും: ഇഹലോകത്തു ഖദീജഃ (رضي الله عنها) യല്ലാതെ വേറെ പെണ്ണില്ലെന്നു തോന്നുന്നു! അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറയും: ‘അതെ, അവര്‍ അങ്ങിനെയായിരുന്നു, ഇങ്ങിനെയായിരുന്നു, എനിക്കു അവരില്‍നിന്നാണ് സന്താനങ്ങളുണ്ടായത് എന്നൊക്കെ’. (ബു; മു). ഒന്നാമതായി ഇസ്‌ലാമില്‍ വിശ്വസിച്ചതും ഖദീജഃ (رضي الله عنها) യാണെന്നാണ് പല ചരിത്രകാരന്‍മാരുടെയും അഭിപ്രായം.

ഇതെല്ലാം മുന്നില്‍വെച്ചുകൊണ്ടു ആലോചിച്ചാല്‍, ഖദീജഃ (رضي الله عنها) യുടെ കാലശേഷം – 53 വയസ്സു പ്രായമെത്തിയ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) – വേറെ വിവാഹം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉദ്ദേശ്യം, ദാമ്പത്യജീവിതം അനുഭവിക്കലായിരിക്കയില്ല എന്നു കാണുവാന്‍ വലിയ ബുദ്ധിശക്തിയൊന്നും ആവശ്യമില്ല. പക്ഷെ, തുറന്ന മനസ്ഥിതിയും, നിഷ്പക്ഷ വീക്ഷണഗതിയും ഇല്ലാത്തവര്‍ക്കു അത് കാണാന്‍ കഴിഞ്ഞെന്നു വരികയില്ല ഖദീജഃ (رضي الله عنها) യുടെ ശേഷം നടന്നിട്ടുള്ള വിവാഹങ്ങള്‍ക്കുള്ള കാരണങ്ങളെ സാമാന്യമായി ആദ്യം നമുക്കൊന്നു പരിചയപ്പെടാം:-


മറ്റു വിവാഹങ്ങള്‍ക്കു പൊതുവിലുള്ള കാരണങ്ങള്‍:-

സൂ: അഹ്സാബിലെ 50, 51, 52 വചനങ്ങളിലെ ഉള്ളടക്കം മനസ്സിലാക്കുകയും, അല്ലാഹുവിലും, നബിയിലും, ഖുര്‍ആനിലും വിശ്വസിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കുംതന്നെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചതിനെക്കുറിച്ചു എന്തെങ്കിലും ആശയക്കുഴപ്പം തോന്നുവാനില്ല. അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് സ്പഷ്ടമായ ഭാഷയില്‍ – അനുവദിച്ചുകൊടുത്തതല്ലാതെ അവിടുന്നു യാതൊന്നും ചെയ്തിട്ടില്ലെന്നു തീര്‍ത്തുപറയാം. അല്ലാഹു അനുവദിച്ച വിഷയത്തില്‍ ചോദ്യം ചെയ്‌വാന്‍ മറ്റാര്‍ക്കും യാതൊരധികാരവും, അവകാശവുമില്ല. അവന്‍റെ അനുവാദത്തില്‍ അടങ്ങിയ യുക്തിരഹസ്യങ്ങളെ – അവ മുഴുവനും മനസ്സിലാക്കുക നമുക്കു സാധ്യമല്ല ആരായുക മാത്രമേ നാം ചെയ്യേണ്ടതുള്ളു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യേകമായി കൂടുതല്‍ ഭാര്യമാരെ അനുവദിച്ചതില്‍ അടങ്ങിയ ചില രഹസ്യങ്ങള്‍ താഴെ പറയുന്നവയാകുന്നു:-

1). കേവലം ചില വിശ്വാസാചാരങ്ങള്‍ മാത്രം അടങ്ങിയ മതമല്ല ഇസ്‌ലാം. മനുഷ്യജീവിതത്തിന്‍റെ സകലവശങ്ങളെയും സ്പര്‍ശിക്കുന്ന അതിവിശാലവും, വിപുലവുമായ ഒരു നിയമസംഹിതയത്രെ ഇസ്‌ലാം. അതിന്‍റെ പ്രായോഗിക മാതൃകയാകട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ജീവിതചര്യയുമാകുന്നു. അവിടുത്തെ ദൗത്യമാണെങ്കില്‍, കാലദേശവ്യത്യാസം കൂടാതെ ലോകാവസാനം വരേക്കുള്ളതും. മനുഷ്യവര്‍ഗ്ഗത്തിന്‍റെ പകുതിഭാഗമോ, അതിലധികം തന്നെയോ വരുന്ന സ്ത്രീവിഭാഗത്തെ പ്രത്യേകം സ്പര്‍ശിക്കുന്ന നിയമനിര്‍ദ്ദേശങ്ങളും, നടപടിക്രമങ്ങളും ഇസ്ലാമിലുണ്ട്. വൈവാഹികം, ഗാര്‍ഹികം തുടങ്ങിയ ജീവിതവശങ്ങളിലും, കോടിക്കണക്കായ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെയാണ്. സ്ത്രീകള്‍ – അതെ, ഭാര്യമാര്‍ – വഴിയല്ലാതെ അറിയുവാനും അറിയിക്കപ്പെടുവാനും സൗകര്യമില്ലാത്ത പലതും ഇതില്‍ ഉള്‍പ്പെടുമെന്നു പറയേണ്ടതില്ല. ഇത്തരം വിഷയങ്ങളില്‍ മാത്രമല്ല, ശാഖാപരമായ ഇതര തുറകളിലുള്ള എത്രയോ മതനിയമങ്ങളും സമുദായത്തിന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ – വിശേഷിച്ചും ആയിശഃ (رضي الله عنها) – മുഖാന്തരം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നതു അനിഷേധ്യമത്രെ.

മുശ്‌രിക്കുകളില്‍ പെട്ട ഒരാള്‍ പരിഹാസപൂര്‍വ്വം ഇങ്ങിനെ പറയുകയുണ്ടായി: ‘നിങ്ങളുടെ ആള്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) – നിങ്ങള്‍ക്കു മലമൂത്രവിസര്‍ജ്ജനം ചെയ്‌വാന്‍പോലും പഠിപ്പിച്ചു തരുന്നതായി കാണുന്നുവല്ലോ!’ ഇതുകേട്ട് സല്‍മാന്‍ (رضي الله عنه) അഭിമാനത്തോടെ പറഞ്ഞു: ‘അതെ, (മലമൂത്ര വേളയില്‍) ഖിബ്‌ലക്കു തിരിഞ്ഞിരിക്കരുത്, വലത്തേ കൈകൊണ്ടു ശുദ്ധം ചെയ്യരുത്, (കല്ലുകൊണ്ടു ശുദ്ധം ചെയ്യുമ്പോള്‍) മൂന്നു കല്ലില്‍ കുറഞ്ഞു മതിയാക്കരുത്, അതില്‍ കാഷ്ടവും എല്ലും ഉണ്ടാവരുത് എന്നൊക്കെ അദ്ദേഹം ഞങ്ങളോടു കല്‍പിച്ചിട്ടുണ്ട്. (അ; മു). ഇത്ര ചെറിയ സംഗതികളില്‍പോലും സമുദായത്തിന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു മാതൃകയും, നിര്‍ദ്ദേശങ്ങളും ലഭിക്കേണ്ടതുണ്ട് എന്നു സാരം. ഇപ്പറഞ്ഞവ പുരുഷന്‍മാര്‍ മുഖാന്തരം അന്യോന്യം അറിയാവുന്നതാണെങ്കിലും, ഇതുപോലെയുള്ള മറ്റു ചില കാര്യങ്ങള്‍ സ്ത്രീകള്‍ മുഖാന്തരം അറിയേണ്ടിയിരിക്കുന്നു. ഋതുകാലങ്ങളില്‍ വീട്ടുകാര്യങ്ങളിലും, ഭര്‍ത്താക്കളുടെ കാര്യത്തിലുമെല്ലാം സ്ത്രീകള്‍ പെരുമാറേണ്ടതെങ്ങിനെ? അതില്‍നിന്നു വിരമിക്കുമ്പോള്‍ ശുദ്ധീകരിക്കേണ്ടതെങ്ങിനെ? ആദിയായ പലതും ഇതിനു ഉദാഹരണങ്ങളാണ്. അപ്പോള്‍, ഇങ്ങിനെയുള്ള മഹത്തായ പല ആവശ്യങ്ങളും നിറവേറുവാനെന്ന ലക്ഷ്യത്തെ മുന്‍നിറുത്തി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നിലധികം വിവാഹം ചെയ്യേണ്ടതുണ്ടെന്നു ഊഹിക്കുവാന്‍ പ്രയാസമില്ല.

2). പ്രവാചകത്വം സിദ്ധിച്ചതിനുശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മക്കായിലായിരുന്ന ആദ്യഘട്ടത്തില്‍, അവിടുത്തെ പ്രബോധനവിഷയം പ്രധാനമായും ഇസ്ലാമിന്‍റെ മൗലിക സിദ്ധാന്തങ്ങളായിരുന്നു. അതിന്‍റെ പ്രചാരണത്തില്‍ സ്ത്രീപുരുഷഭേദമന്യെ എല്ലാ മുസ്‌ലിംകളും അവരുടെ കഴിവു വിനിയോഗിച്ചിരുന്നു. പിന്നീടു – മദീനായില്‍ വന്നതുമുതല്‍ – അവയ്ക്ക്പുറമെ അനുഷ്ഠാനപരവും കര്‍മ്മപരവുമായ വിശദ നിയമനിര്‍ദ്ദേശങ്ങളും പ്രബോധന വിഷയങ്ങളായിത്തീര്‍ന്നു. മതകാര്യങ്ങള്‍ പഠിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഇന്നത്തെപ്പോലെയുള്ള സ്ഥാപനങ്ങള്‍ അന്നില്ലല്ലോ. അന്നുണ്ടായിരുന്ന ഏക മതവിദ്യാലയം മദീനാ പള്ളിയുടെ കോലായയായിരുന്നു. കേവലം ദരിദ്രരും, പാര്‍പ്പിടം പോലുമില്ലാത്തവരുമായിരുന്ന ചില പാവങ്ങള്‍ – അതെ, മുസ്‌ലിം ലോകത്തിന്‍റെ ഉത്തമ നേതാക്കളും സത്യവിശ്വാസികളുടെ മാതൃകപുരുഷന്‍മാരുമായ അബൂഹുറൈറ (رضي الله عنه), അമ്മാര്‍ (رضي الله عنه), ബിലാല്‍ (رضي الله عنه), സ്വുഹൈബ് (رضي الله عنه), സല്‍മാന്‍ (رضي الله عنه) മുതലായ മഹാന്‍മാര്‍ ആയിരുന്നു ആ ഏക ഉന്നത വിദ്യാലയത്തിലെ സാധാരണ അദ്ധ്യാപകന്‍മാര്‍. ഇതേ സമയത്തു മുസ്‌ലിം വനിതകള്‍ക്കായി നടത്തപ്പെട്ടിരുന്ന ചില സ്വകാര്യ വനിതാ വിദ്യാലയങ്ങളും മദീനായിലുണ്ടായിരുന്നുതാനും. മദീനാ പള്ളിയുടെ പരിസരങ്ങളില്‍ അങ്ങിങ്ങായി കാണപ്പെട്ടിരുന്ന ചെറ്റകുടിലുകളായിരുന്നു അത്. അതെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഭാര്യമാരും, സത്യവിശ്വാസികളുടെ മാതാക്കളും വസിച്ചിരുന്നതു അവയിലായിരുന്നു. അവര്‍ ഓരോരുത്തരും അതതിലെ അദ്ധ്യാപികകളായിരുന്നു. ഇവരില്‍ ചിലരെല്ലാം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നാമമാത്ര ഭാര്യയായിരിക്കുകയെന്ന ഭാഗ്യംകൊണ്ടു തൃപ്തിപ്പെട്ട് ഇസ്‌ലാം മതപഠനത്തിനും, അതിന്‍റെ പ്രചരണത്തിനും, സേവനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു. (സൂ: അഹ്സാബിലെ 28-34 വചനങ്ങളും അവയുടെ വ്യാഖ്യാനവും പരിശോധിച്ചാല്‍ ഈ വസ്തുത ശരിക്കും മനസ്സിലാകും). ഖലീഫാ അബൂബക്കര്‍ (رضي الله عنه), ഉമര്‍ (رضي الله عنه) മുതലായ പല പ്രഗല്‍ഭ സഹാബികളും തങ്ങള്‍ക്കു നേരിടുന്ന എത്രയോ സംശയങ്ങള്‍ക്കു നിവാരണം കണ്ടെത്തുവാന്‍ തങ്ങളുടെ മാതാക്കളെ – അതെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യമാരെ – സമീപിക്കുകയായിരുന്നു ചെയ്തിരുന്നത്. ഹദീസുഗ്രന്ഥങ്ങളും, ചരിത്രഗ്രന്ഥങ്ങളും കണ്ണുതുറന്നു പരിശോധിച്ചാല്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം.

