വിഭാഗം - 4

12:30
  • وَقَالَ نِسْوَةٌ فِى ٱلْمَدِينَةِ ٱمْرَأَتُ ٱلْعَزِيزِ تُرَٰوِدُ فَتَىٰهَا عَن نَّفْسِهِۦ ۖ قَدْ شَغَفَهَا حُبًّا ۖ إِنَّا لَنَرَىٰهَا فِى ضَلَـٰلٍ مُّبِينٍ ﴾٣٠﴿
  • പട്ടണത്തിലുള്ള ചില സ്ത്രീകള്‍ പറയുകയും ചെയ്തു 'അസീസി'ന്റെ സ്ത്രീ [ഭാര്യ] അവളുടെ വാലിയക്കാരനെ വശീകരിക്കുവാന്‍ ശ്രമം നടത്തുന്നു. (അവനോടുള്ള) പ്രേമം അവളുടെ മനം കവര്‍ന്നിരിക്കുന്നു. നിശ്ചയമായും, നാം അവളെ വ്യക്തമായ വഴിപിഴവിലായി കാണുകതന്നെ ചെയ്യുന്നു'.
  • وَقَالَ പറഞ്ഞു, പറയുകയും ചെയ്തു نِسْوَةٌ ചില സ്ത്രീകള്‍ فِي الْمَدِينَةِ പട്ടണത്തിലുള്ള امْرَأَتُ സ്ത്രീ (ഭാര്യ) الْعَزِيزِ അസീസിന്റെ تُرَاوِدُ വശീകരണ ശ്രമം നടത്തുന്നു فَتَاهَا അവളുടെ വാലിയക്കാരനോടു, യുവാവിനോട്‌, ഭൃത്യനോട്‌ عَنْ نَفْسِهِ അവനുവേണ്ടി (അവനെ വശീകരിക്കുവാന്‍) قَدْ شَغَفَهَا അവള്‍ക്ക് ഉള്ളില്‍ പൂകിയിട്ടുണ്ടു (ഹൃദയം സ്പര്‍ച്ചിരിക്കുന്നു - മനം കവര്‍ന്നിട്ടുണ്ട്) حُبًّا സ്നേഹത്താല്‍, പ്രേമം إِنَّا നിശ്ചയമായും നാം لَنَرَاهَا കാണുകതന്നെ ചെയ്യുന്നു فِي ضَلَالٍ വഴിപിഴവിലായി مُبِينٍ വ്യക്തമായ,
    തനി
12:31
  • فَلَمَّا سَمِعَتْ بِمَكْرِهِنَّ أَرْسَلَتْ إِلَيْهِنَّ وَأَعْتَدَتْ لَهُنَّ مُتَّكَـًٔا وَءَاتَتْ كُلَّ وَٰحِدَةٍ مِّنْهُنَّ سِكِّينًا وَقَالَتِ ٱخْرُجْ عَلَيْهِنَّ ۖ فَلَمَّا رَأَيْنَهُۥٓ أَكْبَرْنَهُۥ وَقَطَّعْنَ أَيْدِيَهُنَّ وَقُلْنَ حَـٰشَ لِلَّهِ مَا هَـٰذَا بَشَرًا إِنْ هَـٰذَآ إِلَّا مَلَكٌ كَرِيمٌ ﴾٣١﴿
  • എന്നിട്ട് അവരുടെ തന്ത്രത്തെ[കുസൃതിയെ]പ്പറ്റി അവള്‍ കേട്ട(റിഞ്ഞ) പ്പോള്‍, അവള്‍ അവരുടെ അടുക്കലേക്കു (ആളെ) അയക്കുകയും, അവര്‍ക്കായി ഒരു വിരുന്നുസദസ്സ് ഒരുക്കുകയും ചെയ്തു. അവരില്‍ ഓരോരുവള്‍ക്കും ഓരോ കത്തി അവള്‍ കൊടുക്കുകയും ചെയ്തു. 'നീ അവരില്‍ പ്രത്യക്ഷപ്പെട്ടു ചെല്ലുക' എന്നു (യൂസുഫിനോടു) അവള്‍ പറയുകയും ചെയ്തു. അങ്ങനെ, അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍, അവര്‍ അദ്ദേഹത്തെ വലുതായി കണ്ടു[വിസ്മയിച്ചു പോയി]! അവര്‍ തങ്ങളുടെ കൈകളെ മുറിപ്പെടുത്തുകയും ചെയ്തു. അവർ പറയുകയും ചെയ്തു: അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു! ഇതൊരു മനുഷ്യനല്ല; ഇത് മാന്യനായ ഒരു മലക്കല്ലാതെ (മറ്റാരും) അല്ല!
  • فَلَمَّا سَمِعَتْ എന്നിട്ടു (എന്നാല്‍ - അങ്ങനെ) അവള്‍ കേട്ടപ്പോള്‍ بِمَكْرِهِنَّ അവരുടെ തന്ത്രത്തെ (കുസൃതിയെ)പ്പറ്റി أَرْسَلَتْ അവള്‍ അയച്ചു, ആളയച്ചു إِلَيْهِنَّ അവരിലേക്കു وَأَعْتَدَتْ അവള്‍ ഒരുക്കുകയും ചെയ്തു, തയ്യാറാക്കി لَهُنَّ അവര്‍ക്കുവേണ്ടി مُتَّكَأً ചാരി (സുഖിച്ചു) ഇരിക്കത്തക്ക സദസ്സു (സദ്യവട്ടം-വിരുന്നു സദസ്സു) وَآتَتْ അവള്‍ കൊടുക്കുകയും ചെയ്തു كُلَّ وَاحِدَةٍ എല്ലാ ഓരോരുവള്‍ക്കും مِنْهُنَّ അവരില്‍ നിന്നുള്ള سِكِّينًا ഒരു കത്തി وَقَالَتِ അവള്‍ പറയുകയും ചെയ്തു اخْرُجْ നീ പുറപ്പെടുക, പ്രത്യക്ഷപ്പെടുക عَلَيْهِنَّ അവരില്‍ فَلَمَّا رَأَيْنَهُ അങ്ങനെ അവര്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ أَكْبَرْنَهُ അദ്ദേഹത്തെ അവര്‍ വലുതാക്കി (വലിയ വസ്തുവായി കണ്ടു-അദ്ദേഹത്തെപ്പറ്റി വിസ്മയിച്ചുപോയി) وَقَطَّعْنَ അവര്‍ മുറിച്ചു കളയുക (മുറിയുണ്ടാക്കുക)യും ചെയ്തു أَيْدِيَهُنَّ അവരുടെ കൈകളെ, കൈകള്‍ക്കു وَقُلْنَ അവര്‍ പറയുകയും ചെയ്തു حَاشَ പരിശുദ്ധി (വാഴ്ത്തുന്നു) لِلَّهِ അല്ലാഹുവിനു (അല്ലാഹുവിന്റെ) مَا هَٰذَا ഇതല്ല, ഇവനല്ല بَشَرًا ഒരു മനുഷ്യന്‍ إِنْ هَٰذَا ഇതല്ല, ഇവനല്ല إِلَّا مَلَكٌ ഒരു മലക്കല്ലാതെ كَرِيمٌ മാന്യനായ

യൂസുഫ് (അ)ന്റെ യജമാനനെക്കുറിച്ചാണ് الْعَزِيزِ (അല്‍ അസീസ്‌) എന്നു പറഞ്ഞത്. മുമ്പു ചൂണ്ടിക്കാട്ടിയതുപോലെ, ഇതദ്ദേഹത്തിന്റെ സാക്ഷാല്‍ പേരല്ല. ‘പ്രതാപശാലി, മഹാന്‍, ശക്തന്‍, വീര്യപ്പെട്ടവന്‍, യോഗ്യന്‍, ഊക്കന്‍, ബഹുമാന്യന്‍’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളില്‍ സന്ദര്‍ഭംപോലെ ഉപയോഗിക്കപ്പെടാവുന്ന ഒരു വാക്കാണിത്. മന്ത്രിമാരെപ്പോലെ മേലേകിടയിലുള്ള വ്യക്തികളെ സംബോധന ചെയ്യുമ്പോള്‍ ആ വാക്കു ഉപയോഗിക്കപ്പെടും. അതുകൊണ്ടു അദ്ദേഹം അന്നത്തെ രാജഭരണത്തിലെ ഉന്നതനായ ഒരാളായിരുന്നുവെന്നു മനസ്സിലാക്കാം. اكبر (അക്ബര്‍) എന്ന ക്രിയയുടെ സാക്ഷാല്‍ അര്‍ത്ഥം ‘വലുതാക്കി’- അഥവാ വലുതായി തോന്നി – എന്നാകുന്നു. ആശ്ചര്യകരമായ വല്ലതും കണ്ട് അമ്പരപ്പും വിസ്മയവും തോന്നുമ്പോഴാണ്‌ അതു ഉപയോഗിക്കപ്പെടാറുള്ളത്. അതുകൊണ്ടാണ് അതിന്റെ ഉദ്ദേശ്യാര്‍ത്ഥമെന്ന നിലക്കും – ‘വിസ്മയിച്ചു’ എന്നു നാം അര്‍ത്ഥം കല്‍പിച്ചത്‌. متكأ (മുത്തകഉ്) എന്ന പദത്തിനു ‘ചാരിയിരിക്കപ്പെടുന്ന വസ്തു’ എന്നത്രെ വാക്കര്‍ത്ഥം. മേത്ത, സോഫ, തലയണ മുതലായ വിരുപ്പു വിതാനങ്ങളെ ഉദ്ദേശിച്ചാണ് അതു സാധാരണ പറയപ്പെടാറുള്ളത്. അവയില്‍ ഇരുന്ന് കഴിക്കപ്പെടുന്ന പഴവര്‍ഗ്ഗം മുതലായ സുഖഭോജ്യ വസ്തുക്കളെ ഉദ്ദേശിച്ചും പറയപ്പെടാം. ആ സ്ത്രീകള്‍ക്കുവേണ്ടി ഒരുക്കപ്പെട്ടിരുന്ന വിരുന്നൊരുക്കങ്ങളാണിവിടെ ഉദ്ദേശ്യം. അതില്‍ കത്തികൊണ്ടുമുറിച്ചു തിന്നേണ്ടുന്ന പഴവര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നുവെന്നു മനസ്സിലാകുന്നു. مكر (മക്ര്‍) എന്ന വാക്കിനു ‘വഞ്ചന, കുതന്ത്രം, കൗശലം, തന്ത്രം, കുസൃതി’ എന്നിങ്ങനെ സന്ദര്‍ഭോചിതം അര്‍ത്ഥങ്ങള്‍ വരും. مكر من (അവരുടെ കുസൃതി) എന്ന് പറഞ്ഞതിന്റെ താല്‍പര്യം, ആ സ്ത്രീകള്‍ അവളെപ്പറ്റി കുറ്റവും ആക്ഷേപവും പറഞ്ഞതും, അതു പ്രചരിപ്പിച്ചതുമാകുന്നു. ആശ്ചര്യവും അതിശയവും തോന്നുമ്പോള്‍ سبحان الله (സുബ്ഹാനല്ലാഹി) എന്നു പറയാറുള്ളതുപോലെ, അതേ അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന മറ്റൊരുവാക്കാണ്‌ حاش الله (ഹാശ-ലില്ലാഹി)യും.

