വിഭാഗം - 3

16:22
  • إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ ﴾٢٢﴿
  • നിങ്ങളുടെ ആരാധ്യന്‍ ഒരേ ഒരു ആരാധ്യനാകുന്നു. എന്നാല്‍, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ - അവരുടെ ഹൃദയങ്ങള്‍ (അതു) നിഷേധിക്കുന്നവയാകുന്നു. അവര്‍ അഹംഭാവം നടിക്കുന്നവരുമാകുന്നു.
  • إِلَـٰهُكُمْ നിങ്ങളുടെ ആരാധ്യന്‍, ദൈവം إِلَـٰهٌ وَاحِدٌ ഒരേ ആരാധ്യനാണ്, ഏകദൈവമാകുന്നു فَالَّذِينَ لَا يُؤْمِنُونَ എന്നാല്‍ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ قُلُوبُهُم അവരുടെ ഹൃദയങ്ങള്‍ مُّنكِرَةٌ നിഷേധിക്കുന്ന (വെറുക്കുന്ന - പ്രതിഷേധിക്കുന്ന)വയാകുന്നു وَهُم അവര്‍, അവരാകട്ടെ مُّسْتَكْبِرُونَ അഹംഭാവം (വലുപ്പം - ഗര്‍വ്വു) നടിക്കുന്നവരാണ്.
16:23
  • لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ ﴾٢٣﴿
  • നിസ്സംശയമത്രെ, അവര്‍ രഹസ്യമാക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നുവെന്നുള്ളത്. നിശ്ചയമായും അവന്‍, അഹംഭാവം നടിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
  • لَا جَرَمَ നിസ്സംശയം, കുറ്റമല്ല, (സത്യമായും) أَنَّ اللَّـهَ അല്ലാഹു (ആകുന്നു) വെന്നുള്ളത് يَعْلَمُ അവന്‍ അറിയുന്നു(വെന്നുള്ളത്) مَا يُسِرُّونَ അവര്‍ രഹസ്യമാക്കുന്നതു وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും إِنَّهُ നിശ്ചയമായും അവൻ لَا يُحِبُّ ഇഷ്ടപ്പെടുക (സ്നേഹിക്കുക)യില്ല الْمُسْتَكْبِرِينَ അഹംഭാവം നടിക്കുന്നവരെ.

മുശ്രിക്കുകള്‍ പരലോകത്തില്‍ വിശ്വസിക്കുന്നില്ല. പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ അല്ലാഹുവിന്റെ ഏകത്വത്തെ നിഷേധിക്കുന്നവരും, അഹംഭാവികളുമാകുന്നു. അഥവാ അഹംഭാവം കൊണ്ടാണവര്‍ വിശ്വസിക്കാതിരിക്കുന്നത്. അല്ലാഹു അവരെ വെറുതെ വിടുവാന്‍ പോകുന്നില്ല. അവരുടെ രഹസ്യവും പരസ്യവും അവന്‍ അറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌. അതനുസരിച്ചുള്ള നടപടി അവന്‍ എടുക്കുക തന്നെ ചെയ്യും എന്നു സാരം.

മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: ‘അല്ലാഹുവിനെക്കുറിച്ചുമാത്രം പ്രസ്താവിക്കപ്പെട്ടാല്‍, പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ ഹൃദയങ്ങള്‍ അറച്ചു ചുളുങ്ങിപ്പോകും. അവനു പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാല്‍, അപ്പോഴതാ അവര്‍, സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു!’ (സുമര്‍ 45). വീണ്ടും ഒരു സ്ഥലത്തു പറയുന്നു: ‘നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുന്നവര്‍, നിന്ദ്യരായിക്കൊണ്ടു വഴിയെ ജഹന്നമില്‍ പ്രവേശിക്കുന്നതാണ്’ (40:60). നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘അണുത്തൂക്കം ഹൃദയത്തില്‍ അഹംഭാവമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല. അണുത്തൂക്കം സത്യവിശ്വാസം ഹൃദയത്തിലുള്ളവന്‍ നരകത്തില്‍ പ്രവേശിക്കുകയുമില്ല.’ അപ്പോള്‍, ഒരാള്‍ ചോദിച്ചു: ‘റസൂലേ, ഒരാള്‍ അവന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരിപ്പു നല്ലതായിരിക്കുവാനും ഇഷ്ടപ്പെടുന്നു. (ഇതു അഹംഭാവമാകുമോ?)’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘നിശ്ചയമായും അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹംഭാവം എന്നാല്‍, യഥാര്‍ത്ഥത്തെ ധിക്കരിക്കലും , മനുഷ്യരോടു അവഗണന കാണിക്കലുമാകുന്നു.’ (മു; തി; ദാ).