3). ഇസ്ലാമിന്‍റെയും, മുസ്ലിംകളുടെയും നേരെ അറബിഗോത്രങ്ങള്‍ സ്വീകരിച്ചുവന്ന ശത്രുതയും, അക്രമമര്‍ദ്ദനങ്ങളും, യുദ്ധസംരംഭങ്ങളും വിസ്മരിക്കേണ്ടതില്ല. ഈ അവസരത്തില്‍, പ്രധാന അറബിഗോത്രങ്ങളുമായി വൈവാഹികബന്ധം ഉണ്ടായിത്തീരുന്നതു പല നിലക്കും ഉപകരിക്കുമായിരുന്നു. ഇന്നത്തെപ്പോലെ – വിശേഷിച്ചും നമ്മുടെ നാടുകളിലെപ്പോലെ – കുടുംബബന്ധത്തിനും വൈവാഹികബന്ധത്തിനും വില കല്‍പിക്കപ്പെടാത്ത സമ്പ്രദായമല്ലായിരുന്നു അറബികളിലുള്ളത്. ഒരു ഗോത്രത്തിലെ ഒരു വീട്ടുകാര്‍ക്കു വിവാഹബന്ധം ഉണ്ടായിക്കഴിഞ്ഞാല്‍ ആ ഗോത്രത്തിലെ ആയിരക്കണക്കിലോ, അതിലധികമോ വരുന്ന വീട്ടുകാരെല്ലാം തന്നെ – അവരുടെ ശാഖോപശാഖാവംശങ്ങള്‍ സഹിതം – പരസ്പരം സ്നേഹത്തിലും, സഖ്യത്തിലും വര്‍ത്തിക്കുവാന്‍ അതു കാരണമാകുമായിരുന്നു. പല ഗോത്രങ്ങളില്‍നിന്നായുള്ള തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവാഹങ്ങള്‍ ചിലപ്പോള്‍ ശത്രുക്കളുടെ ആഞ്ഞേറ്റം തടയുവാനും, ശത്രുതക്കു ലാഘവം വരുത്തുവാനും വളരെ അധികം സഹായകമായിട്ടുണ്ട്. ഓരോന്നും ഉദാഹരണസഹിതം വിശദീകരിക്കുന്നപക്ഷം ഈ കുറിപ്പു വളരെ ദീര്‍ഘിച്ചുപോകും. ഓരോ ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചു താഴെ പ്രത്യേകം പ്രസ്താവിക്കുന്നതില്‍നിന്നുതന്നെ ഈ വസ്തുത ഏറെക്കുറെ വ്യക്തമാകുന്നതുമാകുന്നു.

4). ശത്രുകുടുംബങ്ങളുമായി സൗഹാര്‍ദ്ദബന്ധം സ്ഥാപിതമാകുന്നതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിവാഹബന്ധങ്ങള്‍ക്കു വലിയ സ്ഥാനം ഉണ്ടായിരുന്നതുപോലെത്തന്നെ, മുസ്‌ലിംകുടുംബങ്ങളെ കൂടുതല്‍ അടുപ്പിക്കുകയും, ത്യാഗ സന്നദ്ധരാക്കുകയും ചെയ്യുന്നതിലും അതിനു പങ്കുണ്ടായിരുന്നു. സ്വന്തം വ്യക്തിയോടൊ, സ്വന്തം കുടുംബത്തോടൊ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വിവാഹബന്ധം – അല്ലെങ്കില്‍ മറ്റേതെങ്കിലും അടുപ്പം – ഉണ്ടാവുകയെന്നതു സഹാബികളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സന്തോഷകരവും, അഭിമാനകരവുമായിരുന്നുവെന്നു പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. നേരെമറിച്ച് അങ്ങിനെയുള്ള ഒരു ബന്ധം മുറിഞ്ഞുപോകുന്നതിനെപ്പറ്റി അവര്‍ക്കു ഊഹിക്കുവാന്‍ പോലും വയ്യായിരുന്നുതാനും.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യമാര്‍ ഒന്നിച്ചു ചേര്‍ന്ന് തങ്ങള്‍ക്കു ചിലവിനു തരണമെന്നും മറ്റും ആവശ്യപ്പെട്ടതും, ഇതിന്റെത്തുടര്‍ന്ന് പല ഖുര്‍ആന്‍ വചനങ്ങളും അവതരിച്ചതും മറ്റും സൂ: അഹ്സാബില്‍ നാം വായിച്ചുവല്ലോ. ഈ സംഭവത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തന്‍റെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നുവെന്നൊരു കിംവദന്തി പരന്നു. ഈ വിവരം അറിയിക്കുവാന്‍ ഒരാള്‍ രാത്രി ഉമര്‍ (رضي الله عنه)ന്‍റെ വാതില്‍ക്കല്‍ വന്നു മുട്ടുകയുണ്ടായി. ഗസ്സാന്‍ (غسان) ഗോത്രക്കാര്‍ മുസ്‌ലിംകളുമായി യുദ്ധത്തിനൊരുങ്ങിയിരിക്കുന്നുവെന്നൊരു ഊഹം നടന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. ഉമര്‍ പെട്ടെന്നു ചോദിച്ചത്: ‘എന്താ ഗസ്സാന്‍കാര്‍ വന്നോ?!’ എന്നായിരുന്നു. പ്രസ്തുത ആഗതന്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി കേവലം വിവാഹബന്ധമോ, കുടുംബബന്ധമോ ഇല്ലാത്ത അന്യനായ ഒരു അന്‍സാരിയായിരുന്നു. എന്നിട്ടും അദ്ദേഹം ഉമറിനോട് പറഞ്ഞ മറുപടി നോക്കുക: ‘അല്ല; അതിനെക്കാള്‍ വമ്പിച്ചതും, നീണ്ടതുമായ ഒരു സംഭവം നടന്നിരിക്കുന്നു! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തിരിക്കുന്നു!!’ എന്നായിരുന്നു. ഈ മറുപടിയുടെ ആഴം ഒന്നു പരിശോധിച്ചുനോക്കുക!

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യബന്ധം ലഭിക്കുന്നതിലുള്ള ആഗ്രഹം കൊണ്ടു മാത്രമാണ് – ഐഹികമായ മറ്റേതെങ്കിലും സുഖസൗകര്യങ്ങളെ മോഹിച്ചുകൊണ്ടല്ല – ചില സ്ത്രീകള്‍ തങ്ങളെ വിവാഹം ചെയ്തു തരണമെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു കേണപേക്ഷിച്ചതും. സൂ: അഹ്സാബ് 50ല്‍ വായിച്ചതുപോലെ, വിവാഹമൂല്യം (മഹ്ര്‍) കൂടാതെ അങ്ങിനെയുള്ളവരെ വിവാഹം ചെയ്തുകൊള്ളുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അല്ലാഹു അനുവദിച്ചതും അതുകൊണ്ടാണ്. ‘നിങ്ങള്‍ക്കു അല്ലാഹുവിനെയും റസൂലിനെയുമാണോ വേണ്ടതു – അതല്ലാ ഐഹിക സുഖമാണോ വേണ്ടത്?’ എന്നു ചോദിക്കപ്പെട്ടപ്പോള്‍, ഒന്നൊഴിയാതെ ഓരോ ഭാര്യയും ‘ഞങ്ങള്‍ക്കു അല്ലാഹുവും റസൂലും മതി’ എന്നു ദൃഢസ്വരത്തില്‍ ഉത്തരം നല്‍കിയതും, സൗദ (رضي الله عنها) യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പിരിച്ചുവിടുവാനുദ്ദേശിച്ചപ്പോള്‍ ‘എന്നെ പിരിച്ചു വിടരുതേ, അങ്ങയുടെ ഭാര്യയെന്ന പേരുമാത്രം നിലവിലുണ്ടായിക്കൊണ്ടു ജീവിച്ചാല്‍ മതി’ എന്നു സൗദഃ (رضي الله عنها) അപേക്ഷിച്ചതുമെല്ലാം ഇതേ കാരണം കൊണ്ടുതന്നെ.

ഇതുപോലെ, ഈ വിഷയകമായി പലതും ഉദ്ധരിക്കുവാനുണ്ട്. ചുരുക്കത്തില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കൂടുതല്‍ ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കൂലങ്കശമായി പരിശോധിക്കുന്നപക്ഷം, അവിടുന്നു ഒമ്പതോ പത്തോ വിവാഹം ചെയ്തതിലല്ല ആശ്ചര്യം തോന്നുവാനവകാശം. നേരെമറിച്ച് അതിലും കൂടുതല്‍ വിവാഹം ചെയ്യാതിരുന്നതിലും, എനി പുതുതായി വിവാഹം ചെയ്യരുതെന്നു (സൂ: അഹ്സാബ് – 50ല്‍) അല്ലാഹു നിര്‍ദ്ദേശിച്ചതിലുമാണ് – വേണമെങ്കില്‍ – അത്ഭുതത്തിനവകാശമുള്ളത്. അല്ലാഹുവിലും, റസൂലിലും, ഖുര്‍ആനിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെക്കുറിച്ചു പറയുകയാണെങ്കില്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നാലിലധികം ഭാര്യമാരെ സ്വീകരിച്ചതിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ മനസ്സിലാക്കുക എന്നല്ലാതെ, അതിനെക്കുറിച്ച് അണുവോളം ആശയക്കുഴപ്പമോ, അതിന്‍റെ ന്യായതയില്‍ സംശയമോ ഉത്ഭവിക്കുക എന്ന പ്രശ്നമേ ഇല്ല. അല്ലാഹുവിനാണ് എല്ലാ വിധിവിലക്കുകളുടെയും പരമാധികാരം; അല്ലാഹു ഒരു കാര്യം അനുവദിക്കുകയോ, വിരോധിക്കുകയോ ചെയ്‌താല്‍ – അതിലടങ്ങിയ തത്വങ്ങള്‍ ഗ്രഹിക്കുവാന്‍ ശ്രമിക്കുകയല്ലാതെ – അതില്‍ വിമര്‍ശനമോ, ആശയക്കുഴപ്പമോ ഉണ്ടാക്കുവാന്‍ നബിക്കുപോലും പാടില്ല; (സൂ: അഹ്സാബ് 50, 51, 52 എന്നീ ആയത്തുകളിലും മറ്റും അല്ലാഹു വ്യക്തമായ ഭാഷയില്‍ അറിയിച്ച പരിധിക്കുള്ളില്‍ ഒതുങ്ങിയതല്ലാത്ത ഒരൊറ്റ വിവാഹവും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്തിട്ടില്ല. നബിമാരെ – അന്ത്യപ്രവാചകനായ മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ പ്രത്യേകിച്ചും – മറ്റുള്ളവരെ അളക്കുന്ന മാനദണ്ഡംകൊണ്ട് അളക്കുവാന്‍ പാടില്ലാത്തതാണ്. എന്നൊക്കെ സത്യവിശ്വാസികള്‍ക്കറിയാം. ഇതാണതിനുകാരണം. എനി, ഖദീജഃ (رضي الله عنها) ക്കു ശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്ത ഓരോ വിവാഹത്തെക്കുറിച്ചും നമുക്കു ഒരു ലഘു വീക്ഷണം നടത്താം:-