യൂസുഫും, സുലൈഖയും തമ്മില്‍നടന്ന സംഭവം പട്ടണത്തില്‍ – ഈജിപ്തില്‍ – പ്രചരിച്ചു സ്ത്രീകള്‍ക്കിടയില്‍ – കുലീന സ്ത്രീകളില്‍ പ്രത്യേകിച്ചും – അതൊരു സംസാരവിഷയമായി. അസീസിന്റെ പത്നിസ്ഥാനം അലങ്കരിക്കുന്ന ഒരു മഹതി തന്റെ അടിമച്ചെറുക്കനെ പ്രേമിക്കുന്നു. അവള്‍ അതില്‍ ലയിച്ചുപോയിരിക്കുന്നു. അവള്‍ പിഴച്ചുപോയി എന്നിങ്ങനെ അവര്‍ പറഞ്ഞുതുടങ്ങി. വിവരം സുലൈഖാ അറിഞ്ഞു. അപമാനത്തില്‍ നിന്നു രക്ഷപ്പെടുവാനും, തന്റെ ഒഴികഴിവു മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും അവള്‍ ഒരു സൂത്രം പ്രയോഗിച്ചു. തന്നെപ്പറ്റി ആരോപണവും കുറ്റവും പറയുന്ന സ്ത്രീകള്‍ക്കു കേമമായ ഒരു വിരുന്നുസദസ്സൊരുക്കി അവരെയൊക്കെ ക്ഷണിച്ചുവരുത്തി. ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തില്‍, കത്തികൊണ്ടു മുറിച്ചു തിന്നേണ്ടുന്ന പഴവര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നു. എല്ലാവരും കത്തിയെടുത്തു മുറിച്ചുതിന്നുമ്പോള്‍ പെട്ടെന്ന്‍ ആ സദസ്സില്‍ചെന്നു പ്രത്യക്ഷപ്പെടുവാന്‍ യൂസുഫ് (അ) നോടു കല്‍പിക്കുകയും ചെയ്തു അദ്ദേഹത്തെ കാണേണ്ട താമസം : അദ്ദേഹത്തിന്റെ അസാധാരണ സൗന്ദര്യവും, നിരുപമമായ കൊമളാകൃതിയും കണ്ട് സ്ത്രീകള്‍ മതിമറന്നുപോയി, അതൊരു മനുഷ്യരൂപമാണെന്നു അവര്‍ക്കു ഊഹിക്കുവാന്‍പോലും കഴിഞ്ഞില്ല. ആകാശത്തുനിന്നു മനുഷ്യരൂപത്തില്‍ ഇറങ്ങിവന്ന ഒരു മലക്കായിരിക്കുവാനേ തരമുള്ളുവെന്നു അവര്‍ മറന്നുകളഞ്ഞു. യന്ത്രംകണക്കെ കൈകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ സ്വന്തം കൈകള്‍ അവര്‍ സ്വയം ചെത്തി മുറിയാക്കിയതു അവര്‍ അറിഞ്ഞില്ല. ഇത്രയുമായപ്പോള്‍, തന്റെ ഉദ്യമത്തില്‍ താന്‍വിജയിച്ചുവെന്നുകണ്ടു സുലൈഖാ അവരുടെനേരെ തിരിഞ്ഞു.

 

12:32
  • قَالَتْ فَذَٰلِكُنَّ ٱلَّذِى لُمْتُنَّنِى فِيهِ ۖ وَلَقَدْ رَٰوَدتُّهُۥ عَن نَّفْسِهِۦ فَٱسْتَعْصَمَ ۖ وَلَئِن لَّمْ يَفْعَلْ مَآ ءَامُرُهُۥ لَيُسْجَنَنَّ وَلَيَكُونًا مِّنَ ٱلصَّـٰغِرِينَ ﴾٣٢﴿
  • അവര്‍ പറഞ്ഞു : 'എന്നെ നിങ്ങള്‍ യാതൊരുവന്റെ കാര്യത്തില്‍ കുറ്റപ്പെടുത്തിയോ അവനാണത്! (അതെ) തീര്‍ച്ചയായും. ഞാനവനോടു വശീകരണ ശ്രമം നടത്തിയിട്ടുണ്ട്. എന്നിട്ടവന്‍ (ഒഴിഞ്ഞുമാറി) രക്ഷപ്പെട്ടിരിക്കുകയാണ്.
    അവനോടു ഞാന്‍ കല്‍പിക്കുന്നത് അവന്‍ ചെയ്തില്ലെങ്കില്‍, നിശ്ചയമായും, അവന്‍ തടവിലാക്കപ്പെടുക തന്നെ ചെയ്യും: അവന്‍ നിസ്സാരന്മാരില്‍പെട്ടവനായിത്തീരുകയും തന്നെ ചെയ്യും.'
  • قَالَتْ അവള്‍ പറഞ്ഞു فَذَٰلِكُنَّ (നിങ്ങള്‍കണ്ട) അതാണു الَّذِي യാതൊരുവന്‍ لُمْتُنَّنِي നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തി, ആക്ഷേപിച്ചു فِيهِ അവനില്‍ (അവന്റെ കാര്യത്തില്‍) وَلَقَدْ رَاوَدْتُهُ തീര്‍ച്ചയായും ഞാനവനോടു വശീകരണശ്രമം നടത്തിയിട്ടുണ്ട് عَنْ نَفْسِهِ അവനെ വശീകരിക്കുവാന്‍യായും فَاسْتَعْصَمَ എന്നിട്ടവന്‍ രക്ഷപ്പെട്ടു وَلَئِنْ لَمْ يَفْعَلْ തീര്‍ച്ചയായും അവന്‍ ചെയ്തില്ലെങ്കില്‍ مَا آمُرُهُ ഞാന്‍ അവനോടു കല്‍പിക്കുന്നത് لَيُسْجَنَنَّ അവന്‍ തടവില്‍ (കാരാഗൃഹത്തില്‍) ആക്കപ്പെടുകതന്നെ ചെയ്യും وَلَيَكُونًا അവനായിരിക്കയും തന്നെ ചെയ്യും مِنَ الصَّاغِرِينَ നിസ്സാരന്‍മാരില്‍ (പെട്ടവന്‍)

ഇതാ! ഒരുനോക്കു കണ്ടപ്പോഴേക്കും സുബോധനം നശിച്ചു കൈകള്‍ സ്വയം ചെത്തിമുറിക്കുമാറ് നിങ്ങള്‍ വിസ്മയിച്ചുപോയ ഈ യുവാവിന്റെ കാര്യത്തിലാണ് നിങ്ങള്‍ എന്നെപ്പറ്റി കുറ്റാരോപണം നടത്തിയിരുന്നത്, ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായില്ലേ, ഞാന്‍ അവനില്‍ വശീകൃതയായതിന്റെ രഹസ്യം?! ഞാന്‍ ഇതാ തുറന്നു പറയുന്നു : ഞാനവനെ പ്രേമിച്ചതും പിടികൂടിയതുമൊക്കെ സത്യം തന്നെ. പക്ഷെ, അവന്‍ അനുസരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അവനെ ഞാന്‍ വെറുതെവിടുവാന്‍ പോകുന്നില്ല. എന്റെ ഇഷ്ടത്തിനു വഴങ്ങാത്തപക്ഷം, നിശ്ചയമായും അവനെ കാരഗൃഹത്തിലാക്കുവാനുള്ള ഏര്‍പ്പാട് ഞാന്‍ നടത്തുകതന്നെ ചെയ്യും. അങ്ങനെ, ഈ അരമനയിലെ മാന്യനായി കഴിഞ്ഞുകൂടുന്ന അവന്‍ ഒരു നിന്ദ്യനായിത്തീരുകയും ചെയ്യും എന്നു സാരം.

ഇപ്പോള്‍, സുലൈഖായുടെ സ്ഥിതി മാത്രമല്ല, നാട്ടിലെ പൊതുസ്ഥിതി തന്നെ തനിക്കു അനുകൂലമല്ലെന്നും, തന്റെ സംശുദ്ധിയും മാന്യതയും കാത്തുരക്ഷിക്കുവാന്‍ ഈ പരിതസ്ഥിതിയില്‍ വളരെ പ്രയാസമാണെന്നും യൂസുഫ് (അ) കണ്ടു. അദ്ദേഹം അല്ലാഹുവിങ്കലേക്ക് സങ്കടപ്പെട്ടു :

12:33
  • قَالَ رَبِّ ٱلسِّجْنُ أَحَبُّ إِلَىَّ مِمَّا يَدْعُونَنِىٓ إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّى كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ ٱلْجَـٰهِلِينَ ﴾٣٣﴿
  • അദ്ദേഹം പറഞ്ഞു : 'എന്റെ റബ്ബേ! ഇവര്‍ (ഈ സ്ത്രീകള്‍) എന്നെ യാതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതിനേക്കാള്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടതു കാരാഗൃഹമാണേ! അവരുടെ തന്ത്രം എന്നില്‍ നിന്നു നീ തിരിച്ചു വിട്ടുതരാത്തപക്ഷം, ഞാന്‍ അവരിലേക്കു ചാഞ്ഞുപോയേക്കും; ഞാന്‍ (വിവരമില്ലാത്ത) വിഡ്ഢികളുടെ കൂട്ടത്തിലായിത്തീരുകയും ചെയ്യും!'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ السِّجْنُ തടവു, കാരാഗൃഹം (ജയില്‍) أَحَبُّ അധികം ഇഷ്ടപ്പെട്ടതാണ് إِلَيَّ എനിക്ക്, എന്റെ അടുക്കല്‍ مِمَّا യാതൊന്നിനെക്കാള്‍ يَدْعُونَنِي ഇ(അ)വര്‍ എന്നെ ക്ഷണിക്കുന്നു إِلَيْهِ അതിലേക്ക്وَإِلَّا تَصْرِفْ നീ തിരിച്ചുവിടാത്തപക്ഷം عَنِّي എന്നില്‍നിന്നു كَيْدَهُنَّ അവരുടെ തന്ത്രം, ഉപായം, ചതി أَصْب ഞാന്‍ ചാഞ്ഞു (മറിഞ്ഞു) പോകും إِلَيْهِنَّ അവരിലേക്കു وَأَكُنْ ഞാനായിരിക്കും ചെയ്യും مِنَ الْجَاهِلِينَ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ട(വന്‍)
12:34
  • فَٱسْتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٣٤﴿
  • അപ്പോള്‍, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തിനു ഉത്തരം നല്‍കി; അവരുടെ [സ്ത്രീകളുടെ] തന്ത്രം അദ്ദേഹത്തില്‍ നിന്നു തിരിച്ചു വിട്ടുകൊടുക്കുകയും ചെയ്തു.
    നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനും.
  • فَاسْتَجَابَ അപ്പോള്‍ ഉത്തരം നല്‍കി لَهُ അദ്ദേഹത്തിനു رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് فَصَرَفَ അവന്‍ തിരിച്ചുവിടുകയും ചെയ്തു عَنْهُ അദ്ദേഹത്തില്‍ നിന്നു كَيْدَهُنَّ അവരുടെ തന്ത്രത്തെ, കെണിയെ إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍

സുലൈഖായുടെ വിരുന്നുസദ്യ കഴിഞ്ഞതോടെ പട്ടണത്തിലെ സ്ത്രീകളുടെ അനുഭാവംകൂടി അവള്‍ക്ക് സിദ്ധിക്കുകയും, അവരും അദ്ദേഹത്തിലേക്ക് കണ്ണുവെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതായി യൂസുഫ് (അ)നു മനസ്സിലായി. അതുകൊണ്ടാണു ‘അവള്‍ എന്നെ ക്ഷണിക്കുന്നതില്‍ നിന്നു’ എന്നുപറയാതെ ‘ഈ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്നതില്‍നിന്നു’ مِمَّا يَدْعُونَنِي إِلَيْهِ എന്നു അദ്ദേഹം പറഞ്ഞത്. യജമാനഗൃഹത്തില്‍ നിന്നുള്ള കടുത്ത നിര്‍ബന്ധവും ഭീഷണിയും, അതോടുകൂടി ചുറ്റുപാടില്‍ നിന്നുള്ള സമ്മര്‍ദ്ദവും കൂടിയായപ്പോള്‍ അദ്ദേഹം വമ്പിച്ച സങ്കടത്തിലായി. അല്ലാഹുവിന്റെ കൃപാകടാക്ഷംകൊണ്ടല്ലാതെ ഇതില്‍നിന്നു രക്ഷയില്ലെന്നു അദ്ദേഹം കണ്ടു. അതു ലഭിക്കാത്തപക്ഷം, എത്ര മനോദാര്‍ഢ്യവും സത്യനിഷ്ഠയും ഉള്ളവനായിരുന്നാല്‍ പോലും ഇത്തരം ഘട്ടങ്ങളില്‍ തിന്മകള്‍ക്കു വഴങ്ങുക മനുഷ്യസ്വഭാവമാണ്. ആകയാല്‍, ജയില്‍വാസം മുഖേനയെങ്കിലും ഈ ആപത്തില്‍ നിന്നു എന്നെ രക്ഷപ്പെടുത്തേണമേ! എന്നു അദ്ദേഹം അല്ലാഹുവിനോട് അപേക്ഷിച്ചു. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയും, അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തുതാനും.

