വിഭാഗം - 4

23:51
  • يَـٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَـٰتِ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ ﴾٥١﴿
  • 'ഹേ, ദൂതന്‍മാരേ [റസൂലുകളേ]! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്നു് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍! നിശ്ചയമായും നിങ്ങള്‍ എന്തു പ്രവര്‍ത്തിക്കുന്നുവോ അതിനെപ്പറ്റി ഞാന്‍ അറിയുന്നവനാകുന്നു.
  • يَا أَيُّهَا الرُّسُلُ ഹേ റസൂലുകളേ كُلُوا നിങ്ങള്‍ തിന്നുകൊള്ളുവിന്‍ مِنَ الطَّيِّبَاتِ വിശിഷ്ട (നല്ല) വസ്തുക്കളില്‍നിന്നു് وَاعْمَلُوا പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍ صَالِحًا സല്‍ക്കര്‍മ്മം, നല്ല പ്രവൃത്തി إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്താണെന്ന് عَلِيمٌ അറിയുന്നവനാണ്
23:52
  • وَإِنَّ هَـٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ ﴾٥٢﴿
  • നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏകസമുദായം! ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു; ആകയാല്‍, നിങ്ങള്‍ എന്നോട് ഭക്തികാണിക്കുവിന്‍!' (ഇതായിരുന്നു എല്ലാവരോടും കല്‍പിക്കപ്പെട്ടിരുന്നത്).
  • وَإِنَّ هَـٰذِهِ നിശ്ചയമായും ഇത്, ഇതാണ് أُمَّتُكُمْ നിങ്ങളുടെ സമുദായം أُمَّةً وَاحِدَةً ഏക സമുദായം وَأَنَا ഞാന്‍, ഞാനാകട്ടെ رَبُّكُمْ നിങ്ങളുടെ റബ്ബുമാണ് فَاتَّقُونِ അതിനാല്‍ എന്നോട് ഭക്തികാണിക്കുവിന്‍, എന്നെ സൂക്ഷിക്കുവിന്‍

23:53
  • فَتَقَطَّعُوٓا۟ أَمْرَهُم بَيْنَهُمْ زُبُرًا ۖ كُلُّ حِزْبٍۭ بِمَا لَدَيْهِمْ فَرِحُونَ ﴾٥٣﴿
  • എന്നാല്‍, അവര്‍ (ജനങ്ങള്‍) തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടംതുണ്ടമായി മുറിച്ചെടുത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളതുകൊണ്ട് സംതൃപ്തരാണ്.
  • فَتَقَطَّعُوا എന്നാല്‍ അവര്‍ മുറിച്ചെടുത്തു أَمْرَهُم അവരുടെ കാര്യം بَيْنَهُمْ തങ്ങള്‍ക്കിടയില്‍ زُبُرًا കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി كُلُّ حِزْبٍ എല്ലാ കക്ഷിയും بِمَا لَدَيْهِمْ തങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട്, ഉള്ളതില്‍ فَرِحُونَ സംതൃപ്തരാണ്, സന്തുഷ്ടരാണ്

ഒരേ റബ്ബില്‍ വിശ്വസിച്ച്, അവനെമാത്രം ആരാധിച്ച്, അവന്റെ ഏകമതം സ്വീകരിച്ച്, ഏകസമുദായമായി കഴിയേണ്ട മനുഷ്യര്‍ വിഭിന്ന കക്ഷികളായിത്തീര്‍ന്നു. മാത്രമല്ല, ഓരോ കക്ഷിയും, തന്റേതാണ് ശരിയെന്നുകരുതി തൃപ്തിയടയുകയും ചെയ്തു. സൂ: അമ്പിയാഇല്‍ ഏതാണ്ട് ഇതുപോലെ, 92 – 93ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ വിവരണത്തില്‍ വായിച്ച സംഗതികള്‍ ഇവിടെയും ഓര്‍മ്മിക്കുക.

الطَّيِّبَات എന്ന വാക്കിനാണ് ‘വിശിഷ്ടവസ്തുക്കള്‍’ എന്നു് അര്‍ത്ഥം കൊടുത്തത്. ‘നല്ലതു്‌, ഹൃദ്യമായത്, പരിശുദ്ധമായത്, വിശിഷ്ടമായത്’ എന്നൊക്കെ അതിനു അര്‍ത്ഥം വരാം. വിരോധിക്കപ്പെട്ടിട്ടില്ലാത്തതും, മ്ലേച്ഛമല്ലാത്തതും, ഹൃദ്യമായതുമായ വസ്തുക്കള്‍ ഭക്ഷിച്ചുകൊള്ളുവാന്‍ എല്ലാ റസൂലുകളോടും അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും, അതോടൊപ്പം സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണമെന്നു് കല്‍പിച്ചിട്ടുണ്ടെന്നുമാണ് ആയത്തിന്റെ താല്‍പര്യം. മതത്തില്‍ അനുവദിക്കപ്പെടാത്ത (ഹലാലല്ലാത്ത) ഭക്ഷണസാധനങ്ങള്‍ – അത് എത്ര നല്ലതായിരുന്നാലും ശരി – ഉപയോഗിക്കാതിരിക്കുന്നത്, അല്ലാഹുവിന്റെ അടുക്കല്‍ സല്‍ക്കര്‍മ്മങ്ങള്‍ സ്വീകാര്യമാകുന്നതിനുള്ള ഒരു ഉപാധിയാണെന്നുകൂടി ആയത്തിന്റെ ഘടനയില്‍നിന്നു് ഗ്രഹിക്കാവുന്നതാണ്. താഴെകാണുന്ന ഹദീസുകളില്‍ നിന്നു് അത് വ്യക്തമായിത്തന്നെ മനസ്സിലാക്കുകയും ചെയ്യാം:-

(1) عن جابر بن عبد الله رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ وكلُّ لحمٍ نَبَتَ مِنْ سُحْتٍ إِلَّا كَانَتْ النَّارُ أَوْلَى بِهِ – أحمد والدارمي والبيهقي

സാരം: 1. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ജാബിര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: ഹറാമായ (വിരോധിക്കപ്പെട്ട) ഭക്ഷണത്തില്‍നിന്നു് വളര്‍ന്നുണ്ടായ മാംസം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതല്ല. ഹറാമില്‍നിന്നു വളര്‍ന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതല്‍ അര്‍ഹതയുള്ളത് നരകത്തിനാകുന്നു. (അ; ബൈ; ദാരിമീ).

(2) عَنْ أَبِي هُرَيْرَةَ رَضِيَ اللهُ تَعَالَى عَنْهُ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَيُّهَا النَّاسُ ؛ إِنَّ اللَّهَ تَعَالى طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللَّهَ تَعَالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ : يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ، وَقَالَ: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ – ثُمَّ ذَكَرَ: الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ أَغْبَرَ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، يَمُدُّ يَدَيْهِ إِلَى السَّمَاءِ، يَا رَبِّ، يَا رَبِّ، فَأَنَّى يُسْتَجَابُ لَهُ –
[مسلم، الترمذي، وغيرهما]

2. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുകയുണ്ടായെന്ന്‍ അബൂഹുറൈറ (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ഹേ, മനുഷ്യരേ! അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതിനെയല്ലാതെ അവന്‍ സ്വീകരിക്കുകയുമില്ല. നിശ്ചയമായും അവന്‍ മുര്‍സലുകളോട് കല്പിച്ചതുപ്രകാരം തന്നെ സത്യവിശ്വാസികളോടും കല്പിച്ചിട്ടുണ്ട്. മുര്‍സലുകളോട് അവന്‍ ഇങ്ങിനെ പറയുന്നു: ‘ഹേ, ദൂതന്‍മാരേ! നിങ്ങള്‍ വിശിഷ്ടവസ്തുക്കളില്‍ നിന്ന് തിന്നുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കയും ചെയ്യുവിന്‍. നിശ്ചയമായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതു എന്താണെന്നു അറിയുന്നവനാകുന്നു. സത്യവിശ്വാസികളോട് അവന്‍ പറയുന്നു: ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട വസ്തുക്കളില്‍ നിന്ന് തിന്നുകൊള്ളുവിന്‍…. പിന്നീട് തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്‌: മനുഷ്യന്‍, ജടമുടിയും പൊടിയാടിയും കൊണ്ട് (മുഷിഞ്ഞു മിനക്കെട്ടു) ദീര്‍ഘയാത്ര ചെയ്യുന്നു; അവന്റെ ഭക്ഷണമാകട്ടെ, ഹറാമായിരിക്കും; പാനീയവും ഹറാമായിരിക്കും: വസ്ത്രങ്ങളും ഹറാമായിരിക്കും; അവന്‍ ഹറാമുകൊണ്ട് വളര്‍ത്തപ്പെടുകയും ചെയ്തിരിക്കും. അവന്‍ ആകാശത്തേക്ക് കൈകള്‍ നീട്ടി (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കും: ‘എന്റെ റബ്ബേ! എന്റെ റബ്ബേ!’ എന്ന്. എന്നാല്‍, അതിന് അവന് എവിടെനിന്നു ഉത്തരം കിട്ടുവാനാണ്?! (മു; തി;)

ഈ ഹദീസില്‍ ഉദ്ധരിച്ച പ്രവാചകന്‍മാരോടുള്ള കല്‍പന നമ്മുടെ 51-ാം വചനം തന്നെ. സത്യവിശ്വാസികളോടുള്ള കല്‍പന സൂ: അല്‍ബഖറഃ 172-ാം വചനമാകുന്നു. അതിന്റെ ബാക്കിഭാഗം وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ (നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍, അവനോട് നന്ദികാണിക്കുകയും ചെയ്യുവിന്‍!) എന്നാകുന്നു. എത്ര ഗൗരവമേറിയ കല്‍പനയാണിതെന്നു ആലോചിച്ചുനോക്കുക!