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മറ്റു വിവാഹങ്ങളും, അവയുടെ സന്ദര്‍ഭങ്ങളും:-

1. സൗദഃ (سودة بنت زمعة -رض)

മക്കാമുശ്രിക്കുകളുടെ മര്‍ദ്ദനം സഹിക്കവയ്യാതെ അബീസീനിയായിലേക്കു ഹിജ്ര പോയ സഹാബികളില്‍ ഒരാളായിരുന്നു സക്റാന്‍ (سكران بن عمرو – رض). അദ്ദേഹം സ്വപത്നിയും, പിതൃവ്യ പുത്രിയുമായ സൗദഃ (رضي الله عنها)യെയും ഒന്നിച്ചുകൊണ്ടുപോയിരുന്നു. ആ മഹാന്‍ അവിടെവെച്ചു നിര്യാതനായി. ഖദീജഃ (رضي الله عنها) യുടെ നിര്യാണം കഴിഞ്ഞതിന്‍റെ അടുത്ത കാലത്തായിരുന്നു അത്. അല്ലാഹു ഏകനാണെന്നും, മുഹമ്മദു (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവന്‍റെ ദൂതനാണെന്നും വിശ്വസിച്ച കാരണത്താല്‍ നാടും, വീടും, കുടുംബവും ത്യജിച്ചു സമുദ്രം കടന്ന് ഭൂഖണ്ഡം താണ്ടി അപരിചിതമായ അബിസീനിയായില്‍ ചെന്നു മരണം പ്രാപിച്ച ആ സഹാബിയുടെ ദുഖിതയായ പത്നിയെ – സ്വകുടുംബത്തിന്‍റെ എതിര്‍പ്പും പ്രതിഷേധവും വകവെക്കാതെ തന്‍റെ മതസംരക്ഷണാര്‍ത്ഥം നാടുവിട്ട് വിധവയും, ഉറ്റവരില്ലാത്തവളുമായിത്തീര്‍ന്ന സൗദഃ (رضي الله عنها) യെ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം ചെയ്തു രക്ഷിച്ചു. പ്രസ്തുത രണ്ടുപേരോടുമുള്ള ധാര്‍മ്മികമായ കടമ നിര്‍വ്വഹിക്കുന്നതിനു പുറമെ അല്ലാഹുവോടുള്ള ഒരു കടമ നിര്‍വ്വഹിക്കലും കൂടിയായിരുന്നു അത്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങിനെ ചെയ്യാത്തപക്ഷം, ആ മഹതി തന്‍റെ കുടുംബത്തിന്‍റെ കഠിന പീഡനങ്ങള്‍ക്കു പാത്രമാകുമായിരുന്നു. മുമ്പ് നാം ചൂണ്ടിക്കാട്ടിയതുപോലെ, തന്‍റെ ദിവസങ്ങള്‍ ആയിശഃ (رضي الله عنها) ക്ക് വിട്ടുകൊടുത്തുകൊണ്ട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഭാര്യാബന്ധം മരണംവരെ നിലനിറുത്തിത്തന്നാല്‍ മതിയെന്നപേക്ഷിച്ചതു ഈ മഹതിയായിരുന്നു. ഹിജ്‌റ 54ലാണ് ഇവരുടെ മരണം.


2). ആയിശഃ (عائشة بنت ابي بكر – رض)

ഹിജ്റയുടെ രണ്ടുമൂന്നു വര്‍ഷം മുമ്പാണ് ആയിശഃ (رضي الله عنها) യുടെ വിവാഹം. അവര്‍ക്ക് അന്ന് ഏറെക്കുറെ ആറു വയസ്സു പ്രായമായിരുന്നു. ഹിജ്രക്കുശേഷം ഏതാണ്ട് രണ്ടു കൊല്ലത്തോളം കഴിഞ്ഞാണ് വധുവിനെ വരന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കേവലം ഒമ്പതു വയസ്സുകാരിയായ ആ ബാലികയെ കൂട്ടി അയച്ചപ്പോള്‍ അവരുടെ കളിക്കോപ്പും ഒന്നിച്ചുണ്ടായിരുന്നു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വീട്ടില്‍ ചെന്നശേഷവും താന്‍ പെണ്‍കുട്ടികളോടൊപ്പം കളിക്കാറുണ്ടായിരുന്നുവെന്ന് ആയിശഃ (رضي الله عنها) പ്രസ്താവിച്ചിട്ടുണ്ട്. (ബു; മു). എല്ലാ ഭാര്യമാരിലും വെച്ച് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന ഭാര്യ അവര്‍തന്നെയായിരുന്നു. കന്യകാപ്രായത്തില്‍ ആയിശഃ (رضي الله عنها) യെ അല്ലാതെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ വിയോഗവേളയില്‍ അവര്‍ക്കു ഏകദേശം 18 വയസ്സുവരും. ഹിജ്‌റ 57ലോ 58ലോ ആയിരുന്നു ആയിശഃ (رضي الله عنها) യുടെ മരണം.

സഹാബികളില്‍വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്നേഹിതനായിരുന്നു ആയിശഃ (رضي الله عنها) യുടെ പിതാവായ അബൂബകര്‍സിദ്ദീഖ് (റ). പുരുഷന്‍മാരില്‍ ഒന്നാമതായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ച മഹാനും അദ്ദേഹം തന്നെ. ഇസ്ലാമിനുമുമ്പും അദ്ദേഹം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഒരു അടുത്ത ചങ്ങാതിയായിരുന്നു. ഈ വസ്തുത സഹാബികള്‍ക്കിടയില്‍ പ്രസ്താവ്യവുമായിരുന്നു. അബൂബകര്‍ (റ)ന്‍റെ ഗുണങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം ഹദീസുകള്‍ കാണാം. ഒരിക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി: ‘നമുക്കു ഇങ്ങോട്ടൊരു ഉപകാരം ചെയ്തിട്ട് അതിന് നാം പ്രത്യുപകാരം ചെയ്യാത്തതായി അബൂബകറിന്‍റേതല്ലാതെ മറ്റാരുടേതും ബാക്കിയില്ല. അദ്ദേഹം ചെയ്ത ഉപകാരത്തിനു അല്ലാഹുതന്നെ ഖിയാമത്തുനാളില്‍ പ്രത്യുപകാരം നല്‍കുന്നതാണ്. അബൂബകറിന്‍റെ ധനം എനിക്കു ഉപകരിച്ചത്ര മറ്റാരുടേതും ഉപകരിച്ചിട്ടില്ല….’ (തി). മറ്റൊരിക്കല്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘സഹവാസത്തിലും, ധനത്തിലും, മനുഷ്യരില്‍വെച്ച് ഏറ്റവും വിശ്വസനീയമായ ആള്‍ അബൂബകറാണ്’ (ബു; മു). ഇതുപോലെ വേറെയും ഹദീസുകള്‍ കാണാം.

ഈ നിലക്ക് അബൂബകര്‍ (റ)ന്‍റെ മകളായ ആയിശ (رضي الله عنها) യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം കഴിച്ചതും, അവരെ കുടുതല്‍ സ്നേഹിച്ചതും അദ്ദേഹത്തോടുള്ള സ്നേഹാധിക്യത്തിന്‍റെയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും ഇസ്ലാമിനും വേണ്ടി അദ്ദേഹം ചെയ്ത ത്യാഗത്തിന്‍റെയും, സേവനത്തിന്‍റെയും സ്വാഭാവികമായ ഒരു നന്ദിയത്രെ. അതിരിക്കട്ടെ, ഈ വിവാഹം മൂലം ഇസ്ലാമിനുണ്ടായ നേട്ടങ്ങളൊന്നു ആലോചിച്ചുനോക്കുക: ഇസ്‌ലാമികവിജ്ഞാന ഭണ്ഡാരത്തില്‍ ആയിശഃ (رضي الله عنها) യുടെ മുതല്‍ക്കൂട്ടു സുപ്രസിദ്ധമാണ്. ഖുര്‍ആന്‍ വ്യാഖ്യാനരംഗത്തും, നബിവചനങ്ങളും ചര്യകളും ഉദ്ധരിക്കുന്നതിലും മറ്റെല്ലാ സ്ത്രീകളെക്കാളും – മിക്കവാറും പുരുഷന്‍മാരെക്കാളും – വമ്പിച്ച പങ്കാണ് അവര്‍ക്കുള്ളത്. ഗാര്‍ഹികജീവിതത്തിന്‍റെയും, ദാമ്പത്യജീവിതത്തിന്‍റെയും നാനാവശങ്ങളിലും ആയിശഃ (رضي الله عنها) വഴി സിദ്ധിച്ച അറിവുകള്‍ കുറച്ചൊന്നുമല്ല. സാഹിത്യം, പദ്യം, ചരിത്രം, വൈദ്യം, രാഷ്ട്രീയം, തുടങ്ങിയ തുറകളിലും അവരുടെ പേരും പ്രശസ്തിയും പ്രസിദ്ധമാണ്. ഇസ്‌ലാമികചരിത്രം അറിയുന്നവര്‍ക്കെല്ലാം അറിയാവുന്നതാണിത്. മഹാനായ അബൂമൂസല്‍ അശ്അരി (റ) പറയുകയാണ്‌: ‘റസൂല്‍ തിരുമേനിയുടെ സഹാബികളായ ഞങ്ങള്‍ക്കു വല്ല വിഷയത്തിലും സംശയം നേരിടുമ്പോള്‍ അതിനെപ്പറ്റി ആയിശഃ (رضي الله عنها) യോടു ചോദിച്ചിട്ടു ഒരു സംഗതിയിലും ശരിക്കു അറിവു കിട്ടാതിരുന്നിട്ടില്ല.’ (തി.)

