വ്യാഖ്യാനക്കുറിപ്പ്‌ – 1:-

മൂസാ നബിയുടെയും ഖിള്വ്-ര്‍ നബിയുടെയും (عليهما السلام) കഥയില്‍ ചിലര്‍ കടത്തിക്കൂട്ടിയ അഭിപ്രായങ്ങളും അവയെ സംബന്ധിച്ച നിരൂപണങ്ങളും:-


‘അസ്വ്-ഹാബുല്‍ കഹ്ഫി’ന്റെ (ഗുഹാവാസികളുടെ) കഥയില്‍ പ്രസ്താവിച്ചതുപോലെ ഈ കഥയിലും ചിലര്‍ ചില പുത്തന്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു കാണാം. ഖുര്‍ആന്‍ വചനങ്ങളുടെ താല്‍പര്യങ്ങള്‍ക്കും, നബിവചനങ്ങള്‍ക്കും നിരക്കാത്തവയായതുകൊണ്ടു അവയെപ്പറ്റി ഇവിടെ നമുക്ക് അല്‍പം സ്പര്‍ശിക്കേണ്ടതായി വന്നിരിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തില്‍ പൊതുജനമദ്ധ്യെ കടന്നുകൂടിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകളെ ഒന്നിച്ചു ചേര്‍ത്തു ആ വിഷയത്തിനു ഒരു രൂപം നല്‍കിയശേഷം ആ രൂപത്തെ ഖണ്ഡിക്കുക, അക്കൂട്ടത്തില്‍ ആ വിഷയത്തിന്റെ യഥാര്‍ത്ഥരൂപം തന്നെ മാറ്റി പുതിയ ഒരു രൂപത്തില്‍ ചിത്രീകരിക്കുക എന്നുള്ളത് തല്‍പരകക്ഷികളുടെ ഒരു പതിവാകുന്നു. ഈ അടവു ഇക്കൂട്ടരും പലേടത്തും ഉപയോഗപ്പെടുത്തിയതായി കാണാം. അല്‍കഹ്ഫ് 65ല്‍ പ്രസ്താവിക്കപ്പെട്ട അടിയാന്‍ – മൂസാ (عليه الصلاة والسلام) ന്റെ ഗുരുവായ ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനായിരുന്നില്ലെന്നും, അദ്ദേഹം ഒരു ‘വലിയ്യു’ (ولي) ആയിരുന്നുവെന്നും ചില പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ അഭിപ്രായത്തേയും, ‘വലിയ്യു’ എന്നു പറയുന്നതു ഒരു തരം സന്യാസവേഷം ധരിച്ചവര്‍ക്കാണെന്നു പാമരജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസത്തേയും പൊക്കിപ്പിടിച്ചുകൊണ്ടാണ് ഇവര്‍ ഇവിടെ സംസാരിച്ചുകാണുന്നത്.

‘കേവലം കാട്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്യാസിയുടെ അടുക്കല്‍ പോയി പരിശീലനം നേടുവാന്‍ മൂസാ നബി (عليه الصلاة والسلام) പ്രവാചകന്‍മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പ്രവാചകന്‍ – എങ്ങിനെ കല്‍പിക്കപ്പെടും? പ്രവാചകനല്ലാത്ത ഒരാളോടു ഒരു പ്രവാചകന്‍: ‘ഞാന്‍ നിങ്ങളെ പിന്‍പറ്റി നടക്കട്ടയോ’ എന്നു എങ്ങിനെ ചോദിക്കും? ‘ഏറ്റവും വലിയ ജ്ഞാനി ആരാണെ’ന്ന് ചോദിക്കപ്പെട്ടിട്ട് ‘ഞാനാണ്’ എന്നു മൂസാ നബി (عليه الصلاة والسلام) എങ്ങിനെ ഉത്തരം പറയും? ഈ അഹംഭാവം കാരണമായിട്ടാണു അദ്ദേഹത്തെ ഖിള്വ്-ര്‍ നബി (عليه الصلاة والسلام) ന്റെ അടുക്കലേക്കു അയച്ചതു എന്നു പറയുന്നതു നബിമാരുടെ നിലപാടിന്നു എങ്ങിനെ യോജിക്കും?’ എന്നിങ്ങിനെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഇവരുടെ പുതിയ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതു. ഇവരുടെ അഭിപ്രായത്തില്‍ മൂസാ (عليه الصلاة والسلام) നബിക്കു പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പാണ് ഈ സംഭവം ഉണ്ടായിട്ടുള്ളത്. ‘പ്രവാചകത്വം നല്‍കപ്പെടുന്നതിനുമുമ്പു നബിമാര്‍ക്കു പലവിധ പരിശീലനങ്ങളും നല്‍കപ്പെടാറുള്ളതില്‍ ഒന്നായിരുന്നു ഈ സംഭവം. ഫിര്‍ഔന്റെ കൊട്ടാരത്തില്‍ വളര്‍ന്നതുമൂലം പലതരം പരിശീലനങ്ങളും മൂസാനബി (عليه الصلاة والسلام) നേടിയിട്ടുണ്ട്; ഇനിയും ചില വശങ്ങള്‍ ബാക്കിയുണ്ട്; അതിനുപറ്റിയ ഒരു ഗുരു ഉണ്ടെന്നു അദ്ദേഹം കേട്ടു; മൂസാ നബി (عليه الصلاة والسلام) അങ്ങോട്ടു പുറപ്പെട്ടു. അഥവാ അല്ലാഹു അതു തോന്നിപ്പിച്ചു’ എന്നാണ് ഇവര്‍ പറയുന്നത്. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പായിരുന്നു ഈ യാത്ര എന്നു വരുത്തിത്തീര്‍ക്കുവാന്‍ വേണ്ടി مَجْمَعَ الْبَحْرَيْنِ (രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം) എന്നു അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം ‘നൈല്‍ നദിയുടെ രണ്ടു ശാഖകള്‍ പിരിയുന്ന സ്ഥലം’ ആയിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

മൂസാ (عليه الصلاة والسلام) കൂടെകൊണ്ടുപോയ മത്സ്യത്തെപ്പറ്റി ഇവര്‍ പറയുന്നതു നോക്കുക: ‘അക്കാലത്തെ മനുഷ്യജീവിതം മിക്കവാറും പ്രാകൃതജീവിതമായിരുന്നതുകൊണ്ടു അപ്പപ്പോള്‍ വേട്ടയാടിയോ, മത്സ്യം പിടിച്ചോ ആയിരിക്കും അവര്‍ വിശപ്പടക്കുക. അതനുസരിച്ചു മൂസാ (عليه الصلاة والسلام) നബിയും ഭൃത്യനും ഒരു പാറയുടെ അടുത്തുചെന്നുകൂടി നദിയില്‍ നിന്നും മത്സ്യം പിടിച്ചു. സാധാരണ മത്സ്യം പിടുത്തക്കാര്‍ ചെയ്യാറുള്ളതുപോലെ അതിന്റെ വക്കത്തൊരു കുഴിയുണ്ടാക്കി ആ കുഴിയിലിട്ടു. നദിയിലെ വെള്ളം കണ്ടപ്പോള്‍ മത്സ്യത്തിനു വെമ്പലുണ്ടായി. അത്ഭുതകരമായ നിലക്ക് അതു അതിന്റെ വഴിക്കു പോയിക്കളഞ്ഞു. വളരെ നേരത്തേക്കു മത്സ്യത്തിന്റെ കാര്യം മറന്നു പോയതുകൊണ്ടാണ് അതു ചാടിപ്പോയത്. അപ്പോള്‍ ഇതൊരു അസാധാരണ മത്സ്യമൊന്നുമല്ല, വേണ്ടാത്ത കഥകള്‍ കെട്ടിച്ചമച്ചുണ്ടാക്കേണ്ട ആവശ്യമില്ല. وَمَا أَنسَانِيهُ إِلَّا الشَّيْطَانُ (പിശാചല്ലാതെ എന്നെ അതു മറപ്പിച്ചിട്ടില്ല) എന്നു പറഞ്ഞതിനു ഇവിടെ വിശേഷാര്‍ത്ഥമൊന്നുമില്ല. പണ്ടു യൂസുഫു നബി (عليه الصلاة والسلام) തന്നെപ്പറ്റി രാജാവിനെ ഉണര്‍ത്തുവാനായി, ജയിലില്‍ നിന്നു പുറത്തുപോരുന്ന ജയില്‍പുള്ളിയെ ഏല്‍പ്പിച്ചിട്ട് അയാളതു മറന്നുപോയല്ലോ. ഇതിനെപ്പറ്റിയും ‘പിശാചു മറപ്പിച്ചു’ (فَأَنسَاهُ الشَّيْطَانُ) എന്നു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ വെറുപ്പു പ്രകടിപ്പിക്കുന്ന ഒരു വാക്കു മാത്രമാണിത്. എന്നിങ്ങിനെ പല വ്യാഖ്യാനങ്ങളും ഇവര്‍ക്കുണ്ട്.

ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനായിരുന്നുവോ, അതോ ചില പ്രത്യേക വിജ്ഞാനങ്ങള്‍ നല്‍കപ്പെട്ട ഒരു മഹാന്‍ മാത്രമായിരുന്നുവോ അഥവാ – അദ്ദേഹം ‘നബി’യോ ‘വലിയ്യോ’ – എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ മുമ്പുതന്നെ രണ്ടു അഭിപ്രായങ്ങളുണ്ട്. ഖുര്‍ആന്റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാകുന്നതും, ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായവും അദ്ദേഹം ഒരു നബിയാണെന്നാകുന്നു. (*). ഹദീസില്‍ ഇതിനെപ്പറ്റി വ്യക്തമായി ഒന്നും കാണുന്നില്ല. ഈ വസ്തുത 65-ാം വചനത്തിന്റെ വിവരണത്തില്‍ നാം പ്രസ്താവിക്കുകയും അദ്ദേഹം ഒരു നബിയായിരുന്നുവെന്നു കാര്യകാരണസഹിതം ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എനി, അദ്ദേഹം ഒരു വലിയ്യായിരുന്നുവെന്നുതന്നെ വെക്കുക. എന്നാലും ‘വലിയ്യു’ എന്നു പറഞ്ഞാല്‍ ‘സന്യാസി’ എന്നല്ല അര്‍ത്ഥം. അല്ലാഹുവിനെ അറിഞ്ഞും ആരാധിച്ചും വരുകനിമിത്തം അവന്റെ സ്നേഹത്തിനും അടുപ്പത്തിനും പാത്രമായവന്‍ എന്നാകുന്നു. ഭക്തരായ വിശ്വാസികളെയാണ് അല്ലാഹു ഔലിയാഉ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് (10:63) എന്നാണു അല്ലാഹു പറയുന്നത്. എന്നിരിക്കെ, വലിയ്യു എന്നാല്‍ കാട്ടില്‍ തപസ്സു ചെയ്യുന്ന സന്യാസിയാണെന്നു ഇക്കൂട്ടര്‍ ജല്‍പിക്കുന്നത് പാമരജനങ്ങളെ കബളിപ്പിക്കുവാന്‍ മാത്രം ഉതകുന്ന ഒരു വഞ്ചനയാണ്.


(*). راجع فتح الباري : ج 6 وغيره


ഈ കഥയുടെ പൂര്‍ണ്ണരൂപം വിവരിക്കുന്ന പ്രബലമായ ഹദീസുകള്‍ ‘സഹീഹുല്‍ ബുഖാരി’യിലും മറ്റു പ്രധാന ഹദീസുഗ്രന്ഥങ്ങളിലും വന്നിട്ടുണ്ടെന്നും, അതിന്റെ ചുരുക്കം ഇന്നതാണെന്നും നാം മുകളില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ പുത്തന്‍ ജല്‍പനങ്ങള്‍ മിക്കതും ആ ഹദീസുകളെ പരസ്യമായി നിഷേധിക്കലോ, അവഹേളിക്കലോ ആണെന്നു കാണാം. ഹദീസിനെ ഖുര്‍ആന്റെ വ്യാഖ്യാനമായി സ്വീകരിക്കുന്ന ഏതൊരു സത്യവിശ്വാസിക്കും പ്രസ്തുത ഹദീസുകളിലെ ചില വാചകങ്ങള്‍ കാണുന്നമാത്രയില്‍തന്നെ ഈ വസ്തുത വ്യക്തമാകുന്നതാണ്. ഇമാം ബുഖാരി (رحمه الله) പ്രവാചകന്മാരുടെ വൃത്താന്തങ്ങളിലും أحاديث الأنبياء, സൂറത്തുല്‍ കഹ്ഫിന്റെ വ്യാഖ്യാനത്തിലും സുദീര്‍ഘമായ പല ‘രിവായത്തു’കള്‍ വഴി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ല്‍ നിന്നു ഈ സംഭവം ഉദ്ധരിച്ചിരിക്കുന്നു. അവ ഇവിടെ പകര്‍ത്തുന്നപക്ഷം, വളരെ പേജുകള്‍ വേണ്ടിവരുന്നതു കൊണ്ടു സ്ഥലോചിതമായി വരുന്ന വാക്യങ്ങള്‍ മാത്രം അതില്‍നിന്നു നമുക്ക് ഇവിടെ ഉദ്ധരിക്കാം.

ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഈ വചനം ഉദ്ധരിക്കുവാനുള്ള കാരണവും ഹദീസിന്റെ ആരംഭത്തില്‍ വിവരിച്ചിട്ടുണ്ട്. ‘നൗഫുല്‍ ബികാലീ’ (نوف البكالي)എന്നു പേരായ ഒരാള്‍ – ഇദ്ദേഹം ഒരു കഥാകാരന്‍, അഥവാ കഥ ഉദ്ധരിച്ചു പ്രസംഗിക്കാറുള്ളവന്‍ ആയിരുന്നു – കൂഫായില്‍വെച്ചു ഈ കഥ പറയുകയുണ്ടായി. കഥാപാത്രങ്ങളില്‍പെട്ട മൂസാ, ഇസ്രായീല്‍ ഗോത്രത്തില്‍പെട്ട മൂസാ നബി (عليه الصلاة والسلام) അല്ലെന്നും, മറ്റേതോ ഒരു മൂസാ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നു സഈദുബ്നു ജുബൈര്‍ (رحمه الله) – ഇദ്ദേഹമാകട്ടെ, പ്രമുഖ ‘താബിഉ’കളില്‍പെട്ട ഒരു സുപ്രസിദ്ധ പണ്ഡിതനാകുന്നു – ഇബ്നു അബ്ബാസ് (رضي الله تعالى عنهما) നോട്‌‌ ഇതിനെക്കുറിച്ചു ചോദിച്ചു. ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സഹാബികളില്‍ അഗ്രഗണ്യനാണെന്നു പരക്കെ അറിയപ്പെട്ടതുമാകുന്നു. അതിനു മറുപടിയായി ഇബ്നു അബ്ബാസ് (رضي الله تعالى عنهما):-

كَذَبَ عَدُوُّ اللَّهِ (അല്ലാഹുവിന്റെ ശത്രു കളവു പറഞ്ഞതാണ്.) എന്നു പ്രസ്താവിച്ചുകൊണ്ടും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞുകേട്ടതായി ഉബയ്യുബ്നു കഅ്ബു (رَضِيَ اللهُ تَعَالَى عَنْهُ) തനിക്കു ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നുവെന്നു പ്രസ്താവിച്ചുകൊണ്ടുമാണ് ഹദീസു ഉദ്ധരിക്കുന്നത്. ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ)നെപ്പറ്റി പറയുകയാണെങ്കില്‍, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ എഴുത്തുകാരനും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തുതന്നെ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ മഹാനും, അന്‍സാരികളുടെ നേതാവ് (سيد الأنصار) എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്ഥാനപ്പേരു നല്‍കിയ ആളുമാണ്. സംഭവത്തില്‍ യാതൊരു മാറ്റവും വരുത്താതെ, മൂസാ (عليه الصلاة والسلام) മറ്റൊരാളാണെന്നു മാത്രം നൗഫുല്‍ബികാലീ പറഞ്ഞതിനെ സംബന്ധിച്ചു ‘കളവു പറഞ്ഞു’വെന്നും, ‘അല്ലാഹുവിന്റെ ശത്രു’ എന്നും ഇബ്നു അബ്ബാസ് (رضي الله تعالى عنهما) പറഞ്ഞതു വളരെ ശ്രദ്ധേയമാകുന്നു. എന്നിരിക്കെ, സംഭവത്തിന്റെ രൂപത്തെതന്നെ – ഖുര്‍ആന്റെ വ്യക്തമായ താല്‍പര്യങ്ങള്‍ക്കും പ്രബലമായ ഹദീസുകള്‍ക്കും നിരക്കാത്തനിലയില്‍ – വളച്ചു തിരിച്ചുകാണിക്കുന്നതു എത്രമാത്രം ആക്ഷേപാര്‍ഹമാണ്‌?! ഈ കഥയെപ്പറ്റി ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഉബയ്യുബ്നു കഅ്ബ് (رَضِيَ اللهُ تَعَالَى عَنْهُ) നോടു ചോദിച്ചറിയുവാനുണ്ടായ കാരണവും ഇമാം ബുഖാരി (رحمه الله) രേഖപ്പെടുത്തിയിട്ടുണ്ട്. ഹുര്‍-റുബ്നു ഖൈസും (حر بن قيس-ر) താനും തമ്മില്‍, മൂസാ നബി (عليه الصلاة والسلام) യുടെ ഗുരുവായിത്തീര്‍ന്ന ആള്‍ ഖിള്വ്-ര്‍ (عليه الصلاة والسلام) ആയിരുന്നോ, വേറെ ആളായിരുന്നോ എന്നൊരു തര്‍ക്കം നടക്കുകയുണ്ടായി. അപ്പോഴായിരുന്നു ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ) നോട്‌ അന്വേഷണം നടത്തിയതും, അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തിരുവചനം കേള്‍പ്പിച്ചതും. (*)


(*). راجع فتح الباري والبخاري في كتاب العلم


ഇബ്നു അബ്ബാസ് (رضي الله تعالى عنهما) ഹദീസു ഇങ്ങിനെ തുടങ്ങുന്നു:-

حَدَّثَنِي أُبَيُّ بْنُ كَعْبٍ: أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ” إِنَّ مُوسَى قَامَ خَطِيبًا فِي بَنِي إِسْرَائِيلَ، فَسُئِلَ: أَيُّ النَّاسِ أَعْلَمُ، فَقَالَ: أَنَا، فَعَتَبَ اللَّهُ عَلَيْهِ إِذْ لَمْ يَرُدَّ العِلْمَ إِلَيْهِ، فَأَوْحَى اللَّهُ إِلَيْهِ إِنَّ لِي عَبْدًا بِمَجْمَعِ البَحْرَيْنِ هُوَ أَعْلَمُ مِنْكَ، قَالَ مُوسَى: يَا رَبِّ فَكَيْفَ لِي بِهِ، قَالَ: تَأْخُذُ مَعَكَ حُوتًا فَتَجْعَلُهُ فِي مِكْتَلٍ، فَحَيْثُمَا فَقَدْتَ الحُوتَ فَهُوَ، ثَمَّ …

സാരം: റസൂല്‍ (صَلَّى اللهُ عَلَيْهِ وَسَلَّمَ) പറഞ്ഞു കേട്ടതായി ഉബയ്യ് (رَضِيَ اللهُ تَعَالَى عَنْهُ) എനിക്ക് ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നു: മൂസാ (عليه الصلاة والسلام) ഇസ്രാഈല്യരില്‍ പ്രസംഗിക്കുകയുണ്ടായി. അപ്പോള്‍, അദ്ദേഹത്തോട് ചോദിക്കപ്പെട്ടു. ‘മനുഷ്യരില്‍വെച്ചു അധികം അറിവുള്ളവന്‍ ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍’ അതിനാല്‍ അല്ലാഹു അദ്ദേഹത്തെപ്പറ്റി പ്രതിഷേധിച്ചു. അഥവാ കുറ്റപ്പെടുത്തി. കാരണം: അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിനാണുള്ളതെന്നു് അദ്ദേഹം മറുപടി പറഞ്ഞില്ല. അങ്ങിനെ, അല്ലാഹു അദ്ദേഹത്തിനു വഹ്-യു നല്‍കി: ‘രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേര്‍ന്ന സ്ഥലത്തു എന്റെ ഒരു അടിയാനുണ്ട്, അദ്ദേഹം തന്നെക്കാള്‍ അറിവുള്ളവനാണ്.’ മൂസാ (عليه الصلاة والسلام) ചോദിച്ചു: ‘റബ്ബേ! ഞാന്‍ അദ്ദേഹത്തെ എങ്ങിനെ കാണും?’ അല്ലാഹു പറഞ്ഞു: ‘നീ നിന്റെ ഒന്നിച്ചു ഒരു കൊട്ടയില്‍ (*) ഒരു മത്സ്യത്തെയും എടുത്തുകൊണ്ടുപോവുക. എന്നിട്ടു ആ മത്സ്യം എവിടെവെച്ചു നിനക്കു നഷ്ടപ്പെട്ടു (കാണാതായി) പോകുന്നുവോ അവിടെ അദ്ദേഹം ഉണ്ടായിരിക്കും…’


(**).) ‘മിക്-ത്തല്‍’ (مِكْتَل) എന്നാണ് ഹദീസിലെ വാക്ക്. ഈത്തപ്പനയോലകൊണ്ടുള്ള കൊട്ട, വട്ടി (زَنْبِيل من خوص) എന്നും മറ്റുമാണു വാക്കര്‍ത്ഥം.


ഇതിനെക്കാള്‍ വ്യക്തമായ മറ്റൊരു രിവായത്തുകൂടി കാണുന്നത് നന്നായിരിക്കും. അതു ഇങ്ങിനെയാകുന്നു:

قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” مُوسَى رَسُولُ اللَّهِ عَلَيْهِ السَّلَام ، قَالَ ذَكَّرَ النَّاسَ يَوْمًا حَتَّى إِذَا فَاضَتِ الْعُيُونُ ، وَرَقَّتِ الْقُلُوبُ وَلَّى ، فَأَدْرَكَهُ رَجُلٌ ، فَقَالَ أَيْ رَسُولَ اللَّهِ ، هَلْ فِي الْأَرْضِ أَحَدٌ أَعْلَمُ مِنْكَ ؟ فَقَالَ : لَا ، فَعَتَبَ عَلَيْهِ إِذْ لَمْ يَرُدَّ الْعِلْمَ إِلَى اللَّهِ ، قِيلَ : بَلَى ، قَالَ : أَيْ رَبِّ فَأَيْنَ ؟ قَالَ : بِمَجْمَعِ الْبَحْرَيْنِ ، قَالَ : أَيْ رَبِّ اجْعَلْ لِي عَلَمًا أَعْلَمُ ذَلِكَ بِهِ ،

‘റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞു: അതു (കഥയില്‍ പറഞ്ഞ മൂസാ) അല്ലാഹുവിന്റെ ‘റസൂലായ മൂസാ (عليه الصلاة والسلام) യാകുന്നു എന്ന്. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയാണ്‌: അദ്ദേഹം ഒരു ദിവസം ജനങ്ങള്‍ക്കു ഉപദേശം നല്‍കി. അതിനാല്‍ (ജനങ്ങള്‍ക്കു) കണ്ണുനീര്‍ ഒഴുകുകയും, ഹൃദയങ്ങള്‍ക്കു അലിവുണ്ടാകുകയും ചെയ്തു. അദ്ദേഹം പിരിഞ്ഞു പോകുമ്പോള്‍ ഒരാള്‍ അദ്ദേഹത്തിന്റെ കൂടെ ചെന്ന് ഇങ്ങിനെ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ഭൂമിയില്‍ നിങ്ങളേക്കാള്‍ അറിവുള്ള വല്ലവരും ഉള്ളതായി നിങ്ങള്‍ക്കു അറിയാമോ?’ അദ്ദേഹം ‘ഇല്ല’ എന്നു പറഞ്ഞു. അതിനാല്‍ അല്ലാഹു അദ്ദേഹത്തിന്റെ മേല്‍ പ്രതിഷേധിച്ചു. കാരണം: അതിനെക്കുറിച്ചുള്ള അറിവു അല്ലാഹുവിനാണുള്ളതെന്നു അദ്ദേഹം മറുപടി പറഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തോടു പറയപ്പെട്ടു: ‘ഇല്ലാതെ! (തന്നെക്കാള്‍ അറിവുള്ളവര്‍ ഭൂമിയില്‍ വേറെയുണ്ട്.)’ അദ്ദേഹം പറഞ്ഞു: ‘എന്റെ റബ്ബേ! എവിടെയാണുള്ളത്?’ അല്ലാഹു പറഞ്ഞു: ‘രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്താണുള്ളത്.’ അദ്ദേഹം: റബ്ബേ! അതു അറിയുവാനുള്ള ഒരു അടയാളം നീ എനിക്കു നിശ്ചയിച്ചു തരേണമേ!’ – فَقَالَ لِي عَمْرٌو : قَالَ حَيْثُ يُفَارِقُكَ الْحُوتُ  (തുടര്‍ന്നുകൊണ്ടു ബുഖാരിയുടെ നിവേദനപരമ്പരയില്‍പ്പെട്ട ഒരാളായ) അംറു ഇങ്ങിനെ പറയുന്നു: ‘മത്സ്യം നിന്നെ വിട്ടുപിരിഞ്ഞുപോകുന്ന സ്ഥലത്തായിരിക്കും അദ്ദേഹം’ എന്നു അല്ലാഹു പറഞ്ഞു. وَقَالَ لِي يَعْلَى قَالَ ‏”‏ خُذْ حُوتاً مَيِّتًا حَيْثُ يُنْفَخُ فِيهِ الرُّوحُ، (വേറൊരു പരമ്പരയിലെ) ഒരാളായ യഅ്-ലയുടെ വാചകം ഇങ്ങിനെയാണ്‌: ‘നീ ഒരു ചത്ത മത്സ്യം കൊണ്ടുപോകുക. അതിനു എവിടെവെച്ചു ജീവനുണ്ടാകുന്നുവോ അവിടെയായിരിക്കും അദ്ദേഹം.’….فَأَخَذَ حُوتًا فَجَعَلَهُ فِي مِكْتَلٍ അങ്ങനെ മൂസാ (عليه الصلاة والسلام) ഒരു മത്സ്യം ഒരു കൊട്ടയില്‍ എടുത്തുകൊണ്ടുപോയി….’

വേറെയും രിവായത്തുകള്‍ ബുഖാരിയിലുണ്ടെങ്കിലും, ഇവയുമായി സാരത്തില്‍ വ്യത്യാസമില്ലാത്തതുകൊണ്ടു അവ ഇവിടെ ഉദ്ധരിക്കേണ്ടതില്ല. മേലുദ്ധരിച്ച ഹദീസിന്റെ വാക്യങ്ങളില്‍ നിന്നു നമുക്ക് പലതും സ്പഷ്ടമായി മനസ്സിലാക്കാം:-

1. മൂസാ (عليه الصلاة والسلام) നബിക്കു പ്രവാചകത്വവും, ദിവ്യദൗത്യവും (നുബുവ്വത്തും, രിസാലത്തും) കിട്ടിയതിനു ശേഷമാണു യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടന്നിട്ടുള്ളത്. ഇക്കൂട്ടര്‍ ജല്‍പിക്കുന്നതുപോലെ അതിനു മുമ്പല്ല. മാത്രമല്ല, അദ്ദേഹത്തിനു തൗറാത്താകുന്ന വേദഗ്രന്ഥം ലഭിക്കുക കൂടി കഴിഞ്ഞിട്ടാണ് ഈ സംഭവം ഉണ്ടായിട്ടുള്ളതെന്നു ഇതേ ഹദീസില്‍ വ്യക്തമായിട്ടുള്ളതു താഴെ കാണാവുന്നതാകുന്നു.

2. അദ്ദേഹം ഇസ്രാഈല്യരില്‍ ഹൃദയസ്പര്‍ശിയായ ഒരു ഉപദേശ പ്രസംഗം ചെയ്തതിനെത്തുടര്‍ന്ന് ആരോ ഒരു ചോദ്യം ചോദിച്ചു. അതിനു അദ്ദേഹം കൊടുത്ത മറുപടി ഒരു വിധേന ശരിയായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉന്നതമായ നിലപാടിനു യോജിച്ചതായിരുന്നില്ല അത്. അതാണ്‌ ഇങ്ങിനെ ഒരു പരിശീലനത്തിനു – അല്ലെങ്കില്‍ പരീക്ഷണത്തിനു – അദ്ദേഹം വിധേയനാക്കപ്പെടുവാന്‍ കാരണം.

