അങ്കബൂത് (എട്ടുകാലി)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 69 – വിഭാഗം (റുകൂഅ്) 7

(ആദ്യത്തെ 11 ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും പറയപ്പെട്ടിട്ടുണ്ട്)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

29:1
  • الٓمٓ ﴾١﴿
  • 'അലിഫ്-ലാം-മീം'.
  • الٓمٓ 'അലിഫ്-ലാം-മീം'
29:2
  • أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ﴾٢﴿
  • 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നു പറയുന്നതുകൊണ്ട് (മാത്രം) - തങ്ങള്‍ പരീക്ഷിക്കപ്പെടാതെ-വിട്ടു കളയപ്പെടുമെന്ന് മനുഷ്യര്‍ ധരിച്ചിരിക്കുന്നുവോ?!
  • أَحَسِبَ ധരിച്ചുവോ, കണക്കാക്കിയോ النَّاسُ മനുഷ്യര്‍ أَن يُتْرَكُوا വിട്ടുകളയപ്പെടുമെന്നു, ഉപേക്ഷിക്കപ്പെടുമെന്നു أَن يَقُولُوا അവര്‍ പറയുന്നതിനാല്‍ آمَنَّا ഞങ്ങള്‍ വിശ്വസിച്ചു എന്നു وَهُمْ لَا يُفْتَنُونَ അവര്‍ പരീക്ഷിക്കപ്പെടാതെ
29:3
  • وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَـٰذِبِينَ ﴾٣﴿
  • തീര്‍ച്ചയായും, അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷണം ചെയ്തിട്ടുണ്ട്; അങ്ങനെ, സത്യം പറഞ്ഞവരെ അല്ലാഹു അറിയുകതന്നെ ചെയ്യും; വ്യാജം പറയുന്നവരെയും അവന്‍ അറിയും.
  • وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട് الَّذِينَ യാതൊരു കൂട്ടരെ مِن قَبْلِهِمْ അവരുടെ മുമ്പുള്ള فَلَيَعْلَمَنَّ اللَّـهُ അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും الَّذِينَ صَدَقُوا സത്യം പറഞ്ഞവരെ وَلَيَعْلَمَنَّ അവന്‍ അറിയുകയും ചെയ്യും الْكَاذِبِينَ വ്യാജം പറയുന്നവരെ
29:4
  • أَمْ حَسِبَ ٱلَّذِينَ يَعْمَلُونَ ٱلسَّيِّـَٔاتِ أَن يَسْبِقُونَا ۚ سَآءَ مَا يَحْكُمُونَ ﴾٤﴿
  • അഥവാ, തിന്മകള്‍ പ്രവര്‍ത്തിക്കുന്നവര്‍ നമ്മെ (തോല്‍പ്പിച്ച്) മുന്‍കടന്ന്‍ കളയാമെന്ന് ധരിച്ചിട്ടുണ്ടോ?! അവര്‍ വിധി കല്‍പിക്കുന്നത് എത്ര ചീത്ത!
  • أَمْ حَسِبَ അഥവാ ധരിച്ചുവോ الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവര്‍ السَّيِّئَاتِ തിന്മകള്‍, ദുഷ്പ്രവൃത്തികള്‍ أَن يَسْبِقُونَا നമ്മെ മുന്‍കടന്നു (തോല്‍പ്പിച്ചു) കളയുമെന്നു سَاءَ എത്ര ചീത്ത, വളരെമോശം مَا يَحْكُمُونَ അവര്‍ വിധി കല്‍പ്പിക്കുന്നതു

ഇസ്‌ലാമിന്റെ ആദ്യഘട്ടത്തില്‍, സത്യവിശ്വാസം സ്വീകരിച്ച പല സഹാബികള്‍ക്കും മുശ്രിക്കുകളില്‍നിന്ന് അനുഭവിക്കേണ്ടി വന്ന മര്‍ദ്ദനങ്ങളും അക്രമങ്ങളും പ്രസിദ്ധമാണല്ലോ. അമ്മാര്‍ (رضي الله عنه), സ്വുഹൈബ് (رضي الله عنه), ബിലാല്‍ (رضي الله عنه) മുതലായ മഹാന്‍മാര്‍ കൂടുതല്‍ കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നവരായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കു വിധേയരായ ആദ്യമുസ്‌ലിംകളുടെ കാര്യത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്. ഈ വിഷയത്തില്‍ വ്യത്യസ്തങ്ങളായ രിവായത്തുകള്‍ കാണാമെങ്കിലും, അവയുടെ ആകെ സാരം അതാണ്‌. ഒരു സംഭവത്തെക്കുറിച്ച് അവതരിക്കുന്ന ആയത്തുകളും, കല്‍പനകളും അതുപോലെയുള്ളതിനെല്ലാം ബാധകമാണെന്നു പറയേണ്ടതില്ല. അതുകൊണ്ട് ഈ വചനങ്ങളില്‍ അടങ്ങിയ പാഠങ്ങള്‍ എല്ലാ കാലത്തേക്കും ബാധകം തന്നെ.

വിശ്വസിച്ചിരിക്കുന്നുവെന്നു വായകൊണ്ട് പറഞ്ഞതിന്റെ പേരില്‍ മാത്രം ഒരാള്‍ വിശ്വാസിയാകുമെന്ന് ആരും ധരിക്കേണ്ടതില്ല. അതിന്റെ അടിസ്ഥാനത്തില്‍ മാതം അയാളെ അല്ലാഹു വിട്ടുകളയുന്നതുമല്ല. വിശ്വാസികള്‍ പലവിധ പരീക്ഷണങ്ങളെയും നേരിടേണ്ടിവരും. മുമ്പുണ്ടായിരുന്ന സത്യവിശ്വാസികളും അങ്ങനെ പരീക്ഷണങ്ങള്‍ക്കു വിധേയരാകേണ്ടി വന്നിട്ടുണ്ട്. പരീക്ഷണത്തില്‍ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നതുകൊണ്ടാണ് വിശ്വാസം യഥാര്‍ത്ഥീകരിക്കുന്നതും, അതിനു ദാര്‍ഢ്യം വര്‍ദ്ധിക്കുന്നതും. യഥാര്‍ത്ഥ വിശ്വാസികളും, കപടന്മാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാഹുവിനു മുന്‍കൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങള്‍ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മില്‍ വ്യക്തമായി വേര്‍തിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. എനി, പരീക്ഷണങ്ങള്‍ക്കു വിധേയരായിട്ടില്ലാത്ത കുറ്റവാളികളായ ആളുകള്‍ തല്‍ക്കാലം രക്ഷപ്പെട്ടതുപോലെ മേലിലും തങ്ങള്‍ രക്ഷപ്പെടുമെന്നും, അങ്ങനെ തങ്ങളുടെ ദുഷ്ചെയതികളുടെ ഫലം അനുഭവിക്കാതെ അല്ലാഹുവിനെ തോല്‍പിച്ചു കളയാമെന്നും കരുതുന്നുണ്ടെങ്കില്‍, ആ വിചാരവും പരമാബദ്ധമാണ്. അല്ലാഹു അവരുടെമേല്‍ തക്ക ശിക്ഷാ നടപടി എടുക്കുക തന്നെ ചെയ്യും എന്നൊക്കെയാണ് ആയത്തുകളുടെ ചുരുക്കം.