16:24
  • وَإِذَا قِيلَ لَهُم مَّاذَآ أَنزَلَ رَبُّكُمْ ۙ قَالُوٓا۟ أَسَـٰطِيرُ ٱلْأَوَّلِينَ ﴾٢٤﴿
  • 'നിങ്ങളുടെ റബ്ബ് അവതരിപ്പിച്ചതു എന്താണ്?' എന്നു അവരോടു പറയപ്പെട്ടാല്‍, അവര്‍ പറയും: 'പൂര്‍വ്വികന്‍മാരുടെ പുരാണകഥകള്‍' എന്ന്.
  • وَإِذَا قِيلَ പറയ (ചോദിക്ക) പ്പെട്ടാല്‍ لَهُم അവരോടു مَّاذَا എന്തൊന്നാണ് أَنزَلَ ഇറക്കിയത് رَبُّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറയും أَسَاطِيرُ പുരാണ കഥകള്‍ (ഐതിഹ്യങ്ങള്‍) ആകുന്നു الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ.
16:25
  • لِيَحْمِلُوٓا۟ أَوْزَارَهُمْ كَامِلَةً يَوْمَ ٱلْقِيَـٰمَةِ ۙ وَمِنْ أَوْزَارِ ٱلَّذِينَ يُضِلُّونَهُم بِغَيْرِ عِلْمٍ ۗ أَلَا سَآءَ مَا يَزِرُونَ ﴾٢٥﴿
  • (അതെ) ഖിയാമത്തുനാളില്‍ അവര്‍ തങ്ങളുടെ കുറ്റ(ഭാര)ങ്ങള്‍ പൂര്‍ണ്ണമായും വഹിക്കുവാന്‍വേണ്ടി; (കൂടാതെ) യാതൊരുകൂട്ടരെ അറിവില്ലാതെ തങ്ങള്‍ വഴിപിഴപ്പിക്കുന്നുവോ അവരുടെ കുറ്റ(ഭാര)ങ്ങളില്‍ നിന്നും (കുറെ വഹിക്കുവാന്‍ വേണ്ടി). അല്ലാ (-അറിയുക)! അവര്‍ പേറുന്നതു [അവരുടെ കുറ്റഭാരം] വളരെ മോശം!
  • لِيَحْمِلُوا അവര്‍ വഹിക്കു(പേറു)വാന്‍ വേണ്ടി أَوْزَارَهُمْ അവരുടെ കുറ്റങ്ങളെ, ഭാരങ്ങളെ كَامِلَةً പൂര്‍ത്തിയായ നിലയില്‍ يَوْمَ الْقِيَامَةِ ഖിയാമത്തു നാളില്‍ وَمِنْ أَوْزَارِ കുറ്റ(ഭാര)ങ്ങളില്‍ നിന്നും (ചിലതു) الَّذِينَ يُضِلُّونَهُم അവരെ വഴിപ്പിഴപ്പിക്കുന്നവരുടെ بِغَيْرِ عِلْمٍ അറിവുകൂടാതെ, അറിവില്ലാതെ أَلَا അല്ലാ, അറിയുക سَاءَ വളരെ മോശം, എത്രയോ ചീത്ത مَا يَزِرُونَ അവര്‍ വഹിക്കുന്ന(കുറ്റം പേറുന്ന)തു.

ആ അഹംഭാവികളോടു – ആരെങ്കിലും വല്ലപ്പോഴും – എന്താണു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്കു അവതരിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ചാല്‍ അതിനു ശരിക്കു ഒരു മറുപടി പറയുവാന്‍പോലും അവര്‍ തയ്യാറല്ല. എന്തോ ചില പഴംപുരാണങ്ങളും ഐതിഹ്യങ്ങളും എന്നേ മറുപടി പറയൂ. അതിന്റെ ഫലമോ? അവരുടെ തെറ്റുകുറ്റങ്ങളുടെ പാപഭാരം പരിപൂര്‍ണ്ണമായിത്തന്നെ ഖിയാമത്തുനാളില്‍ അവര്‍ പേറേണ്ടിവരും. അത്രയുമല്ല, അല്ലാഹു അവതരിപ്പിച്ചതിനെ (ഖുര്‍ആനെ)പ്പറ്റി പുരാണങ്ങളെന്നും, ജാലവിദ്യയെന്നും, ഭ്രാന്തെന്നുമൊക്കെപ്പറഞ്ഞ് വിവരമില്ലാത്ത ആളുകളെ അവര്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. അവരുടെ പാപഭാരങ്ങളില്‍നിന്നു ഒരു പങ്കുംകൂടി ആ അഹംഭാവികള്‍ പേറേണ്ടതായിവരും. അപ്പോള്‍ അവരുടെ സ്ഥിതി വളരെ ശോചനീയംതന്നെ!