മുസ്ലിം സഹോദരന്‍മാരേ, ചിന്തിക്കുക! നമ്മുടെ ഇന്നത്തെ നിലയൊന്നു പരിശോധിച്ചു നോക്കുക! നമ്മുടെ ഭക്ഷണപാനീയങ്ങളിലാകട്ടെ, ഇതര വസ്തുക്കളിലാകട്ടെ, ഹറാമിന്റെ കലര്‍പ്പും, പാപത്തിന്റെ കറയും കലരാത്തവരായി നമ്മില്‍ എത്ര പേരുണ്ടായിരിക്കും? മിക്കവാറും ആളുകള്‍ക്ക് ഇക്കാര്യത്തില്‍ ഇന്ന് വല്ല നിഷ്കര്‍ഷയുമുണ്ടോ? അഹോ, സങ്കടം! അതു മാത്രമോ? നാം ഉപയോഗിക്കുന്ന വസ്തുക്കള്‍ ഹറാമോ ഹലാലോ എന്ന് ചിന്തിക്കുകയെന്നത് ഇന്നൊരു പ്രശ്നംപോലുമല്ലാതായിരിക്കുകയാണ്! നമ്മുടെ സാമുദായിക വശമെടുത്ത് നോക്കിയാലോ? ‘അവര്‍ തങ്ങളുടെ കാര്യത്തെ തങ്ങള്‍ക്കിടയില്‍ കണ്ടം തുണ്ടമാക്കി’ (فَتَقَطَّعُوا أَمْرَهُم بَيْنَهُمْ) എന്ന് 53-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ച അതേ നിലപാടുതന്നെ! ഇതരസമുദായങ്ങളുടെ കഥ എന്തെങ്കിലുമായികൊള്ളട്ടെ, നാം ഇന്ന് എത്ര കക്ഷികളായിപ്പിരിഞ്ഞു? എത്രയായിപ്പിരിയുന്നു? ഓരോ കക്ഷിയും മറ്റേ കക്ഷിയുമായി എത്രമാത്രം ഭിന്നിപ്പിലും വൈരത്തിലുമാണുള്ളത്? അല്ലാഹുവിന്റെ വേദഗ്രന്ഥവും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ചര്യയും നമ്മുടെ മുമ്പിലുണ്ട് – നമ്മുടെ കൈവശം തന്നെയുണ്ട്‌. എന്നിട്ടും അവയെ അവലംബിക്കാതെ, ഓരോ കക്ഷിയും തന്റെ കക്ഷിയുടേതു മാത്രമാണ് ശരിയെന്ന് യാതൊരു വിട്ടുവീഴ്ചയും കൂടാതെ ശഠിച്ചു നില്‍ക്കുകയാണ് ചെയ്യുന്നത്! മുസ്ലിം സമുദായമേ! നമുക്കുള്ളത് ഒരേ റബ്ബ്, ഒരേ നബി, ഒരേ വേദഗ്രന്ഥം, ഒരേ മതം, ഒരേ ഉന്നം ഇവയാണല്ലോ! സമുദായമേ, നിനക്ക് ബുദ്ധിയില്ലേ! ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ നീ കാണുന്നില്ലേ, വായിക്കുന്നില്ലേ, അവയെപ്പറ്റി ചിന്തിക്കുന്നില്ലേ? അല്ലാഹുവേ! മുസ്ലിം സമുദയാത്തിന് സല്‍ബുദ്ധി തോന്നിച്ചാലും! آمين

സത്യവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോയ ഭിന്നകക്ഷികളെയെല്ലാം, യാതൊരു നടപടിയും എടുക്കാതെ അല്ലാഹു വെറുതെ വിട്ടുകളയുമെന്ന് ആരും ധരിക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു:-

23:54
  • فَذَرْهُمْ فِى غَمْرَتِهِمْ حَتَّىٰ حِينٍ ﴾٥٤﴿
  • (നബിയേ!) കുറച്ചു കാലംവരെ അവരെ അവരുടെ വിഡ്ഢിത്തത്തിലായി വിട്ടേക്കുക!
  • فَذَرْهُمْ എന്നാല്‍ അവരെ വിട്ടേക്കുക فِي غَمْرَتِهِمْ അവരുടെ വിഡ്ഢിത്തത്തില്‍, മൂഢതയില്‍, അശ്രദ്ധയില്‍, അന്ധതയില്‍ حَتَّىٰ حِينٍ കുറച്ചുകാലം വരെ
23:55
  • أَيَحْسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٍ وَبَنِينَ ﴾٥٥﴿
  • അവര്‍ വിചാരിക്കുന്നുണ്ടോ - ധനവും, മക്കളുമായി നാം അവര്‍ക്ക് സഹായം നല്‍കുന്നത്, -
  • أَيَحْسَبُونَ അവര്‍ വിചാരിക്കുന്നുണ്ടോ أَنَّمَا നിശ്ചയമായും യാതൊന്ന്‍ ആണെന്നു نُمِدُّهُم بِهِ നാം അവര്‍ക്കു അതു മൂലം സഹായം നല്‍കുന്നു (അങ്ങിനെയുള്ള) مِن مَّالٍ ധനമായിട്ടും وَبَنِينَ മക്കളായിട്ടും
23:56
  • نُسَارِعُ لَهُمْ فِى ٱلْخَيْرَٰتِ ۚ بَل لَّا يَشْعُرُونَ ﴾٥٦﴿
  • നന്മകളുടെ കൂട്ടത്തില്‍ അവര്‍ക്ക് നാം ബദ്ധപ്പെട്ട് നല്‍കുകയാണെന്ന്?! പക്ഷേ, അതൊരു പരീക്ഷണം മാത്രമാണെന്ന (പരമാര്‍ത്ഥം) അവര്‍ ഗ്രഹിക്കുന്നില്ല.
  • نُسَارِعُ നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്) لَهُمْ അവര്‍ക്ക് فِي الْخَيْرَاتِ നന്മകളില്‍, നല്ല കാര്യങ്ങളില്‍ بَل പക്ഷേ, എന്നാല്‍ لَّا يَشْعُرُونَ അവര്‍ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല

സാരം: നാം അവര്‍ക്ക് പല നന്മകളും ചെയ്‌വാന്‍ തയ്യാറാണ്, തങ്ങള്‍ക്ക് കിട്ടിക്കഴിഞ്ഞിട്ടുള്ള സ്വത്തുക്കള്‍ മക്കള്‍ മുതലായവയെല്ലാം അതിലേക്ക് മുന്‍കൂറായി നേരത്തെവന്നു കിട്ടിയതാണ്, എനിയും വര്‍ദ്ധിച്ച നന്മകള്‍ കിട്ടിക്കൊണ്ടിരിക്കും എന്നൊക്കെയുള്ള ഒരു ഭാവമാണ് അവരില്‍ പ്രകടമാകുന്നത്. വാസ്തവം അവര്‍ മനസ്സിലാക്കുന്നില്ല. അതെല്ലാം വെറും പരീക്ഷണങ്ങളാണ്. അവര്‍ക്കു നേരിടുവാനുള്ള യഥാര്‍ത്ഥ അനുഭവങ്ങള്‍ വരുന്ന കാലം ഇതാ – അടുത്തായിരിക്കുന്നു. അതുവരെ അവരുടെ അജ്ഞതാന്ധകാരത്തിലും, അശ്രദ്ധയിലും അവര്‍ മുഴുകി നടന്നുകൊള്ളട്ടെ!

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം രിവായത്ത് ചെയ്യപ്പെടുന്നു: ‘അല്ലാഹു നിങ്ങള്‍ക്കിടയില്‍ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വിഹിതിച്ചുതന്നിട്ടുള്ളതുപോലെ, നിങ്ങള്‍ക്കിടയില്‍ സ്വഭാവങ്ങളും അവന്‍ വിഹിതിച്ചു തന്നിരിക്കുന്നു. അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും അവന്‍ ‘ദുന്‍യാവ്’ (ഐഹികസുഖം) കൊടുക്കുന്നു. എന്നാല്‍, അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ ‘ദീന്‍’ (മതനിഷ്ഠ) കൊടുക്കുന്നതല്ല. അല്ലാഹു ആര്‍ക്ക് ‘ദീന്‍’ കൊടുത്തുവോ, അവനെ അവന്‍ ഇഷ്ടപ്പെട്ടിരിക്കുന്നു.’