ഇത്രയും പറഞ്ഞതില്‍നിന്നുതന്നെ ആയിശഃ (رضي الله عنها)യുടെ വിവാഹത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള യുക്തിരഹസ്യങ്ങള്‍ നിഷ്പക്ഷ ചിന്തകര്‍ക്കു ഏതാണ്ടു മനസ്സിലാക്കാവുന്നതാണ്. ‘ഇതെല്ലാം പിന്നീട് സംഭവിച്ച് ഫലത്തില്‍ വന്നതുശരി, വിവാഹവേളയില്‍ ഇതൊന്നും പ്രതീക്ഷിക്കുവാനില്ലായിരുന്നുവല്ലോ, അന്ന് ആയിശഃ (رضي الله عنها) ഒരു കുട്ടിമാത്രമായിരുന്നുവല്ലോ’ എന്നു വല്ലവര്‍ക്കും തോന്നിയേക്കാം. വാസ്തവത്തില്‍, തികച്ചും ഈ ഉന്നത്തോടുകൂടിയും, പ്രതീക്ഷയോടുകൂടിയും തന്നെയായിരുന്നു ഈ വിവാഹം. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഇത്തരവിവാഹങ്ങളില്‍ നിന്നും പലതരത്തിലും ഒറ്റപ്പെട്ട ഉദാഹരണം തന്നെയാണ് ആയിശഃ (رضي الله عنها) യുടെ വിവാഹം. ഇതിനു തെളിവുകള്‍ പലതും ഉദ്ധരിക്കുവാന്‍ സാധിക്കും. ദീര്‍ഘിച്ചുപോകുമെന്നു കരുതി ഇമാം ബുഖാരി (رحمه الله) യും, മുസ്‌ലിമും (رحمه الله) ഉദ്ധരിക്കുന്ന ഒരു ഹദീസുമാത്രം ഉദ്ധരിക്കാം: ആയിശഃ (رضي الله عنها) യോടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി അവര്‍ ഉദ്ധരിക്കുന്നു: ‘മൂന്നു രാത്രികളില്‍ എനിക്കു നിന്നെ സ്വപ്നത്തില്‍ കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു പട്ടിന്‍റെ കഷ്ണത്തില്‍ മലക്കു നിന്നെ (നിന്‍റെ ചിത്രം) കൊണ്ടുവന്നു. എന്നിട്ട് ഇത് താങ്കളുടെ ഭാര്യയാണെന്നു അദ്ദേഹം പറഞ്ഞു. ഞാന്‍ തുറന്നുനോക്കിയപ്പോള്‍ അത് (ആ ചിത്രം) നീ തന്നെയായിരുന്നു. ഞാന്‍ പറഞ്ഞു: ഇത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെങ്കില്‍ അവനതു നടപ്പില്‍ വരുത്തിക്കൊള്ളും.’ (ബു; മു). നബിമാരുടെ സ്വപ്നം ദിവ്യസന്ദേശങ്ങളില്‍പെട്ടതാണെന്നുള്ള കാര്യം പ്രസിദ്ധമാണല്ലോ.


3). ഹഫ്സ്വഃ (حفصة بنت عمر -رض)

അബൂബക്കര്‍ (رضي الله عنه) നെ കഴിച്ചാല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് പലനിലക്കും ബന്ധപ്പെട്ട ആള്‍ ഉമര്‍ (رضي الله عنه) തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ മകളായ ഹഫ്സ്വഃ (رضي الله عنها) യുടെ ആദ്യ ഭര്‍ത്താവ് ഖുനൈസ് (خنيس بن حذافة – رض) ആയിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ പറ്റിയ പരിക്കുമൂലം ഖുനൈസ്(റ) നിര്യാതനായി. ഈ അവസരത്തിലായിരുന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പുത്രിയും, ഉസ്മാന്‍ (رضي الله عنه) ന്‍റെ പത്നിയുമായിരുന്ന റുഖിയ്യ (رضي الله عنها) യുടെയും മരണം സംഭവിച്ചത്. വിധവയായ മകളുടെ കാര്യത്തില്‍ അത്യധികം ദുഃഖിതനായിരുന്ന ഉമര്‍ (رضي الله عنه) തന്‍റെ മകളെ വിവാഹം ചെയ്‌താല്‍കൊള്ളാമെന്നു ഉസ്മാന്‍ (رضي الله عنه) നോടു ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹം അതിനു മുമ്പോട്ടുവന്നില്ല. ഉമര്‍ (رضي الله عنه) വ്യസനസമേതം അബൂബകര്‍ (رضي الله عنه) നെ സമീപിച്ചു വിവരം പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചേക്കുമെന്നു അദ്ദേഹത്തിനു ആശയുണ്ടായിരുന്നു. എന്നാല്‍, അബൂബകര്‍ (رضي الله عنه) പറഞ്ഞതു ഇപ്രകാരമായിരുന്നു. ‘ഉസ്മാനു ഹഫ്സ്വഃയെക്കാള്‍ നല്ലൊരു ഭാര്യയും ഹഫ്സ്വഃക്കു ഉസ്മാനെക്കാള്‍ നല്ലൊരു ഭര്‍ത്താവും കിട്ടിയെന്നുവരാം.’ ഈ ദീര്‍ഘദൃഷ്ടി സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്തു. ഉസ്മാന്‍ (رضي الله عنه) ന് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മകള്‍ ഉമ്മുകുല്‍സൂമിനെ (امكلثوم – رض) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവാഹം ചെയ്തുകൊടുത്തു. ഹഫ്സ്വഃ (رضي الله عنها) യെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും വിവാഹം കഴിച്ചു. ഇതുമൂലം ഉമര്‍ (رضي الله عنه) ന്‍റെ വ്യസനത്തിനു പ്രതീക്ഷയില്‍ കവിഞ്ഞ പരിഹാരം സിദ്ധിച്ചു. ഇസ്ലാമിനുവേണ്ടി ആത്മാര്‍പ്പണം ചെയ്ത ഖുനൈസ് (റ) നോടുള്ള കടപ്പാട് നിര്‍വ്വഹിക്കപ്പെടുകയും, ഹഫ്സ്വഃ (رضي الله عنها) വൈധവ്യത്തില്‍നിന്നു മോചിപ്പിക്കപ്പെടുകയും ഉണ്ടായി. നമസ്കാരം, നോമ്പ് മുതലായ ആരാധനാകൃത്യങ്ങളില്‍ മുഴുകിയിരുന്ന ഒരു മഹതിയായിരുന്നു ഹഫ്സ്വഃ (رضي الله عنها). തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒരിക്കല്‍ അവരെ വിവാഹമോചനം ചെയ്യുകയുണ്ടായെങ്കിലും, വീണ്ടും മടക്കി എടുക്കുകയാണ് ചെയ്തത്. ഇവരുടെ വിയോഗം ഹിജ്ര 45ലായിരുന്നു.


4. ഹിന്‍ദ് എന്ന ഉമ്മുസലമഃ (امسلمة هند بنت ابي امية – رض)

ഹിജ്റ മൂന്നാമത്തെയോ നാലാമത്തെയോ കൊല്ലത്തിലാണ് ഇവരുടെ വിവാഹം. ഖുറൈശി ഗോത്രത്തില്‍ മഖ്സൂമിശാഖക്കാരനായിരുന്ന അബൂസലമഃ (رضي الله عنه) യുടെ ഭാര്യയായിരുന്നു ഉമ്മുസലമഃ (رضي الله عنها). അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ നേരെ അമ്മായിയുടെ പുത്രനും, മുലകുടി ബന്ധത്തിലുള്ള സഹോദരനും, മരണംവരെ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യൊന്നിച്ച് എല്ലാ പ്രധാനരംഗങ്ങളിലും പങ്കെടുത്ത മഹാനുമായിരുന്നു. നാലു അനാഥകളെയും, വിധവയായ ഉമ്മുസലമ (رضي الله عنها)യെയും വിട്ടേച്ചുകൊണ്ട് അദ്ദേഹം ചരമമടഞ്ഞു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആ കുടുംബത്തെ രക്ഷിക്കുവാന്‍ ഉദ്ദേശിച്ചു. ആ മഹതി പറഞ്ഞു: ‘ഞാനൊരു വൃദ്ധ! കുറെ അനാഥകളുടെ മാതാവും!! അതോടുകൂടി ഞാനൊരു പരുഷസ്വഭാവക്കാരിയും!! തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞയച്ചു: ‘അനാഥകളെ ഞാനിങ്ങോട്ട്‌ കൂട്ടിക്കൊണ്ടുപോന്നുകൊള്ളാം. നിന്‍റെ പരുഷസ്വഭാവം നീക്കിക്കളയുവാന്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.’ (വാര്‍ദ്ധക്യത്തെപ്പറ്റി ഒന്നും പ്രസ്താവിച്ചതുമില്ല). ഈ വിവാഹത്തിന്‍റെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ഉമ്മുസലമ (رضي الله عنها)യുടെ മരണം ഹിജ്‌റ 59ലാണ്. മരിക്കുമ്പോള്‍ അവര്‍ വളരെ വയസ്സുചെന്ന ഒരു വൃദ്ധയായിരുന്നു.


5). സൈനബ് (زينب بنت جحش – رضي الله عنها)

ഹിജ്റ 5-ാം കൊല്ലത്തില്‍നടന്ന സൈനബ (رضي الله عنها) യുടെ വിവാഹത്തെയും, അതിന്‍റെ സന്ദര്‍ഭത്തെയും, അതിലടങ്ങിയ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂ: അഹ്സാബില്‍ അല്ലാഹു തന്നെ വിവരിച്ചതാണ്. അതിന്‍റെ അത്യാവശ്യ വിശദീകരണങ്ങളും നാം കണ്ടു. ഖുറൈശീഗോത്രക്കാരിയും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അമ്മായിയുടെ മകളുമായിരുന്ന സൈനബ (رضي الله عنها) യെ ആദ്യം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പോറ്റുമകനും, അടിമത്തത്തില്‍ നിന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മോചിപ്പിച്ച ആളുമായ സൈദ്‌ (رضي الله عنه) വിവാഹം ചെയ്തു. വിവാഹാലോചന നടന്നപ്പോള്‍ തന്നെ സൈനബും കുടുംബവും ആ വിവാഹത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, അല്ലാഹുവും, റസൂലും – ഒരു പ്രത്യേക ലക്‌ഷ്യം നിമിത്തം – തീര്‍ച്ചപ്പെടുത്തിയ കാര്യമെന്ന നിലക്കു അവരതു സമ്മതിക്കുകയും ചെയ്തു. കുലമഹത്വത്തിനും, ജാത്യാഭിമാനത്തിനും ഇസ്‌ലാമില്‍ വിലയില്ലെന്നു റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വന്തക്കാര്‍ മുഖേനത്തന്നെ തെളിയിക്കുകയെന്ന രഹസ്യം ആ വിവാഹത്തിലടങ്ങിയിരുന്നു. പിന്നീട് സൈദും (رضي الله عنه) സൈനബു (رضي الله عنها) മായി സ്വഭാവത്തില്‍ പൊരുത്തപ്പെടാതെ വന്നപ്പോള്‍ സൈദു (رضي الله عنه) അവരെ വിവാഹമോചനം ചെയ്തു. പോറ്റുമക്കളെ എല്ലാനിലക്കും യഥാര്‍ത്ഥമക്കളെപ്പോലെ ഗണിച്ചുവന്നിരുന്ന ജാഹിലിയ്യാ പാരമ്പര്യ സമ്പ്രദായം ഖുര്‍ആന്‍ നിറുത്തല്‍ ചെയ്തതോടെ, അതിനു പ്രവര്‍ത്തനരൂപേണ മാതൃക കാട്ടുവാനായി – അല്ലാഹുവിന്‍റെ കല്‍പനപ്രകാരം – തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൈനബ (رضي الله عنها) യെ വിവാഹം കഴിച്ചു. ഇതാണ് സംഭവത്തിന്‍റെ ചുരുക്കം.