മനുഷ്യരെ വഴിപിഴപ്പിക്കുന്ന നേതാക്കളെപ്പറ്റി അല്ലാഹു പറയുന്നു: ‘അവര്‍ അവരുടെ ഭാരങ്ങളും, അവരുടെ ഭാരങ്ങളോടൊപ്പം വേറെഭാരങ്ങളും വഹിക്കേണ്ടി വരുകതന്നെ ചെയ്യും.’ (അങ്കബൂത്ത് : 13). സ്വയം പിഴച്ചുപോയതിന്റെയും, വ്യാജം കെട്ടിപ്പറഞ്ഞതിന്റെയും, വിവരമില്ലാത്തവരെ വഴിപിഴപ്പിക്കുവാന്‍ ശ്രമിച്ചതിന്റെയും കുറ്റങ്ങള്‍ക്കു പുറമെ, ആ വഴിപിഴച്ചവര്‍ചെയ്യുന്ന കുറ്റങ്ങള്‍ക്കൊക്കെ കാരണക്കാരായതിന്റെ പേരിലും ഇവര്‍ ശിക്ഷാര്‍ഹരായിത്തീരുന്നു. നേര്‍മ്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നവനു അവനെ പിന്‍പറ്റിയവരുടെ പ്രതിഫലത്തില്‍ ഒരു കുറവും വരാതെത്തന്നെ, അവരുടെ അതേ മാതിരി പ്രതിഫലം ലഭിക്കുന്നതാണെന്നും, ദുര്‍മ്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നവനു അവനെ പിന്‍പറ്റിയവരുടെ കുറ്റത്തില്‍ ഒരു കുറവും വരാതെത്തന്നെ അവരുടെ കുറ്റങ്ങളുടെ അത്ര കുറ്റം ഉണ്ടായിരിക്കുമെന്നും മുസ്‌ലിം (رحمه الله) ഉദ്ധരിച്ച നബി വചനം ഇവിടെ പ്രസ്താവ്യമാകുന്നു.
ഹജ്ജുകാലങ്ങളില്‍ അന്യരാജ്യത്തുനിന്നു ഹജ്ജിനുവരുന്നവര്‍ക്കിടയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, ഖുര്‍ആനെയും സംബന്ധിച്ചു ജാലവിദ്യ, ഭ്രാന്ത്, ജോത്സ്യം, പുരാണകഥ എന്നൊക്കെപ്പറഞ്ഞു പ്രചരിപ്പിക്കുവാന്‍ വലീദുബ്നു ഉഖ്ബത്തിന്റെ നേതൃത്വത്തില്‍ പല ആളുകളും മക്കായിലെ വഴികള്‍ ഓരോരുത്തരായി ഭാഗിച്ചെടുത്തിരുന്നതായി പല രിവായത്തുകളിലും കാണാം. ഇതുപോലെയുള്ള പല സംരംഭങ്ങളും പ്രചാരവേലകളും ഖുറൈശികള്‍ നടത്തിവന്നിരുന്നു. ദുര്‍മ്മാര്‍ഗ്ഗത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും ജനങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാവര്‍ക്കും ബാധകമാണു അല്ലാഹുവിന്റെ ഈ താക്കീത്.

വിഭാഗം - 4

16:26
  • قَدْ مَكَرَ ٱلَّذِينَ مِن قَبْلِهِمْ فَأَتَى ٱللَّهُ بُنْيَـٰنَهُم مِّنَ ٱلْقَوَاعِدِ فَخَرَّ عَلَيْهِمُ ٱلسَّقْفُ مِن فَوْقِهِمْ وَأَتَىٰهُمُ ٱلْعَذَابُ مِنْ حَيْثُ لَا يَشْعُرُونَ ﴾٢٦﴿
  • ഇവരുടെ മുമ്പുള്ളവര്‍ (കു)തന്ത്രം പ്രയോഗിക്കുകയുണ്ടായി; അപ്പോള്‍, (കുതന്ത്രങ്ങളാകുന്ന) അവരുടെ കെട്ടിടത്തിങ്കല്‍ (അതിന്റെ) അടിത്തറകളിലൂടെ അല്ലാഹു ചെന്നു; എന്നിട്ട് അവരുടെ മുകളില്‍നിന്നു മേല്‍പുര അവരുടെ മേല്‍ പൊളിഞ്ഞുവീണു. അവര്‍ അറിയാത്തവിധത്തിലൂടെ ശിക്ഷ അവര്‍ക്കു വരുകയും ചെയ്തു.
  • قَدْ مَكَرَ (കു)തന്ത്രം പ്രയോഗിച്ചിട്ടുണ്ട് الَّذِينَ مِن قَبْلِهِمْ ഇ(അ)വരുടെ മുമ്പുള്ളവര്‍ فَأَتَى അപ്പോള്‍ (എന്നിട്ടു) ചെന്നു اللَّـهُ അല്ലാഹു بُنْيَانَهُم അവരുടെ കെട്ടിടത്തിങ്കല്‍ مِّنَ الْقَوَاعِدِ അടിത്തറകളിലൂടെ, തറകളില്‍നിന്നു فَخَرَّ എന്നിട്ടു പൊളിഞ്ഞുവീണു عَلَيْهِمُ അവരുടെമേല്‍ السَّقْفُ മേല്‍പുര مِن فَوْقِهِمْ അവരുടെമീതെ നിന്നു وَأَتَاهُمُ അവര്‍ക്കു വരികയും ചെയ്തു الْعَذَابُ ശിക്ഷ مِنْ حَيْثُ വിധത്തിലൂടെ لَا يَشْعُرُونَ അവര്‍ അറിയാത്ത.