ഹിജ്ര (സ്വരാജ്യം ത്യജിച്ചുപോകല്‍), സമരം, ദേഹേച്ഛകള്‍ വര്‍ജ്ജിക്കല്‍, നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാകല്‍, അനുഷ്ഠാന കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കല്‍, ദേഹത്തിലും, ധനത്തിലും, മാനത്തിലും നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ എന്നിങ്ങിനെയുള്ള പല കാര്യങ്ങള്‍ മുഖേനയും സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെടുന്നതാകുന്നു. വിശ്വാസത്തിന്റെ ഏറ്റക്കുറവനുസരിച്ചായിരിക്കും പരീക്ഷണത്തിന്റെ ഏറ്റക്കുറവും. കൂടുതല്‍ പരീക്ഷണത്തിനു പാത്രമാകുന്നവര്‍ക്കു അല്ലാഹു കൂടുതല്‍ പ്രതിഫലം നല്‍കുന്നതുമാകുന്നു. പല ഹദീസുകളിലും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇക്കാര്യം ഉണര്‍ത്തിയിട്ടുള്ളതു കാണാം.

ഇമാം ബുഖാരി (رحمه الله)യും മറ്റും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസിന്‍റെ സാരം ഇപ്രകാരമാകുന്നു: ഖബ്ബാബ് (خَبَّاب بن الأَرَتّ – رض) പറയുകയാണ്‌: ഞങ്ങള്‍ക്കു ഖുറൈശികളുടെ മര്‍ദ്ദനം കഠിനമായിത്തീര്‍ന്നപ്പോള്‍, ഞങ്ങള്‍ക്കു വേണ്ടി അവിടുന്നു പ്രാര്‍ത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്നൊക്കെ ഞങ്ങള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സങ്കടപ്പെടുകയുണ്ടായി. തിരുമേനി ഒരു പുതപ്പു തലയണയാക്കിക്കൊണ്ട് കഅ്ബയുടെ നിഴലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നിങ്ങളുടെ മുമ്പ് (മുന്‍ സമുദായങ്ങളില്‍) ഒരാളെ പിടിച്ച് ഭൂമിയില്‍ കുഴിവെട്ടി അതില്‍ നിറുത്തി അവന്റെ തലയില്‍ വാളുളി വെച്ച് അവനെ രണ്ടു പൊളിയാക്കുമായിരുന്നു; ഇരുമ്പിന്റെ ചീര്‍പ്പു കൊണ്ട് അവന്റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴുവനും വാര്‍ന്നെടുക്കുകയും ചെയ്‌തിരുന്നു. അതൊന്നുംതന്നെ അവന്റെ മതത്തില്‍നിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണ സത്യം! ഒരു വാഹനക്കാരന്‍ (യമനിലെ) സ്വന്‍ആഇല്‍ നിന്നു ഹളര്‍മൂത്തിലേക്ക് (*) പോകുമ്പോള്‍ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായയെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം (ഇസ്‌ലാമിന്‍റെ നില) പരിപൂര്‍ണ്ണമാകുകതന്നെ ചെയ്യും. പക്ഷേ, നിങ്ങള്‍ ധൃതിപ്പെടുകയാണ് ചെയ്യുന്നത്. തിരുമേനിയുടെ ഈ പ്രവചനം അല്‍പ വര്‍ഷങ്ങള്‍ക്കകം സാക്ഷാല്‍ക്കരിക്കപ്പെട്ടുവെന്നു പറയേണ്ടതില്ല.


(*) صَنْعَاء ല്‍ നിന്നു حَضْرَمَوْتَ ലേക്കു അക്കാലത്തുള്ള യാത്രാമാര്‍ഗ്ഗം ഭയാനകമായിരുന്നു.


വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം അരുളിച്ചെയ്യുന്നു:

عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ – مسلم

(സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മു.)). മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘മനുഷ്യന്‍ അവന്റെ മതപ്പറ്റനുസരിച്ച് പരീക്ഷണം ചെയ്യപ്പെടുന്നതാണ്. അവനു തന്റെ മതത്തില്‍ ദൃഢതയുണ്ടെങ്കില്‍ പരീക്ഷണത്തിലും അവനു വര്‍ദ്ധനവുണ്ടായിരിക്കും’.

(يُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صلابة زيد له فى البلاء – حكاه ابن كثير وقال صحيح)

29:5
  • مَن كَانَ يَرْجُوا۟ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَـَٔاتٍ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٥﴿
  • ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന് ആശിക്കുന്നുവെങ്കില്‍ (അഥവാ കാണുമെന്നു പ്രതീക്ഷിക്കുന്നുവെങ്കില്‍), നിശ്ചയമായും അല്ലാഹുവിന്റെ (നിശ്ചിത) അവധി വരാനിരിക്കുന്നതു തന്നെയാകുന്നു. അവനത്രെ (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
  • مَن كَانَ ആരെങ്കിലും ആണെങ്കില്‍ يَرْجُو പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കില്‍) لِقَاءَ اللَّـهِ അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ فَإِنَّ എന്നാല്‍ നിശ്ചയമായും أَجَلَ اللَّـهِ അല്ലാഹുവിന്റെ അവധി لَآتٍ വരുന്നതു (വരാനിരിക്കുന്നതു) തന്നെ وَهُوَ അവന്‍, അവനത്രെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
29:6
  • وَمَن جَـٰهَدَ فَإِنَّمَا يُجَـٰهِدُ لِنَفْسِهِۦٓ ۚ إِنَّ ٱللَّهَ لَغَنِىٌّ عَنِ ٱلْعَـٰلَمِينَ ﴾٦﴿
  • ആരെങ്കിലും സമരം ചെയ്യുന്നതായാല്‍, അവനു വേണ്ടിത്തന്നെയാണവന്‍ സമരം ചെയ്യുന്നത്. നിശ്ചയമായും, അല്ലാഹു ലോകരില്‍ നിന്നും അനാശ്രയനാകുന്നു.
  • وَمَن جَاهَدَ ആരെങ്കിലും സമരം ചെയ്യുന്നതായാല്‍ فَإِنَّمَا يُجَاهِدُ നിശ്ചയമായും അവന്‍ സമരം ചെയ്യുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ, അവന്റെ ആത്മാവിനുവേണ്ടി മാത്രം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَغَنِيٌّ അനാശ്രയനാകുന്നു, ധന്യന്‍ തന്നെ عَنِ الْعَالَمِينَ ലോകരില്‍ നിന്നു, ലോകരോടു
29:7
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُكَفِّرَنَّ عَنْهُمْ سَيِّـَٔاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ ٱلَّذِى كَانُوا۟ يَعْمَلُونَ ﴾٧﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, അവര്‍ക്ക് അവരുടെ തിന്‍മകളെ നാം (പൊറുത്ത്) മായിച്ചുകൊടുക്കുകതന്നെ ചെയ്യുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കാള്‍ മെച്ചപ്പെട്ടതു നാം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും.
  • وَالَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവര്‍ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത لَنُكَفِّرَنَّ നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും عَنْهُمْ അവര്‍ക്ക്, അവരില്‍നിന്നു سَيِّئَاتِهِمْ അവരുടെ തിന്‍മകളെ, ദുഷ്കര്‍മ്മങ്ങളെ وَلَنَجْزِيَنَّهُمْ അവര്‍ക്കു നാം പ്രതിഫലം നല്‍കയും ചെയ്യും أَحْسَنَ الَّذِي യാതൊന്നില്‍വെച്ച് നല്ലതിനു, യാതൊന്നിനെക്കാള്‍ മെച്ചമായതു كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചിരുന്ന

അല്ലാഹുവിനെ കണ്ടുമുട്ടണം, അവന്റെ പ്രീതിയും പ്രതിഫലവും ലഭിക്കണം എന്ന ആശയും, അതുണ്ടാകുമെന്ന പ്രതീക്ഷയും വല്ലവര്‍ക്കുമുണ്ടെങ്കില്‍, അതു വിദൂരമൊന്നുമല്ല; അതിനുള്ള അവധി ഇതാ ആസന്നമാണ്‌. അതിനുള്ള ഒരുക്കങ്ങള്‍ അവര്‍ ചെയ്തുകൊള്ളട്ടെ. ദേഹംകൊണ്ടോ, ധനംകൊണ്ടോ ചെയ്യുന്ന എല്ലാ സമരങ്ങളും – ശത്രുക്കളുമായുള്ള ധര്‍മ്മസമരമോ, ദേഹേച്ഛയോടോ, പിശാചിനോടോ ഉള്ള കര്‍മ്മസമരമോ ഏതായാലും ശരി – വാസ്തവത്തില്‍ അതു ചെയ്യുന്നവരുടെ തന്നെ ഗുണത്തിനുവേണ്ടിയുള്ളതാണ്; അതിന്റെ ഫലം അവര്‍ക്കല്ലാതെ മറ്റാര്‍ക്കുമല്ല. അല്ലാഹുവിന് അതുമൂലം യാതൊരു ഗുണവും ഉണ്ടാകാനില്ല. അവന് ആരുടേയും ആശ്രയമോ, സഹായമോ ആവശ്യമില്ല. ശരിയായ വിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ളവരില്‍നിന്ന് ആ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുക മാത്രമല്ല അവന്‍ ചെയ്യുന്നത്; അവരുടെ പക്കല്‍ വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങള്‍ മൂടിമറച്ച് മാപ്പാക്കിക്കൊടുക്കുകയും, അവരുടെ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാകുന്നു.