3. അദ്ദേഹത്തോടു ചോദിക്കപ്പെട്ട ചോദ്യം – ഇക്കൂട്ടര്‍ പുച്ഛസ്വരത്തില്‍ പറഞ്ഞതുപോലെ – ‘ഏറ്റവും വലിയ ജ്ഞാനി ആരാണ്’ എന്നല്ലായിരുന്നു. ആ അര്‍ത്ഥത്തിലുള്ള ഒരു ചോദ്യമായിരുന്നു അദ്ദേഹത്തോടു ചോദിക്കപ്പെട്ടതെങ്കില്‍ – മൂസാനബിയെന്നല്ല – ഒരു സാധാരണക്കാരനായ സത്യവിശ്വാസിപോലും ‘ഏറ്റവും വലിയ ജ്ഞാനി അല്ലാഹുവാണ്’ എന്നുമാത്രമേ ഉത്തരം പറയുകയുള്ളു. പക്ഷേ, ‘അക്കാലത്തു ഭൂമിയിലുള്ള മനുഷ്യരില്‍വെച്ചു ഏറ്റവും അറിവുള്ള ആള്‍ ആരാണ്, മൂസാനബിയെക്കാള്‍ അറിവുള്ള വേറെ വല്ലവരും അന്നു ഭൂമിയിലുണ്ടോ’ എന്നായിരുന്നു ചോദിക്കപ്പെട്ടിരുന്നത്. മേലുദ്ധരിച്ചതല്ലാത്ത മൂന്നാമതൊരു രിവായത്തില്‍: هَلْ تَعْلَمُ أَحَدًا أَعْلَمَ مِنْكَ؟ (നിങ്ങളേക്കാള്‍ അറിവുള്ള ഒരാളെ നിങ്ങള്‍ക്കറിയാമോ?) എന്നാണ് ചോദ്യത്തിന്റെ വാചകം. സാരത്തില്‍ ഈ രിവായത്തുകളെല്ലാം ഒന്നുതന്നെ. ഏതായാലും, അദ്ദേഹത്തിന്റെ അറിവില്‍ പെട്ടേടത്തോളം ഭൂമിയില്‍ തന്നെക്കാള്‍ അറിവുള്ള ഒരു മനുഷ്യന്‍ ഇല്ലായിരുന്നുതാനും. അതിനാല്‍ അദ്ദേഹം ‘ഇല്ല’ എന്നോ, ‘ഞാന്‍ തന്നെ’ എന്നോ മറുപടി കൊടുത്തു. ഉണ്ടെന്നു അറിവില്ലാത്ത സ്ഥിതിക്ക് ‘ഉണ്ട്’ എന്നു മറുപടി പറയുവാന്‍ നിവൃത്തിയില്ലല്ലോ. എന്നാല്‍, അങ്ങിനെ ഒരാള്‍ വേറെ ഭൂമിയില്‍ എവിടെയും ഇല്ലെന്നു സൂക്ഷ്മമായ അറിവ് സിദ്ധിച്ചിട്ടില്ലാത്തതുകൊണ്ട് ‘ഇല്ല’ എന്നു തീര്‍ത്തുപറഞ്ഞതു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മര്യാദക്കേടുമായിരുന്നു. ‘അല്ലാഹുവിനു അറിയാം’ (الله أعلم) എന്നായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. അദ്ദേഹം ഒരു സാധാരണക്കാരനല്ല, ഒരു ദൈവദൂതനാണ്‌, ദൈവദൂതന്മാരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നവനാണ്. ആകയാല്‍ അല്ലാഹു അദ്ദേഹത്തിന്റെമേല്‍ വെറുപ്പു പ്രകടിപ്പിച്ചു. ആളുകളുടെ നിലനോക്കിയാണല്ലോ പ്രവൃത്തികള്‍ വിലയിരുത്തപ്പെടുക. വാസ്തവത്തില്‍ അദ്ദേഹത്തിന്റെ ആ വാക്കു അദ്ദേഹത്തിനു കൂടുതല്‍ ജ്ഞാനം ലഭിക്കുവാനും, കൂടുതല്‍ മര്യാദ ശീലിക്കുവാനും കാരണമായിത്തീരുകയും ചെയ്തു.

ഈ ദുര്‍വ്യാഖ്യാനക്കാര്‍ ചിത്രീകരിച്ചു കാണിച്ചതുപോലെ, മൂസാ നബി (عليه الصلاة والسلام) ഒരു അഹംഭാവിയാണെന്നോ, അഹംഭാവത്തിന്റെ ശിക്ഷയായിക്കൊണ്ടായിരുന്നു അദ്ദേഹം ഖിള്വ്-ര്‍ (عليه الصلاة والسلام) നെ സന്ദര്‍ശിക്കേണ്ടി വന്നതെന്നോ വരുത്തിക്കൂട്ടുവാന്‍ ഇവിടെ യാതൊരു ന്യായവുമില്ല എന്നു ഈ നബി വാക്യങ്ങള്‍കൊണ്ട് ധാരാളം തെളിഞ്ഞുവല്ലോ. ‘മനുഷ്യരില്‍ വെച്ച് കൂടുതല്‍ അറിവുള്ളവന്‍ ആരാണ് എന്നു പണ്ഡിതനോട് ചോദിക്കപ്പെട്ടാല്‍ അതിന്റെ വിവരം അല്ലാഹുവിങ്കലേക്കു വിട്ടേക്കുന്നതു – അല്ലാഹുവിനറിയാമെന്നു മറുപടി പറയുന്നത് നന്നായിരിക്കും’ (باب مَا يُسْتَحَبُّ لِلْعَالِمِ إِذَا سُئِلَ أَيُّ النَّاسِ أَعْلَمُ فَيَكِلُ الْعِلْمَ إِلَى اللَّهِ) എന്ന തലക്കെട്ടു കൊടുത്തുകൊണ്ട് ഇമാം ബുഖാരി (رحمه الله) ഈ ഹദീസില്‍ ഒരിടത്ത് ഉദ്ധരിച്ചിരിക്കുന്നതും, അതിന്റെ വ്യാഖ്യാനത്തില്‍ ഇമാം അസ്ഖലാനി (رحمه الله) ഈ സംഗതി വിശദീകരിച്ചു പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. പക്ഷേ, സ്വന്തം താല്‍പര്യങ്ങള്‍ക്കുമാത്രം വില കല്‍പിക്കുന്ന ഇവര്‍ക്കു അതൊന്നും ബാധകമല്ലല്ലോ!

4. തനിക്കു പരിശീലനവും അറിവും നല്‍കുവാന്‍ പറ്റിയ വല്ലവരേയും കിട്ടുമോ എന്നു അന്വേഷിച്ചു കൊണ്ടുപോകുകയോ, തന്നെക്കാള്‍ അറിവുള്ള ഒരു ഗുരു എവിടെയോ ഉണ്ടെന്നു കേട്ടു തേടിപ്പോകുകയോ അല്ല മൂസാ (عليه الصلاة والسلام) ചെയ്തത്. ഇതെല്ലാം ദുര്‍വ്യാഖ്യാനക്കാരുടെ സ്വന്തം സങ്കല്‍പങ്ങളാണ്. മൂസാ (عليه الصلاة والسلام) നെക്കാള്‍ അറിവുള്ള ഒരാള്‍ ഉണ്ടെന്നും, അദ്ദേഹം ഇന്ന സ്ഥലത്താണുള്ളതെന്നും അല്ലാഹു മൂസാ (عليه الصلاة والسلام) നബിയെ അറിയിച്ചു: അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അതനുസരിച്ചായിരുന്നു ഈ യാത്രയുണ്ടായത്. പ്രവാചകനാകുവാന്‍ പോകുന്ന ഒരാള്‍ക്ക് – അല്ലാഹു പ്രവാചകത്വസ്ഥാനം നല്‍കുന്നതിനു മുമ്പു – അതിനെപ്പറ്റി ഒരു മുന്നറിവും ഉണ്ടായിരിക്കുകയില്ല. ആകയാല്‍, പരിശീലനാര്‍ത്ഥം ഒരു ഗുരുവിനെ തേടിപ്പോകേണ്ടുന്ന ആവശ്യം അക്കാലത്തു – പ്രവാചകത്വത്തിനുമുമ്പ് – അദ്ദേഹത്തിനു നേരിടുവാനുമില്ല.

5. പുഴയോരത്തില്‍കൂടി പോകുമ്പോള്‍ ഭക്ഷണാവശ്യാര്‍ത്ഥം പിടിച്ച ഒരു മത്സ്യമായിരുന്നില്ല മൂസാ (عليه الصلاة والسلام) ന്റെ മത്സ്യം. നേരെമറിച്ചു ഖിള്വ്-ര്‍ (عليه الصلاة والسلام) നെ കണ്ടെത്തുന്ന സ്ഥലം അറിയുന്നതിനുള്ള അടയാളമെന്ന നിലക്ക് അദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോകുവാന്‍ അല്ലാഹു തന്നെ കല്‍പിച്ചതും, ആ കല്‍പനയനുസരിച്ച് അദ്ദേഹം നേരത്തെത്തന്നെ ഒപ്പം കൊണ്ടുപോയിരുന്നതുമായിരുന്നു അത്.

6. അതെ, പുഴക്കരികെ ഒരു കുഴിക്കുത്തി അതില്‍ പിടിച്ചിട്ട മത്സ്യമായിരുന്നില്ല, ആ മത്സ്യം. അതു ചാടിപ്പോയതു ഒരു കുഴിയില്‍നിന്നുമായിരുന്നില്ല. അദ്ദേഹം അതിനെ ഒരു കൊട്ടയിലോ മറ്റോ കൊണ്ടുപോയതായിരുന്നു. അതില്‍ നിന്നാണതു വെള്ളത്തിലേക്കു ചാടിപ്പോയതും. ഇതിനെപ്പറ്റി താഴെ ഹദീസില്‍ കൂടുതല്‍ വ്യക്തമായി കാണാം.

7. ഈ മത്സ്യം കേവലം ഒരു സാധാരണ മത്സ്യമായിരുന്നില്ല എന്നാണു മനസ്സിലാക്കേണ്ടത്. താഴെ ഉദ്ധരിക്കുന്ന ഹദീസു വാക്യങ്ങളില്‍നിന്നു നമുക്കിതു കൂടുതല്‍ ദൃഢമായി ഗ്രഹിക്കാം. ഈ വ്യാഖ്യാനക്കാര്‍ ‘അതൊരു അസാധാരണ മത്സ്യമൊന്നുമായിരുന്നില്ല’ എന്നു ജല്‍പിക്കുന്നതു അബദ്ധം മാത്രമാണെന്നു പറയേണ്ടതില്ല. കാരണം കൊട്ടപോലെയുള്ള പാത്രത്തിലിട്ടുകൊണ്ടുപോകുന്ന മത്സ്യം ജീവനില്ലാത്തതായിരിക്കുമല്ലോ. യഅ്-ലായുടെ രിവായത്തു അതു സ്പഷ്ടമാക്കിയിട്ടുമുണ്ട്. മത്സ്യം ചാടിപ്പോയതിനെപ്പറ്റി ഹദീസിലെ വാക്യങ്ങള്‍ കാണുമ്പോള്‍ ഈ പരമാര്‍ത്ഥം വീണ്ടും കൂടുതല്‍ സ്പഷ്ടമാകും. യാത്രയാണെങ്കില്‍ സാധാരണമല്ലാത്ത ഒരു യാത്ര. യാത്രക്കാരന്‍ ഒരു പ്രവാചകവര്യന്‍, അദ്ദേഹത്തെ കല്‍പിച്ചയക്കുന്നതു അല്ലാഹു, അവന്‍ നിര്‍ദ്ദേശിച്ചു കൊടുത്ത ഒരു പ്രത്യേക അടയാളമാണ് ആ മത്സ്യം. അതു സമുദ്രത്തിലൂടെ പോയവഴി ഒരു തുരങ്കംപോലെ ആക്കിയിരിക്കുന്നു, (فَاتَّخَذَ سَبِيلَهُ فِي الْبَحْرِ سَرَبًا) എന്നും, ആ വഴി അതൊരു ആശ്ചര്യമാക്കിയിരിക്കുന്നു. (وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا) എന്നും അല്ലാഹു തന്നെ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ തീര്‍ച്ചയായും അതിലൊരു അസാധാരണത്വം ഉണ്ടെന്നത്രെ നാം വിശ്വസിക്കുന്നത്.

മേല്‍ ചൂണ്ടിക്കാട്ടിയ സംഗതികള്‍ മിക്കതും ഖുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. ഹദീസില്‍നിന്നു മാത്രമാണു നമുക്കു മനസ്സിലാക്കുവാന്‍ കഴിയുന്നതു. മൂസാ (عليه الصلاة والسلام) സന്ദര്‍ശിക്കുവാന്‍ പോയ ആ ആളുടെ പേരും ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല. ‘നമ്മുടെ അടിയാന്‍മാരില്‍പെട്ട ഒരു അടിയാന്‍ (عَبْدًا مِّنْ عِبَادِنَا) എന്നാണു അല്ലാഹു പറയുന്നത്. ആ അടിയാന്‍ ഖിള്വ്-ര്‍ (عليه الصلاة والسلام) (*) ആയിരുന്നുവെന്നും നബി വചനങ്ങളില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഏതായാലും ഇദ്ദേഹം ഒരു പ്രവാചകനായിരിക്കുവാനാണ് സാധ്യതയുള്ളതെന്ന് നാം മുമ്പു ചൂണ്ടിക്കാണിച്ചു. മൂസാ (عليه الصلاة والسلام) നബിയേക്കാള്‍ എല്ലാ വിഷയത്തിലും കൂടുതല്‍ അറിവു ഖിള്വ്-ര്‍ (عليه الصلاة والسلام) നു ഉണ്ടായിരുന്നുവോ? ചില പ്രത്യേക വിഷയങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ അറിവുണ്ടായിരുന്നതു എന്നുള്ളതാണ് വാസ്തവം. കാരണം: മേലുദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാവുന്നതാകുന്നു:-


(*). ‘ഖിള്വ്-ര്‍ എന്നും, ഖള്വിര്‍ എന്നും (خِضر، خَضِر) ഈ പേര്‍ വായിക്കപ്പെടുന്നു.


فَقَالَ مَنْ أَنْتَ قَالَ: أَنَا ‏مُوسَى ‏قَالَ: ‏مُوسَى ‏بَنِي إِسْرَائِيلَ ‏قَالَ: نَعَمْ قَالَ فَمَا شَأْنُكَ قَالَ جِئْتُ لِتُعَلِّمَنِي مِمَّا عُلِّمْتَ رَشَدًا

സാരം: ഖിള്വ്-ര്‍ ചോദിച്ചു: ‘താന്‍ ആര്‍?’ അദ്ദേഹം (മൂസാ-عليه الصلاة والسلام) പറഞ്ഞു: ‘മൂസയാണ്.’ ഖിള്വ്-ര്‍ (عليه الصلاة والسلام) ചോദിച്ചു: ‘ഇസ്രാഈല്യരുടെ മൂസയോ?’ മൂസാ (عليه الصلاة والسلام): ‘അതെ’ എന്നു ഉത്തരം പറഞ്ഞു. ‘താങ്കളുടെ കാര്യം എന്താണ് (ഉദ്ദേശമെന്ത്?)’ എന്നു അദ്ദേഹം അന്വേഷിച്ചു. മൂസാ (عليه الصلاة والسلام) മറുപടി പറഞ്ഞു: ‘താങ്കള്‍ക്കു നേര്‍മ്മാര്‍ഗ്ഗമായി നല്‍കപ്പെട്ടിട്ടുള്ള അറിവില്‍നിന്നു എനിക്കു വല്ലതും പഠിപ്പിച്ചു തരുവാന്‍ വേണ്ടി ഞാന്‍ വന്നതാണ്.’

قَالَ : أَمَا يَكْفِيكَ أَنَّ التَّوْرَاةَ بِيَدَيْكَ ، وَأَنَّ الْوَحْيَ يَأْتِيكَ يَا مُوسَى ، إِنَّ لِي عِلْمًا لَا يَنْبَغِي لَكَ أَنْ تَعْلَمَهُ ، وَإِنَّ لَكَ عِلْمًا لَا يَنْبَغِي لِي أَنْ أَعْلَمَهُ

ഖിള്വ്-ര്‍: ‘താങ്കളുടെ കൈവശം തൗറാത്ത് ഉണ്ടു, താങ്കള്‍ക്കു വഹ്-യും വരുന്നുണ്ട്, അതുപോരേ? ഹേ! മൂസാ! എനിക്കു ചില അറിവുകളുണ്ട് – താങ്കള്‍ക്കു അതു അറിയേണ്ടതില്ല; താങ്കള്‍ക്കും ചില അറിവുകളുണ്ട് – അതു എനിക്കും അറിയേണ്ടതില്ല’ എന്നു പ്രതിവചിച്ചു.