‘സൈനബയെക്കാള്‍ മതകാര്യത്തില്‍ നല്ലവളും, അല്ലാഹുവിനെ ഭയപ്പെടുന്നവളും, വര്‍ത്തമാനത്തില്‍ സത്യം പാലിക്കുന്നവളും, കുടുംബബന്ധം പാലിക്കുന്നവളും, വലിയ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നവളും, അല്ലാഹുവിനെ ഉദ്ദേശിച്ചുള്ള പുണ്യകര്‍മ്മങ്ങളിലും ദാനധര്‍മ്മങ്ങളിലും ശരീരം മുഷിഞ്ഞിറങ്ങുന്നവളും സ്ത്രീകളില്‍ വേറെ ഉണ്ടായിരുന്നില്ല’ എന്നു ആയിശഃ (رضي الله عنها) അവരെപ്പറ്റി പ്രശംസിച്ചു പറഞ്ഞതായിക്കാണാം. ഹിജ്റ 20ലോ 21ലോ ആയിരുന്നു അവരുടെ മരണം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പത്നിമാരില്‍ ആദ്യം മരണപ്പെട്ടതു സൈനബ (رضي الله عنها) യാണ്.


6. ജുവൈരിയഃ (جويرية بنت الحارث – رض)

ഹിജ്റ 5-ാം കൊല്ലത്തില്‍തന്നെയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ജുവൈരിയഃ (رضي الله عنها) യെ വിവാഹം കഴിച്ചത്.ബനൂമുസ്തലഖ് ഗോത്രത്തിലെ നേതാവും, പ്രമാണിയുമായിരുന്ന ഹാരിഥി (حارث بن ضرار)ന്‍റെ ഭാര്യയായിരുന്നു ഇവര്‍. വമ്പിച്ച ഒരു സേനയുമായി ഇയാള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ നേരെ പടയെടുത്തു. മുറൈസിഉ് (مريسع) എന്നിടത്തുവെച്ച് മുസ്‌ലിംകള്‍ അതിനെ നേരിട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ഇസ്ലാമിലേക്കു ക്ഷണിച്ചു. അവര്‍ ക്ഷണം നിരസിച്ചു യുദ്ധം നടത്തി. യുദ്ധത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഈ യുദ്ധത്തില്‍ ബന്ധനസ്ഥരായവരുടെ കൂട്ടത്തില്‍ ജുവൈരിയഃ (رضي الله عنها) യും ഉള്‍പ്പെട്ടിരുന്നു. ഥാബിത്ത് (ثابت بن قيس – رض)ന്‍റെ ഓഹരിയിലാണ് ഇവര്‍ അകപ്പെട്ടത്. ഏഴു ‘ഊഖിയഃ’ (*) സ്വര്‍ണ്ണം പ്രതിഫലം നിശ്ചയിച്ചുകൊണ്ട് ഥാബിത്ത് (റ) അവരെ മോചിപ്പിച്ചുവിടാന്‍ തീരുമാനിച്ചു. എന്നാല്‍, പ്രസ്തുതമോചനമൂല്യം കൊടുക്കുന്നതില്‍ തന്നെ സഹായിക്കണമെന്നപേക്ഷിക്കുവാന്‍ ജുവൈരിയഃ (رضي الله عنها) കണ്ടുപിടിച്ചതു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയായിരുന്നു. അവര്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ ചെന്ന് തന്‍റെ കുലമാഹാത്മ്യവും മറ്റും ഉണര്‍ത്തിക്കൊണ്ടു സഹായമര്‍ത്ഥിച്ചു. അതെല്ലാം കണക്കിലെടുത്തുകൊണ്ട് അവരുടെ അപേക്ഷ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വീകരിക്കുകയും, സംഖ്യ നികത്തിക്കൊടുക്കുകയും ചെയ്തു. അവരുടെയും, അവരുടെ കുടുംബത്തിന്‍റെയും മാന്യതയും, യശസ്സും പൂര്‍വ്വാധികം ശോഭിക്കുമാറ് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പിന്നീടവരെ വിവാഹം ചെയ്കയുംചെയ്തു. ഉടനെത്തന്നെ അതിന്‍റെ ഫലം സംഭവിച്ചതു നോക്കുക!-


(*). ‘ഊഖിയ’ = സുമാര്‍ 10 ഉറുപ്പികത്തൂക്കത്തിലധികം വരുന്ന ഒരു പലം. അഥവാ 40 ദിര്‍ഹം.


ഈ വിവാഹത്തോടുകൂടി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ബന്ധുക്കളായിത്തീര്‍ന്ന മുസ്തലഖ് ഗോത്രക്കാരില്‍ നിന്ന് യുദ്ധത്തില്‍ ബന്ധനത്തിലാക്കപ്പെടുകയും, പടയാളികള്‍ക്കിടയില്‍ വിഹിതം ചെയ്യപ്പെടുകയും ചെയ്തിരുന്ന എല്ലാവരെയും – ഒന്നൊഴിയാതെ – സഹാബികള്‍ സ്വതന്ത്രരാക്കി വിട്ടുകൊടുത്തു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു വിവാഹബന്ധമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെ അധീനത്തില്‍ വെക്കുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. മാത്രമോ? മുസ്തലഖ് ഗോത്രം സന്തോഷാധിക്യത്താല്‍ അല്ലാഹുവിനു നന്ദിയായി ഒന്നടങ്കം ഇസ്‌ലാമിനെ അംഗീകരിക്കുകയുംചെയ്തു!


7). റംലഃ എന്ന ഉമ്മുഹബീബഃ (ام حبيبة رملة بنت ابي سفيان – رض)

ഖുറൈശീ അറബികളില്‍ അബൂസുഫ്യാന്‍ (رضي الله عنه) നുണ്ടായിരുന്ന സ്ഥാനമാനങ്ങളും മക്കാവിജയത്തില്‍ അദ്ദേഹം മുസ്ലിമായിത്തീരുന്നതുവരെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും, മുസ്ലിംകള്‍ക്കും എതിരിലുണ്ടായിട്ടുള്ള ആക്രമണങ്ങളില്‍ അദ്ദേഹം വഹിച്ച പങ്കുകളും ചരിത്രപ്രസിദ്ധമാണ്. ഇദ്ദേഹത്തിന്‍റെ മകളായ ഉമ്മുഹബീബഃ (رضي الله عنها) നേരത്തെ ഇസ്‌ലാമിനെ അംഗീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ആദ്യഭര്‍ത്താവായിരുന്ന ഉബൈദുല്ലാഹിബ്നു ജഹ്ശീ എന്ന ആളുടെ ഒന്നിച്ച് അവരും അബീസീനിയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയില്‍ പങ്കെടുത്തിരുന്നു. ഉബൈദുല്ല അബീസീനിയയില്‍ ചെന്നശേഷം ക്രിസ്തീയമതം സ്വീകരിക്കയാണുണ്ടായത്. റംലഃ (رضي الله عنها) യാകട്ടെ, തന്‍റെ അശരണതയും, വിഷമങ്ങളും അവഗണിച്ചുകൊണ്ട് ഇസ്‌ലാമില്‍ തന്നെ ഉറച്ചുനിന്നു. ഹബീബഃ എന്നു പേരായ ഒരു കുട്ടിയും അവര്‍ക്കുണ്ടായിരുന്നു. കുട്ടിയുടെ പേരോട് ചേര്‍ത്താണ് അവര്‍ ഉമ്മുഹബീബഃ (ഹബീബഃയുടെ ഉമ്മ) എന്നു വിളിക്കപ്പെടുന്നത്. ഇസ്ലാമിന്‍റെ ശത്രുക്കളുടെ അങ്ങേഅറ്റത്തെ നേതൃത്വം കയ്യാളുന്ന മാതാപിതാക്കളെയും, കുടുംബത്തെയുമെല്ലാം ഉപേക്ഷിച്ച് – തൗഹീദിന്‍റെ വിശ്വാസം നിലനിറുത്തുവാനായി – തന്‍റെ എകാവലംബമായ ഭര്‍ത്താവൊന്നിച്ച് കടല്‍താണ്ടി വിദൂരപ്രദേശത്തേക്ക് കടന്നുപോയിക്കഴിഞ്ഞശേഷം, ഭര്‍ത്താവു തന്‍റെ കഠിനശത്രുവായി മാറിക്കഴിഞ്ഞാല്‍ പിന്നെ, അബലയായ ആ സ്ത്രീരത്നത്തിന്‍റെ കഥയെന്തായിരിക്കും?! കയ്യിലൊരു കുഞ്ഞും! ആ നാട്ടിലെ നിവാസികളാകട്ടെ, ക്രിസ്ത്യാനികളും!

അബീസീനിയാ ചക്രവര്‍ത്തിയായ നജ്ജാശീ(നെഗാശീ)യെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ദൂതനെ അയച്ചിരുന്നു. നജ്ജാശീ മുസ്ലിമാകുകയും ചെയ്തു. അദ്ദേഹം തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കുവേണ്ടി ഉമ്മുഹബീബക്കു 400 ദീനാര്‍ (പൊന്‍പണം) മഹ്ര്‍ നല്‍കിക്കൊണ്ടും- ഉസ്മാന്‍ (رضي الله عنه) ന്‍റെ സാന്നിദ്ധ്യത്തിലും – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു വേണ്ടി അവരുടെ വിവാഹകര്‍മ്മം നടത്തപ്പെട്ടു. (ആ ഹിജ്റയില്‍ ഉസ്മാനും (رضي الله عنه) പങ്കെടുത്തിരുന്നു.) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ആവശ്യപ്രകാരം ശുറഹ്ബീലുബ്നു ഹസനഃ (شرحبل بن حسنة – رض) യുടെ കൂടെ ഉമ്മുഹബീബഃ (رضي الله عنها) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കലേക്കു മടങ്ങുകയും ചെയ്തു. മിക്കവാറും ഹിജ്റ 6-ാം കൊല്ലത്തിലാണ് ഈ സംഭവം. ഹിജ്റ വര്‍ഷം 44ല്‍ അവര്‍ ഇഹലോകവാസം വെടിഞ്ഞു.


8). സഫിയ്യഃ (صفية بنت حيي بن اخطب – رض)

ഹിജ്റ 7-ാം കൊല്ലത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വഫിയ്യഃ (رضي الله عنها)യെ വിവാഹം ചെയ്തു. ഇസ്രാഈല്യരായ യഹൂദികളുടെ ഒരു നേതാവും, നള്വീര്‍ (نضير) ഗോത്രത്തിന്‍റെ തലവനുമായിരുന്നു സ്വഫിയ്യഃ (رضي الله عنها) യുടെ പിതാവായ ഹുയയ്യ്. അഹ്സാബുയുദ്ധത്തിലും മറ്റും ഇസ്ലാമിനെതിരായ രംഗങ്ങളില്‍ ഹുയയ്യിന്‍റെ പങ്കു പ്രസ്താവ്യമത്രെ. സ്വഫിയ്യഃ (رضي الله عنها) യുടെ മുന്‍ഭര്‍ത്താവായിരുന്ന കിനാനഃ (كنانة) ഖൈബര്‍യുദ്ധത്തില്‍ കൊല്ലപ്പെടുകയും, സ്വഫിയ്യഃ (رضي الله عنها) ചിറ പിടിക്കപ്പെടുകയും ചെയ്തു. ഒരു വമ്പിച്ച ഗോത്രത്തിന്‍റെ തലവനും, ഒരു സമുദായത്തിലെ നേതാവുമായ ഒരാളുടെ വിധവയായിത്തീര്‍ന്ന മകള്‍ക്ക് അടിമത്ത ജീവിതം എത്രമാത്രം വേദനാജനകമായിരിക്കുമെന്നു പറയേണ്ടതില്ല. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിക്കുകയും, പ്രസ്തുതമോചനം അവരുടെ മഹ്റായി നിശ്ചയിച്ചുകൊണ്ട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. യുദ്ധത്തില്‍ ബന്ധനസ്ഥരായവരെ ഓഹരി ചെയ്ത കൂട്ടത്തില്‍, സ്വഫിയ്യഃ (رضي الله عنها) ദഹ്-യത്തുല്‍കല്‍ബീ (റ) എന്ന സഹാബിയുടെ ഓഹരിയില്‍പ്പെട്ടിരുന്നുവെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ ദഹ്-യത്തിന്‍റെ പക്കല്‍നിന്നു വിലകൊടുത്തുമേടിച്ചാണ് ‘ഇത്ഖു’ (അടിമത്തമോചനം) നല്‍കി വിവാഹം ചെയ്തതെന്നും പറയപ്പെട്ടിട്ടുണ്ട്. الله اعلم .ഏതായാലും ഈ വിവാഹം നള്വീര്‍ഗോത്രം ഇസ്‌ലാമിനെ അംഗീകരിക്കുവാന്‍ കാരണമായിത്തീര്‍ന്നു.