7-ാം വചനത്തിലെ അവസാനഭാഗം (وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ ) രണ്ടു പ്രകാരത്തില്‍ വിവക്ഷിക്കപ്പെടാവുന്നതാണ്:

(1) സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളുടെ തോതിനെക്കാള്‍ കവിഞ്ഞ നിലക്കുള്ള പ്രതിഫലം അല്ലാഹു കൊടുക്കുന്നതാണ് എന്നും,

(2) അവരുടെ പ്രവര്‍ത്തനങ്ങളില്‍വെച്ച് ഏറ്റവും നല്ല കര്‍മ്മങ്ങളുടെ തോതനുസരിച്ച് മൊത്തത്തില്‍ എല്ലാ കര്‍മ്മങ്ങള്‍ക്കും നല്ല പ്രതിഫലം നല്‍കുമെന്നും. (كما فى الرازى)

29:8
  • وَوَصَّيْنَا ٱلْإِنسَـٰنَ بِوَٰلِدَيْهِ حُسْنًا ۖ وَإِن جَـٰهَدَاكَ لِتُشْرِكَ بِى مَا لَيْسَ لَكَ بِهِۦ عِلْمٌ فَلَا تُطِعْهُمَآ ۚ إِلَىَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٨﴿
  • മനുഷ്യനോട് അവന്റെ മാതാപിതാക്കളെ സംബന്ധിച്ച് - (അവരില്‍) നന്‍മ ചെയ്‌വാന്‍ - നാം ആജ്ഞ നല്‍കിയിരിക്കുന്നു; (ഹേ, മനുഷ്യാ) നിനക്ക് (യാഥാര്‍ത്ഥത്തില്‍) യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കു ചേര്‍ക്കുന്നതിന് അവര്‍ നിന്നോട് നിര്‍ബ്ബന്ധം ചെലുത്തുന്ന പക്ഷം നീ അവരെ (രണ്ടാളെയും) അനുസരിച്ചു പോകരുത്. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ (എല്ലാവരുടെയും) മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിച്ചു തരുന്നതാകുന്നു.
  • وَوَصَّيْنَا നാം ഒസ്യത്ത് ചെയ്‌തിരിക്കുന്നു, ആജ്ഞ (ശാസന, നിര്‍ദ്ദേശം) നല്‍കിയിരിക്കുന്നു الْإِنسَانَ മനുഷ്യനോടു بِوَالِدَيْهِ അവന്റെ മാതാപിതാക്കളെപ്പറ്റി حُسْنًا നന്‍മയെ, നന്‍മ ചെയ്‌വാന്‍ وَإِن جَاهَدَاكَ അവര്‍ രണ്ടാളും നിന്നോടു നിര്‍ബ്ബന്ധം ചെലുത്തിയാല്‍, ബുദ്ധിമുട്ടിച്ചാല്‍ لِتُشْرِكَ بِي നീ എന്നോടു പങ്കുചേര്‍ക്കുവാനായി مَا യാതൊന്നിനെ لَيْسَ لَكَ നിനക്കില്ല بِهِ അതിനെക്കുറിച്ചു عِلْمٌ ഒരറിവും, വിവരം فَلَا تُطِعْهُمَا എന്നാല്‍ നീ അവരെ അനുസരിക്കരുതു إِلَيَّ എന്റെ അടുക്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം, മടക്കസ്ഥാനം فَأُنَبِّئُكُم അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വൃത്താന്തം അറിയിക്കും, ബോധപ്പെടുത്തും بِمَا كُنتُمْ നിങ്ങളായിരുന്നതിനെക്കുറിച്ചു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്ന
29:9
  • وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَنُدْخِلَنَّهُمْ فِى ٱلصَّـٰلِحِينَ ﴾٩﴿
  • വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും നാം അവരെ സദ്‌വൃത്തന്മാരില്‍ ഉള്‍പ്പെടുത്തുന്നതാകുന്നു.
  • وَالَّذِينَ آمَنُوا വിശ്വസിച്ചവരാകട്ടെ وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത لَنُدْخِلَنَّهُمْ നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉള്‍പ്പെടുത്തും فِي الصَّالِحِينَ സദ്‌വൃത്തന്മാരില്‍, സജ്ജനങ്ങളില്‍

ഖുര്‍ആനില്‍ അല്ലാഹു വളരെ ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മാതാപിതാക്കളോടുള്ള കടമ. അതേ സമയത്ത് മാതാപിതാക്കളോടുള്ള കടമ എത്ര വമ്പിച്ചതാണെങ്കില്‍പോലും, അതിലുപരിയായ ഒന്നത്രെ അല്ലാഹുവിനോടു മനുഷ്യനുള്ള കടമ. അതുകൊണ്ടാണ് മാതാപിതാക്കളുടെ കടമയെപ്പറ്റി ഉപദേശിക്കുന്നതോടൊപ്പം, അല്ലാഹുവിനോടു പങ്കുചേര്‍ക്കുന്ന വിഷയത്തില്‍ അവരെ അനുസരിച്ചു പോകരുതെന്നുകൂടി പ്രത്യേകം ഉണര്‍ത്തുന്നത്.

സഅ്ദു (سَعْدِ بْنِ أَبِي وَقَّاصٍ – رض) ഇസ്‌ലാമിന്റെ ആരംഭഘട്ടത്തില്‍ വിശ്വസിച്ച ഒരു സഹാബിയാകുന്നു. അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ വിശ്വസിച്ചതു നിമിത്തം അദ്ദേഹത്തിന്റെ മാതാവ് (അബൂസുഫ്‌യാന്‍ മകള്‍ ഹംന) അദ്ദേഹത്തോടു ഇങ്ങനെ പറഞ്ഞു: ‘മാതാവിനോടു നന്‍മ ചെയ്യണമെന്നു നിന്നോടു അല്ലാഹു കല്പിച്ചിട്ടില്ലേ?! അതുകൊണ്ട് ഒന്നുകില്‍ ഞാന്‍ മരണമടയുക, അല്ലെങ്കില്‍ നീ ഇസ്‌ലാമില്‍ അവിശ്വസിക്കുക, ഈ രണ്ടിലൊന്നുണ്ടാകുന്നതുവരെ ഞാന്‍ ഭക്ഷണപാനീയമൊന്നും കഴിക്കുകയില്ല.’ അങ്ങനെ ഒന്നു രണ്ടു ദിവസം കഴിഞ്ഞു. മാതാവിനു ഭക്ഷണം കൊടുക്കുവാനായി അദ്ദേഹം അവരുടെ വായ നിര്‍ബ്ബന്ധിച്ചു പിളര്‍ത്തിക്കൊണ്ടിരിക്കുകയായി. ഈ അവസരത്തിലാണ് ഈ ആയത്തു അവതരിച്ചത്. അദ്ദേഹം പിന്‍മാറുന്നില്ലെന്നു കണ്ടപ്പോള്‍ മാതാവ് തന്റെ സത്യവ്രതത്തില്‍നിന്നു പിന്‍മാറി. സഅ്ദു (رضي الله عنه) തന്റെ മാതാപിതാക്കളെ വളരെയധികം സ്നേഹിക്കുന്ന ഒരാളായിരുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പ്രസ്താവിച്ചതു ‘എന്റെ ഉമ്മാ! നിങ്ങള്‍ നൂറുവട്ടം മരിച്ചാലും എനിക്ക് എന്റെ മതം വിടുവാന്‍ നിവൃത്തിയില്ല’ എന്നായിരുന്നു. (الترمذى، واحمد ومسلم وغيرهم)