ഏതെങ്കിലും ഒരു പാപകൃത്യം ചെയ്യുന്നതില്‍ സ്വാഭാവികമായിത്തന്നെ മനുഷ്യനു താല്‍പര്യവും ഇച്ഛയുമുള്ളതായിരിക്കുക, സാഹചര്യങ്ങള്‍ അതിനു അനുകൂലമായിരിക്കുകയും ചെയ്യുക, ഇങ്ങിനെയുള്ള അവസരത്തില്‍ അല്ലാഹുവിനെ ഓര്‍ത്തു അതില്‍ നിന്നു ഒഴിഞ്ഞുനിന്നു ശുദ്ധത പാലിക്കുന്നവര്‍ വളരെ ചുരുക്കം. എങ്കിലും അവരത്രെ ഭാഗ്യവാന്മാര്‍. അതോടൊപ്പം അധികാരസ്ഥാനങ്ങളില്‍ നിന്നുള്ള നിര്‍ബ്ബന്ധവും ഭീഷണിയും കൂടി നേരിടേണ്ടിവന്നാലോ? അപ്പോള്‍ അതിനെതിരെ ത്യാഗങ്ങളും ക്ളേശങ്ങളും അനുഭവിക്കുവാന്‍ തയ്യാറുള്ളവര്‍ അതിനെക്കാള്‍ വിരളമായിരിക്കും. ഇവര്‍ തന്നെയാണ് മഹാഭാഗ്യവാന്മാര്‍. ഈ മഹാഭാഗ്യം ലഭിച്ച ഒരു മാതൃകാപുരുഷനാണ് യൂസുഫ് (അ). അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഈ രംഗം മാതൃകാപാഠമാക്കി ജീവിക്കുവാന്‍ അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കട്ടെ. ആമീന്‍.

പ്രസിദ്ധമായ ഒരു ഹദീസ് ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമാകുന്നു. നബി (സ) ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു :
‘അല്ലാഹുവിന്റെ തണലല്ലാതെ തണലില്ലാത്ത ദിവസത്തില്‍ (ഖിയാമത്തുനാളില്‍) ഏഴ് കൂട്ടര്‍ക്ക് അല്ലാഹു അവന്റെ തണലില്‍ തണലേകുന്നതാണ്. (ഒന്ന്‍:) നീതിമാനായ നേതാവ്; (രണ്ട്:) അല്ലാഹുവിന്റെ ആരാധനയിലായി വളര്‍ന്നുവന്ന യുവാവ്; (മൂന്ന്‍:) പുറത്തുപോയാലും മടങ്ങിവരുന്നതുവരെ ഹൃദയം പള്ളിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവന്‍; (നാല്:) അല്ലാഹുവിന്റെ കാര്യത്തില്‍ പരസ്പരം സ്നേഹിക്കുന്ന രണ്ടാളുകള്‍-അവര്‍ ഒരുമിച്ചുകൂടുന്നതും പിരിഞ്ഞുപോകുന്നതും അതനുസരിച്ചായിരിക്കുമാറ്; (അഞ്ച്:) വലതുകൈ ചിലവഴിക്കുന്നത് ഇടതുകൈ (പോലും) അറിയാത്തവിധം സ്വകാര്യമായി ധര്‍മ്മം കൊടുക്കുന്നവന്‍; (ആറ്:) പദവിയും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ക്ഷണിച്ചിട്ടു ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു എന്നു പാഞ്ഞവന്‍; (എഴ്:) ഒഴിഞ്ഞിരുന്നു – ഏകനായിരുന്നു-കൊണ്ടു അല്ലാഹുവിനെ ധ്യനിച്ചുകരയുന്നവന്‍’. (ബു; മു)

12:35
  • ثُمَّ بَدَا لَهُم مِّنۢ بَعْدِ مَا رَأَوُا۟ ٱلْـَٔايَـٰتِ لَيَسْجُنُنَّهُۥ حَتَّىٰ حِينٍ ﴾٣٥﴿
  • പിന്നീട്-തെളിവുകള്‍ കണ്ടതിനുശേഷം-അവര്‍ക്കു തോന്നി : ഒരു (കുറച്ചു) കാലംവരെ അദ്ദേഹത്തെ അവര്‍ തടവിലാക്കുകതന്നെ ചെയ്യണമെന്ന്.
  • ثُمَّ بَدَا പിന്നെ വെളിവായി (തോന്നി) لَهُمْ അവര്‍ക്കു مِنْ بَعْدِ ശേഷമായിട്ടു مَا رَأَوُا അവര്‍ കണ്ടതിന്റെ الْآيَاتِ തെളിവുകള്‍, അടയാളങ്ങള്‍ لَيَسْجُنُنَّهُ അവര്‍ അദ്ദേഹത്തെ തടവിലാക്കുകതന്നെ ചെയ്യണമെന്നു حَتَّىٰ حِينٍ ഒരുകാലം (സമയം) വരെ

യൂസുഫ് (അ)ന്റെ നിരപരാധിത്വത്തിനുള്ള തെളിവുകള്‍ പലതും കണ്ടിട്ട് പിന്നെയും അദ്ദേഹത്തെ കുറച്ചുകാലം തടവിലിടുക തന്നെ വേണമെന്നു അവര്‍ തീരുമാനിച്ചുവെന്നു സാരം. തന്റെ ആവശ്യം സാധിപ്പിച്ചുതരാത്ത പക്ഷം തടവിലിടുകയോ, കഠിനശിക്ഷ
നല്‍കുകയോ ചെയ്യുമെന്നു സുലൈഖാ നേരത്തെ പറഞ്ഞിരുന്നതാണല്ലോ. അവള്‍ക്കു ഭരണകൂടത്തില്‍ ഉണ്ടാകാവുന്ന സ്വാധീനം ഊഹിക്കാവുന്നതാണ്. ചില വ്യാഖ്യാതാക്കള്‍ പറയുന്നത് പോലെ, അവള്‍ക്കെതിരെ സത്യത്തിന്റെ പേരില്‍ ശക്തമായ ഒരു നടപടി കൈക്കൊള്ളുവാനുള്ള ധീരത അസീസിനുള്ളതായി കാണപ്പെടുന്നുമില്ല. അപ്പോള്‍ കുറ്റക്കാരന്‍ സുഫാണെന്നു വരുത്തിത്തീര്‍ക്കുവാനോ, അന്തരീക്ഷം ഒന്ന് ശാന്തമായിത്തീരുവാന്‍ വേണ്ടിയോ ആയിരിക്കാം അവസാനം അവരങ്ങിനെ തീരുമാനിച്ചത്. അല്ലാഹുവിനറിയാം. കാരണമേതായാലും ശരി, അദ്ദേഹം കാരാഗൃഹത്തിലായി.

അദ്ദേഹത്തിന്റെ സ്വാഭാവഗുണം, സത്യനിഷ്ഠ, ഭയഭക്തി മുതലായവ കാരണം ജയിലുദ്യോഗസ്ഥന്‍മാര്‍ക്കും, ജയില്‍വാസികള്‍ക്കും അദ്ദേഹത്തോടു വളരെ സ്നേഹവും ആദരവുമായിരുന്നുവെന്നു പലരും പറഞ്ഞു കാണാം. സ്വാഭാവികമായും അതു ശരിയായിരിക്കുകയും ചെയ്യും. ജയിലധികാരിക്കു അദ്ദേഹത്തോടു ദയ തോന്നിയെന്നും, അങ്ങിനെ, മറ്റുള്ള ജയില്‍പുള്ളികളുടെ കൈകാര്യനേതൃത്വം അദ്ദേഹത്തെ ഏല്‍പിച്ചുകൊടുത്തുവെന്നും ബൈബിളും (ഉല്‍പഃ39ല്‍ 21-23) പറയുന്നു. തടവിലുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ നേരെ വളരെ മതിപ്പുണ്ടായിരുന്നുവെന്നു അടുത്ത വാക്യത്തിലെ അവസാന വാക്യത്തില്‍നിന്നു തന്നെ വ്യക്തമാകുന്നുമുണ്ട്.

വിഭാഗം - 5

12:36
  • وَدَخَلَ مَعَهُ ٱلسِّجْنَ فَتَيَانِ ۖ قَالَ أَحَدُهُمَآ إِنِّىٓ أَرَىٰنِىٓ أَعْصِرُ خَمْرًا ۖ وَقَالَ ٱلْـَٔاخَرُ إِنِّىٓ أَرَىٰنِىٓ أَحْمِلُ فَوْقَ رَأْسِى خُبْزًا تَأْكُلُ ٱلطَّيْرُ مِنْهُ ۖ نَبِّئْنَا بِتَأْوِيلِهِۦٓ ۖ إِنَّا نَرَىٰكَ مِنَ ٱلْمُحْسِنِينَ ﴾٣٦﴿
  • തടവില്‍ അദ്ദേഹത്തോടുകൂടി രണ്ടു വലിയക്കാര്യം പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു : 'ഞാന്‍ കള്ളു പിഴിഞ്ഞടുക്കുന്നതായി എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു.' മറ്റേവന്‍ പറഞ്ഞു : എന്നെ ഞാന്‍ (സ്വപ്നത്തില്‍) കാണുന്നു : 'എന്റെ തലയില്‍ ഞാന്‍ അപ്പം വഹിക്കുന്നു, പറവകള്‍ അതില്‍ നിന്നു തിന്നുന്നു.
    (രണ്ടാളും പറഞ്ഞു:) ' ഞങ്ങള്‍ക്ക് നീ ഇതിന്റെ വ്യാഖ്യാനം[പൊരുള്‍] വിവരിച്ചുതരണം. നിശ്ചയമായും, ഞങ്ങള്‍ നിന്നെ സല്‍ഗുണവാന്‍മാരില്‍പെട്ടവനായി കാണുന്നു.'
  • وَدَخَلَ പ്രവേശിച്ചു, പ്രവേശിക്കുകയും ചെയ്തു مَعَهُ അദ്ദേഹത്തിന്റെ കൂടെ السِّجْنَ തടവില്‍, കാരാഗൃഹത്തില്‍, ബന്ധത്തില്‍ فَتَيَانِ രണ്ടു വാലിയക്കാര്‍, യുവാക്കള്‍, ഭൃത്യന്മാര്‍ قَالَ أَحَدُهُمَا അവരില്‍ ഒരാള്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَعْصِرُ ഞാന്‍ പിഴിഞ്ഞെടുക്കുന്നതായി خَمْرًا കള്ളു, മദ്യം (മുന്തിരിക്കുള്ളു)وَقَالَ الْآخَرُ മറ്റേവന്‍ പറഞ്ഞു إِنِّي أَرَانِي ഞാന്‍ എന്നെ (സ്വപ്നം) കാണുന്നു أَحْمِلُ ഞാന്‍ വഹിക്കുന്നതായി فَوْقَ മീതെ رَأْسِي എന്റെ തലയുടെ خُبْزًا അപ്പം, റൊട്ടി تَأْكُلُ തിന്നുന്നു الطَّيْرُ പക്ഷി (പറവ)കള്‍ مِنْهُ അതില്‍ നിന്നു نَبِّئْنَا ഞങ്ങള്‍ക്കു നീ വിവരിച്ചു (വിവരം പറഞ്ഞു) തരണംبِتَأْوِيلِهِ ഇതിന്റെ വ്യാഖ്യാനത്തെപ്പറ്റി إِنَّا نَرَاكَ നിശ്ചയമായും ഞങ്ങള്‍ നിന്നെകാണുന്നു مِنَ الْمُحْسِنِينَ നന്മ ചെയ്യുന്നവരില്‍ (സല്‍ഗുണവാന്മാരില്‍) പെട്ടവനായി