ഒരു രിവായത്തിലെ വാചകം ഇതാണ്:

وفي رواية إِنِّي عَلَى عِلْمٍ مِنْ عِلْمِ اللَّهِ عَلَّمَنِيهِ لَا تَعْلَمُهُ أَنْتَ ، وَأَنْتَ عَلَى عِلْمٍ مِنْ عِلْمِ اللَّهِ عَلَّمَكَهُ اللَّهُ لَا أَعْلَمُهُ

‘എനിക്കു അല്ലാഹു അറിയിച്ചു തന്ന ചില അറിവുകളുണ്ട് – അതു താങ്കള്‍ക്കു അറിയുകയില്ല; താങ്കള്‍ക്കു അറിയിച്ചു തന്ന ചില അറിവുകളുണ്ട്. അത് എനിക്കും അറിയുകയില്ല’.

രണ്ടില്‍ ഓരോരുത്തര്‍ക്കും ചില പ്രത്യേക ജ്ഞാനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ടെന്നും, അതു മറ്റേയാള്‍ക്കില്ലെന്നും, ഖിള്വ്-ര്‍ (عليه الصلاة والسلام) ന്റെ പ്രത്യേക അറിവില്‍ നിന്നു പഠിക്കുവാനായിരുന്നു മൂസാ (عليه الصلاة والسلام) അയക്കപ്പെട്ടിരുന്നതെന്നും ഇതില്‍ നിന്നു ശരിക്കു വ്യക്തമാണല്ലോ. 65-68 ആയത്തുകളില്‍ നിന്നും ഈ വസ്തുത മനസ്സിലാക്കാവുന്നതാകുന്നു. ഈ രണ്ടുതരം അറിവുകളെപ്പറ്റി 82-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വിവരിച്ചിട്ടുണ്ട്. ഈ യാഥാര്‍ത്ഥ്യം വേണ്ടതുപോലെ ഗ്രഹിച്ചവരെ സംബന്ധിച്ചിടത്തോളം ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു നബി അല്ലെന്നുവന്നാല്‍ തന്നെയും ആശയക്കുഴപ്പത്തിനു അവകാശമില്ലാത്തതാണ്. എന്നിരിക്കെ, 82-ാം വചനത്തിന്റെ അന്ത്യഭാഗത്തില്‍ നിന്നും മറ്റുമായി അദ്ദേഹം ഒരു നബിതന്നെയാണെന്നു വ്യക്തമാകുമ്പോള്‍ പിന്നെ യാതൊരു സംശയത്തിനും ഇവിടെ അവകാശമില്ല.

66-ാം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, ….هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ (താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു എനിക്കു താങ്കള്‍ പഠിപ്പിച്ചുതരുമെന്ന നിശ്ചയത്തിന്‍മേല്‍ ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?) എന്നു മൂസാനബി (عليه الصلاة والسلام) ചോദിച്ചുവല്ലോ. ഈ ചോദ്യത്തിന്റെ താല്‍പര്യം സ്പഷ്ടമാണ്. അതായത്: ഈ ആവശ്യാര്‍ത്ഥം ഞാന്‍ നിങ്ങളുടെ കൂടെ സഹവസിക്കട്ടെയോ? അതിനായി നിങ്ങളൊന്നിച്ചു ഞാന്‍ വരട്ടെയോ? എന്നു തന്നെ. അഥവാ ഇക്കൂട്ടര്‍ പറയുംപോലെ ‘ഒരു പ്രവാചകനല്ലാത്തവന്‍ ഒരു പ്രവാചകനെ പിന്‍പറ്റി നടക്കുന്നപ്രകാരം ഞാന്‍ നിങ്ങളെ പിന്‍പറ്റി നടക്കട്ടെയോ?’ എന്നല്ല. അങ്ങിനെയാണെങ്കില്‍, ‘എന്നോടു ചോദ്യം ചെയ്യരുത്’ എന്നും, ‘എന്റെ ഒന്നിച്ചു തനിക്കു ക്ഷമിക്കുവാന്‍ കഴിയുകയില്ല’ എന്നും പറഞ്ഞ് പ്രവാചകനല്ലാത്ത മൂസാ (عليه الصلاة والسلام) നെ നിരുത്സാഹപ്പെടുത്തുവാന്‍, പ്രവാചകനായ ഖിള്വ്-ര്‍ (عليه الصلاة والسلام) നു പാടുണ്ടോ?! അപ്പോള്‍ -മൂസായും താനും ഓരോ പ്രവാചകന്‍മാരായിരിക്കെ – അദ്ദേഹത്തിന്റെ അറിവിനപ്പുറമുള്ള വല്ലതും തന്റെ പക്കല്‍ കണ്ടേക്കാമെന്നു കരുതിയാണ് ഖിള്വ്-ര്‍ (عليه الصلاة والسلام) അതു പറയുന്നതു എന്നാണ് മനസ്സിലാക്കേണ്ടത്. 65-70 വചനങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ തന്നെ ഇതു വ്യക്തമാകും. ‘അത്തബിഉ’ (أَتَّبِعُ) എന്ന ക്രിയാപദത്തിനു ‘അനുഗമിക്കുക, ഒപ്പം പോകുക, പിന്‍പറ്റുക, പിന്‍തുടരുക’ എന്നൊക്കെ മലയാളത്തില്‍ അര്‍ത്ഥം വരാം. ഇവിടത്തെ ഉദ്ദേശ്യം എന്താണെന്നാണ് നാം നോക്കേണ്ടത്.

‘രണ്ടു പ്രധാന അബദ്ധങ്ങളെക്കുറിച്ച് നാം ഇവിടെ ഉണര്‍ത്താം’ എന്ന മുഖവുരയോടുകൂടി ഇമാം അസ്ഖലാനീ (رحمه الله) ഇങ്ങിനെ പ്രസ്താവിച്ചുകാണാം: ‘ഒന്ന്: ഈ കഥയെ ആസ്പദമാക്കിക്കൊണ്ട് ചില വിഡ്ഢികള്‍ക്ക് മൂസാ (عليه الصلاة والسلام) നെക്കാള്‍ ശ്രേഷ്ഠതയുള്ള ആളാണ്‌ ഖിള്വ്-ര്‍ (عليه الصلاة والسلام) എന്നൊരു ധാരണ പിണഞ്ഞിരിക്കുന്നു. ഈ കഥയെപ്പറ്റി ശരിക്കും പരിചിന്തനം ചെയ്‌വാന്‍ കഴിയാത്ത – മൂസാ (عليه الصلاة والسلام) ക്കു അല്ലാഹു നല്‍കിയ ‘രിസാലത്ത്’ (ദിവ്യ ദൗത്യം) അല്ലാഹുവിന്റെ സംസാരം കേള്‍ക്കല്‍, എല്ലാ വിജ്ഞാനവും നിറഞ്ഞ തൗറാത്തു ലഭിക്കല്‍ ആദിയായവയെപ്പറ്റി ഗൗനിക്കാത്ത – ആളുകള്‍ക്കാണ് ഇത്തരം അമളി പിണയുന്നത്. ഇസ്രാഈല്‍ ഗോത്രങ്ങളിലെ പ്രവാചകന്‍മാരെല്ലാം തന്നെ – ഈസാ (عليه الصلاة والسلام) പോലും – അദ്ദേഹത്തിന്റെ വേദഗ്രന്ഥത്തിന്റെ നിയമങ്ങളനുസരിച്ചുകൊള്ളുവാന്‍ നിര്‍ബന്ധിതരാണ്‌. ഇതിനു ഖുര്‍ആനില്‍ പല രേഖകളും ഉണ്ട്. ….يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي (മൂസാ! എന്റെ ദൗത്യങ്ങളെക്കൊണ്ടും, എന്റെ സംസാരം കൊണ്ടും ഞാന്‍ നിശ്ചയമായും നിന്നെ ജനങ്ങളെക്കാള്‍ (ഉന്നതനായി) തിരഞ്ഞെടുത്തിരിക്കുന്നു.). എന്ന ഒരൊറ്റ ആയത്തുതന്നെ ഇപ്പറഞ്ഞതിനു രേഖ മതി. ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു പ്രവാചകനാണെങ്കിലും, ഒരു റസൂലല്ലെന്നു തീര്‍ച്ചയാണ്. റസൂലല്ലാത്ത പ്രവാചകനെക്കാള്‍ കൂടുതല്‍ ശ്രേഷ്ഠതയുള്ള ആളാണ്‌ റസൂല്‍. എനി, അദ്ദേഹം ഒരു റസൂലുംകൂടി ആയിരുന്നുവെന്ന് സമ്മതിച്ചുകൊടുത്താല്‍ പോലും, മൂസാ (عليه الصلاة والسلام) നബിയുടെ ‘രിസാലത്തു’ കൂടുതല്‍ മഹത്വമേറിയതും, അദ്ദേഹത്തിന്റെ സമുദായം കൂടുതല്‍ വലിയതുമാകുന്നു. ഖിള്വ്-ര്‍ (عليه الصلاة والسلام) യാകട്ടെ, കവിഞ്ഞപക്ഷം അദ്ദേഹം ഇസ്രാഈല്‍ സമുദായത്തിലെ നബിമാരില്‍പെട്ട ഒരാളായിരിക്കും; മൂസാ (عليه الصلاة والسلام) അവരില്‍ വെച്ചു ശ്രേഷ്ഠനും…..’

രണ്ടാമത്തെ അബദ്ധധാരണയെക്കുറിച്ചു അസ്ഖലാനീ (رحمه الله) പറയുന്നതിന്റെ ചുരുക്കം ഇതാകുന്നു: ‘ശരീഅത്തുനിയമങ്ങള്‍ സാധാരണക്കാര്‍ക്കുമാത്രം ബാധകമായതാണ്, ഹൃദയമാലിന്യതകളില്‍ നിന്നു സംശുദ്ധമായവര്‍ക്കു അവരുടെ ഹൃദയങ്ങളുടെ വിധികളനുസരിച്ചു നടന്നാല്‍ മതിയാകും’, എന്നൊക്കെ ഈ കഥയെ അടിസ്ഥാനമാക്കി ചിലര്‍ പറഞ്ഞുവരാറുണ്ട്. അത് തനി നിര്‍മ്മതത്വവും, അവിശ്വാസവുമാകുന്നു. (فتج الباري)

‘ബഹ്ര്‍’ (الْبَحْر) എന്ന പദത്തിനു സമുദ്രം എന്നര്‍ത്ഥം. ചിലപ്പോള്‍ അതു നദിക്കും പറയപ്പെടാറുണ്ട്. എന്നിരിക്കെ, مَجْمَعَ الْبَحْرَيْنِ (രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, സാക്ഷാല്‍ സമുദ്രങ്ങളോ നദികളോ എന്നു ഖണ്ഡിതമായി പറയുവാന്‍ വയ്യ. പക്ഷേ, ഈ പുത്തന്‍ വ്യാഖ്യാനക്കാരുടെ വാദം സംഭവം നടന്നതു മൂസാ (عليه الصلاة والسلام) ഒരു നബിയാകുന്നതിനു മുമ്പാണെന്നും, അദ്ദേഹത്തിന്റെ മത്സ്യം തല്‍ക്കാലം ഭക്ഷണാര്‍ത്ഥം പിടിക്കപ്പെട്ടതാണെന്നും, പിടിച്ചിട്ട കുഴിയില്‍ നിന്നു അതു തക്കത്തില്‍ ചാടിപ്പോയതാണെന്നും മറ്റുമാണല്ലോ. ഈ വാദങ്ങള്‍ക്കു ന്യായീകരണം നല്‍കുന്നതിനുവേണ്ടി ആ വാക്കിന്റെ ഉദ്ദേശ്യം രണ്ടു നദികള്‍ കൂടിയ സ്ഥലമാണെന്നും, ആ നദികള്‍ മിക്കവാറും നൈല്‍ നദിയുടെ രണ്ടു ശാഖകളാണെന്നും അവര്‍ അനുമാനിക്കുന്നത്, സ്വന്തം വാദത്തിനു ഉപോല്‍ബലകമായി മാത്രമാണ്. അതിനു പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാത്തിടത്തോളം കാലം, രണ്ടു സമുദ്രങ്ങള്‍ (بَحْرَيْنِ) എന്നു പറഞ്ഞത് കേവലം ‘രണ്ടു സമുദ്രങ്ങള്‍’ തന്നെയാണെന്നു പറയുവാനേ നിവൃത്തിയുള്ളൂ. 61-ാം വചനത്തിന്റെ വിവരണത്തില്‍ ഇതിനെപ്പറ്റി നാം പ്രസ്താവിച്ചിട്ടുണ്ട്.

മത്സ്യത്തെപ്പറ്റി അല്‍പംകൂടി ശ്രദ്ധിക്കാം: മത്സ്യം എടുത്തുകൊണ്ടുപോകുമ്പോള്‍ മൂസാ (عليه الصلاة والسلام) തന്റെ വാലിയക്കാരനായ യൂശഉ് (عليه الصلاة والسلام) നോടു പറയുന്നതു ഇപ്രകാരമാണ്: لَا أُكَلِّفُكَ إِلَّا أَنْ تُخْبِرَنِي بِحَيْثُ يُفَارِقُكَ الْحُوتُ (ഈ മത്സ്യം നിന്നെ വിട്ടുപോകുന്നിടത്തുവെച്ചു നീ എന്നോടു വിവരം അറിയിക്കണമെന്നല്ലാതെ ഞാന്‍ നിന്നോടു ശാസിക്കുന്നില്ല). ഇതിനു യൂശഉ് (عليه الصلاة والسلام) ഇങ്ങിനെ മറുപടി പറഞ്ഞു: مَا كَلَّفْتَ كَثِيرًا (താങ്കള്‍ അധികമൊന്നും ശാസിക്കുന്നില്ലല്ലോ). അതിനു പ്രയാസമൊന്നും ഇല്ലല്ലോ എന്നു സാരം. 60-ാം വചനം ഉദ്ധരിച്ചുകൊണ്ടു ഹദീസ് ഇങ്ങിനെ തുടരുന്നു:

فَبَيْنَمَا هُوَ فِي ظِلِّ صَخْرَةٍ فِي مَكَانٍ ثَرْيَانَ، إِذْ تَضَرَّبَ الحُوتُ (*) وَمُوسَى نَائِمٌ، فَقَالَ فَتَاهُ: لاَ أُوقِظُهُ حَتَّى إِذَا اسْتَيْقَظَ فنَسِيَ أَنْ يُخْبِرَهُ، وَتَضَرَّبَ الحُوتُ حَتَّى دَخَلَ البَحْرَ، فَأَمْسَكَ اللَّهُ عَنْهُ جِرْيَةَ البَحْرِ، حَتَّى كَأَنَّ أَثَرَهُ فِي حَجَرٍ


(*). و في رواية سفيان اضطرب الحوت


(സാരം: അങ്ങനെ, മൂസാ (عليه الصلاة والسلام) ഒരു പാറക്കലിന്റെ തണലില്‍ നനവുള്ള ഒരു സ്ഥലത്തായിരുന്നപ്പോള്‍ മത്സ്യം പിടച്ചുചാടി. മൂസാ (عليه الصلاة والسلام) ഉറങ്ങുകയായിരുന്നു. അപ്പോള്‍ വാലിയക്കാരന്‍: ‘ഞാന്‍ അദ്ദേഹത്തെ ഉറക്കില്‍നിന്നു ഉണര്‍ത്തുന്നില്ല’ എന്നു (സ്വയം) പറഞ്ഞു. അദ്ദേഹം ഉണര്‍ന്നപ്പോള്‍ അതു പറയുവാന്‍ താന്‍ മറന്നുപോവുകയും ചെയ്തു. മത്സ്യം പിടച്ചുചാടി സമുദ്രത്തില്‍ പ്രവേശിച്ചു. അപ്പോള്‍ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്കു അതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. മത്സ്യത്തിന്റെ അടയാളം (അതു പോയവഴി) ഒരു കല്ലില്‍ പതിഞ്ഞാലുള്ളതുപോലെയായിത്തീര്‍ന്നു.