23:57
  • إِنَّ ٱلَّذِينَ هُم مِّنْ خَشْيَةِ رَبِّهِم مُّشْفِقُونَ ﴾٥٧﴿
  • നിശ്ചയമായും, തങ്ങളുടെ റബ്ബിനെ പേടിച്ചതു നിമിത്തം ഭയപ്പാടുള്ളവരായ ആളുകളും;
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ هُم അവര്‍ مِّنْ خَشْيَةِ പേടിച്ചതു നിമിത്തം رَبِّهِم തങ്ങളുടെ റബ്ബിനെ مُّشْفِقُونَ ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവര്‍)
23:58
  • وَٱلَّذِينَ هُم بِـَٔايَـٰتِ رَبِّهِمْ يُؤْمِنُونَ ﴾٥٨﴿
  • തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കുന്നവരായ ആളുകളും;
  • وَالَّذِينَ ഒരു കൂട്ടരും هُم അവര്‍ بِآيَاتِ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ ലക്ഷ്യങ്ങളില്‍ يُؤْمِنُونَ വിശ്വസിക്കുന്നു
23:59
  • وَٱلَّذِينَ هُم بِرَبِّهِمْ لَا يُشْرِكُونَ ﴾٥٩﴿
  • തങ്ങളുടെ റബ്ബിനോട് (യാതൊന്നും) പങ്കുചേര്‍ക്കാത്ത ആളുകളും;
  • وَالَّذِينَ യാതൊരു കൂട്ടരും هُم അവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോട് لَا يُشْرِكُونَ പങ്കുചേര്‍ക്കുകയില്ല
23:60
  • وَٱلَّذِينَ يُؤْتُونَ مَآ ءَاتَوا۟ وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَٰجِعُونَ ﴾٦٠﴿
  • തങ്ങള്‍ (വല്ലവര്‍ക്കും) കൊടുക്കുന്നതിനെ - അവര്‍ തങ്ങളുടെ റബ്ബിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവരാണ് എന്നതിനാല്‍ - ഹൃദയങ്ങള്‍ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും;-
  • وَالَّذِينَ യാതൊരു കൂട്ടരും يُؤْتُونَ അവര്‍ കൊടുക്കും مَا آتَوا തങ്ങള്‍ കൊടുക്കുന്നത് وَّقُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ ആയിക്കൊണ്ട്‌ وَجِلَةٌ നടുങ്ങിയവ, പേടിച്ചവ أَنَّهُمْ അവര്‍ ആണെന്നതിനാല്‍ إِلَىٰ رَبِّهِمْ അവരുടെ റബ്ബിങ്കലേക്കു رَاجِعُونَ മടങ്ങിച്ചെല്ലുന്നവര്‍ (എന്നതിനാല്‍)
23:61
  • أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ ﴾٦١﴿
  • അങ്ങിനെയുള്ളവര്‍, നല്ലകാര്യങ്ങളില്‍ ധൃതികൂട്ടുകയാണ് ചെയ്യുന്നത്; അവര്‍ അതിലേക്ക് മുന്‍കടക്കുന്നവരുമാകുന്നു.
  • أُولَـٰئِكَ അക്കൂട്ടര്‍, അങ്ങിനെയുള്ളവര്‍ يُسَارِعُونَ ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു فِي الْخَيْرَاتِ നല്ലകാര്യങ്ങളില്‍ وَهُمْ അവര്‍ لَهَا അതിനു, അതിലേക്കു سَابِقُونَ മുന്‍കടക്കുന്നവരാണു, മുന്നോട്ടു വരുന്നവരാണു (താനും)

ആര്‍ക്കെങ്കിലും, വല്ലതും കൊടുക്കുമ്പോള്‍, തങ്ങളുടെ പക്കല്‍ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കല്‍ അതു സ്വീകരിക്കപ്പെടാതിരിക്കുവാന്‍ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നുപോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ‘ഹൃദയങ്ങള്‍ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക’ എന്ന് പറഞ്ഞതിന്റെ താല്‍പര്യം. മേല്‍കണ്ട ഗുണങ്ങളോടു കൂടിയവര്‍, സല്‍ക്കാര്യങ്ങളില്‍ വളരെ ഉല്‍സാഹപൂര്‍വ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാന്‍ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും. ഇതാണ് ഒടുവിലത്തെ വചനം കാട്ടിത്തരുന്നത്.

23:62
  • وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَـٰبٌ يَنطِقُ بِٱلْحَقِّ ۚ وَهُمْ لَا يُظْلَمُونَ ﴾٦٢﴿
  • ഒരു ദേഹത്തോടും, അതിന് കഴിവുള്ളതല്ലാതെ നാം ശാസിക്കുകയില്ല; യഥാര്‍ത്ഥം തുറന്നുപറയുന്ന ഒരു ഗ്രന്ഥം [രേഖ] നമ്മുടെ അടുക്കല്‍ ഉണ്ട്; അവര്‍ അക്രമിക്കപ്പെടുന്നതല്ല.
  • وَلَا نُكَلِّفُ നാം ശാസിക്കുകയില്ല, നിര്‍ബ്ബന്ധിക്കുകയില്ല نَفْسًا ഒരു ദേഹത്തോടും, ഒരാളോടും إِلَّا وُسْعَهَا അതിന് കഴിവുള്ളതല്ലാതെ وَلَدَيْنَا നമ്മുടെ അടുക്കലുണ്ട് كِتَابٌ ഒരു ഗ്രന്ഥം يَنطِقُ അത് തുറന്നു പറയും, മൊഴിയും بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്കപ്പെടുന്നതുമല്ല

മൂന്ന് സംഗതികളാണ് ഈ ആയത്തില്‍ അല്ലാഹു പ്രസ്താവിക്കുന്നത്.

1). ഏതൊരാളുടെയും കഴിവനുസരിച്ചുള്ളതല്ലാതെ അവനോട്‌ ശാസിക്കുകയില്ല. ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഒരു മൗലികതത്വമാണിത്. ശാരീരികവും, മാനസികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാവിധ കഴിവുകളും ഇതില്‍ പരിഗണിക്കപ്പെടുന്നു. ആരാധനാ കാര്യങ്ങളില്‍ മാത്രമല്ല, മനുഷ്യന്‍ പ്രവര്‍ത്തിക്കേണ്ടുന്ന എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. നമസ്കാരത്തിലും, നോമ്പിലും മാത്രമല്ല, സാധുക്കളെ സഹായിക്കുന്നതിലും സമുദായസേവനത്തിലും, മതപ്രബോധനത്തിലുമെല്ലാംതന്നെ ഈ നിയമം ബലത്തിലുണ്ട്. അപ്പോള്‍, സല്‍ക്കര്‍മ്മം ചെയ്ത് അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള മാര്‍ഗ്ഗം ഒട്ടും കുടുസ്സല്ല. ദുഷ്കര്‍മ്മത്തിലും, തോന്നിയവാസത്തിലും നിരതരായവര്‍ക്ക് സത്യത്തിന്റെ മാര്‍ഗ്ഗം ഇടുങ്ങിയതാണെന്നോ, മതശാസനകള്‍ അസഹ്യമാണെന്നോ പറയുവാന്‍ ന്യായവുമില്ല.

2). സല്‍ക്കര്‍മ്മികളുടെയും ദുഷ്കര്‍മ്മികളുടെയുമെന്ന വ്യത്യാസമില്ലാതെ, എല്ലാവരുടെ ചെയ്തികളും, കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയ ഒരു രേഖാഗ്രന്ഥം അല്ലാഹുവിങ്കലുണ്ട്.

3). സജ്ജനങ്ങളുടെ സല്‍ഫലങ്ങളില്‍ വല്ല കുറവും വരുത്തിയോ, ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളില്‍ വല്ലതും അധികരിപ്പിച്ചോ, ആരോടും അക്രമം ചെയ്യപ്പെടുകയില്ല. എല്ലാവരുടെയും നന്മതിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം ഹാജറാക്കിക്കൊണ്ടു ഖിയാമത്തുനാളില്‍ ഇപ്രകാരം പറയപ്പെടുന്നതാകുന്നു: ‘ഇതാ നമ്മുടെ – നാം രേഖപ്പെടുത്തിവെച്ച – ഗ്രന്ഥം! അത് നിങ്ങള്‍ക്കു യഥാര്‍ത്ഥം തുറന്നുപറഞ്ഞു തരുന്നതാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത് നാം പകര്‍ത്തെടുക്കുന്നുണ്ടായിരുന്നു.’

(هَـٰذَا كِتَابُنَا يَنطِقُ عَلَيْكُم بِالْحَقِّ ۚ إِنَّا كُنَّا نَسْتَنسِخُ مَا كُنتُمْ تَعْمَلُونَ : سورة الجاثية :٢٩)

23:63
  • بَلْ قُلُوبُهُمْ فِى غَمْرَةٍ مِّنْ هَـٰذَا وَلَهُمْ أَعْمَـٰلٌ مِّن دُونِ ذَٰلِكَ هُمْ لَهَا عَـٰمِلُونَ ﴾٦٣﴿
  • എങ്കിലും, അവരുടെ [അവിശ്വാസികളുടെ] ഹൃദയങ്ങള്‍ ഇതിനെക്കുറിച്ച്‌ അന്ധതയിലാകുന്നു. അവര്‍ക്ക് അത് [മേല്‍ പറഞ്ഞത്] കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്; അത് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്;-
  • بَلْ എങ്കിലും, പക്ഷെ قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ فِي غَمْرَةٍ അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ് مِّنْ هَـٰذَا ഇതിനെക്കുറിച്ചു وَلَهُمْ അവര്‍ക്കുണ്ട് أَعْمَالٌ ചില പ്രവൃത്തികള്‍ مِّن دُونِ ذَٰلِكَ അതുകൂടാതെ هُمْ അവര്‍ لَهَا അതു, അവയെ عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണ്