അല്ലാഹു ഒരു കാര്യം നടപ്പില്‍ വരുത്തുവാന്‍ വേണ്ടുക വെക്കുമ്പോള്‍, അതിലേക്കുള്ള മാര്‍ഗ്ഗങ്ങളെ അവന്‍ നേരെത്തെത്തന്നെ ശരിപ്പെടുത്തിക്കൊണ്ടിരിക്കുക പതിവാകുന്നു. യൂസുഫ് (അ)ന്റെ ആദ്യത്തെ സ്വപ്നത്തെത്തുടര്‍ന്നുണ്ടായ ഓരോ സംഭവം നോക്കിയാലും അതു ആ മാര്‍ഗ്ഗശൃംഖയിലെ ഓരോ കണ്ണിയായിരുന്നുവെന്നു കാണാം. അക്കൂട്ടത്തില്‍പെട്ട ഒരു കണ്ണിയായിതും. കാരാഗൃഹവാസികളില്‍ വേറെയും
പലരുണ്ടായിരിക്കുമെങ്കിലും ഈ രണ്ടാളുടെ വിഷയത്തിന്നാണുള്ളത്. രണ്ടില്‍ ഒന്നാമത്തേവന്‍ രാജാവിനു പാനീയങ്ങള്‍ നല്‍കിയിരുന്നവനും, രണ്ടാമത്തേവന്‍ രാജാവിനു അപ്പം-അഥവാ ഭക്ഷണം നല്‍കിയിരുന്നവനുമായിരുന്നു. രണ്ടാളുടെമേലും ഉണ്ടായ ചില കുറ്റാരോപണങ്ങളെത്തുടര്‍ന്നു അവരും കാരാഗൃഹത്തിലായിരിക്കുകയാണ്. രണ്ടുപേരും ഓരോ സ്വപ്നം കണ്ടു. ഒന്നാമത്തേവന്‍ മുന്തിരിയില്‍ നിന്നു കള്ളു പിഴിഞ്ഞുണ്ടാക്കുന്നതും, മറ്റേവന്‍ തലയില്‍ അപ്പം ചുമന്നുകൊണ്ടു നില്‍ക്കും മദ്ധ്യേ പക്ഷികള്‍ അതില്‍നിന്നു തിന്നുകൊണ്ടിരിക്കുന്നതുമായിരുന്ന സ്വപ്നം.

യൂസുഫു (അ)മായുള്ള പരിചയത്തില്‍ നിന്നു അദ്ദേഹത്തിന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ കണ്ടുമനസ്സിലാക്കിയ അവര്‍ അദ്ദേഹത്തിനു സ്വപ്നവ്യാഖ്യാനത്തെക്കുറിച്ചുള്ള വൈദഗ്ദ്യവും മനസ്സിലാക്കിയിരിക്കുമല്ലോ. രണ്ടുപേരും അവരവരുടെ സ്വപ്നം അദ്ദേഹത്തെ കേള്‍പ്പിച്ചുകൊണ്ടു അതിനു വ്യാഖ്യാനം നല്‍കുവാനപേക്ഷിച്ചു. അദ്ദേഹം ചോദ്യം കേട്ടമാത്രയില്‍ തന്നെ ഉത്തരം നല്‍കുവാന്‍ ഒരുങ്ങാതെ, അവര്‍ക്കു തന്നെക്കുറിച്ചുള്ള മതിപ്പും, തന്നിലേക്കുള്ള ആഭിമുഖ്യവും ഉപയോഗപ്പെടുത്തിക്കൊണ്ട് അവസരം കൂടുതല്‍ പ്രയോജനകരമാക്കിത്തീര്‍ക്കുവാന്‍
ശ്രമിക്കുകയാണ് ചെയ്തത്.

12:37
  • قَالَ لَا يَأْتِيكُمَا طَعَامٌ تُرْزَقَانِهِۦٓ إِلَّا نَبَّأْتُكُمَا بِتَأْوِيلِهِۦ قَبْلَ أَن يَأْتِيَكُمَا ۚ ذَٰلِكُمَا مِمَّا عَلَّمَنِى رَبِّىٓ ۚ إِنِّى تَرَكْتُ مِلَّةَ قَوْمٍ لَّا يُؤْمِنُونَ بِٱللَّهِ وَهُم بِٱلْـَٔاخِرَةِ هُمْ كَـٰفِرُونَ ﴾٣٧﴿
  • അദ്ദേഹം പറഞ്ഞു : 'നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും നല്‍കപ്പെടാറുള്ള വല്ല ഭക്ഷണവും നിങ്ങള്‍ക്കു വന്നെത്തുകയില്ല, അതു നിങ്ങള്‍ക്കു വന്നെത്തുന്നതിനു മുമ്പ് അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചുതരാതെ. അതു എന്റെ റബ്ബ് എനിക്കു പഠിപ്പിച്ചുതന്നിട്ടുള്ളവയില്‍പെട്ടവയാകുന്നു. [അതു ഞാന്‍ വിവരിച്ചുതരുകതന്നെ ചെയ്യും] നിശ്ചയമായും ഞാന്‍, അല്ലാഹുവില്‍ വിശ്വസിക്കാത്ത ജനങ്ങളുടെ മാര്‍ഗ്ഗം ഉപേക്ഷിച്ചിരിക്കുന്നു; അവരാകട്ടെ, പരലോകത്തെപ്പറ്റി അവിശ്വാസികളുമായിരിക്കും. [ഇങ്ങിനെയുള്ളവരുടെ മാര്‍ഗ്ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്]
  • قَالَ അദ്ദേഹം പറഞ്ഞു لَا يَأْتِيكُمَا നിങ്ങള്‍ക്കു (രണ്ടാള്‍ക്കും) വരുകയില്ല طَعَامٌ ഒരു ഭക്ഷണം, വല്ല ഭക്ഷണവും تُرْزَقَانِهِ അതു നിങ്ങള്‍ക്കു നല്‍കപ്പെടും, നല്‍കപ്പെടുന്ന إِلَّا نَبَّأْتُكُمَا നിങ്ങള്‍ക്കു ഞാന്‍ വിവരിച്ചുതരാതെ, വിവരിച്ചിട്ടില്ലാതെ بِتَأْوِيلِهِ അതിന്റെ വ്യഖ്യാനത്തെപ്പറ്റി قَبْلَ മുമ്പു أَنْ يَأْتِيَكُمَا അതു നിങ്ങള്‍ക്കു വരുന്നതിന്റെ ذَٰلِكُمَا അതു مِمَّا عَلَّمَنِي എനിക്കു പഠിപ്പിച്ചതില്‍ പെട്ടതാകുന്നു رَبِّي എന്റെ റബ്ബു إِنِّي تَرَكْتُ നിശ്ചയമായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു, വിട്ടിരിക്കയാണു مِلَّةَ മാര്‍ഗ്ഗത്തെ, നടപടിയെ قَوْمٍ ഒരു ജനതയുടെ, ജനങ്ങളുടെ لَا يُؤْمِنُونَ വിശ്വസിക്കാത്ത بِاللَّهِ അല്ലാഹുവില്‍ وَهُمْ അവരാകട്ടെ بِالْآخِرَةِ പരലോകത്തില്‍ هُمْ كَافِرُونَ അവര്‍ അവിശ്വാസികളുമാണ്
12:38
  • وَٱتَّبَعْتُ مِلَّةَ ءَابَآءِىٓ إِبْرَٰهِيمَ وَإِسْحَـٰقَ وَيَعْقُوبَ ۚ مَا كَانَ لَنَآ أَن نُّشْرِكَ بِٱللَّهِ مِن شَىْءٍ ۚ ذَٰلِكَ مِن فَضْلِ ٱللَّهِ عَلَيْنَا وَعَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ﴾٣٨﴿
  • 'എന്റെ പിതാക്കള്‍ ഇബ്രാഹീമിന്റെയും, ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും മാര്‍ഗ്ഗത്തെ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിനോട് യാതൊന്നിനെയും (തന്നെ) പങ്കുചേര്‍ക്കുവാന്‍ ഞങ്ങള്‍ക്കു പാടില്ല. അതു ഞങ്ങള്‍ക്കും, മനുഷ്യര്‍ക്കും അല്ലാഹുവിന്റെ (പക്കല്‍ നിന്നുള്ള) അനുഗ്രഹത്തില്‍ പെട്ടതത്രെ. എങ്കിലും, മനുഷ്യരില്‍ അധികമാളും നന്ദികാണിക്കുന്നില്ല'.
  • وَاتَّبَعْتُ ഞാന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു مِلَّةَ മാര്‍ഗ്ഗത്തെ, മതത്തെ, നടപടിയെ آبَائِي എന്റെ പിതാക്കളുടെ إِبْرَاهِيمَ ഇബ്രാഹീമിന്റെ وَإِسْحَاقَ ഇസ്ഹാഖിന്റെയും وَيَعْقُوبَ യഅ്ഖൂബിന്റെയുംمَا كَانَ لَنَا ഞങ്ങള്‍ക്കു ആകുകയില്ല, പാടില്ല, നിവൃത്തിയില്ല أَنْ نُشْرِكَ ഞങ്ങള്‍ പങ്കുചേര്‍ക്കല്‍ بِاللَّهِ അല്ലാഹുവിനോടു, അല്ലാഹുവില്‍ مِنْ شَيْءٍ യാതൊന്നിനെയുംذَٰلِكَ അതു مِنْ فَضْلِ ദയവില്‍ (അനുഗ്രഹത്തില്‍) പെട്ടതാണു اللَّهِ അല്ലാഹുവിന്റെ عَلَيْنَا ഞങ്ങളുടെമേല്‍, ഞങ്ങള്‍ക്കു وَعَلَى النَّاسِ മനുഷ്യരുടെയും, മനുഷ്യര്‍ക്കും وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَشْكُرُونَ അവര്‍ നന്ദികാണിക്കുന്നില്ല

‘നിങ്ങള്‍ക്കു നല്‍കപ്പെടാറുള്ള ഭക്ഷണം വരുന്നതിനു മുമ്പു അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കുവിവരിച്ചുതരാതിരിക്കുകയില്ല’ لَا يَأْتِيكُمَا طَعَامٌ… എന്ന വാക്യം ഒന്നിലധികം പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അവയില്‍ പ്രസക്തമായതു രണ്ടു വ്യാഖ്യാനങ്ങളാകുന്നു. ‘അതിന്റെ വ്യാഖ്യാനം’ (تَأْوِيلِهِ) എന്നതിലെ സര്‍വ്വനാമം (صمير) കൊണ്ടുദ്ദേശിക്കപ്പെട്ടതു ഭക്ഷണമാണോ? അതല്ല, ആ രണ്ടുപേര്‍ വിവരിച്ച സ്വപ്നമാണോ? ഇതില്‍ നിന്നാണ് രണ്ടും ഉടലെടുത്തിരിക്കുന്നത്.

1ാമത്തെ വ്യാഖ്യാനം : നിങ്ങള്‍ക്കു ഇവിടെവെച്ചു നല്‍കപ്പെടാറുള്ള ഏതു ഭക്ഷണസാധനങ്ങളും നിങ്ങളുടെ മുമ്പില്‍ വന്നെത്തും മുമ്പായി അതു ഇന്നിന്ന പ്രകാരമുള്ളതായിരിക്കുമെന്നുള്ള വിവരം ഞാന്‍ നിങ്ങള്‍ക്കു മുന്‍കൂട്ടി അറിയിച്ചു തരുന്നതാണ് എന്നാകുന്നു. പ്രധാനപ്പെട്ട വ്യാഖ്യാതാക്കള്‍ അധികവും സ്വീകരിച്ചു കാണുന്നതും, വാചക ഘടനയോടു കൂടുതല്‍ അടുപ്പം തോന്നുന്നതും ഈ വ്യാഖ്യാനമത്രെ. നിങ്ങളുടെ സ്വപ്നത്തിനു വ്യാഖ്യാനം പറഞ്ഞുതരുവാന്‍ മാത്രമല്ല, അതിനേക്കാള്‍ ഗൂഡമായതും, സ്വപ്നവ്യാഖ്യാനം പോലെ ഊഹത്തെയും ഭാവനയെയും അടിസ്ഥാനമാക്കി അഭിപ്രായം പറയുവാന്‍ കഴിയാത്തതുമായ ചില അദൃശ്യകാര്യങ്ങളും എനിക്കുഅറിയാം. അതാകട്ടെ, ഞാന്‍ എന്റെ സ്വന്തം നിലക്കു പറയുന്നതുമല്ല. അല്ലാഹു എനിക്കു പല കാര്യങ്ങളും പഠിപ്പിച്ചുതന്നിട്ടുണ്ട്. അതില്‍പെട്ടതാണതും. ഇതാണ് ഈ വ്യാഖ്യാനത്തിന്റെ സാരം. തുടര്‍ന്നുകൊണ്ടു അദ്ദേഹം അവരെ കേള്‍പ്പിക്കുവാന്‍ പോകുന്ന ഉപദേശങ്ങളില്‍ അവര്‍ക്കു ശ്രദ്ധയും വിശ്വാസവും ജനിപ്പിക്കുകയായിരിക്കും ഇതിന്റെ ലക്‌ഷ്യം.