هَكَذَا -وعاق – يعني عمرو – بَيْنَ إِبْهَامَيْهِ وَاللَّتَيْنِ تَلِيَانِهِمَا (നിവേദകന്‍മാരില്‍ ഒരാളായ) അംറ്: ‘അതു ഇപ്രകാര’മെന്നു പറഞ്ഞുകൊണ്ടു രണ്ടുതള്ളവിരലുകളും തൊട്ടവിരലുകളും കൂട്ടിച്ചേര്‍ത്തു വൃത്താകൃതിയില്‍ കാണിക്കുകയുണ്ടായി. (62-ാം വചനത്തില്‍ പറഞ്ഞതുപോലെ) മൂസാ (عليه الصلاة والسلام) പറഞ്ഞു:

قَالَ موسى لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ‘നമ്മുടെ ഈ യാത്ര നിമിത്തം നാം ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു.’

ബുഖാരീ (رحمه الله) യുടെ ഒരു രിവായത്തില്‍ വന്ന വാചകങ്ങള്‍ ഇപ്രകാരമാകുന്നു:-

فَصَارَ مِثْلَ الطَّاقِ -فَقَالَ: هَكَذَا مِثْلُ الطَّاقِ- فَانْطَلَقَا يَمْشِيَانِ بَقِيَّةَ لَيْلَتِهِمَا وَيَوْمَهُمَا، حَتَّى إِذَا كَانَ مِنَ الْغَدِ قَالَ لِفَتَاهُ. آتِنَا غَدَاءَنَا لَقَدْ لَقِينَا مِنْ سَفَرِنَا هَذَا نَصَبًا. وَلَمْ يَجِدْ مُوسَى النَّصَبَ حَتَّى جَاوَزَ حَيْثُ أَمَرَهُ اللَّهُ

സാരം: അങ്ങനെ, അതു (മത്സ്യത്തിന്റെ അടയാളം) ഒരു വെടിപ്പഴുതുപോലെയായിത്തീര്‍ന്നു. എന്നിട്ടു അവര്‍ രാത്രിയിലെ ബാക്കി സമയവും പകലും നടന്നു. പിറ്റേദിവസമായപ്പോള്‍ മൂസാ (عليه الصلاة والسلام) വാലിയക്കാരനോടു : ‘ഈ യാത്ര നിമിത്തം നാം ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു’ എന്നു പറഞ്ഞു. അല്ലാഹു നിര്‍ദ്ദേശിച്ച സ്ഥലം (മത്സ്യം ചാടിപ്പോകുന്ന സ്ഥലം) വിട്ടുകടന്നുപോകുന്നതുവരെ മൂസാ (عليه الصلاة والسلام) നബിക്കു ക്ഷീണം ബാധിച്ചിട്ടുണ്ടായിരുന്നില്ല.

ഇതില്‍നിന്നു താഴെ പറയുന്ന കാര്യങ്ങള്‍ നമുക്കു മനസ്സിലാക്കാവുന്നതാണ്:-

(1) മത്സ്യം അസാധാരണമായ നിലയില്‍ പിടച്ചുചാടിപ്പോയതായിരുന്നു – നദീജലം കണ്ട വെമ്പല്‍മൂലം കുഴിയില്‍നിന്നു കുതിച്ചു ചാടിയതല്ല.

(2) മത്സ്യം വെള്ളത്തില്‍ ചാടിപ്പോയവഴി, ആശ്ചര്യകരമാംവിധം തെളിഞ്ഞു കാണാമായിരുന്നു. കാരണം: വെള്ളം ഇടതൂര്‍ന്നു പോകാതെ ഒരു മാളമെന്നോണം അതു അവശേഷിച്ചിരുന്നു.

(3) മൂസാ (عليه الصلاة والسلام) നബിക്കു യാത്രാക്ഷീണം അനുഭവപ്പെട്ടതു മത്സ്യം പോയിക്കളഞ്ഞ സമയം മുതല്‍ക്കായിരുന്നു.

63-ാം ആയത്തു ഉദ്ധരിച്ചുകൊണ്ടു ഹദീസില്‍ ഇങ്ങിനെ പറയുന്നു: فَكَانَ لِلْحُوتِ سَرَبًا ، وَلِمُوسَى وَلِفَتَاهُ عَجَبًا (അങ്ങനെ, മത്സ്യം പോയ മാര്‍ഗ്ഗം മത്സ്യത്തിനു ഒരു തുരങ്കവും, മൂസാ (عليه الصلاة والسلام) ക്കും വാലിയക്കാരനും ഒരു ആശ്ചര്യവും ആയിത്തീര്‍ന്നു.) ഇതു മത്സ്യത്തിന്റെ അസാധാരണത്വത്തെ കുറിക്കുന്നുവല്ലോ. 61-ാം വചനത്തില്‍ ‘മത്സ്യം സമുദ്രത്തില്‍ അതിന്റെ വഴി ഒരു തുരങ്കമാക്കിത്തീര്‍ത്തു’  (وَاتَّخَذَ سَبِيلَهُ فِي الْبَحْرِ عَجَبًا) എന്നു അല്ലാഹു പറയുന്നു. ‘തുരങ്കം’ എന്നു അര്‍ത്ഥം നല്‍കുന്നതു ‘സറബന്‍’ (سَرَبًا) എന്ന വാക്കിനാണ്. മാളം, ഗുഹ, തോട് എന്നൊക്കെ ഈ വാക്കിനു അര്‍ത്ഥം വരും. ഈ അര്‍ത്ഥങ്ങള്‍ സ്വീകരിക്കുന്നപക്ഷം മത്സ്യം പോയവഴി ഒരു ആശ്ചര്യകരമായി പരിണമിക്കുമെന്നു കണ്ടു നമ്മുടെ പുത്തന്‍ വ്യാഖ്യാനക്കാര്‍ ഈ വാക്യത്തിനു അര്‍ത്ഥം നല്‍കുന്നതു ഇങ്ങിനെയാണ്‌: ‘മത്സ്യം സമുദ്രത്തില്‍ അതിന്റെ വഴിക്കു പോയി’. സ്വയം താല്‍പര്യത്തിനു ഒപ്പിക്കുവാന്‍ വേണ്ടി ഇങ്ങിനെ ഖുര്‍ആനിന്നു അര്‍ത്ഥം നിര്‍മ്മിക്കുവാന്‍ ശ്രമിക്കുന്നപക്ഷം ഖുര്‍ആന്റെ പേരില്‍ ആര്‍ക്കും പറയുവാന്‍ സാധിക്കുന്നതാണ്. الله أكبر

മത്സ്യം തന്നെ വിട്ടുപോകുമ്പോള്‍ എന്നെ ഓര്‍മ്മപ്പെടുത്തണമെന്നു് മൂസാ (عليه الصلاة والسلام) യൂശഉ് (عليه الصلاة والسلام) നോടു പ്രത്യേകം പറഞ്ഞിരുന്നു. അതൊരു പ്രയാസമില്ലാത്ത കാര്യമാണല്ലോ എന്നദ്ദേഹം മറുപടിയും പറഞ്ഞു. എന്നാല്‍, മത്സ്യം ചാടിപ്പോയതു കണ്ണില്‍ കണ്ടിട്ടുപോലും, മൂസാ (عليه الصلاة والسلام) ഉണര്‍ന്ന ഉടനെയെങ്കിലും അതു ഓര്‍മ്മിപ്പിക്കുവാന്‍ അദ്ദേഹം മറന്നുപോയി. അവരുടെ യാത്രോദ്ദേശ്യം നിവൃത്തിയാകുന്നതുതന്നെ അതിനെ ആസ്പദമാക്കിയാണുതാനും. പിന്നെയും കുറെയധികം നടന്നു വിഷമിക്കുകയും, ഭക്ഷണം കൊണ്ടുവരാന്‍ മൂസാ (عليه الصلاة والسلام) ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ മാത്രമേ വാലിയക്കാരനു അതു പറയുവാന്‍ ഓര്‍മ്മവന്നുള്ളു. അപ്പോള്‍, ഈ മറതി വാസ്തവത്തില്‍ ഗൗരവമേറിയ ഒരു മറതിതന്നെ. അതുകൊണ്ടത്രെ, ‘ഞാനതു മറന്നുപോയി’ എന്നു പറയാതെ, ‘അതു പറയുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ മറ്റൊന്നുമല്ല’ (وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ) എന്നു വാലിയക്കാരന്‍ പറഞ്ഞതും. ഈ പ്രയോഗം ഒരു വിശേഷാര്‍ത്ഥത്തെ – വിഷയത്തിന്റെ ഗൗരവവും മറന്നുപോയതിലുള്ള ഒഴികഴിവും – ഉദ്ദേശിച്ചുകൊണ്ടുള്ളതാകുന്നു. അഥവാ ഒരു വെറുപ്പു പ്രകടിപ്പിക്കല്‍ മാത്രമല്ല അതിലുള്ളത്. യൂസുഫ് നബി (عليه الصلاة والسلام) ജയിലിലായിരുന്നപ്പോള്‍ ജയില്‍ വിമുക്തനായി പുറത്തു പോരുന്നവനോട് തന്നെപ്പറ്റി രാജാവിനെ ഓര്‍മ്മിപ്പിക്കുവാന്‍ പറഞ്ഞതു അയാള്‍ മറക്കുകയുണ്ടായി. ഏതാനും കൊല്ലങ്ങള്‍ കഴിഞ്ഞശേഷം – അതുംതന്നെ, യൂസുഫ് (عليه الصلاة والسلام) നെക്കൊണ്ടു ഒരു വമ്പിച്ച ആവശ്യം നേരിട്ടപ്പോള്‍ – മാത്രമേ ഓര്‍മ്മവരുകയുണ്ടായുള്ളു. ആ ഗൗരവമേറിയ മറതിയെപ്പറ്റിയും സൂറത്തു യൂസുഫില്‍ ‘എന്നിട്ടു പിശാച് അവനെ മറപ്പിച്ചുകളഞ്ഞു’

فَأَنسَاهُ الشَّيْطَانُ എന്നാണ് അല്ലാഹു പറഞ്ഞത്. ഇത്തരം ഗൗരവപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ, ഏതെങ്കിലും കാര്യം മറന്നുപോകുന്നിടത്തെല്ലാം ‘പിശാചു മറപ്പിച്ചു’ എന്നു ഖുര്‍ആനിലോ മറ്റോ പറയാറില്ല. സ്വന്തം താല്‍പര്യങ്ങളെ മനസ്സില്‍ വെച്ചുകൊണ്ടു ഖുര്‍ആനെ വ്യാഖ്യാനിക്കുന്നവര്‍ക്കു ഇതിലൊന്നും ‘വിശേഷാര്‍ത്ഥം’ കാണുവാന്‍ കഴിഞ്ഞെന്നു വരികയില്ല. പക്ഷേ, വാസ്തവം മുകളില്‍ കണ്ടതാണ്.

ഖിള്വ്-ര്‍ (عليه الصلاة والسلام) കൊല ചെയ്തതു ഒരു ബാലനെയായിരുന്നുവെന്നതിനോടും ഇക്കൂട്ടര്‍ യോജിക്കുന്നില്ല. ഇവര്‍ക്കു മുമ്പും ചിലര്‍ ഇവരുടെ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ‘ഗുലാം’ (غُلَام) എന്നാണ് 74-ാം വചനത്തില്‍ ഉപയോഗിച്ച പദം. ‘അടിമ, യുവാവ്, ഭൃത്യന്‍, ബാലന്‍’ എന്നീ അര്‍ത്ഥങ്ങള്‍ക്കെല്ലാം ആ വാക്കു ഉപയോഗിക്കാറുണ്ട്.’ ഖുര്‍ആനില്‍ ഈ വാക്ക് (37:101; 19:7; 12:19 മുതലായ സ്ഥലങ്ങളില്‍) ഉപയോഗിച്ചതു നോക്കുമ്പോഴും, ഹദീസില്‍ താഴെ ഉദ്ധരിക്കുന്ന വാചകം നോക്കുമ്പോഴും ഇവിടെ ‘ഗുലാം’ എന്ന വാക്കിനു ‘കുട്ടി’ എന്നോ ‘ബാലന്‍’ എന്നോ അര്‍ത്ഥം നല്‍കേണ്ടിയിരിക്കുന്നു. (ഹദീസില്‍ ഇങ്ങിനെയാണുള്ളതു:

فَانْطَلَقَا فَإِذَا هُمَا بِغُلَامٍ يَلْعَبُ مَعَ الْغِلْمَانِ ، فَأَخَذَ الْخَضِرُ رَأْسَهُ فَقَطَعَهُ

(അങ്ങനെ രണ്ടുപേരും പോയി. അപ്പോള്‍ അവര്‍ ബാലന്‍മാരോടൊന്നിച്ചു കളിച്ചു കൊണ്ടിരിക്കുന്ന ഒരു ‘ഗുലാമി’നെ (ബാലനെ) കണ്ടു. എന്നിട്ടു ഖിള്വ്-ര്‍ അവന്റെ തലപിടിച്ചു മുറിച്ചുകളഞ്ഞു) ഇവിടെ ‘ഗുലാം’ എന്നു പറഞ്ഞതു കുട്ടി എന്ന അര്‍ത്ഥത്തിലാണെന്ന് പറയേണ്ടതില്ല. ഖിള്വ്-ര്‍ (عليه الصلاة والسلام) കൊലപ്പെടുത്തിയ ആ കുട്ടി അവിശ്വാസപ്രകൃതിയോടുകൂടിയവനായിരുന്നു; അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിനും അക്രമത്തിനും ബുദ്ധിമുട്ടിക്കുമായിരുന്നു.’ എന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളതായി ബുഖാരിയും മുസ്ലിമും (رحمهما الله) ഉദ്ധരിക്കുന്ന ഹദീസു (إِنَّ الْغُلَامَ الَّذِي قَتَلَهُ الْخَضِرُ طُبِعَ كَافِرًا، وَلَوْ عَاشَ لَأَرْهَقَ أَبَوَيْهِ طُغْيَانًا وَكُفْرًا) നാം ഇതിനു മുമ്പു കണ്ടുവല്ലോ. ഇതെല്ലാംകൂടി നോക്കുമ്പോള്‍ നിശ്ചയമായും ആ ‘ഗുലാം’ ഒരു കുട്ടിയായിരുന്നുവെന്നല്ലാതെ ‘യുവാവാ’യിരുന്നുവെന്നു – മനസ്സിലാക്കുവാന്‍ തരമില്ല.