23:64
  • حَتَّىٰٓ إِذَآ أَخَذْنَا مُتْرَفِيهِم بِٱلْعَذَابِ إِذَا هُمْ يَجْـَٔرُونَ ﴾٦٤﴿
  • അങ്ങനെ, അവരിലുള്ള സുഖിയന്‍മാരെ ശിക്ഷമൂലം നാം പിടിക്കുന്നതായാല്‍, അപ്പോഴതാ, അവര്‍ നിലവിളി കൂട്ടുന്നു!
  • حَتَّىٰ إِذَا أَخَذْنَا അങ്ങനെ നാം പിടിക്കുന്നതായാല്‍ مُتْرَفِيهِم അവരിലുള്ള സുഖിയന്‍മാരെ بِالْعَذَابِ ശിക്ഷകൊണ്ട്, ശിക്ഷമൂലം إِذَا هُمْ അപ്പോള്‍ അവരതാ يَجْأَرُونَ നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു
23:65
  • لَا تَجْـَٔرُوا۟ ٱلْيَوْمَ ۖ إِنَّكُم مِّنَّا لَا تُنصَرُونَ ﴾٦٥﴿
  • (അവരോട് പറയപ്പെടും:) 'ഇന്ന് നിങ്ങള്‍ നിലവിളി കൂട്ടേണ്ടാ [അതുകൊണ്ട് ഫലമില്ല]! നിശ്ചയമായും നിങ്ങള്‍ക്ക്, നമ്മില്‍നിന്ന് സഹായം നല്‍കപ്പെടുകയില്ല;-
  • لَا تَجْأَرُوا നിങ്ങള്‍ നിലവിളി കൂട്ടേണ്ട الْيَوْمَ ഇന്ന് إِنَّكُم നിശ്ചയമായും നിങ്ങള്‍ مِّنَّا നമ്മില്‍ നിന്നു لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല
23:66
  • قَدْ كَانَتْ ءَايَـٰتِى تُتْلَىٰ عَلَيْكُمْ فَكُنتُمْ عَلَىٰٓ أَعْقَـٰبِكُمْ تَنكِصُونَ ﴾٦٦﴿
  • തീര്‍ച്ചയായും, എന്റെ (വേദ) ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിക്കപ്പെട്ടു വന്നിരുന്നു; അപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ മടമ്പുകാലുകളില്‍ (വന്നപാടെ) തന്നെ മടങ്ങിപ്പോകുകയായിരുന്നു ചെയ്തത്;-
  • قَدْ كَانَتْ തീര്‍ച്ചയായും ആയിരുന്നു آيَاتِي എന്റെ ലക്ഷ്യങ്ങള്‍ (വചനങ്ങള്‍) تُتْلَىٰ عَلَيْكُمْ നിങ്ങള്‍ക്ക് ഓതിത്തരപ്പെട്ടിരുന്നു فَكُنتُمْ അപ്പോള്‍ നിങ്ങളായിരുന്നു عَلَىٰ أَعْقَابِكُمْ നിങ്ങളുടെ മടമ്പുകാലുകളിലായി تَنكِصُونَ മടങ്ങി (പിന്‍വാങ്ങി) പ്പോകുക (യായിരുന്നു)
23:67
  • مُسْتَكْبِرِينَ بِهِۦ سَـٰمِرًا تَهْجُرُونَ ﴾٦٧﴿
  • അഹങ്കാരികളായ നിലയില്‍ - അതില്‍ [വേദഗ്രന്ഥത്തില്‍] രാക്കഥയുമായി - നിങ്ങള്‍ പിച്ചുപറഞ്ഞും കൊണ്ടിരിക്കുന്നവരായിരുന്നു'.
  • مُسْتَكْبِرِينَ അഹങ്കാരികളായ നിലയില്‍, അഹംഭാവം നടിച്ചുകൊണ്ട്‌ بِهِ سَامِرًا അതില്‍ രാക്കഥ പറഞ്ഞുകൊണ്ട് تَهْجُرُون നിങ്ങള്‍ പിച്ചുപറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞു കൊണ്ട്

സാരം: മനുഷ്യന് അനുഷ്ഠിക്കുവാന്‍ കഴിയാത്ത ശാസനകളൊന്നും അല്ലാഹു അവരില്‍ ചുമത്തിയിട്ടില്ല; അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, അവിശ്വാസികള്‍ അതൊന്നും ഗൗനിക്കാതെ അന്ധതയിലും, അശ്രദ്ധയിലും കഴിഞ്ഞുകൂടുകയാണ്. 57 – 60ല്‍ പ്രസ്താവിച്ചതു പോലെയുള്ള സല്‍ക്കര്‍മ്മങ്ങളൊന്നും അവര്‍ ചെയ്യുന്നില്ലെന്നു മാത്രമല്ല, അതിനു നേരെ വിപരീതമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ഖുര്‍ആനെപ്പറ്റി ആക്ഷേപിക്കുക, നബിയെ പരിഹസിക്കുക, സത്യവിശ്വാസികളെ ഉപദ്രവിക്കുക മുതലായവയാണ് അവരുടെ ജോലി. അവര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള സുഖസൗകര്യങ്ങളില്‍ വഞ്ചിതരായി തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന നിഗമനത്തിലാണ് അവരുള്ളത്. എന്നാല്‍ ഈ നില അധികം തുടര്‍ന്നുപോകയില്ല. താമസിയാതെ ആ സുഖ സൗകര്യങ്ങളില്‍നിന്നും അവര്‍ പിടിച്ചു ശിക്ഷിക്കപ്പെടും. അപ്പോള്‍ അവര്‍ക്കു തന്റേടം വരും. അവര്‍ വിളിച്ചു നിലവിളിക്കാന്‍ തുടങ്ങും. പക്ഷേ, ഫലമെന്ത്?!

ആ നിലവിളിക്ക് അല്ലാഹുവിന്റെ ഭാഗത്തുനിന്നും മറുപടി ലഭിക്കുക ഇപ്രകാരമായിരിക്കും: ‘ഇന്നു നിലവിളികൂട്ടിയിട്ട് കാര്യമില്ല; യാതൊരു രക്ഷയും നിങ്ങള്‍ക്ക് ഇവിടെ കിട്ടുവാന്‍ പോകുന്നില്ല. എന്റെ ആയത്തുകള്‍ റസൂല്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങളത് കേട്ടതുമില്ല. ചിന്തിച്ചതുമില്ല. കേള്‍ക്കുമ്പോഴേക്കും നിങ്ങള്‍ പിന്നോക്കം പോകുകയായിരുന്നു ചെയ്തിരുന്നത്: മാത്രമല്ല, ഞങ്ങള്‍ ഖുറൈശികളാണ്, കഅ്-ബഃയുടെ സംരക്ഷകന്‍മാരാണ് എന്നും മറ്റും പറഞ്ഞുകൊണ്ട്, അഹങ്കാരം നടിക്കുകയും, കഅ്-ബഃയുടെ പരിസരങ്ങളില്‍ കൂട്ടം കൂടി ഖുര്‍ആനെക്കുറിച്ചും, നബിയെക്കുറിച്ചും പരിഹാസപൂര്‍വ്വം രാക്കഥകളും, തോന്നിയവാസവും പറഞ്ഞു കാലം കഴിക്കുകയുമാണ് ചെയ്തത്. എനി, ഇപ്പോള്‍ നിലവിളിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.’

23:68
  • أَفَلَمْ يَدَّبَّرُوا۟ ٱلْقَوْلَ أَمْ جَآءَهُم مَّا لَمْ يَأْتِ ءَابَآءَهُمُ ٱلْأَوَّلِينَ ﴾٦٨﴿
  • (പറയുന്ന) വാക്ക് [ഖുര്‍ആന്‍] അവര്‍ ഉറ്റാലോചിക്കുന്നില്ലേ?! അഥവാ, തങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്തതൊന്ന് ഇവര്‍ക്ക് വന്നിരിക്കുന്നുവോ?!
  • أَفَلَمْ يَدَّبَّرُوا എന്നാല്‍ അവര്‍ ഉറ്റാലോചിക്കുന്നില്ലേ الْقَوْلَ വാക്ക്, പറയുന്നത് أَمْ جَاءَهُم അഥവാ തങ്ങള്‍ക്ക് വന്നിരിക്കുന്നുവോ مَّا لَمْ يَأْتِ വന്നിട്ടില്ലാത്തത് آبَاءَهُمُ അവരുടെ പിതാക്കള്‍ക്ക് الْأَوَّلِينَ പൂര്‍വ്വന്‍മാരായ, മുമ്പുള്ളവരായ
23:69
  • أَمْ لَمْ يَعْرِفُوا۟ رَسُولَهُمْ فَهُمْ لَهُۥ مُنكِرُونَ ﴾٦٩﴿
  • അതല്ലെങ്കില്‍, അവര്‍ തങ്ങളുടെ റസൂലിനെ അറിഞ്ഞിട്ടില്ല - അതിനാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?!
  • أَمْ لَمْ يَعْرِفُوا അല്ലെങ്കില്‍ അവര്‍ അറിഞ്ഞിട്ടില്ലെയോ رَسُولَهُمْ അവരുടെ റസൂലിനെ فَهُمْ അതിനാല്‍ അവര്‍ لَهُ അദ്ദേഹത്തെ مُنكِرُونَ നിഷേധിക്കുന്നവരാണ് (എന്നുണ്ടോ)
23:70
  • أَمْ يَقُولُونَ بِهِۦ جِنَّةٌۢ ۚ بَلْ جَآءَهُم بِٱلْحَقِّ وَأَكْثَرُهُمْ لِلْحَقِّ كَـٰرِهُونَ ﴾٧٠﴿
  • അല്ലെങ്കില്‍, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് അവര്‍ പറയുന്നുവോ?! എന്നാല്‍, (വാസ്തവത്തില്‍,) അദ്ദേഹം അവരുടെ അടുക്കല്‍ യഥാര്‍ത്ഥം കൊണ്ടുവന്നിരിക്കുകയാണ്; അവരില്‍ അധികമാളുകളും, യഥാര്‍ത്ഥത്തെ വെറുക്കുന്നവരുമാകുന്നു.
  • أَمْ يَقُولُونَ അല്ലെങ്കില്‍ അവര്‍ പറയുന്നുവോ بِهِ അദ്ദേഹത്തിനുണ്ട് (എന്ന്) جِنَّةٌ ഭ്രാന്ത് بَلْ എന്നാല്‍, എങ്കിലും جَاءَهُم അദ്ദേഹം അവര്‍ക്ക് വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവും കൊണ്ട് وَأَكْثَرُهُمْ അവരില്‍ അധികമാളുകളും لِلْحَقِّ യഥാര്‍ത്ഥത്തെ كَارِهُونَ വെറുക്കുന്നവരാണ്

ഒന്നാമതായിപ്പറഞ്ഞ ആക്ഷേപം അവര്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കുന്നില്ല എന്നുള്ളതാണ്. ഈ ആക്ഷേപം പലപ്പോഴും അല്ലാഹു ആവര്‍ത്തിച്ചു പറയാറുള്ളതാണ്. കാരണം അവര്‍ നിഷ്പക്ഷമായി ചിന്തിക്കുന്ന പക്ഷം അതിന്റെ സത്യതയും പരിശുദ്ധതയും അവര്‍ക്കു് ബോധ്യപ്പെടാതിരിക്കുകയില്ല. പിന്നീട് പറഞ്ഞ ആക്ഷേപങ്ങളുടെ സാരം, അവര്‍ റസൂലിനെപ്പറ്റി മനസ്സിലാക്കുന്നില്ലെന്നുള്ളതാകുന്നു. മുമ്പില്ലാത്ത ഒരു പുതിയ വാദം അദ്ദേഹം കൊണ്ടുവന്നിട്ടില്ല, മുമ്പും പല നബിമാരും ഇതേ സത്യപ്രബോധനവുമായി വന്നിട്ടുണ്ടായിരുന്നു. നബിയെ സംബന്ധിച്ചിടത്തോളം, ചെറുപ്പം മുതല്‍ക്കേ അദ്ദേഹത്തിന്റെ മുഴുവന്‍ ചരിത്രവും, അദ്ദേഹത്തിന്റെ പരിശുദ്ധമായ സ്വഭാവപ്രകൃതിയും, സത്യസന്ധതയുമെല്ലാം അവര്‍ക്കറിയാവുന്നതാണ്. അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് അവരുടെ മനഃസാക്ഷിയെ മൂടിവെച്ചുകൊണ്ടല്ലാതെ അവര്‍ക്ക് പറയുവാന്‍ സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനെപ്പറ്റി ചിന്തിക്കാത്തതും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ചര്യയും സ്വഭാവവും ഗൗനിക്കാതിരുന്നതുമാണ് അവിശ്വാസികളെപ്പറ്റി ഇവിടെ പറഞ്ഞ ആക്ഷേപങ്ങളുടെ ചുരുക്കം.