ഈ വ്യാഖ്യാനപ്രകാരം, ഇത് പറയുമ്പോള്‍ യൂസുഫ് (അ)നു ‘നുബുവ്വത്തും രിസാലത്തും (പ്രവാചകത്വവും ദിവ്യ ദൗത്യവും) സിദ്ധിച്ചിരിക്കുമെന്നുവരുന്നു. ‘അതു എനിക്ക് എന്റെ റബ്ബ് പഠിപ്പിച്ചുതന്നതില്‍ പെട്ടതാണ്’ (ذَٰلِكُمَا مِمَّا عَلَّمَنِي رَبِّي) എന്നു അദ്ദേഹം പറഞ്ഞ വാക്കും, ‘അല്ലാഹുവില്‍ വിശ്വസിക്കാത്തവരുടെ മാര്‍ഗ്ഗം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. (إِنِّي تَرَكْتُ مِلَّةَ قَوْمٍ…) എന്നു തുടങ്ങി 38ാം വചനത്തിന്റെ അവസാനംവരെയുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഇതിനു പിന്‍ബലം നല്‍കുകയും ചെയ്യുന്നു. ഈസാ (അ) നബിക്കു അദ്ദേഹത്തിന്റെ ദിവ്യ ദൗത്യത്തിനു ദൃഷ്ടാന്തങ്ങളായി നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തങ്ങളെ (المعجزات) വിവരിച്ച കൂട്ടത്തില്‍ അദ്ദേഹം എടുത്തു പറഞ്ഞ ഒരു ദൃഷ്ടാന്തം ഇതാണല്ലോ : وَأُنَبِّئُكُمْ بِمَا تَأْكُلُونَ وَمَا تَدَّخِرُونَ فِي بُيُوتِكُمْ (നിങ്ങള്‍ തിന്നുന്നതിനെയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചുവെക്കുന്നതിനെയും കുറിച്ചു ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരുകയും ചെയ്യും. (3:49). ഇതുപോലെ, യൂസുഫ് (അ) നബിയുടെയും ദിവ്യദൗത്യത്തിനുള്ള ഒരു അമാനുഷിക ദൃഷ്ടാന്തമായിരിക്കാം ഇതു. അദൃശ്യകാര്യം എനിക്കറിയാമെന്നു യൂസുഫ് (അ) പറഞ്ഞിട്ടില്ലെന്നും, അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന വിവരമനുസരിച്ചാണു താനതു പറയുന്നതെന്നുകൂടി അദ്ദേഹം അവരെ അറിയിച്ചിട്ടുണ്ടെന്നും കൂടി ഓര്‍ക്കേണ്ടതുണ്ട്.

കൂടാതെ, കാരാഗൃഹത്തിലുള്ള കുറ്റവാളികളില്‍ ആരെയെങ്കിലും കൊലപ്പെടുത്തുവാന്‍ രാജാവു ഉദ്ദേശിച്ചാല്‍ അവര്‍ക്കു വിഷം കലര്‍ന്ന ഭക്ഷണസാധനം കൊടുത്തയക്കപ്പെടാറുണ്ടായിരുന്നുവെന്നും, അതുകൊണ്ടു നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഭക്ഷണ പദാര്‍ത്ഥം വിഷം കലര്‍ന്നതോ, അല്ലേ എന്നു ഞാന്‍ മുന്‍കൂട്ടി അറിയിച്ചു തരുമെന്നാണ് യൂസുഫ് (അ) പറഞ്ഞതിന്റെ താല്‍പര്യമെന്നും ചില രിവായത്തുകളും നിലവിലുണ്ട്. വാസ്തവം അല്ലാഹുവിനറിയാം. ഈ വ്യാഖ്യാന പ്രകാരം تَأْوِيلِهِ (അതിന്റെ വ്യാഖ്യാനത്തെപ്പറ്റി) എന്നു പറഞ്ഞതിന്റെ താല്‍പര്യം. ആ ഭക്ഷണത്തിന്റെ സ്ഥിതികളെപ്പറ്റി എന്നായിരിക്കുന്നതാണു. تَأْوِيلِ എന്ന പദത്തിനു സാധാരണയായി ‘വ്യാഖ്യാനം’ എന്നാണു അര്‍ത്ഥം കല്‍പിക്കപ്പെടാറുള്ളതെങ്കിലും, കാര്യത്തിന്റെ കലാശം (ما يؤل اليه) എന്നാണതിന്റെ സാക്ഷാല്‍ അര്‍ത്ഥം. ഇതിനെ ആസ്പദമാക്കിയാണു സന്ദര്‍ഭങ്ങളനുസരിച്ചു അതിനു ‘വ്യാഖ്യാനം, ദുര്‍വ്യാഖ്യാനം, പൊരുള്‍, പര്യവസാനം, പുലര്‍ച്ച’ എന്നൊക്കെ അര്‍ത്ഥവിവര്‍ത്തനം നല്‍കപ്പെട്ടു കാണുന്നത്.

2-ാമത്തെ വ്യാഖ്യാനം: നിങ്ങള്‍ക്കു ഇവിടെ പതിവു പ്രകാരമുള്ള ഭക്ഷണം കൊണ്ടുവന്നു തരുന്നതിനു മുമ്പ് നിങ്ങള്‍ രണ്ടാളും എന്നെ കേള്‍പ്പിച്ച ആ സ്വപ്നത്തിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തരാതിരിക്കായില്ല എന്നാകുന്നു. ചോദ്യത്തിനു ഉടനെത്തന്നെ ഉത്തരംനല്‍കാതെ ഭക്ഷണം എത്താറാകുന്ന സമയംവരെ അവരോടു കാത്തിരിക്കുവാന്‍ അദ്ദേഹം പറഞ്ഞതിനു ഈ അഭിപ്രായക്കാര്‍ ചില കാരണങ്ങളും പറഞ്ഞു കാണാമെങ്കിലും അവയൊന്നും അത്ര സാരപ്പെട്ടതായി തോന്നുന്നില്ല. ഏതായാലും ആ രണ്ടുപേരുടെയും സ്വപ്നങ്ങള്‍ക്കു വ്യാഖ്യാനം പറഞ്ഞുകൊടുക്കുന്നതിനു മുമ്പായി, തന്റെ സ്വന്തം നിലപാടു അവരെ മനസ്സിലാക്കുകയാണ് യൂസുഫ് (അ) നബി ആദ്യം ചെയ്തത്. ഒന്നാമതായി, തനിക്കു അല്ലാഹുവിങ്കല്‍ നിന്നുള്ള ചില അറിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു അറിയിച്ചു. അതിനുശേഷം, ഈ നാട്ടുകാരുടെ ഇടയിലാണ് ഞാന്‍ കഴിഞ്ഞുകൂടുന്നതെങ്കിലും ഇവരെപ്പോലെ അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാത്ത ആളല്ല ഞാന്‍; എന്റെ പിതാക്കള്‍ ഇബ്രാഹീം (അ) നബി തുടങ്ങിയ പ്രവാചകന്‍മാരാണ് ; അവര്‍ സ്വീകരിച്ചു വന്ന ആ മാര്‍ഗ്ഗവും നടപടിയും സ്വീകരിച്ചു വരുന്നവനാണ് ഞാന്‍; അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിച്ചുകൊണ്ടുള്ളയാതൊന്നും ഞങ്ങള്‍ ചെയ്കയില്ല; ഞങ്ങള്‍ക്കു അല്ലാഹു നല്‍കിയ അനുഗ്രഹമാണ്

പ്രവാചകത്വവും സത്യവിശ്വാസവും; ഞങ്ങള്‍ക്കു മാത്രമല്ല, ഞങ്ങളുടെ പ്രബോധനംവഴി ജനങ്ങള്‍ക്കും അവന്‍ നല്‍കുന്ന അനുഗ്രഹമാണത്; പക്ഷേ, അതിക മനുഷ്യരും ആ അനുഗ്രഹം ഉപയോഗപ്പെടുത്താത്തവരാണ് എന്നൊക്കെ അവരെധരിപ്പിച്ചു. ഇത്രയും മുഖവുരകള്‍ക്കുശേഷം അവരെയ അദ്ദേഹം തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടു ഇങ്ങിനെ തുടര്‍ന്നു:-

12:39
  • يَـٰصَـٰحِبَىِ ٱلسِّجْنِ ءَأَرْبَابٌ مُّتَفَرِّقُونَ خَيْرٌ أَمِ ٱللَّهُ ٱلْوَٰحِدُ ٱلْقَهَّارُ ﴾٣٩﴿
  • 'തടവിലെ രണ്ടു ചങ്ങാതിമാരേ, ഭിന്നരായ പല റബ്ബുകളാണോ ഉത്തമം, അതല്ല, സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവോ ?! [ഒന്നാലോചിച്ചു നോക്കുക]
  • يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിലെ أَأَرْبَابٌ പല റബ്ബുകളോ مُتَفَرِّقُونَ ഭിന്നരായ, ചിന്നിച്ചിതറിയവരായ خَيْرٌ ഉത്തമം, നല്ലതു أَمِ اللَّهُ അതോ (അതല്ല) അല്ലാഹുവോ الْوَاحِدُ ഏകനായ الْقَهَّارُ സര്‍വ്വാധികാരിയായ
12:40
  • مَا تَعْبُدُونَ مِن دُونِهِۦٓ إِلَّآ أَسْمَآءً سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِنِ ٱلْحُكْمُ إِلَّا لِلَّهِ ۚ أَمَرَ أَلَّا تَعْبُدُوٓا۟ إِلَّآ إِيَّاهُ ۚ ذَٰلِكَ ٱلدِّينُ ٱلْقَيِّمُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٤٠﴿
  • അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നില്ല, നിങ്ങളും, നിങ്ങളുടെ പിതാക്കളും (റബ്ബുകളെന്നു സ്വയം) നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളെയല്ലാതെ. അവയെപ്പറ്റി അല്ലാഹു യാതൊരു (അധികൃത) രേഖയും അവതരിപ്പിച്ചിട്ടില്ല. വിധികര്‍ത്തൃത്വം അല്ലാഹുവിനല്ലാതെ (ആര്‍ക്കും) ഇല്ല. അവനെയല്ലാതെ (ഒന്നിനെയും) നിങ്ങള്‍ ആരാധിക്കരുതെന്നു അവന്‍ കല്‍പിച്ചിരിക്കുന്നു. അതത്രെ, ചൊവ്വിനു നിലകൊള്ളുന്ന മതം. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
  • مَا تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നില്ല مِنْ دُونِهِ അവനു പുറമെ, കൂടാതെ إِلَّا أَسْمَاءً ചില നാമങ്ങളെ (പേരുകളെ)യല്ലാതെ سَمَّيْتُمُوهَا അവയെ (അവക്കു) നിങ്ങള്‍ പേരു വെച്ചിരിക്കുന്നു, നാമനിര്‍ണ്ണയം ചെയ്തതായ أَنْتُمْ وَآبَاؤُكُمْ നിങ്ങളും നിങ്ങളുടെ പിതാക്കളും مَا أَنْزَلَ ഇറക്കിയി (അവതരിപ്പിച്ചി)ട്ടില്ല اللَّهُ അല്ലാഹു بِهَا അവയെപ്പറ്റി مِنْ سُلْطَانٍ ഒരു അധികൃത രേഖയും, അധികാരവും إِنِ الْحُكْمُ വിധി (കര്‍ത്തൃത്വം) അല്ല (ഇല്ല) إِلَّا لِلَّهِ അല്ലാഹുവിനല്ലാതെ أَمَرَ അവന്‍ കല്‍പിച്ചിരിക്കുന്നു أَلَّا تَعْبُدُوا നിങ്ങള്‍ ആരാധിക്കരുതെന്നു إِلَّا إِيَّاهُ അവനെയല്ലാതെ ذَٰلِكَ الدِّينُ അതത്രെ മതം, അതു മതമത്രെ الْقَيِّمُ (ചൊവ്വിനു-ഉറച്ചു) നിലകൊള്ളുന്നതായ وَلَٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല

സൂര്യന്‍, പശു, രാജാക്കള്‍ എന്നിങ്ങിനെ പലതിനെയും ദൈവങ്ങളാക്കി പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരിക്കുന്നവരാണ് ഈജിപ്തുകാര്‍. ഓരോ ദൈവത്തിനും ചില പ്രത്യേകതകളും, കഴിവുകളും, കൈകാര്യങ്ങളും ഉള്ളതായി അവര്‍ സങ്കല്‍പിച്ചുവെക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണു ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവാകുന്ന ഏകദൈവത്തെ സ്വീകരിക്കലാണോ, അതല്ല ഇത്തരം വിഭിന്നങ്ങളായ പല ദൈവങ്ങളെ സ്വീകരിക്കലാണോ നല്ലതെന്നു ചിന്തിച്ചു നോക്കുവാന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുന്നത്. പിന്നീട് പറഞ്ഞതിന്റെ സാരം ഇപ്രകാരമാകുന്നു:-

ഏക സര്‍വ്വാധികാരിയായുള്ളവന്‍ അല്ലാഹു മാത്രമായിരിക്കെ, ‘ആ ദൈവം, ഈ ദൈവം, ആ ദൈവത്തിനു ഇന്നിന്ന കഴിവുകളുണ്ട്, ഈ ദൈവത്തിനുവേണ്ടി ഇന്നിന്ന കര്‍മ്മങ്ങളൊക്കെ ചെയ്യണം’ എന്നിങ്ങനെ നിങ്ങള്‍ കണക്കാക്കുന്നതിനു യാതൊരര്‍ത്ഥവും, അടിസ്ഥാനവുമില്ല. നിങ്ങളും നിങ്ങളുടെ പൂര്‍വ്വീകന്മാരും സങ്കല്‍പിച്ചുണ്ടാക്കിയ ചില നാമനിര്‍ണ്ണയങ്ങള്‍ മാത്രമാണതൊക്കെ. ആരെ ആരാധിക്കണമെന്നും, മനുഷ്യന്‍ ഏതു മാര്‍ഗ്ഗം സ്വീകരിക്കണമെന്നും വിധികല്‍പിക്കുവാനുള്ള അധികാരാവകാശം അല്ലാഹുവിനു മാത്രമേയുള്ളു. അവന്‍ കല്‍പിച്ചിരിക്കുന്നതാകട്ടെ, അവനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ്. ആകയാല്‍ അതു മാത്രമാണ്  നേര്‍ക്കു നേരെയുള്ള ഉറച്ച മതം. മറ്റുള്ളതെല്ലാം വക്രമമായതും നിലനില്‍പില്ലാത്തതുമാകുന്നു. യഥാര്‍ത്ഥാവസ്ഥ ഇതൊക്കെയാണെങ്കിലും മിക്ക മനുഷ്യരും ചിന്തിക്കാതെയും ഗ്രഹിക്കാതെയും വ വഴിപിഴച്ചുപോകുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഈ ഋജുവായ മതത്തിലേക്കു ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. കിട്ടിയ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ടു തന്റെ ആ രണ്ടു കൂട്ടുകാരെയും തൗഹീദിലേക്കു ക്ഷണിക്കുകയും, ശിര്‍ക്കിന്റെ നിരര്‍ത്ഥത അവരെ ഗ്രഹിക്കുകയും ചെയ്തശേഷം, അവര്‍ ചോദിച്ച ചോദ്യത്തിനു അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കി :-

12:41
  • يَـٰصَـٰحِبَىِ ٱلسِّجْنِ أَمَّآ أَحَدُكُمَا فَيَسْقِى رَبَّهُۥ خَمْرًا ۖ وَأَمَّا ٱلْـَٔاخَرُ فَيُصْلَبُ فَتَأْكُلُ ٱلطَّيْرُ مِن رَّأْسِهِۦ ۚ قُضِىَ ٱلْأَمْرُ ٱلَّذِى فِيهِ تَسْتَفْتِيَانِ ﴾٤١﴿
  • തടവിലെ, രണ്ടു ചങ്ങാതിമാരേ, എന്നാല്‍, നിങ്ങളില്‍ ഒരുവന്‍, തന്റെ യജമാനനു കള്ളു കുടിക്കുവാന്‍ കൊടുക്കും. എന്നാല്‍, മറ്റേവനാകട്ടെ, അവന്‍ ക്രൂശിക്കപ്പെടും; എന്നിട്ട് അവന്റെ തലയില്‍ നിന്നും പറവകള്‍ തിന്നുന്നതാണ്. യാതൊരു കാര്യത്തില്‍ നിങ്ങള്‍ രണ്ടുപേരും വിധിയന്വേഷിച്ചുകൊണ്ടിരുന്നുവോ അതു തീരുമാനിക്കപ്പെട്ടിരിക്കുന്നു. [അതില്‍ ഇനി, മാറ്റമുണ്ടാകുകയില്ല]'
  • يَا صَاحِبَيِ രണ്ടു ചങ്ങാതിമാരേ, കൂട്ടുകാരേ السِّجْنِ തടവിലെ, കാരാഗൃഹത്തിന്റെ أَمَّا أَحَدُكُمَا എന്നാല്‍ നിങ്ങളിലൊരാള്‍ فَيَسْقِي അവന്‍ കുടിപ്പിക്കും, കുടിപ്പാന്‍ കൊടുക്കും رَبَّهُ അവന്റെ യജമാനനു خَمْرًا കള്ളു (മുന്തിരിക്കള്ളു) وَأَمَّا الْآخَرُ എന്നാല്‍ മറ്റേവനാകട്ടെ فَيُصْلَبُ അവന്‍ ക്രൂശിക്ക (കുരിശിലിട)പ്പെടും فَتَأْكُلُ എന്നിട്ടു തിന്നും الطَّيْرُ പക്ഷി (പറവ)കള്‍ مِنْ رَأْسِهِ അവന്റെ തലയില്‍നിന്നു قُضِيَ തീരുമാനിക്കപ്പെട്ടിരിക്കുന്നു الْأَمْرُ الَّذِي യാതൊരു കാര്യം فِيهِ അതില്‍ تَسْتَفْتِيَانِ നിങ്ങള്‍ രണ്ടാളും വിധിതേടുന്നു (തേടുന്ന)

മുന്തിരിയില്‍ നിന്നു കള്ളെടുക്കുന്നതായി സ്വപ്നം കണ്ടവന്‍ അവന്റെ ജോലിയില്‍ തുടരത്തക്കവണ്ണം കാരാഗൃഹത്തില്‍നിന്നു വിമുക്തനാകുമെന്നും, തലയില്‍ അപ്പം വഹിച്ചുകൊണ്ടിരിക്കെ അതില്‍നിന്നു പക്ഷികള്‍ തിന്നുന്നതായി കണ്ടവന്‍ കൊല്ലപ്പെടുകയും, കുരിശില്‍ തറക്കപ്പെടുകയും ചെയ്യുമെന്നും യൂസുഫ് (അ) അവരുടെ സ്വപ്നങ്ങള്‍ക്കു വ്യാഖ്യാനം നല്‍കി. രണ്ടുപേരെയും വേര്‍തിരിച്ചു ഇന്നിന്നവന്റെ സ്വപ്നം വ്യാഖ്യാനമെന്നു പറയാതിരുന്നതു അവരില്‍ രണ്ടാമത്തേവനെ പെട്ടെന്നു അലോസരപ്പെടുത്താതിരിക്കുവാന്‍ വേണ്ടിയായിരിക്കാം. വാസ്തവം അല്ലാഹുവിനറിയാം. ഈ വ്യാഖ്യാനം കേവലം ഊഹത്തെയോ അനുമാനത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും, അല്ലാഹു തീരുമാനിച്ചു കഴിഞ്ഞ കാര്യമാണെന്നും, അതില്‍ മാറ്റം സംഭവിക്കുകയില്ലെന്നും അദ്ദേഹം അവരെ അറിയിച്ചു.

ഈ രണ്ടു കൂട്ടുകാരെയും തൗഹീദിലേക്കു യൂസുഫ് (അ) ക്ഷണിച്ചുവിവരമൊന്നും ബൈബ്ളില്‍ സ്പര്‍ശിക്കപ്പെട്ടിട്ടില്ല. അവരുടെ സ്വപ്‌നങ്ങള്‍ കുറേക്കൂടി വിസ്തരിച്ചു വിവരിച്ചിട്ടുണ്ടുതാനും. ഒന്നാമത്തവന്റെ സ്വപ്നവ്യാഖ്യാനത്തില്‍, മൂന്നു ദിവസം കഴിഞ്ഞാല്‍ അവനു തടവില്‍നിന്നു രക്ഷ കിട്ടുമെന്നും, രണ്ടാമത്തേവന്റെ വ്യാഖ്യാനത്തില്‍ മൂന്നു ദിവസം കഴിഞ്ഞാല്‍ അവന്‍ കൊല്ലപ്പെടുമെന്നും പ്രസ്താവിച്ചിരിക്കുന്നു.

12:42
  • وَقَالَ لِلَّذِى ظَنَّ أَنَّهُۥ نَاجٍ مِّنْهُمَا ٱذْكُرْنِى عِندَ رَبِّكَ فَأَنسَىٰهُ ٱلشَّيْطَـٰنُ ذِكْرَ رَبِّهِۦ فَلَبِثَ فِى ٱلسِّجْنِ بِضْعَ سِنِينَ ﴾٤٢﴿
  • ആ രണ്ടുപേരില്‍ നിന്നു രക്ഷപ്പെടുന്നവനെന്നു താന്‍ വിചാരിച്ചവനോടു അദ്ദേഹം പറയുകയും ചെയ്തു : 'നിന്റെ യജമാനന്റെ അടുക്കല്‍ നീ എന്നെപ്പറ്റി പ്രസ്താവിക്കണം'.

    എന്നാല്‍, അവന്റെ യജമാനനോടു പ്രസ്താവിക്കുവാന്‍ അവനെ പിശാചു മറപ്പിച്ചുകളഞ്ഞു; അങ്ങനെ, ഏതാനും കൊല്ലങ്ങള്‍ അദ്ദേഹം തടവില്‍ താമസിച്ചു.
  • وَقَالَ അദ്ദേഹം പറയുകയും ചെയ്തു لِلَّذِي ظَنَّ അദ്ദേഹം വിചാരിച്ചവനനോടു أَنَّهُ نَاجٍ അവന്‍ രക്ഷപ്പെടുന്നവനാണെന്നു مِنْهُمَا അവര്‍ രണ്ടാളില്‍ നിന്നു اذْكُرْنِي നീ എന്നെ ഓര്‍ക്കണം (എന്നെക്കുറിച്ചു പറയണം, പ്രസ്താവിക്കണം) عِنْدَ رَبِّكَ നിന്റെ യജമാനന്റെ അടുക്കല്‍ فَأَنْسَاهُ എന്നാല്‍ (എന്നിട്ടു) അവനെ മറപ്പിച്ചു, വിസ്മരിപ്പിച്ചു الشَّيْطَانُ പിശാചു ذِكْرَ رَبِّهِ അവന്റെ യജമാനനോടു പറയുന്നതു (പ്രസ്താവിക്കുന്നത്) فَلَبِثَ അങ്ങനെ അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു فِي السِّجْنِ കാരാഗൃഹത്തില്‍ بِضْعَ ചില്ലറ (ഏതാനും-കുറച്ചു) سِنِينَ കൊല്ലങ്ങള്‍

തടവില്‍ നിന്നു രക്ഷപ്പെടുമെന്നു അദ്ദേഹം കരുതിയ ആള്‍ ഒന്നാമത്തേവന്‍ തന്നെ. അവന്‍ വിമുക്തനായി വീണ്ടും രാജാവിനു പാനീയം നല്‍കുന്ന ജോലിയില്‍ പ്രവേശിക്കുകയും, രാജാവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍, നിരപരാധിയായി തടവില്‍ കഴിയുന്ന തന്നെപ്പറ്റി രാജാവിനെ ഒന്നു ഓര്‍മ്മിപ്പിക്കണമെന്നു യൂസുഫ് (അ) അവനോടു പറഞ്ഞു. പക്ഷെ, അവനതു മറന്നുപോയി. താഴെ പ്രസ്താവിക്കുന്നതുപോലെ കുറച്ചുകൊല്ലങ്ങള്‍ക്കു ശേഷം ഒരു പ്രത്യേക സന്ദര്‍ഭം നേരിട്ടപ്പോള്‍ മാത്രമേ അക്കാര്യം അവനു ഓര്‍മ്മ വന്നുള്ളു. അതുവരേക്കും അദ്ദേഹം തടവില്‍ കഴിയേണ്ടിവന്നു.