9). മൈമൂനഃ (ميمونة بنت الحارث الهلالى – رض)

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അവസാനത്തെ ഭാര്യയായ മൈമൂനഃ (റ) യുടെ വിവാഹം ഹി: ഏഴാംകൊല്ലത്തില്‍ നടന്നു അവര്‍ക്ക് അന്ന് 50ഓളം വയസ്സുവരും. ഇവരുടെ സഹോദരിയായ ലുബാബഃ (لبابة – رض)യാണ് ‘അല്ലാഹുവിന്‍റെ വാള്‍’ (سيف الله) എന്ന കീര്‍ത്തിമുദ്ര ലഭിച്ച ഖാലിദുബ്നുല്‍ വലീദ് (رضي الله عنه)ന്‍റെ മാതാവ്. ഇദ്ദേഹത്തിന്‍റെ വിശ്വാസത്തിനു ഈ വിവാഹം കാരണമായിട്ടുണ്ട്. ആദ്യം ഒരു ഭര്‍ത്താവ് അവരെ വിവാഹം ചെയ്തു മോചിപ്പിച്ചിരുന്നു. പിന്നീട് അബൂറഹ്മു എന്ന മറ്റൊരാള്‍ വിവാഹം ചെയ്തു. അയാള്‍ മരിക്കയും ചെയ്തു. ഈ വിവാഹം മൂലം മൈമൂനഃ (റ)യുടെ കുടുംബങ്ങള്‍ക്കു വളരെയധികം ഗുണം കൈവന്നിട്ടുണ്ട്. അവരുടെ അതിദയനീയമായ ദാരിദ്ര്യവും, പട്ടിണിയും അവസാനിക്കുവാനും, മുസ്ലിംകളെക്കുറിച്ചുണ്ടായിരുന്ന അവരുടെ അപാരമായ ഭീതി നീങ്ങുവാനും ഇത് കാരണമായി.


മറ്റു ചില വിവാഹങ്ങള്‍:-

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ചരമം പ്രാപിക്കുമ്പോള്‍ നിലവിലുണ്ടായിരുന്ന ഒമ്പതു ഭാര്യമാരുടെ വിവാഹത്തെക്കുറിച്ചാണ് മുകളില്‍ നാം പ്രസ്താവിച്ചത്. മറ്റൊരു ഭാര്യയും ‘സാധുക്കളുടെ ഉമ്മ’ (ام المساكين) എന്ന പേരില്‍ അറിയപ്പെട്ടിരുന്നവരുമായ സൈനബ (زينب بنت خزيمة – رض) യും, വേറൊരു ഭാര്യയായിരുന്ന ഖൌലഃ (خولة بنت حكيم -رض)യും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മുമ്പ് തന്നെ ചരമമടഞ്ഞിരുന്നു. സൂ: അഹ്സാബ് 50-ാം വചനത്തില്‍ പ്രസ്താവിച്ചപ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു സ്വന്തം ദേഹങ്ങളെ ദാനം ചെയ്തവരായിരുന്നു ഈ രണ്ടുപേരും.

മേല്‍ വിവരിച്ച ഏതൊരു വിവാഹത്തെ എടുത്തുനോക്കിയാലും, അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കു ദാമ്പത്യസുഖത്തിലുള്ള താല്‍പര്യത്തില്‍നിന്നു ഉളവായതായിരുന്നുവെന്ന് വക്രവീക്ഷണഗതിയില്ലാത്ത ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ല. ഇസ്ലാമിനുമുമ്പും, അതിന്‍റെ ആദ്യഘട്ടത്തിലും ഒരാള്‍ക്കു ഇത്ര ഭാര്യമാരേ ഉണ്ടായിരിക്കുവാന്‍ പാടുള്ളുവെന്നു നിയമമുണ്ടായിരുന്നില്ല. ഖുര്‍ആന്‍ (സൂ: നിസാഅ് 3ല്‍) അതു നാലുവരെയാക്കി ചുരുക്കുകയുണ്ടായി. (സൂ: അഹ്സാബ് 51ല്‍) തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ദേശിക്കുന്ന ഭാര്യമാരെ സ്വീകരിക്കുവാനും, ഉദ്ദേശിക്കുന്നവരെ ഒഴിവാക്കുവാനും അല്ലാഹു സമ്മതം നല്‍കുകയും ചെയ്തു. അതേ സമയത്ത് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ നിലവിലുള്ള ഭാര്യമാര്‍ക്കു പുറമെ പുതുതായി വിവാഹം ചെയ്യുന്നതും, അവരെ വിട്ടു പകരം വേറെ ഭാര്യമാരെ സ്വീകരിക്കുന്നതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു ശേഷം അവിടുത്തെ ഭാര്യമാരെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നതും അല്ലാഹു (സൂ: അഹ്സാബ് 52-53ല്‍) വിരോധിക്കുകയും ചെയ്തു. അപ്പോള്‍, നിലവിലുള്ള ഒമ്പതുപേരില്‍ നാലുപേരൊഴിച്ചു ബാക്കിയുള്ളവരെ വേര്‍പ്പെടുത്തുക എന്നുവെച്ചാലത്തെ സ്ഥിതി എന്തായിരിക്കും? ഇവരില്‍ ഏതെങ്കിലും അഞ്ചുപേരെ പിരിച്ചയക്കുന്നപക്ഷം – ഓരോരുത്തരെയും വിവാഹം ചെയ്ത പരിതസ്ഥിതിയും, ഉദ്ദേശ്യവും, ഇസ്ലാമിനു അതുമൂലമുണ്ടായ നേട്ടവുമെല്ലാം വിലയിരുത്തുമ്പോള്‍ – അതിന്‍റെ ഭവിഷ്യത്തു എത്രമാത്രം വമ്പിച്ചതായിരിക്കുമെന്ന് ആലോചിച്ചുനോക്കുക! അറേബ്യായില്‍ അതുമൂലം സംഭവിക്കുവാനിരിക്കുന്ന കോളിളക്കം എത്ര ഭയങ്കരമായിരിക്കും?!!

തങ്ങളുടെ ഐഹികമായ യാതൊരു താല്‍പര്യത്തെയും വകവെക്കാതെ, മിക്കവാറും അര്‍ദ്ധപട്ടിണികൊണ്ടു തൃപ്തിയടഞ്ഞ് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടൊപ്പം ജീവിക്കുവാനും, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രീതി മാത്രം സമ്പാദിക്കുവാനും ദൃഢപ്രതിജ്ഞ ചെയ്തവരാണല്ലോ ഈ ഓരോ ഭാര്യയും. ഇവരില്‍ ആരെയെങ്കിലും പിരിച്ചുവിട്ടേക്കുന്നതു എത്രമേല്‍ അന്യായമായിരിക്കും?! ഒരുനിലക്കും തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ പിരിഞ്ഞുപോകാന്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണല്ലോ സൌദഃ (റ) തന്‍റെ ദിവസങ്ങള്‍ ആയിശഃ (رضي الله عنها) ക്കു വിട്ടുകൊടുത്തുകൊണ്ട്‌ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ഭാര്യാപദം മുറിച്ചുകളയാതിരിക്കുവാന്‍ അപേക്ഷിച്ചതും. എല്ലാ ഭാര്യമാരും ഒന്നിച്ചുചേര്‍ന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചിലവിനാവശ്യപ്പെട്ട സംഭവത്തില്‍ – (സൂ: അഹ്സാബിലെ 28-ാം വചനം അവതരിച്ച അവസരത്തില്‍) – ഒരു തീരുമാനമെടുക്കുന്ന മാതാപിതാക്കളോട് ആലോചിച്ചു ചെയ്‌താല്‍ മതിയെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞപ്പോള്‍, കേവലം ബാലികപ്രായം വിട്ടുമാറിയിട്ടില്ലാത്ത ആയിശഃ (رضي الله عنها) അതിനു പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: ‘അങ്ങയുടെ കാര്യത്തിലാണോ ഞാന്‍ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?!’

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ വിവാഹങ്ങളെല്ലാംതന്നെ, നാലു ഭാര്യമാരിലധികം പാടില്ലെന്ന നിയമം വരുന്നതിനുമുമ്പായിരിക്കാനും സാധ്യത കാണുന്നു. ഏതായാലും അങ്ങിനെയല്ലെന്നുള്ളതിനു തക്ക തെളിവുകളില്ല. എന്നാലും, ആ നിയമം വന്നപ്പോള്‍ എന്തുകൊണ്ടു നാലാളൊഴിച്ചു മറ്റുള്ളവരെ പിരിച്ചുവിട്ടില്ല? എന്നു ചോദിക്കുന്നവര്‍, അവരെ പിരിച്ചുവിട്ടാലുണ്ടാകുന്ന ഉപരിസൂചിതങ്ങളായ ഭവിഷ്യത്തുകള്‍ക്കുപുറമെ വേറെ ചില സംഗതികളും ഓര്‍ക്കേണ്ടതായുണ്ട്: ചില ആളുകള്‍ ഇസ്‌ലാമില്‍ വന്നപ്പോള്‍ അവര്‍ക്കു നിലവിലുണ്ടായിരുന്ന നാലിലധികം ഭാര്യമാരില്‍ നാലുപേരെമാത്രം തിരഞ്ഞെടുത്തു മറ്റുള്ളവരെ പിരിച്ചുവിടുവാന്‍ കല്‍പിക്കപ്പെട്ടതു ശരിതന്നെ. പക്ഷേ, അവര്‍ ഇസ്‌ലാമില്‍ വന്നതു നാലു ഭാര്യമാരുടെ നിയമം അവതരിച്ചശേഷമായിരുന്നുവെന്നും, അവര്‍ ഇസ്‌ലാമില്‍ വന്നതുമുതല്‍ ആ നിയമം അനുസരിക്കുവാന്‍ ബാധ്യസ്ഥരായെന്നും വ്യക്തമാണ്. ആ നിയമം അവതരിക്കുന്നതിനു മുമ്പും ഇസ്‌ലാമില്‍ വന്നിട്ടുള്ള ആരോടും തന്‍റെ ഭാര്യമാരില്‍ നാലാളൊഴിച്ചു ബാക്കിയുള്ളവരെ പിരിച്ചുവിടാന്‍ കല്‍പിക്കപ്പെട്ടതായി അറിയപ്പെടുന്നില്ല. നാലിലധികം ഭാര്യമാരുണ്ടായിരിക്കുകയെന്നതു അക്കാലത്തു വളരെ അപൂര്‍വ്വമൊന്നും അല്ലായിരുന്നുതാനും. എന്നിരിക്കെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മാത്രം നാലിലധികം ഭാര്യമാരെ വെച്ചുകൊണ്ടായിരുന്നുവെന്നു പറയുവാന്‍ ന്യായമില്ല.