‘നിനക്കു യാതൊരറിവുമില്ലാത്തതിനെ എന്നോടു പങ്കുചേര്‍ക്കുവാന്‍’ (لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ) എന്നു പറഞ്ഞതു ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിനു യാതൊരു പങ്കുകാരും ഇല്ലെന്നുള്ളതു സുസ്ഥാപിതമായ ഒരു പരമാര്‍ത്ഥമത്രെ. എന്നിരിക്കെ, പിന്നെയെങ്ങനെയാണ് അവനോടു വല്ലതിനെയും പങ്കുചേര്‍ക്കുന്ന വിഷയത്തില്‍ അവരെ അനുസരിക്കുക?! ഏതെങ്കിലും തരത്തിലുള്ള ഒരു പങ്കുകാരന്‍ അവനു യഥാര്‍ത്ഥത്തില്‍ ഉള്ളതായി നിനക്കറിയാമായിരുന്നുവെങ്കില്‍ അതനുസരിക്കുവാന്‍ ന്യായമുണ്ടായിരുന്നു. പക്ഷേ, അതില്ലല്ലോ. അപ്പോള്‍ മാതാപിതാക്കളോടുള്ള കടമ വളരെ വമ്പിച്ചതാണെങ്കിലും ഇക്കാര്യത്തില്‍ അവരെ അനുസരിക്കുന്ന പ്രശ്നമേയില്ല. എന്നൊക്കെയാണ് ആ വാക്ക് ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ എല്ലാവരും അല്ലാഹുവിങ്കലേക്കു മടങ്ങി വരുന്നവരാകകൊണ്ട് ഓരോരുത്തരുടെയും കര്‍മ്മഫലങ്ങള്‍ – മാതാപിതാക്കളുടെ ശിര്‍ക്കിന്റെ ഫലവും, നീ അവര്‍ക്കു ചെയ്ത നന്മയുടെയും, നിന്റെ മതവിശ്വാസത്തിന്റെയും ഫലവും – അപ്പോള്‍ നിങ്ങളെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും അല്ലാഹു തുടര്‍ന്നു പ്രസ്താവിക്കുന്നു. ഈ ആയത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം സൂ:ലുഖ്മാനിലും മറ്റും വരുന്നതാണ്. إِنْ شَاءَ اللَّهُ

29:10
  • وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِىَ فِى ٱللَّهِ جَعَلَ فِتْنَةَ ٱلنَّاسِ كَعَذَابِ ٱللَّهِ وَلَئِن جَآءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ ٱللَّهُ بِأَعْلَمَ بِمَا فِى صُدُورِ ٱلْعَـٰلَمِينَ ﴾١٠﴿
  • മനുഷ്യരിലുണ്ട് ചില ആളുകള്‍: 'ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു' എന്ന്‍ അവര്‍ പറയും. എന്നാല്‍, അല്ലാഹുവിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് (വല്ലതും) ഉപദ്രവം ബാധിച്ചാല്‍, ജനങ്ങളുടെ പരീക്ഷണം [മര്‍ദ്ദനം] അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു സമമാക്കിത്തീര്‍ക്കുന്നു നിന്റെ രക്ഷിതാവിങ്കല്‍നിന്നു വല്ല സഹായവും വന്നുവെങ്കിലോ, അവര്‍ പറയും: 'നിശ്ചയമായും ഞങ്ങള്‍ നിങ്ങളുടെ [സത്യവിശ്വാസികളുടെ] കൂടെയായിരുന്നു' എന്ന്‍. ലോകരുടെ ഹൃദയങ്ങളില്‍ ഉള്ളതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ"?!
  • وَمِنَ النَّاسِ മനുഷ്യരിലുണ്ട് مَن ചിലര്‍, ഒരു തരക്കാര്‍ يَقُولُ അവര്‍ (അവന്‍) പറയും, പറയുന്ന آمَنَّا ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു بِاللَّـهِ അല്ലാഹുവില്‍ فَإِذَا أُوذِيَ എന്നാല്‍ അവന്‍ ഉപദ്രവിക്കപ്പെട്ടാല്‍, അവനു ഉപദ്രവം ബാധിച്ചാല്‍ فِي اللَّـهِ അല്ലാഹുവിന്റെ കാര്യത്തില്‍ جَعَلَ അവന്‍ (അവര്‍) ആക്കും (ഗണിക്കും) فِتْنَةَ النَّاسِ മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മര്‍ദ്ദനം) كَعَذَابِ اللَّـهِ അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്കു സമം وَلَئِن جَاءَ വന്നുവെങ്കില്‍ نَصْرٌ വല്ല സഹായവും مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നു لَيَقُولُنَّ നിശ്ചയമായും അവര്‍ പറയും إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു مَعَكُمْ നിങ്ങളുടെ കൂടെ أَوَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ നല്ലവണ്ണം അറിയുന്നവന്‍ بِمَا യാതൊന്നിനെപ്പറ്റി فِي صُدُورِ നെഞ്ഞുകളില്‍ (ഹൃദയങ്ങളില്‍) ഉള്ള الْعَالَمِينَ ലോകരുടെ
29:11
  • وَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُوا۟ وَلَيَعْلَمَنَّ ٱلْمُنَـٰفِقِينَ ﴾١١﴿
  • വിശ്വസിച്ചിട്ടുള്ളവരെ അല്ലാഹു തീര്‍ച്ചയായും അറിയുന്നു; കപടവിശ്വാസികളെയും അവന്‍ തീര്‍ച്ചയായും അറിയും.
  • وَلَيَعْلَمَنَّ اللَّـهُ തീര്‍ച്ചയായും അല്ലാഹു അറിയും, അറിയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَلَيَعْلَمَنَّ അല്ലാഹു അറിയുകയും ചെയ്യും الْمُنَافِقِينَ കപടവിശ്വാസികളെ

സത്യവിശ്വാസത്തെ സംബന്ധിച്ചിടത്തോളം, യഥാര്‍ത്ഥവിശ്വാസി (മുഅ്മിന്‍)‍, അവിശ്വാസി (കാഫിര്‍), കപടവിശ്വാസി (മുനാഫിഖ്) ഇങ്ങിനെ മൂന്നു തരക്കാരാണുള്ളത്. പ്രധാനമായും ആദ്യത്തെ രണ്ടു തരക്കാരെക്കുറിച്ചായിരുന്നു ഇതിനുമുമ്പ് പ്രസ്താവിച്ചതു. മുനാഫിഖുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. താല്‍ക്കാലിക ഗുണത്തെ ഓര്‍ത്തു ഞാനും വിശ്വസിച്ചിരിക്കുന്നുവെന്നു പറഞ്ഞു സത്യവിശ്വാസികളുടെ കൂട്ടത്തില്‍ നടക്കുമെങ്കിലും, വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളില്‍നിന്ന്‍ വല്ല ഉപദ്രവമോ മര്‍ദ്ദനമോ ബാധിച്ചാല്‍ അക്ഷമനായിത്തീരുക, കേവലം തുച്ഛവും, സ്വാഭാവികവുമായ ആ വിഷമങ്ങളെ അല്ലാഹുവിങ്കല്‍നിന്നുള്ള ഭയങ്കര ശിക്ഷയെന്നോണം പരിഗണിക്കുക, നേരെമറിച്ച് സത്യവിശ്വാസികളുടെ ഭാഗത്ത് വല്ല വിജയമോ മറ്റു ഗുണമോ കിട്ടിക്കാണുമ്പോള്‍ തങ്ങളും അതില്‍ അവകാശികളും പങ്കുകാരുമാണെന്ന് അഭിനയിക്കുകയും ചെയ്യുക. ഇതാണിവരുടെ പ്രധാനലക്ഷണം. എന്നാല്‍, എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന അല്ലാഹുവിന്നുണ്ടോ ഇതെല്ലം അജ്ഞാതമായിത്തീരുന്നു?!