بِضْعَ (ബിള്വ്ഉ്) എന്ന വാക്കു ഒരു നിശ്ചിത എണ്ണത്തെ കുറിക്കുന്നില്ല. മിക്കവാറും മൂന്നുമുതല്‍ ഏഴുവരെയും, ചിലപ്പോള്‍, രണ്ടു മുതല്‍ ഒമ്പതുവരെയുമുള്ള എണ്ണത്തിലാണ് ഉപയോഗിക്കപ്പെടാറുള്ളത്. ‘ചില്ലറ, ഏതാനും, സ്വല്‍പം, ശകലം’ എന്നൊക്കെ സന്ദര്‍ഭം പോലെ അതിനു അര്‍ത്ഥം നല്‍കപ്പെടാം. യൂസുഫ് (അ) തടവില്‍ ഏഴുകൊല്ലം താമസിച്ചുവെന്നാണ് അധികമാളുകളും പറഞ്ഞുകാണുന്നത്. അല്ലാഹുവിനറിയാം. തന്നെപ്പറ്റി രാജാവിനെ ഓര്‍മ്മിപ്പിക്കുവാന്‍ യൂസുഫ് (അ) അവനോടു പറഞ്ഞതിന്റെ പേരില്‍മാത്രമല്ല, തടവിലായിരുന്ന കാലത്തു രണ്ടുപേരും തമ്മില്‍ തടവില്‍ വെച്ചുണ്ടായ പ്രത്യേകബന്ധം നോക്കുമ്പോഴും അവന്‍ അക്കാര്യം പ്രത്യേകം ഓര്‍മ്മവെച്ചിരിക്കേണ്ടതാണല്ലോ. എന്നിട്ടും ഒരു നീണ്ടകാലത്തോളം അതു മറന്നുപോകുകയും, ഒരു കാരണം നേരിട്ടപ്പോള്‍ മാത്രം ഓര്‍മ്മവരുകയുമാണുണ്ടായത്. അപ്പോള്‍, ആ മറവില്‍ പിശാചിന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രേരണകൂടി ഉണ്ടായിരിക്കും. നല്ല കാര്യങ്ങള്‍ക്കും, നല്ല ആളുകള്‍ക്കും എതിരായി മനുഷ്യമനസ്സില്‍ സ്വാധീനം ചെലുത്തുക പിശാചിന്റെ ജോലിയാണല്ലോ. ‘അവന്‍ മറന്നുപോയി’ എന്നോ മറ്റോ പറയാതെ, ‘ അവനെ പിശാചു മറപ്പിച്ചു ( َأَنْسَاهُ الشَّيْطَانُ) എന്നുള്ള പ്രയോഗം ഇതൊക്കെയാണ് സൂചിപ്പിക്കുന്നത്. പ്രത്യേകം ഓര്‍മ്മിച്ചിരിക്കേണ്ടുന്ന ഒരു കാര്യം വേണ്ടുന്ന സമയത്തു ഓര്‍മ്മ വരാതിരിക്കുമ്പോഴാണ് ഇങ്ങിനെയുള്ള പ്രയോഗം കാണപ്പെടുക. ഇത് പോലെ ഒരവസരത്തില്‍, യൂശഉ് (അ) നബിയും പറഞ്ഞതായി 18:63ല്‍ കാണാവുന്നതാണ്.

വിഭാഗം - 6

12:43
  • وَقَالَ ٱلْمَلِكُ إِنِّىٓ أَرَىٰ سَبْعَ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعَ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ ۖ يَـٰٓأَيُّهَا ٱلْمَلَأُ أَفْتُونِى فِى رُءْيَـٰىَ إِن كُنتُمْ لِلرُّءْيَا تَعْبُرُونَ ﴾٤٣﴿
  • രാജാവു പറഞ്ഞു :
    'ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതായി ഞാന്‍ (സ്വപ്നം) കാണുന്നു; ഏഴുപച്ച (ധാന്യ)ക്കതിരുകളും, വേറെ (ഏഴു) ഉണങ്ങിയവയും (കാണുന്നു). ഹേ, പ്രധാനികളേ, എന്റെ (ഈ) സ്വപ്നത്തില്‍ നിങ്ങള്‍ എനിക്കു (ഒരു) വിധി തരുവിന്‍; നിങ്ങള്‍ സ്വപ്നത്തിനു വ്യാഖ്യാനം [പൊരുള്‍] വരിക്കുന്നവരാണെങ്കില്‍'.
  • وَقَالَ പറഞ്ഞു, പറയുകയും ചെയ്തു الْمَلِكُ രാജാവു إِنِّي أَرَىٰ ഞാന്‍ കാണുന്നു سَبْعَ ഏഴു بَقَرَاتٍ പശുക്കളെ سِمَانٍ കൊഴുത്ത, തടിച്ച يَأْكُلُهُنَّ അവയെ തിന്നുന്നു, തിന്നുന്നതായി سَبْعٌ ഏഴെണ്ണം عِجَافٌ മെലിഞ്ഞ, ശോഷിച്ച وَسَبْعَ ഏഴെണ്ണവും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയيَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, സംഘമേ أَفْتُونِي എനിക്കു വിധി തരുവിന്‍ فِي رُؤْيَايَ എന്റെ സ്വപ്നക്കാഴ്ചയില്‍ إِنْ كُنْتُمْ നിങ്ങളാണെങ്കില്‍ لِلرُّؤْيَا സ്വപ്നത്തിനു تَعْبُرُونَ വ്യാഖ്യാനം നല്‍കുന്നു (വെങ്കില്‍), വ്യാഖ്യാനം നല്‍കുന്ന (വര്‍)
12:44
  • قَالُوٓا۟ أَضْغَـٰثُ أَحْلَـٰمٍ ۖ وَمَا نَحْنُ بِتَأْوِيلِ ٱلْأَحْلَـٰمِ بِعَـٰلِمِينَ ﴾٤٤﴿
  • അവര്‍ പറഞ്ഞു : 'പേക്കിനാവുകളുടെ മിശ്രങ്ങളാണ് (അതു). ഞങ്ങള്‍ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിയുന്നവരുമല്ല.'
  • قَالُوا അവര്‍ പറഞ്ഞു أَضْغَاثُ കലര്‍പ്പുകളാണു, കൂടിക്കലര്‍ന്നവയാണു, മിശ്രങ്ങളാണു أَحْلَامٍ പേക്കിനാവുകളുടെ, (ദു)സ്വപ്നങ്ങളുടെ وَمَا نَحْنُ ഞങ്ങളല്ലതാനും بِتَأْوِيلِ വ്യാഖ്യാനത്തെപ്പറ്റി, (പൊരുളുകളെ) الْأَحْلَامِ പേക്കിനാവുകളുടെ بِعَالِمِينَ അറിയുന്നവര്‍
12:45
  • وَقَالَ ٱلَّذِى نَجَا مِنْهُمَا وَٱدَّكَرَ بَعْدَ أُمَّةٍ أَنَا۠ أُنَبِّئُكُم بِتَأْوِيلِهِۦ فَأَرْسِلُونِ ﴾٤٥﴿
  • ആ രണ്ടു പേരില്‍നിന്നു രക്ഷപ്പെട്ടവന്‍ പറഞ്ഞു : ഒരു (നീണ്ട) കാലയളവിനുശേഷം അവനു ഓര്‍മ്മ വരുകയും ചെയ്തു 'അതിന്റെ വ്യാഖ്യാനത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം; ആകയാല്‍, (അതിനു) എന്നെ നിങ്ങള്‍ അയക്കുവിന്‍, [ഞാന്‍ പോയിവരട്ടെ.]'
  • وَقَالَ പറഞ്ഞു الَّذِي نَجَا രക്ഷപ്പെട്ടവന്‍ مِنْهُمَا അവര്‍ രണ്ടാളില്‍നിന്നു وَادَّكَرَ അവന്‍ ഓര്‍ക്കുക (അവനു ഓര്‍മ്മ വരുക)യും ചെയ്തു بَعْدَ أُمَّةٍ ഒരു കാലയളവിന്നു ശേഷം (ദീര്‍ഘകാലശേഷം) أَنَا أُنَبِّئُكُمْ ഞാന്‍ നിങ്ങള്‍ക്കു വിവരിച്ചു തരാം بِتَأْوِيلِهِ അതിന്റെ വ്യാഖ്യാനത്തെപ്പറ്റി فَأَرْسِلُونِ ആകയാല്‍ (എന്നാല്‍) എന്നെ നിങ്ങള്‍ അയക്കുവിന്‍.

രാജാവിന്റെ പാനീയ കാര്യസ്ഥന്‍ കാരാഗൃഹത്തില്‍നിന്നു രക്ഷപ്പെട്ടു പഴയ ജോലി തുടരുകയാണ്. യൂസുഫ് (അ) ഗൗനിക്കപ്പെടാതെ തടവിലും കഴിയുന്നു. കൊല്ലങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഒരിക്കല്‍ രാജാവ് ഒരു സ്വപ്നം കണ്ടു. തടിച്ചുകൊഴുത്ത ഏഴു പശുക്കളെ മെലിഞ്ഞു ശോഷിച്ച ഏഴു പശുക്കള്‍ തിന്നുന്നതും, ഏഴു വീതം പച്ചയായ ധാന്യക്കതിരുകളും, ഉണങ്ങിയ കതിരുകളും, ഇതായിരുന്നു സ്വപ്നം. സ്വപ്നവ്യാഖ്യാന വിദഗ്ധരായ പലരെയും വിളിച്ചുവരുത്തി തന്റെ സ്വപ്നത്തിന്റെ പൊരുള്‍ പറയുവാന്‍ രാജാവു ആവശ്യപ്പെട്ടു. ആര്‍ക്കും വ്യാഖ്യാനിക്കുവാന്‍ കഴിഞ്ഞില്ല. പല പേക്കിനാവുകള്‍ കൂടിച്ചേര്‍ന്നതാണു ഈ സ്വപ്നം. ഇത്തരം കിനാവുകള്‍ക്കൊന്നും വ്യാഖ്യാനം പറയുവാന്‍ ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നായിരുന്നു അവരുടെ മറുപടി. രാജസ്വപ്നമായതു കൊണ്ടു അതിനു ഒരു പ്രധാന്യവും കല്‍പിക്കപ്പെടുക സ്വാഭാവികമാണല്ലോ. ഈ സന്ദര്‍ഭത്തിലാണ് മുമ്പ് തടവില്‍ നിന്നു പോരുമ്പോള്‍ തന്റെ കാര്യം ഓര്‍മ്മിപ്പിക്കുവാന്‍ യൂസുഫ് (അ) ഏല്‍പിച്ചിരുന്നവനു മുമ്പു കഴിഞ്ഞ ആ പഴയ വര്‍ത്തമാനങ്ങള്‍ ഓര്‍മ്മ വരുന്നത്. ആ കാര്യം ഞാന്‍ നിവൃത്തിച്ചു തരാം. ജയിലിലുണ്ട് സ്വപ്നവ്യാഖ്യാനം ശരിക്കും അറിയാവുന്ന ഒരു മാന്യന്‍. എന്നെ പറഞ്ഞയക്കുന്നപക്ഷം ഞാന്‍ പോയി ചോദിച്ചറിഞ്ഞു വരാം എന്നു അവന്‍ അറിയിച്ചു.