അപ്പോള്‍, ഖുര്‍ആനും, നബിചര്യയും അവഗണിച്ചുകൊണ്ട് ‘ഇന്നവനും ഇന്നവനും പറഞ്ഞതുമാത്രം സ്വീകരിക്കുക’ എന്ന നയം – അതെ, ചില പണ്ഡിതന്‍മാരുടെയോ നേതാക്കളുടെയോ അഭിപ്രായങ്ങള്‍ മാത്രം സ്വീകരിച്ച് ഖുര്‍ആനും സുന്നത്തും ഗൗനിക്കാതെയുള്ള ഇന്നത്തെ മുസ്ലിംകളുടെ പൊതുനില – എത്രമാത്രം ആക്ഷേപകരവും, ആപല്‍ക്കരവുമാണെന്ന് ആലോചിച്ചു നോക്കുക!

23:71
  • وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ ﴾٧١﴿
  • യഥാര്‍ത്ഥം അവരുടെ ഇച്ഛകള്‍ക്കനുസരിച്ചു വന്നിരുന്നുവെങ്കില്‍, ആകാശങ്ങളും, ഭൂമിയും, അവയിലുള്ളവരും (എല്ലാം തന്നെ) കുഴപ്പത്തിലാകുമായിരുന്നു! പക്ഷേ, നാം അവരുടെ അടുക്കല്‍ അവര്‍ക്കുള്ള ഉപദേശവുംകൊണ്ട് ചെന്നിരിക്കുകയാണ്; എന്നാല്‍ അവരാകട്ടെ, അവരുടെ (ആ) ഉപദേശത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു.
  • وَلَوِ اتَّبَعَ അനുസരിച്ചു വന്നിരുന്നുവെങ്കില്‍ الْحَقُّ യഥാര്‍ത്ഥം, സത്യം أَهْوَاءَهُمْ അവരുടെ ഇച്ഛകളെ لَفَسَدَتِ നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും وَمَن فِيهِنَّ അവയിലുള്ളവരും بَلْ പക്ഷെ أَتَيْنَاهُم നാം അവരുടെ അടുക്കല്‍ ചെന്നിരിക്കുന്നു بِذِكْرِهِمْ അവര്‍ക്കുള്ള ഉപദേശവും കൊണ്ടു فَهُمْ എന്നാല്‍ അവര്‍ عَن ذِكْرِهِم അവരുടെ ഉപദേശത്തില്‍ നിന്നു مُّعْرِضُونَ തിരിഞ്ഞുകളയുന്നവരാണ്

അവര്‍ക്ക് സത്യോപദേശങ്ങള്‍ സ്വീകാര്യമാകേണമെങ്കില്‍, അവരുടെ ഇച്ഛകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചുകൊണ്ടായിരിക്കണം യാഥാര്‍ത്ഥ്യങ്ങള്‍ നിലകൊള്ളുന്നത്. അഥവാ, ആരാധ്യന്‍മാര്‍ പലതുണ്ടായിരിക്കണം, ദൈവത്തിന് സന്താനമുണ്ടായിരിക്കണം, അക്രമവും അനീതിയും ന്യായമായിരിക്കണം, പാപങ്ങള്‍ പുണ്യങ്ങളായിരിക്കണം. (معاذ الله). ഇങ്ങിനെയാണ്‌ യഥാര്‍ത്ഥത്തിലുള്ളതെങ്കില്‍, ധാര്‍മ്മികവ്യവസ്ഥയും, ലോകവ്യവസ്ഥയും – ലോകത്തിന്റെ നിലനില്‍പുതന്നെയും – അവതാളത്തിലായിപ്പോകുമായിരുന്നുവെന്ന് വ്യക്തമാണ്. ‘ആകാശഭൂമികളില്‍ അല്ലാഹു അല്ലാതെ വല്ല ഇലാഹുകളും ഉണ്ടായിരുന്നുവെങ്കില്‍, അതുരണ്ടും നാശമടയുമായിരുന്നു!’ (لَوْ كَانَ فِيهِمَا آلِهَةٌ إِلَّا اللَّـهُ لَفَسَدَتَا)

23:72
  • أَمْ تَسْـَٔلُهُمْ خَرْجًا فَخَرَاجُ رَبِّكَ خَيْرٌ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٧٢﴿
  • (നബിയേ,) ഒരു പക്ഷേ, നീ അവരോട് വല്ല പുറപ്പാടും [ആദായവും] ചോദിക്കുന്നുണ്ടോ?! - എന്നാല്‍, നിന്റെ റബ്ബിന്റെ (പക്കല്‍നിന്നുള്ള) പുറപ്പാട് ഏറ്റവും നല്ലതാകുന്നു. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഏറ്റവും നല്ലവനത്രെ.
  • أَمْ അതല്ല, ഒരു പക്ഷേ تَسْأَلُهُمْ നീ അവരോട് ചോദിക്കുന്നുവോ خَرْجًا വല്ല പുറപ്പാടും, ആദായവും فَخَرَاجُ رَبِّكَ എന്നാല്‍ നിന്റെ റബ്ബിന്റെ പുറപ്പാടു, ആദായം خَيْرٌ ഉത്തമമാണ്, കൂടുതല്‍ നല്ലതാണ് وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം (ആഹാരം) നല്‍കുന്നവരില്‍ ഉത്തമനാകുന്നു
23:73
  • وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٧٣﴿
  • നിശ്ചയമായും, നീ അവരെ നേരായ മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയാകുന്നു.
  • وَإِنَّكَ നിശ്ചയമായും നീ لَتَدْعُوهُمْ നീ അവരെ ക്ഷണിക്കുന്നു إِلَىٰ صِرَاطٍ മാര്‍ഗ്ഗത്തിലേക്ക് مُّسْتَقِيمٍ നേരായ, ചൊവ്വായ
23:74
  • وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ ﴾٧٤﴿
  • പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, (ആ) മാര്‍ഗ്ഗം വിട്ടുതെറ്റിപ്പോകുന്നവര്‍ തന്നെയാണ്.
  • وَإِنَّ നിശ്ചയമായും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ عَنِ الصِّرَاطِ മാര്‍ഗ്ഗം വിട്ടു لَنَاكِبُونَ തെറ്റിപ്പോകുന്നവര്‍ തന്നെയാണ്

സാരം: നബിയേ! അല്ലാഹുവിന്റെ ദൗത്യം എത്തിച്ചു കൊടുക്കുന്നതിന് താന്‍ അവരുടെ പക്കല്‍നിന്ന് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടെന്ന കാരണം കൊണ്ടാണോ അവര്‍ വിശ്വസിക്കാതിരിക്കുന്നത്? അല്ല, താന്‍ അവരില്‍നിന്ന് ഒന്നും ഇച്ഛിക്കുന്നില്ല; അതിന് ആവശ്യവുമില്ല. തനിക്ക് അല്ലാഹുവിങ്കലുള്ള മഹത്തായ പ്രതിഫലം തന്നെ മതി. താന്‍ അവരെ യാതൊരു വളവും വക്രതയുമില്ലാത്ത നേരായ മാര്‍ഗ്ഗത്തിലേക്ക് തന്നെയാണ് ക്ഷണിക്കുന്നതും. പക്ഷേ, പരലോകത്തില്‍ വിശ്വാസമില്ലാത്ത അവര്‍ ആ സത്യമാര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ ഭാവമില്ലാതെ തെറ്റിപ്പോകുക മാത്രമാണ്.