29:12
  • وَقَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوا۟ ٱتَّبِعُوا۟ سَبِيلَنَا وَلْنَحْمِلْ خَطَـٰيَـٰكُمْ وَمَا هُم بِحَـٰمِلِينَ مِنْ خَطَـٰيَـٰهُم مِّن شَىْءٍ ۖ إِنَّهُمْ لَكَـٰذِبُونَ ﴾١٢﴿
  • അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുകയാണ്‌ : 'നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗ്ഗം പിന്‍പറ്റുവിന്‍, നിങ്ങളുടെ തെറ്റുകുറ്റങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തുകൊള്ളാം' എന്ന്‍! (വാസ്‌തവത്തില്‍) അവരുടെ തെറ്റുകുറ്റങ്ങളില്‍ നിന്ന്‍ യാതൊന്നും തന്നെ അവര്‍ ഏറ്റെടുക്കുന്നവരല്ലതന്നെ. നിശ്ചയമായും അവര്‍ കളവുപറയുന്നവരാകുന്നു.
  • وَقَالَ പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് اتَّبِعُوا നിങ്ങള്‍ പിന്‍പറ്റുവിന്‍ سَبِيلَنَا ഞങ്ങളുടെ മാര്‍ഗ്ഗം وَلْنَحْمِلْ ഞങ്ങള്‍ ഏറ്റെടുക്കയും ചെയ്യാം خَطَايَاكُمْ നിങ്ങളുടെ തെറ്റുകളെ وَمَا هُم അവരല്ലതാനും بِحَامِلِينَ ഏറ്റെടുക്കുന്നവര്‍ مِنْ خَطَايَاهُم അവരുടെ തെറ്റുകുറ്റങ്ങളില്‍നിന്നു مِّن شَيْءٍ യാതൊന്നുംതന്നെ إِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ കളവു പറയുന്നവര്‍തന്നെ
29:13
  • وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْـَٔلُنَّ يَوْمَ ٱلْقِيَـٰمَةِ عَمَّا كَانُوا۟ يَفْتَرُونَ ﴾١٣﴿
  • (അത്രയുമല്ല,) തങ്ങളുടെ ഭാരങ്ങളും, തങ്ങളുടെ ഭാരങ്ങളോടൊപ്പം (വേറെ) കുറെ ഭാരങ്ങളും തീര്‍ച്ചയായും അവര്‍ വഹിക്കേണ്ടതായിവരും. അവര്‍ (കളവു) കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഖിയാമത്തുനാളില്‍ അവര്‍ തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
  • وَلَيَحْمِلُنَّ നിശ്ചയമായും അവര്‍ ഏറ്റെടുക്കും, വഹിക്കേണ്ടിവരും, പേറും أَثْقَالَهُمْ തങ്ങളുടെ ഭാരങ്ങളെ وَأَثْقَالًا കുറെ ഭാരങ്ങളും مَّعَ أَثْقَالِهِمْ അവരുടെ ഭാരങ്ങളോടുകൂടി وَلَيُسْأَلُنَّ നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടും يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ عَمَّا كَانُوا അവരായിരുന്നതിനെപ്പറ്റി يَفْتَرُونَ കെട്ടിച്ചമച്ചിരുന്ന, കളവു കെട്ടിയിരുന്ന

സത്യവിശ്വാസികളോടു അവിശ്വാസികള്‍ പറയാറുള്ള ഒരു വാക്യവും, അതിന് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള മറുപടിയുമാണ്‌ മുകളില്‍ കാണുന്നത്. മറ്റുള്ളവരെ സല്‍പന്ഥാവില്‍നിന്നു തെറ്റിച്ചു കളയുവാന്‍ വേണ്ടി വക്രബുദ്ധികളാല്‍ അനുവര്‍ത്തിക്കപ്പെടുന്ന വിവിധ നയങ്ങളില്‍പെട്ട ഒന്നാണ് ഇതും. തങ്ങളെപ്പോലെ എല്ലാവരും വഴിപിഴച്ചു കാണണമെന്നാഗ്രഹിക്കുക ദുര്‍ജ്ജനങ്ങളുടെ സ്വഭാവമാണ്. മതഭക്തിയില്ലാത്ത മുസ്‌ലിം നാമധാരികളായ ചില ആളുകള്‍, അല്പജ്ഞരും ശുദ്ധഗതിക്കാരുമായ ആളുകളോടും ഈ നയം ഉപയോഗിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം വിരോധിച്ചതും, തങ്ങളുടെ യുക്തിന്യായങ്ങള്‍ക്കു യോജിക്കാത്തതുമായ ചില കാര്യങ്ങളെ സാധാരണക്കാരെക്കൊണ്ട് അംഗീകരിപ്പിക്കുവാന്‍വേണ്ടി, അതൊന്നും മതദൃഷ്ട്യാ വിരോധമില്ലാത്തതാണെന്നും, അതു അംഗീകരിച്ചതുകൊണ്ടുണ്ടാകുന്ന കുറ്റം തങ്ങള്‍ ഏറ്റുകൊള്ളാമെന്നും പറഞ്ഞ് അവര്‍ പൊതുജനങ്ങളെ ധൈര്യപ്പെടുത്തുന്നതു കാണാം. അങ്ങിനെയുള്ളവര്‍ക്കും ഈ വചനങ്ങളില്‍ താക്കീതുണ്ട്.

എന്നാല്‍, ഓരോരുത്തന്റെയും കുറ്റം അവന്‍തന്നെ വഹിക്കണമെന്നും, ഒരാള്‍ ചെയ്ത കുറ്റത്തിനു വേറൊരാള്‍ ശിക്ഷിക്കപ്പെടുകയില്ലെന്നും ഉള്ളത് അല്ലാഹുവിന്റെ ഉറച്ച നിയമമത്രെ. എന്നാല്‍ സ്വയം ദുര്‍മ്മാര്‍ഗ്ഗത്തില്‍ പതിക്കുകയും, മറ്റുള്ളവരെക്കൂടി വഴി പിഴപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവര്‍ കൂടുതല്‍ കുറ്റഭാരം വഹിക്കേണ്ടിവരുന്നതുമാകുന്നു. കാരണം, മറ്റുള്ളവരെ വഴിപിഴപ്പിക്കുവാന്‍ പരിശ്രമം നടത്തിയതിന്റെ പേരിലും, ദുര്‍മ്മാര്‍ഗ്ഗത്തിനുവേണ്ടി പ്രചാരം ചെയ്‌തതിന്റെ പേരിലും, അതിനായി കളവു കെട്ടിച്ചമച്ചതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരാകുന്നു. ‘തങ്ങളുടെ ഭാരങ്ങളോടൊപ്പം വേറെയും കുറെ ഭാരങ്ങള്‍ അവര്‍ വഹിക്കേണ്ടിവരും’ എന്നു പറഞ്ഞത് അതുകൊണ്ടാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നതു കാണുക:

مَنْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا وَمَنْ دَعَا إِلَى ضَلاَلَةٍ كَانَ عَلَيْهِ مِنَ الإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا – مسلم