‘സമുദായം’ എന്നു അര്‍ത്ഥം പറയപ്പെടാറുള്ള امة (ഉമ്മത്തു) എന്ന പദത്തിനു വേറെയും അര്‍ത്ഥങ്ങള്‍ വരുമെന്നും, അവയിലൊന്നാണ് ‘കാലയളവു’ അഥവാ കുറേകാലം എന്നും സൂഃ ഹൂദ്‌ 8ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ മുമ്പു നാം ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഈ അര്‍ത്ഥത്തിലാണ് അതിവിടെയുള്ളത്.

12:46
  • يُوسُفُ أَيُّهَا ٱلصِّدِّيقُ أَفْتِنَا فِى سَبْعِ بَقَرَٰتٍ سِمَانٍ يَأْكُلُهُنَّ سَبْعٌ عِجَافٌ وَسَبْعِ سُنۢبُلَـٰتٍ خُضْرٍ وَأُخَرَ يَابِسَـٰتٍ لَّعَلِّىٓ أَرْجِعُ إِلَى ٱلنَّاسِ لَعَلَّهُمْ يَعْلَمُونَ ﴾٤٦﴿
  • (അവന്‍ പറഞ്ഞു:) 'യൂസുഫ്! ഹേ, സത്യസന്ധാ!
    'ഏഴു (തടിച്ചു) കൊഴുത്ത പശുക്കളെ മെലിഞ്ഞ ഏഴു (പശുക്കള്‍) തിന്നുന്നതിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു വിധി (പറഞ്ഞു) തരണം; ഏഴു പച്ച (ധാന്യ)ക്കതിരുകളുടെയും, വേറെ (ഏഴു) ഉണങ്ങിയവയുടെയും (കാര്യത്തിലും);
    എനിക്കു (ആ) മനുഷ്യരുടെ അടുക്കലേക്കു - അവര്‍ക്കറിയുവാന്‍വേണ്ടി- (അതും കൊണ്ടു) മടങ്ങിച്ചെല്ലാമല്ലോ.'
  • يُوسُفُ യൂസുഫേ أَيُّهَا الصِّدِّيقُ ഹേ സത്യസന്ധാ أَفْتِنَا ഞങ്ങള്‍ക്കു വിധി നല്‍കണം فِي سَبْعِ എഴില്‍ (ഏഴിന്റെ കാര്യത്തില്‍) بَقَرَاتٍ പശുക്കള്‍ سِمَانٍ തടിച്ച, കൊഴുത്ത يَأْكُلُهُنَّ അവയെ തിന്നുന്നു سَبْعٌ ഏഴു എണ്ണം عِجَافٌ മെലിഞ്ഞവ وَسَبْعِ ഏഴിലും, എഴിന്റെയും سُنْبُلَاتٍ കതിരുകള്‍ خُضْرٍ പച്ചയായ وَأُخَرَ വേറെയും (ഏഴു) يَابِسَاتٍ ഉണങ്ങിയവ لَعَلِّي ഞാനായേക്കാം, ആകുവാന്‍ വേണ്ടി (ആകാമല്ലോ) أَرْجِعُ ഞാന്‍ മടങ്ങും إِلَى النَّاسِ മനുഷ്യറിലേക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَعْلَمُونَ അവര്‍ അറിയും
12:47
  • قَالَ تَزْرَعُونَ سَبْعَ سِنِينَ دَأَبًا فَمَا حَصَدتُّمْ فَذَرُوهُ فِى سُنۢبُلِهِۦٓ إِلَّا قَلِيلًا مِّمَّا تَأْكُلُونَ ﴾٤٧﴿
  • അദ്ദേഹം [യൂസുഫ്] പറഞ്ഞു : 'നിങ്ങള്‍ ഏഴു കൊല്ലം പതിവായി കൃഷി ചെയ്യും. (അഥവാ ചെയ്യണം) എന്നിട്ടു, നിങ്ങള്‍ കൊയ്തെടുക്കുന്നതിനെ അതിന്റെ കതിരില്‍ (തന്നെ) നിങ്ങള്‍ വിട്ടേക്കുവിന്‍; നിങ്ങള്‍ തിന്നു (കഴിക്കു)ന്നതില്‍പെട്ട അല്‍പമൊഴികെ.
  • قَالَ അദ്ദേഹം പറഞ്ഞു تَزْرَعُونَ നിങ്ങള്‍ കൃഷി ചെയ്യണം, വിളയിടും سَبْعَ سِنِينَ ഏഴു കൊല്ലങ്ങള്‍ دَأَبًا പതിവായി (തുടര്‍ച്ചയായി) فَمَا حَصَدْتُمْ എന്നിട്ടു നിങ്ങള്‍ കൊയ്തെടുത്തത് فَذَرُوهُ അതിനെ നിങ്ങള്‍ വിട്ടേക്കുക فِي سُنْبُلِهِ അതിന്റെ കതിരില്‍ إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تَأْكُلُونَ നിങ്ങള്‍ തിന്നുന്നതില്‍ നിന്നുള്ള
12:48
  • ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ سَبْعٌ شِدَادٌ يَأْكُلْنَ مَا قَدَّمْتُمْ لَهُنَّ إِلَّا قَلِيلًا مِّمَّا تُحْصِنُونَ ﴾٤٨﴿
  • 'പിന്നീടു അതിനുശേഷം കഠിനങ്ങളായ ഏഴു (കൊല്ലം) വരും :-
    'അവ [ആ കൊല്ലങ്ങള്‍]ക്കു വേണ്ടി നിങ്ങള്‍ മുന്‍കൂട്ടി (സൂക്ഷിച്ചു) വെച്ചിട്ടുള്ളതു (ഒക്കെ) അവ തിന്നു (തീര്‍ക്കു)ന്നതാണു; നിങ്ങള്‍ കാത്തു (സൂക്ഷിച്ചു) വെക്കുന്നതില്‍പെട്ട അല്‍പമൊഴികെ.
  • ثُمَّ يَأْتِي പിന്നെ വരും مِنْ بَعْدِ ذَٰلِكَ അതിന്റെശേഷം سَبْعٌ شِدَادٌ കഠിനങ്ങളായ ഏഴു (കൊല്ലം) يَأْكُلْنَ അവ തിന്നും, തിന്നുന്നു مَا قَدَّمْتُمْ നിങ്ങള്‍ മുമ്പു ചെയ്തു (മുമ്പു സൂക്ഷിച്ചു) വെച്ചതു لَهُنَّ അവക്കായി إِلَّا قَلِيلًا അല്‍പമൊഴികെ مِمَّا تُحْصِنُونَ നിങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍പെട്ട

12:49
  • ثُمَّ يَأْتِى مِنۢ بَعْدِ ذَٰلِكَ عَامٌ فِيهِ يُغَاثُ ٱلنَّاسُ وَفِيهِ يَعْصِرُونَ ﴾٤٩﴿
  • പിന്നെ, അതിനുശേഷം ഒരു സംവല്‍സരം വരും; അതില്‍ മനുഷ്യര്‍ക്കു (മഴമൂലം) രക്ഷ നല്‍കപ്പെടുംല്‍ അതില്‍ അവര്‍ പിഴിഞ്ഞെടുക്കുക [ആട്ടിയെടുക്കുക]യും ചെയ്യും.'
  • ثُمَّ يَأْتِي പിന്നെവരും مِنْ بَعْدِ ശേഷം ذَٰلِكَ അതിന്റെ عَامٌ ഒരു സംവല്‍സരം, വര്‍ഷം فِيهِ അതില്‍ يُغَاثُ രക്ഷ (സഹായം) നല്‍കപ്പെടും, മഴ കിട്ടും النَّاسُ മനുഷ്യര്‍ക്കു وَفِيهِ അതില്‍ يَعْصِرُونَ അവര്‍ പിഴിഞ്ഞെടുക്കു (ആട്ടിയെടുക്കു)കയും ചെയ്യും

പാനീയ കാര്യസ്ഥന്‍ കാരാഗൃഹത്തില്‍ യൂസുഫ് (അ)ന്റെ അടുക്കലേക്കു അയക്കപ്പെട്ടു. അവന്‍ ചെന്നു അദ്ദേഹത്തോടു രാജാവിന്റെ സ്വപ്നത്തിനു വ്യാഖ്യാനം നല്‍കുവാന്‍ അപേക്ഷിച്ചു. ഇത്രയും കാലം തന്നെ വിസ്മരിച്ചശേഷം ഇപ്പോള്‍ ഈയൊരാവശ്യം നേരിട്ടപ്പോള്‍ മാത്രം തന്നെക്കുറിച്ചു ഓര്‍മ്മവന്നതിനെപ്പറ്റി പ്രതിഷേധിക്കാതെ വേഗം അവനു മറുപടി കൊടുത്തു. ഏഴു തടിച്ച പശുക്കള്‍ നിലം ഉഴുതു കൃഷി ചെയ്‌വാന്‍ പറ്റുന്ന ഏഴു വര്‍ഷങ്ങളെയും, പച്ചക്കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷേമത്തെയും, സമൃദ്ധമായ വിളവിനെയും, ഏഴു ഉണങ്ങിയ കതിരുകള്‍ ഏഴുകൊല്ലത്തെ ക്ഷാമത്തെയും, വരള്‍ച്ചയെയും കുറിക്കുന്നു. അതുകൊണ്ടു ആദ്യത്തെ ഏഴുകൊല്ലം നന്നായി കൃഷി നടത്തണം. അതു കൊയ്തെടുക്കുന്ന ധാന്യം നശിച്ചുപോകാതിരിക്കുവാന്‍വേണ്ടി കതിരോടെ സൂക്ഷിച്ചു വെക്കണം. ഭക്ഷ്യാവശ്യങ്ങള്‍ കഴിവതും ചുരുക്കി ബാക്കിയെല്ലാം പിന്നേക്കു കരുതിവെക്കണം. പിന്നീടു വരുന്ന ഏഴു ക്ഷാമത്തിന്റെ വര്‍ഷങ്ങളില്‍ ആ സൂക്ഷിക്കപ്പെട്ട ധാന്യം ഉപയോഗപ്പെടുത്താം. വിത്തിനും മറ്റുമായി അല്‍പം കരുതിവെച്ചു ബാക്കിയൊക്കെ അന്നു ഉപയോഗിക്കാം. പഞ്ഞത്തിന്റെ വര്‍ഷങ്ങള്‍ കഴിയുന്നതോടെ ഇഷ്ടംപോലെ മഴയും മറ്റും ലഭിച്ചു സുഖകരമായ വര്‍ഷമായിരിക്കും ലഭിക്കുക. അക്കൊല്ലം കൃഷികളെല്ലാം നന്നായി വിലയും. മുന്തിരിയില്‍ നിന്നു കള്ളും, ഒലീവില്‍നിന്നു എണ്ണയും, കരിമ്പില്‍ നിന്നു ശര്‍ക്കരയുമൊക്കെ ആട്ടിയും പിഴിഞ്ഞും എടുക്കുകയും ചെയ്യാം. ഇതായിരുന്നു ആ സ്വപ്നത്തിന്റെ വ്യാഖ്യാനവും
പൊരുളും.
തന്റെ രാഷ്ട്രത്തിന്റെ തന്നെ ഭാവിയെ ബാധിക്കുന്ന ഈ മഹത്തായ വ്യാഖ്യാനം വിവരം കേട്ടറിഞ്ഞപ്പോള്‍ ഈ വ്യാഖ്യാനകര്‍ത്താവിനെ – യൂസുഫ് (അ)നെ-പറ്റി രാജാവു കൂടുതല്‍ അന്വേഷിച്ചറിയുകയും, കാണുവാന്‍ ആഗ്രഹിക്കുകയും ചെയ്യുക സ്വഭാവികമാണല്ലോ.