16:27
  • ثُمَّ يَوْمَ ٱلْقِيَـٰمَةِ يُخْزِيهِمْ وَيَقُولُ أَيْنَ شُرَكَآءِىَ ٱلَّذِينَ كُنتُمْ تُشَـٰٓقُّونَ فِيهِمْ ۚ قَالَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ إِنَّ ٱلْخِزْىَ ٱلْيَوْمَ وَٱلسُّوٓءَ عَلَى ٱلْكَـٰفِرِينَ ﴾٢٧﴿
  • പിന്നെ, ഖിയാമത്തുനാളില്‍ അവന്‍ അവരെ അപമാനത്തിലാക്കുകയും ചെയ്യും. അവന്‍ പറയുന്നതുമാണ്: 'യാതൊരു കൂട്ടരുടെ കാര്യത്തില്‍ നിങ്ങള്‍ ചേരിപിരിഞ്ഞു (മത്സരിച്ചു) കൊണ്ടിരുന്നുവോ അങ്ങിനെയുള്ള എന്റെ (ആ) പങ്കുക്കാര്‍ എവിടെ!' അറിവു നല്‍കപ്പെട്ടവര്‍ പറയും: 'നിശ്ചയമായും, ഇന്നു അപമാനവും തിന്മ [ശിക്ഷ]യും അവിശ്വാസികളുടെ മേലാകുന്നു.'
  • ثُمَّ പിന്നെ, പുറമെ يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ يُخْزِيهِمْ അവന്‍ അവരെ അപമാനപ്പെടുത്തും وَيَقُولُ അവന്‍ പറയുകയും أَيْنَ എവിടെ شُرَكَائِيَ എന്റെ പങ്കുക്കാര്‍ الَّذِينَ യാതൊരുവര്‍ كُنتُمْ تُشَاقُّونَ നിങ്ങള്‍ ചേരിപിരിഞ്ഞിരുന്നു (മത്സരിച്ചിരുന്നു) فِيهِمْ അവരില്‍ (അവരുടെ കാര്യത്തില്‍) قَالَ പറയും الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവ് إِنَّ الْخِزْيَ നിശ്ചയമായും അപമാനം الْيَوْمَ ഇന്ന് وَالسُّوءَ തിന്മയും, മോശവും عَلَى الْكَافِرِينَ അവിശ്വാസികളുടെ മേലാകുന്നു.

ചിലരെപ്പറ്റി അവര്‍ എന്റെ പങ്കുകാരാണെന്നു പറഞ്ഞുകൊണ്ട് അവരുടെ വിഷയത്തില്‍ നിങ്ങള്‍ സത്യവിശ്വാസികളില്‍നിന്നു വേര്‍തിരിഞ്ഞു മത്സരം പുലര്‍ത്തിവന്നിരുന്നുവല്ലോ. ആ പങ്കുകാരൊക്കെ ഇപ്പോള്‍ എവിടെപ്പോയി?! എന്നു അവന്‍ ചോദിക്കും. അവിശ്വാസികള്‍ ഉത്തരം മുട്ടി അപമാനത്തിലും കഷ്ടപ്പാടിലുമായിത്തീരും. ഈ സന്ദര്‍ഭത്തില്‍, മുമ്പ് ഇഹത്തില്‍ വെച്ചു യഥാര്‍ത്ഥം ഗ്രഹിക്കുകയും അവരെ അതിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന പ്രവാചകന്‍മാരും, സത്യവിശ്വാസികളും പറയുന്നതാണിത്. ഇവരുടെ ഈ പ്രസ്താവന അവിശ്വാസികളില്‍ കൂടുതല്‍ ഖേദവും അപമാനവും ഉളവാക്കുന്നതായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘ഓരോ വഞ്ചകന്റെയും ചന്തിയുടെ അടുത്തു അവന്റെ വഞ്ചനയുടെ തോതനുസരിച്ച് ഓരോ കൊടി നാട്ടപ്പെടും. എന്നിട്ട് ഇതു ഇന്ന ആളുടെ മകന്‍ ഇന്ന ആളുടെ വഞ്ചനകളാണ് എന്നു (വിളിച്ചു) പറയപ്പെടും.’ (ബു; മു).