23:75
  • وَلَوْ رَحِمْنَـٰهُمْ وَكَشَفْنَا مَا بِهِم مِّن ضُرٍّ لَّلَجُّوا۟ فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾٧٥﴿
  • നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവര്‍ തങ്ങളുടെ അതിക്രമത്തില്‍ അന്ധാളിച്ചുകൊണ്ട് ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യുന്നതാണ്.
  • وَلَوْ رَحِمْنَاهُمْ നാം അവര്‍ക്കു കരുണ ചെയ്തിരുന്നുവെങ്കില്‍ وَكَشَفْنَا നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും مَا بِهِم അവരിലുള്ളതിനെ مِّن ضُرٍّ വിഷമമായിട്ടു لَّلَجُّوا അവര്‍ ശഠിച്ചു നില്‍ക്കുക തന്നെ ചെയ്യും فِي طُغْيَانِهِمْ അവരുടെ അതിക്രമത്തില്‍ يَعْمَهُونَ അന്ധാളിച്ചുകൊണ്ടു, പരിഭ്രമിച്ചുകൊണ്ടു
23:76
  • وَلَقَدْ أَخَذْنَـٰهُم بِٱلْعَذَابِ فَمَا ٱسْتَكَانُوا۟ لِرَبِّهِمْ وَمَا يَتَضَرَّعُونَ ﴾٧٦﴿
  • നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി. എന്നിട്ട്, അവര്‍ തങ്ങളുടെ റബ്ബിന് കീഴൊതുങ്ങിയില്ല; അവര്‍ (അവനോട്) താഴ്മ കാണിക്കുന്നുമില്ല!-
  • وَلَقَدْ أَخَذْنَاهُم തീര്‍ച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി بِالْعَذَابِ ശിക്ഷകൊണ്ട് فَمَا اسْتَكَانُوا എന്നിട്ടു അവര്‍ കീഴൊതുങ്ങിയില്ല لِرَبِّهِمْ അവരുടെ റബ്ബിന് وَمَا يَتَضَرَّعُونَ അവര്‍ താഴ്മ കാണിക്കുന്നുമില്ല
23:77
  • حَتَّىٰٓ إِذَا فَتَحْنَا عَلَيْهِم بَابًا ذَا عَذَابٍ شَدِيدٍ إِذَا هُمْ فِيهِ مُبْلِسُونَ ﴾٧٧﴿
  • കഠിന ശിക്ഷയുടെതായ ഒരു കവാടം അവരില്‍ നാം തുറക്കുന്നതായാല്‍ - അപ്പോഴതാ, അവര്‍ അതില്‍ ആശയറ്റ് പോകുന്നവരായിരിക്കും - അതുവരെക്കും (അവര്‍ ഈ നില തുടരും).
  • حَتَّىٰ إِذَا فَتَحْنَا അങ്ങനെ നാം തുറക്കുമ്പോള്‍ عَلَيْهِم അവരില്‍ بَابًا ഒരു കവാടം (വാതില്‍), ഒരുവകുപ്പു ذَا عَذَابٍ ശിക്ഷയുടേതായ شَدِيدٍ കഠിനമായ إِذَا هُمْ അപ്പോഴതാ അവര്‍ فِيهِ അതില്‍ مُبْلِسُونَ ആശയറ്റവരാകുന്നു, നിരാശപ്പെട്ടവരാകുന്നു (അതുവരേക്കും)

ആദ്യത്തെ ആയത്തില്‍ مَا بِهِم مِّن ضُرٍّ (അവരിലുള്ള വിഷമം) എന്ന് പറഞ്ഞത് പരലോക ശിക്ഷയാണെന്നാണ് ചിലര്‍ പറയുന്നത്. അതായത്: പരലോകശിക്ഷ കാണുമ്പോള്‍ അവര്‍ നിലവിളി കൂട്ടുന്നതനുസരിച്ച് അവരെ ഭൂമിയിലേക്ക് വീണ്ടും മടക്കി ശിക്ഷ ഒഴിവാക്കിക്കൊടുത്താല്‍ പോലും, അവര്‍ പഴയപടി ദുര്‍ന്നടപ്പില്‍ ശഠിച്ചുനില്‍ക്കുകയാണുണ്ടാവുക എന്ന് സാരം. وَلَوْ رُدُّوا لَعَادُوا لِمَا نُهُوا عَنْهُ : الأنعام:٢٨ (അവര്‍ – ഭൂമിയിലേക്ക് – മടക്കപ്പെട്ടാലും, അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവര്‍ വീണ്ടും പോകുകതന്നെ ചെയ്യുന്നതാണ്.) എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. ‘വിഷമം’ (ضُرٍّ) കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഖുറൈശികളില്‍ ബാധിക്കുകയുണ്ടായ ക്ഷാമവും പട്ടിണിയുമാണെന്നും അഭിപ്രായമുണ്ട്. അധിക മുഫസ്സിറുകളുടെയും അഭിപ്രായം ഇതാണ്. ഖുറൈശികളില്‍ രണ്ട് പ്രാവശ്യം ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും, ഥമാമഃ (رَضِيَ اللهُ تَعَالَى عَنْه) നിമിത്തമുണ്ടായ ക്ഷാമമാണ് ഇവിടെ ഉദ്ദേശമെന്നത്രെ അധികപക്ഷവും പറയുന്നത്. പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ്:-

മുഹമ്മദ്‌ബ്നു മസ്-ലമഃ (محمد بن مسلمة -رَضِيَ اللهُ تَعَالَى عَنْهُ) യുടെ നേതൃത്വത്തില്‍ അയക്കപ്പെട്ട ഒരു സൈന്യസംഘം ഥുമാമഃ (ثمامة بن أثال -رَضِيَ اللهُ تَعَالَى عَنْهُ)യെ ബന്ധനസ്ഥനാക്കി മദീനായില്‍ കൊണ്ടുവന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തെ പള്ളിയില്‍ തടങ്ങലില്‍ വെച്ചു. മൂന്ന് ദിവസം ഇസ്ലാമുമായുള്ള പരിചയം അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. അദ്ദേഹം മുസ്ലിമായിക്കൊണ്ട് മക്കായില്‍ ‘ഉംറഃ’ കര്‍മ്മം (العمرة) ചെയ്‌വാന്‍ ചെന്നു. യമാമഃയിലെ നേതാവായ അദ്ദേഹം, മുസ്ലിമായതില്‍ ഖുറൈശികള്‍ അതിയായ വെറുപ്പ്‌ പ്രകടിപ്പിക്കുകയും, അദ്ദേഹത്തെ കഠിനമായി ആക്ഷേപിക്കുകയും ചെയ്തു. അതിനെത്തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! യമാമഃയില്‍നിന്ന് റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഉത്തരവ് കൂടാതെ ഒറ്റമണി ധാന്യം എനി നിങ്ങള്‍ക്ക് വരികയില്ല. മക്കായിലേക്ക് ധാന്യം ഇറക്കുമതി ചെയ്തിരുന്ന പ്രധാന കേന്ദ്രമായിരുന്നു അന്ന് യമാമഃ പ്രദേശങ്ങള്‍. അങ്ങനെ, അദ്ദേഹം അത് നിറുത്തല്‍ ചെയ്തു. ഇത് നിമിത്തം മക്കക്കാര്‍ക്ക് വമ്പിച്ച പട്ടിണിയായി. ‘ഇല്‍ഹിസ്‌’ (علهز) പോലും അവര്‍ ഭക്ഷിക്കേണ്ടിവന്നു. (പട്ടിണിക്കാലത്ത് രോമവും രക്തവും ചേര്‍ത്തുണ്ടാക്കപ്പെടുന്ന ഒരു സാധനമാണത്.). ഖുറൈശികള്‍ ഒടുക്കം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമീപിച്ചു. ‘മുഹമ്മദേ! നീ ലോകര്‍ക്ക് കരുണയായി അയക്കപ്പെട്ടവനാണെന്നല്ലേ പറയുന്നത്? ഞങ്ങളുടെ പിതാക്കളെ നീ (ബദ്റില്‍ വെച്ച്) വാളിനിരയാക്കി; ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിയിട്ടും കൊല്ലുവാനാണോ വിചാരിക്കുന്നത്? കുടുംബബന്ധം പാലിക്കണമെന്ന് നീ പറയാറുണ്ടല്ലോ, ഇത് കുടുംബം മുറിക്കലല്ലേ?’ എന്നിങ്ങിനെ ആവലാതിപ്പെട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉടനെത്തന്നെ, ‘എന്റെ നാട്ടുകാര്‍ക്ക് ഭക്ഷണം വിട്ടുകൊടുക്കണം’ എന്ന് ഥുമാമഃ (رَضِيَ اللهُ تَعَالَى عَنْهُ)ക്ക് കത്തെഴുതി. പിന്നീട് പഴയപടി തുടരുകയും ചെയ്തു.

രണ്ടാമത്തെ ആയത്തില്‍ وَلَقَدْ أَخَذْنَاهُم بِالْعَذَابِ (നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി) എന്ന് പറഞ്ഞത് ഈ സംഭവത്തെ ഉദ്ദേശിച്ചാണെന്നും ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബദര്‍യുദ്ധത്തില്‍ 70 ഖുറൈശി നേതാക്കള്‍ കൊല്ലപ്പെട്ടതിനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് അധികമാളുകളുടെയും അഭിപ്രായം. മൂന്നാമത്തെ ആയത്തില്‍ ‘കഠിന ശിക്ഷയുടേതായ കവാടം’ (بَابًا ذَا عَذَابٍ شَدِيدٍ) എന്ന് പറഞ്ഞത് പരലോകശിക്ഷയെക്കുറിച്ചുതന്നെ. മേല്‍കാണിച്ച ഏത് അഭിപ്രായം നാം സ്വീകരിച്ചാലും, ആയത്തുകളുടെ സാരം വ്യക്തമാണ്; ആ അവിശ്വാസികളിലുള്ള വിഷമങ്ങള്‍ നീക്കി കരുണ ചെയ്താലും അതിന് നന്ദി കാണിക്കുകയോ, തങ്ങളുടെ ധിക്കാരത്തില്‍ നിന്നു് പിന്‍വാങ്ങുകയോ അവര്‍ ചെയ്കയില്ല. അവര്‍ പാഠം പഠിക്കുകയുമില്ല. ഖിയാമത്ത്നാളിലെ ശിക്ഷ അനുഭവപ്പെടുമ്പോഴാണ് അവര്‍ കണ്ണ് തുറക്കുക. പക്ഷേ അത് കൊണ്ട് ഫലം ഉണ്ടാകുന്നതുമല്ല.