‘പ്രായം തികയാത്ത ഒരു ബാലന്‍ മതശാസനങ്ങള്‍ക്കു എങ്ങനെ വിധേയനാകും? എങ്ങനെയാണ് അവന്റെമേല്‍ കുറ്റം ചുമത്തി ശിക്ഷിക്കപ്പെടുക?’ എന്നൊക്കെയാണ് ഇക്കൂട്ടര്‍ക്കു സംശയം. അതുകൊണ്ടാണ്, ഖിള്വ്-ര്‍ (عليه الصلاة والسلام) കൊലപ്പെടുത്തിയതു ഒരു ബാലനെയല്ല, യുവാവിനെയാണ് എന്നു ഇവര്‍ പറയുന്നത്. ‘അന്യരെ, നിര്‍ബ്ബന്ധപൂര്‍വ്വം മതം മാറ്റാന്‍ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയെന്ന സാര്‍വ്വലൗകിക നിയമമനുസരിച്ചാണ് ഖിള്വ്-ര്‍ (عليه الصلاة والسلام) ആ യുവാവിനെ കൊല ചെയ്തതെ’ന്ന് ഇവര്‍ സമര്‍ത്ഥിക്കുന്നു എന്നാല്‍, ആ യുവാവ് – അല്ലെങ്കില്‍ ബാലന്‍ – തന്റെ മാതാപിതാക്കളെ നിര്‍ബ്ബന്ധിച്ചുവെന്നോ, ഭീഷണിപ്പെടുത്തിയെന്നോ ഖുര്‍ആനിലും, ഹദീസിലും പ്രസ്താവിച്ചിട്ടില്ല. ഭാവിയില്‍ അവന്‍ അങ്ങനെ ചെയ്തേക്കുമെന്ന് ഭയപ്പെട്ടു (فَخَشِينَا) എന്നു മാത്രമേ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളു. ആ അവസരത്തില്‍ മൂസാ (عليه الصلاة والسلام) ചോദിച്ച ചോദ്യവും ചിന്താര്‍ഹമാണ്.

أَقَتَلْتَ نَفْسًا زَكِيَّةً (നിര്‍ദ്ദോഷിയായ -അഥവാ പരിശുദ്ധമായ- ഒരു ജീവനെ താന്‍ കൊല്ലുകയോ?) എന്നാണല്ലോ അദ്ദേഹം ചോദിച്ചത്. അവനൊരു ബാലനായിരുന്നുവെന്നു ഈ ചോദ്യവും കാണിക്കുന്നു. അവന്‍ ഒരു യുവാവാണെന്നു സങ്കല്‍പിച്ചാല്‍പോലും ആ കൊല നടന്ന അവസരത്തില്‍ തീര്‍ച്ചയായും അവന്‍ നിര്‍ദ്ദോഷിയായിരുന്നുവെന്നും, ഭാവിയില്‍ അവന്‍ മൂലം ഉണ്ടാകുവാന്‍ പോകുന്ന ദോഷത്തെ മുന്‍നിറുത്തിക്കൊണ്ടാണ് അത് ചെയ്തതെന്നും സ്പഷ്ടമാകുന്നു. മേല്‍ സൂചിപ്പിച്ച ഹദീസിലും തന്നെ ….وَلَوْ عَاشَ لَأَرْهَقَهُمَا (അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ അവന്‍ അവരെ ബുദ്ധിമുട്ടിക്കുമായിരുന്നു.) എന്നാണുള്ളത്.

ഇത്രയും പറഞ്ഞതില്‍നിന്നു ഈ കൊല ‘സാര്‍വ്വലൗകിക നിയമമനുസരിച്ചോ, ‘ഐക്യരാഷ്ട്രപ്രമാണ’മനുസരിച്ചോ ഉണ്ടായ ഒന്നല്ലെന്നും, നാം മുമ്പു വിവരിച്ച അടിസ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാകുന്നു. അതായതു മൂസാ (عليه الصلاة والسلام) നബിക്കു പരിചയമില്ലാതിരുന്നതും, ഖിള്വ്-ര്‍ (عليه الصلاة والسلام) നബിക്കു പ്രത്യേകം നല്‍കപ്പെട്ടിരുന്നതുമായ ചില രഹസ്യജ്ഞാനം അനുസരിച്ചു നടത്തപ്പെട്ട ഒരു കൃത്യമായിരുന്നു അത്. ‘അവനെക്കാള്‍ ഉത്തമമായ സന്താനത്തെ അവന്റെ മാതാപിതാക്കള്‍ക്കു അവരുടെ റബ്ബു പകരം കൊടുക്കണമെന്നു നാം ഉദ്ദേശിച്ചു’ എന്നു 81-ാം വചനത്തിലും, ‘ഇതൊന്നും എന്റെ അഭിപ്രായമനുസരിച്ചു ചെയ്തതല്ല’ എന്നു 82-ാം വചനത്തിലും അദ്ദേഹം പ്രസ്താവിച്ചതു ഈ വസ്തുതയാണ് കുറിക്കുന്നത്. വാസ്തവം ഇങ്ങിനെയെല്ലാമായിരിക്കെ, ഖുര്‍ആനിലും മറ്റും അതിനു വല്ല നിയമവും ഉണ്ടോ? എന്ന ഇവരുടെ ചോദ്യത്തിനു സ്ഥാനമില്ലല്ലോ. ചുരുക്കത്തില്‍, ഈ സംഭവത്തെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ വ്യക്തമായ ഭാഷയില്‍ നല്‍കിയ പ്രസ്താവനകളും, അതിന്റെ വ്യാഖ്യാനമായി ബലപ്പെട്ട ഹദീസുകളില്‍ വന്ന വിവരണങ്ങളും നമുക്ക് മുഖവിലക്കുതന്നെ സ്വീകരിക്കുക. അതിനു എതിരായതും വിരുദ്ധമായതുമായ എല്ലാ വ്യാഖ്യാനങ്ങളും നമുക്ക് ധൈര്യസമേതം തള്ളിക്കളയുകയും ചെയ്യാം.

والله أعلمُ بالصواب


 വ്യാഖ്യാനകുറിപ്പ് – 2:-


ദുല്‍ഖര്‍നൈനിയുടെ കെട്ടും, യാജൂജ് – മാജൂജും.

ദുല്‍ഖര്‍നൈനി സ്ഥാപിച്ച കെട്ടു എവിടെയായിരുന്നു? യാജൂജ് – മാജൂജ് വര്‍ഗ്ഗക്കാര്‍ ഏതാണ്? അവര്‍ പുറത്തുവരുന്നതു എന്നായിരിക്കും? വേഗത്തില്‍ ഖണ്ഡിതമായ മറുപടി പറയാവുന്ന ചോദ്യങ്ങളല്ല ഇവ.

കെട്ടു നിര്‍മ്മിച്ചതു എവിടെയാണെന്നുള്ളതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും, ചരിത്രകാരന്‍മാരും പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അദര്‍ബീജാന്നും അര്‍മേനിയക്കും (أذربيجان وأرمينية) ഇടയിലാണെന്നു ചിലര്‍ പറയുന്നു. കാസ്പിയന്‍ കടലിനും കാക്കസസ് പര്‍വ്വതത്തിനും (بحر الخزر وجبل قوقاس) ഇടയില്‍ സ്ഥിതി ചെയ്യുന്നതും, ബാബുല്‍ അബ്-വാബ് (باب الأبواب) എന്ന പേരില്‍ അറിയപ്പെട്ടിരുന്നതുമായ ദര്‍ബന്തി (دربند) ല്‍ ആണെന്നും ചിലര്‍ പറയുന്നു. മദ്ധ്യേഷ്യയിലെ ബുഖാറാ (بخارى) നഗരത്തില്‍നിന്നു ഏതാണ്ട് 150 നാഴിക അകലെ സ്ഥിതി ചെയ്യുന്ന മലകളിലാണെന്ന് മൂന്നാമതൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ സ്ഥലം വടക്കെ അക്ഷാംശം 38ലും, കിഴക്കെ ധ്രുവാംശം 67ലും സ്ഥിതി ചെയ്യുന്നു. ബുസ്ഘൂല്‍ഖാന (Buzghoolkhana) എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടുന്നു. ക്രിസ്താബ്ധം 15-ാം നൂറ്റാണ്ടില്‍ തിമൂര്‍ലങ്ക് (تيمورلنك) ചക്രവര്‍ത്തി ഈ സ്ഥലവും, കെട്ടും കാണുകയുണ്ടായിട്ടുണ്ടെന്നും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഈ സ്ഥലത്തിനു ബാബുല്‍ഹദീദ് (باب الحديد) അഥവാ ഇരുമ്പു വാതില്‍ – എന്നും പേരുണ്ട്. ചില ആധുനിക പണ്ഡിതന്‍മാര്‍ ഈ അഭിപ്രായമാണു സ്വീകരിച്ചുകാണുന്നത്. ഏതായാലും മങ്കോളിയന്‍ വര്‍ഗ്ഗക്കാരുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുവാന്‍വേണ്ടി നിര്‍മ്മിക്കപ്പെട്ടതും, ലോകാത്ഭുതങ്ങളില്‍ എണ്ണപ്പെട്ടുവരുന്നതുമായ ശ്രുതിപ്പെട്ട ചൈനാഭിത്തിയല്ല ദുല്‍ഖര്‍നൈനിയുടെ കെട്ട് എന്ന് തീര്‍ച്ചയാണ്. (*). 4-ാമതായി വേറൊരഭിപ്രായവും കൂടി നിലവിലുണ്ട്: കൊക്കേഷ്യയുടെ ഉള്‍പ്രദേശങ്ങളില്‍ ദാരിയാല്‍ ചുരം (Darial Pass) എന്ന പേരില്‍ ഒരു ചുരം കാണാം. അവിടെയായിരുന്നു അതെന്നാണു ഈ അഭിപ്രായം. ഇതു തിഫ്ലീസിനും വിലാദീഖൂഖാസിനും (Vladikukaz) ഇടയില്‍ സ്ഥിതി ചെയ്യുന്നു. [മേല്‍പറഞ്ഞ സ്ഥലങ്ങളെല്ലാം ഭൂപടം 1ല്‍ നോക്കുക.]


(*). ചിലര്‍ക്ക് ഇതിലും അഭിപ്രായവ്യത്യാസമില്ലാതില്ല.


ഈ ഒടുവില്‍ പറഞ്ഞ അഭിപ്രായം ശരിയായിരിക്കുവാന്‍ കൂടുതല്‍ ന്യായം കാണുന്നു. നോശേര്‍വാന്‍ (أنوشروان) ചക്രവര്‍ത്തിയാണ് ഈ ചുരമാര്‍ഗ്ഗത്തിലെ കെട്ടു സ്ഥാപിച്ചതെന്നു സാധാരണ ചരിത്രകാരന്‍മാര്‍ പറയുന്നുവെങ്കിലും, പൂര്‍വ്വകാല ചരിത്രങ്ങള്‍കൊണ്ടു തെളിയുന്നതു ആ കെട്ടു അദ്ദേഹത്തിനു മുമ്പുണ്ടായിരുന്നു എന്നാകുന്നു. നോശേര്‍വാന്റെ കാലം ക്രിസ്താബ്ധം 531-579 ആകുന്നു. അതിന്റെ മുമ്പുതന്നെ ആ കെട്ടുള്ളതായി പൂര്‍വ്വചരിത്രങ്ങളില്‍ നിന്നു അറിയുവാന്‍ സാധിക്കുന്നു. ഇസ്കന്തര്‍ (അലക്സാന്തര്‍ – الاسكندر الرومي) ആണതു നിര്‍മ്മിച്ചതെന്ന അഭിപ്രായക്കാരുമുണ്ട്. അതിനും വേണ്ടത്ര തെളിവുകള്‍ ഇല്ല.

ഇസ്കന്തറിന്റെ ഏതാണ്ടു 200 കൊല്ലം മുമ്പാണ് പേര്‍ഷ്യക്കാരനായ സൈറസിന്റെ കാലം. അതായതു ക്രിസ്തുവിനു ഏകദേശം 500 കൊല്ലം മുമ്പ്. അദ്ദേഹത്തിന്റെ കാലത്തു സേത്യന്‍ ഗോത്രക്കാരുടെ ആക്രമണത്തെ അദ്ദേഹം തടഞ്ഞിരുന്നതായി ചരിത്രം ഉണ്ട്. ഇസ്കന്തര്‍ അങ്ങിനെ ചെയ്തതായി അറിയപ്പെടുന്നില്ല. അര്‍മേനിയന്‍ ഭാഷയില്‍ ‘ഫാക്ക് കോറായി’ എന്നും ‘കാപാന്‍കോറായി’ എന്നും ഈ ചുരത്തിനു മുന്‍കാലത്തു പേരുണ്ടായിരുന്നതായി കാണപ്പെടുന്നു. ‘കോറാവാതില്‍’ എന്നത്രെ ഈ രണ്ടു പേരുകളുടെയും അര്‍ത്ഥം. ‘കോറാ’ എന്നു പറഞ്ഞതു സൈറസിന്റെ സാക്ഷാല്‍ നാമമായ ‘കോരേശ്’ ലോപിച്ചതായിരിക്കാം. (*). ഇരുമ്പുവാതില്‍ എന്ന അര്‍ത്ഥത്തില്‍ ‘അഹ്നീദര്‍വാസഃ’ എന്നും അര്‍മേനിയന്‍ ഭാഷയില്‍ ഈ ചുരത്തിനു പേര്‍ പറഞ്ഞുവരുന്നു.


(*). കോരേശിനെ (Cyrus – قورش) പ്പറ്റി ‘വേദപുസ്തക നിഘണ്ടുവില്‍ ഇങ്ങിനെ കാണാം:- ഇവന്‍ പാര്‍സ്യയിലെ രാജാവായിരുന്നു. മേദ്യാചക്രവര്‍ത്തിയേയും, ചിറ്റാസ്യാ (ഏഷ്യാമൈനര്‍) രാജാക്കളേയും ജയിച്ചു. ക്രി. മു. 539ല്‍ ബാബിലോന്യ ജയിച്ചു. അവിടെ അടിമകളായി പിടിച്ചുകൊണ്ടുവരപ്പെട്ടവരെ പലരേയും വിട്ടയച്ചു. യഹൂദര്‍ക്ക് മോചനം നല്‍കി. ശൂന്യമാക്കപ്പെട്ട യെരൂശലേമിനെ (ബൈത്തുല്‍ മുഖദ്ദസിനെ) വീണ്ടും അറ്റകുറ്റം തീര്‍ക്കുന്നതിനും, ദേവാലയം പണിയിക്കുന്നതിനും യഹോവയാല്‍ (ദൈവത്താല്‍) അഭിഷേകം പ്രാപിച്ചവനും, അവന്റെ പ്രിയനുമായ കൊരേശു രാജാവിനെക്കുറിച്ചു യെശയ്യാ 40-48ല്‍ പലപ്പോഴും പറഞ്ഞുകാണുന്നു. ഇവന്‍ യഹൂദനല്ലെങ്കിലും യഹോവയെ ആരാധിച്ചുവന്നുവെന്നുള്ളതു നിസ്സംശയമാണ്. വേ. പു. നി. പേജ് 112).