16:28
  • ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ ظَالِمِىٓ أَنفُسِهِمْ ۖ فَأَلْقَوُا۟ ٱلسَّلَمَ مَا كُنَّا نَعْمَلُ مِن سُوٓءٍۭ ۚ بَلَىٰٓ إِنَّ ٱللَّهَ عَلِيمٌۢ بِمَا كُنتُمْ تَعْمَلُونَ ﴾٢٨﴿
  • 'അതായതു, തങ്ങളുടെ സ്വന്തങ്ങളോടു അക്രമം ചെയ്യുന്നവരായിരിക്കെ, മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നവര്‍ [മരണപ്പെടുത്തുന്നവര്‍]' അപ്പോള്‍, അവര്‍ കീഴൊതുക്കം പ്രകടിപ്പിക്കും; (അവര്‍ പറയും:) 'ഞങ്ങള്‍ യാതൊരു തിന്‍മയും [കുറ്റവും] പ്രവര്‍ത്തിച്ചിരുന്നില്ല' എന്ന്. (അവരോടു പറയപ്പെടും:) 'ഇല്ലാതെ! നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു.
  • الَّذِينَ അതായതു യാതൊരുവര്‍ تَتَوَفَّاهُمُ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും الْمَلَائِكَةُ മലക്കുകള്‍ ظَالِمِي അക്രമം ചെയ്യുന്നവരായിരിക്കെ, അക്രമികളായ നിലയില്‍ أَنفُسِهِمْ തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളെത്തന്നെ فَأَلْقَوُا അപ്പോള്‍, അവര്‍ ഇട്ടുകൊടുക്കും (പ്രകടിപ്പിക്കും) السَّلَمَ കീഴൊതുക്കം, സമാധാനം مَا كُنَّا ഞങ്ങളായിരുന്നില്ല نَعْمَلُ ഞങ്ങള്‍ പ്രവര്‍ത്തിക്കും مِن سُوءٍ ഒരു തിന്‍മയും, തിന്മയില്‍നിന്നു (ഒന്നും) بَلَىٰ ഇല്ലാതെ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണു بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.
16:29
  • فَٱدْخُلُوٓا۟ أَبْوَٰبَ جَهَنَّمَ خَـٰلِدِينَ فِيهَا ۖ فَلَبِئْسَ مَثْوَى ٱلْمُتَكَبِّرِينَ ﴾٢٩﴿
  • 'അതിനാല്‍, നിങ്ങള്‍ 'ജഹന്നമി' [നരകത്തി]ന്റെ വാതിലുകളില്‍ പ്രവേശിക്കുവിന്‍ - അതില്‍ സ്ഥിരവാസികളായിക്കൊണ്ടു; അപ്പോള്‍ (ആ) അഹംഭാവികളുടെ പാര്‍പ്പിടം വളരെ ചീത്തതന്നെ!'
  • فَادْخُلُوا അതിനാല്‍ പ്രവേശിക്കുവിന്‍ أَبْوَابَ വാതിലുകളില്‍ جَهَنَّمَ ജഹന്നമിന്റെ (നരകത്തിന്റെ) خَالِدِينَ സ്ഥിരവാസികളായിക്കൊണ്ടു فِيهَا അതില്‍ فَلَبِئْسَ അപ്പോള്‍ വളരെ (എത്രയോ) ചീത്ത തന്നെ مَثْوَى പാര്‍പ്പിടം الْمُتَكَبِّرِينَ അഹംഭാവം നടിക്കുന്നവരുടെ.

കഴിഞ്ഞ വചനങ്ങളുടെ തുടര്‍ച്ചതന്നെയാണു ഈ വചനങ്ങളും.  الَّذِينَ تَتَوَفَّاهُمُ الْمَلَائِكَةُ (തങ്ങളുടെ സ്വന്തങ്ങളോടു അക്രമം ചെയ്യുന്നവരായിരിക്കെ മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്നവര്‍) എന്നു അവിശ്വാസികളെ വിശേഷിപ്പിച്ചുകൊണ്ടുള്ള വാക്യം അല്ലാഹുവിന്റെ വാക്കായും അറിവ് നല്‍കപ്പെട്ടവരുടെ (الَّذِينَ أُوتُوا الْعِلْمَ) വാക്കായും വരാവുന്നതാണ്. രണ്ടായിരുന്നാലും കാര്യം ഒന്നുതന്നെ. അക്രമികളായിരിക്കുമ്പോള്‍ മലക്കുകള്‍ പിടിച്ചെടുക്കുന്നവര്‍ എന്നു വിശേഷിപ്പിച്ചതില്‍, മരണത്തോടു കൂടിത്തന്നെ അവര്‍ കഷ്ടതകളും യാതനകളും അനുഭവിക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്ന സൂചനയാണുള്ളത്. സൂ: അന്‍ആം 93; അന്‍ഫാല്‍ 50; മുഹമ്മദ്‌ 27 എന്നീ വചനങ്ങളില്‍ ഇത് വ്യക്തമായിത്തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്. അപമാനവും കഷ്ടപ്പാടും സഹിക്കാതാവുമ്പോള്‍ ആ അഹംഭാവികള്‍, തങ്ങള്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞു താഴ്മയും വിനയവും പ്രകടിപ്പിക്കുമെന്നും, അതുകൊണ്ടു ഒരു പ്രയോജനവും അവര്‍ക്കു ലഭിക്കുവാനില്ലെന്നും, അല്ലാഹുവിന് അവരുടെ രഹസ്യപരസ്യങ്ങളെല്ലാം അറിയാവുന്നതാണെന്നും സ്ഥിരമായ നരകശിക്ഷ മാത്രമായിരിക്കും അവര്‍ക്കാധാരമെന്നുമാണ് പിന്നീട് പറഞ്ഞതിന്റെ ചുരുക്കം. അവിശ്വാസികളുടെ സ്ഥിതിഗതികള്‍ പലതും വിവരിച്ചശേഷം സത്യവിശ്വാസികളുടെ സ്ഥിതിഗതികളെന്തായിരിക്കുമെന്നു വിവരിക്കുന്നു:-