ഇത്രയും പറഞ്ഞതില്‍നിന്ന്, ഈ മൂന്ന് ആയത്തുകളും മദീനയില്‍ അവതരിച്ചതായിരിക്കണമെന്ന് വ്യക്തമാണല്ലോ. ഈ സൂറത്ത് മക്കീ സൂറത്തുകളില്‍പെട്ടതാണെന്ന് മിക്കവാറും മുഫസ്സിറുകള്‍ സൂറത്തിന്റെ ആരംഭത്തില്‍ പറഞ്ഞുകാണാമെങ്കിലും, ഈ മൂന്ന്‍ വചനങ്ങള്‍ മദീനായില്‍ അവതരിച്ചതാണെന്ന് ചില മഹാന്‍മാര്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ രേഖപ്പെടുത്താത്തവരും, വിവരണത്തില്‍ മേല്‍ കണ്ട നില കൈകൊള്ളുകയും ചെയ്തുകാണാം.

വിഭാഗം - 5

23:78
  • وَهُوَ ٱلَّذِىٓ أَنشَأَ لَكُمُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴾٧٨﴿
  • അവനാണ് (അല്ലാഹുവാണ്) നിങ്ങള്‍ക്ക് കേള്‍വിയും, കാഴ്ചയും, ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടുള്ളവന്‍, നിങ്ങള്‍ അല്‍പ്പമാത്രമേ നന്ദിചെയ്യുന്നുള്ളു.
  • وَهُوَ അവനാണ് الَّذِي أَنشَأَ ഉണ്ടാക്കിയിട്ടുള്ളവന്‍ لَكُمُ നിങ്ങള്‍ക്ക് السَّمْعَ കേള്‍വി وَالْأَبْصَارَ കാഴ്ചകളും وَالْأَفْئِدَةَ ഹൃദയങ്ങളും قَلِيلًا مَّا അല്‍പമാത്രമേ تَشْكُرُونَ നിങ്ങള്‍ നന്ദി ചെയ്യുന്നു(ള്ളു)
23:79
  • وَهُوَ ٱلَّذِى ذَرَأَكُمْ فِى ٱلْأَرْضِ وَإِلَيْهِ تُحْشَرُونَ ﴾٧٩﴿
  • അവന്‍ തന്നെയാണ്, നിങ്ങളെ ഭൂമിയില്‍ വര്‍ദ്ധിപ്പിച്ചുണ്ടാക്കിയവനും; അവന്റെ അടുക്കലേക്കുതന്നെ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും.
  • وَهُوَ അവന്‍ തന്നെ الَّذِي ذَرَأَكُمْ നിങ്ങളെ വര്‍ദ്ധിപ്പിച്ചിട്ടുള്ളവന്‍ فِي الْأَرْضِ ഭൂമിയില്‍ وَإِلَيْهِ അവങ്കലേക്കു തന്നെ تُحْشَرُونَ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും
23:80
  • وَهُوَ ٱلَّذِى يُحْىِۦ وَيُمِيتُ وَلَهُ ٱخْتِلَـٰفُ ٱلَّيْلِ وَٱلنَّهَارِ ۚ أَفَلَا تَعْقِلُونَ ﴾٨٠﴿
  • അവന്‍ തന്നെയാണ്, ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവനും; രാവും, പകലും വ്യത്യാസപ്പെടുന്നതും അവന്റെ വകയാണ്. അപ്പോള്‍, നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?!
  • وَهُوَ الَّذِي അവന്‍ തന്നെയാണ് യാതൊരുവനും يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു (അങ്ങിനെയുള്ളവന്‍) وَلَهُ അവന്റെ വകയാണ്, അവന്റേതാണ് اخْتِلَافُ اللَّيْلِ രാവുവ്യത്യാസപ്പെടുന്നതു وَالنَّهَارِ പകലും أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ മനസിരുത്തുന്നില്ലേ
23:81
  • بَلْ قَالُوا۟ مِثْلَ مَا قَالَ ٱلْأَوَّلُونَ ﴾٨١﴿
  • എന്നാല്‍, പൂര്‍വ്വികന്‍മാര്‍ പറഞ്ഞ (അതേ) മാതിരി അവര്‍ പറയുകയാണ്‌;-
  • بَلْ എന്നാല്‍, പക്ഷേ قَالُوا അവര്‍ പറയുകയാണ്‌ مِثْلَ مَا قَالَ പറഞ്ഞതുപോലെ الْأَوَّلُونَ പൂര്‍വ്വികന്‍മാര്‍, മുമ്പുള്ളവര്‍
23:82
  • قَالُوٓا۟ أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ ﴾٨٢﴿
  • അവര്‍ പറയുന്നു: 'ഞങ്ങള്‍ മരിക്കുകയും, മണ്ണും എല്ലുമായിത്തീരുകയും ചെയ്‌താല്‍, ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരായിരിക്കുമെന്നോ?! (അത് സംഭവ്യമല്ല.).
  • قَالُوا അവര്‍ പറയുന്നു أَإِذَا مِتْنَا നാം മരണപ്പെട്ടിട്ടാണോ وَكُنَّا നാം ആയിത്തീരുകയും تُرَابًا മണ്ണ് وَعِظَامًا എല്ലുകളും أَإِنَّا لَمَبْعُوثُونَ നിശ്ചയമായും നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരാകുന്നത്?
23:83
  • لَقَدْ وُعِدْنَا نَحْنُ وَءَابَآؤُنَا هَـٰذَا مِن قَبْلُ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴾٨٣﴿
  • 'ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദത്തം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്‍മാരുടെ പഴങ്കഥകളല്ലാതെ (വേറെ) ഒന്നുമല്ല.
  • لَقَدْ وُعِدْنَا نَحْنُ തീര്‍ച്ചയായും ഞങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും هَـٰذَا ഇതു, ഇക്കാര്യം مِن قَبْلُ മുമ്പു, മുമ്പുതന്നെ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പഴങ്കഥകളല്ലാതെ, പുരാണ കഥകളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ

‘മരണാനന്തരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണെന്നു് ഇപ്പോള്‍ ഞങ്ങളോടെന്നപോലെ, ഞങ്ങളുടെ മുന്‍ഗാമികളോടും ചിലര്‍ – തങ്ങള്‍ ദൈവദൂതന്‍മാരാണെന്നു നടിച്ചുകൊണ്ട്‌ – ഉറപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങിനെ പറഞ്ഞുതുടങ്ങിയിട്ട് കാലം കുറേയായി. എനിയും അതു് സംഭവിച്ചു കാണുന്നില്ല. ആരോ പറഞ്ഞുണ്ടാക്കിയ ചില പഴഞ്ചന്‍ വര്‍ത്തമാനം മാത്രമാണിത്.’ എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇതുപോലെ, പരലോകത്തില്‍ വിശ്വസിക്കാത്ത ആളുകളില്‍നിന്നു് ഇന്നും നാം കേള്‍ക്കാറുള്ളതാണല്ലോ. പക്ഷേ, അന്നത്തെ മുശ്രിക്കുകള്‍ മിക്കവാറും സൃഷ്ടാവിനെ നിഷേധിക്കുന്നവരായിരുന്നില്ല. ആകാശഭൂമികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണെന്നതും അവര്‍ നിഷേധിച്ചിരുന്നില്ല, എന്നുമാത്രം. അല്ലാഹു പറയുന്നത് നോക്കുക:-

23:84
  • قُل لِّمَنِ ٱلْأَرْضُ وَمَن فِيهَآ إِن كُنتُمْ تَعْلَمُونَ ﴾٨٤﴿
  • (നബിയേ!) ചോദിക്കുക: 'ഭൂമിയും, അതിലുള്ളവരും ആരുടേതാണ് - നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)?!'
  • قُل പറയുക, ചോദിക്കുക لِّمَنِ ആര്‍ക്കാണ്, ആരുടേതാണ് الْأَرْضُ ഭൂമി وَمَن فِيهَا അതിലുള്ളവരും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും, നിങ്ങള്‍ക്കറിയാം (എന്നുണ്ടെങ്കില്‍)
23:85
  • سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ ﴾٨٥﴿
  • അവര്‍ പറഞ്ഞുകൊള്ളും: 'അല്ലാഹുവിന്റേതാണ്' എന്ന്. പറയുക: 'എന്നാല്‍ നിങ്ങള്‍ ആലോചിക്കുന്നില്ലേ?!'
  • سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും, പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക أَفَلَا تَذَكَّرُونَ എന്നാല്‍ ആലോചിക്കുന്നില്ലേ, ഓര്‍ക്കുന്നില്ലേ
23:86
  • قُلْ مَن رَّبُّ ٱلسَّمَـٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ ﴾٨٦﴿
  • ചോദിക്കുക: ഏഴ് ആകാശങ്ങളുടെ നാഥനും, മഹത്തായ 'അര്‍ശി'ന്റെ [സിംഹാസനത്തിന്റെ] നാഥനും ആരാണ്?!'
  • قُلْ പറയുക, ചോദിക്കുക مَن ആരാണ് رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ്, നാഥന്‍ السَّبْعِ ഏഴ്, ഏഴായ وَرَبُّ الْعَرْشِ അര്‍ശിന്റെ റബ്ബും الْعَظِيمِ മഹത്തായ, വമ്പിച്ച
23:87
  • سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَتَّقُونَ ﴾٨٧﴿
  • അവര്‍ പറഞ്ഞുകൊള്ളും: ('അതും) അല്ലാഹുവിന്റേതാണ്' എന്ന്. പറയുക: 'എന്നാല്‍, നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!'
  • سَيَقُولُونَ അവര്‍ പറഞ്ഞേക്കും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക, ചോദിക്കുക أَفَلَا تَتَّقُونَ എന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
23:88
  • قُلْ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَىْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِن كُنتُمْ تَعْلَمُونَ ﴾٨٨﴿
  • ചോദിക്കുക: 'എല്ലാ വസ്തുവിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്, അവനാണ് രക്ഷ നല്‍കുന്നത്, അവനെതിരില്‍ രക്ഷ നല്‍കപ്പെടുകയുമില്ല - ഇങ്ങിനെയുള്ള ഒരുവന്‍ ആരാണ്?- നിങ്ങള്‍ക്ക് അറിയാമെങ്കില്‍ (പറയൂ)!'
  • قُلْ പറയുക, ചോദിക്കുക مَن ആരാണുള്ളതു بِيَدِهِ അവന്റെ കൈവശമാണ് مَلَكُوتُ ഭരണാധികാരം, രാജാധിപത്യം كُلِّ شَيْءٍ എല്ലാ വസ്തുവിന്റെയും وَهُوَ يُجِيرُ അവന്‍ രക്ഷ നല്‍കുകയും ചെയ്യും وَلَا يُجَارُ രക്ഷ നല്‍കപ്പെടുകയുമില്ല عَلَيْهِ അവന്റെമേല്‍ (അവന്നെതിരില്‍) إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയുന്നു, നിങ്ങള്‍ക്കറിയാം (എങ്കില്‍)
23:89
  • سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ ﴾٨٩﴿
  • അവര്‍ പറഞ്ഞുകൊള്ളും: '(അതെല്ലാം) അല്ലാഹുവിനുള്ളതാണ്' എന്ന്. പറയുക: 'എന്നാല്‍ എങ്ങിനെയാണ്, നിങ്ങള്‍ മായത്തിലകപ്പെട്ടു പോകുന്നത്?!'
  • سَيَقُولُونَ അവര്‍ പറഞ്ഞുകൊള്ളും لِلَّـهِ അല്ലാഹുവിന്റേതാണ് قُلْ പറയുക فَأَنَّىٰ എന്നാല്‍ എങ്ങിനെയാണ് تُسْحَرُونَ നിങ്ങള്‍ മായത്തിലകപ്പെടുന്നു (മയക്കപ്പെടുന്നു)