(ഒരാള്‍ ഒരു സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നപക്ഷം അവനെ പിന്‍പറ്റുന്നവര്‍ക്കുണ്ടാകുന്ന പ്രതിഫലം പോലെയുള്ള പ്രതിഫലം അവന്നുണ്ടായിരിക്കുന്നതാണ്. അവരുടെ പ്രതിഫലങ്ങളില്‍ അതു യാതൊരു കുറവും വരുത്തുന്നതല്ല. ഒരാള്‍ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നപക്ഷം അവനെ പിന്‍പറ്റുന്നവര്‍ക്കുണ്ടാകുന്ന കുറ്റം പോലെയുള്ള കുറ്റവും അവന്നുണ്ടായിരിക്കും. അവരുടെ കുറ്റങ്ങളില്‍ അതു യാതൊരു കുറവും വരുത്തുകയുമില്ല. (മു.) ചില ‘രിവായത്തു’ കളില്‍ من تبعه الى يوم القيمة (ഖിയാമത്തു നാള്‍വരെ അവനെ പിന്‍പറ്റുന്നവരുടെ) എന്നാണുള്ളത്.) ഈ ഹദീസില്‍ നിന്നു 13-ാം ആയത്തിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാകുന്നു.

വിഭാഗം - 2

29:14
  • وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَـٰلِمُونَ ﴾١٤﴿
  • നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്ക്‌ അയക്കുകയുണ്ടായി; എന്നിട്ട് അദ്ദേഹം അവരില്‍ അമ്പതു സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവര്‍ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി.
  • وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയക്കുകയുണ്ടായി نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക്‌ فَلَبِثَ എന്നിട്ടു അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِيهِمْ അവരില്‍ أَلْفَ سَنَةٍ ആയിരം കൊല്ലം إِلَّا خَمْسِينَ അമ്പതൊഴിച്ച് عَامًا സംവത്സരം فَأَخَذَهُمُ എന്നിട്ടു അവര്‍ക്കു പിടിപെട്ടു الطُّوفَانُ ജലപ്രളയം وَهُمْ അവരായിരിക്കെ ظَالِمُونَ അക്രമികള്‍
29:15
  • فَأَنجَيْنَـٰهُ وَأَصْحَـٰبَ ٱلسَّفِينَةِ وَجَعَلْنَـٰهَآ ءَايَةً لِّلْعَـٰلَمِينَ ﴾١٥﴿
  • അപ്പോള്‍, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവരെയും നാം രക്ഷപ്പെടുത്തി. അതു [ആ സംഭവം] നാം ലോകര്‍ക്കു ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു.
  • فَأَنجَيْنَاهُ അപ്പോള്‍ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി وَأَصْحَابَ السَّفِينَةِ കപ്പലിലുള്ളവരെയും وَجَعَلْنَاهَا നാമതിനെ ആക്കുകയും ചെയ്തു آيَةً ഒരു ദൃഷ്ടാന്തം لِّلْعَالَمِينَ ലോകര്‍ക്കു

950 കൊല്ലക്കാലം ബഹുമാനപ്പെട്ട നൂഹ് (عليه الصلاة والسلام) നബി തന്റെ ജനതയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിനു പ്രവാചകത്വം ലഭിച്ചതുമുതല്‍ ജലപ്രളയം ഉണ്ടായതുവരെയുള്ള കാലമായിരിക്കും ഇതു എന്നാണ് ഈ വചനത്തില്‍നിന്ന്‍ മനസ്സിലാകുന്നത്. അപ്പോള്‍ അതിനുമുമ്പും പിമ്പുമായി കുറച്ചു കാലംകൂടി അദ്ദേഹം ജീവിച്ചിരുന്നിരിക്കണം. (*) ഏതായാലും മുന്‍കാലത്തുള്ളവര്‍ ഇന്നത്തെക്കാള്‍ അധികം ജീവിച്ചിരിക്കാറുണ്ടായിരുന്നുവെന്ന വസ്തുത ചരിത്രങ്ങളില്‍ നിന്നറിയാവുന്നതാണ്. ഇതിനു ശാസ്‌ത്രീയമായിത്തന്നെ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടു കാണാം. നൂഹ് (عليه الصلاة والسلام) നബിയുടെ ആയുഷ്ക്കാലം ചരിത്രത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ഉദാഹരണമായിരിക്കുകയും ചെയ്യാം. الله اعلم


(*) ബൈബ്ള്‍ പറയുന്നതു ഇങ്ങിനെയാണ്‌: ‘ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്ക്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു. പിന്നെ അവന്‍ മരിച്ചു (ഉല്‍പ്പത്തി 9:28, 29) ഇതില്‍ ഖുര്‍ആന്റെ പ്രസ്താവനക്കു യോജിക്കാത്ത ഭാഗം നമുക്കു സ്വീകരിപ്പാന്‍ നിവൃത്തിയില്ല.


ഇത്രയും ദീര്‍ഘിച്ച കാലത്തെ പ്രബോധനം അദ്ദേഹം നടത്തിയിട്ടും വളരെ കുറഞ്ഞ ആളുകള്‍ – ഏറെക്കുറെ എണ്‍പതു പേരാണെന്നു പറയപ്പെടുന്നു – മാത്രമാണ് അദ്ദേഹത്തില്‍ വിശ്വസിച്ചത്. ജനത ആകമാനം അദ്ദേഹത്തെ നിഷേധിക്കയും ധിക്കരിക്കയും ചെയ്തപ്പോഴാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മ്മിച്ചതും, തുടര്‍ന്ന്‍ ജലപ്രളയമുണ്ടായതും. ഹൂദ്‌, ശുഅറാഅ് തുടങ്ങിയ സൂറത്തുകളില്‍ ഈ സംഭവത്തെപ്പറ്റി കുറെ വിവരം നാം കാണുകയുണ്ടായി. എനിയും ചില സൂറത്തുകളില്‍ വീണ്ടും കൂടുതല്‍ വിവരം കാണാവുന്നതുമാണ്. إِنْ شَاءَ اللَّهُ