16:30
  • وَقِيلَ لِلَّذِينَ ٱتَّقَوْا۟ مَاذَآ أَنزَلَ رَبُّكُمْ ۚ قَالُوا۟ خَيْرًا ۗ لِّلَّذِينَ أَحْسَنُوا۟ فِى هَـٰذِهِ ٱلدُّنْيَا حَسَنَةٌ ۚ وَلَدَارُ ٱلْـَٔاخِرَةِ خَيْرٌ ۚ وَلَنِعْمَ دَارُ ٱلْمُتَّقِينَ ﴾٣٠﴿
  • 'നിങ്ങളുടെ റബ്ബ് എന്താണ് അവതരിപ്പിച്ചത്?' എന്നു സൂക്ഷ്മത പാലിച്ചവരോടു പറയപ്പെടും. അവര്‍ പറയും: 'ഉത്തമമായതു (തന്നെ).'

    നന്‍മ പ്രവര്‍ത്തിച്ചവര്‍ക്കു ഈ ഇഹലോകത്തു നന്മയുണ്ടായിരിക്കും; പരലോകഭവനമാകട്ടെ, ഏറ്റം ഉത്തമവുമാകുന്നു.

    സൂക്ഷ്മത പാലിക്കുന്നവരുടെ ഭവനം എത്രയോ നല്ലതു തന്നെ!
  • وَقِيلَ പറയപ്പെടും, പറയപ്പെട്ടു لِلَّذِينَ اتَّقَوْا സൂക്ഷ്മത പാലിച്ചവരോടു مَاذَا أَنزَلَ എന്താണു അവതരിപ്പിച്ചത് رَبُّكُمْ നിങ്ങളുടെ റബ്ബു قَالُوا അവര്‍ പറയും, പറഞ്ഞു خَيْرًا നല്ലതു, ഉത്തമമായത് لِّلَّذِينَ യാതൊരുവര്‍ക്കുണ്ടു (ഉണ്ടായിരിക്കും) أَحْسَنُوا നന്‍മ പ്രവര്‍ത്തിച്ച, പുണ്യം ചെയ്ത فِي هَـٰذِهِ الدُّنْيَا ഈ ഇഹത്തില്‍ حَسَنَةٌ നന്മ, പുണ്യം وَلَدَارُ الْآخِرَةِ പരലോകഭവനം ആകട്ടെ, പരലോകഭവനം തന്നെ خَيْرٌ ഉത്തമം, ഏറ്റം നല്ലതു وَلَنِعْمَ എത്രയോ (വളരെ) നല്ലതുതന്നെ دَارُ വീടു, ഭവനം, വസതി الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവരുടെ.
16:31
  • جَنَّـٰتُ عَدْنٍ يَدْخُلُونَهَا تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ لَهُمْ فِيهَا مَا يَشَآءُونَ ۚ كَذَٰلِكَ يَجْزِى ٱللَّهُ ٱلْمُتَّقِينَ ﴾٣١﴿
  • (അതെ) അവര്‍ പ്രവേശിക്കുന്നതായ (ആ) സ്ഥിരവാസത്തിന്റെ സ്വര്‍ഗ്ഗങ്ങള്‍! അവയുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ ഉദ്ദേശിക്കുന്നതു (എന്തും) അവര്‍ക്കതില്‍ ഉണ്ട്. അപ്രകാരമത്രെ, സൂക്ഷ്മത പാലിക്കുന്നവര്‍ക്കു അല്ലാഹു പ്രതിഫലം നല്‍കുന്നത്.
  • جَنَّاتُ അതായതു സ്വര്‍ഗ്ഗങ്ങള്‍ عَدْنٍ (സ്ഥിര)വാസത്തിന്റെ يَدْخُلُونَهَا അവരതില്‍ കടക്കും تَجْرِي നടക്കും (ഒഴുക്കും) مِن تَحْتِهَا അതിന്റെ അടിയിലൂടെ الْأَنْهَارُ നദികള്‍ لَهُمْ അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും فِيهَا അതില്‍ مَا يَشَاءُونَ അവര്‍ ഉദ്ദേശിക്കുന്നതു كَذَٰلِكَ അപ്രകാരമാണു, അതുപോലെ يَجْزِي اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുക, പ്രതിഫലം കൊടുക്കുന്നു الْمُتَّقِينَ സൂക്ഷ്മത പാലിക്കുന്നവര്‍ക്കു.
16:32
  • ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَـٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَـٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ ﴾٣٢﴿
  • അതായത്, തങ്ങള്‍ (നല്ല) വിശിഷ്ടന്‍മാരായിരിക്കെ മലക്കുകള്‍ പൂര്‍ണ്ണമായി പിടിച്ചെടുക്കുന്ന [മരണപ്പെടുത്തുന്ന]വര്‍ക്ക്. അവര്‍ [മലക്കുകള്‍] പറയും: 'നിങ്ങള്‍ക്കു 'സലാം' [സമാധാനാശംസ]! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍!'
  • الَّذِينَ അതായതു യാതൊരുവര്‍ تَتَوَفَّاهُمُ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കും الْمَلَائِكَةُ മലക്കുകള്‍ طَيِّبِينَ നല്ലവ(വിശിഷ്ട - പരിശുദ്ധ)രായിരിക്കെ يَقُولُونَ അവര്‍ പറയും سَلَامٌ സലാം عَلَيْكُمُ നിങ്ങള്‍ക്കു, നിങ്ങളിലുണ്ടാവട്ടെ ادْخُلُوا പ്രവേശിക്കുവിന്‍ الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ بِمَا كُنتُمْ നിങ്ങളായിരുന്നതു നിമിത്തം تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും.