മേല്‍വിവരിച്ചതില്‍നിന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഒരു കാമാസക്തനോ, വിവാഹപ്രിയനോ ആയിരുന്നില്ലെന്നും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഓരോ വിവാഹം പരിശോധിച്ചാലും അതില്‍ മഹത്തായ ചില ഉദ്ദേശ്യങ്ങള്‍ അടങ്ങിയിരുന്നുവെന്നും, ഖുര്‍ആന്‍റെ ഏതെങ്കിലും നിയമ നിര്‍ദ്ദേശത്തിനു വിരുദ്ധമായി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാതൊന്നും ചെയ്തിട്ടില്ലെന്നും നല്ലപോലെ വ്യക്തമാണ്. ഇതരമുസ്‌ലിംകള്‍ക്കു അനുവദിക്കപ്പെടാത്ത വല്ല ആനുകൂല്യവും അവിടുന്നു ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അതു അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രത്യേകം അനുവദിച്ചുകൊടുത്തതുകൊണ്ടാണെന്നും, അതില്‍ ചില പ്രത്യേക യുക്തി രഹസ്യങ്ങള്‍ അടങ്ങിയതു കൊണ്ടാണെന്നും, പ്രവാചകന്‍മാരെ മറ്റുള്ളവരുടെ അതേ അളവുകോല്‍ വെച്ചു അളക്കുവാന്‍ പാടില്ലെന്നുംകൂടി നാം മനസ്സിലാക്കേണ്ടതാകുന്നു. അല്ലാഹു നമുക്ക് സല്‍ബുദ്ധിയും നേര്‍മാര്‍ഗ്ഗവും തന്നനുഗ്രഹിക്കട്ടെ. ആമീന്‍.


അടിമത്തം ഇസ്‌ലാമില്‍:-

ഇസ്ലാമിന്‍റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും, പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ്, അതു പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നുവെന്നുള്ളത്. ഇസ്ലാമിന്‍റെ ശത്രുക്കള്‍ അതിനെതിരില്‍ ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്വത്തിനും, സംസ്കാരത്തിനും യോജിച്ചതല്ലെന്നു പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരില്‍ ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ടു മുസ്‌ലിംകള്‍ക്കിടയില്‍തന്നെ – ചില പണ്ഡിതന്‍മാര്‍ക്കു പോലും – ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.

അങ്ങിനെ, ഒരു വിഭാഗക്കാര്‍ – ഈ ആരോപണത്തില്‍ നിന്ന് ഇസ്‌ലാമിനെ രക്ഷിക്കുവാന്‍വേണ്ടി – അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ആന്‍ വാക്യങ്ങളെയും, നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്‌ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്ര ലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയുവാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്: ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമ സമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ടു ഇസ്ലാമിന്‍റെ ആരംഭത്തില്‍ അറേബ്യയില്‍ ധാരാളം അടിമകള്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ആനിലും മറ്റും അവരെക്കുറിച്ചു പലതും പ്രസ്താവിക്കുകയും, നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷേ, ഇസ്‌ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതുവരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും, നിര്‍ദ്ദേശങ്ങളുമെല്ലാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കു – അല്ലെങ്കില്‍ ഉമര്‍ (رضي الله عنه)ന്‍റെ ഖിലാഫത്തു കാലത്തു- മുസ്‌ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ ‘സ്റ്റോക്ക് തീര്‍ന്നുപോയി’. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീടു രംഗത്തു വന്നിട്ടുള്ള അടിമകള്‍ ഒന്നൊഴിയാതെ – മുഴുവനും – നിയമ വിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവരാകുന്നു മേല്‍പറഞ്ഞ യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, മുസ്‌ലിംകള്‍ പൊതുവില്‍ ഖുര്‍ആനെയും, ഇസ്‌ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്‍റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും, എതിരായ തെളിവുകളെ വളച്ചുതിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല.

എത്രത്തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്‍മാരായ സത്യാന്വേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണ്ണമായ പരിഹാരം നല്‍കുന്നില്ല. കാരണം, ഖുര്‍ആന്‍ വാക്യങ്ങള്‍ക്കും, നബി വാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്നസമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതായി കാണാം. യുക്തിവാദങ്ങളും, നവീകരണസംരംഭങ്ങളും ഒതുക്കിനിറുത്തി തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്‌ലാമിക പ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെ വന്നിരിക്കയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ആനിലും, നബിവാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലാഹരണപ്പെട്ടവയാണെന്നു പറയുവാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?!.

ഈ പ്രശ്നത്തിനു മറുപടി പറയുമ്പോള്‍, ഓരോ വാദവും അതിന്‍റെ മറുപടിയും, മറുപടിക്കുള്ള രേഖയും നിരത്തിവെച്ചു പരിശോധിക്കുന്നതിനെക്കാള്‍ ഭേദം, ഇസ്ലാമിലെ അടിമത്തത്തെ ചോദ്യം ചെയ്യുവാന്‍ ഇടയാക്കിയ സാക്ഷാല്‍ കാരണം എന്താണെന്നും, അതില്‍ ഇസ്ലാമിന്‍റെ വീക്ഷണഗതി എന്താണെന്നും പരിശോധിക്കുന്നതായിരിക്കും. ഈ അടിസ്ഥാനം തിട്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ, വിശദാംശങ്ങളില്‍ ഉണ്ടായേക്കുന്ന അഭിപ്രായ ഭിന്നിപ്പുകള്‍ നിസ്സാരവും, വിട്ടുവീഴ്ചക്കു വിഷമമില്ലാത്തവയുമായിരിക്കും.

ഈസാനബി (عليه السلام) വരെയുള്ള എല്ലാ പ്രവാചകന്മാര്‍ മുഖേനയും അല്ലാഹുവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ട ഒരു ധാര്‍മ്മിക വ്യവസ്ഥ ഇവിടെ നടപ്പാക്കുകയാണ് മുഹമ്മദ്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വഴി അല്ലാഹു ചെയ്തിരിക്കുന്നത്. സാര്‍വ്വലൗകികമായ ആ വ്യവസ്ഥയുടെ പ്രബോധകനും, അതിന്‍റേതായ ഒരു ഭരണകൂടത്തിന്‍റെ സ്ഥാപകനുമാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. ഭൗതികമായ ഭരണവ്യവസ്ഥകള്‍ അതുമായി താത്വികമായിത്തന്നെ പൊരുത്തമില്ലാത്തതാകുന്നു. ഭൗതിക താൽപര്യങ്ങളെ ആസ്പദമാക്കിയുള്ള നിയമ നടപടികളും, അവകാശ ബാധ്യതകളുമായിരിക്കും അവയുടെ ലക്‌ഷ്യം. അതിനപ്പുറമുള്ള ധാര്‍മ്മികമോ, പാരത്രികമോ ആയ കാര്യങ്ങളൊന്നും അവയ്ക്കു ചിന്താവിഷയങ്ങളല്ല. പോരാ, അത്തരം കാര്യങ്ങള്‍ പരിഗണിക്കപ്പെടുന്നതുപോലും അവയുടെ ദൃഷ്ടിയില്‍ ‘പിന്‍തിരിപ്പനോ’, ‘പഴഞ്ചനോ’ ആയിരിക്കും, ഇന്നത്തെ ഭാഷയില്‍ ‘ഏറ്റവും പുരോഗമിച്ച’ രാഷ്ട്രങ്ങളില്‍ ആ പരിഗണനകള്‍ നിയമവിരുദ്ധംകൂടിയായിരിക്കാം. മിതമായി പറയുകയാണെങ്കില്‍, ലോകസൃഷ്ടാവിനെ ആരാധിക്കുന്നവനും അവനെ പുച്ഛിച്ചുനിരസിക്കുന്നവനും, ദൈവദൂതന്‍മാരെ ബഹുമാനിക്കുന്നവനും അവരെ അവഹേളിക്കുന്നവനും ഒരു പരിഷ്കൃത രാഷ്ട്രത്തിന്‍റെ ദൃഷ്ടിയില്‍ സമനിലയിലുള്ള പൗരന്‍മാരായിരിക്കും. ഏകദൈവ വിശ്വാസവും, മുപ്പത്തിമുക്കോടി ദൈവങ്ങളിലുള്ള വിശ്വാസവും അതിന്‍റെ മുമ്പില്‍ ഒരുപോലെയായിരിക്കും. ബലാല്കാരമില്ലാത്ത വ്യഭിചാരകൂട്ടുകെട്ടും വൈവാഹിക ബന്ധവും തമ്മില്‍ വലിയ അന്തരമൊന്നും അതു കാണുകയില്ല. സമത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കാഹളമൂത്തു സര്‍വ്വത്ര കേള്‍ക്കപ്പെടുമെങ്കിലും അവയുടെ നിര്‍വ്വചനം യഥാര്‍ത്ഥത്തില്‍ ഇന്നുവരെ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടു ഭരണം പരിഷ്കരിക്കുംതോറും ധാര്‍മ്മികമായ അരാജകത്വവും അസമാധാനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് അനുഭവം.

ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ നിലപാട് ഇതില്‍നിന്നും തികച്ചും വ്യത്യസ്തമത്രെ. ദൈവീകമായ കടമകളും ബാധ്യതകളും മനുഷ്യന്‍ നിറവേറ്റുകയെന്നതാണിതിന്‍റെ പ്രഥമപ്രധാനമായ ലക്ഷ്യം. ഇസ്‌ലാമിക ശാസനകളുടെയെല്ലാം ആകെത്തുക അതാണ്‌. അതുകൊണ്ട് ദൈവികകടമകളും ശാസനകളും ലംഘിക്കപ്പെടുന്നതിന് തക്കതായ ശിക്ഷകള്‍ നല്‍കപ്പെടേണ്ടതു അതിന്‍റെ കര്‍ത്തവ്യമായിത്തീരുന്നു. അതിന്‍റെ നിയമവ്യവസ്ഥയെ പാടെ നിഷേധിക്കുന്നതും, അതിന്‍റെ സാക്ഷാല്‍ നാഥനായ അല്ലാഹുവിന്‍റെ പരമാധികാരങ്ങളെ ചോദ്യം ചെയ്യുന്നതും അതിന്‍റെ മുമ്പില്‍ ഏറ്റവും വമ്പിച്ച കുറ്റവുമാണ്. പക്ഷെ, വിശാല മനസ്കതയും, ദീര്‍ഘദൃഷ്ടിയും, ഉദാരവീക്ഷണവും അതിന്‍റെ കൂടെപ്പിറവിയത്രെ. കുറ്റവാളികളെ ആദ്യം അതു ഗുണദോഷിക്കും; നന്നായി ഉപദേശിക്കും; സ്വീകരിക്കാത്തപക്ഷം അതിന്‍റെ വ്യവസ്ഥക്കെതിരില്‍ വിലങ്ങടിക്കാതെയും, അതിന്‍റെ നേരെ കയ്യേറ്റം നടത്താതെയും കീഴൊതുങ്ങി നില്‍ക്കണമെന്നു അതു താക്കീതു നല്‍കും. ഇതും വിലവെക്കാത്തപക്ഷം, അങ്ങിനെയുള്ളവരുമായി ഏറ്റുമുട്ടുവാന്‍ അതു നിര്‍ബ്ബന്ധിതമാകുന്നു.