29:16
  • وَإِبْرَٰهِيمَ إِذْ قَالَ لِقَوْمِهِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴾١٦﴿
  • ഇബ്രാഹീമിനെയും (ഓര്‍ക്കുക), അതായതു: അദ്ദേഹം തന്റെ ജനതയോട് (ഇപ്രകാരം) പറഞ്ഞ സന്ദര്‍ഭം: 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍. അതാണ്‌ നിങ്ങള്‍ക്കു നല്ലതു - നിങ്ങള്‍ (വാസ്‌തവം) അറിയുന്നുവെങ്കില്‍!
  • وَإِبْرَاهِيمَ ഇബ്രാഹീമിനെയും إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്റെ ജനതയോടു اعْبُدُوا اللَّـهَ നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍ ذَٰلِكُمْ അതാണ്‌ خَيْرٌ لَّكُمْ നിങ്ങള്‍ക്കു നല്ലത് إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു (എങ്കില്‍)
29:17
  • إِنَّمَا تَعْبُدُونَ مِن دُونِ ٱللَّهِ أَوْثَـٰنًا وَتَخْلُقُونَ إِفْكًا ۚ إِنَّ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَٱبْتَغُوا۟ عِندَ ٱللَّهِ ٱلرِّزْقَ وَٱعْبُدُوهُ وَٱشْكُرُوا۟ لَهُۥٓ ۖ إِلَيْهِ تُرْجَعُونَ ﴾١٧﴿
  • 'നിങ്ങള്‍ അല്ലാഹുവിനുപുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്.
  • إِنَّمَا تَعْبُدُونَ നിശ്ചയമായും നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ أَوْثَانًا ചില വിഗ്രഹങ്ങളെ وَتَخْلُقُونَ നിങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു إِفْكًا വ്യാജം إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) لَكُمْ നിങ്ങള്‍ക്കു رِزْقًا ആഹാരം, ഉപജീവനം فَابْتَغُوا അതുകൊണ്ടു നിങ്ങള്‍ അന്വേഷിക്കുവിന്‍ عِندَ اللَّـهِ അല്ലാഹുവിങ്കല്‍ الرِّزْقَ ഉപജീവനം, ആഹാരം وَاعْبُدُوهُ അവനെ ആരാധിക്കയും ചെയ്യുവിന്‍ وَاشْكُرُوا لَهُ അവനോടു നന്ദികാണിക്കയും ചെയ്യുവിന്‍ إِلَيْهِ അവങ്കലേക്കത്രെ, അവനിലേക്കുതന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
29:18
  • وَإِن تُكَذِّبُوا۟ فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلْبَلَـٰغُ ٱلْمُبِينُ ﴾١٨﴿
  • 'നിങ്ങള്‍ കളവാക്കുകയാണെങ്കില്‍, നിങ്ങളുടെ മുമ്പ് പല സമുദായങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. 'റസൂലിന്റെ [ദൈവദൂതന്റെ] മേല്‍ വ്യക്തമായ പ്രബോധനമല്ലാതെ (കടമ) ഇല്ല'.
  • وَإِن تُكَذِّبُوا നിങ്ങള്‍ വ്യാജമാക്കുന്ന പക്ഷം فَقَدْ كَذَّبَ എന്നാല്‍ കളവാക്കിയിട്ടുണ്ട് أُمَمٌ പല സമുദായങ്ങള്‍ مِّن قَبْلِكُمْ നിങ്ങള്‍ക്കു മുമ്പ് وَمَا عَلَى الرَّسُولِ റസൂലിന്റെമേല്‍ ഇല്ല إِلَّا الْبَلَاغُ എത്തിച്ചുകൊടുക്കല്‍ (പ്രബോധനം) അല്ലാതെ الْمُبِينُ സ്പഷ്ടമായ

‘നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു’ (وَتَخْلُقُونَ إِفْكًا) എന്ന് ഇബ്രാഹീം നബി (عليه الصلاة والسلام) അവരോടു പറഞ്ഞതു വളരെ അര്‍ത്ഥവത്താകുന്നു. സ്വന്തം കൈകളാല്‍ നിര്‍മ്മിക്കപ്പെട്ടതും, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്തതും, ഉപകാരമോ അപകാരമോ ചെയ്‌വാന്‍ കഴിവില്ലാത്തതുമായ നിര്‍ജ്ജീവ വസ്തുക്കളെ ദൈവങ്ങളെന്നും, ആരാധ്യന്മാരെന്നും നിശ്ചയിച്ച് അവയുടെ മുമ്പില്‍ അങ്ങേഅറ്റത്തെ ഭക്തിയാരാധനകളും, അപേക്ഷകളും അര്‍പ്പിക്കുന്നതില്‍പരം വ്യാജനിര്‍മ്മാണം മറ്റെന്താണുള്ളത്?! ചില പ്രത്യേക ദേവിദേവന്‍മാരുടെ പ്രതിമയെന്ന സങ്കല്‍പ്പത്തില്‍ അവയ്ക്കു ചില നാമകരണങ്ങള്‍ ചെയ്യുന്നതും, അവയുടെ പേരില്‍ – അവയുടെ പ്രസാദം, അനുഗ്രഹം, കോപശാപങ്ങള്‍ ആദിയായവയെ സ്ഥാപിക്കുന്ന – പലതരം കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതും വിഗ്രഹാരാധകന്മാരുടെ പതിവാണ്. ഓരോ വിഗ്രഹത്തിനും മറ്റേതിന്നില്ലാത്ത മഹത്വങ്ങളും കഴിവുകളും അവര്‍ വെച്ചു കെട്ടിയിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാല്‍ അടിതൊട്ടു മുടിയോളം വ്യാജത്തിന്‍മേല്‍ കെട്ടിപ്പടുത്തു വ്യാജത്തില്‍മാത്രം നിലക്കൊള്ളുന്ന ഒരു പ്രസ്ഥാനമാണ് വിഗ്രഹപ്രസ്ഥാനമെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതു ബുദ്ധി ജീവികള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ഏതാണ്ട് മുശ്രിക്കുകള്‍ക്കിടയില്‍ നിലനിന്നുവരുന്ന അതേമാതിരി പല കള്ളക്കഥകളും, വ്യാജപ്രസ്താവനകളും ചില മഹാത്മാക്കളുടെ പേരില്‍ ഇന്നു മുസ്‌ലിംകള്‍ക്കിടയിലും പ്രചാരത്തിലുണ്ടെന്നതു ഏറ്റവും ഖേദകരമായ ഒരു പരമാര്‍ത്ഥമത്രെ. അവയുടെ അടിസ്ഥാനത്തിലാണ് ശിര്‍ക്കുപരമായ പല പ്രവര്‍ത്തനങ്ങളും കാലക്രമത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചത്. ചിലപ്പോള്‍, മരണപ്പെട്ടുപോയ മഹാത്മാക്കളോ, ജീവിച്ചിരിപ്പുള്ള വ്യക്തികളോ അല്ലാത്ത – തനി സങ്കല്‍പ്പിതമായ- അജ്ഞാത നാമങ്ങളെച്ചൊല്ലിയും ഇത്തരം കെട്ടുകഥകളും പ്രാര്‍ത്ഥനാ വഴിപാടുകളും, കര്‍മ്മങ്ങളും നടന്നുവരുന്നു. معاذ الله (അല്ലാഹുവില്‍ ശരണം!)

അല്ലാഹുവിനുപുറമെ നിങ്ങള്‍ ആരാധിച്ചുവരുന്നവരാരും തന്നെ നിങ്ങളുടെ ജീവിതത്തിന് അനിവാര്യമായ ആഹാരം തരുവാന്‍ ശക്തരല്ല. ആഹാരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്. ആകാശത്തുനിന്ന് മഴ പെയ്യിപ്പിച്ച് ഭൂമിയെ ഉല്‍പ്പാദനയോഗ്യമാക്കുന്നതും, ആഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതും അവന്‍ മാത്രമാണ്. എന്നിരിക്കെ, ഉപജീവനമാര്‍ഗ്ഗം അന്വേഷിക്കേണ്ടതും, അതിനപേക്ഷിക്കേണ്ടതും അവനോടത്രെ. അതുപോലെത്തന്നെ, ജനങ്ങളുടെ സൃഷ്ടാവും, രക്ഷിതാവുമെല്ലാം അവന്‍ മാത്രമായിരിക്കെ ജനങ്ങളുടെ എല്ലാ വിധേനയുമുള്ള ആരാധനയും, കൂറും, ഭക്തിയും അവനുമാത്രം അവകാശപ്പെട്ടതാണ്. ഈ നഗ്നമായ യാഥാര്‍ത്ഥ്യത്തിനും, സ്പഷ്ടമായ യുക്തിതത്വത്തിനും കടകവിരുദ്ധമാണു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. ഈ നില നിങ്ങള്‍ കൈവിടാത്തപക്ഷം, നിങ്ങള്‍ക്കു രക്ഷകിട്ടുമെന്നു നിങ്ങള്‍ കരുതേണ്ട. നിങ്ങളെല്ലാം അല്ലാഹുവിങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ട്. അവന്‍ നിങ്ങളുടെമേല്‍ തീര്‍ച്ചയായും നടപടിയെടുക്കും. ഇതൊക്കെ അറിഞ്ഞിട്ടു പിന്നെയും നിങ്ങള്‍ നിങ്ങളുടെ ഇതേ നിലപാടു തുടരുകയാണെങ്കില്‍, നിങ്ങളുടെ മുമ്പും ഇതുപോലെ ദൈവദൂതന്മാരെ നിഷേധിച്ച ജനങ്ങളുടെ അനുഭവങ്ങള്‍ നിങ്ങള്‍ക്കുമുണ്ടാവും. ദൈവദൂതന്മാര്‍ക്ക് സത്യപ്രബോധനം ചെയ്യുക എന്ന ബാദ്ധ്യത മാത്രമേയുള്ളു എന്നൊക്കെ ഇബ്രാഹീം നബി (عليه الصلاة والسلام) ജനങ്ങളെ താക്കീതു ചെയ്യുകയാണ്.