അവിശ്വാസികളായ അഹംഭാവികളും, അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിക്കുന്ന ഭയഭക്തന്മാരും എല്ലാരംഗത്തും പരസ്പര വിരുദ്ധമായ നിലപാടിലായിരിക്കും ഉണ്ടായിരിക്കുക. ‘അല്ലാഹു എന്തു അവതരിപ്പിച്ചു’ വെന്നു ചോദിക്കപ്പെടുമ്പോള്‍ അവിശ്വാസികളായ ആ അഹംഭാവികളുടെ മറുപടി ‘പുരാണകഥകള്‍’ എന്നായിരിക്കും. ഭയഭക്തരായ സത്യവിശ്വാസികളാകട്ടെ, ‘ഉത്തമമായതു’ – അഥവാ മനുഷ്യനുവേണ്ടപ്പെട്ടതു – എന്നായിരിക്കും പറയുക. അവര്‍ക്കു ഇഹത്തില്‍വെച്ചു നേടിയെടുക്കുവാന്‍ കഴിഞ്ഞതു അവരുടെ സ്വന്തം കുറ്റഭാരങ്ങളും, അവരാല്‍ വഴിപിഴച്ചവരുടെ കുറ്റഭാരത്തിന്റെ പങ്കുമായിരുന്നു. ഇവരാകട്ടെ, ഇഹത്തില്‍വെച്ചു നന്മനേടിയെടുത്തു. അഥവാ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തു. സന്തുഷ്ടരും സമാധാന ചിത്തരുമായി ജീവിക്കുകയും ചെയ്തു. മരണപ്പെടുമ്പോള്‍ അവരോടു മലക്കുകള്‍ പരുഷവും കടുത്തതുമായ പെരുമാറ്റമായിരുന്നു പെരുമാറിയത്. ഇവരോടാകട്ടെ, അനുമോദനവും സ്വാഗതവും പറഞ്ഞുകൊണ്ടു സന്തോഷത്തോടെയാണു പെരുമാറിയത്. പരത്തില്‍ അവര്‍ക്കു ലഭിച്ചതു സ്ഥിരമായ നരകശിക്ഷയായിരുന്നു. ഇവര്‍ക്കോ? ശാശ്വതമായ സ്വര്‍ഗ്ഗീയ ജീവിതവും! ചുരുക്കത്തില്‍ ഇഹത്തിലും പരത്തിലുമെല്ലാം അവര്‍ പരസ്പരവിരുദ്ധര്‍ തന്നെ.