അങ്ങിനെ, ഒരു യുദ്ധം നടത്തേണ്ടിവന്നാല്‍ പിന്നെ, അന്യോന്യം കൊല നടത്തി ജയാപജയം നോക്കുകയല്ലാതെ ഗത്യന്തരമില്ലല്ലോ. എന്നാല്‍, ഈ അവസരത്തില്‍പോലും, വൃദ്ധന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍, അബലന്‍മാര്‍ എന്നിവരെ കൊലപ്പെടുത്താതെ അതു സൂക്ഷിക്കുന്നു. കൊലയില്‍ നിന്നൊഴിവാക്കി തടവില്‍ പിടിച്ചവരെ സന്ദര്‍ഭവും പൊതു നന്‍മയും പരിശോധിച്ചാലോചിച്ചശേഷം യുക്തമായതു പ്രവര്‍ത്തിക്കും. ചിലരെ യാതൊരു ഉപാധിയും കൂടാതെത്തന്നെ വിട്ടയക്കും;ചിലരെ ചില ഉപാധികളോടുകൂടി വിട്ടുകൊടുക്കും; വേറെ ചിലരെ ഒരു തരത്തില്‍ അസ്വതന്ത്രരാക്കി നിറുത്തപ്പെടും. ഒടുവില്‍ പറഞ്ഞ വിഭാഗക്കാരത്രെ അടിമകള്‍. ഇവരില്‍ പ്രായേണ സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ ദുര്‍ബ്ബലരായിരിക്കും മിക്കവാറും ഉണ്ടായിരിക്കുക. പലരുടെയും രക്ഷാകര്‍ത്താക്കള്‍ യുദ്ധത്തില്‍ മൃതിയടഞ്ഞിട്ടുമുണ്ടാകാം. യുദ്ധാനന്തരം ഇവരെയെല്ലാം നിരുപാധികമായി വിട്ടയക്കുക എന്നൊരു പൊതു സമ്പ്രദായം നടപ്പാക്കുകയാണെങ്കില്‍, അതു അവര്‍ക്കുതന്നെയും ആപത്തായി പരിണമിച്ചേക്കും. മാത്രമല്ല, ഏതൊരുദ്ദേശ്യത്തെ മുന്‍നിറുത്തിയാണോ യുദ്ധം നടന്നതെങ്കില്‍ ആ ഉദ്ദേശത്തിനുപോലും അതു വിഘാതമായിരിക്കുകയും ചെയ്തേക്കും.

ശരി, എനി അടിമകളാക്കപ്പെട്ടുകഴിഞ്ഞവര്‍ക്കു പിന്നീടു മോചനം കിട്ടി സ്വതന്ത്രരാവാന്‍ മാര്‍ഗ്ഗമില്ലേ? തീര്‍ച്ചയായും ഉണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സുലഭമാണ്. അടിമകള്‍ക്കു മോചനം നല്‍കുന്നതിനുള്ള പ്രോത്സാഹനങ്ങളും, നിര്‍ബ്ബന്ധമായി മോചിപ്പിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളും, അവര്‍ സ്വയംതന്നെ സ്വതന്ത്രരായിത്തീരുന്ന പരിതസ്ഥിതികളും, വളരെ ലഘുവായ ഉപാധികളോടുകൂടി മോചിപ്പിച്ചുവിടുവാനുള്ള വ്യവസ്ഥകളും ഇസ്‌ലാമില്‍ അന്നും ഇന്നും നിരവധിയാണ്. (ഖുര്‍ആനിലും, ഹദീസിലും, ഫിഖ്ഹു (കര്‍മ്മശാസ്ത്ര) ഗ്രന്ഥങ്ങളിലും ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇവിടെ അതു വിശദീകരിക്കുവാന്‍ സൗകര്യമില്ല. ഈ വിഷയകമായി പലരും പ്രത്യേക ഗ്രന്ഥങ്ങള്‍തന്നെ എഴുതിയിട്ടുള്ളതാണ്.). ചുരുക്കിപ്പറഞ്ഞാല്‍, പല കാരണങ്ങളും നിമിത്തം യുദ്ധത്തില്‍ ബന്ധനസ്ഥരാക്കപ്പെടുന്നവരില്‍ ഒരു കുറഞ്ഞ ശതമാനം മാത്രമേ അടിമകളായിത്തീരുകയുളളു. അവരില്‍ തന്നെ ഏതാനും പേര്‍ ഏറെത്താമസിയാതെ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും. ഇസ്‌ലാമിക ചരിത്രഗ്രന്ഥങ്ങള്‍ പരിശോധിക്കുന്ന പക്ഷം ഈ പരമാര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാം.

മേല്‍സൂചിപ്പിച്ച ഏതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ സ്വാതന്ത്ര്യം ലഭിക്കുവാന്‍ സാധിക്കാതെ അടിമകളായിത്തന്നെ അവശേഷിക്കുന്നവരുടെ അനുഭവമെന്താണെന്നാണ് പിന്നീടു ആലോചിക്കുവാനുള്ളത്. ഇതരസമുദായങ്ങളില്‍ സാധാരണ പൗരന്‍മാര്‍ അനുഭവിച്ചുവരുന്ന – ചില സമുദായത്തിലെ ചില വിഭാഗക്കാര്‍ അനുഭവിച്ചു വരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതുമായ – സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും അവര്‍ക്ക് ഇസ്‌ലാമില്‍ ലഭിക്കുന്നു. സ്വതന്ത്രനാക്കിവിടുവാന്‍ ആലോചന നടക്കുന്നതിന്‍റെ പേരിലോ, സ്വതന്ത്രനാക്കിവിട്ടതിന്‍റെ പേരിലോ അടിമകള്‍ വിലപിച്ചു വാവിട്ടുകരയുകയും, മോചനം നല്‍കി വിട്ടയച്ചിട്ടു പിന്നെയും വിട്ടുപോവാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്ത സംഭവങ്ങള്‍ പലതും ഇസ്‌ലാംചരിത്രത്തിന്‍റെ താളുകളില്‍ രേഖപ്പെട്ടുകിടക്കുന്നതു ഇതുകൊണ്ടാണ്. മതരംഗങ്ങളിലും, ഭരണരംഗങ്ങളിലും വിജ്ഞാനരംഗങ്ങളിലുമെല്ലാംതന്നെ നേതൃത്വവും. പൊതുസമ്മതിയും നേടിക്കഴിഞ്ഞ പലര്‍ക്കും അവരുടെ അടിമസ്ഥാനം ഒരിക്കലും അതിനു തടസ്സമായിരുന്നില്ല, അടിമകളോടു നിര്‍ദ്ദയമായോ, മൃഗീയമായോ പലരും പെരുമാറിയിട്ടുണ്ടാവാം. പക്ഷെ, അതൊന്നും ഇസ്ലാമിനു ബാധകമല്ലെന്നും, മതദൃഷ്ട്യാ കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും ഓര്‍ക്കേണ്ടതുണ്ട്.

മേല്‍പ്രസ്താവിച്ചതില്‍നിന്ന് ഇസ്‌ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്നവാദം ശരിയല്ലെന്നും, അനിവാര്യമായ ഒരളവില്‍ അതു അടിമത്തത്തെ – അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടുതന്നെ – അംഗീകരിച്ചിട്ടുണ്ടെന്നും, വിമര്‍ശകര്‍ വിചാരിക്കുംപോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്. മുന്‍കാലങ്ങളില്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരെ സ്ഥിരം അടിമകളാക്കിവെക്കുകമാത്രമല്ല കൊന്നൊടുക്കലും പതിവായിരുന്നു. ഈ പരിഷ്കൃതയുഗത്തില്‍ – ഏറ്റവും പുരോഗമിച്ച നാടുകളില്‍ വിശേഷിച്ചും – കേവലം നിസ്സാരമായ കുറ്റങ്ങളില്‍ തങ്ങളുടെ എതിരാളികളെന്ന ഏക കാരണത്താല്‍ – ഇന്നും ചില രാഷ്ട്രങ്ങളില്‍ നല്‍കപ്പെട്ടുവരുന്ന ശിക്ഷകള്‍ കടുത്തതും, അതിദയനീയവും മാത്രമല്ല, പലതും മൃഗീയവും പൈശാചികവുംകൂടിയാണെന്നു ആര്‍ക്കും അറിയാവുന്നതാണ്. അതിനെക്കാള്‍ എത്രയോ മടങ്ങു ലഘുവായതും, വളരെയേറെ ഉദാരമായതുമാണ് ഇസ്ലാമിലെ അടിമത്തമെന്നതു നിഷ്പക്ഷ ഹൃദയമുള്ള ഏതൊരാള്‍ക്കും കാണുവാന്‍ പ്രയാസമില്ല.

മുന്‍പ്രവാചകന്‍മാരുടെ കാലത്ത് അടിമത്തത്തിന്‍റെ സമ്പ്രദായം ഇല്ലായിരുന്നുവെന്നു ചിലര്‍ പറയാറുണ്ട്. വാസ്തവത്തില്‍ അതവരുടെ അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്. തൗറാത്തിലെ ലേവ്യാപുസ്തകം 25-ാം അദ്ധ്യായം ഒന്നുനോക്കിയാല്‍ ആ വാദം ശരിയല്ലെന്നവര്‍ക്കു അറിയാറാകും. ഉദാഹരണമായി അതിലെ ചില വാക്യങ്ങള്‍ കാണുക: ‘നിന്‍റെ അടിയാരും, അടിയാത്തികളും നിങ്ങള്‍ക്കുചുറ്റുമുള്ള ജാതികളില്‍നിന്നു ആയിരിക്കേണം; അവരില്‍ നിന്നു അടിയാരെയും, അടിയാത്തികളെയും കൊള്ളേണം;…. അവര്‍ നിങ്ങള്‍ക്കു അവകാശമായിരിക്കേണം; നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്കു അടിമകളായിരിക്കേണം; യിസ്രായേല്‍ മക്കളായ നിങ്ങളുടെ സഹോദരന്‍മാരോടു നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുത്‌.’ (ലേവ്യാപുസ്തകം. അ: 25ല്‍ 44-46). ഇസ്‌ലാമിലെ അടിമത്തത്തെ അവഹേളിച്ചുപറയാറുള്ള മിഷ്യനറിമാര്‍ ഇതിനെപ്പറ്റി മൗനമവലംബിക്കുകയാണ് പതിവ്.

ഇത്രയും പറഞ്ഞതിന്‍റെ രത്നച്ചുരുക്കം ഇതാണ്: ഇസ്‌ലാമിലെ അടിമത്തത്തെപ്പറ്റി വിമര്‍ശിക്കുന്നവര്‍ ആദ്യമായി, ഏതടിസ്ഥാനത്തിലാണത് അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും, ഏതെല്ലാം നിലക്കാണത് കയ്യാളപ്പെട്ടിട്ടുള്ളതെന്നുമാണ് നോക്കേണ്ടത്. തികച്ചും ന്യായവും ആവശ്യവുമായ തോതില്‍മാത്രമാണ് ഇസ്‌ലാം അതിനു അംഗീകാരം നല്‍കിയിട്ടുള്ളതെന്നു അപ്പോള്‍ അവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും. والله الموفق