കെട്ടു നിര്‍മ്മിക്കപ്പെട്ടതു ഇരുമ്പുകട്ടികളും ചെമ്പുദ്രാവകവും ഉപയോഗിച്ചാണെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. ബാബുല്‍ അബ്‌വാബിലെ കെട്ട് കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്നു അതിന്റെ അവശിഷ്ടങ്ങള്‍ തെളിയിക്കുന്നുണ്ട്. കൊക്കേഷ്യയിലെ അഹ്നീദര്‍വാസയാകട്ടെ, ഇരുമ്പ് ഉപയോഗിച്ചു ഉണ്ടാക്കപ്പെട്ടതായി കാണപ്പെടുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് ജോര്‍ജിയാ (جورجيا)യില്‍ അതിനു ഇരുമ്പുവാതില്‍ എന്നു പറയുന്നതും. ഇരുഭാഗത്തും ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു മലന്തിട്ടകള്‍ക്കിടയിലായിരുന്നു ദുല്‍ഖര്‍നൈനി കെട്ടി ഉയര്‍ത്തിയതെന്നു ഖുര്‍ആന്‍ പറയുന്നു. ബാബുല്‍ അബ്‌വാബിലെ കെട്ടാകട്ടെ, അതിന്റെ ഒരു ഭാഗം (പടിഞ്ഞാറ്) കാക്കസസ് മലയുണ്ടെങ്കിലും മറുഭാഗം (കിഴക്കു) കാസ്പിയന്‍ കടലാണ് സ്ഥിതിചെയ്യുന്നത്. ദാരിയാല്‍ ചുരമാകട്ടെ, കാക്കസസ് പര്‍വ്വതനിരയുടെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഇടുക്കുവഴിയുമാകുന്നു. ദുല്‍ഖര്‍നൈനിയുടെ കെട്ടു അസര്‍ബീജാന്നും, അര്‍മേനിയക്കും മദ്ധ്യെ സ്ഥിതിചെയ്യുന്ന രണ്ടു മലകള്‍ക്കിടയിലാണ് എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുമുണ്ട്. ഇതും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. ശത്രുക്കളുടെ ആക്രമണം തടയുവാനായി മുന്‍കാലങ്ങളില്‍ പല മര്‍മ്മസ്ഥലങ്ങളിലും പലരാലും, ഭിത്തിക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ഒന്നിലധികം സ്ഥലങ്ങളില്‍ പഴയ ഭിത്തിക്കെട്ടുകള്‍ കാണുന്നതില്‍ ആശ്ചര്യമില്ലല്ലോ.

ഒടുവില്‍പറഞ്ഞ അഭിപ്രായത്തിനു ബൈബ്ളും പിന്‍ബലം നല്‍കുന്നു. യെഹെസ്കേലിന്റെ (حزقيل عليه السلام) പ്രവചനങ്ങളുടെ കൂട്ടത്തില്‍ ഇപ്രകാരം പറയുന്നു: മനുഷ്യപുത്രാ, രോശ് (റഷ്യാ), മെശെക്ക് (മോസ്കോ), തൂബല്‍ എന്നിവയുടെ പ്രഭുവായ മാഗോഗ് (മാജൂജ്) ദേശത്തിലുള്ള ഗോഗി (യാജൂജി)ന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മെശേക്ക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു’ തുടര്‍ന്നുകൊണ്ടു ഗോഗിന്റെ വരവിന്റെ സ്വഭാവവും, കൊള്ള മുതലായ വിക്രിയകളേയും വിവരിക്കുന്നു. അക്കൂട്ടത്തില്‍, അവരുടെ വരവു വടക്കേ അറ്റത്തുനിന്നാണെന്നും, യിസ്രായേല്‍ പ്രദേശങ്ങളില്‍ അവര്‍ വരുമെന്നും ബൈബ്ള്‍ വ്യക്തമാക്കിയിട്ടുണ്ട്. (യെഹെസ്കേല്‍ പുസ്തകം അദ്ധ്യായം 38ഉം 39ഉം നോക്കുക).

ദുല്‍ഖര്‍നൈനിയുടെ കെട്ടു കാക്കസസ് പ്രദേശങ്ങളിലാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. കാരണം: ബുഖാറാപ്രദേശങ്ങളില്‍ കൂടിയാണ് ഗോഗിന്റെ പ്രവാഹമുണ്ടായിരുന്നതെങ്കില്‍, അതു യിസ്രായേല്യരുടെ കിഴക്കുഭാഗത്തുകൂടിയാണെന്നുള്ളതില്‍ സംശയമില്ല. കാക്കസസ് പ്രദേശമാണ് അവരുടെ അടുത്തും, വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നത്. (പടം 1 നോക്കുക) റഷ്യയില്‍നിന്നും മോസ്കോവില്‍നിന്നും യിസ്രായേല്‍ പ്രദേശത്തേക്ക് വരുന്നത് ആ മാര്‍ഗ്ഗത്തില്‍ കൂടിയാണുതാനും. ഇത്രയും പറഞ്ഞതില്‍ നിന്നെല്ലാം കാക്കസസ് പര്‍വ്വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന ദാരിയേല്‍ ചുരമാര്‍ഗ്ഗത്തിലായിരുന്നു ഖുര്‍ആനില്‍ പറഞ്ഞ ദുല്‍ഖര്‍നൈനിയുടെ കെട്ട് എന്നാണ് അനുമാനിക്കേണ്ടത്. الله أعلم

ഒരു സംഗതി ഇവിടെ ഓര്‍മ്മിക്കുന്നതു നന്ന്. പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ്സാണു ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാര്‍, കെട്ടിന്റെ സ്ഥലം കാക്കസസ്സിലായും, ഇസ്കന്തറാണ് ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാര്‍ കെട്ടിന്റെ സ്ഥാനം ബുഖാറാ പരിസരങ്ങളിലായും ഗണിച്ചുവരുന്നു. ഇതിനു രണ്ടു കാരണങ്ങളുണ്ട്: സുദീര്‍ഘവും ചരിത്രപ്രധാനവുമായ ഒരു യാത്രക്കുശേഷമാണല്ലോ കെട്ടു നിര്‍മ്മിക്കപ്പെട്ടത്. അതോടുകൂടി ആ രാജ്യക്കാരുടെ ഭാഷ ദുല്‍ഖര്‍നൈനിക്കു അപരിചിതവുമായിരുന്നു. യൂനാന്‍ (ഗ്രീക്കു)കാരനായ ഇസ്ക്കന്തറിനു കാക്കസസ് പ്രദേശങ്ങളും, പേര്‍ഷ്യക്കാരനായ സൈറസ്സിനു ബുഖാറാ പ്രദേശങ്ങളും വളരെയൊന്നും അപരിചിതമായിരിക്കുവാന്‍ തരമില്ല. ഇതാണതിനു കാരണമെന്നു പറയാം. (*).


(*). اكثر ما تقدم في سد ذو القرنين مأخوذ عن ترجمان القرآن لمولانا أبي الكلام آزاد رحمه الله


ഇനി, നമുക്ക് യാജൂജ് – മാജൂജിനെപ്പറ്റി അല്‍പം ആലോചിക്കാം. ഖിയാമത്തുനാളിന്റെ അടുത്ത കാലത്ത് പെട്ടെന്നു പ്രത്യക്ഷപ്പെടുന്നവരും, ഏതോ ചില വികൃത സ്വഭാവത്തോടുകൂടിയവരുമായ ഒരു അജ്ഞാതവര്‍ഗ്ഗമാണ് ഇവരെന്നു പൊതുവില്‍ പലരും ധരിച്ചുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ ചില കഥകളും പുരാണേതിഹാസങ്ങളും ഈ വിഷയത്തില്‍ ജനമദ്ധ്യേ പ്രചരിച്ചിട്ടുമുണ്ട്. ഖുര്‍ആനില്‍ അവരെപ്പറ്റി പ്രസ്താവിച്ചതു – സൂ: അല്‍കഹ്ഫില്‍ – നാം കണ്ടുവല്ലോ. മറുനാടുകളില്‍, അക്രമം, കുഴപ്പം, കവര്‍ച്ച മുതലായവ നടത്തി അസമാധാനമുണ്ടാക്കിയിരുന്ന ഒരു കൂട്ടരായിരുന്നു അവര്‍. രണ്ടു മലകളുടെ ഇടയ്ക്കുള്ള ഒരു മാര്‍ഗ്ഗത്തില്‍കൂടിയായിരുന്നു അവര്‍ പ്രവഹിച്ചിരുന്നത്. ഒരു ഇരുമ്പുഭിത്തിമൂലം അതു ദുല്‍ഖര്‍നൈനിയുടെ കൈക്കു നിര്‍ത്തലാക്കപ്പെട്ടു. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടു അവര്‍ തല്‍ക്കാലം തടയപ്പെട്ടു. എങ്കിലും അവര്‍ വീണ്ടും വെളിക്കുവരുന്ന ഒരു കാലമുണ്ട്. അന്നു അവര്‍ ആ കെട്ടിനു പുറത്തുവരുന്നതും, ആ കെട്ടു തകര്‍ന്നുപോകുന്നതുമാണ് എന്നിങ്ങിനെ അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം ഖുര്‍ആനില്‍ നിന്നുതന്നെ നമുക്കു വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ എത്രയോ മുമ്പുതന്നെ ഇക്കൂട്ടര്‍ നിലവിലുണ്ടായിരുന്നുവെന്നു പറയേണ്ടതില്ല.

അല്‍കഹ്ഫു 98ല്‍, ദുല്‍ഖര്‍നൈനി പ്രവചിച്ച ആ നിശ്ചിത സമയം – കെട്ടു തരിപ്പണമാകുകയും അവര്‍ പുറത്തു വരുകയും ചെയ്യുന്ന സമയം – ഏതാണെന്നു വ്യക്തമാക്കപ്പെട്ടില്ല. ഇതിനെസംബന്ധിച്ചു സൂ: അമ്പിയാഉ് 96ല്‍ ഇപ്രകാരം കാണാം:-

حَتَّىٰ إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ ﴿٩٦﴾ وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا..الأنبياء

(അങ്ങനെ, യാജൂജും മാജൂജും തുറന്നുവിടപ്പെടുകയും – അവരാകട്ടെ, എല്ലാ കുന്നുകളില്‍ കൂടിയും ഓടി വരുന്നതുമാണ് – യഥാര്‍ത്ഥമായ ആ വാഗ്ദാനസമയം അടുത്തെത്തുകയും ചെയ്‌താല്‍, അപ്പോള്‍, അവിശ്വാസികളുടെ നേത്രങ്ങള്‍ (അന്തംവിട്ട്) തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നതാണ്.) ‘യഥാര്‍ത്ഥമായ വാഗ്ദാനസമയം’ എന്നു പറഞ്ഞതു ലോകാവസാന സമയമാകുന്നു. അതിന്റെ അവസരം അടുത്തു കൂടുമ്പോഴാണ് ഇവര്‍ തുറന്നുവിടപ്പെടുന്നതു – അഥവാ പുറത്തുവരുന്നതു – എന്നത്രെ ഇതില്‍നിന്നു മനസ്സിലാകുന്നത്. (ഈ ആയത്തിന്റെ വിവരണം നോക്കുക). ഒരിക്കല്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പറയുകയുണ്ടായി:-

(وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدْ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ وَحَلَّقَ بِإِصْبَعَيْهِ الْإِبْهَامِ وَالَّتِي تَلِيهَا – (البخاري

സാരം: “ആസന്നമായ ആപത്തുനിമിത്തം അറബികള്‍ക്ക് നാശം! യാജൂജ് മാജൂജിന്റെ കെട്ട് ഇന്ന് ഇത്ര കണ്ടു തുറക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞുകൊണ്ടു അവിടുത്തെ പെരുവിരലും അതിന്റെ തൊട്ട വിരലും ചേര്‍ത്തു ഒരു വട്ടക്കണ്ണിപോലെയാക്കി കാണിക്കുകയും ചെയ്തു. (ബുഖാരി). ഈ ഖുര്‍ആന്‍ വചനവും, നബിവചനവും മുമ്പില്‍വെച്ചുകൊണ്ട്, ദുല്‍ഖര്‍നൈനിയുടെ പ്രവചനം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നുവോ, ഇല്ലേ? പുലര്‍ന്നു കഴിഞ്ഞുവെങ്കില്‍ ഏതാണ് ഇക്കൂട്ടര്‍? എന്നാണ് നമുക്കു ചിന്തിക്കുവാനുള്ളത്.

നൂഹ് (عليه الصلاة والسلام) നബിയുടെ മകനായ യാഫേഥി (يافث) ന്റെ സന്തതികളാണ് യാജൂജ് മാജൂജ് (Gog and Magog) എന്നതില്‍, മുഫസ്സിറുകള്‍ക്കും ചരിത്രകാരന്‍മാര്‍ക്കുമിടയില്‍ പറയത്തക്ക അഭിപ്രായവ്യത്യാസമില്ല. താര്‍ത്താരിവര്‍ഗ്ഗക്കാര്‍ (التتار) യാജൂജും, മുഗിളവര്‍ഗ്ഗക്കാര്‍ (المغول) മാജൂജും ആണെന്നും, രണ്ടു കൂട്ടരും തുര്‍ക്കി (ترك) വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണെന്നുമുള്ളതിലും ഭിന്നാഭിപ്രായമില്ല. ഈ വര്‍ഗ്ഗങ്ങള്‍ – ഓരോ കാലത്തും ഓരോ സ്ഥലത്തുമായി – പല പേരിലും അറിയപ്പെട്ടിട്ടുണ്ട്. പൊതുവില്‍ ഇവരുടെ വാസസ്ഥലം ഉത്തരേഷ്യയാകുന്നു. തെക്കുഭാഗത്തു തിബത്തും ചൈനയും തുടങ്ങി വടക്കു ശാന്തസമുദ്രംവരെയും, പടിഞ്ഞാറു തുര്‍ക്കിസ്ഥാന്‍വരെയും അതു നീണ്ടുകിടകുന്നു. (ആസ്യാ വന്‍കരയുടെ ഭൂപടങ്ങള്‍ നോക്കുക.).

കേവലം അപരിഷ്കൃതരും ക്രൂരസ്വഭാവികളുമായിരുന്ന ഇവരില്‍ പല അവാന്തരവിഭാഗങ്ങളും, ഉപവര്‍ഗ്ഗങ്ങളും ഉണ്ട്. മുന്‍കാലത്തു മദ്ധ്യേഷ്യയിലെ പര്‍വ്വതപ്രാന്തങ്ങളില്‍കൂടിയും, പല ചുരമാര്‍ഗ്ഗങ്ങളില്‍ കൂടിയും കടന്നുവന്നു ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പലതും, കിഴക്കന്‍ യൂറോപ്പില്‍ പെട്ട പല രാജ്യങ്ങളും ഇവര്‍ ആക്രമിച്ചു കൊണ്ടിരുന്നു. പലേടങ്ങളിലും കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. ചൈനയിലും, പശ്ചിമേഷ്യയിലും അപ്രകാരം തന്നെ. അവര്‍ക്കു ഇങ്ങോട്ടു കടന്നുവരുവാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ടെന്നു ഭൂപടങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തോ, അതിനുശേഷം ഹിജ്റ 7-ാം നൂറ്റാണ്ടുവരെയോ ഇവരുടെ പ്രവാഹങ്ങളും ആക്രമണങ്ങളും ഉണ്ടായതായി അറിയപ്പെടുന്നില്ല.