23:90
  • بَلْ أَتَيْنَـٰهُم بِٱلْحَقِّ وَإِنَّهُمْ لَكَـٰذِبُونَ ﴾٩٠﴿
  • പക്ഷേ, (വാസ്തവത്തില്‍) നാം അവര്‍ക്കു യഥാര്‍ത്ഥവുംകൊണ്ട് ചെന്നിരിക്കുകയാണ്; നിശ്ചയമായും അവരാകട്ടെ, കള്ളവാദികളുമാണ്.
  • بَلْ എന്നാല്‍, പക്ഷേ أَتَيْنَاهُم നാം അവര്‍ക്കു ചെന്നിരിക്കുന്നു بِالْحَقِّ സത്യവുമായി, യഥാര്‍ത്ഥവും കൊണ്ടു وَإِنَّهُمْ നിശ്ചയമായും അവരാകട്ടെ لَكَاذِبُونَ കള്ളവാദികളുമാണ്, കളവു പറയുന്നവര്‍ തന്നെ

ആകാശഭൂമികളും, അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹുവിന്റേതാണ്, അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവയുടെ മുഴുവന്‍ നിയന്ത്രണവും, കൈകാര്യവും അവന്റെ പക്കലാണ് എന്നെല്ലാം മുശ്രിക്കുകളും വിശ്വസിക്കുന്നു. എന്നിട്ട് പിന്നെയും അവര്‍, വിഗ്രഹങ്ങള്‍ മുതലായ സൃഷ്ടികളെ ആരാധിച്ചും, അവരോട് പ്രാര്‍ത്ഥിച്ചുംകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഈ അബദ്ധത്തെ സംബന്ധിച്ചു – ഇതില്‍പരം വമ്പിച്ച വഴിപിഴവ് വേറെ ഇല്ലതന്നെ – അവര്‍ ഒട്ടും ചിന്തിക്കാത്തതിനെയാണ് അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. ഓരോ ചോദ്യത്തിനും, ശരിക്കുള്ള മറുപടിയാണ് അവര്‍ക്ക് പറയുവാനുള്ളത്. അവ ഓരോന്നും ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുവാന്‍ പോരുന്നവയുമാണ്. അതുകൊണ്ടാണ്, ഓരോ ചോദ്യത്തെയും തുടര്‍ന്നുകൊണ്ടു, ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ; നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ’ എന്നിങ്ങനെ അല്ലാഹു ആവര്‍ത്തിച്ച് പറയുന്നത്.

ചോദ്യങ്ങളുടെ ഉത്തരത്തില്‍ യാതൊരു ഭിന്നാഭിപ്രായവും ഇല്ലാതിരിക്കെ, അതോടൊപ്പം അല്ലാഹു അല്ലാത്തവരെ ആരാധ്യന്‍മാരായി സ്വീകരിക്കുവാന്‍ അവര്‍ മുതിരുമ്പോള്‍, അവരുടെ ബുദ്ധിക്ക് എന്തോ അമളി പിണഞ്ഞിരിക്കണമല്ലോ. അതെ, പൂര്‍വ്വീകന്‍മാരുടെ നടപടികള്‍ പരമ്പരാഗതമായി കണ്ടുവരികയും, അവയെ ന്യായീകരിച്ചു കൊണ്ടുള്ള അവാസ്തവപ്രസ്താവനകള്‍ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതില്‍ അവര്‍ മയങ്ങിപ്പോയിരിക്കുകയാണ്. അതിനെപ്പറ്റി പുനരാലോചന ചെയ്യുവാന്‍ അവര്‍ തയ്യാറില്ലാതിരിക്കുകയാണ്. പക്ഷേ, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്കറിയാവുന്ന യാഥാര്‍ത്ഥ്യങ്ങളായിരിക്കെ, അവരോട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന വിഷയം – തൗഹീദ് മുതലായവ – തികച്ചും ന്യായവും, സത്യവുമാണെന്നും, അവരുടെ വാദം തനി കള്ളവും, പൊള്ളയും ആണെന്നും സ്പഷ്ടമാണ്.

23:91
  • مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ وَمَا كَانَ مَعَهُۥ مِنْ إِلَـٰهٍ ۚ إِذًا لَّذَهَبَ كُلُّ إِلَـٰهٍۭ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَىٰ بَعْضٍ ۚ سُبْحَـٰنَ ٱللَّهِ عَمَّا يَصِفُونَ ﴾٩١﴿
  • അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; അവനോടൊപ്പം യാതൊരു ഇലാഹും ഇല്ലതാനും. (ഉണ്ട്) എന്ന് വരികില്‍, ഓരോ ഇലാഹും അവന്‍ സൃഷ്ടിച്ചതും കൊണ്ടുപോകുകയും, അവരില്‍ ചിലര്‍ ചിലരുടെ മേല്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യുമായിരുന്നു. അവര്‍ വര്‍ണ്ണിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍നിന്ന് അല്ലാഹു മഹാപരിശുദ്ധന്‍!
  • مَا اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല مِن وَلَدٍ യാതൊരു സന്താനത്തെയും وَمَا كَانَ ഇല്ലതാനും مَعَهُ അവനോടൊപ്പം مِنْ إِلَـٰهٍ ഒരു ഇലാഹും, ആരാധ്യനും إِذًا എന്നു വരികില്‍, അങ്ങിനെയാണെങ്കില്‍ لَّذَهَبَ പോകുമായിരുന്നു كُلُّ إِلَـٰهٍ ഓരോ ഇലാഹും بِمَا خَلَقَ താന്‍ സൃഷ്ടിച്ചതും കൊണ്ടു وَلَعَلَا പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നത്യം കാണിക്കയും ചെയ്യും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെമേല്‍, ചിലരോടു سُبْحَانَ اللَّـهِ അല്ലാഹു പരിശുദ്ധന്‍ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍ നിന്നു

23:92
  • عَـٰلِمِ ٱلْغَيْبِ وَٱلشَّهَـٰدَةِ فَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾٩٢﴿
  • അദൃശ്യത്തെയും, ദൃശ്യത്തെയും അറിയുന്നവനാണ് (അവന്‍). അപ്പോള്‍, അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നും അവന്‍ മഹോന്നതനാകുന്നു.
  • عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനാണ് وَالشَّهَادَةِ ദൃശ്യത്തെയും فَتَعَالَىٰ അപ്പോള്‍ അവന്‍ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു

അല്ലാഹുവിന് സമന്‍മാരെ കല്‍പിക്കുക, സന്താനങ്ങളെ കല്‍പിക്കുക എന്നീ രണ്ടുതരം ശിര്‍ക്കിനെയും ഖണ്ഡിക്കുകയാണ് ഈ വചനങ്ങള്‍ ചെയ്യുന്നത്. അവന്‍ മക്കളെ സ്വീകരിച്ചിട്ടുമില്ല, അവനോടൊപ്പം വേറെ ഇലാഹുമില്ല, അവനല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടായിരിക്കുവാന്‍ നിവൃത്തിയുമില്ല. കാരണം: അവനെക്കൂടാതെ മറ്റുവല്ല ഇലാഹും ഉണ്ടാകുന്നപക്ഷം അവര്‍ തമ്മില്‍ അധികാരവടംവലിയും, അവകാശത്തര്‍ക്കവും അനിവാര്യമാണ്. ഇതൊന്നും കൂടാതെ, ലോകമൊട്ടുക്കും ഒരേ വ്യവസ്ഥയിന്‍ കീഴില്‍ നിലകൊള്ളുന്നത് ആര്‍ക്കും കാണാവുന്നതാണല്ലോ. ‘പരമകാരുണികനായുള്ളവന്റെ സൃഷ്ടിയില്‍ യാതൊരു ഏറ്റപ്പറ്റും നീ കാണുന്നതല്ല.’ 67:3 (مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ). അല്ലാഹുവാണെങ്കില്‍ എല്ലാ രഹസ്യപരസ്യങ്ങളും, ദൃശ്യാദൃശ്യങ്ങളും അറിയുന്നവനാണ്. എന്നിരിക്കെ അവന്റെ അറിവില്‍ പെടാത്ത ഒരു ഇലാഹു ഉണ്ടായിരിക്കാമെന്ന് സങ്കല്‍പ്പിക്കുകപോലും സാധ്യമല്ലതന്നെ.