16:33
  • هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ أَمْرُ رَبِّكَ ۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبْلِهِمْ ۚ وَمَا ظَلَمَهُمُ ٱللَّهُ وَلَـٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ ﴾٣٣﴿
  • അവര്‍ [അവിശ്വാസികള്‍] തങ്ങള്‍ക്കു മലക്കുകള്‍ വരുന്നതിനെയോ, നിന്റെ റബ്ബിന്റെ കല്‍പന വരുന്നതിനെയോ, അല്ലാതെ നോക്കിക്കൊണ്ടിരിക്കുന്നുവോ?! [മറ്റൊന്നും അവര്‍ക്കു കാത്തിരിക്കുവാനില്ല.]
    [അവര്‍ ചെയ്ത] അതുപോലെ, അവരുടെ മുമ്പുള്ളവരും ചെയ്തിരിക്കുന്നു. അവരെ അല്ലാഹു അക്രമിച്ചിട്ടില്ല; എങ്കിലും അവര്‍ അവരെത്തന്നെയായിരുന്നു അക്രമിച്ചിരുന്നത്.
  • هَلْ يَنظُرُونَ അവര്‍ നോക്കുന്നു(കാത്തിരിക്കുന്നു)വോ إِلَّا أَن تَأْتِيَهُمُ അവര്‍ക്കു വരുന്നതിനെയല്ലാതെ الْمَلَائِكَةُ മലക്കുകള്‍ أَوْ يَأْتِيَ അല്ലെങ്കില്‍ വരുന്നതിനെ أَمْرُ رَبِّكَ നിന്റെ റബ്ബിന്റെ കല്‍പന كَذَٰلِكَ അപ്രകാരം,അതുപോലെ فَعَلَ ചെയ്തു الَّذِينَ مِن قَبْلِهِمْ അവരുടെ മുമ്പുള്ളവര്‍ وَمَا ظَلَمَهُمُ അവരെ ആക്രമിച്ചിട്ടുമില്ല اللَّـهُ അല്ലാഹുوَلَـٰكِن എങ്കിലും كَانُوا അവരായിരുന്നു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളോടു, തങ്ങളോടുതന്നെ يَظْلِمُونَ അക്രമം പ്രവര്‍ത്തിക്കും.
16:34
  • فَأَصَابَهُمْ سَيِّـَٔاتُ مَا عَمِلُوا۟ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٣٤﴿
  • അങ്ങനെ, അവര്‍ പ്രവര്‍ത്തിച്ചതിന്റെ തിന്മകള്‍ അവര്‍ക്കു ബാധിച്ചു. അവര്‍ ഏതൊന്നിനെക്കുറിച്ച് പരിഹാസംകൊണ്ടിരുന്നുവോ അതു [ആ ശിക്ഷ] അവരില്‍ വലയം ചെയ്കയും ചെയ്തു.
  • فَأَصَابَهُمْ അങ്ങനെ (അതിനാല്‍) അവര്‍ക്കു ബാധിച്ചു, എത്തി سَيِّئَاتُ തിന്മകള്‍ مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിന്റെ وَحَاقَ വലയം ചെയ്കയും ചെയ്തു, ഇറങ്ങുകയും ചെയ്തു بِهِم അവരില്‍, അവര്‍ക്കു مَّا كَانُوا അവരായിരുന്നതു بِهِ അതിനെപ്പറ്റി يَسْتَهْزِئُونَ അവര്‍ പരിഹാസം കൊള്ളും.

അല്ലാഹു അവതരിപ്പിച്ചതു പുരാണകഥകളാണെന്നും മറ്റും പറഞ്ഞുപരിഹസിക്കുന്ന ഈ അവിശ്വാസികള്‍ക്കു ഒന്നുകില്‍ മലക്കുകള്‍ വന്ന്‍ അവരെ മരണപ്പെടുത്തുന്നതിനെ, അല്ലെങ്കില്‍ അവര്‍ക്കു വല്ല പൊതുശിക്ഷയും ബാധിക്കുവാനുള്ള അല്ലാഹുവിന്റെ കല്‍പനയെ അല്ലാതെ മറ്റൊന്നും കാത്തിരിക്കുവാനില്ല. ഇവയില്‍ ഏതു സംഭവിച്ചാലും അവരുടെ കാര്യം കഷ്ടംതന്നെ. ഇവരെപ്പോലെ, ഇവരുടെ മുമ്പുള്ളവരും പരിഹസിക്കുകയുണ്ടായിട്ടുണ്ട്. അവര്‍ അല്ലാഹുവിന്റെ ശിക്ഷക്കു വിധേയരാകുകയാണുണ്ടായത്. അല്ലാഹു അവരോടു ചെയ്ത ഒരു അനീതിയായിരുന്നില്ല – അവര്‍ അവരോടുതന്നെ ചെയ്ത അനീതികളുടെ ഫലമായിരുന്നു – അത്. അവരുടെ ഗതി ഇവര്‍ക്കും വന്നേക്കുമെന്നു ഇവര്‍ ഓര്‍ത്തിരിക്കട്ടെ.