ഹിജ്റ 7-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍, മദ്ധ്യേഷ്യയിലെ പീഠഭൂമികളില്‍ കൂടിയും, പര്‍വ്വതമാര്‍ഗ്ഗങ്ങളില്‍ കൂടിയും മുഗിളവര്‍ഗ്ഗക്കാരായ ചങ്കീസുഖാനും (جنكيز خان) സൈന്യവും ചൈനയെയും പല മുസ്ലിം രാജ്യങ്ങളെയും ആക്രമിച്ചു. ഖുവാറസം (*) (خوارزم) സുല്‍ത്താനായ ഖുത്ത്ബുദ്ദീനെ (قطب الدين) കീഴടക്കുകയും, ചരിത്രത്തില്‍ ഇണകാണാത്തതും, മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്നതുമായ അനേകം അക്രമങ്ങള്‍ നടത്തുകയും ചെയ്തു. ഇതോടുകൂടി യാജൂജു മാജൂജിന്റെ പ്രവാഹം ആരംഭിച്ചു കഴിഞ്ഞു. ചങ്കീസുഖാന്റെ ശേഷം തന്റെ പിന്‍ഗാമികള്‍ റഷ്യന്‍ പ്രദേശങ്ങളിലും, റോമായിലും, ചൈനായിലും അക്രമങ്ങള്‍ നടത്തുകയുണ്ടായി. ‘അന്നു ചില വിഭാഗത്തെ ചില വിഭാഗക്കാരില്‍ അലമറിയുന്നതായി നാം വിട്ടേക്കുന്നതാണ്’ എന്നു ഇവരെക്കുറിച്ചു 99-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചതു ഇവിടെ സ്മരണീയമാകുന്നു.


(*). പടം 1ല്‍ കാണാം.


അനന്തരം 7-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍, ഇസ്ലാമീഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന ബഗ്ദാദ് നഗരം ഹലാക്കോ (هولاكو) പിടിച്ചടക്കി. അന്നത്തെ അബ്ബാസീഖലീഫയായ മുസ്തഅ്സിമിനെ (المستعصم بالله) കൊന്നുകളഞ്ഞു. ഏഴുദിവസം രാജ്യമാസകലം കൊള്ളയും, കവര്‍ച്ചയും, വിവിധ അക്രമങ്ങളും നടത്തി. അനവധി രക്തപ്പുഴകളും ഒഴുക്കി. കണ്ണില്‍പെട്ട ഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് ടൈഗ്രീസ്‌നദിയില്‍ കൊണ്ടുപോയിട്ടു. കുന്നുകൂടിക്കിടക്കുന്ന ആ ഗ്രന്ഥക്കെട്ടുകളെ പാലമാക്കിക്കൊണ്ടു, അതിന്‍മേല്‍കൂടി കുതിരപ്പട്ടാളത്തെ അവര്‍ മാര്‍ച്ചു ചെയ്യിച്ചു. അബ്ബാസിയ്യാ ഖിലാഫത്തു അതോടെ അസ്തമിക്കുകയും ചെയ്തു. ഇവര്‍മൂലം മുസ്ലിം ലോകത്തിനു സംഭവിച്ച നഷ്ടം അവര്‍ണ്ണനീയവും, അപരിഹാര്യവുമത്രെ. ബഗ്ദാദും, ഇറാഖും, പേര്‍ഷ്യായും അവര്‍ അധീനപ്പെടുത്തി. എന്നാല്‍ ഭാഗ്യവശാല്‍, ശാമിലും ഹിജാസിലും പ്രവേശിക്കുകയുണ്ടായില്ല. ഇത്രയും പറഞ്ഞതില്‍ നിന്നു യാജൂജു മാജൂജ് ആരാണെന്നും, അവര്‍ പുറത്തുവരുമെന്ന പ്രവചനം പുലര്‍ന്നുകഴിഞ്ഞുവെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. الله أعلم **.


(**) യാജൂജ് മാജൂജിന്റെ പുറപ്പാടിന്റെ തുടക്കം ആരംഭിച്ചുവെന്നര്‍ത്ഥം. അവരുടെ കൂട്ടത്തോടെയുള്ള യഥാര്‍ത്ഥ പുറപ്പാടുകാലാവസാനത്തിലായിരിക്കുന്നതാണ്. കാരണം ഇമാം മുസ്‌ലിം (رحمه الله) മുതലായവര്‍ നവ്വാസുബ്നു സംആന്‍ (رضي الله عنه) വഴി ഉദ്ധരിച്ചിട്ടുള്ള ദീര്‍ഘമായ നബിവചനത്തില്‍ നിന്ന് കലാവസാനത്തില്‍ ഈസാ (عليه الصلاة والسلام) ആകാശത്തുനിന്നു ഇറങ്ങി വരുകയും, ദജ്ജാലിനെ കൊലപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്നായിരിക്കും യഅ്ജൂജ് മഅ്ജൂജിന്റെ പുറപ്പാടുണ്ടാവുക എന്നു വ്യക്തമാകുന്നു. അതേസമയത്ത് കുഴപ്പങ്ങളെസംബന്ധിച്ചു വിവരിക്കുന്ന ‘കിതാബുല്‍ ഫിതന്‍’ (كتاب الفتن) എന്ന ഖണ്ഡത്തില്‍പെട്ട രണ്ടു അദ്ധ്യായങ്ങളിലും മറ്റു ചില അദ്ധ്യായങ്ങളിലുമായി ഇമാം ബുഖാരീ (رحمه الله) ഒന്നിലധികം പ്രാവശ്യം ഉദ്ധരിച്ച ഹദീസാണ് (وَيْلٌ لِلْعَربِ مِنْ شَرّ قَد اقْتَرَب) (ആസന്നമായ ഒരു ആപത്തുനിമിത്തം അറബികള്‍ക്കു നാശം!…. ) എന്നു തുടങ്ങിയ മേല്‍കണ്ട നബിവചനം. ബുഖാരീയുടെ പ്രസിദ്ധ വ്യാഖ്യാനഗ്രന്ഥമായ ‘ഫത്ഹുല്‍ ബാരി’യില്‍ പ്രസ്തുത രണ്ടു അദ്ധ്യായങ്ങളിലും ഇമാം അസ്ഖലാനീ (رحمه الله) ഈ ഹദീസിന്റെ വിവരണമദ്ധ്യെ യഅ്ജൂജ് മഅ്ജൂജിന്റെ അണക്കെട്ടു തുറക്കപ്പെടുന്നതുസംബന്ധിച്ചു നല്‍കിയ വിവരങ്ങളും, പല മഹാന്‍മാരില്‍നിന്നും അദ്ദേഹം ഉദ്ധരിച്ച ഉദ്ധരണികളും, അതോടൊപ്പം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് വ്യാഖ്യാതാക്കളും യഅ്ജൂജുമഅ്ജൂജിനെപ്പറ്റി നല്‍കിയിട്ടുള്ള മറ്റുവിവരങ്ങളും കൂടി പരിശോധിക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നതു ഇതാണ്: യഅ്ജൂജ് മഅ്ജൂജിന്റെ കൂട്ടത്തോടെയുള്ള പുറപ്പാടിനെപ്പറ്റിയാണ്‌ ഈസാ (عليه الصلاة والسلام) നബിയുടെ വരവിനുശേഷം സംഭവിക്കുന്നതായി നവ്വാസു (رضي الله عنه) ല്‍ നിന്നുള്ള ഹദീസില്‍ പ്രസ്താവിച്ചിരിക്കുന്നത്. അതിനു മുമ്പുതന്നെ അവരുടെ ഭാഗികമായ പുറപ്പാട് ഒന്നിലധികം പ്രാവശ്യം ഉണ്ടാകുന്നതിനു വിരോധമില്ലതാനും. താര്‍ത്താരികളുടെ മേല്‍ചൂണ്ടിക്കാട്ടിയ പ്രവാഹവും, അറബികള്‍ക്കും മുസ്ലിംകള്‍ക്കും എതിരെയുണ്ടായ മറ്റു ചില കലഹങ്ങളും അവരുടെ ഭാഗികമായ പുറപ്പാടുകളില്‍ ഉള്‍പ്പെട്ടതാകുന്നു. ഈ നിലക്കാണ് താര്‍ത്താരികളുടെ പ്രവാഹത്തോടുകൂടി യാജൂജു മാജൂജിന്റെ പുറപ്പാടിനെക്കുറിച്ചുള്ള പ്രവചനം പുലര്‍ന്നുകഴിഞ്ഞതായി ഇവിടെ പ്രസ്താവിച്ചത്. നവ്വാസു (رضي الله عنه) ന്റെ ഹദീസില്‍ പറഞ്ഞതുപ്രകാരമുള്ള അവരുടെ കൂട്ടത്തോടെയുള്ള പുറപ്പാട് ഖിയാമത്തുനാളിന്റെ സമീപകാലത്ത് ഈസാ (عليه الصلاة والسلام) നബിയുടെ വരവും ദജ്ജാലിന്റെ കൊലയും സംഭവിച്ചശേഷം വേറെത്തന്നെ ഉണ്ടായിരിക്കുന്നതുമാണ്. الله أعلم – മുഹമ്മദ്‌ അമാനി.

(راجع فتح الباري في كتاب الفتن قول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيْلٌ لِلْعَربِ مِنْ شَرّ قَد اقْتَرَب وباب يأجوج ومأجوج وغيرهما)


മുസ്‌ലിംകളെയും, മുസ്ലിംരാജ്യങ്ങളേയും ചങ്കീസ്ഖാന്‍ ഇത്രത്തോളം അക്രമിക്കുവാനുള്ള കാരണം, സുല്‍ത്താന്‍ ഖുത്ത്ബുദ്ദീന്‍ അയാളുടെ ദൂതന്‍മാരെ കൊലപ്പെടുത്തിയതായിരുന്നു. ഇതുസംബന്ധിച്ചു ചങ്കീസ്ഖാന്‍ എഴുതി അയച്ച ചരിത്രപ്രസിദ്ധമായ ഒരു കത്തു മുസ്ലിംകള്‍ക്കു എന്നെന്നേക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു. അതിലെ ചിന്താര്‍ഹമായ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നതു നന്നായിരിക്കും. മുകളില്‍ പറഞ്ഞ വിഷയങ്ങളിലേക്കു കുറച്ചുകൂടി വെളിച്ചം വീശുവാനും അതു ഉപകരിക്കും. കത്തിലെ ചില വാചകങ്ങള്‍ ഇപ്രകാരമായിരുന്നു:-

‘…..നിങ്ങള്‍ എന്റെ ആളുകളോടു ഇത്രയും ധിക്കാരം പ്രവര്‍ത്തിക്കുന്നതും, എന്റെ കച്ചവടവും ധനവും പിടിച്ചടക്കുന്നതും എന്തിനായിട്ടാണ്!?….. ഉറങ്ങിക്കിടക്കുന്ന കുഴപ്പങ്ങളെ വിളിച്ചുണര്‍ത്തുകയാണോ നിങ്ങള്‍!? ഒളിഞ്ഞുകിടക്കുന്ന ആപത്തുകളെ വെളിക്കു വരുത്തുകയാണോ!? ധനികന്മാര്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്നതും, നിങ്ങളിലുള്ള അബലന്‍മാരോടു ദുഷ്ടന്മാര്‍ അനീതികാണിക്കുന്നതും തടയുവാന്‍ നിങ്ങളുടെ നബി നിങ്ങളോടു ഉപദേശിച്ചിട്ടില്ലേ!? നിങ്ങളുടെ ഉപദേഷ്ടാവു (നബി) നിങ്ങളോട്: ‘തുര്‍ക്കികള്‍ നിങ്ങളെ ഒഴിവാക്കി വിടുന്ന കാലത്തോളം നിങ്ങള്‍ അവരെ ഒഴിവാക്കിവിട്ടേക്കണം’ (اتْرُكُوا التُّرْكَ مَا تَرَكُوكُمْ) എന്നു പറഞ്ഞിട്ടില്ലേ?! എന്തിനായിട്ടാണ് നിങ്ങള്‍ അയല്‍ക്കാരെ ദ്രോഹിക്കുന്നത്?! അയല്‍ക്കാരെപ്പറ്റി നിങ്ങളുടെ നബി നിങ്ങളോട് ‘ഒസിയ്യത്ത്’ ചെയ്തിട്ടില്ലേ?!….. ഇതാ, യാജൂജു മാജൂജിന്റെ ഭിത്തിക്കെട്ടു തുറക്കുംമുമ്പായി ഉണര്‍ന്നുകൊള്ളുക!….. അക്രമിക്കപ്പെട്ടവനെ ദൈവം സഹായിക്കും. എല്ലാ കുന്നിന്‍പ്രദേശങ്ങളില്‍കൂടിയും യാജൂജു മാജൂജ് പാഞ്ഞിറങ്ങി വരുക തന്നെ ചെയ്യുന്നതാണ്. (وَهُم مِّن كُلِّ حَدَبٍ يَنسِلُونَ)

അക്രമത്തിന്റെയും, ദൈവനിഷേധത്തിന്റെയും, പാരമ്പര്യം പുലര്‍ത്തിപ്പോന്ന ഉത്തരേഷ്യക്കാരുടെ പ്രവാഹത്തെയും വിക്രിയകളെയും ഇന്നു ലോകം ഭീതിയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണല്ലോ. കമ്മ്യൂണിസത്തിന്റെയും അതിന്റെ മാതൃരാജ്യമായ സോവ്യറ്റുനാട്ടിന്റെയും, അവയുടെ സഖ്യനാടുകളുടെയും ഭൂത – വര്‍ത്തമാനകാല സമ്പ്രദായങ്ങളെക്കുറിച്ചും, ഭാവികാലമോഹങ്ങളെക്കുറിച്ചും ഇന്നു ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ലോകാവസാനദിവസം അല്ലാഹു എല്ലാവരെയും ഒരേ നിലയത്തില്‍ ഒരുമിച്ചുകൂട്ടുന്നതാകുന്നു. ആദിവസം ഒരിക്കല്‍ പെട്ടെന്നു സംഭവിക്കും. അതിനു മുമ്പു എന്തെല്ലാം മാറ്റങ്ങളാണ് ഈ ഭൂമുഖത്തുണ്ടാവുക എന്നു അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല.

മേല്‍പറഞ്ഞതില്‍നിന്നു് ഗോഗ് മാഗോഗിന്റെ (യാജൂജു മാജൂജിന്റെ) അധിവാസസ്ഥലങ്ങളില്‍ എവിടെയും മുസ്ലിംകളും സജ്ജനങ്ങളും ഇല്ലെന്നോ, അവിടെയുള്ളവരെല്ലാം അത്തരക്കാരാണെന്നോ ധരിക്കേണ്ടതില്ല. യോഗ്യന്മാരും, പണ്ഡിതന്‍മാരുമായ എത്രയോ സല്‍പുരുഷന്‍മാര്‍ അവിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട് – എനിയും ഉണ്ടാവുകയും ചെയ്തേക്കാം. الحمد لله

والله أعلم بالصواب