ഇബ്രാഹീം (عليه الصلاة والسلام) നബിയുടെ പ്രസ്താവന ഉദ്ധരിച്ചശേഷം – അതിനൊരു വിശദീകരണമെന്നോണം – തൗഹീദില്‍ വിശ്വസിക്കാത്ത എല്ലാ സത്യനിഷേധികളെയും അഭിമുഖീകരിച്ചുകൊണ്ട് – അല്ലാഹു പറയുന്നു:-

29:19
  • أَوَلَمْ يَرَوْا۟ كَيْفَ يُبْدِئُ ٱللَّهُ ٱلْخَلْقَ ثُمَّ يُعِيدُهُۥٓ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ﴾١٩﴿
  • അല്ലാഹു സൃഷ്ടിയെ ആദ്യമായുണ്ടാക്കുന്നത് എങ്ങിനെയാണെന്ന് അവര്‍ കാണുന്നില്ലേ?! പിന്നീട് അവനതു (രണ്ടാമതും) ആവര്‍ത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് നിസ്സാരമാണ്.
  • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, കണ്ടിട്ടില്ലേ كَيْفَ എങ്ങിനെയാണ് يُبْدِئُ اللَّـهُ അല്ലാഹു ആദ്യമായുണ്ടാക്കുന്നതു, ആരംഭമാക്കുന്നതു الْخَلْقَ സൃഷ്ടിയെ ثُمَّ പിന്നെ يُعِيدُهُ അവനതു ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു إِنَّ ذَٰلِكَ നിശ്ചയമായും അതു عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍يَسِيرٌ നിസ്സാരമാണ്
29:20
  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ ۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشْأَةَ ٱلْـَٔاخِرَةَ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾٢٠﴿
  • പറയുക: 'നിങ്ങള്‍ ഭൂമിയില്‍ സഞ്ചരി(ച്ചു നോ)ക്കുവിന്‍, എന്നിട്ട് അവന്‍ എങ്ങിനെയാണ് സൃഷ്ടി തുടങ്ങിയിരിക്കുന്നതെന്ന് നോ (ക്കി മനസ്സിലാ)ക്കുവിന്‍!' പിന്നീട്, അല്ലാഹു അവസാനത്തെ ഉത്‌ഭവം ഉത്‌ഭവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യത്തിന്നും കഴിവുള്ളവനാകുന്നു.
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ട് നോക്കുവിന്‍ كَيْفَ എങ്ങിനെയാണ് بَدَأَ അവന്‍ ആരംഭിച്ചിരിക്കുന്നതു, ആദ്യം ചെയ്തതു الْخَلْقَ സൃഷ്ടിയെ ثُمَّ اللَّـهُ പിന്നീടു അല്ലാഹു يُنشِئُ ഉത്‌ഭവിപ്പിക്കുന്നു النَّشْأَةَ الْآخِرَةَ അവസാനത്തെ ഉത്‌ഭവിപ്പിക്കല്‍, ഉണ്ടാക്കല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്‌

മനുഷ്യര്‍ കണ്ണു തുറന്ന് വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങള്‍, ചലിക്കുന്നതും അല്ലാത്തതുമായ വന്‍ഗോളങ്ങള്‍, പര്‍വ്വതങ്ങള്‍, മൈതാനങ്ങള്‍, വൃക്ഷങ്ങള്‍, കായ്കനികള്‍, അരുവികള്‍, സമുദ്രങ്ങള്‍, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികള്‍ എന്നിങ്ങിനെ എണ്ണിപ്പറഞ്ഞവസാനിപ്പിക്കുവാന്‍ കഴിയാത്ത പലതും അവര്‍ക്കു കാണാം. അവയെല്ലാം ശുദ്ധശൂന്യതയില്‍നിന്ന്‍ സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയില്‍ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാന്‍ മനുഷ്യബുദ്ധിക്കു സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാന്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്നുവേണം പറയുവാന്‍ മുമ്പുണ്ടായിരുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിര്‍മ്മിച്ചുണ്ടാക്കിയ ആ സര്‍വ്വശക്തനായ കര്‍ത്താവുതന്നെ, അവയുടെ നാശത്തിനുശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നല്‍കും. അവരുടെ മരണത്തിനുശേഷം അവര്‍ക്കൊരു പുതിയ ജീവിതവും നല്‍കും. ആദ്യത്തെ സൃഷ്ടിയുടെ കര്‍ത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതല്‍ നിസ്സാരമായിരിക്കുമല്ലോ.

(وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ: الروم)

29:21
  • يُعَذِّبُ مَن يَشَآءُ وَيَرْحَمُ مَن يَشَآءُ ۖ وَإِلَيْهِ تُقْلَبُونَ ﴾٢١﴿
  • അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കും; അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കരുണയും ചെയ്യും. അവങ്കലേക്കു തന്നെ നിങ്ങള്‍ തിരിച്ചുകൊണ്ടു വരപ്പെടുകയും ചെയ്യും.
  • يُعَذِّبُ അവന്‍ ശിക്ഷിക്കും, ശിക്ഷിക്കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ وَيَرْحَمُ അവന്‍ കരുണയും ചെയ്യുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് وَإِلَيْهِ അവനിലേക്കുതന്നെ تُقْلَبُونَ നിങ്ങള്‍ തിരിച്ചു കൊണ്ടു വരപ്പെടുകയും ചെയ്യും
29:22
  • وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ ﴾٢٢﴿
  • ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, നിങ്ങള്‍ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല; അല്ലാഹുവിനു പുറമെ ഒരു രക്ഷാകര്‍ത്താവാകട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങള്‍ക്കില്ലതാനും.
  • وَمَا أَنتُم നിങ്ങളല്ല بِمُعْجِزِينَ അസാധ്യമാക്കുന്നവര്‍ (പരാജയപ്പെടുത്തുന്നവര്‍) فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമല്ല وَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷാകര്‍ത്താവും, ബന്ധുവും وَلَا نَصِيرٍ ഒരു സഹായകനും ഇല്ല
29:23
  • وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ ٱللَّهِ وَلِقَآئِهِۦٓ أُو۟لَـٰٓئِكَ يَئِسُوا۟ مِن رَّحْمَتِى وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ أَلِيمٌ ﴾٢٣﴿
  • അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കണ്ടുമുട്ടുന്നതിലും അവിശ്വസിച്ചവരാകട്ടെ, അക്കൂട്ടര്‍ എന്റെ [അല്ലാഹുവിന്റെ] കാരുണ്യത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുകയാണ്; അക്കൂട്ടര്‍ക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്.
  • وَالَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِآيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ وَلِقَائِهِ അവനുമായി കണ്ടുമുട്ടുന്നതിലും أُولَـٰئِكَ അക്കൂട്ടര്‍ يَئِسُوا നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു مِن رَّحْمَتِي എന്റെ കാരുണ്യത്തില്‍നിന്നു وَأُولَـٰئِك അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ

മേല്‍ പ്രസ്താവിച്ചതുപോലുള്ള യാഥാര്‍ത്ഥ്യങ്ങളും, വ്യക്തമായ ന്യായങ്ങളും നിരത്തിവെച്ചുകൊണ്ട് ഇബ്രാഹീം നബി (عليه الصلاة والسلام) തന്റെ ജനതയെ വളരെ ശക്തിപൂര്‍വ്വം ഉപദേശിച്ചു.